x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ആരാധനാക്രമ ദൈവശാസ്ത്രം

സീറോമലബാർ സഭയുടെ ആരാധനക്രമ ആദ്ധ്യാത്മികത

Authored by : Syro-Malabar Major Archiepiscopal Commissions for Liturgy and Catechesis On 14-Sep-2022

സീറോമലബാർ സഭയുടെ ആരാധനക്രമ ആദ്ധ്യാത്മികത

452. ദൈവത്തിൻ്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യൻ, സൃഷ്ടിയിൽ ദൈവത്തിനുണ്ടായിരുന്ന പദ്ധതി പ്രകാരമാണ് ജീവിക്കുന്നതാണ് ആദ്ധ്യാത്മികജീവിതം. അങ്ങനെ ജീവിക്കുമ്പോൾ ഉരുത്തിരിയുന്ന ജീവിതശൈലിയാണ് ആദ്ധ്യാത്മികത. മനുഷ്യനെ സംബന്ധിച്ചുള്ള ദൈവത്തിൻ്റെ പദ്ധതിയെപ്പറ്റി വിശുദ്ധ ഗ്രന്ഥം പറയുന്നു: “അവിടന്നു മുൻകൂട്ടി അറിഞ്ഞവരെ തൻ്റെ പുത്രൻ്റെ സാദ്യശ്യത്തോട് അനുരൂപരാക്കാൻ മുൻകൂട്ടി നിശ്ചയിച്ചു. ഇതു തൻ്റെ പുത്രൻ അനേകം സഹോദരരിൽ ആദ്യജാതനാകുന്നതിനു വേണ്ടിയാണ്. താൻ മുൻകൂട്ടി നിശ്ചയിച്ചവരെ അവിടന്നു വിളിച്ചു; വിളിച്ചവരെ നീതീകരിച്ചു; നീതീകരിച്ചവരെ മഹത്ത്വപ്പെടുത്തി.(റോമാ 8:29-30). “തൻ്റെ മുമ്പാകെ സ്നേഹത്തിൽ പരിശുദ്ധരും നിഷ്കളങ്കരുമായിരിക്കാൻ ലോകസ്ഥാപനത്തിനു മുമ്പുതന്നെ അവിടന്നു നമ്മെ മിശിഹായിൽ തിരഞ്ഞെടുത്തു. ഈശോമിശിഹാവഴി നാം അവിടത്തെ ദത്തുപുത്രരായി ദത്തെടുക്കപ്പെടണമെന്ന്, അവിടന്ന് തൻ്റെ ഹിതവും ലക്ഷ്യവുമനുസരിച്ച് മുൻകൂട്ടി തീരുമാനിച്ചു" (എഫേ 1:4-5). ഈ പദ്ധതിയെ "വിശുദ്ധീകരണം' എന്നോ 'ദൈവികവത്കരണം' എന്നോ വിശേഷിപ്പിക്കാം. ഈ വിശുദ്ധീകരണത്തിന്, അഥവാ, ദൈവികവത്കരണത്തിന് നാം നല്കുന്ന അനുകൂലമായ പ്രത്യുത്തരമാണ് ആദ്ധ്യാത്മികത. ദൈവത്തിൻ്റെ ഈ പദ്ധതിയെ 'രഹസ്യം (ഗ്രീക്കിൽ "മിസ്‌തേരിയോൻ"; സുറിയാനിയിൽ "റാസ") എന്ന് വി. പൗലോസ് വിശേഷിപ്പിക്കുന്നു (എഫേ 1:9). ഈ രഹസ്യം ദൈവം മിശിഹായിലാണ് വെളിപ്പെടുത്തിയതെന്നും മിശിഹായിലൂടെയാണ് പൂർത്തിയാക്കുന്നതെന്നും വിശുദ്ധ ഗ്രന്ഥം വ്യക്തമാക്കുന്നു (എഫേ 1:9-10). അതുകൊണ്ട്, മിശിഹാരഹസ്യം' പരികർമ്മം ചെയ്യപ്പെടുന്ന സഭയുടെ ആരാധനക്രമാധിഷ്ഠിത ആദ്ധ്യാത്മികതയാണ് ക്രൈസ്തവാദ്ധ്യാത്മികതയുടെ അടിത്തറ.

I. ക്രിസ്തീയ ആദ്ധ്യാത്മികതയുടെ മാനങ്ങൾ

453. ക്രിസ്തീയ ആദ്ധ്യാത്മികതയ്ക്ക് അഞ്ചു മാനങ്ങൾ ഉണ്ട്. ത്രിത്വകൂട്ടായ്മയിലുള്ള ജീവിതം; മിശിഹായിലുള്ള ജീവിതം; പരിശുദ്ധാമാവിലുള്ള ജീവിതം; സഭയിലുള്ള ജീവിതം; സമൂഹത്തിലുള്ള ജീവിതം; മിശിഹായിലുള്ള വിശ്വാസമാണല്ലോ ക്രൈസ്തവജീവിതത്തിലേക്കു നമ്മെ പ്രവേശിപ്പിക്കുന്നത്. മിശിഹായിലുള്ള വിശ്വാസം വഴി നാമെല്ലാവരും ദൈവമക്കളായിത്തീരുന്നു (ഗലാ 3:26; യോഹ 1:12-13). മാമ്മോദീസായിലൂടെ ത്രിത്വകൂട്ടായ്മയിലേക്കു പ്രവേശിക്കുമ്പോഴാണ് ഇതു സംഭവിക്കുന്നത് (മത്താ 28:19-20). അതുകൊണ്ട്, ക്രിസ്തീയ ജീവിതം ത്രിത്വകൂട്ടായ്മയിലുള്ള ജീവിതമാണ്. തന്മൂലം അത് മിശിഹായിലും പരിശുദ്ധാത്മാവിലുമുള്ള ജീവിതമാണ്. മാമ്മോദീസായിലൂടെ ത്രിത്വകൂട്ടായ്മയിലേക്കു പ്രവേശിക്കുന്നവരെല്ലാവരും ചേർന്നു രൂപം കൊള്ളുന്ന സമൂഹമാണ് സഭ. ആകയാൽ, അത് സഭാ ജീവിതമാണ്. ഈ ലോകത്തിലായിരിക്കുവോളം ഈ ജീവിതം നമ്മൾ നയിക്കേണ്ടത് മനുഷ്യ സമൂഹത്തിലാണ്. അതുകൊണ്ട്, അത് സമൂഹത്തിലുള്ള ജീവിതവുമാണ്.

ത്രിത്വകൂട്ടായ്മയിലുള്ള ജീവിതം

454. മിശിഹാനുഭവം നമ്മെ ത്രിത്വകൂട്ടായ്മയിൽ വളർത്തുന്നു. യോഹന്നാൻശ്ലീഹാ ഒന്നാം ലേഖനത്തിൽ തൻ്റെ ശ്ലൈഹിക മിശിഹാനുഭവം വിശ്വാസികളുമായി പങ്കുവച്ച് അവരോടുള്ള തൻ്റെ കൂട്ടായ്മ ത്രിത്വകൂട്ടായ്മയാണെന്ന് വ്യക്തമായി പ്രഖ്യാപിക്കുന്നുണ്ട്. “ഞങ്ങൾ കാണുകയും കേൾക്കുകയും ചെയ്തത് (ജീവൻ്റെ വചനം) നിങ്ങളെയും ഞങ്ങൾ അറിയിക്കുന്നു. ഞങ്ങളുമായി നിങ്ങൾക്കും കൂട്ടായ്മ ഉണ്ടാകേണ്ടതിനാണ് ഇതു പ്രഘോഷിക്കുന്നത്. നമ്മുടെ കൂട്ടായ്മയാകട്ടെ, പിതാവിനോടും അവിടത്തെ പുത്രനായ ഈശോമിശിഹായോടുമാണ്" (1 യോഹ 1:1-3). ക്രിസ്തീയ ജീവിതത്തിൽ അനുഭവവേദ്യമാകുന്ന ഈ കൂട്ടായ്മയുടെ ഏറ്റവും വലിയ ആഘോഷം നടക്കുന്നത് വിശുദ്ധ കുർബാനയിലാണ്. കത്തോലിക്കാ സഭയിലെ എല്ലാ ആരാധനക്രമങ്ങളിലും ഈ ആശയം വ്യക്തമാക്കുന്ന ആശീർവാദമുണ്ട്. “നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിൻ്റെ സ്നേഹവും പരിശുദ്ധാത്മാവിൻ്റെ സഹവാസവും നിങ്ങളെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ" (2 കോറി 13:13-14). വിശുദ്ധ കുർബാനയാണ് ത്രിത്വകൂട്ടായിൽ നമ്മെ ഊട്ടിയുറപ്പിക്കുന്നതും വളർത്തുന്നതും. ഈ കൂട്ടായ്മാനുഭവം സ്വർഗ്ഗത്തിൻ്റെ മൂന്നാസ്വാദനമാണ്. വി. യോഹന്നാൻ്റെ സുവിശേഷത്തിൽ ഇതു സൂചിപ്പിക്കുന്നുണ്ട്. “ഈശോ പ്രതിവചിച്ചു: എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പാലിക്കും. അപ്പോൾ എൻ്റെ പിതാവ് അവനെ സ്നേഹിക്കുകയും ഞങ്ങൾ അവൻ്റെ അടുത്തുവന്ന് അവനിൽ വാസമുറപ്പിക്കുകയും ചെയ്യും" (യോഹ 14:23). ഇവിടെ ‘വാസം' എന്നതിന് 'വാസസ്ഥലം' എന്ന് അർത്ഥം വരുന്ന ഗ്രീക്കുപദമാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ വാക്കുതന്നെയാണ്, “എൻ്റെ പിതാവിൻ്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ട്" (യോഹ 14:2) എന്നു പറയുന്നിടത്തും ബഹുവചനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട്, ത്രിത്വകൂട്ടായ്മയിലുള്ള ജീവിതത്തിൽ നമ്മെ വളർത്തുന്ന ആദ്ധ്യാത്മികത സ്വർഗ്ഗീയ ജീവിതത്തിൻ്റെ മൂന്നാസ്വാദനമാണ് നമുക്കു നല്കുന്നത്.

മിശിഹായിലുള്ള ജീവിതം

455. മിശിഹായിലൂടെ മാത്രമേ നമുക്കു ദൈവപിതാവിനോടു ബന്ധപ്പെടാനും ത്രിത്വകൂട്ടായ്മയിലേക്ക് കടന്നുവരാനും സാധിക്കുകയുള്ളു. യോഹന്നാൻ ശ്ലീഹായുടെ സുവിശേഷം ഇതു വ്യക്തമായി പറയുന്നുണ്ട്. "ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. പിതാവിൻ്റെ മടിയിലിരിക്കുന്ന ദൈവം തന്നെയായ ഏകജാതനാണ് അവിടത്തെ വെളിപ്പെടുത്തിയത്" (യോഹ 1:18). ഈശോ വ്യക്തമായി പറയുന്നു. “വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിൻ്റെ അടുക്കലേക്കു വരുന്നില്ല" (യോഹ 14:6). ദൈവവും മനുഷ്യനും തമ്മിലുള്ള സംസർഗ്ഗം സാദ്ധ്യമാകുന്നത് വചനം മാംസമായ ഈശോമിശിഹായിൽ മാത്രമാണെന്ന് ഹെബ്രായർക്കുള്ള ലേഖനവും വ്യക്തമായി പഠിപ്പിക്കുന്നുണ്ട് (ഹെബ്രാ 1:1-2). അതുകൊണ്ട് മിശിഹായിലുള്ള ജീവിതമാണ് ക്രിസ്തീയ ആദ്ധ്യാത്മികതയുടെ മറ്റൊരു മാനം.

