x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ധാര്‍മ്മികദൈവശാസ്ത്രം

ഭൗതിക സഹകരണ സിദ്ധാന്തം

Authored by : Dr. Stephan Chirappanath On 06-Feb-2021

റോമിലെ വിശ്വാസ കാര്യാലയം 1975-ല്‍ പുറപ്പെടുവിച്ച "വന്ധ്യംകരണം കത്തോലിക്കാ ആശുപത്രികളില്" എന്ന റോമന്‍ പ്രമാണ രേഖയില്‍ പറയുന്നു: "ഭൗതികസഹകരണം എന്ന പരമ്പരാഗതസിദ്ധാന്തം യഥോചിതം അനിവാര്യവും സ്വതന്ത്രവും, അടുത്തതും അകന്നതുമായ അതിന്‍റെ വ്യതിരിക്തതകളോടുകൂടി സാധുവായി നിലകൊള്ളുന്നു". നൂറ്റാണ്ടുകളായി ധാര്‍മിക ദൈവശാസ്ത്രജ്ഞന്മാര്‍ ഒരു ഭൗതിക തിന്മയിലോ, ധാര്‍മിക തിന്മയിലോ സഹായകമായ (കൂടിച്ചേരുന്ന) ഒരു പ്രവൃത്തിയുടെ സദാചാരപരമായ അനിവാര്യതയേപ്പറ്റി മൂന്നു സിദ്ധാന്തങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ദ്വിത്വഫല സിദ്ധാന്തം, (principle of double effect), ന്യൂനദോഷതത്ത്വം (principle of lesser evil), നിയമാനുസൃതമായ ഭൗതിക സഹകരണ സിദ്ധാന്തം. (principle of legitimatel cooperation). 1958-ല്‍ ഹെന്‍ട്രി ഡേവിഡ് സൂചിപ്പിച്ചതുപോലെ ഒരു കാര്യത്തില്‍ എല്ലാ ധാര്‍മിക ദൈവശാസ്ത്രജ്ഞന്മാരും യോജിക്കുന്നു: തിന്മയിലുള്ള സഹകരണത്തെക്കുറിച്ചുള്ള നിയമങ്ങള്‍, ഒരു പ്രത്യേക സാഹചര്യത്തില്‍ പ്രയോഗിക്കുക എന്നതിനേക്കാള്‍ വിഷമം പിടിച്ച വിഷയം ധാര്‍മിക ദൈവശാസ്ത്രത്തില്‍ ഇല്ല"2 നിയമാനുസൃതമായ ഭൗതിക സഹകരണ സിദ്ധാന്തം വികസിപ്പിച്ചെടുത്തതിന് 18-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അല്‍ഫോന്‍സ് ലിഗോരിയോടാണ് (1696-1787) നാം കടപ്പെട്ടിരിക്കുന്നത്.അസന്മാര്‍ഗിക പ്രവൃത്തികളിലെ സഹകരണം സംബന്ധിച്ച ധാര്‍മ്മിക പഠനങ്ങളെയും സാന്മാര്‍ഗിക തത്ത്വങ്ങളെയും സ്പഷ്ടമാക്കുകയും വിശദീകരിക്കുകയും ചെയ്യുന്നതാണ് ഈ ലേഖനം.

  1. തിന്മയിലുള്ള സഹകരണം

1.1 സഭയുടെ ഇടപെടലുകള്‍

അസന്മാര്‍ഗിക പ്രവര്‍ത്തനങ്ങളിലെ സഹകരണത്തെക്കുറിച്ച് പ്രധാനമായും ആറു രേഖകളാണ് പുറത്തിറങ്ങിയിട്ടുള്ളത്.3 അവ താഴെപ്പറയുന്നവയാണ്:

  1. അമേരിക്കയിലെ മെത്രാന്‍ സമിതി, കത്തോലിക്കാ ആശുപത്രികള്‍ക്കും ആതുരശുശ്രൂഷാ രംഗത്തും പ്രവര്‍ത്തിക്കുന്നവര്‍ക്കു നല്‍കിയ അജപാന മാര്‍ഗരേഖ (1973).                                                                               
  2. വിശ്വാസതിരുസംഘം, "വന്ധ്യംകരണം കത്തോലിക്കാ ആശുപത്രികളില്" എന്ന വിഷയം സംബന്ധിച്ച് തയ്യാറാക്കിയ രേഖ (1975).                                                                                                                                      
  3. അമേരിക്കന്‍ മെത്രാന്‍ സമിതി, "വന്ധ്യംകരണം കത്തോലിക്കാ ആശുപത്രികളില്" എന്ന റോമന്‍രേഖയ്ക്ക് നല്‍കിയ വ്യാഖ്യാനം (1977).                                                                                                                                
  4. അമേരിക്കന്‍ മെത്രാന്‍ സമിതി, സ്ത്രീകളിലെ വന്ധ്യംകരണം എന്ന വിഷയത്തെക്കുറിച്ച് പുറപ്പെടുവിച്ച പ്രസ്താവന (1980).                                                                                                                                                                                  
  5. അമേരിക്കന്‍ മെത്രാന്‍ സമിതി, കത്തോലിക്കാ ആതുരശുശ്രൂഷാ രംഗത്തുള്ളവര്‍ക്ക് നല്‍കിയ ധാര്‍മ്മികവും മതപരവുമായ മാര്‍ഗരേഖ (1994).                                                                                                        
  6. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ "ജീവന്‍റെ സുവിശേഷം" എന്ന ചാക്രിക ലേഖനം (1995).

ഭാഗ്യസ്മരണാര്‍ഹനായ കരോള്‍ വോയ്റ്റീവായുടെ "ജീവന്‍റെ സുവിശേഷം" എന്ന ചാക്രിക ലേഖനത്തില്‍ ഇന്നത്തെ ലോകക്രമത്തില്‍ അസ്സന്മാര്‍ഗിക പ്രവര്‍ത്തനങ്ങളിലെ സഹകരണം വഴി ലോകത്തിന്‍റെ വശീകരണത്തിനും സ്വാധീനത്തിനും നാം അറിയാതെ തന്നെ ഇരയാകാമെന്നും അതുവഴി മരണസംസ്കാരത്തിന്‍റെ വക്താക്കളായി ത്തീരാമെന്നും ഓര്‍മിപ്പിക്കുന്നു.

1.2 തിന്മയിലുള്ള സഹകരണം:- ഉപവിക്കെതിരായ പാപം

അയല്‍ക്കാരനോടുള്ള സ്നേഹത്തിനെതിരായ പാപമായിട്ടാണ് പരമ്പരാഗതമായി തിന്മയിലുള്ള സഹകരണത്തെ കണ്ടിരുന്നത്. തിന്മയോട് സഹകരിക്കുന്നയാള്‍, സാഹചര്യമനുസരിച്ച് ഉപവിക്കെതിരായും മറ്റു ക്രിസ്തീയ മൂല്യങ്ങള്‍ക്കെതിരായും പാപം ചെയ്യുന്നു. മോഷ്ടാവുമായി സഹകരിച്ച്, ഒരുവന്‍ മോഷ്ടാവിന്‍റെ തന്നെ സാന്നിധ്യം മൂടിവയ്ക്കുവാന്‍ വേണ്ടി ആണയിടുമ്പോള്‍ അദ്ദേഹം കള്ളസത്യം എന്ന തിന്മയില്‍ പങ്കാളിയാകുന്നു. തിന്മയ്ക്കു കാരണമായ മുഖ്യകര്‍മ്മി (Principal arent) യുടെ തിന്മ അംഗീകരിക്കുമ്പോള്‍ അല്ലെങ്കില്‍ തിന്മയ്ക്കു കാരണമായ മുഖ്യകര്‍മ്മിയുടെ തിന്മ പ്രാവര്‍ത്തികമാക്കാന്‍ ഭൗതികമായി സഹായിക്കുമ്പോള്‍, തിന്മയില്‍ സഹകരിക്കുന്ന വ്യക്തി (cooperation in evil act), ഉപവിക്കെതിരായി പാപം ചെയ്യുന്നു. തിന്മയോടു സഹകരിക്കുന്ന വ്യക്തി, ആ തിന്മയ്ക്കു കാരണമായ മുഖ്യ കര്‍മ്മിയുടെ തെറ്റ് സോദരബുദ്ധ്യാ തിരുത്തുവാനുള്ള തന്‍റെ ഉത്തരവാദിത്വത്തില്‍ വീഴ്ച വരുത്തുകയാണെന്നതിനാല്‍ ഉത്തരവാദിത്വത്തിന്‍റെ ലംഘനമായി ചില ഗ്രന്ഥകാരന്മാര്‍ ഈ തിന്മയെ കാണുന്നു.4

1.3 മറ്റുള്ളവരുടെ തിന്മയിലുള്ള സഹകരണം

ധാര്‍മികശാസ്ത്രത്തിന്‍റെ പ്രാരംഭകാലം മുതല്‍ത്തന്നെ സന്മാര്‍ഗികമായ പ്രവൃത്തികളിലുളള പങ്കുചേരല്‍ എന്നത് തീവ്രമായ പരിചിന്തനത്തിന്‍റെയും തര്‍ക്കത്തിന്‍റെയും പ്രധാന വിഷയമായിരുന്നു. എ.ഡി.165-ല്‍ത്തന്നെ അന്യദേവന്മാരെ ആരാധിക്കുന്നതിലുള്ള ന്യായവും അന്യായവുമായ സഹകരണത്തെക്കുറിച്ചും, ക്രിസ്ത്യാനികള്‍ അന്യദേവന്മാരുടെ വിഗ്രഹങ്ങള്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ചും, നാടകശാലയോടുള്ള ക്രൈസ്തവ മനോഭാവം, സൈനിക സേവനം എന്നിവയെക്കുറിച്ചുമെല്ലാം രക്തസാക്ഷിയായ വി.ജസ്റ്റിനും തുടര്‍ന്ന് വി. സിപ്രിയാന്‍, അലക്സാണ്ട്രിയായിലെ ക്ലമന്‍റ്, തെര്‍ത്തുല്യന്‍, ഒരിജന്‍ എന്നിവരും പ്രതിപാദിക്കുന്നുണ്ട്.

