We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Leonardo Boff On 10-Feb-2021
പുത്രന്‍ എന്ന വ്യക്തി - സംവേദന ത്തിന്‍റെ
രഹസ്യവും വിമോചനത്തിന്‍റെ തത്വവും
ആരാണ് പുത്രന്‍? നിത്യമായ സംവേദനം
കൂടെനിന്നുകൊണ്ട് നിത്യമായി പിതാവുമായി സംവേദനം ചെയ്യുന്ന വ്യക്തിയാണ് പുത്രന്‍. പിതാവിന്‍റെ സമ്പൂര്‍ണ്ണ ആവിഷ്ക്കാരമാണ് അവിടുന്ന്. പിതാവ് നിത്യതയിലും കാരുണ്യത്തിന്‍റെ രഹസ്യത്തിലും തന്നെത്തന്നെ അറിയുന്നത് പുത്രനിലാണ്. പുത്രന്‍ ദൈവത്തില്‍ വ്യത്യസ്തതയും കൂട്ടായ്മയും പ്രകടമാക്കുന്നു. അതിനാല്‍ പിതാവും പുത്രനും പരസ്പരം അറിഞ്ഞുകൊണ്ടും അംഗീകരിച്ചുകൊണ്ടും സമര്‍പ്പിച്ചുകൊണ്ടും നിത്യവും ഒരുമിച്ചു വസിക്കുന്നു. രക്ഷണീയ കൃത്യത്തിലൂടെ സൃഷ്ടിയെ പൂര്‍ണ്ണതയിലെത്തിക്കുവാന്‍ പുത്രന്‍ മനുഷ്യാവതാരം ചെയ്തു. തന്‍റെ മനുഷ്യാവതാരത്തിലൂടെ കൂട്ടായ്മയുടെ രഹസ്യം അതായത് ത്രിയേക ദൈവരഹസ്യം അവന്‍ വെളിപ്പെടുത്തി. നേരത്തെ സൂചിപ്പിച്ചതുപോലെ വ്യക്തികളുടെയിടയില്‍ വിമോചകാത്മകമായ പ്രവര്‍ത്തനത്തിലൂടെ അവിടുന്നു പിതാവിനെ നമുക്കു വെളിപ്പെടുത്തി. അവിടുന്ന് പ്രസരിപ്പിച്ച നവീകരണ ശക്തി പരിശുദ്ധാത്മാവിന്‍റെ സാന്നിധ്യം സൂചിപ്പിച്ചു. എങ്ങനെയാണ് സഹിക്കുന്നവരുമായി ഐക്യദാര്‍ഢ്യമുള്ള ആ പാവപ്പെട്ട മനുഷ്യന്‍, നസ്രത്തിലെ യേശു പരി.ത്രിത്വത്തിലെ രണ്ടാമത്തെ ആളായ പുത്രനെ നമുക്കു വെളിപ്പെടുത്തിത്തന്നത്? സുവിശേഷങ്ങളെ അവ എഴുതിയിരിക്കുന്നതുപോലെയെടുത്താല്‍ നമുക്ക് അതു കാണാന്‍ വിഷമമില്ല. പിതാവിന്‍റെ രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവനായും തന്നില്‍ വസിക്കുന്ന പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ ദരിദ്രര്‍ മുതല്‍ എല്ലാവര്‍ക്കു സമ്പൂര്‍ണ്ണവിമോചനം നല്കുന്ന മധ്യസ്ഥനായും തീക്ഷ്ണമായ സാന്നിധ്യമായി പുത്രന്‍ അവിടെ നിലകൊള്ളുന്നു. യേശുവിന്‍റെ വാക്കുകളെയും പ്രവര്‍ത്തനങ്ങളെയും മാത്രമല്ല യേശു സംഭവത്തെക്കുറിച്ച് ആദിമക്രൈസ്തവ സമൂഹങ്ങള്‍ക്കുണ്ടായിരുന്ന വിചിന്തനങ്ങളെയും പുതിയ നിയമഗ്രന്ഥങ്ങള്‍ ശേഖരിച്ചുവയ്ക്കുന്നുണ്ട്. ചരിത്രപുരുഷനായ യേശുവില്‍ നിന്ന് ലഭിച്ചിട്ടുള്ളതും അദ്ദേഹത്തിന്‍റെ അനുയായികളില്‍ നിന്ന് ലഭിച്ചിട്ടുള്ളതും തിരിച്ചറിയുക എന്നത് ഇന്ന് അത്ര എളുപ്പമല്ല. യേശുവും ആദിമക്രൈസ്തവരുടെ വിചിന്തനങ്ങളും ദൈവപുത്രസന്നിധിയിലാണ് നമ്മള്‍ നില്ക്കുന്നത് എന്നതിനു കൃത്യമായി സാക്ഷ്യം നല്കുന്നു എന്ന കാര്യമാണ് പ്രധാനപ്പെട്ടത്. നമ്മുടെ ദുരിതങ്ങളുടെ മധ്യത്തിലാണ് ദൈവപുത്രന്‍ തന്‍റെ കൂടാരമുറപ്പിച്ചത്.
