We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Mar Joseph Pamplany On 27-Jan-2021
ആമുഖം
ദുഷ്ടന്‍മാര്‍ നിത്യമായി ശിക്ഷിക്കപ്പെടുന്ന ഒരു നരകമുണ്ടോ? വളരെ പ്രസക്തമായ ചോദ്യത്തിന് ഉത്തരം കണ്ടെത്തുക ആവശ്യമാണ്. സൗഭാഗ്യത്തിനു ബദലായി ഒരു നരകമുണ്ടെന്നും ദുഷ്ടന്മാര്‍ പീഡയനുഭവിക്കുന്ന അവസ്ഥയാണതെന്നും മിക്ക മതങ്ങളും പഠിപ്പിക്കുന്നു. ഹൈന്ദവദര്‍ശനത്തില്‍ നിത്യമായ നരകത്തെപ്പറ്റി പ്രതിപാദിക്കുന്നത് മധ്വാചാര്യരാണ്. പാപികള്‍ പരസ്പരം കുറ്റപ്പെടുത്തുകയും ശപിക്കുകയും ചെയ്യുന്ന ശാശ്വതപീഡകളുടെ സ്ഥലമായ നരകത്തിലേക്ക് സത്യനിഷേധികളെ ആള്ളാഹു കൈവിടുമെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. തിന്മ പ്രവര്‍ത്തിച്ചവര്‍ക്ക് മരണാനന്തരം നരകശിക്ഷ ലഭിക്കുമെന്നാണ് സൊരവാസ്ട്രിയന്‍ മതം കരുതുന്നത്. ആധുനിക യഹൂദ പണ്ഡിതരുടെ വീക്ഷണത്തില്‍ നരകം ഒരു ശുദ്ധീകരണസ്ഥലമാണ്. അതായത് താല്‍ക്കാലിക ശിക്ഷയുടെ സ്ഥലം. മദ്ധ്യയുഗങ്ങളില്‍ നരകത്തെ സംബന്ധിച്ച് വളരെയേറെ ഭാവനാചിത്രങ്ങള്‍ കലാസാഹിത്യരൂപങ്ങളില്‍ കാണുവാന്‍ കഴിയും. ഇത്തരം ഭാവനാസങ്കല്‍പ്പങ്ങള്‍ക്ക് ഉദാഹരണമെന്ന നിലയില്‍ ദാന്തേയുടെ 'ഡിവൈന്‍ കോമഡി'യിലെ നരകവര്‍ണ്ണനയെ വളരെ ചുരുക്കമായൊന്നു പരിശോധിക്കാം. നരകത്തിന്‍റെ ക്രൈസ്തവ വ്യാഖ്യാനവും നരകത്തെ സംബന്ധിച്ച് വിശ്വാസികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഭാവനാചിത്രങ്ങളും മനസ്സിലാക്കാന്‍ ഈ വിചിന്തനം ഉപകരിക്കും.
ഭൂമികേന്ദ്രീകൃതമായ പ്രപഞ്ചവീക്ഷണം നിലവിലിരുന്ന കാലഘട്ടത്തിലാണ് ദാന്തേ ഡിവൈന്‍ കോമഡി രചിച്ചത്. അദ്ദേഹത്തിന്‍റെ ഭാവനയില്‍, നരകലോകം ഭൂമിക്കടിയിലാണ് സ്ഥിതിചെയ്യുന്നത്. തലകീഴായി കുത്തിനിര്‍ത്തിയിരിക്കുന്നതും അടിയിലേക്ക് ക്രമേണ കൂര്‍ത്ത് സൂച്യാഗ്രമായിരിക്കുന്നതുമായ ഒരു വര്‍ത്തുളസ്തംഭത്തിന്‍റെ കോണാകൃതിയില്‍ കീഴ്പോട്ടുപോകുന്തോറും വ്യാസം ചുരുങ്ങിവരുന്ന ഒമ്പതുവലയങ്ങളായിട്ടാണ് നരകലോകം. സ്നേഹശൂന്യരും സ്വാര്‍ത്ഥമതികളും, നന്മയൊ തിന്മയൊ തീണ്ടിയിട്ടില്ലാത്തവരും യഥാര്‍ത്ഥത്തില്‍ ജീവിച്ചിട്ടില്ലാത്തതുകൊണ്ട് ഒരിക്കലും മരിക്കാന്‍ കഴിയാത്തവരുമായ പാപികള്‍ നരകത്തിന്‍റെ പ്രഥമ വലയത്തിനുപുറത്താണ്. പ്രഥമവലയമായ ലിംബോനരകത്തിന്‍റെ ബാഹ്യവലയമാണ്. ക്രൈസ്തവതത്വങ്ങള്‍ ഗ്രഹിക്കാനോ ജ്ഞാനസ്നാനം സ്വീകരിക്കാനോ സാധിക്കാതിരുന്നവരുടെ സ്ഥലമാണത്. രണ്ടാംവലയം, കവിഞ്ഞ കാമദാഹത്താല്‍ ലൈംഗീകപാപങ്ങള്‍ ചെയ്തവര്‍ക്കുള്ളതും മൂന്നാം വലയം തീറ്റക്കൊതിയന്മാര്‍, വിരുന്നും വിനോദവും നിറഞ്ഞ പൂര്‍വ്വജീവിതം നയിച്ചവര്‍ തുടങ്ങിയവര്‍ക്കുള്ളതുമാണ്. പൂര്‍വ്വ ജീവിതത്തിന് കടകവിരുദ്ധമായ തിക്താനുഭവങ്ങള്‍ക്ക് ഇവര്‍ വിധേയരാവുന്നു. സമ്പത്തു ദുരുപയോഗിച്ചവര്‍ക്കും, ജീവിതത്തില്‍ സമ്പത്തിനു നല്‍കേണ്ട സ്ഥാനത്തേപ്പറ്റി തെറ്റായ ധാരണകള്‍ വച്ചുപുലര്‍ത്തിയ ധൂര്‍ത്തന്മാര്‍ക്കും ലുബ്ദന്മാര്‍ക്കും വേണ്ടിയാണ് നാലാം വലയം. അഞ്ചാമത്തെ വലയത്തില്‍ ക്രൂരന്മാരും കോപിഷ്ടരും കഴിയുമ്പോള്‍ ആറാം വലയത്തില്‍ ദൈവനിന്ദകരും നാസ്തികരും ചുട്ടുപഴുത്ത പ്രേതകുടീരങ്ങളില്‍ പൊള്ളലും വേദനയും മൂലം വീര്‍പ്പുമുട്ടുന്നു. ഏഴാം വലയത്തില്‍ ചുട്ടുപഴുത്ത മരണാലാരണ്യവും തീമഴപെയ്യുന്ന അന്തരീക്ഷവുമാണ്. അയല്‍ക്കാരോടും പ്രകൃതിയോടും തന്നോടുതന്നെയും വഞ്ചനയും അക്രമണവും പ്രവര്‍ത്തിച്ചവരാണ് അവിടെയുള്ളവര്‍. എട്ടാം വലയത്തില്‍ പത്തു പ്രത്യേക കിടങ്ങുകളാണ്. അവയില്‍ ഓരോന്നിലും യഥാക്രമം ചാരിത്ര്യധ്വസകര്‍, വൈതാളികന്മാര്‍, ധാര്‍മ്മികാധികാരം ദുരുപയോഗിച്ചവര്‍, ദുര്‍മന്ത്രവാദികള്‍, ദുര്‍വ്യവഹാരതല്പരര്‍, വഞ്ചകര്‍, കള്ളന്മാര്‍, ചതി ഉപദേശിച്ചവര്‍, കലഹമുണ്ടാക്കുന്നവര്‍, ആള്‍മാറാട്ടക്കാര്‍ തുടങ്ങിയവരാണ്. ബന്ധുക്കളെയും അതിഥികളെയും സ്വരാജ്യത്തെയും വഞ്ചിച്ചവരാണ് ഒമ്പതാമത്തെ വലയത്തില്‍. ഈ വലയങ്ങളുടെയെല്ലാം അടിയിലാണ് നരകത്തിന്‍റെ കേന്ദ്രസ്ഥാനം ദൈവത്തോടുപടവെട്ടി പരാജയപ്പെട്ട ലൂസിഫര്‍ ഇവിടെ തളച്ചിടപ്പെട്ടിരിക്കുന്നു.
മധ്യയുഗങ്ങളിലെ ചിത്രങ്ങളിലും പെയിന്‍റിംഗുകളിലുമെല്ലാം കൊമ്പും വാലുമുള്ള ഭീകരജീവികള്‍ ദുഷ്ടന്മാരെ പീഡിപ്പിക്കുന്ന രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നതു കാണാം. പാപത്തെക്കുറിച്ചു പശ്ചാത്തപിക്കാത്തവന് പാപാനുഭവം തന്നെയാണ് ശിക്ഷ എന്ന് ഒരു സങ്കല്‍പമുണ്ടായിരുന്നു. അദമ്യമായ ആസക്തിയോടെ ആത്മാവ് ജീവിതകാലത്ത് മുഴുകിക്കഴിഞ്ഞ അതേ വിഷയസുഖങ്ങളില്‍ അവയ്ക്കു ഘടകവിരുദ്ധമായ അനുഭവത്തോടെ മരണശേഷം തടവിലാക്കപ്പെടുന്നു. കാലഘട്ടത്തിന്‍റെ ധാരണകളും ചിന്താശൈലിയുമാണ് ഭാവനാ സങ്കല്‍പങ്ങളില്‍ തെളിഞ്ഞുകാണുന്നത്.
