x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

സഭയും ലോകവും

Authored by : Mar Joseph Pamplany On 26-Jan-2021

ലോകാതീതവും സ്വര്‍ഗ്ഗോന്മുഖവുമായ ഒരു യാഥാര്‍ത്ഥ്യമായി സഭയെ കാണുന്നതാണ് ഒരു പക്ഷേ, ഭൂരിഭാഗം വിശ്വാസികള്‍ക്കും സ്വാഭാവികമായി ഹിതകരമാവുക. എന്നാല്‍, സഭ ലോകോന്മുഖമായ ഒരു യാഥാര്‍ത്ഥ്യമാണെന്നകാര്യം വിസ്മരിക്കരുതാത്തതാണ്. ഇതു സഭ ലോകത്തിലായതുകൊണ്ടു മാത്രമല്ല, ലോകത്തോടു നിരന്തരം ക്രിസ്തുവിന്‍റെ സന്ദേശം പ്രഘോഷിക്കാന്‍, വചനത്തിലും പ്രവൃത്തിയിലും ലോകത്തിന്‍റെ മുമ്പില്‍ ക്രിസ്തുവിനു സാക്ഷ്യം നല്‍കാന്‍, വിളിക്കപ്പെട്ടിരിക്കുന്നതുകൊണ്ടുകൂടിയത്രേ. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ സഭയെക്കുറിച്ച് നല്കിയ പ്രമാണരേഖകളില്‍ സഭയുടെ ലോകോന്മുഖത വ്യക്തമായി കാണാം. ലോകത്തിന്‍റെ പ്രകാശമായ ക്രിസ്തുവുമായി അഭേദ്യമാംവിധം ബന്ധപ്പെട്ട സഭ മനുഷ്യരാശിക്കുവേണ്ടി സ്ഥാപിക്കപ്പെട്ട രക്ഷയുടെ കൂദാശയായി നിലകൊള്ളുന്നു എന്ന കാഴ്ചപ്പാടാണ് തിരുസ്സഭയെക്കുറിച്ചുള്ള ഡോഗ്മാറ്റിക് കോണ്‍സ്റ്റിറ്റ്യൂഷന്‍ സ്വീകരിച്ചിരിക്കുന്നത്. സഭ ലോകത്തില്‍ ആയിരിക്കുന്നതിന്‍റെ വിവക്ഷകള്‍ വ്യക്തമാക്കുകയാണ് "സഭ ആധുനിക ലോകത്തില്‍" എന്ന പാസ്റ്ററല്‍ കോണ്‍സ്റ്റിറ്റ്യൂഷന്‍ ചെയ്യുന്നത്.

 എന്താണ് സഭ?

സഭയെ രണ്ടു വിധത്തില്‍ സമീപിക്കാം: ഒന്ന്, സഭ അതില്‍ത്ത ന്നെ എന്താണ്, അഥവാ അതിന്‍റെ ആന്തരികസത്ത എന്താണ് എന്നു പഠിക്കുക; മറ്റൊന്ന്, സഭയെ ലോകത്തോടുള്ള അതിന്‍റെ ആഭിമുഖ്യം കണക്കിലെടുത്തുകൊണ്ട്, ലോകത്തിലുള്ള അതിന്‍റെ സേവനത്തെയും സാക്ഷ്യത്തെയും വിലയിരുത്തുക.

സഭയുടെ ആന്തരികസത്ത എന്താണ് എന്നു പരിശോധിക്കുമ്പോള്‍ അതു രക്ഷയുടെ രഹസ്യമാണ് എന്നു വ്യക്തമാക്കുന്നു. വിവിധകാലഘട്ടങ്ങളിലൂടെ ദൈവം മനുഷ്യനു പടിപടിയായി വെളിപ്പെടുത്തിക്കൊണ്ട് തന്‍റെ പുത്രനിലൂടെ പൂര്‍ത്തീകരിച്ച രക്ഷയാണ് സഭ ഉള്‍ക്കൊണ്ടിരിക്കുക. പക്ഷേ, ഈ വസ്തുത രണ്ടാമത്തെ പരിഗണനയിലേയ്ക്കു വിരല്‍ ചൂണ്ടുന്നുണ്ട്. സഭ ദൈവത്തില്‍നിന്നും രക്ഷയും പ്രസാദവരവും ഏറ്റുവാങ്ങിയിരിക്കുന്നത് അതു ലോകത്തിനു നല്‍കുവാന്‍ വേണ്ടിയാണ്. ദൈവജനം രക്ഷിക്കപ്പെട്ട ജനം മാത്രമല്ല രക്ഷയുടെ പാതയിലേയ്ക്ക് ജനപദങ്ങളെ നയിക്കുന്ന സമൂഹംകൂടിയാണ്. ലോകത്തിന്‍റെ മുമ്പില്‍ രക്ഷയുടെ അടയാളവും കൂദാശയുമായിത്തീരുകയാണ് സഭയുടെ വിളി.

 ലോകത്തില്‍ ജീവിക്കുന്ന സഭ

സഭ ലോകത്തിലാണ് ജീവിക്കുക. ഈ വസ്തുത വിസ്മരിക്കുവാനോ അവഗണിക്കുവാനോ സാധ്യമല്ല. കാരണം സഭയുടെ അസ്തിത്വം ലോകത്തിലായിരിക്കുന്നതുപോലെ സഭയുടെ ദൗത്യവും ലോകത്തിലാണ്. ലോകത്തെ രക്ഷയിലേയ്ക്കു നയിക്കുവാനാണ് സഭ നിയോഗിക്കപ്പെട്ടിരിക്കുക. ലോകത്തിന്‍റെ മദ്ധ്യേ ജീവിക്കുന്ന സഭ മനുഷ്യമഹാകുടുംബം മുഴുവനോടും ഗാഢമായി ബന്ധപ്പെട്ടതാണ്. കാരണം സര്‍വ്വ മനുഷ്യര്‍ക്കും വേണ്ടിയുള്ള രക്ഷയുടെ സന്ദേശമാണ് സഭ കൈപ്പറ്റിയിരിക്കുന്നത്.

