We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Mar Joseph Pamplany On 27-Jan-2021
ചരിത്രം വസ്തുതകള്‍ക്കുപരി വിജയിയുടെയും അധികാരിയുടെയും പക്ഷത്ത് നിലയുറപ്പിക്കാനാഗ്രഹിക്കുന്നു എന്നതാണ് അതിന്‍റെ നാള്‍വഴി തരുന്ന സന്ദേശം. അതുകൊണ്ടുതന്നെ ചരിത്രത്തിന്‍റെ ഗതിവിഗതികള്‍ തങ്ങള്‍ക്കനുകൂലമല്ലെങ്കിലും തങ്ങള്‍ക്കനുകൂലമായി ചരിത്രഗ്രന്ഥങ്ങള്‍ രചിക്കാന്‍ പ്രത്യയ ശാസ്ത്രങ്ങള്‍ മത്സരിക്കാറുണ്ട്. ഇപ്രകാരമൊരു അപചയം കേരള ചരിത്രത്തിന്‍റെ രചനയിലും സംഭവിച്ചിട്ടുണ്ടെന്നത് വസ്തുതാപരമാണ്. തങ്ങള്‍ക്കു ഗുണകരമായവയുടെയും ആയവരുടെയും സംഭാവനകളെ പര്‍വ്വതീകരിച്ചും തങ്ങള്‍ക്കു താല്പര്യമില്ലാത്ത പ്രസ്താനങ്ങളുടെയും വ്യക്തികളുടെയും സംഭാവനകള്‍ എത്രകണ്ട് ശ്രേഷ്ഠമാണെങ്കിലും അവയെ തമസ്കരിച്ചും ചരിത്രരചന നിര്‍വ്വഹിക്കുമ്പോഴാണ് ചരിത്രം വസ്തുതാവിരുദ്ധവും വൈരനിര്യാതബുദ്ധിയുള്‍ക്കൊള്ളുന്നതും ആയിത്തീരുന്നത്. ഇ. എം. എസിന്‍റെയും കൃഷ്ണനാടാരുടെയും ബി. രാജീവന്‍റെയുമൊക്കെ ചരിത്രാപഗ്രഥനങ്ങള്‍ പക്ഷപാതപരമായി പോയതിന്‍റെ ഫലമായി കേരളചരിത്രം വസ്തുതാപരമായി വായിക്കാന്‍ വഴിയില്ലാതായി. ഉദാഹരണമായി, ശ്രീനാരായണഗുരുവിന്‍റെ അരുവിപ്പുറം പ്രതിഷ്ഠയെ ഇതിഹാസസംഭവമായി വാഴ്ത്തുകയും എഴുത്തച്ഛന്‍റെയും, ആശാന്‍റെയും കാവ്യങ്ങളെ കേരള നവോത്ഥാനത്തിന്‍റെ ഊര്‍ജ്ജ സ്രോതസ്സായി ഉയര്‍ത്തുകയും ചെയ്യുമ്പോള്‍ കേരളത്തിന്‍റെ സാംസ്കാരിക ചരിത്രം രൂപപ്പെടുത്തിയ ക്രൈസ്തവമിഷനറിമാരെയും ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും സമ്പൂര്‍ണ്ണമായി തമസ്ക്കരിക്കാനാണ് ചരിത്രകാരന്മാര്‍ ഒരുമ്പെട്ടത്. കേരളത്തിന്‍റെ ദേശീയതക്ക് വര്‍ഗ്ഗീയതയുടെയോ വര്‍ഗ്ഗസമരത്തിന്‍റെയോ നിറം പകരാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നിലവിലുള്ള ചരിത്ര ഗ്രന്ഥങ്ങളിലുണ്ട്.
മാര്‍ക്സിയന്‍ ചരിത്രകാരന്മാര്‍ ചരിത്രമെന്ന യാഥാര്‍ത്ഥ്യത്തെതന്നെ പുനര്‍നിര്‍മ്മിക്കാനാണ് പരിശ്രമിച്ചിട്ടുള്ളത്. കാരണം, മാര്‍ക്സിസം ചരിത്രത്തെ വിലയിരുത്തുന്നതുതന്നെ പക്ഷപാതപരമായിട്ടാണ്. മാര്‍ക്സിസ്റ്റ് വീക്ഷണത്തിലെ തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം സ്ഥാപിക്കുന്നതിനു സഹായകമായ സംരഭങ്ങളുടെ സമാഹാരമാണ് മാര്‍ക്സിയന്‍ ചരിത്രരചനകള്‍. പ്രസ്തുത ലക്ഷ്യത്തിനു സഹായകമല്ലാത്തതും ചരിത്രത്തിന്‍റെ നാള്‍വഴികളില്‍ സംഭവിച്ചിട്ടുള്ളതുമായ സംഭവങ്ങളെയും സംഭാവനകളെയും തമസ്ക്കരിക്കാനോ നിഷ്പ്രഭമാക്കാനോ ഉള്ള ശ്രമം മാര്‍ക്സിയന്‍ ചരിത്ര നിര്‍മ്മാണസഭയുടെ സ്വഭാവമാണ്. പുന്നപ്രവയലാര്‍ സമരവും കയ്യൂര്‍ മൊറാഴ സമരങ്ങളും ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രനേതാക്കളും പ്രാധാന്യ മര്‍ഹിക്കുന്നതായി മാര്‍ക്സിയന്‍ ചരിത്രഗ്രന്ഥങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിന്‍റെ കാരണമിതാണ്. ഗാന്ധിജിയെക്കാളും മഹാനായി ലെനിനെയും മാവോയെയും ചിത്രീകരിക്കുന്നതിന്‍റെ കാരണവും ഇതുതന്നെയാണ്. മാര്‍ക്സിയന്‍ വീക്ഷണവുമായി ഒത്തുപോകാത്ത പ്രസ്ഥാനങ്ങളുടെയും വ്യക്തികളുടെയും ചരിത്രത്തെ അവഗണിക്കാനും പിന്തിരിപ്പന്‍, കോളോണിയല്‍-ബൂര്‍ഷ്വാ മൂരാച്ചി തുടങ്ങിയ ലേബലൊട്ടിച്ച് കാണാപ്പുറങ്ങളിലേക്ക് ഒതുക്കാനും മാര്‍ക്സിയന്‍ ചരിത്രകാരന്മാര്‍ എന്നും ബദ്ധശ്രദ്ധരായിരുന്നു. നിര്‍ഭാഗ്യവശാല്‍ കേരള ചരിത്ര രചനയില്‍ മാര്‍ക്സിയന്‍ വീക്ഷണത്തിനായിരുന്നു എന്നും മേല്‍ക്കോയ്മ. അതിനാല്‍ തന്നെ മാര്‍ക്സിസത്തിനു സ്വീകാര്യമല്ലാത്ത ക്രൈസ്തവസഭയും സഭയുടെ സംഭാവനകളും ചരിത്രഗ്രന്ഥങ്ങളില്‍ നിന്നും ഗളഹസ്തം ചെയ്യപ്പെട്ടു. എത്രമേല്‍ അവഗണിച്ചാലും കേരളചരിത്രത്തിന്‍റെ ഗതി നിര്‍ണ്ണയിക്കുന്നതില്‍ ക്രൈസ്തവസഭ നല്‍കിയ സംഭാവനകളെ ആര്‍ക്കും അവഗണിക്കാനാവില്ല എന്ന സത്യം വെളിപ്പെടുത്തുക ഈ ലഘുപഠനത്തിന്‍റെ ലക്ഷ്യം.