പാപത്തിന് കൂടുതല്‍ പ്രാധാന്യം കൊടുത്ത്, അതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച്, പാപം നിറഞ്ഞ ഒരു ലോകത്തെക്കുറിച്ചും അതിനെ ശിക്ഷിക്കുവാന്‍ തക്കം പാര്‍ത്തിരിക്കുന്ന ദൈവത്തെപ്പറ്റിയും മതങ്ങളും മതാചാര്യന്മാരും വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്ന മുന്‍കാലങ്ങളില്‍, നരകചിന്ത ഭയത്തിന്‍റെ വികാരങ്ങളാണ് സര്‍വ്വരിലും ഉണര്‍ത്തിയിരുന്നത്. ദൈവത്തിന്‍റെ പദ്ധതിയനുസരിച്ച് വളരെയധികം പേര്‍ നരകത്തിന് മുന്‍കൂട്ടി വിധിക്കപ്പെട്ടിരിക്കുന്നു എന്നുപോലും കാല്‍വിനേപ്പോലുള്ള പ്രൊട്ടസ്റ്റന്‍റ് ദൈവശാസ്ത്രജ്ഞന്മാര്‍ പഠിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ന് ഇത്തരം ചിന്താഗതികള്‍ക്ക് സാരമായ മാറ്റം സംഭവിച്ചിരിക്കുന്നു. തെറ്റുകുറ്റങ്ങളിലെന്നതിനെക്കാള്‍ സ്നേഹത്തിന് ഊന്നല്‍കൊടത്ത് മാനവ ചെയ്തികളെ വിലയിരുത്തുന്ന ധാര്‍മ്മിക ചിന്താഗതി ഇന്നിന്‍റെ പ്രത്യേകതയാണ്. സ്നേഹസമ്പന്നനും കരുണാനിധിയുമായ ദൈവത്തെക്കുറിച്ച് ചിന്തിക്കുവാനാണ് മനുഷ്യനിഷ്ടം. ഇക്കാരണത്താല്‍ തന്നെ നിത്യമായ നരകശിക്ഷയെപ്പറ്റി ചിന്തിക്കുവാനും അതിന്‍റെ സാധ്യതയെപ്പറ്റി മറ്റുള്ളവരെ ബോധ്യപ്പെടുത്തുവാനും ക്രൈസ്തവ ദൈവശാസ്ത്രജ്ഞന്മാര്‍ക്കുപോലും ഇന്നു വളരെയേറെ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്. യേശുക്രിസ്തുവിലൂടെ വെളിപ്പെടുത്തപ്പെട്ട, സ്നേഹനിധിയും കരുണാസമ്പന്നനുമായ ദൈവം മനുഷ്യന് നിത്യശിക്ഷ നല്‍കുമെന്ന് എങ്ങനെ വിശ്വസിക്കാനാവും? പല ക്രൈസ്തവരെയും ചിന്തിപ്പിക്കുന്ന ചോദ്യമാണിത്. നരകത്തിന്‍റെ അസ്തിത്വത്തെപ്പറ്റിയും നരകശിക്ഷയുടെ സ്വഭാവത്തെക്കുറിച്ചും ക്രൈസ്തവ വെളിപാട് എന്ത് പഠിപ്പിക്കുന്നു എന്ന് പരിശോധിക്കാം.
നരകശിക്ഷ : വി. ഗ്രന്ഥത്തില്‍
മരണശേഷമുള്ള ശിക്ഷയെക്കുറിച്ച് പഴയനിയമത്തിലും പുതിയനിയമത്തിലും ധാരാളം പരാമര്‍ശങ്ങള്‍ കാണാം. പലസ്തീനായുടെ സമീപപ്രദേശങ്ങളിലെ ജനങ്ങള്‍ വച്ചുപുലര്‍ത്തിയിരുന്ന വിശ്വാസങ്ങളോട് വളരെയേറെ ബന്ധപ്പെട്ടവയാണ് പഴയനിയമ പഠനങ്ങള്‍. പുതിയനിയമപഠനങ്ങളാകട്ടെ, യഹൂദവിശ്വാസത്തിന്‍റെയും സമകാലീന ചിന്താധാരകളുടെയും പശ്ചാത്തലത്തില്‍ രൂപപ്പെട്ടവയുമാണ്. ഈ വസ്തുത മനസ്സിലാക്കിവേണം നിത്യശിക്ഷയെ സംബന്ധിച്ച വേദപുസ്തകഭാഗങ്ങളെ വിലയിരുത്തുവാന്‍.
പഴയനിയമത്തില്‍
ദുഷ്ടന്മാര്‍ക്കെതിരായ ദൈവകോപത്തെക്കുറിച്ച് പഴയ നിയമത്തില്‍ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ഹിന്നോം താഴ്വരയില്‍ നിത്യമായി എരിഞ്ഞുകൊണ്ടിരിക്കുന്ന ന്യായവിധിയുടെ അഗ്നിയെക്കുറിച്ച് പ്രവാചകപ്രമുഖരായ ഏശയ്യായും ജെറമിയായും വിവരിക്കുന്നുണ്ട്. എല്ലാ ജഡവും എന്നെ ആരാധിക്കാനായി എന്‍റെ മുമ്പില്‍ വരും. അവര്‍ വെളിയിലേക്കു പോവുകയും എനിക്കെതിരായി പാപം ചെയ്ത മനുഷ്യരുടെ ശവശീരങ്ങള്‍ കാണുകയും ചെയ്യും. അവരുടെ പുഴു ഒരിക്കലും നശിക്കുകോ അവരുടെ അഗ്നി ഒരിക്കലും ശമിക്കുകയൊ ചെയ്യുകയില്ല... (ഏശ. 66: 23-24).
യഹൂദവിശ്വാസപ്രകാരം, മരിച്ചവര്‍, (Sheol) ഷെയോളിലേക്കു പോകുന്നു. ഷെയോള്‍ എന്നതുകൊണ്ട് യഹൂദര്‍ അര്‍ത്ഥമാക്കിയിരുന്നത് ഒരിക്കലും തിരിച്ചുവരാനാവാത്ത, ഭൂമിക്കടിയില്‍ സ്ഥിതിചെയ്യുന്ന, അന്ധകാരത്തിന്‍റെയും പീഡകളുടെയും സ്ഥലമെന്നാണ്. സര്‍വ്വരാലും അവമതിക്കപ്പെട്ട ഇവിടം ഭൂമിക്കടിയിലെവിടെയോ ഉള്ള ഒരു ഗര്‍ത്തമാണെന്ന് യഹൂദര്‍ വിശ്വസിച്ചു. ജോബിന്‍റെ പുസ്തകത്തില്‍ നാമിങ്ങനെ കാണുന്നു; മറഞ്ഞില്ലാതായിത്തീരുന്ന മേഘംപോലെ ഷെയോളിലേക്കു പോകുന്നവര്‍ ഒരിക്കലും കയറിവരാതെ നശിച്ചുപോകുന്നു. അവന്‍ തന്‍റെ ഭവനത്തിലേയ്ക്ക് ഒരിക്കലും തിരിച്ചുവരുന്നില്ല. അവന്‍റെ നാട്ടില്‍ ആരും അവനെ അറിയുകയുമില്ല. (ജോബ് 7:9). ചെളിയും പുഴുവും നിറഞ്ഞ സ്ഥലമാണ് ഷെയോള്‍. ഇവിടെ തങ്ങളുടെ പൂര്‍വ്വപിതാക്കന്മാരെ ദര്‍ശിക്കാമെന്നതാണ് മരിച്ചവരുടെ ഏക ആശ്വാസം. നിഴലുകളെപ്പോലെയാണ് ഷെയോളില്‍ ജീവിക്കുന്നവര്‍ എന്ന വിശ്വാസവും യഹൂദ ചിന്തയിലുണ്ട്.
ദുഷ്ടശിഷ്ടഭേദം കൂടാതെ എല്ലാവരും ഭൂമിക്കടിയിലുള്ള ഷെയോളിലേക്ക് പോകുന്നുവെന്നാണ് ആദ്യകാലങ്ങളില്‍ യഹൂദര്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍ പില്‍ക്കാലത്ത് ഈ ചിന്താഗതിയില്‍ മാറ്റം വന്നു. മരണാനന്തരം രണ്ടു വ്യത്യസ്ഥലങ്ങളുള്ളതായി അവര്‍ ചിന്തിച്ചുതുടങ്ങി. ഗേഹന്നായും (Gehanna) പറുദീസയും. ദുഷ്ടന്മാര്‍ ഗേഹന്നായില്‍ പീഡിപ്പിക്കപ്പെടുന്നു. നല്ലവരാകട്ടെ പറുദീസായില്‍, അഥവാ അബ്രാഹത്തിന്‍റെ മടിയില്‍ പുനരുത്ഥാനവും കാത്തുകഴിയുന്നു. പഴയ നിയമത്തില്‍ നരകത്തെപ്പറ്റിയും ഷെയോളിനെപ്പറ്റിയുമെല്ലാം ധാരാളം പ്രതിപാദനങ്ങളുണ്ടെങ്കിലും നരകത്തിന്‍റെ സ്വഭാവത്തെ അവ്യക്തമായേ അവ വെളിപ്പെടുത്തുന്നുള്ളൂ. പുതിയ നിയമത്തോടുകൂടി മാത്രമാണ് നിത്യനരകവും നിത്യസര്‍ഗ്ഗവും കൂടുതല്‍ വ്യക്തമാക്കപ്പെട്ടത്.