ക്രിസ്തുവിന്‍റെ സഭ ക്രിസ്തുവിനെപ്പോലെ സത്യത്തിന് സാക്ഷ്യം വഹിക്കുവാനും രക്ഷിക്കുവാനുംവേണ്ടി നിയോഗിക്കപ്പെട്ടിരിക്കുന്നു. ഈ ദൗത്യനിര്‍വ്വഹണം ലോകത്തിലായിരുന്നുകൊണ്ട്, ലോകത്തോട് പ്രവാചകസമീപനം പുലര്‍ത്തിക്കൊണ്ടുവേണം സാധിക്കുവാന്‍. "സഭ ആധുനിക ലോകത്തില്‍" എന്ന വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖ പ്രഖ്യാപിക്കുന്നത് ശ്രദ്ധേയമാണ്:

സഭ തന്‍റെ ധര്‍മ്മം നിര്‍വ്വഹിക്കുവാന്‍ കാലത്തിന്‍റെ അടയാളങ്ങള്‍ സൂക്ഷ്മനിരീക്ഷണം ചെയ്ത സുവിശേഷത്തിന്‍റെ വെളിച്ചത്തില്‍ വ്യാഖ്യാനിക്കുവാന്‍ എപ്പോഴും ബാദ്ധ്യസ്ഥയത്രേ. ഈ ജീവിതവും ഭാവിജീവിതവും അവതമ്മിലുള്ള ബന്ധവും സംബന്ധിച്ച് മനുഷ്യന്‍ നിരന്തരം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ഓരോ തലമുറയ്ക്കും സുഗ്രാഹ്യമായ ഭാഷയില്‍ പ്രത്യുത്തരം നല്‍കാന്‍ ഇവ്വിധം അവള്‍ പ്രാപ്തയാകേണ്ടിയിരിക്കുന്നു. അതുകൊണ്ട് നാം ജീവിക്കുന്ന ലോകത്തെയും അതിന്‍റെ പ്രതീക്ഷകളെയും അഭിവാഞ്ചകളെയും പലപ്പോഴും നാടകീയമായ അതിന്‍റെ സ്വഭാവവിശേഷങ്ങളെയും തിരിച്ചറിയണം, മനസ്സിലാക്കണം.

കൗണ്‍സിലിന്‍റെ വീക്ഷണത്തിലുള്ള ലോകാഭിമുഖ്യം സഭ പുലര്‍ത്തുന്നത് തന്‍റെ പ്രവാചക ദൗത്യനിര്‍വഹണത്തിലൂടെയാണ്. ലോകത്തെ സൂക്ഷ്മനിരീക്ഷണം ചെയ്യുകയും ദൈവരാജ്യത്തിന്‍റെ മൂല്യങ്ങളുടെ വെളിച്ചത്തില്‍ സംഭവപരമ്പരകളെയും ചരിത്രത്തെയും വിലയിരുത്തുകയും ചെയ്തുകൊണ്ടാണ് സഭ തന്‍റെ പ്രവാചകദൗത്യം ലോകത്തില്‍ നിര്‍വ്വഹിക്കേണ്ടത്. ലോകത്തിലെ വികാസപരിണാമങ്ങളിലുടനീളം ദൈവരാജ്യത്തിന് അനുകൂലവും പ്രതികൂലവുമായ ചലനങ്ങളെ കണ്ടെത്താന്‍ കഴിയും. ഇവയെ വിവേചിച്ചറിയുകയും ദൈവരാജ്യശുശ്രൂഷ നിര്‍വ്വഹിക്കുകയും ചെയ്യേണ്ടത് സഭയുടെ ദൗത്യമാണ്.

 വചനത്തിന്‍റെ വെളിച്ചത്തില്‍

സഭയുടെ കാഴ്ചപ്പാട് രൂപംകൊള്ളേണ്ടത് ദൈവവചനത്തിന്‍റെ വെളിച്ചത്തില്‍നിന്നാണ്. ദൈവവചനത്തിനനുസരിച്ച് സ്വജീവിതത്തെ ക്രമപ്പെടുത്തുകയും ദൈവരാജ്യത്തിന്‍റെ മാനദണ്ഡങ്ങള്‍വച്ചുകൊണ്ട് ചരിത്രഗതിയെ വിലയിരുത്തുകയുമാണ് സഭ ചെയ്യേണ്ടത്. ദൈവവചനവും ദൈവരാജ്യത്തിന്‍റെ മൂല്യങ്ങളും വെറും ഭാഷയിലൂടെ മാത്രമല്ല സഭയ്ക്കു ലഭിച്ചിരിക്കുക. ദൈവവചനം മാംസമെടുത്തു മനുഷ്യരാശിയില്‍ പ്രത്യക്ഷപ്പെട്ടതാണ് യേശു. ആ യേശുവിന്‍റെ ജീവിതമാണ് സഭയുടെ വീക്ഷണത്തിന് രൂപം നല്‍കുന്നതും സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാനദണ്ഡമായി നിലകൊള്ളുന്നതും.

ലോകം വൈരുദ്ധ്യാത്മക സ്വഭാവത്തോടുകൂടിയതാണ്. ഒരു വശത്ത് നന്മയുടെ മുഖം, മറുവശത്ത് തിന്മയുടെ മുഖം. ക്രിസ്തീയ വീക്ഷണം ഈ രണ്ടു വസ്തുതകളെയും കണക്കിലെടുക്കുന്നതാണ്. ക്രിസ്തുവിന്‍റെ മാനദണ്ഡമുപയോഗിച്ച് ലോകത്തെ സമീപിക്കുമ്പോള്‍ നന്മയും തിന്മയും വിവേചിക്കാതിരിക്കാന്‍ തരമില്ല. ലോകത്തില്‍ കാണപ്പെടുന്ന അനീതി, വഞ്ചന, വിദ്വേഷം തുടങ്ങിയവയെല്ലാം സഭ എതിര്‍ക്കണം. ദൈവരാജ്യത്തിന്‍റെ മൂല്യങ്ങളെ സഭ പ്രോത്സാഹിപ്പിക്കണം. സത്യവും നീതിയും സ്നേഹവും അപ്രകാരമുള്ള മൂല്യങ്ങളാണ്. ഇവയിലൂടെ ലോകത്തില്‍ ദൈവത്തിന്‍റെ രാജ്യം സ്ഥാപിതമാവുകയാണ്. അതിനു വേണ്ട സേവനം കാഴ്ചവയ്ക്കുകയാണ് സഭയുടെ ദൗത്യം.

