x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

ദൈവികരഹസ്യങ്ങള്‍

Authored by : Dr. Thomas Poovathanikkunnel On 03-Feb-2021

ക്ഷയുടെ കൂദാശയായ സഭയിലെ രക്ഷാകരരഹസ്യങ്ങളുടെ ചാലകങ്ങളായ കൂദാശകള്‍ ദിവ്യരഹസ്യങ്ങള്‍ എന്ന് അറിയപ്പെടുന്നു. കൂദാശകളുടെ കൂദാശയായ വിശുദ്ധ കുര്‍ബാനയുടെ ഏറ്റം ആഘോഷപൂര്‍വ്വമായ രൂപം സീറോ-മലബാര്‍ സഭയില്‍ "റാസ" (രഹസ്യം) എന്നാണറിയപ്പെടുന്നത്. ഈ സഭയുടെ ലിറ്റര്‍ജിയിലെ പ്രാര്‍ത്ഥനകളില്‍ കൂദാശയെന്ന പദപ്രയോഗമില്ല. സാധാരണ "രഹസ്യം" എന്നതുകൊണ്ട്, മറഞ്ഞിരിക്കുന്നത്, അറിയുവാന്‍ കഴിയാത്തത്, നിഗൂഢമായിരിക്കുന്നത് എന്നിങ്ങനെയാണ് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ ദിവ്യരഹസ്യങ്ങള്‍ കേവലം അജ്ഞാതമോ അജ്ഞേയമോ ആയ ഒന്നല്ല. അവ വെളിവാക്കപ്പെട്ടവയും നമുക്കു നല്കപ്പെട്ടവയുമാണ്. ദിവ്യരഹസ്യങ്ങളാകുന്ന കൂദാശകളുടെ ആഘോഷക്രമംതന്നെ അതു വ്യക്തമാക്കുന്നുണ്ട്. ഇവയില്‍ അര്‍ത്ഥപൂര്‍ണ്ണമായും സജീവമായും അസ്തിത്വപരമായും പങ്കുചേരുവാന്‍ ദൈവജനത്തിന് സാധ്യമാവണം. തങ്ങളുടെ ജീവിതത്തില്‍നിന്നും ഏറെ അകന്നു നില്ക്കുന്നവയും വരപ്രസാദത്തിന്‍റെ ഉറവിടങ്ങളായി മാത്രം കരുതപ്പെടുന്നവയുമായ നിഗൂഢവും അജ്ഞേയവുമായ അനുഷ്ഠാനങ്ങളായി അവ കരുതപ്പെടരുത്.

കൂദാശാരഹസ്യങ്ങളെ ബുദ്ധികൊണ്ട് ഗ്രഹിക്കുക എന്നതിനേക്കാള്‍ ആഘോഷത്തിലൂടെ അനുഭവിക്കുകയാണ് വേണ്ടത്. രഹസ്യങ്ങളെല്ലാം മനുഷ്യ വിശദീകരണത്തിന് വിധേയമല്ല, എന്നാല്‍ അവ വിശ്വാസത്തിലൂടെ ആഘോഷകന് വെളിപ്പെടുത്തപ്പെടുന്നു. രഹസ്യങ്ങള്‍ പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങളല്ല, ഉള്ളില്‍ നിന്നുതന്നെ അന്വേഷിക്കേണ്ട ഒരു യാഥാര്‍ത്ഥ്യമാണ്. അതിലേക്ക് പ്രവേശിക്കുകയും അതില്‍ ജീവിക്കുകയും വേണം. എന്നാല്‍ രഹസ്യത്തെ പരിഹരിക്കേണ്ട "പ്രശ്നങ്ങളുടെ" സമാഹാരമായി കണ്ട് അതിനെ ക്രോഡീകരിക്കാന്‍ പരിശ്രമിക്കുന്നവരുണ്ട്. പ്രശ്നങ്ങളുടെ കുരുക്കുകളഴിക്കുവാനും ഉത്തരം കിട്ടാത്തവയ്ക്ക് ഉത്തരം കണ്ടെത്താനും ഇന്നോളം നിഗൂഢമായിരുന്ന ചക്രവാളങ്ങളില്‍ പര്യവേഷണം നടത്താനും ലോകത്തിലെങ്ങും ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. ദൈവശാസ്ത്രഗവേഷണവും ഈ ശാസ്ത്രീയ വീക്ഷണത്തോടെയാണ് പലപ്പോഴും നടത്തപ്പെടുക. പരിഹാരങ്ങള്‍ കണ്ടെത്താനും നിഗൂഢമായതിനെ ബാഹ്യവത്കരിക്കാനുമുള്ള പരിശ്രമത്തില്‍ ദൈവശാസ്ത്രപഠനവും മുഴുകുന്നു.

കൗദാശിക രഹസ്യങ്ങളെക്കുറിച്ചുള്ള ഈ പഠനഗ്രന്ഥം ഒരു പ്രശ്നവും പരിഹരിക്കാനുള്ള ശ്രമമല്ല. അഗ്രാഹ്യമോ അനഭിമതമോ ആയ യാഥാര്‍ത്ഥ്യങ്ങളെ വിശദീകരിക്കാനുള്ള പരിശ്രമവുമില്ല.സഭയില്‍ ഈ രക്ഷാരഹസ്യങ്ങളില്‍ ജീവിക്കുകയും തങ്ങളുടെ അനുഭവം പങ്കുവയ്ക്കുകയും ചെയ്ത സഭാപിതാക്കന്മാരോടും ദൈവശാസ്ത്ര ഗ്രന്ഥകര്‍ത്താക്കളോടുമൊപ്പം ചരിച്ചുകൊണ്ട് ഇവയെ ഉള്ളില്‍നിന്ന് അന്വേഷിക്കുകയും അപഗ്രഥിക്കുകയും ചെയ്യുകയാണിവിടെ.

  1. പദോല്പത്തി

 1.1 രഹസ്യം1

ഗ്രീക്കു ഭാഷയില്‍ രഹസ്യമെന്നതിന് "മിസ്തേരിയോണ്"  (mysterion) പദമാണ് ഉപയോഗിക്കുക. മുമ്പ് അറിയപ്പെടാത്തതും ഒരു പ്രത്യേക വിഭാഗത്തിനു മാത്രം വെളിവാക്കപ്പെട്ടതുമായ ഒരു സംഗതിയുടെ ഉള്ളടക്കമെന്നാണ് അതിന്‍റെ അര്‍ത്ഥം. രഹസ്യമെന്നതിന് തത്തുല്യമായി ഇംഗ്ലീഷില്‍ "സീക്രട്ട്" (secret) "മിസ്റ്ററി" (mystery) എന്നീ പദങ്ങളുണ്ട്. ഇംഗ്ലീഷില്‍ മിസ്റ്ററി എന്ന പദത്തിന് മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടും സാധിക്കാത്ത നിഗൂഢവസ്തുതയെന്നാണര്‍ത്ഥം. ആകയാല്‍ ഗ്രീക്കിലെ "മിസ്തേരിയോണ്" എന്ന പദത്തിന് ഇംഗ്ലീഷിലെ മിസ്റ്ററി പര്യാപ്തമല്ല.