താന്‍ ദൈവപുത്രനാണെന്ന സത്യം ആദ്യമേ കാണിച്ചു തന്നത് പ്രാര്‍ത്ഥനയിലാണ്. അവിടുന്ന് എപ്പോഴും ദൈവത്തെ ആബാ (പിതാവേ) എന്നാണ് അഭിസംബോധന ചെയ്യുന്നത്. ദൈവത്തെ പിതാവേ എന്നു വിളിക്കുന്നയാളിനു താന്‍ പുത്രനാണ് എന്ന അവബോധമുണ്ട്. അതുപോലെ തന്നെ ദൈവത്തെ പിതാവേ എന്നു വിളിക്കുവാന്‍ അവിടുന്നു നമ്മെയും പഠിപ്പിച്ചു. ദൈവത്തിന്‍റെ പുത്രന്മാരും പുത്രിമാരുമായി നമ്മെത്തന്നെ മനസ്സിലാക്കുവാനും അതിന്‍റെ ഫലമായി നമ്മള്‍ സഹോദരീ സഹോദരന്മാരാണ് എന്ന ബോധ്യമുളവാക്കുവാനും അവിടുന്നു നമ്മെ പഠിപ്പിച്ചു. രണ്ടാമതായി ദൈവപുത്രന്‍ എന്ന നിലയിലാണ് അവിടുന്നു പ്രവര്‍ത്തിക്കുന്നത്. പിതാവിന്‍റെ പ്രാതിനിധ്യം സ്വീകരിച്ചുകൊണ്ട് പിതാവ് പ്രവര്‍ത്തിക്കുന്നതുപോലെ അവിടുന്നു പ്രവര്‍ത്തിക്കുന്നു (യോഹ 5:17). പിതാവ് ദയാമസൃണനായിരിക്കുന്നതുപോലെ അവിടുന്നും ദയാമസൃണനാണ്. അവിടുന്നും പാപങ്ങള്‍ മോചിക്കുന്നു. പാപികളോടൊപ്പം ജീവിച്ചുകൊണ്ട് പിതാവിന്‍റെ ക്ഷമ അവിടുന്നു ഉറപ്പുവരുത്തുന്നു. മൂന്നാമതായി അവിടുന്നു ദൈവരാജ്യം സ്ഥാപിക്കുവാനുള്ള പിതാവിന്‍റെ പദ്ധതി പ്രലോഭന മധ്യത്തില്‍പ്പോലും മരണത്തോളം അനുസരിക്കുന്നു. പീഡനങ്ങളുടെ മുമ്പിലും അവിടുന്നു വിശ്വസ്തത പാലിക്കുന്നു. ഏറ്റവും വലിയ പരിത്യക്തതയില്‍ കുരിശില്‍ ഉയര്‍ത്തപ്പെടുമ്പോള്‍പോലും ആത്മവിശ്വാസത്തോടെ പിതാവിനു സ്വയം സമര്‍പ്പിക്കുന്നു. ആളുകളില്‍ ഉയര്‍ത്തുന്ന ഉത്സാഹത്തിമര്‍പ്പിലൂടെയും ജീര്‍ണ്ണിച്ച പാരമ്പര്യങ്ങളെ മറികടക്കാന്‍ കാണിക്കുന്ന ധൈര്യത്തിലൂടെയും അവിടുന്ന് പോകുന്നിടത്തെല്ലാം ഉണര്‍ത്തുന്ന ജീവനിലൂടെയും അവനില്‍ പരിശുദ്ധാത്മാവ് വസിക്കുന്നു എന്ന കാര്യം നമുക്കു വ്യക്തമാക്കുകയും പരിശുദ്ധാത്മാവിനെ ലോകത്തിനു വെളിപ്പെടുത്തുകയും ചെയ്യുന്നു. അങ്ങനെ യേശു പരിശുദ്ധാത്മാവില്‍ പിതാവിന്‍റെ പുത്രനായും, നമ്മുടെ വിസ്മയനീയനായ ജ്യേഷ്ഠസഹോദരനായും വര്‍ത്തിക്കുന്നു.