 ലോകം, സഭ, ദൈവരാജ്യം

ലോകവും സഭയും ദൈവരാജ്യവും ദൈവികപദ്ധതിയില്‍ പെടുന്നതാണ്. ലോകത്തിനും ദൈവരാജ്യത്തിനും മദ്ധ്യേ നിന്നുകൊണ്ട് ദൈവരാജ്യത്തിന്‍റെ സന്ദേശം ലോകത്തോട് പ്രഘോഷിക്കുകയും ലോകത്തെ ദൈവരാജ്യത്തിലേയ്ക്ക് ആനയിക്കുകയുമാണ് സഭ ചെയ്യേണ്ടത്. ഈ ദൗത്യനിര്‍വ്വഹണം വിജയപ്രദമാകണമെങ്കില്‍ ലോകത്തില്‍ ജീവിക്കുന്ന മനുഷ്യന്‍റെ ആശകളും പ്രതീക്ഷകളും മനസ്സിലാക്കണം. മനുഷ്യന്‍റെ പ്രശ്നങ്ങള്‍ പഠിക്കണം. മനുഷ്യന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ശ്രവിക്കണം. എങ്കില്‍ മാത്രമേ സഭയ്ക്കു തന്‍റെ ദൗത്യം ഫലപ്രദമായി നിര്‍വ്വഹിക്കുവാന്‍ സാധിക്കൂ. സഭാശാസ്ത്രജ്ഞനായ കോണ്‍ഗാര്‍ പറയുന്നതുപോലെ സഭയുടെ ഭണ്ഡാഗാരത്തില്‍  മനുഷ്യരാശിക്കുവേണ്ടി സൂക്ഷിച്ചിട്ടുള്ള അക്ഷയനിധികള്‍ പുറത്തെടുക്കുവാന്‍ ശ്രദ്ധാപൂര്‍വ്വമുള്ള ഈ ചെവികൊടുക്കല്‍ ആവശ്യമാണ്. അതുകൊണ്ടാണ് വത്തിക്കാന്‍ കൗണ്‍സില്‍ സഭയുടെ ദൗത്യത്തെക്കുറിച്ചു പരാമര്‍ശിക്കുന്നതിനുമുമ്പ് ആമുഖമായി മനുഷ്യരാശിയില്‍നിന്നുയരുന്ന അടിസ്ഥാനപരമായ ചില ചോദ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നത്:

എന്താണ് മനുഷ്യന്‍? പുരോഗതിയുടെതന്നെ ഈ യുഗത്തില്‍ കാണപ്പെടുന്ന ദുഃഖം, തിന്മ, മരണം ഇവയുടെയെല്ലാം അര്‍ത്ഥമെന്താണ്? മനുഷ്യന്‍ വിലകൊടുത്തു നേടുന്ന വിജയങ്ങളുടെ ലക്ഷ്യമെന്താണ്? സമൂഹത്തിന്‍റെ ഭാവിനന്മയ്ക്ക് മനുഷ്യന് എന്തു പ്രതീക്ഷിക്കാം? ലോകജീവിതത്തിനപ്പുറത്തെന്താണുള്ളത്?

 വ്യത്യസ്തമായ സമീപനം

പരമ്പരാഗതമായ ദൈവശാസ്ത്രവിചിന്തനം മാനുഷിക പ്രശ്നങ്ങളില്‍നിന്നല്ല ആരംഭം കുറിച്ചിരുന്നത് എന്നതു വ്യക്തമാണ്. മനുഷ്യര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ അവതരിപ്പിച്ചുകൊണ്ടും മാനുഷിക ലോകത്തെ അപഗ്രഥിച്ചുകൊണ്ടും വത്തിക്കാന്‍ കൗണ്‍സില്‍ "സഭ ആധുനിക ലോകത്തില്‍" എന്ന പ്രമാണരേഖയിലൂടെ ദൈവശാസ്ത്രവിചിന്തനത്തിന് ഒരു നൂതനമാര്‍ഗ്ഗം ഔദ്യോഗികമായി അവതരിപ്പിച്ചു. ഈ രീതി പല സഭാപിതാക്കന്മാരുടെയും ദൃഷ്ടിയില്‍ അപ്രസക്തവും അനുചിതവുമായിരുന്നു. പക്ഷേ, ഡോഗ്മാറ്റിസ ത്തിന്‍റെ അതിപ്രസരം ഒഴിവാക്കുന്നതിനും ഡയലോഗിന്‍റെ അരൂപിയില്‍ ലോകത്തോടും മനുഷ്യരോടും ബന്ധപ്പെടുന്നതിനും ഇതല്ലാതെ വേറെ മാര്‍ഗ്ഗമില്ലായിരുന്നു എന്നത് പിന്നീട് അംഗീകരിക്കപ്പെട്ടു. ലോകത്തില്‍ ജീവിക്കുന്ന മനുഷ്യന്‍റെ പ്രശ്നങ്ങളെ കണക്കിലെടുക്കാതെ ദന്തഗോപുരത്തിലിരുന്നുള്ള ദൈവശാസ്ത്രവിചിന്തനം ക്രൈസ്തവധര്‍മ്മത്തിന് ചേര്‍ന്നതല്ലതന്നെ. ക്രൈസ്തവദൈവശാസ്ത്രം മനുഷ്യനെയും അവന്‍റെ പതിതോവസ്ഥയെയും ഗൗരവമായി ഗണിക്കുന്നു.

