We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Mar Joseph Pamplany On 26-Jan-2021
സഭയെ സ്ഥാപനമായോ അദൃശ്യവും ആന്തരികവുമായ കൂട്ടായ്മയായോ മാത്രം വീക്ഷിക്കുന്നതിലുള്ള അപകടങ്ങള്‍ മനസ്സിലാക്കിയ ചില ദൈവശാസ്ത്രജ്ഞന്മാര്‍ ഈ രണ്ടു വീക്ഷണങ്ങളെയും സമ്യക്കായി സംയോജിപ്പിക്കുന്നതിനുള്ള പരിശ്രമം വത്തിക്കാന്‍ കൗണ്‍സിലിനു മുമ്പുതന്നെ ആരംഭിച്ചിരുന്നു. ഹെന്‍റി ദ് ലുബാക്, ഓട്ടോ സെമ്മല്‍ റോത്ത്, കാള്‍ റാനര്‍, എഡ്വേഡ് സ്കില്ലബക്സ്, പീറ്റ്സ്മള്‍ ഡേര്‍സ്, ഈവ്സ് കോണ്‍ഗാര്‍, ജെ. ഗ്രോറ്റ്, ജി. മാര്‍ട്ലറ്റ് തുടങ്ങിയവരുടെ പേരുകളാണ് ഇവിടെ എടുത്തു പറയേണ്ടിയിരിക്കുന്നത്. മൗലികമായ ഒരു കൂദാശയായിട്ടാണ് ഇവര്‍ സഭയെ കാണുന്നത്. ഈ സഭാവിജ്ഞാനീയചിന്ത കൗണ്‍സില്‍ അംഗീകരിച്ച തിന്‍റെ തെളിവാണ് തിരുസ്സഭയെപ്പറ്റിയുള്ള പ്രമാണ രേഖയുടെ ഒന്നാമത്തെ അധ്യായത്തിനു തന്നെ "സഭയുടെ കൗദാശികത" (The Mystery of the Church) എന്ന ശീര്‍ഷകം നല്‍കിയിരിക്കുന്നുവെന്നത്. സഭ കൂദാശയാണെന്ന ആശയം ഊന്നിപ്പറയണമെന്ന് 130 പിതാക്കന്മാര്‍ ഉന്നയിച്ച ആവശ്യത്തെ 3 പേര്‍ എതിര്‍ത്തെങ്കിലും അവസാനം എല്ലാവരും ഏകകണ്ഠമായി അതംഗീകരിക്കുകയുണ്ടായി. പ്രമാണരേഖകളില്‍ പലയിടത്തും ഈ ആശയം ആവര്‍ത്തിക്കപ്പെടുന്നുണ്ട്. കൗണ്‍സിലിന്‍റെ രണ്ടാമത്തെ സമ്മേളനത്തിന്‍റെ ആരംഭത്തില്‍ ആറാം പോള്‍ മാര്‍പാപ്പയും സഭയെ കൂദാശയായി വിശേഷിപ്പിച്ചു. "മിസ്തേരിയോന്‍" എന്ന ഗ്രീക്കുപദത്തിന്‍റെ തര്‍ജ്ജമയാണല്ലോ "സാക്രമെന്‍തും" എന്ന ലത്തീന്‍ പദവും കൂദാശയെന്ന സുറിയാനി മലയാളപദവും. മിസ്തേരിയോന്‍ എന്ന പദത്തിന് രഹസ്യം, നിഗൂഢമായത് എന്നൊക്കെ അര്‍ത്ഥമുണ്ടെങ്കിലും പ്രധാനമായി ആ അര്‍ത്ഥത്തിലല്ല സഭയെ ഒരു രഹസ്യമെന്നോ, കൂദാശയെന്നോ വിളിക്കുന്നത്. ആഴമേറിയ മറ്റൊരര്‍ത്ഥമാണ് അതിനുള്ളത്. അതു മനസ്സിലാക്കുവാന്‍ ഒന്നാമതായി വി. പൗലോസ്ശ്ലീഹാ രഹസ്യത്തിനു നല്കുന്ന അര്‍ത്ഥം നാം മനസ്സിലാക്കണം. നിത്യത മുതല്‍ ദൈവം തയ്യാറാക്കിയിരുന്നതും കാലത്തിന്‍റെ തികവില്‍ അവിടുത്തെ ദൈവകുമാരന്‍റെ ജീവിതത്തിലും, മരണത്തിലും, ഉയിര്‍പ്പിലുംകൂടെ, സാക്ഷാത്കരിച്ചതുമായ രക്ഷാകര പദ്ധതിയെയാണ്, പൗലോസ് ശ്ലീഹാ "മിസ്തേരിയോന്‍" രഹസ്യം എന്നു പറയുന്നത്. ലത്തീന്‍ ബൈബിളില്‍ സാക്രമെന്‍തും എന്ന പദം ഉപയോഗിച്ചാണ് ഇത് തര്‍ജ്ജിമ ചെയ്തിരിക്കുന്നത്. ഈ ചിന്താധാരയില്‍ത്തന്നെ സഭാപിതാക്കന്മാര്‍ ക്രിസ്തുവിനെയും വി. പുസ്തകത്തെയും ആരാധനാക്രമത്തിലെ അനുഷ്ഠാനങ്ങളെയും സഭയെയും മിസ്തേരിയോന്‍ അഥവാ സാക്രമെന്‍തും എന്നു പറയുക പതിവായിരുന്നു. സഭയെ കൂദാശയായി മനസ്സിലാക്കുക വഴി, സഭാപിതാക്കന്മാരുടെ പാരമ്പര്യത്തിലേക്കു മടങ്ങുകയും, അതേ സമയം ആധുനിക ദൈവശാസ്ത്രജ്ഞന്മാരുടെ ചിന്താഗതിയുമായി യോജിക്കുകയുമാണ് കൗണ്‍സില്‍ ചെയ്യുന്നത്.