ചരിത്രത്തിലെ തമസ്കരണം വഴി ക്രൈസ്തവര്‍ വെറും കച്ചവടക്കാരും, അനധികൃതകുടിയേറ്റക്കാരും അരാഷ്ട്രീയവാദികളും കലാസാഹിത്യ രംഗങ്ങളിലെ പിന്തിരിപ്പന്മാരും ദേശസ്നേഹമില്ലാത്തവരുമായി ചിത്രീകരിക്കപ്പെടുന്നു എന്നതാണ് ഏറ്റവും ദുഖകരമായ വസ്തുത. ചരിത്രത്തെ നേര്‍രേഖയില്‍ വായിച്ചാല്‍ ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാകും എന്നു സമര്‍ത്ഥിക്കുകയും ഈ പഠനത്തിന്‍റെ ലക്ഷ്യമാണ്.
സാംസ്കാരിക രംഗത്തെ സംഭാവനകള്‍
യൂറോപ്പിലെന്നതുപോലെ ബൗദ്ധിക രംഗത്തെ നവോത്ഥാനം കേരളത്തിലോ ഭാരതത്തിലോ നടന്നിട്ടില്ല. എന്നാല്‍ യൂറോപ്യന്‍ നവോത്ഥാന സംരംഭങ്ങള്‍ക്ക് സമാന്തരമായി മതസാമൂഹിക രംഗത്ത് ശ്രദ്ധേയമായ ചില ചുവടുവയ്പുകള്‍ കേരളത്തില്‍ സംഭവിച്ചിട്ടുണ്ട്. ഇവിടെ പ്രചരിതമായിരുന്ന വിവിധ മതങ്ങളില്‍ ഇതിന്‍റെ അനുരണനങ്ങള്‍ വായിച്ചെടുക്കാനാകും. അവയെക്കുറിച്ച് അന്യത്ര പ്രതിപാദിക്കുന്നതിനാല്‍ ഈ പഠനത്തില്‍ ക്രൈസ്തവസഭയുടെ സംഭാവനകളെക്കുറിച്ചു മാത്രമേ പ്രതിപാദിക്കുന്നുള്ളൂ. 1599-ാം ആണ്ട് ജൂണ്‍ മാസം 20-26 തീയ്യതികളില്‍ ഉദയം പേരൂര്‍ സൂനഹദോസ് സമ്മേളിച്ചു. 133 "കത്തനാര്‍മാരും"20 ശംശാനകളും 660 അത്മായപ്രതിനിധികളും പങ്കെടുത്ത ഈ സമ്മേളനത്തിന്‍റെ ആധികാരികതയെക്കുറിച്ചും ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കുറിച്ചും അഭിപ്രായാന്തരങ്ങളുണ്ടാകാം. എന്നാല്‍ പതിനാറാം നൂറ്റാണ്ടില്‍തന്നെ ജനപ്രതിനിധിസഭയായിചേര്‍ന്ന ഈ സമ്മേളനം കേരളസമൂഹത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങള്‍ക്കെതിരേ പൊരുതാന്‍ തീരുമാനമെടുത്തു എന്നത് ശ്രദ്ധേയമാണ്. അയിത്തം, തീണ്ടല്‍, തൊടീല്‍, ചാതുര്‍വര്‍ണ്യവ്യവസ്ഥിതിയിലധിഷ്ഠിതമായ സാമൂഹിക വിവേചനങ്ങള്‍ എന്നിവ സുവിശേഷ മൂല്യങ്ങള്‍ക്കു വിരുദ്ധമാകയാല്‍ അവയ്ക്കെതിരേ പൊരുതുവാന്‍ തീരുമാനിച്ചു. ക്രൈസ്തവരുടെ ഇടയില്‍ ഇത്തരം അനാചാരങ്ങള്‍ നിരോധിച്ച് നിയമനിര്‍മ്മാണം നടത്താനും സൂനഹദോസിനു സാധിച്ചു (Decree II, Session IX). ബഹുഭാര്യാത്വം (polygamy), ബഹുഭര്‍തൃത്വം (polyandry) എന്നിവ കര്‍ക്കശമായി നിരോധിക്കാനും സൂനഹദോസ് നിയമമുണ്ടാക്കി. ബഹു ഭാര്യാത്വം നിയമവിരുദ്ധമായി ഇന്ത്യന്‍ സമൂഹം കരുതുന്നതിനും നൂറ്റാണ്ടുകള്‍ക്കുമുമ്പേ ഈ ലക്ഷ്യത്തിനായി നിയമനിര്‍മ്മാണം നടത്തിയതിനെ നിസ്സാരവല്‍ക്കരിക്കുന്നതു ശരിയല്ല. ശൈശവവിവാഹം നിയമവിരുദ്ധമായി പ്രഖ്യാപിക്കാനും സൂനഹദോസിനു കഴിഞ്ഞ (Decree X, Session VIII) സമൂഹത്തില്‍ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളായ ക്ഷുദ്രക്രിയകള്‍, കൂടോത്രം, മന്ത്രവാദം, ആഭിചാരക്രിയകള്‍, ഭാവിപ്രവചനം എന്നിവയെ നിരോധിക്കാനും സൂനഹദോസ് മുന്‍കൈ എടുത്തു. ആണ്‍മക്കള്‍ക്കും, പെണ്‍മക്കള്‍ക്കും പിതൃസ്വത്തില്‍ തുല്യാവകാശമുണ്ടെന്ന ചരിത്രപരമായ തീരുമാനംവഴി മരുമക്കത്തായ വ്യവസ്ഥിതി ഉളവാക്കിയ അനീതിപരമായ സാമൂഹികവ്യവസ്ഥിതിയില്‍ കേരളത്തിനു ദിശാബോധം നല്‍കാന്‍ ഈ സിനഡിനു സാധിച്ചു.