വാക്കുകളുടെ യുക്തിയേക്കാള്‍ കരങ്ങളുടെ യുക്തി കൂടുതല്‍ ബോധ്യമുണര്‍ത്തുന്നതാണ്. വാക്കുകളേക്കാള്‍ പ്രവര്‍ത്തനത്തിനാണ് അവിടുന്ന് പ്രാധാന്യം നല്കിയത്. അവിടുന്നു വിമോചനാത്മക പ്രവര്‍ത്തനങ്ങള്‍ ചെയ്തു, പാപങ്ങള്‍ മോചിച്ചു. മരിച്ചവരെ ഉയിര്‍പ്പിച്ചു. ഞാന്‍ ദൈവപുത്രനാണ് എന്നു പറയുന്നതിനെക്കാള്‍ ദൈവപുത്രന്‍ എന്ന നിലയില്‍ അവിടുന്നു പ്രവര്‍ത്തിച്ചു.
പരിശുദ്ധാത്മാവില്‍ നിത്യപിതാവിന്‍റെ നിത്യപുത്രന്‍
നിത്യനായ പുത്രന്‍ അവനില്‍തന്നെ ആരാണ്? പിതാവിന്‍റെ സത്തതന്നെയായവനും ജനിപ്പിക്കപ്പെടാത്തവനുമായ പുത്രനാണ് അവിടുന്ന്. അവിടുന്ന് സൃഷ്ടിക്കപ്പെട്ടവനല്ല. ആരംഭമില്ലാതെയും കാരണമില്ലാതെയും പിതാവില്‍ നിന്നു ജന്മം കൊണ്ടവനാണ്. നിത്യകാലം മുതലേ അവന്‍ പിതാവില്‍ നിലനില്ക്കുന്നു. ആരംഭമില്ലാതെയും പിതാവിനു മുന്നസ്തിത്വമില്ലാതെയും അവന്‍ എങ്ങനെ ജന്മം കൊണ്ടു എന്നത് നമ്മെ സംബന്ധിച്ചിടത്തോളം രഹസ്യത്താല്‍ ആവരണം ചെയ്യപ്പെട്ട കാര്യമാണ്. എന്തെന്നാല്‍ പിതാവും പുത്രനും പരസ്പര തുല്യരും ഒരുപോലെ നിത്യതയില്‍ നിലനില്ക്കുന്നവരുമാണ്. നമുക്കു ഉറപ്പിച്ചു പറയാവുന്ന കാര്യം പിതാവും പുത്രനും ഒരേ കൂട്ടായ്മയുടെ സ്വഭാവത്തില്‍ ജീവിക്കുന്നു എന്നതാണ്. പരസ്പരം സമര്‍പ്പിക്കാന്‍ വേണ്ടിയും നിത്യമായ കൂട്ടായ്മയില്‍ ജീവിക്കുവാന്‍ വേണ്ടിയും മാത്രമാണ് അവര്‍ വ്യത്യസ്തരായിരിക്കുന്നത്. പുത്രന്‍ വചനമാണ് എന്ന് വി.യോഹന്നാന്‍ പറയുന്നു. പിതാവിന്‍റെ സമഗ്രസത്യവും അവിടുന്ന് ആവിഷ്ക്കരിക്കുന്നു. അദൃശ്യനായ ദൈവത്തിന്‍റെ (പിതാവിന്‍റെ) പ്രതിച്ഛായയാണ് യേശു എന്ന് പൗലോസ് ശ്ലീഹാ പറയുന്നു (കൊളോ 1:15). സമ്പൂര്‍ണ്ണമായ ദൈവികരഹസ്യം പുത്രനിലൂടെ സംവേദിക്കപ്പെടുകയും വിക്ഷേപിക്കപ്പെടുകയും ചെയ്യുന്നു. മൂന്ന് ദൈവികവ്യക്തികളും പങ്കുവയ്ക്കുന്ന രഹസ്യത്തിന്‍റെ പിന്നിലെ ബുദ്ധിയാണ് അവിടുന്ന്. അതിനാല്‍ പുത്രനാണ് പരമപ്രധാനമായും ദൈവിക വെളിപാടും ത്രിത്വത്തിന്‍റെയിടയിലെയും സൃഷ്ടിയിലെയും സംവേദനവും. പിതാവ് താന്‍ പിതാവാണ് എന്ന അവസ്ഥയൊഴിച്ച് ബാക്കിയെല്ലാം പിതാവ് പുത്രനെ ഏല്പിക്കുന്നു. പരിശുദ്ധാത്മാവിനെ നിശ്വസിക്കാനുള്ള കഴിവും പിതാവില്‍ നിന്ന് അവിടുന്നു നേടിയെടുക്കുന്നു. പിതാവും പുത്രനും കൂടിയാണ് പരിശുദ്ധാത്മാവിന്‍റെ ഉദയം സാധ്യമാക്കുന്നത്. ജന്മം കൊള്ളുക, നിശ്വസിക്കുക, ഉണര്‍ത്തുക, ഉള്ളവാക്കുക തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ നമ്മുടെ അപര്യാപ്തത അപ്പോള്‍ത്തന്നെ നാം ഏറ്റുപറയണം. ഈ പദങ്ങള്‍ ഒട്ടും ചേരുന്നതല്ല കാരണം അത് പിന്‍തുടര്‍ച്ചയുടെയും കാര്യകാരണത്തിന്‍റെയും ധ്വനി ഉണര്‍ത്തുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആരംഭവും അവസാനവുമില്ലാത്ത നിത്യതയിലാണ് സംഭവിക്കുന്നത്. അതിനാല്‍ മൂന്നു ദൈവിക വ്യക്തികളുടെ ഏകകാലികതയ്ക്കു നാം പ്രാധാന്യം കൊടുക്കണം. അവര്‍ നിത്യമായി സഹാസ്തിത്വമുള്ളവരും പരസ്പരകൂട്ടായ്മയില്‍ വര്‍ത്തിക്കുന്നവരുമാണ്. ജീവന്‍റെയും സ്വയംദാനത്തിന്‍റെയും സ്നേഹത്തിന്‍റെയും അന്തര്‍വ്യാപനമാണ് (Perichoresis) അവരില്‍ എന്നും നിലനില്ക്കുന്നത്. അതിനാല്‍ പുത്രന്‍ പിതാവില്‍ നിന്നു ജന്മം കൊള്ളുന്ന അവസ്ഥയില്‍ത്തന്നെ തന്‍റെമേല്‍ ആവസിക്കുകയും തന്നോടുകൂടെ എപ്പോഴും ആയിരിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നു. തന്മൂലം സൃഷ്ടിയില്‍ പൂര്‍ണ്ണതയും സമ്പൂര്‍ണ്ണവിമോചനവും കൊണ്ടു വരത്തക്കവിധം പുത്രനും പരിശുദ്ധാത്മാവും പങ്കുചേരുന്നു. പരിശുദ്ധാത്മാവിനോടു ചേര്‍ന്ന് പിതാവ് തന്നെത്തന്നെ പുത്രനു ബന്ധപ്പെടുത്തുകയും വെളിപ്പെടുത്തുകയും ചെയ്യുന്നു. പുത്രനും പരിശുദ്ധാത്മാവും കൂടെ പിതാവിന്‍റേതുമാത്രമായ പ്രത്യേകത (Innascivility) കണ്ടെത്തുകയും നമുക്കു വെളിപ്പെടുത്തിത്തരുകയും ചെയ്യുന്നു.