ധാര്‍മികപങ്കാളിത്തം നിറഞ്ഞ വിഷയങ്ങളില്‍ ഒരുവന്‍റെ തിന്മയോട് അപരന്‍ പുലര്‍ത്തേണ്ട സദാചാരപരമായ അകലം പുരാതന കാലത്തെന്നപോലെ ഇന്നും സുപരിചിതമാണ്. ഉദാഹരണത്തിന് ലോകശാസ്ത്രജ്ഞന്മാരില്‍ 25% പേരും തങ്ങളുടെ ബുദ്ധിശക്തി ആണവ ഉപകരണങ്ങള്‍ നിര്‍മിക്കുവാന്‍ ഉപയോഗിക്കുന്നു. ലോകത്തില്‍ ഏകദേശം നാലുലക്ഷം എഞ്ചിനീയര്‍മാരും, ശാസ്ത്രജ്ഞന്മാരും സൈനിക സേവനത്തില്‍ നേരിട്ട് മുഴുകിയിരിക്കുന്നു. ഇവയെല്ലാം തിന്മയിലുള്ള സഹകരണത്തിന്‍റെ ഉദാഹരണങ്ങളാണ്. ഗര്‍ഭഛിദ്രം നടത്തുവാനുള്ള പ്രോത്സാഹനങ്ങള്‍, ദയാവധത്തിലുള്ള ഡോക്ടര്‍മാരുടെ സഹകരണം, ഡ്രൈവര്‍മാര്‍ക്ക് മദ്യം നല്‍കല്‍ തുടങ്ങി, ധാര്‍മ്മികപങ്കാളിത്തം നിറഞ്ഞ അനേകം മേഖലകള്‍ ഇന്നുണ്ട്. ഒരു ഡോക്ടറോ, നഴ്സോ ഗര്‍ഭഛിദ്രം നടത്തുന്ന ഡോക്ടറോടു സഹകരിച്ചു പ്രവര്‍ത്തിക്കുമ്പോള്‍, ഒരു ഡോക്ടര്‍ അല്ലെങ്കില്‍ നഴ്സ് "എന്തായിരിക്കണം" എന്ന പാവന സങ്കല്പത്തിന് എതിരായി പ്രവര്‍ത്തിക്കുന്നു. ഇന്ന്, പ്രത്യേകമായും ആതുരശുശ്രൂഷാരംഗത്ത് കത്തോലിക്കാ ഡോക്ടര്‍മാര്‍ ക്രിസ്തീയ മൂല്യങ്ങളുടെയും ശാസ്ത്രീയമായ സാധ്യതകളുടെയും ഇടയില്‍പ്പെട്ടിരിക്കുകയാണെന്ന് ആതുരശുശ്രൂഷാരംഗത്തെ തത്വചിന്തകനും ഭിഷഗ്വരനുമായ എഡ്മണ്ട് ഡി. പെല്ലഗ്രിനോ പറയുന്നു.

അതുകൊണ്ട്, തിന്മയിലുള്ള സഹകരണം എന്നത് പാഠപുസ്തകങ്ങള്‍ സങ്കല്പിക്കുന്ന ഒരു അപൂര്‍വ സംഗതിയല്ല, പ്രത്യുത അത് മുകളില്‍ സൂചിപ്പിച്ചതുപോലെ ദൈനംദിന ജീവിതത്തിന്‍റെ തന്നെ ഭാഗമാണ്.6 ഈ ലോകത്തില്‍ മറ്റുള്ളവരോടൊപ്പം നാം ജീവിക്കുന്നു എന്ന ഒറ്റക്കാരണത്താല്‍ത്തന്നെ പല തിന്മകളിലും നാം സഹകാരികളാകുന്നു.

സഹകരണം പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട്, അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളിലെ പ്രശ്നങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാനാവില്ല. ചില സന്ദര്‍ഭങ്ങളില്‍ സഹകരണം ഒഴിവാക്കാനാവാത്തതും ഒരുവന്‍റെ ഉത്തരവാദിത്വത്തിന്‍റെ ഭാഗവുമായതിനാല്‍ തിന്മയോട് സഹകരിക്കേണ്ടതായി വരുന്നു. ഇന്നത്തെ പ്രശ്നസങ്കീര്‍ണമായ ലോകത്ത് ഒരു പരിധിവരെ തിന്മയോടുള്ള ഭൗതികസഹകരണം (material cooperation) കൂടാതെ നന്മ പ്രവര്‍ത്തിക്കുക അസാധ്യമാണ്. അശ്ലീല സാഹിത്യം വിതരണം ചെയ്യുന്നതില്‍ പോസ്റ്റ്മാന്‍ സഹകരിക്കുന്നതും ഗവണ്‍മെന്‍റിന്‍റെ ആണവ നിലപാടുകളിലും മറ്റു തിന്മകളിലും നികുതി കൊടുക്കുമ്പോള്‍ ജനങ്ങള്‍ സഹകരിക്കുന്നതും ഉദാഹരണങ്ങളാണ്. ചിലപ്പോള്‍ ചില നിര്‍ബന്ധങ്ങള്‍ക്കു വഴങ്ങി തിന്മയോടു സഹകരിച്ചില്ലെങ്കില്‍ ജോലി നഷ്ടപ്പെടാം. തന്മൂലം കുടുംബത്തെ പുലര്‍ത്താന്‍ പറ്റാത്ത അവസ്ഥ ഉണ്ടാകാം.

ധാര്‍മ്മികമായ ഒരു തിന്മയില്‍ സഹകരിക്കുന്നതിനെയാണ് വസ്തുനിഷ്ഠമായി അസ്സാന്മാര്‍ഗിക പ്രവൃത്തികളിലുള്ള സഹകരണം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ധാര്‍മ്മികമായി തിന്മയാണെന്നറിഞ്ഞിട്ടും, ആ തിന്മ ചെയ്യുന്ന വ്യക്തിയുമായുള്ള പങ്കുചേരലാണിത്. ഈ പങ്കുചേരല്‍ അഥവാ സഹകരണം എന്നത്, തിന്മ ചെയ്യുന്ന വ്യക്തി നല്‍കുന്ന യഥാര്‍ത്ഥമായ സഹകരണമാകാം, ഭൗതികമായ സഹകരണമാകാം, അല്ലെങ്കില്‍ മാനസികമായ പിന്തുണയോ സ്വാധീനമോ ആകാം. ആയതിനാല്‍ അസ്സാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളിലുള്ള സഹകരണം എന്നത് പ്രവൃത്തി ചെയ്യുന്ന മുഖ്യകര്‍മ്മിക്ക് (Principal agent ) ശാരീരികമായോ മാനസികമായോ നല്‍കുന്ന സഹായമാണ്.6 മുഖ്യകര്‍മ്മിയുടെ പ്രവൃത്തി സോദ്ദേശ്യമോ (formal), ഭൗതികമോ (material)  ആയ തെറ്റായിരുന്നാലും ആ തിന്മയില്‍ സഹകരിക്കുന്നവര്‍ ധാര്‍മ്മികമായി തെറ്റുകാരനാണെന്ന് അനുമാനിക്കപ്പെടുന്നു.

സഹകരണത്തിനു മുമ്പുതന്നെ മുഖ്യകര്‍മ്മി മുന്‍കൂട്ടി തീരുമാനിച്ചുറച്ച തെറ്റായ പ്രവൃത്തി പ്രാവര്‍ത്തികമാക്കാന്‍ നല്‍കുന്ന സഹകരണമാണ് തിന്മയിലുള്ള സഹകരണമെന്ന് ബെര്‍ണാര്‍ഡ് ഹേറിംഗ് പറയുന്നു.7 അപ്രകാരം, തിന്മ പ്രവര്‍ത്തിക്കുന്നതിലുള്ള സഹകരണവും അതിന്‍റെ തുല്യ ഉത്തരവാദിത്വവും (Coresponsiblility) തമ്മില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. തിന്മയോട് സഹകരിക്കുന്ന വ്യക്തി ഒരിക്കലും തിന്മയ്ക്ക് കാരണക്കാരനായ മുഖ്യകര്‍മ്മിയോടൊത്ത് തിന്മയുടെ ഗൂഢാലോചനയില്‍ പങ്കുകാരനാവുന്നില്ല, മറിച്ച് സഹകരണമോ, സമ്മതമോ അല്ലെങ്കില്‍ ഭൗതികമായ സഹായമോ മാത്രമേ നല്‍കുന്നുള്ളു.8 സ്വതന്ത്രമായോ, ഭയം നിമിത്തമോ ഗവണ്‍മെന്‍റിന്‍റെ ഭാഗത്തുനിന്നുള്ള സമ്മര്‍ദ്ദം മൂലമോ ഒരുവന്‍ തിന്മയോട് സഹകരിക്കുന്നു.