പുതിയനിയമത്തില്‍
യഹൂദരുടെ മരണാനന്തര ജീവിതസങ്കല്പങ്ങളില്‍നിന്നാണ് നരകത്തെയും ശുദ്ധീകരണത്തെയും സംബന്ധിക്കുന്ന ആശയങ്ങള്‍ പുതിയനിയമത്തില്‍ രൂപപ്പെട്ടത്. ക്രിസ്തുവിന്‍റെ പഠനങ്ങളില്‍ വിശിഷ്യ, അന്യാപദേശങ്ങളില്‍ നിത്യശിക്ഷയെപ്പറ്റിയുള്ള പ്രതിപാദനങ്ങള്‍ ധാരാളമായി കാണാം. കളകളുടെ ഉപമ (മത്താ. 13 :24-43) വലയുടെ ഉപമ (മത്താ.13: 47-50), വിവാഹവിരുന്നിന്‍റെ ഉപമ (മത്താ. 22:1-14) പത്തുകന്യകളുടെ ഉപമ (മത്താ. 25 :1-13) താലന്തുകളുടെ ഉപമ (മത്താ. 25:14-30) എന്നിവയിലെല്ലാം 'വിലാപവും പല്ലുകടി'യുമുള്ള 'പുറത്തുള്ള അന്ധകാര'ത്തെക്കുറിച്ചും 'എരിയുന്ന തീയേ'ക്കുറിച്ചും മറ്റുമുള്ള പ്രസ്താവനകള്‍ കാണാം. ലോകാവസാനത്തിലാണ് നരകശിക്ഷ സംഭവിക്കാനിരിക്കുന്നത് എന്നതിന്‍റെ സൂചനകളും ഇവിടെയുണ്ട്. യേശുവിന്‍റെ പ്രബോധനങ്ങളിലും നരകത്തെപ്പറ്റി ധാരാളം പരാമര്‍ശനങ്ങളുണ്ട്. സഹോദരനെ 'വിഡ്ഢി' എന്നു വിളിക്കുന്നവന്‍ നരകാഗ്നിക്കിരയായിത്തീരും (മത്താ. 5:22), ശരീരം ഒന്നാകെ നരകാഗ്നിക്കിരയാകുന്നതിനേക്കാള്‍ പാപപ്രേരിതമാകുന്ന അവയവം നശിക്കുകയാണ് ഉചിതം (മത്താ. 5:29) എന്നും അവിടുന്ന് പഠിപ്പിക്കുന്നു.
വി. യോഹന്നാനും വി. പൗലോസും നരകശിക്ഷയെക്കുറിച്ച് പ്രതിപാദിക്കുന്നു. യോഹന്നാന്‍റെ സുവിശേഷത്തിലെ 'ജീവന്‍' 'പ്രകാശം' തുടങ്ങിയ പ്രതീകങ്ങള്‍ നരകശിക്ഷയോട് ബന്ധപ്പെടുത്തി ദര്‍ശിക്കാനാവും. പ്രകാശം നഷ്ടപ്പെട്ട ജീവന്‍ ഇല്ലാത്ത അവസ്ഥയാണ് മരണം. 'രണ്ടാമത്തെ മരണ'മെന്നാണ് നിത്യനരകത്തെ യോഹന്നാന്‍ വിളിക്കുന്നത്. നിത്യമായി മരിക്കുന്നവര്‍ അഗ്നിതടാകത്തിലേക്ക് എറിയപ്പെടുന്നുവെന്ന് യോഹന്നാന്‍റെ വെളിപാടില്‍ രേഖപ്പെടുത്തിയിരിക്കുന്നു. (വെളി. 20:14) ക്രിസ്തുവിലുള്ള നീതീകരണത്തോട് ബന്ധപ്പെടുത്തിയാണ് വി. പൗലോസ് നരകത്തെപ്പറ്റി പ്രതിപാദിക്കുന്നത്. ദൈവത്തില്‍ നിന്നുള്ള നിത്യമായ അകല്‍ച്ചയായാണ് അദ്ദേഹം നരകത്തെ കാണുന്നത്. സ്വാര്‍ത്ഥമതികളായി, സത്യത്തെ അനുസരിക്കാതെ ദുഷ്ടതയ്ക്കു വഴങ്ങുന്നവര്‍ ക്രോധത്തിനും അമര്‍ഷത്തിനും പാത്രമാകും (റോമ. 2:8). പാപം ചെയ്യുന്നവര്‍ക്ക് ഗ്രസിക്കുന്ന അഗ്നിയാണ് പ്രതിസമ്മാനമെന്ന് ഹെബ്രായര്‍ക്കുള്ള ലേഖനം വ്യക്തമാക്കുന്നു (ഹെബ്രാ 10:23).
സ്വര്‍ഗ്ഗസൗഭാഗ്യത്തിന് വിരുദ്ധമായി ദുഷ്ടന്മാരെ പീഡിപ്പിക്കുന്ന രണ്ടു വ്യത്യസ്ത സ്ഥലങ്ങളെപ്പറ്റി (പാതാളവും (Hades) നരകവും, (Gehanna) സുവിശേഷങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. മരിച്ചവര്‍ പുനരുത്ഥാനം പാര്‍ത്തുകഴിയുന്ന സ്ഥലമാണ് പാതാളം എന്ന് പൊതുവെ കണക്കാക്കപ്പെട്ടിരുന്നു. പാതാളത്തെക്കുറിച്ചുള്ള പ്രതിപാദനങ്ങളില്‍, സുവിശേഷം, ഒരിടത്തു മാത്രമെ പീഡയുടെ സ്ഥലമായി പാതാളത്തെ കണക്കാക്കുന്നുള്ളൂ. ധനവാന്‍റെയും ലാസറിന്‍റേയും ഉപമയില്‍, അവസാനം ആ ദരിദ്രന്‍ മരിച്ചു. മാലാഖാമാര്‍വന്ന് അവനെ അബ്രാഹത്തിന്‍റെ മടിയിലേക്കുകൊണ്ടുപോയി. ധനികനും മരിച്ച് അടക്കപ്പെട്ടു. പാതാളത്തില്‍ പീഡയനുഭവിക്കുന്നതിനിടയില്‍ മുകളിലേക്കു നോക്കിയപ്പോള്‍ അബ്രാഹത്തെയും അദ്ദേഹത്തിന്‍റെ മടിയില്‍ ലാസറിനെയും അയാള്‍ ദൂരെ നിന്നു കണ്ടു. (ലൂക്ക 16:22-23) എന്നു നാം വായിക്കുന്നു. പീഡകളുടെ സ്ഥലം എന്ന അര്‍ത്ഥത്തിലാണ് നരകം എന്ന പദം എല്ലായ്പ്പോഴും ഉപയോഗിച്ചിരിക്കുന്നത്. പ്രസിദ്ധ ബൈബിള്‍ പണ്ഡിതനായ ജൊവാക്കിം ജെറമിയാസിന്‍റെ അഭിപ്രായത്തില്‍ മരണത്തിനും പുനരുത്ഥാനത്തിനും ഇടയ്ക്കുള്ള മധ്യകാലത്തുമാത്രം ദുഷ്ടന്മാര്‍ പാതാളത്തില്‍ കഴിയുന്നു എന്നതായിരുന്നു പ്രാചീന യഹൂദവിശ്വാസം. നരകം നിത്യശിക്ഷയുടെ സ്ഥലമാണ് നരകാഗ്നിയില്‍ അവര്‍ പീഡിപ്പിക്കപ്പെടുന്നു.
ഗേഹന്ന എന്ന പദമാണ് നരകമെന്നു വിവര്‍ത്തനം ചെയ്തിട്ടുള്ളത്. ഹിന്നോം (Hinnom) എന്ന പദത്തിന്‍റെ ഉത്ഭവമാണ് ഗേഹന്ന. ജറുസലേമിനു പുറത്തുള്ള ഒരു താഴ്വരയാണ് ഹിന്നോം. പഴയനിയമകാലത്ത് ദൈവഭയവും ദൈവ വിശ്വാസവുമില്ലാത്ത രാജാക്കന്മാര്‍ ഇവിടെ നരബലി നടത്തിയിരുന്നതായി ചരിത്രരേഖകളുണ്ട്. ആഹാസ് രാജാവ് തന്‍റെ പുത്രന്മാരെ ഇവിടെ ബലികഴിച്ചതായി ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. (2 ദിനവൃത്ത 28:3) പില്‍ക്കാലത്ത് ഹിന്നോം സര്‍വ്വരാലും വെറുക്കപ്പെട്ട ഒരു സ്ഥലമായിത്തീര്‍ന്നു. കാലാന്തരത്തില്‍ നഗരത്തിലെ ചപ്പുചവറുകള്‍ ഇടുന്ന സ്ഥലമായി ഇതു മാറി. ചപ്പുചവറുകള്‍ കൂടിക്കിടക്കുമ്പോള്‍ അവിടെ പുഴുക്കള്‍ ഉണ്ടാകുന്നു. കൂടിക്കിടക്കുന്ന ചപ്പുചവറുകള്‍ കത്തിച്ചുകളയാനായി തീ ഇടുന്നു. വീണ്ടും ചപ്പുചവറുകള്‍ കൂടുമ്പോള്‍ പുഴുക്കള്‍ ഉണ്ടാകുകയും തീ ഇടുകയും ചെയ്യുന്നു. ഈ പ്രക്രിയ തുടര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ അവിടെ പുഴുക്കളും തീയും ഒരിക്കലും ഇല്ലാതാകുന്നില്ല. ക്രമേണ ഹിന്നോം തീയും പുഴുവും നിറഞ്ഞ, അശുദ്ധിയുടെ ഒരു പ്രതീകമായി മാറി. ഈ പ്രതിരൂപത്തിന്‍റെ പശ്ചാത്തലത്തിലാണ് കാലക്രമത്തില്‍ നിത്യശിക്ഷയുടെ പ്രതീകമായി ഗേഹന്ന അഥവാ നരകം പ്രയോഗത്തില്‍ വന്നത്. ശിക്ഷയെ സൂചിപ്പിക്കുവാന്‍ ഈ പ്രതിരൂപം തന്നെ ഏശയ്യാ പ്രവാചകനും ഉപയോഗിച്ചിട്ടുണ്ട് (ഇസ. 66:24).
