x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

ഇന്നത്തെ കത്തോലിക്കാ സഭ ക്രിസ്തുവിന്റെ സഭയല്ലെന്നും ഈ സഭയിൽ വിശ്വസിക്കുന്നവർ രക്ഷിക്കപ്പെടുകയില്ലെന്നും ചിലർ പ്രചരിപ്പിക്കുന്നു. എന്താണ് സത്യം?

Authored by : Fr. George Panamthottam CMI On 22-Aug-2022

ഇന്നു നിലവിലുള്ള പരിശുദ്ധ കത്തോലിക്കാ സഭ ക്രിസ്തുവിന്റെ സഭയല്ലെന്നും ഈ സഭയിൽ വിശ്വാസജീവിതം നയിക്കുന്നവർ രക്ഷിക്കപ്പെടുകയില്ലെന്നുമുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും തിരുവചനത്തെ തെറ്റായി വ്യാഖ്യാനിച്ച്, വിശ്വാസസമൂഹത്തെ സത്യവിശ്വാസത്തിൽ നിന്ന് വഴി തെറ്റിക്കുകയും ചെയ്യുന്ന ശക്തികൾ വളർന്നു വരുന്നുവെന്നത് സത്യമാണ്. ബൈബിളിനെ അക്ഷരാർത്ഥത്തിൽ സ്വീകരിക്കാതെ ബൈബിൾ വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നതുകൊണ്ട് കത്തോലിക്കർ വചനവിരുദ്ധമായി ജീവിക്കുന്നവരാണെന്നും ഇവർ വിശ്വസിക്കുന്നു. അതിനാൽ ഇന്നത്തെ കത്തോലിക്കാസഭ ക്രിസ്തുവിന്റെ സഭയല്ലെന്നും ഇവിടെ രക്ഷയില്ലെന്നും ഇവർ പ്രചരിപ്പിക്കുന്നു. നൂറ്റാണ്ടുകളായി ഇത്തരം തെറ്റായ പ്രചരണങ്ങൾ നടത്തി വിശാസികളെ സത്യവിശ്വാസത്തിൽ നിന്ന് ഇവർ വഴിതെറ്റിച്ചുകൊണ്ടിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ കത്തോലിക്കാസഭ ക്രിസ്തുവിന്റെ സഭയാണെന്ന സത്യം ബോധ്യപ്പെടുകയും ബൈബിളിനോടുള്ള സഭയുടെ സമീപനത്തെക്കുറിച്ച് വ്യക്തമായി മനസിലാക്കുകയും അങ്ങനെ നമ്മുടെ വിശ്വാസജീവിതത്തെ കൂടുതൽ സഭാത്മകമാക്കുകയും ശക്തിപ്പെടുത്തുകയും വേണം.

തിരുസഭയുടെ ഉത്ഭവം

പിതാവായ ദൈവം തന്റെ ജ്ഞാനത്തിലും നന്മയിലും സ്നേഹത്തിലും ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചു. തന്റെ ജീവശ്വാസം നൽകി മനുഷ്യരെ സൃഷ്ടിക്കുകയും തന്റെ ദൈവികജീവനിലേക്കു മനുഷ്യരെ ഉയർത്താൻ ദൈവം തിരുമനസാകുന്നതും ഉല്പത്തി പുസ്തകത്തിൽ നാം കാണുന്നു. നന്മയ്ക്ക് പകരം തിന്മയെ തെരഞ്ഞെടുത്തതിനാൽ മനുഷ്യർക്ക് ദൈവികജീവനിലേക്കുള്ള കവാടം അടയ്ക്കപ്പെട്ടു. കാലത്തിന്റെ പൂർണ്ണതയിൽ ദൈവം തന്റെ പുത്രനിലൂടെ തന്റെ ജീവനിലേക്കു പ്രവേശിക്കാനുള്ള കവാടം എല്ലാ മനുഷ്യർക്കും തുറന്നുകൊടുത്തു. പുത്രനിൽ വിശ്വസിക്കുന്നവരെ വിശുദ്ധ സഭയിൽ വിളിച്ചുകൂട്ടുവാൻ പിതാവായ ദൈവം നിശ്ചയിച്ചു. “ദൈവത്തിന്റെ ഈ കുടുംബം" ചരിത്രത്തിൽ ക്രമേണ രൂപപ്പെട്ടുവന്നതാണ്. ലോകാരംഭത്തിൽ തന്നെ ദൈവത്തിന്റെ പദ്ധതിയിൽ രൂപപ്പെടുകയും ഇസ്രായേലിന്റെയും പഴയ ഉടമ്പടിയുടെയും ചരിത്രത്തിൽ വിസ്മയനീയമാംവിധം സജ്ജീകരിക്കപ്പെടുകയും കാലത്തിന്റെ തികവിൽ ദൈവപുത്രനിലൂടെ സ്ഥാപിക്കപ്പെടുകയും പരിശുദ്ധാത്മാവിനെ വർഷിച്ചപ്പോൾ വെളിവാക്കപ്പെടുകയും ചെയ്ത ത്രിയേക ദൈവത്തിൽ നിന്ന് ഉത്ഭവിച്ചതാണ് ഇന്നത്തെ പരിശുദ്ധ കത്തോലിക്കാ തിരുസഭ.