  1. നിയമാനുസൃതമായ ഭൗതിക സഹകരണസിദ്ധാന്തം (The Principal  of legitimate material cooperation)

സോദ്ദേശ്യവും (formal) ഭൗതികവുമായ (material) സഹകരണത്തിന്‍റെ വ്യത്യാസത്തില്‍നിന്നാണ് 'ഭൗതിക സഹകരണം' എന്ന തത്ത്വം ആരംഭിക്കുന്നത്. തിന്മയ്ക്കു കാരണമായ മുഖ്യകര്‍മ്മിയുടെ ഉദ്ദേശ്യത്തില്‍ (intention) പങ്കുണ്ടോ ഇല്ലയോ എന്നതിനെ ആശ്രയിച്ചാണ് പരമ്പരാഗതമായി സോദ്ദേശ്യം, ഭൗതികം എന്ന വ്യത്യാസം മനസിലാക്കിയിരിക്കുന്നത്. മുഖ്യകര്‍മ്മിയുടെ ഉദ്ദേശ്യത്തില്‍ പങ്കാളിയാകുന്നുവെന്നു വരുമ്പോള്‍ സഹകരിക്കുന്ന വ്യക്തിയുടെ അറിവും, സമ്മതവും ഉണ്ടെന്ന് വ്യക്തമാകുന്നു.9

2.1 സഹകരണത്തിലെ വേര്‍തിരിവുകള്‍

ബാഹ്യമായ പ്രവൃത്തിയുടെയോ ആ പ്രവൃത്തി ചെയ്ത രീതിയുടെയോ അതുളവാക്കുന്ന ധാര്‍മ്മിക ഉത്തരവാദിത്വത്തി ന്‍റെയോ അതിന്‍റെ അനന്തരഫലങ്ങളുടെയോ അടിസ്ഥാന ത്തിലാണ് ഇത്തരത്തിലുളള വേര്‍തിരിവുകള്‍ നാം നടത്തുന്നത്.

ഭാവത്മക (Positive) സഹകരണവും നിഷേധാത്മക (negative) സഹകരണവും: സഹകരിക്കുന്ന വ്യക്തി പ്രത്യക്ഷമായും, സ്വതന്ത്ര മനസ്സോടും കൂടെ ആജ്ഞാപിക്കുകയും, ഉപദേശിക്കുകയും, വശീകരിക്കുകയും, അഭയം നല്‍കുകയും ചെയ്യുന്നതിനു സഹായിക്കുന്നതു വഴി മുഖ്യവ്യക്തിയുടെ തെറ്റായ പ്രവൃത്തിയെ സ്വാധീനിക്കുന്നതാണ് ഭാവാത്മകമായ സഹകരണം. ഭാവത്മക സഹകരണം മാനസികവും ശാരീരികവുമാകും.

സഹകരിക്കുന്ന വ്യക്തിയുടെ വ്യക്തിപരമായ അധികാരമുപയോഗിച്ച് മുഖ്യകര്‍മ്മിയെ തിരുത്തുവാനുള്ള ഉത്തരവാദിത്വം അയാള്‍ അവഗണിക്കുമ്പോള്‍ നിഷേധാത്മക സഹകരണമായി. ശാസിക്കാനും തിരുത്താനും കിട്ടുന്ന സന്ദര്‍ഭം ബോധപൂര്‍വം അവഗണിക്കുമ്പോഴും, അവസരം കിട്ടിയിട്ടും തിരുത്താന്‍ കടപ്പെട്ടവനായിരുന്നിട്ടും അതു ചെയ്യാതെ വരുമ്പോഴും സഹകാരി സ്വമനസ്സാലെ പരോക്ഷമായി തിന്മ (indirectly voluntary) പ്രവൃത്തിയില്‍ പങ്കുകാരനാകുന്നു. പോലീസും കാവല്‍ക്കാരും തിന്മയെ പ്രതിരോധിക്കാന്‍ കടപ്പെട്ടവനായിരുന്നിട്ടും ജീവനു ഹാനി വരാതെ ആ തിന്മ പ്രവൃത്തി തടയുന്നതില്‍ പരാജയപ്പെടുന്നത് ഇതിന് ഉദാഹരണമാണ്.10

അന്യായ (Unjust) സഹകരണവും നിയമവിരുദ്ധ (Unlawful) സഹകരണവും: മൂന്നാമതൊരാള്‍ക്ക് ദ്രോഹം വരുത്തുകയോ അതിന്‍റെ അപരാധത്തില്‍ പങ്കുപറ്റുകയോ ചെയ്യുന്നതിനാണ് അന്യായ സഹകരണം എന്ന് പറയുന്നത്. ഇങ്ങനെയുള്ള അവസരത്തില്‍ അറിവോടും മനസ്സോടും (knowingly,willingly) കൂടി ചെയ്ത എല്ലാം ദ്രോഹങ്ങള്‍ക്കും നഷ്ടപരിഹാരവും പ്രായ ശ്ചിത്തവും ചെയ്യാന്‍ കടപ്പാടുണ്ട്. ഉദാഹരണത്തിന് കൊള്ളമുതല്‍ സ്വീകരിക്കുന്ന വ്യക്തി ആ തിന്മയില്‍ സഹകാരിയാവുന്നു. അപ്രകാരമുള്ള യഥാര്‍ത്ഥ ഉടമസ്ഥന് കൊള്ളമുതല്‍ തിരിച്ചുകൊടുക്കാന്‍ അയാള്‍ ബാധ്യസ്ഥനാണ്.

തിന്മയില്‍ പങ്കുചേരുന്നതാണ് നിയമവിരുദ്ധമായ സഹകരണം. തല്‍ഫലമായി മൂന്നാമതൊരു വ്യക്തിക്ക് അനീതി ചെയ്യുന്നില്ലെങ്കിലും തന്‍റെ പ്രവൃത്തിയോര്‍ത്ത് അനുതപിക്കേണ്ടതും ഉതപ്പിന് പരിഹാരം ചെയ്യേണ്ടതും ഇത്തരത്തിലുള്ള എല്ലാ അപകടങ്ങളും ഒഴിവാക്കുകയും ശിക്ഷകള്‍ക്ക് വിധേയനാകുകയും ചെയ്യേണ്ടതാണ്. ഉദാഹരണത്തിന് നിയമവിരുദ്ധമായ വിവാഹത്തോട് സഹകരിക്കുന്നയാള്‍, അശ്ലീല സാഹിത്യം വിതരണം ചെയ്യുന്നയാള്‍

2.2  സോദ്ദേശ്യസഹകരണം (Formal cooperation)

തിന്മയിലുള്ള സോദ്ദേശ്യസഹകരണം എന്നാല്‍ തിന്മയ്ക്കു കാരണമായ മുഖ്യകര്‍മ്മിയുടെ ഉദ്ദേശ്യത്തില്‍, സഹകാരി പങ്കുചേരുന്നു എന്നതാണ്. സഹകരണത്തില്‍, ബാഹ്യമായി തെറ്റായപ്രവൃത്തിയില്‍ പങ്കെടുക്കുകയും, ആന്തരികമായി തെറ്റായ ഉദ്ദേശ്യത്തില്‍ സമ്മതം നല്‍കുകയും ചെയ്യുന്നുവെന്ന് പരമ്പാരഗത ദൈവശാസ്ത്രജ്ഞന്മാര്‍ ചൂണ്ടിക്കാട്ടുന്നു. മുഖ്യകര്‍മ്മിയോട് സഹകരിക്കുന്നയാള്‍ സ്വതന്ത്രമായി ആ ധാര്‍മ്മിക തിന്മ തിരഞ്ഞെടുക്കുമ്പോള്‍ സോദ്ദേശ്യസഹകരണം ദൃശ്യമാണ്.11 ഉദ്ദേശ്യത്തിനാണ് (intention) സോദ്ദേശ്യസഹകരണം ഊന്നല്‍ നല്‍കുന്നത്. മുഖ്യകര്‍മ്മിയുടെ ധാര്‍മ്മികമായി തെറ്റായ പ്രവൃത്തി അംഗീകരിക്കുകയും, സഹായിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോള്‍, സഹകരിക്കുന്ന വ്യക്തിയുടെ ഭാഗം സോദ്ദേശ്യമായിത്തീരുന്നു. മുഖ്യ കര്‍മ്മിയുടെ തിന്മയായ ഇച്ഛയില്‍ പങ്കുകാരനാകുന്നതിനെ തിന്മയിലുള്ള സോദ്ദേശ്യസഹകരണം എന്ന് വി.അല്‍ഫോന്‍സ് ലിഗോരി നിര്‍വചിക്കുന്നു. സഹകരണം സോദ്ദേശ്യമാകുന്നത് മറ്റൊരുവന്‍റെ തെറ്റായ ഇച്ഛയില്‍ പങ്കുചേരുമ്പോഴാണ്; അത് തിന്മ നിറഞ്ഞതുമാകുന്നു.12 സോദ്ദേശ്യ സഹകരണവും ഭൗതികസഹകരണവും തമ്മിലുള്ള അടിസ്ഥാനവ്യത്യാസം വി. ലിഗോരിയുടെ നിര്‍വചനം വ്യക്തമാകുന്നു.

സോദ്ദേശ്യസഹകരണങ്ങളുടെ എല്ലാ സന്ദര്‍ഭങ്ങളിലും സഹകരിക്കുന്ന വ്യക്തി മുഖ്യകര്‍മ്മിയുടെ ഉദ്ദേശ്യത്തോടും ഇച്ഛയോടും താദാത്മ്യപ്പെടുന്നു. തെറ്റായ ഉദ്ദേശ്യമായതിനാല്‍ സോദ്ദേശ്യസഹകരണം അതില്‍ത്തന്നെ ധാര്‍മികമായ തിന്മയാകുന്നു. ഇത് ധാര്‍മ്മികമായി തിന്മയാകുന്നത് രണ്ട് രീതിയിലാണ്. (1) അധാര്‍മ്മിക പ്രവൃത്തിയില്‍ സഹകരിക്കുന്നു, (2) മുഖ്യകര്‍മ്മിയുടെ അധാര്‍മ്മിക പ്രവൃത്തി അംഗീകരിക്കുകയും, അവന്‍റെ ഇച്ഛയില്‍ സഹകരിക്കുകയും ചെയ്യുന്നു.

