We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Mar Joseph Pamplany On 26-Jan-2021
യേശുക്രിസ്തുവാണ് സഭയുടെ അസ്തിത്വത്തിന് അടിസ്ഥാനം. സഭ സ്വീകരിച്ചിരിക്കുന്ന സന്ദേശവും ദൗത്യവും യേശുവിന്‍റേതാണ്. സഭയുടെ തനിമ യേശുവിന്‍റെ തനിമയില്‍ നിന്നാണ്. എന്താണ് യേശുവിന്‍റെ ജീവിതത്തിന്‍റെയും പ്രവര്‍ത്തനത്തിന്‍റെയും ലക്ഷ്യം എന്നു ചോദിച്ചാല്‍ ഉത്തരം ഒറ്റ വാക്കില്‍ ഒതുക്കാം: ദൈവരാജ്യം. ദൈവരാജ്യത്തിന്‍റെ പ്രഘോഷണമാണ് യേശു നിര്‍വ്വഹിച്ചത്. വി. മര്‍ക്കോസ് യേശുവിന്‍റെ സുവിശേഷ പ്രഘോഷണത്തെ സമാഹരിക്കുന്നതിങ്ങനെയാണ്: "സമയം സമാഗതമായി, ദൈവരാജ്യം സമീപസ്ഥമായിരിക്കുന്നു, പശ്ചാത്തപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍" (മര്‍ക്കോ. 1:15). ദൈവരാജ്യത്തിന്‍റെ ആഗമനം വിളിച്ചറിയിക്കുകയും അതു ജീവിതത്തിലൂടെ പ്രത്യക്ഷമാക്കുകയുമാണ് യേശു ചെയ്തത്.
ദൈവരാജ്യം: സഭയുടെ ലക്ഷ്യം
സമീക്ഷാസുവിശേഷങ്ങള്‍ ആവര്‍ത്തിച്ചു പ്രയോഗിക്കുന്ന പദമാണ് "ദൈവരാജ്യം". നൂറോളം പ്രാവശ്യം "ദൈവരാജ്യം" എന്ന പ്രയോഗം അവയില്‍ കാണാന്‍ സാധിക്കും. അതേ സമയം, സുവിശേഷങ്ങളില്‍ "സഭ" എന്ന പദം രണ്ടു സ്ഥലത്തു മാത്രമേ പ്രത്യക്ഷപ്പെടുന്നുള്ളൂ. ദൈവരാജ്യത്തെക്കുറിച്ച് ആവര്‍ത്തിച്ചിട്ടുള്ള പരാമര്‍ശത്തില്‍നിന്നും ഒരു കാര്യം വ്യക്തമാണ്. ദൈവരാജ്യം സഭയ്ക്കു മുന്‍പേ പോകുന്നു. അതായത് അടിസ്ഥാനയാഥാര്‍ത്ഥ്യം സഭയല്ല, ദൈവരാജ്യമാണ്. എങ്കിലും ചരിത്രപരമായി നോക്കുമ്പോള്‍ യേശുവിന്‍റെ ദൈവരാജ്യപ്രഘോഷണത്തില്‍നിന്നും ഉടലെടുത്തത് സഭയാണ്. ഈ നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ ആല്‍ഫ്രഡ് ലൗസി എന്ന ദൈവശാസ്ത്രജ്ഞന്‍ പറഞ്ഞത് ശ്രദ്ധേയമാണ്: "യേശു ദൈവരാജ്യം പ്രസംഗിച്ചു: തത്ഫലമായി ഉണ്ടായത് സഭയാണ്."
സുവിശേഷങ്ങളിലെ കേന്ദ്രാശയവും യേശുവിന്‍റെ പ്രസംഗത്തിന്‍റെ മുഴുവന്‍ രത്നച്ചരുക്കവുമായി "ദൈവരാജ്യ"ത്തെ കണക്കാക്കാവുന്നതാണ്. സഭയുടെ ആധാരശിലയും അന്തിമലക്ഷ്യവും ദൈവരാജ്യമാണ്. ദൈവരാജ്യത്തോട് സദാ ആഭിമുഖ്യം പുലര്‍ത്തുകയും ദൈവരാജ്യത്തിന്‍റെ പൂര്‍ണ്ണതയ്ക്കായി ജീവിതത്തിലൂടെ എളിയ സേവനം കാഴ്ചവയ്ക്കുകയുമാണ് സഭയുടെ ദൗത്യം. സഭയുടെ അടിസ്ഥാനലക്ഷ്യങ്ങളിലേയ്ക്കും ആദര്‍ശങ്ങളിലേയ്ക്കും തിരിച്ചുപോകുവാന്‍ ദൈവരാജ്യത്തെക്കുറിച്ചുള്ള വിചിന്തനം സഹായകമാകും.
ദൈവരാജ്യത്തിന്‍റെ സന്ദേശം
ദൈവരാജ്യമെന്ന പദപ്രയോഗം സൂചിപ്പിക്കുന്നത്, ഒരു ദേശത്തെയോ ദിക്കിനെയോ അല്ല, പ്രത്യുത, ദൈവത്തിന്‍റെ ഭരണവും ക്രമവും മനുഷ്യന്‍ സ്വീകരിക്കുമ്പോള്‍ സംജാതമാകുന്ന അവസ്ഥാവിശേഷത്തെയാണ്. ഗ്രീക്കുഭാഷയിലെ Basileia എന്ന വാക്കും ഹീബ്രു ഭാഷയിലെ Malekuth എന്ന വാക്കും അര്‍ത്ഥമാക്കുന്നത് ദൈവത്തിന്‍റെ ഭരണം സൃഷ്ടിക്കുന്ന സ്ഥിതിവിശേഷമാണ്. ദൈവരാജ്യത്തിന്-ഇന്ന്, ഇവിടെ ആരംഭം കുറിക്കുന്നു. പക്ഷേ, യുഗാന്ത്യം വരെ അതു വളരുകയും പൂര്‍ണ്ണത കൈവരിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.
