x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ദൈവശാസ്ത്രത്തിന് ആമുഖം

ദൈവശാസ്ത്രം: നിര്‍വ്വചനം, വിശദീകരണം, വിഭജനം, ക്രമീകരണം

Authored by : Bishop Joseph Kallarangatt On 26-Jan-2021

1. എന്താണ് ദൈവശാസ്ത്രം?

ദൈവത്തെയും ദൈവിക രഹസ്യങ്ങളേയും അറിയുവാനുള്ള മനുഷ്യന്‍റെ തൃഷ്ണയ്ക്ക് മനുഷ്യസൃഷ്ടിയോളം തന്നെ പഴക്കമുണ്ട്. കാരണം തന്‍റെ സ്വന്തം "ഛായയിലും സാദൃശ്യത്തിലും" (ഉല്‍പത്തി 1:26) മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍തന്നെ ദൈവത്തിന്‍റെ അസ്തിത്വത്തിന്‍റെയും, ഉണ്മയുടെയും ഉറവിടം കണ്ടെത്തുവാനുള്ള അഭിവാഞ്ഛ മനുഷ്യനില്‍ ദൈവം നിക്ഷേപിച്ചിരുന്നു. 'പൂര്‍വ്വകാലങ്ങളില്‍ പിതാക്കന്മാരോടു പലപ്പോഴായും പലവിധേനയും സംസാരിച്ച ദൈവം' 'സമയത്തിന്‍റെ തികവില്‍ സ്വപുത്രനെ ലോകത്തിലേയ്ക്കയച്ചു കൊണ്ടു' (ഗലാ 4:4) പുത്രന്‍ മുഖേന നമ്മോടു സംസാരിച്ചിരിക്കുന്നു (ഹെബ്രാ 1:12), നമ്മോടു കൂടി ആയിത്തീര്‍ന്നിരിക്കുന്നു (മത്താ 1:23). ഈശോമിശിഹായിലൂടെ മനുഷ്യന്‍റെ മുമ്പില്‍ ദൃശ്യനായ ദൈവമാണ് ഇന്നും ദൈവാന്വേഷിയായ മനുഷ്യന്‍റെ അന്വേഷണത്തിന്‍റെ കേന്ദ്രബിന്ദു. ക്രൈസ്തവദൈവവിജ്ഞാനീയം നാമ്പെടുക്കുന്നത് ഇവിടെനിന്നുമാണ്.

2. ദൈവവിജ്ഞാനീയം: മൂലാര്‍ത്ഥങ്ങള്‍

ദൈവശാസ്ത്രം, ദൈവവിജ്ഞാനീയം എന്നൊക്കെ മലയാള പരിഭാഷയില്‍ വരുന്ന ആംഗലേയപദമായ തിയോളജി (Theology) യുടെ ഉത്ഭവം ഗ്രീക്കു ഭാഷയില്‍ നിന്നുമാണ്. ദൈവം എന്നര്‍ത്ഥമുള്ള തെയോസ് (Theos), വാക്ക്, പഠനം, അര്‍ത്ഥം, ശാസ്ത്രം എന്നിങ്ങനെ പല അര്‍ത്ഥങ്ങള്‍ നല്‍കുന്ന ലോഗോസ് (Logos) എന്നീ ഗ്രീക്കു പദങ്ങള്‍ ചേര്‍ന്നുണ്ടായ ഒരു സംയുക്തപദമാണു "തെയോളൊഗിയ" (Theologia). "തെയോളൊഗിയ" എന്ന ഗ്രീക്കുപദത്തില്‍ നിന്നാണ് തിയോളജി എന്ന ഇംഗ്ലീഷ്പദം ഉണ്ടായത്.

തിയോളജി എന്ന പദം കേള്‍ക്കുമ്പോള്‍ ഇന്നത്തെ മനുഷ്യന്‍റെ മനസ്സില്‍ തെളിയുന്ന ആശയം "ക്രൈസ്തവവിശ്വാസ സംബന്ധമായ ശാസ്ത്രം" എന്നാണ്. എന്നാല്‍ പിന്നിലേക്കു കടന്നൊരു അന്വേഷണം നടത്തിയാല്‍ മേല്പറഞ്ഞ പ്രകാരമായിരുന്നില്ല സ്ഥിതി എന്നു മനസ്സിലാകും. ഗ്രീക്കു സംസ്ക്കാരത്തില്‍ ഉടലെടുത്ത ഈ വാക്കിന് പേഗന്‍ ചിന്താഗതിയനുസരിച്ച് 'പരമ യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള മൗലികമായ ഒരു വിശദീകരണ' മെന്ന അര്‍ത്ഥമാണ് നല്കിപ്പോന്നത്. പരാശക്തിയെത്തേടിയുള്ള മനുഷ്യന്‍റെ അന്വേഷണത്തെയും, ഭക്ത്യാദര വികാരങ്ങളെ തൃപ്തിപ്പെടുത്തുവാന്‍ പ്രത്യക്ഷപ്പെട്ട സാങ്കല്പിക ദേവീദേവന്മാരെക്കുറിച്ചുള്ള പ്രതിപാദനത്തെയും സൂചിപ്പിക്കാന്‍ വിശ്രുത യവനതത്ത്വചിന്തകനായ പ്ലേറ്റോ ഈ വാക്ക് ഉപയോഗിക്കുന്നുണ്ട് 1. മറ്റൊരു പ്രസിദ്ധഗ്രീക്ക് തത്ത്വജ്ഞാനിയായ അരിസ്റ്റോട്ടില്‍ ആകട്ടെ, തെയോളൊഗിയ എന്ന വാക്ക് ഉപയോഗിക്കുന്നത്, സ്വയം പ്രവര്‍ത്തിക്കുന്ന പരാശക്തിയോട് വിശ്വത്തെ ബന്ധപ്പെടുത്തി വ്യാഖ്യാനിക്കുന്ന ആദ്യ തത്ത്വദര്‍ശനത്തോടു (first philosophy) ബന്ധപ്പെടുത്തിയത്രേ!

മേല്പറഞ്ഞ പ്രകാരം പേഗന്‍ ചിന്താഗതിയില്‍ ദേവീദേവന്മാരോടും ഇതര പരാശക്തികളോടും ബന്ധപ്പെട്ടുനിന്ന ഈ പദം ക്രൈസ്തവലോകത്തേക്കു കടന്നുവന്നത് അഗാധപണ്ഡിതനും സത്യവിശ്വാസിയുമായ ഒരിജിന്‍ (Origen) വഴിയാണ്. ദൈവത്തിന്‍റെ ആന്തരികരഹസ്യങ്ങളെയും, സത്യവിശ്വാസത്തെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ക്രൈസ്തവ വിജ്ഞാനനീയത്തില്‍ ഈ വാക്കിനു ചിരപ്രതിഷ്ഠ നേടിക്കൊടുക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. എങ്കിലും പാശ്ചാത്യരുടെ ഇടയില്‍ ഇതിന് പ്രചാരം ലഭിച്ചില്ല. ദൈവസംബന്ധിയായ ബൗദ്ധികവും ക്രമാനുഗതവുമായ വിജ്ഞാനത്തെ ദ്യോതിപ്പിക്കുവാന്‍ ക്രൈസ്തവലോകത്തില്‍ ദൈവശാസ്ത്രമെന്ന പദം അതിന്‍റെ ശാസ്ത്രീയ അര്‍ത്ഥത്തില്‍ പ്രഥമമായി ഉപയോഗിച്ചത് ദാര്‍ശനികനും ദൈവശാസത്രജ്ഞനുമായ പീറ്റര്‍ അബലാഡ് (12-ാം നൂറ്റാണ്ട്) ആണ്. 

3. നിര്‍വ്വചനവും വിശദീകരണവും 

തിയോളജി അഥവാ ദൈവശാസ്ത്രം  എന്ന പദം ഇന്ന് വളരെ വിശാലമായ തലങ്ങളെ ഉള്‍ക്കൊള്ളുന്ന ഒന്നാണ്.  ദൈവത്തെ സംബന്ധിച്ച എല്ലാ പരിചിന്തനങ്ങളും, ദൈവകേന്ദ്രിതമായ ജീവിതാനുഭവങ്ങളും, ബൗദ്ധികമായി അത്തരം അനുഭവങ്ങളെ വിശകലനം ചെയ്യുവാനും, നിര്‍വ്വചിക്കുവാനും വിശദീകരിക്കുവാനുമുള്ള എല്ലാ ഉദ്യമങ്ങളും പൊതുവെ ദൈവശാസ്ത്രമെന്നാണ് അറിയപ്പെടുക. ഇവിടെ ഒരു കാര്യം വ്യക്തമാണ്. മേല്പറഞ്ഞതിലെല്ലാം മാനുഷികതലത്തില്‍ നിന്നുള്ള ഒരു യത്നം, മനുഷ്യബുദ്ധിക്കു ദൈവത്തെ കണ്ടെത്താനുള്ള ഒരു ഉദ്യമം, ഒരു നീക്കം ദര്‍ശിക്കാനാകും തിയോളജി എന്ന വാക്കിന്‍റെ പ്രഥമ അര്‍ത്ഥം പൊതുവെ ഈ സമീപനത്തെ മതപരമായ ദൈവശാസ്ത്ര സമീപനമായി കാണാം.

എന്നാല്‍ ദൈവശാസ്ത്രമെന്നത് അതിന്‍റെ ആഴമായ അര്‍ത്ഥത്തില്‍ ദൈവത്തെക്കുറിച്ചുള്ള മനുഷ്യന്‍റെ വാക്കോ, ആശയങ്ങളോ, വിശകലനങ്ങളോ അല്ല, പിന്നെയോ മാംസം ധരിച്ച ദൈവവചനത്തിലൂടെ ദൈവം മനുഷ്യനു വേണ്ടി എന്തു ചെയ്തു, എന്തു ചെയ്തുകൊണ്ടിരിക്കുന്നു എന്നുള്ളതാണ്. കുറേക്കൂടി വ്യക്തമായിപ്പറഞ്ഞാല്‍ ദൈവത്തെക്കുറിച്ചുള്ള മനുഷ്യന്‍റെ വചനമല്ല, മനുഷ്യനു വേണ്ടിയുള്ള ദൈവവചനത്തിന്‍റെ പ്രവര്‍ത്തനമാണ് ദൈവശാസ്ത്രത്തിന്‍റെ അന്ത:സത്ത. ദൈവത്തിന്‍റെ വചനം മാംസം ധരിച്ച് ചരിത്രത്തില്‍ അവതരിച്ചതാണല്ലോ ഈശോ. ഈശോയിലൂടെ മനുഷ്യചരിത്രത്തില്‍ ദൈവം സ്വയം വെളിപ്പെടുത്തിയതും ഈശോയിലൂടെ ദൈവം പ്രവര്‍ത്തിച്ചതുമാണ് മിശിഹാ ശാസ്ത്രമായി പരിഗണിക്കുക. ഇന്നു ദൈവം തന്‍റെ സാന്നിദ്ധ്യവും പ്രവര്‍ത്തനവും തുടരുന്നത് ദൈവാത്മാവിന്‍റെ പ്രവര്‍ത്തനങ്ങളിലൂടെയാണ്. ദൈവശാസ്ത്രമെന്നത് രക്ഷാകരചരിത്രത്തില്‍ ത്രിത്വൈക ദൈവം എങ്ങനെ സ്വയം വെളിപ്പെടുത്തുന്നു എന്നതു ഗ്രഹിക്കുവാനുള്ള പരിശ്രമമാണ്. മനുഷ്യന്‍റെ ഈ പരിശ്രമത്തില്‍ മുഖ്യഹേതു മനുഷ്യന്‍ എന്നതിനേക്കാള്‍ സ്വയം 'വചന'ത്തിലൂടെ വെളിപ്പെടുത്തിയ ദൈവമാണ്. മറ്റുവാക്കില്‍ പറഞ്ഞാല്‍ ദൈവശാസ്ത്രത്തിന്‍റെ ഉത്ഭവകാരണവും, ഉള്ളടക്കവും രക്ഷാകര ചരിത്രത്തിലൂടെ വെളിപ്പെടുത്തുന്ന ദൈവമാണ്. ഈ ദൈവത്തെ വിശ്വാസപൂര്‍വ്വം സ്വീകരിക്കുന്ന മനുഷ്യന്‍റെ ഹൃദയാവിഷ്ക്കാരമാണ് ദൈവശാസ്ത്രം.