പ്രസാദവരജീവനാകുന്ന അതിസ്വഭാവികയാഥാര്‍ത്ഥ്യത്തെ സൂചിപ്പിക്കുകയും, സാക്ഷാത്കരിക്കുകയും ചെയ്യുന്ന പ്രതീകമാണല്ലോ കൂദാശ. മനുഷ്യരെ വാത്സല്യപൂര്‍വ്വം സ്വീകരിക്കുകയും നിരുപാധികം അവരോടു ക്ഷമിക്കുകയും ചെയ്യുന്ന പിതാവ്, തന്നെത്തനെ മനുഷ്യര്‍ക്കു നല്കുകയും മനുഷ്യര്‍ ഈ ദാനം സ്വീകരിക്കുകയും ചെയ്യുമ്പോഴാണ് അവരില്‍ പ്രസാദവരജീവന്‍ വസിക്കുന്നു എന്ന് നാം പറയുന്നത്. ദൈവത്തിന്‍റെ സ്വയംദാനവും മനുഷ്യന്‍റെ സ്വീകരണവും അതിന്‍റെ ഏറ്റവും ഉദാത്തമായ പൂര്‍ണ്ണതയില്‍ മൂര്‍ത്തിമത്തായത് യേശുനാഥനിലാണ്. അതിനാല്‍ യേശുനാഥന്‍ ഈ സ്വയംദാനത്തിന്‍റെയും, സമ്പൂര്‍ണ്ണ സ്വീകരണത്തിന്‍റെയും ഏറ്റവും അനുയോജ്യമായ പ്രതീകമാണ്. വെറും പ്രതീകമല്ല, പിന്നെയോ, സൂചിപ്പിക്കുകയും അത്യുദാത്തമായി സാക്ഷാത്കരിക്കുകയും ചെയ്യുന്ന പ്രതീകം അഥവാ കൂദാശ. മനുഷ്യകുലത്തോടുള്ള ദൈവത്തിന്‍റെ സ്നേഹത്തിന്‍റെയും മനുഷ്യകുലം അതിനു നല്കുന്ന പ്രത്യുത്തരത്തിന്‍റെയും സാക്ഷാത്കരിക്കുന്ന പ്രതീകം, അഥവാ, കൂദാശയാണ് യേശുനാഥനെങ്കില്‍, യേശുവിന്‍റെ മരണത്തോടും ഉയിര്‍പ്പോടുംകൂടെ ഈ പ്രതീകത്തിന്‍റെ ചരിത്രപരതയില്‍ പ്രതീകാത്മകതയും അവസാനിക്കുക സാധ്യമല്ല. അതു ചരിത്രത്തില്‍ തുടരണം. ഉയിര്‍ത്തെഴുന്നേറ്റ യേശുനാഥനില്‍ വിശ്വസിച്ചുകൊണ്ട്, അവിടുത്തെ അരൂപിയില്‍ ഒന്നിച്ചുകൂടി പിതാവിന്‍റെ സ്നേഹം സ്വീകരിക്കുകയും തങ്ങളുടെ ജീവിതത്തെ പിതാവിനര്‍പ്പിച്ചുകൊണ്ട് അവിടുത്തേയ്ക്ക് പ്രത്യുത്തരം നല്കുകയും ചെയ്യുന്ന വിശ്വാസികളുടെ കൂട്ടായ്മതന്നെയാണ്, യേശുനാഥനിലൂടെ കൈവന്ന രക്ഷയുടെ ചരിത്രത്തില്‍ തുടരുന്നവരുടെ പ്രതീകം അഥവാ കൂദാശ. അതുകൊണ്ടാണ് സഭയെ കൂദാശ എന്നു പറയുന്നത്.
സഭ വെറുമൊരു പ്രതീകമല്ല, പ്രത്യുത ഒരു കൂദാശയാണ്. അതിനാല്‍ ക്രിസ്തുനാഥനിലൂടെ ദൈവം നല്കിയ സ്നേഹവും, കാരുണ്യവും, പാപമോചനവുമെല്ലാം സൂചിപ്പിക്കുക മാത്രമല്ല, സാക്ഷാത്കരിക്കുകയും ചെയ്യുന്ന പ്രതീകമായിരിക്കണം സഭ. അതുപോലെതന്നെ, ഈ പ്രതീകം ദൈവത്തിന്‍റെ നേര്‍ക്കുള്ള മനുഷ്യന്‍റെ സ്നേഹത്തെയും അനുസരണത്തെയും അര്‍പ്പണത്തെ യും സൂചിപ്പിക്കുക മാത്രമല്ല, സാക്ഷാത്കരിക്കുകയും ചെയ്യണം. അതിനുള്ള നിരന്തരമായ ഒരു ദൗത്യമാണ് ക്രിസ്തുനാഥന്‍ സഭയ്ക്കു നല്കിയിരിക്കുന്നത്.
കൂദാശ എന്ന പേരില്‍ സഭയ്ക്ക് ദൃശ്യവും അദൃശ്യപരവുമായ വശവും, അദൃശ്യവും ആന്തരികവുമായ വശവും കൂടിയേതീരൂ. പ്രതീകം എപ്പോഴും ദൃശ്യമായിരിക്കണമല്ലോ. ദൃശ്യവും ചരിത്ര പരവുമായ വശമാണ്, സഭയുടെ ഘടനയും വിശ്വാസപ്രഖ്യാപനവും വിവിധ കൂദാശകളും ശുശ്രൂഷാ പൗരോഹിത്യവുമെല്ലാം. സഭ ഐക്യത്തിന്‍റെയും സ്നേഹത്തിന്‍റെയും കൂദാശയാണെങ്കില്‍, ബാഹ്യമായും ഈ ഐക്യം പ്രകടമായിരിക്കണം. എന്നാല്‍, ഘടനാപരമായ വശം മാത്രമേ ഉള്ളൂ എങ്കില്‍ സഭ കൂദാശയായിരിക്കുകയില്ല, ശൂന്യമായ പ്രതീകം മാത്രമേ ആയിരിക്കുകയുള്ളൂ. ബാഹ്യഘടനയും വിവിധ കൂദാശകളുമെല്ലാം ആന്തരിക യാഥാര്‍ ത്ഥ്യത്തെ സാക്ഷാത്കരിക്കുന്ന, ഉള്‍ക്കൊള്ളുന്ന പ്രതീകമാണെങ്കില്‍ മാത്രമേ സഭ കൂദാശയായിരിക്കുകയുള്ളൂ.
കൗദാശിക സഭാ വീക്ഷണത്തില്‍ സഭയെ കാണേണ്ടത്, വിവിധ കൂദാശകളില്‍നിന്നല്ല. വിവിധ കൂദാശകളെ കാണേണ്ടത് സഭയില്‍ നിന്നാണ്. ഏഴു കൂദാശകള്‍ സഭയാകുന്ന കൂദാശയുടെ വ്യത്യസ്ത സാക്ഷാത്കാരങ്ങള്‍ മാത്രമാണ്. അതേസമയം കൂദാശകളുടെ പരികര്‍മ്മത്തിലാണെന്നു പറയാം സഭയുടെ കൗദാശിക പ്രകൃതി ഏറ്റവും കൂടുതല്‍ പ്രകടമാകുന്നത്. സഭയുടെ ഏറ്റവും തീവ്രമായ കൗദാശിക സാക്ഷാത്കാരമാണ് വി. കുര്‍ബ്ബാന ആഘോഷം. അവിടെ സഭാംഗങ്ങള്‍ ക്രിസ്തുനാഥന്‍റെ അരൂപിയിലാണ് ഒന്നിച്ചുകൂടുന്നത്. ക്രിസ്തുനാഥന്‍റെ ജീവിതത്തിലും മരണത്തിലും ഉയിര്‍പ്പിലുംകൂടെ പിതാവ് പ്രവര്‍ത്തിച്ച രക്ഷാകര സംഭവം അവിടെ കൗദാശികമായി പുനരവതരിപ്പിക്കപ്പെടുകയാണല്ലോ. പിതാവിന്‍റെ വ്യവസ്ഥയില്ലാത്ത സ്നേഹവും സ്വയംദാനവും യേശുനാഥന്‍റെ സമ്പൂര്‍ണ്ണമായ പ്രത്യുത്തരവും അവിടെ സന്നിഹിതമാണ്. യേശുനാഥനോടൊത്ത് അവിടുത്തെ സഭാപിതാവിന്‍റെ സ്നേഹവും സ്വയംദാനവും സ്വീകരിച്ച് തങ്ങളുടെ ജീവിതബലി പിതാവിന് സമര്‍പ്പിക്കുന്നു. ആ ജീവിതബലി അനുദിനജീവിതത്തില്‍ സാക്ഷാത്കരിക്കുവാന്‍ പ്രതിജ്ഞാബദ്ധരാകുന്നു. അങ്ങനെ ആഘോഷിക്കപ്പെടുന്ന വി. കുര്‍ബ്ബാനയാണ് സഭയുടെ ഏറ്റവും തീവ്രമായ കൗദാശിക സാക്ഷാത്കാരം, അഥവാ "സഭാസംഭവം".
