We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev. Dr. Thomas Kochukarottu, Fr. James PuthanNadayil On 09-Feb-2021
ത്രിത്വൈക ദൈവശാസ്ത്രം
ക്രിസ്തീയ ദൈവശാസ്ത്രത്തിലെ ഏറ്റവും അടിസ്ഥാനപരമായ വിശ്വാസസത്യമാണ് പരി. ത്രിത്വം. ദൈവം ഏകനാണ്, എങ്കിലും മൂന്ന് ആളുകളായി സ്ഥിതിചെയ്യുന്നു; പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നിങ്ങനെയാണ് ഈ മൂന്ന് ആളുകള്‍.
പിതാവ് ത്രിത്വത്തിലെ ഒന്നാമത്തെ ആളാണ് . പിതാവ്, പുത്രന് അനാദിയിലെ ജന്മം നല്‍കിയതിനാല്‍, പിതാവായി. പിതാവായതിനാല്‍ പുത്രനേക്കാളോ, പരിശുദ്ധാത്മാവിനേക്കാളോ അധികമായ ദൈവികതയോ, പ്രായമോ പിതാവിനില്ല. ത്രിത്വത്തിലെ രണ്ടാമത്തെ ആളാണ് പുത്രന്‍. സമയത്തിന്‍റെ പൂര്‍ണ്ണതയില്‍ കന്യകാമറിയത്തില്‍നിന്ന് ശരീരമെടുത്ത് മനുഷ്യനായി പിറന്നത് പുത്രനായ ദൈവമാണ്. ത്രിത്വത്തിലെ മൂന്നാമത്തെയാള്‍ പരിശുദ്ധാത്മാവ് എന്ന് വിളിക്കപ്പെടുന്നു.
ക്രിസ്തീയ വിശ്വാസത്തിന്‍റെ ആരംഭം മുതലേ, ദൈവത്തില്‍ മൂന്ന് ആളുകള്‍ ഉണ്ട് എന്നും ഈ മൂന്നാളുകള്‍ വ്യത്യസ്തരാണെങ്കിലും നിത്യമായി പരസ്പരബന്ധിതരും, അവിഭാജ്യവും ഏകവുമായ ദൈവികസത്തയും കേവലമായ ഏക അസ്തിത്വവുമാണ് എന്നും പഠിപ്പിച്ചിരുന്നു. ക്രൈസ്തവ ദൈവശാസ്ത്രത്തിന്‍റെ കേന്ദ്രവും ഉറവിടവും ത്രിത്വൈക ദൈവത്തിലുള്ള വിശ്വാസമാണ്. രക്ഷാകരചരിത്രത്തിന്‍റെ അടിസ്ഥാന മാനദണ്ഡമായ ത്രിത്വൈക ദൈവവിശ്വാസം ആരാധനാക്രമത്തിലൂടെ നാം ആഘോഷിക്കുകയും അനുഭവിക്കുകയും ചെയ്യുന്നു.
പിതാവിന്‍റെയും, പുത്രന്‍റെയും, പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ എല്ലാ പ്രവൃത്തികളും തുടങ്ങുകയും, പിതാവിനും, പുത്രനും, പരിശുദ്ധാത്മാവിനും സ്തുതി അര്‍പ്പിച്ചുകൊണ്ട് അവസാനിപ്പിക്കുകയും ചെയ്യുന്ന പതിവ് ക്രിസ്ത്യാനികളുടെ ഇടയില്‍ സര്‍വ്വസാധാരണമാണ്. ഇവിടെ പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും തുല്യരായി, ദൈവമായി കരുതുന്നു. പക്ഷേ ഇവര്‍, മൂന്ന് ദൈവങ്ങളല്ല, മൂവരും കൂടി ഏകദൈവം മാത്രമാണ്. ഈ യാഥാര്‍ത്ഥ്യത്തെ സൂചിപ്പിക്കാനാണ് - ത്രിത്വം, അഥവാ ത്രിയേകദൈവം എന്ന പദം ഉപയോഗിക്കുന്നത്.
ക്രൈസ്തവ ദൈവശാസ്ത്രത്തിന്‍റെ കേന്ദ്രവും ഉറവിടവും ത്രിത്വൈക ദൈവത്തിലുള്ള വിശ്വാസമാണെങ്കിലും, ഒത്തിരിയേറെ തെറ്റിദ്ധാരണകള്‍ക്കും, വിവാദങ്ങള്‍ക്കും, ദുര്‍വ്യാഖ്യാനങ്ങള്‍ക്കും ഈ വിശ്വാസം ഇടയാക്കിയിട്ടുണ്ട്. അതിനു കാരണം പരി. ത്രിത്വത്തിന്‍റെ രഹസ്യാത്മകതയും നിഗൂഢതയുമാണ്. ആയതിനാല്‍ ത്രിത്വൈക രഹസ്യ പഠനം സഭയില്‍ ഇന്ന് വളരെ വലിയ പ്രാധാന്യം നേടിയിരിക്കുന്നു. തങ്ങളുടെ വിശ്വാസമെന്തെന്ന് മനസ്സിലാക്കുവാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുകയും, ധ്യാനിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ക്രൈസ്തവരുടെ ഉള്ളില്‍പോലും ഉയര്‍ന്നു വരുന്ന ചോദ്യമാണ് ഒന്ന് എങ്ങനെ മൂന്നാകും? മൂന്ന് എങ്ങനെ ഒന്നാകും? ഒന്നുകില്‍ ഒരു ദൈവം, അല്ലെങ്കില്‍ മൂന്ന് ദൈവങ്ങള്‍. പക്ഷേ ദൈവം ഒന്നേയുള്ളൂവെന്ന് ബൈബിള്‍ അനിഷേധ്യമായി പഠിപ്പിക്കുന്നു.
ഏകദൈവവിശ്വാസമാണ് മനുഷ്യബുദ്ധിക്കും യുക്തിക്കും കൂടുതല്‍ സ്വീകാര്യം. ത്രിയേകദൈവം എന്ന വിശ്വാസം പിന്നെ എങ്ങനെ ഉണ്ടായി എന്ന ചോദ്യം അവശേഷിക്കുന്നു. ഇതിനുള്ള ഉത്തരം കണ്ടുപിടിക്കുവാനും ത്രിയേകദൈവശാസ്ത്രം പഠിക്കുവാനും ഈ പാഠത്തിലൂടെ നമുക്ക് പരിശ്രമിക്കാം. പരിശുദ്ധത്രിത്വം എന്ന രഹസ്യം എന്താണ് അര്‍ത്ഥമാക്കുന്നത്? ഇത് ബൈബിളിന്‍റെ പഠനത്തിന് വിരുദ്ധമാണോ? എപ്രകാരമാണ് സഭ ത്രിത്വൈക ദൈവശാസ്ത്രത്തിലും നിര്‍വ്വചനത്തിലും എത്തിച്ചേര്‍ന്നത്? ത്രിത്വൈക രഹസ്യം നമ്മുടെ അനുദിന കുടുംബ-സമൂഹജീവിതത്തില്‍ എന്ത് സ്വാധീനം ചെലുത്തുന്നു, ത്രിത്വശാസ്ത്രത്തിന് എതിരായ പാഷണ്ഡതകള്‍, ത്രിത്വൈകരഹസ്യം വിശദീകരിക്കുന്ന പ്രധാനപ്പെട്ട കൗണ്‍സില്‍പഠനങ്ങള്‍ എന്നിവ നാമിവിടെ വിശദീകരിക്കുന്നു.