മ്യു (mue) എന്ന ഗ്രീക്കു ധാതുവിന്‍റെ അര്‍ത്ഥം അടയ്ക്കുക എന്നാണ്. കണ്ണ്, വായ് മുതലായ അവയവങ്ങളോ എന്തെങ്കിലും ദ്വാരങ്ങളോ അടയ്ക്കുക എന്നര്‍ത്ഥം. "മിസ്തേരിയോണ്" എന്ന പദം "മ്യൂ" എന്ന ധാതുവില്‍നിന്നു രൂപമെടുത്തു എന്ന് കരുതപ്പെടുന്നു. ഈ പദത്തിലെ "തേരിയോണ്‍" (terion) എന്നത് ഒരു പ്രത്യയമാണ്. പ്രവൃത്തി നടക്കുന്ന സ്ഥലത്തെയോ ഒരു ലക്ഷ്യം നേടാന്‍ പ്രയോഗിക്കുന്ന ഉപാധിയെയോ അതു സൂചിപ്പിക്കും. ഇപ്പറഞ്ഞ രണ്ടര്‍ത്ഥങ്ങളിലും ഈ പ്രത്യയം ഉപയോഗിക്കുന്നുണ്ട്. ക്ലാസിക്കല്‍ ഗ്രീക്കു ഭാഷയില്‍ "മിസ്തേരിയോണ്" എന്ന പദം കൂടുതലായി ബഹുവചനത്തിലാണ് പ്രയോഗിക്കുന്നത്. ഗൂഢമായി നടത്തുന്ന ചില മത കര്‍മ്മങ്ങളെയാണ് അതു സൂചിപ്പിക്കുന്നത്. ഈ മതകര്‍മ്മങ്ങളില്‍ പങ്കുചേരുവാന്‍ മതത്തിന്‍റെ പൂര്‍ണ്ണ അംഗത്വം ലഭിച്ചവര്‍ക്കു മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂ. ഈ രഹസ്യാനുഷ്ഠാനങ്ങളുടെ സ്വഭാവം വെളിപ്പെടുത്തുകയില്ലെന്നു ശപഥം ചെയ്തവരാണ് ഇപ്രകാരം പ്രവേശിപ്പിക്കപ്പെട്ടവര്‍.

മിസ്തേരിയോണ്‍ എന്ന ഈ പദത്തിന്‍റെ ഉല്‍പത്തി എന്തായാലും അതിനൊരു സാങ്കേതികാര്‍ത്ഥം ഗ്രീക്കു പശ്ചാത്തലത്തില്‍ ഉണ്ടായിരുന്നു. ഗ്രീക്കു രഹസ്യാരാധനകളുടെ അനുഷ്ഠാനങ്ങളും ആചരണങ്ങളും എന്ന സാങ്കേതികാര്‍ത്ഥം അതിനുണ്ടായിരുന്നു.

ഗ്രീക്കു മതങ്ങളില്‍ പൂര്‍ണ്ണ ഉപനയന കര്‍മ്മങ്ങളിലൂടെ സവിശേഷാംഗങ്ങളായവര്‍ക്കു മാത്രം അഭിഗമ്യവും ദൈവികകാര്യങ്ങളെ സംബന്ധിക്കുന്നതുമായ "രഹസ്യ"ങ്ങള്‍ ഉണ്ടായിരുന്നു. ഭക്തന് ദേവന്‍റെ ഭാഗധേയത്തില്‍ പങ്കുനല്കുവാന്‍ ഉദ്ദേശിക്കപ്പെട്ടിട്ടുള്ള ആരാധനാപരമായ അനുഷ്ഠാനങ്ങളാണ് രഹസ്യങ്ങള്‍. "രഹസ്യം" നിഗൂഢമായ ഒരു അനുഷ്ഠാനമാണ്. തിരഞ്ഞെടുക്കപ്പെട്ട വ്യക്തികള്‍ അതുവഴി ദേവനുമായുള്ള സവിശേഷ ബന്ധത്തിലേക്കു നയിക്കപ്പെടുന്നു. ചില നന്മകള്‍ അതുവഴി അവര്‍ക്ക് ഉണ്ടാകുമെന്ന് ഉറപ്പു നല്കുന്നു. ഉപനയനം കഴിഞ്ഞവര്‍ക്ക് ആ കര്‍മ്മങ്ങള്‍വഴി ദേവന്‍റെ പ്രത്യേക സംരക്ഷണം ലഭിച്ചിരുന്നു. ആ കര്‍മ്മങ്ങളും അവയുടെ വിശേഷാനുകൂല്യങ്ങളും ചെറിയൊരു വിഭാഗത്തിനുമാത്രം അവകാശപ്പെട്ടതായിരുന്നു2.

വിസ്മയനീയവും പൂര്‍ണ്ണമായി ഗ്രഹിക്കാന്‍ കഴിയാത്തതും അവ്യക്തവുമായ ഏത് ഉദാത്തസത്യത്തെയും സംബന്ധിച്ച്  ഇന്ന് "രഹസ്യം" എന്ന പദം ഉപയോഗിക്കുന്നു. പറയാനോ വിവരിക്കാനോ പാടില്ലാത്തതോ അഥവാ അതിനുള്ള വിശുദ്ധവും ദൈവികവുമായ സ്വഭാവം മൂലം പറയാനാവാത്തതോ ആയ യാഥാര്‍ത്ഥ്യമാണ് രഹസ്യം. ഇവ അത്യന്തം ദൈവികവും പരിശുദ്ധവുമാകയാല്‍ മര്‍ത്യനായ മനുഷ്യന്‍റെ അധരങ്ങള്‍കൊണ്ട് വിവരിക്കാനാവാത്തതും മനുഷ്യബുദ്ധിയുടെ അന്വേഷണത്തിന് വിധേയമാകാത്തതും മനുഷ്യന് സംഭാഷണവിഷയമാക്കാന്‍ പാടില്ലാത്തതുമാണ്.

ഗ്രീക്കു രഹസ്യമതങ്ങളില്‍ രഹസ്യാനുഷ്ഠാനങ്ങള്‍ രക്ഷയുടെ നിഗൂഢ കര്‍മ്മങ്ങളായിരുന്നു. അവ സാധാരണ മനുഷ്യര്‍ക്ക് ആനന്ദനിര്‍വൃതി നല്കിയിരുന്നു. "ഈ വസ്തുക്കള്‍ കണ്ട ഭൂവാസി ഭാഗ്യവാനാണ്. ഈ വിശുദ്ധവസ്തുക്കള്‍ പൂര്‍ത്തിയാക്കാതെ മരിക്കുന്നവര്‍ക്ക്, അവയില്‍ പങ്കുപറ്റാത്തവര്‍ക്ക് ഇരുട്ടാര്‍ന്ന പാതാളത്തിലേക്കു പോയാലും ഇത്തരം അനുഗ്രഹങ്ങള്‍ക്ക് അവകാശമില്ല" എന്നു പറയപ്പെട്ടിരിക്കുന്നു.