സ്പഷ്ടവും (Explicit) അന്തര്‍ലീന(Implict)വുമായ സോദ്ദേശ്യസഹകരണം: സോദ്ദേശ്യസഹകരണത്തെ പ്രത്യക്ഷവും (Explicit) പരോക്ഷവു മായ (implict) സഹകരണം എന്ന് രണ്ടായി തിരിക്കാം. സ്പഷ്ടമായ ഔപചാരിക സഹകരണത്തില്‍ (explicit formal cooperation) സഹകരിക്കുന്നയാള്‍ക്ക് മറ്റൊരാളുടെ തിന്മ പ്രവൃത്തിയില്‍ പങ്കുചേരാനുള്ള ഉറച്ചതും പ്രകടവുമായ ഉദ്ദേശ്യമുണ്ട്. എന്നാല്‍ പരോക്ഷമായ സോദ്ദേശ്യസഹകരണത്തില്‍ (implict formal cooperation) തിന്മയോട് വ്യക്തി നേരിട്ടോ,  പ്രത്യക്ഷമായോ തിന്മയ്ക്ക് കാരണമായ മുഖ്യകര്‍മ്മിയുടെ ഉദ്ദേശ്യത്തില്‍ പങ്കുകാരനാകുന്നില്ല. എങ്കിലും ചില താല്‍പര്യത്തിന്‍റെയോ നേട്ടത്തിന്‍റെയോ പേരില്‍ മുഖ്യവ്യക്തിയുടെ ബാഹ്യമായ പ്രവൃത്തിയില്‍ പങ്കുചേരുന്നു. അന്തര്‍ലീനമായ സോദ്ദേശ്യസഹകരണവും നേരിട്ടുള്ള ഭൗതികസഹകരണവും (immediate material cooperation) തമ്മില്‍ വലിയ വ്യത്യാസമില്ല.13

2.3 ഭൗതികസഹകരണം (Material Cooperation)

മുഖ്യകര്‍മ്മിയുടെ തിന്മപ്രവൃത്തിയില്‍ ഉള്‍പ്പെടുന്ന സഹകാരി യുടെ പ്രവൃത്തിയെയാണ് ഭൗതികസഹകരണം സൂചിപ്പിക്കുന്നത്. എന്നാല്‍ മുഖ്യകര്‍മ്മിയുടെ പ്രവൃത്തിക്കും സഹകാരിയുടെ പ്രവൃത്തിക്കുംകൂടി പൊതുവായിട്ടുള്ള തെറ്റായ ഉദ്ദേശ്യം ഇല്ല. അതായത് മുഖ്യകര്‍മ്മിയുടെ ഉദ്ദേശങ്ങളില്‍നിന്നും വ്യത്യസ്തമാണ് സഹകാരിയുടെ ഉദ്ദേശ്യം. തിന്മ പ്രവര്‍ത്തിക്കുമ്പോള്‍, സഹകരിക്കുന്ന വ്യക്തി ആ പാര്‍ശ്വഫലം മുന്‍കൂട്ടി കാണുന്നുണ്ടെങ്കിലും ഉദ്ദേശിക്കുന്നില്ല.14 വി. ലിഗോരി ഭൗതിക സഹകരണത്തെ ഇപ്രകാരം നിര്‍വചിച്ചിക്കുന്നു. ڇതിന്മ പ്രവര്‍ത്തിക്കുന്ന വ്യക്തിയുടെ ഉദ്ദേശ്യത്തില്‍നിന്നും വ്യത്യസ്തമായ ഉദ്ദേശ്യത്തോടും തിന്മ പ്രവൃത്തിയോട് യോജിക്കുന്നതിനെ ഭൗതിക സഹകരണം എന്നു പറയുന്നു".15 സഹകരിക്കുന്ന വ്യക്തി, മുഖ്യ കര്‍മ്മിയോടൊപ്പം ശാരീരികമായ പ്രവൃത്തിയില്‍ പങ്കുകാരനാകുന്നുണ്ടെങ്കിലും തല്‍ഫലമായുണ്ടാകുന്ന തിന്മയുടെ ഫലങ്ങള്‍ ആഗ്രഹിക്കാതെയും ഉദ്ദേശിക്കാതെയുമാണ് അതില്‍ പങ്കുകാരാകുന്നത്. ഈ രീതിയില്‍ നോക്കുമ്പോള്‍ ഭൗതികമായ സഹകരണം ആന്തരികമായി (intrinsically) തെറ്റല്ല. എന്നാല്‍ സഹകരിക്കുന്നയാളുടെ സത്യസന്ധവും നിക്ഷ്പക്ഷവുമായ ഉദ്ദേശ്യമാണ് മുഖ്യവ്യക്തി തന്‍റെ തിന്മപ്രവൃത്തിക്കായി ഉപയോഗിക്കുന്നതും ദുരുപയോഗിക്കുന്നതും.

സോദ്ദേശ്യസഹകരണത്തില്‍, മുഖ്യകര്‍മ്മിയുടെ (principal agent) തെറ്റായ ഉദ്ദേശ്യത്തിലും (bad intention) തെറ്റായ പ്രവൃത്തി (bad action) യിലും സഹകാരി പങ്കാളിയാകുന്നു. എന്നാല്‍ ഭൗതികസഹകരണത്തില്‍ തെറ്റായ പ്രവൃത്തിയിലുള്ള സഹകരണം മാത്രമേയുള്ളു. ഭൗതികസഹകരണംവഴി ചില വ്യക്തിഗത നേട്ടങ്ങള്‍ ലഭിക്കുന്നതു കൊണ്ട്, ഭൗതികസഹകാരി മുഖ്യകര്‍മ്മിക്ക് ചില സഹായങ്ങള്‍ പകരം കൊടുക്കേണ്ടതുണ്ട്. ഭൗതികസഹകരണത്തില്‍ സഹകാരിക്ക് തെറ്റായ ലക്ഷ്യങ്ങളില്ല; എന്നാല്‍ മുഖ്യകര്‍മ്മി അയാളുടെ സഹകരണത്തെ ചൂഷണം ചെയ്യുന്നു. ഭൗതികസഹകരണത്തില്‍ സഹകാരിയുടെ പ്രവൃത്തി അതില്‍ത്തന്നെ മറ്റൊരാളുടെ തിന്മയ്ക്ക് കാരണമാകുന്നില്ല, അല്ലെങ്കില്‍ സഹായകരമാകുന്നില്ല.ڈ ഒരുവന്‍ മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍, ചില പ്രത്യേക സാഹചര്യങ്ങളില്‍, ഇത് മറ്റൊരാള്‍ ദുരുപയോഗിക്കുമ്പോള്‍ ഭൗതിക സഹകരണമായി.16

ഭൗതികസഹകരണത്തില്‍, നേരിട്ടുള്ള (immediate) സഹകരണം, ഇടനിലക്കാരനായി (mediate) പ്രവര്‍ത്തിച്ചുകൊണ്ടുള്ള സഹകരണം എന്നൊരു വേര്‍തിരിവുണ്ട്. പ്രവൃത്തിയുടെ അടിസ്ഥാനത്തിലാണ് ഈ വ്യത്യാസം.

നേരിട്ടുള്ള സഹകരണം (Immediate Cooperation): ഒരാളുടെ ധാര്‍മികമായി തെറ്റായ പ്രവൃത്തിയില്‍ത്തന്നെ ചേര്‍ന്നു പ്രവര്‍ത്തിക്കുമ്പോള്‍ അത് നേരിട്ടുള്ള ഭൗതിക സഹകരണമായി (Immediate material Cooperation).  ഇവിടെ തിന്മ പ്രവര്‍ത്തിക്കുന്നയാളുടെ പ്രവര്‍ത്തനവും, തിന്മയില്‍ പങ്കുചേരുന്നയാളുടെ പ്രവര്‍ത്തനവും വേര്‍തിരിക്കാനാവാത്തതാകുന്നു. സഹകരിക്കുന്ന വ്യക്തി പ്രത്യക്ഷമായും നേരിട്ടും മറ്റൊരുവന്‍റെ തെറ്റായ പ്രവൃത്തിയില്‍ പങ്കുകാരനാകുന്നു.17 ഇപ്രകാരമുള്ള പ്രവൃത്തി, മുഖ്യകര്‍മ്മി ഉദ്ദേശിച്ച തെറ്റായഫലം പുറപ്പെടുവിക്കുന്നു. ഇതില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന ഉദ്ദേശ്യം നിമിത്തം ഇതിനെ څഅന്തര്‍ലീനമായ സോദ്ദേശ്യസഹകരണംچ എന്ന് വിളിക്കും. ഇത് യഥാര്‍ത്ഥത്തില്‍, സോദ്ദേശ്യസഹകരണമായി പരിഗണിക്കപ്പെടുന്നു.18

ഇടനിലക്കാരായി പ്രവര്‍ത്തിച്ചുകൊണ്ടുള്ള സഹകരണം (Mediate Cooperation): ഇവിടെ ഒരു വ്യക്തിയുടെ സഹകരണം അതില്‍ത്തന്നെ നല്ലതും, നിഷ്പക്ഷവുമായിരിക്കാം. പക്ഷേ, മുഖ്യകര്‍മ്മി തെറ്റായ പ്രവൃത്തിക്കായി ആ സഹകരണത്തെ വിനിയോഗിക്കുന്നു.19 ഉദാഹരണത്തിന് ഒരു നഴ്സ്, ഓപ്പറേഷനായി ഉപകരണങ്ങള്‍ തയ്യാറാക്കി ഡോക്ടര്‍ക്ക് കൈമാറുകയും, ഡോക്ടര്‍ അത് വന്ധ്യംകരണത്തിനായി ഉപയോഗിക്കുകയും ചെയ്യുമ്പോള്‍, നേഴ്സ് ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചുകൊണ്ടുള്ള സഹകരണത്തില്‍ പങ്കുചേരുന്നു. ഇവിടെ മുഖ്യകര്‍മ്മിയുടെ തെറ്റായ ഉദ്ദേശ്യത്തോട് സഹകരിക്കുന്നയാള്‍ യോജിക്കുന്നില്ല. ഒരുവന്‍ നല്ലതും, നിഷ്പക്ഷവുമായി ചെയ്ത പ്രവൃത്തി, മുഖ്യകര്‍മ്മി തിന്മ പ്രവൃത്തിയാക്കി മാറ്റി. ഇവിടെ സഹകരിക്കുന്ന വ്യക്തിയുടെ ഉദ്ദേശ്യവും ആഗ്രഹവും മുഖ്യകര്‍മ്മിയുടെ തെറ്റായ ഉദ്ദേശ്യത്തില്‍ നിന്നും വ്യത്യസ്തമാണ്.