പരിശുദ്ധ ത്രിത്വം ഒരു രഹസ്യം
വി. ആഗസ്തീനോസിനെക്കുറിച്ച് പറയാറുള്ള കഥ ഇവിടെ പ്രസക്തമാണ്. പരിശുദ്ധ ത്രിത്വത്തിന്‍റെ രഹസ്യത്തെക്കുറിച്ചു ഗാഢമായി ചിന്തിച്ചുകൊണ്ട് കടല്‍ത്തീരത്തു നടന്ന ആഗസ്തീനോസ് ഒരു ബാലനെ കണ്ടു. അവന്‍ മണലില്‍ ഒരു കുഴിയുണ്ടാക്കി ആ കുഴിയില്‍ ഒരു കക്കാകൊണ്ട് കടലില്‍നിന്നു വെള്ളം കോരി നിറയ്ക്കുകയായിരുന്നു. ബാലന്‍റെ ഈ ജോലിയില്‍ രസം തോന്നിയ ആഗസ്തീനോസ് ചോദിച്ചു: നീ എന്താണ് ചെയ്യുന്നത് ? ബാലന്‍ മറുപടി പറഞ്ഞു, ഈ കടല്‍ തേകി വറ്റിക്കാന്‍ ശ്രമിക്കുകയാണ്. അഗാധപാണ്ഡിത്യമുള്ള ആഗസ്തീനോസിന്‍റെ ചുണ്ടില്‍ നേരിയ പുഞ്ചിരി വിടര്‍ന്നു. എന്തൊരു വിഡ്ഢിത്തമാണിത്? ഈ മഹാസമുദ്രത്തിലെ വെള്ളം മുഴുവന്‍ ഒരു കക്കാകൊണ്ട് തേകി വറ്റിക്കാമെന്നോ? മണലിലെ കുഴിയില്‍ ഒഴിക്കുന്ന വെള്ളം വീണ്ടും കടലിലേക്കുതന്നെ ചെല്ലുകയില്ലേ? ആഗസ്തീനോസിന്‍റെ മറുപടി കേട്ടപ്പോള്‍ മന്ദഹസിച്ചതു ബാലനാണ്. നിങ്ങള്‍ ചിന്തിച്ചുകൊണ്ടിരിക്കുന്ന പ്രശ്നം പരിഹരിക്കുന്നതിലും എളുപ്പാണ് കക്കാകൊണ്ട് ഈ കടല്‍ തേകി വറ്റിക്കുന്നത്.
നിഖ്യാ-കോണ്‍സ്റ്റാന്‍റിനോപ്പിള്‍ കൗണ്‍സിലുകളുടെ വിശ്വാസപ്രമാണ പ്രഖ്യാപനം വളരെ പ്രസക്തമാണ്. പിതാവില്‍നിന്നു ജനിച്ച പുത്രന്‍ പിതാവിനോട് സമസത്ത പുലര്‍ത്തുന്നു. പുത്രന്‍ ഇല്ലായ്മയില്‍നിന്ന് സൃഷ്ടിക്കപ്പെട്ടവനാണെന്നും അവന്‍ ഇല്ലാതിരുന്ന സമയം ഉണ്ടായിരുന്നുവെന്നും പറയുന്നവന്‍ ശപിക്കപ്പെട്ടവനാകുന്നു എന്നും കൗണ്‍സില്‍ പ്രഖ്യാപിച്ചു. കൂടാതെ ദൈവത്തില്‍ ഒരു സത്ത (Ousia, Substantia) മാത്രമേയുള്ളൂ എന്നും ഈ ഏകസത്തയില്‍ വ്യതിരിക്തങ്ങളായ മൂന്നു വ്യക്തിത്വങ്ങള്‍ (Person, Prospon, Hypostasis) ഉണ്ടെന്നും പുത്രനും, പരിശുദ്ധാത്മാവും പിതാവിനോട് സത്തയില്‍ സമരും സര്‍വ്വസ്തുതിക്കും അര്‍ഹരുമാകുന്നു എന്നതുമാണ് നിഖ്യാ-കോണ്‍സ്റ്റാന്‍റിനോപ്പിള്‍ വിശ്വാസപ്രമാണത്തിന്‍റെ ത്രിത്വത്തെക്കുറിച്ചുള്ള അടിസ്ഥാന പ്രബോധനം.
മനുഷ്യബുദ്ധിക്ക് അഗ്രാഹ്യവും യുക്തിക്ക് അതീതവുമായ ഒരു ദിവ്യരഹസ്യമാണ് പരിശുദ്ധ ത്രിത്വം. കാരണം ദൈവം ഒരുവനേയുള്ളൂ. ആ ഏകദൈവത്തിലെ പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നീ മൂന്നാളുകള്‍ ഒരുപോലെ ആരംഭവും അവസാനവും ഇല്ലാത്തവരാണ്. തുല്യമായ ശക്തിയും, അറിവും മഹത്വവുമുള്ള ഈ മൂവരും മൂന്നു വ്യക്തികളാണ്. മൂവരും ഒരുപോലെ ആരാധനയര്‍ഹിക്കുന്നു. എന്നാല്‍ മൂവരും കൂടി മൂന്ന് ദൈവങ്ങളല്ല. ഒരേ ഒരു ദൈവം മാത്രം-സത്തയില്‍ ഏകത്വവും വ്യക്തിത്വത്തില്‍ ത്രിത്വവും. ഒരേ ദൈവിക സത്തയില്‍ തുല്യമായി പങ്കുചേരുന്ന മൂന്നു വ്യക്തികള്‍. നമ്മുടെ പ്രാര്‍ത്ഥനയിലും, ആരാധനയിലും, വി.ബലിയിലും നാം ത്രിയേക ദൈവത്തെ, ഒന്നായും, മൂവരെയും വ്യക്തിപരമായും ആരാധിക്കുകയും, സ്തുതിക്കുകയും, ചെയ്യുന്നു.