കൗദാശികമായ സഭാവീക്ഷണത്തെ കൂദാശാപ്രദാനമായ സഭാവീക്ഷണമായി തെറ്റിദ്ധരിച്ചുകൂടാ. കൂദാശാപ്രദാനമായ സഭാവീക്ഷണത്തില്‍ പ്രസാദവരമാര്‍ഗ്ഗങ്ങളായി കരുതപ്പെടുന്ന കൂദാശകള്‍ പരികര്‍മ്മം ചെയ്യുകയാണ് സഭയുടെ മുഖ്യമായ ദൗത്യം. കൂദാശകളെപ്പറ്റിയുള്ള ധാരണതന്നെ ഇവിടെ വികലമാണ്. യാന്ത്രികമായി വിശുദ്ധി കൈവരുത്തുന്ന മാര്‍ഗ്ഗങ്ങളായിട്ടാണ് പലരും അവയെ കണക്കാക്കുന്നത്. കൂദാശകള്‍ ദൈവവും മനുഷ്യനും തമ്മിലുള്ള കണ്ടുമുട്ടലിന്‍റെ മാധ്യമങ്ങളാണെന്ന വസ്തുതതന്നെ വിസ്മരിക്കപ്പെടുന്നു. അതുപോലെതന്നെ, വ്യക്തിബന്ധങ്ങളിലും സാമൂഹികമാനങ്ങളിലുംകൂടെയാണ് ദൈവം കൗദാശികമായി മനുഷ്യനുമായി കണ്ടുമുട്ടുന്നതെന്ന പരമാര്‍ത്ഥവും. ചിലരെ സംബന്ധിച്ചിത്തോളം, സമൂഹജീവിതപരമായ ആചാരാനുഷ്ഠാനങ്ങള്‍ മാത്രമാണ് കൂദാശകള്‍. അവ ക്രമാനുഷ്ഠിതമായി നല്കുന്ന ഒരു സ്ഥാപനമത്രേ സഭ. കൂദാശാപ്രധാനമായ ഈ സഭാവീക്ഷണം, നമ്മുടെയാളുകളുകള്‍ക്കിടയില്‍ - അല്‍മായരുടെ ഇടയില്‍ മാത്രമല്ല - സാധാരണമാണെന്നുവേണം പറയുവാന്‍.
പരിചാരക സഭ
സഭയെപ്പറ്റിയുള്ള രണ്ടാംവത്തിക്കാന്‍ കൗണ്‍സിലിന്‍റെ ആദ്യത്തെ പ്രമാണരേഖ മുഖ്യമായും സഭയുടെ ആന്തരികസത്തയെയും ജീവിതത്തെയും കേന്ദ്രീകരിച്ചുള്ളതായിരുന്നെങ്കില്‍, "സഭ ആധുനിക ലോകത്തില്‍" എന്ന പ്രമാണരേഖ സഭയും ലോകവുമായുള്ള ബന്ധത്തെ കേന്ദ്രീകരിച്ചുള്ളതാണ്. ലോകത്തോടു വിശ്വാസം പ്രഖ്യാപിക്കുക, ലോകത്തെ പഠിപ്പിക്കുക, വിശുദ്ധീകരിക്കുക, നയിക്കുക ഇവയൊക്കെയാണ് ലോകത്തോടുള്ള തന്‍റെ മുഖ്യ കടമകളായി കഴിഞ്ഞ കാലങ്ങളില്‍ സഭ കരുതിയിരുന്നത്. ലോകത്തെ പരിചരിക്കുക എന്നതും സഭയുടെ മുഖ്യമായ ഒരു കടമയാണെന്ന അവബോധം ഉണ്ടാകുന്നതിനു കൗണ്‍സിലും, വിശേഷിച്ച് സഭ "ആധുനിക ലോകത്തില്‍" എന്ന പ്രമാണരേഖയും വളരെയേറെ സഹായിച്ചിട്ടുണ്ട്. സേവനം സഭയുടെ കടമയാണെന്ന ബോധ്യം ഒരിക്കലും സഭയില്‍നിന്നു തീര്‍ത്തും അപ്രത്യക്ഷ മായിരുന്നില്ല. എങ്കിലും മനുഷ്യരക്ഷ ആധ്യാത്മിക മണ്ഡലങ്ങളില്‍ മാത്രമായി ഒതുക്കി നിര്‍ത്തുന്ന ഒരു പ്രവണത ഈ ബോധ്യത്തിനു മങ്ങലേല്‍പിച്ചു. സേവകരായിരിക്കേണ്ട അജപാലകന്മാര്‍ പലപ്പോഴും ഭരണാധിപന്മാരുടെയും പ്രഭുക്കന്മാരുടെയും പെരുമാറ്റ രീതികള്‍ സ്വീകരിച്ചതും സഭയുടെ സേവനസ്വഭാവത്തിന് കോട്ടംവരുത്തി. ഈ പരിതസ്ഥിതിയിലാണ് പരിചരണം സഭയുടെ മുഖമുദ്രയായി, പ്രഖ്യാപിക്കണമെന്ന് പല കൗണ്‍സില്‍ പിതാക്കന്മാരും ആവശ്യപ്പെട്ടത്. സഭയെപ്പറ്റിയുള്ള പ്രമാണരേഖയില്‍ സഭയുടെ പരിചാരകസ്വഭാവത്തെക്കുറിച്ച് പലയിടത്തും സൂചന കളുണ്ട്. പരിചരണം സഭയുടെ അവശ്യസ്വഭാവമാണെന്ന് മൂന്നാമത്തെ സമ്മേളനത്തിന്‍റെ അവസാനത്തില്‍, ആറാം പോള്‍ മാര്‍പാപ്പ അസന്നിഗ്ധമായി പ്രസ്താവിക്കുകയുണ്ടായി. അതു വ്യക്തവും വിശ്വാസയോഗ്യവുമായി കാണിക്കുവാന്‍ "സഭ ആധുനിക ലോകത്തി"ന്‍റെ ആസൂത്രകരോട് അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെ സേവിക്കയും പരിചരിക്കയും ചെയ്യുന്ന ഒരു സഭയായിട്ടാണ്, നാലാമദ്ധ്യായത്തില്‍ മാത്രമല്ല, പ്രമാണ രേഖയിലുടനീളം സഭയെ ചിത്രീകരിക്കുന്നത്.