ക്രിസ്തു തിരുസഭയുടെ സ്ഥാപകൻ

ദൈവത്തിന്റെ രക്ഷാകരപദ്ധതി പൂർത്തിയാക്കുക എന്നതായിരുന്നു പുത്രനായ ക്രിസ്തുവിന്റെ ദൗത്യം. ഇതിനുവേണ്ടിയാണു അവിടുന്നു അയയ്ക്കപ്പെട്ടത്. വിശുദ്ധ ലിഖിതങ്ങളിൽ യുഗങ്ങളിലൂടെ വാഗ്ദാനം ചെയ്യപ്പെട്ട ദൈവരാജ്യത്തിന്റെ ആഗമനം യുഗാന്ത്യം വരെ പ്രഘോഷിക്കപ്പെടണമെന്ന ഉദ്ദേശ്യത്തോടെയാണു ക്രിസ്തു സഭയ്ക്ക് ആരംഭം കുറിച്ചത്. സഭയെന്നത് ക്രിസ്തുവിന്റെ ഭരണമാണ്. ഈ രാജ്യം ക്രിസ്തുവിന്റെ വാക്കിലും പ്രവൃത്തിയിലും സാന്നിധ്യത്തിലുമാണു മനുഷ്യരുടെ മുമ്പിൽ പ്രകാശിക്കുന്നത്. അവിടുത്തെ ചുറ്റും കൂടിയവരെ ഒരു കുടുംബമായി നിലനിർത്താൻ ഒരു സംവിധാനം ആവശ്യമായിരുന്നു. അതിനായി, ക്രിസ്തു പത്രോസിനെ തലവനാക്കിക്കൊണ്ടു പന്ത്രണ്ടുപേരെ ശിഷ്യഗണത്തിലേക്കു തിരഞ്ഞെടുത്തു നിയോഗിച്ചു. കൂടാതെ, ക്രിസ്തു തന്റെ സകല പ്രവൃത്തികളും വഴി തന്റെ സഭയെ ഒരുക്കുകയും പണിതുയർത്തുകയും ചെയ്തു.

തിരുസഭ യഥാർത്ഥത്തിൽ സ്ഥാപിതമാകുന്നതു ക്രിസ്തു വിശുദ്ധ കുർബാനയുടെ സ്ഥാപനത്തിൽ മുൻകൂട്ടി നടത്തുകയും കുരിശിൽ പൂർത്തിയാക്കുകയും ചെയ്ത സമ്പൂർണ്ണമായ ആത്മദാനത്തിൽ നിന്നാണ്. പിന്നീട്, പന്തക്കുസ്താ ദിനത്തിൽ പരിശുദ്ധാതമാവിന്റെ ആഗമനത്തിലൂടെ ജനസമൂഹത്തിന്റെ മുൻപിൽ പരസ്യമായി പ്രത്യക്ഷപ്പെട്ട പ്രഘോഷണങ്ങളിലൂടെയും തീക്ഷ്ണതയുള്ള ജീവിതമാതൃകയിലൂടെയും ജനങ്ങളുടെയിടയിൽ സുവിശേഷ പ്രചാരണം ആരംഭിക്കുകയും ചെയ്തു. സകല ജനത്തിന്റെയും രക്ഷയ്ക്കുവേണ്ടിയുള്ള സദ്വാർത്ത എല്ലാ ദേശങ്ങളിലും എത്തിക്കാനുള്ള ദൗത്യം സ്വീകരിച്ചിരിക്കുന്ന സഭ അതിന്റെ പ്രകൃതിയാൽ തന്നെ പ്രേഷിതയാണ്. ഈ പ്രേഷിത ദൗത്യ നിർവഹണത്തിനാണു ദൃശ്യമായ ഘടനയിലൂടെ ക്രിസ്തു സഭ സ്ഥാപിച്ചത്.

ദൈവജനമാണ് തിരുസഭ

മനുഷ്യരെ വിശുദ്ധീകരിക്കാനും രക്ഷിക്കാനും നിശ്ചയിച്ച ദൈവം തന്നെ അറിഞ്ഞു അംഗീകരിക്കുകയും വിശുദ്ധിയിൽ തനിക്കു സേവനമനുഷ്ഠിക്കുകയും ചെയ്യുന്ന ഒരു ജനസമൂഹത്തെ രൂപപ്പെടുത്തിയെടുക്കാൻ ആഗ്രഹിക്കുന്നതു പഴയ നിയമത്തിലുടനീളം കാണാനാകും. ഇതിന്റെ ഭാഗമായി ദൈവം ഇസ്രായേൽ വംശത്തെ തന്റെ ജനമായി അവിടുന്നു തെരഞ്ഞെടുക്കുകയും ഉടമ്പടിയിലുറപ്പിക്കുകയും പടിപടിയായി അവരെ ഉയർത്തി കൊണ്ടുവരികയും ചെയ്തു. എന്നാൽ ക്രിസ്തുവിൽ ഉറപ്പിക്കപ്പെടാനിരുന്ന നവീനവും പരിപൂർണ്ണവുമായ ആ ഉടമ്പടിയുടെ തയ്യാറെടുപ്പായിരുന്നു അത്. ഈ പുതിയ ഉടമ്പടി ക്രിസ്തു സ്ഥാപിച്ചു. അത് അവിടുത്തെ തിരുരക്തത്തിലുള്ള പുതിയ ഉടമ്പടിയായിരുന്നു. ഈ ഉടമ്പടിയിൽ പരിശുദ്ധാത്മാവിനാൽ ഒരുമിച്ചു ചേർക്കപ്പെട്ട ദൈവജനമാണ് തിരുസഭ.

