We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Mar Joseph Pamplany On 27-Jan-2021
യേശുവിന്‍റെ ഉത്ഥാനമാണ് ക്രൈസ്തവവിശ്വാസത്തിന്‍റെ അടിസ്ഥാനം. അതുകൊണ്ടുതന്നെ ഉത്ഥാനത്തെപ്പറ്റി പ്രതിപാദിക്കുക എന്നത് ക്രൈസ്തവവിശ്വാസത്തിലെ ഏതെങ്കിലും ഒരിനത്തെപ്പറ്റിയുള്ള പഠനമല്ല, പ്രത്യുത വിശ്വാസത്തെപ്പറ്റിത്തന്നെയുള്ള ചര്‍ച്ചയാണ്. ദൈവശാസ്ത്രത്തില്‍ വളരെയധികം ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ള ഈ വിഷയത്തെപ്പറ്റി ഏതാനും ചിലകാര്യങ്ങള്‍ സൂചിപ്പിക്കുക മാത്രമാണ് ഇവിടെ ലക്ഷ്യമാക്കുന്നത്.
കുരിശില്‍ തറയ്ക്കപ്പെട്ട നസ്രായനായ യേശു മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റു എന്ന സന്ദേശത്തോടെയാണ് ക്രിസ്തുമതം ആരംഭിച്ചത് (നട 2,22-24; 1 കൊറി 15,3-5). പുതിയനിയമം മുഴുവന്‍ എഴുതപ്പെട്ടത് ഈ വിശ്വാസത്തിന്‍റെ പശ്ചാത്തലത്തിലാണ്.ആദിമസഭ ദൈവത്തെ വിഭാവനം ചെയ്തതുതന്നെ യേശുവിന്‍റെ ഉത്ഥാനത്തോടു ബന്ധപ്പെടുത്തിയാണ്: മരിച്ചവരില്‍ നിന്നും യേശുവിനെ ഉയര്‍പ്പിച്ചവനാണ് അവരെ സംബന്ധിച്ചിടത്തോളം ദൈവം (1 കൊറി 15,15). തങ്ങളുടെ ഈ വിശ്വാസം അടിസ്ഥാനരഹിതമാണെങ്കില്‍ ലോകത്തില്‍വച്ച് ഏറ്റം നിര്‍ഭാഗ്യരായ മനുഷ്യര്‍ തങ്ങളാണെന്ന് അവര്‍ക്കറിയാമായിരുന്നു (1 കൊറി 15,19). മാത്രവുമല്ല, മറ്റു മനുഷ്യരില്‍നിന്നും തങ്ങളെ വ്യത്യസ്തരാക്കുന്നതും യേശുവിന്‍റെ പുനരുത്ഥാനത്തിലുള്ള വിശ്വാസമാണെന്ന് അവര്‍ക്കു ബോദ്ധ്യമുണ്ടായിരുന്നു. യേശു മരിച്ചവരില്‍ നിന്നും ഉയര്‍ത്തിട്ടില്ലെങ്കില്‍, പ്രത്യാശയില്ലാത്ത മറ്റു മനുഷ്യരുടേതില്‍ നിന്നും വ്യത്യസ്തമല്ല തങ്ങളുടെയും അവസ്ഥ (1 തെസ്സ 4,13).
വേദപുസ്തകസാക്ഷ്യം
കാനോനിക സുവിശേഷങ്ങളനുസരിച്ച് അപ്പസ്തോലന്മാര്‍ ആരും യേശുവിന്‍റെ ഉയിര്‍പ്പിന് ദൃക്സാക്ഷികളല്ല. എങ്കിലും യേശുവിന്‍റെ കുരിശുമരണം കഴിഞ്ഞ് അധികനാള്‍ കഴിയുന്നതിനുമുമ്പുതന്നെ, അവിടുന്ന് മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നുവെന്നും മിശിഹായും രക്ഷകനും ദൈവപുത്രനുമായി ഉയര്‍ത്തപ്പെട്ടിരിക്കുന്നുവെന്നും അവര്‍ പ്രഘോഷിക്കാന്‍ തുടങ്ങി (നട 2,36; ഫിലി 2,9-11; റോമ 1,3-4). യഹൂദരെ സംബദ്ധിച്ചിടത്തോളം കുരിശുമരണത്തിനു വിധിക്കപ്പെട്ട വ്യക്തി ശപിക്കപ്പെട്ടവനായിരുന്നു (നിയമാ 2,23; ഗലാ 3,13; 1 കൊറി 1,23). ക്രൂശിതനായ മിശിഹാ എന്ന ആശയം അവര്‍ക്ക് അചിന്തനീയമായിരുന്നു എന്നതാണ് വാസ്തവം.
