We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Leonardo Boff On 10-Feb-2021
ജീവന്‍റെയും സ്നേഹത്തിന്‍റെയും കൂട്ടായ്മ മൂന്നു വ്യക്തികള്‍ തമ്മില്‍
ത്രിത്വം ജീവന്‍റെ നിത്യമായ കൂട്ടായ്മ
ക്രൈസ്തവരുടെ ദൈവം മൂന്നു ദൈവിക വ്യക്തികളുടെ നിത്യമായ കൂട്ടായ്മയാണ്. പിതാവും പുത്രനും പരിശുദ്ധാത്മാവും. അവര്‍ നിത്യം ഒരാള്‍ മറ്റൊരാളിലേക്ക് വര്‍ഷിക്കപ്പെട്ടുകൊണ്ട് സ്നേഹത്തിന്‍റെയും കൂട്ടായ്മയുടെയും പരസ്പരകണ്ടുമുട്ടലിന്‍റെയും ഒരേ ചലനാത്മകതയെ രൂപപ്പെടുത്തുന്നു. ഇത് എങ്ങനെയാണ് നമുക്ക് വ്യക്തമായി മനസ്സിലാക്കാന്‍ കഴിയുക. ദൈവിക രഹസ്യത്തിന്‍റെ ആവരണം നീക്കുന്ന ഒരു കാര്യമല്ല ഇത്, പ്രത്യുത ദൈവിക ചലനാത്മകത ഗ്രഹിക്കുന്ന കാര്യമാണ്. പരിശുദ്ധ ത്രിത്വത്തിന്‍റെ സാന്നിധ്യവും പ്രവര്‍ത്തനവും ലോകത്തിലും നമ്മുടെ വ്യക്തിതല യാത്രയിലും അനുഭവിച്ചറിയുന്നതിനു വേണ്ടിയാണിത് ഈ ദൈവിക മുന്നേറ്റത്തെ പ്രകാശിപ്പിക്കുന്ന ഒരു വാക്ക് ബൈബിള്‍ ദൈവവിജ്ഞാനീയത്തില്‍ കാണാം - ജീവന്‍. നിത്യം നിലനില്ക്കുന്ന സജീവപ്രവര്‍ത്തനാത്മകതയായി, ജീവദായകതയായി ഭീഷണസാഹചര്യങ്ങളില്‍ കഴിയുന്ന എല്ലാ ജീവനെയും ദാരിദ്ര്യമനുഭവിക്കുന്നവരെയും അനീതി അനുഭവിക്കുന്നവരെയും സംരക്ഷിക്കുന്ന ശക്തിയായിട്ടാണ് ദൈവത്തെ നമുക്കു മനസ്സിലാക്കാന്‍ കഴിയുക. ജീവന്‍ തരുവാനും അതു സമൃദ്ധമായി തരുവാനും (യോഹ 10:10) വേണ്ടി വന്ന ഒരാളായിട്ടാണ് അവതരിച്ച പുത്രനായ യേശു തന്നെത്തന്നെ അവതരിപ്പിക്കുന്നത് - ജീവന്‍ എന്താണ് എന്ന് ചുരുക്കമായി പരിശോധിച്ചാല്‍ത്തന്നെ - ദൈവിക ത്രിത്വത്തിന്‍റെ കൂട്ടായ്മ നമുക്ക് ഗ്രഹിക്കാന്‍ കഴിയും.
സ്വതന്ത്രാവിഷ്ക്കാരത്തിന്‍റെ രഹസ്യമാണ് ജീവന്‍. കൊടുക്കല്‍ വാങ്ങലിന്‍റെ അവസാനിക്കാത്ത പ്രക്രിയ - നമ്മുടെ തന്നെ ജീവിതത്തെ മറ്റുള്ളവരുടെ ജീവിതവുമായി ഉള്‍ച്ചേര്‍ക്കുന്ന, വിട്ടുകൊടുക്കുന്നൂ, സമന്വയിപ്പിക്കുന്ന അനുഭവം. അത് സാന്നിധ്യവും വ്യാപനവും ഉള്‍ക്കൊള്ളുന്നു. ഒരു സജീവവ്യക്തിയുടെ സാന്നിധ്യം നിഷ്ചേതനമായ ഒരു കല്ലിലുള്ള സാന്നിധ്യം പോലെയല്ല. ഒരു സജീവവ്യക്തിയുടെ സാന്നിധ്യം അസ്തിത്വത്തെത്തന്നെ കൂടുതല്‍ തീക്ഷ്ണമാക്കുന്നതാണ്. ഒരു സജീവ വ്യക്തി സ്വയം വെളിപ്പെടുത്തുന്നു. സ്വയം വെളിപ്പെടുത്താന്‍ വാക്കുകള്‍ ആവശ്യമില്ല. ഒരു സജീവ വ്യക്തിയെ അഭിമുഖീകരിക്കുവാന്‍ നാം ഒരു നിലപാട് എടുക്കണം. ഒന്നുകില്‍ അയാളുടെ ജീവനെ സ്വീകരിക്കുക. അല്ലെങ്കില്‍ തള്ളിക്കളയുക. എല്ലാ ജീവനും അതില്‍ നിന്നു വ്യത്യസ്തമായ ഒന്നിലേക്കു വ്യാപിക്കുമ്പോള്‍ അതിനെ ഉള്‍ക്കൊള്ളുന്ന ഒരു കൂട്ടായ്മയുടെ പ്രക്രിയ നടക്കുന്നു. എല്ലാ ജീവനും ഉല്പാദിപ്പിക്കപ്പെടുന്നത് മറ്റൊരു ജീവനില്‍ നിന്നാണ്. ജീവന്‍ അതിന്‍റെ സ്വഭാവത്താല്‍ത്തന്നെ വ്യാപനാത്മകമാണ്. അത് എപ്പോഴും ജീവന്‍റെ നവമായ ആവിഷ്ക്കാരങ്ങളോടുകൂടിയ ഒരു സ്വതന്ത്രപ്രക്രിയയെ അര്‍ത്ഥമാക്കുന്നു. ജീവന്‍റെ രഹസ്യത്തോടു ബന്ധിപ്പിച്ചു കണ്ടാല്‍ പരിശുദ്ധത്രിത്വത്തെ ഒരു പരിധിവരെ മനസ്സിലാക്കാം. പിതാവും പുത്രനും പരിശുദ്ധാത്മാവും നിത്യമായി ജീവിക്കുന്ന വ്യക്തികളാണ്. പരസ്പരം സമര്‍പ്പിച്ചുകൊണ്ട് അവര്‍ സ്വയം പൂര്‍ണ്ണതയിലെത്തുന്നു. ഓരോ ദൈവിക വ്യക്തിയുടെയും അടിസ്ഥാന സ്വഭാവം മറ്റുള്ളവര്‍ക്കുവേണ്ടി, മറ്റുള്ളവരിലൂടെ, മറ്റുള്ളവരോടൊപ്പം, മറ്റുള്ളവരില്‍ ആയിരിക്കുക എന്നതാണ്. ഓരോ സജീവവ്യക്തിത്വവും മറ്റുള്ളവരെ ചൈതന്യവത്താക്കിക്കൊണ്ടും അവരുടെ ജീവനില്‍ പങ്കുപറ്റിക്കൊണ്ടും നിത്യം ചൈതന്യപൂര്‍ണ്ണമായിരിക്കുന്നു. അങ്ങനെ മറ്റുള്ളവരെ സന്തോഷഭരിതമാക്കിക്കൊണ്ടു ഒരു വ്യക്തി എങ്ങനെ സന്തോഷഭരിതനായിരിക്കുന്നുവോ അങ്ങനെതന്നെയാണ് പരിശുദ്ധത്രിത്വത്തിന്‍റെ ജീവിതവും. മറ്റുള്ള വ്യക്തികള്‍ക്ക് ജീവന്‍ നല്കികൊണ്ടും അവരില്‍നിന്ന് ജീവന്‍ സ്വീകരിച്ചുകൊണ്ടുമാണ് ഓരോ ദൈവിക വ്യക്തിയും സജീവമായിരിക്കുന്നത്. ക്രിസ്തീയ ദൈവത്തിന് മൂന്നു ദൈവിക വ്യക്തികളുടെ കൂട്ടായ്മയായിരിക്കുവാനും ത്രിത്വമായിരിക്കുവാനും മാത്രമേ കഴിയൂ എന്ന സത്യം ഇതുകൊണ്ടാണ് നാം മനസ്സിലാക്കുന്നത്. ഇത് ദ്വന്ദ്വത്തിനുമപ്പുറത്താണ്. പിതാവും പുത്രനും മാത്രം മുഖാമുഖം ആയിരിക്കുന്ന അവസ്ഥയല്ല. ത്രിത്വമാണ് പരസ്പരമുള്ള അനുധ്യാനത്തിനപ്പുറത്ത് ജീവന്‍റെ പൂര്‍ണ്ണത ആവിഷ്ക്കരിക്കുവാന്‍ മൂന്നാമത് ഒരാള്‍ വേണം. പരിശുദ്ധാത്മാവ്. അപ്പോള്‍ ദൈവത്തിന്‍റെ സത്തക്കു രൂപം കൊടുക്കുന്നത് ജീവനാണ്. കൊടുക്കുന്നതും സ്വീകരിക്കുന്നതുമായ കൂട്ടായ്മയാണ് ജീവന്‍. ഈ കൂട്ടായ്മയാണ് ത്രിത്വം.