പരിശുദ്ധത്രിത്വത്തെ ഒരു പ്രശ്നം (Problem) എന്ന നിലയില്‍ അപഗ്രഥിച്ചു പഠിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് വ്യക്തമായ ഉദാഹരണങ്ങള്‍ നല്‍കുക സാധ്യമല്ല. കാരണം പല മാനുഷിക ഉദാഹരണങ്ങളും ത്രിത്വമെന്ന ആശയത്തോട് ചേരുകയില്ല, പൂര്‍ണമാവുകയില്ല, ആശയം വ്യക്തമാവുകയില്ല. ഉദാഹരണങ്ങള്‍ അപര്യാപ്തമാണ്. ത്രിത്വമെന്നത് ഒരു രഹസ്യമാണ് (Mystery). അതിനെ വസ്തുനിഷ്ഠമായി അപഗ്രഥിക്കാനാവില്ല. ഒരു മനുഷ്യവ്യക്തിയുടെപോലും ആഴങ്ങള്‍ ശാസ്ത്രീയമായി അപഗ്രഥിച്ച് കണ്ടെത്താന്‍ കഴിയാത്ത സ്ഥിതിക്ക്, സ്രഷ്ടാവിനെ അപഗ്രഥിക്കാന്‍ ഏതു ശാസ്ത്രത്തിനാണ് കഴിയുക!
ഒരു വ്യക്തിയെ നാം മനസ്സിലാക്കുന്നത് ശാസ്ത്രീയ ഗവേഷണത്തിലൂടെയല്ല, മറിച്ച് വ്യക്തിബന്ധത്തിലൂടെയാണ്. സ്നേഹബന്ധത്തിലൂടെ വ്യക്തികള്‍ പരസ്പരം മനസ്സിലാക്കുകയും, വെളിപ്പെടുത്തുകയും ചെയ്യുന്നു. ദൈവം സ്നേഹമായതിനാല്‍ ദൈവത്തെക്കുറിച്ചും ഇത് പ്രസക്തമാണ്. സ്നേഹമാകുന്ന ദൈവത്തില്‍ തീര്‍ച്ചയായും പല വ്യക്തികള്‍ ഉണ്ടാവും. ഈ സ്നേഹകൂട്ടായ്മയാകുന്ന ദൈവത്തെ അറിയുന്നത് ബുദ്ധിയുടെ വ്യാപാരത്തിലൂടെയല്ല മറിച്ച് ദൈവവുമായുള്ള കൂട്ടായ്മയിലൂടെയാണ്. വെറും പഠനത്തിന്‍റെയും അപഗ്രഥനത്തിന്‍റെയും മാര്‍ഗ്ഗത്തിലൂടെ സമീപിക്കുമ്പോള്‍ ത്രിത്വം എന്ന സ്നേഹരഹസ്യം ഉത്തരം കിട്ടാത്ത ഒരു പ്രശ്നമായി അവശേഷിക്കും. എന്നാല്‍ വ്യക്തിബന്ധത്തിന്‍റെയും കൂട്ടായ്മയുടെയും മാര്‍ഗ്ഗത്തിലൂടെ സമീപിക്കുമ്പോള്‍ ത്രിത്വം എന്ന രഹസ്യം ജീവദായകമായി അനുഭവപ്പെടും. പരിശുദ്ധ കന്യകാമറിയം ദൈവികരഹസ്യങ്ങളെ ഹൃദയത്തില്‍ സംഗ്രഹിച്ച് ധ്യാനിച്ചുകൊണ്ടിരുന്നു (ലൂക്കാ 2:19, 51). ദൈവികരഹസ്യങ്ങള്‍ ഹൃദയത്തില്‍ ഉള്‍ക്കൊള്ളുന്ന മറിയത്തിന്‍റെ മാതൃക ദൈവശാസ്ത്രം പഠിക്കുന്ന എല്ലാവര്‍ക്കും അനുകരണീയമാണ്.
a. ത്രിത്വം എന്നപദം
ബൈബിളില്‍ ഒരിടത്തും ത്രിത്വം എന്ന പദം ഉപയോഗിച്ചിട്ടില്ല. ത്രിത്വം എന്നര്‍ത്ഥമുള്ള ത്രിയാസ് എന്ന ഗ്രീക്കുപദം ആദ്യമായി ഉപയോഗിച്ചത് എ.ഡി. 2-ാം നൂറ്റാണ്ടില്‍ അന്തിയോക്കിയായിലെ മെത്രാനായിരുന്ന തെയോഫിലോസ് ആണ്. ആഫ്രിക്കയിലെ കാര്‍ത്തേജില്‍ ജീവിച്ചിരുന്ന നിയമപണ്ഡിതനും, ദൈവശാസ്ത്രജ്ഞനുമായിരുന്ന തെര്‍ത്തുല്ല്യന്‍ (എ.ഡി. 160 -220) ആണ് ത്രിനിത്താസ് എന്ന ലത്തീന്‍ പദം ആദ്യമായി ഉപയോഗിച്ചതായി കരുതപ്പെടുന്നത്. ഇതില്‍നിന്നാണ് ട്രിനിറ്റി (Trinity) എന്ന ഇംഗ്ലീഷ് പദം ഉത്ഭവിക്കുന്നത്. ഏകദൈവത്തില്‍ തുല്യരായ മൂന്നാളുകള്‍ എന്നത് സൂചിപ്പിക്കാനാണ് ഈ പദങ്ങള്‍ ഉപയോഗിച്ച് തുടങ്ങിയതുതന്നെ.
ബൈബിളില്‍നിന്നു ലഭിച്ചതും, ക്രൈസ്തവസഭ സ്വീകരിച്ച് വിശ്വസിക്കുന്നതുമായ ഒരു സത്യം സംക്ഷിപ്തമായി അവതരിപ്പിക്കുകയാണ് ഈ പദത്തിലൂടെ സഭാപിതാക്കന്മാര്‍ ചെയ്തത്. ത്രിത്വത്തിന്‍റെ നിര്‍വ്വചനത്തേക്കാള്‍ ത്രിത്വമെന്ന ആശയം പ്രധാന്യമര്‍ഹിക്കുന്നു. അതിനാല്‍ ത്രിത്വമെന്ന പദത്തിനല്ല, ആ പദം സൂചിപ്പിക്കുന്ന യാഥാര്‍ത്ഥ്യത്തിനാണ് പ്രധാന്യം കല്പിക്കേണ്ടത്. ത്രിത്വം എന്ന പദമല്ല, യാഥാര്‍ത്ഥ്യമാണ് വെളിപ്പെടുത്തപ്പെട്ട സത്യം.
