x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ക്രിസ്തുവിജ്ഞാനീയം

മാർക്സിസ്റ്റ് ക്രിസ്തുഭാഷ്യത്തിലെ ചതിക്കുഴികൾ

Authored by : Sajan Maroky On 29-May-2021

1. ആമുഖം                                                                                                                                                                                                           
പത്തൊമ്പതാംനൂറ്റാണ്ടിന്‍റെ പകുതിയോടെ യൂറോപ്പില്‍ ആരംഭം കുറിച്ച്, ഇരുപതാംനൂറ്റാണ്ടില്‍ ലോകമാസകലം വ്യാപിച്ച്, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ കഥാവശേഷമായിക്കൊണ്ടിരിക്കുന്ന ഒരു പ്രത്യയശാസ്ത്രമാണ് മാര്‍ക്സിസം. എന്നിരുന്നാലും, ഭൗതികവാദത്തിന്‍റെ കൈപിടിയില്‍നിന്ന് ലോകം മോചിതമാകാത്തിടത്തോളം കാലം മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിന്‍റെ സ്വാധീനം സമൂഹത്തിലുണ്ടാകുമെന്നത് യാഥാര്‍ത്ഥ്യമാണ്. പ്രത്യയശാസ്ത്രത്തിലെ പിഴവുകളെ പ്രായോഗികജീവിതത്തില്‍ പരിഹരിക്കുന്നതുവഴി ഒരു ജീവിതശൈലിയോ, നിയമമോ, ജീവിതവീക്ഷണമോ ആയി അതിനെ രൂപാന്തരപ്പെടുത്താന്‍ ഇന്നത്തെ മാര്‍ക്സിസ്റ്റുകാര്‍ക്ക് സാധിക്കുന്നുണ്ട്.
യഥാര്‍ത്ഥത്തില്‍ മാര്‍ക്സിസം എന്താണ്? എന്തുകൊണ്ടാണ് മാര്‍ക്സിസ്റ്റ് സിദ്ധാന്തത്തെ കത്തോലിക്കാസഭ എതിര്‍ക്കുന്നത്? സമൂഹത്തിന്‍റെ ഉദ്ധാരണത്തിനുവേണ്ടി മാര്‍ക്സിസം മുന്നോട്ടു വയ്ക്കുന്ന നിര്‍ദ്ദേശങ്ങളിലും പരിപാടികളിലും കത്തോലിക്കാസഭയ്ക്ക് സഹകരിച്ചുകൂടെ? ഒരു പരിധിവരെ ക്രിസ്തുവും ഒരു വിപ്ളവകാരി (മാര്‍ക്സിനെപ്പോലെ)യായിരുന്നില്ലേ? എന്നൊക്കെയുള്ള അനേകം ചോദ്യങ്ങള്‍ ഇന്നത്തെ മത-രാഷ്ട്രീയ ചര്‍ച്ചാവേദികളില്‍ ഉയരുന്നുണ്ട്. ക്രിസ്തുവിനെ വിപ്ലവകാരിയായി ചിത്രീകരിച്ച് കൂടെക്കൂട്ടാനുള്ള സമകാലീന മാര്‍ക്സിസ്റ്റ് ബുദ്ധിജീവിതന്ത്രങ്ങളെ തിരിച്ചറിയാനും ലക്ഷ്യത്തിലെത്താന്‍ ഏതുമാര്‍ഗ്ഗവും സ്വീകരിക്കുന്ന സൈദ്ധാന്തികദുര്‍ന്നടപ്പുകളെ നിഷേധിക്കാനും നാം ജാഗരൂകരാകേണ്ടതുണ്ട്. കാരണം സിദ്ധാന്തങ്ങളിലല്ല, പ്രായോഗികജീവിതത്തിലാണ് മാര്‍ക്സിസ്റ്റ് ബുദ്ധിജീവികള്‍ വെട്ടിത്തിരുത്തലുകളും തുന്നിച്ചേര്‍ക്കലുകളും നടത്തുന്നത്. അതിനാല്‍ ക്രിസ്തുവിജ്ഞാനീയസിദ്ധാന്തങ്ങളിലല്ല ജനസാമാന്യത്തിന്‍റെ ക്രിസ്തു-അവബോധത്തിലാണ് അവര്‍ കൈകടത്തുന്നത്. മാര്‍ക്സിസത്തിന്‍റെ പ്രായോഗികരീതിശാസ്ത്രം, കത്തോലിക്കാസഭയുടെ വിശ്വാസസംഹിതകളുടെ മൗലികത എന്നിവ ക്രിസ്തുവിജ്ഞാനീയവുമായി ബന്ധപ്പെടുത്തി പഠിക്കുകയും മാര്‍ക്സിയന്‍ നിലപാടുകളിലെ ക്രിസ്തുദര്‍ശനങ്ങളുടെ വൈകല്യങ്ങള്‍ ചൂണ്ടിക്കാണിക്കുകയുമാണ് ഈ ലേഖനം ചെയ്യുന്നത്.

2. മാര്‍ക്സിസത്തിന്‍റെ താത്വിക അടിത്തറകള്‍                                                                                                                                        
മാര്‍ക്സിസം അടിസ്ഥാനപരമായി ഒരു സാമ്പത്തികസിദ്ധാന്തമാണ്. എന്നാല്‍ ആധുനികയുഗത്തിന്‍റെ ആരംഭദശയിലുണ്ടായിരുന്ന സാമൂഹ്യവ്യവസ്ഥിതികളെ വിശകലനം ചെയ്യാനും താത്വികമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെയ്ക്കാനും മാര്‍ക്സിനു കഴിഞ്ഞുവെന്നതാണ് മാര്‍ക്സിസത്തെ ഇത്രമേല്‍ ജനകീയമാക്കിയത്. മാര്‍ക്സിസത്തെ വിശകലനം ചെയ്യുന്നതിനാവശ്യമായ സിദ്ധാന്തപരമായ അറിവ് നേടിയാല്‍ മാത്രമാണ് അതിന്‍റെ അപാകതകളും, ക്രിസ്തീയതയിലേക്കുള്ള കടന്നുകയറ്റവും മനസ്സിലാക്കാനാവുകയുള്ളൂ. മാര്‍ക്സിസത്തിന്‍റെ അവസരമനുസരിച്ചുള്ള കാലുമാറല്‍ എന്താണെന്ന് മനസ്സിലാക്കണമെങ്കില്‍, മാര്‍ക്സിസത്തിന്‍റെ മൗലികമായി നിലപാടുകളെന്തെന്ന് നാം അറിയണം. മാര്‍ക്സിസത്തിന്‍റെ പ്രപഞ്ചദര്‍ശനം, ചരിത്രവിശകലനം, മനുഷ്യദര്‍ശനം, മതവിമര്‍ശനം എന്നീ അടിസ്ഥാനദര്‍ശനങ്ങളാണ് താഴെ വിവരിക്കുന്നത്.