ജീവന്‍ എന്താണ് എന്നു നമുക്ക് അറിഞ്ഞുകൂടാ എന്നാല്‍ അത് ചലനാത്മകതയേയും സ്വത്മക പ്രചോദനത്തെയും സ്വാതന്ത്ര്യത്തെയും ഭാവിയേയും നവീനതയേയും ഉള്‍ക്കൊള്ളുന്നു. ത്രിത്വം നിത്യമായ ജീവനാണ്. അതിനാല്‍ അത് സ്വാതന്ത്ര്യമാണ്. അനുസൂത്യമായ കൊടുക്കല്‍ വാങ്ങലാണ്. സ്വാത്മപ്രചോദനമായ പ്രവര്‍ത്തനമാണ്. അവിരാമമായ ആത്മദാനമാണ്. ത്രിത്വം എല്ലാ ജീവനുംപോലെ എപ്പോഴും പരിവര്‍ത്തനാത്മകവും എന്നാല്‍ അപ്രത്യക്ഷമാകത്തതുമായ നവീനതയാണ്. ഓരോ വ്യക്തിത്വവും മറ്റുള്ളവര്‍ക്ക് ഭാവിയും അതിനാല്‍ത്തന്നെ എന്നും പുതുമയാര്‍ന്നതും അത്ഭുതകരവുമാണ്. ഓരോ മനുഷ്യാസ്തിത്വത്തിലും താഴെപ്പറയുന്ന ബന്ധങ്ങള്‍ നമുക്ക് കണ്ടെത്താനാവും. എപ്പോഴും ഒരു 'ഞാന്‍-നീ' ബന്ധമുണ്ട് - 'ഞാന്' ഒരിക്കലും തനിയേ അല്ല. 'ഞാനി'ല്‍ ഒരു 'നീ' പ്രതിധ്വനിക്കുന്നുണ്ട്. 'നീ' എന്നു പറയുന്നത് മറ്റൊരു 'ഞാന്' ആണ്. ആദ്യത്തെ 'ഞാന്' - ല്‍ നിന്നു വ്യത്യസ്തവും അതിനോടു തുറവിയുള്ളതുമായ മറ്റൊരു 'ഞാന്‍'. ഈ 'ഞാന്ന' - 'നീ' ബന്ധത്തിലൂടെയാണ് മനുഷ്യവ്യക്തി അവന്‍റെ വ്യക്തിത്വത്തെ ക്രമേണ കരുപ്പിടിപ്പിക്കുന്നത് എന്നാല്‍ ഈ ഞാന്‍ - നീ വിനിമയം മാത്രമല്ല ഉള്ളത് ഞാന്‍ - നീ ബന്ധത്തിലെ ഒരു കൂട്ടായ്മയുണ്ട്. ഞാനും നീയും ഒരുമിച്ച് പ്രകാശിപ്പിക്കപ്പെടുമ്പോള്‍ - ഞാന്‍ എന്നെയും നീ - നിന്നെയും മറികടന്ന് ഒരു പുതിയ കൂട്ടായ്മ ഉണ്ടാകുമ്പോള്‍ രൂപം കൊള്ളുന്ന ഞങ്ങള്‍ എന്ന അവസ്ഥ. ഞങ്ങള്‍ എന്ന് പറയുമ്പോള്‍ ഒരു കൂട്ടായ്മയെയാണ് പ്രകാശിപ്പിക്കുന്നത്. ഇതിനു തുല്യമായ ഒരു അവസ്ഥയാണ് പരിശുദ്ധത്രിത്വത്തിലും ഉണ്ടാകുന്നത്. ഞാന്‍ എന്നത് പിതാവിനെ സൂചിപ്പിക്കുന്നു ഈ ഞാന്‍ നീ യെ സൂചിപ്പിക്കുന്നു. അത് പുത്രനാണ്. പുത്രന്‍ പിതാവിന്‍റെ വചനം മാത്രമല്ല പിതാവിനുള്ള വചനം കൂടിയാണ്. ഈ ബന്ധത്തില്‍ നിന്ന് നിത്യമായ വിനിമയം ഉണ്ടാകുന്നു. പിതാവും (ഞാന്‍) പുത്രനും (നീ) ഐക്യപ്പെട്ട ഞങ്ങള്‍ എന്ന അവസ്ഥയെ ആവിഷ്ക്കരിക്കുന്നു. അതാണ് പരിശുദ്ധാത്മാവ്. അവിടുന്ന് നമ്മുടെ ആത്മാവാണ് പിതാവിന്‍റെയും പുത്രന്‍റെയും ആത്മാവാണ്. അതിനാല്‍ മൂന്നു ദൈവിക വ്യക്തികളുടെ ബന്ധത്തിന്‍റെ ആവിഷ്ക്കരമായി ദൈവിക കൂട്ടായ്മ ഉരുത്തിരിയുന്നു.
ദൈവിക ജീവന്‍ ത്രിത്വൈക കൂട്ടായ്മയാണ് എന്നു ക്രിസ്തു നമുക്കു വെളിപ്പെടുത്തിത്തരുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവും ഏറ്റവും പൂര്‍ണ്ണവും സ്നേഹ നിര്‍ഭരവുമായ പരസ്പര കൂട്ടായ്മയില്‍ ഏകത്വത്തിന്‍റെ അത്യുന്നത രഹസ്യത്തില്‍ ജീവിക്കുന്നു. ഇത് മനുഷ്യാസ്തിത്വത്തിന് മഹത്വവും ഉദാത്തതയും നല്കുന്ന എല്ലാ സ്നേഹത്തിന്‍റെയും കൂട്ടായ്മയുടെയും സ്രോതസ്സത്രേ.
(പേബ്ല രേഖ നമ്പര്‍ 212)
ഞാന്‍ - നീ - നമ്മള്‍: പരിശുദ്ധത്രിത്വം
പരിശുദ്ധത്രിത്വത്തിന്‍റെ രഹസ്യം ദൈവശാസ്ത്രജ്ഞന്മാരുടെ ചിന്തകളെ എന്നും വെല്ലുവിളിച്ചിട്ടുണ്ട്. ദൈവം നമുക്ക് വെളിപ്പെടുത്തി തന്ന സത്യങ്ങളെക്കുറിച്ച് വിചിന്തനം നടത്തുവാനും അവയെ അനുധാവനം ചെയ്യുവാനും ജീവിതം സമര്‍പ്പിച്ചവരാണ് ആ ദൈവശാസ്ത്രജ്ഞന്മാര്‍. മഹത്തായ സൂനഹദോസുകള്‍ ദൈവശാസ്ത്രചിന്തകള്‍ക്ക് പ്രാഥമിക രൂപഘടന നല്‍കിയിട്ടുണ്ട്. അതിന്‍റെ വെളിച്ചത്തില്‍ വേണം പരിശുദ്ധത്രിത്വത്തെക്കുറിച്ചുള്ള ചിന്താപദ്ധതി നാം മുന്നോട്ട് കൊണ്ടുപോകാന്‍, എന്നാല്‍ കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതിനെ സൂനഹദോസുകള്‍ തടഞ്ഞിട്ടില്ല. മനുഷ്യഭാഷയുടെ പരിമിതിയെ അവ അംഗീകരിക്കുന്നു. നമ്മുടെ പരിശ്രമങ്ങള്‍ക്കെല്ലാം ഒടുവില്‍ ദിവ്യമായ ഒരു നിശബ്ദതയില്‍ നാം ചെന്നു നില്ക്കുന്നു. എന്നാല്‍ ഈ നിശബ്ദതയില്‍ എത്തുന്നതിനുമുമ്പ് കൂടുതല്‍ കൂടുതല്‍ വെളിച്ചം ലഭിക്കുന്നതിനുവേണ്ടി നമ്മള്‍ ബുദ്ധിപരമായ എല്ലാ പരിശ്രമങ്ങളും നടത്തേണ്ടതുണ്ട്. ദൈവത്തോടും ദൈവിക രഹസ്യത്തിന്‍റെ അഗാധതയോടും നീതിപുലര്‍ത്തുവാനുള്ള ഏകമാര്‍ഗ്ഗം അതാണ്. അപ്രകാരം കഴിഞ്ഞ ദശകങ്ങളില്‍ പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നിവരില്‍ പ്രത്യക്ഷപ്പെടുന്ന വ്യക്തിത്വത്തെക്കുറിച്ചുള്ള ധാരണ കൂടുതല്‍ അഗാധമായ പഠനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. സാധാരണ പഠനത്തില്‍, മറ്റുള്ളവരില്‍ നിന്ന് വ്യതിരിക്തമായി സ്വയം നിലനില്ക്കുന്ന ഒന്നായിട്ടാണ് വ്യക്തിയെ കണക്കാക്കുന്നത്. അപ്പോള്‍ പിതാവും പുത്രനും പരിശുദ്ധാത്മാവും സ്വതന്ത്രവ്യക്തിത്വമുള്ളവരാണ്. ആധുനിക കാലഘട്ടത്തില്‍ ഈ ധാരണ കുറെകൂടി ആഴമായ പഠനത്തിന് വിധേയമായി. പല ദൈവശാസ്ത്രജ്ഞന്‍മാരും സൂചിപ്പിച്ചിട്ടുണ്ടെങ്കിലും പൂര്‍വ്വകാലങ്ങളില്‍ ഊന്നല്‍ നല്കാതിരുന്ന ഒരു മാനത്തിന് പ്രധാന്യം കൊടുത്തു. വ്യക്തി എന്ന് പറയുന്നത് അതില്‍ തന്നെ നിലനില്ക്കുന്നതാണെങ്കിലും, മറ്റൊന്നിലേക്കും പരിമിതപ്പെടുത്താവുന്നതല്ലെങ്കിലും എപ്പോഴും മറ്റുള്ളവരിലേക്ക് തുറവിയുള്ള സ്വഭാവവിശേഷം വ്യക്തിയുടെ ഘടകമാണ് എന്ന കാര്യമാണത്. അപ്പോള്‍ വ്യക്തി എന്നു പറയുന്നത് എല്ലാം ദിശകളിലേയും അഭിമുഖീഭവിക്കുന്ന ബന്ധങ്ങളുടെ പ്രഭവസ്ഥാനമാണ്. ബന്ധങ്ങളുടെ ഉണ്മയാണ്.
ദൈവിക ത്രിത്വത്തെ മൂന്നു വ്യക്തികളായി പരിഗണിക്കുമ്പോള്‍ എന്താണ് നാം അര്‍ത്ഥമാക്കുന്നത് എന്ന് മനസ്സിലാക്കാന്‍ മനുഷ്യവ്യക്തികളുടെ ഉപമാനം സഹായിക്കുന്നു.