മാമ്മോദീസായിൽ മിശിഹായെ ധരിക്കുന്നതോടുകൂടിയാണ് ക്രൈസ്തവജീവിതവും ക്രിസ്തീയാദ്ധ്യാത്മികതയും ആരംഭിക്കുന്നത്. “മിശിഹായോട് ഐക്യപ്പെടാൻ വേണ്ടി സ്നാനം സ്വീകരിച്ചിരിക്കുന്ന നിങ്ങളെല്ലാവരും മിശിഹായെ ധരിച്ചിരിക്കുന്നു" (ഗലാ 3:27). കൗദാശികമായി മിശിഹായുടെ രക്ഷണീയകർമ്മത്തിൽ പങ്കുചേരുകയും മിശിഹായുടെ പഠനങ്ങൾക്കനുസരിച്ച് ജീവിതം ക്രമപ്പെടുത്തുകയും ചെയ്താണ് മിശിഹായിലുള്ള ഈ വളർച്ച നമ്മൾ പൂർത്തിയാക്കേണ്ടത്.

പരിശുദ്ധാത്മാവിലുള്ള ജീവിതം

456. മിശിഹായുടെ ദൈവപുത്രത്വത്തിലും പരിശുദ്ധിയിലും പങ്കുചേരുവാനും അതിൽ വളരുവാനും നമ്മെ സഹായിക്കുന്നത് പരിശുദ്ധാത്മാവാണ്. "പുത്രസ്വീകാരത്തിൻ്റെ ആത്മാവ് എന്നാണ് വിശുദ്ധ പൗലോസ്ശ്ലീഹാ പരിശുദ്ധാത്മാവിനെ വിശേഷിപ്പിക്കുന്നത്. “നിങ്ങളെ വീണ്ടും ഭയത്തിലേക്കുനയിക്കുന്ന അടിമത്തത്തിൻ്റെ ആത്മാവിനെയല്ല, മറിച്ച് പ്രതികാരത്തിൻ്റെ ആത്മാവിനെയാണ് നിങ്ങൾ കൈക്കൊണ്ടിരിക്കുന്നത്. ഈ ആത്മാവുമൂലമാണ് നാം ആബാ - പിതാവേ - എന്നു വിളിക്കുന്നത്" (റോമാ 8:15). അതുകൊണ്ട്, ക്രിസ്തീയ ജീവിതം പരിശുദ്ധാത്മാവിലുള്ള ജീവിതമാണ്. പരിശുദ്ധ കന്യകാമറിയത്തിന്റെ ഉദരത്തിൽ ദൈവപുത്രനും പരിശുദ്ധനുമായ ഈശോ ജനിക്കുന്നതിൽ പ്രവർത്തിച്ച പരിശുദ്ധാത്മാവ് (ലൂക്കാ 1:35) മാമ്മോദീസായിൽ നമ്മെയും ദൈവമക്കളും പരിശുദ്ധരുമായി ജനിപ്പിക്കുന്നു. പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ട് ദൈവപുത്വത്തിലും പരിശുദ്ധിയിലും വളരുന്ന ജീവിതമാണ് ആദ്ധ്യാമികജീവിതം. 

പരിശുദ്ധാത്മാവിലുള്ള ജീവിതം വിശുദ്ധിയിലുള്ള ജീവിതമാണ്. പരിശുദ്ധാത്മാവ് വിശുദ്ധിയുടെ ആത്മാവാണ് (റോമാ 1:4). വിശുദ്ധമായ ജീവിതം നയിക്കുക എന്നതുകൊണ്ടർത്ഥമാക്കുന്നത് ശരീരത്തിൻ്റെ പ്രവണതകൾക്കനുസരിച്ചു ജീവിക്കാതെ ആത്മാവിൻ്റെ പ്രചോദനമനുസരിച്ചു ജീവിക്കുക, അതായത് ജഡികകാര്യങ്ങളിൽ മനസ്സുവയ്ക്കാതെ ആത്മീയകാര്യങ്ങളിൽ മനസ്സുവയ്ക്കുക എന്നതാണ് (റോമ 8:4-9). ഇത് വ്യക്തിപരമായ ജീവിതമെന്നതിനേക്കാൾ സഭാത്മകമായ ജീവിതമാണ്. കാരണം സഭ ഇന്ന് കൂദാശകളിലൂടെയാണ് വിശിഷ്യ വിശുദ്ധ കുർബാനയിലൂടെയാണ് വിശുദ്ധികരണകർമ്മം നിർവഹിക്കുന്നത്. ആകയാൽ, സഭയിൽ കൂദാശാ ജീവിതം നയിച്ചുകൊണ്ടാണ് പരിശുദ്ധാത്മാവിലുള്ള ജീവിതം നാം നയിക്കേണ്ടത്. അങ്ങനെ ജീവിക്കുന്നവരിൽ പരിശുദ്ധാത്മാവിൻ്റെ ഫലങ്ങൾ (ഗലാ 5:22-23) ദൃശ്യമാകും.

സഭയിലുള്ള ജീവിതം

457. ക്രിസ്തീയ ജീവിതത്തിനും ആദ്ധ്യാത്മികതയ്ക്കും അവശ്യം സഭാത്മക ജീവിതവും സഭാത്മക ആദ്ധ്യാത്മികതയുമാണ്. മാമ്മോദീസായിലൂടെ ത്രിത്വകൂട്ടായ്മയിലേക്ക് പ്രവേശിച്ചവരുടെ സമൂഹമാണ് സഭ. സഭ ത്രിത്വത്തിൻ്റെ 'ഛായ' ആണെന്ന് സഭാപിതാക്കന്മാർ പറയുന്നത് ഈ അർത്ഥത്തിലാണ്. മിശിഹായുടെ ശരീരമാണ് സഭയെങ്കിൽ, ഉത്ഥിതനായ മിശിഹായുടെ ആത്മാവ് ഇന്നു ജീവിക്കുന്നത് സഭയാകുന്ന തൻ്റെ ശരീരത്തിലാണ്. "ശരീരം ഒന്നാണെങ്കിലും, അതിൽ പല അവയവങ്ങളുണ്ട്. അവയവങ്ങൾ പലതെങ്കിലും അവയെല്ലാം ചേർന്ന് ഏകശരീരമായിരിക്കുന്നു. അതുപോലെതന്നെയാണ് മിശിഹായും” (1 കോറി 12:12); “നിങ്ങൾ മിശിഹായുടെ ശരീരവും ഓരോരുത്തരും അതിലെ അവയവങ്ങളുമാണ്" (1 കോറി 12:27). പരിശുദ്ധാത്മാവ് മിശിഹായുടെ ആത്മാവായി സഭയിൽ പ്രവർത്തിക്കുന്നെങ്കിൽ സഭ പരിശുദ്ധാത്മാവിൻ്റെ ആലയമാണ്. “നിങ്ങളിൽ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിൻ്റെ ആലയമാണു നിങ്ങളുടെ ശരീരമെന്ന് അറിഞ്ഞുകൂടെ? നിങ്ങൾ നിങ്ങളുടെ സ്വന്തമല്ല" (1 കോറി 6:19). ത്രിത്വകൂട്ടായ്മയും മിശിഹായിലും പരിശുദ്ധാത്മാവിലുമുള്ള ജീവിതവും പ്രായോഗികമായിത്തീരുന്നത് സഭാജീവിതത്തിലാണ്. മിശിഹായുടെ മണവാട്ടിയായ സഭയാണ് (യോഹ 3:29) ഇന്ന് രക്ഷയുടെ ഫലങ്ങളുടെ കാര്യസ്ഥയും വിതരണാവകാശിയും. ആരാധനക്രമത്തിലൂടെയാണ് രക്ഷയുടെ ഫലങ്ങൾ സഭ മനുഷ്യർക്കു പ്രാപ്യമാക്കുന്നത്. ആകയാൽ, സഭാത്മകജീവിതത്തിലൂടെ മാത്രമേ ക്രിസ്തീയ ആദ്ധ്യാത്മികത സാക്ഷാത്കരിക്കാൻ കഴിയുകയുള്ളു.

സമൂഹത്തിലുള്ള ജീവിതം

458. മനുഷ്യൻ സമൂഹജീവിയാണ്. സമൂഹത്തിലും സമൂഹത്തോടു ബന്ധപ്പെട്ടുമാണ് അവൻ ജനിക്കുന്നതും വളരുന്നതും പ്രവർത്തിക്കുന്നതും. അതുകൊണ്ട് ക്രിസ്തീയ ജീവിതവും ആദ്ധ്യാത്മികതയും സമൂഹത്തിലാണ് നമ്മൾ പ്രാവർത്തികമാക്കേണ്ടത്. സഭ ലോകത്തിലായിരിക്കേണ്ടവളാണ്. ഈശോയുടെ പുരോഹിത പ്രാർത്ഥനയിൽ ഇങ്ങനെ പറയുന്നു: “അങ്ങ് എന്നെ ലോകത്തിലേക്കയച്ചതുപോലെ ഞാനും അവരെ ലോകത്തിലേക്കയച്ചിരിക്കുന്നു" (യോഹ 17:18). ലോകത്തിൻ്റെ വെളിച്ചവും ഭൂമിയുടെ ഉപ്പുമാകുവാൻ വിളിക്കപ്പെട്ടവളും അയയ്ക്കപ്പെട്ടവളുമാണ് സഭ (മത്താ 5:13-16). അതുകൊണ്ട് അനുദിന ജീവിതസാഹചര്യങ്ങളിലാണ് ക്രിസ്തീയ ആദ്ധ്യാത്മികത ജീവിക്കേണ്ടതും വളർത്തിയെടുക്കേണ്ടതും. മിശിഹായിലൂടെ ദൈവം പൂർത്തിയാക്കുന്ന രക്ഷണീയകർമ്മത്തിൽ പങ്കുചേർന്ന്, ആ രക്ഷയും വിശുദ്ധിയും ലോകത്തിന് എത്തിച്ചുകൊടുക്കുവാനുള്ള ദൗത്യമാണ് സഭാമക്കൾക്കുള്ളത്. സഭയുടെ വിശ്വാസം നിരന്തരമായി സ്വീകരിച്ചും ആഘോഷിച്ചും ജീവിച്ചും ക്രിസ്തീയ ആദ്ധ്യാമികതയിൽ വളർന്ന് ആ വിശ്വാസം ലോകത്തിൽ പ്രഘോഷിക്കുന്നവരായി സഭാമക്കൾ മാറുമ്പോഴാണ് ക്രിസ്തീയ ആദ്ധ്യാത്മികത അതിൻ്റെ സാമൂഹികമാനം പൂർണ്ണമായും കൈവരിക്കുന്നത്.

II ആരാധനക്രമാധിഷ്ഠിതമായ ക്രിസ്തീയ ആദ്ധ്യാത്മികത

459. ക്രിസ്തീയ ആദ്ധ്യാത്മികതയുടെ മേല്പറഞ്ഞ അഞ്ചുമാനങ്ങളും സഭയുടെ ആരാധനക്രമാധിഷ്ഠിതമായ ആദ്ധ്യാത്മികതയിലാണ് പ്രാവർത്തികമാകുന്നത്. രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ പ്രബോധനമനുസരിച്ച് സഭയുടെ എല്ലാ പ്രവർത്തനങ്ങളും ആരാധനക്രമമാകുന്ന അത്യുച്ചസ്ഥാനത്തേക്കാണ് തിരിഞ്ഞിരിക്കുന്നത്. അവളുടെ ശക്തി മുഴുവൻ നിർഗളിക്കുന്ന ഉറവിടവും അതുതന്നെയാണ് (ആരാധനക്രമം 10). മറ്റുവാക്കുകളിൽ, ക്രിസ്തീയ ജീവിതത്തിൻ്റെ തനിമയാർന്ന പ്രകാശനവും ക്രിസ്തീയ ജീവിതം കരുപ്പിടിപ്പിക്കുവാനുള്ള വലിയ ഉപാധിയും ആരാധനക്രമമാണ്. യഥാർത്ഥ ക്രിസ്തീയജീവിതമാണല്ലോ യഥാർത്ഥ ആദ്ധ്യാത്മിക ജീവിതം. ക്രിസ്തീയ ആദ്ധ്യാത്മികത ആരാധനക്രമത്തിൽ അധിഷ്ഠിതമാണ്.