ലോകത്തിലെ എല്ലാ തിന്മകളില്‍നിന്നും അപൂര്‍ണ്ണതകളില്‍ നിന്നും മോചനവും ഐശ്വര്യവും വാഗ്ദാനം ചെയ്യുന്നതായിരുന്നു യേശുവിന്‍റെ ദൈവരാജ്യപ്രഘോഷണം. യേശുവിന്‍റെ വരവിനു മുമ്പുതന്നെ ഇസ്രായേല്‍ ജനത്തിന്‍റെ ചരിത്രത്തില്‍ ദൈവരാജ്യം എന്ന സങ്കല്‍പ്പം വേരുറച്ചിരുന്നു. വിമോചനത്തിന്‍റെയും വിജയത്തിന്‍റെയും ആഹ്ലാദവും ആവേശവും പകര്‍ന്നുകൊടുത്ത ആശയമായിരുന്നു അത്. അടിമത്തത്തിന്‍റെയും അനീതിയുടെയും ഒരു കാലഘട്ടത്തിനു തിരശ്ശീല വീഴുന്നതും നീതിയുടെയും സമാധാനത്തിന്‍റെയും യുഗം ഉദയം ചെയ്യുന്നതുമാണ് അതിന്‍റെ പ്രഘോഷണം വിളിച്ചറിയിച്ചത്. പലസ്തീനായിലെ യേശുവിന്‍റെ സമകാലികരായ സാമാന്യജനങ്ങള്‍ക്ക് തികച്ചും വ്യക്തമായ ഒന്നായിരുന്നു യേശു പ്രഘോഷിച്ച ദൈവരാജ്യത്തിന്‍റെ അര്‍ത്ഥം. ആധുനിക മനുഷ്യന്‍റെ ഭാഷയില്‍ പറഞ്ഞാല്‍, അതു വിരല്‍ചൂണ്ടിയത് മനുഷ്യന്‍റെ സമ്പൂര്‍ണ്ണ വിമോചനത്തിനായി ദൈവം ആരംഭിക്കുന്ന "വിപ്ലവ" ത്തിലേയ്ക്കാണ്. യുഗങ്ങളായി ജനങ്ങള്‍ കാത്തിരുന്ന "ദൈവത്തിന്‍റെ വിപ്ലവം" തന്നിലൂടെ നിറവേറുവാന്‍ പോകുന്നു എന്നാണ് യേശു പ്രഖ്യാപിച്ചത്. ദൈവത്തിന്‍റെ ഭരണം നിര്‍ണ്ണായകമായ വിധത്തില്‍ യേശുവിലൂടെ ലോകത്തില്‍ പ്രത്യക്ഷപ്പെടുന്നു.
ദൈവം നല്‍കുന്ന വിമോചനത്തിന്‍റെ ആവിഷ്കാരവും പ്രഘോഷകനുമായിരുന്നു യേശു. തിന്മയില്‍നിന്നും മനുഷ്യനെ വിമോചിക്കുന്ന പ്രക്രിയയ്ക്ക് യേശു തുടക്കമിടുന്നു. ഏശയ്യായുടെ വിമോചനസന്ദേശം സ്വജീവിതത്തിലൂടെ സാക്ഷാത്കരിക്കപ്പെടുവാന്‍ പോകുകയാണെന്ന് യേശു പ്രഖ്യാപിച്ചു. "കര്‍ത്താവിന്‍റെ ആത്മാവ് എന്‍റെ മേലുണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്കു മോചനവും അന്ധര്‍ക്ക് കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യവും കര്‍ത്താവിനു സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കുവാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു" (ലൂക്കാ 4:18-19). രക്ഷകന്‍റെ അടയാളവും ഇതില്‍നിന്നു വിഭിന്നമല്ല: "കുരുടര്‍ കാണുന്നു; മുടന്തര്‍ നടക്കുന്നു; കുഷ്ഠരോഗികള്‍ സൗഖ്യം പ്രാപിക്കുന്നു; ബധിരര്‍ കേള്‍ക്കുന്നു; മരിച്ചവര്‍ ഉയിര്‍ക്കുന്നു; ദരിദ്രര്‍ക്ക് സുവിശേഷം അറിയിക്കപ്പെടുന്നു" (മത്താ 11:4-5).
ദൈവികവും മാനുഷികവും
ദൈവരാജ്യത്തിന് ദൈവികവും മാനുഷികവുമായ വശങ്ങളുണ്ട്. ദൈവത്തിന്‍റെ ഭരണം ലോകത്തില്‍ യാഥാര്‍ത്ഥ്യമാകുന്നത് ദൈവത്തിന്‍റെ പ്രവര്‍ത്തനത്തോട് മാനുഷികമായ സഹകരണം ഒത്തുചേരുമ്പോഴാണ്. ദൈവരാജ്യത്തിന്‍റെ വരവിന് മനുഷ്യരുടെ ഭാഗത്തു നിന്നുള്ള പ്രത്യുത്തരവും ഭാഗഭാഗിത്വവും യേശു ആഗ്രഹിച്ചു. ഹൃദയപരിവര്‍ത്തനവും ജീവിതനവീകരണവും കൂടാതെ ദൈവരാജ്യത്തിനുവേണ്ടി നിലകൊള്ളാന്‍ മനുഷ്യര്‍ക്കു സാധിക്കുകയില്ല. അഹങ്കാരത്തില്‍ നിന്നും സ്വാര്‍ത്ഥതാല്പര്യത്തില്‍ നിന്നും വിമോചിതരായി ദൈവികപദ്ധതിയ്ക്ക് സ്വയം സമര്‍പ്പണം ആവശ്യമാണെന്ന് യേശു പഠിപ്പിച്ചു. ഓരോ വ്യക്തിയുടെയും ആന്തരികമനോഭാവത്തെ മാറ്റിമറിച്ചുകൊണ്ടാണ് ദൈവരാജ്യം വിമോചിതരായ മനുഷ്യര്‍ക്ക് ജന്മം ല്‍കുന്നത്. സുവിശേഷങ്ങള്‍ ഇതിനു ധാരാളം ഉദാഹരണങ്ങള്‍ നല്കുന്നുണ്ട്. ഹൃദയപരിവര്‍ത്തനത്തിനു വിധേയമായി പിതാവിന്‍റെ ഭവനത്തിലേയ്ക്കു മടങ്ങിവരുന്ന ധൂര്‍ത്തപുത്രനും (ലൂക്കാ 15:11-32) പശ്ചാത്താപപൂര്‍ണ്ണമായ മനസ്സോടെ ദേവാലയത്തില്‍ പ്രാര്‍ത്ഥിക്കുന്ന ചുങ്കക്കാരനും (ലൂക്കാ 18:10-14) കണ്ണീരൊഴുക്കി മാപ്പപേക്ഷിക്കുന്ന പാപിനിയായ സ്ത്രീയും (ലൂക്കാ 7:36-50) മാനസാന്തരപ്പെട്ട് പരസ്നേഹത്തിന്‍റെ ജീവിതത്തിന് തുടക്കമിടുന്ന സക്കേവൂസും (ലൂക്കാ 19:1-10) ഇതിനുദാഹരണങ്ങളാണ്.