ഇപ്രകാരമുള്ള അവസരത്തില്‍ മുഖ്യകര്‍മ്മിയുടെ പ്രവൃത്തിയിലേക്ക് നയിക്കുന്ന ചുറ്റുപാടുകളിലും, സാഹചര്യങ്ങളിലും സഹകാരിപങ്കാളിയാകുന്നു.20 സഹകരിക്കുന്ന വ്യക്തിയുടെ പ്രവൃത്തി അതില്‍ത്തന്നെ കുറ്റകരമല്ല. കാരണം മുഖ്യകര്‍മ്മിയുടെ പ്രവൃത്തി നല്ലതോ, നിഷ്പക്ഷമോ ആകുന്നെങ്കില്‍ സഹകാരിയുടെ പ്രവൃത്തി തിന്മയാകുന്നില്ല. ഒരു അധാര്‍മിക പ്രവൃത്തിക്കുവേണ്ടി തന്‍റെ സഹായം മുഖ്യകര്‍മ്മി ഉപയോഗപ്പെടുത്തുമെന്ന് മുന്‍കൂട്ടി മനസിലാക്കി അതിനോട് സഹകരിക്കുമ്പോഴാണ് അതൊരു ധാര്‍മിക പ്രശ്നമായി മാറുന്നത്. സഹകരിക്കുന്ന വ്യക്തിയുടെ പ്രവൃത്തിയുടെ കാഠിന്യം നിശ്ചയിക്കപ്പെടുന്നത് പ്രത്യേക സാഹചര്യങ്ങളെ ആസ്പദമാക്കിയാണ്. പ്രവൃത്തിയുടെ ഘടനയിലേക്ക് ആഴ്ന്നിറങ്ങുവാനും മറ്റൊരാളുടെ തിന്മയുടെ സങ്കീര്‍ണത കൂട്ടുവാനും സാഹചര്യങ്ങള്‍ക്കു കഴിയും.21 ചില വ്യവസ്ഥകളോടെ ഇടനിലക്കാരായുള്ള സഹകരണം ന്യായീകരിക്കുന്നതാണെന്ന് ധാര്‍മ്മികദൈവശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നു. മുഖ്യകര്‍മ്മിയുടെ തെറ്റായ പ്രവൃത്തിയിലേക്ക് നയിക്കുന്ന ഏതൊരു സഹായവും ന്യായീകരിക്കാവുന്നതല്ലെന്ന് മറ്റു ചില ധാര്‍മ്മികദൈവശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നു. ഒരുവന്‍റെ പ്രവൃത്തി അതില്‍ത്തന്നെ നിയമാനുസൃതമാണെങ്കിലും, മറ്റുള്ളവരെ തിന്മയിലേക്കു പ്രേരിപ്പിക്കുന്നതു കൊണ്ടും, ഉപവിക്കെതിരായതുകൊണ്ടും, അതു തിന്മയാണ്.22 തെറ്റായ മാതൃക നല്‍കുന്നതിനാലും, സത്യത്തെ സാക്ഷ്യപ്പെടുത്താനുള്ള ഉത്തരവാദിത്വം ഉള്ളതിനാലും... തെറ്റായ പാര്‍ശ്വഫലങ്ങള്‍ ഉളവാക്കുന്നതിനാലും ഭൗതികസഹകരണത്തെ, ധാര്‍മ്മികദൈവശാസ്ത്രജ്ഞന്മാര്‍ ഇതിനെ എതിര്‍ക്കുന്നു.23

അടുത്തതും (Proximate) അകന്നതുമായ (Remote) സഹകരണം24: ഇവിടുത്തെ പ്രസക്തമായ ചോദ്യം ഇതാണ്: മുഖ്യ കര്‍മ്മിയുടെ പ്രവര്‍ത്തന ലക്ഷ്യത്തിന്‍റെ ഫലദായകത്വത്തിന്, സഹകാരിയുടെ പ്രവൃത്തിയുടെ അടുപ്പവും അകലവും എത്രമാത്രം സ്വാധീനിക്കും? അല്ലെങ്കില്‍ ഉപകരിക്കും?

മുഖ്യകര്‍മ്മിയും സഹകാരിയും തമ്മിലുള്ള ബന്ധമാണ് അടുത്ത സഹകരണത്തില്‍ (proximate cooperation) പ്രതിപാദിക്കുന്നത്. മുഖ്യകര്‍മ്മിയുടെ തെറ്റായ പ്രവൃത്തിയോട് സഹകരണം എത്രമാത്രം അടുത്ത് ബന്ധപ്പെട്ടിരിക്കുന്നുവോ, അതാണ് 'അടുത്ത സഹകരണം' (proximate cooperation). ഉദാഹരണത്തിന്, അധാര്‍മ്മിക ഓപ്പറേഷന്‍ നടത്തുന്ന ഡോക്ടര്‍ക്ക്, അതിനാവശ്യമായ ഉപകരണങ്ങള്‍ നേഴ്സ് നല്‍കുന്നത്.

ഭൗതികസഹകരണം അകന്ന (remote) താകുന്നത് മുഖ്യകര്‍മ്മി യുടെ പ്രവൃത്തിയോട് സഹായ പ്രവൃത്തിക്ക് നേരിട്ട്, അടുത്ത് ബന്ധമില്ലാതാകുമ്പോഴാണ്. ഉദാഹരണത്തിന് ഗര്‍ഭഛിദ്രം നടത്തിയ ഭ്രൂണത്തിലെ സെല്ലുകളും കോശങ്ങളും ഉപയോഗിച്ച് പല വാക്സിനുകള്‍ ഉണ്ടാക്കുന്നുണ്ട്. അതുപയോഗിക്കുന്നതു വഴി സ്വമേധയാലുള്ള ഗര്‍ഭഛിദ്രത്തില്‍ പങ്കാളിയാകുന്നു.

സ്വതന്ത്രവും (free) അനിവാര്യ (necessary) വുമായ സഹകരണം: ഇവിടുത്തെ പ്രസക്തമായ ചോദ്യമിതാണ്: മുഖ്യകര്‍മ്മിയുടെ പ്രവര്‍ത്തന ലക്ഷ്യത്തിന്‍റെ ഫലദായകത്വത്തിന് സഹകാരിയുടെ പ്രവൃത്തിയുടെ ആവശ്യകത എത്രമാത്രം സ്വാധീനീക്കും? ഭൗതികസഹകരണം സ്വതന്ത്രസഹകരണമാകുന്നത് തിന്മയോട്

സഹകരിക്കുന്ന വ്യക്തിയുടെ സഹായം സ്വീകരിക്കപ്പെട്ടില്ലെങ്കിലും തിന്മ സംഭവിക്കുമ്പോഴാണ്. ഈ സഹകാരി കൂടാതെ ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ കഴിവുള്ള മറ്റു സഹകാരികള്‍ ഉണ്ടെന്നര്‍ത്ഥം. സഹകരണം അനിവാര്യമാകുന്നത് സഹകരിക്കുന്ന വ്യക്തിയുടെ സഹായപ്രവൃത്തി കൂടാതെ മുഖ്യകര്‍മ്മിക്ക് തിന്മ പ്രവൃത്തി ചെയ്യുവാന്‍ സാധിക്കാത്ത അവസരത്തിലാണ്.

