x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ പരിശുദ്ധ ത്രിത്വം

ത്രിത്വൈക ദൈവശാസ്ത്രം

Authored by : Bishop Joseph Kallarangatt On 26-Jan-2021

 "പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍" എല്ലാ പ്രവൃത്തികളും തുടങ്ങുകയും "പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി" അര്‍പ്പിച്ചുകൊണ്ട് അവസാനിപ്പിക്കുകയും ചെയ്യുക ക്രിസ്ത്യാനികളുടെ ഇടയില്‍ സര്‍വ്വസാധാരണമാണ്. പിതാവും പുത്രനും പരിശുദ്ധാത്മാവും ദൈവമാണെന്നും എന്നാല്‍ ഈ മൂവരുംകൂടി മൂന്നു ദൈവങ്ങളല്ല, ഒരേ ഒരു ദൈവം മാത്രമാണെന്നും ഉള്ള സത്യത്തെ സൂചിപ്പിക്കാനാണ് "പരിശുദ്ധത്രിത്വം" അഥവാ "ത്രിയേകദൈവം" എന്ന പദം ഉപയോഗിക്കുന്നത്.

ക്രൈസ്തവ വിശ്വാസത്തിന്‍റെ കാതലും അടിത്തറയുമാണ് ഈ സത്യമെങ്കിലും ഇത്രയേറെ തെറ്റിദ്ധാരണകള്‍ക്കും വിവാദങ്ങള്‍ക്കും ദുര്‍വ്യാഖ്യാനങ്ങള്‍ക്കും ഇടനല്കിയ മറ്റൊരു വിശ്വാസസത്യമില്ല. കാരണം ഇത്രമാത്രം നിഗൂഢവും ദുര്‍ജ്ഞേയവുമായ മറ്റൊരു രഹസ്യമില്ല എന്നതുതന്നെ. അതിനാല്‍ വേദപാഠക്ലാസുകളിലും ദൈവശാസ്ത്രക്ലാസുകളിലും അധ്യാപകര്‍ പഠിപ്പിക്കാന്‍ ഏറ്റവുമധികം മടിക്കുന്നതും ബുദ്ധിമുട്ടുന്നതുമായ ഒരു വിഷയമാണ് "പരിശുദ്ധത്രിത്വം". നമുക്കു മനസ്സിലാക്കാനാവാത്ത ഒരു കാര്യമാണിത് എന്നുപറഞ്ഞ് സൗകര്യപൂര്‍വ്വം ഒഴിഞ്ഞുമാറാനാണ് പലരും ശ്രമിക്കുക. എന്നാല്‍ ഈ ഒഴിഞ്ഞുമാറല്‍ അസാധ്യമാക്കിക്കൊണ്ട് ഇന്ന് അനേകം ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നു.

തങ്ങളുടെ വിശ്വാസം എന്തെന്ന് മനസ്സിലാക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുകയും അല്പം ചിന്തിക്കുകയും ചെയ്യുന്ന ക്രൈസ്തവരുടെ ഉള്ളില്‍ ഉയര്‍ന്നുവരുന്ന ഒരു ചോദ്യമാണ് "ഒന്ന് എങ്ങനെ മൂന്നാകും? മൂന്നെങ്ങിനെ ഒന്നാകും?" ഒന്നുകില്‍ ഒരു ദൈവം, അല്ലെങ്കില്‍ മൂന്നു ദൈവങ്ങള്‍. പക്ഷേ ദൈവം ഒരുവനേയുള്ളു എന്ന് ബൈബിള്‍ അനിഷേധ്യമായി പഠിപ്പിക്കുന്നു. ഏകദൈവവിശ്വാസമാണ് മനുഷ്യബുദ്ധിക്കും യുക്തിക്കും കൂടുതല്‍ സ്വീകാര്യം. "ത്രിയേകദൈവം" എന്ന വിശ്വാസം പിന്നെ എങ്ങനെ ഉണ്ടായി എന്ന ചോദ്യം അവശേഷിക്കുന്നു.