2.1 പ്രപഞ്ചദര്‍ശനം
മാര്‍ക്സിന്‍റെ അടിസ്ഥാനദര്‍ശനം ആരംഭിക്കുന്നത് പ്രപഞ്ചദര്‍ശനത്തോടെയാണ്. പ്രപഞ്ചമെന്നത് പദാര്‍ത്ഥമാണെന്നും (matter ), അത് നിരന്തരമായ പരിണാമത്തിലാണെന്നും മാര്‍ക്സ് വാദിച്ചു. ഈ പരിണാമത്തിന്‍റെ ചാലകശക്തി എന്താണെന്നുള്ള അന്വേഷണം അദ്ദേഹത്തെ തത്വചിന്തകനായ ഹേഗലിന്‍റെ ചരിത്രവിശകലനത്തില്‍ കൊണ്ടുചെന്നെത്തിച്ചു. ഹേഗലിന്‍റെ പ്രപഞ്ചദര്‍ശനം ചലനാത്മകതയില്‍ വേരൂന്നിയതാണ്. ചലനം, മാറ്റം എന്നാല്‍ ഒരേസമയംതന്നെ ഒരുവസ്തു അതായിരിക്കുകയും അതല്ലാതായിത്തീരുകയും ചെയ്യുന്ന പ്രക്രിയയാണ്. അനന്തമായി സൃഷ്ടിക്കപ്പെടുകയും, സംഹരിക്കപ്പെടുകയും ചെയ്യുന്ന പദാര്‍ത്ഥത്തിന്‍റെ ഇന്നുകാണുന്ന അവസ്ഥയാണ് പ്രപഞ്ചമെന്ന് ചലനാത്മക ഭൗതികവാദം നിര്‍വ്വചിക്കുന്നു.[1]

2.2 ചരിത്രവിശകലനം
ചലനാത്മകഭൗതികവാദത്തിന്‍റെ ചുവട് പിടിച്ചാണ് മാര്‍ക്സ് ചരിത്രവിശകലനം നടത്തുന്നത്. ചരിത്രമെന്നത് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പ്രവര്‍ത്തനത്തിന്‍റേയും പ്രതിപ്രവര്‍ത്തനത്തിന്‍റെയും ആകെത്തുകയാണ്. ചരിത്രം നിര്‍മ്മിക്കപ്പെടുന്നത് പ്രധാനമായും രണ്ടു അടിസ്ഥാനങ്ങളിലാണ്. ഈ അടിസ്ഥാനങ്ങളെ മാര്‍ക്സ് ഉല്പാദനശക്തികള്‍ എന്നും ഉല്പാദനബന്ധങ്ങള്‍ എന്നും വിളിച്ചു. ഉല്‍പാദനത്തെ വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി, ഉത്പാദനപ്രക്രിയയില്‍ പ്രയോഗിക്കുന്ന ഉത്പാദന ഉപകരണങ്ങളാണ് ഉത്പാദനശക്തികള്‍ (forces of production) ഉത്പാദനശക്തികളുടെ വര്‍ദ്ധനവും, അവ കൈവശപ്പെടുത്തുന്നവരുടെ അവസ്ഥയുമാണ് ഉത്പാദനബന്ധങ്ങളില്‍ മാറ്റമുണ്ടാക്കുന്നത്. ഉത്പാദനശക്തികളിലും ഉത്പാദനബന്ധങ്ങളിലും ഉണ്ടാകുന്ന മാറ്റത്തിന്‍റെ പരിണിതഫലമാണ് മനുഷ്യചരിത്രം. തദനുസൃതമായി പ്രാകൃതകമ്മ്യൂണിസം, അടിമത്വം, ഫ്യൂഡലിസം, മുതലാളിത്തം, സോഷ്യലിസം, കമ്മ്യൂണിസം എന്നിങ്ങനെ ആറ് ഘട്ടങ്ങളാണ് മാര്‍ക്സിയന്‍ ചരിത്രവിശകലനത്തിനുള്ളത്.[2]

2.3 മനുഷ്യദര്‍ശനം
മാര്‍ക്സിയന്‍ ദര്‍ശനമനുസരിച്ച് മനുഷ്യന്‍ അടിസ്ഥാനപരമായി ഒരു തൊഴിലാളിയാണ്. തൊഴിലാളി എന്നതുകൊണ്ട് ഉത്പാദിപ്പിക്കുന്നവന്‍ എന്നാണ് അര്‍ത്ഥമാക്കുന്നത്. മാര്‍ക്സിന്‍റെ പ്രപഞ്ചദര്‍ശനം, മനുഷ്യനെ സംബന്ധിച്ചിടത്തോളം, ശരിയാണെന്ന നിലപാടാണ് പൊതുവിലുള്ളത്. അതായത്, പദാര്‍ത്ഥത്തിന്‍റെ പരിണാമദശയില്‍ ഒരവസ്ഥയാണ് പ്രപഞ്ചമെന്നതുപോലെ, മനുഷ്യന്‍ അവന്‍റെ പരിവര്‍ത്തനപ്രക്രിയയിലെ ഒരു ഘടകം മാത്രമാണ്. അവന്‍ നിത്യമായ അസ്ഥിത്വമുള്ളവനോ, അനന്തമായി ജീവിക്കുന്നവനോ അല്ല. മനുഷ്യന്‍ കുറേക്കൂടി നല്ല ഒരു മൃഗമാണെന്നാണ് മാര്‍ക്സിന്‍റെ മതം. മരണാനന്തരജീവിതം എന്നൊന്നില്ല. അതുകൊണ്ടുതന്നെ മനുഷ്യന്‍റെ ലക്ഷ്യങ്ങളൊക്കെ ഈ ജീവിതത്തില്‍ പൂര്‍ത്തീകരിക്കണം. അതിനുവേണ്ടി ഏതുമാര്‍ഗ്ഗം സ്വീകരിച്ചാലും അതു ശരിയാണ്. അതുകൊണ്ടാണ്, മാര്‍ക്സ് എപ്പിക്യൂറിയസിനെ പിന്‍താങ്ങുന്നത്. തിന്നുക, കുടിക്കുക, ആനന്ദിക്കുക എന്നതാണ് സകലരുടെയും ജീവിതലക്ഷ്യം. കൂടുതല്‍ വ്യക്തമാക്കിയാല്‍, സ്വന്തം നിലനില്പിനുവേണ്ടി ബദ്ധപ്പെടുന്ന ഒരു മൃഗമാണ് മനുഷ്യന്‍.[3]