  1. വിവിധ സഹകരണങ്ങളുടെ ധാര്‍മ്മികതയും അനുവദനീയതയും

അസ്സന്മാര്‍ഗിക പ്രവര്‍ത്തനങ്ങളിലെ സോദ്ദേശ്യസഹകരണം (formal cooperation) എല്ലായ്പോഴും പാപമാകുന്നു; കാരണം മുഖ്യകര്‍മ്മിയുടെ തെറ്റായ ഉദ്ദേശ്യം (bad intention) സഹകാരിയും സ്വീകരിക്കുന്നു. നേരിട്ടുള്ള (immediate) സഹകരണം മിക്കവാറും സമയത്തും തെറ്റ് തന്നെയാണ്. തിന്മ ഒരു കാരണവശാലും പിന്‍താങ്ങപ്പെടാന്‍ സാധ്യമല്ലാത്തതുകൊണ്ട് അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളിലെ ഭൗതികസഹകരണവും സാധാരണയായി നിയമാനുസൃതമല്ല. അതുകൊണ്ടുതന്നെ അവ പ്രതിരോധിക്കപ്പെടേണ്ടതും നിരോധിക്കപ്പെടേണ്ടതുമാണ്. എന്നാല്‍ ഇന്നത്തെ ലോകത്തില്‍ വലിയ തിന്മയെ ഒഴിവാക്കുന്നതിനും, വലിയ ഉത്തരവാദിത്വ നിര്‍വഹണത്തിനും ഭൗതികസഹകരണം കൂടിയേ തീരൂ. ഇപ്രകാരമുള്ള അവസരത്തില്‍, ഭൗതിക സഹകരണം ധാര്‍മ്മികമായി സ്വീകരിക്കപ്പെടാന്‍ വി. അല്‍ഫോന്‍സ് ലിഗോരി രണ്ടു വ്യവസ്ഥകള്‍ പറയുന്നു:25

  1. സഹകാരിയുടെ പ്രവൃത്തി അതില്‍ത്തന്നെ നല്ലതായിരിക്കണം. അല്ലെങ്കില്‍ നിഷ്പക്ഷമായിരിക്കണം.                  
  2. സഹകരിക്കുന്ന വ്യക്തിക്ക് അങ്ങനെ പ്രവര്‍ത്തിക്കാനുള്ള ഒരു കാരണമുണ്ടെങ്കില്‍, ആ കാരണം മുഖ്യകര്‍മ്മിയുടെ തിന്മയുടെ കാഠിന്യത്തിന്, തിന്മ പ്രവൃത്തിക്ക് അനുസൃതവും സഹകരണത്തിന് ആനുപാതികവും നീതീകരണമുള്ളതുമായിരിക്കണം.

ഇത്തരത്തിലുളള ഒരു ഭൗതികസഹകരണത്തിനുള്ള കാരണങ്ങളുടെ പര്യാപ്തത വിലയിരുത്തുമ്പോള്‍ നാലു ഘടകങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നു.

  1. മുഖ്യകര്‍മ്മിയുടെ പ്രവൃത്തിയുടെ ഗുരുത്വം: കളവില്‍ സഹകാരിയാകുന്നതിനേക്കാള്‍ കൂടുതല്‍ പ്രബലമായ കാരണം കൊലപാതകത്തില്‍ പങ്കുചേരുന്നതിനുവേണം.
  1. മുഖ്യകര്‍മ്മിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമ്പോഴുള്ള അടുപ്പം: ഉദാഹരണത്തിന് കളവിനു പോകുന്നതിനു കാര്‍ കൊടുക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രബലമായ കാരണം കളവിന് കടയുടെ പൂട്ടുതുറന്നു കൊടുക്കുന്നതിനുണ്ട്.                                                                                                                        
  2. സഹകരണത്തിനുള്ള അത്യന്താപേക്ഷികത: ഒരു നഴ്സ് മാത്രം ഉള്ളപ്പോള്‍ സഹകരിക്കുന്നതിനേക്കാള്‍ കൂടുതല്‍ കുറ്റകരം കൂടുതല്‍ നഴ്സുമാരുള്ളപ്പോള്‍ ഗര്‍ഭഛിദ്രം എന്ന തെറ്റില്‍ സഹകരിക്കുന്നതാണ്.                        
  3. തിന്മയെ പ്രതിരോധിക്കുവാനുള്ള ഉത്തരവാദിത്വം: ഒരു സാധാരണ ജോലിക്കാരനേക്കാള്‍ കമ്പനിയിലെ സാമഗ്രികള്‍ സൂക്ഷിക്കുന്നതിനുള്ള കടമ, അവിടുത്തെ കാവല്‍ക്കാരനുണ്ട്.

സഹകരിക്കുന്ന വ്യക്തി നല്ല ഫലം ഉണ്ടാകണമെന്ന ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുമ്പോള്‍, മുഖ്യകര്‍മ്മി മോശമായ ഫലമാണ് ഉദ്ദേശിക്കുന്നത്. ഇവിടെ സഹകാരി മുഖ്യകര്‍മ്മിയുടെ തെറ്റായ ഉദ്ദേശ്യം മനസിലാക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ആ തിന്മയില്‍ പങ്കാളിയാകുന്നു. ധാര്‍മ്മികമായി നിഷ്പക്ഷമായ ഒരു പ്രവൃത്തിയില്‍നിന്ന് നല്ലതോ, മോശമോ ആയ ഫലം ഉണ്ടായാലും ആ പ്രവൃത്തിക്ക് അനുസൃതമായ ഒരു ആനുപാതിക കാരണമുണ്ടെങ്കില്‍ അവ നീതീകരിക്കപ്പെടാവുന്നതാണെന്ന് അഭിപ്രായപ്പെടുന്നു.

തിന്മയുടെ ഗുരുത്വസ്വഭാവം, സഹകരണത്തിന്‍റെ ആവശ്യകതയും ദൃഢതയും, തിന്മ പ്രവൃത്തിയോടുള്ള അടുപ്പം, മറ്റുള്ളവര്‍ക്ക് ഉതപ്പാകുമെന്നുള്ള അപകടം, സമൂഹത്തിനുള്ള നാശനഷ്ടങ്ങള്‍, തിന്മ പ്രവൃത്തി തടയുവാനുള്ള ഉത്തരവാദിത്വം; വലിയ തിന്മ ഒഴിവാക്കാന്‍ ചെറിയ തിന്മ അനുവദിക്കല്‍, സഹോദരസ്നേഹം - മുതലായ എല്ലാ ഘടകങ്ങളും അനുപാതം നിശ്ചയിക്കുമ്പോള്‍ പരിഗണിക്കേണ്ടതുണ്ട്. ഈ വ്യത്യസ്ത ഘടകങ്ങള്‍ സംഭവിക്കുമ്പോള്‍ അതിനെ അളക്കുവാനോ താരതമ്യപ്പെടുത്തുവാനോ പ്രയാസമാണ്. തല്‍ഫലമായി څആനുപാതിക കാരണംچ തീരുമാനിക്കുന്നതും വളരെ പ്രയാസമാണ്.26

സഹകരിക്കുവാനുള്ള കാരണം മുഖ്യകര്‍മ്മിയുടെ ഉദ്ദേശ്യത്തില്‍ നിന്നും വ്യതിരിക്തമാവണം. സഹകരിക്കുന്ന പ്രവൃത്തിക്കനുസരിച്ച് ആനുപാതികമായ ഗൗരവമായ കാരണമില്ലെങ്കില്‍ നേരിട്ടല്ലാത്ത ഭൗതിക സഹകരണം സോദ്ദേശ്യ സഹകരണമാകാമെന്ന് ഓര്‍വില്ലെ ഗ്രെയ്സ് പ്രസ്താവിക്കുന്നു.27

3.1  ഭൗതികസഹകരണം എന്ന തത്വത്തെക്കുറിച്ചുള്ള വിലയിരുത്തല്‍

അസ്സന്മാര്‍ഗിക പ്രവൃത്തികളിലെ സഹകരണം എന്ന സങ്കീര്‍ണമായ പ്രതിസന്ധിയെ തരണം ചെയ്യാന്‍ നിയമാനുസൃതമായ ഭൗതികസഹകരണ സിദ്ധാന്തം തീര്‍ച്ചയായും ഒരു മുതല്‍ക്കൂട്ടാണ്. ആരുടെ പ്രവൃത്തിയാണ് ധാര്‍മ്മികമായി അസ്വീകാര്യമാകുന്നത്, ഒരാളുടെ ഉദ്ദേശ്യം ഏതു പരിധിവരെ പ്രവര്‍ത്തിക്കാം, തെറ്റായി പ്രവര്‍ത്തിക്കുന്നവരോടൊപ്പം എത്രമാത്രം സഹകരിക്കാം എന്നിവ മനസിലാക്കാനും ഈ തത്ത്വത്തിന് കഴിയും. സഹകരണത്തില്‍ അന്തര്‍ലീനമായ സാഹചര്യങ്ങളെ അതിന്‍റെ വേര്‍തിരിവുകളോടെ മനസിലാക്കാനും ഈ തത്ത്വം നമ്മെ സഹായിക്കുന്നു. സഹായം നല്‍കുന്നതിലൂടെ ഭൗതികസഹകരണത്തിലും, ഉദ്ദേശ്യത്തില്‍ പങ്കു ചേരുന്നതുവഴി സോദ്ദേശ്യസഹകരണത്തിലും ഇവ തമ്മിലുള്ള വ്യത്യാസം അതിന്‍റെ ധാര്‍മ്മികതയെ വിലയിരുത്തുന്നതിനും പ്രധാന പങ്കു വഹിക്കുന്നു.

ന്യായീകരിക്കാവുന്ന കാരണങ്ങള്‍ കണക്കുകൂട്ടിയും, അതിന്‍റെ സ്വഭാവം പരിഗണിച്ചും, മുഖ്യപ്രവൃത്തിയുടെ ഗൗരവമനുസരിച്ചും, സമ്മര്‍ദ്ദസ്വഭാവം (duress) മനസ്സിലാക്കിയും, മൂന്നാമതൊരു വ്യക്തിക്കുള്ള നേട്ടവും ഉപദ്രവവും, മറ്റുള്ളവര്‍ക്ക് ഉതപ്പു നല്‍കുന്നുണ്ടോ എന്നിങ്ങനെയുള്ള ഘടകങ്ങളെല്ലാം പരിശോധിച്ചാണ് ഈ തത്ത്വത്തിന്‍റെ ധാര്‍മ്മിക കണക്കുകൂട്ടലുകള്‍ നടത്തുന്നത്.

