We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Leonardo Boff On 10-Feb-2021
പരിശുദ്ധാത്മാവ് എന്ന വ്യക്തി -
സ്നേഹത്തിന്‍റെ രഹസ്യവും പുതുമയുടെ സംരഭവും
ആരാണ് പരിശുദ്ധാത്മാവ്-സമ്പൂര്‍ണ്ണ വിമോചനത്തിന്‍റെ ചാലകശക്തി
ഞാന്‍ - നീ (പിതാവ് - പുത്രന്‍) ബന്ധത്തെ അതിശയിക്കുകയും നമ്മള്‍ എന്ന സത്യത്തെ ആവിഷ്ക്കരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് പരിശുദ്ധാത്മാവ്. അതുകൊണ്ടാണ് ദൈവികവ്യക്തികളുടെയിടയില്‍ ഐക്യത്തിന്‍റെ പരമോന്നതശക്തിയായി പരിശുദ്ധാത്മാവ് നിലകൊള്ളുന്നത്. മൂന്നു ദൈവികവ്യക്തികളുടെയിടയിലെ നിത്യവും സത്താവരവുമായ ബന്ധത്തെ അവന്‍ നമുക്ക് വ്യക്തമാക്കിത്തരുന്നു. ചരിത്രത്തില്‍ ഈ അരൂപി ഒരു ആഗ്നേയശൈലമായി, ചുഴലിക്കാറ്റായി നിന്നുകൊണ്ട് ആളുകളെ കീഴടക്കുകയും വലിയപ്രവര്‍ത്തനങ്ങളിലേക്കു നയിക്കുകയും ചെയ്യുന്നു. നീതിയും ന്യായവും പുനസ്ഥാപിക്കാന്‍വേണ്ടി അടരാടുന്ന കൃപാവരമുള്ള ന്യായാധിപന്മാര്‍, പ്രവാചകന്മാര്‍, സഹനദാസര്‍ എന്നിവരിലും ആളുകളെ സംരക്ഷിക്കുവാന്‍ അധികാരം ഏല്‍പിക്കപ്പെട്ടിരുക്കുന്ന രാജാക്കന്മാര്‍, അരൂപിയുടെ എല്ലാ വരങ്ങളും സംവഹിക്കുന്ന മിശിഹാ എന്നിവരിലെല്ലാം പരിശുദ്ധാത്മാവിന്‍റെ സ്വാധീനശക്തിയുണ്ടായിരുന്നു. അരൂപിയുടെ ഏതാനും സവിശേഷതകള്‍ എടുത്തുപറയേണ്ടതുണ്ട്:
അരൂപി പുതുമയുടെ ശക്തിയാണ്. എല്ലാ വസ്തുക്കളും നവീകരിക്കുന്നു. സൃഷ്ടിയില്‍ ക്രമം സ്ഥാപിക്കുന്നു. പുതിയ ആദം, മറിയത്തിന്‍റെ ഉദരത്തില്‍ ഉരുവാക്കപ്പെടുന്നതിനു കാരണമായിത്തീരുന്നു. സുവിശേഷപ്രഘോഷണത്തിന് യേശുവിനെ പ്രേരിപ്പിക്കുന്നു. ക്രൂശിതനായവനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കുന്നു. സഭയില്‍ പുതിയമനുഷ്യകുലത്തെ മുന്‍കൂര്‍ പ്രതിഷ്ടിക്കുന്നു. അവസാനമായി പുതിയ ആകാശവും പുതിയ ഭൂമിയും കൊണ്ടുവരുന്നു.വിമോചകനായ യേശുവിന്‍റെ ഓര്‍മ്മ നവീകരിക്കുന്നത് അരൂപിയാണ്. യേശുവിന്‍റെ വാക്കുകള്‍ മൃതപ്രായമായി അവശേഷിക്കുവാന്‍ അവിടുന്ന് അനുവദിക്കുന്നില്ല. അതു വീണ്ടും വായിക്കപ്പെടുമ്പോഴൊക്കെ നവീനമായ അര്‍ത്ഥവും പുതിയ പ്രയോഗചാതുരിയും അവയ്ക്കു നല്‍കുന്നു.
ബൈബിള്‍ ശരീരം എന്നു വിളിക്കുന്ന പാപസാഹചര്യങ്ങളുടെ മര്‍ദ്ദനത്തില്‍നിന്ന് സ്വതന്ത്രരാക്കുന്ന വിമോചനതത്വമായി അരൂപി നിലകൊള്ളുന്നു. ദൈവത്തെയും മറ്റുള്ളവരെയും മറന്നുകൊണ്ട് തന്നിലേക്കുതന്നെ തിരിയുന്ന ജീവിതപദ്ധതിയെ ശരീരം പ്രകടമാക്കുന്നു. അരൂപി എപ്പോഴും സ്വാതന്ത്ര്യത്തെ ഉളവാക്കുന്നു (2 കോറി 3:17) മറ്റുള്ളവര്‍ക്ക് സ്വയം സമര്‍പ്പിക്കുവാന്‍.പ്രേരിപ്പിക്കുന്നു. സ്നേഹത്തെ ഉണര്‍ത്തുന്നു. അരൂപി പാവപ്പെട്ടവരുടെ പിതാവാണ്. അവര്‍ സഹിക്കുന്ന മര്‍ദ്ദനങ്ങളെ ഇല്ലായ്മചെയ്യാനുള്ള പ്രത്യാശകൊണ്ട് അവരെ നിറയ്ക്കുന്നു. പൊരുത്തപ്പെടാവുന്നതും നീതിനിറഞ്ഞതുമായ ഒരു ലോകത്തെ സ്വപ്നം കാണാന്‍ അവരെ പ്രാപ്തരാക്കുന്നു. ഈ അവസ്ഥാവിശേഷം സംജാതമാക്കുവാനുള്ള പോരാട്ടത്തിന് അവര്‍ക്ക് പ്രചോദനമേകുന്നു.
അവസാനമായി, വ്യത്യസ്തതയുടെയും, വ്യത്യസ്തതയുടെ മധ്യത്തില്‍ കൂട്ടായ്മയുടെയും സര്‍ഗ്ഗാത്മകശക്തിയായി പ്രവര്‍ത്തിക്കുന്നു. ആളുകളിലുള്ള ഏറ്റവും വൈവിധ്യമാര്‍ന്ന വരങ്ങളെ ഉണര്‍ത്തുകയും സമൂഹങ്ങളില്‍ ബഹുമുഖസേവനങ്ങളെയും ശുശ്രൂഷകളെയും പ്രചോദിപ്പിക്കുകയും ചെയ്യുന്നത് അരൂപിയാണ്.
റോമാക്കാര്‍ക്കുള്ള ലേഖനവും (12) കൊറിന്ത്യര്‍ക്കുള്ള ലേഖനവും ഇക്കാര്യം നമ്മെ പഠിപ്പിക്കുന്നു. പക്ഷേ ഈ വൈവിധ്യം അസമത്വത്തിലേക്കോ വിവേചനക്കിലേക്കോ പതിക്കുന്നില്ല. നാമെല്ലാം ഒരേ അരൂപിയില്‍നിന്നു പാനം ചെയ്യുന്നു (1 കോറി 12:13). വരങ്ങള്‍ നല്‍കപ്പെടുന്നത് അവനവന്‍റെ നന്മക്കുവേണ്ടിയല്ല, സമൂഹത്തിന്‍റെ നന്മക്കുവേണ്ടിയാണ് (1കൊറി 12:7).