നരകത്തെപ്പറ്റിയുള്ള വേദപുസ്തക ഭാഗങ്ങള്‍ അതിന്‍റെ സാഹിത്യ രൂപം കണക്കിലെടുത്തുവേണം വ്യാഖ്യാനിക്കുവാന്‍. ദൈവത്തിന്‍റെ രക്ഷാകരപ്രവര്‍ത്തനങ്ങളെ നിരസിക്കുന്നവര്‍ നിത്യമായി നശിക്കുമെന്നത് വിവരിക്കുവാന്‍ സമകാലീനസാഹിത്യത്തിന്‍റെ സങ്കല്‍പങ്ങളെ യേശുവും ഇവിടെ ഉപയോഗിച്ചിരിക്കുന്നു. ദൈവത്തില്‍നിന്ന് പൂര്‍ണ്ണമായി വിച്ഛേദിക്കപ്പെട്ട് നിത്യനാശത്തിന് വിധേയരാകുന്നവരുടെ അവസ്ഥയെയാണ് പ്രതിരൂപങ്ങളിലൂടെ വിവരിച്ചിരിക്കുന്നത്. മനുഷ്യബുദ്ധിക്ക് കടന്നുചെല്ലാന്‍ കഴിയുന്ന മണ്ഡലങ്ങള്‍ക്കും അപ്പുറത്തുള്ള കാര്യങ്ങളെ ജീവിതാനുഭവങ്ങളില്‍നിന്ന് അടര്‍ത്തിയെടുത്ത പ്രതിരൂപങ്ങളുടെ സഹായത്താല്‍ ഭാവനാത്മകമായി ആവിഷ്ക്കരിച്ചിരിക്കുന്നു. ചുരുക്കത്തില്‍ എല്ലാവരും പുനരുത്ഥാനം ചെയ്യുമെന്നും, ഓരോരുത്തര്‍ക്കും പ്രവൃത്തികള്‍ക്കനുസരിച്ച് പ്രതിഫലമുണ്ടെന്നും, ദുഷ്ടന്മാര്‍ക്കുള്ള നിത്യശിക്ഷ കഠിനമായിരിക്കുമെന്നും പുതിയനിയമ വെളിപാട് പ്രതിരൂപങ്ങളുടെ സഹായത്തോടെ അസന്നിഗ്ദ്ധമായി പഠിപ്പിക്കുന്നു.
സഭാപാരമ്പര്യത്തില്‍
നരകശിക്ഷയെപ്പറ്റി സഭാപിതാക്കന്മാരുടെ പഠനങ്ങളിലും ചില ഉള്‍ക്കാഴ്ചകള്‍ കണ്ടെത്താനാകും. നരകശിക്ഷ എപ്പോള്‍ ആരംഭിക്കുന്നു, നരകാഗ്നിയുടെ സ്വഭാവമെന്ത് തുടങ്ങിയവയില്‍ ഇവര്‍ വ്യത്യസ്ത വീക്ഷണങ്ങള്‍ വച്ചു പുലര്‍ത്തുന്നു. നരകശിക്ഷ അന്ത്യവിധിയോടെയേ തുടങ്ങൂ എന്നതായിരുന്നു ആദ്യകാല വിശ്വാസം. എന്നാല്‍ വി. അഗസ്റ്റിന്‍ ഇതില്‍ നിന്നു വ്യത്യസ്തമായ ഒരു നിലപാടാണ് സ്വീകരിച്ചത്. ദുഷ്ടന്മാര്‍ മരണത്തോടെതന്നെ ശിക്ഷാവിധിക്ക് അടിപ്പെടുന്നു. എന്നാല്‍ സാര്‍വ്വത്രിക ഉയിര്‍പ്പോടെ ഈ ശിക്ഷയില്‍ സത്താപരമായ വര്‍ദ്ധന വന്നുഭവിക്കുന്നു എന്നദ്ദേഹം പഠിപ്പിച്ചു. സുവിശേഷത്തിലെ, ധനവാന്‍റെയും ലാസറിന്‍റേയും ഉപമയെ (ലൂക്കാ. 16:19-31) ആധാരമാക്കിയാണ് വി. അഗസ്റ്റിന്‍ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. നരകശിക്ഷ എപ്പോള്‍ മുതല്‍ എന്ന പ്രശ്നത്തിന് അന്തിമ തീരുമാനം കുറിക്കുന്നതു മഹാനായ ഗ്രിഗറിയാണ്. മരണത്താടെ നല്ലവര്‍ക്ക് ദൈവസായൂജ്യം സംലഭ്യമാകുന്നതുപോലെ ദുഷ്ടര്‍ക്ക് നിത്യശിക്ഷയും ലഭിക്കുമെന്ന് അദ്ദേഹം സമര്‍ത്ഥിച്ചു.
നരകം നിത്യമല്ലെന്നും എല്ലാവരും അവസാനനാളില്‍ രക്ഷപ്പെടുമെന്നുമുള്ള ഒരിജന്‍റെ (Origen) തത്വമാണ് (apokatastais) ഇക്കാലഘട്ടത്തെ ശ്രദ്ധേയമായ മറ്റൊരു ചിന്ത. ആത്മാവിനെ സംബന്ധിച്ച പ്ലേറ്റോയുടെ ദര്‍ശനമാണ് ഈ ചിന്തയുടെ താത്വികാടിസ്ഥാനം. മനുഷ്യജന്മം സ്വീകരിക്കുന്നതിനുമുമ്പ് ആത്മാവ് പരിപൂര്‍ണ്ണ സ്വാതന്ത്ര്യത്തില്‍ ദൈവരാജ്യത്തില്‍ കഴിഞ്ഞിരുന്നുവെന്നും മനുഷ്യരൂപം സ്വീകരിക്കുക വഴി സംഭവിച്ച ദൂഷ്യങ്ങള്‍ നരകശിക്ഷയിലൂടെ മാറ്റിക്കളഞ്ഞശേഷം അവ തങ്ങളുടെ പൂര്‍വ്വസ്ഥിതി പ്രാപിക്കുമെന്നും ഒരിജന്‍ പഠിപ്പിച്ചു. എല്ലാ മനുഷ്യരും രക്ഷപ്പെടണമെന്നാണ് ദൈവം ആഗ്രഹിക്കുന്നതെന്നും, എല്ലാവരും ക്രിസ്തുവില്‍ രക്ഷിക്കപ്പെട്ടിരിക്കുന്നുവെന്നും അനന്തദയാനിധിയായ അവിടുന്ന് ഒരുവനെയും നിത്യശിക്ഷക്കായി കൈവിടുകയില്ലെന്നും ഒരിജന്‍ വിശ്വസിച്ചു. ഇക്കാരണത്താലാണ് നരകശിക്ഷയ്ക്കുശേഷം ആത്മാവ് സ്വര്‍ഗ്ഗത്തില്‍ സ്വീകരിക്കപ്പെടുമെന്ന് അദ്ദേഹം പഠിപ്പിച്ചത്. ജെറോം, അംബ്രോസ്, അഗസ്റ്റിന്‍ തുടങ്ങിയവരെല്ലാം ഒരിജിന്‍റെ പഠനത്തെ നിരാകരിക്കുന്നു. (A.D. 543 ല്‍ സഭ ഒരിജന്‍റെ പഠനത്തെ തിരസ്ക്കരിച്ചു).