പുത്രന്‍ നമ്മുടെ ചരിത്രത്തില്‍ അവതീര്‍ണ്ണനാകുന്നു. അതുവഴി അവിടുന്ന് എല്ലാ സൃഷ്ടിജാലങ്ങള്‍ക്കും പ്രധാനമായും മനുഷ്യര്‍ക്ക് പുത്ര-പുത്രീ സ്വഭാവം പ്രദാനം ചെയ്യുന്നു.ഉത്ഥിതനായ പുത്രന്‍ ഒരര്‍ത്ഥത്തില്‍ ത്രിത്വത്തിലേക്ക് തിരിച്ചെത്തുന്നു. നമ്മുടെ സ്വഭാവത്തിന്‍റെ ഒരംശം അനശ്വരമാക്കപ്പെടുകയും നിത്യജീവനിലേക്കും സ്നേഹത്തിലേക്കും കൂട്ടായ്മയിലേക്കും തീര്‍ച്ചയായും കടന്നു ചെല്ലുകയും ചെയ്യുന്നു. അവിടുന്ന് പരിശുദ്ധാത്മാവിനോട് ഐക്യപ്പെട്ട് പിതാവിന്‍റെ പുത്രനായി വര്‍ത്തിക്കുന്നെങ്കില്‍ നമ്മള്‍ ദൈവപുത്രനില്‍ പുത്രന്മാരും പുത്രിമാരുമായിത്തീരുകയും അതേ പരിശുദ്ധാത്മാവിന്‍റെ ശക്തിയില്‍ സഹോദരന്മാരും സഹോദരിമാരുമായി നിലനില്ക്കുകയും ചെയ്യുന്നു.
മനുഷ്യന്‍റെ യാത്ര എത്ര ദാരുണമായി കാണപ്പെട്ടാലും അതിലൊരംശം കേവലമായി സംരക്ഷിക്കപ്പെടുകയും അടിസ്ഥാനപരമായി പൂര്‍ണ്ണമാക്കപ്പെടുകയും ചെയ്തിരിക്കുന്നു. നിത്യപുത്രന്‍ വഴി സാംശീകരിക്കപ്പെട്ട യേശുവിന്‍റെ പവിത്രമായ മനുഷ്യ പ്രകൃതി ത്രിത്വത്തിന്‍റെ അങ്കതലത്തിലേക്ക് തീര്‍ച്ചയായും സംവഹിക്കപ്പെട്ടിരിക്കുന്നു. നമ്മുടേതായ ഒരംശം, ഹൃദയത്തിന്‍റെ ഒരു ഭാഗം, അനന്തമായ ആഗ്രഹത്തിന്‍റെ ഒരു കണിക യേശുവിലൂടെ എന്നേക്കുമായി രക്ഷിക്കപ്പെട്ടിരിക്കുന്നു.