സഭ: ആരാധനാസമൂഹം

460. സഭ ജന്മംകൊണ്ടത് ആരാധനാസമൂഹമായാണ്. ഈശോയുടെ ഉത്ഥാനത്തിനും സ്വർഗ്ഗാരോഹണത്തിനും ശേഷം ശ്ലീഹന്മാർ ഒരുമിച്ചുകൂടി അവർ ഏകമനസ്സോടെ ഈശോയുടെ അമ്മയായ മറിയത്തോടും മറ്റു സ്ത്രീകളോടും അവൻ്റെ സഹോദരന്മാരോടുമൊപ്പം പ്രാർത്ഥനയിൽ മുഴുകിയിരുന്നു" (അപ്പ 1:14). ഈ ആരാധനാസമൂഹത്തിലാണ് സ്വർഗ്ഗത്തിൽ നിന്നു പരിശുദ്ധാത്മാവ് ഇറങ്ങിവന്നത് (അപ്പ 2:1-14). അരൂപിയിൽ ജീവിക്കുന്ന സമൂഹമായി സഭ ആരംഭം കുറിക്കുന്നത് ഈ സന്ദർഭത്തിലാണ്. അരൂപിയെ സ്വീകരിച്ചതിനുശേഷം ശ്ലീഹന്മാരെയെല്ലാം പ്രതിനിധീകരിച്ച് പത്രോസ് ദൈവവചനം പ്രസംഗിച്ചു (അപ്പ 2: 14). പത്രോസിൻ്റെ സുവിശേഷപ്രസംഗത്തിൻ്റെ വിഷയം മിശിഹാസംഭവത്തിൽ പൂർത്തീകരിക്കപ്പെട്ട ദൈവത്തിൻ്റെ രക്ഷാകരപ്രവൃത്തികളാണ്. അതായത്, മിശിഹായുടെ പരസ്യജീവിതം, പീഡാനുഭവം, മരണം, ഉത്ഥാനം, സ്വർഗ്ഗാരോഹണം, അതിൻ്റെ ഫലമായുണ്ടായ പരിശുദ്ധാത്മാവിൻ്റെ ആഗമനം എന്നിവ (അപ്പ 2:14-36; 3:11-26; 4:8-12; 7:1-53; 8:4-13 തുടങ്ങിയവ).

വചനപ്രഘോഷണമാണ് ക്രിസ്തീയസമൂഹത്തിൻ്റെ അഥവാ സഭയുടെ രൂപീകരണത്തിനു തുടക്കംകുറിച്ചത് (അപ്പ 2:14 മുതൽ). വചനം കേട്ടവർ തങ്ങൾ എന്താണു ചെയ്യേണ്ടതെന്ന് ശ്ലീഹന്മാരോടു ചോദിച്ചു (അപ്പ 2:37). “പത്രോസ് പറഞ്ഞു: നിങ്ങൾ പശ്ചാത്തപിക്കുവിൻ, പാപമോചനത്തിനായി എല്ലാവരും ഈശോമിശിഹായുടെ നാമത്തിൽ സ്നാനം സ്വീകരിക്കുവിൻ. പരിശുദ്ധാത്മാവിൻ്റെ ദാനം നിങ്ങൾക്കു ലഭിക്കും" (അപ്പ 2:38). വചനപ്രഘോഷണം ആവശ്യപ്പെടുന്ന പ്രത്യുത്തരം വചനസ്വീകരണമാണ്. അതായത്, അനുതാപം, വിശ്വാസം, മാമ്മോദീസ, അരൂപിയുടെ സ്വീകരണം; ചുരുക്കത്തിൽ, അരൂപിയിൽ ജീവിക്കുന്ന ഒരു ആരാധനാ സമൂഹമായി സഭ രൂപപ്പെടണം. സഭയുടെ വചനശുശ്രൂഷയിലൂടെയും കൂദാശാശുശ്രൂഷയിലൂടെയും സഭ ആരാധനാസമൂഹമായി നിരന്തരം രൂപപ്പെട്ടു കൊണ്ടിരിക്കണം. ആരാധനാ സമൂഹമായുള്ള സഭയുടെ ഈ ജീവിതമാണ് ആദ്ധ്യാത്മികജീവിതം.

ആദ്ധ്യാത്മികജീവിതവും സഭയുടെ ആരാധനാജീവിതവും

461. ക്രിസ്തീയജീവിതത്തിന് ആരംഭം കുറിക്കുന്നത് മാമ്മോദീസായിലൂടെ സഭയുടെ വിശ്വാസത്തിലേക്ക് ഒരാൾ പ്രവേശിക്കുമ്പോഴാണ്. മിശിഹയിൽ വിശ്വസിക്കുന്നവരുടെ സമൂഹമാണല്ലോ സഭ. വിശ്വാസികളുടെ സമൂഹമെന്നാണ് സഭ ആരംഭകാലം മുതലേ അറിയപ്പെടുന്നത് (അപ്പ 4:32). സഭയുടെ വിശ്വാസം ജീവിക്കുന്നതാണ് ആദ്ധ്യാത്മികത. സഭയുടെ വിശാസം മിശിഹായിലുള്ള വിശ്വാസമാണ്, അഥവാ, മിശിഹാനുഭവമാണ്. ശ്ലീഹന്മാരിലൂടെയാണ് ഈ അനുഭവം കൈമാറിക്കിട്ടിയത്. കാരണം, മനുഷ്യകുലത്തെ സംബന്ധിച്ചുള്ള ദൈവത്തിന്റെ രക്ഷാപദ്ധതിയുടെ രഹസ്യമാണ് മിശിഹായിൽ പൂർത്തീകരിക്കപ്പെട്ടത്. ഈ മിശിഹാനുഭവം ജീവിക്കുന്നതാണ് ക്രിസ്തീയ ആദ്ധ്യാത്മികത. മിശിഹാനുഭവം സഭയിൽ കൈകാര്യം ചെയ്യപ്പെടുന്നത് നാലു തലങ്ങളിലാണ്: സ്വീകരിക്കുന്ന തലം - സഭയുടെ വചനപ്രഘോഷണത്തിന്റെയും തലം; ജീവിക്കുന്ന തലം - സഭയുടെ വിശ്വാസം പ്രാവർത്തികമാക്കുന്ന തലം; ആഘോഷിക്കുന്ന തലം - സഭയുടെ വിശ്വാസം ആഘോഷിക്കുന്ന കൗദാശിക തലം; പ്രകടമാക്കുന്ന തലം - സഭയുടെ വിശ്വാസത്തിൻ്റെ പ്രകാശനമായ പ്രാർത്ഥനയുടെ തലം; ഈ നാലുതലങ്ങളിൽ കൈകാര്യം ചെയ്യപ്പെടുന്ന സഭയുടെ മിശിഹാനുഭവത്തിൻ്റെ അഥവാ വിശ്വാസത്തിന്റെ രൂപരേഖയാണ് അപ്പ 2:42-ൽ കാണുന്നത്: "അവർ ശ്ലീഹന്മാരുടെ പ്രബോധനം, കൂട്ടായ്മ, അപ്പം മുറിക്കൽ, പ്രാർത്ഥന എന്നിവയിൽ സദാ താല്പര്യപൂർവ്വം പങ്കുചേർന്നു. ഇതു സഭയുടെ ആരാധനാനുഭവമാണ്. സഭയുടെ ഈ ആരാധനാനുഭവത്തിലൂടെയാണ് ഇന്ന് നമുക്ക് മിശിഹാനുഭവത്തിൽ പങ്കുചേരുവാനും ആത്മീയ ജീവിതം നയിക്കുവാനും സാധിക്കുന്നത്.

ആരാധനാഘോഷങ്ങളിലുള്ള മിശിഹായുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ് മിശിഹായുടെ വിശുദ്ധീകരണ പ്രവർത്തനത്തിന് വിധേയപ്പെടുന്നതിനനുസൃതമായാണ് നമ്മൾ ക്രിസ്തീയ ആദ്ധ്യാത്മികത പരിശീലിക്കുന്നത്. മറ്റു വാക്കുകളിൽ, മിശിഹാ സഭയുടെ ആരാധനാഘോഷങ്ങളിൽ പരിശീലകനായി പ്രവർത്തിക്കുന്നു. അതുകൊണ്ട് സഭയുടെ ആരാധനക്രമം നമുക്ക് ക്രിസ്തീയ ആദ്ധ്യാത്മികതയുടെ പരിശീലനക്കളരിയാവണം.

III ആരാധനക്രമാധിഷ്ഠിത ആദ്ധ്യാത്മികത സീറോമലബാർ സഭയിൽ

462. മനുഷ്യരക്ഷയ്ക്കായുള്ള ദൈവികപദ്ധതിയുടെ പരിപൂർത്തിയായ മിശിഹാരഹസ്യത്തിൻ്റെ പുനരാവിഷ്കരണമാണല്ലോ ആരാധനക്രമം. ആരാധനാകർമ്മങ്ങളിൽ സമുന്നതമായ വിശുദ്ധ കുർബാന, മറ്റു കൂദാശകൾ, യാമപ്രാർത്ഥനകൾ, ആരാധനാവത്സരം എന്നിവവഴി മിശിഹാരഹസ്യത്തിൻ്റെ വിവിധ മാനങ്ങളിലൂടെ കടന്നുപോകുവാൻ സീറോമലബാർ സഭയുടെ ആരാധനക്രമം സഹായിക്കുന്നു. കൂടാതെ കൂദാശാനുകരണങ്ങൾ, ഭക്താനുഷ്ഠാനങ്ങൾ, സ്വകാര്യപ്രാർത്ഥന എന്നിവയും ഈ ആദ്ധ്യാത്മികതയിൽ വളരുവാൻ സഹായിക്കുന്ന ഘടകങ്ങളാണ്.

ദൈവം പഴയനിയമത്തിലും പുതിയനിയമത്തിലും വെളിപ്പെടുത്തുകയും, മിശിഹായുടെ മരണോത്ഥാനങ്ങളിലൂടെ പൂർത്തീകരിക്കുകയും ചെയ്ത രക്ഷാപദ്ധതിയെ “ദിവ്യരഹസ്യം" (മിസ്‌തേരിയോൻ) എന്നാണ് വി. പൗലോസ്ശ്ലീഹാ വിശേഷിപ്പിക്കുന്നത് (എഫേ 1:9). മിശിഹായിൽ പൂർത്തിയാക്കിയ ഈ രക്ഷാപദ്ധതിയെ 'മ്ദബ്രാനൂസാ' എന്നാണ് സുറിയാനി പാരമ്പര്യം വിളിക്കുന്നത്. അടയാളങ്ങളിലൂടെയും പ്രതീകങ്ങളിലൂടെയും സഭയുടെ ആരാധനക്രമത്തിൽ ഈ രക്ഷാപദ്ധതി (മ്ദബ്രാനൂസാ) പുനരാവിഷ്കരിക്കപ്പെടുന്നു. അങ്ങനെ, മിശിഹായിലൂടെ പൂർത്തിയാക്കപ്പെട്ടതും സഭയുടെ ആരാധനക്രമത്തിൽ പുനരാവിഷ്കരിക്കപ്പെടുന്നതുമായ രക്ഷാകര രഹസ്യത്തോട് ഉൾച്ചേർന്നു രക്ഷയുടെ ഫലങ്ങൾ അനുഭവിച്ച് ദൈവൈക്യത്തിൽ ജീവിക്കുന്ന ആദ്ധ്യാത്മികതയാണ് സീറോമലബാർസഭയുടെ ആദ്ധ്യാത്മികത.