അരൂപി നമ്മുടെമേല്‍ വര്‍ഷിക്കപ്പെടുകയും ആളുകളുടെ ഹൃദയത്തില്‍ വസിക്കുകയും ചെയ്യുന്നു. അവരെ അവന്‍ ഉത്സാഹഭരിതരാക്കുകയും അവര്‍ക്ക് ധൈര്യവും നിശ്ചയദാര്‍ഢ്യവും നല്‍കുകയും ചെയ്യുന്നു. വേദനിക്കുന്നവരെ അവന്‍ ആശ്വസിപ്പിക്കുന്നു. മനുഷ്യമനസ്സുകളിലും സാമൂഹ്യവിഭാവനയിലും.
ആദര്‍ശപരത നിലനിര്‍ത്തുന്നു - ഈ ആദര്‍ശപരത പൂര്‍ണ്ണമായും രക്ഷിക്കപ്പെട്ട മനുഷ്യകുലത്തെക്കുറിച്ചുള്ള ദര്‍ശനമാണ്. ചരിത്രത്തിലെ വിപ്ലവങ്ങളിലൂടെ പോലും ഈ സ്വപ്നം സന്നിഹിതമാക്കാന്‍ ശക്തി നല്‍കുന്നു. പിതാവിനോടും പുത്രനോടുംകൂടെ ഏകകാലികമായി പ്രത്യക്ഷപ്പെട്ട് സ്നേഹത്തിലൂടെയും കൂട്ടായ്മയിലൂടെയും ദൈവികജീവനിലൂടെയും സത്താപരമായി അവരോട് ഐക്യപ്പെട്ടുനില്‍ക്കുന്ന ദൈവികവ്യക്തിയാണ് അരൂപി.
ബൈബിളില്‍ അരൂപി ഒരു ചുഴലിക്കാറ്റു പോലെയാണ്. അത് രൂപാന്തരപ്പെടുത്തുന്ന ശക്തിയാണ്. മരണത്തെക്കാള്‍ ശക്തമായ സ്നേഹം പോലെയാണത്. അരൂപി നമ്മുടെ സംസ്ക്കാരത്തിലെപ്പോലെ അനിര്‍വചനീയവും ക്ഷണികവുമായ ഒന്നല്ല. സജീവവും നിത്യം നവീകരിക്കുന്നതുമായ ശക്തിയായി അരൂപിയെ നാം സ്വീകരിച്ചിരുന്നെങ്കില്‍ നമ്മുടെ ആധ്യാത്മികതയ്ക്ക് എന്തുമാത്രം ചലനാത്മകത ഉണ്ടാകുമായിരുന്നു?
അരൂപി എപ്പോഴും പുത്രനും പിതാവുമായി ഐക്യപ്പെട്ടിരുക്കുന്നു
മൂന്നാമത്തെ ദൈവികവ്യക്തിയായ പരിശുദ്ധാത്മാവ് എങ്ങനെയാണ് പിതാവും പുത്രനുമായി ബന്ധപ്പെട്ടിരിക്കുന്നത്? പുതിയനിയമത്തില്‍ രണ്ടു വിവരണങ്ങള്‍ കാണാം. യേശു പിതാവില്‍നിന്ന് അരൂപിയെ അയക്കുന്നു എന്നു പറയുന്നു (യോഹ 15:26). അരൂപി പിതാവില്‍നിന്നു പുറപ്പെട്ടുവരുന്നു (യോഹ 15:26) എന്ന് മറ്റൊരിടത്തുപറയുന്നു. പിതാവും പുത്രനുമായുള്ള അരൂപിയുടെ ബന്ധം നാം എങ്ങനെയാണ് മനസ്സിലാക്കേണ്ടത്? ഈ ചോദ്യം റോമന്‍ കത്തോലിക്കാ സഭയെയും ഓര്‍ത്തഡോക്സ് കത്തോലിക്കാസഭയെയും 1054-ല്‍ ഒരു പിളര്‍പ്പിന്‍റെ വക്കോളം എത്തിച്ച ഭിന്നതക്കു കാരണമായി. ഇന്നുവരെ അതു നിലനില്‍ക്കുന്നു. വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ക്ക് അന്തര്‍ധാരയായി വര്‍ത്തിക്കുന്നത് ദൈവം, സഭ, സമൂഹം എന്നിവയെക്കുറിച്ചുള്ള വ്യത്യസ്ത ദര്‍ശനങ്ങളാണ്. നാം നേരത്തെ കണ്ടതുപോലെ മുഴുവന്‍ ദൈവത്വത്തിന്‍റെയും ഉറവിടവും പ്രധാനകാരണവുമായി പിതാവിനെ പരിഗണിച്ചുകൊണ്ടാണ് ഗ്രീക്കുകാര്‍ ഈ വിഷയം അവതരിപ്പിക്കുന്നത്. പിതാവ്, വചനം (പുത്രന്‍) ഉച്ചരിക്കുന്നു. അതോടൊപ്പം ഏകകാലികമായി അരൂപിയെ (പരിശുദ്ധാത്മാവ്) നിശ്വസിക്കുന്നു. ഉറവിടം ഒന്നാണെങ്കിലും (പിതാവ്) വചനവും അരൂപിയും വ്യത്യസ്തരാണ്. അവര്‍ വ്യത്യല്തമായവിധത്തിലാണ് പിതാവില്‍നിന്നു പുറപ്പെടുന്നതും. അതിനാല്‍ പിതാവിനു രണ്ടു പുത്രന്മാരില്ല. താന്‍ ജന്മം കൊടുത്ത ഒരേയൊരു പുത്രനും ഒരേയൊരു അരൂപിയും മാത്രമേയുള്ളൂ. ലത്തീന്‍കത്തോലിക്കര്‍ ഓരോവ്യക്തിയിലുമുള്ള ഏകദൈവികസ്വഭാവത്തില്‍ നിന്നാണ് ആരംഭിക്കുന്നത്. പുത്രനു ജന്മം കൊടുക്കുമ്പോള്‍ തന്നോടുചേര്‍ന്ന് പരിശുദ്ധാത്മാവിനെ നിശ്വസിക്കാനുള്ള കഴിവുള്‍പ്പടെ എല്ലാം പുത്രനെ ഏല്‍പിക്കുന്നു (യോഹ 16:15).
