We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : G. Ricciotti, Translator-Thomas Nadakal On 24-Aug-2022
യേശുവിന്റെ ജൻമനാട്
1. തെക്കൻ സിറിയയെയും ഈജിപ്റ്റിനെയും തമ്മിൽ യോജിപ്പിക്കുന്ന മെഡിറ്ററേനിയൻ തീരപ്രദേശത്താണ് യേശു ജീവിച്ചിരുന്നത്. ശതാബ്ദങ്ങളായി ആ പ്രദേശത്തിനു വിവിധ നാമങ്ങളും വ്യത്യസ്ത അതിരുകളുമുണ്ടായിരുന്നു. ഹെറഡോട്ടസ് വിളിച്ചതുപോലെ തന്നെ ഇന്നും അത് പലസ്തീന എന്ന പേരിലറിയപ്പെടുന്നു. അതിന്റെ അതിർത്തികൾ ഭാഗികമായി പ്രകൃതിദത്തവും ഭാഗികമായി മനുഷ്യനിർമ്മിതവുമായിരുന്നു.
പലസ്തീനയുടെ പടിഞ്ഞാറ് മെഡിറ്ററേനിയൻ കടൽ, കിഴക്ക് സീറോ-അറേബ്യൻ മരുഭൂമി; വടക്കും തെക്കുമുള്ള അതിരുകൾ അത്ര വ്യക്തമായി പ്രകൃതിദത്തങ്ങളെന്നു പറഞ്ഞുകൂടാ. എങ്കിലും വടക്കുള്ള ലെബനോൻ പർവ്വതനിര പ്രകൃതിസഹജമായ അതിർത്തിയായി ഗണിക്കാം. ഈ പർവ്വതനിര മെഡിറ്ററേനിയൻ കടലിനു സമാന്തരമായി താഴോട്ടു വ്യാപിച്ചു കിടക്കുന്നു. അതിനുള്ളിലുള്ള ഭൂവിഭാഗം ആൻറി-ലെബനോൻ പർവ്വതനിരകളാൽ ചുറ്റപ്പെട്ടു കിടക്കുന്നു. ആൻറി-ലെബനോൻ പർവ്വതനിരയിൽ തലയുയർത്തി നില്ക്കുന്നു ഹെർമോൺ കൊടുമുടി. ഹെർമോണും ലെബനോനുമിടയ്ക്കുള്ള ചുരം പലസ്തീനയുടെ വടക്കേ അതിരായി കണക്കാക്കാം. ചാവുകടലിനും ബീർഷേബായ്ക്കും തെക്കുള്ള മരുപ്രദേശവും ഇദുമേയായുമാണ് തെക്കേ അതിർത്തി. ഈ രണ്ടു അതിർത്തികളെയും എബ്രായർ അധിവസിച്ച പലസ്തീനയുടെ ഭാഗത്തെയും സൂചിപ്പിക്കുന്ന ഒരു പഴയ നിയമശൈലിയാണു 'ദാൻ മുതൽ ബീർഷേബാവരെ'' എന്നത്.
പലസ്തീനയുടെ സ്ഥാനം ഉത്തരഅക്ഷാംശം 31' 20" ഡിഗിയുടേയും പൂർവ്വരേഖാംശം 34' 20"-ഉം 36' ഡിഗ്രിയുടെയും ഇടയിലാണ്. ലെബനോൻ പർവ്വതത്തിന്റെ തെക്കേ താഴ്വരയിൽ നിന്ന് ബീർഷബാവരെയുള്ള ഈ രാജ്യത്തിന്റെ നീളം 153 മൈൽ ആണ്. അതിന്റെ വീതി വ്യത്യസ്തമാണ്, വടക്കു 23 മൈൽ മുതൽ തെക്ക് 93 മൈൽ വരെ. ജോർദാൻ നദിക്കു പടിഞ്ഞാറ് 6000 ച. മൈലും കിഴക്ക് 3660 ച. മൈലുമാണ് വിസ്തീർണ്ണം. ആകെ 9700 ച. മൈൽ. അവഗണനീയമായ അതിന്റെ വിസ്താരവും ധാർമ്മികമായ അതിന്റെ പ്രാധാന്യവും തമ്മിലുള്ള അന്തരം വി. ജെറോമിനെ ഇങ്ങനെ പറയാൻ ഇടയാക്കി: "വിജാതീയർക്കു പരിഹസിക്കാനുള്ള വക നല്കുകയാണോ എന്ന ഭയത്താൽ വാഗ്‌ദത്ത ഭൂമിയുടെ വിസ്‌തൃതിയെപ്പറ്റി വർണ്ണിക്കാൻ ഞങ്ങൾ മടിക്കുന്നു'' (Epist, 129, 4).