വിശ്വാസസത്യങ്ങളുടെ നിര്‍വ്വചനം, വ്യാഖ്യാനം, പ്രായോഗികനിഗമനം എന്നിങ്ങനെയുള്ള ഒരു സമീപനരീതിയാണ് സഭയുടെ പ്രബോധനങ്ങളിലും ദൈവശാസ്ത്രവിചിന്തനങ്ങളിലും മുന്‍കാലങ്ങളില്‍ മിക്കപ്പോഴും അവലംബിക്കപ്പെട്ടുപോന്നത്. ലോകത്തില്‍ മനുഷ്യന്‍റെ സന്തോഷങ്ങളും പ്രതീക്ഷകളും ആകുലതകളും അസ്വസ്ഥതകളും കണക്കിലെടുക്കാത്ത സമീപനത്തിന് ഫലവത്തായ സുവിശേഷ പ്രഘോഷണം സാധിക്കയില്ല. അതുകൊണ്ട് വത്തിക്കാന്‍ കൗണ്‍സില്‍ "കാലത്തിന്‍റെ സൂചനകളെ" ഗൗരവപൂര്‍വ്വം വിലയിരുത്തുന്ന ഒരു ദൈവശാസ്ത്രവിചിന്തനരീതിയാണ് സ്വീകരിച്ചത്. "സഭ ആധുനികലോകത്തില്‍" എന്ന പ്രമാണരേഖയില്‍ കാണുന്ന അസ്തിത്വാത്മക ദൈവശാസ്ത്രവിചിന്തനം ആരംഭിക്കുന്നത് കാലത്തിന്‍റെ സൂചനകളിലാണ്, മാനവസമൂഹത്തില്‍നിന്നുയരുന്ന ശബ്ദത്തിലാണ്. ഇവിടെ ബൈബിളിനോടും പാരമ്പര്യത്തോടുമൊപ്പം മനുഷ്യന്‍ ജീവിക്കുന്ന ലോകവും ഒരു ദൈവശാസ്ത്ര സ്രോതസ്സ് (theological locus) ആയി രൂപാന്തരപ്പെടുന്നു.

മാനുഷിക പരിതോവസ്ഥയില്‍ ഊന്നിനില്‍ക്കുന്ന ദൈവശാസ്ത്രവിചിന്തനം ബൈബിളിനെയും പാരമ്പര്യത്തെയും അവഗണിക്കുകയല്ല, പ്രത്യുത അവയുടെ ഇന്നിന്‍റെ പ്രസക്തിയും സാര്‍ത്ഥകതയും വ്യക്തമാക്കുകയാണ്. കാലഘട്ടത്തിന്‍റെ അടയാളങ്ങളും മനുഷ്യന്‍റെ ജീവിതസാഹചര്യങ്ങളും പഠിക്കുമ്പോള്‍ സുവിശേഷത്തിന്‍റെ സന്ദേശം ഏതു രൂപഭാവമാണ് കൈക്കൊള്ളേണ്ടത് എന്നു നമുക്കു വ്യക്തമാവും. മാനുഷികമായ പരിതോവസ്ഥകളിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്ന സഭ പ്രശ്നങ്ങള്‍ക്കു പരിഹാരം അന്വേഷിക്കുന്നത് ക്രിസ്തുവിലാണ്. ഇങ്ങനെയാണ് സഭയുടെ മനുഷ്യാന്വേഷണം ക്രിസ്തുദര്‍ശനത്തില്‍ ഫലമണിയുന്നത്.

ലോകത്തിലെ പ്രതിബദ്ധത

ലോകത്തോടുള്ള സഭയുടെ ആഭിമുഖ്യത്തില്‍ നമുക്കു കാണുവാന്‍ സാധിക്കുന്നത് മനുഷ്യസേവനത്തിനായുള്ള സഭയുടെ സമര്‍പ്പണമാണ്. മനുഷ്യവ്യക്തിയുടെയും സമൂഹത്തിന്‍റെയും സമഗ്രമായ വളര്‍ച്ചയ്ക്കും വികാസത്തിനുംവേണ്ട പ്രവര്‍ത്തനങ്ങളാണ് സഭ എന്നും ആവിഷ്ക്കരിക്കുവാന്‍ കടപ്പെട്ടിരിക്കുന്നത്. "മനുഷ്യന്‍" ആണ് സഭ പരിരക്ഷിക്കുവാനാഗ്രഹിക്കുന്ന ഏറ്റവും വലിയ മൂല്യം. ഇന്നത്തെ ലോകം അഭിമാനാര്‍ഹമായ നിരവധി നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെങ്കിലും മനുഷ്യന്‍റെ സാര്‍വ്വത്രികമായ അന്തസ്സും മഹത്വവും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ വിജയിച്ചിട്ടില്ല. ഒരു വശത്ത് സമ്പത്തും സമൃദ്ധിയും ദൃശ്യമാണെങ്കിലും മറുവശത്ത് മനുഷ്യത്വത്തെ നിഷേധിക്കുന്ന ജീവിതസാഹചര്യങ്ങളിലാണ് പലരും ദിനരാത്രങ്ങള്‍ കഴിക്കേണ്ടതായി വരുക. ഇവിടെ സഭയുടെ പ്രതിബദ്ധതയ്ക്ക് ആഴമേറുന്നു.

സഭ, ലോകത്തോടുള്ള തന്‍റെ ഉത്തരവാദിത്വത്തിന്‍റെ വെളിച്ചത്തില്‍ എന്തുചെയ്യണമെന്നു ചിന്തിക്കുമ്പോള്‍ താഴെപ്പറയുന്ന കടമകള്‍ ഉരുത്തിരിയുന്നു:

  1. മനുഷ്യന്‍റെ അന്തസ്സിനും മാഹാത്മ്യത്തിനുംവേണ്ടി എല്ലായിടത്തും വാദിക്കുവാന്‍ സഭ കടപ്പെട്ടിരിക്കുന്നു.                                        
  2. ദാരിദ്ര്യം, പട്ടിണി, തൊഴിലില്ലായ്മ ഇവ സൃഷ്ടിക്കന്ന മനുഷ്യോചിതമല്ലാത്ത ജീവിതസാഹചര്യങ്ങള്‍ക്കു മാറ്റം വരുത്തുവാന്‍ സഭ ബദ്ധശ്രദ്ധയാകണം.                                                                                                                                                                    
  3. മനുഷ്യവ്യക്തിയുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന അനീതി, ചൂഷണം, മര്‍ദ്ദനം എന്നിവയ്ക്കെതിരേ സഭ പ്രവര്‍ത്തിക്കണം.                                                                                                                                                                                                                     
  4. മനുഷ്യരുടെയിടയില്‍ ഉച്ചനീചത്വങ്ങള്‍ പരിപോഷിപ്പിക്കുന്ന സമ്പ്രദായങ്ങളും വ്യവസ്ഥിതികളും ഇല്ലാതാക്കാനായി സഭ പരിശ്രമിക്കണം.                                                                                                                                                                                                                
  5. ദൈവരാജ്യത്തിന്‍റെ മൂല്യങ്ങളായ സത്യം, നീതി, സമാധാനം എന്നിവ വചനത്തിലൂടെയും പ്രവൃത്തിയിലൂടെയും വെളിപ്പെടുത്തിക്കൊണ്ട് ദൈവരാജ്യത്തിന്‍റെ മൂല്യങ്ങള്‍ക്ക് സഭ തന്നില്‍ത്തന്നെ സാക്ഷ്യം നല്കണം.