മേല്പറഞ്ഞതില്‍ നിന്നും ദൈവശാസ്ത്രത്തെ മാനുഷിക തലത്തില്‍ നിന്നുകൊണ്ടുള്ള മതപരമായ ഒരു സമീപനമായും വിശ്വാസതലത്തില്‍ നിന്നുകൊണ്ട്  ദൈവിക വെളിപാടില്‍ അധിഷ്ഠിതമായ വിശകലനമായും വേര്‍തിരിച്ചു മനസ്സിലാക്കാവുന്നതാണ്. മതപരമായ ദൈവശാസ്ത്ര സമീപനത്തില്‍ മാനുഷിക ബുദ്ധിക്കതീതനായി നില്ക്കുന്ന ദൈവത്തെ അന്വേഷിച്ചു കണ്ടെത്തി സൈദ്ധാന്തികമായി നിര്‍വ്വചിക്കുവാന്‍ യത്നിക്കുമ്പോള്‍, വിശ്വാസത്തിലധിഷ്ഠിതമായ ദൈവശാസ്ത്രത്തില്‍, ചരിത്രത്തില്‍ സന്നിഹിതനായ ദൈവത്തിന്‍റെ ആവിഷ്കാര സംഭവങ്ങളിലുള്ള ഭാഗഭാഗിത്വത്തിനാണ് മുന്‍തൂക്കം. ക്രൈസ്തവ ദൈവവിജ്ഞാനീയമെന്നത് അതിന്‍റെ നിഷ്കൃഷ്ടാര്‍ത്ഥത്തില്‍ രണ്ടാമതു പറഞ്ഞ കാര്യമാണ്. മനുഷ്യന് സ്വയമേവ ഇതു പൂര്‍ണ്ണമായി സാധ്യമല്ല. ദൈവകൃപ ഇതിനാവശ്യമാണ്. "എന്നിലൂടെ അല്ലാതെ ആരും പിതാവിന്‍റെ അടുക്കലേയ്ക്കു വരുന്നില്ല" (യോഹ 14:6) എന്നും 'ദൈവാത്മാവിന്‍റെ സഹായംകൂടാതെ ആര്‍ക്കും ഈശോ കര്‍ത്താവാണ്' എന്നു ഏറ്റുപറയുവാന്‍ സാധിക്കുകയില്ല എന്നും വി. ഗ്രന്ഥം പറയുന്നത് ഇതിനാലത്രേ.മേല്പറഞ്ഞവയില്‍ നിന്ന് ദൈവശാസ്ത്രത്തെ സംബന്ധിച്ച മറ്റൊരു കാഴ്ചപ്പാടിലേയ്ക്കു നാം നീങ്ങുകയാണ്. ദൈവശാസ്ത്രമെന്നത് 'വിശ്വാസത്തിന്‍റെ ശാസ്ത്രമാണ്' 3. കുറേക്കൂടി വ്യക്തമായിപറഞ്ഞാല്‍ ക്രൈസ്തവദൈവവിജ്ഞാനീയം അഥവാ ക്രൈസ്തവ ദൈവശാസ്ത്രമെന്നത് 'ക്രിസ്തീയവിശ്വാസത്തിന്‍റെ ശാസ്ത്രമാണ്'. ഇങ്ങനെ പറയുമ്പോള്‍  വിശ്വാസം എന്നാല്‍ എന്ത് എന്നൊരു ചോദ്യമുദിക്കുന്നു. 2-ാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ ദൈവാവിഷ്കരണമെന്ന പ്രമാണരേഖയില്‍ പറയുന്നു: "വിശ്വാസത്തില്‍ നിന്നു വരുന്ന അനുസരണംവഴി മനുഷ്യന്‍ തന്‍റെ ബുദ്ധിയും മനസ്സും സ്വയം വെളിപ്പെടുത്തിയ ദൈവത്തിനു സമ്പൂര്‍ണ്ണമായി അടിയറവെയ്ക്കുകയും ദൈവികവെളിപാടു ഹൃദയപൂര്‍വ്വം അംഗീകരിക്കുകയും ചെയ്യുന്നു. അങ്ങനെ തന്നെത്തന്നെ സ്വമനസ്സാ അവിടുത്തേയ്ക്കു മുഴുവനായി സമര്‍പ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ള വിശ്വാസം ഉണ്ടാകണമെങ്കില്‍ ദൈവത്തിന്‍റെ മുന്‍കൂട്ടിയുള്ള പ്രേരകപ്രസാദവരവും പരിശുദ്ധ റൂഹായുടെ ആന്തരിക സഹായവും ആവശ്യമാണ്" (DV.1,5). ഇതു വ്യക്തമാക്കുന്നതു പോലെ വിശ്വാസമെന്നത് സ്വയം മനുഷ്യനു വെളിപ്പെടുത്തിയ ദൈവത്തിനു മനുഷ്യന്‍ നല്കുന്ന പ്രത്യുത്തരമാണ്. ഈ വീക്ഷണത്തില്‍ ദൈവശാസ്ത്രത്തിന്‍റെ കേന്ദ്രവിഷയം ദൈവികവെളിപാടാണ്. ഇതിനെ സ്വീകരിക്കുവാനും മനസ്സിലാക്കുവാനുമുള്ള മനുഷ്യന്‍റെ ഉദ്യമത്തില്‍ "വിശ്വാസ"മാണ് അവനു വെളിച്ചമായി നിലകൊള്ളുന്നത്. ഈ വിശ്വാസംതന്നെയും, മേല്പറഞ്ഞ കൗണ്‍സില്‍പഠനത്തില്‍ നിന്നും വ്യക്തമാകുന്നതുപോലെ പരിശുദ്ധ റൂഹായുടെ ദിവ്യദാനമാണ്. ഇങ്ങനെ ചിന്തിക്കുമ്പോള്‍ ദൈവശാസ്ത്രമെന്നത് മാനുഷികതലത്തില്‍ മാത്രം ഒതുങ്ങിനില്ക്കുന്ന ഒരു ശാസ്ത്രീയ ഗവേഷണമല്ല, ദൈവകൃപയുടെ സഹായത്താല്‍, ദൈവദാനമായ വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍, ചരിത്രത്തില്‍ ആവിഷ്കൃതനായ ദൈവത്തെ കണ്ടെത്താനുള്ള മനുഷ്യന്‍റെ ഉദ്യമം ആണെന്നു വ്യക്തമാകുന്നു. മേല്പറഞ്ഞവയുടെ വെളിച്ചത്തില്‍ ദൈവശാസ്ത്രം എന്തെന്നുള്ള നിര്‍വ്വചനത്തെ ഇപ്രകാരം വിശദീകരിക്കാം:
വിശ്വാസത്താല്‍ സ്വീകരിച്ചതും ഗ്രഹിച്ചതുമായ ദൈവാവിഷ്ക്കാരത്തെക്കുറിച്ചുള്ള ബുദ്ധിപൂര്‍വ്വകവും, ശാസ്ത്രീയവും, ക്രമാനുഗതവുമായ പരിചിന്തനവും, വിശകലനവും, വിശദീകരണവുമാണ് ദൈവശാസ്ത്രം. വെളിപ്പെടുത്തപ്പെട്ട വചനം എല്ലാ സത്യത്തിന്‍റേയും ഉറവിടവും മാനദണ്ഡവുമാകയാല്‍ ഇതര 'സത്യ' ങ്ങളെ കണ്ടെത്താനും അഭിമുഖീകരിക്കുവാനും വെളിപാടിന്‍റെ ശാസ്ത്രീയവും ക്രമാനുഗതവുമായ പരിചിന്തനം ആവശ്യമാണ്, അതു സാധ്യവുമാണ്. ദൈവശാസ്ത്രം വിശ്വാസത്തിന്‍റെ ശാസ്ത്രീയാപഗ്രഥനമാകുന്നത് വിശ്വാസം അതിന്‍റെ അടിസ്ഥാനവും മാനദണ്ഡവും ലക്ഷ്യവുമായി തീരുമ്പോഴത്രേ.

ദൈവശാസ്ത്രം വിശ്വാസത്തെ സംബന്ധിച്ച വിചിന്തനവും വിശദീകരണവുമാണ്. അതിന്‍റെ ഉള്ളടക്കം ദൈവാവിഷ്കരണമാകയാല്‍ അത് പ്രഘോഷണപര (Kerygmatic) മാകുന്നു. മറ്റുവാക്കില്‍, വിശ്വാസത്തിന്‍റെ  പ്രഘോഷണമാണ് ദൈവശാസ്ത്രത്തിന്‍റെ ലക്ഷ്യം. ഇതര താത്ത്വിക ശാസ്ത്രീയ മത വിജ്ഞാന മേഖലകളില്‍ നിന്നും ദൈവവിജ്ഞാനീയത്തെ വ്യതിരിക്തമാക്കുന്നത് ദൈവശാസ്ത്രത്തിന്‍റെ പ്രഘോഷണപരമായ ഈ വശമത്രേ.

വിശ്വാസവും ദൈവശാസ്ത്രവും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതിനാലും ദൈവദാനമായ വിശ്വാസം സ്വാതന്ത്ര്യത്തോടെ മനുഷ്യന്‍ സ്വീകരിക്കുന്നതിനാലും വിശ്വാസമെന്നത് പ്രവൃത്തിയിലൂടെ വെളിവാകേണ്ട ഒരു യാഥാര്‍ത്ഥ്യമാകയാലും ദൈവശാസ്ത്രം ഒരു പ്രായോഗികശാസ്ത്രം ആണെന്നു പറയാം. ഇത്തരത്തിലുള്ള വിശ്വാസാധിഷ്ഠിത ദൈവവിജ്ഞാനീയം പ്രത്യാശയിലേയ്ക്കും ഉപവിയിലേയ്ക്കും മനുഷ്യനെ നയിക്കും.

4. ദൈവശാസ്ത്രം എപ്രകാരമുള്ളതായിരിക്കണം?


  4.1 വി. ഗ്രന്ഥാധിഷ്ഠിതം (Biblical)

വെളിപ്പെടുത്തപ്പെട്ട സത്യങ്ങളെ സംബന്ധിച്ച ഏറ്റം ആധികാരികവും ഒരിക്കലും മാറ്റമില്ലാതെ നിലകൊള്ളുന്നതുമായ ഉറവിടമെന്ന നിലയില്‍ ദൈവശാസ്ത്രം വി. ഗ്രന്ഥാധിഷ്ഠിതമായിരിക്കണം. ദൈവശാസ്ത്രത്തിന്‍റെ കേന്ദ്രം വി. ഗ്രന്ഥമാണെന്നു പറയാം. ദൈവവചനം ദൈവശാസ്ത്ര രൂപീകരണത്തിനുള്ള ഉറവിടങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്.

  4.2 ത്രിത്വാത്മകം (Trinitarian)

വിശ്വാസത്തിലധിഷ്ഠിതമായ ക്രിസ്തീയദൈവശാസ്ത്രം ആധികാരികമായ ദൈവശാസ്ത്രമാകുന്നത് അതു ത്രിത്വാത്മകം ആകുമ്പോഴാണ്. സ്വാഭീഷ്ടത്താല്‍ മനുഷ്യരക്ഷയ്ക്ക് പദ്ധതി തയ്യാറാക്കുകയും സമയത്തിന്‍റെ തികവില്‍ പുത്രനിലൂടെ ആ പദ്ധതി സാക്ഷാത്കരിക്കുകയും തന്‍റെ ആത്മാവിലൂടെ ആ പദ്ധതിയെ പൂര്‍ത്തീകരിക്കുകയും ചെയ്ത ത്രിത്വൈകദൈവമാണല്ലോ ദൈവാവിഷ്കാരത്തിന്‍റെ ഉറവിടം. ഈ ദൈവമാണ് സ്വയം ആവിഷ്കൃതനാകുന്നതും. ഈ ദൈവവും ദൈവിക പ്രവര്‍ത്തനങ്ങളുമാണ് അപ്പോള്‍ ദൈവശാസ്ത്രവിഷയമായി മാറുക. അതുകൊണ്ടാണ് വി.അത്തനേഷ്യസ് പറഞ്ഞത്: "ദൈവശാസ്ത്രമെന്നത് പ. ത്രിത്വത്തെ ധ്യാനിക്കുന്നതാണ്" (Contemplation on the Trinity) എന്നും 'ത്രിത്വത്തില്‍ ദൈവശാസ്ത്രം പുര്‍ണ്ണമാണ്' (In the Trinity Theology is complete)3 എന്നും. അതിനാല്‍ എല്ലാ ദൈവശാസ്ത്രവും ത്രിത്വത്തില്‍ നിന്നാരംഭിക്കുന്നതും ത്രിത്വത്തിലേയ്ക്കു നയിക്കുന്നതുമായിരിക്കണം. ത്രിത്വാത്മകമാണ് എന്നു പറയുന്നതുകൊണ്ടുതന്നെ ദൈവശാസ്ത്രം മിശിഹാകേന്ദ്രിതവും, റൂഹാകേന്ദ്രിതവുമാണ്. ദൈശാസ്ത്രത്തിനു പറയുവാനുള്ളത് പിതാവിനെക്കുറിച്ചും ഈശോയെക്കുറിച്ചും റൂഹായെക്കുറിച്ചുമാണ്. 