സൃഷ്ടിയിലാരംഭിച്ച് ലോകാവസാനത്തിൽ പൂർത്തിയാകുന്ന രക്ഷാപദ്ധതിയുടെ രഹസ്യം അഥവാ മിശിഹാരഹസ്യം പരിശുദ്ധ തിത്വത്തിന്റെ കൂട്ടായ പ്രവർത്തനമാണ്. മിശിഹാനുഭവത്തിലൂടെ മനുഷ്യൻ പരിശുദ്ധ ത്രിത്വത്തിന്റെ ജീവിതത്തിലേക്ക് അഥവാ കൂട്ടായ്മയിലേക്ക് സ്വീകരിക്കപ്പെടുന്നു. ദൈവിക ജീവനിൽ പങ്കുചേർന്ന് പരിശുദ്ധ ത്രിത്വവുമായുള്ള ഐക്യത്തിൽ ജീവിക്കുന്ന ഈ അവസ്ഥാ വിശേഷമാണ് ക്രിസ്തീയാദ്ധ്യാത്മികത അഥവാ സഭാത്മകവും ആരാധനക്രമാധിഷ്ഠിതവുമായ ആദ്ധ്യാത്മികത. “പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവേശ്വരാ എന്നേക്കും" എന്ന പ്രാർത്ഥനാ സമാപനം സീറോമലബാർ സഭയുടെ ആദ്ധ്യാത്മികതയുടെ ത്രീത്വയികമാനത്തിൻ്റെ പ്രകാശനമാണ്.

വിശുദ്ധ കുർബാനയിൽ കേന്ദ്രീകൃതമായ ആദ്ധ്യാത്മികത

463. ആദിമസഭയുടെ ആരാധനാനുഭവം സീറോമലബാർ കുർബാനയിൽ പ്രതിപാലിക്കുന്നുണ്ട്. 'കുർബാന' എന്ന വാക്കുതന്നെ സൂചിപ്പിക്കുന്നതുപോലെ, ദൈവത്തെ നാം മിശിഹായിലൂടെ ഭക്ത്യാദരങ്ങളോടെ സമീപിക്കുന്നു. മിശിഹായുടെ സുവിശേഷത്തിൽ കേന്ദ്രീകൃതമായ തിരുവചനങ്ങൾ ശ്രദ്ധാപൂർവം ശ്രവിച്ച് ദൈവത്തിന്റെ ഹിതം എന്തെന്നു ഗ്രഹിച്ച്, നമ്മെയും ലോകത്തെയും ദൈവ ഹിതാനുസൃതം രൂപപ്പെടുത്താൻ പ്രാർത്ഥിക്കുന്നു (വചനശുശ്രൂഷ - ശ്ലൈഹികപ്രബോധനം). നമുക്കുവേണ്ടി സ്വയം ദൈവത്തിനു ബലിയർപ്പിച്ചവനും നമുക്കായി സ്വപിതാവിൻ്റെ മുമ്പിൽ നിത്യം മാദ്ധ്യസ്ഥ്യം വഹിക്കുന്നവനുമായ മിശിഹായോടു ചേർത്തുവച്ച് നമ്മെത്തന്നെ ദൈവപിതാവിനു സമർപ്പിക്കുന്നു. വചനരൂപത്തിലും തിരുശരീരക്തരൂപത്തിലും നമുക്ക് കൗദാശികമായി സന്നിഹിതനാകുന്ന നിത്യ വചനവും ജീവൻ്റെ അപ്പവുമായ ഈശോമിശിഹായെ നമ്മിലേക്കു നവമായി സ്വീകരിക്കുന്നു (കൂദാശാശുശ്രൂഷ - അപ്പം മുറിക്കൽ). ദൈവത്തോടും വിശുദ്ധരായ സകല സ്വർഗവാസികളോടും ഭൂവാസികളോടും ദൈവപുത്രനായ മിശിഹാ ദൈവമക്കളായ നമ്മെ ഐക്യപ്പെടുത്തുന്നു. അങ്ങനെ, കുർബാന പാവനവും ദിവ്യവുമായ ഒരു സ്നേഹ സംഗമമായിത്തീരുന്നു (കൂട്ടായ്മ). ഈ സ്വർഗീയ കുടുംബസംഗമം സ്വർഗീയ ജീവിതത്തിൻ്റെയും സ്വർഗീയാരാധനയുടെയും മുന്നാസ്വാദനവും കൂടിയാണ്. കുർബാനയിലൂടെ സ്വർഗീയാരാധനയിൽ നാം ഭാഗഭാക്കുകളാകുന്നു. ദൈവത്തിൻ്റെ രക്ഷാകര പ്രവർത്തനങ്ങളെയെല്ലാം അനുസ്മരിച്ച് ദൈവത്തിനു സ്തുതിയുടെയും കൃതജ്ഞതയുടെയും ആരാധനയുടെയും പ്രാർത്ഥനകൾ സമർപ്പിക്കുന്നു (പ്രാർത്ഥന). നാലു ഗ്ഹാന്തകൾ ഉൾക്കൊള്ളുന്ന ശ്ലീഹന്മാരുടെ അനാഫൊറ ആരാധനക്രമത്തിൻ്റെ ഈ സ്വർഗ്ഗീയ കുടുംബസംഗമത്തിൻ്റെ പ്രതീതി ഉളവാക്കുന്നതാണ്. ഇപ്രകാരം ആരാധനക്രമാധിഷ്ഠിതമായ ആദ്ധ്യാത്മികതയിൽ സഭാസമൂഹം പരിശീലിപ്പിക്കപ്പെടുന്ന ഏറ്റം ശ്രേഷ്ഠമായ വേദിയാണ് നമ്മുടെ വിശുദ്ധ കുർബാനയർപ്പണം. മനുഷ്യവിശുദ്ധീകരണവും ദൈവമഹത്ത്വവും സാധ്യമാക്കുവാനുള്ള സഭയുടെ എല്ലാ ശ്രമങ്ങളുടെയും പരിസമാപ്തിയാണ് വിശുദ്ധ കുർബാന. വിശുദ്ധ കുർബാനയിൽ ആരാധനയും ആത്മീയ ഐക്യവും ഒരേസമയം നടക്കുന്നു. വിശുദ്ധ കുർബാനാനുഭവത്തിലൂടെയാണ് ഈ ഭൂമിയിൽ ദൈവമനുഷ്യകൂട്ടായ്മ ഏറ്റവും പൂർണ്ണതയിൽ അനുഭവവേദ്യമാകുന്നത്.

വിശുദ്ധ കുർബാനയിൽ സജീവമായി പങ്കുചേർന്നു മാത്രമേ കുർബാന കേന്ദ്രീകൃതമായ ആധ്യാത്മികത സ്വന്തമാക്കുവാൻ നമുക്കു കഴിയുകയുള്ളൂ. നമ്മിലും നാം ജീവിക്കുന്ന തലങ്ങളിലും ദൈവഹിതപ്രകാരമുള്ള പരിവർത്തനം വരുത്തുവാൻ സഹായകമായവിധം ശ്രവണമനോഭാവത്തോടെ സജീവമായി വചനശുശ്രൂഷയിൽ നാം പങ്കുചേരണം. മിശിഹായുടെ ബലിയോടു ചേർത്ത് നമ്മുടെ ശരീരങ്ങളെയും അഥവാ ജീവിതങ്ങളെയും വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമർപ്പിച്ച് (റോമാ 12:1) കുദാശാ ശുശ്രൂഷയിൽ നാം പങ്കുചേരണം. “ഇനിമേൽ ഞാനല്ല മിശിഹായാണ് എന്നിൽ ജീവിക്കുന്നത്" (ഗലാ 2:20) എന്ന് പറയുവാൻ തക്കവിധം മിശിഹായുമായി ഐക്യപ്പെടുവാൻ കൂദാശാ ശുശ്രൂഷയിലൂടെ നമുക്ക് സാധിക്കണം. ദൈവവുമായി പിതൃപുത്രബന്ധത്തിലും പരസ്പരം സാഹോദര്യ ബന്ധത്തിലും വളരുവാൻ സഹായകമായ കുടുംബാരൂപിയിൽ വിശുദ്ധ കുർബാനയാഘോഷത്തിൽ നാം പങ്കുചേരണം. വിശുദ്ധ കുർബാനയിൽ അർപ്പിക്കുന്ന സ്തുതിയുടെയും കൃതജ്ഞതയുടെയും ആരാധനയുടെയും പ്രാർത്ഥനകൾ നമ്മുടെ ഹൃദയത്തിൽ നിന്ന് ഉയരുന്ന പ്രാർത്ഥനകളാണെന്ന് ഉറപ്പുവരുത്തണം.

ദൈവവചനാധിഷ്ഠിതമായ ആദ്ധ്യാത്മികത

464. ആരാധനക്രമകർമ്മങ്ങളുടെ മൗലികഘടകങ്ങളിൽ ഒന്നാണ് വചനശുശ്രൂഷ. കുർബാനയുടെ തന്നെ ആദ്യഭാഗം വചനശുശ്രൂഷയാണല്ലോ. ക്രിസ്തീയ ജീവിതത്തിൽ വിശുദ്ധ കുർബാനയോടൊപ്പംതന്നെ പ്രാധാന്യം വിശുദ്ധ ഗ്രന്ഥത്തിനുമുണ്ടെന്ന് ദൈവികവെളിപാടിനെക്കുറിച്ചുള്ള പ്രമാണരേഖയിൽ പറയുന്നു: “വിശുദ്ധലിഖിതങ്ങൾ കർത്താവിൻ്റെ ശരീരം പോലെതന്നെ സഭയിൽ ആദരിക്കപ്പെട്ടിരുന്നു. പ്രത്യേകിച്ച് വിശുദ്ധ ആരാധനക്രമത്തിൽ ദൈവവചനത്തിൻ്റെയും മിശിഹായുടെ ശരീരത്തിന്റെയുമായ മേശയിൽനിന്നുള്ള ജീവൻ്റെ അപ്പം സ്വീകരിക്കുകയും വിശ്വാസികൾക്കു നല്കുകയും ചെയ്യാതിരുന്നിട്ടില്ല" (ദൈവാവിഷ്കരണം 21). ദൈവവചനത്താൽ പരിപോഷിപ്പിക്കപ്പെടുന്നതാവണം ആരാധനക്രമാധിഷ്ഠിതാധ്യാത്മികത. ദൈവവചനം ആദ്ധ്യാത്മികതയുടെ നിയമാവലിയും പ്രവർത്തനമാർഗരേഖയുമാണ്. മാത്രമല്ല അത് ജീവിക്കുന്ന ദൈവത്തിന്റെ സാന്നിദ്ധ്യവും പ്രവർത്തനവും നമ്മിൽ അനുഭവവേദ്യമാക്കുന്നതുമാണ്. ക്രിസ്തീയ കാഴ്ചപ്പാടിൽ ആദ്ധ്യാത്മികത മനുഷ്യൻ ദൈവത്തെ തേടുന്നതിലുപരി, ദൈവം മനുഷ്യനെ തേടിയിറങ്ങിവരുന്നതാണ്. സ്നേഹപിതാവായ ദൈവം മാംസം ധരിച്ച വചനത്തിലൂടെയും പരിശുദ്ധാരൂപിയിലൂടെയും മനുഷ്യജീവിതത്തിലേക്ക് ഇറങ്ങിവരികയും, അവനുമായി സ്നേഹസംഭാഷണം നടത്തി അവനെ ത്രിത്വജീവിതത്തിലേക്കു ക്ഷണിക്കുകയും ചെയ്യുന്നു. ഈ ക്ഷണവും അതിനു നല്കുന്ന പ്രത്യുത്തരവുമാണ് വചനാനുഭവം നമുക്കു നല്കുന്നത്. ആദിമസഭയുടെ രൂപരേഖയിൽ (അപ്പ 2:42) "ശ്ലൈഹിക പ്രബോധനം' എന്നു വിശേഷിപ്പിക്കുന്നത് ഈ വചനാനുഭവത്തെയാണ്.