സഭയുടെ പ്രവാചകധര്‍മ്മത്തിന്‍റെ ഭാഗമാണ് മുകളില്‍ പറഞ്ഞ ഉത്തരവാദിത്വങ്ങളുടെ നിര്‍വ്വഹണം. അവയെല്ലാം വിരല്‍ ചൂണ്ടുന്നത് സാമൂഹ്യമണ്ഡലത്തിലുള്ള സഭയുടെ സാന്നിദ്ധ്യത്തിലേയ്ക്കും സാക്ഷ്യത്തിലേയ്ക്കുമാണ്. ഇന്നുവരെ സാമൂഹ്യമണ്ഡലത്തിലുള്ള സഭയുടെ നിലപാടിനെയും പ്രവര്‍ത്തനങ്ങളെയും ചരിത്രപരമായി വിലയിരുത്തുമ്പോള്‍ ചില വസ്തുതകള്‍ വ്യക്തമാകുന്നുണ്ട്.

  1. ചില അവസരങ്ങളില്‍ സത്യത്തിനും നീതിക്കുംവേണ്ടി ശബ്ദമുയര്‍ത്തേണ്ടിടത്തു സഭ ശബ്ദമുയര്‍ത്തിയിട്ടില്ല.                 ഉദാഹരണത്തിന് നാസിസത്തിനെതിരേ സഭ ഒരു പരിധിവരെയെങ്കിലും നിശ്ശബ്ദത പാലിച്ചതായി വിമര്‍ശിക്കപ്പെടുന്നു.                                   
  2. ചിലപ്പോള്‍ സഭ അഥവാ സഭയിലെ ചില വ്യക്തികള്‍ പറയരുതാത്തത് പറയുകയും അറിയാതെയാണെങ്കിലും അബദ്ധ നിലപാടില്‍ കുരുങ്ങിപ്പോവുകയും ചെയ്തിട്ടുണ്ട്. ഗലീലിയോ സംഭവത്തിലേയ്ക്ക് വിരല്‍ചൂണ്ടിക്കൊണ്ട് വത്തിക്കാന്‍ കൗണ്‍സില്‍ ഈ രംഗത്ത് സഭയ്ക്ക് പറ്റിയ അബദ്ധം എടുത്തു കാണിക്കുന്നു.                                                                                          
  3. സഭയുടെ ശബ്ദം തെളിഞ്ഞുകേള്‍ക്കപ്പെടേണ്ടിടങ്ങളില്‍ അതു പലപ്പോഴും അവ്യക്തമായിപ്പോയി. ഉദാഹരണത്തിന് സാമൂഹ്യമായ അസമത്വങ്ങള്‍ വളരെയുള്ള നമ്മുടെ നാട്ടില്‍ പാവപ്പെട്ടവര്‍ക്കുവേണ്ടി വ്യക്തമായ ഭാഷയില്‍ ക്രൈസ്തവസമൂഹം സംസാരിച്ചിട്ടില്ല. ഇടവകകളുടെയും രൂപതകളുടെയും പ്രവര്‍ത്തനശൈലി ഈ ലക്ഷ്യത്തിനു പലപ്പോഴും മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ളതായിരുന്നില്ല.                                                                                                                                             
  4. എല്ലായ്പ്പോഴും സഭയുടെ ശബ്ദം അഥവാ പ്രവര്‍ത്തനശൈലി ദൈവരാജ്യത്തിന്‍റെ നീതിക്കു നിരക്കുന്നതായിരുന്നോ എന്നു സംശയിക്കേണ്ടതുണ്ട്. ലൗകികമായ സുരക്ഷിതത്വത്തിനും സ്വാധീനശക്തിക്കും വിധേയമായി ദൈവരാജ്യത്തിന്‍റെ നീതി അന്വേഷിക്കുന്നതില്‍നിന്നും സഭ ചില സന്ദര്‍ഭങ്ങളിലെങ്കിലും പിന്തിരിഞ്ഞിട്ടുണ്ട്.                                                                                                                          
  5. തത്വത്തില്‍ സഭയുടെ സാമൂഹ്യമായ കാഴ്ചപ്പാട് വ്യക്തമെങ്കിലും പ്രവൃത്തിപഥത്തില്‍ അതു പലപ്പോഴും യാഥാര്‍ത്ഥ്യമാകുന്നില്ല. വാക്കും പ്രവൃത്തിയും തമ്മിലുള്ള ഇത്തരം വിടവു ഇല്ലാതാകേണ്ടിയിരിക്കുന്നു.

സാമൂഹ്യമണ്ഡലത്തിലുള്ള സഭയുടെ ദൗത്യത്തെക്കുറിച്ച് ഇന്നു വര്‍ദ്ധിച്ച അവബോധമാണ് ഉള്ളതെന്നത് അഭിമാനകരമാണ്. ദൈവരാജ്യമൂല്യങ്ങളുടെ വെളിച്ചത്തില്‍ ലോകത്തിലെ സംഭവവികാസങ്ങളെ അവലോകനംചെയ്ത് വിലയിരുത്തുന്ന ഒരു ജീവിതശൈലിതന്നെ വത്തിക്കാന്‍ കൗണ്‍സിലിനുശേഷമുള്ള സഭയുടെ പ്രത്യേകതയാണെന്നു പറയാം. വര്‍ണ്ണവിവേചനത്തിനും ചൂഷണത്തിനും അനീതിക്കുമെതിരേ ക്രിസ്തീയസമൂഹത്തിന്‍റെ മനസ്സാക്ഷിയില്‍നിന്നും ശബ്ദമുയരുന്നുണ്ട്. ഇതിനുദാഹരണമാണ് ഏഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിന്‍ അമേരിക്കയിലെയും സഭകളുടെ സമീപനങ്ങള്‍.