  4.3 സഭാത്മകം (Ecclesial)

ക്രിസ്തീയമായ ദൈവശാസ്ത്രത്തിന്‍റെ ആധികാരികതയെ വ്യക്തമാക്കുന്ന മറ്റൊരു പ്രധാന വസ്തുത അതു സഭാത്മകമായിരിക്കണം എന്നതാണ്. ത്രിത്വൈകസ്വഭാവത്തില്‍ നിന്നു ഉരുത്തിരിയുന്നതാണ് ഈ സഭാത്മകസ്വഭാവം. ഒന്നുകൂടി വിശദമായി പറഞ്ഞാല്‍ ദൈവശാസ്ത്രം ത്രിത്വാത്മകവും, ദൈവമനുഷ്യകൂട്ടായ്മയുടെ പ്രകാശനവും ആകയാല്‍ അത് ഒരു വ്യക്തിയെന്ന നിലയില്‍ ദൈവശാസ്ത്രജ്ഞന്‍റെ കുത്തകയോ വ്യക്തിപരമായ കുറെ വാദങ്ങളോ  ബൗദ്ധികമായ സിദ്ധാന്തങ്ങളോ, നിര്‍വ്വചനങ്ങളോ അല്ല, അങ്ങനെ ആയിരിക്കുവാന്‍ പാടുള്ളതുമല്ല. പ്രത്യുത വിശ്വാസത്തിലൂടെ, സഭാസമൂഹവുമായി കൂട്ടായ്മയില്‍ നിലനിന്നുകൊണ്ട് സഭയിലൂടെ ദൈവത്തെ മനസ്സിലാക്കി, ആ അറിവില്‍ നിന്നുമാണ് ദൈവശാസ്ത്രം ഉരുത്തിരിയേണ്ടത്. കാരണം ദൈവിക വെളിപാട് നല്കപ്പെട്ടിരിക്കുന്നതു സഭയ്ക്കാണ്. സഭയാണ് ദൈവിക വെളിപാടിന്‍റെ സംവാഹകയും, സംരക്ഷകയും. അപ്പോള്‍ വിശ്വാസം സഭയിലും സഭയിലൂടെയുമാണ് പ്രകടമാകുക. അങ്ങനെ വരുമ്പോള്‍ ദൈവാവിഷ്ക്കാരത്തിന്‍റെ വിശ്വാസപൂര്‍വ്വകമായ സ്വീകരണവും അതിനുള്ള പ്രത്യുത്തരവും സഭയിലാണ്. ദൈവശാസ്ത്രം ജന്മമെടുക്കുന്നതും, പുഷ്പിക്കുന്നതും, പ്രകടിതമാകുന്നതും സഭയിലും സഭയിലൂടെയുമാണ്. ദൈവാവിഷ്ക്കാരത്തെ സംബന്ധിച്ച സഭയുടെ അവബോധവും വിശ്വാസവുമാണ് ദൈവശാസ്ത്രത്തിന്‍റെ കേന്ദ്രബിന്ദു. ഇങ്ങനെയൊരു സമീപനത്തില്‍ വി.ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നതുപോലെ മിശിഹായിലൂടെയും, അവിടുത്തെ ആത്മാവിലൂടെയും സംസ്ഥാപിതമായ ദൈവ-മനുഷ്യകൂട്ടായ്മയും, ജീവദായകമായ ഈ രക്ഷാകര അനുഭവത്തിന്‍റെ തലമുറകളിലൂടെയുള്ള കൈമാറലും (പാരമ്പര്യം) സഭാസമൂഹമാകുന്ന കൂട്ടായ്മയുടെ ഫലങ്ങളും ദൈവശാസ്ത്രത്തെ കരുപ്പിടിപ്പിക്കുന്ന പ്രധാനഘടകങ്ങളായി വര്‍ത്തിക്കുന്നു.

  4.4 ആരാധനക്രമാധിഷ്ഠിതം (Liturgical)

മനുഷ്യാതീതനായ ദൈവം രക്ഷാകരചരിത്രത്തില്‍ മനുഷ്യനു സുഗ്രാഹ്യമായ രീതിയില്‍ തന്നെത്തന്നെ വെളിപ്പെടുത്തുന്നു. വി. ഗ്രന്ഥത്തിലുടെ കണ്ണോടിച്ചാല്‍ ഈ വെളിപ്പെടുത്തലുകളിലെല്ലാം ദൈവ-മനുഷ്യ അഭിദര്‍ശനം നമുക്കു കണ്ടെത്താം. മേല്പറഞ്ഞ വെളിപാടാണ് ദൈവശാസ്ത്രത്തിനാധാരമെങ്കില്‍ ഈ വെളിപ്പെടുത്തലില്‍ നടക്കുന്ന ദൈവ-മനുഷ്യ കൂടിക്കാഴ്ചയാണ് ആരാധനയിലേയ്ക്കു നയിക്കുക. ദൈവ-മനുഷ്യ അഭിദര്‍ശനത്തിന്‍റെ ആഘോഷവും ആചരണവുമാണ് ആരാധന. രക്ഷാചരിത്രത്തിലുള്ള ദൈവത്തിന്‍റെ രക്ഷാകര പ്രവര്‍ത്തനം ഇവിടെ അനുസ്മരിക്കപ്പെടുന്നു. രക്ഷാകരപ്രവൃത്തികളുടെ വിശദീകരണമാണു ദൈവശാസ്ത്രം. അതിന്‍റെ ആഘോഷമാണ് ആരാധന. കഴിഞ്ഞുപോയ രക്ഷാകരപ്രവൃത്തികളെ ആരാധനയിലൂടെ ഇന്നിന്‍റെ അനുഭവമാക്കി മാറ്റുകയാണ് നാം ചെയ്യുന്നത്.

"ലിറ്റര്‍ജി" (ദൈവാരാധന) എന്നത് ദൈവജനത്തിന്‍റെ വിശ്വാസത്തിന്‍റെ ഏറ്റവും ഉദാത്തമായ പ്രകടനമാണ്. സഭയുടെ വിശ്വാസമാണ് സഭയുടെ ആരാധനയായി മാറുക. ഇങ്ങനെ വരുമ്പോള്‍ ദൈവശാസ്ത്രമെന്നത്, സഭയുടെ വിശ്വാസത്തിന്‍റെ ആഘോഷമായ ലിറ്റര്‍ജിയില്‍നിന്നും ഉത്ഭവിക്കുന്നതും ആ വിശ്വാസത്തിലേയ്ക്കു തന്നെ വീണ്ടും നയിക്കുന്നതുമാണ്. ദൈവശാസ്ത്രവിചിന്തനത്തിന് ആരാധനക്രമത്തെ ആശ്രയിക്കുന്നതിനു കാരണം അതു വിശ്വാസത്തിന്‍റെ ഏറ്റം ഉദാത്തമായ പ്രകടനവും ഉറവിടവും ആയതിനാലാണ്. വി.ഗ്രന്ഥവും വി.പാരമ്പര്യവും ആരാധനക്രമത്തില്‍ സമന്വയിക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍ സഭയുടെ വിശ്വാസത്തിന്‍റെ ഏറ്റവും നല്ല സാക്ഷ്യവും ആരാധന തന്നെ. ആരാധനാ ഗ്രന്ഥങ്ങളിലാണു സഭയുടെ ദൈവശാസ്ത്രം ഉറഞ്ഞു കൂടിയിരിക്കുന്നത്.

പിതാക്കന്മാരുടെയും സാര്‍വ്വത്രിക സൂനഹദോസ്സുകളുടേയും പ്രബോധനങ്ങളിലധിഷ്ഠിതമാണ്

രക്ഷാകരസംഭവങ്ങളോട് ഏറ്റം അടുത്ത കാലഘട്ടത്തില്‍ ജീവിച്ചവരും, കലര്‍പ്പുകൂടാതെ അതിനെ വ്യാഖ്യാനിച്ചവരുമായ സഭാപിതാക്കന്മാരുടെ പഠനങ്ങള്‍ വി. ഗ്രന്ഥം പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്ന സഭയുടെ പാരമ്പര്യത്തിന്‍റെ ഭാഗമാകയാല്‍ ദൈവശാസ്ത്രം പിതാക്കന്മാരുടെ പഠനങ്ങളില്‍ ഊന്നി നിന്നു കൊണ്ടുള്ളതായിരിക്കണം. അവികലമായി അവര്‍ പഠിപ്പിച്ചതും, കാത്തുസൂക്ഷിച്ചതുമായ വിശ്വാസപൈതൃകം ദൈവശാസ്ത്രപഠനങ്ങളില്‍ മാനദണ്ഡമായി നിലകൊള്ളുകയും വേണം.കാലാകാലങ്ങളില്‍ സഭയുടെ പ്രബോധനാധികാരമുപയോഗിച്ച് സഭ ഔദ്യോഗികമായി പഠിപ്പിക്കുകയും പ്രഖ്യാപിക്കുകയും തലമുറകള്‍ക്കു കൈമാറുകയും ചെയ്ത വിശ്വാസസംബന്ധവും, സഭാത്മകവും, ധാര്‍മ്മികവുമായ പഠനങ്ങളാണ് സാര്‍വ്വത്രികസൂനഹദോസ്സുകളുടെ പ്രബോധനങ്ങള്‍. സഭയുടെ പൊതുമന:സാക്ഷിയായി നിലകൊള്ളുന്ന സൂനഹദോസ്സുകളുടെ പഠനവും ഇക്കാരണത്താല്‍ ദൈവശാസ്ത്രപഠനങ്ങളില്‍ മാര്‍ഗ്ഗരേഖയായി നിലകൊള്ളേണ്ടതാണ്.

  4.5 എക്യുമെനിക്കല്‍ (Ecumenical)

മിശിഹാ തന്‍റെ ദൗത്യപൂര്‍ത്തിയ്ക്കായി സ്ഥാപിച്ച സഭ ഏകമായിരുന്നു. അപ്രകാരമായിരിക്കുവാന്‍ അവിടുന്നാഗ്രഹിക്കുകയും ചെയ്തു. എങ്കിലും വിഭജിതരൂപത്തിലാണ് സഭ ഇന്നു നിലകൊള്ളുക. ഈ പശ്ചാത്തലത്തില്‍ ദൈവശാസ്ത്രത്തിന് ഒരു എക്യുമെനിക്കല്‍ സ്വഭാവം കൈവരേണ്ടതും, ഇന്നിന്‍റെ ഒരാവശ്യമാണ്.

5. ശാസ്ത്രീയമായ വിഭജനം

ദൈവശാസ്ത്രത്തില്‍ പ്രധാനമായും മൂന്നു പാരമ്പര്യങ്ങളുണ്ട്:- സുറിയാനി, ലത്തീന്‍, ഗ്രീക്ക്. മേല്‍ പറഞ്ഞ മൂന്നു പാരമ്പര്യങ്ങളില്‍ അടിയുറച്ചുനിന്നു കൊണ്ടുതന്നെ ദൈവശാസ്ത്രത്തെ ശാസ്ത്രീയമായ രീതിയില്‍ നോക്കിക്കാണേണ്ടത് ഇന്നിന്‍റെ ആവശ്യമാണ്. അപ്രകാരം നോക്കുമ്പോള്‍ ദൈവശാസ്ത്രത്തെ (a) ചരിത്രപരമായ ദൈവശാസ്ത്രം എന്നും (b) ക്രമീകൃത ദൈവശാസ്ത്രമെന്നും തിരിക്കാം. ഇവ രണ്ടിലും അനേകം ഉപശാഖകളുണ്ട്.

  5.1 ചരിത്രപരമായ  ദൈവശാസ്ത്രം

  1. വെളിപാടിന്‍റെ ചരിത്രം
  2. രക്ഷാകരചരിത്രം
  3. സഭയുടെ ആരംഭം
  4. സഭാചരിത്രം
  5. സഭാപിതാക്കന്മാര്‍
  6. വി.ഗ്രന്ഥപഠനങ്ങള്‍
  7. ഡോഗ്മായുടെ ചരിത്രം
  8. വിശുദ്ധന്മാരുടെ ചരിത്രം
  9. രക്തസാക്ഷികളുടെ ചരിത്രം


  5.2 ക്രമീകൃതദൈവശാസ്ത്രത്തിന്‍റെ പ്രധാന ശാഖകള്‍ താഴെപ്പറയുന്നവയാണ്:

  1. മൗലികദൈവശാസ്ത്രം (Fundamental Theology)
  2. താത്ത്വിക ദൈവശാസ്തരം (Systematic or Dogmatic Theology)
  3. ധാര്‍മ്മിക ദൈവശാസ്ത്രം (Moral Theology)
  4. പ്രായോഗിക ദൈവശാസ്ത്രം (Practical Theology)
  5. അജപാലന ദൈവശാസ്ത്രം (Pastoral Theology)
  6. അസറ്റിക്കല്‍ ദൈവശാസ്ത്രം (Ascetical& Monastic Theology)
  7. ആരാധനക്രമ ദൈവശാസ്ത്രം  (Liturgical Theology)

മേല്പറഞ്ഞ ഓരോ ശാഖയ്ക്കും (അഥവാ വിഭാഗത്തിനും) അനേകം ഉപശാഖകള്‍ ഉണ്ട്. ഇതില്‍ നമ്മെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടത് ആദ്യത്തെ രണ്ട് മൗലിക, താത്ത്വിക വിഭാഗങ്ങളാണ്. അവയെക്കുറിച്ച് അല്പം വിശദമായിത്തന്നെ ചിന്തിക്കാം.