b. വെളിപ്പെടുത്തപ്പെട്ട സത്യം
ദൈവം ഉണ്ടെന്ന് ബുദ്ധി ഉപയോഗിച്ച് കണ്ടുപിടിക്കാനാവും. പക്ഷേ ദൈവം ആരെന്ന് ബുദ്ധിക്ക് തെളിയിക്കാനാവില്ല. അതിന് ഹൃദയവും മനസ്സും വേണം. വെളിപ്പെടുത്തപ്പെട്ട സത്യങ്ങളാണ് ദൈവത്തെക്കുറിച്ചുള്ള നമ്മുടെ അറിവ്. അത് ഹൃദയവും മനസ്സും ഉപയോഗിച്ച് നാം സ്വീകരിക്കുന്നു. പല ലോകമതങ്ങളും പലതിനെയും ദൈവമായി കണ്ടു. പക്ഷേ അവസാനം നേതി+ നേതി = ഇതല്ല + ഇതല്ല എന്ന് ഏറ്റു പറഞ്ഞു. ദൈവത്തെ മനസ്സിലാക്കണമെങ്കില്‍ ദൈവം സ്വയം വെളിപ്പെടുത്തണം. ദൈവം കാലാകാലങ്ങളില്‍ ആവശ്യാനുസരണം വെളിപ്പെടുത്തിയതായി നമുക്കറിയാം (ഹെബ്രാ 1:12). പലമതങ്ങളിലും വെളിപാടിന്‍റെ അംശം നമുക്ക് കാണാനാവും (2-ാം വത്തിക്കാന്‍, അക്രൈസ്തവ മതങ്ങള്‍-2).
യേശുവിലൂടെ എല്ലാത്തിന്‍റെയും പൂര്‍ണ്ണവെളിപ്പെടുത്തല്‍ നാം കാണുന്നു. ലോകമതങ്ങളിലൂടെ വെളിപ്പെടുത്തപ്പെട്ടതിന്‍റെയും പഴയനിയമത്തിന്‍റെയും എല്ലാം പൂര്‍ത്തീകരണമാണ് പുതിയനിയമത്തില്‍ നാം കാണുക. യേശുവിലൂടെയുള്ള വെളിപ്പെടുത്തലിലൂടെ ത്രിയേക ദൈവത്തെ നാമറിയുന്നു. പുതിയനിയമത്തിലുടനീളവും, പഴയനിയമത്തില്‍ അങ്ങിങ്ങും ത്രിത്വത്തെക്കുറിച്ചുള്ള പല പ്രതിപാദനങ്ങളും വിവരണങ്ങളും ദര്‍ശിക്കാനാവും. പിതാവ്, പുത്രന്‍ പരിശുദ്ധാത്മാവ് എന്ന ത്രിയേകസത്യം വി. ഗ്രന്ഥത്തിന്‍റെ പ്രതിപാദനവിഷയം തന്നെയാണ്.
പരിശുദ്ധ ത്രിത്വം ബൈബിളില്‍
ബൈബിളില്‍ 'ത്രിത്വം' എന്ന പദം ഉപയോഗിച്ച് കാണുന്നില്ല. ത്രിത്വം എന്നര്‍ത്ഥമുള്ള 'ത്രിയാസ്' എന്ന ഗ്രീക്കുപദം ആദ്യമായി ഉപയോഗിച്ചത് എ.ഡി. രണ്ടാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയില്‍ ജീവിച്ചിരുന്ന തെയോഫിലസ് ആണ്. സിറിയയുടെ തലസ്ഥാനമായിരുന്ന അന്ത്യോക്യായിലെ മെത്രാനായിരുന്നു അദ്ദേഹം. ആഫ്രിക്കയിലെ കാര്‍ത്തേജില്‍ ജീവിച്ചിരുന്ന ദൈവശാസ്ത്രജ്ഞനായ തെര്‍ത്തുല്യന്‍ (എ.ഡി. 160-220) 'ത്രിനിത്താസ്' എന്ന ലത്തീന്‍ പദം ആദ്യമായി ഉപയോഗിച്ചതായി കരുതപ്പെടുന്നു. ഇതില്‍ നിന്നാണ് 'ട്രിനിറ്റി' എന്ന ഇംഗ്ലീഷ് പദത്തിന്‍റെ ഉല്‍ഭവം. ഏകദൈവത്തില്‍ തുല്യരായ മൂന്നാളുകള്‍ എന്ന ആശയം അവതരിപ്പിക്കാനാണ് ഈ പദം ഉപയോഗിച്ചിരുന്നത്.
പരിശുദ്ധ ത്രിത്വം പഴയനിയമത്തില്‍
ഏകദൈവവിശ്വാസത്തില്‍ അധിഷ്ഠിതമായിരുന്നു യഹൂദമതം. ഇസ്രായേല്യരുടെ അടിസ്ഥാന വിശ്വാസസംഹിതതന്നെ ദൈവം ഒരുവനേയുള്ളൂ എന്ന പ്രഖ്യാപനമായിരുന്നു. "ഇസ്രായേലേ കേള്‍ക്കുക നമ്മുടെ ദൈവമായ കര്‍ത്താവ് ഏക കര്‍ത്താവാണ്" (നിയമാവര്‍ത്തനം 6:4). ദൈവത്തിലെ മൂന്നാളുകള്‍ എന്ന ആശയം സംബന്ധിച്ച് വ്യക്തമായ ഉള്‍ക്കാഴ്ചകളൊന്നും പഴയനിയമം നല്‍കുന്നില്ല. ത്രിത്വ സംബന്ധിയായ പല സൂചനകളും പുതിയ നിയമത്തിന്‍റെ വെളിച്ചത്തില്‍ നമുക്ക് കണ്ടെത്തുവാന്‍ സാധിക്കും.
ദൈവത്തിന്‍റെ പേരുകള്‍
ഏറ്റവും പുരാതനമായ ദൈവനാമങ്ങളിലൊന്നാണ് 'ഏല്‍' (ദൈവം). ബൈബിളിലെ പല വ്യക്തികളുടെയും പേര് 'ഏല്‍' എന്ന നാമവുമായിട്ട് ബന്ധപ്പെട്ടിട്ടുള്ളതാണ്. 'ഇസ്മായേല്‍', 'ബത്തുവേല്‍', 'ഇസ്രായേല്‍' തുടങ്ങിയവ ഉദാഹരണങ്ങളാണ്. 'ഏല്‍ എലിയോണ്‍' (അത്യുന്നതനായ ദൈവം, 2 സാമു 22:14) 'ഏല്‍ ഓലാം' (നിത്യനായ ദൈവം, ഏശയ്യ 40:28) തുടങ്ങിയവ ദൈവത്തിന്‍റെ നാമങ്ങളാണ്.