2.4. മതവിമര്‍ശനം
പ്രപഞ്ചത്തിന് അതില്‍ത്തന്നെ കാരണം കണ്ടെത്തുന്ന മാര്‍ക്സ്, ദൈവത്തിന്‍റെ അസ്ഥിത്വം സ്വഭാവേന നിഷേധിക്കുന്നു. പ്രപഞ്ചം മാറ്റത്തിന്‍റെ സൃഷ്ടിയും, മനുഷ്യന്‍ സമൂഹത്തിന്‍റെ സൃഷ്ടിയുമാണ്. അതുകൊണ്ട് തന്നെ സ്രഷ്ടാവ് എന്ന സ്ഥാനത്തേക്ക് ഒരു ദൈവത്തിന്‍റെ ആവശ്യമില്ല. പ്രകൃതിയെയും മനുഷ്യനേയും സംരക്ഷിക്കുന്നത് ഭരണകൂടമായതിനാല്‍ പരിപാലകനായും ഒരു ദൈവം ആവശ്യമല്ല. മുതലാളിവര്‍ഗ്ഗം ചൂഷണത്തിനുപയോഗിക്കുന്ന ഉപകരണമാണ് മതം എന്നാണ് മാര്‍ക്സ് നിര്‍വ്വചിക്കുന്നത്. മുതലാളിയും തൊഴിലാളിയും തമ്മിലുള്ള വര്‍ഗ്ഗസമരത്തില്‍ തൊഴിലാളിവര്‍ഗ്ഗത്തിന്‍റെ വര്‍ഗ്ഗബോധവും, സംഘടിതബോധവും പരലോകസ്വപ്നത്തിന്‍റെ വര്‍ണ്ണങ്ങള്‍ കൊടുത്ത് ഊറ്റിയെടുക്കുകയാണത്രേ മതം ചെയ്യുന്നത്. 'മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെ'ന്ന പ്രശസ്തവാക്യം ഈ സാഹചര്യത്തിലാണ് വിവക്ഷിക്കപ്പെടുന്നത്. മതമെന്നത് മുതലാളി-പുരോഹിതവര്‍ഗ്ഗത്തിന്‍റെ അവിഹിതബന്ധത്തില്‍ പിറന്ന ജാരസന്തതിയാണെന്നാണ് മാര്‍ക്സ് പറയുന്നത്.[4]

3. മാര്‍ക്സിസവും ക്രിസ്തുമതവും കേരളത്തില്‍                                                                                                                                            
രാഷ്ട്രീയകേരളത്തിന്‍റെ സമകാലികചരിത്രത്തില്‍ ചൂടോടെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണിത്. വിശ്വാസത്തിന്‍റെ പേരില്‍ അംഗങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് പുറത്തുപോകുന്ന പ്രതിഭാസം പാര്‍ട്ടിനേതാക്കളെ കുറച്ചൊന്നുമല്ല അലട്ടിയത്. അതിനാല്‍, ക്രിസ്തു മാര്‍ക്സിനെപ്പോലെ നലംതികഞ്ഞ വിപ്ലവകാരിയായിരുന്നുവെന്ന് പ്രസംഗിച്ചും പാര്‍ട്ടിസമ്മേളനങ്ങളുടെ പരസ്യപ്രചാരണമേഖലകളില്‍ ക്രിസ്തീയവിശ്വാസത്തിന്‍റെ ഉദാത്തമാതൃകകളെ ഉപയോഗിച്ചും മാര്‍ക്സിസവും ക്രിസ്തുമതവും തമ്മില്‍ വലിയ അന്തരങ്ങളില്ലെന്നു സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ സമകാലീനകേരളത്തില്‍ നടക്കുന്നുണ്ട്. ക്രിസ്തുവിനെ ഉപയോഗിച്ച് മാര്‍ക്സിനെയും, മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രത്തെയും ഉദാത്തീകരിക്കാനുള്ള ദുര്‍ബലശ്രമങ്ങള്‍ മാത്രമാണവ.

2010 മാര്‍ച്ച് അവസാനവാരത്തിലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍, പ്രൊഫ. നൈനാന്‍ കോശി എഴുതിയ "ക്രിസ്തുവിന് അടയാളം കാട്ടിയ മാര്‍ക്സ്" എന്ന ലേഖനം ഇതിനുദാഹരണമാണ്. സാമൂഹ്യനീതിയെപ്പറ്റിയുള്ള ചിന്തകളിലും, വിമര്‍ശനങ്ങളിലും വേദപുസ്തകവും, മാര്‍ക്സും മിക്കയിടത്തും ഒത്തുചേരുന്നുണ്ടെന്നും, ഇരുവിഭാഗത്തിന്‍റെയും ലക്ഷ്യം സോഷ്യലിസമാണെന്നും 'പള്ളിയും പാര്‍ട്ടിയും കേരളത്തില്‍' എന്ന തന്‍റെ ഗ്രന്ഥത്തിലും അദ്ദേഹം വാദിക്കുന്നു. ക്രിസ്തുമതവും മാര്‍ക്സിസവുമായുള്ള ബന്ധം പരിശോധിക്കുമ്പോള്‍ താന്‍ പരിഗണനയ്ക്കെടുക്കുന്നത് കത്തോലിക്കാസഭയെത്തന്നെയാണെന്ന് അകത്തോലിക്കനായ അദ്ദേഹം സമ്മതിക്കുന്നുണ്ട്: "പള്ളിയും പാര്‍ട്ടിയും കേരളത്തില്‍ എന്നു പറയുമ്പോള്‍ പ്രശ്നം മുഖ്യമായും റോമന്‍ കത്തോലിക്കാസഭയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയും തമ്മിലാണെന്നുതന്നെ അര്‍ത്ഥം".[5] പക്ഷേ ഈ വിഷയത്തില്‍ കത്തോലിക്കാസഭയുടെ ഔദ്യോഗികനിലപാടുകള്‍ വിശദീകരിക്കാന്‍ അദ്ദേഹം ഉദ്ധരിക്കുന്നത് വിപ്ലവ-മാര്‍ക്സിസ്റ്റ് ചിന്താഗതിയുള്ളവരോ അകത്തോലിക്കരോ ആയ കാന്‍റന്‍ബറിയിലെ ആര്‍ച്ചുബിഷപ്പ് റോവന്‍ വില്യംസ്, സെബാസ്റ്റ്യന്‍ കാപ്പന്‍, പൗലോസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, ബിഷപ്പ് പൗലോസ് മാര്‍ പൗലോസ്, ഡോ. എം. എം. തോമസ് എന്നിവരെയാണ്.