ഉത്ഥിതനായ യേശുവുമായുള്ള കണ്ടുമുട്ടലുകളാണ് ഉത്ഥാനത്തില്‍ വിശ്വസിക്കാന്‍ അപ്പസ്തോലന്മാര്‍ക്ക് കാരണമായിത്തീര്‍ന്നത്. ഉത്ഥാനംചെയ്ത യേശു പല വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും കാണപ്പെട്ടു (1 കൊറി 15,5-8; ലൂക്കാ 24,34; മര്‍ക്കോ 16,7; നട 10,40; 13,30; യോഹ 20,11-18). ഈ പ്രത്യക്ഷപ്പെടലിനെ സൂചിപ്പിക്കാന്‍ വി. പൗലോസ് ഉപയോഗിച്ചിരുന്നത് ഓപ്തേ എന്ന ഗ്രീക്കു പദമാണ്. ഹെരാവോ (കാണുക) എന്ന ഗ്രീക്കു ധാതുവിന്‍റെ കര്‍മ്മിണിപ്രയോഗമാണിത്. ഏതെങ്കിലും ഒരു വ്യക്തിയെയോ വസ്തുവിനെയോ കാണുകമാത്രമല്ല ഇതുകൊണ്ടുദ്ദേശിക്കുക; ഒരു യാഥാര്‍ത്ഥ്യവുമായുള്ള കണ്ടുമുട്ടലിന്‍റെ ആശയമുണ്ടിവിടെ (encounter with a reality). പുറപ്പാട് 3,2 -ല്‍ മോശ യാഹ്വെയുമായി കണ്ടുമുട്ടുന്നതിനെ സൂചിപ്പിക്കാന്‍ ഈ പദമാണുപയോഗിക്കുന്നത്.
സമവവീക്ഷണസുവിശേഷങ്ങളിലും (മത്താ 28,9-10; മര്‍ക്കോ 16,9-18; ലൂക്കാ 24,12-35) യോഹന്നാന്‍റെ സുവിശേഷത്തിലും (യോഹ 20,11-18) കാണുന്ന ഉത്ഥിതന്‍റെ പ്രത്യക്ഷപ്പെടലിന് പൊതുവായ ചില പ്രത്യേകതകളുണ്ട്. അപ്രതീക്ഷിതമായിട്ടാണ് കണ്ടുമുട്ടല്‍ നടക്കുക. ആദ്യമേതന്നെ സംശയവും അവ്യക്തതയും ബന്ധപ്പെട്ടവര്‍ക്കുണ്ടാകുന്നു. യേശുതന്നെ അവരുടെ സംശയം ദൂരീകരിച്ച് അവര്‍ക്ക് ഉറപ്പ് പ്രദാനംചെയ്യുന്നു. ഇത്രയുമായാല്‍ യേശുവിലുള്ള വിശ്വാസം ഏറ്റുപയലാണ് അടുത്തപടി. യേശുവിനെ വിശ്വസിച്ച് ഏറ്റുപറഞ്ഞതുകൊണ്ടായില്ല. യേശുവിനെ ഉദ്ഘോഷിക്കാനുള്ള ഒരു ദൗത്യം ഏല്പിക്കല്‍കൂടി അവിടെ നടക്കുന്നുണ്ട്. വിവരണങ്ങളില്‍ അല്പസ്വല്പം വ്യത്യാസമുണ്ടെങ്കിലും അവയുടെയെല്ലാം ലക്ഷ്യമിതാണ്: "അങ്ങനെ അവന്‍ അവര്‍ക്കു വേണ്ടത്ര തെളിവുകള്‍ നല്കിക്കൊണ്ട് ജീവിക്കുന്നവനായി പ്രത്യക്ഷപ്പെട്ടു" (നട 1,3).
യേശു പ്രത്യക്ഷപ്പെടുന്നതാകട്ടെ തികച്ചും സ്വഭാവികമായ രീതിയിലാണ്. വേദപുസ്തകത്തിന്‍റെ ഇതരഭാഗങ്ങളില്‍ ദൈവത്തിന്‍റെ വെളിപ്പെടുത്തലുകളോടനുബന്ധിച്ച് കാണുന്ന പ്രത്യേകതകളൊന്നും ഇവിടെയില്ല. ഹര്‍ഷപാരവശ്യമോ (നടപടി 10,9; 2 കൊറി 12,2-4; വെളി 1,10) സ്വപ്നമോ (മത്താ 1,20; 2,12-19-23) ചിലപ്പോള്‍ ദൈവീക വെളിപാടിന് പശ്ചാത്തലമായി വരാറുമുണ്ട്. ജീവിതത്തിന്‍റെ സാധാരണ ചുറ്റുപാടിലാണ് ഉത്ഥിതന്‍ ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷപ്പെടുക. വഴിയാത്രക്കിടയിലും (ലൂക്കാ 24,36-49) മീന്‍ പിടിച്ചുകൊണ്ടിരിക്കുമ്പോഴും (യോഹ 21,1-14) ഭാവിയെക്കുറിച്ച് ചൂടുപിടിച്ച ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുമ്പോഴും (യോഹ 20,19-23) യേശു അവര്‍ക്ക് പ്രത്യക്ഷനാകുന്നു.