കൂട്ടായ്മയിലൂടെ പിതാവും പുത്രനും ഒന്നായിരിക്കുന്നു (യോഹ 10:30) പരിശുദ്ധാത്മാവിനെ നിശ്വസിക്കുന്നതിന്‍റെ ഏകതത്വമായി നിലകൊള്ളുകയും ചെയ്യുന്നു. അല്ലെങ്കില്‍ പിതാവിനു രണ്ടു പുത്രന്മാരുണ്ടാകുമായിരുന്നു. പരിശുദ്ധാത്മാവിന്‍റെ ഉത്ഭവത്തിന് രണ്ടു കാരണങ്ങളും. അതിനാല്‍ ലത്തീന്‍ ചിന്തകര്‍ പറയുന്നതിങ്ങനെയാണ്. അരൂപി ഒരേ തത്വത്തില്‍നിന്ന് എന്നപോലെ പിതാവില്‍നിന്നും പുത്രനില്‍നിന്നും പുറപ്പെടുന്നു.
എന്നാല്‍ ഗ്രീക്കുകാര്‍ ലത്തീന്‍ വിഭാഗത്തിന്‍റെ ഈ ധാരണയെ തള്ളിക്കളയുന്നു. കാരണം എല്ലാ ദൈവികതയുടെയും ഏകകാരണവും സ്രോതസുമായി നില്‍ക്കുന്ന പിതാവിന്‍റെ പ്രത്യേകതയെ ഇത് ബലികഴിക്കുന്നുവെന്ന് അവര്‍ പറയുന്നു. പുത്രനും ഈ പ്രത്യേക സ്വഭാവസവിശേഷതയില്‍ (ഒരു രണ്ടാം പിതാവെന്ന നിലയില്‍) പങ്കെടുക്കുന്ന അവസ്ഥ ഉണ്ടാകുന്നു. രണ്ടു സമീപനത്തിനും ഒരേ ഉദ്ദേശ്യമാണുള്ളത്. പുത്രന്‍റെയും പിതാവിന്‍റെയും വ്യക്തിത്വങ്ങളിലെ സമ്പൂര്‍ണ്ണ ദൈവികതയും തുല്യതയും ഉറപ്പുവരുത്തുക. പുത്രനും പരിശുദ്ധാത്മാവും ഒരേ സ്രോതസ്സില്‍നിന്ന്, അതായത് പിതാവില്‍നിന്ന് പുറപ്പെടുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഗ്രീക്കുകാര്‍ ഈ ധാരണയിലെത്തുന്നത്. ലത്തീന്‍ചിന്തകര്‍ ഇതേകാര്യംതന്നെ, മൂന്നു ദൈവികവ്യക്തികളും സത്താപരമായി സഹാസ്തിത്വമുള്ളവരാണെന്നും അതിനാല്‍ ഒരേ സ്വഭാവത്തില്‍ പങ്കുപറ്റുന്നവരാണെന്നുമുള്ള മറ്റൊരുമാര്‍ഗ്ഗത്തിലൂടെ സ്ഥാപിക്കുന്നു. പുത്രന്‍ പിതാവില്‍നിന്ന് സ്വീകരിച്ച അതേസ്വഭാവം തന്നെയാണ് പരിശുദ്ധാത്മാവിനുള്ളത്. പുത്രന്‍ പിതാവില്‍നിന്ന് സ്വീകരിച്ചതുപോലെതന്നെ പിതാവിനോട് ചേര്‍ന്ന് പരിശുദ്ധാത്മാവിനും അതേ സ്വഭാവം പ്രദാനം ചെയ്യുന്നു. അതിനാല്‍ ലത്തീന്‍ചിന്തകര്‍, പരിശുദ്ധാത്മാവ്, പിതാവില്‍നിന്നും പുത്രനില്‍നിന്നും പുറപ്പെടുന്നു എന്നു പറഞ്ഞുവയ്ക്കുന്നു.
ഏറ്റവും പ്രധാനപ്പെട്ടകാര്യം പിതാവിനെയും പുത്രനെയും പോലെ അരൂപിയും ദൈവമാണ് എന്ന് ഉറപ്പിക്കുക എന്നതാണ്. വിശ്വാസപ്രമാണത്തില്‍ നാം പ്രാര്‍ത്ഥിക്കുന്നുണ്ടല്ലോ. അവന്‍ മറ്റുള്ളവര്‍ക്കു തുല്യമായി ആരാധിക്കപ്പെടുകയും മഹത്വീകരിക്കപ്പെടുകയും പ്രവാചകരിലൂടെ സംസാരിക്കുകയും ചെയ്യുന്നു. തങ്ങളുടെ മുഖാഭിമുഖമായ കണ്ടുമുട്ടലില്‍ പിതാവും പുത്രനും സമ്പൂര്‍ണ്ണസ്നേഹത്തിലേക്കെത്തുന്ന സംവേദനമാണ് നടത്തുക. പിതാവും പുത്രനും തമ്മിലുള്ള ഐക്യത്തിലൂടെ മൂന്നാമതൊരു വ്യക്തിയെ സ്നേഹിക്കത്തക്കവിധം അത്ര സമ്പൂര്‍ണ്ണമാണ് ആ സ്നേഹം. ആ മൂന്നാമത്തെ വ്യക്തി പരിശുദ്ധാത്മാവാണ്. അവിടുന്ന് പുതുമയേയും തുറവിയേയും ആത്യന്തിക കൂട്ടായ്മയേയും പ്രതിനിധാനം ചെയ്യുന്നു. ഇവിടെയാണ് പിതാവും പുത്രനും ഒരുമിച്ചോ അല്ലെങ്കില്‍ പിതാവ് പുത്രനിലൂടെയോ പരിശുദ്ധാത്മാവിനെ നിശ്വസിക്കുന്നു എന്ന നമ്മുടെ വിശ്വാസത്തിന്‍റെ പ്രാധാന്യം കുടികൊള്ളുന്നത്.
പിതാവിനോടും പുത്രനോടുമുള്ള പരിശുദ്ധാത്മാവിന്‍റെ ഏകകാലികത
പരിശുദ്ധാത്മാവ് എങ്ങനെ പറപ്പെടുന്നുവെന്നും പിതാവും പുത്രനുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നുമുള്ള ചര്‍ച്ചകള്‍ ഒരേസഭയെ ചരിത്രത്തില്‍ രണ്ടു വിധത്തിലുള്ള ആവിഷ്ക്കാരങ്ങള്‍ നടത്തുവാന്‍ പ്രരിപ്പിച്ചു.
