We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Leonardo Boff On 10-Feb-2021
പിതാവ് എന്ന വ്യക്തി ആര്‍ദ്രതയുടെ രഹസ്യം
യേശു പറഞ്ഞു "പുത്രനും പുത്രന്‍ ആര്‍ക്കു വെളിപ്പെടുത്തിക്കൊടുക്കാന്‍ മനസ്സാകുന്നുവോ അവനുമല്ലാതെ മറ്റാരും പിതാവിനെ അറിയുന്നില്ല". (മത്താ 11:27) പിതാവ് അളക്കാനാവാത്ത രഹസ്യമാണ്. പിതാവ് അദൃശ്യനാണ്. പുത്രനിലൂടെയാണ് അവിടുന്ന് വെളിപ്പെടുന്നത് (യോഹ 1:18, 14:9). പിതാവിന്‍റെ മുഖദര്‍ശനം അല്പമെങ്കിലും കിട്ടുവാന്‍ അവിടുത്തെ ഏകജാതനായ ക്രിസ്തുവിനെ നാം ആശ്രയിക്കണം. പിതാവ് ആര്‍ദ്രതയുടെ രഹസ്യമാണെന്ന് ക്രിസ്തു ആദ്യമേ തന്നെ വ്യക്തമാക്കുന്നു. അവന്‍ പിതാവേ (ആബാ) എന്നാണ് അവിടുത്തെ വിളിക്കുന്നത്. "എനിക്കുള്ളതെല്ലാം നിനക്കുള്ളതാണ്" (യോഹ 17:10) എന്നും "ഞാനും പിതാവും ഒന്നാണ്" (യോഹ 10:30) എന്നും പറയത്തക്കവിധം യേശു പിതാവിനോട് അത്ര ചേര്‍ന്നിരിക്കുന്നു. അതിനാല്‍ അവിടുന്നു പറയുന്നു "എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു" (യോഹ 14:9).
മാത്രമല്ല ദൈവരാജ്യം സ്ഥാപിച്ചുകൊണ്ട്, ജീവന്‍ പ്രദാനം ചെയ്തു കൊണ്ട്, കരുണാര്‍ദ്രനായി വ്യാപരിച്ചുകൊണ്ട്, പരിപാലന പ്രത്യക്ഷമാക്കിക്കൊണ്ട് പിതാവ് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് പുത്രന്‍ നമുക്കു കാണിച്ചുതരുന്നു. ദൈവരാജ്യം സ്ഥാപിക്കുക എന്നതാണ് പിതാവിന്‍റെ മഹത്തായ ലക്ഷ്യം. ഇതിനര്‍ത്ഥം മരണത്തിനു ഇനിമേല്‍ ആധിപത്യമില്ല. ഭിന്നതകള്‍ നിലനില്ക്കുകയില്ല, നീതിയും സാര്‍വ്വത്രിക സ്നേഹവും വിജയം വരിക്കും. പിതാവിന്‍റെ ഈ ലക്ഷ്യം സാക്ഷാത്ക്കരിക്കുക എന്നതാണ് യേശുവിന്‍റെ ലക്ഷ്യം.
പിതാവ് ചെയ്തുകാണുന്നതല്ലാതെ ഒന്നും പുത്രന്‍ ചെയ്യുന്നില്ല (യോഹ 5:19)
ദൈവരാജ്യത്തില്‍ ജീവിതം നന്മയ്ക്കുവേണ്ടി ജൈത്രയാത്ര നടത്തുന്നു. ജീവന്‍ ആവശ്യമുള്ളവരുടെ പക്ഷത്തു നില്ക്കുന്ന ജീവന്‍റെ ദൈവമാണിത്. ജീവന്‍ ഉളവാക്കുവാന്‍, അത് സമൃദ്ധമായി ഉളവാക്കുവാന്‍ (യോഹ 10:10) വേണ്ടിയാണ് പിതാവും യേശുവും പരിശ്രമിക്കുന്നത്. അതുകൊണ്ട് യേശു പറയുന്നു: പിതാവ് മരിച്ചവരെ എഴുന്നേല്‍പ്പിച്ച് അവര്‍ക്കു ജീവന്‍ നല്കുന്നതുപോലെ തന്നെ പുത്രനും താന്‍ ഇച്ഛിക്കുന്നവര്‍ക്കു ജീവന്‍ നല്കുന്നു (യോഹ 5:21). ധൂര്‍ത്തപുത്രന്‍റെ ഉപമയിലൂടെ പ്രകടമാക്കിയതുപോലെ പാപം വഴി ജീവന്‍ നഷ്ടപ്പെട്ടവരോട് പിതാവ് കരുണ കാണിക്കുന്നു (ലൂക്കാ 15:11-32). നന്ദിഹീനരോടും ദുഷ്ടരോടും അവിടുന്ന് തുടര്‍ന്നും സ്നേഹം കാണിക്കുന്നു (ലൂക്കാ 5:32). എന്തെന്നാല്‍ അവന്‍റെ സ്വഭാവം സ്നേഹമാണ്. സ്നേഹം തിരിച്ചുകിട്ടാതെ വരുമ്പോഴും അവന്‍ കരുണ കാണിക്കുന്നു. മാത്രമല്ല പൂര്‍ണ്ണമായും പരിപാലിക്കുന്ന പിതാവാണ് അവന്‍. ഒരു തലമുടി നാരിനെപ്പോലും അവന്‍ ശ്രദ്ധിക്കുന്നു. സര്‍വ്വഭംഗിയോടും കൂടെ ലില്ലിപൂക്കളെ അവന്‍ വളര്‍ത്തുന്നു. ആകാശത്തിലെ ചെറിയ പക്ഷികളെ അവന്‍ കാത്തു സൂക്ഷിക്കുന്നു (ലൂക്കാ 21:18; മത്താ 6:26-30).