കത്തോലിക്കാസഭയുടെ അഭൂതപൂര്‍വമായ വളര്‍ച്ചയും വികാസവും മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിന് എന്നും വെല്ലുവിളിയാണ്. അതിനാല്‍ത്തന്നെ ക്രിസ്തുമതം വളര്‍ന്ന വഴികളിലൂടെ സഞ്ചരിക്കാനുള്ള ശ്രമം പലരീതികളിലും നടത്താറുമുണ്ട്. എന്നാല്‍, സത്യവിശ്വാസം കാത്തുസൂക്ഷിക്കുന്ന സഭയുടെ ജീവിതശൈലി വര്‍ഗ്ഗസമരചിന്താഗതിയും നിരീശ്വരവാദപ്രത്യയശാസ്ത്രവും വച്ചുപുലര്‍ത്തുന്ന മാര്‍ക്സിസത്തില്‍ പ്രായോഗികമാവില്ലെന്ന് മാര്‍ക്സിസം മനസ്സിലാക്കുന്നു. എന്നാല്‍ ക്രിസ്തുമതത്തിന് തങ്ങള്‍ വഴികാട്ടിയായിരുന്നു എന്നു സ്ഥാപിച്ചെടുക്കാനുള്ള നിഗൂഢശ്രമങ്ങള്‍ മാര്‍ക്സിസം കൈവെടിയുന്നില്ല: "പ്രത്യക്ഷത്തില്‍ മാര്‍ക്സിസ്റ്റ് സിദ്ധാന്തത്തെ ക്രിസ്തുമതം തള്ളിപ്പറയുകയാണെങ്കിലും സൂക്ഷ്മമായ വായനയില്‍ അങ്ങനെയല്ല സംഭവിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കാനാവും. കാലത്തിന്‍റെ അടയാളങ്ങളെ തിരിച്ചറിയാന്‍ ക്രിസ്തു അനുയായികളോട് പറഞ്ഞപ്പോള്‍ അടയാളങ്ങള്‍ പലതും ചൂണ്ടിക്കാട്ടിയത് മാര്‍ക്സാണ്".[6]
ചുരുക്കത്തില്‍, സഭാംഗങ്ങളെ കബളിപ്പിക്കാനും പാര്‍ട്ടി അംഗങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമുള്ള പരിശ്രമങ്ങള്‍ സമകാലീനകേരളത്തില്‍ നിലനില്ക്കുന്നുണ്ട്. കത്തോലിക്കസഭ മാര്‍ക്സിസത്തിന്‍റെ വിത്തിറക്കാന്‍ മാത്രം വളക്കൂറുള്ള മണ്ണാണെന്ന് അവര്‍ തിരിച്ചറിയുന്നു. അങ്ങനെ അവരെ സംബന്ധിച്ചിടത്തോളം മാര്‍ക്സും ക്രിസ്തുവും സഹോദരന്മാരാകുന്നു. ഈ പ്രവണത വര്‍ത്തമാനകാല മാര്‍ക്സിസ്റ്റ്ചിന്തയില്‍ ശക്തമാണ്. എഴുത്ത്, വ്യക്തികള്‍, പ്രസ്ഥാനങ്ങള്‍, ഭരണസംവിധാനങ്ങള്‍ എന്നീ സങ്കേതങ്ങളില്‍ അത് കൂടുതല്‍ വ്യക്തവുമാണ്.