വിശുദ്ധ കുർബാനയിലെ വചനശുശ്രൂഷയാണ് ഈ വചനാനുഭവത്തിൻ്റെ ഏറ്റവും ശ്രേഷ്ഠമായ വേദി. നമ്മുടെ ജീവിതമദ്ധ്യേ ദൈവം നമ്മോടു സംസാരിക്കുന്ന ഏറ്റവും ഉത്കൃഷ്ടമായ വേദിയാണിത്. അവിടെ വിശുദ്ധ ഗ്രന്ഥം വായിക്കുമ്പോൾ ഉത്ഥിതനായ മിശിഹതന്നെയാണ് സന്നിഹിതനാകുന്നതും നമ്മോടു സംസാരിക്കുന്നതും (VD:52).

നിരന്തരമായ ദൈവവചനവായനയും ധ്യാനവും പ്രാർത്ഥനയും സ്നേഹനിധിയായ ദൈവത്തെ കണ്ടുമുട്ടുവാനും ദൈവപുത്രരാകാനുള്ള വരം പ്രാപിക്കുവാനും (യോഹ 1:12) ദൈവികജീവനിൽ പങ്കുചേരുവാനും (യോഹ 5:24) നമ്മെ സഹായിക്കും. അതുകൊണ്ട്, ദൈവവചനം നമ്മുടെ വ്യക്തിപരമായ പ്രാർത്ഥനാജീവിതത്തിൻ്റെ ഭാഗമാകണം. കുടുംബങ്ങളിലെയും കുടുംബകൂട്ടായ്മകളിലെയും പ്രാർത്ഥനകളിൽ ദൈവവചനവായനക്കും, ധ്യാനത്തിനും, പ്രാർത്ഥനയ്ക്കും സ്ഥാനമുണ്ടാകണം. ഇന്ന് പുസ്തകരൂപത്തിലും ഇലക്ട്രോണിക് സങ്കേതങ്ങളിലും പ്രാപ്യമായ ദൈവവചനം സഭയുടെ പോഷണവും ശക്തിയും, സഭാമക്കളുടെ വിശ്വാസത്തിന്റെ ഉറപ്പും ആത്മാവിൻ്റെ ഭക്ഷണവും ആദ്ധ്യാത്മിക ജീവിതത്തിൻ്റെ ശുദ്ധവും ശാശ്വതവുമായ ഉറവിടവുമായി ഉയർന്നു നില്ക്കണം (DV 21). അനുദിന ദൈവവചനവായനയും പഠനവും പ്രാർത്ഥനയും ക്രിസ്തീയ ആദ്ധ്യാത്മികതയുടെ അവിഭാജ്യഘടകമാകണം. വിശുദ്ധ ഗ്രന്ഥത്തിൻ്റെ ധ്യാനാത്മകമായ വായനയും അതിനു നല്കുന്ന പ്രത്യുത്തരവും (ദൈവികവായന Lectio Divina) സഭ എക്കാലവും പ്രോത്സാഹിപ്പിക്കുന്നുണ്ട്.

കൂദാശാപരമായ ജീവിതം നയിക്കുന്ന ആദ്ധ്യാത്മികത

465. മിശിഹായുടെ രക്ഷണീയകർമ്മത്തെ ജീവിതത്തിൽ അനുഭവവേദ്യവും പ്രാപ്യവുമാക്കുന്ന മാർഗങ്ങളാണ് കൂദാശകൾ. കൂദാശകളും കൂദാശാനുകരണങ്ങളും അവയെ യോഗ്യതയോടെ സ്വീകരിക്കുന്ന വിശ്വാസികളുടെ ജീവിതാവസ്ഥകളെയും സുപ്രധാന ജീവിതസംഭവങ്ങളെയും വിശുദ്ധീകരിക്കുന്നു (ആരാധനക്രമം 60). വിശ്വാസജീവിതത്തിൻ്റെ നിർണ്ണായകാവസരങ്ങളുടെ സഭാത്മകമായ ആഘോഷമാണ് "കൂദാശകൾ'. സഭ അടിസ്ഥാനപരമായ കൂദാശയാണ്. മിശിഹാ ദൈവത്തിൻ്റെ കൂദാശയാണെങ്കിൽ, സഭ മിശിഹായുടെ കൂദാശയാണ്. സഭയുടെ ഈ കൗദാശികമായ സ്വഭാവം വ്യക്തമാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കർമ്മങ്ങളാണ് കൂദാശകൾ. സഭയിൽ സാഘോഷമായി നല്കപ്പെടുന്ന ഏഴു കൂദാശകളും വിശ്വാസ ജീവിതത്തിൻ്റെ നിർണ്ണായക ഘട്ടങ്ങളിലും അവസരങ്ങളിലുമുള്ള ആചരണങ്ങളാണ്. “മാമ്മോദീസ മിശിഹായുടെ ശരീരമായ സഭാ പ്രവേശനത്തിൻ്റെ കൂദാശയാണെങ്കിൽ, 'പൂർണ്ണതയുടെ കൂദാശ' എന്നറിയപ്പെടുന്ന തൈലാഭിഷേകം വിശ്വാസ ജീവിതത്തിൽ അഥവാ അരൂപിയുടെ ജീവിതത്തിൽ സഭാംഗങ്ങളെ പൂർണ്ണമാക്കുന്നതാണ്. 'വിശുദ്ധ കുർബാന' മിശിഹായുടെ ശരീരമായ സഭയെന്ന നിലയിൽ പൂർണ്ണമായി മിശിഹായോട് നമ്മെ ഐക്യപ്പെടുത്തുന്നു. 'അനുരജനകൂദാശ' ദൈവത്തിലേക്കും സഹോദരരിലേക്കുമുള്ള തിരിച്ചുവരവിനെയും, 'തിരുപ്പട്ടം' സഭാഗാത്രത്തിലുള്ള ശുശ്രൂഷാദൗത്യത്തെയും, 'വിവാഹം' സഭയെയും സമൂഹത്തെയും ശുശ്രൂഷിക്കുവാനും വളർത്തുവാനുമുള്ള സമർപ്പണത്തെയും, രോഗീലേപനം സഭാംഗങ്ങളുടെ അത്മികവും ശാരീരികവുമായ സൗഖ്യത്തെയും പ്രഖ്യാപിക്കുന്നു.

ജീവിതത്തിൽ നിർണ്ണായകാവസരങ്ങൾക്കു പുറമേ, വേറെയും പ്രത്യേകാവസരങ്ങൾ സഭാംഗങ്ങൾക്കുണ്ടാവുക സ്വാഭാവികമാണല്ലോ. അത്തരം സന്ദർഭങ്ങളിൽ വിശ്വാസം ഏറ്റുപറയുന്നതിനും വിശുദ്ധീകരിക്കപ്പെടുന്നതിനുമായി സഭാമാതാവ് ഒരുക്കിയിരിക്കുന്ന ശുശ്രൂഷകളാണ് "കൂദാശാനുകരണങ്ങൾ".

ആരാധനാവത്സരചൈതന്യം ജീവിക്കുന്ന ആദ്ധ്യാത്മികത

466. സഭയുടെ ആദ്ധ്യാത്മികജീവിതത്തെ കാതലായി സ്പർശിക്കുന്നതാണ് ആരാധനാവത്സരക്രമീകരണം. ഒരു വത്സരവൃത്തത്തിൽ വിശ്വാസരഹസ്യം സമ്പൂർണ്ണമായും സമഗ്രമായും വിശദമായും ആഘോഷിക്കുന്നതിനും പ്രകാശിപ്പിക്കുന്നതിനും ഏറ്റുപറയുന്നതിനുമുള്ള സംവിധാനമാണ് 'ആരാധനാവത്സരം'. ഈശോമിശിഹായിലും മിശിഹായിൽ പൂർത്തിയായ രക്ഷാകർമ്മത്തിലും കേന്ദ്രീകൃതമായ ആരാധനാവത്സരക്രമീകരണത്തിനാണ് എപ്പോഴും മുൻഗണന. അതനുസരിച്ച് തിരുനാളാഘോഷങ്ങൾ, വിശുദ്ധഗ്രന്ഥ വായനകൾ, ഉപവാസം, നോമ്പ് തുടങ്ങിയവയെല്ലാം കോർത്തിണക്കുമ്പോൾ, മിശിഹായിലുള്ള വിശ്വാസികളുടെ രൂപീകരണത്തിനും വളർച്ചയ്ക്കും അനുയോജ്യമായ ആദ്ധ്യാത്മികശൈലിയുണ്ടാകുന്നു. തദനുസൃതം ജീവിക്കുന്നവർ വിശ്വാസപൂർണ്ണതയിലെത്തുകയും ചെയ്യുന്നു.

സീറോമലബാർസഭയിൽ രക്ഷാകരരഹസ്യങ്ങൾ ചരിത്രത്തിൽ യാഥാർത്ഥ്യമായ ക്രമത്തിൽത്തന്നെ ആരാധനാവത്സരത്തിലെ ഒൻപതു വ്യത്യസ്ത കാലങ്ങളിലൂടെ പുനരാവിഷ്കരിക്കപ്പെടുന്നു. ദൈവത്തിൻ്റെ രക്ഷാകരപ്രവർത്തനങ്ങളെ വർഷം മുഴുവൻ ഓർമ്മിക്കാനും ആചരിക്കാനുമായിട്ടാണിത്. സൃഷ്ടിയിലാരംഭിച്ച രക്ഷാകരകർമ്മം മിശിഹായിൽ പൂർത്തീകരിക്കപ്പെട്ട് ലോകാവസാനത്തിൽ പരിപൂർണ്ണമാകുന്നു. മിശിഹായിലൂടെ പൂർത്തീകരിക്കപ്പെടുന്ന രക്ഷാകരകർമ്മത്തിൻ്റെ വിവിധ ഘട്ടങ്ങൾ അനുസ്മരിക്കുകയും അനുഷ്‌ഠിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ആരാധനാവത്സര കാലഘട്ടങ്ങളുടെ ചൈതന്യത്തിനനുസരിച്ച് ജീവിക്കുന്നവർ മിശിഹായിലേക്കു വളരുന്നു.

രണ്ടാം വത്തിക്കാൻ കൗൺസിൽ പിതാക്കന്മാർ ശക്തമായ ഭാഷയിലാണ് ആരാധനാവത്സരനവീകരണവും തദനുസാരമുള്ള ആദ്ധ്യാത്മികശൈലിയുടെ ആവശ്യകതയും ഊന്നിപ്പറഞ്ഞിട്ടുള്ളത്. (ആരാധനക്രമം 13, 102- 111). ആദ്ധ്യാത്മികജീവിതത്തെ ഏതെങ്കിലും തരത്തിൽ സ്വാധീനിക്കുന്ന ഭക്താഭ്യാസങ്ങൾ ആരാധനാവത്സരക്രമീകരണത്തിനനുസൃതമായിരിക്കണം. അവയ്ക്ക് ആണ്ടുവട്ടത്തിലെ വിവിധ കാലങ്ങളോട് പൊരുത്തമുണ്ടായിരിക്കണം, ആരാധനക്രമത്തിനനുസൃതവുമായിരിക്കണം (ആരാധനക്രമം 13).