രഹസ്യങ്ങള്‍ അനുഷ്ഠാനങ്ങളോട് ഏറെ ബന്ധപ്പെട്ടിരിക്കുന്നു. അവയാകട്ടെ പ്രതീകാത്മകമാണ്. വാക്കുകള്‍, പ്രവൃത്തികള്‍, അടയാളങ്ങള്‍ എന്നീ പ്രതീകങ്ങളിലൂടെയാണ് അവ നല്കപ്പെടുകയോ വെളിവാക്കപ്പെടുകയോ ചെയ്യുന്നത്. ഗ്രീക്കുരഹസ്യങ്ങള്‍ക്ക് രണ്ട് ലക്ഷ്യങ്ങളുണ്ടായിരുന്നു. സാധാരണക്കാര്‍ക്ക് മറഞ്ഞിരിക്കുന്ന ചില നിര്‍ദ്ദേശങ്ങള്‍ നല്കുക, ഉപനയനം കഴിഞ്ഞവര്‍ക്ക് മാത്രം തമ്മില്‍ തിരിച്ചറിയുവാനും മാര്‍ഗ്ഗങ്ങള്‍ അറിയിക്കുവാനുമുള്ള നിര്‍ദ്ദേശങ്ങള്‍ നല്കുക. നിഗൂഢവസ്തുക്കളെ അറിയിക്കാനുള്ള പ്രതീകങ്ങളും ഉപനയനം കഴിഞ്ഞവരെ തിരിച്ചറിയുവാനുള്ള രഹസ്യമായ അടയാളങ്ങളായിരുന്നു അവ. അതായത് രഹസ്യങ്ങളിലെ പ്രതീകങ്ങള്‍ക്ക് നിഗൂഢമാക്കുക, വെളിപ്പെടുത്തുക എന്നീ രണ്ടു ധര്‍മ്മങ്ങളും ഉണ്ട്.

1.2 കൂദാശ4

"ക്ദശ്" അഥവാ "കന്തശ്ശ്" എന്ന സുറിയാനി മൂലത്തില്‍ നിന്നുരുത്തിരിഞ്ഞതാണ് കൂദാശ എന്ന പദം. ശുദ്ധമാക്കി, പരിശുദ്ധന്‍ എന്നുപാടി എന്നൊക്കെയാണര്‍ത്ഥം. "സാക്രമെന്‍റ്" (sacrament) എന്ന ഇംഗ്ലീഷ് പദത്തിന് തത്തുല്യമായിട്ടാണ് കൂദാശ എന്ന പദം ഉപയോഗിക്കുക. "സാക്രമെന്തും" (dacramentum) എന്ന ലത്തീന്‍ പദത്തില്‍ നിന്നാണ് ഇംഗ്ലീഷ് പദം വരുന്നത്. ഇതാകട്ടെ "സാക്രാരെ" (sacrare) എന്ന ക്രിയയും മെന്തും (mentum) എന്ന പ്രത്യയവും ചേര്‍ന്നുണ്ടായതാണ്. "സാക്രാരെ" എന്നാല്‍ വിശുദ്ധമാക്കുക, ദൈവികാവകാശത്തിലുള്ളതാക്കുക എന്നാണര്‍ത്ഥം. നിശ്ചിതമായ ലക്ഷ്യം പ്രാപിക്കുക എന്ന അര്‍ത്ഥം ലഭിക്കാനാണ് "മെന്തും" എന്ന പ്രത്യയം ചേര്‍ക്കുന്നത്. അതിനാല്‍ "സാക്രമെന്തും" എന്നു പറഞ്ഞാല്‍ വിശുദ്ധീകരണ കര്‍മ്മം, വിശുദ്ധീകരിക്കുന്ന വ്യക്തി, വിശുദ്ധീകരിക്കപ്പെട്ട വസ്തു എന്നെല്ലാം അര്‍ത്ഥമാക്കുന്നു.

റോമന്‍ നിയമസമ്പ്രദായത്തില്‍ ഉപയോഗിച്ചിരുന്ന ഒരു പദമാണ് "സാക്രമെന്തും." റോമന്‍ സമ്പ്രദായത്തിലെ അഞ്ചുതരം നിയമത്തിന്‍റെ പ്രവൃത്തികളില്‍ ഒന്നാണ് സാക്രമെന്തുമിന്‍റെ നൈയാമിക പ്രവൃത്തി (Legis actio sacrament). വസ്തുക്കളുടെമേലുള്ള തര്‍ക്കങ്ങളുടെ  പരിഹാരകേസുകളില്‍ ഇത് പ്രയോഗിച്ചിരുന്നു. തര്‍ക്കവസ്തുക്കളുടെമേലുള്ള ഉടമസ്ഥാവകാശം ഇരുകക്ഷികളും ഒരു "സാക്രമെന്തും" കൊണ്ട് വെല്ലുവിളിക്കും. തര്‍ക്ക വസ്തുവിന്‍റെ വിലയ്ക്കു തുല്യമായ തുകയാണ് ഇവിടെ സാക്രമെന്തും. തര്‍ക്കത്തില്‍ ജയിക്കുന്നവര്‍ക്ക് "സാക്രമെന്തും" തിരികെ ലഭിക്കുമ്പോള്‍ പരാജിതരുടേത് പൊതുനിക്ഷേപത്തിലേക്ക് ചേര്‍ക്കും.

അതിപ്രാചീനകാലത്ത് സാക്രമെന്തും എന്നതിന് വ്യവഹാരത്തില്‍ ഈടുവയ്ക്കുന്ന വസ്തു എന്നായിരുന്നില്ല, ശപഥം എന്നായിരുന്നു അര്‍ത്ഥം. തങ്ങളുടെ അവകാശവിഭവങ്ങളുടെ നീതിയുക്തതയ്ക്ക് സാക്ഷ്യം നല്കാന്‍ സ്വര്‍ഗ്ഗത്തെ വിളിച്ചു നടത്തുന്ന ശപഥമായിരുന്നു അത്. തര്‍ക്കങ്ങളില്‍ രാജാവിന്‍റെ ഇടപെടലിനായുള്ള അപേക്ഷയാണ് സാക്രമെന്തും എന്നും കരുതപ്പെടുന്നു.

ചില കാലഘട്ടങ്ങളില്‍ സൈനികവിശ്വസ്തത തെളിയിച്ചുകൊണ്ട് റോമന്‍ പട്ടാളത്തില്‍ ചേരുന്നവര്‍ നടത്തിയിരുന്ന ശപഥം എന്ന അര്‍ത്ഥത്തില്‍ സാക്രമെന്തും എന്ന പദം ഉപയോഗിച്ചിരുന്നു. സാക്രമെന്തും അഥവാ ശപഥം വഴി പട്ടാളക്കാര്‍ സൈന്യത്തോടും അതിന്‍റെ ഉദ്യോഗസ്ഥരോടും വിശ്വസ്തത പുലര്‍ത്തുവാന്‍ കടപ്പെട്ടിരിക്കുന്നു. മാമ്മോദീസായിലൂടെ മിശിഹായ്ക്കുവേണ്ടി സൈനിക സേവനത്തിന് ഒരുവന്‍ തയ്യാറെടുക്കുകയാണ് എന്ന് തെര്‍ത്തുല്യന്‍ (160-222/3) മനസ്സിലാക്കി. സാക്രമെന്തും എന്ന സൈനിക പദം ഈ പശ്ചാത്തലത്തില്‍ മാമ്മോദീസായെ സൂചിപ്പിക്കുവാന്‍ അദ്ദേഹം ഉപയോഗിച്ചു. ഈ പദപ്രയോഗത്തിലൂടെ ഗ്രീക്കു മതങ്ങളുടെ രഹസ്യങ്ങളില്‍നിന്നു വേര്‍തിരിച്ച് ക്രൈസ്തവരഹസ്യങ്ങളെ വിശദമാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