ക്രൈസ്തവര്‍ ചില പ്രദേശങ്ങളില്‍ മാത്രം തിങ്ങിപ്പാര്‍ത്ത് സംഘബലം കാണിക്കാതെ നാട്ടിലുടനീളം ഇതരമതസ്തരുടെയിടയില്‍ സാഹോദര്യത്തോടെ വര്‍ത്തിക്കണമെന്നും സ്വതവേ കച്ചവടക്കാരായ ക്രൈസ്തവരോട് കൊള്ളപ്പലിശയും അന്യായലാഭവും തെറ്റാണെന്ന് മനസ്സിലാക്കി ഒഴിവാക്കണമെന്നും സൂനഹദോസ് നിര്‍ദ്ദേശിച്ചു. മദ്യവ്യവസായം എത്രമേല്‍ ലാഭകരമാണെങ്കിലും അത് ക്രൈസ്തവര്‍ക്ക് നിഷിദ്ധമാണെന്നു പ്രഖ്യാപിക്കണം സിനഡ് ധീരതകാട്ടി. കേരളത്തിന്‍റെ നവോത്ഥാനത്തിനു ദിശാബോധം നല്‍കുന്ന സുചിന്തിതമായ തീരുമാനങ്ങളാണ് സൂനഹദോസ് പ്രഖ്യാപിച്ചത് എന്നു മനസ്സിലാക്കാം. കേരളത്തിന്‍റ സാംസ്കാരിക രംഗത്തെ ഒട്ടേറെ മേഖലകളില്‍ കാലത്തിനും മുമ്പേ പറന്ന പക്ഷിയായിരുന്നു ഉദയം പേരൂര്‍ സൂനഹദോസ്. എന്നാല്‍ കേരളത്തിലെ ചരിത്രഗ്രന്ഥങ്ങളെല്ലാംതന്നെ സൂനഹദോസിന്‍റെ ക്രിയാത്മകമായ സാമൂഹിക ഇടപെടലുകളെ തമസ്കരിക്കുകയാണ് ചെയ്തത്. അടിമക്കച്ചവടത്തിനെതിരെ എസ്. കെ. വസന്തന്‍ രചിച്ച കേരളചരിത്ര നിഘണ്ടുവില്‍ കേരളത്തിലെ അടിമക്കച്ചവടത്തിന്‍റെ ഹീനതകള്‍ വിവരിക്കുന്നുണ്ട്. ചങ്ങാനാശ്ശേരി, തിരുനക്കര, ആലപ്പുഴ, കൊല്ലം, പേട്ടാ, കോവളം, കായംകുളം, ചിറയിന്‍കീഴ്, കണിയാപുരം തുടങ്ങിയ കേന്ദ്രങ്ങളില്‍ അടിമച്ചന്തകള്‍ നിലനിന്നിരുന്നുവത്രേ.
ക്രിസ്തീയ വിശ്വാസത്തിന്‍റെ അടിസ്ഥാനചിന്തകളിലൊന്ന് മനുഷ്യമഹത്വമാണ്. മനുഷ്യവ്യക്തി ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവനാകയാല്‍ (ഉല്‍പ 1:26) ഓരോ മനുഷ്യജന്മവും അമൂല്യമാണെന്ന് ക്രിസ്തുമതം പഠിപ്പിക്കുന്നു. ഇക്കാരണത്താല്‍ മനുഷ്യമഹത്വത്തെ നിഷേധിക്കുന്ന സകലതിന്മകളെയും ക്രിസ്തീയവിശ്വാസം എതിര്‍ക്കുന്നു. മനുഷ്യമഹത്വം നിഷേധിക്കുന്ന ഗുരുതരമായ തിന്മകളിലൊന്നാണ് അടിമസമ്പ്രദായം. സമ്പത്തും അധികാരവും സ്വാധീനവുമുള്ള സവര്‍ണ്ണവര്‍ഗ്ഗം അവര്‍ണ്ണരെ മൃഗങ്ങള്‍ക്കുതുല്യം അടിമകളായി ക്രയവിക്രയം ചെയ്യുന്ന ഹീനമായ സാമൂഹികവ്യവസ്ഥിതിയാണ് 19-ാം നൂറ്റാണ്ടിന്‍റെ ആദ്യപകുതിവരെ കേരളത്തില്‍ നിലനിന്നിരുന്നത്. "കേരളചരിത്രം" എന്ന ഗ്രന്ഥം കേരളത്തിലെ അടിമവ്യവസ്തിതിയെക്കുറിച്ച് നല്‍കുന്ന വിവരണം ശ്രദ്ധിക്കുക.