പീഡാനുഭവത്തെയും മരണത്തെയും പറ്റിയുള്ള മൂന്നു പ്രസ്താവനകളിലും ഉത്ഥാനസംബന്ധിയായ സൂചനകളുണ്ട് (മര്‍ക്കോ 8,31; 9,31; 10,33-34). ഈ വചനങ്ങള്‍ (texts) യേശുവിന്‍റെ പുനരുത്ഥാനത്തിന്‍റെ വെളിച്ചത്തില്‍ പുനര്‍നിര്‍വ്വചിക്കപ്പെട്ടിട്ടുളളവയാണെങ്കിലും യേശുവിന്‍റെ പരസ്യജീവിതകാലത്തെ പ്രഭാഷണങ്ങളുമായി അവയ്ക്ക് ബന്ധമുണ്ടെന്നാണ് പണ്ഡിതമതം. നീതിക്കുവേണ്ടി യാതനസഹിക്കുന്ന വ്യക്തി മഹത്വം പ്രാപിക്കും എന്ന് യേശുവിന് ബോധ്യമുണ്ടായിരുന്നു. അപമാനവും വേദനയും നിറഞ്ഞ ഒരു ജീവിതത്തിന് താന്‍ വിധേയനാകുമെന്നും, എങ്കിലും ദൈവം തന്നെ കൈവിടുകയില്ലെന്നും അവിടുത്തേക്ക് അറിയാമായിരുന്നു. ത്യാഗപൂര്‍ണ്ണമായ തന്‍റെ അന്ത്യത്തിന്‍റെ പരിസമാപ്തി പിതാവില്‍നിന്നുമുള്ള മഹത്വീകരണമാണെന്നും ആ മഹത്വത്തില്‍ തന്‍റെ ശിഷ്യന്മാരും പങ്കുകൊള്ളുമെന്നും യേശു വിശ്വസിച്ചു (മര്‍ക്കോ 14,25).
ശൂന്യമായ കല്ലറയാണ് ഉത്ഥാനത്തിലുള്ള വിശ്വാസത്തിലേയ്ക്ക് അപ്പസ്തോലന്മാരെ നയിച്ച രണ്ടാമത്തെ സംഗതി (മര്‍ക്കോ 16,1-8; യോഹ 20,1-2). കല്ലറ ശൂന്യമായി കാണപ്പെട്ടത് ഒരടയാളമായി അവര്‍ പരിഗണിച്ചു എന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി. ഞായറാഴ്ച രാവിലെതന്നെ പ്രേതാലയത്തിങ്കലേക്ക് പോയ ഭക്തസ്ത്രീകള്‍ കണ്ട ശൂന്യമായ കല്ലറ, മതങ്ങളുടെ ചരിത്രത്തില്‍ത്തന്നെ അനന്യമായ ഒരു സംഗതി നിലകൊള്ളുന്നു. ഇത് വിശ്വസ്നമായമാണോ എന്നതാണ് പ്രസക്തമായ ചോദ്യം.
സമവീക്ഷണ സുവിശേഷങ്ങളും യോഹന്നാന്‍റെ സുവിശേഷവും അസന്നിഗ്ദ്ധമായി പറയുന്ന കാര്യമാണ്, പ്രേതാലയം ശൂന്യമായിരുന്നു എന്നത്. ഇതുകണ്ടു സാക്ഷ്യപ്പെടുത്തിയ വ്യക്തികളാണ് പത്രോസും യോഹന്നാനും മഗ്ദലനമറിയവുമെല്ലാം. യേശുവിന്‍റെ ഉത്ഥാനത്തെപ്പറ്റിയുള്ള ആദ്യകാലത്തെ വിവാദം സൂചിപ്പിക്കുക, അവിടുത്തെ കല്ലറ ശൂന്യമായിരുന്നു എന്ന കാര്യം എല്ലാവര്‍ക്കും അറിയാമായിരുന്നു എന്നതാണ്. ശിഷ്യന്മാര്‍ യേശുവിന്‍റെ ശരീരം മോഷ്ടിച്ചുകൊണ്ടുപോയി എന്നാണ് അവിടുത്തെ പ്രതിയോഗികള്‍ അതിനു നല്കിയ വിശദീകരണം എന്നുമാത്രം (മത്താ 28,11-15). ശൂന്യമായ കല്ലറയെപ്പറ്റി സാക്ഷ്യം നല്കുന്നത് സ്ത്രീകളാണ് എന്നതും ശ്രദ്ധേയമാണ്. സ്ത്രീകളുടെ സാക്ഷ്യത്തിന് വിലനല്കാത്ത ഒരു സമൂഹത്തിലാണ് ഇതു നടന്നത് എന്നോര്‍ക്കണം. യേശുവിന്‍റെ ഉയിര്‍പ്പ് ഒരു കല്പിതകഥയാണെങ്കില്‍, അതു മെനഞ്ഞുണ്ടാക്കിയവര്‍ വിശ്വാസ്യത നല്കുന്ന വിശദാംശങ്ങള്‍ അതില്‍ ചേര്‍ക്കുക സ്വഭാവികമായിരുന്നല്ലോ.