1.3 റാസ5

പൗരസ്ത്യഗ്രീക്കു പശ്ചാത്തലത്തില്‍ "മിസ്തേരിയോണ്" (രഹസ്യം) എന്നും പാശ്ചാത്യലത്തീന്‍ പശ്ചാത്തലത്തില്‍ "സാക്രമെന്തും" (കൂദാശ) എന്നുമുള്ള പ്രയോഗത്തിന് സമാന്തരമായി പൗരസ്ത്യസുറിയാനി പശ്ചാത്തലത്തില്‍ "റാസ" എന്ന പദവും ഉപയോഗിച്ചിരുന്നു. റാസ് എന്ന പേര്‍ഷ്യന്‍ പദത്തില്‍ നിന്നാണ് സുറിയാനിയില്‍ "റാസ" എന്ന പദം ഉത്ഭവിച്ചത്.

പഴയനിയമത്തില്‍ നിഗൂഢം (secret) രഹസ്യം (mystery) എന്നിങ്ങനെ വിവര്‍ത്തനം ചെയ്യപ്പെടുന്ന "സോദ്", "റാസ്" എന്നീ രണ്ടു പദങ്ങളുണ്ട്. പരസ്പരവിശ്വാസത്തിലുള്ള രഹസ്യസംഭാഷണം, ആലോചനാ യോഗം, നിഗൂഢങ്ങളായവ, വെളിപ്പെടുത്താവുന്ന ആലോചന (ഉപദേശം), ഉറ്റവരുടെ മണ്ഡലം (കൂട്ടായ്മ), അവഗാഢമായ ഐക്യം എന്നിങ്ങനെ വിവിധ അര്‍ത്ഥങ്ങള്‍ സോദ് എന്ന പദത്തിന് വിശുദ്ധഗ്രന്ഥത്തിലുണ്ട്. "റാസ്" എന്നത് ഒരു പേര്‍ഷ്യന്‍ പദമാണ്. രഹസ്യം, പ്രതിരൂപം, കൂദാശ എന്നീ അര്‍ത്ഥങ്ങള്‍ ഈ വാക്കിനുണ്ട്. അറമായ ഭാഷയില്‍ ഈ പദം സാങ്കേതികമായ അര്‍ത്ഥത്തിലാണ് ഉപയോഗിക്കുന്നത്. വെളിപാടുപരമായി, ദൈവത്തിന്‍റെ രഹസ്യങ്ങള്‍ എന്ന് ഈ പദത്തിനര്‍ത്ഥമുണ്ട്. വിശേഷാനൂകൂല്യമായി ചുരുക്കം ചിലര്‍ക്ക് വെളിപ്പെടുത്തപ്പെട്ട ദൈവത്തിന്‍റെ നിഗൂഢ ലക്ഷ്യമെന്നാണ് അതിന്‍റെ സാങ്കേതികാര്‍ത്ഥം.

റാസാ എന്ന പദം പ്രധാനമായും ദാനിയേലിന്‍റെ പുസ്തകത്തിലാണ് പ്രയോഗിച്ചിരിക്കുന്നത്. പ്രവാചകഗ്രന്ഥങ്ങളില്‍ കാണുന്നതും എന്നാല്‍ പ്രവാചകര്‍ക്ക് വ്യക്തമായി വെളിപ്പെടുത്തി കൊടുത്തിട്ടില്ലാത്തതും സംഭവിക്കാനിരിക്കുന്നവയുമായവയെ സംബന്ധിച്ച സത്യം എന്ന അര്‍ത്ഥത്തിലാണ് വ്യാഖ്യാനങ്ങളില്‍ ഈ വാക്ക് ഉപയോഗിച്ചിരിക്കുന്നത്. മാനുഷിക ജ്ഞാനത്തിന് രഹസ്യത്തെ (റാസ) വെളിപ്പെടുത്താനാവുകയില്ല. ദൈവമാണ് രഹസ്യം വെളിപ്പെടുത്തുന്നത് (ദാനി 2:18, 19,22:27-30, 13:42).

ഈ പദങ്ങള്‍, പ്രത്യേകിച്ച് രഹസ്യം എന്ന പദം, വിശുദ്ധഗ്രന്ഥത്തിലും സഭാപിതാക്കന്മാരുടെ എഴുത്തുകളിലും ഉപയോഗിച്ചിരിക്കുന്നത് എപ്രകാരമെന്നറിയുക ഉചിതമാണ്. അവയുടെ ചുരുക്കം തുടര്‍ന്ന് വിവരിക്കുന്നു.

  1. ഗ്രീക്കു പശ്ചാത്തലം

ഗ്രീക്കുമതങ്ങള്‍: അവാച്യമായ യാഥാര്‍ത്ഥ്യങ്ങള്‍, മറഞ്ഞിരിക്കുന്നതും ഭീതിജനകവും പ്രതീകാത്മകവുമായ അനുഷ്ഠാനങ്ങള്‍, ഉപനയിക്കപ്പെട്ടവര്‍ക്ക് അഥവാ പൂര്‍ണ്ണമായും ഈ മതങ്ങളിലേക്ക് പ്രവേശനം സാധിച്ചവര്‍ക്കു മാത്രം വെളിവാക്കപ്പെടുന്ന കര്‍മ്മാനുഷ്ഠാനങ്ങള്‍, സത്യങ്ങള്‍ തുടങ്ങിയവയാണ് രഹസ്യം എന്നതുവഴി വിവക്ഷിക്കുക.

പ്ലേറ്റോ: രൂപകാത്മകമായി മാത്രം വ്യക്തമാക്കപ്പെടുന്ന ജ്ഞാനം, പൂര്‍ണ്ണമായും വ്യക്തമാക്കാതെ മറച്ചുവച്ചിട്ടുള്ള വിജ്ഞാനം, വിജ്ഞാനത്തിന്‍റെ പരിശീലനതലത്തിലേക്ക് ഉപനയിക്കപ്പെട്ടവര്‍ക്കു മാത്രം വെളിപ്പെടുത്തിക്കൊടുക്കുന്നത് എന്നിങ്ങനെയുള്ള അര്‍ത്ഥമാനങ്ങളിലാണ് പ്ലേറ്റോ രഹസ്യം എന്നത് ഉപയോഗിക്കുക.

ഫിലോ: നിഗൂഢമായ പ്രബോധനം, ദൈവത്തെ സംബന്ധിച്ച ജ്ഞാനം, പ്രത്യേകം ഉപനയിക്കപ്പെട്ടവര്‍ക്ക് മാത്രമായി ദൈവികമായി വെളിവാക്കപ്പെട്ടത്, അവിശ്വാസികളുടെ രഹസ്യങ്ങളെക്കുറിച്ചുള്ള വ്യക്തമായ വിമര്‍ശനം എന്നിവ ഫിലോയുടെ രഹസ്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടില്‍ ഉള്‍ക്കൊള്ളുന്നു.