 സമഗ്രവിമോചനം: സഭയുടെ ലക്ഷ്യം

അജപാലനരംഗത്ത് സഭ സ്വീകരിക്കേണ്ട മാതൃക സമഗ്രവിമോചനത്തിന്‍റേതാണ്. പക്ഷേ, ആത്മീയലക്ഷ്യം മാത്രം മുന്നില്‍ കണ്ടുകൊണ്ട് ദൈവാലയത്തില്‍മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒരു അജപാലനശൈലിയുടെ സ്വാധീനം ഒരുപക്ഷേ, ഇന്നും സഭാതലത്തില്‍ ദൃശ്യമാണ്. ഇതനുസരിച്ച് പ്രാര്‍ത്ഥിക്കുക, കൂദാശകള്‍ പരികര്‍മ്മംചെയ്യുക, ചുരുക്കത്തില്‍ ആത്മാവിനുവേണ്ടുന്നതെല്ലാം നിര്‍വ്വഹിക്കുകയാണ് അജപാലനത്തിന്‍റെ ചുമതല. ഈ അജപാലനമാതൃകയ്ക്ക് ഉപോല്‍ബലകമായി ചൂണ്ടിക്കാണിക്കുന്നത് ക്രിസ്തു സഭയ്ക്കു നല്കിയ ദൗത്യം സാമ്പത്തികമോ രാഷ്ട്രീയമോ സാമൂഹ്യമോ അല്ല എന്ന കാരണമാണ്. ഈ വാദം പകുതി ശരിതന്നെ. അടിസ്ഥാനപരമായി സഭയുടെ ലക്ഷ്യം ആത്മീയം തന്നെ. പക്ഷേ, ലോകത്തിലാണ് സഭ തന്‍റെ ദൗത്യം നിറവേറ്റുക. ലോകത്തില്‍ ജീവിക്കുന്ന മനുഷ്യന്‍ ആത്മശരീരങ്ങളോടുകൂടിയവനാണ്. ആത്മാവിന്‍റെയും ശരീരത്തിന്‍റെയും ആവശ്യങ്ങള്‍ക്ക് ഒരുപോലെ പരിഗണന നല്‍കാതെ മനുഷ്യന് രക്ഷ പ്രദാനംചെയ്യുവാന്‍ സഭയ്ക്കു സാധിക്കുകയില്ല. അതുകൊണ്ട് സഭയുടെ ലക്ഷ്യം മനുഷ്യന്‍റെ സമ്പൂര്‍ണ്ണവിമോചനമായിരിക്കണം. സഭ ഔദ്യോഗികമായി ഈ വസ്തുത അംഗീകരിച്ചിരിക്കുന്നതാണ്. ആത്മീയം മാത്രമായ ലക്ഷ്യത്തിനു വേണ്ടിയല്ല സഭ ഒരു കാലത്തും നിലകൊണ്ടിട്ടുള്ളത്. തോമസ് അക്വീനാസ് പറയുന്നു: "വിശക്കുന്ന മനുഷ്യന് ആദ്യം ഭക്ഷണം നല്കണം; ഉപദേശിക്കുകയല്ല വേണ്ടത്."

ക്രിസ്തുവിന്‍റെ അരൂപിയില്‍ സഭയെ കാണുമ്പോള്‍ ആത്മീയ ലക്ഷ്യം മാത്രമാണ് സഭയ്ക്കുള്ളതെന്ന് ഒരിക്കലും പറയാനാവില്ല. വഴിയരികില്‍ രക്തമൊലിക്കുന്ന അര്‍ദ്ധപ്രാണനായ മനുഷ്യനെ കണ്ടിട്ട് അവനെ എടുത്ത് അവന്‍റെ ശരീരത്തിലെ മുറിവുകള്‍ വച്ചുകെട്ടി ശുശ്രൂഷിക്കുന്ന നല്ല ശമരിയാക്കാരനാണ് സഭയ്ക്ക് അജപാലനരംഗത്തു മാതൃക. ഇപ്രകാരമുള്ള മനുഷ്യന് ശാരീരികമായ സൗഖ്യവും ആരോഗ്യവും നല്‍കുന്നതിന് സമരിയാക്കാരന്‍ ചെയ്ത ത്യാഗപൂര്‍ണ്ണമായ പ്രവൃത്തിയെയാണ് യേശു പ്രശംസിച്ചത്, മാതൃകയായി തന്‍റെ സമൂഹത്തിനു നിര്‍ദ്ദേശിച്ചുകൊടുത്തിട്ടുള്ളത്. മാരകമായി മുറിവേറ്റ മനുഷ്യന് 'മനസ്താപപ്രകരണം ചൊല്ലിക്കൊടുക്കുക' മാത്രമല്ല സഭയുടെ ജോലി. വെള്ളത്തില്‍ മുങ്ങിമരിക്കാന്‍ തുടങ്ങുന്ന മനുഷ്യനെ കരയില്‍നിന്നുകൊണ്ട് പാപമോചനം നല്കി അനുഗ്രഹിക്കുക എന്നതില്‍ സഭയുടെ ഉത്തരവാദിത്വം തീരുന്നില്ല. മുങ്ങുന്ന മനുഷ്യനെ രക്ഷിക്കാനായി വെള്ളത്തിലേയ്ക്ക് ചാടി വീഴുക സഭയുടെ ഉത്തരവാദിത്വമാണ്. മനുഷ്യന്‍റെ ഭൗതികാവശ്യങ്ങള്‍ക്കു നേരേ കണ്ണടച്ചുകൊണ്ട് അതിഭൗതികവും ആദ്ധ്യാത്മികവുമായ ക്ഷേമത്തിനായി മാത്രം പരിശ്രമിക്കുന്ന ഒരു അജപാലനശൈലി സഭയ്ക്ക് സ്വീകാര്യമല്ല.