യഹോവാ സാക്ഷികള്‍ മുതലായവരുടെ ചോദ്യങ്ങള്‍ ഈ ദിശയില്‍ ചിന്തിക്കാന്‍ കത്തോലിക്കരെ ഇന്നു നിര്‍ബന്ധിക്കുന്നുണ്ട്. 'ഒരു ദൈവം മാത്രമേയുള്ളു. അവന്‍റെ നാമം യഹോവാ എന്നാണ്. യേശുക്രിസ്തു ഏറ്റം ഉന്നതനായ മനുഷ്യനാണെങ്കിലും ദൈവത്തിന്‍റെ ഒരു സൃഷ്ടി മാത്രമാണ്. പിതാവു തന്നെക്കാള്‍ വലിയവനാണെന്നും, തനിക്കജ്ഞാതമായ രഹസ്യങ്ങള്‍ ഉണ്ടെന്നും യേശുക്രിസ്തുതന്നെ ഏറ്റുപറഞ്ഞിട്ടുണ്ട്. അതിനാല്‍ ക്രിസ്തു ദൈവമല്ല, ദൈവത്തിന്‍റെ ശക്തി മാത്രമാണ്'. ബൈബിളിലെ ചില വാക്യങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ഇപ്രകാരം വാദിക്കുന്നതു കേള്‍ക്കുമ്പോള്‍ എന്തുത്തരം പറയണമെന്നറിയാതെ അനേകര്‍ കുഴങ്ങുന്നു.

അനേകം കത്തോലിക്കരുടെ വിശ്വാസത്തെ ഇതൊരു പ്രതിസന്ധിയില്‍ എത്തിക്കുന്നുണ്ട്. 'പരിശുദ്ധത്രിത്വം' എന്ന സത്യം എന്താണ് അര്‍ത്ഥമാക്കുന്നത്? ഇതു ബൈബിളിന്‍റെ പഠനത്തിനു വിരുദ്ധമാണോ? എപ്രകാരമാണ് സഭ ഈ നിര്‍വ്വചനത്തില്‍ എത്തിച്ചേര്‍ന്നത്? ഇപ്രകാരം ഒരു സത്യം ഏറ്റുപറയുന്നതിന് വ്യക്തികളുടെയും സമൂഹത്തിന്‍റെയും ജീവിതത്തില്‍ എന്തെങ്കിലും പ്രസക്തിയുണ്ടോ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാനാണ് "ത്രിയേകദൈവം" എന്ന ഈ രണ്ടാംഭാഗത്ത് ശ്രമിക്കുന്നത്.  കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം ഒന്നാം ഭാഗം- നമ്പര്‍ 26-1065 ഈ  വിഷയം വിശദമായി അവതരിപ്പിക്കുന്നുണ്ട്.

ക്രിസ്തീയ ദൈവശാസ്ത്രത്തിലെ ഏറ്റവും അടിസ്ഥാനപരമായ വിശ്വാസസത്യമാണ് പരി. ത്രിത്വം. ദൈവം ഏകനാണ്, എങ്കിലും മൂന്ന് ആളുകളായി സ്ഥിതിചെയ്യുന്നു; പിതാവ് പുത്രന്‍ പരിശുദ്ധാത്മാവ് എന്നിങ്ങനെയാണ് ഈ മൂന്ന് ആളുകള്‍.

പിതാവ് ത്രിത്വത്തിലെ ഒന്നാമത്തെ ആളാണ് പിതാവ്, പുത്രന് അനാദിയിലെ ജന്മം നല്‍കിയതിനാല്‍, പിതാവായി. പിതാവായതിനാല്‍ പുത്രനേക്കാളോ, പരിശുദ്ധാത്മാവിനേക്കാളോ അധികമായ ദൈവികതയോ, പ്രായമോ പിതാവിനില്ല. ത്രിത്വത്തിലെ രണ്ടാമത്തെ ആളാണ് പുത്രന്‍. സമയത്തിന്‍റെ പൂര്‍ണ്ണതയില്‍ കന്യകാമറിയത്തില്‍ നിന്ന് ശരീരമെടുത്ത് മനുഷ്യനായി പിറന്നത് പുത്രനായ ദൈവമാണ്. ത്രിത്വത്തിലെ മൂന്നാമത്തെയാള് പരിശുദ്ധാത്മാവ് എന്ന് വിളിക്കപ്പെടുന്നു.

ക്രിസ്തീയ വിശ്വാസത്തിന്‍റെ ആരംഭം മുതലേ, ദൈവത്തില്‍ മൂന്ന് ആളുകള്‍ ഉണ്ട് എന്നും ഈ മൂന്നാളുകള്‍ വ്യത്യസ്തരാണെങ്കിലും നിത്യമായി പരസ്പരബന്ധിതരും, അവിഭാജ്യവും ഏകവുമായ ദൈവികസത്തയും കേവലമായ ഏകഅസ്തിത്വവുമാണ് എന്നും പഠിപ്പിച്ചിരുന്നു. ക്രൈസ്തവ ദൈവശാസ്ത്രത്തിന്‍റെ കേന്ദ്രവും ഉറവിടവും ത്രിത്വൈക ദൈവത്തിലുള്ള വിശ്വാസമാണ്. രക്ഷാകരചരിത്രത്തിന്‍റെ അടിസ്ഥാന മാനദണ്ഡമായ ത്രിത്വൈക ദൈവവിശ്വാസം ആരാധനാക്രമത്തിലൂടെ നാം ആഘോഷിക്കുകയും അനുഭവിക്കുകയും ചെയ്യുന്നു.