"കൃഷിപ്പണിക്കു വേണ്ടി ഭൂമിയുമായി ബന്ധപ്പെടുത്തി ഭൂവുടമകള്‍ സൂക്ഷിച്ചിരുന്ന അടിമകള്‍ക്ക് കണക്കുണ്ടായിരുന്നില്ല. കന്നുകാലികളെപ്പോലെ അവരെ ക്രയവിക്രയം ചെയ്തിരുന്നു. അടിമകളെ കൊല്ലാന്‍പോലുമുള്ള ജന്മിമാരുടെ അവകാശത്തെക്കുറിച്ച് ചോദിക്കാനും പറയാനും ആരുമുണ്ടായിരുന്നില്ല തന്നെ. ചുരുക്കിപ്പറഞ്ഞാല്‍ എന്തെങ്കിലും ജീവിതാവകാശമുള്ള മനുഷ്യരോടെന്ന നിലയ്ക്കായിരുന്നില്ല അടിമകളോട് പെരുമാറിപോന്നത്. കറവപ്പശുക്കളെ സൂക്ഷിക്കുക, നല്ല വസ്ത്രം ധരിക്കുക, വാഹനങ്ങളില്‍ സഞ്ചരിക്കുക ഓടുമേഞ്ഞ വീടുകളില്‍ താമസിക്കുക, ഓട്ടുപാത്രങ്ങള്‍ ഉപയോഗിക്കുക മുതലായ സാധാരണ ജീവിതത്തിന്‍റെ സൗകര്യങ്ങളൊന്നും അവര്‍ അറിഞ്ഞിരുന്നതേ ഇല്ല"3 കേരളത്തില്‍ നിന്നും മൗറീഷ്യസ് മുതലായ സ്ഥലങ്ങളിലേക്ക് അടിമകളെ കച്ചവടം നടത്തിയിരുന്നു. ഒരു അടിമയ്ക്ക് 14 രൂപാവരെ ലഭിച്ചിരുന്നുവെന്നാണ് കണക്കുകളില്‍ കാണുന്നത്. ഇങ്ങനെ കച്ചവടം നടത്തുമ്പോള്‍ ഭാര്യയെ ഭര്‍ത്താവില്‍നിന്നും വേര്‍പെടുത്തി വിഭിന്ന സ്ഥലങ്ങളിലേക്ക് കച്ചവടം നടത്തിയിരുന്നു. അടിമകളെ പട്ടിണിക്കിടുവാനും, മര്‍ദ്ദിക്കുവാനും എന്തിന് കൊല്ലുന്നതിനുപോലും ഉള്ള അവകാശം ഉടമസ്ഥന്മാര്‍ക്കുണ്ടായിരുന്നു. തിരുവിതാംകൂറില്‍ ഉണ്ടായിരുന്ന ഒരുലക്ഷത്തിഅറുപത്തയ്യായിരം അടിമകളില്‍ നാല്പത്തിയോരായിരം അടിമകള്‍ സര്‍ക്കാര്‍വക അടിമകളായിരുന്നു. അടിമകളില്‍നിന്നും തലവരിയായി 165000 പണം സര്‍ക്കാരിന് ലഭിക്കുകയും ചെയ്തിരുന്നു.
കൊച്ചിയിലെ സ്ഥിതിയും ഭിന്നമായിരുന്നില്ല. കൊച്ചിയില്‍ ആകെ 40000 അടിമകളുണ്ടായിരുന്നു. ഇതില്‍ 9000 അടിമകള്‍ സര്‍ക്കാര്‍ വകയായിരുന്നു. ബ്രിട്ടീഷ് റസിഡണ്ട് (ആക്ടിംഗ്) കേണല്‍ സ്റ്റുവാര്‍ട്ട്, തന്‍റെ യാത്രയ്ക്കിടയില്‍ കാളയോടൊപ്പം ഒരു അടിമയെ കലപ്പയ്ക്ക് കെട്ടി പൂട്ടുന്നത് കാണുവാനിടയായി. കര്‍ശന നടപടികള്‍ സ്വീകരിക്കുവാന്‍ ആക്ടിംഗ് റസിഡണ്ടിനെ ഈ സംഭവം പ്രേരിപ്പിച്ചു. അടിമകളുടെമേല്‍ മൃഗീയ മര്‍ദ്ദനമേല്പിക്കുന്നതിനെ തടഞ്ഞുകൊണ്ടുള്ള വിളംബരം കൊച്ചി മഹാരാജാവ് 1812 -ല്‍ പുറപ്പെടുവിക്കാന്‍ നിര്‍ബന്ധിതനായി. ഈ വിളംബരത്തിനു ശേഷവും കൊച്ചിയില്‍ അടിമവ്യാപാരം നിലനിന്നു. അടിമക്കച്ചവടത്തിനെതിരെ ധീരമായി രംഗത്തിറങ്ങിയത് ക്രിസ്ത്യന്‍ മിഷനറിമാരായിരുന്നു.4
ഈ അടിമകളും മനുഷ്യരാണെന്നും അവര്‍ക്കും മറ്റുള്ളവരെപ്പോലെ സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശമുണ്ടെന്നും അവരുടെ ദുരിതങ്ങള്‍ക്ക് അറുതിവരുത്തണമെന്നും കാണിച്ച് തിരുവിതാംകൂര്‍ മഹാരാജാവിന് 1847-ല്‍ ചാള്‍സ് മീഡ്, ചാള്‍സ് മോള്‍ട്ട്, ഹെന്‍റി ബേക്കര്‍, സാമുവല്‍ മറ്റീര്‍ എന്നീ മിഷനറിമാര്‍ ചേര്‍ന്ന് ഒരു നിവേദനം സമര്‍പ്പിച്ചു. കൊച്ചി മഹാരാജാവിനും ഇതേ നിവേദനം അവര്‍ സമര്‍പ്പിക്കുകയുണ്ടായി. അടിമവ്യാപാരം നിര്‍ത്തലാക്കിക്കൊണ്ടുള്ള വിളംബരം പുറപ്പെടുവിക്കണമെന്നും ആ നിവേദനത്തില്‍ പ്രത്യേകം എടുത്തുപറഞ്ഞിരുന്നു. അടിമവ്യാപാരം നിര്‍ത്തിയാല്‍ മാത്രംപോരാ, അവര്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നതോടൊപ്പം അവരുടെ ഉദ്ധാരണത്തിനായി അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് മിഷനറിമാരുടെ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
അടിമക്കച്ചവടം നിര്‍ത്തല്‍ ചെയ്യാനുള്ള മിഷനറിമാരുടെ ശ്രമം നാടിന്‍റെ സാമ്പത്തിക ഭദ്രത തകര്‍ക്കുമെന്നും ഭക്ഷ്യസുരക്ഷ അപകടത്തിലാക്കുമെന്നും വാദിച്ചുകൊണ്ട് തിരുവിതാംകൂറിലെയും കൊച്ചിയിലെയും ജന്മിമാരും സമ്പന്നരുമായ സവര്‍ണ്ണര്‍ രംഗത്തുവന്നു. അടിമകള്‍ ജോലിചെയ്യാനില്ലെങ്കില്‍ കാര്‍ഷികരംഗം തകരും എന്നതായിരുന്നു അവരുടെ വാദം. ഭരണസിരാകേന്ദ്രങ്ങളില്‍ ശക്തമായ സ്വാധീനമുണ്ടായിരുന്നു ഇക്കൂട്ടര്‍ മിഷനറിമാര്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടു. പക്ഷെ അടിമവ്യാപാരത്തിനെതിരെ മിഷനറിമാര്‍ ധീരമായി ഉറച്ചുനിന്നു.