ദൈവത്തിന്റെ ജനമെന്ന വിശേഷണം സഭയ്ക്ക് നൽകുന്നതിലൂടെ ദൈവം ഏതെങ്കിലും ഒരു ജനതയുടെ സ്വകാര്യ സ്വത്താകുന്നില്ല. ദൈവം ഒരു ജനത്തെത്തേടി അവരെ തെരഞ്ഞെടുത്ത് രാജകീയ പുരോഹിതരും വിശുദ്ധജനവുമാക്കി (1പത്രോ. 2:9) എന്നർത്ഥം. ഈ ജനസമൂഹത്തിൽ അംഗമാകുന്നത് ശാരീരിക ജനനം വഴിയല്ല. ജനത്താലും ആത്മാവിനാലുമുള്ള ജനനത്തിലൂടെയാണ് (യോഹ. 3:3-5). ഈ ജനത്തിന്റെ ശിരസ്സ് ക്രിസ്തുവാണ്. ഇവർക്ക് ദൈവമക്കളുടെ മഹത്വവും സ്വാതന്ത്ര്യവുമുണ്ട്, കാരണം ഇവരുടെ ഹൃദയങ്ങൾ പരിശുദ്ധാത്മാവിന്റെ ആലയങ്ങളാണ്. പരസ്പര സ്നേഹത്തിൽ ബന്ധിക്കപ്പെട്ടിരിക്കുന്നവരാണ് ക്രിസ്തുവിന്റെ ജനം. ജനത്തിന്റെ ദൗത്യം ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവുമാകാനാണ് (മത്തായി 5:13-16). ഇത് ദൈവരാജ്യമാണ്; ഭൂമിയിൽ ദൈവം തന്നെ തുടങ്ങിയത് കാലത്തിന്റെ തികവിൽ അവിടുന്നു പൂർണ്ണതയിലേക്കു എത്തിക്കുന്നതുവരെ ഇനിയും വിസ്തൃതമാക്കേണ്ടതുമായ ദൈവരാജ്യം. ക്രിസ്തുവിന്റെ ജനം അവിടുത്തെ പുരോഹിത പ്രവാചക രാജകീയ ധർമ്മങ്ങളിൽ ഭാഗഭാക്കുകളാകുന്നു. ഇവയിൽ നിന്നു ഉരുതിരിയുന്ന ദൗത്യങ്ങളാണ് ദൈവജനം സഭയിൽ നിർവഹിക്കുന്നത്.

തിരുസഭ: ക്രിസ്തുവിന്റെ ശരീരം

ക്രിസ്തു ആദ്യം മുതലേ തന്റെ ശിഷ്യഗണത്തെ തന്റെ ജീവിതത്തോടു ചേർത്തു പിടിച്ചിരുന്നു. തന്റെ ദൗത്യത്തിലും സന്തോഷ്ത്തിലും സഹനത്തിലും അവിടുന്നു പങ്ക് നൽകി. തന്നെ അനുഗമിക്കുന്നവർ തന്നോട് പൂർണ്ണമായി ഐക്യപ്പെട്ടിരിക്കണമെന്നു ക്രിസ്തു അരുളിചെയ്തിട്ടുണ്ട്: “നിങ്ങൾ എന്നിൽ വസിക്കുവിൻ; ഞാൻ നിങ്ങളിലും വസിക്കും. മുന്തിരിച്ചെടിയിൽ നിൽക്കാതെ ശാഖയ്ക്ക് സ്വയമേവ ഫലം പുറപ്പെടുവിക്കാൻ സാധിക്കാത്തതു പോലെ, എന്നിൽ വസിക്കുന്നില്ലെങ്കിൽ നിങ്ങൾക്കും സാധിക്കുകയില്ല. ഞാൻ മുന്തിരിച്ചെടിയും നിങ്ങൾ ശാഖകളുമാണ്. ആര് എന്നിലും ഞാൻ അവനിലും വസിക്കുന്നുവോ അവൻ ഏറെ ഫലം പുറപ്പെടുവിക്കുന്നു” (യോഹ. 15 : 4,5). കൂടാതെ, തന്റെ ശരീരവും നമ്മുടെ ശരീരവും തമ്മിലുണ്ടാകേണ്ട ഐക്യത്തെക്കുറിച്ചും അവിടുന്നു പറഞ്ഞിട്ടുണ്ട്. “എന്റെ ശരീരം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുകയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു” (യോഹ. 6:56). ക്രിസ്തുവിന്റെ ദൃശ്യമായ സാന്നിധ്യം ശിഷ്യന്മാരിൽ നിന്ന് എടുക്കപ്പെട്ടപ്പോൾ ലോകാവസാനം വരെ കൂടെ ഉണ്ടാകാൻ അവിടുത്തെ പരിശുദ്ധാത്മാവിനെ അവടുന്നു നൽകി (യോഹ. 14:18, 20:22, മത്തായി 28:20, അപ്പ. 2:33). പരിശുദ്ധാത്മാവിലൂടെ വിളിച്ചുകൂട്ടപ്പെട്ട എല്ലാ ജനതകളും ക്രിസ്തുവിന്റെ ശരീരത്തോട് ഐക്യപ്പെട്ട് ഒരു ശരീരമായി രൂപപ്പെട്ടിരിക്കുന്നു.

