x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ മരിയവിജ്ഞാനീയം

“പുത്രനെ പ്രസവിക്കുന്നതുവരെ അവളെ അവൻ (യൗസേപ്പ്) അറിഞ്ഞിരുന്നില്ല” (മത്താ. 1:25) എന്ന് വചനം പറയുന്നു. പുത്രന് ജന്മം നല്കി കഴിഞ്ഞ് അവൻ അവളെ അറിഞ്ഞിരുന്നു എന്ന ധ്വനി ഈ വചനത്തിനുണ്ടോ? ക്രിസ്തുവിന്റെ സഹോദരന്മാർ എന്നു വചനത്തിൽ പലേടത്തും കാണാം. ക്രിസ്തുവല്ലാതെ മറിയത്തിന് വേറെയും മക്കളുണ്ടായിരുന്നുവെന്ന സൂചന ഇതിലുണ്ടോ? അങ്ങനെയെങ്കിൽ മറിയം എങ്ങിനെ നിത്യകന്യകയാകും?

Authored by : Fr. George Panamthottam CMI On 13-Oct-2022

പരിശുദ്ധ കന്യകാമറിയത്തിന്റെ നിത്യകന്യകാത്വം നിഷേധിക്കുവാൻ ശ്രമിക്കുന്നവർ അതിനായി എടുത്ത് തെറ്റായി വ്യാഖ്യാനിക്കുന്ന തിരുവചന ഭാഗമാണ് മത്തായി 1:25. ഈ വചനത്തിലെ 'വരെ' എന്ന പദപ്രയോഗമാണ് തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നത്. ഇത് ഒരു സെമിറ്റിക് ഭാഷാ ശൈലിയാണ്. ബൈബിളിൽ പലയിടത്തും ഈ പ്രയോഗം കാണാം. “സാവൂളിന്റെ പുത്രി മീഖാൾ മരണംവരെയും സന്താനരഹിതയായിരുന്നു” (2 ശാമു. 6:23). മരണംവരെ എന്ന് പറഞ്ഞിരിക്കുന്നതുകൊണ്ട് മിഖാളിന് മരണശേഷം സന്താനങ്ങളുണ്ടായിരുന്നു എന്ന് വ്യാഖ്യാനിക്കാൻ കഴിയുമോ?

“സൈന്യങ്ങളുടെ കർത്താവ് എന്റെ കാതിൽ മന്ത്രിച്ചു: നീ മരിക്കുന്നതുവരെ ഈ അകൃത്യം ക്ഷമിക്കപ്പെടുകയില്ല" (ഏശ. 22:14). മരണശേഷം ഈ അകൃത്യം ക്ഷമിക്കപ്പെടുമെന്ന് അർത്ഥമുണ്ടോ? “മരണം വരെ വിശ്വസ്തനായിരിക്കുക" (വെളി. 2:10). എന്നാൽ, മരണശേഷം അവിശ്വസ്തനാകാം എന്ന് ഈ വചനത്തിന് അർത്ഥമുണ്ടോ? “മരണം വരെ അതേ കുരിശ് മരണംവരെ അനുസരണയുള്ളവനായി തന്നെത്തന്നെ താഴ്ത്തി” (ഫിലി. 2:8). കുരിശ് മരണത്തിനു ശേഷം ക്രിസ്തു അനുസരണമില്ലാത്തവനായി എന്നു വ്യാഖ്യാനിക്കാമോ? “പുത്രനെ പ്രസവിക്കുന്നതുവരെ അവളെ അവൻ അറിഞ്ഞില്ല എന്നതിന് പ്രസവശേഷം അവളെ അവൻ അറിഞ്ഞു എന്നർത്ഥമില്ല. അതിനാൽ, മറിയത്തെ നിത്യകന്യകയെന്നു വിശേഷിപ്പിക്കാൻ ദൈവവചനം നമ്മെ പ്രചോദിപ്പിക്കുന്നു.

ക്രിസ്തുവിന്റെ അമ്മയായ മറിയത്തിനു ക്രിസ്തുവിനെ കൂടാതെ വേറെയും മക്കളുണ്ടായിരുന്നോ ഇല്ലയോ എന്ന് ബൈബിൾ വ്യക്തമായി പറയുന്നില്ല. എന്നാൽ, യേശുവിന്റെ സഹോദരങ്ങൾ എന്ന് ബൈബിൾ ചിലരെ വിശേഷിപ്പിക്കുന്നുണ്ട്. ബൈബിൾ അനേകം ഭാഷകളിലൂടെ കടന്നാണ് നമ്മുടെ മാതൃഭാഷയിൽ എത്തിയിരിക്കുന്നത് എന്ന യാഥാർത്ഥ്യം ബൈബിൾ വ്യാഖ്യാനിക്കുമ്പോൾ നാം മറന്ന് പോകരുത്. ഓരോ ഭാഷയ്ക്കും അതിന്റേതായ പരിമിതികൾ ഉണ്ട്. ഈ പരിമിതികളും തർജ്ജിമയുടെ മാനുഷിക പോരായ്മകളുമൊക്കെ ബൈബിളിലുണ്ട്. അതിനാൽ, ബൈബിൾ വചനങ്ങൾ എഴുതപ്പെട്ടിരിക്കുന്നതുപോലെ അക്ഷരാർത്ഥത്തിൽ മനസിലാക്കാൻ ശ്രമിക്കുന്നത് ഉചിതമല്ല.