ഉയിര്‍പ്പിലുള്ള വിശ്വാസം
നീതിമാന്മാരായ മനുഷ്യര്‍ മരണാനന്തരം നിത്യസൗഭാഗ്യമനുഭവിക്കാനായി ഉയര്‍പ്പിക്കപ്പെടുമെന്നത് യഹൂദരെ സംബന്ധിച്ചിടത്തോളം ബാബിലോണിയന്‍ അടിമത്തിത്തിനു ശേഷംമാത്രം കൈവന്ന വിശ്വാസമാണ്. അതുകൊണ്ടുതന്നെ മരണാനന്തരജീവിതത്തെപ്പറ്റിയുള്ള കാഴ്ചപ്പാട് പേര്‍ഷ്യന്‍ മതങ്ങളില്‍നിന്നും ഇസ്രായേല്‍ സ്വീകരിച്ചതാണെന്ന് വാദിക്കുന്ന പണ്ഡിതന്മാരുണ്ട്. യാഹ്വേയുടെ അനന്തമായ ശക്തിയും വിശ്വസ്തതയും ദീര്‍ഘനാളായി അനുഭവിച്ചറിഞ്ഞ യഹൂദവിശ്വാസത്തിന്‍റെ സ്വഭാവിക പരിണാമമായിരുന്നു ഉത്ഥാനത്തിലുള്ള വിശ്വാസം എന്നാണ് പണ്ഡിതന്മാര്‍ അധികപങ്കും ഇന്ന് അഭിപ്രായപ്പെടുന്നത്.
ജീവന്‍റെ നാഥനും നീതിമാനുമായ ദൈവം നീതിയെപ്രതി പിഡയേറ്റു മരിക്കുന്നവരെ അവസാനദിവസം ഉയിര്‍പ്പിക്കും (ദാനി 12,1-4); ദൈവകല്പനകളെ ലംഘിക്കാതിരിക്കാന്‍വേണ്ടി മരണം വരിക്കുന്ന രക്തസാക്ഷികളെ അവിടുന്ന് പുനര്‍ജീവിപ്പിക്കും (2 മക്ക 7) എന്നത് ഇസ്രായേലിന്‍റെ ഉറച്ച ബോധ്യമായിരുന്നു. നീതിമാന്‍മാരായ മനുഷ്യര്‍ക്കു മരണാനന്തം ലഭിക്കാനിരിക്കുന്ന സൗഭാഗ്യത്തെപ്പറ്റി പ്രതിപാദിക്കുമ്പോള്‍ ഗ്രീക്കു ദര്‍ശനത്തിലെ "ആത്മാവും ശരീരവും" തമ്മിലുള്ള വേര്‍തിരിവിന്‍റെ ഭാഷ വിജ്ഞാനത്തിന്‍റെ പുസ്തകത്തില്‍ ഉപയോഗിച്ചിരിക്കുന്നതു കാണാം (3,1-4.7-8; 5,15-6,21). എന്നാല്‍ മനുഷ്യാത്മാവിന്‍റെ അമര്‍ത്യത എന്ന ആശയത്തെക്കാള്‍ കൂടുതലായി നീതിമാന്മാര്‍ക്കു ലഭിക്കുന്ന നിത്യജീവന്‍റെ ദാനത്തിനാണ് പഴയനിയമത്തിന്‍റെ വീക്ഷണത്തില്‍ പ്രാമുഖ്യമുള്ളത്.
യേശുവിന്‍റെ പ്രഘോഷണത്തിലും മരണാനന്തരജീവിതത്തെപ്പറ്റി വ്യക്തമായ പരാമര്‍ശമുണ്ട്. "ദക്ഷിണദേശത്തെ രാജ്ഞി വിധിദിനത്തില്‍ ഈ തലമുറയെ ജനങ്ങളോടൊപ്പം ഉയിര്‍പ്പിക്കപ്പെടുകയും ഇതിനെ കുറ്റംവിധിക്കുകയും ചെയ്യും" (ലൂക്കാ 11,31-32; മര്‍ക്കോ 3,43-48). സ്വര്‍ഗ്ഗീയവിരുന്നിനെപ്പറ്റിയുള്ള യേശുവിന്‍റെ ഉപമയില്‍ പൂര്‍വ്വപിതാക്കന്മാര്‍ ഉയിര്‍പ്പിക്കപ്പെടുന്നതിനെപ്പറ്റി സൂചനയുണ്ട് (മര്‍ക്കോ 8,11). സ്വര്‍ഗ്ഗത്തില്‍ മാത്രം പൂര്‍ത്തീകരിക്കപ്പെടുന്നതും പൂര്‍ണ്ണഭാഗ്യം കൈവരുന്നതുമായ ഒന്നാണ് മനുഷ്യജീവിതമെന്ന് അവിടുത്തെ പ്രബോധനങ്ങളില്‍നിന്നും വ്യക്തമാണ് (ലൂക്കാ 8,20-23). പുനരുത്ഥാനത്തില്‍ വിശ്വാസമില്ലാതിരുന്ന സദുക്കായരുമായുള്ള ചര്‍ച്ചയില്‍ യേശു വെളിപ്പെടുത്തിയ ഒരു സത്യമുണ്ട്. മരണാനന്തരജീവിതമെന്നത്, ഐഹികജീവിതകാലത്തുള്ള അവസ്ഥാവിശേഷമല്ല; ജീവിക്കുന്ന ദൈവത്തിന്‍റെ ശക്തിയിലും വിശ്വസ്തതയിലും മനുഷ്യനു ലഭിക്കുന്ന ജീവനാണത് (മര്‍ക്കോ 12,24-27). മരിച്ചവരില്‍നിന്നും ഉത്ഥാനം ചെയ്ത യേശുവിനെപ്പറ്റിയുള്ള വിചിന്തനത്തിലും ഈവക കാര്യങ്ങള്‍ ഉപകാരപ്രദങ്ങളാണ്.