 സഭയിലെ നവമായ അവബോധം

ലോകത്തില്‍ സഭയ്ക്കുള്ള പ്രവാചകധര്‍മ്മത്തെക്കുറിച്ച് നവമായൊരു അവബോധം സഭയിലാകമാനം ഉണ്ടായിട്ടുണ്ടെന്നു പറയാം. വത്തിക്കാന്‍ കൗണ്‍സിലിന്‍റെ "സഭ ആധുനികലോകത്തില്‍" എന്ന പ്രമാണരേഖ നല്കിയ കാഴ്ചപ്പാട് ഇതിനു സഹായകമായി. ലോകത്തില്‍ ജീവിക്കുന്ന മനുഷ്യരോടും അവരുടെ ജീവിതത്തോടുമുള്ള താല്പര്യവും ഐക്യദാര്‍ഢ്യവും സഭ ഈ ഔദ്യോ ഗിക പ്രമാണരേഖയിലൂടെ വ്യക്തമാക്കി. സഭയില്‍ ഇന്നു വളര്‍ന്നു വന്നിട്ടുള്ള വിമോചനദൈവശാസ്ത്രം ഈ ചിന്താസരണിയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടതാണ്. ക്രിസ്തീയദര്‍ശനം എന്തെന്ന് ആഴമായി ഗ്രഹിക്കാത്തവര്‍ മാത്രമേ, വിമോചന ദൈവശാസ്ത്രത്തെ സംശയദൃഷ്ടിയോടെ വീക്ഷിക്കുകയും അതിനെ മാര്‍ക്സിസ്റ്റു പ്രസ്ഥാനത്തിന്‍റെ അനുകൂലിയായി ചിത്രീകരിക്കുകയും ചെയ്യുകയുള്ളൂ. ക്രിസ്തീയ വിമോചന സന്ദേശത്തെ  മറന്ന് മാര്‍ക്സിസത്തിന്‍റെ ചിന്തയും പ്രവര്‍ത്തനശൈലിയും കടംവാങ്ങുകയാണെങ്കില്‍ അത്തരം വിമോചന ദൈവശാസ്ത്രം ഈ വിമര്‍ശനത്തിന് അര്‍ഹമാണെന്നു വന്നേക്കാം. ക്രിസ്തീയ പാരമ്പര്യത്തില്‍ അടിസ്ഥാനപരമായി കാണുന്നതാണ് വിമോചനമെന്ന പ്രമേയം. ബൈബിളിന്‍റെയും ക്രിസ്തീയസന്ദേശത്തിന്‍റെയും വെളിച്ചത്തില്‍  പരിശോധിക്കുമ്പോള്‍ "മനുഷ്യന്‍റെ വിമോചനം" കേന്ദ്രാശയമായി നമുക്കു കാണാം. ക്രിസ്തുവിലൂടെ മനുഷ്യരാശിക്കു കൈവന്നിട്ടുള്ളത് ഒറ്റവാക്കില്‍പ്പറഞ്ഞാല്‍ വിമോചനമാണ്. വിമോചകനായ ക്രിസ്തുവിനോടൊപ്പം വിമോചനത്തിന്‍റെ പാത മനുഷ്യരാശിയുടെ മുമ്പില്‍ തെളിക്കുവാനാണ് സഭാസമൂഹം വിളിക്കപ്പെട്ടിരിക്കുക. സാമ്പത്തികവും  ഭൗതികമാത്രവുമായ ഒരു വിമോചനമായി ക്രിസ്തുവിലൂടെയുള്ള വിമോചനത്തെ പരിമിതമാക്കുന്നത് ശരിയായിരിക്കുകയില്ല. സമ്പൂര്‍ണ്ണ വിമോചനത്തിനുവേണ്ടിയുള്ള സമര്‍പ്പണമാണ് സഭയ്ക്കാവശ്യം. "മനുഷ്യകുലത്തെക്കുറിച്ച് ശരിയായി അറിഞ്ഞ് കാലത്തിന്‍റെ സൂചനകള്‍ മനസ്സിലാക്കിക്കൊണ്ട് സഭ ഇന്നു തന്‍റെ വിശ്വാസദൗത്യവും മനുഷ്യാവകാശസംരക്ഷണവും തുടരുന്നു. ഇതിനായി, കൂടുതല്‍ നീതിപൂര്‍വ്വമായ, മനുഷ്യോചിതമായ, മനുഷ്യവാസയോഗ്യമായ, അതേസമയംതന്നെ ദൈവത്തിന് ഇടം നല്കുന്ന ഒരു ലോകം നിര്‍മ്മിക്കുവാന്‍ എല്ലാ ക്രൈസ്തവരെയും സഭ ക്ഷണിക്കുന്നു."

മനുഷ്യനെ വീര്‍പ്പുമുട്ടിക്കുന്ന അസ്വാതന്ത്ര്യത്തിന്‍റെയും അടിമത്തത്തിന്‍റെയും ചൂഷണത്തിന്‍റേതുമായ സാമൂഹ്യചുറ്റുപാടില്‍ നിന്നു മനുഷ്യനു വിമോചനം നല്‍കുവാന്‍, പുതിയ ആകാശവും പുതിയ ഭൂമിയും ലക്ഷ്യംവച്ചുകൊണ്ടു ലോകത്തില്‍ തീര്‍ത്ഥാടനം ചെയ്യുന്ന സഭ ബദ്ധശ്രദ്ധയാകണം. സഭയുടെ വിമോചനചിന്ത മാനുഷിക പരിതോവസ്ഥകളില്‍ ആരംഭിക്കുന്നുവെങ്കിലും ലൗകികവും കാലികവുമായ തലങ്ങളില്‍നിന്ന് ആദ്ധ്യാത്മികമായ തലങ്ങളിലേയ്ക്ക് അതുയരുന്നുണ്ട്. മാര്‍ക്സിസ്റ്റ് വിമോചന ചിന്തയെയും ക്രൈസ്തവവിമോചന ചിന്തയെയും തമ്മില്‍ വേര്‍തിരിക്കുന്ന ഈ വ്യത്യാസം പ്രധാനമാണെന്നു പറയേണ്ടിയിരിക്കുന്നു. അതുപോലെതന്നെ, അഹിംസാപരവും സ്നേഹാധിഷ്ഠിതവുമാണ് ക്രൈസ്തവ വിമോചന പ്രസ്ഥാനങ്ങളുടെയെല്ലാം മാര്‍ഗ്ഗമെന്നു ഓര്‍മ്മിക്കേണ്ടതുണ്ട്.