അവസാനമായി തന്‍റെ പുത്രനായ യേശുവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് അവന്‍ പ്രകടമാക്കുന്നു. തന്‍റെ പുത്രനെത്തന്നെ നമുക്കു തരുവാന്‍ തക്കവിധം അത്രയധികം അവന്‍ നമ്മെ സ്നേഹിച്ചു. ദൈവരാജ്യത്തെ മുന്നോട്ട് നയിക്കുവാന്‍ പുത്രന്‍ തയ്യാറായി. രോഗശാന്തി നല്കിയും ആശ്വസിപ്പിച്ചും മരിച്ചവരെ ഉയിര്‍പ്പിച്ചും ഏറ്റവും ദുര്‍ബലര്‍ക്കുവേണ്ടി അവന്‍ സ്വയം സമര്‍പ്പിച്ചു. പരസ്യപാപിനിയായ സ്ത്രീയോടും തങ്ങളുടെ പാപങ്ങളെക്കുറിച്ച് അനുതപിച്ച് മാപ്പപേക്ഷിച്ച എല്ലാവരോടും അവന്‍ കരുണ കാണിച്ചു. തന്നെ അന്വേഷിച്ചു വന്ന എല്ലാവരോടും യേശു കരുണകാണിച്ചത് പിതാവിന്‍റെ കരുണയെ പ്രതിഫലിപ്പിക്കുന്നതായിരുന്നു. അതിനാല്‍ അവനു പറയുവാന്‍ കഴിഞ്ഞു - "പിതാവ് എനിക്കു തരുന്നവരെല്ലാം എന്‍റെയടുക്കല്‍ വരും. എന്‍റെയടുത്തുവരുന്ന ആരെയും ഞാന്‍ തള്ളിക്കളയുകയില്ല" (യോഹ 6:37). അവന്‍ ശിശുക്കളെ പറഞ്ഞയച്ചില്ല. രാത്രിയില്‍ തന്നെതേടിവന്ന നിക്കോദേമൂസിനെയോ ഭക്ഷണത്തിനു ക്ഷണിച്ച ഫരിസേയരെയോ, സമരിയാക്കാരി സ്ത്രീയേയോ അകലെനിന്ന് അവന്‍റെ സഹായം തേടി നിലവിളിച്ചവരെയോ അവന്‍ പുറംതള്ളിയില്ല. എല്ലാവരെയും പുത്രന്മാരും പുത്രിമാരുമായി സ്വീകരിക്കുന്ന പിതാവിന്‍റെ മാതൃകയനുസരിച്ച് എല്ലാവരെയും അവന്‍ സ്വീകരിച്ചു.
ഏറ്റവും അസഹനീയവും ഭയാനകവുമായ വികാരം തള്ളിക്കളയപ്പെടുന്ന, സ്വീകാര്യനല്ലെന്നു തോന്നുന്ന അവസ്ഥയാണ്. കൂട്ടില്‍ തന്നെ അപരിചിതനാകുന്ന അവസ്ഥയാണത്. അത് ഒരു വിധത്തിലുള്ള മാനസിക മരണമാണ്. ഞാന്‍ പിതാവേ എന്നു വിളിക്കുമ്പോള്‍ എന്നെ ആത്യന്തികമായി സ്വീകരിക്കുന്ന ഒരാളുണ്ടെന്ന ബോധ്യം ആവിഷ്ക്കരിക്കുകയാണ്. എന്‍റെ ധാര്‍മ്മിക സാഹചര്യം പ്രധാന കാര്യമല്ല. എന്നെ സ്വീകരിക്കാന്‍ ഒരു പിതാവിന്‍റെ അങ്കതലം സജ്ജമാണ് എന്ന് എനിക്ക് എപ്പോഴും പ്രത്യാശിക്കാം. അവിടെ പിതാവിന്‍റെ ഭവനത്തില്‍ ഞാന്‍ അപരിചിതനായിരിക്കുകയില്ല, ധൂര്‍ത്തനെങ്കിലും പുത്രന്‍ തന്നെയായിരിക്കും.
എല്ലാ സഹോദരീ സഹോദരബന്ധങ്ങളുടെയും അടിസ്ഥാനം പിതാവ്
ഒരു സൃഷ്ടിക്കും മുമ്പേ നിത്യമായി അസ്തിത്വമുണ്ടായിരുന്ന വ്യക്തിയാണ് പിതാവ്. സൃഷ്ടികര്‍മ്മം നടന്നില്ലെന്നും ഒരു വസ്തുവും സൃഷ്ടിക്കപ്പെട്ടിട്ടില്ലെന്നും നാം സങ്കല്പികമായി വിഭാവനം ചെയ്യുകയാണെങ്കില്‍പ്പോലും പിതാവ് അപ്പോഴും പിതാവു തന്നെയായി നിലകൊള്ളുമായിരുന്നു. സ്രഷ്ടാവായതുകൊണ്ടല്ല പിതാവ് പിതാവായത്. പിതാവാകാതെതന്നെ നിത്യനായ വ്യക്തിയായിരുന്നു കൊണ്ട്, ഏകദൈവമായിരുന്നുകൊണ്ട് ഒരു സ്രഷ്ടാവ് ഉണ്ടാകാമായിരുന്നു. പിതാവ്, ഏകജാതനായ പുത്രന്‍റെ പിതാവായതുകൊണ്ടാണ് പിതാവായി സ്ഥിതി ചെയ്യുന്നത്. എന്തുകൊണ്ടെന്നാല്‍ നിത്യം കാലം മുതലേ അവന്‍ പരിശുദ്ധാത്മാവില്‍ പുത്രനുമായുള്ള കൂട്ടായ്മയിലാണ്. അവന്‍ പരിശുദ്ധാത്മാവിന്‍റെ ശക്തിയില്‍ നിത്യനായ പുത്രനു ജന്മം നല്കുന്നു. ത്രിത്വത്തിന്‍റെ ഭാഗത്തുനിന്നു വീക്ഷിക്കുമ്പോള്‍ പിതൃത്വം പിതാവിന് ഉചിതമാണ്. പുത്രനു ജന്മം നല്കുന്നതിലൂടെ പിതാവ് തന്നില്‍ നിന്ന് അവനെ അനുകരിക്കാവുന്ന എല്ലാറ്റിനെയും പുത്രനെയും പുറപ്പെടുവിക്കുന്നു. അങ്ങനെ ജനിച്ച പുത്രനിലാണ് പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട എല്ലാ പുത്രന്മാരും പുത്രിമാരും രൂപകല്പന ചെയ്യപ്പെട്ടത്. അതിനാല്‍ സൃഷ്ടികര്‍മ്മത്തിന് നിത്യവും പുത്രസഹജവുമായ ഒരു മാനമുണ്ട്. പുത്രനെ ജനിപ്പിച്ച സ്നേഹത്തോടെ മറ്റെല്ലാ വ്യക്തികള്‍ക്കും പുത്രനില്‍, പുത്രന്‍ വഴി, പുത്രനോടുകൂടെ, പുത്രനുവേണ്ടി പിതാവ് ജന്മം നല്കുന്നു (യോഹ 1:13; കൊളോ 1:15-17) എല്ലാവരും ഏകജാതനായ പുത്രന്‍റെ പുത്രത്വത്തിലും പരിശുദ്ധാത്മാവിന്‍റെ നിശ്വസനത്തിലും പങ്കുചേരുന്നു.