ഈ പേരുകള്‍ക്കു പുറമേ ദൈവത്തെ സൂചിപ്പിക്കാനായി അത്യുന്നതന്‍, സ്വര്‍ഗ്ഗസ്ഥന്‍, ശക്തന്‍, ബലവാന്‍, പരിശുദ്ധന്‍ എന്നൊക്കെ യഹൂദര്‍ പറഞ്ഞിരുന്നു. ദൈവത്തോടുള്ള ആദരവുമൂലം ഏതെങ്കിലും പേര് ഉപയോഗിക്കുവാനുള്ള വൈമനസ്യമാണ് ഈ പേരുകളൊക്കെ ഉപയോഗിക്കുവാന്‍ കാരണം. 'യാഹ്വേ' എന്ന നാലക്ഷരം കാണുമ്പോള്‍ ബഹുമാനംമൂലം 'അദോനായ്' എന്ന് അവര്‍ വായിച്ചിരുന്നു.
ദൈവം ഏകനാണ്, ഒരുവനേയുള്ളൂ എന്നു പറയുമ്പോഴും ദൈവത്തിന്‍റെ ബഹുത്വം കാണിക്കുന്ന പദങ്ങളും പ്രയോഗങ്ങളും നമുക്ക് ബൈബിളില്‍ കാണാം.
പഴയനിയമത്തില്‍നിന്നു കിട്ടുന്ന ചിത്രമിതാണ്. ദൈവം ഏകനാണ് എങ്കില്‍തന്നെയും ഈ ഏകത്വത്തിന് എന്തോ പ്രത്യേകതയുണ്ട്. ഇവിടെ ബഹുത്വം വ്യക്തമല്ലെങ്കിലും പുതിയനിയമത്തിന്‍റെ വെളിച്ചത്തില്‍ ദൈവികത്രിത്വത്തിന്‍റെ പ്രാരംഭസൂചന പഴയനിയമത്തില്‍ ദര്‍ശിക്കാവുന്നതാണ്.
പരിശുദ്ധ ത്രിത്വം - പുതിയ നിയമത്തില്‍
പുതിയനിയമത്തില്‍ പരിശുദ്ധ ത്രിത്വത്തെക്കുറിച്ച് വ്യക്തമായ വെളിപ്പെടുത്തലുകള്‍ കാണുവാന്‍ കഴിയും. പുതിയനിയമകര്‍ത്താക്കളധികംപേരും അതുപോലെതന്നെ ആദിമ ക്രൈസ്തവരില്‍ നല്ലൊരു പങ്കും യഹൂദരായിരുന്നു, ഏകദൈവ വിശ്വാസികള്‍. അതുകൊണ്ടുതന്നെ ദൈവത്തില്‍ മൂന്നാളുകള്‍ എന്ന ആശയം അവരില്‍ നിന്നുവരിക എന്നത് പ്രയാസം. പിന്നെ എപ്രകാരം ഈ ചിന്ത ക്രൈസ്തവ സമൂഹത്തിലേക്ക് കടന്നുവന്നു? യേശുവുമായുള്ള ബന്ധം അവരുടെ വിശ്വാസത്തെ ചോദ്യം ചെയ്യാനും ശരിയായതിലേക്ക് നീങ്ങാനും അവരെ പ്രേരിപ്പിച്ചു. മുപ്പതുവയസ്സുവരെ ആശാരിപ്പണിചെയ്ത് ജീവിച്ച നസ്രത്തുകാരന്‍റെ ജീവിതവും പ്രവര്‍ത്തനങ്ങളും അവരുടെ മുന്നില്‍ ഉത്തരംകിട്ടാത്ത ചോദ്യചിഹ്നമായി നിലകൊണ്ടു. യേശുവിന്‍റെ ജീവിതവും അവന്‍റെ ഉപദേശങ്ങളുമൊക്കെ അവരെ സംബന്ധിച്ചിടത്തോളം അഗ്രാഹ്യവും എന്നാല്‍ പുതുമയാര്‍ന്നതുമായിരുന്നു. അന്ത്യത്താഴ സമയത്ത് അപ്പമെടുത്ത് "ഇത് എന്‍റെ ശരീരമാകുന്നു", വീഞ്ഞെടുത്ത് "ഇത് എന്‍റെ രക്തമാകുന്നു" എന്നു പറഞ്ഞവന്‍ പിറ്റേന്ന് "എന്‍റെ ദൈവമെ എന്‍റെ ദൈവമേ എന്തുകൊണ്ടെന്നെ ഉപേക്ഷിച്ചു" എന്നു പറഞ്ഞുമരിക്കുമ്പോള്‍ ശിഷ്യന്മാരുടെ എല്ലാ പ്രതീക്ഷകളും തകരുകയാണ്. യേശു ഉയര്‍ത്തെഴുന്നേറ്റ് കഴിഞ്ഞപ്പോഴും അവരുടെ ഭയം വിട്ടുമാറിയിരുന്നില്ല.
പെന്തക്കുസ്താ ദിനത്തിലാണ് അപ്പസ്തോലന്മാര്‍ എല്ലാ ഭയവും വിട്ടുമാറി ആത്മാവിന്‍റെ മനുഷ്യരായിതീരുന്നത്. പഴയനിയമത്തില്‍ വിശ്വസിച്ചിരുന്നവര്‍ യേശുവിന്‍റെ പുതിയനിയമവുമായിട്ട് പൊരുത്തപ്പെടുവാന്‍ ശ്രമിച്ചു. അങ്ങനെ പെന്തക്കുസ്താ അനുഭവത്തിലൂടെ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവത്തിന്‍റെ പ്രവര്‍ത്തനം അവര്‍ മനസ്സിലാക്കി.