മിഷനറിമാരുടെ ശക്തമായ പ്രചരണത്തെത്തുടര്‍ന്ന് 1853- സെപ്റ്റംബര്‍ 15 ന് തിരുവിതാംകൂര്‍ സര്‍ക്കാര്‍ അടിമകള്‍ക്ക് സ്വാത ന്ത്ര്യം അനുവദിച്ചു. അടിമകളുടെ മക്കള്‍ മേലാല്‍ അടിമകളായിരിക്കുകയില്ലെന്നും പ്രഖ്യാപിച്ചു. അടിമകളില്‍നിന്ന് പിരിച്ചിരുന്ന കരം നിര്‍ത്തലാക്കുകയും ചെയ്തു. എങ്കിലും നിയമത്തിന് വിധേയരാകാനും അടിമകളെ മോചിപ്പിക്കുവാനും സവര്‍ണ്ണര്‍ തയ്യാറായില്ല. 1854 ല്‍ അടിമവ്യാപാരം നിര്‍ത്തലാക്കിക്കൊണ്ടും അവര്‍ക്ക് സ്വത്ത് സമ്പാദിക്കാന്‍ അനുവാദം നല്‍കിക്കൊണ്ടും അടിമക്കച്ചവടം ശിക്ഷാര്‍ഹമായ ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിച്ചുകൊണ്ടും മഹാരാജാവ് രാജകീയമായ വിളംബരം പ്രഖ്യാപിച്ചു. മിഷനറിമാരുടെ ശക്തമായ സമ്മര്‍ദ്ദങ്ങള്‍ക്കുവഴങ്ങി 1854 ല്‍ കൊച്ചി മഹാരാജാവും അടിമക്കച്ചവടം പൂര്‍ണ്ണമായി നിരോധിച്ചുകൊണ്ട് ഉത്തരവിറക്കി. അടിമകളുടെ ഉയിര്‍ത്തെഴുന്നേല്പിന് ഇത് വഴിയൊരുക്കി. മിഷനറിമാര്‍ അടിമകളുടെ കുട്ടികള്‍ക്ക് സ്കൂളുകളില്‍ പ്രവേശനം നല്‍കി. വിദ്യാഭ്യാസത്തിന് കുട്ടികളെ അയയ്ക്കാന്‍ മാതാപിതാക്കളെ പ്രേരിപ്പിച്ചു. സ്കൂളുകളിലെത്തിയ കുട്ടികളുടെ സകല ചിലവും മിഷനറിമാര്‍തന്നെ വഹിച്ചു. അടിമക്കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന അദ്ധ്യാപകര്‍ക്ക് കുട്ടി ഒന്നിന് ഒരു പണം വീതം കൂടുതല്‍ വേതനം നല്‍കി. ആയിരത്തിലധികം അടിമക്കുട്ടികള്‍ ഒരു വര്‍ഷത്തിനകം സ്കൂളുകളില്‍ ചേര്‍ന്ന് പഠനം ആരംഭിച്ചു.
അടിമക്കച്ചവടം നിര്‍ത്തലാക്കി മനുഷ്യത്വത്തിന്‍റെ മഹത്വം ഉയര്‍ത്തിപ്പിടിച്ച മിഷനറിമാരാണ് കേരളത്തിലെ യഥാര്‍ത്ഥ സാമൂഹിക വിപ്ലവത്തിനു തിരിതെളിച്ചത്.