നമ്മള്‍ എല്ലാവരും പുത്രനില്‍ ആയിരിക്കുന്നതുകൊണ്ട് (റോമ 8:29) നമ്മളെല്ലാവരും സഹോദരീ സഹോദരന്മാരാണ്. നിത്യപുത്രനായ ക്രിസ്തു ഒരു വലിയ കുടുംബത്തിന്‍റെ ആദ്യ ജാതനാണ് (റോമ 8:29). അതിനാല്‍ ദൈവം പിതാവും നമ്മള്‍ സഹോദരന്മാരും സഹോദരിമാരും ആയിരിക്കുന്നത് പ്രധാനമായും ദൈവം സ്രഷ്ടാവായതു കൊണ്ടല്ല അവിടുന്ന് ഏകജാതന്‍റെ പിതാവായിരിക്കുന്നതുകൊണ്ടാണ് (റോമ 15:6; 1 കോറി 1:3, 2കോറി 11:31; എഫേ 3:14). ഏതു സ്നേഹശക്തിയാലാണോ പിതാവ് പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ പുത്രനു ജന്മം നല്കിയത് ആ സ്നേഹ ശക്തിയാല്‍ നിത്യ പുത്രനില്‍ നാമും പിതാവിനാല്‍ ഉദ്ദര്‍ശനം ചെയ്യപ്പെട്ടിരുന്നു. അപ്പോള്‍ ത്രിത്വരഹസ്യത്തിന് അപരിചിതമായ വെറും സൃഷ്ടികളല്ല നാം. നമ്മുടെ ബന്ധം പിതാവിന്‍റെ ഫലസമൃദ്ധിയില്‍ത്തന്നെ വേരുറപ്പിക്കപ്പെട്ടതാണ്. നിത്യപുത്രനും മറ്റു സഹോദരന്മാരും സഹോദരിമാരും തമ്മിലുള്ള വ്യത്യാസം പ്രകടമാക്കാന്‍ ദൈവശാസ്ത്രം ഏകജാതനെന്ന പദവും ദത്തുപുത്രന്‍ എന്നപദവും ഉപയോഗിക്കുന്നു. പുത്രന്‍ സൃഷ്ടിക്കപ്പെട്ടവനല്ല. പിതാവും പരിശുദ്ധാത്മാവും തമ്മിലുള്ള സ്നേഹത്തിന്‍റെയും കൂട്ടായ്മയുടെയും സാരാംശത്തില്‍നിന്നു ജനിച്ചവനാണ്. ഏകജാതനായ പുത്രന്‍റെ സഹോദരന്മാരും സഹോദരിമാരുമായ നമ്മള്‍ ശൂന്യതയില്‍ നിന്ന് പിതാവിനാല്‍ പരിശുദ്ധാത്മാവുമായി ചേര്‍ന്ന് പുത്രന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവരാണ്. ഏതുവിധത്തിലായാലും പുത്രന്‍റെ പിതാവ് നമ്മുടെയും പിതാവായിത്തീരുന്നു. സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്നു വിളിക്കുവാന്‍ യേശു ശരിയായി നമ്മെ പഠിപ്പിച്ചു. പുത്രനെ കൂടാതെ പിതാവില്ല. പിതാവിന്‍റെ ദത്തുപുത്രരെ കൂടാതെ പുത്രനുമില്ല. അതിനാല്‍ സഹോദരന്മാരും സഹോദരിമാരുമില്ലാതെ പുത്രനില്ല. ഈ ദര്‍ശനം പ്രപഞ്ചത്തിന്‍റെ പിതാവും സ്രഷ്ടാവുമായ ദൈവ ചിത്രത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള എല്ലാ ആധിപത്യത്തിനും അധികാര പിതൃഭാവത്തിനും എതിരാണ്. ഈ ദൈവം, ആദ്യം പുത്രനും പിന്നെ അവനില്‍ നമുക്കെല്ലാവര്‍ക്കും ജന്മം നല്കി. ഇതില്‍ നിന്ന് ഒരു കാര്യം വ്യക്തമാകുന്നു. സമശീര്‍ഷരുടെ, സഹോദരന്മാരുടെയും സഹോദരിമാരുടെയും സമൂഹമാണ് ത്രിത്വത്തിന്‍റെ യഥാര്‍ത്ഥ പ്രതിനിധി. അപ്പോള്‍ അധികാരമുണ്ടെങ്കില്‍ അത് കൂട്ടായ്മയെ വളര്‍ത്താനും അതില്‍ ശുശ്രൂഷ ചെയ്യൂവാനുമാണ്. എപ്പോഴും അങ്ങനെതന്നെ.