6. മൗലികദൈവശാസ്ത്രം (Fundamental Theology)

ഫുന്തമെന്താലിസ് (Fundamentalis) എന്ന ലത്തീന്‍ വാക്കില്‍ നിന്നാണ് ഫണ്ടമെന്‍റല്‍ (Fundamental) എന്ന പദം ഉരുത്തിരിയുന്നത്. അതിന്‍റെ പ്രത്യക്ഷാര്‍ത്ഥം സൂചിപ്പിക്കുന്നതുപോലെ 'ഏറ്റവും പ്രധാനപ്പെട്ടത്', 'മൗലികമായത്' എന്നൊക്കെയാണ് അതിന്‍റെയര്‍ത്ഥം. ദൈവശാസ്ത്രത്തിലെ ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങളെപ്പറ്റിയാണ് ഇതില്‍ പ്രതിപാദിക്കുക. ദൈവശാസ്ത്രത്തിന്‍റെ അടിത്തറ (അടിസ്ഥാനം) എന്ന അര്‍ത്ഥവും അതിനാല്‍ ഇതിനുണ്ട്.

ക്രൈസ്തവമതത്തിന്‍റെ ആരംഭദശകങ്ങളില്‍ മറ്റു മതങ്ങളോട് പലപ്പോഴും ഏറ്റുമുട്ടേണ്ടിവന്ന സാഹചര്യത്തിലാണ് ഇപ്രകാരമൊരു ദൈവശാസ്ത്രശാഖ രൂപമെടുത്തത്. ആദ്യകാലങ്ങളില്‍ 'അപ്പോളജി' (apology) എന്ന പേരിലാണിതറിയപ്പെട്ടിരുന്നത്. ദൈവികവെളിപാടിനെ നിഷേധിക്കുന്ന ശക്തമായ ഒരു നീക്കം സഭയുടെ ആരംഭകാലത്തു കാണാം. ഇപ്രകാരമുള്ള പ്രതിസന്ധികള്‍ തരണം ചെയ്തുകൊണ്ട് ആദ്യകാല ദൈവശാസ്ത്രജ്ഞന്മാര്‍ ക്രൈസ്തവികതയുടെ മൗലികയാഥാര്‍ത്ഥ്യങ്ങള്‍ ഏവയെന്നു എടുത്തുകാട്ടുവാന്‍ തുടങ്ങി. ഈ ദൈവശാസ്ത്രജ്ഞന്മാരെയാണ് വിശ്വാസ സംരക്ഷകര്‍ എന്നു വിളിക്കുന്നത്. ഇവരുടെ ലിഖിതരൂപത്തിലുള്ള പ്രബോധനങ്ങള്‍ക്കു പൊതുവേ വിശ്വാസസമര്‍പ്പണ ഗ്രന്ഥങ്ങള്‍ എന്നു പറയും. ഇങ്ങനെ നോക്കുമ്പോള്‍ ആദ്യകാലങ്ങളില്‍ മൗലിക ദൈവശാസ്ത്രവും വിശ്വാസസംരക്ഷണ പ്രബോധനങ്ങളും ഒന്നായി കരുതപ്പെട്ടതില്‍ അത്ഭുതപ്പെടാനില്ല.

  6.1 മൗലിക ദൈവശാസ്ത്രത്തിന്‍റെ ഉള്ളടക്കം

മൗലിക ദൈവശാസ്ത്രത്തില്‍ പ്രധാനമായി മൂന്നു കാര്യങ്ങളാണ് ഉള്‍ക്കൊള്ളുക: വെളിപാട്, വിശ്വാസം, മനുഷ്യന്‍.

 വെളിപാട് (Revelation)

മൗലികദൈവശാസ്ത്രത്തിലെ ഏറ്റവും അടിസ്ഥാനപരമായ യാഥാര്‍ത്ഥ്യമാണു വെളിപാട്. ചരിത്രത്തിലൂടെ സ്വയം വെളിപ്പെടുത്തുന്ന ദൈവംതന്നെയാണ് ഇതിന്‍റെ കേന്ദ്രബിന്ദു. ഇതിന്‍റെ വിശദാംശങ്ങള്‍ എന്ന വിധത്തില്‍ വിവിധ മതങ്ങളുടെ ഉല്പത്തി, അവയുടെ ആവശ്യകത എന്നിവയാണ് ആദ്യമായി ഇവിടെ ചര്‍ച്ച ചെയ്യുന്ന വിഷയം. വിവിധ ലോകമതങ്ങളിലൂടെ 'ദൈവം' എപ്രകാരം സ്വയം വെളിപ്പെടുത്തുന്നു എന്നു പരിശോധിക്കുന്നതൊടൊപ്പം ക്രൈസ്തവ മതവും അതിനാധാരമായ ദൈവിക വെളിപാടുമാണ് ഈ ദൈവശാസ്ത്ര ശാഖയുടെ പ്രതിപാദ്യം. വെളിപാട് എന്നു പറയുന്നത് ദൈവവും മനുഷ്യനും തമ്മിലുള്ള കൂടിക്കാഴ്ചയാണ്. തന്‍റെ വചനത്തിലൂടെയും പ്രവൃത്തിയിലൂടെയും സ്വയം വെളിപ്പെടുത്തുന്ന ദൈവത്തെ മനുഷ്യന്‍ കണ്ടെത്തുന്നു. വി.ഗ്രന്ഥവും, പാരമ്പര്യവും, വെളിപാടും തമ്മിലുള്ള ബന്ധം ഇവിടുത്തെ ഒരു കേന്ദ്ര ആശയമാണ്. മിശിഹായിലൂടെയാണല്ലോ ദൈവം ഏറ്റവും ഉദാത്തമായ രീതിയില്‍ സ്വയം വെളിപ്പെടുത്തിയത്. അതുകൊണ്ട് മിശിഹായുടെ വ്യക്തിത്വം ഇവിടെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നു. ഈശോ തന്നെത്തന്നെ മനുഷ്യപുത്രനെന്നുവിളിച്ചു. അതേസമയം അവിടുന്ന് ദൈവപുത്രനുമാണ്. ഈ ദൈവികതയുടെ പ്രകാശനങ്ങളാണ് അവിടുത്തെ അത്ഭുതങ്ങള്‍. ഈശോയുടെ പുനരുത്ഥാനത്തിലുള്ള വിശ്വാസം ദൈവികവെളിപാടിനുള്ള മാനുഷിക ഉത്തരമാണ്.

വെളിപാടിനെക്കുറിച്ചു ചിന്തിക്കുമ്പോള്‍, ക്രൈസ്തവമതത്തിലും മറ്റു ലോകമതങ്ങളിലുമുള്ള ദൈവികവെളിപാടിന്‍റെ സാമ്യവും വ്യത്യാസവും എന്ത്, ക്രൈസ്തവമതത്തിലെ വെളിപാടിന്‍റെ അനന്യത എന്ത് എന്നു തുടങ്ങിയവയെല്ലാം ഇന്ന് ഏറെ സജീവമായി ചര്‍ച്ചചെയ്യപ്പെടുന്ന കാര്യങ്ങളാണ്. 2-ാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ അക്രൈസ്തവമതങ്ങളെക്കുറിച്ചുള്ള പ്രബോധനത്തില്‍ ഇതരമതങ്ങളിലുള്ള ദൈവികസാന്നിധ്യത്തെ അംഗീകരിച്ചു പ്രഖ്യാപിക്കുന്നതിനാല്‍ സത്യത്തിന്‍റെ യഥാര്‍ത്ഥ അവകാശികള്‍ ക്രൈസ്തവരാണെങ്കിലും അതിന്‍റെ സമ്പൂര്‍ണ്ണ കുത്തക അവരുടേതാണെന്നു പറയുവാന്‍ സാധിക്കുകയില്ല. അതിനാല്‍ വിവിധ മതങ്ങള്‍ തമ്മിലുള്ള ഒരു താരതമ്യപഠനവും ഇന്നിന്‍റെ വലിയ ആവശ്യമാണ്.

 വിശ്വാസം (Faith)

വെളിപാട് ദൈവത്തിലുള്ള വിശ്വാസത്തിലേക്കു മനുഷ്യനെ ക്ഷണിക്കുന്നു. വിശ്വാസമാകട്ടെ വെളിപാടിനുള്ള പ്രത്യുത്തരമാണ്. ഈശോയുടെ പീഡാസഹനത്തിലൂടെയും ഉത്ഥാനത്തിലൂടെയും സ്വയം വെളിപ്പെടുത്തിയ ദൈവത്തിലുള്ള വിശ്വാസമാണ് ഇവിടെ വിവക്ഷിക്കുന്നത്. അക്കാരണത്താല്‍ ഈശോയും അവിടുത്തെ അത്ഭുതങ്ങളും, ഉത്ഥാനവും, അവിടുത്തെ തുടര്‍ച്ചയായ സഭയുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. പഴയനിയമത്തില്‍ വിശ്വാസമെന്നത് യാഹ്വേയില്‍ ഉള്ളതായിരുന്നുവെങ്കില്‍ പുതിയ നിയമത്തില്‍ ഇത് ത്രിയേകദൈവത്തിലുള്ള വിശ്വാസമാണ്. വിശ്വാസത്തെപ്പറ്റിയുള്ള ആധികാരികമായ സംഹിതകളൊക്കെ സഭാപിതാക്കന്മാരുടെ ഗ്രന്ഥങ്ങളുടെ വെളിച്ചത്തില്‍ ഇവിടെ സ്ഥാപിക്കുന്നു. കത്തോലിക്കാ വിശ്വാസവും ഇതര ക്രൈസ്തവ സഭകളും തമ്മിലുള്ള വ്യത്യാസം വിശ്വാസത്തിന്‍റെ ഏതേതു തലങ്ങളിലാണെന്ന് ഇവിടെ പ്രത്യേകം ചിന്തിക്കുന്നു. മാര്‍ട്ടിന്‍ ലൂഥര്‍, ജോണ്‍ കാല്‍വിന്‍, കാള്‍ബാര്‍ത്ത്, പോള്‍ ടില്ലിക്ക് തുടങ്ങിയ പ്രൊട്ടസ്റ്റന്‍റ് ദൈവശാസ്ത്രജ്ഞന്മാരുടെ വിശ്വാസ സംഹിതകളും ഇവിടെ ഏറെ പ്രധാനപ്പെട്ടതാണ്. രണ്ടാം ഒറാഞ്ച് (orange) കൗണ്‍സില്‍, ട്രെന്‍റ് സൂനഹദോസ്സ്, ഒന്നാം വത്തിക്കാന്‍ കൗണ്‍സില്‍, രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ എന്നീ ഔദ്യോഗിക കൗണ്‍സിലുകളില്‍ വിശ്വാസത്തെപ്പറ്റി പറഞ്ഞിരിക്കുന്ന ഭാഗങ്ങള്‍ക്ക് ഇവിടെ പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ട്. 