2. അഗാധമായ ഒരു വിള്ളൽ മൂലമാണ് ഈ പ്രദേശം മുഴുവൻ മേൽ പ്രസ്താവിച്ചതുപോലെ രണ്ടായിട്ടു വിഭജിക്കപ്പെട്ടിരിക്കുന്നത്. പ്രസ്തുത വിള്ളലിലൂടെ ജോർദാൻ നദി ഒഴുകുന്നു. ഭൂഗോളത്തിലെ ഭൂഗർഭശാസ്ത സംബന്ധമായ ഒരു ഒറ്റപ്പെട്ട പ്രതിഭാസമത്രെ ഈ വിള്ളൽ. ഈ പിളർപ്പ് ററാവുരൂസ് പർവ്വതത്തിന്റെയും ലെബനോൻ പർവ്വതനിരയുടെയും, ആന്റി-ലെബനോൻ പർവ്വതനിരയുടെയും ഇടയിലൂടെ വ്യാപിച്ചു തെക്കോട്ടു നീങ്ങുന്നു. തെക്കോട്ടു പോകുന്തോറും അതിന്റെ ആഴം ഏറിവരുകയും ചാവുകടലിനടുത്താകുമ്പോൾ ആഴം കൂടുതൽ വർദ്ധിക്കുകയും ചെയ്യുന്നു. അവിടെനിന്ന് അത് സീനാ ഉപദ്വീപിന്റെ കിഴക്കുഭാഗത്തുകൂടി നീങ്ങി ചെങ്കടൽവരെ എത്തുന്നു. ദാനിനു മുകൾഭാഗത്ത് ഈ പിളർപ്പ് മെഡിറ്ററേനിയൻ കടൽനിരപ്പിൽനിന്ന് 1696 അടി ഉയരത്തിലാണ്. എന്നാൽ, അവിടെനിന്ന് ആറുമൈൽ തെക്കോട്ടു നീങ്ങി ഹുലേ തടാകത്തിലെത്തുമ്പോൾ വെറും ആറടിയാണു കടൽ നിരപ്പിൽനിന്നുള്ള ഉയരം. അവിടെനിന്ന് പത്തുമൈൽകൂടി തെക്കോട്ടുചെന്ന് തിബേരിയസ് തടാകവുമായി സന്ധിക്കുന്നിടത്തു 682 അടി സമുദ്രനിരപ്പിനു താഴെയാണ്. തടാകത്തിന്റെ അടിത്തട്ടാകട്ടെ പിന്നെയും 148 അടി താഴെയും. ചാവു കടലിനോടടുക്കുന്നിടത്തു അതിന്റെ ജലനിരപ്പ് മെഡിറ്ററേനിയൻ കടൽ നിരപ്പിൽ നിന്നു 1292 അടി താഴെയത്രേ; ചാവുകടലിന്റെ അടിത്തട്ടാകട്ടെ 1300 അടി താഴ്ചയിലും. ഭൂഗോളത്തിൽ അറിയപ്പെടുന്നവയിൽ ഏറ്റവും അത്യഗാധമായ വിള്ളലാണിതെന്നു പറയാം.
പലസ്തീനയിലെ ഏകസുപ്രധാന നദിയാണ് ജോർദാൻ. അതുല്യമായ ഈ ഇടുക്കിലൂടെ അതു ഒഴുകുന്നു. അതിന്റെ ആരംഭം ഹെർമോൺ പർവ്വതത്തിൽനിന്നുമാണ്. അതിന്റെ ഗതിയിലാണു ഹുലേ തടാകവും തിബേരിയസ് തടാകവും. സമുദ്രത്തിലല്ല, ചാവുകടലിലാണു ജോർദാൻ പതിക്കുന്നത്. റോമൻ ചരിത്രകാരനായ റ്റാസിറ്റസ് തന്റെ സംക്ഷിപ്ത ശൈലിയിൽ ജോർദാൻ നദിയെക്കുറിച്ചു ഇങ്ങനെ എഴുതുന്നു: ''ഈ ജോർദാൻ നദി സമുദ്രത്തിൽ പതിക്കുന്നില്ല. അത് നിർബാധം ഒഴുകി ഒന്നിനു പിറകെ ഒന്നായി രണ്ടു തടാകങ്ങൾ (ഹുലേയും തിബേരിയസും) മറികടന്ന് മൂന്നാമതൊരു തടാകത്തിൽ (ചാവുകടലിൽ) ലയിക്കുന്നു (Hist., V, 6).