ഔദ്യോഗിക പ്രബോധങ്ങള്‍
സഭയുടെ ഔദ്യോഗിക പ്രബോധനങ്ങളില്‍ നരകത്തിന്‍റെ അസ്തിത്വത്തേയും നിത്യതയേയുംപറ്റിയുള്ള പ്രസ്താവനകള്‍ കാണാം. മരണത്തോടെ പാപി നരകത്തിലേക്കു പ്രവേശിക്കുന്നു. ദൈവദര്‍ശനം സാധിക്കാത്തതുകൊണ്ടുള്ള വേദനയും കഠിനപീഡകളും ഇവിടെ അവന്‍ അനുഭവിക്കണം. രണ്ടാം ലിയോണ്‍സ് കൗണ്‍സില്‍, ഫ്ളോറെന്‍സ് കൗണ്‍സില്‍, ട്രെന്‍റു കൗണ്‍സില്‍ തുടങ്ങിയവയുടെ വിശ്വാസപ്രഖ്യാപനങ്ങളില്‍ നരകത്തെക്കുറിച്ചുള്ള പഠനങ്ങള്‍ കാണാം. നാലാം ലാറ്ററന്‍ കൗണ്‍സിലും ബെനഡിക്ട് പന്ത്രണ്ടാമന്‍ മാര്‍പാപ്പയുടെ ബെനഡിക്തൂസ് ദേവൂസ് (Benedictus Deus) എന്ന പ്രഖ്യാപനവും നിത്യശിക്ഷയെക്കുറിച്ച് പഠിപ്പിക്കുന്നതിലെ പ്രസക്തഭാഗങ്ങള്‍ താഴെ ഉദ്ധരിക്കാം. നാലാം ലാറ്ററന്‍ കൗണ്‍സില്‍ ആല്‍ബിജെന്‍സിയന്‍കാര്‍ക്കെതിരെ നിര്‍വ്വചിച്ചു പ്രഖ്യാപിച്ച വിശ്വാസപ്രഖ്യാപനത്തില്‍ ഇപ്രകാരം പറയുന്നു. "അവിടുന്ന് സമയാന്ത്യത്തില്‍ ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും വിധിപ്പാന്‍ വരികയും ഓരോരുത്തര്‍ക്കും, തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കും ശപിക്കപ്പെട്ടവര്‍ക്കും അവരവരുടെ പ്രവൃത്തികള്‍ക്കനുസൃതമായി പ്രതിഫലം നല്‍കുകയും ചെയ്യും... ദുഷ്ടന്മാര്‍ പിശാചിനോടു കൂടെ നിത്യശിക്ഷയിലേക്കും ശിഷ്ടന്മാര്‍ ക്രസ്തുവിനോടുകൂടെ നിത്യമഹിമയിലേക്കും പോകും (C.F.n. 20) 'ബെനഡിക്തൂസ് ദേവൂസ ഇങ്ങനെ പ്രഖ്യാപിക്കുന്നു... കൂടാതെ ദൈവത്തിന്‍റെ പൊതുസംവിധാനമനുസരിച്ച് ചാവുദോഷത്തോടെ മരിക്കുന്നവരുടെ ആത്മാക്കള്‍, മരണം കഴിയുന്ന ക്ഷണത്തില്‍ത്തന്നെ നരകത്തിലേക്കു പോകുമെന്നും അവിടെ നരകവേദനകള്‍ അനുഭവിക്കുമെന്നും നാം നിര്‍വ്വചിച്ചു പ്രഖ്യാപിക്കുന്നു. എന്നാല്‍ വിധി ദിവസം എല്ലാമനുഷ്യരും തങ്ങളുടെ ശരീരങ്ങളോടെ ആഗതരാകുകയും വ്യക്തിപരമായി ചെയ്തികള്‍ക്ക് കണക്ക് കൊടുക്കുവാന്‍ ക്രിസ്തുവിന്‍റെ ന്യായാസനത്തിനു മുമ്പില്‍ ഹാജരാക്കപ്പെടുകയും ചെയ്യും. ശരീരത്തിലായിരുന്നപ്പോള്‍ എന്തൊക്കെ ചെയ്തുവോ അവയനുസരിച്ച് ഓരോരുത്തരും അപ്പോള്‍ സല്‍ഫലമോ ദുഷ്ഫലമോ സ്വീകരിക്കുകയും ചെയ്യും" (C.F. n. 2703). ദൈവദര്‍ശനം നഷ്ടപ്പെടുത്തുന്ന പാപി നിത്യമായ ശിക്ഷയ്ക്കു വിധേയനാവുമെന്നും ഈ ശിക്ഷ അവന്‍റെ മുഴുവന്‍ സത്തയിലും (Whole Being) പ്രതിഫലിപ്പിക്കുമെന്നുള്ള സഭയുടെ വിശ്വാസം, വിശ്വാസസംരക്ഷത്തിനായുള്ള തിരുസ്സംഘം ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നുണ്ട്.
നരകശിക്ഷയുടെ സ്വഭാവം
നരകശിക്ഷ ദൈവത്തെ നഷ്ടപ്പെടുത്തിയതിലുള്ള വേദനയും ഇന്ദ്രിയശിക്ഷയും ഉള്‍ക്കൊള്ളുന്നു. അടിസ്ഥാനപരമായി ഈ ശിക്ഷകള്‍ നിത്യനാശത്തിന്‍റെ ഭാഗം തന്നെയാണ്. ദൈവത്തോടുകൂടെ ദൈവത്തില്‍ വസിക്കുകയാണ് വിശുദ്ധി. ദൈവത്തില്‍നിന്നകന്ന് ദൈവത്തെ മാറ്റിനിര്‍ത്തി അവിടുത്തെ സ്നേഹത്തില്‍നിന്നും സൗഹൃദത്തില്‍നിന്നും വിട്ടുനില്‍ക്കുകയാണ് നരകം. മനുഷ്യബുദ്ധിക്കു പൂര്‍ണ്ണമായി ഗ്രഹിക്കാനാവാത്ത രഹസ്യമാണ് നരകശിക്ഷ. നരകശിക്ഷയുടെ സ്വഭാവത്തെപ്പറ്റി സുവ്യക്തമായ പഠനങ്ങള്‍ വി. ഗ്രന്ഥത്തിലൊ സഭാപാരമ്പര്യത്തിലൊ കാണാനാവില്ല.
നരകശിക്ഷ നിത്യമോ ?
നരകത്തിന്‍റെ നിത്യതയെപ്പറ്റി വി. ഗ്രന്ഥം പ്രഖ്യാപിക്കുന്നുണ്ട്. പ്രത്യക്ഷവും പരോക്ഷവുമായ തെളിവുകള്‍ നമുക്കിവിടെ കാണാം. ദുഷ്ടന്മാരുടെ ശിക്ഷയെ നിത്യജീവിതത്തില്‍ നിന്നുള്ള ബഹിഷ്ക്കരണമായാണ് വി. ഗ്രന്ഥം എല്ലായ്പ്പോഴും വീക്ഷിക്കുന്നത്. 'നിത്യമായ ജീവിത'ത്തിന് വിരുദ്ധമായ ശിക്ഷയും നിത്യമാണെന്നത് യുക്തിസഹമാണല്ലൊ! ക്രിസ്തുവിന്‍റെ അന്യാപദേശങ്ങളിലെ, 'അവര്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുകയില്ല' എന്ന പ്രസ്താവനകളും (ലൂക്ക. 14:24, മത്താ. 7 :21-23) ശിക്ഷയുടെ നിത്യതയെയാണ് വ്യക്തമാക്കുക. അവര്‍ക്ക് "ദൈവത്തിന്‍റെയും ക്രിസ്തുവിന്‍റെയും രാജ്യത്തില്‍ അവകാശമില്ല" (എഫേ. 5:5). "അനീതി പ്രവര്‍ത്തിക്കുന്നവര്‍ ദൈവരാജ്യം അവകാശപ്പെടുത്തുകയില്ല" (1 കോറ. 6:10). തുടങ്ങിയ വി. പൗലോസിന്‍റെ വാക്കുകളും നിത്യമായ ശിക്ഷയെയാണ് സൂചിപ്പിക്കുക. പാപികള്‍ രാപ്പകല്‍ നിത്യകാലത്തേക്കു നരകത്തില്‍ പീഡിപ്പിക്കപ്പെടുമെന്ന് യോഹന്നാന്‍ തന്‍റെ വെളിപാടില്‍ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നുണ്ട്. (14:11, 20:11). നിത്യകാലം എന്ന പ്രയോഗം, വളരെക്കാലം എന്ന അര്‍ത്ഥത്തിലും വി. ഗ്രന്ഥത്തിലുപയോഗിക്കുന്നുണ്ട്. എങ്കിലും വളരെ വിരളമായ സാഹചര്യങ്ങളിലെ അപ്രകാരം കാണുന്നുള്ളൂ. അവസാനവിധിയെ സംബന്ധിച്ച വി. മത്തായിയുടെ സുവിശേഷത്തിലെ വിവരണത്തിലാണ് നരകത്തിന്‍റെ അനന്തസ്വഭാവത്തെപ്പറ്റി ഏറ്റവും സ്പഷ്ടമായി പ്രതിപാദിച്ചിരിക്കുന്നത്. "ശപിക്കപ്പെട്ടവരേ, നിങ്ങള്‍ എന്നില്‍ നിന്നകന്ന് പിശാചിനും അവന്‍റെ ദൂതന്മാര്‍ക്കുമായി സജ്ജമാക്കിയിരിക്കുന്ന നിത്യാഗ്നിയിലേയ്ക്കു പോകുവിന്‍" (മത്താ. 25:41) എന്ന ക്രിസ്തുവിന്‍റെ വാക്കുകള്‍ നരകത്തിന്‍റെ നിത്യതയെ വ്യക്തമായി ചൂണ്ടിക്കാണിക്കുന്നു. നരകത്തിന്‍റെ നിത്യമായ സ്വഭാവം വി. ഗ്രന്ഥത്തില്‍ വ്യക്തമാണെന്ന് എല്ലാ വി. ഗ്രന്ഥവ്യാഖ്യാതാക്കളും തറപ്പിച്ചുപറയുന്നു.
നരകത്തിലെ തീ
നരകാഗ്നിയെ സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് പലരും വച്ചുപുലര്‍ത്തുന്നത്. നരകത്തില്‍ തീയുണ്ട് എന്നു പറയുമ്പോള്‍ നരകം ഒരു തീച്ചുളയാണെന്നോ ഉരുകിയൊലിക്കുന്ന അഗ്നിപര്‍വ്വതമാണെന്നോ ധരിക്കേണ്ടതില്ല. വേദനയുടെ പര്യായമായാണ് അഗ്നിയെ പരാമര്‍ശിച്ചിരിക്കുന്നത്.