 മനുഷ്യനെപ്പറ്റിയുള്ള ദൈവശാസ്ത്ര സമീപനം (Theological Anthropology)

വെളിപാടിലൂടെ സ്വയം വെളിപ്പെടുത്തുന്ന ദൈവം, മനുഷ്യനെയാണ് തന്നിലുള്ള വിശ്വാസത്തിലേക്ക് ക്ഷണിക്കുന്നത്. മനുഷ്യന്‍റെ ഉല്‍പത്തി, പരിണാമം, മോണോജനിസം (ഏകദമ്പതികളില്‍ നിന്ന് മനുഷ്യകുലം മുഴുവന്‍ ആവിര്‍ഭവിച്ചു.) എന്ന സിദ്ധാന്തം, ആദത്തിനു ശേഷമുള്ള വ്യക്തികളുടെ ആരംഭം തുടങ്ങിയവയാണ് ഈ വിജ്ഞാന ശാഖയിലെ അടിസ്ഥാന ചിന്താവിഷയങ്ങള്‍. വിവിധങ്ങളായ കാര്യങ്ങള്‍ മനുഷ്യനെ സംബന്ധിച്ച് ഇവിടെ വിചിന്തനത്തിന് വിധേയമാക്കുന്നുണ്ട്. ഹീബ്രൂ, ഗ്രീക്ക് കാഴ്ചപാടുകളനുസരിച്ച് മനുഷ്യന്‍ ആരാണ്, സമാന്തര സുവിശേഷങ്ങളിലും, വിശുദ്ധ പൗലോസിന്‍റെ ലേഖനങ്ങളിലും കാണുന്ന മനുഷ്യ ശാസ്ത്രം എന്താണ്, സഭയുടെ ഔദ്യോഗിക പ്രമാണരേഖകളില്‍ മനുഷ്യനെ കാണുന്നതെങ്ങനെ, മനുഷ്യനെപ്പറ്റിയുള്ള ദൈവശാസ്ത്ര വിചിന്തനങ്ങളേവ, മനുഷ്യന്‍ ആത്മാവും ശരീരവും ചേരുന്ന യാഥാര്‍ത്ഥ്യമാണെന്നുള്ളതിന്‍റെ ദൈവശാസ്ത്രപരമായ വിശദീകരണമെന്ത്, ദൈവഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവനാണ് മനുഷ്യനെന്ന വിശുദ്ധ ഗ്രന്ഥാധിഷ്ഠിത വീക്ഷണത്തെക്കുറിച്ചുള്ള സഭാപിതാക്കന്മാരുടെ പ്രബോധനങ്ങള്‍ ഏവ, തുടങ്ങിയവയെല്ലാം ഇതില്‍പ്പെടുന്നു. കൂടാതെ പാപത്തിന് മുമ്പുള്ള മനുഷ്യന്‍റെ സ്ഥിതി, പാപിയായ മനുഷ്യന്‍, ആദിപാപം, പാപത്തിന്‍റെ പരിണിത ഫലങ്ങള്‍, ആദിപാപത്തെക്കുറിച്ചുള്ള സഭയുടെ ഔദ്യോഗിക നിലപാട്, ത്രെന്തോസ് സൂനഹദോസ്സിന് മുമ്പും പിമ്പുമുള്ള സമീപനങ്ങള്‍, ആദിപാപവും ലോകത്തിന്‍റെ പാപവും, ആദി പാപവും മോണാജനിസവും തുടങ്ങി വളരെയേറെ കാര്യങ്ങള്‍ ഇവിടെ പരിചിന്തനം ചെയ്യപ്പെടുന്നു. മൗലിക ദൈവശാസ്ത്രത്തിന്‍റെ സ്വാഭാവം കൊണ്ട്  അതില്‍ പ്രതിപാദിക്കുന്ന കാര്യങ്ങളൊക്കെ മറ്റു വിഭാഗങ്ങളിലും ഒരു പരിധിവരെ ഉള്‍പ്പെടും. അതിനാല്‍ പരസ്പര ബന്ധമില്ലാത്ത രീതിയില്‍ ഈ ഉപശാഖകളെ വിഭജിക്കുന്നത് ശരിയായൊരു ദൈവശാസ്ത്രസമീപനമായിരിക്കില്ല. മൗലികദൈവശാസ്ത്രം എന്നു പറയുന്നത് നമുക്കു വിശദീകരിക്കുവാന്‍ വിഷമമുള്ള വിശ്വാസം മാത്രമല്ല ആധുനികവിശകലനപ്രതിപാദനരീതികളും, നൂതനങ്ങളായ ഗവേഷണപ്രസ്ഥാനങ്ങളും, വളരെ വിപുലീകൃതസ്വഭാവമുള്ള ചര്‍ച്ചകളും ഉള്‍ക്കൊള്ളുന്നുണ്ട്. അതിനാല്‍ മൗലികദൈവശാസ്ത്രം അസ്തിത്വപരവും, താത്ത്വികവും, ചരിത്രപരവും പ്രായോഗികവുമായ രീതികള്‍ (Methods) അവലംബിക്കുന്നു.

മൗലികദൈവശാസ്ത്രത്തില്‍ ചില അടിസ്ഥാന സങ്കല്പങ്ങളുണ്ട്. സംശയത്തിന് ഈ ദൈവശാസ്ത്രശാഖയില്‍ സ്ഥാനമില്ല. മാത്രമല്ല യാഥാര്‍ത്ഥ്യത്തോട് വിമര്‍ശനപരമായ ഒരു നിലപാട് സ്വീകരിക്കുകയും ചെയ്യുന്നു. ഈ അടിസ്ഥാന സങ്കല്പത്തെപ്പറ്റി ബോധവാനായിക്കൊണ്ട് ഒരു മൗലികദൈവശാസ്ത്രജ്ഞന്‍ തന്‍റെ നിലപാട് ആധികാരികമായി വെളിപ്പെടുത്തുന്നു. 

തന്നെപ്പറ്റിയും ഈ ലോകത്തെപ്പറ്റിയുമുള്ള  ഒരുവന്‍റെ ജീവിതാനുഭവങ്ങളാണ് മൗലിക ദൈവശാസ്ത്രത്തിന്‍റെ രണ്ടാമത്തെ ഘടകം. ഈ മാധ്യമങ്ങളിലൂടെയാണ് ഒരുവന്‍ വെളിപാടു മനസ്സിലാക്കുന്നതും, സ്വീകരിക്കുന്നതും. മൗലിക ദൈവശാസ്ത്രം വെളിപാടിനു പ്രത്യുത്തരം നല്കുന്ന വിശ്വാസത്തെ അടിസ്ഥാനഘടകമായി സങ്കല്പിക്കുന്നുവെങ്കില്‍ മനുഷ്യന്‍റെ ജീവിതാനുഭവങ്ങളില്‍ ഈ വെളിപാടിനെ സ്വീകരിക്കുവാനുള്ള വ്യവസ്ഥകളും സങ്കല്പിക്കുന്നു.

മൗലിക ദൈവശാസ്ത്രത്തിന്‍റെ മൂന്നാമത്തെ സങ്കല്പം വിശ്വാസവും, മനുഷ്യാനുഭവവും തമ്മിലുള്ള ആന്തരികബന്ധം വ്യക്തമാക്കുന്നതിന് യുക്തി (reason) ക്ക് കഴിയും എന്നതാണ്. വിശ്വാസത്തെ മാറ്റിനിറുത്താതെയും, നശിപ്പിക്കാതെയും അതിനൊരു ശാസ്ത്രീയവിശകലനം നല്കുവാന്‍ സാധിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നു.

സഭ, കൂദാശകള്‍ തുടങ്ങിയ യാഥാര്‍ത്ഥ്യങ്ങള്‍ വിശദീകരിക്കുവാനുള്ള പരിശ്രമത്തില്‍ മറ്റു ദൈവശാസ്ത്രശാഖകള്‍ വെളിപാട് ഉപയോഗപ്പെടുത്തുമ്പോള്‍, മൗലികദൈവശാസ്ത്രം വെളിപാടിനെപ്പറ്റിത്തന്നെ പഠിക്കുന്നു. വെളിപാട്, വിശ്വാസം, പാരമ്പര്യം, ദൈവനിവേശനം തുടങ്ങിയ കാര്യങ്ങള്‍ ആധികാരികമായി പഠിപ്പിക്കുകയാണ് ഈ ശാസ്ത്രശാഖയുടെ ലക്ഷ്യം.

 താത്ത്വിക ദൈവശാസ്ത്രം (Systematic or Dogmatic Theology)

ദൈവത്തെപ്പറ്റിയും അവിടുത്തെ പ്രവര്‍ത്തനങ്ങളെപ്പറ്റിയുമുള്ള സിദ്ധാന്തപര (Theoreltical) മായ പഠനമാണ് ക്രമീകൃതദൈവശാസ്ത്രം അഥവാ താത്ത്വികദൈവശാസ്ത്രം. ആരംഭകാലങ്ങളില്‍ മൗലിക ദൈവശാസ്ത്രത്തെ 'പൊതുതാത്ത്വികദൈവശാസ്ത്രം' (general dogmatic theology) എന്നുവിളിച്ചിരുന്നു. താത്ത്വിക ദൈവശാസ്ത്രത്തിന്‍റെ പരിധിയില്‍ വരുന്ന കാര്യങ്ങള്‍ക്ക് 'പ്രത്യേക താത്ത്വിക' ദൈവശാസ്ത്രം (Special domatic theology) എന്നും പേരു നല്കിയിരുന്നു. എന്നാല്‍ ഇന്ന് ദൈവശാസ്ത്രത്തില്‍ മൗലിക ദൈവശാസ്ത്രമെന്നും, താത്ത്വിക ദൈവശാസ്ത്രമെന്നുമുള്ള വേര്‍തിരിവ് വ്യക്തമായിട്ടുണ്ട്. 

 

 എന്താണ് താത്ത്വിക ദൈവശാസ്ത്രം

താത്ത്വിക ദൈവശാസ്ത്ര ശാഖകളാണ് ദൈവശാസ്ത്രത്തിലെ ഏറ്റവും കാതലായ ഭാഗം. അതുകൊണ്ട് ദൈവശാസ്ത്രത്തെപ്പറ്റിയുള്ള നിര്‍വ്വചനംതന്നെ ഇതിനുള്ള നിര്‍വ്വചനമായും പരിഗണിക്കാറുണ്ട്. വസ്തുനിഷ്ഠ (objectively) മായി നോക്കുമ്പോള്‍ ദൈവശാസ്ത്രം ദൈവത്തെപ്പറ്റിയുള്ള പഠനമാണല്ലോ. വ്യക്തിനിഷ്ഠ (Subjectively) മായി പറഞ്ഞാല്‍ ദൈവത്തെപ്പറ്റിയും ദൈവിക യാഥാര്‍ത്ഥ്യങ്ങളെപ്പറ്റിയുമുള്ള ഒരുവന്‍റെ അറിവാണിത്. വെളിപാടിലധിഷ്ഠിതമായി, ദൈവത്തെപ്പറ്റിയും, ദൈവിക കാര്യങ്ങളെപ്പറ്റിയും വസ്തുനിഷ്ഠവും ക്രമീകൃതവുമായ രീതിയില്‍ പ്രതിപാദിക്കുന്നതാണ് ദൈവശാസ്ത്രം. ദൈവത്തിന്‍റെ അസ്തിത്വത്തേയോ, സത്തയേയോപറ്റിയുള്ള ഏതാനും ചില കാര്യങ്ങള്‍ മാത്രമല്ല, ദൈവത്താല്‍ വെളിപ്പെടുത്തപ്പെട്ട എല്ലാ സത്യങ്ങളും ഇവിടെ പഠനവിഷയമാക്കുന്നു. വിശ്വാസത്തിന്‍റെ ഉറവിടങ്ങളില്‍ കാണുന്ന എല്ലാ സത്യങ്ങളും ദൈവശാസ്ത്രം പരിഗണിക്കുന്നു. ദൈവശാസ്ത്രത്തില്‍ ഒരു പഴഞ്ചൊല്ലുണ്ട്: "ദൈവശാസ്ത്രം ദൈവത്തെപ്പറ്റി പഠിപ്പിക്കുന്നു, ദൈവത്താല്‍ പഠിപ്പിക്കപ്പെടുന്നു. ദൈവത്തിലേയ്ക്കു നയിക്കുന്നു"വെന്ന്.

കത്തോലിക്കാ ദൈവശാസ്ത്രമെന്നു പറയുന്നത് ഗണിതശാസ്ത്രമോ തത്ത്വശാസ്ത്രമോപോലുള്ള ഒന്നല്ല. പ്രത്യുത, സ്വഭാവത്താല്‍തന്നെ ആധികാരികമായിട്ടുള്ള ഒന്നാണ്. വിശ്വാസത്തിന്‍റെ  രഹസ്യാത്മകതയിലും, വെളിപാടിന്‍റെ ആധികാരികതയിലും, ഈശോയാല്‍ സ്ഥാപിക്കപ്പെട്ട സഭയുടെ തെറ്റാവരത്താലും അധിഷ്ഠിതമാണ് ഈ ദൈവശാസ്ത്രത്തിന്‍റെ അദ്ധ്യാപനം. വിശ്വാസത്തിന്‍റെ ഉള്‍ക്കാമ്പ് സമ്പൂര്‍ണ്ണമായി സൂക്ഷിക്കുകയും തെറ്റുപറ്റാതെ അതു പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ് സഭയുടെ ദൗത്യം. സഭാത്മകമായ ഈ മാനം ദൈവശാസ്ത്രത്തിന്‍റെ സ്വഭാവത്തില്‍നിന്നും നിര്‍ഗളിക്കുന്നതാണ്. വെളിപാടിന്‍റെ അസ്തിത്വവും വെളിപ്പെടുത്തപ്പെട്ട സത്യങ്ങളെ തെറ്റുപറ്റാതെ സൂക്ഷിക്കുവാനും പഠിപ്പിക്കുവാനുമുള്ള ചുമതലയും സഭയുടേതാണെന്ന് അംഗീകരിക്കാതെ തരമില്ല. ഒരു കത്തോലിക്കനെ സംബന്ധിച്ചിടത്തോളം സഭയെ കൂടാതെയുള്ള ദൈവശാസ്ത്രം ദൈവത്തെ കൂടാതെയുള്ള ദൈവശാസ്ത്രത്തിനു തുല്യമാണ്. സഭയിലും, സഭയിലൂടെയുമാണ് നാം ദൈവത്തെ കാണുന്നതും, അറിയുന്നതും, അനുഭവിക്കുന്നതും. അതുകൊണ്ട് താത്ത്വിക ദൈവശാസ്ത്രത്തെ, ദൈവത്തെപ്പറ്റിയും അവിടുത്തെ പ്രവര്‍ത്തനങ്ങളെപ്പറ്റിയുമുള്ള താത്ത്വികവും ശാസ്ത്രീയവുമായ അവതരണമെന്നു നിര്‍വ്വചിക്കാം.