ഗ്രീക്ക് ഭാഷയിൽ ഒരേ ഗോത്രത്തിൽപ്പെട്ടവരെയും ഒരേ അമ്മയിൽ നിന്നു ജനിച്ച സഹോദരങ്ങളെയും വിളിക്കുന്നതിനു ഉപയോഗിക്കുന്ന പദം “അദെൽഫോസ്” എന്നാണ്. നമ്മുടെ മലയാള ഭാഷയിൽ സഹോദരൻ, സഹോദരി എന്ന് വിളിക്കുന്നത് ഒരേ ഒരു അമ്മയിൽ നിന്നു ജനിച്ച മക്കളെ മാത്രമാണോ? വിശുദ്ധ പൗലോസ് റോമാക്കാരെ സഹോദരരേ എന്ന് വിളിക്കുന്നു (റോമാ. 15-14, 30, 16-17). റോമാക്കാരെല്ലാം പൗലോസിന്റെ അമ്മ പ്രസവിച്ച മക്കളാണെന്ന് നാം വ്യാഖ്യാനിക്കാറില്ലല്ലോ. കൂടാതെ മറിയത്തിനു വേറെ മക്കളുണ്ടായിരുന്നെങ്കിൽ ജറുസലേം ദൈവാലയത്തിൽ ക്രിസ്തുവിനെ അന്വേഷിക്കുന്നതു മറിയവും യൗസേപ്പും മാത്രമായിരുന്നുവെന്നു വചനം പറയില്ലായിരുന്നു. മറിയത്തിന്റെ കൈയിൽ വേറെ കുഞ്ഞുണ്ടായിരുന്നെങ്കിൽ വചനത്തിൽ അത് സൂചിപ്പിക്കുമായിരുന്നു. മറിയത്തിനു ക്രിസ്തുവിനെ കൂടാതെ വേറെ മക്കളുണ്ടായിരുന്നെങ്കിൽ പിന്നെയെന്തുകൊണ്ടു കുരിശിൽ കിടന്നു ക്രിസ്തു തന്റെ അമ്മയെ സെബദിപുത്രനായ യോഹന്നാനെ ഏൽപ്പിച്ചു?

ബൈബിളിൽ ക്രിസ്തുവിന്റെ സഹോദരന്മാർ എന്ന് പറഞ്ഞിരിക്കുന്നത് അവിടുത്തെ ബന്ധുക്കളെക്കുറിച്ചാണ്. ആരാണ് അവിടുത്തെ അമ്മയും സഹോദരനുമെന്ന് ക്രിസ്തു വെളിപ്പെടുത്തുന്നുണ്ട്. “അവന്റെ അമ്മയും സഹോദരരും അവനെ കാണാൻ വന്നു. എന്നാൽ, ജനക്കൂട്ടം നിമിത്തം അവന്റെയടുത്ത് എത്താൻ കഴിഞ്ഞില്ല. നിന്റെ അമ്മയും സഹോദരരും നിന്നെ കാണാൻ ആഗ്രഹിച്ച് പുറത്ത് നില്ക്കുന്നു എന്ന് അവർ അവനെ അറിയിച്ചു. അവൻ പറഞ്ഞു: “ദൈവവചനം ശ്രവിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് എന്റെ അമ്മയും സഹോദരരും” (ലൂക്കാ 8. 19-21). ഈ വചനത്തിലൂടെ മറിയത്തിന് വേറെയും മക്കളുണ്ടായിരുന്നോ എന്നല്ല അന്വേഷിക്കേണ്ടത്. ദൈവവചനം ജീവിക്കുന്നവർക്കായി ക്രിസ്തു തുറന്നുതരുന്ന ബന്ധങ്ങളിലേക്ക് പ്രവേശിക്കാനുള്ള ശ്രമമാണ് നാം നടത്തേണ്ടത്.