നരകാഗ്നിയെപ്പറ്റി വി. ഗ്രന്ഥത്തില്‍ പലേടത്തും വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ പ്രതിപാദനങ്ങളെ വാച്യാര്‍ത്ഥത്തില്‍ മനസ്സിലാക്കാണമോ? പാപത്തിനിരയായ ദൈവകോപവും പാപിക്കുള്ള ശിക്ഷയും മറ്റുമാണ് തീയെന്ന പ്രതീകത്തിലൂടെ പഴയനിയമം അര്‍ത്ഥമാക്കിയത്. ദൈവത്തിന്‍റെ പ്രത്യക്ഷീഭാവങ്ങളെല്ലാം തന്നെ തീയുമായി ബന്ധപ്പെടുത്തിയാണ് പഴയനിയമഗ്രന്ഥകാരന്മാര്‍ ചിത്രീകരിക്കുന്നത്. പരിശുദ്ധിയില്ലാത്തവര്‍ക്ക് ഈ അഗ്നി പീഡനമായിരുന്നെന്ന് ഇവിടെ നാം വായിക്കുന്നു. നല്ലവര്‍ക്കാകട്ടെ ദൈവമഹത്വത്തിന്‍റെ അനുഭവവും. ഗ്രസിക്കുന്ന അഗ്നിയായി പഴയ നിയമം ദൈവത്തെ ചിത്രീകരിക്കുന്നു. ഇവിടെ അഗ്നി ഒരേ സമയം ദൈവകോപത്തിന്‍റെയും ദൈവമഹിമയുടെയും പ്രതീകമാണ്. പഴയനിയമത്തിലെ ഈ പഠനത്തിലെ പ്രതിധ്വനിയായി വേണം പുതിയ നിയമ വിവരണത്തിലെ അഗ്നിയെ കണക്കാക്കുവാനെന്ന് ലെയോണ്‍ ഡെഫൂര്‍ (Leon Defour) അഭിപ്രായപ്പെടുന്നു. സ്വര്‍ഗ്ഗസായൂജ്യത്തെ വിരുന്ന്, ജീവജലം, നിധി, സ്വര്‍ണ്ണം തുടങ്ങിയ പ്രതീകങ്ങളിലൂടെ ചിത്രീകരിച്ചിരിക്കുന്നതുപോലെതന്നെ നരകാഗ്നിയെയും പ്രതീകാത്മകമായി ദര്‍ശിക്കുകയാണ് കൂടുതല്‍ യുക്തിപൂര്‍വ്വകം. നരകാഗ്നി സംശയരഹിതമായ ആവിഷ്കൃത സത്യമല്ല. നരകാഗ്നിയെ പ്രതീകാത്മകമായി മനസ്സിലാക്കണമെന്നാണ് ദൈവശാസ്ത്രജ്ഞാന്മാരുടെ പൊതുവായ അഭിപ്രായം.
നരകാഗ്നിയുടെ സ്വഭാവത്തെപ്പറ്റി സഭാപിതാക്കന്മാരും വ്യത്യസ്ത അഭിപ്രായക്കാരായിരുന്നു. തെര്‍ത്തുല്യന്‍, ക്രിസോസ്റ്റോം, ബേസില്‍, അഗസ്റ്റിന്‍ തുടങ്ങിയവര്‍ നരകാഗ്നി, യഥാര്‍ത്ഥ തീ തന്നെയാണെന്നു വാദിക്കുമ്പോള്‍ അലക്സാണ്ഡ്രിയായിലെ ക്ലെമന്‍റ്, ഒരിജന്‍, അംബ്രോസ് തുടങ്ങിയവര്‍ തീ പ്രതീകാത്മകം മാത്രമാണെന്നു സമര്‍ത്ഥിക്കുന്നു. നീസ്സായിലെ ഗ്രിഗറി, ജോണ്‍ ഡമഷീന്‍ തുടങ്ങിയവര്‍ രണ്ട് സാധ്യതകളേയും അംഗീകരിക്കുന്നവരാണ്.
നരകത്തെക്കുറിച്ചുള്ള വി. ഗ്രന്ഥപ്രതിപാദനങ്ങള്‍ യഹൂദന്മാരുടെ അക്കാലത്തെ ചിന്താഗതിയുമായി അഭേദ്യം ബന്ധപ്പെട്ടവയാണ്. ആദിമസഭയുടെ പഠനങ്ങളും ഈ പാശ്ചാത്തലത്തിലെ വിലയിരുത്താന്‍ പറ്റൂ. നരകത്തിലെ 'തീയും', 'പുകയും', 'ഇരുട്ടും', 'പുഴുവും', 'കരച്ചിലും പല്ലുകടിയു'മെല്ലാം വാച്യാര്‍ത്ഥത്തില്‍തന്നെ മനസ്സിലാക്കണമെന്നില്ല. അവ ദൈവശിക്ഷയെ ദ്യോതിപ്പിക്കുന്ന പ്രതിരൂപങ്ങളാണ്. അങ്ങനെ അവയെ വ്യാഖ്യാനിക്കുമ്പോള്‍ മാത്രമെ, വിശുദ്ധഗ്രന്ഥം നല്‍കുന്ന പഠനം വ്യക്തമായി ഗ്രഹിക്കാനാവൂ.
നരകശിക്ഷ : ഒരു നൂതനഭാഷ്യം
നരകം അര്‍ത്ഥരഹിത അസ്തിത്വം
പ്രസിദ്ധ ഫ്രഞ്ചുദൈവശാസ്ത്രജ്ഞനായ ഫാദര്‍ കൊന്‍ഗാര്‍ (Yves Congar) നരകശിക്ഷയെ എപ്രകാരമാണ് വിശദീകരിക്കുന്നതെന്നു നോക്കാം. സ്വാതന്ത്ര്യവും സന്തോഷവും നശിപ്പിക്കുന്ന ഒരു തടവറയാണ് നരകം. ദൈവത്തിന്‍റെ സ്നേഹം വ്യക്തമായി ദര്‍ശിക്കുകയും അതേസമയം അതിനോട് ഭാവാത്മകമായി പ്രതികരിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന വേദനാപൂര്‍ണ്ണമായ അനുഭവമാണിത്. ദൈവത്തെ നിഷേധിക്കുന്നതുകൊണ്ട് പാപിക്ക് ദൈവസ്നേഹം ഭയാനവകവും അതിശക്തവുമായി പീഡനമായിത്തീരുന്നു.
അര്‍ത്ഥരഹിതമായ അസ്തിത്വത്തിനായി ശിക്ഷിക്കപ്പെട്ടവരാണ് നരകത്തിലുള്ളത്. സ്വര്‍ഗ്ഗത്തിലാണെങ്കില്‍ പ്രസാദവരത്തിന്‍റെ ഫലങ്ങളായ സ്നേഹവും സൗഹൃദവുമുണ്ട്. ഭൂമിയിലാകട്ടെ, വിശ്വാസവും പ്രതീക്ഷയും പുരോഗമനത്തിനുള്ള സാധ്യതയുമുണ്ട്. എന്നാല്‍ നരകം മാറ്റമില്ലാത്തതും അവസാനമില്ലാത്തതും അര്‍ത്ഥശൂന്യവും പ്രത്യാശാരഹിതവുമായ അസ്തിത്വമാണ്. നിത്യശിക്ഷയ്ക്ക് അര്‍ഹരായവര്‍ അര്‍ത്ഥരഹിതമായ ജീവിതം നിത്യം തുടരാന്‍ നിര്‍ബന്ധിതരാണ്. രക്ഷയെക്കുറിച്ച് യാതൊരു പ്രത്യാശയും അവര്‍ക്കില്ല. നരകശിക്ഷയുടെ സ്വഭാവത്തെ ഒരുദാഹരണത്തിലൂടെ ഫാദര്‍ കൊന്‍ഗാര്‍ വ്യക്തമാക്കുന്നു. മാതാപിതാക്കളെ വേദനിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്ത ഒരു കുഞ്ഞിന്‍റെ കാര്യം എടുക്കുക, അവന് മറ്റാരും ആശ്രയമില്ല. തെറ്റിലൂടെ അവന്‍ മാതാപിതാക്കളില്‍നിന്ന് ആന്തരികമായി അകലുന്നു. എങ്കിലും അവന്‍ താമസിക്കേണ്ടതും ഭക്ഷണം കഴിക്കേണ്ടതുമെല്ലാം ആ വീട്ടില്‍ നിന്നുതന്നെ അവരോടൊത്തുതന്നെ. ഇപ്പോള്‍ അന്യരായി തോന്നുന്ന മാതാപിതാക്കളോട് ഇടപെട്ടുകൊണ്ടേ ആ കുഞ്ഞിന് ജീവിക്കാനാവൂ. സ്നേഹത്തിലും ആശ്രയബോധത്തിലുമായിരുന്നുമുമ്പ് അവന്‍റെ സന്തോഷം തെറ്റു ചെയ്തപ്പോള്‍ എല്ലാം അവനെതിരെ തിരിയുന്നു. വീട് ഒരു തടവറയായി അവന് അനുഭവപ്പെടുന്നു. രക്ഷപ്പെടാന്‍ ഒരു പഴുതുമില്ല... ഏതാണ്ടിതുപോലെയാണ് പാപം മൂലം ദൈവത്തെ നിഷേധിച്ചവന്‍റെ സ്ഥിതിയും. ദൈവവും സൃഷ്ടപ്രപഞ്ചവും ഇതര വ്യക്തികളും താന്‍തന്നെയും പാപിക്ക് ശത്രുക്കളായി ഭവിക്കുന്നു. ഇതില്‍നിന്ന് മോചനം സാധ്യവുമല്ല.