ത്രിത്വം - നിത്യമായ ആത്മദാനം
പിതാവും പുത്രനും പരിശുദ്ധാത്മാവും മൂന്ന് ദൈവിക വ്യക്തികളാണ് എന്ന് പറയുമ്പോള്‍ ഭൂരിഭാഗം ക്രൈസ്തവരും വ്യക്തി എന്ന വാക്കിനെ അതിന്‍റെ സാധാരണ അര്‍ത്ഥത്തിലാണ് മനസ്സിലാക്കുന്നത്. അതായത് ബുദ്ധിയും മനസ്സും വികാരങ്ങളുമുള്ളതും 'ഞാന്‍' എന്ന പറയാന്‍ സാധിക്കുന്നതുമായ ആള്‍ എന്ന നിലയില്‍ . അപ്പോള്‍ ദൈവത്തിന് മൂന്നു ബുദ്ധിയും മൂന്നു മനസ്സും മൂന്നു അവബോധവും ഉണ്ട് എന്ന് ധരിച്ചുപോകാം. ഇത്രയും മാത്രം പറഞ്ഞ് ഈ മൂന്നു വ്യക്തികളും എപ്പോഴും കൂട്ടായ്മയിലാണ് എന്ന് സൂചിപ്പിക്കുന്നില്ലെങ്കില്‍ മൂന്ന് വ്യത്യസ്തദൈവങ്ങള്‍ ഉണ്ട് എന്ന ത്രിദൈവ വാദം എന്ന തെറ്റില്‍ നാം അകപ്പെടും. ആധുനിക ചിന്ത അവതരിപ്പിക്കുന്ന ഈ പ്രശ്നത്തെ മറികടക്കാന്‍ രണ്ട് ദൈവശാസ്ത്രജ്ഞന്‍മാര്‍, പ്രൊട്ടസ്റ്റന്‍റ് ദൈവശാസ്ത്രജ്ഞന്‍ കാള്‍ ബാര്‍ത്തും കത്തോലിക്കാ ദൈവശാസ്ത്രജ്ഞന്‍, കാള്‍ റാനറും ത്രിത്വൈക ഭാഷകളിലെ വ്യക്തി എന്ന പദത്തെ മാറ്റിവയ്ക്കാന്‍ ശ്രമിക്കുന്നു. വ്യക്തി എന്ന പദം ത്രിത്വൈക കൂട്ടായ്മയുടെ രഹസ്യത്തെ മനസ്സിലാക്കാന്‍ എന്നതിനേക്കാള്‍ ഇന്നത്തെ ക്രൈസ്തവര്‍ക്ക് കൂടുതല്‍ പ്രശ്നം ഉളവാക്കാനേ സഹായിക്കുകയുള്ളൂ. ത്രിത്വാത്മക സന്ദര്‍ഭത്തിനു പുറത്ത് ദൈവത്തെക്കുറിച്ച് വെറുതെ സംസാരിക്കുമ്പോള്‍ നമുക്ക് വ്യക്തികളെക്കുറിച്ച് സംസാരിക്കാം എന്ന് അവര്‍ പറയുന്നു. അല്ലെങ്കില്‍ ദൈവം എന്നത് വ്യക്തിപരമല്ലാത്ത പ്രാപഞ്ചികശക്തിയാണ് എന്ന് നമ്മള്‍ വിചാരിച്ചേക്കാം. അപ്പോള്‍ ദൈവം ആത്യന്തിക വ്യക്തിയോ നിത്യനായ കര്‍ത്താവോ ആവാം. എന്നാല്‍ പരിശുദ്ധത്രിത്വവുമായി ബന്ധപ്പെട്ട് വ്യക്തി എന്ന പദം ബഹിഷ്ക്കരിക്കുവാനാണ് അവര്‍ നിര്‍ദ്ദേശിക്കുന്നത്. വ്യക്തിയുടെ സ്ഥാനത്ത് ഉണ്മയുടെ മൂന്ന് ഭാവങ്ങളെക്കുറിച്ച് പരാമര്‍ശിക്കുവാനാണ് ബാര്‍ത്തിന്‍റെ നിര്‍ദ്ദേശം. അപ്പോള്‍ ത്രിത്വം എന്നത് നിത്യനായ വ്യക്തി (ദൈവം) യഥാര്‍ത്ഥത്തില്‍ മൂന്ന് ഭാവങ്ങളില്‍ അസ്ഥിത്വം ആര്‍ജ്ജിക്കുന്നു - ഉത്ഭവമില്ലാത്ത പിതാവായും പിതാവില്‍ നിന്ന് നിത്യം പുറപ്പെടുന്ന പുത്രനായും പിതാവില്‍ നിന്നും പുത്രനില്‍ നിന്നും സംയുക്തമായി പുറപ്പെടുന്ന പരിശുദ്ധാത്മാവായും.
കാള്‍റാനര്‍ ഈ ഉള്‍ക്കാഴ്ച സ്വീകരിച്ചെങ്കിലും അതില്‍ അല്പം വ്യതിയാനം വരുത്തുന്നു. മൂന്നു ഭാവങ്ങളിലുള്ള അസ്ഥിത്വത്തെക്കുറിച്ച് എന്നതിനെക്കാള്‍ മൂന്ന് തരത്തിലുള്ള ഉണ്മയെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുവാന്‍ ആഗ്രഹിക്കുന്നത്. ത്രിത്വ പ്രകാര സിദ്ധാന്തം (modalism) എന്ന തെറ്റില്‍ അകപ്പെടാതിരിക്കുവാനാണിത്.
ഈ അബദ്ധസിദ്ധാന്തം നാം നേരത്തെ കണ്ടത്തുപോലെ ആത്യന്തികമായി പരിശുദ്ധത്രിത്വത്തെ അംഗീകരിക്കുന്നില്ല. മൂന്നു രൂപത്തില്‍ പ്രത്യക്ഷപ്പെടുന്ന ഏകദൈവത്തെയാണ് ഉദ്ദര്‍ശനം ചെയ്യുന്നത്. നമ്മെ സംബന്ധിച്ച് മാത്രമാണ് ദൈവത്തിന്‍റെ ത്രിത്വ രൂപം. ആന്തരികമായി ദൈവം ഏകനാണ്. ഏകനായി തുടരുകയും ചെയ്യും. അതിനാല്‍ റാനര്‍ പറയുന്നു ദൈവം കൂട്ടായ്മയുടെ രഹസ്യമാണ്. സ്വാത്മസത്തയില്‍ നിന്നും പുറപ്പെട്ട് ജീവനും സ്നേഹവും പങ്കുവയ്ക്കുന്നു. അടിസ്ഥാന രഹസ്യമെന്ന നിലയില്‍ ദൈവം ആത്മദാനമാണ്. സ്വയം സമര്‍പ്പണം എന്ന പ്രവര്‍ത്തിയില്‍ തന്നെയുള്ള ആത്മദാനം പരമവും അഗ്രാഹ്യവും ആയി നിലക്കൊള്ളുന്നിടത്തോള്ളം തത്വമില്ലാത്ത തത്വം എന്ന നിലയില്‍ അത് പിതാവ് എന്ന് അറിയപ്പെടുന്നു. ഈ ആത്മദാനം ആവിഷ്ക്കരിക്കപ്പെടുകയും ഗ്രഹിക്കാവുന്നതരത്തിലുള്ള സത്യമായി തീരുകയും ചെയ്യുമ്പോള്‍ അത് പുത്രന്‍ എന്ന് വിളിക്കപ്പെടുന്നു ഈ ആത്മദാനം സ്നേഹത്തില്‍ നിര്‍വ്വഹിക്കപ്പെടുകയും കൂട്ടായ്മ ഉളവാക്കുകയും ചെയ്യുന്നതിനാല്‍ അത് പരിശുദ്ധാത്മാവ് എന്ന് വിളിക്കപ്പെടുന്നു. ഈ പ്രവര്‍ത്തനം നാം മനസ്സിലാക്കുക മാത്രമല്ല ചെയ്യുന്നത് ദൈവത്തെ ദൈവമായിരിക്കുന്ന രീതിയില്‍ ഇത് വെളിപ്പെടുത്തുകയും ചെയ്യുന്നു. അപ്പോള്‍ ത്രിത്വപ്രകാര സിദ്ധാന്തത്തെ നാം തള്ളിക്കളയുന്നുവെന്നുമാത്രമല്ല, മൂന്നു ഭാവങ്ങളില്‍ എന്നും നിര്‍വഹിക്കപ്പെടുന്ന കൂട്ടായ്മ എന്ന മഹാരഹസ്യത്തിനുമുമ്പില്‍ നാം നില്ക്കുകയും ചെയ്യുന്നു. അത് നമ്മെ എന്നും സമര്‍പ്പണത്തിനും സ്നേഹത്തിനും കൂടുതലായി പ്രാപ്തരാക്കുന്ന അതേ പ്രക്രിയയിലേക്ക് ഉള്‍ച്ചേര്‍ക്കുകയും ചെയ്യുന്നു. ഈ രണ്ട് സമീപനങ്ങളും തൃപ്തികരമായി പരിഗണിക്കാനാവില്ല. ഒന്നാമതായി അതു വളരെ അമൂര്‍ത്തമാണ്. ഉണ്മയുടെ മൂന്ന് ഭാവങ്ങളെ ആരും ആരാധിക്കുന്നില്ല. പ്രത്യുത പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്ന മൂന്ന് വ്യക്തികളെയാണ് ആരാധിക്കുന്നത്. രണ്ടാമതായി, ദൈവത്തിന്‍റെ ഐക്യത്തെ അത് പ്രകടമാക്കുന്നുണ്ടെങ്കിലും വ്യക്തികളുടെ ത്രിത്വത്തെയോ അവരില്‍ ഉള്ളവാക്കുന്ന ബന്ധത്തെയോ വ്യക്തമാക്കുന്നില്ല. ആത്യന്തികമായി പരിശോധിച്ചാല്‍ ഈ രണ്ട് സമീപനങ്ങളും ഏക ദൈവമാത്ര വാദത്തില്‍നിന്ന് രക്ഷപ്പെടുന്നില്ല. ത്രിത്വപ്രകാര സിദ്ധാന്തത്തിന്‍റെ അപകടത്തിലാണ് താനും. നമ്മുടെ സമീപനം എപ്പോഴും കൂട്ടായ്മയിലും പരസ്പരമുള്ള നിത്യമായ സ്നേഹത്തിലും വര്‍ത്തിക്കുന്ന ദൈവികത്രിത്വത്തില്‍ നിന്നാകണം. പരിശുദ്ധത്രിത്വത്തെ സംബന്ധിച്ചുള്ള ഒരു യുക്തിയുണ്ടെങ്കില്‍ അത് ഇതാണ്. കൊടുക്കുക വീണ്ടും കൊടുക്കുക. മൂന്ന് വ്യക്തികളും സ്വയം ഇതരവ്യക്തികള്‍ക്ക് ആത്മസമര്‍പ്പണം ചെയ്യത്തക്കവിധം വ്യത്യസ്തരാണ്. ഈ ആത്മദാനമാകട്ടെ മൂന്ന് വ്യക്തികളെയും കൂട്ടായ്മ വഴി ഒരേ ദൈവമായി തീരുന്നവിധം അത്ര സമ്പൂര്‍ണ്ണമാണ്.
