x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ഇതരമത ദൈവശാസ്ത്രം

തവോയിസം

Authored by : Mar. Joseph Pamplany, Rev. Dr. Thomas Kochukarottu On 30-Jan-2021

ആമുഖം

താവോ എന്ന അപരിമേയ സത്യത്തെ ഉണ്മയുടെ കേന്ദ്രമായി കണക്കാക്കുകയും പ്രവൃത്തിയില്ലായ്മയിലൂടെ ആ സത്തയുമായി ഐക്യപ്പെടാന്‍ ശ്രമിക്കുകയും ചെയ്യുന്ന ജീവിതശൈലിയും തത്ത്വശാസ്ത്രവും മതവുമാണ് താവോയിസം. ഇതിനെ നിരീശ്വര സിദ്ധാന്തമായി ചില പണ്ഡിതന്മാര്‍ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും മതമായാണ് പരക്കെ അറിയപ്പെടുന്നത്. ആദ്യകാലങ്ങളില്‍ ഒരു തത്തവശാസ്ത്രം മാത്രമായിരുന്ന താവോയിസം പിന്നീടു മിസ്റ്റിക്കല്‍ ജീവിതശൈലിയാവുകയും കാലക്രമത്തില്‍ ദൈവങ്ങളും, ദേവാലയങ്ങളും, തിരുക്കര്‍മ്മങ്ങളും പുരോഹിതക്രമവും മറ്റും സ്വീകരിച്ച് വ്യവസ്ഥാപിത മതമായിത്തീരുകയും ചെയ്തു.

സ്ഥാപകന്‍: ലാവോത്സു (Lao Tzu)

ബി.സി. 6-ാം നൂറ്റാണ്ടില്‍ കണ്‍ഫ്യൂഷ്യസിന്‍റെ സമകാലികനായി ജീവിച്ചിരുന്ന ലാവോത്സുവിനെയാണ് (ഏകദേശം 604-507 ബി.സി.) പരമ്പരാഗതമായി താവോയിസത്തിന്‍റെ സ്ഥാപകനായി കണക്കാക്കുന്നത്. അദ്ദേഹത്തിന്‍റെ യഥാര്‍ത്ഥ പേര് ലി പോഹ് യാങ്ങ് എന്നാണെന്നു കരുതപ്പെടുന്നു. ലാവോത്സി, ലാവോതാന്‍, എന്നീ പേരുകളിലും അദ്ദേഹം അറിയപ്പെടുന്നുണ്ട്. പ്രാചീന തത്ത്വജ്ഞാനി, പ്രാചീന ഗുരു (Old Philosopher, Old Master) എന്നൊക്കെ അര്‍ത്ഥം വരുന്ന ലാവോത്സുവെന്ന പേര് ശിഷ്യന്മാര്‍ ബഹുമാനപൂര്‍വ്വം നല്കിയതാവണം. ഇതൊരു കുടുംബപ്പേരാണ്; സ്ഥാനപ്പേരാണ് എന്നൊക്കെയും അഭിപ്രായങ്ങളുണ്ട്. എന്നാല്‍ പല പണ്ഡിതന്മാരുടെയും അഭിപ്രായത്തില്‍ ലാവോത്സു ഒരു ഐതിഹ്യപുരുഷന്‍ മാത്രമാണ്.

ചുവാങ്ങ് ത്സു (Chuang Tzu)

പ്രാചീന താവോയിസത്തിന് താത്ത്വികവും 'മിസ്റ്റിക്കലും' ആയ അടിസ്ഥാനം നല്കിക്കൊണ്ട് അതിനെ ജനസമ്മതിയുള്ള ജീവിത ശൈലിയാക്കിത്തീര്‍ത്തത് ബി.സി. 4-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ചുവാങ്ങ്ത്സുവാണ് (369-286 ബി.സി.) ലാവോത്സു കൃത്രിമമായ ജീവിതത്തിനെതിരേ പ്രതികരിച്ചപ്പോള്‍ ചുവാങ്ങ്ത്സു പ്രായോഗിക ജീവിതത്തില്‍ താവോയിസ്റ്റ് തത്ത്വങ്ങള്‍ എങ്ങനെ പാലിക്കാമെന്ന് കാണിച്ചു കൊടുത്തു. ഇക്കാരണത്താല്‍ താവോയിസത്തിന്‍റെ "സെന്‍റ് പോള്" എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്.