 സിദ്ധാന്തവും പ്രയോഗവും

സഭയുടെ ഔദ്യോഗിക പ്രമാണരേഖകളിലും ദൈവശാസ്ത്ര വിചിന്തനങ്ങളിലും കാണുന്ന മഹത്തായ ആശയങ്ങള്‍ മുഴുവന്‍ പ്രാവര്‍ത്തികമായിട്ടില്ല എന്നതു സത്യമാണ്. അതിനു വിഘാതമായി നില്‍ക്കുന്ന മനോഭാവങ്ങള്‍, സ്വകാര്യതാല്പര്യങ്ങള്‍ എന്നിവയ്ക്കു മാറ്റം വരണം. ഇടവകകളിലും ക്രിസ്തീയസമൂഹത്തിലും ക്രൈസ്തവസമൂഹങ്ങള്‍ക്കു ശരിയായ ബോധവല്‍ക്കരണം ലഭിക്കേണ്ടിയിരിക്കുന്നു. സാമൂഹ്യമായ ഉത്തരവാദിത്വത്തെക്കുറിച്ച് ക്രിസ്തീയസമൂഹം ഇനിയും ബോധവല്ക്കരിക്കപ്പെടേണ്ടതായിട്ടുണ്ട്. സാമൂഹ്യമായ കടമയെ മറന്നുള്ള ആഘോഷങ്ങള്‍, ആര്‍ഭാടങ്ങള്‍ എന്നിവയ്ക്കെല്ലാം കുറവുവരണമെങ്കില്‍ ക്രൈസ്തവര്‍ സാമൂഹ്യമായി ബോധവല്‍ക്കരിക്കപ്പെടണം. ഈ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടുള്ള ഒരു അജപാലനശൈലിക്കുതന്നെ രൂപം നല്കേണ്ടതുണ്ട്.

സ്ഥാപനപരമായ മാര്‍ഗ്ഗങ്ങളാണ് സഭ നമ്മുടെ നാട്ടില്‍ അധികവും സേവനത്തിനും സാക്ഷ്യത്തിനുമായി അവലംബിച്ചുപോന്നിട്ടുള്ളത്. വിദ്യാഭ്യാസത്തിനും ആതുരസേവനത്തിനുംവേണ്ടി സഭ ധാരാളം സ്ഥാപനങ്ങള്‍ പണിതുയര്‍ത്തിയിട്ടുണ്ട്. സ്ഥാപനങ്ങള്‍ അവയില്‍ത്തന്നെ ലക്ഷ്യങ്ങളായിരുന്നില്ല, സേവനത്തിന്‍റെ മാര്‍ഗ്ഗങ്ങളായിട്ടാണ് ഉദ്ദേശിക്കപ്പെട്ടിരുന്നതെന്ന് ഓര്‍മ്മിക്കണം. സേവനം എന്ന ലക്ഷ്യം നഷ്ടപ്പെടുമ്പോള്‍ സ്ഥാപനങ്ങള്‍ക്ക് ക്രിസ്തീയമായ അര്‍ത്ഥവും നഷ്ടപ്പെടുന്നു.

സാമൂഹ്യരംഗത്തുള്ള സഭയുടെ സ്ഥാനവും അധീശത്വവുമാണോ സഭാസ്ഥാപനങ്ങള്‍ ഇന്നു കൂടുതല്‍ വിളിച്ചറിയിക്കുകയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ദൈവരാജ്യത്തിന്‍റെ മൂല്യങ്ങള്‍ക്ക് പ്രത്യക്ഷോദാഹരണമായിത്തീരാന്‍ സഭാസ്ഥാപനങ്ങള്‍ക്ക് പലപ്പോഴും കഴിയുന്നില്ല. സഭയ്ക്ക് അകത്തും പുറത്തുമുള്ള പല വിമര്‍ശകരുടെയും ദൃഷ്ടിയില്‍ അവ മര്‍ദ്ദകവും ചൂഷകവുമായ ഘടനയുടെ ഭാഗമാണ്. ഈ സാഹചര്യത്തില്‍ സഭ ഇന്നു സ്ഥാപനപരമായ മാര്‍ഗ്ഗങ്ങളില്‍നിന്നു മാറി ജനങ്ങളോടു നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തുന്ന സേവനപരിപാടികള്‍ ആവിഷ്ക്കരിച്ച് "ബന്ധിതര്‍ക്കു മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവു"മായിത്തീരാന്‍ വേണ്ട പരിപാടികള്‍ ആവിഷ്ക്കരിക്കേണ്ടിയിരിക്കുന്നു.

 ഉപസംഹാരം

സഭയുടെ പ്രവാചകദൗത്യം യാതൊരു വിധത്തിലുമുള്ള എതിര്‍പ്പും വെല്ലുവിളിയും നേരിടാതെ നിര്‍വ്വഹിക്കപ്പെടാന്‍ സാധിക്കുകയില്ല. കാരണം, ദൈവരാജ്യത്തിന്‍റെ മൂല്യങ്ങള്‍ പ്രവൃത്തിയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ അതിനു വിരുദ്ധമായ പതിവുകള്‍, സമ്പ്രദായങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവ സ്വാഭാവികമായി അപ്രത്യക്ഷമാകേണ്ടിവരും. അതിനു വിസമ്മതിച്ച് അവ സഭയ്ക്കെതിരേ എതിര്‍ത്തുനില്‍ക്കുവാന്‍ ശ്രമിക്കും. സാമൂഹ്യനീതിക്കുവേണ്ടി ശബ്ദമുയര്‍ത്തിയാല്‍ അനീതിയോട് ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്ന എല്ലാറ്റിന്‍റെയും എതിര്‍പ്പ് നേരിടേണ്ടി വരുമെന്നത് തീര്‍ച്ചയാണ്. എങ്കിലും ലോകത്തിന് ദൈവരാജ്യത്തിന്‍റെ സന്ദേശം നല്കുക, അതിനായി തന്‍റെ ശുശ്രൂഷ ആത്മാര്‍ത്ഥമായി നിര്‍വ്വഹിക്കുക, സഭയുടെ ദൗത്യമാണ്.

The church and the world church study Mar Joseph Pamplany theology Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message