ഈ പ്രമാണരേഖയില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ടാണ്, 1968-ല്‍ മെദല്ലിനിലും. 1981-ല്‍ പുഎബ്ലായിലും സമ്മേളിച്ച ലാറ്റിന്‍ അമേരിക്കന്‍ മെത്രാന്മാരുടെ കോണ്‍ഫറന്‍സും, 1971-ല്‍ റോമില്‍ സമ്മേളിച്ച മെത്രാന്മാരുടെ സിനഡും, പരിചാരകദൗത്യത്തെ സഭയുടെ അനന്യമായ ഒരു ലക്ഷണമായി എടുത്തുകാട്ടിയത്. 1968-ല്‍ ഉപ്പ്സാലായില്‍കൂടിയ സഭകളുടെ ലോക കൗണ്‍സിലും, സഭയുടെ ഈ സ്വഭാവത്തിന് വളരെയേറെ പ്രാധാന്യം കൊടുക്കുകയുണ്ടായി. ഈ ഔദ്യോഗിക രേഖകളുടെയെല്ലാം വെളിച്ചത്തില്‍ പല ദൈവശാസ്ത്രജ്ഞന്മാരും സഭയുടെ പരിചാരകസ്വഭാവത്തെ കേന്ദ്രീകരിച്ചുള്ള ഒരു സഭാവിജ്ഞാനീയത്തിനു തന്നെ രൂപംകൊടു ക്കുവാന്‍ ശ്രമിക്കുകയുണ്ടായി. അവരുടെയിടയില്‍ ആംഗ്ലിക്കന്‍, പ്രൊട്ടസ്റ്റന്‍റ്, കത്തോലിക്കാ സഭാവിഭാഗങ്ങളിലുള്ളവരുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഈ ലൈനില്‍ ചിന്തിച്ചു തുടങ്ങിയിരുന്ന റ്റെയാര്‍ ദ്ഴ്ഷാര്‍ദാനും, ഡീറ്റ്രിക് ബോണ്‍ഹോഫറും അവര്‍ക്ക് ഉത്തേജനം നല്‍കി. ഹാര്‍വി കോക്സ്, ജെ. എ. റ്റി. റോബിന്‍സണ്‍, ജിബ്സണ്‍ വിന്‍റര്‍, റോബര്‍ട്ട് അഡോള്‍ഫസ്, യൂജീന്‍ ബിയാന്‍കി, റിച്ചാര്‍ഡ് മക്ബ്രിയന്‍ എന്നിവരുടെ പേരുകളാണ് ഇവിടെ പ്രത്യേകം എടുത്തുപറയാനുള്ളത്. ക്രിസ്തുവിനെപ്പോലെ സ്വയം ശൂന്യവത്കരിച്ച്, ദാസന്‍റെ രൂപം സ്വീകരിക്കുകയും, സ്വാതന്ത്ര്യം, നീതി, സമാധാനം, സ്നേഹം, കാരുണ്യം, അനുരഞ്ജനം എന്നിങ്ങനെയുള്ള യേശുവിന്‍റെ സുവിശേഷത്തിന്‍റെ സനാതന മൂല്യങ്ങളുടെ വിധിക്കു വിധേയമാകുവാന്‍ ലോകത്തെ പ്രാപ്തമാക്കുകയുമാണ് അവരുടെ ദൃഷ്ടിയില്‍ സഭയുടെ സുപ്രദാനമായ ദൗത്യം. അല്ലാതെ വിശ്വാസ പ്രഘോഷണത്തിലും അനുഷ്ഠാനങ്ങളിലും മാത്രം മുഴുകി ജീവിക്കയല്ല. സ്വന്തം സ്ഥാപനങ്ങളിലും ഘടനകളിലും ഒതുങ്ങിനില്‍ക്കാതെ, ലോകത്തിന്‍റെതന്നെ സ്ഥാപനങ്ങളിലേക്കും ഘടനകളിലേക്കും സഭ ഇറങ്ങിചെല്ലണം. ഈ മണ്ഡലങ്ങളെയും, സ്വന്തം കര്‍മ്മരംഗങ്ങളായി സഭ വീക്ഷിക്കണം. എങ്കില്‍ മാത്രമേ ലോകത്തിന്‍റെ പരിചാരികയായി സ്വയം വീക്ഷിക്കുവാന്‍ സഭയ്ക്കു സാധിക്കൂ.
സഭയുടെയും ലോകത്തിന്‍റെയും യുഗാന്തോന്മുഖതയ്ക്ക് ഈ ദൈവശാസ്ത്രജ്ഞന്മാര്‍ അധികം പ്രാധാന്യം നല്‍കിക്കാണുന്നില്ല. എന്നാല്‍, യുഗാന്തോന്മുഖത തന്നെ ലോകത്തെ പരിചരിക്കുവാന്‍ സഭയ്ക്കുള്ള ഏറ്റവും വലിയ ഉത്തേജകമായിരിക്കണമെന്ന് വാദിക്കുന്നവരാണ് വോള്‍ഫ്ഹാര്‍ട്ട് പന്നന്‍ബര്‍ഗ്, ജൂര്‍ഗര്‍ മോള്‍ട്മാന്‍, ജോണ്‍ ബാപ്റ്റിസ്റ്റ് മെറ്റ്സ്, എഡ്വേര്‍ഡ് സ്കില്ലബെക്സ് തുടങ്ങിയ ദൈവശാസ്ത്രജ്ഞന്മാര്‍. ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന യുഗാന്തോന്മുഖമായ നീതിയുടെയും ജീവന്‍റെയും മാനുഷി കതയുടെയും പൂര്‍ത്തീകരണത്തിനായി ലോകത്തെ ഒരുക്കുന്നതിലാണ് തന്‍റെ പരിചാരക ദൗത്യം സഭ മുഖ്യമായും നിര്‍വ്വഹിക്കുന്നത്. മോള്‍ഡ്മാനെപ്പോലെതന്നെ, പ്രത്യാശയുടെ ദൈവശാസ്ത്രത്തില്‍ അടിയുറച്ചു നില്ക്കുന്നവരാണ് മെറ്റ്സും, സ്കില്ലബെക്സും. പൊതുജീവിതത്തില്‍ പ്രത്യക്ഷപ്പെടുന്ന ഘടനാപരവും സംഘാത്മകവുമായ അനീതികള്‍ക്കും ചൂഷണത്തിനുമെല്ലാം എതിരായി പാവങ്ങളുടെപക്ഷംചേര്‍ന്നുകൊണ്ട്, പഴയനിയമത്തിലെ പ്രവാചകന്മാരെപ്പോലെ പ്രതിഷേധസ്വരം മുഴക്കുകയും, യേശുവിന്‍റെ പീഡാനുഭവത്തിന്‍റെ അപകടകരവും വിധ്വംസകവുമായ ഓര്‍മ്മ സദാ നവീകരിക്കുകയും ചെയ്യുന്നതില്‍ സഭയുടെ പ്രധാന ദൗത്യം അടങ്ങിയിരിക്കുന്നുവെന്നാണ് "പൊതുജീവിത ദൈവശാസ്ത്ര"ത്തിന്‍റെ (Political Theology) മുഖ്യവക്താവായി ജെ. ബി. മെറ്റ്സിന്‍റെ വാദം.