നമുക്കു അസ്തിത്വം ലഭിക്കുന്നതിനു മുമ്പ് തന്നെ നമ്മള്‍ ഉണ്ടായിരുന്നു എന്ന് അറിയുക ആവേശകരമാണ്. നമ്മള്‍ പിതാവിന്‍റെ മനസ്സില്‍ ഉണ്ടായിരുന്നു. നമ്മള്‍ നിത്യമായി സ്നേഹിക്കപ്പെട്ടിരുന്നു. തന്‍റെ ഏകജാതനെക്കുറിച്ച് പിതാവ് പറഞ്ഞതും പറയുന്നതും എന്നും പറയാനുള്ളതുമായ കാര്യം നമ്മെക്കുറിച്ചും പിതാവ് പറഞ്ഞിട്ടുണ്ട്. "നീ എന്‍റെ പ്രിയ പുത്രനും പുത്രിയുമാകുന്നു". എന്‍റെ സ്നേഹം മുഴുവന്‍ ഞാന്‍ നിന്നില്‍ നിക്ഷേപിച്ചിരിക്കുന്നു.
മാതൃഭാവമുള്ള പിതാവും പിതൃഭാവമുള്ള മാതാവും
പരിശുദ്ധാത്മാവിനോട് ചേര്‍ന്ന് നിത്യനായ പുത്രന്‍റെ പിതാവാണ് ദൈവം എന്ന് ക്രിസ്തീയ വിശ്വാസം ഉദ്ഘോഷിക്കുമ്പോള്‍ അത് അര്‍ത്ഥമാക്കുന്ന ഒരു കാര്യമുണ്ട്. എല്ലാ വസ്തുക്കളും പുറപ്പെട്ടുവരുകയും എത്തിച്ചേരുകയും ചെയ്യുന്ന ആത്യന്തിക രഹസ്യത്തിന്‍റെ അനുഭവമാണ് നമുക്ക് അവനില്‍ ലഭിക്കുന്നത് എന്ന വസ്തുത. എല്ലാ ഫലസമൃദ്ധിയുടെയും ഉറവിടമാണ് അവിടുന്ന്. പിതാവ്, മാതാവ് എന്നീ പദങ്ങളിലൂടെ ഈ ആശയം പ്രകടമാക്കാം. വാക്കുകള്‍ വ്യത്യസ്തമെങ്കിലും ആശയം ഒന്നു തന്നെയാണ്. നിത്യ പിതാവും മാതാവും എന്നുപറയുമ്പോള്‍ ഉല്പത്തിയുടെ ഗ്രന്ഥമനുസരിച്ച് (1:27) ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലുമായിരിക്കുന്ന പുരുഷനും സ്ത്രീയും അവരുടെ അടിസ്ഥാനവും നീതീകരണവും കണ്ടെത്തുന്നത് ത്രിത്വത്തിലാണെന്ന് പറയുവാന്‍ നാം ഉദ്ദേശിക്കുന്നു. ചില ക്രൈസ്തവര്‍ക്ക് ഇത്തരം പദാവലികള്‍ പരിചയമുണ്ടായിരിക്കുകയില്ല. കാരണം ദൈവത്തെക്കുറിച്ച് ലിംഗപരമായി പുരുഷഭാഷയുടെ ആധിപത്യം കടന്നു വന്നിട്ടുണ്ട് എന്നതുതന്നെ. എന്നാല്‍ ബൈബിളിലേക്കു നോക്കിയാല്‍ മാതാവിനു സദൃശമായ രീതിയിലും ദൈവത്തെ അവതരിപ്പിച്ചിട്ടുണ്ട് എന്നു കാണാം. ടൊളേഡോയിലെ സൂനഹദോസ് (675) പഠിപ്പിക്കുന്നു. പുത്രന്‍ ശൂന്യതയില്‍ നിന്നോ മറ്റേതെങ്കിലും വസ്തുവില്‍ നിന്നോ അല്ല പുറപ്പെട്ടുവന്നത്, പ്രത്യുത പിതാവിന്‍റെ ഗര്‍ഭപാത്രത്തില്‍ നിന്നാണ് അതായത് അവിടുത്തെ സത്തയില്‍ നിന്നാണ് ഉല്പാദിപ്പിക്കപ്പെട്ടതും ജന്മം കൊണ്ടതും എന്നും നാം വിശ്വസിക്കണം. ഈ രേഖ ഒരു ഗര്‍ഭപാത്രത്തെക്കുറിച്ചു പറയുന്നു. എന്നാല്‍ സ്ത്രീകള്‍ക്കേ ഗര്‍ഭപാത്രമുള്ളൂ. ദൈവം മാതൃഭാവമുള്ള പിതാവാണ്, പിതൃഭാവമുള്ള മാതാവുമാണ്. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ ദൈവത്തിന്‍റെ ഉല്പാദന ക്ഷമത ഫലസമൃദ്ധിയുടെ ഈ രണ്ടു മാനുഷിക സ്രോതസ്സുകള്‍ വഴി നന്നായി അവതരിപ്പിച്ചിരിക്കുന്നു. അതായത് ഭൗമിക പിതാവും, ഭൗമിക മാതാവും രണ്ടും, ദൈവത്തിന്‍റെ രഹസ്യമനുസരിച്ച് ദൈവം എന്താണ് എന്നു വെളിവാക്കുന്നു. അവിടുന്നാണ് എല്ലാറ്റിനും ജന്മം നല്കുന്നത.് എല്ലാ ജനനപ്രക്രിയയുടെയും അന്തര്‍ധാരയായി വര്‍ത്തിക്കുന്നത് പുതിയ ജീവന്‍റെ ഉദയത്തിനു കാരണമാകുന്നത്.ഏശയ്യാ പ്രവാചകന്‍ ദൈവത്തെ അമ്മയായി ചിത്രീകരിക്കുന്നുണ്ട്
"മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്കു
മറക്കാനാവുമോ? പുത്രനോടു
പെറ്റമ്മ കരുണകാണിക്കാതിരിക്കുമോ?"