  1. പഴയനിയമ പശ്ചാത്തലം

പഴയനിയമം: നിഗൂഢമായ ആലോചന, ആലോചനാസമിതി, ദൈവത്തിന്‍റെ ആലോചനാസമിതി, ദൈവവുമായുള്ള സ്നേഹബന്ധം, യുഗാന്ത്യവിജ്ഞാനീയം, തിരഞ്ഞെടുക്കപ്പെട്ട ദൈവജനത്തിനുള്ള പ്രതീകാത്മകമായ വെളിപാടുകള്‍ എന്നിവ രഹസ്യത്തെ സംബന്ധിച്ചുള്ള പഴയനിയമ കാഴ്ചപ്പാടില്‍ ഉള്‍ക്കൊള്ളുന്നു. ഇവിടെയും അവിശ്വാസികളുടെ രഹസ്യങ്ങളെ വിമര്‍ശിക്കുന്നുണ്ട്.

അപ്രമാണിക ഗ്രന്ഥങ്ങള്‍: ദൈവത്തിന്‍റെ യുഗാന്ത്യപരമായ പ്രവര്‍ത്തനത്തെയും ദൈവത്തിന്‍റെ വിധിനിര്‍ണ്ണയം, രക്ഷ തുടങ്ങിയവയെയും രഹസ്യം എന്നതുവഴി സൂചിപ്പിച്ചിരിക്കുന്നു. പരിപൂര്‍ണ്ണമായി മറഞ്ഞിരിക്കുന്ന ഒന്നായിരുന്നില്ല രഹസ്യം.

ഖുമ്റാന്‍: ഖുമ്റാന്‍ പശ്ചാത്തലത്തില്‍ രഹസ്യം എന്നതുവഴി ദൈവിക പദ്ധതിയെയും യുഗാന്ത്യപരമായ സത്യങ്ങളെയും എന്നാല്‍ വെളിപ്പെടുത്തപ്പെട്ട യാഥാര്‍ത്ഥ്യങ്ങളെയുമാണ് സൂചിപ്പിച്ചിരുന്നത്.

  1. പുതിയനിയമ പശ്ചാത്തലം

സുവിശേഷങ്ങള്‍: ഈശോമിശിഹായാല്‍ വെളിപ്പെടുത്തപ്പെട്ടതും ഇനിയും പൂര്‍ത്തീകരിക്കപ്പെടേണ്ടതുമായ ദൈവികരക്ഷാകരപദ്ധതിയെയാണ് സമവീക്ഷണസുവിശേഷങ്ങളില്‍ രഹസ്യം എന്നതുവഴി അര്‍ത്ഥമാക്കുക.

പൗലോസ് ശ്ലീഹായുടെ ലേഖനങ്ങള്‍: പുതിയനിയമത്തില്‍ രഹസ്യം എന്ന കാഴ്ചപ്പാടുതന്നെ വി.പൗലോസിന്‍റേതാണ് എന്നു പറയാനാവും. ഏറ്റവും കൂടുതല്‍ ഇത് ഉപയോഗിക്കപ്പെടുന്നത് പൗലോസ് ശ്ലീഹായുടെ ലേഖനങ്ങളിലാണ്.

മറഞ്ഞിരിക്കുന്നതും അതേസമയം പ്രകാശിതവുമായ ഒന്ന് എന്ന വിരോധാഭാസം ഇവിടെ ദൃശ്യമാണ്. സാര്‍ത്രിക രക്ഷയുടെ പദ്ധതി, ദൈവത്തിന്‍റെ ആലോചന (പദ്ധതി), ദൈവത്തിന്‍റെ സ്വതന്ത്രവും സ്നേഹപൂര്‍ണ്ണവുമായ ഇച്ഛാശക്തി, ഈശോമിശിഹായാല്‍ പൂര്‍ത്തിയാക്കപ്പെട്ട രക്ഷ എന്നിങ്ങനെ വിവിധ അര്‍ത്ഥഭാവങ്ങളില്‍ വി.പൗലോസ് ഇത് ഉപയോഗിക്കുന്നു. രഹസ്യം സാക്ഷാത്കരിക്കപ്പെടുന്ന മൂന്നു തലങ്ങളായി ദൈവം, മിശിഹാ, സുവിശേഷം എന്നിവ പൗലോസ് കാണുന്നു. ആകയാല്‍ ദൈവത്തിന്‍റെ രഹസ്യം, മിശിഹായുടെ രഹസ്യം, സുവിശേഷത്തിന്‍റെ രഹസ്യം എന്നിങ്ങനെയുള്ള ഉപയോഗങ്ങളും ദൃശ്യമാണ്. മിശിഹായെ രഹസ്യമെന്നു വിശേഷിപ്പിക്കുന്നു. രഹസ്യത്തിന്‍റെ ആഴമായ കാഴ്ചപ്പാടില്‍ യുഗാന്ത്യവിജ്ഞാനീയം, സഭാവിജ്ഞാനീയം, പ്രപഞ്ചവിജ്ഞാനീയം എന്നിവയും ഉള്‍പ്പെടുന്നു.

  1. സഭാപിതാക്കന്മാരുടെ കാലഘട്ടം

സഭാപിതാക്കന്മാര്‍ ദൈവവചനത്തിന്‍റെയും ദൈവികരഹസ്യങ്ങളുടെയും വ്യാഖ്യാതാക്കളായിരുന്നു. അവര്‍ വചനത്തില്‍ നിറഞ്ഞുനിന്ന രഹസ്യത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച കൂടുതല്‍ വ്യക്തമാക്കി അവതരിപ്പിച്ചു. "രഹസ്യം" എന്ന പദവും അതിന്‍റെ ഉള്ളടക്കവും തങ്ങളുടെ കാലഘട്ടത്തിലെ സംസ്കാരത്തിനും ജീവിത സാഹചര്യത്തിനും വ്യക്തമാകുംവിധം പിതാക്കന്മാര്‍ പഠിപ്പിച്ചു. രഹസ്യം എന്നാല്‍ ദൈവികമായ രക്ഷാകരപദ്ധതി എന്ന് വ്യക്തമാക്കപ്പെട്ടു.

രഹസ്യം എന്ന പദം അക്രൈസ്തവര്‍ ഉപയോഗിച്ചിരുന്ന ഒന്നായിരുന്നു എങ്കിലും സവിശേഷമായ ക്രൈസ്തവ അര്‍ത്ഥത്തോടെ അത് സഭയുടെ അനുഷ്ഠാനപരമായ കര്‍മ്മങ്ങളുടെ വിശേഷണമായി സഭാപിതാക്കന്മാര്‍ ഉപയോഗിച്ചു. വിശുദ്ധഗ്രന്ഥത്തില്‍ ഈ പദത്തിനുള്ള അര്‍ത്ഥം, അത് രഹസ്യത്തിന്‍റെ അനുഷ്ഠാനപരമായി ആഘോഷത്തെ സംബന്ധിച്ചും പ്രയോഗിക്കുവാന്‍ അവര്‍ക്ക് പ്രേരണയായി. വിശുദ്ധഗ്രന്ഥത്തിലും സഭാപിതാക്കന്മാരുടെ ഗ്രന്ഥത്തിലും രഹസ്യം എന്നതിന് ചില കര്‍മ്മാനുഷ്ഠാനങ്ങള്‍ എന്നതിനേക്കാള്‍ വിശാലമായ അര്‍ത്ഥമുണ്ട്. രഹസ്യങ്ങള്‍ മനുഷ്യദൃഷ്ടിയില്‍നിന്നും മറയ്ക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ഈശോമിശിഹായില്‍ രക്ഷയുടെ രഹസ്യങ്ങള്‍ അതുല്യമാംവിധം വെളിവാക്കപ്പെട്ടു. ദൈവത്തിന്‍റെ ജ്ഞാനവും രക്ഷാപദ്ധതിയും ദിവ്യരഹസ്യങ്ങളാണ്.