ക്രിസ്തുവിൽ വിശ്വസിക്കുകയും ക്രിസ്തുവിന്റെ സഭയിലെ കൂദാശകളിലൂടെ അവിടുത്തെ പീഡാനുഭവത്തിലും മഹത്വീകരണത്തിലും ഐക്യപ്പെടുകയും ചെയ്യുന്നവർ ക്രിസ്തുവിന്റെ ശരീരത്തോട് ഐക്യപ്പെട്ട് അവിടുത്തെ ജീവൻ പ്രാപിക്കുന്നു (റോമാ. 6: 4, 5, ; 1 കോറി 12:13). ശരീരത്തിന്റെ ഐക്യം അവയവങ്ങളുടെ വൈവിധ്യത്തെ നശിപ്പിക്കുന്നില്ല. ഒരു അവയവം എന്തെങ്കിലും സഹിക്കുമ്പോൾ എല്ലാ അവയവങ്ങളും ഒരുമിച്ചു സഹിക്കുന്നു; ഒരു അവയവം ബഹുമാനിക്കപ്പെടുമ്പോൾ എല്ലാ അവയവങ്ങളും ഒന്നിച്ചു സന്തോഷിക്കുന്നു (1 കോറി 12:26). ഇങ്ങനെ സഭ ക്രിസ്തുവിന്റെ ശരീരവും നാം എല്ലാവരും ആ ശരീരത്തിലെ വൈവിധ്യങ്ങളാർന്ന അവയവങ്ങളുമാണ്. നമ്മുടെ ശരീരത്തിലെ അവയവങ്ങൾ ശരീരത്തോട് എപ്രകാരം ഐക്യപ്പെട്ടിരിക്കുന്നുവോ അപ്രകാരം ക്രിസ്തുവിന്റെ സഭയോട് നാം ഐക്യപ്പെട്ടിരിക്കുന്നു.

സഭയാകുന്ന ശരീരത്തിന്റെ ശിരസ് ക്രിസ്തുവാണ് (കോളോ. 1:18). ക്രിസ്തു സഭയുടെ മണവാളനാണെന്ന് പ്രവാചകന്മാരിലുടെയും, സ്നാപകയോഹന്നാനിലൂടെയും, വിശുദ്ധ പൗലോസ് അപ്പസ്തോലനിലൂടെയുമൊക്കെ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട് (യോഹ. 3:29; മർക്കോ. 2:19, മത്താ. 22:1-14; 25:1-13, 1 കോറി. 6: 15-17, 2 കോറി. 11:2). ഈ പശ്ചാത്തലത്തിലാണ് തിരുസഭ ക്രിസ്തുവിന്റെ മണവാട്ടിയാണെന്ന് നാം വിശ്വസിക്കുന്നത്. ക്രിസ്തുവിനോട് ഒറ്റ ആത്മാവായി തീരത്തക്കവിധം വാഗ്ദാനം ചെയ്യപ്പെട്ട മണവാട്ടിയാണ് സഭ. സഭ കറയറ്റ കുഞ്ഞാടിന്റെ കറയറ്റ വധുവാണ് (വെളി. 22:17, എഫേ.1:4, 5:2). ക്രിസ്തു സഭയെ സ്നേഹിക്കുകയും അവളെ വിശുദ്ധികരിക്കാൻ തന്നെത്തന്നെ അർപ്പിക്കുകയും ചെയ്ത് എന്നേക്കും നില നിൽക്കുന്ന ഒരു ഉടമ്പടിയിൽ അവിടുന്ന് അവളെ തന്നോട് ചേർത്തു; സ്വന്തം ശരീരത്തെ എന്നപോലെ അവളെ പരിപാലിക്കുകയും ചെയ്യുന്നു (എഫേ. 5: 25, 26; എഫേ. 5:29). ഈ കാരണങ്ങളാൽ തിരുസഭ ക്രിസ്തുവിന്റെ ശരീരവും, ശിരസ്സും അവിടുത്തെ മണവാട്ടിയുമാണെന്ന് തിരുവചനാടിസ്ഥാനത്തിൽ നാം വിശ്വസിക്കുന്നു.

തിരുസഭയുടെ നാല് അടയാളങ്ങൾ

ക്രിസ്തു, പരിശുദ്ധാത്മാവിലൂടെ തന്റെ സഭയെ ഏകവും വിശുദ്ധവും കാതോലികവും അപ്പസ്തോലികവുമാക്കി മാറ്റി. ഈ നാല് അടയാളങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഇവ സഭയുടെയും അവളുടെ ദൗത്യത്തെയും സത്താപരമായി സൂചിപ്പിക്കുന്ന ഘടകങ്ങളാണ്. ഈ അടയാളങ്ങളുടെ ഉറവിടം ദൈവികസ്രോതസായതിനാൽ വിശ്വാസത്തിലൂടെ മാത്രമേ ഈ അടയാളങ്ങളെ പൂർണമായി മനസിലാക്കാൻ നമുക്കു കഴിയുകയുള്ളൂ.