പരിശുദ്ധ കന്യകാമറിയം നിത്യകന്യകയാണെന്ന് തിരുവചനം നമ്മെ വ്യക്തമായി പഠിപ്പിക്കുന്നു. "കന്യക ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള എമ്മാനുവേൽ എന്ന് അവൻ വിളിക്കപ്പെടും (ഏശയ്യ 7:14, മത്താ 1 : 22, 23). അവിടെയായിരിക്കുമ്പോൾ അവൾക്ക് പ്രസവസമയമടുത്തു. അവൾ തന്റെ കടിഞ്ഞൂൽ പുത്രനെ പ്രസവിച്ചു". (ലൂക്കാ 2:6). കടിഞ്ഞൂൽ പുത്രനെന്നാൽ ആദ്യജാതൻ എന്നാണ് അർത്ഥം. മറിയത്തിനു ക്രിസ്തു ജനിക്കുന്നതിനു മുമ്പോ അതിനു ശേഷമോ വേറെ മക്കളുണ്ടായിരുന്നതായി ബൈബിൾ പറയുന്നില്ല. എന്നാൽ, യാക്കോബ്, ജോസഫ് (യോസെ ), യൂദാസ്, ശിമോയാൻ എന്നിവർ പരിശുദ്ധ കന്യകാമറിയത്തിന്റെ മറ്റ് മക്കളായിരുന്നു എന്നു വാദിക്കുന്നവരുണ്ട്. അത് തെറ്റാണെന്ന് തിരുവചനം സാക്ഷ്യപ്പെടുത്തുന്നു. ഇവരുടെ മാതാപിതാക്കൾ ആരാണെന്ന് ബൈബിളിൽ നിന്ന് തന്നെ വ്യക്തമാണ്. "ഇതെല്ലാം കണ്ടുകൊണ്ട് ദൂരെ കുറെ സ്ത്രീകളും നിന്നിരുന്നു. മഗ്ദലേന മറിയവും യോസേയുടെയും ചെറിയ യാക്കോബിന്റെയും അമ്മയായ മറിയവും സലോമിയും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു" (മർക്കോ. 15:40). “അവനെ സംസ്കരിച്ച സ്ഥലം മഗ്ദലേനമറിയവും യോസയുടെ അമ്മയായ മറിയവും യാക്കോബിന്റെ അമ്മയായ മറിയവും കണ്ടു" (മർക്കോ. 15:47). "സാബത്ത് കഴിഞ്ഞപ്പോൾ മഗ്ദലേന മറിയവും യാക്കോബിന്റെ അമ്മയായ മറിയവും സലോമിയും അവനെ അഭിഷേകം ചെയ്യുന്നതിനുവേണ്ടി സുഗന്ധ ദ്രവ്യങ്ങൾ വാങ്ങി" (മർക്കോ. 16-1). “ആ കൂട്ടത്തിൽ മഗ്ദലേന മറിയവും യാക്കോബിന്റെയും ജോസഫിന്റെയും അമ്മയായ മറിയവും സെബദിപുത്രന്മാരുടെ അമ്മയും ഉണ്ടായിരുന്നു." (മത്താ.27:56).

യാക്കോബ്, ജോസഫ് (യോസെ), യൂദാസ്, ശിമയോൻ എന്നിവരുടെ അമ്മയുടെ പേര് മറിയമെന്നായിരുന്നു. അത് ക്രിസ്തുവിന്റെ അമ്മയായ മറിയം ആയിരുന്നില്ലെന്ന് തിരുവചനം വ്യക്തമായി പറയുന്നുണ്ട്. ക്രിസ്തുവിന്റെ അമ്മയായ മറിയത്തെ തിരുവചനം അഭിസംബോധന ചെയ്യുന്നത് ഇപ്രകാരമാണ്: “യേശുവിന്റെ അമ്മയായ മറിയത്തോടും” (അപ്പ. 1:14), “എന്റെ കർത്താവിന്റെ അമ്മ..."(ലൂക്കാ 1:43), “യേശുവിന്റെ കുരിശിനരികെ അവന്റെ അമ്മയും..."(ലൂക്കാ 1-43), “അവന്റെ അമ്മയും” (ലൂക്കാ 18:19, മർക്കോസ് 3:31, മത്താ. 12:41). ഹൽപൈ അഥവാ ക്ലോപ്പാസിന്റെയും അദ്ദേഹത്തിന്റെ ഭാര്യയായ മറിയത്തിന്റെയും നാലുമക്കളാണ് യേശുവിന്റെ സഹോദരന്മാരായി ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. യേശുവിന്റെ അമ്മയായ മറിയത്തിനു യേശുവിനെ കൂടാതെ മക്കളുണ്ടായിരുന്നില്ല. എന്നു മാത്രമല്ല അവൾ മനസുകൊണ്ടും ഹൃദയംകൊണ്ടും ശരീരം കൊണ്ടും നിത്യകന്യകയായിരുന്നു എന്ന് തിരുവചനം സാക്ഷ്യപ്പെടുത്തുന്നു. ഈ തിരുവചനപശ്ചാത്തലത്തിലാണ് മറിയം നിത്യകന്യകയാണെന്ന് കത്തോലിക്കാസഭ വിശ്വസിക്കുന്നത്.

“പുത്രനെ പ്രസവിക്കുന്നതുവരെ അവളെ അവൻ (യൗസേപ്പ്) അറിഞ്ഞിരുന്നില്ല” (മത്താ. 1:25) 2 ശാമു. 6:23 മറിയം എങ്ങിനെ നിത്യകന്യകയാകും? ക്രിസ്തുവല്ലാതെ മറിയത്തിന് വേറെയും മക്കളുണ്ടായിരുന്നു ഏശ. 22:14 “അദെൽഫോസ്” റോമാ. 15-14 ലൂക്കാ 1:43 മർക്കോസ് 3:31 മത്താ. 12:41 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message