We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Syro-Malabar Catechetical Commission On 02-Jun-2021
അപകടത്തിൽപ്പെട്ട് മരണാസന്നരായ വ്യക്തികളുടെ അവയവങ്ങൾ , ഹൃദയം ഉൾപ്പെടെ ദാനം ചെയ്തതിനെക്കുറിച്ചുള്ള വാർത്തകളാകണം ഈ ചോദ്യത്തിന് കാരണം . ഇവിടെ നാം പരിശോധിക്കേണ്ടത് ദയാവധം എന്ത് എന്നും ആരുടെയൊക്കെ അവയവങ്ങൾ ദാനം ചെയ്യാമെന്നുമാണ് . കത്തോലിക്കാസഭയുടെ ഔദ്യോഗിക പഠന പ്രകാരം വൈകല്യമുള്ളവരുടെയും , രോഗികളുടെയും മരണാസന്നരുടെയും ജീവിതം അവരുടെ സമ്മതത്തോടുകൂടിയോ അല്ലാതെയോ ബോധപൂർവ്വം അവസാനിപ്പിക്കുന്നതാണ് ദയാവധം ( ccc2277 ) . ശാന്തവും വേദനാരഹിതവുമായ മരണവുമാണ് ഇതിലൂടെ വിവക്ഷിക്കുന്നത് . പ്രത്യേക മരുന്നുകൾ കുത്തിവച്ചോ ജീവൻ നിലനിറുത്തുന്നതിന് ആവശ്യമായ ചില അടിസ്ഥാന ചികിത്സകൾ നിഷേധിച്ചോ ഒക്കെയാണ് ദയാവധം നടപ്പിലാക്കുന്നത് . ദയാവധം " കൊല്ലരുത് ' എന്ന അഞ്ചാം ദൈവപ്രമാണത്തിന്റെ ( പുറ 20.13 ) നേരിട്ടുള്ള ലംഘനമാണെന്നത് സുവ്യക്തം . മനുഷ്യജീവന്റെ മഹത്വത്തിനെതിരെയുള്ള പ്രവൃത്തി എന്ന നിലയിൽ ജീവദാതാവായ ദൈവത്തിന് എതിരെയുള്ള പാപമാണിതെന്നും ( ccc 2277 ) കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം പഠിപ്പിക്കുന്നു . ജീവന്റെ സൂക്ഷിപ്പുകാർ മാത്രമാണ് മനുഷ്യർ . ജീവനെതിരായ എല്ലാ പ്രവൃത്തികളും - കൊലപാതകം , വംശഹത്യ , ഭൂണഹത്യ , ആത്മഹത്യ , ദയാവധം തുടങ്ങിയവ സമൂഹത്തെ വിഷലിപ്തമാക്കുന്ന കുറ്റകൃത്യങ്ങളാണ് . പ്രകൃതിനിയമവും ദൈവികനിയമവും ഒരുപോലെ ദയാവധം തെറ്റാണ് എന്ന് ആവർത്തിക്കുന്നു ( ND 2259 ) എന്നിരുന്നാലും ചില പ്രത്യേക സാഹചര്യങ്ങളിൽ നിയമാനുസൃതമായും എന്നാൽ ദൈവികനിയമത്തിന് വിരുദ്ധമാകാതെയും ചികിത്സാവിധികൾ അവസാനിപ്പിച്ചുകൊണ്ട് രോഗികളെ മരിക്കാൻ അനുവദിക്കുന്നു . മേല്പറഞ്ഞ സാധ്യത എന്തെന്ന് മനസ്സിലായാൽ മാത്രമേ ഇത്തരം മരണങ്ങൾ എന്തുകൊണ്ട് ദയാവധത്തിന്റെ പരിധിയിൽ വരുന്നില്ല എന്നു പറയാൻ കഴിയൂ . രണ്ട് സാഹചര്യങ്ങളാണ് ഇവിടെ പരിഗണിക്കേണ്ടത് ഒന്നാമതായി ഭാരിച്ചതും , അപകടകരവും അസാധാരണമോ അല്ലെങ്കിൽ ഉദ്ദേശിക്കുന്ന ഫലത്തോട് ആനുപാതികമല്ലാത്തതോ ആയ ചികിത്സാവിധികൾ നിറുത്തിവെയ്ക്കുന്നത് അനുവദിക്കുന്നതാണ് . ഇത്തരം ചികിത്സകൾ ലഭ്യമാക്കാൻ ആർക്കും ധാർമികമായ കടമയില്ല ഇവിടെ ഒരുവൻ മരണത്തെ ആഗ്രഹിക്കുകയല്ല , അതിനെ തടയാനുള്ള തന്റെ കഴിവില്ലായ്മയെ അംഗീകരിക്കുക മാത്രമാണ് ചെയ്യുന്നത് . രോഗിക്ക് കഴിവും പ്രാപ്തിയും ഉള്ളപ്പോൾ അയാൾ തന്നെയാണ് തീരുമാനമെടുക്കേണ്ടത് ( ccc 2278 ) . രണ്ടാമതായി രോഗിയുടെ സ്വാഭാവികമായ മരണത്തെ തടയാതിരിക്കുന്നതും , അപകടകരവും ഫലശൂന്യവുമായ ചികിത്സാവിധികളെ അവസാനിപ്പിക്കുന്നതും അധാർമികമല്ല . ഇവിടെ മരിക്കുക എന്നതിനെയല്ല നാം ലക്ഷ്യം വയ്ക്കുന്നത് , പകരം സ്വാഭാവികമായ രീതിയിൽ ഒരു വ്യക്തിയെ മരിക്കാൻ അനുവദിക്കുകയാണ് . ചികിത്സ തുടരുന്നതുകൊണ്ട് യാതൊരു പ്രയോജനവും നല്കാത്ത സാഹചര്യത്തിൽ ചികിത്സ തുടർന്ന് രോഗിയെ കൂടുതൽ വിഷമത്തിലാക്കുന്നതും ശരിയല്ല . ഉദാഹരണത്തിന് കാൻസറിന്റെ അവസാന ഘട്ടത്തിൽ എത്തിയ വ്യക്തിക്ക് കീമോതെറാപ്പി യാതൊരു ഫലവും നല്കില്ല എന്നു മാത്രമല്ല അയാളുടെ സഹനത്തെ പർവതീകരിക്കുകകൂടി ചെയ്യുന്നു . ഇവിടെ കീമോതെറാപ്പി ചെയ്യാതിരിക്കുന്നതാണ് ആ രോഗിയോട് ചെയ്യുന്ന ഏറ്റവും വലിയ നന്മ . രോഗിയുടെ വേദന ശമിപ്പിക്കാനായ് നല്കുന്ന വേദന സംഹാരി ആ വ്യക്തിയുടെ മരണത്തെ ത്വരിതപ്പെടുത്തിയാൽ പോലും ധാർമികമായി നോക്കുമ്പോൾ ഒരു സ്നേഹപ്രവൃത്തി എന്ന നിലയിൽ അത് അനുവദിക്കാവുന്നതാണ് എന്ന് തിരുസഭ പഠിപ്പിക്കുന്നു . പക്ഷേ മരണം വേഗത്തിലാക്കുക എന്ന ലക്ഷ്യം ആയിരിക്കരുത് അത്തരം ചികിത്സയ്ക്ക് ഉണ്ടായിരിക്കുന്നത് ( ccc 2279 ) . ഇതിൽ നിന്നെല്ലാം മനസ്സിലാകുന്നത് ഒരു വ്യക്തിയുടെ ചികിത്സ നിഷേധിക്കുന്നതും ആ വ്യക്തിയുടെ ആശ്വാസത്തിനായി , മരണം ത്വരിതപ്പെടുത്തുന്നതെങ്കിലും വേദനയകറ്റുന്ന മരുന്നുകൾ നല്കുന്നതും ചില പ്രത്യേക സാഹചര്യങ്ങളിൽ തെറ്റാവുകയില്ല എന്നാണ് . രണ്ടാമതായി മനസ്സിലാക്കേണ്ടത് ഒരാളുടെ അവയവങ്ങൾ എപ്പോഴൊക്കെ ദാനം ചെയ്യാമെന്നതാണ് . രണ്ട് രീതിയിലുള്ള അവയവദാനം നാം കാണാറുണ്ട് - ജീവനുള്ള വ്യക്തിയുടെയും മരണപ്പെട്ട ആളുടെയും . ജീവനോടെ ഇരിക്കുന്ന വ്യക്തികൾക്ക് ദാനം ചെയ്യാവുന്ന അവയവങ്ങൾ പരിമിതമാണ് . ഒരു വ്യക്തിയുടെ ശരീരത്തിന്റെ സമഗ്രതയ്ക് ഭംഗം വരുത്തുന്നതായിരിക്കരുത് അവയവദാനം . ഉദാഹരണത്തിന് , ജീവിച്ചിരിക്കുന്നവരുടെ കണ്ണ് , ഹൃദയം മുതലായവ ദാനം ചെയ്യാനാവില്ല . സ്വീകർത്താവിന്റെ അവസാന ചികിത്സാമാർഗ്ഗം എന്ന നിലയിലായിരിക്കണം ജീവനോടെയുള്ള ദാതാവിൽനിന്ന് അവയവം സ്വീകരിക്കേണ്ടത് . ദാതാവിന്റെ സ്വതന്ത്രവും പൂർണ്ണവുമായ സമ്മതവും ഇതിന് ആവശ്യമാണ് . സ്വീകർത്താവിന് ഉണ്ടാകുന്ന നന്മയ്ക് ആനുപാതികമായിട്ട് മാത്രമേ ദാതാവിന് നഷ്ടമോ സഹനമോ ഉണ്ടാകാവു . അവയവ ദാനം എല്ലായ്പ്പോഴും ഒരു സ്നേഹത്തിന്റെ പ്രവൃത്തിയായിത്തന്നെ നിലനില്ക്കണം .