യേശു മരിച്ചവരില്‍നിന്നും ഉയിര്‍ത്തു എന്നത് വിശ്വസിക്കാന്‍ എളുപ്പമുള്ള കാര്യമല്ല. ആരംഭംമുതലേ കേള്‍വിക്കാര്‍ക്ക് ഇടര്‍ച്ചനല്കുന്നതായിരുന്നു അവ എന്നതാണ് വാസതവം. ദൈവം യേശുവിനെ മരിച്ചവരില്‍നിന്നും ഉയിര്‍പ്പിച്ചു എന്ന് വി. പൗലോസ് ആഥന്‍സുകാരോട് പ്രസംഗിക്കുമ്പോള്‍ അവരുടെ പ്രതികരണം എന്തായിരുന്നുവെന്നു നോക്കുക: "ചിലര്‍ അവനെ പരിഹസിച്ചു. എന്നാല്‍ ചിലര്‍ പറഞ്ഞു: ഇവയെക്കുറിച്ച് നിന്നില്‍നിന്ന് ഞങ്ങള്‍ പിന്നീടൊരിക്കല്‍ കേട്ടുകൊള്ളാം" (നടപടി 17, 32).
ശാസ്ത്രദൃഷ്ട്യാ, കൂടുതല്‍ അസംബന്ധമായിത്തോന്നാവുന്ന കാര്യമാണ് മരിച്ചവരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്. ജീവശാസ്ത്രപരമായ പരിണാമവികാസങ്ങളുടെ അന്ത്യമാണു മരണം. അതിനപ്പുറമുള്ള ഒരു യാഥാര്‍ത്ഥ്യവും അംഗീകരിക്കാന്‍ സന്നദ്ധതയില്ലാത്ത ഭൗതികശാസ്ത്രജ്ഞന്മാര്‍ക്കും അവരുടെ ചിന്താഗതികള്‍ പിന്തുടരുന്നവര്‍ക്കും യേശുവിന്‍റെ പുനരുത്ഥാനം സ്വീകാര്യമായിരികക്കുകയില്ല.
"മരിച്ചവരില്‍നിന്നുള്ള ഉയിര്‍പ്പ്" എന്ന ആശയം വിവിധതരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. ചിലരെസ്സംബന്ധിച്ചിടത്തോളം യേശുവിന്‍റെ "ഉയിര്‍ത്തെഴുന്നേല്‍പ്പ്" അടങ്ങിയിരിക്കുന്നത് ജനം അവിടുത്തെ ബഹുമാനിക്കുകയും അവിടുത്തെ ഉപദേശങ്ങള്‍ സ്വീകരിച്ച് അതനുസരിച്ച് ജീവിക്കുവാന്‍ തുടരുകയും ചെയ്തു എന്നതിലാണ്. അതായത് മരണംകൊണ്ടവസാനിക്കുന്നതായിരുന്നില്ല യേശുവിന്‍റെ സാന്നിദ്ധ്യവും സ്വാധീനവും. യേശുവിനെ ആരാധ്യപുരുഷനായി സ്വീകരിക്കുന്നതിലൂടെ യേശു ജീവിക്കുന്നു.
മന:ശാസ്ത്രപരമായ ഒരു വിശദീകരണം നല്കാന്‍ വേറൊരു കൂട്ടര്‍ ശ്രമിക്കുന്നുണ്ട്. പുനരുത്ഥാനമെന്നു പറയുന്നത് യേശുവിന്‍റെ ശിഷ്യന്മാരില്‍ വന്ന വീക്ഷണവ്യത്യാസമാണ്. യേശുവില്‍ വന്ന മാറ്റത്തിലുപരി അവിടുത്തെ ശിഷ്യന്മാരുടെ കാഴ്ചപ്പാടില്‍ വന്ന മാറ്റമാണത്. ശിഷ്യന്മാരുടെ മാനസികവിഭ്രാന്തിയില്‍നിന്നും ഉരുത്തിരിഞ്ഞ ഒരു സങ്കല്പമാണ് യേശുവിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്.
സുവിശേഷങ്ങള്‍ നല്കുന്ന വിവരണമനുസരിച്ച് ഈ കാഴ്ചപ്പാടുകള്‍ക്കൊന്നും നിലനില്പില്ല. ഭൗതികതലത്തിനുമപ്പുറമുള്ള യാഥാര്‍ത്ഥ്യങ്ങളൊന്നും അംഗീകരിക്കാത്ത മനോഭാവത്തോടു ചര്‍ച്ചചെയ്തിട്ടു കാര്യമില്ല. വളരുന്ന ശാസ്ത്രം കൂടുതലായി മനസ്സിലാക്കുന്ന ഒരു കാര്യമാണിത്, യാഥാര്‍ത്ഥ്യത്തിന്‍റെ തലത്തെ ദൃശ്യമേഖലകളില്‍ ഒതുക്കാനാവുകയില്ല.