പ്രധാനപാഠങ്ങള്‍

  1. താവോ സങ്കല്പം

താവോയിസത്തിന്‍റെ അടിസ്ഥാനം 'താവോ' സങ്കല്പമാണ്. ചൈനീസ് തത്ത്വശാസ്ത്രത്തില്‍ താവോ എന്നതു സാധാരണ ഉപയോഗത്തിലുണ്ടായിരുന്ന ഒരു പദമായിരുന്നു.  ഈ പദത്തിന്‍റെ വ്യാച്യാര്‍ത്ഥം വഴി, മാര്‍ഗ്ഗം എന്നൊക്കെയാണ്. ഒരു വ്യക്തിയുടെ പ്രവര്‍ത്തനരീതിയെയോ മാര്‍ഗ്ഗത്തെയോ ഇതിനൊക്കെ പ്രേരിപ്പിച്ച സംഗതിയെയോ സൂചിപ്പിക്കാനായി താവോ എന്ന പദം കണ്‍ഫ്യൂഷ്യസ് ഉപയോഗിച്ചു. വ്യക്തികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കണ്‍ഫ്യൂഷ്യസ് മാതൃകയായി നല്കിയത് വികസനവും ഐശ്വര്യവും നേടിയെടുത്ത രാജാക്കന്മാരുടെ ജീവിതശൈലികളായിരുന്നു. ഈ മാര്‍ഗ്ഗത്തെ അദ്ദേഹം സ്വര്‍ഗ്ഗമാര്‍ഗ്ഗം എന്നു വിളിച്ചു. താവോയിസം വളരെ ആഴമേറിയ അര്‍ത്ഥമാണ് ഇതിനു നല്കുന്നത്. താവോയിസത്തില്‍ താവോ വെറും ഒരു മാര്‍ഗ്ഗമോ മാതൃകയോ അല്ല. മറിച്ച് എല്ലാത്തിനെയും ഉള്‍കൊള്ളുന്ന, എല്ലാത്തിനും ആദികാരണവും അന്ത്യലക്ഷ്യവുമായ, അവര്‍ണ്ണനീയമായ പരമോന്നത സത്തയാണ്. താവോയെ മനുഷ്യന് അന്വേഷിച്ചു കണ്ടെത്താനാവില്ല, അതു വെളിവാകുന്നതാണ്, മനുഷ്യനു സ്വയം അറിയാന്‍ സാധിക്കുന്നത് ഗോചരമായ ലോകത്തില്‍ നടക്കുന്ന താവോയുടെ പ്രകാശനങ്ങള്‍ മാത്രമാണ്.

താവോയുടെ പ്രസരണങ്ങളാണു പ്രകൃതിയും പ്രകൃതി നിയമങ്ങളും. ഈ താവോ ക്രിയാത്മകമാണ് (Active Tao). ക്രായാത്മക താവോ ശൂന്യതയില്‍നിന്നാണ്, അസ്തിത്വ രാഹിത്യത്തില്‍ നിന്നാണ് (Absolute Tao).

അസ്തിത്വം  'ആയിരിക്കുന്നതാണ്.'   അസ്തിത്വത്തില്‍ നിന്നും ഉത്ഭവിക്കുന്ന പ്രകൃതിയും പ്രകൃതിനിയമങ്ങളും 'ആയികൊണ്ടിരിക്കുന്നതും.'  ആയികൊണ്ടിരിക്കുന്നതിന്‍റെ രീതി'യിന്' ഉം'യാങ്' ഉം ആണ്. യിന്‍-ഉം യാങ്-ഉം രണ്ടു തുല്യ വിപരീത ശക്തികളാണ്.'യിന്‍' ക്രിയാത്കകവും 'യാങ്'  നിര്‍ജ്ജീവാവസ്ഥയിലുള്ളതുമാണ്. ഈ രണ്ടു വിപരീത ശക്തികളുടെ ലീലാവിലാസമാണ് പ്രപഞ്ചവും പ്രതിഭാസങ്ങളും.