പരിശുദ്ധ ത്രിത്വം - പുതിയ നിയമത്തില്‍ വിവരിച്ചിരിക്കുന്ന ക്രമം
മത്താ 28:19; യോഹ 3:34; യോഹ 6:27; അപ്പ 2:32-33; അപ്പ 2:38-39; അപ്പ 5:29-32; അപ്പ 5:29-32; റോമാ 1:1-4; റോമാ 5:1-5; റോമാ 6:3-5; റോമാ 15:15-19; 1 കോറി 6:11; 1 കോറി 6:14; 2 കോറി 1:21-22; കൊളോ 1:6-8; എഫേ 1:3-14; എഫേ 1:17-23; എഫേ 2:19-22; എഫേ 3:2-6; തെസ്സെ 5:17-20; ഗലാ 3:10-14; ഗലാ 4:4-6; 1 പത്രോസ് 1:3-12; വെളിപാട് 22:1-2
മത്താ 18:15-21; യോഹ 1:33-34; അപ്പോ 1:7-8; അപ്പോ 4:24-26; 1 കോറി 1:9; 1 കോറി 2:10-16; എഫേ 3:14-19; എഫേ 5:15-21; 2 തെസ്സെ 2:13-15; തീത്തോസ് 3:4-7; 1 പത്രോസ് 1:1-2; 1 യോഹ 4:11-16; വെളിപാട് 1:4-7
മത്താ 27:50; മര്‍ക്കോ 15:37; ലൂക്കാ 23:46; യോഹ 20:21-23; 2 കോറി 13:13; എഫേ 1:13; ഫിലി 2:1-2; തീത്തോസ് 3:9-10; 1 തിമോത്തി 3:14-15; 1 പത്രോസ് 3:18; 1 പത്രോസ് 4:6
മര്‍ക്കോ 1:9-11, മത്താ 3:16-17, ലൂക്കാ 3:22; മര്‍ക്കോ 9:1-8, മത്താ 17:1-9, ലൂക്കാ 9:28-38; റോമാ 15:20; 1 കോറി 6:15-20; 2 കോറി 3:2-3; എഫേ 1:13-14; ഹെബ്രാ 9:13-14; ഹെബ്രാ 10:29-31
ലൂക്കാ 1:35; ലൂക്കാ 4:18-19; യോഹ 14:26; അപ്പോ 13:32-33; അപ്പോ 20:28; റോമാ 8:11; റോമാ 8:14-17; ഫിലി 3:3-4; യൂദാസ് 20:21
യോഹ 15:26-27; യോഹ 16:13-15; റോമാ 14:17-19; 1 കോറി 12:4-6; എഫേ 4:4-7; ഹെബ്രാ 6:4-7
ആദിമ പ്രഘോഷണം
പെന്തക്കുസ്താ ദിവസം പത്രോസ് നടത്തിയ പ്രസംഗത്തില്‍ (അപ്പ 3:11-26) ക്രിസ്തീയ വിശ്വാസത്തിന്‍റെ സംക്ഷിപ്തരൂപം കാണുവാന്‍ സാധിക്കും. പിതാവും പുത്രനും പരിശുദ്ധാത്മാവുമായിട്ടുള്ള ഗാഢബന്ധവും ഇവരില്‍ ഓരോ വ്യക്തികളുടെ സവിശേഷതകളും പ്രത്യേകതകളും നമുക്കിവിടെ ദര്‍ശിക്കാനാകും.
പരിശുദ്ധ ത്രിത്വം എന്ന രഹസ്യത്തിലേക്കുള്ള ആദ്യത്തെ ഉള്‍ക്കാഴ്ചയാണിത്. യഹൂദജനം "യാഹ്വേ" എന്നു വിളിക്കുന്ന പിതാവുതന്നെയാണ് എല്ലാ പ്രവര്‍ത്തനങ്ങളുടെയും മൂലകാരണം. പിതാവില്‍ കേന്ദ്രീകൃതമായ ഒരു വിശ്വാസ പ്രഖ്യാപനമാണ് പത്രോസ് നടത്തുന്നത്. "യേശുവിനെ ദൈവം കര്‍ത്താവും ക്രിസ്തുവുമായി ഉയര്‍ത്തി" (അപ്പ 3:26) എന്ന പ്രഖ്യാപനം യേശുവിന്‍റെ ദൈവത്വത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. യഹൂദര്‍ ദൈവത്തെമാത്രമേ കര്‍ത്താവ് എന്ന് വിളിച്ചിരുന്നുള്ളൂ. യേശുവിനെ കര്‍ത്താവെന്നു വിളിക്കുകവഴി അവിടുത്തെ ദൈവമായി ഏറ്റുപറയുകയാണിവിടെ. പരിശുദ്ധാത്മാവിനെ അയക്കുന്നത് യേശുവാണ്. യേശുവിന്‍റെ നാമത്തില്‍ മാത്രമേ പാപമോചനം ലഭിക്കുകയുള്ളൂ. ഇവയൊക്കെ ദൈവമാണെന്ന സൂചനയാണ് നല്‍കുന്നത്.
പരിശുദ്ധ ത്രിത്വം - സുവിശേഷങ്ങളില്‍
പിതാവും പുത്രനും
"പ്രധാന പുരോഹിതന്‍ വീണ്ടും ചോദിച്ചു: നീയാണോ വാഴ്ത്തപ്പെട്ടവന്‍റെ പുത്രനായ ക്രിസ്തു? യേശു പറഞ്ഞു: ഞാന്‍ തന്നെ. മനുഷ്യപുത്രന്‍ ശക്തിയുടെ വലതുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നതും വാനമേഘങ്ങളില്‍ വരുന്നതും നിങ്ങള്‍ കാണും. അപ്പോള്‍ പ്രധാന പുരോഹിതന്‍ വസ്ത്രം വലിച്ചു കീറിക്കൊണ്ടു പറഞ്ഞു: ഇനി നമുക്ക് സാക്ഷികളെക്കൊണ്ടെന്താവശ്യം? ദൈവദൂഷണം നിങ്ങള്‍ കേട്ടുവല്ലോ" (മര്‍ക്കോ 14:61-64) തന്‍റെ മൂന്നുകൊല്ലത്തെ സുവിശേഷ പ്രഖ്യാപനത്തില്‍ ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്ന ഒരു സത്യത്തിന്‍റെ പ്രഖ്യാപനമാണിവിടെ. ഈ പ്രഖ്യാപനം യേശു ദൈവത്തിന്‍റെ പുത്രനാണെന്ന് യേശുതന്നെ നല്‍കുന്ന സാക്ഷ്യമാണ്. ദൈവത്തെ പിതാവേ എന്നു വിളിക്കുവാന്‍ യേശു ശിഷ്യന്‍മാരെ പഠിപ്പിച്ചുവെങ്കിലും അവര്‍ക്ക് ദൈവത്തോടുള്ള ബന്ധത്തില്‍നിന്നും തികച്ചും വ്യത്യസ്തമായ ബന്ധമാണ് തനിക്കും പിതാവുമായിട്ടുള്ളതെന്ന് വ്യക്തമാക്കുന്നുണ്ട്. "എന്‍റെ പിതാവും നിങ്ങളുടെ പിതാവും" (യോഹ 20:17) എന്ന് വേര്‍തിരിച്ചു പറയുന്നത് ഇതിനൊരുദാഹരണമാണ്. പുത്രനാരെന്ന് പിതാവിനും, പിതാവാരെന്ന് പുത്രനും മാത്രമേ അറിയൂ (ലൂക്കാ 10:22). യേശുവും പിതാവുമായിട്ടുള്ള ഗാഢബന്ധമാണ് ഇവിടെ കാണുന്നത്.