ഉത്ഭവസ്ഥാനത്തുനിന്ന് ഹുലേ തടാകം വരെയുള്ള ജോർദാന്റെ നീളം 25 മൈൽവരും. ആ തടാകത്തിന് ഒൻപതുമുതൽ പതിനഞ്ചുവരെ അടി ആഴവും ഏകദേശം നാല് മൈൽ വീതിയുമുണ്ട്. ജോർദാൻ നദി അവിടെ നിന്നു താഴോട്ടൊഴുകി പുരാതന കാലത്തു ഗെനെസറത്തെന്നു വിളിക്കപ്പെട്ടിരുന്ന തിബേരിയാസ് തടാകത്തിലെത്തുന്നു. മുട്ടയുടെ ആകൃതിയുള്ള പ്രസ്തുത തടാകത്തിന്റെ കൂടിയവീതി ഏഴരമൈൽ നീളം പതിമൂന്നുമൈൽ. തിബേരിയാസ് തടാകത്തിൽനിന്ന് ജോർദാൻ അതിന്റെ തെക്കോട്ടുള്ള ഗതി പൂർത്തിയാക്കി അറുപത്തെട്ടു മൈൽ അകലെയുള്ള ചാവുകടലിലെത്തുന്നു. വളഞ്ഞുപുളഞ്ഞു ഒഴുകുന്നതുകൊണ്ട് നദിയുടെ ആ ഭാഗത്തെ നീളം കാണാൻ അറുപത്തെട്ടു മൈലിനെ രണ്ടുകൊണ്ടു ഗുണിച്ചേ മതിയാവൂ. ആദ്യഭാഗങ്ങളിൽ നദിയുടെ ശരാശരി വീതി 80 അടിയും ആഴം ആറുമുതൽ ഒൻപത് അടിവരെയുമാണ്. നദിയുടെ തീരങ്ങളിൽ അതിനിബിഡമായി സസ്യജാലങ്ങൾ തഴച്ചു വരുന്നു. പക്ഷേ, ചാവുകടലിനു ആറുമൈൽ വടക്കുമുതൽ സസ്യജാലങ്ങൾ കുറഞ്ഞുവരുന്നു. ആ ഭാഗത്തു നദീജലം ഉപ്പുരസം കലർന്നതാണ്. ആഴം കുറഞ്ഞതും വീതി (231 അടി) കൂടിയതുമാണ് ഈ ഭാഗം .
3. ലെബനോൻ പർവ്വതസാനുക്കളുടെ തെക്കു മുതൽ കർമ്മെല മലവരെയുള്ള മെഡിറ്ററേനിയൻ തീരത്തിനു ഒന്നൊന്നരമൈൽ മുതൽ ഏതാണ്ട് നാലു മൈൽവരെ വീതിയുണ്ട്. അതിനു കിഴക്കായിട്ടാണ് ഉൾപ്രദേശത്തെ പീഠഭൂമി. വടക്കുള്ള ടയർ -അത് പൂർവ്വകാലത്തു ഒരു ദ്വീപായിരുന്നു_ ഒഴിച്ച്, കർമ്മെല മലയ്ക്കടുത്തുള്ള അക്രെ (Ptolemais) ഹായ്ഫ എന്നീ പ്രകൃതിദത്തമായ രണ്ടു ഇടത്തരം തുറമുഖങ്ങൾ മാത്രമേ ഈ തീരത്തുള്ളൂ. ഈ അടുത്തകാലത്തു ബിട്ടീഷുകാർ ഹായ്ഫാ തുറമുഖം വിപുലപ്പെടുത്തുകയുണ്ടായി. കർമ്മെല മുതൽ ഗാസാവരെയുള്ള തീരം ഋജ്ജുവും ഒരേ രീതിയിലുള്ളതുമാണ്. ആ തീരത്തിന്റെ തെക്കുഭാഗത്തിനു പന്ത്രണ്ടരമൈൽ വീതിയുണ്ട്. ജാഫാ എന്ന ഒരു രണ്ടാംകിട തുറമുഖം മാത്രമേ ഈ തീരത്തുള്ളൂ. നൈൽനദി ഒഴുക്കിക്കൊണ്ടുവരുന്ന മണൽപ്പരപ്പാണി തീരം. തുറമുഖങ്ങൾക്കുവേണ്ടി പ്രകൃതിദത്തമായ സൗകര്യങ്ങളൊന്നും