തിരുസഭയുടെ ഏകത്വം

സഭ ഏകമാണെന്നതിന്റെ അർത്ഥം അവൾക്ക് ഒരു സ്ഥാപകനെയുള്ളൂ; അത് ക്രിസ്തുവാണ്. ഒരു പിതാവേയുള്ളൂ; അതു ദൈവമാണ്. ഒരു വിശ്വാസം പ്രഘോഷിക്കുന്നു; ഒരു മാമോദീസയിൽ നിന്ന് ജനിച്ച് ഒരു ശരീരമായി സഭ രൂപപ്പെട്ടിരിക്കുന്നു. ഏക പ്രത്യാശയ്ക്കുവേണ്ടി ഏക ആത്മാവിൽ നിന്ന് ജീവൻ സ്വീകരിക്കുന്നു. വിശുദ്ധ പൗലോസ് അപ്പസ്തോലൻ പറയുന്നു: “സമാധാനത്തിന്റെ ബന്ധത്തിൽ ആത്മാവിന്റെ ഐക്യം നിലനിർത്താൻ ജാഗരൂകരായിരിക്കുവിൻ. ഒരേ പ്രത്യാശയിൽ നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നതുപോലെ ഒരു ശരീരവും ഒരു ആത്മാവുമാണുള്ളത്. ഒരു കർത്താവും ഒരു വിശ്വാസവും ഒരു ജ്ഞാനസ്നാനവുമേയുള്ളൂ. സകലതിലുമുപരിയും സകലത്തിലൂടെയും സകലതിലും വർത്തിക്കുന്നവനും നമ്മുടെയെല്ലാം പിതാവുമായ ദൈവം ഒരുവൻ മാത്രം"(എഫേ, 4:3:6). സഭയുടെ അംഗങ്ങൾക്ക് ഇടയിൽ വിവിധ ദാനങ്ങളും അവസ്ഥകളും ജീവിതരീതികളുമുണ്ട്. സ്വന്തമായ പാരമ്പര്യങ്ങളെ നിലനിർത്തുന്ന വ്യക്തിസഭകൾ കത്തോലിക്കാസഭയുടെ കൂട്ടായ്മയിലുണ്ട്. ഇത്തരം വൈവിധ്യത്തെ സഭ മഹത്തായ സമ്പന്നതയായി കാണുകയും ഈ നാനാത്വത്തിൽ ഏകത്വം ദർശിക്കുകയും ചെയ്യുന്നു.

തിരുസഭയുടെ വിശുദ്ധി

പരമപരിശുദ്ധനായ ത്രിയേക ദൈവത്താൽ സ്ഥാപിതമായതിനാൽ കത്തോലിക്കാ സഭ വിശുദ്ധമാണ്. വിശുദ്ധിയുടെ ആത്മാവാണ് അവൾക്ക് ജീവൻ നൽകുന്നത്. പാപികളെ ഉൾക്കൊള്ളുന്നെങ്കിലും സഭ പാപരഹിതയാണ്. ഈ വിശുദ്ധി വഴിയാണു കത്തോലിക്ക സഭ സമ്പൂർണ്ണമായി വിശുദ്ധമാണെന്ന് വിശ്വസിക്കാൻ കാരണം.

സഭ കാതോലികമാണ്

കാതോലികം എന്ന പദത്തിന്റെ അർത്ഥം സാർവ്വത്രികം എന്നാണ്. മനുഷ്യവർഗ്ഗം മുഴുവനെയും സഭ ഉൾക്കൊള്ളുന്നു എന്നതാണതിന്റെ ധ്വനി. ക്രിസ്തു സഭയിൽ സന്നിഹിതനായിരിക്കുന്നതു കൊണ്ടാണു സഭ കാതോലികമാകുന്നത്. ദൈവം ആരംഭത്തിൽ മനുഷ്യപ്രകൃതിയെ ഒന്നായി സൃഷ്ടിക്കുകയും ചിതറിക്കിടക്കുന്ന തന്റെ മക്കളെല്ലാം അവസാനം ഒന്നായി ചേർക്കപ്പെടണമെന്ന് നിശ്ചയിക്കുകയും ചെയ്തു. ക്രിസ്തുവിന്റെ രക്ഷ മനുഷ്യവർഗ്ഗം മുഴുവനും വേണ്ടിയായതിനാൽ അവിടുത്തെ സഭ ക്രിസ്തുവാകുന്ന രക്ഷയുടെ സന്ദേശത്തെ സംവഹിച്ചുകൊണ്ട് സകല ജനതകളിലേക്കും അയയ്ക്കപ്പെട്ടിരിക്കുന്നു. സഭ എല്ലാ മനുഷ്യരെയും തേടുന്നു. അവൾ എല്ലാക്കാലങ്ങളെയും ആശ്ലേഷിക്കുന്നു. ക്രിസ്തുവിന്റെ സഭയുടെ ഈ തുറവിയാണ് സഭ കാതോലികമാണെന്നു നാം വിശ്വസിക്കാൻ കാരണം.