മാറ്റത്തിനു വിധേയമാകാതെ ഒരു വ്യക്തിക്ക് ദൈവികഭരണത്തിനു സ്വയം സമര്‍പ്പിക്കുവാന്‍ സാധിക്കുകയില്ല. സ്വാര്‍ത്ഥതയുടേതായ കാഴ്ചപ്പാടില്‍നിന്നും ദൈവസ്നേഹത്തിന്‍റെയും സഹോദരസ്നേഹത്തിന്‍റെയും കാഴ്ചപ്പാടിലേയ്ക്കു നീങ്ങുകയെന്നത് ദൈവരാജ്യത്തിന്‍റെ ജീവിതദര്‍ശനം ആവശ്യപ്പെടുന്ന വസ്തുതയാണ്.
പാപികള്‍ക്കും സമൂഹത്തില്‍നിന്നു പുറന്തള്ളപ്പെട്ടവര്‍ക്കും ദൈവം സമൃദ്ധമായി തന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിക്കുന്നു എന്നതാണ് യേശുവിന്‍റെ ജീവിതം വെളിവാക്കിയത്. ചുങ്കക്കാരോടും പാപികളോടുമൊപ്പം ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നതെന്തുകൊണ്ട് എന്നായിരുന്നു ഫരിസേയരും നിയമജ്ഞരും ചോദിച്ചത് (ലൂക്കാ 5:31). എല്ലാ വിഭാഗം ജനങ്ങളോടുമുള്ള ദൈവത്തിന്‍റെ സ്നേഹം യേശുവിലൂടെ ദൃശ്യമായിരുന്നു. അതുകൊണ്ട് നിരാശയിലാണ്ടവര്‍ക്ക് പ്രത്യാശയും ദുഃഖിതര്‍ക്ക് ആശ്വാസവും യേശുവില്‍ കണ്ടെത്താന്‍ കഴിഞ്ഞു. സ്വയം നീതീകരിക്കുന്നവര്‍ക്കു മാത്രം ദുഷ്ടതയില്‍നിന്നു വിടുതല്‍ ലഭിക്കുന്നില്ല.
സ്നേഹം, സേവനം
ദൈവരാജ്യത്തിനുവേണ്ടി എടുക്കുന്ന നിര്‍ണ്ണായകമായ തീരുമാനം ലോകത്തില്‍നിന്നും ഒരുവനെയും പിന്തിരിപ്പിക്കുകയില്ല, പ്രത്യുത ലോകത്തെയും മനുഷ്യസമൂഹത്തെയും ഒരു പുതിയ കാഴ്ചപ്പാടില്‍ കാണുവാനും അതിന്‍റെ വെളിച്ചത്തില്‍ പുതിയൊരു പ്രവര്‍ത്തനശൈലി സ്വീകരിക്കുവാനുമാണത് പ്രേരിപ്പിക്കുന്നത്. ആശ്രമഭിത്തികള്‍ക്കുള്ളില്‍ പ്രവേശിക്കുവാനോ ജീവിതത്തിന്‍റെ ലൗകികവശങ്ങള്‍ നിഷേധിക്കുവാനോ അല്ല യേശു ആവശ്യപ്പെട്ടതെന്ന് സുവിശേഷങ്ങളില്‍നിന്ന് വ്യക്തമാണ്. യേശുവിന്‍റെ കാലത്തു തന്നെ അപ്രകാരം ലോകത്തിന്‍റെ തിന്മയില്‍നിന്നോടിയൊളിച്ച 'ആത്മീയസമൂഹങ്ങള്‍' ഉണ്ടായിരുന്നു. അവയുടെ മാതൃക സ്വീകരിച്ച് ലോകത്തില്‍നിന്നും വിടവാങ്ങി ദൈവരാജ്യത്തിനു സ്വയം സമര്‍പ്പിക്കുവാന്‍ യേശു ഉപദേശിച്ചില്ല. പുതിയൊരു മനോഭാവത്തോടെ ലോകത്തെ അഭിമുഖീകരിക്കാന്‍ ആവശ്യപ്പെടുകയാണ് യേശു ചെയ്തത്. അതുവരെയുള്ള നിയമസംഹിതയെ തിരുത്തിയെഴുതിക്കൊണ്ടുള്ള പുതിയൊരു നിയമമാണ് യേശു നല്‍കിയത്. ഇങ്ങനെയാണ് യേശു പഠിപ്പിച്ചത്: "നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ... എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു..." (മത്താ. 5:21-48) ലോകത്തിലെ സാധാരണരീതി ചൂണ്ടിക്കാട്ടിയിട്ട് യേശു ശിഷ്യന്മാരോടു പറഞ്ഞു: "എന്നാല്‍ നിങ്ങളുടെയിടയില്‍ അങ്ങനെയാകരുത്" (മര്‍ക്കോ. 10:43). അവര്‍ ലോകത്തിന്‍റെ മൂല്യങ്ങള്‍ ത്യജിച്ച് ദൈവരാജ്യത്തിന്‍റെ മൂല്യങ്ങളുമായി ലോകത്തില്‍ നിലകൊള്ളണമെന്നാണ് യേശു ആഗ്രഹിച്ചത്. സ്നേഹത്തിന്‍റെ നിയമമാണ് യേശു ദൈവരാജ്യത്തിന്‍റെ പരമപ്രധാനമായ പ്രമാണമായി നല്‍കിയത്. ലോകം വിലമതിക്കുന്ന പണത്തിനോ, സമ്പത്തിനോ, സ്ഥാനമാനങ്ങള്‍ക്കോ, ദൈവരാജ്യത്തിന്‍റെ കാഴ്ചപ്പാടില്‍ വിലയില്ല (മത്താ. 6:19-21; 24-34; മര്‍ക്കോ. 10:17-27; 42-44).