റോമന്‍ കത്തോലിക്കാസഭയിലും ഓര്‍ത്തഡോക്സ് കത്തോലിക്കാസഭയിലും ലയണ്‍സ് (1274) ഫ്ളോറന്‍സ് (1439) എന്നീ രണ്ടു സാര്‍വ്വത്രിക സൂനഹദോസുകളില്‍ അനുരജ്ഞനത്തിനുള്ള ഫോര്‍മുലകള്‍ക്കുവേണ്ടി പരിശ്രമിച്ചു. പിതാവില്‍നിന്നും പുത്രനില്‍നിന്നും ഒരേ തത്വത്തില്‍നിന്നെന്നപോലെ - രണ്ടു തത്വങ്ങളില്‍നിന്നോ കാരണങ്ങളില്‍നിന്നോ അല്ല - അരൂപി പുറപ്പെടുന്നത് എന്ന് ലയണ്‍സില്‍ പറഞ്ഞുവച്ചു. പിതാവിനും പുത്രനും ഒരേ കൂട്ടായ്മയുടെ സ്വാഭാവവും ഒരേ ജീവനും ഉള്ളതുകൊണ്ട് അവര്‍ ഒരു സ്രോതസായി നിലകൊള്ളത്തക്കവിധം അത്രയേറെ ഐക്യപ്പെട്ടിരിക്കുന്നു. ഫ്ളോറന്‍സ് സൂനഹദോസില്‍ പിതാവ് പുത്രനിലൂടെയോ പുത്രനാലോ പരിശുദ്ധാത്മാവിനെ നിശ്വസിക്കുന്നു എന്നു പറയാമെന്ന് വിശദീകരിക്കുകയുണ്ടായി. പുത്രന്‍ ഇവിടെ ഒരു ഉപകരണകാരണമല്ല. പിന്നെയോ സ്നേഹത്തിന്‍റെ ഒരേ കൂട്ടായ്മയില്‍, പരിശുദ്ധാത്മാവിന്‍റെ ഉത്ഭവത്തില്‍ അവിടുന്ന് പങ്കുപറ്റുന്നു. വിശദീകരണങ്ങളൊന്നും പാഷണ്ഡതയെക്കുറിച്ചുള്ള പരസ്പര സംശയങ്ങള്‍ തീര്‍ക്കാന്‍ പര്യാപ്തമായില്ല. തര്‍ക്കങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
അതിനിടയില്‍ ദൈവശാസ്ത്രജ്ഞന്മാര്‍ അവരുടെ ധാരണകളെ കൂടുതല്‍ ആഴമുള്ളതാക്കി. കാരണം, നിര്‍ഗമനം, നിശ്വസനം തുടങ്ങിയ പദങ്ങള്‍ ഉചിതമായിട്ടാണോ പ്രയോഗിച്ചിരിക്കുന്നത് എന്ന ചോദ്യമുണ്ടായി. പരിശുദ്ധാത്മാവ് പിതാവിനും പുത്രനും അധീനനായിരിക്കുന്നതുപോലെയും മൂന്നാമതായി വരുന്ന വ്യക്തി പോലെയും കാണപ്പെട്ടു. യഥാര്‍ത്ഥത്തില്‍ ത്രിത്വത്തില്‍ അധീനാവസ്ഥയില്ല. മൂന്നു ദൈവികവ്യക്തികളും നിത്യതയിലും അനന്തതയിലും സഹവര്‍ത്തികളും തുല്യതയുള്ളവരുമാണ്. മുമ്പ്, പിമ്പ് എന്ന വാക്കുകളോ ഉന്നതനോ താഴ്ന്നവനോ എന്ന വാക്കുകളോ അവരെ സംബന്ധിച്ച് ഉപയോഗിക്കാനാവില്ല. പുതിയ നിയമം ആരംഭിച്ചിടത്തുനിന്നാണ് നാം ആരംഭിക്കേണ്ടത്. ബന്ധത്തിലും കൂട്ടായ്മയിലും എന്നും വര്‍ത്തിക്കുന്ന പിതാവും പുത്രനും പരിശുദ്ധാത്മാവുമായ മൂന്നു വ്യക്തികളില്‍നിന്നായിരിക്കണം തുടക്കം. അവര്‍ ഏകകാലികരും സദാസമയവും ഒന്നിച്ച് ആയിരിക്കുന്നവരുമാണ്. തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കാന്‍ തത്വം, കാരണം, നിര്‍ഗമനം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പറയാതെ പരസ്പരമുള്ള വെളിപ്പെടുത്തല്‍, അംഗീകാരം എന്നിവയെക്കുറിച്ചാണ് സംസാരിക്കേണ്ടത്. ഓരോ വ്യക്തിയും മറ്റു രണ്ടുപേരുമായി എപ്പോഴും ബന്ധപ്പെട്ടിരിക്കുന്നു. ഓരോരുത്തരും മറ്റു രണ്ടുപേരെയും അന്തര്‍ വ്യാപനത്തിലൂടെ ഉള്ളില്‍ വഹിക്കുന്നു. മറ്റു രണ്ടുപേരോടുമുള്ള ബന്ധത്തിലൂടെയാണ് ഓരോരുത്തരും വ്യത്യസ്തരാക്കപ്പെടുകയും നിര്‍ണ്ണയിക്കപ്പെടുകയും ചെയ്യുക. അതിനാല്‍ നമ്മള്‍ ഇപ്രകാരം പറയുന്നു. പിതാവിന്‍റെയും പുത്രന്‍റെയും സ്വയം സമര്‍പ്പണത്തെ വെളിപ്പെടുത്തുന്നത് പരിശുദ്ധാത്മാവാണ്. ഈ സ്നേഹമാണ് പരിശുദ്ധാത്മാവ്. പിതാവിന്‍റെ പരമമായ ആവിഷ്ക്കാരമായിട്ടാണ് പുത്രനെ പരിശുദ്ധാത്മാവ് കാണുന്നത്. പിതാവും പുത്രനും തമ്മിലുള്ള സ്നേഹത്തിന്‍റെയും ജ്ഞാനത്തിന്‍റെയും ബന്ധത്തില്‍നിന്ന് ഉയിര്‍ക്കൊള്ളുന്ന സന്തോഷമാണ് പരിശുദ്ധാത്മാവ്. ഇനി ഔദ്യോഗിക പദങ്ങള്‍ ഉപയോഗിക്കണമെങ്കില്‍ നമുക്ക് ഇങ്ങനെ പറയാം. പിതാവ് പരിശുദ്ധാത്മാവിന്‍റെ പങ്കാളിത്തത്തോടെ പുത്രനു ജന്മം നല്കുന്നു. പുത്രന്‍റെ പങ്കാളിത്തത്തോടെ പരിശുദ്ധാത്മാവിനെ നിശ്വസിക്കുന്നു. പരിശുദ്ധാത്മാവ് പുത്രനുമായിചേര്‍ന്ന് പിതാവിനു സാക്ഷ്യംവഹിക്കുന്നു. അതുപോലെ നിത്യതയില്‍ അവര്‍ പങ്കാളികളായിത്തീരുന്നു. കാരണം ദൈവികവ്യക്തികളെ സംബന്ധിച്ച എല്ലാ കാര്യങ്ങളും നിത്യജീവിതത്തിന്‍റെയും സജീവസ്നേഹത്തിന്‍റെയും പ്രവാഹത്തില്‍ കറങ്ങിത്തിരിയുന്നു.
എല്ലാവരുടെയും പങ്കാളിത്തത്തിന്‍റെ ഘടനയില്‍ നിര്‍മ്മിക്ക പ്പെട്ടതും അസമത്വമാകാതെതന്നെ വ്യത്യസ്തതകളെ ശ്രദ്ധിച്ചു കൊണ്ട് മാനിക്കുന്നതുമായ ഒരു സമന്വയ സമൂഹത്തെ സൃഷ്ടി ക്കുവാനുള്ള ക്രൈസ്തവരുടെ ഉദ്ദേശ്യം ഏകകാലികതയിലും സ്നേഹപൂര്‍ണ്ണമായി പങ്കുവയ്ക്കപ്പെട്ട അസ്തിത്വത്തിലും നിലനില്ക്കുന്ന ദൈവികവ്യക്തികളുടെ തുല്യമഹത്വത്തില്‍ അടിസ്ഥാനമുറപ്പിക്കപ്പെട്ടതാണ്.