യാമപ്രാർത്ഥനയിലധിഷ്ഠിതമായ ആദ്ധ്യാത്മികത

467. സമയത്തിനും കാലത്തിനുമനുസരിച്ചുള്ള വിശ്വാസപ്രഘോഷണമാണ് യാമപ്രാർത്ഥനകൾ. വിശുദ്ധ കുർബാനയുടെ ജീവിതം ദിവസത്തിൻ്റെ യാമങ്ങളിലേക്കും മണിക്കുറികളിലേക്കും നിമിഷങ്ങളിലേക്കും വത്സരത്തിൻ്റെ കാലങ്ങളിലേക്കും വ്യാപിപ്പിക്കുന്ന അതിവിശിഷ്ടമായ ആരാധനാകർമ്മമാണ് യാമപ്രാർത്ഥന. രണ്ടാം വത്തിക്കാൻ കൗൺസിൽ യാമപ്രാർത്ഥനകളുടെ യഥാർത്ഥ സ്വഭാവത്തെപ്പറ്റി പറയുന്നുണ്ട്: “മിശിഹാ തൻ്റെ പുരോഹിതധർമ്മം തിരുസഭ വഴി ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. സഭ വിശുദ്ധ കുർബാനയർപ്പിച്ചുകൊണ്ടുമാത്രമല്ല, പ്രത്യുത, നിരവധി മാർഗങ്ങളിലൂടെ, സർവോപരി, യാമപ്രാർത്ഥനകൾ വഴി കർത്താവിനെ ഇടവിടാതെ സ്തുതിക്കുകയും സർവലോകത്തിൻ്റെയും രക്ഷയ്ക്കായി മാദ്ധ്യസ്ഥ്യം വഹിക്കുകയും ചെയ്യുന്നു" (ആരാധനക്രമം 83).

സഭാസമൂഹത്തിൻ്റെ മുഴുവൻ വിശ്വാസപ്രഘോഷണകർമ്മമാണ് യാമപ്രാർത്ഥന. സഭാഗാത്രത്തിലെ വിവിധാംഗങ്ങളുടെ പ്രത്യേകതകളും സാഹചര്യങ്ങളും കണക്കിലെടുത്ത് ആചരണദൈർഘ്യത്തിലും പ്രാർത്ഥനാസമയത്തിലും വ്യത്യാസങ്ങൾ ഉണ്ടാകാം എന്നുമാത്രം. പതിനാറാം നൂറ്റാണ്ടുവരെയുള്ള മാർത്തോമാ നാസ്രാണികളുടെ ചരിത്രം ഇതിന് ഉത്തമോദാഹരണമാണ്. വൈദികരും വിശ്വാസികളും സന്ധ്യാനമസ്കാരവും രാത്രി - പ്രഭാതജപങ്ങളും ഇടവകദേവാലയങ്ങളിൽ ആഘോഷപൂർവം നടത്തിയിരുന്നു. സഭയുടെ പ്രാർത്ഥനയിൽ പരിശീലിപ്പിക്കപ്പെടുന്നവർക്കു മാത്രമേ വ്യക്തിപരമായി ശരിയായി പ്രാർത്ഥിക്കുവാനും പ്രാർത്ഥനാജീവിതം നയിക്കുവാനും സാധിക്കുകയുള്ളൂ.

ഭക്താനുഷ്ഠാനങ്ങളുടെ ആദ്ധ്യാത്മികത

468. ക്രിസ്ത്യാനികളുടെ ആദ്ധ്യാത്മിക ജീവിതം ആരാധനക്രമത്തിലെ ഭാഗഭാഗിത്വത്തിൽ മാത്രം ഒതുങ്ങി നില്ക്കുന്നതല്ല. മുറിയിൽ കയറി പിതാവിനോട് രഹസ്യത്തിൽ പ്രാർത്ഥിക്കാനും അവർ കടപ്പെട്ടിരിക്കുന്നു (ആരാധനക്രമം 12). അതുകൊണ്ട്, ഭക്താനുഷ്ഠാനങ്ങൾക്ക് ക്രൈസ്തവജീവിതത്തിൽ അർഹിക്കുന്ന പ്രാധാന്യം നല്കപ്പെടണം. പൗരസ്ത്യസഭകൾക്കുവേണ്ടിയുള്ള കാര്യാലയം 1996-ൽ നല്കിയ നിർദേശകരേഖയിൽ പറയുന്നതുപോലെ, ലത്തീൻ സഭയിൽ ഉത്ഭവിച്ചതാണെങ്കിൽപ്പോലും, ചില ഭക്താനുഷ്ഠാനങ്ങൾ (ഉദാ: ജപമാല, കുരിശിൻ്റെ വഴി) പൗരസ്ത്യസഭാംഗങ്ങളുടെ ആത്മീയ വളർച്ചയ്ക്ക് കാരണമായിട്ടുണ്ട് (Instruction, 38). എങ്കിലും പൗരസ്ത്യസഭാംഗങ്ങളുടെ തനതായ ഭക്താനുഷ്ഠാനങ്ങൾക്ക് തടസ്സമുണ്ടാകാത്ത വിധത്തിലാവണം അവ പ്രയോജനപ്പെടുത്തുകയെന്നും ഈ രേഖ നിർദേശിക്കുന്നു.

സീറോമലബാർ സഭയുടെ പാരമ്പര്യത്തിലുണ്ടായിരുന്ന ചില ഭക്താനുഷ്ഠാനങ്ങൾ താഴെ പറയുന്നവയാണ്. അവ ശ്രദ്ധാപൂർവ്വം പരിപോഷിപ്പിക്കുന്നത് ആധ്യാത്മികവളർച്ചയ്ക്ക് തീർച്ചയായും സഹായകമായിരിക്കും.

സ്ലീവായുടെയും സുവിശേഷത്തിന്റെയും വണക്കം

469. മാർത്തോമ്മാ ക്രിസ്ത്യാനികളുടെ പരമ്പരാഗതമായ ഭക്താനുഷ്ഠാനങ്ങളിൽ ഒന്നാണ് സ്ലീവായോടും ഏവൻഗേലിയോൻ (സുവിശേഷം) പുസ്തകത്തോടുമുള്ള വണക്കം. അവ അൾത്താരയിൽത്തന്നെ ഇരുവശങ്ങളിലുമായി സൂക്ഷിക്കുകയും ആഘോഷ പൂർവ്വകമായ പ്രദക്ഷിണാവസരങ്ങളിൽ മദ്ബഹായിൽ നിന്ന് പുറത്തേക്ക് കൊണ്ടുവരികയും ചെയ്യുന്നു. അങ്ങനെയുള്ള അവസരങ്ങളിൽ വിശ്വാസികൾ ഭക്ത്യാദരവുകളോടെ അവ ചുംബിക്കുന്ന പതിവും ഉണ്ടായിരുന്നു. സ്ലീവാ ഈശോമിശിഹായിലുള്ള വിശ്വാസത്തിൻ്റെ അടയാളമാണ്. ഓരോ സഭയും സ്വന്തം വിശ്വാസവീക്ഷണത്തിനനുസൃതമായാണ് സ്ലീവായ്ക്ക് രൂപഭാവങ്ങൾ കൊടുത്തിട്ടുള്ളത്. മാർത്തോമ്മാനസ്രാണികളുടെ വിശ്വാസജീവിതത്തെ സ്വാധീനിച്ചിട്ടുള്ള മറ്റൊരു അടയാളമാണ് ഏവൻഗേലിയോൻ ഗ്രന്ഥം. തങ്ങളെ നിരന്തരം നയിച്ചുകൊണ്ടിരിക്കുന്ന ജീവിക്കുന്ന മിശിഹായുടെ പ്രതീകമായിട്ടാണ് ദൈവാരാധനയിൽ വായിക്കുന്ന സുവിശേഷഗ്രന്ഥത്തെ അവർ കണക്കാക്കിയിരുന്നത്. അത് അൾത്താരയുടെ വലത്തുവശത്ത് പൂജ്യമായി പ്രതിഷ്ഠിച്ചിരുന്നു. ദൈവാരാധനയിൽ പ്രഘോഷണം ചെയ്യുന്നതിനും പ്രദക്ഷിണങ്ങളിൽ സംവഹിക്കുന്നതിനുമായി മാത്രമേ അത് മദ്ബഹായ്ക്ക് പുറത്തെടുത്തിരുന്നുള്ളു.

തിരുനാളുകൾ

470. ആരാധനാവത്സരത്തിനനുസൃതമായ തിരുനാളുകൾ സാഘോഷം കൊണ്ടാടിയിരുന്നവരാണ് മാർത്തോമ്മാനസ്രാണികൾ. ഈശോയുടെ ജനനം, ദനഹാ, ഉയിർപ്പ്, പന്തക്കുസ്താ, രൂപാന്തരീകരണം, സ്ലീവായുടെ പുകഴ്ച തുടങ്ങിയ രക്ഷകൻ്റെ തിരുനാളുകൾക്കാണ് അവർ പ്രഥമസ്ഥാനം നല്കിയിരുന്നത്. പരിശുദ്ധ കന്യകാമറിയത്തിൻ്റെയും മാർ തോമ്മാശ്ലീഹായുടെയും തിരുനാളുകൾക്ക് രണ്ടാം സ്ഥാനം കല്പിച്ചിരുന്നു. ദേവാലയമധ്യസ്ഥൻ്റെ തിരുനാളും അവർ ഉചിതമായി ആഘോഷിച്ചിരുന്നു. ജൂലൈ മൂന്നാം തീയതിയിലെ 'ദുക്റാനത്തിരുനാൾ കുടുംബനാഥൻ്റെ മരണയോർമ്മയാചരിക്കുന്ന ശൈലിയിൽത്തന്നെ കൊണ്ടാടിയിരുന്നു.

നോമ്പും ഉപവാസവും

471. മാർത്തോമ്മാ നസ്രാണികളുടെ ആദ്ധ്യാത്മികജീവിതം കരുപ്പിടിപ്പിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചിട്ടുള്ള മറ്റൊരു ഘടകമാണ് നോമ്പും ഉപവാസവും. ഞായറാഴ്ചകളെല്ലാം ഉയിർപ്പുദിനങ്ങൾ പോലെയാണ് അവർ കൊണ്ടാടിയിരുന്നത്. മിശിഹായുടെ മരണത്തിൻ്റെ ഓർമ്മദിനമായ വെള്ളിയാഴ്ചയും പരിശുദ്ധകന്യകാമറിയത്തെ ബഹുമാനിക്കുന്നതിനായി നീക്കിവച്ചിരുന്ന ബുധനാഴ്ചയും ആണ്ടുവട്ടംമുഴുവൻ ഉപവാസദിവസങ്ങളായി പരിഗണിച്ചിരുന്നു. കൂടാതെ, ആരാധനാവത്സരക്രമീകരണത്തിനനുസരിച്ച് ചില പ്രത്യേക ഉപവാസങ്ങളും വളരെ നിഷ്കർഷയോടെ അവർ പാലിച്ചിരുന്നു.