3.1 എഴുത്ത്
മാര്‍ക്സിസത്തിന്‍റെ സൈദ്ധാന്തികവ്യാപനം പ്രധാനമായും എഴുത്തിലൂടെയും പുസ്തകങ്ങളിലൂടെയുമാണ് സംഭവിക്കുന്നത്. ക്രിസ്തുവും, മാര്‍ക്സും ശത്രുക്കളല്ല എന്ന രീതിയില്‍ അനേകം പ്രബന്ധങ്ങളും ലേഖനങ്ങളും പുറത്തുവന്നിട്ടുണ്ട്. ഹാരോള്‍ഡ് പാര്‍സണിന്‍റെ "ദ കമ്മിറ്റ്മെന്‍റ് ഓഫ് ജീസസ്സ് ആന്‍ഡ് മാര്‍ക്സ്", മിലാന്‍ മക്കോവിന്‍റെ "എ മാര്‍ക്സിസ്റ്റ് ലുക്ക് അറ്റ് ജീസസ്സ്", ജോസ് പിരാന്‍റെയുടെ "മാര്‍ക്സ് എഗെയ്ന്‍സ്റ്റ് മാര്‍ക്സിസ്റ്റ്" എന്നീ പുസ്തകങ്ങള്‍ അന്താരാഷ്ട്ര പുസ്തകവിപണിയിലെ ബെസ്റ്റ് സെല്ലറുകളും ബുദ്ധിജീവികളുടെ ആശ്രയകേന്ദ്രവുമാണ്. ബൈബിളും, ക്രിസ്തുവുമാണ് ഇത്തരം പുസ്തകങ്ങളില്‍ കേന്ദ്രമാകുന്നത്. ബൈബിള്‍ മാര്‍ക്സിസ്റ്റുകാരന്‍റെ കൈപ്പുസ്തകമാണെന്നും, ക്രിസ്തു അവന്‍റെ ആരാധ്യനായ സഖാവുമാണെന്ന ചിന്തകള്‍ ഇവയില്‍ സജീവമാണ്. ഉദാഹരണത്തിന്, ക്രിസ്തു ഫരിസേയരോടും, നിയമഞ്ജരോടും കാണിച്ച അകല്‍ച്ചയും, ജറുസലേം ദേവാലയത്തില്‍ നടത്തിയ ശുദ്ധീകരണവുമെല്ലാം മാര്‍ക്സിസത്തിന്‍റെ കാതലായ ആശയങ്ങളുടെ മുന്‍രൂപങ്ങളാണെന്ന് മിലാന്‍ മക്കോവ് എന്ന ഗ്രന്ഥകാരന്‍ സമര്‍ത്ഥിക്കുന്നു.[8] ഫരിസേയരെ ബൂര്‍ഷ്വാസികളും മതഭ്രാന്തന്‍മാരുമായാണ് ക്രിസ്തു കണ്ടിരുന്നതെന്ന് അദ്ദഹം വാദിക്കുന്നു.[9] ഇത്തരം ചിന്തകള്‍ ക്രിസ്തുവിനെയും ബൈബിളിനെയും സൈദ്ധാന്തികമായും പ്രായോഗികമായും മാര്‍ക്സിസ്റ്റുസ്വാധീനത്തിലേക്കെത്തിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ്. ഇത് തികച്ചും ഒരു സമകാലികമാര്‍ക്സിസ്റ്റു തന്ത്രമാണെന്നു പറയുക സാദ്ധ്യമല്ല. കാരണം, കാറല്‍ മാര്‍ക്സ് തന്‍റെ മൂലധനത്തില്‍ വി. തോമസ് മൂറിന്‍റെ ഉട്ടോപ്യ എന്ന ഗ്രന്ഥത്തെ '16-ാം നൂറ്റാണ്ടിലെ ബൈബിളെ'ന്ന് വിശേഷിപ്പിക്കുകയും അത് ഉദ്ധരിക്കുകയും ചെയ്തിട്ടുണ്ട്.[10]

3.2. വ്യക്തികള്‍
ക്രിസ്തുമതവുമായി മാര്‍ക്സിസത്തെ ബന്ധപ്പെടുത്തുന്നതിന് ഉപയോഗിക്കുന്ന മറ്റൊരു സങ്കേതം ചില വ്യക്തികളുടെ ആശയങ്ങളാണ്. ഇവരെല്ലാംതന്നെ കത്തോലിക്കാസഭയില്‍ നിന്നു പുറത്തുപോയവരോ മറ്റു ക്രൈസ്തവവിഭാഗങ്ങളില്‍ നിന്നുള്ളവരോ ആണ്. ഇത്തരക്കാരുടെ കൂട്ടുപിടിച്ച് പഴയനിയമത്തിലെ മോശ തുടങ്ങി ക്രിസ്തുവും പൗലോസുമൊക്കെ വിപ്ലവകാരികളായിരുന്നുവെന്ന് സ്ഥാപിച്ചെടുക്കുകയാണ് അവരുടെ ശ്രമം. 16-ാം നൂറ്റാണ്ടിന്‍റെ പകുതിയോടെ, പ്രൊട്ടസ്റ്റന്‍റ് വിപ്ലവത്തിന് തുടക്കം കുറിച്ച മാര്‍ട്ടിന്‍ ലൂഥര്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ വിമോചന ദൈവശാസ്ത്രത്തിന് തുടക്കമിട്ട ഗുസ്താവോ ഗുട്ടിയരസ്സ്, ലെയണാര്‍ഡോ ബോഫ്, ഭാരതീയ വിമോചനദൈവശാസ്ത്രജ്ഞരുടെ മുന്‍നിരക്കാരായ സെബാസ്റ്റ്യന്‍ കാപ്പന്‍, സാമുവല്‍ രായന്‍, ഇടതുപക്ഷ ചായ്വുള്ള ബിഷപ്പ് പൗലോസ് മാര്‍ പൗലോസ്, അന്തര്‍ദേശീയ സഭാസമിതിയംഗം പ്രൊഫ. നൈനാന്‍ കോശി എന്നിവരെയൊക്കെ അന്തര്‍ദേശീയവും, ദേശീയവും, തദ്ദേശീയവുമായ വേദികളിലും, ചര്‍ച്ചകളിലും ആവശ്യാനുസരണം ഉപയോഗിച്ച് ക്രിസ്തുമതവും, മാര്‍ക്സിസവും തമ്മിലുള്ള 'അഭേദ്യമായ' ബന്ധം സ്ഥാപിച്ചെടുക്കുന്നു. എന്നാല്‍ കത്തോലിക്കാസഭയുടെ ഔദ്യോഗികവക്താക്കളെയോ വിശദീകരണങ്ങളെയോ സമീപിക്കാനോ പരാമര്‍ശിക്കാനോ തയ്യാറാകുന്നില്ല എന്നതാണ് സത്യം. അതിനാല്‍ത്തന്നെ ആധികാരികവും, സമഗ്രവുമായ വിശദീകരണവും വ്യാഖ്യാനവും നല്കുന്നതില്‍ പിഴവ് സംഭവിക്കുന്നു.