നമ്മുടെ സഹോദരനായ പുത്രന്‍റെ പുരുഷ - സ്ത്രൈണഭാവം
പുരുഷനും സ്ത്രീയുമെന്ന നിലയില്‍ നമ്മള്‍ ദൈവത്തിന്‍റെ ച്ഛായയും സാദൃശ്യവും വഹിക്കുന്നവരാണ് എന്ന് ഉല്പത്തി പുസ്തകം നമുക്കു വെളിപ്പെടുത്തുന്നു (ഉല്പ 1:27). പുരുഷനായാലും സ്ത്രീയായാലും നമ്മുടെ വ്യക്തിത്വത്തിന്‍റെ ആത്യന്തികമായ വേര് ദൈവത്തിന്‍റെ രഹസ്യത്തില്‍ത്തന്നെയാണെന്ന് ഇത് വ്യക്തമാക്കുന്നു. ദൈവിക വ്യക്തികള്‍ക്കു ലിംഗപരതയില്ല. സൃഷ്ടിക്കപ്പെട്ട അത്തരം സവിശേഷതകള്‍ക്കതീതരാണ് അവര്‍. എന്നാല്‍ പുരുഷ - സ്ത്രീ ഭാവങ്ങളാല്‍ സംവേദിക്കപ്പെടുന്ന മൂല്യങ്ങളും മാനങ്ങളും ദൈവികമൂല്യങ്ങള്‍തന്നെയാണ്. അതിനാല്‍ ഓരോ ദൈവിക വ്യക്തിയുടെയും പുരുഷ - സ്ത്രീ ഭാവങ്ങളുടെ മാനങ്ങളെ നമ്മള്‍ പരിഗണിക്കണം. യേശുവില്‍ സ്ത്രീ - പുരുഷ ഭാവങ്ങളുടെ സമ്പൂര്‍ണ്ണ സമന്വയം കാണാം. ആദ്യമായിത്തന്നെ യേശു ഒരു പുരുഷനായിരുന്നു. സ്ത്രീയായിരുന്നില്ല. മറ്റേതൊരു പുരുഷനെയുംപോലെ അവരും സ്ത്രൈണ മാനങ്ങള്‍ ഉള്‍ക്കൊണ്ടിരുന്നു. അതു പ്രകാശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. യേശുവിന്‍റെ ഊന്നല്‍ മുഴുവന്‍, പാവങ്ങളുടെ പക്ഷം ചേരുവാനുള്ള കഴിവ്, തന്‍റെ സന്ദേശം പ്രധാനമായും അവതരിപ്പിച്ച സദസ്, എതിര്‍പ്പിനെ നേരിടാനുള്ള ധൈര്യം, അവന്‍റെ മരണം എല്ലാം അവന്‍റെ പുരുഷഭാവത്തെ വെളിപ്പെടുത്തുന്നു. ഇവയെല്ലാം സ്ത്രീഭാവത്തിലും സന്നിഹിതമാണെങ്കിലും അത് വ്യത്യസ്തമായ രീതിയിലാണ്. സ്ത്രൈണഭാവം മനുഷ്യജീവിതത്തിലെ പുരുഷനായാലും സ്ത്രീയായാലും മൃദുലവശങ്ങളെ പ്രകടമാക്കുന്നു. ശ്രദ്ധ, ദയ, ജീവിത രഹസ്യത്തോടുള്ള സംവേദന ക്ഷമത, പ്രത്യേകിച്ചും ദരിദ്രരോടുള്ള മമത, പ്രാര്‍ത്ഥനയിലെ ആന്തരികത എല്ലാമാണത്. സുവിശേഷ വിവരണങ്ങള്‍ യേശുവിനെ പുരുഷസ്ത്രൈണ ഭാവങ്ങള്‍ (Animus, Anima) സമന്വയിപ്പിച്ച വ്യക്തിയായിട്ടാണ് അവതരിപ്പിക്കുന്നത്. വളരെ മാനുഷികവും വാത്സല്യമാര്‍ന്നതുമായ ബന്ധമാണ് അവിടുന്ന് താന്‍ കണ്ടുമുട്ടിയ സ്ത്രീകളുമായി പുലര്‍ത്തിയത്. അവരില്‍ പലരും അവിടുത്തെ ശിഷ്യരായിരുന്നു (ലൂക്കാ 10:38-42). വ്യഭിചാരിണിയായ സ്ത്രീ, സഹായം തേടുന്ന സീറോ ഫെനിഷ്യന്‍ സ്ത്രീ, ശമരായ സ്ത്രീ, കൂനുപിടിച്ച സ്ത്രീ - രക്തസ്രാവക്കാരിയായ സ്ത്രീ തുടങ്ങിയ സ്ത്രീകള്‍ക്കെല്ലാം വേണ്ടി ചെയ്തതുപോലെ ഏതു സ്ത്രീയേയും അവളുടെ ആവശ്യത്തില്‍ പിന്‍തുണക്കാന്‍ യേശു എന്നും മുന്നോട്ടു വന്നിരുന്നു.