സഭയില്‍ തുടരുന്ന മിശിഹായുടെ സാന്നിധ്യവും സഭയുമായുള്ള മിശിഹായുടെ ഐക്യവും ദിവ്യരഹസ്യങ്ങള്‍തന്നെ. ഇവ കൂടാതെ മറ്റു രഹസ്യങ്ങളും വിശ്വാസജീവിതത്തില്‍ ഉണ്ടെന്നു ചരിത്രഗതിയില്‍ സഭ മനസ്സിലാക്കി. പാപപ്പൊറുതി നല്‍കുന്ന രഹസ്യം, പരിശുദ്ധാത്മാവിലുള്ള അഭിഷേകം, ഈശോയുടെ മരണത്തിന്‍റെയും ഉത്ഥാനത്തിന്‍റെയും രഹസ്യം, സഭയും പരിശുദ്ധ ത്രിത്വവുമായുള്ള ബന്ധം തുടങ്ങിയവയാണ് അവയില്‍ ചിലത്. ഈ രഹസ്യങ്ങളെ വിശ്വാസികള്‍ക്ക് വാക്കുകളിലൂടെയും പ്രതീകങ്ങള്‍ എന്നിവയിലൂടെയും സര്‍വ്വോപരി അനുഷ്ഠാനങ്ങള്‍ വെളിപ്പെടുത്തി കൊടുക്കുവാനും സഭ ശ്രദ്ധിച്ചിരുന്നു. ഇപ്രകാരമുള്ള ആരാധനാക്രമപരമായ ആഘോഷങ്ങളിലൂടെ ഈ ദിവ്യരഹസ്യങ്ങളുടെ ഒരു ലഘുദര്‍ശനം അഥവാ അനുഭവം വിശ്വാസസമൂഹത്തിന് സംലഭ്യമായി. ഇത്തരം ആഘോഷങ്ങളിലെ പ്രതീകങ്ങളും അടയാളങ്ങളും അവര്‍ ദിവ്യരഹസ്യമായി (യാഥാര്‍ത്ഥ്യം) കണ്ടിരുന്നില്ല. ഇവയിലൂടെ ദിവ്യരഹസ്യങ്ങളുമായി ഐക്യപ്പെടുന്നുഎന്നവര്‍ മനസിലാക്കി. ദൈവികരക്ഷാകരരഹസ്യങ്ങള്‍ ഇവിടെ അവര്‍ക്കായി വെളിപ്പെടുത്തപ്പെടുകയുമായിരുന്നു. "നാം നോക്കിക്കാണുന്ന വസ്തുക്കള്‍ക്ക് അതീതമായി ഒരു വസ്തു ഉണ്ടെന്ന് നാം മനസിലാക്കുമ്പോള്‍ രഹസ്യം സന്നിഹിതമാകുന്നു" എന്ന ജോണ്‍ ക്രിസോസ്തോമിന്‍റെ വാക്കുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നു.

രഹസ്യത്തെക്കുറിച്ച് തങ്ങള്‍ക്കുണ്ടായിരുന്ന ഈ ധാരണ വിശുദ്ധഗ്രന്ഥത്തോടും തങ്ങളുടെ കാലഘട്ടത്തിലെ രഹസ്യങ്ങളുടെ ആഘോഷങ്ങളോടും ബന്ധപ്പെടുത്തി സഭാപിതാക്കന്മാര്‍ ഉത്കൃഷ്ടമാക്കി.

തെര്‍ത്തുല്യന്‍ സാക്രമെന്തും (കൂദാശ) എന്ന ലത്തീന്‍പദം ഗ്രീക്കിലെ മിസ്തേറിയോണ്‍ (രഹസ്യം) എന്ന പദത്തിനു തത്തുല്യമായി പ്രയോഗിച്ചു. ലത്തീന്‍ഭാഷയിലെ മിസ്തേരിയും (രഹസ്യം) എന്ന വാക്കിന് ഗ്രീക്കിലെ മിസ്തേറിയോണ്‍ എന്നതിനോട് കൂടുതല്‍ സാമ്യമുണ്ടായിരുന്നുവെങ്കിലും ലത്തീന്‍ സഭാപിതാക്കന്മാര്‍ സാക്രമെന്തും എന്ന പദംതന്നെ കൂടുതലായി ഉപയോഗിച്ചു. സാക്രമെന്തും എന്ന പദത്തിലൂടെ രഹസ്യങ്ങളെന്നു വിശേഷിപ്പിച്ചിരുന്ന ക്രൈസ്തവ ആരാധനാക്രമപരമായ  അനുഷ്ഠാനങ്ങളെ  ഗ്രീക്കുകാരുടെ രഹസ്യാരാധനാപരമായ അനുഷ്ഠാനങ്ങളില്‍നിന്ന് വേര്‍തിരിക്കുവാന്‍ അവര്‍ പരിശ്രമിച്ചു. ഇതുവഴി ക്രൈസ്തവ ആരാധനക്രമപരമായ അനുഷ്ഠാനങ്ങളെ സൂചിപ്പിക്കുവാന്‍ സാക്രമെന്തും (കൂദാശ) എന്ന പദവും സഭയുടെ വിശ്വാസത്തിന്‍റെ ദിവ്യയാഥാര്‍ത്ഥ്യങ്ങളെ സൂചിപ്പിക്കുവാന്‍ മിസ്തേരിയും (രഹസ്യം) എന്ന പദവും പ്രയോഗിച്ചു.

സാക്രമെന്തും എന്നതിന് ഈ കാലഘട്ടത്തില്‍ സഭാപരമായ ഒരു അനുഷ്ഠാനം എന്ന അര്‍ത്ഥമാണ് ഉണ്ടായിരുന്നത്. ഈ അനുഷ്ഠാനത്തിലെ പ്രതീകാത്മകപ്രാധാന്യമുള്ള എല്ലാ അംശത്തെയും അത് സൂചിപ്പിച്ചു. രഹസ്യം എന്നതുകൊണ്ട് സൂചിതമായിരുന്ന എല്ലാ യാഥാര്‍ത്ഥ്യങ്ങളും സാക്രമെന്തും എന്ന പദവും ഉള്‍ക്കൊണ്ടിരുന്നു.

രഹസ്യം എന്ന പദപ്രയോഗത്തിന്‍റെ വ്യത്യസ്ത കാലഘട്ടങ്ങളിലും രചനകളിലും കാണുന്ന അര്‍ത്ഥമാനങ്ങളിലേയ്ക്ക് ഒന്ന് എത്തിനോക്കുന്നത് ഇതിന്‍റെ ആഴമായ അര്‍ത്ഥം വ്യക്തമാക്കുവാന്‍ സഹായിക്കും.