പരിശുദ്ധാത്മാവ്
"പരിശുദ്ധാത്മാവ് നിന്‍റെമേല്‍ വരും. അത്യുന്നതന്‍റെ ശക്തി നിന്‍റെമേല്‍ ആവസിക്കും" (ലൂക്കാ 1:55). പഴയനിയമത്തില്‍ പരോക്ഷമായി കാണുന്ന പരിശുദ്ധാത്മാവ് പുതിയനിയമത്തില്‍ ആരംഭംമുതല്‍ കര്‍മ്മനിരതനാകുന്നത് നമുക്ക് ഇവിടെ കാണുവാന്‍ സാധിക്കും. യേശുവിന്‍റെ ജനനംമുതല്‍ മരണംവരെ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനം കാണുവാന്‍ സാധിക്കുന്നുണ്ട്. പിതാവിനോട് നിരന്തരം പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് യേശു പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്തു (ലൂക്കാ 11:13). തനിക്ക് സാക്ഷ്യം വഹിക്കുവാന്‍ പരിശുദ്ധാത്മാവ് അവര്‍ക്ക് ശക്തി നല്‍കുമെന്ന് യേശു ഉറപ്പുനല്‍കി.
പിതാവും പുത്രനും പരിശുദ്ധാത്മാവും
മത്തായി 28:19 ന്‍റെ ആന്തരികാര്‍ത്ഥം പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും ആവാസം മാമ്മോദീസാ സ്വീകരണംവഴി ക്രിസ്ത്യാനിക്ക് ലഭിക്കുന്നു എന്നതാണ്. പരിശുദ്ധ ത്രിത്വത്തിലെ മൂന്നാളുകളും ശിഷ്യന്മാരില്‍ വസിക്കുന്നതായി യേശു ഉറപ്പു നല്‍കിയിട്ടുണ്ട്. "എന്നെ സ്നേഹിക്കുന്നവന്‍ എന്‍റെ വചനം പാലിക്കും. അപ്പോള്‍ എന്‍റെ പിതാവ് അവനെ സ്നേഹിക്കുകയും ഞങ്ങള്‍ അവനില്‍വന്ന് വാസമുറപ്പിക്കുകയും ചെയ്യും" (യോഹ 14:23). "നിങ്ങളോടു കൂടിയായിരിക്കുവാന്‍ മറ്റൊരു സഹായകനെ പിതാവ് നിങ്ങള്‍ക്കു നല്‍കും" (യോഹ 14:16).
പിതാവ് പുത്രനിലും പുത്രന്‍ പിതാവിലും ആയിരിക്കുന്നു. പരിശുദ്ധാത്മാവ് പുത്രനാലും പിതാവിനാലും അയക്കപ്പെടുന്നു. ഈ വിധത്തിലുള്ള പരാമര്‍ശങ്ങള്‍ പരിശുദ്ധ ത്രിത്വത്തിലെ മൂന്നാളുകളും തമ്മിലുള്ള വ്യതിരിക്തതയും അതേസമയം പൂര്‍ണ്ണമായ ഐക്യവും വെളിപ്പെടുത്തുന്നു. ഈ ഐക്യമാണ് മനുഷ്യ സമൂഹത്തിന് ദൈവത്തോടും പരസ്പരവും ഉണ്ടാകേണ്ടത്.
വി. പൗലോസിന്‍റെ ലേഖനങ്ങളില്‍
വി. പൗലോസിന്‍റെ ലേഖനങ്ങള്‍ പരിശുദ്ധ ത്രിത്വത്തെക്കുറിച്ച് കൂടുതല്‍ ഉള്‍ക്കാഴ്ച നല്കുന്നു. "പിതാവായ ദൈവം"; "കര്‍ത്താവായ ക്രിസ്തു"; "പരിശുദ്ധാത്മാവ്" എന്നിങ്ങനെയാണ് ത്രിയേകദൈവത്തെക്കുറിച്ച് ലേഖനങ്ങളില്‍ കാണുക.
"നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍നിന്നും പിതാവായ ദൈവത്തില്‍നിന്നും കൃപയും സമാധാനവും" എന്നാശംസിച്ചുകൊണ്ട് പൗലോസ് തന്‍റെ ലേഖനങ്ങള്‍ ആരംഭിക്കുന്നതും (റോമാ 1:7; കോറി 1:3; 2 കോറി 1:2; ഗലാ 1:3) സമാപിക്കുന്നതും കാണാം (2 കോറി 13:13).
പരിശുദ്ധ ത്രിത്വത്തിന്‍റെ വെളിപാട് അതിന്‍റെ പൂര്‍ണ്ണതയില്‍ കാണുന്നത് യേശുവിന്‍റെ ഉത്ഥാനത്തോടു കൂടിയാണ്. "അവന്‍ ജഡപ്രകാരം ദാവീദിന്‍റെ സന്തതിയില്‍നിന്നു ജനിച്ചവനും മരിച്ചവരില്‍നിന്നുള്ള ഉത്ഥാനംവഴി വിശുദ്ധിയുടെ ആത്മാവിനു ചേര്‍ന്നവിധം ശക്തിയില്‍ ദൈവപുത്രനായി നിശ്ചയിക്കപ്പെട്ടവനുമാണ്" (റോമാ 1:4). 'ദാവീദിന്‍റെ സന്തതി' എന്ന് സൂചിപ്പിച്ചിരിക്കുന്നത് യേശുവിന്‍റെ മാനുഷികമായ ജനനത്തെക്കുറിക്കാനാണ്. എന്നാല്‍ യേശുവിന്‍റെ ഉത്ഥാനത്തോടുകൂടി യേശുവിനെ ദൈവപുത്രസ്ഥാനത്തേക്ക് ഉയര്‍ത്തുന്നു. പരിശുദ്ധാത്മാവിലൂടെ ആണ് ഈ മഹത്വീകരണം സംഭവിക്കുന്നത്. പുനരുത്ഥാനം പരിശുദ്ധ ത്രിത്വം പൂര്‍ണ്ണമായി സ്വയം വെളിപ്പെടുത്തുന്നതിന്‍റെ മുഹൂര്‍ത്തമായി മാറുന്നു.
പിതാവായ ദൈവം
"പിതാവായ ദൈവം യേശുക്രിസ്തുവിലൂടെ എല്ലാം സൃഷ്ടിച്ചു" (എഫേ 2:10), "എല്ലാ പിതൃത്വങ്ങള്‍ക്കും ആദികാരണവും അടിസ്ഥാനവുമായ പിതാവ്" (എഫേ 3:15). എന്നിങ്ങനെയുള്ള വെളിപ്പെടുത്തലുകള്‍ വി. പൗലോസിന്‍റെ ലേഖനങ്ങളില്‍ നമുക്ക് കാണാവുന്നതാണ്.