(ഏശ 49:15)
ദൈവം ഇതിലും എത്രയോ അധികമായി ചെയ്യും. തന്‍റെ പുത്രന്മാരെയും പുത്രിമാരെയും ആശ്വസിപ്പിക്കുകയും അവരുടെ കണ്ണുനീര്‍ തുടച്ചു മാറ്റുകയും ചെയ്യുക എന്നതാണ് ഒരു അമ്മയുടെ അടിസ്ഥാന ഭാവം.
ഏശയ്യ വീണ്ടും പറയുന്നു
"അമ്മയെപ്പോലെ ഞാന്‍ നിന്നെ ആശ്വസിപ്പിക്കും"
(ഏശ 66:13)
ദൈവത്തിന്‍റെ അടിസ്ഥാനപരമായ ഒരു സ്വഭാവവിശേഷം കരുണയുള്ളവനായിരിക്കുക എന്നതാണ.് കരുണയുണ്ടായിരിക്കുക എന്നു പറഞ്ഞാല്‍ ഹെബ്രായമനസ്സിനെ സംബന്ധിച്ചിടത്തോളം അര്‍ത്ഥമാക്കുക ഉള്ളില്‍ അമ്മയെപ്പോലെയായിരിക്കുക എന്നതാണ്. ധൂര്‍ത്തപുത്രന്‍റെ പിതാവ് മാതൃഭാവങ്ങളെ പ്രകടമാക്കുന്നു. തന്‍റെ മകനെ കാണുവാന്‍ അദ്ദേഹം ഓടിയെത്തുന്നു. അവനെ ആശ്ലേഷിക്കുന്നു. ചുംബനംകൊണ്ടുപൊതിയുന്നു. അപ്പോള്‍ മാതൃഭാവങ്ങളെ പ്രകടമാക്കിയെങ്കില്‍ മാത്രമേ ദൈവം നിത്യപിതാവായിത്തീരുകയുള്ളൂ. നിത്യമായ വാത്സല്യത്തിന്‍റെ മാതാവായിത്തീരണമെങ്കില്‍ അവിടുന്നു പിതൃഭാവങ്ങളും വെളിപ്പെടുത്തണം. മാതാവും പിതാവുമുണ്ടെങ്കിലേ പൂര്‍ണ്ണസുരക്ഷിതത്വത്തിന്‍റേതായ അനുഭവം പുത്രന്മാരുടെയും പുത്രിമാരുടെയും രാജ്യമെന്ന നിലയില്‍ നമുക്ക് അനുഭവപ്പെടുകയുള്ളൂ. ദൈവിക കുടുംബത്തിലെ സന്തോഷവും സ്വാതന്ത്ര്യവും നാം സ്വന്തമാക്കുകയുള്ളൂ.
പിതാവ് പൂര്‍ണ്ണമായും പിതാവാകുന്നത് മാതൃഭാവങ്ങള്‍ കൂടിപ്രകടിപ്പിക്കുമ്പോഴാണ് എന്നറിയുന്നത് വളരെ ആശ്വാസദായകമാണ്. ധൂര്‍ത്തപുത്രന്‍റെ പിതാവിനെപ്പോലെ ദൈവം നമ്മെ കാത്തിരിക്കുന്നു. വഴിതിരിയുന്നിടത്തേക്കു കണ്ണുനട്ടിരിക്കുന്നു. എന്തിന്? ഓടിവന്ന് കെട്ടിപ്പിടിച്ച് ചുംബനങ്ങള്‍ക്കൊണ്ട് നമ്മെ പൊതിയുവാന്‍. പക്ഷേ ഇതെല്ലാം സംഭവിക്കണമെങ്കില്‍ നമ്മുടെ മാതൃപിതൃഭവനത്തിനുവേണ്ടി ദാഹിക്കുകയും തിരിച്ചു ചെല്ലുവാന്‍ തീരുമാനിക്കുകയും ചെയ്യണം.