സഭയുടെ അപ്പസ്തോലികത്വം

ഉറപ്പുള്ള ശാശ്വതമായ അടിത്തറയിന്മേലാണ് തിരുസഭ പണിയപ്പെട്ടിരിക്കുന്നത്. തിന്മയുടെ ശക്തികൾ ഈ സഭയ്ക്ക് എതിരെ പ്രബലപ്പെടുകയില്ലെന്ന് ക്രിസ്തു അരുളി ചെയ്തിട്ടുണ്ട് (മത്തായി 16:18). വിശുദ്ധ പത്രോസിന്റെ നേതൃത്വത്തിൽ അപ്പസ്തോലന്മാരുടെ അടിത്തറയിലാണ് ക്രിസ്തുവിന്റെ സഭ സ്ഥാപിതമായിരിക്കുന്നത്. ക്രിസ്തു തന്റെ സഭയെ തെറ്റുപറ്റാത്ത വിധം സത്യത്തിൽ സംരക്ഷിച്ചുകൊണ്ടിരിക്കുന്നു. വിശുദ്ധ പത്രോസിലൂടെയും മറ്റ് അപ്പസ്തോലന്മാരിലൂടെയും കൈമാറിവന്ന അപ്പസ്തോലിക ദൗത്യവും അധികാരവും മാർപാപ്പയിലൂടെയും മെത്രാന്മാരിലൂടെയും ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു.

കത്തോലിക്കാ സഭയുടെ സ്ഥാപനം ബൈബിളിൽ

ക്രിസ്തു സ്ഥാപിച്ച സഭയെ കത്തോലിക്കാ സഭയെന്നു പേരിട്ടു വിളിച്ചത് രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ അന്ത്യോക്യായിൽ ജീവിച്ചിരുന്ന വിശുദ്ധ ഇഗ്നേഷ്യസാണ്. അന്ന് ഒരേയൊരു സഭ മാത്രമേയുണ്ടായിരുന്നുള്ളൂ. ക്രിസ്തുശിഷ്യനായ പത്രോസിന്റെ നേതൃത്വത്തിലുള്ള കത്തോലിക്കാ സഭ. ഈ സഭ ക്രിസ്തുവിന്റെ സഭയാണോ എന്ന ചോദ്യത്തിന് ബൈബിൾ വ്യക്തമായ ഉത്തരം നൽകുന്നുണ്ട്.

ക്രിസ്തു പത്രോസിനോട് പറഞ്ഞു: “ഞാൻ നിന്നോടു പറയുന്നു: നീ പത്രോസാണ് ഈ പാറമേൽ എന്റെ സഭ ഞാൻ സ്ഥാപിക്കും. നരകകവാടങ്ങൾ അതിനെതിരെ പ്രബലപ്പെടുകയില്ല. സ്വർഗ്ഗരാജ്യത്തിന്റെ താക്കോലുകൾ നിനക്കു ഞാൻ തരും. നീ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും (മത്തായി 16: 18, 19). സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള അധികാരങ്ങൾ നൽകി ക്രിസ്തു പത്രോസിനെ തന്റെ സഭയുടെ തലവനായി നിയോഗിക്കുന്ന തിരുവചനഭാഗമാണിത്. തന്റെ ദൗത്യം തുടരുന്നതിന് ഒരു സഭ ആവശ്യമാണെന്ന് അവിടുത്തേക്ക് ബോധ്യമുണ്ടായിരുന്നു. അതിനാലാണ്, ക്രിസ്തു സഭ സ്ഥാപിച്ചതും പത്രോസിനെ അതിന്റെ തലവനായി നിയോഗിച്ചതും. ഇങ്ങനെ, ക്രിസ്തുവിനാൽ സ്ഥാപിതമായതും ക്രിസ്തു നിയോഗിച്ച പത്രോസിനാൽ നയിക്കപ്പെടുന്നതുമായ സഭയെയാണ് വിശുദ്ധ ഇഗ്നേഷ്യസ് കത്തോലിക്കസഭ എന്നു പേരിട്ടുവിളിച്ചത്. ഈ സഭയുടെ പിൻതുടർച്ചയാണ് ഇന്ന് റോമിലെ ഫ്രാൻസിസ് മാർപ്പാപ്പ തലവനായിരിക്കുന്ന കത്തോലിക്ക സഭ.