യേശുവിന്‍റെ ഉയിര്‍പ്പ് മനുഷ്യ മനസ്സുകളിലാണെന്നുള്ള സമീപനരീതിയും സുവിശേഷങ്ങളോടു നീതിപുലര്‍ത്തുന്നില്ല. അടയാളങ്ങള്‍വഴി താന്‍ ജീവിച്ചിരിക്കുന്നവനായി അവര്‍ക്കു സ്വയം കാണിച്ചുകൊടുത്ത യേശുവിനെയാണ് പുതിയനിയമം അവതരിപ്പിക്കുന്നത് (നടപടി 1,3). അതുപോലെ തന്നെ അത്യാഹ്ലാദത്താല്‍ എല്ലാം മറന്ന് യാഥാര്‍ത്ഥ്യബോധം നഷ്ടപ്പെട്ട അപ്പസ്തോലന്മാര്‍ ചമച്ചുണ്ടാക്കിയതുമല്ല അവിടുത്തെ ഉത്ഥാനത്തെപ്പറ്റിയുള്ള വാര്‍ത്ത. ആഹ്ലാദത്താല്‍ എല്ലാം മറന്ന് പരിസരബോധം നഷ്ടപ്പെട്ട മനുഷ്യരായല്ല അപ്പസ്തോലന്മാര്‍ സുവിശേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. അനുദിനജീവിതത്തിന്‍റെ തിക്താനുഭവങ്ങളുടെ ചൂളയില്‍ ശുദ്ധീകരിക്കപ്പെട്ടവരാണവര്‍. സ്വപ്നജീവികള്‍ എന്ന വിശേഷണത്തിന് അവരിലാരും അര്‍ഹരല്ല എന്നതാണ് വാസ്തവം.
ഉത്ഥാനാനുഭവത്തിന്‍റെ സവിശേഷതകള്‍
ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവിനെ ദര്‍ശിച്ചവരായ പത്രോസും പൗലോസും മറ്റപ്പസ്തോലന്മാരും ഒരു പ്രത്യേക ദൗത്യവാഹകരായിത്തീരുകയാണ്. യേശു മരിച്ചവരില്‍നിന്നും ഉത്ഥാനം ചെയ്തെന്നും അവന്‍റെ നാമത്തില്‍ രക്ഷയും പ്രത്യാശയും മനുഷ്യനു കൈവന്നിരിക്കുന്നു എന്നുമുള്ള സദ്വാര്‍ത്ത മറ്റുള്ളവരെ അറിയിക്കാനുള്ള ചുമതല അവര്‍ക്കു ലഭിക്കുകയാണ്. ഇങ്ങനെ യേശുവിന്‍റെ ഉയിര്‍പ്പില്‍ വിശ്വസിച്ച് ഒരുമിച്ചു കൂട്ടപ്പെടുന്നവരുടെ കൂട്ടായ്മയാണ് സഭ. ഇതുപോലുള്ള സഭാ സമൂഹങ്ങള്‍ക്ക് രൂപംകൊടുക്കുകയാണ് അപ്പസ്തോലന്മാരുടെ ജോലി. ആ സമൂഹങ്ങളുടെ അടിസ്ഥാനം നിലനില്ക്കുന്നത് അപ്പസ്തോലന്മാരുടെ സാക്ഷ്യത്തിന്മേലാണ്. പുതിയൊരടിസ്ഥാനമിടാന്‍ ആര്‍ക്കുമാവില്ല. അപ്പസ്തോലന്മാര്‍ തുടങ്ങിവച്ച ദൗത്യം ചരിത്രത്തില്‍ മുമ്പോട്ടുകൊണ്ടുപോകാന്‍ കടപ്പെട്ടവരാണവര്‍. അതുകൊണ്ടാണ് സഭ പണിയപ്പെട്ടിരിക്കുന്നത് അപ്പസ്തോലന്മാരാകുന്ന അടിസ്ഥാനത്തിന്മേലാണ് എന്ന് പറയുക.
ഉത്ഥിതനായ യേശുവിനെ കണ്ടുമുട്ടിയപ്പോള്‍ അപ്പസ്തോലന്മാര്‍ക്കുണ്ടായ അനുഭവം അനന്യമാണ്. അത് ആവര്‍ത്തിക്കപ്പെടാനാവാത്തതാണ്. എന്നാല്‍ യേശുവില്‍ വിശ്വസിക്കുന്നവര്‍ക്കും അവിടുത്തെ അനുഭവിക്കാന്‍ മാര്‍ഗ്ഗങ്ങളുണ്ട്. വചനത്തിലും കൂദാശകളിലും അവിടുന്ന് സന്നിഹിതനാണ് (ലൂക്കാ 24:30) സഭാസമൂഹത്തിലും (മത്താ 18,20; 1 കൊറി 1,27) വേദന അനുഭവിക്കുന്നവരിലും (മത്താ 25, 3) അവിടുത്തെ കണ്ടുമുട്ടാന്‍ കഴിയും.