പിതാവിന്‍റെയും, പുത്രന്‍റെയും, പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ എല്ലാ പ്രവ്യത്തികളും തുടങ്ങുകയും, പിതാവിനും, പുത്രനും, പരിശുദ്ധാത്മാവിനും സ്തുതിഅര്‍പ്പിച്ചുകൊണ്ട് അവസാനിപ്പിക്കുകയും ചെയ്യുന്ന പതിവ് ക്രിസ്ത്യാനികളുടെ ഇടയില്‍ സര്‍വ്വസാധാരണമാണ്. ഇവിടെ പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും തുല്യരായി, ദൈവമായി കരുതുന്നു. പക്ഷേ ഇവര്‍, മൂന്ന് ദൈവങ്ങളല്ല, മൂവരും കൂടി ഏകദൈവം മാത്രമാണ്. ഈ യാഥാര്‍ത്ഥ്യത്തെ സൂചിപ്പിക്കാനാണ് - ത്രിത്വം, അഥവാ ത്രിയേകദൈവം എന്ന പദം ഉപയോഗിക്കുന്നത്.

ക്രൈസ്തവ ദൈവശാസ്ത്രത്തിന്‍റെ കേന്ദ്രവും ഉറവിടവും ത്രിത്വൈക ദൈവത്തിലുള്ള വിശ്വാസമാണെങ്കിലും, ഒത്തിരിയേറെ തെറ്റിദ്ധാരണകള്‍ക്കും, വിവാദങ്ങള്‍ക്കും, ദുര്‍വ്യാഖ്യാനങ്ങള്‍ക്കും ഈ വിശ്വാസം ഇടയായിട്ടുണ്ട്. അതിനു കാരണം പരി. ത്രിത്വത്തിന്‍റെ രഹസ്യാത്മകതയും നിഗൂഢതയുമാണ്. ആയതിനാല്‍ ത്രിത്വൈക രഹസ്യപഠനം സഭയില്‍ ഇന്ന് വളരെ വലിയ പ്രധാന്യം നേടിയിരിക്കുന്നു. തങ്ങളുടെ വിശ്വാസമെന്തെന്ന് മനസ്സിലാക്കുവാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുകയും, ധ്യാനിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ക്രൈസ്തവരുടെ ഉള്ളില്‍ പോലും ഉയര്‍ന്നു വരുന്ന ചോദ്യമാണ് ഒന്ന് എങ്ങനെ മൂന്നാകും? മൂന്ന് എങ്ങനെ ഒന്നാകും? ഒന്നുകില്‍ ഒരു ദൈവം, അല്ലെങ്കില്‍ മൂന്ന് ദൈവങ്ങള്‍. പക്ഷേ ദൈവം ഒന്നേയുള്ളൂവെന്ന് ബൈബിള്‍ അനിഷേധ്യമായി പഠിപ്പിക്കുന്നു.

ത്രിത്വൈക ദൈവശാസ്ത്രത്തിലെ സുപ്രധാന പദങ്ങള്‍

  1. പെരിക്കൊറേസിസ് (Perichoresis):

 ത്രിത്വൈക ദൈവത്തിലെ മൂന്നു വ്യക്തികള്‍ തമ്മിലുള്ള അഭേദ്യവും അന്യൂനവുമായ ഐക്യത്തെ സൂചിപ്പിക്കുന്ന പദമാണിത്. ത്രിത്വത്തിലെ ഓരോ ആളിന്‍റെയും വ്യതിരിക്തത നിലനില്‍ക്കുമ്പോള്‍ തന്നെ മറ്റു രണ്ടുപേരുടെയും ജീവനില്‍ പങ്കുചേരുന്നു എന്നാണ് ഇതിന്‍റെ ആശയം. യോഹ 17:21 നെ ആധാരമാക്കി രൂപപ്പെടുത്തിയ ഈ ഗ്രീക്കുപദത്തിന്‍റെ ലത്തീന്‍ രൂപം (cirmincession) എന്നാണ് പെരിക്കൊറേവോ (perichoreo) എന്ന ക്രിയ (ഉല്‍പ 13:10, മത്താ 14:35) നിശ്ചിത സ്ഥലത്തുള്ള അനുസ്യുതമായ വാസം എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കാറുണ്ട്. പിതാവും പുത്രനും പരിശുദ്ധാത്മാവും തമ്മിലുള്ള ആഴമേറിയതും സത്താപരവുമായ ബന്ധത്തെ സൂചിപ്പിക്കാനുള്ള ഈ പദത്തിന്‍റെ ദൈവശാസ്ത്രമാനങ്ങളെ സൗമ്യക്കായി അവതരിപ്പിച്ചത് ദമാസ്കസിലെ വി. യോഹന്നാനാണ് (A.D. 7ാം നൂറ്റാണ്ട്).