ഉപവാസം മിശിഹായോടൊത്തുള്ള സഹവാസമായി പരിഗണിച്ചിരുന്നതിനാൽ മൂന്നു കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പ്രാർത്ഥന, ഉപവാസം, ദാനധർമ്മം. മത്തായി സുവിശേഷകൻ ഗിരി പ്രഭാഷണത്തിൽ അവതരിപ്പിക്കുന്ന മൂന്നു സത്കൃത്യങ്ങളാണ് അവ (മത്താ. 6:1-18). ഉപവാസദിനങ്ങളിൽ കൂടുതൽ സമയം പ്രാർത്ഥനയ്ക്കായി നീക്കിവയ്ക്കുന്നതിനും അതുവഴികൂടുതൽ സമയം ദൈവവുമായുള്ള സഹവാസത്തിൽ കഴിയുന്നതിനും ശ്രമിച്ചിരുന്നു. സഭാത്മകവും വ്യക്തിപരവുമായ പ്രാർത്ഥനാജീവിതത്തിൽ കൂടിയാണ് അവർ ഇതു പ്രാവർത്തികമാക്കിയിരുന്നത്. ഇഷ്ടഭോജ്യങ്ങളും ഇഷ്ടശീലങ്ങളും മിശിഹായോടുള്ള സ്നേഹത്താൽ വർജ്ജിച്ചിരുന്നു. സ്നേഹം ത്യാഗമാവശ്യപ്പെടുന്നതാണല്ലോ. "ലൗകിക സമ്പത്തുണ്ടായിരിക്കേ, ഒരുവൻ തൻ്റെ സഹോദരനെ സഹായമർഹിക്കുന്നുവനായി കണ്ടിട്ടും അവനെതിരെ ഹൃദയം അടയ്ക്കുന്നെങ്കിൽ അവനിൽ ദൈവസ്നേഹം എങ്ങനെ കുടികൊള്ളും?" (1 യോഹ 3:17) എന്ന യോഹന്നാൻ ശ്ലീഹായുടെ ചോദ്യത്തിന്റെ വെളിച്ചത്തിൽ മാർത്തോമ്മാനസ്രാണികൾ ഉപവാസദിനങ്ങളിൽ പ്രത്യകസഹായം ആവശ്യമുള്ളവരെ സഹായിക്കുന്നതിൽ ശ്രദ്ധിച്ചിരുന്നു. സാമ്പത്തികമായി സഹായിക്കുവാൻ ബുദ്ധിമുട്ടുള്ളവർ ഭൗതികമായോ ആദ്ധ്യാത്മികമായോ സഹായിക്കുന്നതിന് പരിശ്രമിച്ചിരുന്നു. അങ്ങനെ വിശ്വാസജീവിതത്തിൻ്റെ ദൈവോന്മുഖവും പരോന്മുഖവുമായ മാനങ്ങൾ ഒന്നിപ്പിച്ചുകൊണ്ടുള്ള ആചരണമാണ് നോമ്പും ഉപവാസവും.

കുടുംബ്രപ്രാർത്ഥന

472. മാർത്തോമ്മാ നസ്രാണികളുടെ ആദ്ധ്യാത്മികതയെ വളരെയധികം സ്വാധീനിച്ചിരുന്ന മറ്റൊരു ഭക്താഭ്യാസമാണ് കുടുംബ്രപ്രാർത്ഥന. കുടുംബാംഗങ്ങൾ എല്ലാവരും വൈകിട്ട്, പലപ്പോഴും രാവിലെയും, സാധിക്കുമെങ്കിൽ ഒരു നിശ്ചിത സമയത്ത്, ഒരുമിച്ചുകൂടി പ്രാർത്ഥിക്കുന്ന പതിവ് ഉണ്ടായിരുന്നു. ഇന്നും ഒരു പരിധിവരെ ഈ പതിവ് നിലനില്ക്കുന്നുണ്ട്. കുടുംബപ്രാർത്ഥനയാണ് സഭയിലെ  കുടുംബങ്ങളുടെ കെട്ടുറപ്പിന് അടിസ്ഥാനമായിരുന്നത്. കുടുംബനാഥനോ അദ്ദേഹം നിയോഗിക്കുന്ന മറ്റാരെങ്കിലുമോ ആണ് പ്രാർത്ഥനയ്ക്ക് നേതൃത്വം കൊടുക്കുന്നത്. സഭയുടെ പ്രാർത്ഥനയുടെ ഭാഗമായ സങ്കീർത്തനങ്ങളും ഗീതങ്ങളുമായിരുന്നു അവയുടെ ഉള്ളടക്കം. എന്നാൽ, ഇപ്പോൾ ആ സ്ഥാനത്ത് ജപമാല പ്രാർത്ഥനയാണ് പൊതുവേ കണ്ടുവരുന്നത്. എന്നാൽ ചിലയിടങ്ങളിൽ യാമപ്രാർത്ഥനയ്ക്ക് വീണ്ടും ഇടം കിട്ടിയിട്ടുണ്ട്. ആരാധനാവത്സര പഞ്ചാംഗമനുസരിച്ചുള്ള വിശുദ്ധഗ്രന്ഥ വായനയും കുടുംബപ്രാർത്ഥനയുടെ അവശ്യഘടകമായി മാറേണ്ടതാണ്.

തീർത്ഥാടനങ്ങൾ

473. സഭ അടിസ്ഥാനപരമായി തീർത്ഥാടക സമൂഹമാണ്. ഈ ലോകത്തിൽ ജീവിക്കുന്ന സഭ നിരന്തരം സ്വർഗ്ഗരാജ്യത്തെ പ്രതീക്ഷിച്ച് യാത്ര ചെയ്യുന്ന സമൂഹമാണ്. ഉത്ഥിതനായ മിശിഹായുടെ നേതൃത്വത്തിലും മിശിഹായോടൊപ്പവും സ്വർഗ്ഗാന്മുഖമായി യാത്ര ചെയ്യുന്ന സമൂഹമായിട്ടാണ് രണ്ടാം വത്തിക്കാൻ കൗൺസിൽ സഭയെ വിശേഷിപ്പിക്കുന്നത് (തിരുസഭ 9). കാർമ്മികൻ്റെ നേതൃത്വത്തിൽ സ്ലീവായിലേക്കുതിരിഞ്ഞ് കുർബാനയർപ്പിക്കുമ്പോഴും ഇതര പ്രാർത്ഥനാകർമ്മങ്ങളിൽ പങ്കുകൊള്ളുമ്പോഴും തങ്ങളുടെ തീർത്ഥാടകസ്വഭാവമാണ് മാർത്തോമ്മാവിശ്വാസികൾ ഏറ്റുപറയുന്നത്. ദൈവാരാധനയോടു ബന്ധപ്പെട്ട ചെറുതും വലുതുമായ പ്രദക്ഷിണങ്ങളിലൂടെയും ഇതേ വസ്തുത തന്നെയാണ് നാം പ്രഘോഷിക്കുന്നത്.

കൂടാതെ, മലയാറ്റൂർ പോലെയുള്ള പ്രശസ്തങ്ങളായ തീർത്ഥാടനകേന്ദ്രങ്ങളും മാർത്തോമ്മാ നസ്രാണികൾക്കുണ്ട്. പുരാതനങ്ങളായ അത്തരം കേന്ദ്രങ്ങളിലെല്ലാം തന്നെ ഉത്ഥിതനായ മിശിഹായുടെ പ്രതീകമായ വിശുദ്ധ സ്ലീവായെയാണ് വണങ്ങുന്നത്. വളരെ വിദൂരത്തിലായിരുന്നെങ്കിലും, മൈലാപ്പൂരിലുള്ള തോമാശ്ലീഹായുടെ കബറിടത്തിങ്കലേക്കു കാല്നടയായിപ്പോലും തീർത്ഥാടകസംഘങ്ങൾ പലപ്പോഴും പോയിരുന്നു. ദീർഘനാൾ നോമ്പും പരിത്യാഗവും കർശനമായി അനുഷ്ഠിച്ചതിനുശേഷമാണ് തീർത്ഥാടനം നടത്തിയിരുന്നത്. അങ്ങനെ, തീർത്ഥാടനങ്ങൾ നസ്രാണികളുടെ ആദ്ധ്യാത്മികതയെ രൂപപ്പെടുത്താൻ സഹായിച്ചിരുന്നു.

ജനന മരണകർമ്മങ്ങൾ

474. ജനന മരണാവസരങ്ങളോടനുബന്ധിച്ച് പലവിധത്തിലുള്ള കർമ്മങ്ങളും ആചരണങ്ങളും നടത്തുന്ന പതിവ് സീറോമലബാർ സഭയിലുണ്ടായിരുന്നു. അവയും സഭാംഗങ്ങളുടെ ആദ്ധ്യാത്മികതയെ പ്രകാശിപ്പിക്കുന്നവയായിരുന്നു.

475. ജനനത്തോടനുബന്ധിച്ചുള്ള കർമ്മങ്ങൾ മിക്കവയും സ്ഥലത്തെ സാമൂഹികാചാരങ്ങൾതന്നെയാണ്. വിശ്വാസസംബന്ധമായ ചില ഘടകങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ടെന്നതൊഴിച്ചാൽ, കാര്യമായ വ്യത്യാസങ്ങളില്ലായിരുന്നു. വിശുദ്ധഗ്രന്ഥത്തിലുള്ള പേരുകളാണ് അവർ കുഞ്ഞുങ്ങൾക്കിട്ടിരുന്നത്. അവ സ്ഥലത്തെ ഭാഷാ ശൈലിയിൽ ഉപയോഗിച്ചിരുന്നുവെന്നു മാത്രം. ആഭരണങ്ങൾ സ്ലീവാചേർത്തു രൂപപ്പെടുത്തിയിരുന്നു.

476. മരണാവസരങ്ങളിലുള്ള കർമ്മങ്ങൾ വളരെ വിപുലങ്ങളാണ്. അവ കർശനമായ നോമ്പും പരിത്യാഗവും ആരാധനക്രമകർമ്മങ്ങളും ഉൾപ്പെടുന്നവയുമാണ്. മൃതസംസ്കാരം കഴിയുന്നതുവരെ മരിച്ച വീട്ടിൽ ഭക്ഷണം പാകം ചെയ്യുകയോ ഏറ്റവും അടുത്ത ബന്ധത്തിലുള്ളവർ എന്തെങ്കിലും ഭക്ഷിക്കുകയോ ചെയ്യുന്ന പതിവുണ്ടായിരുന്നില്ല. സംസ്കാരാനന്തരം വൈദികൻ പരേതൻ്റെ പരേതയുടെ ഭവനത്തിൽ ചെന്ന് കരിക്കിൻവെള്ളം ആശീർവദിക്കുകയും മരിച്ചയാളുടെ ഉറ്റവരുമായി അതു പങ്കുവയ്ക്കുകയും ചെയ്യുന്ന പതിവ് ഇപ്പോഴും ചില സ്ഥലങ്ങളിൽ നിലവിലുണ്ട്. അവരുടെ ദുഃഖത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിൻ്റെ അടയാളമായിട്ടായിരുന്നു ഈ ഭവനസന്ദർശനം. അതുപോലെ, പ്രത്യേക പ്രാർത്ഥനകൾ നടത്തുകയും വീടു വെഞ്ചരിക്കുകയും, തുടർന്ന് ലളിതമായ സസ്യഭക്ഷണത്തിൽ (നാളോത്ത്) പങ്കുകൊള്ളുകയും ചെയ്യുന്ന പതിവും ചില സ്ഥലങ്ങളിൽ നിലവിലുണ്ട്. സംസ്കാരത്തോടനുബന്ധിച്ച് ഉദാരമായി ധർമ്മദാനം ചെയ്യുന്ന പതിവും മിക്കവാറും തുടരുന്നുണ്ട്.

മരണത്തെത്തുടർന്ന് ഉറ്റവർ കുറേ ദിവസത്തേക്ക് നോമ്പും ഉപവാസവും അനുഷ്ഠിക്കുന്നത് സർവസാധാരണമാണ്. അത് നാല്പത്തൊന്നാം ദിവസംവരെ നീട്ടുന്ന പതിവും പല സ്ഥലങ്ങളിലുമുണ്ട്. ചില സ്ഥലങ്ങളിൽ ഏഴ്, ഒമ്പത്, പതിമൂന്ന് തുടങ്ങിയ ദിവസങ്ങളിലോ മറ്റേതെങ്കിലും ദിവസങ്ങളിലോ പ്രത്യക ഓർമ്മയാചരണം നടത്താറുണ്ട്. ഈ ഓർമ്മദിനത്തിൽ പള്ളിയിലും കബറിടത്തിങ്കലും വീട്ടിലും പ്രത്യേക പ്രാർത്ഥനകൾ ('മന്ത്ര') നടത്തുകയും അവരവരുടെ കഴിവനുസരിച്ച് ബന്ധുക്കൾക്കും സ്നേഹിതർക്കും ഭക്ഷണം നല്കുകയും ചെയ്യുന്ന പതിവുണ്ട്.