മറ്റ് അപ്പസ്തോലന്മാരിൽ നിന്നും ക്രിസ്തു പത്രോസിനെ പ്രത്യേകം തിരഞ്ഞെടുക്കുന്നതും ദൗത്യങ്ങൾ ഏൽപിക്കുന്നതും തന്റെ സഭയുടെ തലവനായി ഉയർത്തുന്നതുമൊക്കെ ബൈബിളിൽ പലയിടത്തും നമുക്ക് കാണാൻ കഴിയും. അപ്പസ്തോലന്മാരെ ശക്തിപ്പെടുത്താൻ ക്രിസ്തു പത്രോസിനെ ചുമതലപ്പെടുത്തുന്ന സംഭവം ബൈബിളിലുണ്ട്. “നിന്റെ വിശ്വാസം ക്ഷയിക്കാതിരിക്കാൻ ഞാൻ നിനക്കുവേണ്ടി പ്രാർത്ഥിച്ചു. നീ തിരിച്ചുവന്ന് നിന്റെ സഹോദരരെ ശക്തിപ്പെടുത്തണം. ശിമയോൻ പറഞ്ഞു: “കർത്താവെ, നിന്റെ കൂടെ കാരാഗൃഹത്തിലേക്കു പോകാനും മരിക്കാൻ തന്നെയും ഞാൻ തയ്യാറാണ്” (ലൂക്കാ 23:32). ക്രിസ്തു തന്റെ സഭയിലെ അജഗണങ്ങളെ മേയ്ക്കാൻ പത്രോസിനെ ചുമതലപ്പെടുത്തുന്നുണ്ട്. അവരുടെ പ്രാതൽ കഴിഞ്ഞപ്പോൾ ക്രിസ്തു ശിമയോൻ പത്രോസിനോടു ചോദിച്ചു; യോഹന്നാന്റെ പുത്രനായ ശിമയോനേ നീ ഇവരെക്കാൾ അധികമായി എന്നെ സ്നേഹിക്കുന്നുവോ? അവൻ പറഞ്ഞു: ഉവ്വ് കർത്താവെ, ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്ന് നീ അറിയുന്നുവല്ലോ. യേശു അവനോടു പറഞ്ഞു. “എന്റെ ആടുകളെ മേയ്ക്കുക.” രണ്ടാം പ്രാവശ്യവും അവൻ ചോദിച്ചു. യോഹന്നാന്റെ പുത്രനായ ശിമയോനേ നീ എന്നെ സ്നേഹിക്കുന്നുവോ? അവൻ പറഞ്ഞു. ഉവ്വ് കർത്താവേ, ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്ന് നീ അറിയുന്നുവല്ലോ. അവൻ പറഞ്ഞു: എന്റെ കുഞ്ഞാടുകളെ മേയ്ക്കുക. അവൻ മൂന്നാം പ്രാവശ്യവും അവനോട് ചോദിച്ചു. യോഹന്നാന്റെ പുത്രനായ ശിമയോനേ, നീ എന്നെ സ്നേഹിക്കുന്നുവോ? തന്നോട് മൂന്നാം പ്രാവശ്യവും നീ എന്നെ സ്നേഹിക്കുന്നുവോ എന്ന് അവൻ ചോദിച്ചതു കൊണ്ട് പത്രോസ് ദുഃഖിതനായി. അവർ പറഞ്ഞു: കർത്താവേ, നീ എല്ലാം അറിയുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്നും നീ അറിയുന്നു. യേശു പറഞ്ഞു: “എന്റെ കുഞ്ഞാടുകളെ മേയ്ക്കുക” (യോഹ. 21: 15-17). ഈ തിരുവചനഭാഗങ്ങളിൽ നിന്ന് പത്രോസിനെ ക്രിസ്തു തന്റെ സഭയുടെ തലവനായി നിയോഗിക്കുന്നതായി നാം കാണുന്നു. പത്രോസിന്റെ അധികാരം മറ്റ് അപ്പസ്തോലന്മാരും ആദിമ ക്രൈസ്തവ സമൂഹവും പൂർണ്ണമായി അംഗീകരിച്ചിരുന്നതായി അപ്പസ്തോല പ്രവർത്തനങ്ങളുടെ പുസ്തകം സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ക്രിസ്തു തന്റെ സ്വർഗ്ഗാരോഹണത്തിന് മുമ്പ് ശിഷ്യഗണങ്ങളോട് അരുളിചെയ്തു: “പരിശുദ്ധാത്മാവ് നിങ്ങളുടെ മേൽ വന്ന് കഴിയുമ്പോൾ നിങ്ങൾ ശക്തി പ്രാപിക്കും. ജറുസലെമിലും യൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിർത്തികൾവരെയും നിങ്ങൾ എനിക്ക് സാക്ഷികളായിരിക്കയും ചെയ്യും"(അപ്പ.1:8). അവിടുന്ന് അരുളി ചെയ്തതുപോലെ പന്തക്കുസ്താദിനത്തിൽ ക്രിസ്തു തന്റെ പരിശുദ്ധാത്മാവിനെ അവർക്ക് നൽകി (അപ്പ. 2:7-4).

പരിശുദ്ധാന്മാവിനെ സ്വീകരിച്ചതിനു ശേഷം ശിഷ്യന്മാർ ക്രിസ്തു നൽകിയ പ്രവർത്തനങ്ങളുടെ രൂപരേഖ പ്രകാരം, ജറുസലേമിൽ രൂപംകൊണ്ട സഭ അവിടെ വളരെപേരെ അംഗങ്ങളായി സ്വീകരിച്ചു. അവിടെ നിന്ന് സമരിയായിലേക്ക് വ്യാപിച്ചു. തുടർന്ന്, വിജാതീയരുടെ പന്തകുസ്താ എന്ന് വിശേഷിപ്പിക്കാവുന്ന കൊർണേലിയൂസിന്റെ മാനസാന്തരത്തിന് (അപ്പ. 10:1-48) ജറുസലേം സൂനഹദോസു വഴി ലഭിച്ച ദൈവശാസ്ത്രപരമായ ന്യായീകരണം (അപ്പ.15:1-35) എന്ന സുപ്രധാന വഴിത്തിരിവിലൂടെ, റോമാ സാമ്രാജ്യത്തിന്റെ അറിയപ്പെട്ടിരുന്ന മിക്കവാറും എല്ലാ കേന്ദ്രങ്ങളിലേക്കും വ്യാപിച്ചു ഭൂമിയുടെ അതിർത്തികൾ വരെയും ഈ സഭ ക്രിസ്തുവിന്റെ സന്ദേശവുമായെത്തി. അപ്പസ്തോല പ്രവർത്തനങ്ങളുടെ പുസ്തകം പരിശോധിക്കുമ്പോൾ ക്രിസ്തു സ്ഥാപിച്ചതും പത്രോസിന്റെ നേത്യത്വത്തിൽ വളർച്ച പ്രാപിച്ചതുമായ കത്തോലിക്കാ സഭയുടെ ആരംഭകാലഘട്ടം വ്യക്തമായി കാണാനാകും.