പ്രത്യാശയുടെയും "പൊതുജീവിതത്തിന്‍റെ"യും ദൈവശാസ്ത്രങ്ങള്‍ താത്വികമായി പാവങ്ങളുടെ പക്ഷംചേരുന്ന ഒന്നാണെങ്കിലും, പ്രായോഗികവും ഫലപ്രദവുമായി അതിന് ഒന്നും ചെയ്യുവാന്‍ കഴിയുകയില്ലെന്ന അവബോധം മൂന്നാം ലോകത്തിലെ, വിശിഷ്യാ ലത്തീനമേരിക്കയിലെ പല ദൈവശാസ്ത്രജ്ഞന്മാരിലുമുണ്ടായി. അതിന്‍റെ ഫലമായി രൂപംകൊണ്ടതാണെന്നു പറയാം "വിമോചന ദൈവശാസ്ത്രം." പരിചാരക സഭാ വിജ്ഞാനീയത്തിന്‍റെ തലത്തിലുള്ള ഒരു സഭാവീക്ഷണമാണ് വിമോചന ദൈവശാസ്ത്രത്തിന്‍റേതും. ഇതിന്‍റെ തൊട്ടടുത്ത ഉറവിടം കൗണ്‍സിലിന്‍റെ "സഭ ആധുനികലോകത്തില്‍" എന്ന പ്രമാണരേഖയും പോള്‍ ആറാമന്‍റെ "ജനതകളുടെ പുരോഗതി" എന്ന ചാക്രികലേഖനവുമാണെന്നു പറയാം. ആധുനികലോകത്തിന്‍റെ ആവശ്യങ്ങള്‍ കണക്കിലെടുക്കണമെന്ന കൗണ്‍സിലിന്‍റെ നിര്‍ദ്ദേശമനുസരിച്ച് ഇന്നത്തെ സാമൂഹിക സാംസ്കാരിക സാമ്പത്തിക മണ്ഡലങ്ങളുടെയെല്ലാം ഒരപഗ്രഥനം "സഭ ആധുനികലോകത്തില്‍" എന്ന പ്രമാണരേഖ നടത്തുകയുണ്ടായി. ഇന്നത്തെ മനുഷ്യരുടെ ആവശ്യങ്ങളിലേക്കും പ്രതീക്ഷകളിലേക്കുമെല്ലാം അത് ശ്രദ്ധ തിരിച്ചു. എങ്കിലും ആഗോളപരിതസ്ഥിതികളുടെ സമഗ്രമായ ഒരപഗ്രഥനമായിരുന്നു ഇതെന്നു പറഞ്ഞുകൂടാ. വിശേഷിച്ച് മൂന്നാം ലോകത്തിന്‍റെ തീവ്രമായ പ്രശ്നങ്ങളെ വേണ്ടവിധം കണക്കിലെടുക്കുവാന്‍ അതിനു കഴിഞ്ഞില്ല. കൊളോണിയലിസത്തില്‍നിന്നു വിമുക്തിനേടിയ ജനതകളുടെ സാംസ്കാരികമായ ഉയിര്‍ത്തെഴുന്നേല്‍പ്പും സമ്പൂര്‍ണ്ണ വിമോചനത്തിനും വികസനത്തിനും വേണ്ടിയുള്ള ദാഹവുമെല്ലാം വേണ്ടവിധം വിലയിരുത്തപ്പെട്ടെന്നു പറഞ്ഞുകൂടാ. ഘടനാപരവും സംഘാതാത്മകവുമായ തിന്മയുടെ ശക്തിയുടെ ക്രൂരഭാവങ്ങള്‍ പ്രമാണരേഖ കണ്ടതേയില്ല. സാമൂഹ്യവും രാഷ്ട്രീയവും അന്താരാഷ്ട്രീയവുമായ പലരംഗങ്ങളിലും കൗണ്‍സിലിനുണ്ടായിരുന്ന ശുഭാപ്തിവിശ്വാസം അതിരുകടന്നതായിരുന്നുവെന്നു പിന്നീടുനടന്ന സംഭവങ്ങള്‍ തെളിയിക്കുകയുണ്ടായി.
അധീശത്വത്തിന്‍റേതായ ഒരു വ്യവസ്ഥിതിയിലാണ് സഭതന്നെ ജീവിക്കുന്നതെന്നും ഈ വ്യവസ്ഥിതിയുടെ പ്രത്യയശാസ്ത്രങ്ങളും പ്രവര്‍ത്തനശൈലിയുമെല്ലാം സഭയേയും സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള വസ്തുത പലപ്പോഴും വിസ്മരിക്കപ്പെടുന്നു. അറിയാതെ തന്നെ ഈ പ്രത്യയശാസ്ത്രങ്ങള്‍ക്കും പ്രവര്‍ത്തനശൈലിക്കും സഭ പലപ്പോഴും സന്മാര്‍ഗ്ഗികാംഗീകാരം നല്‍കുന്നുണ്ട്. ചരിത്രത്തില്‍ സ്വയം സാക്ഷാത്കരിക്കുന്നതിന് സാമൂഹ്യവും സാംസ്കാരികവുമായ പല ഘടകങ്ങളുടെയും മാധ്യമം സഭയ്ക്കാവശ്യമാണ്. ഈ ഘടകങ്ങള്‍ സുവിശേഷവുമായി അവശ്യം ബന്ധപ്പെട്ടവയല്ല.
കഴിഞ്ഞ കാലങ്ങളില്‍ ഏതേതു ഘടകങ്ങളാണ് ചരിത്രത്തിലെ സ്വയം സാക്ഷാത്ക്കാരത്തിനായി സ്വീകരിച്ചിട്ടുള്ളതെന്നും അവയ്ക്ക് അതതുകാലങ്ങളില്‍ നിലനിന്നിരുന്ന പ്രത്യയശാസ്ത്രങ്ങളുമായി എന്തുബന്ധമാണുള്ളതെന്നും സഭ ഇന്ന് വിലയിരുത്തേണ്ടിയിരിക്കുന്നു. ഇവയില്‍ മനുഷ്യസമൂഹങ്ങള്‍ക്കോ ഭൂഖണ്ഡങ്ങള്‍ക്കോ എതിരായി വിവേചനം സൃഷ്ടിക്കുന്ന സാമ്പത്തികവും സാമൂഹ്യവും രാഷ്ട്രീയവുമായ എല്ലാ സങ്കല്‍പ്പങ്ങളെയും സഭ ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. എല്ലാ മനുഷ്യരുടെയും തുല്യതയും പദവിയും അവകാശങ്ങളും പ്രഖ്യാപിച്ചുകൊണ്ട്, അവയ്ക്കെതിരേ നിലകൊള്ളുന്ന വ്യവസ്ഥിതികളെയും സംവിധാനങ്ങളെയും എല്ലാം എതിര്‍ക്കേണ്ടത് സഭയുടെ കടമയാണ്. അനീതിക്കും ചൂഷണത്തിനും മര്‍ദ്ദനത്തിനും വിധേയരാകുന്നവരുടെ പക്ഷത്തുനിന്നുകൊണ്ടു മാത്രമേ അവയ്ക്കെതിരായി സ്വരമുയര്‍ത്താനും അവയെ ചെറുക്കാനും സഭയ്ക്ക് സാധ്യമാകൂ. ലാറ്റിനമേരിക്കയില്‍ ഇന്നു നിലനില്‍ക്കുന്ന വ്യവസ്ഥിതിയില്‍ മര്‍ദ്ദിതരും മര്‍ദ്ദകരും എന്ന രണ്ടിനമേയുള്ളൂ. രാഷ്ട്രീയസാമൂഹികസാമ്പത്തികശക്തിയെല്ലാം മര്‍ദ്ദകവിഭാഗത്തിന്‍റെ കൈയില്‍ ഒതുങ്ങിയിരിക്കുകയാണ്. ഈ പരിതസ്ഥിതിയില്‍ മര്‍ദ്ദിതവിഭാഗത്തോടുകൂടെ മാത്രമേ സഭയ്ക്കു നിലനില്‍ക്കുവാന്‍ കഴിയൂ. സഭയുടെ തിരഞ്ഞെടുപ്പുകളും പ്രവര്‍ത്തനങ്ങളുമെല്ലാം പൊതുജീവിതക്രമത്തെ ബാധിക്കുന്നതാണ്; മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ രാഷ്ട്രീയസ്വഭാവമുള്ളതാണ്. രാഷ്ട്രീയസ്വഭാവമില്ലാത്ത, നിഷ്പക്ഷമായ ഒരു നിലപാട് സ്വീകരിക്കുവാന്‍ സഭയ്ക്കു ഒരിക്കലും സാധ്യമല്ല. ഒരു നിലപാടും സ്വീകരിക്കുന്നില്ലെങ്കില്‍, അതും രാഷ്ട്രീയമായ, ചേരിചേരുന്ന ഒരു നിലപാടാണ്. മര്‍ദ്ദിതരോടുകൂടെ നില്‍ക്കുകയും അവരുടെ സമഗ്രമായ വിമോചനത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യാത്ത സഭ മര്‍ദ്ദകരോടുകൂടെ നിന്നേ മതിയാകൂ.