3.3. പ്രസ്ഥാനങ്ങള്‍
പ്രസ്ഥാനങ്ങളുടെ രൂപീകരണവും പ്രചരണവുമാണ് ക്രിസ്തുവിനെ സ്വന്തമാക്കാന്‍ മാര്‍ക്സിസ്റ്റുകാര്‍ ഉപയോഗിക്കുന്ന മറ്റൊരു രീതി. പ്രൊഫ. നൈനാന്‍ കോശിയുടെ അഭിപ്രായത്തില്‍ "ഒരു പ്രത്യയശാസ്ത്രമെന്ന നിലയില്‍ മാര്‍ക്സിസം രൂപമെടുത്തപ്പോഴാണ് അതിന് ക്രിസ്തുമതത്തോടുള്ള ബന്ധം വ്യക്തമായത്. ക്രിസ്തീയസുവിശേഷത്തോടും ചിന്തകരോടും മാര്‍ക്സിസത്തിനുള്ള കടപ്പാട് നിഷേധിക്കാവുന്നതല്ല. അതേ സുവിശേഷവും ചിന്തകളുമാണ് ഇന്നും പുരോഗമനാശയക്കാരായ ക്രിസ്ത്യാനികളെ നയിക്കുന്നത്. ഏറ്റവും നല്ല ഉദാഹരണം വിമോചനാദൈവശാസ്ത്രമാണ്".[11] വിമോചന ദൈവശാസ്ത്രത്തിന്‍റെ പ്രധാന പരിഗണന അവശതയനുഭവിക്കുന്ന മനുഷ്യരായിരുന്നു. മാര്‍ക്സിന്‍റെ ഭാഷയിലത് അന്യവല്‍ക്കരിക്കപ്പെട്ട മനുഷ്യനാണ്. ബൈബിളിന്‍റെ ഭാഷയില്‍ നിപതിക്കപ്പെട്ട മനുഷ്യനും (fallen) ഇതുതന്നെ. "ക്രിസ്തു കൊണ്ടുവന്ന രക്ഷ മനുഷ്യനെ പതനത്തില്‍ നിന്ന് രക്ഷിക്കുന്നു. ഇതേ പ്രവൃത്തിതന്നെയാണ് മാര്‍ക്സ് തൊഴിലാളിവിപ്ലവത്തിലൂടെ അന്യവല്‍ക്കരിക്കപ്പെട്ട മനുഷ്യനോട് കാണിക്കുന്നതും".[12] മാര്‍ക്സിസവും ക്രിസ്തുമതവും ഒരേ ലക്ഷ്യത്തിലേക്ക് നീങ്ങുന്ന രണ്ടു പ്രസ്ഥാനങ്ങളാണെന്നുള്ളതും ഒരു സമകാലീന മാര്‍ക്സിസ്റ്റുചിന്തയാണ്: "പ്രസ്ഥാനങ്ങളെന്ന നിലയില്‍ മാര്‍ക്സിസത്തിന്‍റെയും, ക്രിസ്തുമതത്തിന്‍റെയും അസ്തിത്വത്തിന് സാരമായ സാമ്യങ്ങളുണ്ട്. രണ്ടും വിപ്ലവാത്മകമായ സാമൂഹ്യവ്യവസ്ഥിതികള്‍ കൊണ്ടുവന്നു. രണ്ടും ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. രണ്ടും ചെറുത്തുനിന്നു. രണ്ടും വിജയം വരിച്ചു."[13]
എന്നാല്‍, വിമോചനദൈവശാസ്ത്രത്തിന്‍റെ പേരിലും മറ്റു സാമ്യങ്ങളുടെ അടിസ്ഥാനത്തിലും ക്രിസ്തുമതത്തെയും മാര്‍ക്സിസത്തെയും താരതമ്യപ്പെടുത്തുന്നത് അബദ്ധമാണ്. കാരണം, വിമോചനദൈവശാസ്ത്രം ദൈവരാജ്യസങ്കല്‍പ്പത്തെ മനസ്സിലാക്കുന്നതിലും പ്രയോഗികമാക്കുന്നതിലും ഗണ്യമായ തെറ്റുകള്‍ വരുത്തിയിട്ടുണ്ട് എന്ന് വിശ്വാസതിരുസംഘം പുറത്തിറക്കിയ Instruction on Certain Aspects of Theology of Liberation നിരീക്ഷിക്കുന്നു.

3.4. ഭരണസംവിധാനങ്ങള്‍
മത, സാംസാകാരിക, സാമൂഹിക, വിദ്യാഭ്യാസമേഖലകളിലെല്ലാം നേതൃത്വനിരയില്‍ മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രക്കാരെ കയറ്റിയിരുത്തി, ക്രൈസ്തവമതവിശ്വാസത്തെ പരിവര്‍ത്തനപ്പെടുത്താനും അതിലേക്ക് നുഴഞ്ഞുകയറാനും അതിനെ നാമാവശേഷമാക്കാനും ഹിഡന്‍ അജണ്ടകള്‍ രൂപീകരിക്കുന്ന രീതിയാണിത്. വിദ്യാഭ്യാസമേഖലയിലെ പാഠപുസ്തകവിവാദങ്ങളും ഫീസ് തര്‍ക്കങ്ങളും അതിനെ ചുറ്റിപ്പറ്റി നടന്ന ചര്‍ച്ചകളും തീരുമാനങ്ങളുമെല്ലാം ഭരണസംവിധാനത്തെ കൈപ്പിടിയിലാക്കിയതിന്‍റെ അധികാരം കൊണ്ട് നേടിയെടുത്തതാണ്. മാര്‍ക്സിസം കേരളത്തില്‍ വേരുപിടിക്കാന്‍ കാരണമായത് ക്രൈസ്തവമതത്തിന്‍റെ അടിസ്ഥാനഘടനയും ലക്ഷ്യങ്ങളുമാണ്. സഭ-പാര്‍ട്ടി, സ്വര്‍ഗ്ഗം-വര്‍ഗ്ഗരഹിതസമൂഹം, തിന്‍മ-മുതലാളിത്തം, നന്മ-തൊഴിലാളികള്‍, ആത്മീയ സമരം-രക്തരൂക്ഷിതസമരം എന്നിങ്ങനെ ഭരണസംവിധാനത്തിലും, ലക്ഷ്യത്തിലും ഇവ തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് പൗലോസ് മാര്‍ പൗലോസിനെപ്പോലെയുള്ളവര്‍ വിലയിരുത്തുന്നു.[14]

4. മാര്‍ക്സിയന്‍ ക്രിസ്തുസങ്കല്പത്തിന്‍റെ വൈകല്യങ്ങള്‍                                                                                                                                                 
മാര്‍ക്സിസവും ക്രിസ്തുമതവും തമ്മിലുള്ള സംഘര്‍ഷത്തിന്‍റെ പശ്ചാത്തലമാണ് മുകളില്‍ വിവരിച്ചത്. ക്രിസ്തുമതത്തിന്‍റെ സിദ്ധാന്തങ്ങളോടുള്ള താത്പര്യവും സംഘടനാസ്വഭാവത്തിന്‍റെ സവിശേഷതകളുമാണ് ക്രിസ്തുമതത്തിന്‍റെ മാര്‍ക്സിസ്റ്റ് വിചിന്തനങ്ങള്‍ക്ക് വഴിതെളിച്ചത്. ക്രിസ്തുവിനെ സൈദ്ധാന്തികമായി സ്വന്തമാക്കാനും വ്യാഖ്യാനിക്കാനുമുള്ള ശ്രമങ്ങളും അതിന്‍റെ ഭാഗമാണ്. എന്നാല്‍ അടിസ്ഥാനപരമായി ക്രിസ്തുമതത്തോട് ഒരിക്കലും ഒത്തുപോകാത്ത വിശ്വാസവിരുദ്ധനിലപാടുകള്‍ കൈക്കൊള്ളുന്ന ഒരു പ്രത്യയശാസ്ത്രത്തില്‍ ക്രിസ്തുപ്രതിച്ഛായയ്ക്ക് നിരവധി പരിക്കുകള്‍ ഏറ്റിട്ടുണ്ട്. മാര്‍ക്സിസ്റ്റ് സൈദ്ധാന്തികതയിലെ ക്രിസ്തുസങ്കല്പത്തിന്‍റെ വൈകല്യങ്ങളും അവയോടുള്ള ക്രൈസ്തവപ്രതികരണങ്ങളും ഇപ്രകാരം സംഗ്രഹിക്കാം:

1. മാര്‍ക്സിയന്‍ പ്രത്യയശാസ്ത്രത്തിലെ നിരീശ്വരത്വനിലപാടുകള്‍ ക്രിസ്തുദര്‍ശനത്തിന് എതിരാണ്. സൈദ്ധാന്തികതലത്തിലെ തെറ്റ് പ്രായോഗികതയില്‍ മാത്രമായി തിരുത്തുന്നതില്‍ അര്‍ത്ഥമില്ല.

2. മാര്‍ക്സിയന്‍ തത്ത്വശാസ്ത്രങ്ങളും അതിന്‍റെ പ്രായോഗികവക്താക്കളും ക്രിസ്തുവിനെ മനസ്സിലാക്കുന്നത് ചരിത്രബന്ധിയായും മാനുഷികമായും മാത്രമാണ്. ഇതു രണ്ടും ശരിയാണെങ്കിലും ഭാഗികമായ ധാരണ മാത്രമാണ്. ക്രിസ്തു എന്ന സംജ്ഞ തന്നെ ദൈവികതയെ പ്രതിനിധാനം ചെയ്യുന്ന വിശ്വാസത്തിന്‍റെ യാഥാര്‍ത്ഥ്യമാണ്.

3. ആധുനിക, ഉത്തരാധുനിക കാലങ്ങളില്‍ മാര്‍ക്സിസം ക്രിസ്തുവിനെ നിര്‍വ്വചിക്കുന്നത് വിമോചകനായിട്ടാണ്. അതും വിപ്ലവകാരിയായ വിമോചകനായി മാത്രം. ക്രിസ്തുവിന്‍റെ വിമോചനതലങ്ങള്‍ തീര്‍ത്തും ഭൗതികമായ മേഖലകളില്‍ ഒതുക്കി നിര്‍ത്തുന്നതാണ് മാര്‍ക്സിയന്‍ ദര്‍ശനം. കത്തോലിക്കാവിശ്വാസമനുസരിച്ച് ക്രിസ്തു വിമോചകദൗത്യവുമായി മനുഷ്യാവതാരം ചെയ്ത ദൈവമാണ്. ഈ വിമോചനം ആത്മീയതയും ഭൗതികതയും ഉള്‍ക്കൊള്ളുന്ന സമഗ്രതയാണ്.

4. മാര്‍ക്സിയന്‍ ക്രിസ്തുദര്‍ശനത്തിന്‍റെ മറ്റൊരു അപാകത ക്രിസ്തുവിനെ ഒരു സാമൂഹ്യപരിഷ്കര്‍ത്താവായി ചുരുക്കുന്നതിലാണ്. ക്രിസ്തുദര്‍ശനങ്ങളില്‍ സാമൂഹ്യപരിഷ്കാരങ്ങളുടെ അടിസ്ഥാനങ്ങള്‍ കാണാമെങ്കിലും ക്രിസ്തു സാമൂഹ്യപരിഷ്കര്‍ത്താവ് എന്ന പരികല്പനയില്‍ നിന്നും ഏറെമേലെയാണ്.

5. ക്രിസ്തുവിന്‍റെ മനുഷ്യാവതാരത്തിന്‍റെ ആത്യന്തികമായ ഊന്നല്‍ ഒരു പൂര്‍ണ്ണമനുഷ്യന്‍റെ അസ്തിത്വവും സത്തയും എന്താണെന്ന് മാനവവംശത്തിനെ ബോധ്യപ്പെടുത്തുക എന്നതാണ്. ക്രിസ്തുദര്‍ശനത്തിന്‍റെ അവിഭാജ്യമായ ഘടകമാണ് നരവംശശാസ്ത്രം. എന്നാല്‍ മാര്‍ക്സിസം മനസ്സിലാക്കുന്ന 'മനുഷ്യന്‍' ആത്മാവില്ലാത്തവനും ഭൗതികതയില്‍ കുടുങ്ങുന്നവനുമാണ്.

6. മനുഷ്യസ്വഭാവത്തിന്‍റെ അടിസ്ഥാനഭാവമാണ് വിശ്വാസം. മാര്‍ക്സിസത്തിന്‍റെ നിര്‍വ്വചനത്തില്‍ മനുഷ്യന്‍ ജനിമൃതികള്‍ക്കപ്പുറത്ത് ലക്ഷ്യവും അസ്തിത്വവുമില്ലാത്തവനാണ്. അതിനാല്‍ അതിഭൗതികത അവന് ആവശ്യവുമില്ല. എന്നാല്‍ സ്റ്റേറ്റിനെ ദൈവമായിക്കാണുകയും മാര്‍ക്സ്, ലെനിന്‍, സ്റ്റാലിന്‍ എന്നിവരെ മനുഷ്യാവതാരങ്ങളായി വിലയിരുത്തുകയും ചെയ്യുന്ന സമകാലീനനിലപാടുകളില്‍ നിന്ന് വിശ്വാസം എന്നത് മനുഷ്യന്‍റെ അടിസ്ഥാനചോദനയാണെന്ന് തെളിയുന്നു.