പിതാവ്, തത്വത്തിനതീതമായ തത്വം
നിത്യപിതാവിന്‍റെ പ്രത്യക്ഷയാഥാര്‍ത്ഥ്യത്തെക്കുറിച്ച് ലഘുവായ ഒരു ദര്‍ശനം നമുക്കു ലഭിച്ചത് മനുഷ്യാവതാരം ചെയ്ത പുത്രന്‍ വെളിപ്പെടുത്തിയതുകൊണ്ടാണ്. അത്യുദാത്തമായ രഹസ്യത്തിന്‍റെ അഗാധതയെ പ്രതിനിധാനം ചെയ്യുന്ന പിതാവിനെക്കുറിച്ചുള്ള അറിവ് പുത്രന്‍റെ വെളിപ്പെടുത്തലിലൂടെയാണ് നമുക്ക് ലഭിക്കുന്നത് (മത്താ 11:27). ഓരോ ദൈവിക വ്യക്തിയും രഹസ്യമാണ്. എന്നാല്‍ പിതാവില്‍ രഹസ്യം രഹസ്യമായി ഉയിര്‍ക്കൊള്ളുന്നു. ദൈവരഹസ്യം പ്രത്യക്ഷമായും കൂട്ടായ്മയുടെയും ജീവന്‍റെയും സ്നേഹത്തിന്‍റെയും രഹസ്യമാണ്. അത് നമ്മളെ ഭയപ്പെടുത്തുകയല്ല ആവേശം കൊള്ളിക്കുകയും അതിന്‍റെ ആനന്ദത്തില്‍ പങ്കുചേരുവാന്‍ ക്ഷണിക്കുകയും ചെയ്യുന്നു. വിശ്വാസത്തിന്‍റെ വീക്ഷണത്തില്‍ പിതാവ് തത്വങ്ങള്‍ക്കതീതമായ തത്വമാണ്. മറ്റുവ്യക്തികളെപ്പോലെ അവിടുന്നും നിത്യത മുതല്‍ ജീവന്‍ വര്‍ഷിക്കുന്ന സ്രോതസ്സാണ്. ഈ ജീവനെ അതിന്‍റെ പൂര്‍ണ്ണതയില്‍ പ്രദാനം ചെയ്യുന്നു. അതുകൊണ്ടാണ് പിതാവ് പരിശുദ്ധാത്മാവില്‍ പുത്രന്‍ ജന്മം കൊടുക്കുന്നു എന്ന് നാം വിശ്വസിക്കുന്നത്. നാം നേരത്തെ ചിന്തിച്ചതുപോലെ ജന്മം കൊടുക്കുക എന്ന പദം കൊണ്ട് പിതാവിന്‍റെ ഒരു പകര്‍പ്പുണ്ടാക്കുക എന്നല്ല അര്‍ത്ഥമാക്കുന്നത്. നിത്യനായ തന്‍റെ പുത്രനില്‍ എങ്ങനെ പിതാവ് വെളിപ്പെടുന്നു എന്നും അവന്‍റെ ഫലദായകത്വം എന്ത് എന്നും വെളിപ്പെടുന്നു. പിതാവ് തന്‍റെ ഏകജാതനോട് ചേര്‍ന്ന് പരിശുദ്ധാത്മാവിനെ നിശ്വസിക്കുന്നു. ഈ നിശ്വസനം പിതാവ് പുത്രനുമായി ഐക്യപ്പെട്ട് മൂന്നുമതൊരു വ്യക്തിക്ക് - പരിശുദ്ധാത്മാവിന് ജന്മമേകുന്നു. പരിശുദ്ധാത്മാവ് മൂന്നു വ്യക്തികളിലേക്കും അന്തര്‍വ്യാപനം ചെയ്യുന്ന സ്നേഹത്തില്‍ പിതാവിനെയും പുത്രനെയും സംയോജിപ്പിക്കുന്നു. മൂന്നു ദൈവിക വ്യക്തികളും എപ്പോഴും ഒന്നിച്ചായിരിക്കുന്നതിനാലാണ് മൂന്നു വ്യക്തികളോടും ഒരേ സമയം ഒരേ പ്രാര്‍ത്ഥന ചൊല്ലുന്നത്. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
ത്രിത്വത്തിന്‍റെ മുഴുവന്‍ രഹസ്യവും മനുഷ്യബുദ്ധിക്ക് അപ്രാപ്യമാണ്. നമ്മള്‍ ഈ ഭൂമിയില്‍ ആയിരിക്കുമ്പോള്‍ മാത്രമല്ല. നിത്യതയിലും, എന്നേക്കും. എങ്കിലും ഈ രഹസ്യം മനസ്സിലാക്കാനും പങ്കുവയ്ക്കാനും എന്നും തുറവിയുള്ളതാണ്. അതിനാല്‍ ഈ രഹസ്യം ഉദ്ഭൂതമല്ലാത്തതിനാലും എല്ലാറ്റിന്‍റെയും അടിസ്ഥാനമായി വര്‍ത്തിക്കുന്നതിനാലും പിതാവായും, വെളിപ്പെടുത്തപ്പെട്ടതിനാലും ബാഹ്യസത്യമായി നിലനില്ക്കുന്നതിനാലും പുത്രനായും, എല്ലാറ്റിനെയും ഐക്യപ്പെടുത്തുന്നതിനാലും സ്നേഹമായി സ്വയം സമര്‍പ്പിക്കുന്നതിനാലും പരിശുദ്ധാത്മാവായും, നിലകൊള്ളുന്നു. നാം പിതാവിനെക്കുറിച്ചു സംസാരിക്കുമ്പോള്‍ എല്ലാവരുടെയും ആത്യന്തിക ചക്രവാളത്തെക്കുറിച്ചാണ് പറയുന്നത്. എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്നതും എല്ലാറ്റിനെയും പ്രകാശിപ്പിക്കുന്നതുമായ ഒരാള്‍. അവനില്‍ നിന്ന് പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും വ്യക്തിത്വങ്ങളെ സ്വീകരിക്കാന്‍ കഴിയും. അവര്‍ സദാസമയവും ഒരുമിച്ചുള്ളവരും ഏകകാലികരുമാണ്. എന്നാല്‍ പരിശുദ്ധത്രിത്വത്തെക്കുറിച്ചു ദുര്‍ബലമായ അടയാളങ്ങളിലൂടെയും സൂചനകളിലൂടെയും എന്തെങ്കിലും മനസ്സിലാക്കണമെങ്കില്‍ പിതാവില്‍ നിന്ന് ആരംഭിക്കണം. ത്രിത്വവ്യക്തിത്വങ്ങളുടെ ശ്രേണിയില്‍ ഒരു ക്രമമുണ്ടാക്കണമെങ്കില്‍ ഏകകാലികരായ അവരില്‍ ആദ്യം വരുന്നത് അവിടുന്നാണ്. ആദ്യം പിതാവ്, രണ്ടാമത് പുത്രന്‍ മൂന്നാമത് പരിശുദ്ധാത്മാവ്. ഈ ഭാഷ നമ്മുടെ വിശ്വാസത്തിന്‍റെ ഭാഷയാണ്. എന്നാല്‍ ആരും മുമ്പിലല്ലെന്നും ഉപമയല്ലെന്നും നാം മനസ്സിലാക്കണം മൂന്നുപേരും തുല്യരും - സഹനിത്യരും സഹസ്നേഹധനരുമാണ്. എങ്കിലും ഓരോ വ്യക്തിയിലും തുല്യമായി വര്‍ത്തിക്കുന്ന ഈ രഹസ്യം പ്രത്യേകമായി പ്രത്യക്ഷപ്പെടുന്നത് പിതാവ് എന്ന രഹസ്യത്തിലാണ്.