താവോയെ സാധാരണ സങ്കല്പത്തിലുള്ള ദൈവമായി മനസിലാക്കുന്നതു ശരിയല്ല. സാധാരണ സങ്കല്പത്തില്‍ ദൈവം പരമോന്നതമായ അസ്തിത്വമാണ്. പ്രപഞ്ചം വേറൊരസ്തിത്വവും. പക്ഷേ, താവോയിസത്തില്‍ പ്രപഞ്ചവും താവോയും വ്യത്യസ്തമായ അസ്തിത്വങ്ങളല്ല. ഇവ രണ്ടും ഒന്നാണ്. അതുപോലെതന്നെ താവോയെ ഒരസ്തിത്വമായി കണക്കാക്കാന്‍ സാധിക്കുകയില്ല. മറിച്ച്, താവോ ശൂന്യതയാണ്. ഹിന്ദു സങ്കല്പത്തിലെ 'ആത്മന്' സങ്കല്പവുമായി താവോ സങ്കല്പത്തിനു സമാനത കാണാനാവും. താവോയെ മനസ്സിലാക്കാന്‍ അന്തര്‍ജ്ഞാനത്തിലൂടെ മാത്രമേ സാധിക്കൂ. ചുരുക്കത്തില്‍ താവോയെക്കുറിച്ചു പറഞ്ഞുകൊടുക്കാനോ സാധിക്കുകയില്ല.

  1. 'ടെക് 'സങ്കല്പം

"താവോ" സങ്കല്പം പൂര്‍ണ്ണമാകുന്നത് 'ടെക് '(Te) സങ്കല്പം കൂടി ഉള്‍പ്പടുമ്പോഴാണ്. ഒരു വസ്തുവിന് അതിന്‍റെ രൂപവും (Form) സ്വഭാവവും (Character) സാദ്ധ്യതയും (Potentiality) കൊടുക്കുന്ന 'താവോ'യുടെ കാര്യക്ഷമതയാണ് അല്ലെങ്കില്‍ ജീവല്‍ ശക്തിയാണ് 'ടെക്.' 'ടെക്' എന്നത് സാധാരണ വിവര്‍ത്തനം ചെയ്യപ്പെടുന്നത് പുണ്യം എന്നാണ്. പുണ്യം എന്നകു പാപത്തിനു വിപരീതം എന്നല്ല ഇവിടെ അര്‍ത്ഥമാക്കുന്നത്. മറിച്ച്, ഒരു ആന്തരിക ശക്തിയെയാണ് ഇതു സൂചിപ്പിക്കുന്നത്. ബോധപൂര്‍വ്വമായ പ്രവര്‍ത്തനമില്ലാതെ മറ്റുള്ളവയെ സ്വാധീനിക്കുന്നതിനും സംഭവങ്ങളെ രൂപപ്പെടുത്തുന്നതിനും , നിയന്ത്രിക്കുന്നതിനും കഴിവുള്ള ആന്തരികശക്തിയാണു ടെക്.