അവിടെയുണ്ടായിരുന്നില്ല. മഹാനായ ഹോറോദേസിന്റെ നിർബന്ധബുദ്ധിയും സമ്പത്തുമാണ് മനോഹരമായ സീസറിയ തുറമുഖത്തിന്റെ ഉത്ഭവത്തിനു നിദാനം. നാശനഷ്ടങ്ങളുടെ പഴയ പ്രതാപം വിളിച്ചറിയിക്കുന്ന ചരിത്രകാരനായ ഫ്ളാവിയസ് ജോസിഫസ് ഈ തുറമുഖനഗരത്തെക്കുറിച്ച് സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട് (Wars of the Jews, 1, 408- 415). കർമ്മെൽ മുതൽ ജാഫാ വരെയുള്ള തീരപ്രദേശം ഷാരോൺ എന്ന പേരിലറിയപ്പെടുന്നു. അതിന്റെ മനോജ്ഞതയ്ക്കു ബൈബിൾ സാക്ഷ്യം വഹിക്കുന്നു. ജാഫായ്ക്കുതെക്കുള്ള തീരമാണ് യഥാർത്ഥത്തിൽ ഫിലിസ്തിയ എന്ന പേരിൽ അറിയപ്പെടുന്ന ഫിലിസ്തിയാക്കാരുടെ ദേശം. പില്ക്കാലത്തു പലസ്തീന മുഴുവൻ പ്രസ്തുത പേരിൽ അറിയപ്പെടാൻ തുടങ്ങി. ജോർദാൻ നദിക്കു പടിഞ്ഞാറു കിടക്കുന്ന ഭൂവിഭാഗം എസ്ഡ്രേലോൺ താഴ്വരയാൽ രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഈ താഴ്വര കാർമ്മെലിന്റെ വടക്കു നിന്ന് തെക്കുകിഴക്കോട്ടു നീണ്ടു നിവർന്നു കിടക്കുന്നു. അതിന്റെ വടക്കു ഭാഗമാണ് ഗലീലി. ഗലീലിയുടെ വടക്കു ഭാഗം ചെറിയ മലകളുടെ നാടാണ്. ഗലീലിയുടെ തെക്കുഭാഗത്തു അത്രതന്നെ മലകളില്ല. അവിടമാണു യേശുവിന്റെ സ്വദേശം_ ക്രിസ്തുമതത്തിന്റെ പിള്ളത്തൊട്ടി.
എന്നാൽ, പൗരാണിക എബ്രായ ചരിത്രത്തിൽ ഈ പ്രദേശത്തിനു ഒട്ടും പ്രാധാന്യമില്ലായിരുന്നു. കാരണം, ആ പ്രദേശം യഹൂദരുടെ കേന്ദ്രമായ തെക്കുഭാഗത്തുനിന്നു വിദൂരത്തിലും അവിടുത്തെ യഹൂദജനസംഖ്യ എണ്ണത്തിൽകുറവുമായിരുന്നു. എസ്ഡ്രേലോൺ താഴ്വരയുടെ തെക്കു ഭാഗത്തായി ആദ്യം സമരിയായും തുടർന്നു യൂദയായും കിടക്കുന്നു. രണ്ടും കിഴക്കോട്ടു ചരിഞ്ഞു കിടക്കുന്ന മലമ്പ്രദേശങ്ങളാണ്. കിഴക്കുഭാഗത്തു മരുപ്രദേശങ്ങളുമുണ്ട്. യേശുവിന്റെ കാലത്തെ ഗലീലി, സമരിയ, യൂദയാ എന്നീ മൂന്നു പ്രദേശങ്ങളും ഫ്ളാവിൻസ് ജോസിഫസിന്റെ വിവരണത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്(Wars of the Jews, III, 35-58).