 താത്ത്വികദൈവശാസ്ത്രശാഖയിലെ ഉപശാഖകള്‍

  • പരി. ത്രിത്വം (Holy Trinity)

പരി. ത്രിത്വത്തെക്കുറിച്ചുള്ള പഠനമാണ് താത്ത്വിക ദൈവശാസ്ത്രത്തില്‍ ആദ്യത്തെ ഘടകം. ദൈവം ത്രിത്വമാണെന്ന യാഥാര്‍ത്ഥ്യമാണ് ഇവിടെ പ്രത്യേകമായും പഠനവിഷയമാക്കുന്നത്. പഴയനിയമത്തില്‍ ദൈവത്തിന്‍റെ സ്വഭാവം പല വിധത്തിലും കാലാകാലങ്ങളില്‍ വെളിപ്പെടുത്തപ്പെട്ടുവെങ്കിലും ദൈവം ത്രിത്വമാണെന്ന കാര്യം അവിടെ അത്ര വ്യക്തമല്ല. പുതിയ നിയമത്തിലാണ് ദൈത്തിന്‍റെ വെളിപാട് പൂര്‍ണ്ണമാകുന്നത്. ദൈവം ത്രിത്വമാണെന്ന പ്രസ്താവന പുതിയനിയമത്തില്‍ ഒരിടത്തും നാം കാണുന്നില്ലെങ്കിലും ദൈവം ത്രിത്വമാണെന്ന യാഥാര്‍ത്ഥ്യം അവിടെ വ്യക്തമാണ്. ദൈവം, പിതാവും പുത്രനും പരിശുദ്ധാത്മാവും കൂടിയ ഒരു പൂര്‍ണ്ണകൂട്ടായ്മയാണ്. ഈ ബന്ധത്തിന് 'പെരിക്കൊറേസിസ്' (Perichoresis) എന്നു പറയുന്നു. ഈ ദൈവാനുഭവം കൂടുതലായും സഭാപിതാക്കന്‍മാരുടെ ഗ്രന്ഥങ്ങളിലൂടെയാണ് വ്യക്തമാക്കപ്പെട്ടത്. ദൈവം മൂന്നു വ്യക്തികളുടെ കൂട്ടായ്മണെന്നും ദൈവത്തില്‍ ഏകസ്വഭാവമാണുള്ളതെന്നും സഭയിലെ ആദ്യകാല സാര്‍വ്വത്രികസൂനഹദോസുകള്‍ വ്യക്തമാക്കി. അപ്രകാരം ത്രിയേകദൈവം ക്രൈസ്തവവിശ്വാസത്തിന്‍റെ കേന്ദ്രബിന്ദുവും സഭയുടെ വിശ്വാസസത്യവുമായി. ശരിയായിട്ടുള്ള ദൈവശാസ്ത്രവീക്ഷണത്തിനും വിചിന്തനത്തിനും ദൈവം ത്രിത്വമാണെന്ന കാഴ്ചപ്പാട് കൂടിയേ തീരൂ. എന്നാല്‍ മദ്ധ്യകാലഘട്ടങ്ങളില്‍ ദൈവം ത്രിത്വമാണെന്ന ആശയം ഒരു പരിധിവരെ വിസ്മരിക്കപ്പെട്ടു. അതിന്‍റെ ഫലമായി ഈ ദൈവശാസ്ത്രശാഖയില്‍ പല വ്യതിചലനങ്ങളും ഉണ്ടായി. ഉദാഹരണമായി Patromonism(പിതാവിന് കൂടുല്‍ ഊന്നല്‍ കൊടുക്കുന്നു) christo monisam (മിശിഹായ്ക്കു അധികമായ ഊന്നല്‍) Pneumatomonism(പ.റൂഹായ്ക്കു കൂടുതല്‍ ഊന്നല്‍) Filioque വിവാദം (പ. റൂഹാ പിതാവില്‍നിന്നും പുത്രനില്‍നിന്നും പുറപ്പെടുന്നു - പാശ്ചാത്യ ദൈവശാസ്ത്ര ചിന്താഗതിയാണിത്) തുടങ്ങിയവയെല്ലാം. എന്നാല്‍ 19-ാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധം മുതല്‍ "ത്രിയേകദൈവ" ശാസ്ത്രം വീണ്ടും ശക്തമായി പ്രത്യക്ഷപ്പെടുവാന്‍ തുടങ്ങി. വളരെയേറെ എക്യുമെനിക്കല്‍ പ്രാധാന്യമുള്ള ഒരു വിഷയം കൂടിയാണ് 'ത്രിയേകദൈവശാസ്ത്രം. ഈ ത്രിയേകദൈവശാസ്ത്രത്തെ താത്ത്വികദൈവശാസ്ത്രത്തിന്‍റെ സിരാകേന്ദ്രമെന്നും വിളിക്കാം. ഇന്നു ദൈവശാസ്ത്രത്തില്‍ വന്നിട്ടുള്ള ശരിയായ പല വീക്ഷണങ്ങളുടേയും മൂലകാരണം ദൈവം ത്രിത്വമാണെന്നുള്ള ബോദ്ധ്യമാണ്.

  • സൃഷ്ടി (Creation)

ദൈവത്തെപ്പറ്റിയുള്ള ചിന്ത കഴിഞ്ഞാല്‍ സൃഷ്ടിയെപ്പറ്റിയാണ് അടുത്ത ചിന്ത. സൃഷ്ടിയുടെ അര്‍ത്ഥമെന്ത്? ദൈവം എന്തുകൊണ്ടു ലോകത്തെ സൃഷ്ടിച്ചു? ഈ രണ്ടു കാര്യങ്ങളാണ് ഇവിടെ കൂടുതലായി പ്രതിപാദിക്കപ്പെടുന്നത്. ഇതു മനുഷ്യശാസ്ത്ര (anthropology) വുമായി ഏറെ ബന്ധപ്പെട്ട ഒരു കാര്യമാണ്. സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള ബന്ധം ഈ ദൈവശാസ്ത്രശാഖയിലെ അടിസ്ഥാനപരമായ പഠനവിഷയമാണ്. ഇല്ലായ്മയില്‍നിന്നു (out of nothing) ദൈവം എല്ലാം സൃഷ്ടിച്ചു എന്നതാണ് ഇവിടുത്തെ കാതലായ ചിന്താവിഷയം.

  • സഭാവിജ്ഞാനീയം (Ecclesiology)

സഭ എന്താണെന്നും, സഭയുടെ ആത്യന്തിക ലക്ഷ്യമെന്താണെന്നും ഇവിടെ പഠനവിഷയമാക്കുന്നു. ഇന്നു സഭയെക്കുറിച്ചു പഠിക്കുക സഭയെപ്പറ്റിയുള്ള 2-ാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ വീക്ഷണത്തിന്‍റെ വെളിച്ചത്തിലാണ്. സഭ എന്നു പറഞ്ഞാല്‍ ദൈവജനം, മിശിഹായുടെ ഭൗതികശരീരം, പരി. റൂഹായുടെ ആലയം എന്നൊക്കെയാണര്‍ത്ഥം. അതേസമയം ഈ സഭ മിശിഹായുടെ കൂദാശയുമാണ്. സഭയുടെ വി. ഗ്രന്ഥാടിസ്ഥാനം, ദൈവശാസ്ത്രപരമായ അടിസ്ഥാനം എന്നീ കാര്യങ്ങള്‍ സഭയെക്കുറിച്ചുള്ള പ്രതിപാദനത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഇന്നു സഭയിലൂടെ പ്രവര്‍ത്തിക്കുന്നത് ഈശോയും പരി. റൂഹായുമത്രേ. സഭ ഒരു സംഘടനയോ, പ്രസ്ഥാനമോ അല്ല പ്രത്യുത, ദൈവികമേഖലയാണ്. സഭയെപ്പറ്റിയുള്ള കൗണ്‍സിലിന്‍റെ ഏറ്റവും വലിയ കാഴ്ചപ്പാട് സഭ ഒരു കൂട്ടായ്മയാണെന്നുള്ളതാണ്. കുറച്ചുകൂടി വിശദമായി പറഞ്ഞാല്‍, സഭ അനേകം സഭകളുടെ, പാശ്ചാത്യപൗരസ്ത്യ സഭകളുടെ, കൂട്ടായ്മയാണ്. മൂന്നെങ്കിലും ഒന്നായിരിക്കുന്ന ദൈവത്തിലുള്ള കൂട്ടായ്മയുടെ പ്രതിഫലനമാണു സഭ. 'സഭ' എന്നുപറയുമ്പോള്‍ അത് അനേകം മാനങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. പ്രാദേശികസഭ (Local church) പ്രത്യേകസഭ (Particular Church) വ്യക്തിസഭ (Individual Church), സഹോദരീസഭ (Sister Church) തുടങ്ങിയവയാണവ. സാര്‍വ്വത്രികസഭ (Universal Church) എന്നുപറയുന്നത്, ഈ പ്രാദേശികസഭകളിലും പ്രത്യേകസഭകളിലും നിന്നുമാണ് ഉടലെടുക്കുക. സഭയിലെ കൂട്ടായ്മ ഏറ്റവും പ്രധാനമായി മൂന്നു കാര്യങ്ങളിലുള്ളതാണ്: വിശ്വാസം, കൂദാശകള്‍, ഹയരാര്‍ക്കി. ഈ കൂട്ടായ്മ ഒരിക്കലും ഐകരൂപ്യം കാംക്ഷിക്കുന്നില്ല. മേല്‍പറഞ്ഞവയിലൂടെ സഭകള്‍ ഐക്യപ്പെട്ടിരുന്നുവെങ്കിലും ഓരോ സഭയും അതിന്‍റേതായ ശ്ലൈഹികപാരമ്പര്യം, ആരാധനക്രമം, ദൈവശാസ്ത്രം, ആദ്ധ്യാത്മികത, ഭരണക്രമം എന്നിവയിലൂടെ അതിന്‍റെ വ്യതിരിക്തതയും വൈവിധ്യവും പ്രകടമാക്കുന്നു. സഭയിലെ ഐക്യം വൈവിധ്യത്തിലെ ഐക്യമാണ്. കത്തോലിക്കാവിശ്വാസത്തില്‍ നില്ക്കുന്ന സഭകളെല്ലാം തമ്മില്‍ പൂര്‍ണ്ണമായ കൂട്ടായ്മയുണ്ട്. കത്തോലിക്കാസഭയും അകത്തോലിക്കാസഭയും തമ്മിലും കൂട്ടായ്മയുണ്ട്. പക്ഷേ, അത് അപൂര്‍ണ്ണമാണ്. അതുകൊണ്ട് എക്യുമെനിസം (സഭൈക്യം) സഭാശാസ്ത്രത്തിന്‍റെ തന്നെ ഒരു ഭാഗമാകുന്നു. സഭയിലെ കൗണ്‍സിലുകള്‍, മെത്രാന്മാരുടെ സംഘാതാത്മകത, വി.കുര്‍ബ്ബാന എന്നിവയെല്ലാം സഭയുടെ കൂട്ടായ്മയുടെ തനിമ വ്യക്തമാക്കുന്ന യഥാര്‍ത്ഥ്യങ്ങളത്രേ. മേല്പറഞ്ഞകാര്യങ്ങള്‍ കൂടാതെ സഭയുടെ പ്രേഷിത സ്വഭാവം, സഭയിലെ അധികാരം, സഭയും ലോകവും തമ്മിലുള്ള ബന്ധം തുടങ്ങിയവയെല്ലാം ഇവിടെ പഠനവിഷയമാകുന്നു. സഭയുടെ അടിസ്ഥാഗുണവിശേഷങ്ങളായ ഏകത്വം കാതോലികത്വം, ശ്ലൈഹികത്വം വിശുദ്ധി തുടങ്ങിയ യാഥാര്‍ത്ഥ്യങ്ങളെപ്പറ്റിയുള്ള ദൈവശാസ്ത്രപരമായ സമീപനം സഭയുടെ സ്വഭാവത്തെ വെളിവാക്കും. സഭയുടെ തീര്‍ത്ഥാടന സ്വഭാവം, യുഗാന്ത്യോന്മുഖമായ പ്രയാണം എന്നിവയും പരിചിന്തനവിധേയമാക്കേണ്ടവിഷയങ്ങളാണ്.