തെരുവില്‍ കണ്ടുമുട്ടിയ പാവപ്പെട്ടവരില്‍ സ്ത്രൈണഭാവത്തോടെ അവിടുന്നു കരുണ കാണിക്കുന്നു. അവഗണിക്കപ്പെട്ട ആളുകളോടുള്ള ആര്‍ദ്രതകൊണ്ട് അവിടുന്നു നിറഞ്ഞു (മര്‍ക്കോ 6:34). തന്‍റെ സ്നേഹിതനായ ലാസര്‍ മരിച്ചു എന്ന് അറിഞ്ഞപ്പോള്‍ കണ്ണീര്‍ പൊഴിച്ചു (യോഹ 11:35). ഒരു പിടക്കോഴി തന്‍റെ കുഞ്ഞുങ്ങളെ ചിറകിനുകീഴില്‍ ശേഖരിക്കാന്‍ ആഗ്രഹിച്ചതുപോലെ ജറുസലേമിന്‍റെ മക്കളെ സംരക്ഷിക്കാന്‍ ആഗ്രഹിച്ചു. പക്ഷേ അവര്‍ അതിനു തയ്യാറായില്ല എന്ന് വളരെ സ്ത്രൈണമായ രീതിയില്‍ അവിടുന്നു പറയുന്നു (ലൂക്കാ 13:34).
യേശുവിന്‍റെ സ്ത്രൈണമാനം അവിടുത്തെ മനുഷ്യത്വത്തിന്‍റെ ഭാഗമാണ്. ഈ മനുഷ്യത്വമാകട്ടെ നിത്യപുത്രനിലേക്ക് സാംശീകരിക്കപ്പെട്ടു. അതിന്‍റെയര്‍ത്ഥം സ്ത്രൈണഭാവത്തിന്‍റെ ഒരു ഘടകം എന്നന്നേക്കുമായി ദൈവികമാക്കപ്പെട്ടു എന്നാണ്. നിത്യകൂട്ടായ്മയില്‍ പങ്കുചേരുവാനും ത്രിത്വത്തിന്‍റെ ഓരോ വ്യക്തിയിലും തങ്ങളുടെ ആദിപ്രതിരൂപത്തെ കണ്ടെത്തുവാനും സ്ത്രീകള്‍ വിളിക്കപ്പെട്ടിരിക്കുന്നു. വളര്‍ച്ചയ്ക്കും പുരോഗതിക്കും വേണ്ടിയുള്ള അവരുടെ പരിശ്രമങ്ങള്‍ക്കു അതു സഹായകമാണ്.
എല്ലാ വ്യക്തികളിലും സ്ത്രൈണപുരുഷഭാവങ്ങളുടെ ഏതാനും അംശം ഉണ്ടാകും. മൃദുലതയും ശക്തിയും. നമ്മള്‍ പൂര്‍ണ്ണമായും മനുഷ്യരാകുവാനും അതുവഴി ദൈവത്തിന്‍റെ പ്രതിഫലനങ്ങളാകുവാനും ഈ രണ്ടു മാനങ്ങളെയും സമന്വയിപ്പിക്കുക എന്നതാണ് ജീവിതത്തിലെ ഒരു വെല്ലുവിളി. യേശു ഈ വെല്ലുവിളി ഏറ്റെടുത്ത് അവിടുത്തെ പുരുഷ - സ്ത്രൈണഭാവങ്ങളെ സമന്വയിപ്പിച്ചു. അവനില്‍ അവതീര്‍ണ്ണനായ നിത്യപുത്രന്‍ ഈ രണ്ടു ഭാവങ്ങളെയും നിത്യമായി വിശുദ്ധീകരിക്കുകയും ദൈവമാക്കിത്തീര്‍ക്കുകയും ചെയ്തു.
ലെയനാര്‍ഡോ ബോഫ് (Holy Trinity: Perfect Community)
(പരിഭാഷ: ഫാ. ജിയോ പുളിക്കല്‍)
Son as a person - Sensation The secret of and the principle of liberation catholic malayalam Leonardo Boff Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206