പരിശുദ്ധത്രിത്വം - സമ്പൂര്‍ണ്ണ കൂട്ടായ്മ
1986 ജൂലായില്‍ മധ്യ ബ്രസീലിലെ ട്രീന്‍ഡാഡെയില്‍ നടന്ന അടിസ്ഥാന ക്രിസ്തീയ സമൂഹങ്ങളുടെ ആറാം സഭാന്തര സമ്മേളന വേദിയിലെ അള്‍ത്താരയുടെ പിറകില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഒരു ക്യാന്‍വാസില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരുന്നു. പരിശുദ്ധത്രിത്വം സമ്പൂര്‍ണ്ണ കൂട്ടായ്മ. പരിശുദ്ധത്രിത്വത്തെ ചിത്രീകരിച്ചിരുന്നത് താഴെ പറയും പ്രകാരമാണ.് പിതാവിന്‍റെ കരങ്ങള്‍ - അവയില്‍ നിന്ന് പ്രാവിന്‍റെ രൂപത്തില്‍ പുറപ്പെടുന്ന പരിശുദ്ധാത്മാവ് പുത്രനായ യേശുക്രിസ്തുവിന്‍റെ ശിരസ്സില്‍ വിശ്രമിക്കുന്നു. യേശുവിന്‍റെ കരങ്ങള്‍ ഉയര്‍ന്ന് പിതാവിന്‍റെ കരങ്ങളെ സ്പര്‍ശിക്കുന്നു. പാസ്റ്റര്‍ ലാന്‍ഡ് കമ്മീഷന്‍, മിഷനറി ഇന്‍ഡിജനസ് കൗണ്‍സില്‍, അടിസ്ഥാന ക്രിസ്തീയ സമൂഹങ്ങള്‍ തുടങ്ങിയ ജനകീയ പ്രസ്ഥാനങ്ങളുടെ പ്രതിനിധികള്‍ യേശുവിന്‍റെ തോളേതോള്‍ ചേര്‍ന്നു നില്ക്കുന്നു. ത്രിത്വൈയേക കൂട്ടായ്മയും സമൂഹവും മാത്രമല്ല അതോടൊപ്പം ദൈവിക കൂട്ടായ്മയില്‍ പങ്കുചേരുവാന്‍ എക്കാലവും ക്ഷണിക്കപ്പെടുന്ന മാനുഷിക സമൂഹങ്ങളും അവിടെ ഉണ്ട് എന്ന് കാണിക്കുകയായിരുന്നു ഈ ചിത്രീകരണത്തിന്‍റെ ലക്ഷ്യം.
പരിശുദ്ധത്രിത്വത്തെക്കുറിച്ച് വ്യക്തിതലത്തിലുള്ള ഒരു ധാരണയ്ക്കപ്പുറത്തേക്ക് വിരല്‍ ചൂണ്ടുന്നതായിരുന്നു ഈ ചിത്രം. ദൈവിക ത്രിത്വം - പിതാവും പുത്രനും പരിശുദ്ധാത്മാവും തീര്‍ച്ചയായും ഉണ്ട്. എന്നാല്‍ പരസ്പരം വ്യതിരിക്തരായിക്കുകമാത്രമല്ല ആ അവസ്ഥ. കൂട്ടായ്മയും സ്നേഹവും കൊണ്ട് ഐക്യപ്പെടുവാന്‍ വേണ്ടിയാണ് അവര്‍ വ്യതിരിക്തരായിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ നിലനില്ക്കുന്നത് ഒരു ദൈവിക കൂട്ടായ്മയാണ്.
അനന്തകാലം മുതല്‍ പിതാവും പുത്രനും പരിശുദ്ധാത്മാവും ഒരുമിച്ച് സഹാസ്തിത്വമുള്ളവരാണ്. ആരും മുന്‍പോ പിന്‍പോ ഉണ്ടായതല്ല. ആരും ഉന്നതനോ താഴ്ന്നവനോ അല്ല. അവര്‍ തുല്യമായ രീതിയില്‍ നിത്യതയുള്ളവരും അനന്തത സ്വന്തമാക്കിയവരും കാരുണ്യ നിധികളുമാണ്. അവര്‍ നിത്യ കൂട്ടായ്മയെ രൂപപ്പെടുത്തുന്നു.
കൂട്ടായ്മ എന്ന് നമ്മള്‍ പറയുമ്പോള്‍ വ്യക്തികള്‍ തമ്മില്‍ പരസ്പരമുള്ളതും പ്രത്യക്ഷവും സമഗ്രവുമായ ബന്ധത്തിനാണ് ഊന്നല്‍ നല്കുന്നത്. ഓരോ വ്യക്തിയുടെയും സത്ത മറ്റുള്ളവര്‍ക്ക് അഭിമുഖമായി ഭവിക്കുന്നു. ഒന്നും സ്വന്തമായി നിലനിര്‍ത്തുന്നില്ല. ഓരോ വ്യക്തിയും അവന്‍റെ സത്തയും സ്വന്തവും എല്ലാം പൊതുവായി അര്‍പ്പിക്കുന്നു. ഈ അടിസ്ഥാനപരമായ ഐക്യത്തില്‍ നിന്നാണ് കൂട്ടായ്മ രൂപം കൊള്ളുന്നത്. അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനം എന്ന പുതിയനിയമഗ്രന്ഥത്തില്‍ കാണുന്നതുപോലെ ക്രൈസ്തവര്‍ അവര്‍ക്ക് ഉണ്ടായിരുന്നതെല്ലാം പൊതുവായി അര്‍പ്പിച്ചിരുന്നുവെന്നും അവരുടെയിടയില്‍ ദരിദ്രര്‍ ഉണ്ടായിരുന്നില്ല എന്നും അവരെക്കുറിച്ച് പറയപ്പെടുന്നു.
ഇതിന് ഏറെക്കുറെ തുല്യവും ഇതിനേക്കാളും അഗാധവുമായ ഒന്നാണ് പരിശുദ്ധത്രിത്വത്തില്‍ സംഭവിക്കുന്നത്. ദൈവികത്രിത്വത്തിലെ മൂന്നു പേരും വ്യത്യസ്തരും ലഘൂകരിക്കുവാന്‍ ആകാത്തവരുമാണ്. ഒരു വ്യക്തി ഇതര വ്യക്തികളില്‍ നിന്ന് വ്യത്യസ്തം. എന്നാല്‍ മറ്റു രണ്ടു ആളുകളുമില്ലാതെ ഒരു വ്യക്തിയെ നിര്‍വചിക്കുവാന്‍ ആവില്ല. ഓരോ വ്യക്തിയും മറ്റു രണ്ടു വ്യക്തികളെ അംഗീകരിച്ചുകൊണ്ടും അവര്‍ക്കു സമര്‍പ്പിച്ചുകൊണ്ടും മാത്രമേ നിലനില്ക്കുന്നുള്ളൂ. സ്വയം മറ്റുള്ളവര്‍ക്ക് സമര്‍പ്പിക്കുവാനും അവരോട് കൂട്ടായ്മയില്‍ ആയിരിക്കുവാനും തക്കവിധം ഓരോ വ്യക്തിയും വ്യതിരിക്തനാണ്. അപ്പോള്‍ അവിടെ ഐശ്വര്യത്തിന്‍റെ സമ്പന്നതയാണുള്ളത്. ഐകരൂപ്യത്തിന്‍റെ അവസ്ഥയല്ല. എല്ലാ സമൂഹത്തിനും മാതൃകയാണ് ത്രിത്വം - ഓരോരുത്തരുടെയും വ്യക്തിത്വത്തെ മാനിക്കുന്നതോടൊപ്പം പരസ്പരമുള്ള ആത്മ സമര്‍പ്പണത്തിലൂടെയും ഐക്യത്തിലൂടെയുമാണ് ഒരു സമൂഹ കൂട്ടായ്മ രൂപം കൊള്ളുന്നത്.
സാധാരണ ക്രൈസ്തവര്‍ ദൈവശാസ്ത്രവിചിന്തനത്തിനുപരിയായി ഇതു മനസ്സിലാക്കുന്നു. അവര്‍ അത് കൃത്യമായി ആവിഷ്ക്കരിക്കുകയും ചെയ്യുന്നു- "പരിശുദ്ധത്രിത്വം സമ്പൂര്‍ണ്ണ കൂട്ടായ്മ".
അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനത്തില്‍ കാണുന്ന ക്രിസ്തീയ സമൂഹത്തില്‍ ഒരേ ഹൃദയത്തോടും ഒരേ ആത്മാവോടും കൂടെ ക്രൈസ്തവര്‍ പരസ്പരം സ്നേഹിച്ചിരുന്നു (അപ്പ.പ്ര. 4:32). അവിടെ സ്നേഹം ഇത്രയും ശക്തമായ കൂട്ടായ്മക്കു രൂപം കൊടുത്തെങ്കില്‍ ത്രിത്വത്തില്‍ അത് എത്രമാത്രമായിരിക്കും! ഈ വസ്തുതയെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ വി.ആഗസ്തിനോസ് പറയുന്നു: "അസമത്വത്തെ തടഞ്ഞ് സമ്പൂര്‍ണ്ണ സമത്വത്തിനു രൂപം നല്കുന്നതാണ് ദൈവത്തിന്‍റെ സ്നേഹം. നിരവധി ആത്മാക്കളെ ഒന്നാക്കിത്തീര്‍ക്കത്തക്കവിധം അത്ര വലിയ സ്നേഹം ഭൂമിയിലും മനുഷ്യവ്യക്തികളിലുമുണ്ടെങ്കില്‍ ഒരിക്കലും വേര്‍പിരിയാത്ത പിതാവും പുത്രനും തമ്മില്‍ അങ്ങനെയൊരു സ്നേഹം ഉണ്ടാകാതെ പോകുന്നതെങ്ങനെ. അത് അവരെ ഒരേയൊരു ദൈവമാക്കി മാറ്റുകയില്ലേ? അനിര്‍വചനീയവും അത്യുദാത്തവുമായ ഒരു ഐക്യത്തിലൂടെ വ്യത്യസ്ത വ്യക്തികള്‍ ഒന്നായിത്തീരുന്നു. വ്യക്തികള്‍ രണ്ടു ദൈവങ്ങളായിത്തീരുകയല്ല ഒരേ ദൈവമായിത്തീരുകയാണ് ചെയ്യുക". (വിശ്വാസത്തെ സംബന്ധിച്ച് അര്‍ത്ഥികള്‍ക്കുള്ള പ്രഭാഷണം 1:4; 40:629).
ത്രിത്വത്തിലെ പുരുഷസ്ത്രൈണ ഭാവങ്ങള്‍
ഉല്പത്തിപ്പുസ്തകത്തില്‍ മനുഷ്യവംശത്തെ ദൈവം സൃഷ്ടിച്ചതായും അവരെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചതായും പറയുന്നു (ഉല്പ 1:27). മനുഷ്യവംശം പുരുഷനും സ്ത്രീയും എന്ന നിലയിലാണ് ദൈവത്തെ ഭൂമിയില്‍ പ്രതിനിധാനം ചെയ്യുന്നത്. ദൈവം ലിംഗവ്യത്യാസത്തിനതീതനാണ്. എന്നാല്‍ മനുഷ്യവംശത്തിലെ പുരുഷനും സ്ത്രീയും അവരുടെ ആത്യന്തിക വേരുകള്‍ കണ്ടെത്തുന്നത് ത്രിത്വാത്മക രഹസ്യത്തിലാണ്. ത്രിത്വദൈവം പുരുഷ സ്ത്രൈണഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാലാണ് നമ്മള്‍ പുരുഷന്മാരും സ്ത്രീകളും എന്ന നിലയില്‍ അവന്‍റെ ഛായയിലും സാദൃശ്യത്തിലുമായിരിക്കുവാന്‍ സാധിക്കുന്നത്.
അടുത്ത കാലങ്ങളില്‍ നിരവധി ക്രൈസ്തവര്‍, പ്രത്യേകിച്ചും സ്ത്രീകള്‍ മനസ്സിലാക്കിയിരിക്കുന്ന ഒരു കാര്യം ദൈവശാസ്ത്രഭാഷ എല്ലാ കാര്യങ്ങളെയും പുരുഷഭാഷയില്‍ ആവിഷ്ക്കരിക്കുന്നു എന്നതാണ്. ദൈവം പിതാവാണ്. അവിടുന്ന് നിത്യമായി ഒരു പുത്രനു ജന്മം കൊടുക്കുന്നു. അവര്‍ ഒരുമിച്ച് പരിശുദ്ധാത്മാവിന്‍റെ ഉറവിടമായി വര്‍ത്തിക്കുന്നു. ക്രിസ്തീയതയിലെ എല്ലാ പ്രധാന ആശയങ്ങളും പുരുഷഭാഷയിലാണ്. പുരുഷന്മാര്‍ മാത്രമാണ് - സ്ത്രീകള്‍ പുറംതള്ളപ്പെട്ടിരിക്കുന്നു - സഭയില്‍ നേതൃത്വം വഹിക്കുന്നതും പൗരോഹിത്യപദവികളില്‍ അഭിഷിക്തരാകുന്നതും.
ഓരോ മനുഷ്യവ്യക്തിയും (പുരുഷനും, സ്ത്രീയും) ദൈവത്തിന്‍റെ ഛായയും സാദൃശ്യവുമാണ് എന്ന വിശ്വാസസത്യത്തിന്‍റെ അടിസ്ഥാനത്തില്‍ പലരും ചോദിക്കുന്നു: ദൈവരഹസ്യത്തിന്‍റെ സമ്പന്നതയെ ആവിഷ്ക്കരിക്കാന്‍ ലിംഗപരമായ ഭാഷയെ (ഒരു വിഭാഗത്തെ മാത്രം - പുരുഷവിഭാഗത്തെ - സൂചിപ്പിക്കുന്നത്) മറികടക്കാനും രണ്ടു ലിംഗങ്ങളുടെയും മൂല്യത്തെ ഉപയുക്തമാക്കാനും സാധിക്കുകയില്ലേ? കൂടുതല്‍ കൂടുതല്‍ ക്രൈസ്തവര്‍ മനുഷ്യവംശത്തെ പരാമര്‍ശിക്കുമ്പോള്‍ പുരുഷനെ മാത്രം സൂചിപ്പിക്കുന്ന ഭാഷയെ പുറന്തള്ളാനും പുരുഷനേയും സ്ത്രീയേയും സൂചിപ്പിക്കുന്ന ഭാഷാപ്രയോഗം പഠിക്കുവാനും ശ്രമിക്കുന്നു. അല്ലെങ്കില്‍ വെറുതെ മനുഷ്യവ്യക്തി, മാനുഷികം എന്ന പദങ്ങള്‍ ഉപയോഗിക്കുന്നു. അതുപോലെതന്നെ ദൈവത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍ പിതാവ് എന്ന പ്രയോഗം ഉപേക്ഷിക്കുകയും ചെയ്യുന്നു. ജോണ്‍ പോള്‍ ഒന്നാമന്‍ ഒരു സദസ്സില്‍ ഇപ്രകാരം പ്രസ്താവിച്ചു. "ദൈവം പിതാവാണ്. പക്ഷേ പ്രഥമത അവിടുന്നു മാതാവാണ്". ജനത്തെ തന്‍റെ മാറോടു ചേര്‍ത്ത് ചുംബിക്കുകയും അവരുടെ കണ്ണുനീര്‍ തുടച്ചുനീക്കുകയും ചെയ്യുന്ന മാതാവിനോട് ദൈവത്തെ പ്രതീകവല്ക്കരിക്കുന്ന അവതരണങ്ങള്‍ പ്രവാചകന്മാര്‍ നടത്തിയിട്ടുണ്ട് (ഹോസ 11:4; ഏശ 49:15; 66:13; സങ്കീ 25:6). ദൈവം ദയാപരനാണ് എന്നു പറയുമ്പോള്‍ അവിടുന്ന് ഒരു മാതാവിനെപ്പോലെയാണ് എന്ന ചിന്തയാണ് യഹൂദമനസ്സിനുണ്ടായിരുന്നത.് ഹൃദയാര്‍ദ്രതയുള്ളവളും തന്‍റെ പുത്രീപുത്രന്മാരോട് ദയ കാണിക്കുന്നവളുമായ മാതാവിനെപ്പോലെ. എല്ലാമാതാക്കളും തങ്ങളുടെ പുത്രീപുത്രന്മാരോട് ദയ കാണിക്കുന്നവരാണല്ലോ.
കാരുണ്യത്തിന്‍റെ സമ്പന്നതയില്‍ (Rich in Mercy) എന്ന തന്‍റെ ചാക്രിക ലേഖനത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പിതാവിന്‍റെ ഈ സ്ത്രൈണമാനത്തെക്കുറിച്ച് നമ്മെ അനുസ്മരിപ്പിക്കുന്നുണ്ട്. അപ്പോള്‍ പിതാവായ ദൈവത്തിനു മാതൃഭാവങ്ങളുണ്ടെന്നും മാതാവായ ദൈവത്തിനു പിതൃഭാവങ്ങളുണ്ടെന്നും നമുക്കു പറയാം. ദൈവം ഒരേ സമയം പിതാവും അനന്തമായവിധം വാത്സല്യമുള്ള മാതാവുമാണ്. പുത്രനെക്കുറിച്ചും പരിശുദ്ധാത്മാവിനെക്കുറിച്ചും ഇപ്രകാരം തന്നെ നമുക്കു പറയാന്‍ സാധിക്കും. പുരുഷ സ്ത്രൈണ ഭാവങ്ങളുടെ സഹസ്രോതസ്സാണ് അവര്‍ രണ്ടു വ്യക്തികളും. രക്ഷാകരചരിത്രത്തിലെ അവരുടെ പ്രവര്‍ത്തനത്തില്‍, ഈ പുരുഷസ്ത്രൈണഭാവങ്ങള്‍ സ്ത്രീപുരുഷന്മാരുടെ ജീവിതങ്ങളില്‍ പ്രകാശിതമാക്കുന്നു. അതനുസരിച്ച് അവര്‍ നമ്മോട് ഏറ്റവും സമീപസ്ഥരും അവരുടെ സാരാംശത്തില്‍ നമ്മെ ഉള്‍ക്കൊള്ളുന്നവരുമാണ്. നമ്മുടെ സ്ത്രീപുരുഷ വ്യക്തിത്വങ്ങള്‍ അവരുടെ നിത്യമായ സ്ത്രീപുരുഷഭാവങ്ങളുടെ ഉജ്വലശോഭയാര്‍ന്ന കൂട്ടായ്മയില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു.