  1. ലത്തീന്‍ സഭാപിതാക്കന്മാരും എഴുത്തുകാരും:

അവിശ്വാസികളുടെ രഹസ്യങ്ങള്‍ക്കെതിരേ ശക്തമായി പ്രതികരിക്കുന്ന വി.ജസ്റ്റിന്‍ അവയ്ക്ക് മുമ്പില്‍ മിശിഹായില്‍ വെളിവാക്കപ്പെട്ട ദൈവിക മനുഷ്യാവതാരം, മരണം, ഉത്ഥാനം എന്നിവയെ രഹസ്യമായി അവതരിപ്പിക്കുന്നു. മാമ്മോദീസ, സ്ഥൈര്യലേപനം, പരിശുദ്ധ കുര്‍ബാന എന്നീ ആരാധനാക്രമ അനുഷ്ഠാനങ്ങളിലൂടെ മിശിഹായുടെ ജീവിത മരണോത്ഥാനങ്ങളോട് നാം പങ്കുചേരുന്നു. ഈ ആഘോഷങ്ങളെയും ജസ്റ്റിന്‍ രഹസ്യമെന്നാണ് വിശേഷിപ്പിക്കുക.

അവിശ്വാസികളുടെ രഹസ്യങ്ങള്‍ക്കെതിരേ പ്രതികരിക്കുന്ന റോമിലെ ക്ലെമന്‍റ് ഈ പദംകൊണ്ട് രക്ഷാകരവും വിശുദ്ധഗ്രന്ഥാധിഷ്ഠിതവുമായ ക്രൈസ്തവരഹസ്യങ്ങളെ അവതരിപ്പിക്കുന്നു. മാമ്മോദീസായും വിശുദ്ധ കുര്‍ബാനയും അദ്ദേഹവും രഹസ്യമായിട്ടാണ് കാണുക.

തെര്‍ത്തുല്യനാവട്ടെ വിശുദ്ധീകരണ മാര്‍ഗ്ഗങ്ങളായ പല അനുഷ്ഠാനങ്ങളും ചട്ടങ്ങളും രഹസ്യമായി ദര്‍ശിച്ചു. മാമ്മോദീസായും വിശുദ്ധ കുര്‍ബാനയും അദ്ദേഹത്തിന് രഹസ്യങ്ങളാണ്. തെര്‍ത്തുല്യന്‍റെ ഗ്രന്ഥങ്ങളില്‍ രഹസ്യമെന്നതിന് വിശ്വാസത്തിന്‍റെ മുദ്ര, രൂപം, മുന്‍ചിത്രീകരണം, പ്രവചനം എന്നീ അര്‍ത്ഥങ്ങള്‍ കാണാനാവും. കൂടാതെ മറഞ്ഞിരിക്കുന്ന വിശുദ്ധ രഹസ്യങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ദൈവത്തിന്‍റെ, മനുഷ്യനെക്കുറിച്ചുള്ള രക്ഷാപദ്ധതിയും രഹസ്യമാണ്. രഹസ്യങ്ങള്‍ വെളിപ്പെടുത്തപ്പെടുന്നതായിട്ട് അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്.

  1. ഗ്രീക്കു ഗ്രന്ഥകാരന്മാര്‍

ഒറിജന്‍ ക്രൈസ്തവവിശ്വാസം മുഴുവനും രഹസ്യമെന്ന വിശേഷണത്തില്‍ വിശദമാക്കുന്നു. ഈശോമിശിഹാ, മിശിഹാ സംഭവങ്ങള്‍, വിശുദ്ധ ഗ്രന്ഥം, സഭ, സഭാത്മക ആചാരാനുഷ്ഠാനങ്ങള്‍ എന്നിവയും ദിവ്യരഹസ്യങ്ങളായിട്ടാണ് ഒരിജന്‍ കാണുക. സഭാത്മകാനുഷ്ഠാനങ്ങളില്‍ പ്രത്യേകം മാമ്മോദീസായും വിശുദ്ധ കുര്‍ബാനയും രഹസ്യങ്ങളായി അദ്ദേഹം വിവരിക്കുന്നു.

നിഗൂഢങ്ങളായ രക്ഷാകരയാഥാര്‍ത്ഥ്യങ്ങളെ വിശുദ്ധ അംബ്രോസ് രഹസ്യമെന്നു വിശേഷിപ്പിക്കുന്നു. ഇവയെത്തന്നെ സാക്രമെന്തും എന്ന പദം കൊണ്ട് അദ്ദേഹം വിശദീകരിക്കുന്നു. ഈശോമിശിഹായോടുകൂടെയുള്ള പങ്കാളിത്തം രഹസ്യമാണ്. മാമ്മോദീസാ, സ്ഥൈര്യലേപനം, വിശുദ്ധ കുര്‍ബാന എന്നിവയെ രഹസ്യമെന്നും സാക്രമെന്തും എന്നും അംബ്രോസ് വിശേഷിപ്പിക്കുന്നുണ്ട്.

അവിശ്വാസികളുടെ ആരാധനാപരമായ രഹസ്യങ്ങള്‍ക്കെതിരേ ശക്തമായി എഴുതുന്ന ജോണ്‍ ക്രിസോസ്തോം രക്ഷാകര ചരിത്രത്തെയും മുന്‍പ്രതിരൂപങ്ങളെന്ന നിലയില്‍ പഴയനിയമസംഭവങ്ങളെയും രഹസ്യങ്ങളായി അവതരിപ്പിക്കുന്നു. മാമ്മോദീസാ, വിശുദ്ധ കുര്‍ബാന എന്നിവയിലൂടെ രക്ഷാകരരഹസ്യങ്ങളിലുള്ള ഭാഗഭാഗിത്വം സാധിക്കുന്നതായും അദ്ദേഹം വിശദമാക്കുന്നു.

  1. സുറിയാനി ഗ്രന്ഥകാരന്മാര്‍

റാസ എന്ന സുറിയാനി പദത്തിലൂടെ രഹസ്യം എന്ന ഉള്‍ക്കാഴ്ച സുറിയാനി ഗ്രന്ഥങ്ങളിലും നിറഞ്ഞു നില്‍ക്കുന്നു. അഫ്രാഹ്ത്ത് തന്‍റെ രചനകളില്‍ രക്ഷാകരമായ രഹസ്യങ്ങളെ വിശദീകരിക്കുന്നു. രഹസ്യം മറഞ്ഞിരിക്കുന്നു എന്നതിലുപരി വെളിപ്പെടുത്തപ്പെട്ടതുമായ ഒരു യാഥാര്‍ത്ഥ്യമാണ്. അദ്ദേഹത്തിന്‍റെ രഹസ്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് ഏറെ പഴയനിയമാധിഷ്ഠിതമാണ്. മാമ്മോദീസ, വിശുദ്ധ കുര്‍ബാന ഇവ രഹസ്യങ്ങളില്‍ ഉള്‍പ്പെടുന്നു.