നരകം മനുഷ്യന്‍റെ സൃഷ്ടി
പശ്ചാത്തപിക്കാത്ത പാപിയോട് ദൈവത്തിന്‍റെ പ്രതികരമെന്നതിനേക്കാള്‍ പാപം ചെയ്യുന്ന ഓരോ വ്യക്തിയുടേയും സൃഷ്ടിതന്നെയാണ് നരകം. ബോറോസിന്‍റെ വീക്ഷണത്തില്‍ പുറമെനിന്നു യാദൃശ്ചികമായി സംഭവിക്കുന്ന ഒന്നല്ല നരകം. നമ്മുടെ ദുഷ്പ്രവൃത്തികളുടെ ഫലമായി ദൈവം നമ്മുടെമേല്‍ കെട്ടിവെക്കുന്നതുമല്ലത്. തന്നില്‍തന്നെ സംതൃപ്തി കണ്ടെത്തുന്ന സ്വാര്‍ത്ഥനായ മനുഷ്യന്‍റെ നിത്യമായ അവസ്ഥയാണത്. ദൈവത്തിന്‍റെ മുന്‍നിശ്ചയപ്രകാരമാണ് ഒരുവന്‍ നരകശിക്ഷയ്ക്ക് അര്‍ഹനാകുന്നതെന്ന കാല്‍വിന്‍റെ സിദ്ധാന്തം ശരിയല്ല. മനുഷ്യജീവിതം ഒരു തിരഞ്ഞെടുപ്പിന്‍റെ സമയമാണ്, ദൈവത്തോടു നിഷേധാത്മകമായ നിലപാടു സ്വീകരിക്കുവാനും മനുഷ്യനു സ്വാതന്ത്ര്യമുണ്ട്. ഈലോകജീവിതം അവസാനിക്കുന്നതോടെ ദൈവത്തിന് അനുകൂലമായോ പ്രതികൂലമായോ മനുഷ്യനെടുത്ത തീരുമാനം തിരുത്താനാവാത്ത ഒന്നായി ഭവിക്കുന്നു. (മരണം അത്യന്തിക തീരുമാനമാണല്ലൊ) നരകം, ദൈവനിഷേധാത്മക അടിസ്ഥാനനിലപാട് സ്വീകരിച്ചതിന്‍റെ പരിണിതഫലമാണ്. ദൈവം ഒരുവനെ തള്ളിക്കളയുകയല്ല, മനുഷ്യന്‍ സ്വതന്ത്രതീരുമാനത്തിലൂടെ ദൈവത്തില്‍ നിന്നു സ്വയം അകലുകയാണ്.
നരകം സ്വാര്‍ത്ഥതയുടെ ഫലം
ബോറോസ്, റാറ്റ്സിംഗര്‍ തുടങ്ങിയ ദൈവശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ ഒരു മനുഷ്യനും യാദൃശ്ചികമായി നിത്യശിക്ഷക്ക് പാത്രമാകുന്നില്ല. അപകടത്തില്‍പെട്ട് പെട്ടെന്ന് മരണമടയുന്നതുകൊണ്ടൊ, ജീവിതകാലത്ത് ദൈവത്തെവേണ്ടപോലെ അറിയാന്‍ കഴിയാതത്തുകൊണ്ടോ, സ്നേഹം ഒട്ടും ലഭിക്കാത്ത അന്തരീക്ഷത്തില്‍ വളര്‍ന്നുവന്നതുകൊണ്ടോ, നിയമദാതാവും അധികാരപ്രിയനുമായ ഒരു 'ദൈവ'ത്തെ എതിര്‍ത്തുകൊണ്ടോ, മറ്റുള്ളവരാല്‍ വേദനിപ്പിക്കപ്പെടുകയും വെറുക്കപ്പെടുകയും പരിത്യജിക്കപ്പെടുകയും ചെയ്തപ്പോള്‍ ദൈവമുള്‍പ്പെടെ സകലതിനോടും പ്രതിഷേധിച്ചതുകൊണ്ടോ ഒന്നും ഒരുവന്‍ നിത്യമായി നശിക്കണമെന്നില്ല. നന്മയെ സ്വീകരിക്കാനുള്ള നിസ്സംഗത, സ്വയം സംതൃപ്തിയടയുന്ന സ്വാര്‍ത്ഥത, തനിക്കു ചുറ്റും വേലിതീര്‍ത്ത് തികച്ചും ഒറ്റപ്പെട്ടു കഴിയുന്ന അവസ്ഥ - അതാണ് നരകം സൃഷ്ടിക്കുന്നത്.
ദൈവവുമായി രമ്യപ്പെടുവാന്‍ ജീവിതകാലത്ത് മനഃപൂര്‍വ്വം വിമുഖത കാട്ടുന്നവര്‍ നാശത്തിന്‍റെ പാതയിലാണ്. നന്മയ്ക്കുനേരെ പുറം തിരിഞ്ഞ് തിന്മയില്‍ വളരുന്നതാണ്, ദൈവത്തില്‍ നിന്ന് എന്നേക്കും അകലുന്നതാണ് നരകം. ഒരു പിശാചിനും മനുഷ്യന്‍റെമേല്‍ നരകം കെട്ടിവെക്കാനാവില്ല. സ്വയം മനസ്സാകാതെ ഒരുവനും ദൈവത്തിന്‍റെ സ്നേഹവലയത്തിനു പുറത്തുപോകുകയില്ല. ദൈവത്തില്‍നിന്ന് സ്വമനസ്സാ നിത്യമായി വേര്‍പ്പെട്ടിരിക്കുന്ന അവസ്ഥയാണ് നരകം. പാപം നാശത്തിന്‍റെ ആദ്യപടിയാണ്. ദൈവം ഇല്ലാത്തിടത്താണ്, ദൈവം അഭിലഷിക്കുന്ന അര്‍ത്ഥം കാര്യങ്ങള്‍ക്ക് കൊടുക്കാതെ ദൈവത്തെ മാറ്റിനിറുത്തുന്നിടത്താണ് പാപം ജനിക്കുക. ആത്മാര്‍ത്ഥമായ അനുതാപത്താല്‍ ദൈവവുമായുള്ള ബന്ധം, ശരിയാക്കുന്നില്ലെങ്കില്‍ ദൈവം അഭിലഷിക്കുന്ന അര്‍ത്ഥം ജീവിതത്തിന് നാം നല്‍കുന്നില്ലെങ്കില്‍ അതുതന്നെ നരകമായിത്തീരും.
നരകം : അനൈക്യത്തിന്‍റെ പ്രതീകം (ഷര്‍ദ്ദാന്‍)
പ്രപഞ്ചം പരിണമിച്ചുകൊണ്ടിരിക്കുകയാണ്. ഈ പ്രപഞ്ചത്തില്‍ നരകത്തിനു സുപ്രധാനമായൊരു സ്ഥാനമുള്ളതായി തെയ്യാര്‍ദ് ഷര്‍ദ്ദാന്‍ അഭിപ്രായപ്പെടുന്നു. പരിണാമം തിരഞ്ഞെടുപ്പിന്‍റെ ഫലകമാകയാല്‍ ഒരു തിരസ്കരണവും അതുള്‍ക്കൊള്ളുന്നുണ്ട്. ദൈവവുമായി ഐക്യപ്പെടാനുള്ള മനുഷ്യമഹായജ്ഞത്തിലും തിരഞ്ഞെടുപ്പും തിരസ്ക്കരണവും സ്വാഭാവികമാണ്. നരകം ഈ സത്യത്തിന് സാക്ഷ്യം നല്‍കുന്നു. സ്വാതന്ത്ര്യം ദുരുപയോഗിക്കാനും മനുഷ്യനു സാധിക്കുന്നതിനാല്‍ എല്ലാവരും അത്യന്തികലക്ഷ്യം അവശ്യം പ്രാപിക്കണമെന്നില്ല എന്നാണ് ഷര്‍ദ്ദാന്‍റെ അഭിപ്രായം. നരകത്തെപ്പറ്റിയുള്ള പ്രബോധനം കുറെപ്പേരെങ്കിലും നശിച്ചുപോകുമെന്ന സാധ്യതയിലേക്കാണ് വെളിച്ചം വീശുക. ക്രിസ്തുവുമായി ഐക്യപ്പെടുവാന്‍, ഒന്നാകുവാന്‍, മനഃപൂര്‍വ്വം വിസമ്മതിക്കുന്നവര്‍ തങ്ങളെത്തന്നെ സ്വമനസ്സാലെ ശിക്ഷയ്ക്കു വിധിക്കുന്നു. ക്രിസ്തു ആരെയും മനഃപൂര്‍വ്വം നിരാകരിക്കുന്നില്ല.
എല്ലാം നശിപ്പിക്കുന്ന അഗ്നിയെ അംഗീകരിക്കുന്ന ഷര്‍ദ്ദാന്‍, ഏകാന്തതയുടെ നിശബ്ദ നിമിഷങ്ങളില്‍ പ്രപഞ്ചനാഥനോട് ഇപ്രകാരം പ്രാര്‍ത്ഥിച്ചു. "ഞങ്ങള്‍ വിശ്വസിക്കേണ്ട സത്യങ്ങളില്‍ നിത്യനാശമെന്ന സത്യത്തോളം, മനുഷ്യബുദ്ധിയെ അമ്പരിപ്പിക്കുന്ന വേറൊന്നില്ല എന്നത് തീര്‍ച്ചയാണ്. ഞങ്ങള്‍ കൂടുതല്‍ മനുഷ്യരാകുന്തോറും അതായത് നിസ്സാരവസ്തുക്കളില്‍പോലും ഒളിഞ്ഞിരിക്കന്ന അമൂല്യനിധികളെപ്പറ്റിയും അന്തിമ ഐക്യത്തില്‍ ഏറ്റം ചെറിയ ഒരണുവിനുള്ള മൂല്യത്തെക്കുറിച്ചും ബോധമുണ്ടാകുന്തോറും നരകത്തെപ്പറ്റിയുള്ള ചിന്ത, ഞങ്ങളെ അലട്ടുന്നു. അസ്തിത്വമില്ലാതാകുക എന്നു പറഞ്ഞാല്‍ ഒരു പക്ഷേ ഞങ്ങള്‍ക്ക് മനസ്സിലാകും. പക്ഷേ നിത്യമായ ഫലശൂന്യതയും നിത്യമായ സഹനവും എന്താണ്? ദൈവമേ, നരകത്തില്‍ വിശ്വസിക്കുന്നവര്‍ അങ്ങു പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഒരാളെങ്കിലും നിത്യനാശത്തിനു വിധിക്കപ്പെട്ടു എന്ന് ഉറപ്പിച്ചുപറയുവാന്‍ അങ്ങനെ അനുവദിക്കുന്നില്ല. അവരുടെ കാര്യം ഞാന്‍ പരിഗണിക്കുന്നേയില്ല. അങ്ങനെ വല്ലവരുമുണ്ടോ എന്നുപോലും ഒരു വിധത്തിലും ഞാന്‍ അന്വേഷിക്കുകയില്ല. അങ്ങയുടെ വാക്കാല്‍ നരകമുണ്ടെന്ന്, അതു പ്രപഞ്ചപഠനം ആവശ്യപ്പെടുന്ന ഒന്നാണെന്ന് ഞാന്‍ അംഗീകരിക്കുന്നു".