പുരുഷന്മാരും സ്ത്രീകളും എന്നനിലയില്‍ നമ്മുടെ ഭാവി എന്താണ്? നിത്യ ജീവനിലേക്ക് നാം ഉയിര്‍ത്തെഴുന്നേല്ക്കും എന്നു പറഞ്ഞതുകൊണ്ടായില്ല. അത് അനന്തമായ ദാഹത്തെ ശമിപ്പിക്കുകയില്ല. ത്രിത്വത്തിന്‍റെ രാജ്യത്തില്‍ എത്തിച്ചേരുന്ന ഓരോ പുരുഷനും സ്ത്രീയും, പുരുഷനും സ്ത്രീയും എന്ന നിലയില്‍ത്തന്നെ ത്രിത്വത്തിന്‍റെ കൂട്ടായ്മയില്‍ പങ്കുചേരും. ത്രിത്വത്തിന്‍റെ ഛായയും സാദ്യശ്യവുമായി നമ്മെ രൂപപ്പെടുത്തിയ പുരുഷ സ്ത്രൈണഭാവങ്ങള്‍ നിത്യമായ ദൈവപുരുഷഭാവത്തോടും സ്ത്രൈണദൈവഭാവത്തോടും ഐക്യപ്പെട്ടിരിക്കും.
പിതാവും പുത്രനും പരിശുദ്ധാത്മാവും നിത്യകാലം മുതല്‍ ഒന്നിച്ചു നിലനില്ക്കുന്നു
പിതാവും പുത്രനും പരിശുദ്ധാത്മാവും ജീവന്‍, സ്നേഹം, നിത്യമായ കൂട്ടായ്മ എന്നിവയില്‍ ഐക്യപ്പെട്ടു നില്ക്കുന്ന മൂന്ന് അനന്യ വ്യക്തിത്വങ്ങളാണ്. അതിനാല്‍ അവര്‍ മൂന്നു ദൈവങ്ങളല്ല ഒരേയൊരു ദൈവമാണ്. അവര്‍ ഒരേ സമയം ആയിരിക്കുകയും നിത്യമായി പരസ്പര സമര്‍പ്പണത്തില്‍ കഴിയുകയും ചെയ്യുന്നു. അങ്ങനെ ജീവന്‍റെയും സ്നേഹത്തിന്‍റെയും ഐക്യത്തിന്‍റെ ഒറ്റ കൂട്ടായ്മയായി രൂപംകൊള്ളുകയും ചെയ്യുന്നു. മൂന്നു അരുവികള്‍ പരസ്പരം പ്രവഹിച്ച് ഒറ്റ തടാകമായിത്തീരുന്നതുപോലെ. മൂന്ന് ജലസ്രോതസ്സുകള്‍ മുകളിലേക്ക് കുതിച്ചുയര്‍ന്ന് ഒറ്റ ജലധാരയായി, നിത്യജലധാരയായി മാറുന്നതുപോലെ. ഓരോ ദൈവിക വ്യക്തിയും തുല്യമായ രീതിയില്‍ നിത്യതയും ശക്തിയും ശ്രേഷ്ഠതയും പുലര്‍ത്തുന്നവരാണ് എന്ന് സൂനഹദോസ് പിതാക്കന്മാര്‍ ഉറപ്പിച്ചു പറയുന്നു. ത്രിത്വ ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ഏകകാലികമാണ്. ആരും കൂടുതല്‍ ശ്രേഷ്ഠനോ ഉന്നതനോ അല്ല, കുറഞ്ഞവനോ താഴ്ന്നവനോ അല്ല, മുമ്പുള്ളവനോ പിമ്പുള്ളവനോ അല്ല. മൂന്ന് ദൈവികവ്യക്തികളും നിത്യകാലം മുതല്‍ സമശീര്‍ഷരാണ്. ഈ സമത്വത്തിന്‍റെ അടിസ്ഥാനത്തില്‍ ദൈവിക വ്യക്തികള്‍ എന്നും സഹവര്‍ത്തികളാണ്. അവര്‍ എങ്ങനെയാണ് ഒന്ന് ചേര്‍ന്ന് ഒരേയൊരു ദൈവമായിരിക്കുന്നത്?
ദൈവിക വ്യക്തികളുടെ ഈ കൂട്ടായ്മയ്ക്കു രൂപം കൊടുക്കുന്നത് പിതാവും പുത്രനും പരിശുദ്ധാത്മാവും തമ്മില്‍ അനുസ്യൂതമായും അനന്തമായും നടക്കുന്ന അന്തര്‍വ്യാപനമാണ്. ഈ അന്തര്‍വ്യാപന (perichoresits) ത്തെക്കുറിച്ച് നാം ചിന്തിച്ചു കഴിഞ്ഞതാണ്. ഒരു വ്യക്തി മറ്റു രണ്ടു വ്യക്തികളിലേക്കും തിരിച്ചും നടക്കുന്ന അന്തര്‍വ്യാപനം. ഇത്തരത്തിലുള്ള ഐക്യം വ്യക്തികള്‍ തമ്മിലും ആത്മീയസത്തകള്‍ തമ്മിലും ഉണ്ടാകുന്ന പ്രത്യേക ഐക്യമാണ്. പരസ്പരം വ്യത്യസ്തരായ വ്യക്തികള്‍ക്കേ ആത്മബന്ധത്തിന്‍റെയും പരസ്പര സമര്‍പ്പണത്തിന്‍റെയും സ്നേഹത്തിന്‍റെയും ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ കഴിയൂ. അതാണ് കൂട്ടായ്മയെയും സമൂഹത്തെയും ഉറപ്പിച്ചു നിര്‍ത്തുന്നതും. ദൈവിക വ്യക്തികള്‍ തമ്മിലുള്ള കൂട്ടായ്മ ആത്യന്തികവും ബന്ധം അനന്തവുമാണ്. ഒന്നുചേര്‍ന്നിരിക്കുന്ന ഈ അവസ്ഥയും ജീവിതവുമാണ് ദൈവിക ഉണ്മ അല്ലെങ്കില്‍ ദൈവിക പ്രകൃതി അല്ലെങ്കില്‍ ദൈവിക സത്ത എന്ന് അറിയപ്പെടുന്ന കൂട്ടായ്മയ്ക്കു രൂപം കൊടുക്കുന്നത്. സ്നേഹം കൊണ്ടാണ് ഇത് രൂപപ്പെട്ടിരിക്കുന്നത് എന്നു സൂക്ഷ്മമായി പരിശോധിച്ചാല്‍ നമുക്കു മനസ്സിലാകും. വി. യോഹന്നാന്‍ ശ്ലീഹ ഉറപ്പിച്ചു പറയുന്നു. "ദൈവം സ്നേഹമാണ്" (1 ജോണ്‍ 4:8;16). വി. ആഗസ്തീനോസിന്‍റെ അഭിപ്രായത്തില്‍ മൂന്ന് ദൈവിക വ്യക്തികള്‍ തമ്മിലുള്ള നിത്യസ്നേഹമാണ് അവരുടെ കൂട്ടായ്മയുടെ നിദാനം. അദ്ദേഹം തനിക്കുമാത്രം അറിയാവുന്നവിധം ഇപ്രകാരം എഴുതി: "ഒരോ ദൈവികവ്യക്തിയും മറ്റു രണ്ടു വ്യക്തികളിലും ആയിരിക്കുന്നു. എല്ലാവരും ഓരോ വ്യക്തിയിലുമാണ്. എല്ലാവരും എല്ലാവരിലുമാണ്. എല്ലാവരുംകൂടി ഒരേയൊരു ദൈവമാണ്."
ഓരോ ദൈവികവ്യക്തിയിലുമുള്ള തുല്യമായ പ്രകൃതിയാണ് ദൈവത്തിലുള്ള ഐക്യത്തെ രൂപപ്പെടുത്തുന്നത് എന്നു സഭ പഠിപ്പിക്കുമ്പോള്‍ പുതിയനിയമ വെളിപാടിനോട് ചേര്‍ന്നു നിന്നുകൊണ്ട് സ്നേഹവും അനന്തവുമായ പരസ്പര ബന്ധവുമാണ് ഈ പ്രകൃതിയെന്ന് നാം മനസ്സിലാക്കണം. ദൈവികാസ്തിത്വത്തെ സംബന്ധിച്ചിടത്തോളം വ്യക്തികളുടെ ത്രിത്വം എന്നത് അടിസ്ഥാന വസ്തുതയാണ്. ഇത് അത്യന്തികാരൂപിയുടെ ബാഹ്യമായ വളര്‍ച്ചയുടെ ഫലമല്ല. നിത്യതുല്യമായ ദൈവിക പ്രകൃതിയുടെ ആന്തരികമായ (വേര്‍പിരിയലുമല്ല) വ്യാവര്‍ത്തനവുമല്ല (differntiation). ദൈവം ആദിയും അവസാനവുമില്ലാതെ നിത്യമായും പിതാവും പുത്രനും പരിശുദ്ധാത്മാവുമാണ്. മൂന്നു ദൈവിക വ്യക്തികള്‍ തമ്മിലുള്ള ഏക സ്നേഹത്തില്‍ പരസ്പര കൈമാറ്റമാണ്. ഒരേ ജീവനിലുള്ള പങ്കുചേരലാണ്.