മനുഷ്യരുടെ വിമോചകനായിട്ടാണ് ദൈവം ചരിത്രത്തില്‍ സ്വയം വെളിപ്പെടുത്തിയിരിക്കുന്നത്. ദൈവത്തിന്‍റെ വെളിപാടിന് മനുഷ്യന്‍ നല്കുന്ന പ്രത്യുത്തരമാണ് വിശ്വാസം. അത് വെറും പ്രഖ്യാപനമല്ല, പ്രധാനമായും ജീവിതമാണ്. ദൈവത്തിന്‍റെ രക്ഷാകരമായ സ്വയം ദാനത്തിനുള്ള മനുഷ്യന്‍റെ പര്യാപ്തമായ പ്രത്യുത്തരം, ഈ സ്വയം ദാനം സ്വീകരിച്ചുകൊണ്ട് മറ്റു വ്യക്തികളും സമൂഹങ്ങളും നേരിടുന്ന അനീതികളിലും പീഡനങ്ങളിലുംനിന്ന് അവരെ മോചിപ്പിച്ച്, അവരുടെ സമഗ്ര രക്ഷയ്ക്കുവേണ്ടി നിലകൊള്ളുകയും പ്രവര്‍ത്തിക്കുകയുമാണ്. വിശ്വാസത്തെ ഗൗരവമായി കണക്കാക്കുന്നിടത്ത് ഇപ്രകാരം വിശ്വാസത്തിന്‍റെ ഒരു പുതിയ പ്രവര്‍ത്തനശൈലി, ഒരു പുതിയ "പ്രാക്സിസ്" ആരംഭിക്കുകയായി, ഈ പ്രാക്സിസിന്മേലുള്ള പരിചിന്തനം വിശ്വാസത്തിന്‍റെ പുതിയ ആഴങ്ങളിലേക്കും ഈ പുതിയ ആഴങ്ങള്‍ വിശ്വാസത്തിന്‍റെ പുതിയ പ്രാക്സീസിലേക്കും നയിക്കുന്നു. വിശ്വാസത്തിന്‍റെയും പ്രാക്സിസിന്‍റെയും പരിചിന്തനത്തിന്‍റെയും ഈ പ്രക്രിയയെ ഉത്തേജിപ്പിക്കുകയും മുമ്പോട്ടു നയിക്കുകയും ചെയ്യുകയാണ് സഭയുടെ സുപ്രധാനമായ ദൗത്യം. സഭയുടെ അണികളില്‍ തന്നെയാണ് ഈ പ്രക്രിയ ആരംഭിക്കുന്നത്. മര്‍ദ്ദിതരും മര്‍ദ്ദകരുമുള്ള ഒരു വ്യവസ്ഥിതിയില്‍ മര്‍ദ്ദകവിഭാഗത്തില്‍നിന്ന് ഇതാരംഭിക്കയില്ലല്ലോ. മര്‍ദ്ദിതരായ ഈ വിഭാഗങ്ങള്‍ ദൈവത്തിന്‍റെ വിമോചകവും രക്ഷാകരവുമായ സ്വയം ദാനത്തെപ്പറ്റിയുള്ള അവബോധത്തിലും അനുഭവത്തിലും കൃതജ്ഞതയിലും നിന്ന് ഒന്നിച്ചുകൂടുകയും തങ്ങളുടേയും മറ്റുള്ളവരുടേയും വിമോചനത്തിനും സമഗ്രരക്ഷയ്ക്കുംവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നിടത്താണ് അടിസ്ഥാന ക്രിസ്തീയ സമൂഹങ്ങള്‍ രൂപം (Bacic Christian Comminites) കൊള്ളുന്നത്. മനുഷ്യകുലത്തെപ്പറ്റിയുള്ള ദൈവത്തിന്‍റെ ചരിത്രത്തിലെ പദ്ധതിയുടെ നിര്‍വ്വഹണത്തിനുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ അവര്‍ക്ക് ആവേശം പകരുന്നു. ഇതാണെന്നുപറയാം വിമോചന ദൈവശാസ്ത്രത്തിലെ സഭാവിജ്ഞാനീയത്തിന്‍റെ ഏകദേശരൂപം.
വിമോചന ദൈവശാസ്ത്രത്തിന്‍റെ വക്താക്കളായി രംഗത്തു വന്നിട്ടുള്ളവര്‍ മുഖ്യമായും കത്തോലിക്കാ ദൈവശാസ്ത്രജ്ഞന്മാരാണ്. എന്നാല്‍, സഭകളുടെ ലോകകൗണ്‍സിലും (World Council of Churches), അതിന്‍റെ വിവിധ കമ്മീഷനുകളും, മനുഷ്യന്‍റെ സമഗ്ര വിമോചനത്തേയും അതില്‍ സഭയ്ക്കുള്ള പങ്കിനേയുംപറ്റി പല പരിചിന്തനങ്ങളും പഠനങ്ങളും കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്‍ക്കുള്ളില്‍ നടത്തുകയുണ്ടായെന്ന വസ്തുത ഇവിടെ എടുത്തുപറയേണ്ടിയിരിക്കുന്നു. 1966-ല്‍ ജനീവായില്‍കൂടിയ "സഭയും സമൂഹവും" കമ്മീഷന്‍റെ ആഗോളസമ്മേളനത്തിന്‍റേയും 1968-ല്‍ ഉപ്സലായിലും 1975-ല്‍ നൈറോബിയിലും സമ്മേളിച്ച സഭകളുടെ ലോക കൗണ്‍സിലിന്‍റേയും റിപ്പോര്‍ട്ടുകള്‍ ഇതു വ്യക്തമാക്കുന്നുണ്ട്. നൈറോബിയിലെ സമ്മേളനത്തിനുശേഷം, "വികസനത്തില്‍ സഭയുടെ ഭാഗഭാഗിത്വം" എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന കമ്മിഷന്‍ (Commision on the Churches Participation in Development) നടത്തിയ പഠനങ്ങള്‍ പ്രത്യേകം ശ്രദ്ധാര്‍ഹമത്രേ. സ്വയം ദരിദ്രരായിത്തീര്‍ന്നുകൊണ്ട് പാവങ്ങളുടെ പക്ഷം ചേരുവാനും, സ്വാതന്ത്ര്യത്തിനും നീതിക്കുംവേണ്ടി നിലകൊള്ളുവാനും, ചൂഷണത്തിനും മര്‍ദ്ദനത്തിനുമെല്ലാമെതിരായി പോരാടുവാനും, സമത്വത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമായ ഒരു പുതിയ വ്യവസ്ഥിതിയുടെ സ്ഥാപനത്തിനുവേണ്ടി അക്ഷീണം യത്നിക്കുവാനുമുള്ള സഭയുടെ ദൗത്യത്തെ ഊന്നിപ്പറയുന്നവയാണ് ഈ പഠനങ്ങള്‍.