കണ്ണിന് എല്ലാം കാണാന്‍ സാധിക്കും എന്നാല്‍ അതിനെത്തന്നെ കാണാന്‍ സാധിക്കുകയില്ല. എല്ലാ നദികളും അതിന്‍റെ ഉറവിടത്തില്‍ ആശ്രയിച്ചു നില്ക്കുന്നു. എന്നാല്‍ ഉറവിടം ഒന്നിലും ആശ്രയിക്കുന്നില്ല, അത് സ്വയം പ്രവഹിക്കുകയാണ്. പിതാവിന്‍റെ രഹസ്യം ഇപ്രകാരമാണ്. എല്ലാ സാധ്യമാക്കുന്നതും എല്ലാറ്റിന്‍റെയും ആരംഭമായി നില്ക്കുന്നതുമായ നിഗൂഢസ്രോതസ് അവിടുന്നാണ്. അവിടുന്ന് എപ്പോഴും അദൃശ്യമായിട്ടാണെങ്കിലും ജീവന്‍ ഉദ്പാതിപ്പിക്കുവാനും ജീവനു തടസ്സമാകുന്ന എന്തിനെയും മാറ്റി അത് സംരക്ഷിക്കുവാനും സന്നിഹിതനാണ്.
എല്ലാറ്റിന്‍റെയും രഹസ്യത്തില്‍ പിതാവ് പ്രത്യക്ഷപ്പെടുന്നത് ഏങ്ങനെ?
പരിശുദ്ധത്രിത്വം സൃഷ്ടിയില്‍ മുഴുവന്‍ സന്നിഹിതമാണ്. ഓരോ ദൈവവ്യക്തിയും സ്വന്തമായ പ്രത്യേകതകളോടും സമ്പന്നതകളോടും കൂടിയാണ് പ്രത്യക്ഷപ്പെടുന്നത.് എങ്ങനെയാണ് പിതാവ് പിതാവായി ലോകത്തിന് പ്രത്യക്ഷപ്പെടുന്നത്? പരിശുദ്ധത്രിത്വത്തിന്‍റെ അതിരുകളില്ലാത്ത രഹസ്യത്തെക്കുറിച്ച് നമുക്ക് ഒരു ലഘുദര്‍ശനം ലഭിക്കുന്നത് പിതാവിലാണ്. പിതാവ് ആദിയും അന്തവും ഉത്ഭവവും അവസാനവും പ്രതിനിധാനം ചെയ്യുന്നു. അസ്തിത്വമുള്ള എല്ലാറ്റിന്‍റെയും ഉറവിടവും ജനനവും ഫലസമൃദ്ധിയും സൂചിപ്പിക്കുന്നത് പിതാവാണ്. അവിടുന്നു അടിസ്ഥാനപരമായി തനിക്കു ഏകകാലികരായ പുത്രനോടും പരിശുദ്ധാത്മാവോടുമൊപ്പം ആരംഭമില്ലാത്ത ആരംഭമാണ്. എല്ലാറ്റിന്‍റെയും ഉത്ഭവവും തത്വവും പിതാവ് ആണ് എന്നു പറയുമ്പോള്‍ അത് നമുക്ക് ദുര്‍ഗ്രഹമാണ്. നമ്മുടെ അറിവ് എപ്പോഴും ആരംഭിച്ചുകഴിഞ്ഞവയെക്കുറിച്ചോ ജന്മം കൊണ്ടതിനെക്കുറിച്ചോ ആയിരിക്കും. നമുക്കു നമ്മുടെ ജനനസമയത്ത് സന്നിഹിതരാകാന്‍ ആവില്ലല്ലോ. നമ്മുടെ ജീവന്‍ ഒരു രഹസ്യത്തോടു കടപ്പെട്ടിരിക്കുന്നു. അതിനാല്‍ ജനനവുമായി ബന്ധപ്പെട്ട എന്തും, പുതുജീവന്‍റെ ഉത്ഭവവും ഏതെങ്കിലും പുതിയ വസ്തുവിന്‍റെ ഉദയവും എല്ലാം എല്ലാറ്റിന്‍റെയും ആരംഭവും സ്രോതസ്സുമായ പിതാവിനോട് ബന്ധപ്പെട്ടിരിക്കുന്നു. നമ്മെ വെല്ലുവിളിക്കുന്നതും രഹസ്യമായി നമ്മുടെ മുമ്പില്‍ ഉരുത്തിരിയുന്നതുമായ എല്ലാം സൃഷ്ടിയില്‍ പിതാവിന്‍റെ സൂചനനല്കുന്നതാണ്.