സാമ്പത്തികമോ , ഭൗതികമോ ആയ നേട്ടങ്ങൾക്കുവേണ്ടി അവയവദാനം നടത്തുന്നത് ഒരാളുടെ ശരീരത്തിനും അതിലെ അവയവങ്ങൾക്കും ദൈവം നല്കിയ മഹത്ത്വം വിസ്മരിച്ച് , നേട്ടം ഉണ്ടാക്കുന്ന കച്ചവടസാധനങ്ങളുടെ നിലവാരത്തിലേക്ക് തരം താഴ്ത്തുന്നു . മരണശേഷമുള്ള അവയവദാനത്തിലും ചില മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കേണ്ടതുണ്ട് . ഇതിന് ദാതാവിന്റെ മുൻകൂർ അനുമതിയോ അല്ലെങ്കിൽ മരണശേഷം അടുത്ത ബന്ധുക്കളുടെ സമ്മതമോ ആവശ്യമാണ് . മരണം ഉറപ്പാക്കിയശേഷം മാത്രമേ അവയവദാനം ചെയ്യാൻ പാടുള്ളു . കച്ചവട ലക്ഷ്യം ഇല്ല എന്ന് പൂർണ്ണമായും ഉറപ്പാക്കണം . ഇനി അപകടത്തിൽപെട്ട് വെന്റിലേറ്ററിൽ ചികിത്സയിലായിരിക്കുന്ന വ്യക്തിയുടെ അവയവങ്ങൾ ദാനം ചെയ്യുന്നതിലെ ധാർമികത പരിശോധിക്കാം . ചികിത്സയോട് പ്രതികരിക്കുകയും പുരോഗതി പ്രാപിച്ച് വരികയും ചെയ്യുന്ന വ്യക്തിയുടെ അവയവങ്ങൾ ഒരു കാരണവശാലും ദാനം ചെയ്യാനാവില്ല . അപകടത്തിൽപ്പെട്ട ആളായാലും അവയവദാനം നടത്തണമെങ്കിൽ ആയാൾ മരിച്ചിരിക്കണം . ഇവിടെ " മരണം ' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്ത് എന്ന് ചോദ്യം പ്രസക്തമാകുന്നു . ആധുനിക ശാസ്ത്രത്തിന്റെ പഠനമനുസരിച്ച് ശരീരത്തിലെ എല്ലാ അവയവങ്ങളുടെയും പ്രവർത്തനം നിലയ്ക്കുന്നത് മാത്രമല്ല മരണം . അതു കുറച്ചുകൂടി വിശാലമാണ് . ശരീരത്തിന്റെയും മനസ്സിന്റെയും ഐക്യവും സമഗ്രതയും നഷ്ടപ്പെടുന്ന ഒരു അവസ്ഥയാണിത് . ശരീരത്തിലെ മറ്റ് അവയവങ്ങൾ പ്രവർത്തി ച്ചാലും തലച്ചോറിന്റെ പ്രവർത്തനങ്ങൾ ഇനിയൊരിക്കലും ഭേദമാക്കാനാകാത്ത വിധം പൂർണ്ണമായും നിലയ്ക്കുന്നതാണ് മരണം . ഇത്തരം സാഹചര്യത്തിൽ ഒരു വ്യക്തിയുടെ അവയവങ്ങളുടെ പ്രവർത്തനം - ഉദാ : ഹൃദയം - കൃത്രിമമാർഗ്ഗങ്ങൾ ഉപയോഗിച്ച് തുടരാനാകും എന്ന് മാത്രം . ഈ അവസ്ഥയിലുള്ള രോഗിയുടെ കൃത്രിമചികിത്സാസംവിധാനങ്ങൾ , വെന്റിലേറ്റർ ഉൾപ്പെടെ പിൻവലിക്കുന്നതും ബന്ധപ്പെട്ടവരുടെ അനുവാദത്തോടെ അവയവങ്ങൾ ദാനം ചെയ്യുന്നതും ധാർമികമായി തെറ്റല്ല . കാരണം , പ്രസ്തുത വ്യക്തി മരിച്ചതായാണ് നാം മനസ്സിലാക്കുന്നത് . അതുകൊണ്ട് തന്നെ ഈ പ്രവൃത്തി ദയാവധം ആണോ എന്ന ചോദ്യംതന്നെ അപ്രസക്തമായിതീരുന്നു . എന്നാൽ , മരണം ഉറപ്പാക്കുക എന്ന അതിപ്രധാന ദൗത്യം യാതൊരു വീഴ്ചയും കൂടാതെയും കൃത്യമായും നടത്തണമെന്ന് മാത്രം .
(സീറോ മലബാർ മതബോധന കമ്മീഷൻ പുറത്തിറക്കിയ വിശ്വാസ വഴിയിലെ സംശയങ്ങൾ എന്ന പുസ്തകത്തിൽ നിന്നും)
euthanasia donation of organs Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206