പരിശുദ്ധാത്മാവിന്‍റെ സ്ത്രൈണഭാവം
പരിശുദ്ധാത്മാവിലെ സ്ത്രൈണഭാവം, പ്രത്യേകിച്ചും പിതാവും പുത്രനുമായി ബന്ധപ്പെട്ട രീതിയില്‍, വളരെമുമ്പുതന്നെ ദൈവശാസ്ത്രവിചിന്തനങ്ങള്‍ നിരീക്ഷിച്ചിട്ടുള്ളതാണ്. പരിശുദ്ധാത്മാവ് എന്ന വാക്കുതന്നെ ഹെബ്രായ ഭാഷയില്‍ സ്ത്രീലിംഗമാണ്. വിശുദ്ധ ഗ്രന്ഥങ്ങളില്‍ എപ്പോഴും ജീവന്‍റെ രഹസ്യവും ജീവന്‍റെ ഉദയവുമായി ബന്ധപ്പെടുത്തിയാണ് അരൂപിയെ പരാമര്‍ശിക്കുന്നത്.
വി. യോഹന്നാന്‍റെ സുവിശേഷം പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനങ്ങളെ തികച്ചും സ്ത്രീലിംഗപദങ്ങളാലാണ് അടയാളപ്പെടുത്തുന്നത്. അരൂപി ആശ്വാസപ്രദനായിനിന്നുകൊണ്ട് സ്വാന്തനമേകുന്നു, ഉപദേശിക്കുന്നു, പഠിപ്പിക്കുന്നു (യോഹ 14:26, 16:13). അമ്മ ശിശുക്കളോടു പെരുമാറുന്നതുപോലെയാണ് അവിടുന്ന് നമ്മളോട് ഇടപെടുന്നത്. അവിടുന്ന് നമ്മെ അനാഥരായി വിട്ടുകളയുന്നില്ല (യോഹ 14:18). ദൈവത്തെ ആബാ എന്നു വിളിക്കുവാന്‍ നമ്മെ പഠിപ്പിക്കുന്നു. യേശുവിന്‍റെ രഹസ്യനാമം കര്‍ത്താവ് എന്നാണെന്ന് നമുക്ക് പറഞ്ഞുതരുന്നു (1 കോറി 12:3). അവസാനമായി അമ്മമാര്‍ ചെയ്യുന്നതുപോലെ നല്ലകാര്യങ്ങള്‍ ചോദിക്കത്തക്കവിധം പ്രാര്‍ത്ഥനയില്‍ അരൂപി നമുക്ക് പരിശീലനം നല്‍കുന്നു (റോമാ 8:26).
ഹെബ്രായ വിശുദ്ധഗ്രന്ഥങ്ങളില്‍ സ്ത്രൈണപരമായ പ്രവര്‍ത്ത നങ്ങളുമായി ബന്ധപ്പെടുത്തി അരൂപിയെക്കുറിച്ച് പറയുന്നുണ്ട്. സൃഷ്ടിയുടെ ആരംഭത്തില്‍ എല്ലാം ക്രമപ്പെടുന്നതിനുമുമ്പ് ഉണ്ടായിരുന്ന അവ്യവസ്ഥയില്‍ വെള്ളത്തിനുമുകളില്‍ വ്യാപരിച്ച അരൂപി വ്യാഖ്യാതാക്കളുടെ പഠനമനുസരിച്ച് ഏതു ജീവനും നേരിടുന്ന അടയിരിക്കലിന്‍റെ അവസ്ഥയെ സൂചിപ്പിക്കുന്നു. എല്ലാവര്‍ക്കും അറിയാവുന്നതുപോലെ വിജ്ഞാനസാഹിത്യത്തില്‍ ജ്ഞാനം ഒരു സ്ത്രീയെപ്പോലെ സ്നേഹിക്കപ്പെടുന്നു (സിറ 14:20-27). ഭാര്യയും അമ്മയും എന്നവിധം ജ്ഞാനത്തെ അവതരിപ്പി ക്കുന്നു (സിറ 15:22). ചിലപ്പോള്‍ അരൂപിയുമായി താദാത്മ്യം കല്പിക്കുന്നു (ജ്ഞാനം 9:17). ത്രിത്വത്തെക്കുറിച്ചുള്ള ചില ചിത്രീകരണങ്ങളില്‍ പരിശുദ്ധാത്മാവിനെ പിതാവിന്‍റെയും പുത്രന്‍റെയും മധ്യത്തില്‍ സ്ത്രീരൂപത്തിലാണ് അവതരിപ്പിച്ചി ട്ടുള്ളത്. സിറിയന്‍ ക്രിസ്ത്യന്‍ പാരമ്പര്യത്തിലുള്ള സോളമന്‍റെ കീര്‍ത്തനത്തില്‍ യേശുവിന്‍റെ ജ്ഞാനസ്നാന സമയത്ത് പ്രത്യക്ഷപ്പെട്ട പരിശുദ്ധാത്മാവിന്‍റെ പ്രതീകമായ പ്രാവിനെ അമ്മ എന്ന് അഭിസംബോധന ചെയ്യുന്നു. ചില സഭാപിതാക്കന്മാര്‍ പരിശുദ്ധാത്മാവിനെ മനുഷ്യനായ യേശുവിന്‍റെ അമ്മ എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. കാരണം കന്യകാമറിയത്തിന്‍റെ ഉദരത്തില്‍ യേശു അവതരിച്ചത് അരൂപിയുടെ കൃപകൊണ്ടും പ്രവര്‍ത്തനം കൊണ്ടുമാണ് (മത്താ 1:18). സിറിയയിലെ ഒരു വലിയ ദൈവശാ സ്ത്രജ്ഞനായ മക്കാരിയൂസ് (334) ഇങ്ങനെ എഴുതിയിരിക്കുന്നു: അരൂപി നമ്മുടെ അമ്മയാണ്. എന്തെന്നാല്‍ ആശ്വാസപ്രദനായ പാറക് ലേത്ത, ഒരു അമ്മ കുഞ്ഞിനെ ആശ്വസിപ്പിക്കുന്നതുപോലെ നമ്മെ ആശ്വസിപ്പിക്കാന്‍ തയ്യാറാണ്. കാരണം അവനില്‍ നിന്നാണല്ലോ വിശ്വാസികള്‍ പുനര്‍ജനിക്കുന്നത്. അതിനാല്‍ ഈ നിഗൂഢമാതാവിന്‍റെ മക്കളാണ് അവര്‍. ഈ മാതാവാണ് പരിശുദ്ധാ ത്മാവ്. തീര്‍ച്ചയായും സൃഷ്ടിയുടെ ആരംഭത്തില്‍ അരൂപി സന്നിഹിതമായിരുന്നു. അതുപോലെ പുതിയ സൃഷ്ടിയിലും അവതരിച്ച പുത്രനെ ഗര്‍ഭംധരിക്കുവാന്‍ മറിയത്തെ സഹായിച്ചത് അവിടുന്നാണ്. ജ്ഞാനസ്നാന സമയത്ത് യേശുവിലേക്ക് ഇറങ്ങിവരികയും ദൗത്യത്തിന് യേശുവിനെ അയക്കുകയും ചെയ്തു. മരിച്ചവരില്‍നിന്ന് അവനെ ഉയര്‍പ്പിച്ചതും ഈ അരൂപി യാണ് (അപ്പ 13:33, റോമാ 1:4). അതുപോലെതന്നെ അപ്പസ്തോല ന്മാരിലും അവിടുന്ന് ഇറങ്ങിവരുകയും പ്രേഷിതസഭയ്ക്ക് തുടക്കം കുറിക്കുകയും ചെയ്തു.