മാറുമറക്കല്‍ സമരം
താഴ്ന്ന ജാതിക്കാര്‍ സവര്‍ണ്ണരില്‍ നിന്ന് നിശ്ചിത അകലത്തില്‍ മാത്രമേ നിലകൊള്ളാവൂ എന്ന അയിത്താചാരം കേരളത്തില്‍ നിലനിന്നിരുന്നു. തീണ്ടല്‍പ്പാട് കടന്ന് സവര്‍ണ്ണരെ സമീപിക്കുന്ന അയിത്ത ജാതിക്കാരെ തല്‍ക്ഷണം വെട്ടിക്കൊല്ലുന്നത് പതിവായിരുന്നു. താഴ്ന്നജാതിക്കാരെ തിരിച്ചറിയുന്നതിനും അയിത്തം ആചരിക്കുന്നതിനുമായി അവര്‍ അരയ്ക്കുമുകളില്‍ വസ്ത്രം ധരിക്കരുതെന്ന് വിലക്കിയിരുന്നു. ആണും പെണ്ണും അരയ്ക്കുമുകളില്‍ നഗ്നരായി സവര്‍ണ്ണരുടെ കാഴ്ചവസ്തുക്കളായി നിലകൊള്ളണം എന്നതായിരുന്നു വ്യവസ്ഥ. താണജാതിയിലെ സ്ത്രീകള്‍ സവര്‍ണ്ണരെ കാണുമ്പോള്‍ തങ്ങളുടെ മേല്‍മുണ്ട് എടുത്തുമാറ്റി ആചാരം ചെയ്യണമെന്ന കിരാത നിയമവും നമ്മുടെ നാട്ടിലുണ്ടായിരുന്നു. കൊല്ലം, ചായല്‍ പ്രദേശങ്ങളില്‍ ക്രിസ്തുമതം സ്വീകരിക്കുകയും ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസം നേടുകയും ചെയ്ത ചാന്നാര്‍ സ്ത്രീകളെ സംഘടിപ്പിച്ച് "മാറുമറയ്ക്കല്‍ സമരം" എന്ന ഐതിഹാസിക സമരം നടത്തിയത് ക്രിസ്ത്യന്‍ മിഷനറിമാരായിരുന്നു. ക്രിസ്ത്യന്‍ ചാന്നാര്‍ സ്ത്രീകള്‍ മാറുമറച്ച് പൊതുനിരത്തിലൂടെ നടന്നുതുടങ്ങി. ഇത് വലിയ പ്രക്ഷോഭണത്തിന് ഇടനല്‍കി. മാറുമറച്ചു നടന്ന ചാന്നാര്‍ സ്ത്രീകളെ വഴിയില്‍വെച്ച് മര്‍ദ്ദിക്കുവാനും, മേല്‍മുണ്ട് ബലമായി വലിച്ചുകീറിക്കളയുവാനും സവര്‍ണ്ണ ഹിന്ദു യുവാക്കള്‍ തയ്യാറായി. അക്രമം ഭയന്ന് ചാന്നാര്‍ സ്ത്രീകള്‍ പ്രാണരക്ഷാര്‍ത്ഥം കല്‍ക്കുളം പള്ളിയിലും പള്ളിവക സ്കൂളിലും അഭയംതേടി. പള്ളിയും പള്ളിക്കൂടവും തീവെച്ച് നശിപ്പിച്ചുകൊണ്ടാണ് സവര്‍ണ്ണര്‍ പ്രതികരിച്ചത്. 1828-ല്‍ പൊട്ടിപ്പുറപ്പെട്ട ഈ ലഹളയെത്തുടര്‍ന്ന് ചാന്നാര്‍ സ്ത്രീകള്‍ മാറുമറയ്ക്കുന്നത് നിയമവിരുദ്ധമാണെന്ന് 1829 ഫെബ്രുവരി 3-ാം തിയതി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. താണജാതിക്കാരായ സ്ത്രീകള്‍ മാറുമറയ്ക്കരുതെന്നും ക്രിസ്തുമതം സ്വീകരിക്കുന്ന താണജാതിക്കാര്‍, മേല്‍ജാതി ഹിന്ദുക്കളോട് മതപരിവര്‍ത്തനത്തിന് മുന്‍പ് വര്‍ത്തിച്ചതുപോലെ വര്‍ത്തിക്കണമെന്നും ഞായറാഴ്ചകളില്‍ കൂലിയില്ലാത്ത വേല (ഊഴിയം) ചെയ്തുകൊള്ളണമെന്നും ഉത്തരവില്‍ കര്‍ശനമായി നിര്‍ദ്ദേശിച്ചിരിക്കുന്നു. ഈ കിരാതമായ നിയമത്തിനെതിരെ മിഷനറിമാര്‍ നടത്തിയ സമരം ഐതിഹാസികമായിരുന്നു.
സവര്‍ണ്ണന്‍റെ പാദസേവകരായി വര്‍ത്തിച്ച ഭരണകൂടം അധഃസ്ഥിത വിഭാഗത്തിലെ സ്ത്രീകള്‍ മാറുമറയ്ക്കുന്നത് നിരോധിച്ചുകൊണ്ടു നടപ്പിലാക്കിയ നിയമം കേരളത്തിന്‍റെ സാംസ്കാരിക ചരിത്രത്തിലെ ഏറ്റവും ഹീനമായ നിയമമായിരുന്നു. മിഷനറിമാര്‍ മാറുമറയ്ക്കല്‍ നിരോധനനിയമത്തിനെതിരേ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി. തിരുവിതാംകൂര്‍ ദിവാന്‍ സര്‍ ടി. മാധവറാവു മിഷനറിമാരുടെ ആവശ്യം തള്ളിക്കളഞ്ഞു. മിഷനറിമാര്‍ സങ്കടഹര്‍ജിയുമായി മദ്രാസ് ഗവര്‍ണര്‍ സര്‍ ചാള്‍സ് ട്രിവില്യനെ സമീപിച്ചു. അദ്ദേഹത്തിന്‍റെ അവസരോചിതമായ ഇടപെടല്‍മൂലം മഹാരാജാവിന് നിയമം പൊളിച്ചെഴുതേണ്ടി വന്നു.
മദ്രാസ് ഗവര്‍ണറുടെ ഉഗ്രമായ താക്കീതിനെത്തുടര്‍ന്ന് 1859 ജൂലൈ 26-ാം തീയതി തിരുവിതാംകൂര്‍ മഹാരാജാവ് പുറപ്പെടുവിച്ച വിളംബരത്തില്‍ "ചാന്നാര്‍ സ്ത്രീകള്‍ മാറുമറയ്ക്കുന്നതിനെതിരായി 1829 -ല്‍ പുറപ്പെടുവിച്ച വിളംബരംമൂലം ഉളവായിട്ടുള്ള സങ്കടം ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നതിനാലും, യാതൊരുത്തര്‍ക്കും സങ്കടം ഉണ്ടാകത്തക്കവിധം എല്ലാജനങ്ങളോടും ഒന്നുപോലെ വര്‍ത്തിക്കുക നമുക്ക് ഹിതമായിരിക്കുന്നതിനാലും ഏത് മതവിശ്വാസത്തിലുംപെട്ട ചാന്നാര്‍ സ്ത്രീകള്‍ പരുക്കന്‍തുണികൊണ്ട് മാറുമറയ്ക്കുന്നതിന് പൂര്‍ണ്ണ സ്വാതന്ത്ര്യം ഉണ്ടായിരിക്കും" എന്ന് പ്രത്യേകം രേഖപ്പെടുത്തുകയും ചെയ്തു. സവര്‍ണ്ണ ഹിന്ദുക്കളുടെ വസ്ത്രധാരണത്തില്‍നിന്ന് വ്യത്യസ്തമായിരിക്കണം ചാന്നാര്‍ സ്ത്രീകളുടെ വസ്ത്രധാരണമെന്ന് വിളംബരത്തില്‍ സൂചിപ്പിരുന്നുവെങ്കിലും അത്തരം നിയന്ത്രണങ്ങള്‍ക്ക് യാതൊരു വിലയും ആരും കല്‍പ്പിക്കുകയുണ്ടായില്ല.