ഭൗതിക സഹകരണം എന്ന തത്ത്വവും അതിന്‍റെ വേര്‍തിരിവുകളും അസാന്മാര്‍ഗിക പരിശീലനങ്ങളിലെ സഹകരണത്തിന്‍റെ ധാര്‍മികതയെ വിലയിരുത്തുവാന്‍ ഒരു പരിധിവരെ സഹായകരമാണ്. സഹകരിക്കുന്ന പ്രവൃത്തികളുടെ സങ്കീര്‍ണസ്വഭാവം, അതിലെ പ്രശ്നങ്ങള്‍, വ്യക്തിയെ സംബന്ധിക്കുന്ന ഭൗതികവും പ്രത്യേകവുമായ സാഹചര്യങ്ങള്‍, ആനുപാതിക കാരണങ്ങള്‍ എന്നിവ മനസിലാക്കുവാനും തീരുമാനിക്കുവാനും ഈ തത്ത്വം സഹായകരമാണ്.

എന്നാല്‍ ആധുനിക ലോകത്ത് വര്‍ദ്ധിച്ചുവരുന്ന അസ്സന്മാര്‍ഗിക തിന്മകളിലെ സഹകരണം എന്ന സങ്കീര്‍ണത നിറഞ്ഞ പ്രതിഭാസത്തെ തരണം ചെയ്യാന്‍ ഈ മേല്‍പറഞ്ഞ തത്ത്വങ്ങള്‍ അപര്യാപ്തമാണ്. ഈ തത്ത്വങ്ങള്‍ എല്ലാം തന്നെ ധാര്‍മ്മികമായി ശരിയായ തീരുമാനങ്ങള്‍ കണ്ടെത്താനുള്ള പൊതുവായ നിര്‍ദ്ദേശം തരുന്നു. എന്നാല്‍ പ്രത്യേക സാഹചര്യങ്ങളില്‍ എടുക്കേണ്ട നിലപാടുകളെക്കുറിച്ച് പ്രതിപാദിക്കുന്നില്ല. ഓരോ കേസിന്‍റെയും ഗുണങ്ങളും ദോഷങ്ങളും തീരുമാനിച്ചതിനു ശേഷമായിരിക്കണം സഹകരണത്തിന്‍റെ ധാര്‍മ്മികത തീരുമാനിക്കേണ്ടത്.

ഈ നിയമത്തെ വിശകലനം ചെയ്യുമ്പോള്‍ നമുക്ക് കണ്ടെത്താന്‍ സാധിക്കുന്നത്, ഇതു വളരെ കര്‍ക്കശമായ നിയമങ്ങളോടെ നിയന്ത്രിക്കപ്പെടുന്നു എന്നതാണ്. പ്രവൃത്തികേന്ദ്രീകൃതമാണീ തത്ത്വം. പ്രവൃത്തിക്കു പിന്നിലെ ഉദ്ദേശ്യവും, പ്രവൃത്തിയുടെ സാഹചര്യങ്ങളും പരിഗണിക്കുന്നില്ല എന്നത് ഇതിന്‍റെ ഒരു ബലഹീനതയാണ്. പ്രവര്‍ത്തിക്കുന്ന വ്യക്തിയുടെ മനഃസാക്ഷിയുടെ അവകാശങ്ങളും ആത്മനിഷ്ഠതയും, പ്രവൃത്തികേന്ദ്രീകൃത സദാചാര ശാസ്ത്രത്തില്‍ (act centre ethics) നഷ്ടമാകുന്നുണ്ട്. വ്യക്തിപരവും മാനുഷിക യാഥാര്‍ത്ഥ്യങ്ങളും കണക്കിലെടുത്തായിരിക്കണം 'തിന്മയിലുള്ള ഭൗതികസഹകരണം' എന്ന പ്രതിസന്ധിയെ വിലയിരുത്താന്‍ എന്നതാണ് ഇതര്‍ത്ഥമാക്കുന്നത്. സദാചാര ബഹുത്വമുള്ള ആധുനിക സമൂഹത്തില്‍, ഉത്തരവാദിത്വപൂര്‍ണ്ണമായ മനഃസാക്ഷിയുടെ പ്രവര്‍ത്തനത്തിന് മുന്‍തൂക്കം നല്‍കേണ്ടത് ആവശ്യമാണ്.28

ഭൗതിക സഹകരണം എന്ന തത്ത്വത്തിലെ കുറവുകള്‍ പരിഹരിക്കാന്‍ പല തത്വങ്ങളും നിലവില്‍ വന്നു. ക്ലാവുസ് ഡെമ്മേഴ്സിന്‍റെ 'സഹിഷ്ണുത സിദ്ധാന്തവും' (Doctrine of Tolerrance)29 ചാള്‍സ് കറണിന്‍റെ 'ഒത്തുതീര്‍പ്പ് സിദ്ധാന്തവും' (Docrine of Compromise)30 ഇവയില്‍ ചിലതാണ്. അപരന്‍റെ മനഃസാക്ഷിയെ ബഹുമാനിക്കുന്ന മനോഭാവത്തിനും തിന്മനിറഞ്ഞ ഈ ലോകത്തിന്‍റെ അവസ്ഥ യ്ക്കുമാണ് ഈ രണ്ടു തത്ത്വങ്ങളും ഊന്നല്‍ നല്‍കുന്നത്. വ്യക്തിയുടെ മഹത്വവും മനഃസാക്ഷിയനുസരിച്ചുള്ള പ്രവര്‍ത്തനവും സത്യത്തിന്‍റെ ചരിത്രാത്മകതയും പരിഗണിച്ചുകൊണ്ടുള്ള വ്യക്തികേന്ദ്രീകൃത തത്വവും, നാം ജീവിക്കുന്ന തിന്മ നിറഞ്ഞ ലോകത്തിന്‍റെ സമ്മര്‍ദ്ദവും ഭൗതിക സഹകരണസിദ്ധാന്തത്തെ കൂടുതല്‍ മനസിലാക്കാന്‍ നമ്മെ സഹായിക്കുന്നു. എന്നാല്‍ 'ജീവന്‍റെ സുവിശേഷം' ഈ ചിന്തയെ തള്ളിക്കളയുന്നു. അപരന്‍റെ സ്വാതന്ത്ര്യം മാനിച്ച്.... സഹകരണത്തെ ഒരിക്കലും നീതീകരിക്കാനാവില്ല.31

3.2 സഹകരണസിദ്ധാന്തവും കാര്യാകാര്യ വിവേചനവും  (Principle of Cooperation Virtue of Discernment)

څഅസ്സന്മാര്‍ഗിക പ്രവര്‍ത്തനങ്ങളിലെ സഹകരണംچ എന്ന പ്രയാസമേറിയ ചോദ്യത്തിന് ധാര്‍മ്മികദൈവശാസ്ത്രജ്ഞന്മാര്‍ പുതിയ രീതി സമര്‍പ്പിക്കുന്നുണ്ട്. പ്രവൃത്തികേന്ദ്രീകൃതവും(act centred), നിയമകേന്ദ്രീകൃതവുമായ (law centerd) സദാചാരസംഹിതയ്ക്ക് പകരം വ്യക്തി കേന്ദ്രീകൃത (person-centerd) മൂല്യങ്ങളുടെ സദാചാര സംഹിതകള്‍ക്ക് പ്രാധാന്യം നല്‍കുന്ന പരിശ്രമങ്ങള്‍ അവര്‍ നടത്തി. ഒരു തത്ത്വം രൂപീകരിച്ച് അത് അനുയോജ്യമാണോ എന്നു പരിശോധിക്കുന്നതിനേക്കാള്‍ വ്യക്തികള്‍ക്ക് നല്‍കപ്പെട്ടിരിക്കുന്ന സുകൃതപരമായ നിലപാടുകളെ (virtuous dispositions) ക്കുറിച്ചാണ് അവര്‍ പ്രതിപാദിക്കുന്നത്.

ധാര്‍മ്മിക തത്ത്വങ്ങളെക്കുറിച്ചുള്ള അറിവ് പൊതുവായി ആവശ്യമാണെങ്കിലും അവ പര്യാപ്തമാകുന്നില്ല. വിവേകം, മറ്റു മൗലിക പുണ്യങ്ങള്‍, ദൈവിക പുണ്യങ്ങളായ വിശ്വാസം, സ്നേഹം, ഉപവി എന്നിവയിലൂടെയും വ്യക്തിയുടെ സദാചാരപരമായ മനോഭാവത്തിലൂടെയുമാണ് 'കാര്യാകാര്യവിവേചനം' വേരുറപ്പിക്കുന്നതും വികസിക്കുന്നതും.32 തിന്മയോട് സഹകരിക്കേണ്ടിവരുന്ന ചഞ്ചലമനഃസാക്ഷിയുടെ സന്ദര്‍ഭത്തില്‍ ധാര്‍മ്മികമായ 'കാര്യാകാര്യവിവേചന'മാണ് ആവശ്യമായിരിക്കുന്നത്. ധാര്‍മ്മികമായി സ്വീകാര്യവും, അസ്വീകാര്യവുമായതിനെ കാര്യാകാര്യവിവേചനത്തിന് തിരിച്ചറിയാന്‍ സഹായിക്കുന്നു. സുകൃതധാര്‍മികത എന്നാല്‍ വ്യക്തി കേന്ദ്രീകൃത ധാര്‍മികതയാണ്. ഇവിടെ പ്രവൃത്തി ചെയ്യുന്ന വ്യക്തിയുടെ സ്വഭാവത്തിനാണ് പ്രാധാന്യം. ശരിയായതു ചെയ്യുവാന്‍ എങ്ങനെയുള്ള വ്യക്തിയാകണം എന്നതാണ് ചോദ്യം.