രക്ഷാകരസംഭവത്തിന്‍റെ പൂര്‍ത്തീകരണമാണ് യേശുവിന്‍റെ പുനരുത്ഥാനം. യേശുവിനുമുമ്പുള്ള പ്രവാചകന്മാര്‍ രക്ഷയുടെ സന്ദേശവാഹകരായിരുന്നു. എന്നാല്‍ യേശുവില്‍ ആ രക്ഷ മനുഷ്യര്‍ക്കു കൈവന്നു. അവിടുത്തെ വരവോടു കൂടിയാണ് സമയം സമാഗതമായത് (മര്‍ക്കോ 1,15). ജനത്തിനുവേണ്ടി സഹിച്ചു മരിക്കുന്ന ദൈവദാസനെപ്പറ്റി ഏശയ്യാ പറഞ്ഞത് (ഏശയ്യാ 53, 1-12) യേശുവില്‍ പൂര്‍ത്തിയായി. അവന്‍റെ മുറിവിനാല്‍ നമ്മള്‍ സൗഖ്യമാക്കപ്പെട്ടു (ഏശയ്യാ 53,6). ദൈവഹിതമനുസരിച്ച് ജീവിച്ചു മരിച്ച യേശുവിന്‍റെ ജീവിതത്തിനും സന്ദേശത്തിനും പ്രവൃത്തികള്‍ക്കും ദൈവം നല്കുന്ന അംഗീകാരമുദ്രയാണ് പുനരുത്ഥാനം. അതുകൊണ്ടുതന്നെ യേശുവിന്‍റെ ജീവിതം മനുഷ്യകുലത്തിനു മാതൃകയും വെല്ലുവിളിയുമായി അവശേഷിക്കുന്നു. പിതാവായ ദൈവം തന്‍റെ അംഗീകാരത്തിന്‍റെ മുദ്ര ചാര്‍ത്തുന്നത് യേശുവിനെപ്പോലെ ജീവിച്ചു മരിക്കുന്ന മനുഷ്യജീവിതങ്ങളിന്മേലാണ്.
പുനരുത്ഥാനംവഴി യേശു നാഥനും കര്‍ത്താവുമായിത്തീര്‍ന്നു. പഴയനിയമത്തില്‍ യാഹ്വേയ്ക്ക് നല്കിയിരുന്ന കിരിയോസ് എന്ന സ്ഥാനത്തിന് -- യാഹ്വേയുടെ സ്ഥാനത്തിന്-- യേശു നിയുക്തനാകുന്നു. "എന്തെന്നാല്‍, മരിച്ചവരുടെയും ജീവിക്കുന്നവരുടെയും കര്‍ത്താവാകുന്നതിനുവേണ്ടിയാണ് ക്രിസ്തു മരിച്ചതും പുനര്‍ജീവിച്ചതും" (റോമ 14,9). സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും അവിടുന്നു കയ്യാളുന്നു (മത്താ 28,18) എന്നാല്‍ ഈ അധികാരം ഈ ലോകത്തിന്‍റെതല്ല. തന്‍റെ ജീവന്‍ വിലയായി നല്കി മനുഷ്യനെ രക്ഷിക്കാന്‍ വന്നതാണ് അവിടുന്ന്. സ്വയം ശൂന്യവല്ക്കരിക്കുന്ന ഈ സ്നേഹമാണ് യേശുവിന്‍റെ ജീവിതത്തിന്‍റെ വിരോധാഭാസം (Paradox). ബലഹീനതയില്‍ വെളിപ്പെടുന്ന ബലമാണത്. അധികാരത്തിന്‍റെ മുമ്പില്‍ ദുര്‍ബ്ബലം; ഭൗതികശക്തികള്‍ക്കുമുന്നില്‍ നിഷ്പ്രഭം; അനീതിക്കും അക്രമത്തിനും മുമ്പില്‍ നിസ്സഹായം. എങ്കിലും ഇതിനെയെല്ലാം അതിജീവിക്കുകയും ഇവയുടെമേലെല്ലാം വിജയംനേടുകയും ചെയ്തു ആ ജീവിതം. തോല്പിക്കപ്പെടാന്‍ പറ്റാത്ത സ്നേഹത്തിന്‍റെ വിജയവും ആഘോഷവുമാണ് യേശുവിന്‍റെ പുനരുത്ഥാനം.
മരണത്തിനുമപ്പുറം നിലനില്ക്കുന്ന ഒരു ജീവിതത്തെപ്പറ്റിയുള്ള ലോകമതങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണ് യേശുവിന്‍റെ പുനരുത്ഥാനത്തില്‍. കല്ലറയ്ക്കുമപ്പുറം കാത്തിരിക്കുന്ന ജീവിതം മിഥ്യയല്ല എന്ന് അതു കാണിക്കുന്നു. സഫലമാകാത്ത ഒരാഗ്രഹമല്ലത്. പൂര്‍ത്തിയാകാനിരിക്കുന്ന ഒരു വാഗ്ദാനമത്രേ. ഈയര്‍ത്ഥത്തിലാണ് വി. പൗലോസ് കൊറീന്ത്യരോട് ചോദിച്ചത്, "ക്രിസ്തു മരിച്ചവരില്‍നിന്ന് ഉയിര്‍ക്കപ്പെട്ടതായി പ്രഘോഷിക്കപ്പെടുന്നെങ്കില്‍ മരിച്ചവര്‍ക്ക് പുനരുത്ഥാനം ഇല്ല എന്ന് നിങ്ങളില്‍ ചിലര്‍ പറയുന്നത് എങ്ങനെ?" (1 കൊറി 15,12).