മിഷനറിമാര്‍ നേതൃത്വം നല്‍കിയ മാറുമറയ്ക്കല്‍ സമരത്തെ മാര്‍ക്സിയന്‍ വീക്ഷണത്തിലൂടെ പരിഹസിക്കുന്ന സമീപനമാണ് മാര്‍ക്സിയന്‍ ചരിത്രകാരന്മാര്‍ സ്വീകരിച്ചിട്ടുള്ളത്. മാറുമറക്കല്‍ സമരത്തിനു പിന്നില്‍ കൊളോണിയന്‍ സദാചാരബോധത്തിന്‍റെ പിടിയില്‍ അകപ്പെട്ട നമ്മുടെ സമീപഭൂതകാലത്തിന്‍റെ ഓര്‍മ്മപോലും മാഞ്ഞുപോയ ഒരു മനസ്സുണ്ട്. അതിന് അധിനിവേശാനന്തരമറവിരോഗം (Post-colonial amnesia) എന്നാണ് ചില പുതിയ ചിന്തകര്‍ വിശേഷപ്പിക്കുന്നത്. ബി. രാജീവിന്‍റെ നിരീക്ഷണം ശ്രദ്ധിക്കുക: "യാഥാര്‍ത്ഥ്യമെന്തായിരുന്നു? വിദേശികള്‍ വരുന്നതുവരെ കേരളത്തില്‍ സ്ത്രീകളുടെ മാറിടം ലൈംഗികത കേന്ദ്രീകരിക്കുന്ന ഒരു ശരീരഭാഗമായിരുന്നില്ല. പുരുഷന്മാരെപ്പോലെ സ്ത്രീകളും അരയ്ക്കുമുകളില്‍ വസ്ത്രം ധരിക്കേണ്ടിയിരുന്നില്ല. കേരളത്തില്‍ മുലകള്‍ക്ക് ലൈംഗികത ഉണ്ടായിരുന്നില്ല മാത്രമല്ല മുലകള്‍ നഗ്നമാക്കിയിടുന്നതായിരുന്നു സദാചാരംതന്നെ. ഇങ്ങനെ കേരളത്തില്‍ സ്ത്രീകളുടെ മാറിടം ലൈംഗികതയുടെ കേന്ദ്രമായിരുന്നില്ല, എന്നു മാത്രമല്ല മുലക്കച്ച ധരിക്കുന്നതിലൂടെ മുലകള്‍ മറയ്ക്കപ്പെടേണ്ട അശ്ലീലവ സ്തുവായി മാറുകയാണുണ്ടായത്."5
മാറുമറയ്ക്കല്‍ സമരത്തെ താറടിക്കാന്‍ പ്രസ്തുത സമരം മുതലാണ് സ്തനങ്ങള്‍ ലൈംഗികതയുടെ കേന്ദ്രമായി കരുതപ്പെട്ടു തുടങ്ങിയത് എന്നത് വിചിത്രമായ യുക്തിതന്നെ. ശാകുന്തളം മുതലിങ്ങോട്ടുള്ള കവിഭാവനകള്‍ സ്ത്രീസ്തനങ്ങളെക്കുറിച്ച് വാതോരാതെ വര്‍ണ്ണിച്ചതും കോളോണിയല്‍ അധിനിവേശാനന്തര മറവിരോഗം കൊണ്ടാണെന്ന് മാര്‍ക്സിയന്‍ ചിന്തകര്‍ പറയുന്ന കാലവും വിദൂരമാകില്ല.
അധഃസ്ഥിത വിഭാഗത്തിനുള്ള വിവിധകരങ്ങള്‍ ക്കെതിരേ
അധഃസ്ഥിതരായ മനുഷ്യര്‍ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് ഒരുനാളും കടന്നുവരാന്‍ പാടില്ല എന്ന ഉദ്ദേശ്യത്തോടെ താഴ്ന്ന ജാതിക്കാര്‍ക്ക് വിവിധയിനം നികുതികള്‍ ചുമത്തിയിരുന്നു. ഇത്തരം അന്യായ നികുതികള്‍മൂലം പകലന്തിയോളം എല്ലുമുറിയെ പണിയെടുത്താലും താഴ്ന്ന ജാതിക്കാരന്‍റെ വീട്ടില്‍ പട്ടിണിയും പരിവട്ടവും മാത്രമേ ശേഷിച്ചിരുന്നുള്ളൂ. വിവിധയിനം നികുതികളെക്കുറിച്ച് "കേരളചരിത്ര"ത്തില്‍ ശ്രീ. എ. ശ്രീധരമേനോന്‍ നല്‍കുന്ന വിവരണം ശ്രദ്ധാര്‍ഹമാണ്.
പ്രാചീനകാലം മുതല്‍ തിരുവിതാംകൂറില്‍ അതിരൂക്ഷമായിത്തീര്‍ന്ന ഒരു നികുതിസമ്പ്രദായമാണ് തലക്കരം, മുലക്കരം, തളൈക്കാണം, ഏണിക്കാണം, മേനിപ്പൊന്ന് മുതലായവ. ജനിച്ചുപോയി എന്ന കുറ്റത്തിനുള്ള ശിക്ഷയാണ് തലക്കരം. സ്ത്രീത്തൊഴിലാളി കള്‍ കൊടുക്കേണ്ടത് മുലക്കരം. ചെത്തുതൊഴിലാളികള്‍ കൊടുക്കേണ്ട നികുതി തളൈക്കാണം. തെങ്ങുകയറ്റക്കാരുടെ നികുതി ഏണിക്കാണം, ആഭരണം അണിയുന്നതിനുള്ള നികുതി മേനിപ്പൊന്ന്. എന്തെങ്കിലും കാരണം പറഞ്ഞ് പിന്നോക്കസമുദായങ്ങളുടെ മേല്‍ നികുതി ചുമത്തുകയെന്നതായിരുന്നു രാജ്യത്തിന് വരവുണ്ടാകുവാന്‍ ഒരേ ഒരു മാര്‍ഗ്ഗം. താണജാതിക്കാര്‍ വിവാഹം നടത്തണമെങ്കില്‍ ഒരു നിശ്ചിത തുക നാടുവാഴിക്ക് കൊടുക്കണമായിരുന്നു. എന്നല്ല, തങ്ങളുടെ പൊട്ടക്കുടിലുകളുടെ പേരില്‍ പോലും അവര്‍ നികുതി കൊടുക്കണമായിരുന്നു. തരി, ചക്ക്, വെള്ളം, വല, വണ്ടി എന്നിവയിലെല്ലാം നികുതി ഏര്‍പ്പെടുത്തിയിരുന്നു.