"ഹൃദയത്തിന്‍റെ യുക്തിവിചാരം" (Reasoning of Heart) എന്ന സംജ്ഞയാണ് കാര്യാകാര്യവിവേചനത്തിന് വില്യം സി. സ്പോണ്‍ നല്‍കുന്നത്. മൂര്‍ത്തമായ സാഹചര്യത്തില്‍ ധാര്‍മ്മികമായി വിലയിരുത്തുവാനുള്ള കഴിവായിട്ടാണ് അദ്ദേഹം കാര്യാകാര്യവിവേചന ത്തെ നിര്‍വചിക്കുന്നത്.33 Veritatis Splendor-ലെ വാക്കുകളില്‍ പറയുമ്പോള്‍, "നന്മയായിട്ടുള്ളതിനോടുള്ള സ്നേഹവും, നാഥനായി ഹൃദയം മാറ്റിയെടുക്കുന്നതുമാണ് കാര്യാകാര്യവിവേചനം."34 സദാചാരപരമായ വ്യക്തിയെ പരിശുദ്ധാത്മാവ് സഹായിക്കും. കാര്യാകാര്യ വിവേചനമെന്ന പുണ്യം ഒരു വ്യക്തിയുടെ മനസിനെ ഉജ്വലിപ്പിക്കുന്നതുവഴി ദൈവഹിതവും ദൈവേഷ്ടവും മനസിലാക്കാന്‍ അയാള്‍ക്ക് കഴിയും. കാര്യാകാര്യവിവേചനമെന്ന ക്രൈസ്തവപുണ്യം മറ്റു മൂല്യങ്ങളെ ക്രമപ്പെടുത്തുന്നു. കാര്യാകാര്യവിവേചനം എല്ലാ സംഭവങ്ങളിലും അനുയോജ്യമായ പ്രതികരണങ്ങള്‍ അന്വേഷിക്കുകയും, ധാര്‍മ്മികതത്വങ്ങളെ ഒന്നിപ്പിക്കുകയും, സാഹചര്യ ഘടകങ്ങളുടെ പശ്ചാത്തലത്തില്‍ ധാര്‍മ്മികമായി ശരിയായി വിധിക്കുകയും ചെയ്യുന്നു. കാര്യാകാര്യവിവേചനം വഴി യഥാര്‍ത്ഥമായ തിരഞ്ഞെടുപ്പു നടത്തിയ വ്യക്തി, ധാര്‍മ്മികമായി ശരിയാണ്.

ഭൗതികസഹകരണത്തിന്‍റെ പ്രതിസന്ധിയില്‍ ഉഴലുമ്പോള്‍ അതിന്‍റെ ചെറിയ ചെറിയ വിഭജനങ്ങള്‍ ഇത്തരുണത്തില്‍ സഹായകമാണ്. എന്നാല്‍ വിവേകപൂര്‍വകമായ കാര്യാകാര്യവിവേ ചനമാണ് അവസാനമായി ഒരുവനെ നയിക്കേണ്ടത്. ഉദ്ദേശ്യം, സമ്മര്‍ദ്ദങ്ങള്‍, ആവശ്യകത, ഗുരുത്വസ്വഭാവം, അടുപ്പം, നേട്ടങ്ങള്‍, ഉപദ്രവങ്ങള്‍, ഉതപ്പുകള്‍ എന്നീ ആശയക്കുഴപ്പത്തിലാക്കുന്ന ഘടകങ്ങളെ ഒന്നിപ്പിക്കുകയും ക്രമീകരിക്കുകയും ചെയ്ത് തിന്മയിലുള്ള ഭൗതികസഹകരണത്തിന്‍റെ മൂര്‍ത്തമായ പ്രത്യേക സംഗതികളെക്കുറിച്ച് ഉള്‍ക്കാഴ്ച നല്‍കുന്ന ധാര്‍മ്മികമായ വിധി നടത്തുവാനും കാര്യാകാര്യവിവേചനത്തിനു കഴിയുന്നു. ഇപ്രകാരമുള്ള ധാര്‍മ്മിക തിരഞ്ഞെടുപ്പ് നടത്തുമ്പോള്‍  കാര്യാകാര്യവിവേചനത്തെ ക്രമപ്പെടുത്തുന്നതും തീര്‍പ്പുകല്‍പ്പിക്കുന്നതും അടിസ്ഥാനപരമായി ക്രൈസ്തവസ്നേഹം (അഗാപ്പെ) ആണ്.

 

കുറിപ്പുകള്‍

  1. CDF, “Reply on: Sterilization in Catholic Hospitals” (Mar. 13, 1975), in Catholic Identity in Health Care: Principles and Practice, Orville N. Griese (Braintree, Massachusetts: The Pope John Center, 1987) 422.
  2. Henry Davis, Moral and Pastoral Theology (London: Sheed and Ward, 1959) 1: 342.
  3. NCCB, “Pastoral Guidelines for the Catholic Hospital and Catholic Health Care Personnel” (Apr. 11, 1973), in Medical Ethics: Sources of Catholic Teachings, 2nd ed. Kevin D. O’Rourke and Philip Boyle (Washington, D.C.: Georgetown University Press, 1993), 486-488.
  4. Heribert Jone, Moral Theology (Westminster, MD: Newman Press, 1963), no. 144.
  5. Edmund D. Pellegrino, “Catholic Identity in Medical Schools,” Health Progress 74 (1993): 73.
  6. Edwin F. Healy, Medical Ethics (Chicago: Layola University Press, 1956) 101.
  7. Bernard Häring, Free and Faithful in Christ (Homebush, NSW: St. Paul Publications, 1979) 2: 479.
  8. Germain Grisez, The Way of the Lord Jesus, vol. 3, Difficult Moral Questions (Quincy, IL: Franciscan Press, 1997) 872.
  9. Charles J. McFadden, Medical Ethics, 5th ed. (Philadelphia: F.A. Davis Company, 1966) 329.
  10. Stephen Chirapanath, An Ethics of Cooperation in Health Ministry: The Catholic Physician and Sterilization Procedures (Secunderabad: HAFA, 1998) 129.
  11. McFadden, Medical Ethics, 387.
  12. Alphonsus Maria de Liguori, Theologia moralis, ed. Leonardus Gaude (Rome: Ex Typographia Vaticana, 1905-1912) 1: 357.
  13. Chirapanath, An Ethics of Cooperation in Health Ministry, 123-124, 141-144.
  14. Grisez, Difficult Moral Questions, 873.
  15. Alphonsus de Liguori, Theologia moralis, 1: 357.
  16. Häring, Free and Faithful in Christ, 2: 481-482.
  17. Benedict M. Ashley and Kevin D. O’Rourke, Health Care Ethics: A Theological Analysis, 3rd ed. (St. Louis, MO: CHA, United States, 1989) 188.
  18. Häring, Free and Faithful in Christ, 2: 479.

19 . McFadden, Medical Ethics, 329.

  1. Chirapanath, An Ethics of Cooperation in Health Ministry,133.
  2. Häring, Free and Faithful in Christ, 2: 480.
  3. Francis J. Connell, Outlines of Moral Theology (Milwaukee: The Bruce Publishing Company, 1960) 93.
  4. Germain Grisez and Russell Shaw, Fulfillment in Christ: A Summary of Christian Principles (Notre Dame, IN: University of Notre Dame Press, 1991), 148; Germain Grisez, The Way of the Lord Jesus, vol. 1 Living a Christian Life (Illinois: Franciscan Press, 1993) 442.
  5. Chirapanath, An Ethics of Cooperation in Health Ministry, 134-137.
  6. Alphonsus de Liguori, Theologia moralis, 1: 357.
  7. George Therukattil, “Cooperation in Unethical Practices,” in Catholic Contributions to Bioethics: Reflections on Evangelium Vitae, Baiju Julian and Hormis Mynatty (Banglore: ATC, 2007) 396.
  8. Orville N. Griese, Catholic Identity in Health Care: Principles and Practice (Braintree, Massachusetts: The Pope John Center, 1987) 388.
  9. Therukattil, “Cooperation in Unethical Practices,” 400.
  10. Klaus Demmer, “Der Anspruch der Toleranz: Zum Thema ‘Mitwirkung’ in der Pluralistilischen Gesellschaft,” Gregorianum 63 (1982): 701-720; Chirapanath, An Ethics of Cooperation in Health Ministry, 187-196.
  11. The recentness of the debate on moral compromise in Catholic moral theology is proved by the absence of its inclusion even in the late dictionaries of moral theology. The elaboration of Charles E. Curran on the theory of compromise in Catholic moral sphere is treated in his book: A New Look at Christian Morality (Notre Dame, IN: Fides/Claretian, 1968) 169-173, 232-233. He believes that the theory of compromise is in continuity with the tradition of Catholic moral theology. Chirapanath, An Ethics of Cooperation in Health Ministry, 196-206.
  12. John Paul II, Evangelium vitae (Encyclical Letter on the Value and Inviolability of Human Life, Mar. 25, 1995), no. 74, AAS 87 (1995) 487-488.
  13. John Paul II, Veritatis splendor (Encyclical Letter Regarding Certain Fundamental Questions of the Church’s Moral Teaching, Aug. 6, 1993), no. 64, AAS 85 (1993) 1183.
  14. William C. Spohn, “The Reasoning Heart: An American Approach to Christian Discernment,” in The Reasoning Heart: Toward A North American Theology, ed. Frank M. Oppenheim (Washington, D.C.: Georgetown University Press, 1986) 52. However, it is not the antonym of a “reasoning head.” It makes judgements of affectivity. As Rahner says, the discerner “will not only nor ultimately make his decision by a rational analysis but by whether he feels that something “suits him” or not.” See also Karl Rahner, The Dynamic Element in the Church, trans. W.J. O’Hara (New York: Herder and Herder, 1964).
  15. John Paul II, Veritatis splendor, no. 64, AAS 85 (1993) 1183.

ഡോ. സ്റ്റീഫന്‍ ചിറപ്പണത്ത്

Theory of physical cooperation catholic malayalam theology Dr. Stephan Chirappanath Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message