നരകത്തിന്‍റെ അസ്തിത്വം ദൈവമേഖലയ്ക്ക് ശ്രേഷ്ഠവും നവ്യവുമായ എന്തോ ഒന്ന് പ്രദാനം ചെയ്യുന്നുണ്ട്. ദൈവമേഖലയ്ക്ക് ഒരു ഗാംഭീര്യം, ഒരു ഗുരുത്വം, ഒരു ആഴം, ഒരു വൈരുദ്ധ്യം നരകംമൂലം ദൃശ്യമാകുന്നു. നരകമില്ലെങ്കില്‍ അതിനതുകിട്ടുകയില്ല. കൊടുമുടിയുടെ ഉയരമളക്കുക, താഴ്വരയുടെ അടിത്തട്ടില്‍നിന്നാണല്ലൊ. നരകാഗ്നി, കഴിയുമെങ്കില്‍ ഒരുവനെയും ഒരിക്കലും സ്പര്‍ശിക്കാതിരിക്കട്ടെ എന്ന് ഷര്‍ദ്ദാന്‍ ആത്മാര്‍ത്ഥമായി അഭിലഷിച്ചു.
കാലികമായ തിന്മയ്ക്കു നിത്യശിക്ഷയോ?
വെളിപാടിന്‍റെ വെളിച്ചം നരകശിക്ഷ നിത്യമാണെന്നു കാണിക്കുന്നു. ഒരുതരത്തിലും തിരുത്താനാവത്ത തീരാനഷ്ടം. 'ശിക്ഷ എപ്പോഴും അനുപാതികമായിരിക്കേണ്ട കാലികമായ തെറ്റുകള്‍ക്ക്, ഒരു നിമിഷത്തിന്‍റെ തെറ്റിന് അന്തമില്ലാത്ത ശിക്ഷയോ? എന്നിങ്ങനെ ചോദിക്കുന്നവരുണ്ട്. ക്രൂരനായ ഒരുശിക്ഷകനായും പീഡകനായും ദൈവത്തെ ദര്‍ശിക്കുന്നവരുണ്ട്. മനുഷ്യനെ നിത്യമായി പീഡിപ്പിച്ചു രസിക്കുന്ന കഠിനഹൃദയനാണ് ദൈവം എന്ന് ചിന്തിക്കുക ദൈവദോഷപരമാണ്. വ്യത്യസ്ത ഗൗരവമുള്ള തെറ്റുകള്‍ക്ക് ഒരേ ശിക്ഷയെന്നുള്ളതും മനുഷ്യബുദ്ധിക്ക് ദുര്‍ഗ്രഹമാണ്. നിത്യനരകത്തിന് അര്‍ഹരാകുവാന്‍ മാത്രം തിന്മ പ്രവര്‍ത്തിക്കുവാന്‍ മനുഷ്യര്‍ക്ക് സ്വാതന്ത്ര്യമുണ്ടോ? എന്നതും പ്രസക്തമായ പ്രശ്നമാണ്.
മനുഷ്യജീവിതം ആത്യന്തികമായ തീരുമാനത്തിന്‍റെ വേദിയാണ്. ദൈവത്തിന് അനുകൂലമായോ പ്രതികൂലമായോ തീരുമാനമെടുക്കാന്‍ മനുഷ്യനു കഴിയുക ഈ ജീവിതത്തിലാണ്. ദൈവത്തെ സമഗ്രസാകല്യതയില്‍ കണ്ടുമുട്ടുന്ന മരണനിമിഷത്തില്‍ മനുഷ്യന്‍റെ തീരുമാനങ്ങള്‍ നിത്യമായ നിശ്ചയവും സ്വതന്ത്രമായ തിരഞ്ഞെടുപ്പും ആയിത്തീരുന്നു. ജീവിതകാലമത്രയും അവന്‍ വച്ചുപുലര്‍ത്തിയിരുന്ന മനോഭാവത്തിന്‍റെ സമ്പൂര്‍ണ്ണമായ ആവിഷ്ക്കാരമാണിത്. ക്രിസ്തുവിലൂടെ സ്വയം വെളിപ്പെടുത്തിയ ദൈവത്തോട് ക്രിയാത്മകതമായ പ്രതികരണം ജീവിതകാലത്തു കാണിക്കാന്‍ കഴിയാതിരുന്നവര്‍ക്ക് മരണത്തിലും മറിച്ചൊരു നിശ്ചയം എളുപ്പമല്ല. ക്രിസ്തുവിന് അനുകൂലമായോ പ്രതികൂലമായോ തീരുമാനമെടുക്കേണ്ടത് സഹോദരങ്ങളില്‍ ദൈവത്തെ ദര്‍ശിച്ചുകൊ ണ്ടാണ് എന്നു സുവിശേഷം ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നുണ്ട്. (മത്താ. 25:31 ളള) ഇവിടെ മനുഷ്യന്‍ പരിപൂര്‍ണ്ണ സ്വതന്ത്രനാണല്ലൊ.
നിത്യശിക്ഷ ഒരു നിമിഷാര്‍ദ്ധത്തിലെ തെറ്റിന്‍റെ ഫലമല്ല. എല്ലാ പാപത്തിനും ഏറ്റം പൊതുവായ ഒരു ഘടകമുണ്ട്. ദൈവത്തില്‍നിന്ന് അകല്‍ച്ച, ദൈവനിഷേധം. ദൈവത്തോട് നിഷേധാത്മക നിലപാട് സ്വീകരിക്കുന്നത് അനന്തമായ ഗൗരവമുള്ള ഒന്നാണ്. ദൈവത്തിന്‍റെ പരിശുദ്ധിയുമായി തട്ടിച്ചുനോക്കുമ്പോള്‍ മനുഷ്യന്‍റെ പാപം അനന്തമായ ശിക്ഷ അര്‍ഹിക്കുന്നതുതന്നെ. ആകയാല്‍ നരകശിക്ഷയുടെ കാരണം ജീവിതകാലം മുഴുവനും ദൈവനിഷേധാത്മകമായ നിലപാട് വച്ചുപുലര്‍ത്തുകയും, മരണത്തില്‍ തിരുത്താനാവാത്തവിധം അത് സ്ഥിരീകരിക്കുകയും ചെയ്യുന്നതാണ്.
ഉപസംഹാരം
ചുരുക്കത്തില്‍, നരകം അഥവാ നിത്യശിക്ഷ ഉണ്ടെന്നത് വേദപുസ്തകം സഭാ പ്രബോധനങ്ങളും വ്യക്തമാക്കുന്ന വിശ്വാസസത്യമാണ്. എല്ലാവരും രക്ഷപ്പെടുമെന്ന, ഒരിജന്‍റെ ചിന്താഗതിക്കോ, പാപം ചെയ്ത ആത്മാക്കള്‍ അവസാനവിധിയോടെ ഇല്ലായ്മ ചെയ്യപ്പെടുമെന്ന ധാരണയ്ക്കോ വ്യക്തമായ വേദപുസ്തക പിന്‍ബലമില്ല. നരകം ഒരു ഭീഷണിയോ വെറും സാധ്യതയോ അല്ല; അഗ്നിയുടെയും അന്ധകാരത്തിന്‍റെയും ആഴക്കടലുമല്ല. ദൈവത്തെ അഭിമുഖം കണ്ടാനന്ദിക്കുവാന്‍ സൗഭാഗ്യമില്ലാത്ത അവസ്ഥയാണത്. നരകം ഒരു യാഥാര്‍ത്ഥ്യമാണ്. അനിവാര്യവും തികച്ചും യുക്തിസഹവുമാണ്. നിത്യമായ നാശത്തെ മുന്നില്‍ കണ്ടുകൊണ്ട് വ്യക്തമായ തീരുമാനങ്ങള്‍ ഗൗരവബുദ്ധ്യാ എടുക്കുവാന്‍ നരകത്തിന്‍റെ അസ്തിത്വത്തെക്കുറിച്ചുള്ള അവബോധം നമ്മെ സഹായിക്കുന്നു. വിശുദ്ധരുടെ ദര്‍ശനങ്ങളൊ, വ്യക്തിപരമായ വെളിപാടുകളൊ, ഭീതിപ്പെടുത്തുന്ന സാങ്കല്‍പിക വര്‍ണ്ണനകളൊ സഭയുടെ ഔദ്യോഗിക പഠനമായി തെറ്റിദ്ധരിക്കരുത്. നരകം ദൈവത്തിന്‍റെ സൃഷ്ടിയെന്നതിലുപരി മനുഷപ്രകൃതി സ്വയം വരുത്തിവെച്ച അവസ്ഥാവിശേഷത്തില്‍നിന്നുരുത്തിരിയുന്ന ഒന്നാണ്.
കടപ്പാട്
ബിഷപ് ബോസ്കോ പുത്തൂര്‍ (എഡി.) മരണവും മരണാനന്തര ജീവിതവും (ആലുവാ: പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, 1981 )
The punishment of hell life after death the church Mar Joseph Pamplany theology catholic malayalam catholic apologetics Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206