4. യേശുവിന്റെ കാലത്ത് ജറുസലം കേന്ദ്രമായുള്ള യൂദയാ ആയിരുന്നു യഹൂദരുടെ ശക്തിദുർഗ്ഗം. അതിന്റെ വടക്കു സ്ഥിതി ചെയ്തിരുന്ന സമരിയ മതപരമായും വർഗ്ഗപരമായും യുദയായിൽ നിന്നും തികച്ചും വിഭിന്നമായിരുന്നു. ബി. സി. എട്ടാം നൂറ്റാണ്ടിന്റെ അവസാനം അസ്സീറിയാക്കാർ വൈദേശികരായ കുടിയേറ്റക്കാരെ സമരിയായിൽ കുടിയിരുത്തി. അവിടെ അവശേഷിച്ചിരുന്ന യഹൂദ കർഷകരുമായി അവർ ക്രമേണ വിവാഹബന്ധത്തിലേർപ്പെട്ടു. അങ്ങനെയുണ്ടായ സങ്കര വർഗ്ഗത്തിന്റെ സന്തതി പരമ്പരകളായിരുന്നു സമരിയാക്കാർ. യാഹ്വിസത്തെ അഥവാ യഹൂദരുടെ ഏകദൈവവിശ്വാസത്തെ അവർ കുറച്ചൊക്കെ വിലമതിച്ചിരുന്നെങ്കിലും ആദ്യകാലത്ത് അവർ വിഗ്രഹാരാധകരായിരുന്നു. പില്കാലത്ത് അവർ തങ്ങളുടെ മതത്തെ വിഗ്രഹാരാധനയിൽ നിന്നു വിമുക്തമാക്കി ശുദ്ധീകരിച്ചു. ബി. സി. നാലാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ ഗരിസീം മലയിൽ അവരുടേതായ ആരാധനാലയവും അവർ സ്ഥാപിച്ചു. ജറുസലത്തെ യഹൂദ ദേവാലയത്തിനെതിരായിട്ടെന്നപോലെ. ഗരിസീമും അവിടത്തെ ദേവാലയവുമാണ് യാഹ്‌വെയുടെ നിയമാനുസൃത ആരാധനാ കേന്ദ്രമെന്നും അതുപോലെതന്നെ തങ്ങൾക്കാണു ഗോത്രപിതാക്കളുടെ വിശ്വാസനിക്ഷേപം അഥവാ പൈതൃകം ലഭിച്ചിരിക്കുന്നതെന്നും അവർ കരുതി. ഇതൊക്കെക്കാരണം യഹൂദരും സമരിയക്കാരും തമ്മിൽ അതിരൂക്ഷവും സ്ഥായിയുമായ ശത്രുത നിലനിന്നുപോന്നു. ഗലീലിയിലെ യഹൂദരുടെ സമരിയായിലൂടെ തെക്കോട്ടുള്ള യാത്രയും തെക്കുള്ള യഹൂദരുടെ വടക്കോട്ടുള്ള യാത്രയും പരസ്പര ശത്രുത പ്രാവർത്തികമാക്കുന്നതിനുവേണ്ട അവസരങ്ങൾ ധാരാളം നല്കിയിരുന്നു. പുരാതന രേഖകളെല്ലാം ഈ ശത്രുത ശരിവച്ചിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഗരിസീം മലയടിവാരത്തു ജീവിക്കുന്ന പാവപ്പെട്ട സമരിയാക്കാരുടെയിടയിൽ ഇന്നുമുണ്ട് ഈ ശത്രുതമനോഭാവം.
ജോർദാൻ നദിയുടെ കിഴക്കുള്ള ഭൂവിഭാഗവും ഒരു മലമ്പ്രദേശമാണ്. പണ്ട് അവിടം സസ്യനിബിഡമായിരുന്നു. യഹൂദർ ഈ സ്ഥലം പൂർണ്ണമായി തങ്ങളുടെ അധീനതയിലാക്കിയിരുന്നില്ല. ഗ്രീക്കു സംസ്കാരത്തിന്റെയും ഗ്രീക്കുകാരുടെയും വരവിനുമുമ്പ് വളരെയേറെ ആരാമായ കുടിയേറ്റക്കാർ അവിടെ നിവസിച്ചിരുന്നു. പ്രത്യേകിച്ച് വടക്കു ഭാഗത്ത്. പിന്നീട് ഗ്രീക്കുകാർ അവിടം തങ്ങളുടെ ഒരു കോളനിയാക്കി മാറ്റി. യേശുവിന്റെ കാലത്തു ദശപട്ടണങ്ങൾ (Decapolis) എന്ന പേരിൽ അവ അറിയപ്പെട്ടിരുന്നു.