ലൗകികാഗ്രഹവും ദൈവരാജ്യത്തിന്‍റെ അരൂപിയും തമ്മിലുള്ള അന്തരം, സുവിശേഷത്തില്‍ വിവരിച്ചിരിക്കുന്ന സെബദീപുത്രന്മാരുടെ കഥയില്‍നിന്നു വ്യക്തമാണ്. യാക്കോബിന്‍റെയും യോഹന്നാന്‍റെയും അമ്മയുടെ അഭ്യര്‍ത്ഥന ലൗകികചിന്താഗതിക്ക് വ്യക്തമായ ഉദാഹരണമാണ്: "അങ്ങ് രാജാധികാരത്തില്‍ വരുന്ന കാലത്ത് എന്‍റെ രണ്ടു മക്കളിലൊരാള്‍ അങ്ങയുടെ വലത്തും മറ്റേയാള്‍ ഇടത്തും ഇരിക്കുവാന്‍ തിരുമനസ്സാകണം" (മത്താ. 20:21). യേശുവിന്‍റെ വിശദീകരണം ദൈവരാജ്യത്തിലെ മനുഷ്യരുടെ മനോഭാവം എന്തായിരിക്കണമെന്ന് വ്യക്തമാക്കുന്നു. "എന്നാല്‍ യേശു അവരെ അടുത്തുവിളിച്ച് ഇപ്രകാരം പറഞ്ഞു. വിജാതീയരുടെ ഭരണകര്‍ത്താക്കള്‍ അവരുടെമേല്‍ യജമാനത്വം പുലര്‍ത്തുന്നുവെന്നും അവരുടെ പ്രമാണികള്‍ അവരുടെമേല്‍ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങള്‍ക്കറിയാമല്ലൊ. എന്നാല്‍ നിങ്ങളുടെ ഇടയില്‍ അങ്ങനെയാകരുത്. നിങ്ങളില്‍ വലിയവന്‍ ആകുവാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകനും നിങ്ങളില്‍ ഒന്നാമനാകുവാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ദാസനുമായിരിക്കണം. ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവന്‍ കൊടുക്കാനും മനുഷ്യപുത്രന്‍ വന്നിരിക്കുന്നതുപോലെ തന്നെ" (മത്താ 20:25-28).
യേശു: ദൈവരാജ്യത്തിന്‍റെ സാക്ഷാത്കാരം
ദൈവരാജ്യത്തിന്‍റെ സന്ദേശം പൂര്‍ണ്ണമായി സാക്ഷാത്കരിക്കപ്പെടുന്നുണ്ട് യേശുവില്‍. പീഡാസഹനം, മരണം, ഉത്ഥാനം എന്നിവയിലൂടെ, യേശു സ്നേഹത്തിന്‍റെയും സ്വയംദാനത്തിന്‍റെയും വിജയത്തിന്‍റെയും അടയാളമായിത്തീരുന്നു. യേശു പ്രസംഗിച്ച ദൈവരാജ്യവുമായി തന്‍റെ കുരിശുയാഗത്തിലൂടെ താദാത്മ്യം പ്രാപിക്കുകയായിരുന്നു. യേശുവിന്‍റെ ശിഷ്യരെ സംബന്ധിച്ചിടത്തോളം, ഉത്ഥാനത്തിന്‍റെ അനുഭവത്തിനുശേഷം 'ദൈവരാജ്യം പ്രസംഗിക്കുക'യെന്നാല്‍ ക്രിസ്തുവിനെ പ്രസംഗിക്കുകയാണ്. ഉത്ഥാനംചെയ്ത ക്രിസ്തുവില്‍ ദൈവത്തിന്‍റെ ഭരണം അവര്‍ ദര്‍ശിച്ചു. സമീക്ഷാസുവിശേഷങ്ങളില്‍ മറ്റു പുതിയനിയമഗ്രന്ഥങ്ങളിലേയ്ക്കു കടക്കുമ്പോള്‍ ദൈവരാജ്യമെന്ന പ്രയോഗം വളരെ കുറച്ചുമാത്രം കാണുവാന്‍ കാരണമിതാണ്. ഉത്ഥിതനായ ക്രിസ്തുവില്‍ ദൈവത്തിന്‍റെ ഭരണം സാക്ഷാല്ക്കരിക്കപ്പെടുന്നതോടെ ക്രിസതുവിനെ പ്രഘോഷിക്കുന്നത് ദൈവരാജ്യപ്രഘോഷണത്തിന്‍റെ എല്ലാമായിത്തീരുന്നു.
ഉത്ഥിതനായ ക്രിസ്തു ലോകത്തെ ജയിച്ച് ലോകം മുഴുവന്‍ ഭരണം നടത്തുന്നു. അവിടുത്തെ അധികാരം പ്രപഞ്ചം മുഴുവന്‍റെമേലുമാണ്. എല്ലാറ്റിന്‍റെയും ശിരസ്സ് ക്രിസ്തുവാണ് (കൊളോ. 2:10). ക്രിസ്തുവിനെ സ്വീകരിക്കുന്നവരുടെ സമൂഹമാണ് സഭ. ഉത്ഥിതനായ ക്രിസ്തുവിന്‍റെ ജീവനില്‍ പങ്കുപറ്റുന്നവരാണ് സഭയിലുള്ളവര്‍. അവരെല്ലാം പുതിയൊരു ദൗത്യത്തിനായി വിളിക്കപ്പെട്ടിരിക്കുകയാണ്. "Ekklesia" എന്ന ഗ്രീക്കുപദത്തിന്‍റെ അര്‍ത്ഥം തന്നെ 'വിളിക്കപ്പെട്ടവരുടെ സമൂഹ'മെന്നാണ്. ക്രിസ്തുവിലൂടെ ലോകത്തില്‍ പ്രത്യക്ഷമായ ദൈവത്തിന്‍റെ ഭരണം പ്രഘോഷിക്കുകയും അതിനോട് സദാ ആഭിമുഖ്യം പുലര്‍ത്തുകയുമാണ് സഭയുടെ ദൗത്യം. തിരുസ്സഭയെക്കുറിച്ചുള്ള വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണ രേഖ ഇതു വ്യക്തമായി രേഖപ്പെടുത്തുന്നുണ്ട്: "തന്നെ സ്ഥാപിച്ചവന്‍റെ ദാനങ്ങളാല്‍ അലംകൃതമായ സഭ അവിടുത്തെ കല്പനകള്‍ - സ്നേഹത്തിന്‍റെയും വിനയത്തിന്‍റെയും ആത്മത്യാഗത്തിന്‍റെയും കല്പനകള്‍-വിശ്വസ്തതയോടെ പാലിക്കുകയും ദൈവത്തിന്‍റെയും ക്രിസ്തുവിന്‍റെയും രാജ്യം പ്രസംഗിക്കാനും എല്ലാ ജനപദങ്ങളിലും അവ സ്ഥാപിക്കാനുമുള്ള ദൗത്യം ശിരസ്സാവഹിക്കുകയും ചെയ്തു."