  1. ദൈവസങ്കല്പം

താവോയിസ്റ്റു ചിന്താഗതയനുസരിച്ച് ദൈവസങ്കല്പത്തിനു പ്രസ്ക്തിയില്ലെങ്കിലും മതാത്മക താവോയിസം വളര്‍ന്നതോടുകൂടി ബഹു ദൈവ വിശ്വാസവും താവോയിസത്തിന്‍റെ ഭാഗമായി. മഹായാന ബുദ്ധിസത്തിനു ചൈനയില്‍ ഉണ്ടായ സ്വാധീനമാണ് ബഹുദൈവവിശ്വാസം താവോയിസത്തിലും കടന്നുവരാന്‍ കാരണമായത്. മഹായാന ബുദ്ധിസത്തിന്‍റെ ത്രിത്വസങ്കല്പത്തെ അനുകരിച്ച 'മൂന്നു കളങ്കരഹികര്‍' (Three Pure Ones) എന്ന പേരില്‍ എ.ഡി. 1-ാം നൂറ്റാണ്ടില്‍ താവോയിസവും ദൈവ സങ്കല്പത്തെ വികസിപ്പിച്ചു. ഈ കാലഘട്ടത്തില്‍ ലാവോത്സുവിനെ ബുദ്ധന്‍റെ പുനര്‍ജന്മമായി കണക്കാക്കാന്‍ തുടങ്ങി. എ.ഡി. 156-ല്‍ ഹവാന്‍ ചക്രവര്‍ത്തി ലാവോത്സുവിനു ബലിയര്‍പ്പണം നടത്തി. ഷാങ് റ്റി (Shang Ti) യുടെ പ്രതിഫലനവും നീലസ്വര്‍ഗ്ഗത്തിലെ (Azure Heaven) ജേഡ് മലയില്‍ വസിച്ചിരു ന്നവനുമായ ജേഡ് ചക്രവര്‍ത്തിയും ബഹുമാന്യനായ താവോയും (ഠTao Chun or Mystic Jwel Hobnoured of Heaven) ലാവോത്സുവിന്‍റെ ഒപ്പം സ്ഥാനമുള്ള മറ്റു ദൈവങ്ങളായി കണക്കാക്കപ്പെട്ടു. ദൈവഗണത്തിന്‍റെ തലവനായി കണക്കാക്കുന്നത് ഈ മൂന്നു കളങ്കരഹിതയുടെ സംയുക്തത്തെയാണ്. ഇതില്‍ ജേഡ് ചക്രവര്‍ത്തിയാണു മുഖ്യന്‍. ഇവര്‍ മൂന്നും വെവ്വേറെ സ്വര്‍ഗ്ഗങ്ങളില്‍ വസിക്കുന്നുവെന്ന് വിശ്വസിക്കുന്നു.

ഇവര്‍ വസിക്കുന്ന സ്വര്‍ഗ്ഗങ്ങളില്‍ മറ്റു ദൈവികാസ്തിത്വങ്ങളുമുണ്ട്. അതില്‍ വിശുദ്ധന്മാര്‍  ഏറ്റവും ഉയര്‍ന്ന സ്വര്‍ഗ്ഗത്തിലും, പൂര്‍ണ്ണര്‍ (ചെന്‍ ജെന്‍, Sheng jen) രണ്ടാമത്തെ സ്വര്‍ഗ്ഗത്തിലും, അമര്‍ത്ത്യര്‍ (ജെന്നികള്‍, Chen jen) ഏറ്റവും അവസാനത്തെ സ്വര്‍ഗ്ഗത്തിലും വസിക്കുന്നുവെന്ന് താവോയ്സ്റ്റുകള്‍ കരുതുന്നു. അമര്‍ത്യരുടെ ഇടയില്‍ പ്രധാനമായും അഞ്ചു വിഭാഗങ്ങളുണ്ട് . അതില്‍ ഒന്നാമത്തേത് ശരീരമില്ലാത്ത , വിശ്രമ സ്ഥലമാവിശ്യമില്ലാത്ത ആത്മാക്കളാണ് (Demons Immortals). രണ്ടാമത്തേത്, ആത്മാവിന്‍റെ കാഴ്ചപ്പാടില്‍നിന്നും ശരീരത്തിന്‍റെ ജീര്‍ണ്ണതയില്‍നിന്നും മോചനം ലഭിച്ചവരാണ് (Human Immortals). മൂന്നാമത്തേത്, അമര്‍ത്യത ഈ ലോകത്തില്‍ വെച്ചുതന്നെ നേടിയെടുത്ത മനുഷ്യരാണ് (Earthy Immortals). അനുഗ്രഹ ദ്വീപുകളില്‍ വസിക്കുന്ന വിശുദ്ധീകരിക്കപ്പെട്ട ആത്മാക്കളാണ് (Deified Immortals ) നാലാമത്തേത്. സ്വര്‍ഗ്ഗത്തില്‍ നിത്യജിവിതം ആസ്വദിക്കുന്ന മഹത്ത്വപ്പെട്ട അസ്തിത്വങ്ങളാണ് (Celestial Immortals) അഞ്ചാമത്തേത്. യുവാന്‍ കാലഘട്ടത്തില്‍ (എ.ഡി. 1279-1368) എട്ട് അമര്‍ത്യര്‍ എന്നൊരു വിഭാഗം ദൈവസങ്കല്പത്തിന്‍റെ ഭാഗമാകുകയും താവോയിസ്റ്റുകള്‍ അവരെ ആരാധിക്കുകയും ചെയ്തിരുന്നു.

Taoism primitive religions mananthavady diocese chinese religions tao catholic malayalam Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message