ഗ്രീക്കു സംസ്കാരം പുലർത്തിയിരുന്ന ആ പട്ടണങ്ങളെല്ലാം കൂടിചേർന്ന് ഒരു ഫെഡറേഷൻ രൂപീകരിച്ചു. അവയുടെ എണ്ണം ഓരോ കാലത്തും ഓരോ വിധത്തിലായിരുന്നെങ്കിലും, സാധാരണയായി അവ പത്തെണ്ണമായിരുന്നു. ഇവയിൽ ഷൈത്തോപ്പോളിസ്' എന്ന പട്ടണം മാത്രമേ ജോർദാൻ നടിയുടെ പടിഞ്ഞാറ് സ്ഥിതി ചെയ്തിരുന്നുള്ളു. മറ്റുള്ളവയെല്ലാം കിഴക്കായിരുന്നു. അവയിൽ പ്രധാനപ്പെട്ടവ, വടക്കുള്ള ഡമാസ്കസ്, തിബേരിയാസ് തടാകത്തിന്റെ കിഴക്കേക്കരയിലുള്ള ഹിപ്പോസ്, ഗദാറ, ഗെറാസാ, പെള്ളാ, ഫിലാഡൽഫിയ തുടങ്ങിയ പട്ടണങ്ങളായിരുന്നു. ഹാസ്മോനിയാൻ രാജാവായ അലക്സാണ്ഡർ ജനേവൂസ് ഇവയിൽ കുറെയെണ്ണം പിടിച്ചടക്കി യഹൂദ മേധാവിത്വത്തിൻ കീഴിലാക്കിയെങ്കിലും ബി. സി 63-ൽ പൊമ്പെ (Pompey) അവയെ മോചിപ്പിച്ചു. ഓരോ പട്ടണത്തിനും ചുറ്റുമായി വിസ്‌തൃതവും സ്വതന്ത്രവുമായ ഭൂപ്രദേശവുമുണ്ടായിരുന്നു. യഹൂദ രാജാക്കന്മാർ ഭരിച്ചിരുന്നതും ഭൂരിപക്ഷം യഹൂദർ താമസിച്ചിരുന്നതുമായ ഒരു രാജ്യത്തെ ചെറിയ ചെറിയ യവന ദ്വീപുകളായിരുന്നു മേൽക്കാണിച്ച ദശപട്ടണങ്ങൾ.
5. കൃത്യമായി പറഞ്ഞാൽ രണ്ടു ഋതുക്കൾ മാത്രമുള്ള ഒരു മിതശീതോഷ്ണപ്രദേശമാണു പലസ്തീന. നവംബർ മുതൽ ഏപ്രിൽ വരെ മഴക്കാലം, മെയ് മുതൽ ഒക്ടോബർവരെ വേനൽക്കാലം. വേനൽക്കാലത്തു മഴ വളരെ അപൂർവ്വമാണ്. വർഷകാലത്തു എല്ലായിടത്തും തന്നെ 23 ഇഞ്ചിൽ കൂടുതൽ മഴയുണ്ട്.
താപനില സ്ഥലമനുസരിച്ചു വ്യത്യാസപ്പെട്ടിരിക്കുന്നു. ഇരുണ്ടടഞ്ഞു കിടക്കുന്ന ജോർദാൻ ഭാഗത്തു അത് മറ്റു ഭാഗത്തേക്കാൾ കൂടിയിരിക്കും. ചിലപ്പോൾ ഉഷ്ണം 122 ഡിഗ്രി F വരെ എത്തും. മെഡിറ്ററേനിയൻ തീരത്തു മഴക്കാലത്തു താപനില 54 ഡിഗ്രി F-ഉം വസന്ത കാലത്തു 64 ഡിഗ്രി F-ഉം വേനൽക്കാലത്ത് 77 ഡിഗ്രി F-ഉം ശരത്കാലത്ത് 72 ഡിഗ്രി F-ഉം ആണ്. ഉൾപ്രദേശത്തെ മലകളിൽ ഇതിലും താഴ്ന്ന താപ നിലയാണുള്ളത്.