സഭ: ദൈവരാജ്യത്തിന്‍റെ ശുശ്രൂഷക
ദൈവരാജ്യത്തിന്‍റെ ആരംഭത്തിനും അതിന്‍റെ പൂര്‍ണ്ണതയ്ക്കും മദ്ധ്യേയുള്ള കാലഘട്ടമാണ് സഭയുടേത്. ദൈവരാജ്യത്തെ അതിന്‍റെ ആരംഭദശയില്‍നിന്നും ക്രമേണ പൂര്‍ണ്ണതയിലേക്കു വളരുന്നതിന് സഹായിക്കുവാനാണ് സഭ നിയോഗിക്കപ്പെട്ടിരിക്കുക. ഇതില്‍ നിന്നും സഭയും ദൈവരാജ്യവും രണ്ടു യാഥാര്‍ത്ഥ്യങ്ങളാണെന്നു വ്യക്തമാണല്ലൊ, പുതിയ നിയമത്തിന്‍റെ വെളിച്ചത്തില്‍ ചിന്തിക്കുമ്പോള്‍ സഭയെ ദൈവരാജ്യവുമായി താദാത്മ്യപ്പെടുത്തുവാനാവില്ല. കാരണം, ദൈവരാജ്യം യുഗാന്ത്യപരവും സാര്‍വ്വത്രികവുമാണ്. സഭയെ ദൈവരാജ്യവുമായി താദാത്മ്യപ്പെടുത്തുകയെന്നാല്‍ സഭയെത്തന്നെദൈവരാജ്യത്തിനു പകരം പ്രതിഷ്ഠിക്കുകയാണ്. സഭ പൂര്‍ണ്ണതയെ ലക്ഷ്യമാക്കി ചരിത്രത്തിലൂടെ തീര്‍ത്ഥാടനം ചെയ്യുകയാണെന്ന വസ്തുത മറക്കുകയാണ്. ലോകത്തില്‍ ജീവിക്കുന്ന സഭ അപൂര്‍ണ്ണരും പാപികളുമായ മനുഷ്യരുടെ സമൂഹമാണ്. അതിനെ ദൈവരാജ്യത്തിനു പകരം പ്രതിഷ്ഠിക്കാനാവില്ല. സൃഷ്ടിയുടെയും മാനവലോകത്തിന്‍റെയും അന്തിമലക്ഷ്യം സഭയല്ല, ദൈവരാജ്യമാണ്. സഭയെ ദൈവരാജ്യവുമായി താദാത്മ്യപ്പെടുത്തുന്നത് തെറ്റായിരിക്കുന്നതുപോലെ ദൈവരാജ്യവും സഭയും പരസ്പരം ബന്ധമറ്റവയായി കാണുന്നതും ശരിയല്ല. സഭ ദൈവരാജ്യപ്രഘോഷണത്തില്‍നിന്നുത്ഭവിച്ചതും ദൈവരാജ്യത്തോട് സദാ ആഭിമുഖ്യംപുലര്‍ത്തുന്നതുമാണ്. ദൈവരാജ്യത്തിന്‍റെ സന്ദേശം ലോകത്തെ അറിയിക്കുകയും ജനങ്ങളെ അതിനായി സജ്ജമാക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ് സഭ. യേശു പ്രഖ്യാപിച്ച സമാഗത ദൈവരാജ്യത്തിന്‍റെ അടയാളങ്ങള്‍ സഭയില്‍ ദൃശ്യമാണ്. ദൈവഭരണത്തിന്‍റെ നിര്‍ണ്ണായകമായ വിജയം യേശുക്രിസ്തുവില്‍ സഭ കാണുന്നു. ഉത്ഥിതനായ യേശു സഭയെ ദൈവരാജ്യത്തിന്‍റെ പൂര്‍ണ്ണതയിലേക്കു നയിക്കുന്നു.
ദൈവരാജ്യത്തിന്‍റെ ബലവും ശക്തിയും സഭയില്‍ പ്രകടമാണ്. ദൈവരാജ്യത്തെ സംബന്ധിക്കുന്ന വാഗ്ദാനങ്ങളും പ്രതീക്ഷകളും സഭയില്‍ കുടികൊള്ളുന്നു. പത്രോസ് ദൈവരാജ്യത്തിന്‍റെ താക്കോലുകള്‍ പേറുന്നവനാണ്. ബന്ധിക്കാനും അഴിക്കാനും അവന് അധികാരം നല്‍കിയിരിക്കുന്നു (മത്താ. 16:19). പാപം മോചിക്കുക യേശുവിന്‍റെ ദൗത്യനിര്‍വ്വഹണത്തിന്‍റെ പ്രധാന ഭാഗമായിരുന്നു. അതുതന്നെയാണ് അപ്പസ്തോലന്മാര്‍ക്കും നല്‍കിയിരിക്കുന്നത്. തന്നെപ്പോലെതന്നെ ആധികാരികമായി പഠിപ്പിക്കുവാനും പിശാചുക്കളെ ബഹിഷ്ക്കരിക്കാനും യേശു കല്പിച്ചു. തിന്മയില്‍നിന്നും മനുഷ്യരാശിയെ മോചിപ്പിച്ച് ദൈവഭരണത്തിനു കീഴില്‍ കൊണ്ടുവരുന്നതിന്‍റെ അടയാളമായിട്ടാണ് യേശു പിശാചുക്കളെ ബഹിഷ്ക്കരിച്ചത്. പാപം മോചിക്കുക, മാമ്മോദീസ നല്‍കുക, പഠിപ്പിക്കുക, യേശുവിന്‍റെ അരൂപിയെ നല്കുക എന്നീ ധര്‍മ്മങ്ങള്‍ വഴി യേശുവിന്‍റെ ദൗത്യം സഭ ലോകത്തില്‍ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നു. വചനം പ്രസംഗിക്കുകയും പാപം മോചിക്കുകയും തന്‍റെ അംഗങ്ങളെ സ്നേഹവിരുന്നിനു വിളിക്കുകയും ചെയ്യുന്ന സഭ ദൈവരാജ്യത്തിന്‍റെ അടയാളമായി വര്‍ത്തിക്കുന്നു. സഭയുടെ കേന്ദ്രബിന്ദുവും ജീവന്‍റെ സ്രോതസ്സുമായ വിശുദ്ധ കുര്‍ബാന ദൈവരാജ്യത്തിലെ വിരുന്നിന്‍റെ കാലേക്കൂട്ടിയുള്ള ആസ്വാദനമാണ്. ഇതില്‍ നിന്നെല്ലാം മനസ്സിലാക്കേണ്ടത് ചില ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും മാത്രമായി സഭയുടെ ദൗത്യം ഒതുങ്ങിനില്‍ക്കുന്നുവെന്നല്ല. സഭ പ്രഘോഷിക്കുന്ന വചനവും ആരാധനാതലത്തിലെ അരൂപിയും സ്വജീവിതത്തിലേയ്ക്കു കൊണ്ടുവരാന്‍ സഭ ശ്രമിക്കണം. എങ്കിലേ സഭ ദൈവരാജ്യത്തിന്‍റെ ശുശ്രൂഷിയാകൂ.