പരിശുദ്ധ ത്രിത്വത്തില്‍ അത്യുല്‍കൃഷ്ടവും അനിര്‍വചനീയവുമായ കൂട്ടായ്മയെ നിലനിര്‍ത്തുന്നത് സ്നേഹമല്ലാതെ മറ്റെന്താണ്? സ്നേഹമാണ് നിയമം. ഈ നിയമമാണ് ദൈവത്തിന്‍റെ നിയമം. ഈ സ്നേഹം ത്രിത്വത്തെ കൂട്ടായ്മയില്‍ രൂപപ്പെടുത്തുന്നു. ഒരു വിധത്തില്‍ വ്യക്തികളെ സമാധാനത്തില്‍ കോര്‍ത്തിണക്കുന്നു. സ്നേഹം സ്നേഹത്തെ സൃഷ്ടിക്കുന്നു. ഇതാണ് പ്രപഞ്ചത്തെ ഭരിക്കുന്ന സ്നേഹം. എല്ലാറ്റിനെയും സൃഷ്ടിക്കുകയും ഭരിക്കുകയും ചെയ്യുന്ന നിയമം (വി. ബര്‍ണാര്‍ഡ്, ദൈവസ്നേഹത്തെക്കുറിച്ചുള്ള പുസ്തകം അധ്യാ. 12 നമ്പര്‍ 35; PL 182, 996 B).
ത്രിത്വത്തില്‍ എല്ലാ ബന്ധങ്ങളും മൂന്നു മടങ്ങ്
പിതാവും പുത്രനും പരിശുദ്ധാത്മാവും നിത്യതയില്‍ തുല്യരും ഏക കാലികരുമാണ്. ഓരോ വ്യക്തിയും മറ്റു വ്യക്തികളില്‍നിന്ന് വ്യത്യസ്തരും അതേ സമയം പരസ്പര ബന്ധിതരുമാണെന്ന് എങ്ങനെയാണ് വ്യക്തമാക്കുക? ബൈബിളില്‍നിന്നും മാറി ദൈവിക നിഗമനങ്ങളെക്കുറിച്ച് ദൈവശാസ്ത്രം പറഞ്ഞു വയ്ക്കുന്നു. ഒരു വ്യക്തി എങ്ങനെ ഇതരവ്യക്തികളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അതുവഴി ദൈവശാസ്ത്രം വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. ദൈവിക ത്രിത്വത്തിന്‍റെ മുഴുവന്‍ ഉറവിടവും കാരണവും പിതാവാണെന്ന് സൂചിപ്പിക്കുന്നു. പിതാവില്‍നിന്നാണ് പുത്രനും പരിശുദ്ധാത്മാവും പുറപ്പെടുന്നത്. പുത്രനു ജന്മം കൊടുക്കുന്നതും പിതാവാണെന്നു പറയുന്നു. പിതാവും പുത്രനും കൂടെ ഒരേ തത്വത്തിനനുസരിച്ച് പരിശുദ്ധാത്മാവിനെ നിശ്വസിക്കുന്നു. കാരണമായിരിക്കുക, ജന്മം കൊടുക്കുക, നിശ്വസിക്കുക, നിര്‍ഗമിക്കുക തുടങ്ങിയ വാക്കുകള്‍ ഒരുപക്ഷേ ദൈവത്തില്‍ ദൈവജനനഭാവം (theogony) (ജനനവും ജന്മം കൊടുക്കലും) ഉണ്ടെന്ന തോന്നല്‍ നമുക്ക് ഉളവാക്കിയേക്കാം. കാരണതത്വം (Principle of causality) ത്രിത്വത്തിന്‍റെ കാര്യത്തില്‍ സാധുവാണെന്നു യഥാര്‍ത്ഥമായി പറയാന്‍ നമുക്കു സാധിക്കുമോ? ഒരു ജനനവും നിശ്വസനവും ഉണ്ടെന്ന്? ദൈവിക വ്യക്തികള്‍ മൗലികമായി ഏകകാലികരാണെന്നും നിത്യതമുതല്‍ തുല്യമായി അസ്തിത്വമുള്ളവരാണെന്നും അന്തര്‍വ്യാപനത്തിലും (perichoresis) കൂട്ടായ്മയിലുമാണ് അവര്‍ ആയിരിക്കുന്നതെന്നും നാം എപ്പോഴും പറയാറില്ലേ? നിത്യതയുടെ കാഴ്ചപ്പാടില്‍ പിതാവ് പുത്രനും പരിശുദ്ധാത്മാവിനും മുമ്പുള്ളയാളല്ല. അവര്‍ എപ്പോഴും സ്നേഹത്തില്‍ ബന്ധപ്പെട്ടും അനന്തമായ കൂട്ടായ്മയിലും ഒരുമിച്ചാണ് ആയിരിക്കുന്നത്.
ദൈവിക വ്യക്തികളുടെ ഈ സഹവര്‍ത്തിത്വം കാരണം സഭ ഉപയോഗിച്ചുകൊണ്ടിരുന്നതും പിന്നീട് ദൈവശാസ്ത്രം ഏറ്റെടുത്തതുമായ കാരണം, ജനനം, നിശ്വസനം തുടങ്ങിയ വാക്കുകള്‍ സാദൃശാത്മകമായും ആലങ്കാരികമായും വേണം നാം മനസ്സിലാക്കുവാന്‍. വളരെ സൂചനാത്മകമായ ഫോര്‍മുലകളുമായാണ് നാം ഇടപെടുന്നത്. ദൈവിക വ്യക്തികള്‍ എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അവ സൂചിപ്പിക്കുന്നു. തീര്‍ച്ചയായും പുത്രനില്ലാതെ പിതാവിന് അസ്തിത്വമില്ല. പിതാവില്ലാതെ പുത്രനുമില്ല. അരൂപിയാകട്ടെ പിതാവിന്‍റെ അധരങ്ങളാല്‍ ഉച്ചരിക്കപ്പെടുന്ന വചനത്തോട് (പുത്രന്‍) കൂടിയല്ലാതെ നില്ക്കുന്നുമില്ല. ഔദ്യോഗിക വാക്കുകള്‍ നാം ഉപയോഗിക്കുമ്പോള്‍ അത് കര്‍ശനമായും ത്രിത്വത്തിന്‍റേതായ തലത്തിലാണ് ഉപയോഗിക്കുക. ഈ ത്രിത്വമാകട്ടെ നിത്യമായുള്ളതും ഏകകാലികവും സഹവര്‍ത്തിത്വത്തോടുകൂടെയുള്ളതുമാണ്. പക്ഷേ മാനുഷികമായ അര്‍ത്ഥത്തില്‍ (ജനനം പോലെ മാനുഷികമായ എന്തോ ആണെന്ന്) അവയെ മനസ്സിലാക്കുമോ എന്ന അപകടം നിലനില്ക്കുന്നു. ദൈവിക ത്രിത്വത്തിന്‍റെ രഹസ്യത്തെ തെറ്റായ രീതിയില്‍ മനസ്സിലാക്കുവാനേ അതു സഹായിക്കൂ.
വിശുദ്ധ ഗ്രന്ഥവുമായി ബന്ധപ്പെടുത്തി മറ്റൊരു സാധ്യതയുണ്ട്. വെളിപാടിന്‍റെയും അംഗീകാരത്തിന്‍റെയും വാക്കുകളില്‍ ദൈവിക വ്യക്തികളെക്കുറിച്ച് പരാമര്‍ശിക്കുക. നിത്യതയിലും സ്ഥാനത്തിലും തുല്യരായ വ്യക്തികള്‍ പരസ്പരം വെളിപ്പെടുത്തപ്പെടുകയും പരസ്പരം അംഗീകരിക്കുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ. അങ്ങനെ പിതാവ് പുത്രനിലൂടെ പരിശുദ്ധാത്മാവില്‍ വെളിപ്പെടുന്നു. പുത്രന്‍ പരിശുദ്ധാത്മാവില്‍ പിതാവിനെ വെളിപ്പെടുത്തുന്നു. പരിശുദ്ധാത്മാവ് പിതാവില്‍നിന്ന് പുറപ്പെട്ട് പുത്രനില്‍ വിശ്രാന്തി തേടുന്നു. അങ്ങനെ പരിശുദ്ധാത്മാവ് പുത്രനിലൂടെ പിതാവിന്‍റേതായിരിക്കുകയും (a Patre Filioque) അതുപോലെ പുത്രന്‍ പരിശുദ്ധാത്മാവിന്‍റെ (a Patre Spirituque) സ്നേഹത്താല്‍ പിതാവില്‍ അംഗീകരിക്കപ്പെടുകയും ചെയ്യുന്നു. മൂന്നു വ്യക്തികളുടെയും ഓരോരുത്തരിലുമുള്ള ഈ വെളിപ്പെടല്‍ കൊണ്ട് അവര്‍ തമ്മിലുള്ള ബന്ധം മൂന്നു മടങ്ങാണ് എന്നു നമുക്കു പറയേണ്ടി വരും. എവിടെ ഒരു വ്യക്തിയുണ്ടോ അവിടെ മറ്റ് രണ്ടു വ്യക്തികള്‍ എപ്പോഴും ഉണ്ടായിരിക്കും.
നമ്മുടെ ചിന്തയിലും പ്രവര്‍ത്തനത്തിലും ഈ ത്രിത്വസംബന്ധമായ തത്വം ആശ്ലേഷിച്ചാല്‍ എന്തുമാത്രം പൊരുത്തവും സന്തോഷവും നീതിയും ഈ ലോകത്തില്‍ ഉണ്ടായിരിക്കും. എല്ലാം ഉള്‍ക്കൊണ്ടുകൊണ്ടും എല്ലാറ്റിലും ഇടപെട്ടുകൊണ്ടും എപ്പോഴും കൂട്ടായ്മയിലായിരുന്നുകൊണ്ടും വ്യത്യസ്തതകളെ അസമത്വമാകാതെ സ്വീകരിച്ചുകൊണ്ടുമുള്ള അവസ്ഥ സംജാതമാകും.