  • ക്രിസ്തുവിജ്ഞാനിയം (Christology)

ക്രിസ്തു കേന്ദ്രീകരിച്ചുകൊണ്ടുള്ള ദൈവശാസ്ത്രശാഖയാണിത്. മദ്ധ്യകാലഘട്ടങ്ങളിലെല്ലാം മിശിഹാവിജ്ഞാനിയം, മിശിഹായുടെ വ്യക്തിത്വത്തെയും സ്വഭാവങ്ങളെയും (ദൈവ-മനുഷ്യ) പറ്റിയുള്ള ഒരു പഠനം മാത്രമായി ചുരുങ്ങിയിരുന്നു. എന്നാല്‍ ഇന്ന് മിശിഹാവിജ്ഞാനിയം വേറൊരു പന്ഥാവില്‍ എത്തിയിരിക്കുകയാണ്. എല്ലാ ദൈവശാസ്ത്രജ്ഞന്‍മാരും ഇന്നു ചരിത്രപുരുഷനായ ഈശോയ്ക്ക് (Historical jesus) ഏറെ പ്രാധാന്യം കൊടുക്കുന്നു. യഹൂദനായി പിറന്ന, മനുഷ്യനായി ജീവിച്ച ഈശോയാണ് ഇവിടെ പ്രാധാനം. അതിനുശേഷമാണ് വിശ്വാസത്തിലുള്ള  ഈശോയ്ക്ക് (Christ of faith) ഊന്നല്‍. അതായത് വിവിധ ക്രൈസ്തവപാരമ്പര്യങ്ങളില്‍, വിവിധ സുവിശേഷങ്ങളില്‍ ക്രിസ്തുവിനെപ്പറ്റിയുള്ള ധാരണയും വിശ്വാസവും എപ്രകാരം വളര്‍ന്നു എന്നുള്ള കാര്യം. ഈശോയുടെ സന്ദേശം, വ്യക്തിത്വം, പീഡാസഹനം, മരണം, ഉത്ഥാനം എന്നിവയെല്ലാം ഇവിടെ പഠനവിഷയമാകുന്നു.

മിശിഹാവിജ്ഞാനീയത്തിലെ മറ്റൊരു സുപ്രധാനശാഖയാണ് ഡോഗ്മാറ്റക് മിശിഹാവിജ്ഞാനീയം. സഭയുടെ ആരംഭകാലം മുതല്‍ ദൈവശാസ്ത്രത്തില്‍ അലക്സാണ്ഡ്രിയായിലെ ദൈവശാസ്ത്രപാഠശാല (Alexandrian School)യും അന്ത്യോക്യായിലെ ദൈവശാസ്ത്രപാഠശാല (Antiochean School)യും നിസ്സിബിയാ, എദേസ്സാ (Nisibian, Edessan ) പാഠശാലകളും തങ്ങളുടേതായ വ്യത്യസ്ത കാഴ്ചപ്പാടുകളിലൂടെ ദൈവശാസ്ത്രത്തിന് രൂപംകൊടുത്തിരുന്നു. മിശിഹാ വിജ്ഞാനീയത്തില്‍ ഇതു വളരെ ശക്തമായി അനുഭവപ്പെടുകയും ചെയ്തിരുന്നു. എഫേസൂസ്, കാത്സിഡോണ്‍ തുടങ്ങിയ കൗണ്‍സിലുകളിലൂടെ ഈശോയില്‍ ഏകവ്യക്തിയും (ദൈവികം) ഇരുസ്വഭാവങ്ങളും (ദൈവ-മനുഷ്യ) ഉണ്ടെന്നു സമര്‍ത്ഥിച്ചു. ഇതാണ് മിശിഹാവ്യക്തിത്വത്തിന്‍റെ അനന്യത. ഇതിന്‍റെ വെളിച്ചത്തില്‍ (hypostatic union) ഹ്യുപ്പോസ്റ്റാറ്റിക് യൂണിയന്‍ (two wills) രണ്ടു മനസ്സുകള്‍  (two activities) രണ്ടു പ്രവര്‍ത്തനങ്ങള്‍ (cross predication) ദൈവമനുഷ്യ സ്വഭാവങ്ങള്‍ തമ്മിലുള്ള ബന്ധം (impecabilty) പാപമില്ലാത്ത അവസ്ഥ തുടങ്ങിയവയെല്ലാം പഠനവിധേയമാകുന്നു. ചരിത്രത്തിലൂടെയും, വി. ഗ്രന്ഥത്തിലൂടെയും ഡോഗ്മായിലൂടെയും വളര്‍ന്ന മിശിഹാവിജ്ഞാനീയം ഇന്ന് അനേകം തരത്തിലുള്ള ദൈവശാസ്ത്രവിചിന്തനങ്ങള്‍ക്ക് വിഷയമായിത്തീര്‍ന്നിരിക്കുന്നു. അതാണ് ആധുനിക മിശിഹാവിജ്ഞാനീയം. വിമോചന ദൈവശാസ്ത്രം ഉള്‍പ്പെടെ ദൈവശാസ്ത്രത്തില്‍ വന്നിട്ടുള്ള നൂതനചിന്താധാരകളെല്ലാം മിശിഹാ വിജ്ഞാനീയത്തില്‍ വന്നിട്ടുള്ള മാറ്റങ്ങളുടെ ഫലമാണ്. അവസാനമായി രക്ഷയെക്കുറിച്ചുള്ള ദൈവശാസ്ത്രവും ശരിയായിട്ടുള്ള മിശിഹാവിജ്ഞാനീയത്തിനു മകുടം ചാര്‍ത്തുന്ന ഭാഗമാണെന്നു പറയാം. ഈശോ എന്ന വ്യക്തിയെ അവിടുത്തെ പ്രവൃത്തികളില്‍നിന്നു നമുക്കു വേര്‍തിരിച്ചുകാണാന്‍ പറ്റില്ല. നസ്രത്തിലെ ഈശോ നമ്മുടെ രക്ഷകന്‍ (Saviour) ആണ് എന്നു നമ്മള്‍ വിശ്വസിക്കുകയും ഏറ്റുപറയുകയും ചെയ്യുമ്പോഴാണ് മിശിഹാവിജ്ഞാനീയം പൂര്‍ണ്ണമാകുന്നത്. ഈശോയുടെ പീഡാസഹനത്തിന്‍റേയും കുരിശുമരണത്തിന്‍റേയും രക്ഷാകരമൂല്യത്തിന് ഇവിടെ കൂടുതല്‍ പ്രാധാന്യം നല്കുന്നു.

  • പരിശുദ്ധ റൂഹാവിജ്ഞാനീയം (Pneumatology)

പരിശുദ്ധ റൂഹായെപ്പറ്റിയുള്ള ദൈവശാസ്ത്രപഠനമാണിത്. പൗരസ്ത്യസഭകളിലാണ് ഇതിന് ഏറെ പ്രാധാന്യം കിട്ടിയത്. പരിശുദ്ധ റൂഹായെ വെറും ഒരു ശക്തിയായി കാണാതെ ദൈവത്തിലെ മൂന്നാമത്തെ വ്യക്തിയായി ഈ ശാസ്ത്രശാഖ കാണുന്നു. അര്‍ത്ഥവത്തായ ഒരു ത്രിയേക ദൈവവിജ്ഞാനീയത്തിന്‍റെ വെളിച്ചത്തില്‍ മാത്രമേ റൂഹായെപ്പറ്റിയുള്ള പഠനം സുഗ്രഹമാകൂ. Filioque വിവാദത്തിന്‍റെ (പാശ്ചാത്യ ദൈവശസ്ത്രചന്താഗതിയനുസരിച്ച് പ. റൂഹാ പിതാവില്‍നിന്നും പുത്രനില്‍നിന്നും പുറപ്പെടുന്നു. പൗരസ്ത്യചിന്താഗതിയനുസരിച്ച് പിതാവില്‍നിന്ന് പുത്രനിലൂടെ പ. റൂഹാ പുറപ്പെടുന്നു. ഈ വ്യത്യസ്ത വീക്ഷണങ്ങളാണ് വിവാദങ്ങള്‍ക്കു കാരണമായത്) പശ്ചാത്തലത്തില്‍ ശരിക്കും പരിശുദ്ധ റൂഹാ കേന്ദ്രിതമായ ഒരു ദൈവശാസ്ത്രം അവശ്യാവശ്യകമാണെന്ന് ആധുനിക ദൈവശാസ്ത്രജ്ഞന്‍മാര്‍ എടുത്തുകാണിക്കുന്നു. അതുകൊണ്ട് ഇതിനെ റൂഹായുടെ വരങ്ങളേയും ദാനങ്ങളേയുംപറ്റിയുള്ള ഒരു പഠനമായിമാത്രം കാണുന്നത് ഒരിക്കലും ശരിയായിരിക്കില്ല. പിന്നെയോ ദൈവശാസ്ത്രത്തില്‍ അടിസ്ഥാനപരമായി സ്വീകരിക്കേണ്ട ഒരു സമീപനമായി ഇതിനെ കണക്കിലെടുക്കണം. ദൈവത്തിലെ മൂന്നാമാളിനെക്കുറിച്ചുള്ള ഒരു പഠനം മാത്രവുമല്ലിത്. പ്രത്യുത ദൈവശാസ്ത്രത്തിന്‍റെതന്നെ തനിമയെ വെളിവാക്കുന്ന നിര്‍ണ്ണായകമായ ശാസ്ത്രശാഖയാണിത്. ആധുനിക ദൈവശാസ്ത്രത്തിലെ Pneuma- Christ ഈ അരൂപി ദൈവശാസ്ത്രത്തിന്‍റെ വികാസഫലമാണ്. ഈ വീക്ഷണമനുസരിച്ച് പരിശുദ്ധ റൂഹായെ കൂടാതെ മിശിഹായോ മിശിഹായെ കൂടാതെ പരിശുദ്ധ റൂഹായോ ഇല്ല.

  • കൃപാവരം (Grace)

അര്‍ത്ഥവത്തായ ഒരു ത്രിയേകദൈവശാസ്ത്രത്തിന്‍റെ വെളിച്ചത്തില്‍ വേണം നാം കൃപാവരത്തെ കാണുവാന്‍. ഉത്ഥിതനായ മിശിഹായുടെ അരൂപിവഴിയുള്ള ക്രൈസ്തവനീതീകരണം ഇവിടെ പഠനവിഷയമാകുന്നു. ക്രൈസ്തവന്‍ റൂഹായുടെ ആലയമാണ്. റൂഹായുടെ പ്രവര്‍ത്തനം വഴി ഒരു മനുഷ്യനിലുണ്ടാകുന്ന മാനസാന്തരം, ഒരു ക്രൈസ്തവന്‍റെ അരൂപിയിലുള്ള ജീവിതം, റൂഹായുടെ പ്രേരണകള്‍ ദൈവാരൂപിയോടുള്ള വിധേയത്വം തുടങ്ങിയവയൊക്കെ ഇവിടെ ചര്‍ച്ചാവിഷയങ്ങളാണ്. റൂഹായുടെ കൃപാവരം എന്നു പറയുന്നത് അടിസ്ഥാനപരമായും ത്രിയേക ദൈവകേന്ദ്രിതവും, മിശിഹാകേന്ദ്രിതവുമാണ്. അതിനാല്‍ ആത്യന്തികമായി ചിന്തിക്കുമ്പോള്‍ കൃപാവരം ദൈവത്തിന്‍റെ കൃപാവരമാണ്.