ദൈവരാജ്യത്തിന്‍റെ ഭരണം സഭയ്ക്ക് സ്വന്തം പ്രവര്‍ത്തനം കൊണ്ട് സാക്ഷാത്ക്കരിക്കുവാനാവില്ല. അതു ദൈവത്തിന്‍റെ ശക്തിയാല്‍ മാത്രം യാഥാര്‍ത്ഥ്യമാകുന്നതാണ്. പക്ഷേ, ദൈവരാജ്യത്തിനായി, വിനീതസേവനം കാഴ്ചവയ്ക്കാന്‍ സഭയ്ക്ക് സാധിക്കും. സഭ എത്ര മാത്രം അതു നിര്‍വ്വഹിക്കുന്നുണ്ട്? ദൈവികഭരണത്തിന്‍റെ സന്ദേശം സഭ എത്രമാത്രം സ്വജീവിതത്തിലൂടെ സ്പഷ്ടമാക്കുന്നുണ്ട്? സഭ ജീവിക്കുന്ന ലോകത്തിന്‍റെ ചുറ്റുപാടില്‍, ഓരോ ജനതയുടെയും ജീവിതപശ്ചാത്തലത്തില്‍ സഭ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തണം.
സ്വയം സുവിശേഷവല്‍ക്കരിക്കുക
സഭ ദൈവരാജ്യത്തിന്‍റെ വിശ്വസ്തമായ പ്രഘോഷകയായിരിക്കണമെങ്കില്‍ ആദ്യമായിത്തന്നെ ക്രിസ്തുവിന്‍റെ സന്ദേശം തന്നോടുതന്നെ പ്രസംഗിക്കണം. ലോകത്തോട് സുവിശേഷം പ്രസംഗിക്കുന്ന സഭ അതേസമയംതന്നെ സുവിശേഷത്തിന്‍റെ പ്രത്യക്ഷോദാഹരണമായിത്തീരണം. സഭതന്നെ ദൈവരാജ്യം ആവശ്യപ്പെടുന്ന പരിവര്‍ത്തനത്തിനു വിധേയമാകാതെ മറ്റുള്ളവരെ ആ പരിവര്‍ത്തനത്തിനു വിധേയമാക്കുക സാദ്ധ്യമല്ല. ദൈവരാജ്യത്തിന്‍റെ സ്വഭാവത്തിനു യോജിക്കാത്ത സ്വാര്‍ത്ഥതയും ഭൗതികാസക്തിയും അധികാരഭ്രമവും സഭ ഉപേക്ഷിക്കണം. ദൈവരാജ്യം സത്യത്തിന്‍റെയും നീതിയുടെയുമാണ്. അസത്യത്തെയും അനീതിയെയും എതിര്‍ക്കുവാനും അതിനുവേണ്ടി സഹിക്കുവാനും സഭ സന്നദ്ധയാകണം. സമൂഹത്തിലെ തിന്മകളുടെ നേരേ കണ്ണടയ്ക്കുകയും മൗനം അവലംബിക്കുകയും ചെയ്യുന്ന സഭ സമൂഹത്തിന്‍റെ തെറ്റായ പ്രമാണങ്ങളും പ്രവര്‍ത്തനഗതികളുമായി ഒത്തുചേര്‍ന്നുപോകുന്നതില്‍ വിജയിച്ചെന്നു വരാം. പക്ഷേ ദൈവരാജ്യത്തിന്‍റെ മൂല്യങ്ങള്‍ക്കായി നിലകൊള്ളുന്നതില്‍ പരാജയമടയുകയാണ് ചെയ്യുക.
സമൂഹത്തിന്‍റെ ചിന്താഗതികളെയും സംവിധാനങ്ങളെയും സാരമായി ബാധിക്കുന്നതായിരുന്നു യേശുവിന്‍റെ ദൈവരാജ്യപ്രഘോഷണം. ഇന്നത്തേതുപോലെതന്നെ ലോകത്തില്‍ നിലയും വിലയുമുള്ളവരും സമ്പത്തും സ്ഥാനവും അര്‍ഹിക്കുന്നവരും ഇവയൊന്നുമില്ലാത്തവരും യേശുവിന്‍റെ കാലത്തും ഉണ്ടായിരുന്നു. സുവിശേഷത്തില്‍ കാണുന്ന ദരിദ്രരും ദുഃഖിതരും നിന്ദിതരുമായ ജനവിഭാഗം ഈ ഒന്നുമില്ലാത്ത വിഭാഗത്തില്‍പ്പെട്ടവരായിരുന്നു. അവരെ ചുങ്കക്കാരും പാപികളുമൊക്കെയായി സമൂഹം മുദ്ര കുത്തിയിരുന്നു. ഈ വിഭാഗം ആളുകളോട് യേശുവിനുണ്ടായിരുന്ന മനോഭാവം ദൈവരാജ്യത്തിനു ശുശ്രൂഷചെയ്യുന്ന സഭയ്ക്കുണ്ടായിരിക്കേണ്ട നിലപാടിനെ വെളിവാക്കുന്നതാണ്. ദുര്‍ബലരെയും നിര്‍ഭാഗ്യരെയും കൈകൊടുത്തുയര്‍ത്താന്‍വേണ്ടി ദൈവം അവരുടെ ഭാഗം ചേരുന്നുവെന്നു പുതിയനിയമം ചൂണ്ടിക്കാട്ടുന്നുണ്ട്. "യേശു അവന്‍റെ ഭവനത്തില്‍ ഭക്ഷണത്തിനിരുന്നപ്പോള്‍ അനേകം ചുങ്കക്കാരും പാപികളും വന്ന് അവരോടും ശിഷ്യന്മാരോടുംകൂടെ ഭക്ഷണത്തിനിരുന്നു. ഫരിസേയര്‍ ഇതുകണ്ട് ശിഷ്യന്മാരോടു ചോദിച്ചു: നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടുംകൂടെ ഭക്ഷിക്കുന്നതെന്തുകൊണ്ട്? ഇത് കേട്ട് അവന്‍ പറഞ്ഞു: ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം. ബലിയല്ല, കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നതിന്‍റെ അര്‍ത്ഥം നിങ്ങള്‍ പോയി പഠിക്കുക. ഞാന്‍ വന്നിരിക്കുന്നത് നീതിമാന്മാരെ വിളിക്കാനല്ല, പാപികളെ വിളിക്കാനാണ്" (മത്താ. 9:10-13).