മരണത്തിൻ്റെ വാർഷികാഘോഷത്തിന് 'ചാത്തം' (ശ്രാദ്ധം) എന്നാണു പറയുന്നത്. ഇങ്ങനെ മരിച്ചവർക്കുവേണ്ടി പ്രത്യേകമായി നടത്തുന്ന ഓർമ്മയാചരണങ്ങളിലെല്ലാം ക്ഷണിതാക്കൾ മരിച്ചവർക്കുവേണ്ടിയുള്ള പ്രാർത്ഥനകളിൽ പങ്കുചേരുന്നതിനു പുറമേ, തുടർന്നും അവർക്കുവേണ്ടി ആരാധനാകർമ്മങ്ങൾ നടത്തുന്നതിന് തങ്ങളാൽ ആവുന്ന സംഭാവനകൾ (അന്നീദാ പണം) നല്കാറുമുണ്ട്. കുടുംബാംഗങ്ങൾ മാതാപിതാക്കളുടെ ഓർമ്മ എല്ലാ വർഷവും ആചരിക്കുന്ന പതിവുമുണ്ട്.

പെസഹാഭക്ഷണം

477. പെസഹാവ്യഴാഴ്ച മാർത്തോമ്മാ ക്രിസ്ത്യാനികളുടെ ഭവനങ്ങളിൽ നടക്കുന്ന പെസഹാഭക്ഷണം ലോകത്തിൽ മറ്റൊരിടത്തും കണ്ടെത്താനാകാത്ത പ്രത്യേകാചരണമാണ്. ആരംഭത്തിൽ അവർക്ക് യഹൂദമതത്തോടുണ്ടായിരുന്ന ബന്ധവും അത് സൂചിപ്പിക്കുന്നുണ്ടാവാം. പെസഹാദിനത്തിൽ അവരുടെ ഭവനങ്ങളിൽ വിശേഷാൽ തയ്യാറാക്കുന്ന കുരിശപ്പവും പാലുമാണ് പെസഹാഭക്ഷണ വിഭവങ്ങൾ. യഹൂദന്മാർ ആഘോഷപൂർവം കൊണ്ടാടിയിരുന്ന പെസഹാ ഭക്ഷണത്തിൻ്റെയും (പുറ 12:1-4) അന്ന് മിശിഹാ മനുഷ്യമക്കളോടുള്ള സ്നേഹത്തിൻ്റെ പാരമ്യത്തിൽ സ്ഥാപിച്ച വിശുദ്ധ കുർബാനയുടെയും (മത്താ 26:26-30) സാഹചര്യങ്ങളോട് അനുരൂപപ്പെടുത്തി നടത്തുന്ന കുടുംബാചരണമെന്ന നിലയിൽ പെസഹാഭക്ഷണം വളരെ ശ്ലാഘനീയമാണ്. കുടുംബനായിക വിഭവങ്ങൾ തയ്യാറാക്കുന്നതിനു നേതൃത്വം കൊടുക്കുമ്പോൾ ഭക്ഷണം പങ്കുവയ്ക്കുന്ന കർമ്മത്തിന് കുടുംബനാഥൻ നേതൃത്വം നല്കുന്നു. കുടുംബാംഗങ്ങൾ ആരെങ്കിലും മരിക്കുന്ന വർഷം കുരിശപ്പം ഉണ്ടാക്കാറില്ല. അയൽവാസികളോ ബന്ധുക്കളോ കൊണ്ടുവരുന്ന അപ്പം ഭക്ഷിക്കുക മാത്രം ചെയ്യുന്നു.

പെസഹാവ്യാഴാഴ്ച യഹൂദരുടെ പെസഹാക്ഷണവും വിശുദ്ധ കുർബാന സ്ഥാപനവും അനുസ്മരിപ്പിക്കുന്ന പ്രത്യേക പ്രാർത്ഥനകൾക്കുശേഷം കുടുംബനാഥൻ അപ്പം മുറിച്ച് എല്ലാവർക്കും കൊടുക്കുകയും എല്ലാവരും നിന്നുകൊണ്ടുതന്നെ ആദ്യ കഷണം പാലിൽ മുക്കി ഭക്ഷിക്കുകയും ചെയ്യുന്നു. ക്രൈസ്തവരല്ലാത്തവർക്ക് കുരിശപ്പം കൊടുക്കാറില്ല. അതിനായി മറ്റു തരത്തിലുള്ള അപ്പം തയ്യാറാക്കുന്നു. പെസഹാഭക്ഷണത്തിൻ്റെ അവസാനം നന്ദിപ്രകടനപ്രാർത്ഥന നടത്താറുണ്ട്. അന്ന് പുത്തൻപാന വായിക്കുന്ന പാരമ്പര്യവും മാർത്തോമ്മാ നസ്രാണികളുടെ ഇടയിലുണ്ട്.

ശ്ലീഹന്മാരുടെ നേർച്ചയും മൂത്തിയൂട്ടും

478. ചില പ്രത്യേകാവസരങ്ങളിൽ വ്രതങ്ങളെടുക്കുകയും നേർച്ച നേരുകയും ചെയ്യുന്ന പതിവും മാർത്തോമ്മാനാണികളുടെ ഇടയിൽ കാണാറുണ്ട്. അവയിൽ സർവസാധാരണമാണ് 'പന്ത്രണ്ടു ശ്ലീഹന്മാരുടെ നേർച്ച'. പ്രസ്തുത നേർച്ച നിറവേറ്റുന്ന ദിവസം പള്ളിയിൽ ആഘോഷപൂർവം വിശുദ്ധ കുർബാനയർപ്പിക്കുകയും, പള്ളിയിൽത്തന്നെയോ വീട്ടിൽ വച്ചോ പന്ത്രണ്ടു പൈതങ്ങളുടെ കാലുകഴുകി മുത്തുകയും ചെയ്യുന്ന കർമ്മമാണ് ഇത്. നേർച്ച നേർന്ന ആളാണ് കാലുകഴുകി മുത്തുന്നത്. സാധാരണമായി ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിച്ച് അവരുടെ സാന്നിദ്ധ്യത്തിലും സഹകരണത്തിലുമാണ് എല്ലാം നടത്തുന്നത്. എല്ലാവർക്കും സമൃദ്ധമായ ഭക്ഷണവും കൊടുക്കാറുമുണ്ട്.

479. മുത്തിയൂട്ടിന് തിരുക്കുടുംബത്തെ അനുസ്മരിച്ച് പിതാവും മാതാവും കുട്ടിയും ഉൾപ്പെടുന്ന ഒരു സാധുകുടുംബത്തിന് സമമായ ഭക്ഷണവും, വസ്ത്രങ്ങളും സമ്മാനിക്കുന്ന പതിവാണുള്ളത്. ചുരുക്കത്തിൽ, നേർച്ചകാഴ്ചകളിലെല്ലാം ക്രിസ്തീയവിശ്വാസത്തിൻ്റെ സ്വർഗ്ഗോന്മുഖവും പരോന്മുഖവുമായ മാനങ്ങൾ സമ്യക്കായി പ്രകാശിപ്പിക്കുന്നതിൽ മാർത്തോമ്മാ നസ്രാണികൾ സവിശേഷമായി ശ്രദ്ധിച്ചിരുന്നുവെന്നു കാണാം.

ഭജന

480. ദേവാലയങ്ങളിലും തീർത്ഥാടനകേന്ദ്രങ്ങളിലും ഭജനയിരിക്കുന്ന പതിവ് സ്ത്രീകളുടെയിടയിൽ സാധാരണമാണ്. പലപ്പോഴും സന്താനഭാഗ്യത്തിനായും ഈ ഭക്താഭ്യാസം നടത്താറുണ്ട്. രാവിലത്തെ വിശുദ്ധ കുർബാനയോടുകൂടി ആരംഭിച്ച്, സന്ധ്യാനമസ്കാരത്തോടുകൂടി അവസാനിപ്പിക്കുന്ന ഒരു ഭക്താഭ്യാസമാണ് ഇത്. പരിശുദ്ധ കന്യകാമറിയത്തിൻ്റെ ജനനത്തിരുനാളിനൊരുക്കമായുള്ള എട്ടു നോമ്പാചരണാവസരങ്ങളിൽ ഈ ഭക്താഭ്യാസം ഇന്നും ചില സ്ഥലങ്ങളിൽ നടക്കുന്നുണ്ട്. ഭജനയിരിക്കുന്നവർ വിശുദ്ധഗ്രന്ഥവായനയിലും പ്രാർത്ഥനയിലും ദേവാലയത്തിൽ ചെലവഴിക്കുന്നു.

ഇപ്രകാരം മിശിഹാരഹസ്യത്തോട് ഉൾച്ചേർന്ന്, സഭയുടെ ആരാധനക്രമത്തിൽ സജീവമായി പങ്കുചേർന്നുകൊണ്ടും, ആരാധനാ വത്സരചൈതന്യം ജീവിച്ചുകൊണ്ടും ആരാധനക്രമത്തോടു ചേർന്നു പോകുന്ന ഭക്തകൃത്യങ്ങൾ അനുഷ്ഠിച്ചുകൊണ്ടുമാണ് ആരാധന ക്രമധിഷ്‌ഠിത ആദ്ധ്യാത്മികത ജീവിക്കാൻ സാധിക്കുന്നത്.

സീറോമലബാർ സഭയുടെ ആരാധനക്രമ ആദ്ധ്യാത്മികത ക്രിസ്തീയ ആദ്ധ്യാത്മികതയുടെ മാനങ്ങൾ ത്രിത്വകൂട്ടായ്മയിലുള്ള ജീവിതംമിശിഹായിലുള്ള ജീവിതം പരിശുദ്ധാത്മാവിലുള്ള ജീവിതം സഭയിലുള്ള ജീവിതം സമൂഹത്തിലുള്ള ജീവിതം ആരാധനക്രമാധിഷ്ഠിതമായ ക്രിസ്തീയ ആദ്ധ്യാത്മികത സഭ: ആരാധനാസമൂഹം ആദ്ധ്യാത്മികജീവിതവും സഭയുടെ ആരാധനാജീവിതവും ആരാധനക്രമാധിഷ്ഠിത ആദ്ധ്യാത്മികത സീറോമലബാർ സഭയിൽ വിശുദ്ധ കുർബാനയിൽ കേന്ദ്രീകൃതമായ ആദ്ധ്യാത്മിക ദൈവവചനാധിഷ്ഠിതമായ ആദ്ധ്യാത്മികത കൂദാശാപരമായ ജീവിതം നയിക്കുന്ന ആദ്ധ്യാത്മികത ആരാധനാവത്സരചൈതന്യം ജീവിക്കുന്ന ആദ്ധ്യാത്മികത യാമപ്രാർത്ഥനയിലധിഷ്ഠിതമായ ആദ്ധ്യാത്മികത ഭക്താനുഷ്ഠാനങ്ങളുടെ ആദ്ധ്യാത്മികത സ്ലീവായുടെയും സുവിശേഷത്തിന്റെയും വണക്കം തിരുനാളുകൾ നോമ്പും ഉപവാസവും കുടുംബ്രപ്രാർത്ഥന തീർത്ഥാടനങ്ങൾ ജനന മരണകർമ്മങ്ങൾ പെസഹാഭക്ഷണം ശ്ലീഹന്മാരുടെ നേർച്ചയും മൂത്തിയൂട്ടും ഭജന Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message