സമുദ്രനിരപ്പിൽ നിന്ന് 2428 അടി ഉയരമുള്ള ജറുസലെമിന്റെ ശരാശരി വാർഷിക താപനില 61 ഡിഗ്രി F ആണ്. ജനുവരിയിൽ ശരാശരി 50 ഡിഗ്രി F , ആഗസ്റ്റിൽ 78 ഡിഗ്രി F. 104 ഡിഗ്രി F വരെ വളരെ അപൂർവ്വമായേ എത്താറുള്ളു. പക്ഷേ, താപനില മരവിപ്പിക്കത്തക്കനിലയിലേയ്ക്കു താഴുന്നതും അത്ര അപൂർവ്വമല്ല.
സമുദ്ര നിരപ്പിൽനിന്ന് 484 അടി ഉയരത്തിലാണു നസ്രത്ത്. ആ പ്രദേശത്തെ വാർഷിക താപനില ശരാശരി 64 ഡിഗി F . ജനുവരിയിൽ ശരാശരി 52 ഡിഗ്രി F-ഉം ആഗസ്റ്റിൽ 80 ഡിഗ്രിയും. ഏറ്റവും കൂടിയ താപനില 104 ഡിഗ്രിക്കുമുകൾവരെ എത്തിയിട്ടുണ്ടെങ്കിലും, മരവിപ്പിക്കത്തക്കനിലയിലേയ്ക്കു ഒരവസരത്തിലും താപനില താഴാറില്ല.
വല്ലപ്പോഴും ചെറിയതോതിൽ പലസ്തീനയിൽ മഞ്ഞു വീഴ്ചയുണ്ടാകുന്നു. മഞ്ഞ് കൂടുതൽ വീഴുന്നത് ജനുവരിയിലാണ്. രാത്രിയിലുണ്ടാകുന്ന മഞ്ഞുവീഴ്ചയും അത്രയധികമാകാറില്ല. വസന്തകാലത്തും ശരത് കാലത്തും കിഴക്കുനിന്നടിക്കുന്ന ചുടുകാറ്റായ 'ഷെർക്വിയെയും'(Sherqiyye) തെക്കു കിഴക്കുനിന്നടിക്കുന്ന 'കാംസിൻ ' (Khamsin) എന്ന ചുടുകാറ്റും കൃഷിക്കും ആരോഗ്യത്തിനും ഏറെ ദോഷം ചെയ്യുന്നു. അസ്സീറിയാക്കാൻ ഈ ചുടുകാറ്റുകളെ ഭയാനകസത്വങ്ങളായാണു ചിത്രീകരിച്ചിരിക്കുന്നത്. പലസ്തീനയിലെ പണ്ടത്തെയും ഇന്നത്തെയും കാലാവസ്ഥ തമ്മിൽ കാര്യമായ വ്യത്യാസമുണ്ടെന്നു തോന്നുന്നില്ല. മറ്റു ചില മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഭൂമിയുടെ ഫലപുഷ്ടി വളരെ കുറഞ്ഞിട്ടുണ്ട്. സുദീർഘമായ കാലഘട്ടത്തെ മുഹമ്മദീയാധിപത്യം മൂലം കൃഷിയിൽ വന്നുകൂടിയ ഉപേക്ഷയും വനനശീകരണവുമാണ് പ്രധാന കാരണങ്ങൾ. ജോസിഫസ് വർണ്ണിക്കുന്ന കഫർണാമും അതിനു ചുറ്റുമുള്ള സ്ഥലവും തിബേരിയാസ് തടാകത്തിന്റെ വടക്കുപടിഞ്ഞാറേ തീരവും ഫലപുഷ്ടിയുടേതായ അടയാളങ്ങൾ ഇന്നും നല്കുന്നുണ്ട് (Wars of the Jews III, 516-521). ശാസ്ത്രീയ കൃഷിയും വനവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കലും മൂലം പലസ്തീനയിലെ മറ്റു സ്ഥലങ്ങളും വാഗ്ദത്തഭൂമിയായ അതിന്റെ തേനും പാലുമൊഴുകുന്ന നാടെന്ന ആ കാവ്യാത്മക പ്രയോഗം അന്വർത്ഥമാക്കിക്കൊണ്ട് ഇന്നും പരിലസിക്കുന്നു.
ചരിത്രപുരുഷനായ ക്രിസ്തു യേശുവിന്റെ ജന്മനാട് യേശു ജീവിച്ചിരുന്നത് Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206