  1. ഹോമോഊസിയ (Homoousia):

 പരിശുദ്ധ ത്രിത്വത്തില്‍ മൂന്നു വ്യതിരിക്ത വ്യക്തികളുണ്ടെങ്കിലും അവര്‍തമ്മില്‍ സത്താപരമായി ഐക്യമുണ്ട് എന്ന വിശ്വാസ സത്യത്തെയാണ് ഈ പദം പ്രതിനിധാനം ചെയ്യുന്നത്. പിതാവുമായി പുത്രന്‍ സത്തയില്‍ ഏകനാണ് എന്നു സൂചിപ്പിക്കാന്‍ നിഖ്യാ വിശ്വാസ പ്രമാണത്തില്‍ ഈ പദം ഉപയോഗിച്ചിട്ടുണ്ട്. ഒരേസത്ത എന്നാണ് ഈ പദത്തിന്‍റെ വാച്യാര്‍ത്ഥം. പൗരസ്ത്യ സഭകളില്‍ പലതും ഹോമോയ് ഊസിയ (Homoousia) എന്ന് ഉപയോഗിച്ചിരിക്കുന്നു. ഒരേസത്ത എന്നതിനുപകരം ഒരുപോലെയുള്ള സാമ്യമുള്ള സത്ത എന്നാണ് ഈ പദത്തിനര്‍ത്ഥം. സഭാപിതാവായ ഹിലാരി പോര്‍ട്ടിയേഴ്സിന്‍റെ കാലം മുതല്‍ (A.D. നാലാം നൂറ്റാണ്ട്) പൗരസ്ത്യസഭകളും ഹോമോ ഊസിയ എന്ന പദം ഉപയോഗിച്ചുതുടങ്ങി.

  1. പ്രോസോപ്പോന്‍ (Prosopan), ഹുപോസ്റ്റാസിസ് (hypostasis):

പ്രോസോപ്പോന്‍ എന്ന ഗ്രീക്കുപദത്തിന്‍റെ അര്‍ത്ഥം "മുഖം" എന്നാണ്. വ്യക്തി (ഹൂപോസ്റ്റാസിസ്) അഥവാ പ്രത്യക്ഷമാകുന്ന രൂപം എന്ന് ഇതിനെ നിയതാര്‍ത്ഥത്തില്‍ നിര്‍വ്വചിക്കാം. പോസോപ്പോന്‍, ഹുപോസ്റ്റാസിസ് എന്നീ പദങ്ങളെ സമാനാര്‍ത്ഥത്തിലാണ് ഔദ്യോഗിക ക്രിസ്തു വിജ്ഞാനീയം ഉപയോഗിക്കുന്നത് (രണ്ടു പദങ്ങളെയും persona-വ്യക്തി - എന്നാണ് ലത്തീനില്‍ വിവര്‍ത്തനം ചെയ്യുന്നത്). എന്നാല്‍ മൊപ്സുവെസ്തിയായിലെ തെയഡോറും നെസ്തോറിയസും ഈ രണ്ടുപദങ്ങളെ വേര്‍തിരിച്ചുമനസ്സിലാക്കി. ക്രിസ്തുവില്‍ ദൈവസ്വഭാവവും മനുഷ്യസ്വഭാവവും പരിപൂര്‍ണ്ണമായി ദൈവവ്യക്തിത്വത്തില്‍ ഒന്നുചേരുന്നു എന്ന വിശ്വാസ സത്യത്തെ (hypostatic union) നിഷേധിച്ചുകൊണ്ട് നെസ്തോറിയന്‍ പാഷാണ്ഡതയുടെ വക്താക്കളായ ഇവര്‍ ക്രിസ്തുവിലെ ദൈവ- മനുഷ്യസ്വഭാവങ്ങളെ രണ്ടു വ്യതിരിക്ത വ്യക്തിത്വങ്ങളുടെ സമ്മേളനമായി (prosopic union) അവതരിപ്പിച്ചു. പരിശുദ്ധത്രിത്വത്തില്‍ ഒരു സത്തയും (ousia) മൂന്നു വ്യക്തികളും (hypostases) ഉണ്ട്. യേശുവില്‍ രണ്ടു സ്വഭാവങ്ങളും (phuses) ഒരു വ്യക്തിത്വവും (hypostasis) ആണുള്ളത്.

 

Bishop Joseph Kallarangatt trinitarian-theology catholic study trinity Perichoresis Homoousia Prosopan Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message