ശക്തന്മാരെ സിംഹാസനങ്ങളില്‍നിന്നും മറിച്ചിട്ട് എളിയവരെ ഉയര്‍ത്തുന്ന, വിശക്കുന്നവരെ വിശിഷ്ടവിഭവങ്ങള്‍കൊണ്ടു സംതൃപ്തരാക്കുന്ന, അതേസമയം സമ്പന്നരെ വെറും കൈയോടെ പറഞ്ഞയയ്ക്കുന്ന ദൈവത്തെയാണ് മറിയം പ്രകീര്‍ത്തിക്കുന്നത് (ലൂക്കാ 1:52-54). പാപപ്പെട്ടവരോടും മര്‍ദ്ദിതരോടും ദുഃഖിതരോടുമുള്ള മനോഭാവമാണല്ലൊ യേശുവിന്‍റെ മഹത്തായ പ്രമാണരേഖയായ ഗിരിപ്രഭാഷണത്തില്‍ കാണുക (മത്താ. 5). സഭയ്ക്കുണ്ടാകേണ്ട ദൈവരാജ്യത്തിന്‍റേതായ കാഴ്ചപ്പാടെന്തെന്ന് ഇവയെല്ലാം വ്യക്തമാക്കുന്നുണ്ട്.
സമ്പൂര്‍ണ്ണ വിമോചനത്തിന്‍റെ സന്ദേശം
യേശുവിന്‍റെ ജീവിതത്തിലും ദൈവരാജ്യപ്രഘോഷണത്തിലും കാണുവാന്‍ കഴിയുന്നത് ദൈവം മനുഷ്യനു നല്‍കുന്ന സമ്പൂര്‍ണ്ണവിമോചനമാണ്. മനുഷ്യന്‍റെ ആത്മാവിനെയും ശരീരത്തെയും തരംതിരിച്ച് ആത്മീയവശംമാത്രം പരിഗണിക്കുന്ന ഒരു പ്രവര്‍ത്തനശൈലി യേശു അവലംബിച്ചില്ല. ആത്മീയതയോടൊപ്പം തന്നെ മനുഷ്യന്‍റെ ഭൗതികമായ ആവശ്യങ്ങള്‍ക്കും യേശു പ്രാധാന്യം നല്‍കി. സുവിശേഷങ്ങളില്‍ വിവരിച്ചിരിക്കുന്ന അത്ഭുതങ്ങളും രോഗശാന്തികളും മനുഷ്യന്‍റെ ശാരീരികമായ ആവശ്യങ്ങള്‍ക്കു ദൈവം നല്‍കുന്ന പരിഗണനയെ വ്യക്തമാക്കുന്നവയാണല്ലോ. സഭ മനുഷ്യന്‍റെ പൂര്‍ണ്ണവിമോചനത്തിനുവേണ്ടിയുള്ള ശുശ്രൂഷയാണ് ലോകത്തില്‍ നിര്‍വ്വഹിക്കേണ്ടത് എന്ന് ഇതില്‍നിന്നു മനസ്സിലാക്കാം.
മതപരമായ ആരാധനാനുഷ്ഠാനങ്ങളേക്കാളും പരമ്പരാഗതമായ ചടങ്ങുകളേക്കാളുമൊക്കെ യേശു പ്രാമുഖ്യം നല്കിയത് സ്നേഹത്തിനും കാരുണ്യത്തിനുമാണ്. യേശുവിന്‍റെ വ്യക്തമായ പഠനത്തില്‍നിന്നും പ്രവൃത്തിയില്‍ നിന്നും ഇതു വെളിവാകുന്നു. "നീ ബലിപീഠത്തില്‍ കാഴ്ചയര്‍പ്പിക്കുമ്പോള്‍ നിന്‍റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധമുണ്ടെന്ന് അവിടെവെച്ചോര്‍ത്താല്‍ കാഴ്ചവസ്തു അവിടെ ബലിപീഠത്തിനുമുമ്പില്‍വച്ചിട്ട് പോയി സഹോദരനോട് രമ്യപ്പെടുക" (മത്താ 5:24). സാബത്തുദിവസം രോഗശാന്തി നല്‍കിയ യേശു യഹൂദപാരമ്പര്യത്തിനും ആചാരത്തിനും വിരുദ്ധമായി പ്രവര്‍ത്തിക്കുകയായിരുന്നു. സാബത്തെന്ന മതാചാരത്തേക്കാള്‍ മനുഷ്യനാണു യേശു പ്രാമുഖ്യം കല്പിച്ചത് (മത്താ. 12:1-8; മര്‍ക്കോ 2:23-28; ലൂക്കാ 6:1-5). പൂര്‍വ്വികരുടെ പാരമ്പര്യം കാക്കുന്നതിനു നിഷ്കര്‍ഷിച്ച ഫരിസേയരോടും നിയമജ്ഞരോടും യേശുവിനു പറയാനുണ്ടായിരുന്നത് പാരമ്പര്യത്തിനുവേണ്ടി ദൈവവചനത്തെ വ്യര്‍ത്ഥമാക്കുന്ന അവരുടെ കപടനാട്യത്തെക്കുറിച്ചാണ് (മത്താ. 15:1-9; മര്‍ക്കോ. 9:1-13). മനുഷ്യനേക്കാള്‍ 'മത'ത്തിനു പ്രാധാന്യം നല്‍കിയ ഫരിസേയരെപ്പോലെ, മനുഷ്യനെ മറന്ന് സഭയും പള്ളിച്ചടങ്ങുകള്‍ക്കും ആരാധനാനുഷ്ഠാനവിധികള്‍ക്കും വേണ്ടി ചിലപ്പോള്‍ ബന്ധപ്പെടാറുണ്ട്. നിയമത്തേക്കാളും പാരമ്പര്യത്തേക്കാളും സ്നേഹവും കാരുണ്യവും വലുതാണ് എന്നു ഗ്രഹിക്കാതെ സഭയ്ക്ക് ദൈവരാജ്യത്തിന്‍റെ പ്രതീകമായി നിലകൊള്ളാന്‍ കഴിയുകയില്ല.