7. മാര്‍ക്സിയന്‍ തത്ത്വശാസ്ത്രവും പ്രായോഗികതയും അതിന്‍റെ ഒരു ഘട്ടത്തിലും ക്രിസ്തു മുന്നോട്ടുവയ്ക്കുന്ന ധാര്‍മ്മികമൂല്യങ്ങളുടെ അടുത്ത്പോലും വരുന്നില്ല. അങ്ങനെ വന്നാല്‍ മാര്‍ക്സിസം ഇല്ലാതാവുകയും ചെയ്യും. മാര്‍ക്സിസം സ്വപ്നം കാണുന്ന ഭൗമികപറുദീസായും വര്‍ഗ്ഗരഹിതസമൂഹവും രക്തരഹിതമാര്‍ഗ്ഗങ്ങളിലൂടെ നേടുമെന്ന് മാര്‍ക്സിസ്റ്റുകാര്‍ക്ക് കരുതാനാവില്ലല്ലോ.

8. സ്ഥാപനവത്കരിക്കപ്പെട്ട ക്രിസ്തുവിനെ മോചിതമാക്കുന്നതാണ് മാര്‍ക്സിയന്‍ ക്രിസ്തുദര്‍ശനം എന്നവകാശപ്പെടുമ്പോള്‍ സ്ഥാപനവത്കരണത്തിന്‍റെ ഉദാത്തമാതൃകയാണ് മാര്‍ക്സിസം ഇന്ന് എന്നത് മറക്കുന്നു.

9. ക്രിസ്തുദര്‍ശനം എന്നത് മാര്‍ക്സിയന്‍ സൈദ്ധാന്തികവൃത്തങ്ങളിലും പ്രായോഗികതയിലും ഘടകവിരുദ്ധമാണെന്നത് ഇതിന്‍റെ ആധികാരികത നഷ്ടപ്പെടുത്തുന്നു.

10. സമകാലീന മാര്‍ക്സിസ്റ്റ് പ്രവണതകളില്‍ കാണുന്ന ക്രിസ്തുവുമായി നടത്തുന്ന പ്രായോഗികമായ താദാത്മ്യപ്പെടുത്തല്‍ വഴി മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിന്‍റെ അടിസ്ഥാനതത്ത്വമായ സംഘര്‍ഷബന്ധിയായ പരിണിതഫലങ്ങളിലുള്ള (വൈരുദ്ധ്യാത്മകതയില്‍ നിന്ന് ഉരുത്തിരിയുന്ന) വിശ്വാസം തെറ്റായിത്തീരും.

ഉപസംഹാരം                                                                                                                                                                                              
സമകാലീനരാഷ്ട്രീയപശ്ചാത്തലത്തില്‍, മാര്‍ക്സിസത്തിന്‍റെ ക്രിസ്തുവിശകലനങ്ങള്‍ക്ക് വലിയ വിപണനസാധ്യതയുണ്ട്. എന്നാല്‍, ക്രിസ്തുവിനെ അനുകൂലിച്ച് അവര്‍ പ്രസംഗിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അത് അവസരവാദപരവും വ്യവസ്ഥാപിതതാത്പര്യങ്ങളുടെ പരിണിതഫലവുമാണ്. കത്തോലിക്കാസഭയുടെ വിശ്വാസസംഹിതകളുമായിട്ടല്ല, മറിച്ച്, അപൂര്‍ണ്ണവും വികലവുമായ ആശയങ്ങളില്‍നിന്നാണ് മാര്‍ക്സിസത്തിലെ ക്രിസ്തു രൂപംകൊള്ളുന്നത്. ആ ക്രിസ്തുവിന് ഒരു വിപ്ലവകാരിയുടെ പ്രതിഛായ ഉണ്ടാകുന്നതില്‍ തെല്ലും അത്ഭുതപ്പെടേണ്ടതില്ല.

ഡോ . സെബാസ്റ്റ്യൻ ചാലക്കൽ, ഫെക്‌സിൻ കുത്തൂർ, നോബിൾ തോമസ് പാറക്കൽ എന്നിവർ എഡിറ്റ് ചെയ്ത ക്രിസ്തുദർശനം: സാധ്യതകളും സമസ്യകളും എന്ന പുസ്തകത്തിൽ നിന്നും.

Notes
1 cf., കെ.എം. ഫ്രാന്‍സീസ്, മാര്‍ക്സിസത്തിന്‍റെ താത്വിക അടിത്തറകള്‍ (തൃശ്ശൂര്‍, 1989) 5.
2 cf., എസ്. വട്ടമറ്റം ലറ., എസ്. കാപ്പന്‍: മാര്‍ക്സിയന്‍ ദര്‍ശനത്തിന് ഒരാമുഖം (കോട്ടയം, 2012) 65.
3 cf., കെ.എം. ഫ്രാന്‍സീസ്, മാര്‍ക്സിസത്തിന്‍റെ താത്വിക അടിത്തറകള്‍ (തൃശ്ശൂര്‍, 1989) 21.
4 cf., കെ.എം. ഫ്രാന്‍സീസ്, മാര്‍ക്സിസത്തിന്‍റെ താത്വിക അടിത്തറകള്‍ (തൃശ്ശൂര്‍, 1989) 28.
5 എന്‍. കോശി, പള്ളിയും പാര്‍ട്ടിയും കേരളത്തില്‍ (കോട്ടയം, 2012) 7.
6 എന്‍. കോശി, പള്ളിയും പാര്‍ട്ടിയും കേരളത്തില്‍ (കോട്ടയം, 2012) 48.
7 cf., ക്രിസ്തീയ സ്വാതന്ത്ര്യവും വിമോചനവും, (trans. കെസിബിസി, ചങ്ങനാശ്ശേരി,1986) 4-5.
8 M. Machovec, A Marxist Look At Jesus(london,1976) 30.
9 M. Machovec, A Marxist Look At Jesus(london,1976) 32.
10 കെ. മാര്‍ക്സ്, മൂലധനം 993.
11 എന്‍. കോശി, പള്ളിയും പാര്‍ട്ടിയും കേരളത്തില്‍ (കോട്ടയം, 2012) 40.
12 എന്‍. കോശി, പള്ളിയും പാര്‍ട്ടിയും കേരളത്തില്‍ (കോട്ടയം, 2012) 41.
13 J.P. Mirand, Marx Against Marxist (London, 1980) 33.
14 പൗലോസ് മാര്‍ പൗലോസ്, ചെറുത്തുനില്പിന്‍റെ സുവിശേഷം (കോട്ടയം, 1998) 45.

marxist interpretation of christ pitfalls of the marxist interpretation of christ sajan maroky Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message