സുറിയാനി സഭാപിതാവായ അപ്രേം രഹസ്യത്തിലുള്ള വെളിപാടിനെക്കുറിച്ച് എഴുതുന്നുണ്ട്. പ്രതീകങ്ങളും രഹസ്യമാണ് (റാസയാണ്). ഈശോയുടെ പിളര്‍ക്കപ്പെട്ട പാര്‍ശ്വത്തില്‍ മറഞ്ഞിരിക്കുന്ന രഹസ്യങ്ങളെക്കുറിച്ച് അപ്രേം എഴുതുന്നു. വിശുദ്ധ കുര്‍ബാന റാസയാണ്, രഹസ്യമാണ്.

  1. ഉപസംഹാരം

വിവിധ കാലഘട്ടങ്ങളിലും പശ്ചാത്തലങ്ങളിലും രഹസ്യം എന്നതിനുള്ള അര്‍ത്ഥമാനങ്ങളും വിശദീകരണങ്ങളും മുകളില്‍ സൂചിപ്പിച്ചതില്‍നിന്നും വ്യക്തമായി. രഹസ്യം എന്നതിന് ക്രൈസ്തവ പശ്ചാത്തലത്തില്‍ പൊതുവായ ചില അടിസ്ഥാന സവിശേഷതകള്‍ ഇവിടെ ദൃശ്യമാണ്. 1) അവിശ്വാസികളുടെ രഹസ്യങ്ങള്‍ക്കെതിരാണ്. 2) മറഞ്ഞിരിക്കുന്നതും വെളിവാക്കപ്പെട്ടതുമാണ്. 3) രക്ഷാകരമാണ്. 4) യുഗാന്ത്യോന്മുഖമാണ്. 5) പ്രതീകാത്മകം അഥവാ അനുഷ്ഠാനപരമാണ്. 6) ദൈവികസത്തയുമായി ബന്ധമുള്ളവയാണ്.

ഇതില്‍നിന്നും ക്രൈസ്തവരഹസ്യത്തെ നിര്‍വചിക്കാവുന്നതാണ്. പ്രതീകാത്മകമായി വെളിപ്പെടുത്തപ്പെട്ടിട്ടുള്ള നിഗൂഢമായ രക്ഷാകര യാഥാര്‍ത്ഥ്യമാണ് ക്രൈസ്തവ രഹസ്യം. വിരോധാഭാസങ്ങള്‍ ഏറെ ഇതില്‍ നമുക്ക്  ദൃശ്യവുമാണ്: മറഞ്ഞിരിക്കുന്നു-വെളിപ്പെടുത്തപ്പെടുന്നു, സംഭവിച്ചു-ഇനിയും സംഭവിക്കാനിരിക്കുന്നു (യുഗാന്ത്യോന്മുഖമാണ്), ചരിത്രപരം-ചരിത്രാതീതം, ഈ ലോകത്തില്‍ അന്തര്‍ഭവിച്ചിരിക്കുന്നു-സര്‍വ്വാതിശായിയായിരിക്കുന്നു, വസ്തുനിഷ്ഠം-ആദ്ധ്യാത്മികവും ദൈവികവുമാണ്, ഭൂത-വര്‍ത്തമാന-ഭാവി കാലങ്ങളെ ഉള്‍ക്കൊള്ളുന്നു.

കൂദാശകള്‍ ക്രൈസ്തവരഹസ്യങ്ങളാണ് എന്നും രഹസ്യത്തെക്കുറിച്ചുള്ള പഠനം വ്യക്തമാക്കി. കൂദാശകളാകുന്ന രഹസ്യങ്ങളെ ഈ വീക്ഷണപാതയില്‍ നിര്‍വചിക്കുന്നത് അവയുടെ പ്രാഥമികമായ കാഴ്ചപ്പാട് വ്യക്തമാക്കുവാന്‍ സഹായിക്കും. ഈശോമിശിഹായില്‍ യാഥാര്‍ത്ഥ്യമാക്കപ്പെട്ട അവാച്യവും യുഗോന്ത്യോന്മുഖവുമായ രക്ഷാകരരഹസ്യങ്ങളുടെ വെളിപാടുസംഭവങ്ങളാണ് കൗദാശികരഹസ്യങ്ങള്‍. പ്രതീകങ്ങളിലൂടെയാണ് അവ രക്ഷാകരരഹസ്യങ്ങളെ വെളിപ്പെടുത്തുക. സഭാത്മക ആഘോഷത്തില്‍ അവയെ നമുക്ക് അനുഭവിക്കുവാന്‍ കഴിയുന്നു. ഈ മിശിഹാരഹസ്യങ്ങളുടെ ആഘോഷത്തില്‍ പങ്കുകാരാകുന്നതുവഴി നമുക്ക് ദൈവപിതാവിനോടും പരിശുദ്ധാത്മാവിനോടും ഈശോമിശിഹായില്‍ വ്യക്തിപരമായ ഐക്യം/ അനുരഞ്ജനം സാധ്യമാവുകയും ചെയ്യുന്നു.

കൂദാശകള്‍ രക്ഷാകരരഹസ്യങ്ങളുടെ പ്രതീകങ്ങളിലൂടെയുള്ള വെളിപാടുകളാണ്. ഇതു മനസ്സിലാക്കുവാന്‍ പ്രതീകങ്ങളുടെ പ്രത്യക്ഷീകരണസ്വഭാവം വ്യക്തമായി മനസ്സിലാക്കണം. പ്രതീകങ്ങള്‍ കൂദാശകളില്‍ രക്ഷാകരരഹസ്യങ്ങളെ പ്രത്യക്ഷീകരിക്കുന്നു. ഈ രഹസ്യങ്ങള്‍ പ്രതീകങ്ങളിലൂടെ ഒരു സംഭവമായി നമുക്ക് അനുഭവവേദ്യമാകുന്നു. ഉദാ: അപ്പവും വീഞ്ഞുമാകുന്ന പ്രതീകങ്ങളില്‍ മിശിഹായുടെ ശരീരരക്തങ്ങള്‍ നമുക്കു മുമ്പില്‍ പ്രത്യക്ഷമാകുന്നു. ഇത് വലിയൊരു സംഭവമാണ്. ജീവിതാനുഭവമായി അതു തീരുന്നു.

കൂദാശകളില്‍ പ്രത്യക്ഷീഭവിക്കുന്ന സംഭവങ്ങള്‍ അനുഭവിക്കുവാനും അതുവഴി ദൈവികബന്ധങ്ങളിലേക്ക് കടക്കുവാനും നമുക്ക് സാധിക്കുന്നു. ഇത് എങ്ങനെ സാധ്യമാകുന്നു എന്നത് ഒരു പ്രശ്നമായി അവശേഷിക്കാം. കൗദാശികരഹസ്യങ്ങളുടെ വെളിപാടുപരമായ ഈ ദര്‍ശനത്തെ സംബന്ധിച്ച സുപ്രധാനമായ പ്രസ്തുത ചോദ്യത്തിന് ആധുനിക "പ്രതീക ദൈവശാസ്ത്രത്തിന്ഏ"റെ വിശദീകരണം നല്‍കുവാനാകും. അതിലേക്കാണ് നാമിനി പ്രവേശിക്കുക.

 

ഡോ. തോമസ് പൂവത്താനിക്കുന്നേല്‍

The mysteries of God catholic malayalam theological explanations Dr. Thomas Poovathanikkunnel Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message