  • കൂദാശകള്‍ (Sacraments)

ക്രൈസ്തവദൈവശാസ്ത്രത്തില്‍ കൂദാശകളെക്കുറിച്ചുള്ള പഠനത്തിന് ഏറെ പ്രസക്തിയുണ്ട്. കൂദാശകളുടെ വി. ഗ്രന്ഥാടിസ്ഥാനം, കൂദാശകള്‍ ഈശോ നേരിട്ടു സ്ഥാപിച്ചവയാണോ? ഏഴു കൂദാശകള്‍ എന്ന്, എങ്ങനെ ഉണ്ടായി? തുടങ്ങിയ കാര്യങ്ങളെല്ലാം ഈ ദൈവശാസ്ത്ര ശാഖയിലെ അടിസ്ഥാനപരമായ പരിചിന്തനവിഷയങ്ങളാണ്. ഈശോ കൂദാശകള്‍ സ്ഥാപിച്ച വിധത്തെപ്പറ്റി ഇന്നു ദൈവശാസ്ത്രജ്ഞന്മാരുടെ ഇടയില്‍ വലിയ തര്‍ക്കമുണ്ട്. പലവിധത്തിലുള്ള സിദ്ധാന്തങ്ങളും ഇതിനോടനുബന്ധിച്ചു രൂപപ്പെട്ടിരിക്കുന്നു. കത്തോലിക്കാസഭ ഏഴു കൂദാശകള്‍ ഇന്നും അഭംഗുരം കാത്തു സൂക്ഷിക്കുകയും പരികര്‍മ്മം ചെയ്യുകയും ചെയ്യുന്നു.  പാശ്ചാത്യപൗരസ്ത്യസഭകള്‍ തമ്മില്‍ ഈ കൂദാശകളുടെ അനുഷ്ഠാനത്തിലും അതിന്‍റെ പിന്നിലെ ദൈവശാസ്ത്ര സമീപനത്തിലും കാതലായ വ്യത്യാസമുണ്ട്. ഏഴു കൂദാശകള്‍ ഇന്ന് കത്തോലിക്കാ കൂട്ടായ്മയുടെ ഒരു പ്രധാനഘടകമായി നിലകൊള്ളുന്നു (ഇതരഘടകങ്ങള്‍ വിശ്വാസം, ഹയരാര്‍ക്കി എന്നിവയാണ്). ഈ കൂദാശകളിലെല്ലാമുള്ള ഈശോയുടെ സാന്നിധ്യത്തിന്‍റെ പ്രകൃതം എന്ത് എന്നതാണ് മറ്റൊരു ചിന്താവിഷയം. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ ആവിര്‍ഭാവത്തോടെ കൗദാശികദൈവശാസ്ത്രം വീണ്ടും ആഴത്തില്‍ പഠനവിഷയമായി. അതോടെ കൗദാശികപദ്ധതി (Sacramental Economy) യുടെ പ്രാധാന്യം ഊന്നിപ്പറയുവാന്‍ തുടങ്ങി. ഈശോ അടിസ്ഥാനകൂദാശയായും സഭ രക്ഷയുടെ സാര്‍വ്വത്രികകൂദാശയായും ആധുനികദൈവശാസ്ത്രത്തില്‍ സ്ഥാനംപിടിച്ചു. അദൃശ്യനായ ദൈവത്തെ ദൃശ്യനാക്കിത്തന്ന ഈശോ ദൈവത്തിന്‍റെ കൂദാശയാണ്. ഈശോയുടെ ഉത്ഥാനത്തിനുശേഷം അവിടുന്നു നമുക്ക് അദൃശ്യനാണ്. എന്നാല്‍ അദൃശ്യനായ ഈശോയെ ഇന്നു സഭയാണ് വെളിപ്പെടുത്തുന്നത്. അതുകൊണ്ട് സഭയെ ഈശോയുടെ കൂദാശ എന്നും വിളിക്കുന്നു.

എക്യുമെനിക്കല്‍ പ്രസ്ഥാനങ്ങളില്‍ കൂദാശകളുടെ നേര്‍ക്കുളള സമീപനം ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നു. ആധുനികകാലത്തുവിവിധസഭകള്‍ തമ്മില്‍ നടത്തിയ എക്യുമെനിക്കല്‍ സമ്മേളനങ്ങളുടെയെല്ലാം തന്നെ ചര്‍ച്ചാവിഷയം കൂദാശകളായിരുന്നു. പാശ്ചാത്യസഭയും, പൗരസ്ത്യസഭയും തമ്മില്‍ സമ്മേളിക്കുമ്പോള്‍ ഇരുസഭകളുടെയും കൂദാശകളെക്കുറിച്ചുള്ള ദൈവശാസ്ത്രവീക്ഷണത്തിലെ വ്യത്യാസങ്ങളും ലത്തീന്‍ കത്തോലിക്കാസഭയും അതില്‍ നിന്നു വേര്‍തിരിഞ്ഞ പാശ്ചാത്യക്രൈസ്തവസഭകളും തമ്മില്‍ സമ്മേളിക്കുമ്പോള്‍ വേര്‍പിരിഞ്ഞവരുടെ കൗദാശിക ദൈവശാസ്ത്രത്തിന്‍റെ അപൂര്‍ണ്ണതയും സഭകള്‍ തമ്മിലുള്ള ഐക്യത്തില്‍ പ്രശ്നമായി നില്ക്കുന്നുണ്ട്.

ഏഴു കൂദാശകളെപറ്റിയുള്ള പ്രത്യേകമായ പഠനം അവയുടെ ആരാധനക്രമപരവും ദൈവശാസ്ത്രപരവുമായ പശ്ചാത്തലത്തില്‍ വേണം നടത്തുവാന്‍. എങ്കില്‍ മാത്രമേ സമഗ്രമായ ഒരു കാഴ്ചപ്പാട് അവയെക്കുറിച്ച് ലഭ്യമാകൂ.

മാലാഖമാരെയും പിശാചുക്കളെയും കുറിച്ചുള്ള വിജ്ഞാനീയം (Angelology and Devilology)

മദ്ധ്യകാലഘട്ടങ്ങളില്‍ ഈ രണ്ടു ശാഖകള്‍ക്കും ഏറെ പ്രാധാന്യം കൊടുത്തിരുന്നു. എന്നാല്‍ സ്കൊളാസ്റ്റിക് ദൈവശാസ്ത്രത്തിന്‍റെ പ്രാധാന്യം കുറഞ്ഞതോടുകൂടി ദൈവശാസ്ത്രത്തില്‍ ഇവയുടെ പ്രാധാന്യവും കുറഞ്ഞു.

  • മരിയവിജ്ഞാനീയം (Mariology)

മാതാവ് എന്ന വ്യക്തി, ദൈവമാതൃത്വം എന്നിവയാണ് മരിയോളജിയിലെ സുപ്രധാനമായ ചര്‍ച്ചാവിഷയങ്ങള്‍. തെയോതോക്കോസ് (Theotokos) (ദൈവമാതാവ്), ക്രിസ്റ്റോതോക്കോസ് (Christokos) തുടങ്ങിയ പദങ്ങളെപ്പറ്റിയുള്ള വാഗ്വാദങ്ങളും ഇവയെപ്പറ്റിയുള്ള സഭാപിതാക്കന്‍മാരുടെ നിലപാടുകളും പ്രാധാന്യമര്‍ഹിക്കുന്നു. മാതാവിന്‍റെ നിത്യകന്യകാത്വമാണ് മറ്റൊരു ചിന്താവിഷയം. പ. മറിയത്തിന്‍റെ കന്യാത്വം, രക്ഷണീയകര്‍മ്മത്തിലും സഭയിലും മറിയത്തിനുള്ള സ്ഥാനം തുടങ്ങിയവയെക്കുറിച്ച് വി.ഗ്രന്ഥകാരന്മാരും, സഭാപിതാക്കന്‍മാരും പരിശുദ്ധ മാര്‍പാപ്പാമാരും രണ്ടാം വത്തിക്കാന്‍ സൂനഹദോസും എപ്രകാരം മനസ്സിലാക്കി എന്നുള്ള പഠനമാണ് ഇതിന്‍റെ ഉള്ളടക്കം.

മാതാവും സഭയും തമ്മിലുള്ള ബന്ധം ദൈവശാസ്ത്രപരമായ കാഴ്ചപ്പാടിലൂടെ നോക്കുമ്പോള്‍ ഏറെ പ്രധാനപ്പെട്ടതാണ്. അതുപോലെതന്നെ മാതാവിന് മനുഷ്യരക്ഷയിലുള്ള പങ്ക്, മാതാവിനോടു മാദ്ധ്യസ്ഥ്യം പ്രാര്‍ത്ഥിക്കുന്നതിലുള്ള പ്രസക്തി തുടങ്ങിയവയൊക്കെ മരിയോളജിയിലെ ശ്രദ്ധേയമായ വിഷയങ്ങളത്രേ. മാതാവിന്‍റെ അമലോത്ഭവം, സ്വര്‍ഗ്ഗാരോപണം തുടങ്ങിയ ഡോഗ്മകളും ഈ ശാസ്ത്രശാഖയില്‍ പ്രാധാന്യമര്‍ഹിക്കുന്നു. ആധുനികദൈവശാസ്ത്രത്തില്‍ മാതാവിനെ കേന്ദ്രമാക്കിയുള്ള ധാരാളം ഭക്താഭ്യാസങ്ങള്‍ അപ്രത്യക്ഷമാവുകയും അതേസമയം ചില ദൈവശാസ്ത്രാഭിമുഖ്യങ്ങള്‍ക്ക്-ഉദാഹരണത്തിന് സഭയും മാതാവും തമ്മിലുള്ള ബന്ധം - പ്രാധാന്യം ലഭിക്കുകയും ചെയ്തിട്ടുണ്ട്.

  • യുഗാന്ത്യോന്മുഖ ദൈവശാസ്ത്രം (Eschatology)

ക്രൈസ്തവാസ്തിത്വം തന്നെ യുഗാന്ത്യോന്മുഖ വീക്ഷണത്തില്‍ വേണം നോക്കിക്കാണാന്‍. ദൈവശാസ്ത്രപരമായി ചിന്തിക്കുമ്പോള്‍ സഭാപിതാക്കന്മാരിലും, സ്കൊളാസ്റ്റിക് ദൈവശാസ്ത്രത്തിലും, ആരാധനക്രമങ്ങളിലും അന്ത്യത്തെപ്പറ്റിയുള്ള ചിന്ത എപ്രകാരം കടന്നുകൂടി, എന്തുമാത്രം ഉണ്ട് എന്നതൊക്കെ പരിഗണിക്കേണ്ട വസ്തുതകളാണ്. വി. ഗ്രന്ഥത്തിന്‍റെ അടിസ്ഥാനത്തില്‍ ചിന്തിക്കുമ്പോള്‍ യഹൂദപാരമ്പര്യത്തില്‍ വളര്‍ന്നുവന്ന പഴയനിയമത്തിലെ യുഗാന്ത്യോന്മുഖ കാഴ്ചപ്പാടും പുതിയനിയത്തിലെ ഓരോ ഗ്രന്ഥകര്‍ത്താവിന്‍റേയും യുഗാന്ത്യോന്മുഖ വീക്ഷണവും ഏറെ പ്രധാനപ്പെട്ട കാര്യങ്ങളത്രേ. ഡോഗ്മാറ്റിക് ദൈവശാസ്ത്രത്തിന്‍റെ മണ്ഡലത്തില്‍ നിന്നു ചിന്തിക്കുമ്പോള്‍ അന്ത്യനാളുകള്‍, മരണം, ഉയിര്‍പ്പ്, വിധി, സ്വര്‍ഗ്ഗം, നരകം, ശുദ്ധീകരണസ്ഥലം, പാതാളം തുടങ്ങിയവയെപ്പറ്റിയുള്ള സഭയുടെ ഔദ്യോഗികനിലപാടുകളാണ് ഇതിന്‍റെ പഠന വിഷയമായി വരിക. ആധുനിക ദൈവശാസ്ത്രത്തില്‍ യുഗാന്ത്യോന്മുഖ സമീപനമെന്ന രീതിക്ക് ഏറെ പ്രാധാന്യം കിട്ടിക്കൊണ്ടിരിക്കുകയാണ്. കാരണം മനുഷ്യനെ ലക്ഷ്യോന്മുഖനാക്കി നയിക്കുന്നതിനും തന്‍റെ അന്ത്യത്തെപ്പറ്റി കൂടുതല്‍ ബോധവാനാക്കുന്നതിനും ഇതു സഹായിക്കും. എന്നാല്‍ മേല്പറഞ്ഞ യുഗാന്ത്യോന്മുഖ വിഷയങ്ങളോടുള്ള സഭയുടെ ഔദ്യോഗികനിലപാടും ആധുനിക ദൈവശാസ്ത്രജ്ഞന്‍മാരുടെ നിലപാടുകളും തമ്മില്‍ ഏറെ വ്യത്യാസങ്ങളുണ്ട്

theology introduction to theology bishop joseph kallarangatt defenition of theology division of theology catholic apologetics Fundamental Theology Systematic or Dogmatic Theology Moral Theology Pastoral Theology Ascetical& Monastic Theology Practical Theology Liturgical Theology Christology Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message