മനുഷ്യനു കൈവരാനിരിക്കുന്ന രക്ഷയെപ്പറ്റിയുള്ള സങ്കല്പത്തിന്‍റെ കാര്യത്തിലും യേശുവിന്‍റെ ഉത്ഥാനം വെളിച്ചം വീശുന്നുണ്ട്. കണ്ണുനീരും വേദനയും നിറഞ്ഞ ഈലോകജീവിതത്തില്‍നിന്നുമുള്ള വിമുക്തിയല്ല രക്ഷ. പാപവും വേദനയും നിറഞ്ഞ ഈ പ്രപഞ്ചത്തിനു കൈവരുന്ന ഒരു മാറ്റമാണത്. അതിന്‍റെ തുടക്കം യേശുവിന്‍റെ കല്ലറയില്‍ ആരംഭിച്ചുകഴിഞ്ഞു. ഈ പ്രപഞ്ചത്തിനും മനുഷ്യവര്‍ഗ്ഗം മുഴുവനും വരാനിരിക്കുന്ന മാറ്റത്തിന്‍റെ നാന്ദിയാണ് യേശുവിന്‍റെ ശൂന്യമായി കല്ലറയില്‍ തുടങ്ങിവച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ക്രൈസ്തവന്‍റെ പ്രത്യാശയുടെ അടിസ്ഥാനമാണത്.
കുരിശില്‍ മരിച്ച യേശുവിനെ പിതാവായ ദൈവം സ്വീകരിച്ച് അംഗീകരിച്ച് മഹത്വപ്പെടുത്തിയതാണ് യേശുവിന്‍റെ പുനരുത്ഥാനം. ദുഃഖവെള്ളിയാഴ്ച യേശു മരിച്ചപ്പോള്‍തന്നെ നടന്ന ഒരു കാര്യമാണത്. അതിന്‍റെ ബാഹ്യമായ അടയാളങ്ങളായിരുന്നു ശൂന്യമായ കല്ലറയും ഉത്ഥിതന്‍റെ പ്രത്യക്ഷപ്പെടലുകളും.
ഉപസംഹാരം
മരിക്കുകയും പുനര്‍ജ്ജീവിക്കുകയും ചെയ്യുന്ന ദേവീദേവന്മാരെക്കുറിച്ചുള്ള കഥകളാല്‍ സമ്പന്നമായിരുന്ന പ്രാചീനലോകത്തിന്, ഒരു മനുഷ്യന്‍ കുരിശില്‍ത്തറയ്ക്കപ്പെട്ട് മരിച്ചതിനുശേഷം ജീവന്‍പ്രാപിച്ചു തിരിച്ചുവരിക എന്ന കാര്യം സ്വീകരിക്കാവുന്നതിലും അധികമായിരുന്നു. യഹൂദര്‍ക്ക് ഇടര്‍ച്ചയും വിജാതീയര്‍ക്ക് ഭോഷത്തവുമായിരുന്ന ഈ സത്യമാണ് യേശുശിഷ്യര്‍ക്ക് ലോകത്തെ അറിയിക്കാനുണ്ടായിരുന്നത്.
യേശുവിന്‍റെ ഉയിര്‍പ്പില്‍ വിശ്വസിക്കാന്‍ കഴിയുക ദൈവകൃപയുടെ ഫലമാണ്. അതിന് വിശ്വാസ്യത പകരുന്ന ഘടകങ്ങളെ ബുദ്ധിയുടെ തലത്തില്‍ വേര്‍തിരിച്ചെടുക്കാം. എങ്കിലും, അടിസ്ഥാനപരമായി അതു നിലകൊള്ളുക ഉത്ഥിതനെ കണ്ടുമുട്ടിയവരുടെ സാക്ഷ്യത്തിന്മേലാണ്. യേശുവില്‍ വിശ്വസിച്ചവരുടെ ജീവിതങ്ങിളില്‍ വന്നിട്ടുള്ള രചനാപരമായ മാറ്റങ്ങള്‍ അവരുടെ വിശ്വാസത്തിലേക്കു കടന്നുവരാനുള്ള ആഹ്വാനമാകാം. ജീവിതത്തിന്‍റെ വേദനയിലും മരണത്തിന്‍റെ അര്‍ത്ഥമില്ലായ്മയിലും അര്‍ത്ഥം പകര്‍ന്നുതരുന്ന യാഥാര്‍ത്ഥ്യമായി യേശുവിന്‍റെ പുനരുത്ഥാനം നിലകൊള്ളുന്നു. മനുഷ്യന് ഉത്തരം നല്കാന്‍ കഴിയാത്ത ചോദ്യങ്ങള്‍ക്കുമുമ്പില്‍ യേശു ശിഷ്യനു ഗതിമുട്ടി നില്ക്കേണ്ടിവരുന്നില്ല.
The resurrection of Jesus christ the church Mar Joseph Pamplany life after death confession of early christians proofs of jesus' resurrection from bible the empty tomb Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206