പുത്രനായ ദൈവം
മനുഷ്യനായി അവതരിച്ച യേശുവിന്‍റെ അന്തസ്സത്ത ദൈവികമാണ്. അദൃശ്യനായ ദൈവത്തിന്‍റെ പ്രതിരൂപവും എല്ലാ യുഗങ്ങള്‍ക്ക്മുന്‍പ് ആദ്യജാതനുമാണവിടുന്ന് (കൊളോ 1:15, 2 കോറി 4:4). ദൈവത്തില്‍നിന്നു ജനിച്ചവനാകയാല്‍ അവന്‍ ദൈവപുത്രനെന്നു വിളിക്കപ്പെടുന്നു. പുത്രന്‍ പിതാവിനോട് സമനായിരിക്കുന്നുവെന്നു വ്യക്തമാക്കുന്നതാണ് ഫിലിപ്പിയര്‍ക്കെഴുതിയ ലേഖനം (2:6-11).
പരിശുദ്ധാത്മാവായ ദൈവം
ദൈവപുത്രന്‍റെ മരണവും ഉത്ഥാനവുംവഴി ലഭ്യമായ മോചനത്തിലും ദൈവികജീവനിലും നമ്മെ പങ്കുകാരാക്കുന്നത് ദൈവത്തിന്‍റെ ആത്മാവാണ്. യേശുക്രിസ്തുവിലൂടെ പരിശുദ്ധാത്മാവിനെ ദൈവം നമ്മുടെമേല്‍ സമൃദ്ധമായി വര്‍ഷിച്ചു (തീത്തോ 13:6). ദൈവത്തിന്‍റെ ആത്മാവ് വിശ്വാസവും ജ്ഞാനസ്നാനവുംവഴി നമ്മെ കഴുകി ശുദ്ധീകരിച്ചു (തീത്തോ 3:5). ആത്മാവില്‍ നാം നിരന്തരം വസിക്കുന്നതിനാല്‍ നാം ദൈവത്തിന്‍റെ ആലയങ്ങളാണ് (1 കോറി 6:19) ദൈവത്തിന്‍റെ ആത്മാവ് ഒരു വ്യക്തിയാണെന്ന നിലയിലേക്കാണ് പൗലോസിന്‍റെ ലേഖനങ്ങള്‍ നമ്മെക്കൊണ്ടെത്തിക്കുന്നത്.
കാതോലിക ലേഖനങ്ങളില്‍
യേശുവിനെക്കുറിച്ചുള്ള പ്രസംഗം തങ്ങളുടെ ജീവിതാനുഭവത്തില്‍നിന്നാണെന്ന് പത്രോസ് വ്യക്തമാക്കുന്നുണ്ട് (2 പത്രോ 1:16-18). ആദിമുതല്‍ ഉണ്ടായിരുന്നതും തങ്ങള്‍ കണ്ണുകൊണ്ടു കണ്ടതും സൂക്ഷിച്ചു വീക്ഷിച്ചതും കൈകൊണ്ടു സ്പര്‍ശിച്ചതുമായ ജീവന്‍റെ വചനത്തെ (1 യോഹ 1:16-18) യാണ് അപ്പസ്തോലന്മാര്‍ പ്രഘോഷിച്ചത്. യേശു ദൈവപുത്രനാണെന്ന് പിതാവായ ദൈവവും അവിടുത്തെ ആത്മാവും സാക്ഷ്യപ്പെടുത്തുന്നു (1 യോഹ 6:6-12).
വെളിപാടു പുസ്തകത്തില്‍
ഇവിടെ യേശുവിന്‍റെ ദൈവികതയെക്കുറിച്ച് പല സൂചനകളും കാണാം. മനുഷ്യപുത്രന്‍റെ ദര്‍ശനം വര്‍ണ്ണിക്കുമ്പോള്‍ വിവരിക്കുന്ന വെണ്‍മഞ്ഞുപോലെ ധവളമായ ശിരസ്സും മുടിയും പെരുവെള്ളത്തിന്‍റെ പോലുള്ള ശബ്ദവും ദൈവത്തിന്‍റെ വിശേഷണങ്ങളാണ് (വെളി 1:14-15). കുഞ്ഞാട് ദൈവത്തിന്‍റെ സിംഹാസനത്തിലിരുന്ന് (വെളി 7:17) ദൈവത്തോടൊപ്പം ഭരണം നടത്തുന്നു (വെളി 11:15). കുഞ്ഞാട് ദൈവത്തെപ്പോലെ ആല്‍ഫയും ഒമേഗയുമാണ്, ആദിയും അന്ത്യവുമാണ് (വെളി 1:8,22:13).
ബൈബിളിന്‍റെ വെളിച്ചത്തില്‍ പരിശുദ്ധ ത്രിത്വത്തെ നോക്കുമ്പോള്‍ ഒരുകാര്യം മനസ്സിലാക്കുവാന്‍ സാധിക്കും. ആദിയും അന്ത്യവുമില്ലാത്തവനായ ദൈവം അനാദിയില്‍ തനിക്ക് തുല്യനായ ഒരു പുത്രന് ജന്മം നല്‍കി. ദൈവത്തിന്‍റെ പൂര്‍ണ്ണ പ്രതിരൂപമായ ഈ പുത്രന്‍ ദൈവത്തിന്‍റെ വചനമാണ്. പിതാവും പുത്രനും പരസ്പരം അറിയുന്നു. പിതാവ് പുത്രനെ സ്നേഹിക്കുന്നു. പിതാവിലും പുത്രനിലും അനുസ്യൂതം നിര്‍ഗളിക്കുന്ന ചൈതന്യമാണ് പരിശുദ്ധാത്മാവ്. ദൈവം ഏകനാണ്. എന്നാല്‍ ഏകത്വം ഏകാകിത്വമല്ല. മൂന്നു ദൈവികാളുകളുടെ സമ്പൂര്‍ണ്ണ ഐക്യത്തിന്‍റെ, സ്നേഹത്തിന്‍റെ, അറിയലിന്‍റെ കൂട്ടായ്മയാണ്. ഇവിടെ സ്വാര്‍ത്ഥതയില്ല. പരസ്പരം നല്കല്‍ മാത്രമാണുള്ളത്. ഇവിടെ സമത്വമുണ്ട്, ശാന്തിയുണ്ട്. ഈ ദൈവിക ഛായയുടെ പ്രതിരൂപങ്ങളായ നാം ഈ പരസ്പര അംഗീകരിക്കലിന്‍റെ, സ്വയം ദാനത്തിന്‍റെ, ഐക്യത്തിന്‍റെ, സമാധാനത്തിന്‍റെ, ശാന്തിയുടെ പ്രതിരൂപങ്ങളായി മാറേണ്ടവരാണ്.
ഡോ. തോമസ് കൊച്ചുകരോട്ട്
ഫാ. ജയിംസ് പുത്തന്‍നടയില്‍
holy trinity catholic malayalam Rev. Dr. Thomas Kochukarottu Fr. James PuthanNadayil Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206