സഭയാകുന്ന ക്രിസ്തുവിന്‍റെ ശരീരത്തില്‍ യേശുവിന്‍റെ പുതിയ സഹോദരന്മാരെയും സഹോദരിമാരെയും അരൂപി ഒരു മാതാവിനെപ്പോലെ ഗര്‍ഭംധരിക്കുന്നു. വരങ്ങളിലൂടെയും ശുശ്രൂഷകളിലൂടെയും ക്രിസ്തീയ സമൂഹങ്ങളെ ജീവന്‍കൊണ്ടു നിറയ്ക്കുകയും ചെയ്യുന്നു. വീണ്ടും പറഞ്ഞാല്‍ അരൂപിക്ക് പൗരുഷവും സ്ത്രൈണവുമായ മാനങ്ങളുണ്ട്. എന്നാല്‍ അവിടുന്ന് ലിംഗപരതക്കതീതമാണ്. സ്ത്രീകളില്‍ നാം കാണുന്ന സ്ത്രൈണ മൂല്യങ്ങള്‍ - അവ പുരുഷന്മാരിലും സ്ത്രീകളിലുമുണ്ട് - അവയുടെ നിത്യമായ ഉറവിടം പരിശുദ്ധാത്മാവിലാണ് കണ്ടെത്തുന്നത്.
നമ്മുടെ സംസ്കാരങ്ങള്‍, പുരുഷന്‍റേത് എന്നു വിളിക്കുന്ന ശക്തി, ദൃഢനിശ്ചയം, അധ്വാനം തുടങ്ങിയ പുരുഷനിലും സ്ത്രീയിലും നിലനില്ക്കുന്ന മൂല്യങ്ങളില്‍ ദൈവം നമ്മെ കണ്ടെത്തുന്നു. എന്നാല്‍ ആര്‍ദ്രത, രഹസ്യാവബോധം, പരിഗണന തുടങ്ങിയ പുരുഷനിലും സ്ത്രീയിലുമുള്ള സ്ത്രൈണ മൂല്യങ്ങളിലും ദൈവം നമ്മെ കണ്ടുമുട്ടുന്നുണ്ട്. നമ്മുടെയിടയില്‍ പ്രവര്‍ത്തിക്കുന്ന പരിശുദ്ധാത്മാവ് മനുഷ്യാസ്തിത്വത്തിന്‍റെ ഈ വശത്തെ പ്രത്യേകം പരിഗണിക്കുന്നു.
പരിശുദ്ധാത്മാവിന്‍റെ ദൗത്യം - ഐക്യപ്പെടുത്തുക, നവസൃഷ്ടി നടത്തുക
ചരിത്രത്തിലുള്ള പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനം ത്രിത്വ ത്തിലുള്ള പ്രവര്‍ത്തനത്തിന്‍റെ പ്രതിഫലനമാണ്. അവിടെ വ്യതി രിക്തരായവരുടെ (പിതാവും പുത്രനും) വൈവിധ്യത്തിന്‍റെയും ഐക്യത്തിന്‍റെയും തത്വമാണ് പരിശുദ്ധാത്മാവ്. അതിനാല്‍ ഓരോ ദൈവിക വ്യക്തിയും സ്നേഹവും കൂട്ടായ്മയുമാണെങ്കിലും പരമശ്രേഷ്ഠമായ രീതിയില്‍ അരൂപി സ്നേഹവും കൂട്ടായ്മയുമാണ്.
ചരിത്രത്തില്‍ എപ്പോഴൊക്കെ സ്നേഹത്തെ പടുത്തുയര്‍ത്തുന്ന ചാലകശക്തികളെ നാം കണ്ടുമുട്ടുന്നുവോ, എവിടെയൊക്കെ വ്യത്യസ്തതകളെ പൊരുത്തപ്പെടുത്തി സമന്വയത്തെ രൂപപ്പെടു ത്തുന്നുവോ അവിടെയൊക്കെ പരിശുദ്ധാത്മാവിന്‍റെ അനിര്‍വച നീയമായ പ്രവര്‍ത്തനത്തെ നമുക്ക് വിവേചിച്ചറിയാന്‍ കഴിയും. നവീനവും രൂപാന്തരപ്പെടുത്തുന്നതുമായ പ്രവര്‍ത്തനങ്ങളോട് അരൂപി ബന്ധപ്പെട്ടിരിക്കുന്നു. അരൂപിയുടെ പ്രവര്‍ത്തനം മാനുഷിക പ്രവര്‍ത്തനങ്ങളിലേക്ക് അന്തര്‍വ്യാപനം ചെയ്ത് ത്രിത്വത്തിന്‍റെ പദ്ധതിയെ ആവിഷ്കരിക്കുന്നു. പ്രത്യേകിച്ചും പുതിയ ചക്രവാള ങ്ങളെ സംഭാവന ചെയ്തവരും പുതിയ വീഥികള്‍ വെട്ടിത്തുറ ന്നവരുമായ ദിവ്യവ്യക്തികള്‍ പരിശുദ്ധാത്മാവിന്‍റെ ശക്തിയുടെ പ്രതിഫലനങ്ങളാണ്. വളരെ പ്രത്യേകമായി പാവപ്പെട്ടവര്‍ മര്‍ദ്ദനത്തെ പ്രതിരോധിക്കുമ്പോള്‍ ജീവനും ഭക്ഷണവും സ്വാതന്ത്ര്യവും നേടിയെടുക്കുവാന്‍ അവര്‍ സംഘടിക്കുമ്പോള്‍ സംഘര്‍ഷങ്ങളുടെ മധ്യത്തിലും മറ്റുള്ളവരോട് ആര്‍ദ്രതയും വിശ്വാസവും നിലനിര്‍ത്തുമ്പോള്‍ പരിശുദ്ധാത്മാവിന്‍റെ ക്രയാത്മക ചരിത്രത്തിലെ കൂദാശകളായി അവര്‍ മാറുകയാണ്.