സ്വത്വം തേടുന്ന ഭാരതീയ സഭാവിജ്ഞാനീയം
ആധുനിക ലോകത്തിന്‍റെ പ്രശ്നങ്ങളിലേക്കു തിരിഞ്ഞ രണ്ടാംവത്തിക്കാന്‍ കൗണ്‍സിലും കൗണ്‍സിലില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട വിമോചന ദൈവശാസ്ത്രവും ഭാരതത്തിനുതകുന്ന ഒരു സഭാവിജ്ഞാനീയ അന്വേഷണങ്ങള്‍ നടത്തുവാന്‍ ഇവിടുത്തെ ചില ദൈവശാസ്ത്രജ്ഞന്മാര്‍ക്കും സഭാസ്നേഹികള്‍ക്കും പ്രചോദനമരുളി. 1981 ഒക്ടോബര്‍ 19 മുതല്‍ 24 വരെ ബാംഗ്ലൂരിലെ NBCLC- യില്‍ നടന്ന "പുതിയ സമൂഹത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ സഭയുടെ നിലപാട്" (The Indian Church the Struggle for a New Society) എന്ന സെമിനാറിലും, നാഗപ്പൂരില്‍വെച്ച് 1983 ഒക്ടോബര്‍ 21 മുതല്‍ 23 വരെ നടന്ന ഇന്ത്യന്‍ തിയോളജിക്കല്‍ അസ്സോസിയേഷന്‍റെ ഏഴാമത്തെ വാര്‍ഷികസമ്മേളനത്തിലുമാണ് ഈ അന്വേഷണങ്ങള്‍ക്ക് വ്യക്തമായൊരു സ്വരം ലഭിച്ചത്. "ഒരു ഭാരതീയ സഭാവിജ്ഞാനീയത്തിനുവേണ്ടിയുള്ള അന്വേഷണം" (Searching for an Indian Ecclessiology) എന്നതായിരുന്നു നാഗപ്പൂര്‍ സമ്മേളനത്തിന്‍റെ പ്രമേയംതന്നെ. ഭാരതം ഇന്നു നേരിടുന്ന പരിതസ്ഥിതികളെ ഫലപ്രദമായി നേരിടണമെങ്കില്‍, പരമ്പരാഗത സഭാവിജ്ഞാനീയത്തെ അനുരൂപപ്പെടുത്തുകയോ നവീകരിക്കുകയോ ചെയ്താല്‍പോരാ, പിന്നെയോ സമൂലമായ ഒരു രൂപാന്തരീകരണം തന്നെ ആവശ്യമാണെന്ന നിഗമനത്തില്‍ നിന്നാണ് ഈ അന്വേഷണം ആരംഭിക്കുന്നത്. വിദേശത്തു നിന്നു ഇറക്കുമതിചെയ്ത ഒരു സംവിധാനംപോലെയാണ് സഭയിന്നു കാണപ്പെടുക. ഭാരതക്രൈസ്തവന് വേഷത്തിലോ ആചാരങ്ങളിലോ ആരാധനയിലോ ചിന്താരീതിയിലോ റോമാക്കാരനോ സിറിയാക്കാരനോ ആകേണ്ടയാവശ്യമില്ല. വിദേശങ്ങളിലെ വ്യത്യസ്തങ്ങളായ സാഹചര്യങ്ങളില്‍ രൂപംകൊണ്ട സഭാവിജ്ഞാനീയങ്ങള്‍ ചുമത്തിയേല്പിച്ചതിന്‍റെ ഫലമാണ് സഭാപരമായ ബന്ധങ്ങളിലും സമീപനങ്ങളിലും മനോഭാവങ്ങളിലും കാണുന്ന അയവില്ലായ്മയും, ജനങ്ങളുടെ ആവശ്യങ്ങളേയും അവശതകളെയും പറ്റിയുള്ള അവബോധമില്ലായ്മയും. സഭാവിജാഞാനീയങ്ങളെല്ലാംതന്നെ ആപേക്ഷികങ്ങളാണ്. ഇപ്പോഴത്തെ സഭാവിജ്ഞാനീയമാകട്ടെ സുവിശേഷപ്രഘോഷണത്തിന് ഒരു പ്രതിബന്ധംതന്നെയാണ്. ഭാരതത്തിന്‍റേതായ ഒരു സഭാവിജ്ഞാനീയത്തിനു രൂപംകൊടുക്കുവാനുള്ള പരിശ്രമത്തിന്‍റെ പശ്ചാത്തലമായി അവര്‍ കണ്ടത് ഈ പരിതസ്ഥിതിയാണ്.
നമ്മുടേതായ ഒരു സഭാവിജ്ഞാനീയത്തെപ്പറ്റി ചിന്തിക്കുമ്പോള്‍, ഭാരതത്തിലെ മതപരമായ വൈവിധ്യങ്ങളേയും സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ പരിതസ്ഥിതികളേയുമെല്ലാം പ്രത്യേകം കണക്കിലെടുക്കേണ്ടതുണ്ട്. സാമൂഹ്യരംഗത്തെ ജാതിവ്യത്യാസങ്ങളും സാമ്പത്തികരംഗത്തെ ഉച്ചനീചത്വങ്ങളും ബഹുഭൂരിപക്ഷം ജനങ്ങള്‍ അനുഭവിക്കുന്ന ദാരിദ്ര്യവും പട്ടിണിയും വിവേചനവുമെല്ലാം സഭയുടെ സ്വഭാവത്തേയും ദൗത്യത്തേയും സംബന്ധിച്ച വീക്ഷണത്തിനു വ്യത്യസ്തമായ ഊന്നല്‍ കൊടുത്തേ മതിയാവൂ.