ചരിത്രം പരിശോധിക്കുമ്പോൾ, ക്രിസ്തു സ്ഥാപിച്ച കത്തോലിക്കാ സഭയിൽ നിന്ന് ഓരോ കാലഘട്ടത്തിൽ നിരവധിപേർ വേർപിരിഞ്ഞുപോയി പുതിയ സഭകൾ സ്ഥാപിച്ചിട്ടുണ്ട്. കത്തോലിക്കാ സഭ ക്രിസ്തുവിനാൽ സ്ഥാപിക്കപ്പെട്ട സത്യസഭയായതിനാൽ വിശ്വാസസത്യങ്ങളോട് വിട്ടുവീഴ്ച ചെയ്യാൻ തിരുസഭയ്ക്ക് കഴിയില്ല. മറ്റ് അപ്പസ്തോലിക സഭകളെ സഭകളായി കത്തോലിക്കാ സഭ അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു. പെന്തകുസ്താ സമൂഹങ്ങൾ പോലെയുള്ള പ്രസ്ഥാനങ്ങളിലെ നന്മകളെ ഉൾക്കൊള്ളാൻ കത്തോലിക്കാ സഭ തയ്യാറാണെങ്കിലും തെറ്റായ പ്രബോധനങ്ങളെ വിട്ടുവീഴ്ച കൂടാതെ നേരിട്ട് സത്യ വിശ്വാസം സംരക്ഷിക്കാനുള്ള ശ്രമമാണ് തിരുസഭ ഇന്നും (കത്തോലിക്കാസഭ) നടത്തിക്കൊണ്ടിരിക്കുന്നത്.

വിശ്വാസസമൂഹം സത്യത്തെ കണ്ടെത്തുകയും ഉറച്ചുനിൽക്കുകയും തിന്മയുടെ ശക്തികളെ പരിശുദ്ധാത്മാവിന്റെ ശക്തിയാൽനേരിടുകയും വേണം. സത്യവിശ്വാസത്തോട് പുറം തിരിഞ്ഞ് ക്രിസ്തുവിന്റെ മൗതിക ശരീരമായ തിരുസഭയോട് അകന്നിരിക്കുന്ന സഹോദരങ്ങൾ തിരികെ വരണമെന്ന് തിരുസഭ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. കാരണം, “ഒരു ആട്ടിൻപറ്റവും ഒരു ഇടയനുമാകണമെന്ന് ക്രിസ്തുവിന്റെ സ്വപ്നം യാഥാർത്ഥ്യമാകാനാണ് തിരുസഭ ഇത് ആഗ്രഹിക്കുന്നത്. വിശ്വാസസമൂഹം തെറ്റായ പ്രബോധനങ്ങളിൽ അകപ്പെടാതെ ദൈവികസത്യങ്ങളിൽ ബോധ്യമുള്ളവരായി തിരുസഭയോട് ചേർന്ന് ജീവിക്കുന്നതാണ് യഥാർത്ഥ ക്രൈസ്തവ വിശ്വാസ ജീവിതം.

Living Faith Series : 2 (ചോദ്യം:1)

തിരുസഭയുടെ ഉത്ഭവം ക്രിസ്തു തിരുസഭയുടെ സ്ഥാപകൻ ദൈവത്തിന്റെ രക്ഷാകരപദ്ധതി പുത്രനായ ക്രിസ്തുവിന്റെ ദൗത്യം ദൈവജനമാണ് തിരുസഭ തിരുസഭ: ക്രിസ്തുവിന്റെ ശരീരം തിരുസഭയുടെ നാല് അടയാളങ്ങൾ തിരുസഭയുടെ ഏകത്വം തിരുസഭയുടെ വിശുദ്ധി സഭ കാതോലികമാണ് സഭയുടെ അപ്പസ്തോലികത്വം കത്തോലിക്കാ സഭയുടെ സ്ഥാപനം ബൈബിളിൽ വിശുദ്ധ ഇഗ്നേഷ്യസ് നീ പത്രോസാണ് ഈ പാറമേൽ എന്റെ സഭ ഞാൻ സ്ഥാപിക്കും 1പത്രോ. 2:9 യോഹ. 3:3-5 മത്തായി 5:13-16 യോഹ. 15 : 4 യോഹ. 6:56 യോഹ. 14:18 20:22 മത്തായി 28:20 അപ്പ. 2:33 റോമാ. 6: 4 5 ; 1 കോറി 12:13 1 കോറി 12:26 കോളോ. 1:18 യോഹ. 3:29; മർക്കോ. 2:19 മത്താ. 22:1-14; 25:1-13 1 കോറി. 6: 15-17 2 കോറി. 11:2 വെളി. 22:17 എഫേ.1:4 4:3:6 ത്തായി 16:18 മത്തായി 16: 18 19 ലൂക്കാ 23:32 അപ്പ. 2:7-4 Living Faith Series : 2 (ചോദ്യം:1) Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message