മൂന്ന് സൂര്യന്മാര്‍ - ഒരേ പ്രകാശം: പരി. ത്രിത്വം അങ്ങനെയാണ്
മൂന്നു ദൈവികവ്യക്തികള്‍ ഒരേ ദൈവമായിരിക്കുന്ന കാര്യം വിഭാവനം ചെയ്യുവാന്‍ പല ക്രൈസ്തവര്‍ക്കും വിഷമമാണ്. എങ്ങനെയാണ് മൂന്ന് ഒന്നിനു തുല്യമാകുക? നമ്മള്‍ മൂന്ന് വ്യക്തികളെക്കുറിച്ചും ഒരേ ദൈവത്തെക്കുറിച്ചും സംസാരിക്കുമ്പോള്‍ നാം ആദ്യം സൂചിപ്പിക്കുന്നതുപോലെ ഏതെങ്കിലും വിധത്തിലുള്ള ഗണിതശാസ്ത്ര രീതിയല്ല പറയുന്നത്. വി.ഗ്രന്ഥങ്ങള്‍ ദൈവത്തെക്കുറിച്ച് ഒരു കണക്കും അവതരിപ്പിക്കുന്നില്ല. 'അനന്യം' എന്ന പദമാണ് കൂടുതല്‍ ഉപയോഗിക്കുക. പിതാവ് അനന്യനാണ്, പുത്രന്‍ അനന്യനാണ്, പരിശുദ്ധാത്മാവ് അനന്യനാണ്. അനന്യത എന്നത് ഒരു സംഖ്യയല്ല ഒരു സംഖ്യാ ശൃംഖലയിലെ ആദ്യ അക്കവുമല്ല. പ്രത്യുത ഏതു സംഖ്യയുടെയും നിഷേധമാണ്. അനന്യമായ ഒന്നിനോട് സമമായിട്ടോ അതിന്‍റെ പിന്നിലായിട്ടോ ഒന്നുമില്ല. അത് ഏകമാണ്. വേറൊന്നില്ല. അതിനാല്‍ ത്രിത്വത്തില്‍ സംഖ്യകള്‍ കൂട്ടാനാവില്ല.
താഴെപ്പറയുന്നതായിരിക്കണം നമ്മുടെ ചിന്തയുടെ തുടക്കം; മൂന്ന് അനന്യരായ വ്യക്തികള്‍ ഉണ്ട്. പിതാവും പുത്രനും പരിശുദ്ധാത്മാവും. ഇത് ഒരു പ്രധാന പ്രസ്താവനയാണ്. എല്ലാ വസ്തുക്കളുടെയും അടിസ്ഥാനം ഈ മൂന്ന് അനന്യ വ്യക്തികളുടെ തുല്യമായ അസ്തിത്വത്തിലാണ് നിലകൊള്ളുന്നത്. അല്ലാതെ എന്നും തന്നോടുതന്നെ തുല്യനായ ഒരു വ്യക്തിത്വത്തിന്‍റെ ഏകാന്തതയിലല്ല. ഈ മൂന്നു അനന്യ വ്യക്തിത്വങ്ങളെയും ഏതെങ്കിലും ഒന്നിലേക്കു ചുരുക്കുവാനാകില്ല. അവര്‍ വ്യത്യസ്തരാണ് എന്നാല്‍ തുല്യതയില്ലാത്തവരല്ല. സാംബാ, റോക്ക് ബോസാ നോവ, ഗ്രിഗോറിയന്‍ ചാന്‍റ് ഇവയെല്ലാം വ്യത്യസ്ത ജനുസ്സുകളില്‍പ്പെട്ട സംഗീതമാണ് എന്നാല്‍ ശ്രേഷ്ഠതയുടെ കാര്യത്തിലും മൂല്യത്തിന്‍റെ കാര്യത്തിലും അവ തുല്യതയില്ലാത്തവയല്ല. വ്യത്യസ്തത എന്നു പറഞ്ഞാല്‍ അസമത്വം എന്ന് അര്‍ത്ഥമില്ല. എല്ലാം സംഗീതത്തിന്‍റെ പ്രകാശനംതന്നെ. മൂന്ന് അനന്യദൈവിക വ്യക്തികളെക്കുറിച്ചും ഏറെക്കുറെ ഇങ്ങനെ തന്നെയാണ്. അവര്‍ വ്യത്യസ്തരാണ്. പിതാവ് പുത്രനോ പരിശുദ്ധാത്മാവോ അല്ല അവര്‍ നിത്യതയിലേ തുല്യരും തുല്യമായ രീതിയില്‍ ദൈവവുമാണ്. അവര്‍ വ്യത്യസ്തരായിരിക്കുന്നെങ്കില്‍ അത് അവര്‍ക്ക് കൂട്ടായ്മയിലായിരിക്കുവാനും ഓരോരുത്തരുടെയും സമ്പന്നതയെ പരസ്പരം പങ്കുവയ്ക്കുവാനുമാണ്. മൂന്നുപേരും ഒന്നിനുമേല്‍ ഒന്നായിവയ്ക്കപ്പെട്ടവരോ പരസ്പരം എതിരായി നില്ക്കുന്നവരോ അല്ല. മൂന്ന് ദൈവികവ്യക്തികളും പരസ്പരം മറ്റുള്ളവര്‍ക്കുവേണ്ടിയുള്ളവരാണ്. അവര്‍ ഓരോരുത്തരിലും ജീവിക്കുന്നു. ജീവനും സ്നേഹവും പങ്കുവയ്ക്കുന്നു. ഒരു ഒറ്റ കൂട്ടായ്മയാകത്തക്കവിധം നിത്യമായും സമ്പൂര്‍ണ്ണമായുമാണ് ഈ പങ്കുവയ്ക്കല്‍ നടക്കുന്നത്. അതുകൊണ്ടാണ് ഗണിതശാസ്ത്ര സിദ്ധാന്തത്തെയോ യുക്തിയെയോ ലംഘിക്കാതെതന്നെ മൂന്നു ദൈവിക വ്യക്തികളും ഏറ്റവും മൗലികമായും പൂര്‍ണ്ണമായും സ്നേഹപൂര്‍വ്വം അന്തര്‍വ്യാപനം ചെയ്ത് ഒരേയൊരു ദൈവമായി സ്ഥിതി ചെയ്യുന്നു എന്ന് നാം പറയുന്നത്.
ഈ കൂട്ടായ്മ നമുക്കു മനസ്സിലാകണമെങ്കില്‍ ആത്മാവും ഹൃദയവും വ്യക്തികളുമായി ബന്ധപ്പെട്ടുണ്ടാകുന്ന സ്നേഹത്തിന്‍റെയും ആത്മബന്ധത്തിന്‍റെയും മാനുഷികാനുഭവങ്ങള്‍ നാം മനസ്സിലാക്കണം. രണ്ടു വ്യക്തികള്‍ പരസ്പരം സ്നേഹിക്കുന്നു. അത് കുടുംബത്തിലാകുമ്പോള്‍ മൂന്നുപേര്‍ (പിതാവും മാതാവും ശിശുവും) എന്നാല്‍ അവര്‍ തമ്മിലുള്ള ആകര്‍ഷണം ഒരേ ജീവന്‍ പങ്കുവയ്ക്കുന്നതുപോലെയും ഹൃദയവും ലക്ഷ്യവും ഒന്നായിത്തീരുന്നതുപോലെയും അത്ര ശക്തമാണ.് ഇതിനു സദൃശവും ഇതിനെക്കാള്‍ അനന്തമായ വിധം പൂര്‍ണ്ണവുമായ ഒന്നാണ് മൂന്നു ദൈവിക വ്യക്തികളുടെയിടയില്‍ സംഭവിക്കുന്നത്. അവര്‍ തമ്മിലുള്ള സ്നേഹവും കൂട്ടായ്മയും ഓരോ വ്യക്തിയുടെയും ജീവന്‍റെ നിത്യപൂര്‍ണ്ണമായ സ്വയം ദാനവും ദൈവത്തിന്‍റെ കൂട്ടായ്മയെ രൂപപ്പെടുത്തുംവിധം അത്ര ശ്രേഷ്ഠമാണ്. വി. ജോണ്‍ ഡമഷീന്‍ പറയുന്നതുപോലെ പരിശുദ്ധത്രിത്വം മൂന്നു സൂര്യന്മാരെപ്പോലെയാണ്. അവര്‍ ഓരോരുത്തരും മറ്റു രണ്ടു വ്യക്തികളിലും ഉള്‍ച്ചേര്‍ന്നുകൊണ്ട് ഒരേ പ്രകാശം പ്രസരിപ്പിക്കുന്നു. അങ്ങനെ ദൈവം ഒരേ സമയം മൂന്നു വ്യക്തികളും നിത്യനായ ഒരേയൊരു സ്നേഹദൈവവുമാണ്.
മൂന്നു ദൈവികവ്യക്തികളുടെ കൂട്ടായ്മയുടെ രഹസ്യത്തിന്‍റെ ക്ഷണികദൃശ്യം കിട്ടാന്‍ നമ്മുടെ അനുഭവങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം. ഐക്യവും കൂട്ടായ്മയും ആഗ്രഹിക്കുന്നതും സ്നേഹിക്കുന്ന വ്യക്തിയോട് സംലയിക്കുന്നതുമായ സ്നേഹത്തിന്‍റെ വിളി നാം കേള്‍ക്കണം. അന്തരാളങ്ങളില്‍, ഞാന്‍ ചിന്തിക്കുന്നു, ഞാന്‍ ആഗ്രഹിക്കുന്നു, ഞങ്ങള്‍ ചെയ്യുന്നു എന്നു പറയുവാന്‍ സാധിക്കണം. ത്രിത്വത്തിന്‍റെ മങ്ങിയ ഛായ മാത്രമുള്ള നമ്മില്‍ ഈ അവസ്ഥയുണ്ടെങ്കില്‍ അത് പിതാവ്, പുത്രന്‍, പരി. ആത്മാവ് എന്നിവരില്‍ എത്രയോ അധികമായിരിക്കും. ജീവിക്കുകയും ആയിരിക്കുകയും ചെയ്യുന്ന എല്ലാറ്റിന്‍റെയും ആദിരൂപമായ സ്നേഹത്തിന്‍റെ ജീവിതത്തിന്‍റെ ഒരേയൊരു ദൈവത്തില്‍.
ലെയനാര്‍ഡോ ബോഫ് (Holy Trinity: Perfect Community)
(പരിഭാഷ: ഫാ. ജിയോ പുളിക്കല്‍)
The fellowship of life and love between three individuals catholic malayalam Leonardo Boff Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206