സഭയെ കൂദാശയായും കൂട്ടായ്മയായും വിമോചന ദൈവശാസ്ത്രത്തിന്‍റെ മാതൃകയിലുള്ള പരിചാരക സഭയായുമാണ് ഇന്ത്യന്‍ ദൈവശാസ്ത്രജ്ഞന്മാര്‍ കാണുന്നത്. പ്രാദേശിക സഭയുടെ പരിതസ്ഥിതികളില്‍ അവതരിച്ച രക്ഷാകര രഹസ്യവും വിശുദ്ധ കുര്‍ബ്ബാനയാഘോഷത്തില്‍ ഒന്നിച്ചുകൂടിയ കൂദാശയുമാണ് സഭ. അതേസമയം യേശുവിനെ അനുഗമിക്കുന്ന വ്യക്തികളുടെയും പ്രാദേശിക ദൃശ്യസമൂഹങ്ങളുടേയും കൂട്ടായ്മയുമാണ് അത്. ജ്ഞാനസ്നാനം വ്യക്തികളെ, ഈ കൂട്ടായ്മയിലേക്കു സ്വീകരിക്കുന്ന കൂദാശയായിരിക്കുന്നതോടൊപ്പം, തന്‍റെ ജനത്തിനും അവരുടെ പോരാട്ടങ്ങള്‍ക്കും സ്വയം അര്‍പ്പിക്കുന്ന ദൈവത്തിന്‍റെ നേര്‍ക്കുള്ള പ്രതിബദ്ധതയുമാണ്. ഈ പോരാട്ടത്തിന്‍റെയും വിജയത്തിന്‍റെയും ആഘോഷമാണ് വിശുദ്ധ കുര്‍ബ്ബാന. ദരിദ്രര്‍ക്കും മര്‍ദ്ദിതര്‍ക്കും അവഗണിക്കപ്പെട്ടവര്‍ക്കും വേണ്ടിയുള്ള പോരാട്ടം സഭയുടെ ദൗത്യത്തിന്‍റെ അനന്യമായ ഒരു ഭാഗമാണ്. ദ്വിഭാജനമില്ലാത്ത, സമഗ്രമായ ഒന്നാണ് രക്ഷയെ സംബന്ധിച്ച ഭാരതീയ വീക്ഷണം. ദൈവം മനുഷ്യര്‍ക്ക് നല്‍കുന്നത് സമഗ്ര വിമോചനമാണ്, സമ്പൂര്‍ണ്ണരക്ഷയാണ്. ദൈവം നല്കുന്ന ഈ രക്ഷ എല്ലാവര്‍ക്കും വേണ്ടിയാണ്. അതനുഭവിക്കാന്‍ ഭൗതികവും ആദ്ധ്യാത്മികവുമായ എല്ലാവിധ ബന്ധനങ്ങളിലുംനിന്ന് മനുഷ്യര്‍ മോചിതരാകണം. ദാരിദ്ര്യവും ചൂഷണവും വിവേചനവും സൃഷ്ടിക്കുന്ന ഘടനകള്‍ക്കും സംവിധാനങ്ങള്‍ക്കുമെതിരേ സഭ പ്രതിഷേധസ്വരമുയര്‍ത്തണം. നീതിയും സ്വാതന്ത്ര്യവും സമാധാനവും അനുരഞ്ജനവും എല്ലാവര്‍ക്കും സാധ്യമാകാന്‍വേണ്ടി സന്മനസ്സുള്ള എല്ലാ മനുഷ്യരോടും സഹകരിച്ചുകൊണ്ട് പ്രവര്‍ത്തിക്കുകയും, ഈ സുവിശേഷമൂല്യങ്ങളെ സദാ പ്രഘോഷിക്കുകയും വേണം. ഈ പ്രതിബദ്ധതയും പരിശ്രമവും ദൈവാരാധനതന്നെ. ഉയിര്‍ത്തെഴുന്നേറ്റ യേശു നാഥന്‍റെ അരൂപിയില്‍ ഒന്നിച്ചുകൂടി, പ്രാര്‍ത്ഥനയും, ത്യാഗവും നീതിക്കുവേണ്ടിയുള്ള പോരാട്ടവും ജീവിതചര്യകളാക്കികൊണ്ട് എല്ലാ മനുഷ്യരുടെയും സമഗ്രരക്ഷക്കുവേണ്ടി നിലകൊള്ളുന്ന ഒരു കൂട്ടായ്മയായിത്തീരണം ഭാരതസഭ. ദൈവത്തിന്‍റെ വചനമാണ് ഈ സഭയുടെ വഴികാട്ടി. സമകാലികയാഥാര്‍ത്ഥ്യങ്ങളിലൂടെ സ്വയം വെളിപ്പെടുത്തുന്ന ദൈവത്തിന്‍റെ അരൂപിയും, വൈവിധ്യം നിറഞ്ഞതും സമ്പന്നവുമായ ഭാരതത്തിന്‍റെ മതപാരമ്പര്യങ്ങളും ദൈവവചനം ശ്രവിക്കുവാന്‍ സഭയെ പ്രാപ്തമാക്കുന്നു. സുവിശേഷ പ്രഘോഷണം സഭയുടെ കടമയാണ്. ഈ സുവിശേഷപ്രഘോഷണത്തിന്‍റെ ഭാഗം തന്നെയാണ് മര്‍ദ്ദിതരുടെപക്ഷം ചേര്‍ന്നുള്ള പോരാട്ടവും, മതങ്ങളുമായുള്ള സംവാദവും. കഴിഞ്ഞ കാലങ്ങളില്‍ സഭയ്ക്ക് ഉറപ്പും നിലനില്‍പ്പും നല്കിയ ഘടനകളും സ്ഥാപനങ്ങളും ഇന്ന് സഭയുടെ പ്രശ്നങ്ങളായി മാറിയിരിക്കുകയാണ്. സൂചീസ്തംഭാകാരമായ (pyramidal) ഇന്നത്തെ സഭാഘടന പുതിയൊരുസമൂഹത്തിനുവേണ്ടിയുള്ള മര്‍ദ്ദിതരുടെ പോരാട്ടത്തില്‍ ആത്മാര്‍ത്ഥമായി സഹകരിക്കുന്നതിന് ഒരു പ്രതിബന്ധമായിട്ടാണ് നിലകൊള്ളുന്നത്. പ്രവര്‍ത്തന സന്നദ്ധത തടയാനും അധീനത്വബോധം വളര്‍ത്താനുമാണ് ഇന്നവ പ്രയോജനപ്പെടുക. ഘടനകള്‍ ആപേക്ഷികമാകയാല്‍, പ്രസക്തി നഷ്ടപ്പെട്ടതും ഉപദ്രവകരങ്ങളുമായ ഘടനകളെ തള്ളാനും കാലത്തിനും സാഹചര്യങ്ങള്‍ക്കുമനുസൃതമായവയെ കൊള്ളാനും സഭ തയ്യാറാകേണ്ടിയിരിക്കുന്നു. അര്‍ത്ഥഗര്‍ഭമായ ഒരു ഭാരതീയ സഭാവിജ്ഞാനീയത്തിനുവേണ്ടിയുള്ള അന്വേഷണത്തിന്‍റെ ആരംഭമായ ചില പരിചിന്തനങ്ങള്‍ മാത്രമാണിവ.
ഡോ. സീപ്രിയാൻ ഇല്ലിക്കമുറി
The Sacrament of God and the Minister of God's Kingdom Mar Joseph Pamplany church theology liberation theology The Indian church essence of the Indian church ecclesiology Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206