വിമോചിതയാകേണ്ട സഭ
ചരിത്രത്തില്‍ രണ്ടായിരം വര്‍ഷങ്ങളോളം ജീവിച്ച സഭ സങ്കീര്‍ണ്ണമായ ഒരു ഘടനയുടെ ഉടമയായിത്തീര്‍ന്നിട്ടുണ്ട്. ഘടനയുടെ സങ്കീര്‍ണ്ണതകൊണ്ട് സുവിശേഷത്തിലെ യേശുവില്‍ പ്രതിഫലിച്ചു കാണുന്ന ലാളിത്യം, സാമീപ്യത എല്ലാം അതിനു കുറഞ്ഞു പോയിട്ടുണ്ട്. വ്യവസ്ഥാപിതമായ സേവനപരിപാടിയുടെ ഭാഗമായാണ് ഘടനകള്‍ പലതും ഉരുത്തിരിഞ്ഞത്. പക്ഷേ, പിന്നീടവ സഭയുടെ സേവനപരിപാടിക്ക് തടസ്സം നില്‍ക്കുന്നവയായിത്തീര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍, ദൈവരാജ്യത്തിന്‍റെ മൂല്യങ്ങളുടെ വെളിച്ചത്തില്‍ ഘടനകളെ നവീകരണ വിധേയമാക്കേണ്ടിയിരിക്കുന്നു. ദൈവരാജ്യവീക്ഷണപ്രകാരം പരിശോധിക്കുമ്പോള്‍ അര്‍ത്ഥം കണ്ടെത്താനാകാത്ത ആചാരങ്ങളും അനുഷ്ഠാനങ്ങളും പതിവുകളും പാരമ്പര്യങ്ങളും സഭയില്‍നിന്നു മാറ്റപ്പെടേണ്ടിയിരിക്കുന്നു. ദൈവത്തിന്‍റെ താല്പര്യത്തിന് എന്നതിനേക്കാള്‍ മനുഷ്യന്‍റെ പ്രീതിക്ക് പ്രാധാന്യം കൊടുക്കുന്ന ഒരു പ്രവര്‍ത്തനശൈലി ക്രിസ്തീയ സമൂഹങ്ങള്‍ അവലംബിക്കുന്നില്ലേയെന്ന് സംശയിക്കണം. ദൈവരാജ്യത്തിന്‍റെ സന്ദേശം പ്രഘോഷിക്കാന്‍ പ്രത്യേകം നിയുക്തരായ സഭാശുശ്രൂഷകര്‍പോലും മാനുഷിക നിയമങ്ങള്‍ പ്രമാണമാക്കുന്ന രീതി അനുസരിക്കാന്‍ നിര്‍ബന്ധിതരാകുന്ന സ്ഥിതിയാണു ഉള്ളതെന്നു തോന്നിപ്പോകും. വേദഗ്രന്ഥപരമായോ ദൈവശാസ്ത്രപരമായോ നോക്കുമ്പോള്‍ അര്‍ത്ഥമില്ലാത്ത, പാരമ്പര്യത്തില്‍നിന്നുയരുന്ന, എത്രയെത്ര "വിലക്കുകള്‍" വൈദികരും മെത്രാന്മാരുമൊക്കെ അനുസരിക്കാന്‍ ബാദ്ധ്യസ്ഥരാണ്.
ക്രിസ്തുവിന്‍റെ ജോലി തുടരുവാനും ദൈവരാജ്യത്തിനു ശുശ്രൂഷ ചെയ്യുവാനും സഭ ആഗ്രഹിക്കുന്നെങ്കില്‍ അര്‍ത്ഥമില്ലാത്ത മനുഷ്യനിര്‍മ്മിതമായ നിയമങ്ങളില്‍നിന്നും സമ്പ്രദായങ്ങളില്‍നിന്നും സ്വതന്ത്രയാകണം. സഭ ദൈവത്തോടാണ് അനുസരണം കടപ്പെട്ടിരിക്കുന്നത്. പ്രശ്നം ഒഴിവാക്കുന്നതിനും പ്രീതി സമ്പാദിക്കുന്ന തിനുംവേണ്ടി ലോകത്തിന്‍റെ അരൂപിയുമായി ഒത്തുതീര്‍പ്പി ലെത്തുന്ന സഭ ദൈവരാജ്യത്തിനു സേവനം ചെയ്യുകയല്ല: സ്വയം ലോകത്തിന്‍റെ കുരുക്കളില്‍ കുടുങ്ങിക്കിടക്കുകയാണ്. സഭയുടെ നിരന്തരമായ പ്രാര്‍ത്ഥന, യേശു പഠിപ്പിച്ചപോലെ "നിന്‍റെ രാജ്യം വരണമേ" എന്നായിരിക്കണം. സഭയുടെ പ്രസക്തി ഈ പ്രാര്‍ത്ഥന എന്തുമാത്രം ജീവിതത്തില്‍ സാക്ഷാത്കരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.
ഉപസംഹാരം
ദൈവരാജ്യത്തിന്‍റെ അരൂപിയെന്നത് ക്രിസ്തുവിന്‍റെ അരൂപിയാണ്. ക്രിസ്തുവിന്‍റെ സുവിശേഷം പ്രസംഗിച്ചുകൊണ്ടും അതു പ്രവൃത്തിപദത്തിലാക്കിക്കൊണ്ടും മുന്നോട്ടു നീങ്ങുമ്പോള്‍ സഭ ദൈവരാജ്യത്തിന് അനുരൂപയായിത്തീരുകയാണ്, 'ദൈവരാജ്യം സമാഗതമായി' എന്നു പ്രഖ്യാപിക്കുകയാണ്, സ്വജീവിതത്തിലൂടെ. സഭയുടെ നിലനില്പിന്‍റെ ഉദ്ദേശ്യവും ലക്ഷ്യവും ദൈവരാജ്യത്തിന്‍റെ പ്രഘോഷണമല്ലാതെ മറ്റൊന്നുമല്ല, വചനത്തിലൂടെയും പ്രവൃത്തിയിലൂടെയും.
ഡോ. ജോർജ് കാരക്കുന്നേൽ
The Church and the Kingdom of God Mar Joseph Pamplany church theology ദൈവരാജ്യം: സഭയുടെ ലക്ഷ്യം ദൈവരാജ്യത്തിന്‍റെ സന്ദേശം the message of the kingdom of God സഭ: ദൈവരാജ്യത്തിന്‍റെ ശുശ്രൂഷക Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206