നവീനവും മാറിവരുന്നതുമായ കാര്യങ്ങളോട് പരിശുദ്ധാത്മാവ് ബന്ധപ്പെട്ടിരിക്കുന്നു. നിയമങ്ങള്‍, പതിവുകള്‍, സ്ഥാപനങ്ങള്‍ എന്നിവയോട് എപ്പോഴും നമുക്ക് ഇടപെടേണ്ടിവരുന്നു. അവ നമുക്ക് സുരക്ഷിതത്വം നല്‍കുകയും ലക്ഷ്യം കാണിച്ചുതരികയും ചെയ്യുന്നു. എന്നാല്‍ മനുഷ്യാത്മാവ് എന്നും മുമ്പോട്ടും ഉന്നതങ്ങളിലേക്കും തുറവിയുള്ളതാണ്. തൃപ്തിപ്പെടുത്താനാ വാത്തതാണ്. കാലഗതിയില്‍ വ്യക്തിത്വ പ്രതിസന്ധി ഉണ്ടാകുന്നു. നമ്മുടെ ആകാശത്തിലെ നക്ഷത്രങ്ങള്‍ ഇരുണ്ടുപോകുന്നു. പുതിയ വഴികള്‍ ആവശ്യമാണെന്ന ബോധം സമൂഹങ്ങള്‍ക്കുണ്ടാകുന്നു. വിപ്ലവം സംഭവിക്കുന്നു. അവ ആദരണീയമായ സ്ഥാപനങ്ങളെയും നടന്നു മുഷിഞ്ഞ വഴികളെയും പിന്നില്‍ ഉപേക്ഷിക്കുന്നു. പുതിയ വഴികള്‍ തുറക്കപ്പെടുന്നു. പുതിയ ക്രമം സൃഷ്ടിക്കപ്പെടുന്നു. ഈ ഘടനാത്മക മാറ്റത്തിന്‍റെ വേദനാപൂര്‍ണ്ണമായ പ്രക്രിയയില്‍ എപ്പോഴും പരിശുദ്ധാത്മാവിന്‍റെ സാന്നിധ്യമുണ്ട്. പുതിയ ആകാശവും പുതിയ ഭൂമിയും സമുദ്ഘാടനം ചെയ്യുന്നത് അരൂപിയാണ്. ദൈവത്തിന്‍റെ സര്‍ഗ്ഗാത്മക ഭാവനയാണ് പരിശുദ്ധാത്മാവ് എന്ന് നമുക്ക് ആലങ്കാരികമായി പറയാം. അരൂപി സഭയില്‍ പ്രത്യേകവിധത്തില്‍ പ്രവര്‍ത്തനനിരതനാണ്. കാരണം സഭ യേശുവിന്‍റെ അരൂപിയുടെ കൂദാശയാണ്. നിയമപരമായ അധികാര ഘടനയോടൊപ്പം അരൂപിയില്‍നിന്നു വരുന്ന വരദാനങ്ങളുടെ അവസ്ഥയുമുണ്ട്. പരിശുദ്ധാത്മാവ് യേശുവിന്‍റെ സന്ദേശത്തെ സന്നിഹിതമാക്കുന്നു. സമൂഹത്തില്‍ അധികാര പ്രമത്തത നിലനിര്‍ത്താനോ ആഘോഷങ്ങളുടെമേല്‍ അനിഷ്ഠാന ങ്ങള്‍ ആധിപത്യം ചെലുത്തുവാനോ ക്രൈസ്തവദര്‍ശനം ഫോര്‍മുലകളുടെ വിരസമായ ആവര്‍ത്തനത്തിലേക്കു വഴുതി വീഴാനോ പരിശുദ്ധാത്മാവ് അനുവദിക്കുന്നില്ല. അരൂപിയുടെ രക്ഷാകര ഫലദായകത്വം കൂദാശകളില്‍ വ്യക്തമാണ്, പ്രത്യേകിച്ച് വി. കുര്‍ബ്ബാനയില്‍. നമ്മുടെ ജീവിതത്തെ ദൈവികമാക്കുന്ന കൃപയായി അരൂപി കടന്നുവരുന്നു. വി. കുര്‍ബ്ബാന സ്ഥാപിച്ച ക്രിസ്തുവിന്‍റെ വാക്കുകള്‍ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്തി ലാണ് ഫലംചൂടുന്നതും അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും രൂപത്തില്‍ ക്രിസ്തുവിന്‍റെ പവിത്രമായ മനുഷ്യത്വത്തെ നമ്മുടെ മധ്യത്തിലേക്കു കൊണ്ടുവരുന്നതും. വിദ്യാഭ്യാസം, കൃഷി, രാഷ്ട്രീയം, മതം എന്നീ രംഗങ്ങളിലെല്ലാം നവീനമായ ആശയങ്ങള്‍ ഉള്ളവരും പുതിയ താളക്രമങ്ങള്‍ കണ്ടുപിടിച്ചവരും പുതിയ വഴികള്‍ തുറന്നുതന്നവരുമായ സര്‍ഗ്ഗാത്മക മനുഷ്യര്‍ - പൊതു സംരംഭകര്‍ - ഉയര്‍ന്നുവന്നിരുന്നില്ലെങ്കില്‍ സഭകളുടെയും സമൂഹത്തിന്‍റെയും അവസ്ഥ എന്താകുമായിരുന്നു? സാമൂഹിക ഘടനയുടെ ഈ തിരിവുകളിലൂടെയും മടക്കുകളിലൂടെയുമാണ് ജീവന്‍റെ സൃഷ്ടാവും സംദായകനുമായ പരിശുദ്ധാത്മാവ് പ്രത്യക്ഷപ്പെടുന്നത്.