പ്രപഞ്ചത്തിന്‍റെ അസ്തിത്വം ഒരു രഹസ്യമാണ്. അതിനു അസ്തിത്വമുണ്ടായിരിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല എങ്കിലും അതിന് അസ്തിത്വമുണ്ട്. വ്യക്തിരൂപത്തിലുള്ള മനുഷ്യജീവിതവും ഓരോ ജീവന്‍റെയും വ്യക്തിപരമായ പാതയും മനുഷ്യഹൃദയത്തില്‍ സംഭവിക്കുന്ന കാര്യങ്ങളും അസ്തിത്വമുള്ള എല്ലാറ്റിന്‍റെയും ആത്യന്തികമായ അര്‍ത്ഥവും എല്ലാം രഹസ്യമാണ്. രഹസ്യത്താല്‍ ആവരണം ചെയ്യപ്പെട്ട ഇവയെല്ലാം പിതാവ് എന്ന രഹസ്യത്തിലേക്കു വിരല്‍ചൂണ്ടുന്നു. അത്തരം അനുഭവങ്ങളില്‍ പിതാവ് സന്നിഹിതനാണ്. നമ്മുടെ തന്നെ രഹസ്യത്തില്‍ അവിടുന്ന് സന്നിഹിതനാണ് .എന്തെന്നാല്‍ ഒരു ആത്യന്തിക വിളിയുടെ, സ്വാഗതത്തിന്‍റെ തുറമുഖം നാം എപ്പോഴും അന്വേഷിക്കുന്നു. ചോദ്യം ഒരിക്കലും അവസാനിക്കുന്നില്ല. നാം എവിടെ നിന്നു വന്നു? ഈ ഭൂമിയില്‍ നാം എന്തുചെയ്യുന്നു? നാം എങ്ങോട്ടു പോകുന്നു? അറിയുന്നതിനേക്കാള്‍ കൂടുതല്‍ നാം വിചിന്തനം നടത്തുന്നു. എന്തെന്നാല്‍ നാം വിശദീകരിക്കാനാവാത്ത രഹസ്യത്തിനുള്ളിലാണ്. ഇങ്ങനെത്തെ ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ പിതാവ് തന്നെയാണ് നമ്മില്‍ വസിക്കുന്നത്.
ചിലപ്പോള്‍ ഗുരുതരമായ പ്രതിസന്ധികളില്‍ നാം കുടുങ്ങിപ്പോകാറുണ്ട്. എല്ലാം നഷ്ടപ്പെട്ടതായി തോന്നാം. ചിലപ്പോള്‍ ഒരു ജനപദം തന്നെ പരാജയപ്പെട്ടും അതിന്‍റെ അനന്യത നശിപ്പിക്കപ്പെട്ടും അധഃസ്ഥിതിയിലാകാം. വീണ്ടും അവര്‍ പുതിയ യാത്ര തുടങ്ങണം. അത്തരം പ്രതിസന്ധിഘട്ടങ്ങളില്‍ യേശു ദൈവത്തെ പിതാവേ എന്നു വിളിച്ചു പ്രാര്‍ത്ഥിച്ചു (മത്താ 26:39). ഈജിപ്തിലെ അടിമത്തത്തില്‍ നിന്ന് വിമോചിതരായ ഇസ്രായേല്‍ ജനം ദൈവത്തെ പിതാവായി കണ്ടെത്തി (ഏശ 63:16). മര്‍ദ്ദിതരായ മക്കളുടെ നിലവിളി കേള്‍ക്കുന്ന ദൈവത്തെ അവര്‍ അനുഭവിച്ചറിഞ്ഞു. ദൈവം അന്യായമായി മര്‍ദ്ദിക്കപ്പെടുന്നവര്‍ക്കുവേണ്ടി പ്രതികാരം ചെയ്യുന്നവനായ പിതൃ-ദൈവമാണ് എന്ന് വെളിപ്പെടുത്തപ്പെട്ടു.
ദരിദ്രരും അവഗണിക്കപ്പെട്ടവരും പ്രത്യേക വിധത്തില്‍ ദൈവത്തെ പിതാവായി (തലതൊട്ടപ്പനായി)* കണ്ടു. കാരണം ദൈവമല്ലാതെ മറ്റാരും അവരുടെ പക്ഷത്തില്ല എന്നതുതന്നെ. പിതാവിന്‍റെ ഏകജാതനായ യേശു ഈ അധഃസ്ഥിതര്‍ക്കാണ് തന്‍റെ വിമോചന സന്ദേശത്തില്‍ പ്രമുഖസ്ഥാനം നല്കിയത്. പിതാവിനോടുള്ള അടുപ്പം കൊണ്ട് പിതാവ് എന്ന രഹസ്യത്തിലെ വിമോചകമാനം അവിടുന്നു കണ്ടെത്തി. പിതാവ് എപ്പോഴും ചെയ്തിട്ടുള്ളതും ചെയ്യുന്നതും ചരിത്രത്തില്‍ ചെയ്യാനിരിക്കുന്നതുമായ പ്രവൃത്തിയാണ് അവന്‍ ചെയ്തത്. അന്യായമായി തകര്‍ക്കപ്പെട്ടവരെ സംരക്ഷിക്കുവാന്‍വേണ്ടി അവരുടെ പക്ഷത്ത് അവന്‍ നിലകൊള്ളുന്നു. അതിനാല്‍ മക്കള്‍ എന്ന നിലയിലുള്ള പദവി നിഷേധിക്കപ്പെട്ടവരില്‍ അങ്ങനെ പിതാവ് സന്നിഹിതനാകുന്നു. കൂടുതല്‍ കുടുംബ തുല്യമായ ഒരു ലോകത്തിനുവേണ്ടി പോരാടുന്നവരില്‍ അവിടുന്നു പ്രത്യക്ഷനാകുന്നു (എല്ലാവരും മക്കളും പരസ്പരം സഹോദരീ-സഹോദരന്മാരുമായിരിക്കുന്ന ലോകം).
എല്ലാറ്റിലും രഹസ്യം സന്നിഹിതമല്ലേ? താരനിബിഡമായ ആകാശം. തെരുവു വിളക്കുകള്‍. ഒരു ശിശുവിന്‍റെ മന്ദസ്മിതം. ദുര്‍ബലനായ ഒരു വ്യക്തി സഹായിക്കുവാനുള്ള സന്നദ്ധത. ദാനം ചെയ്യുവാന്‍ തുറക്കുന്ന മനുഷ്യഹസ്തം പിതാവിന്‍റെ രഹസ്യമാണ് നമ്മുടെ മുമ്പില്‍ ഈ അടയാളങ്ങള്‍ നല്കുന്നത്.
ലെയനാര്‍ഡോ ബോഫ് (Holy Trinity: Perfect Community)
(പരിഭാഷ: ഫാ. ജിയോ പുളിക്കല്‍)
father as a person the secret of tenderness catholic malayalam mananthavady diocese Leonardo Boff Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206