പരിശുദ്ധാത്മാവും മറിയവും തമ്മിലുള്ള ബന്ധം
എല്ലാ സൃഷ്ടികളെയും വിശുദ്ധീകരിക്കുവാനും ത്രിത്വത്തിന്‍റെ അങ്കതലത്തിലേക്ക് പുനരാനയിക്കുവാനുമാണ് പുത്രനോടുകൂടെ പരിശുദ്ധാത്മാവ് ഭൂമിയിലേക്ക് അയക്കപ്പെട്ടത്. പരിശുദ്ധാത്മാവിന്‍റെ ആഗമനത്തെ ആരാണ് സ്വാഗതം ചെയ്തത്? പരിശുദ്ധാത്മാവ് സമ്പൂര്‍ണ്ണ സ്വയംദാനമായി ആരുടെ പക്കലേക്കാണ് വന്നത്? ഇന്നുവരെ ദൈവശാസ്ത്ര വിചിന്തനങ്ങള്‍ ഇക്കാര്യത്തെക്കുറിച്ച് പൂര്‍ണ്ണമായും കൃത്യതയിലെത്തിയിട്ടില്ല. എല്ലാ പാവപ്പെട്ടവരുടെ യും ജീവിത്തതില്‍ പരിശുദ്ധാത്മാവ് ഉണ്ടെന്നു നമുക്കറിയാം. ചരിത്രത്തിലെ എല്ലാ നീതിമാന്മാരോടുമൊപ്പം അവിടുന്നുണ്ട്. വിശ്വാസികളുടെ സമൂഹത്തില്‍ അവിടുന്ന് പ്രത്യേകവിധം സന്നിഹിതനാണ്. കൂദാശകളില്‍ അവിടുന്ന് പ്രവര്‍ത്തിക്കുന്നു. എല്ലാ വിശ്വാസികളെയും കടപ്പെടുത്തുന്ന വിശ്വാസസത്യങ്ങള്‍ മാര്‍പാപ്പ പ്രഖ്യാപിക്കുമ്പോള്‍ അപ്രമാധിത്വപരമായ സഹായം അവിടുന്ന് നല്‍കുന്നു. എന്നാല്‍ പുത്രന്‍റെ കാര്യത്തിലെന്നതു പോലെ അരൂപിയുടെ വ്യക്തിപരമായ സാന്നിധ്യത്തെ കാലത്തി ലടയാളപ്പെടുത്തുന്ന അവസ്ഥ നമുക്ക് വ്യക്തമാക്കാനാവില്ലല്ലോ? യേശുവിന്‍റെ പവിത്രമായ മനുഷ്യത്വത്താല്‍ പുത്രന്‍ സ്വീകരിക്കപ്പട്ടു. മനുഷ്യാവതാര രഹസ്യത്തിന്‍റെ സാരാംശമിതാണ്. ദൈവത്തിന്‍റെ പുത്രനും ശരീരത്തില്‍ നമ്മുടെ സഹോദരനുമായ നസ്രത്തിലെ യേശുവില്‍ മാനുഷിക യാഥാര്‍ത്ഥ്യവും ദൈവിക യാഥാര്‍ത്ഥ്യവും സംശയങ്ങള്‍ക്കതീതമായി വിഭിന്നതയില്ലാതെ ഒന്നുചേരുന്ന കൂട്ടായ്മ. പരിശുദ്ധാത്മാവിനെ സംബന്ധിച്ച് ഇത്തരത്തിലുള്ള ഒരവസ്ഥ നമുക്ക് കണ്ടെത്താനാകുമോ? മറ്റു വിശ്വാസസത്യ ങ്ങള്‍ക്കു ഭംഗംവരാത്ത രീതിയിലും പരിശുദ്ധ ത്രിത്വത്തിലുള്ള നമ്മുടെ സ്നേഹത്തിന്‍റെ ജ്ഞാനത്തെ വര്‍ദ്ദമാനമാക്കുന്ന വിധത്തിലും ഒരു ദൈവശാസ്ത്ര സങ്കല്പം ആദരപൂര്‍വ്വം വികസിപ്പിച്ചെടുക്കുവാന്‍ തീര്‍ച്ചയായും ക്രൈസ്തവര്‍ക്ക് സാധിക്കും. ഇത് മതബോധന ക്ലാസ്സുകളില്‍ പഠിപ്പിക്കേണ്ട ആധികാരിക സത്യമല്ല. നമ്മെ വെല്ലുവിളിക്കുകയും കൂടുതല്‍ അഗാധതയിലേക്ക് ഇറങ്ങിച്ചെല്ലുവാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന ദൈവരഹസ്യങ്ങളെ ഭക്തിയോടെയും ആദരവോടെയും മനസ്സി ലാക്കാനുള്ള പരിശ്രമം മാത്രമാണ്. അങ്ങനെയൊരു ദൈവശാസ്ത്ര സങ്കല്പത്തെ ഇവിടെ അവതരിപ്പിക്കുകയാണ്.
വി. ലൂക്കായുടെ സുവിശേഷത്തില്‍ മറിയത്തെക്കുറിച്ച് പ്രകാശപൂര്‍ണ്ണമായ വചനങ്ങള്‍ ഇപ്രകാരം പറയുന്നു: പരിശുദ്ധാത്മാവ് നിന്‍റെമേല്‍ വരും. അത്യുന്നതന്‍റെ ശക്തി നിന്‍റെമേല്‍ ആവസിക്കും. അതിനാല്‍ ജനിക്കാന്‍ പോകുന്നു ശിശു ദൈവത്തിന്‍റെ പുത്രനെന്നു വിളിക്കപ്പെടും (1:35). അരൂപി മറിയത്തിനുമേല്‍ എഴുന്നള്ളി വരുമെന്നാണ് പറഞ്ഞിരിക്കുന്നത്. അങ്ങനെ സംഭവിക്കുകയും ചെയ്തു. ആവസിക്കും എന്ന പദം, അരൂപി തന്‍റെ കൂടാരം മറിയത്തില്‍ സ്ഥാപിക്കും എന്ന അര്‍ത്ഥത്തിലാണ് ബൈബിളില്‍ ഉപയോഗിച്ചിരിക്കുന്നത്. അരൂപിയുടെ സ്പഷ്ടമായ സാന്നിധ്യം അവിടെയുണ്ട് എന്നാണ് ധ്വനി (പുറ 40:34-35). രണ്ടാം വത്തിക്കാന്‍ സൂനഹദോസ് മറിയത്തെ പരിശുദ്ധാത്മാവിന്‍റെ കൂദാശ (ജനതകളുടെ പ്രകാശം 35) എന്നാണ് വിളിക്കുന്നത്. അരൂപിയുടെ സാന്നിധ്യമാണ് മറിയത്തെ മാതാവാക്കിത്തീര്‍ക്കുന്നത്. അത് അവളുടെ മാനുഷിക മാതൃത്വ ത്തെ ദൈവിക മാതൃത്വമാക്കി രൂപാന്തരപ്പെടുത്തുന്നു. അതി നാലാണ് അവളില്‍നിന്നു ജനിച്ചവന്‍ ദൈവപുത്രനായിരിക്കുന്നത്. സൂനഹദോസ് പറയുന്നു: ഒരു പുതിയ സൃഷ്ടിയും പുതിയ സത്തയുമാകതക്കവിധം പരിശുദ്ധാത്മാവ് മറിയത്തെ രൂപപ്പെടുത്തി എന്ന പ്രയോഗം പരിശുദ്ധ ത്രിത്വത്തിലെ മൂന്നാമത്തെ വ്യക്തിയു മായുള്ള അഭേദ്യബന്ധത്തെ ഉള്‍ക്കൊള്ളുന്നതുമാണ്.
ഇവിടെ സ്ത്രീയുടെ മഹത്വം അതിന്‍റെ പരമോന്നതിയില്‍ എത്തിനില്‍ക്കുന്നു. പുരുഷന്‍റെ ശ്രേഷ്ഠത യേശുവില്‍ എങ്ങനെയാ യിരിക്കുന്നുവോ അതുപോലെയാണിത്. സ്ത്രീയും പുരുഷനും പരിശുദ്ധ ത്രിത്വത്തിന്‍റെ, ദൈവത്തിന്‍റെ ഛായയും സാദൃശ്യവുമാണ് (ഉല്‍പ 1:17). രണ്ടുകൂട്ടരും അവരവരുടേതായ രീതിയില്‍ യാഥാര്‍ത്ഥ്യമായും സത്യമായും ദൈവത്വത്തില്‍ പങ്കുചേരുന്നു.
ലെയനാര്‍ഡോ ബോഫ് (Holy Trinity: Perfect Community)
(പരിഭാഷ: ഫാ. ജിയോ പുളിക്കല്‍)
Holy Spirit as a person - The secret of love and the project of innovation Leonardo Boff catholic malayalam Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206