തിരുവിതാംകൂറില്‍ വേലുത്തമ്പിയുടെ ഭരണകാലത്ത് ഈ നികുതിപിരിവ് അതിരൂക്ഷമായിത്തീര്‍ന്നു. മരിച്ചുപോയവരുടെ പേരിലുള്ള തലക്കരം കൊടുക്കുവാന്‍ ജീവിച്ചിരിക്കുന്നവര്‍ നിര്‍ബന്ധിതരായി. തിരുവിതാംകൂറിലെ നികുതിപിരിവുമൂലം പലരും അന്യനാടുകളിലേക്ക് ഒളിച്ചോടിപ്പോയി. സി. എച്ച്. ആഗൂര്‍ എഴുതിയ തിരുവിതാംകൂര്‍ സഭാചരിത്രം 1807-ല്‍ ചാന്നാന്മാരില്‍നിന്നും ഈഴവരില്‍നിന്നുമായി 88044 രൂപയും ചാന്നാന്മാര്‍ ചെത്തിയിരുന്ന പനയുടെ പാട്ടം തളൈക്കാണമായി 18523 രൂപയും ചെട്ടികളില്‍നിന്ന് തലക്കരമായി 4624 രൂപയും ഈടാക്കിയിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഭാരിച്ച നികുതികളും കൂലിയില്ലാത്ത ജോലിചെയ്യലും അവസാനിക്കുവാന്‍ ക്രൈസ്തവ മിഷനറിമാര്‍ നടത്തിയ ശ്രമം വിജയിച്ചു. 1814 ജൂണ്‍ 20-ന് തലക്കരം നിറുത്തലാക്കി. കൂലിയില്ലാത്ത ജോലിചെയ്യുന്ന വ്യവസ്ഥയും സര്‍ക്കാര്‍ നിയമംമൂലം നിര്‍ത്തലാക്കി. അങ്ങനെ നിഷേധിക്കപ്പെട്ടിരുന്ന അവകാശങ്ങള്‍ പലതും അധഃസ്ഥിതര്‍ക്ക് നേടിയെടുക്കാന്‍ ക്രൈസ്തവ മിഷനറിമനാര്‍ നടത്തിയ ശ്രമങ്ങള്‍ കാരണമായി.
ആരോഗ്യപരിപാലനരംഗത്തെ സംഭാവനകള്‍
രോഗികളില്‍ ക്രിസ്തുവിനെ കണ്ടെത്തി (മത്താ 25:36) ശുശ്രൂഷിക്കുക എന്നത് ക്രൈസ്തവ ആതുരസേവനത്തിന്‍റെ മുഖമുദ്രയായിരുന്നു. പോര്‍ച്ചുഗീസ് വൈസ്രോയായിരുന്ന ഫ്രാന്‍സിസ് ദെ അല്‍മെയ്ഡായുടെ കല്പനപ്രകാരം 1506 ജനുവരി 11 ന് കൊച്ചിയില്‍ തുടങ്ങിയ "സാന്താക്രൂസ് ദെ കൊച്ചിന്" എന്ന ആശുപത്രിയാണ് കേരളത്തിലെ ആദ്യത്തെ ആശുപത്രി. സ്വദേശികളെയും വിദേശികളെയും ഒരുപോലെ ചികിത്സിച്ചിരുന്ന ഈ ആശുപത്രിക്കുവേണ്ട സാമ്പത്തിക സഹായം നല്‍കിയിരുന്നത് പോര്‍ട്ടുഗീസ് രാജ്ഞിയായിരുന്നു. 1598 ല്‍ കൊച്ചി മെത്രാന്‍ ആന്‍ഡ്രൂ OFM തന്‍റെ രൂപതയെക്കുറിച്ചു തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ തന്‍റെ രൂപതയില്‍ മൂന്ന് ആശുപത്രികളുള്ളതായി സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഉപവിപ്രവര്‍ത്തനങ്ങള്‍ക്കായി 1498 ല്‍ ലിസ്ബണില്‍ ആരംഭിച്ച സാന്താ മിസരികോര്‍ദിയാ എന്ന സംഘടന കൊച്ചി പ്രദേശത്തിന്‍റെ ആരോഗ്യപരിപാലന ചുമതല ഏറ്റെടുക്കുകയും അനേകം ആതുരാലയങ്ങള്‍ സ്ഥാപിക്കുകയും ചെയ്തതായി ചരിത്രകാരനും മാധ്യമപ്രവര്‍ത്തകനുമായ ഇഗ്നേഷ്യസ് ഗോണ്‍സാല്‍വസിന്‍റെ പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.7 1508 ല്‍ വൈസ്രോയി അല്‍മേയ്ഡായുടെ കല്പനപ്രകാരം കണ്ണൂരിലും ഒരു ആതുരാലയം ആരംഭിച്ചിരുന്നു. കൊച്ചിക്കും ഗോവയ്ക്കുമിടയിലെ പ്രധാന ആശുപത്രിയായി ഈ ആതുരാലയം പെരുമ നേടിയതായും ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ചികിത്സാരംഗത്തെ ക്രൈസ്തവസംഭാവനയുടെ മകുടോദാഹരണമായി പരിഗണിക്കാവുന്നതാണ്. ഹോര്‍തൂസ് മലബാറിക്കൂസ് (Hortus Malabaricus) എന്ന കൃതിയുടെ പ്രസാധനം. മലബാര്‍ വികാരിയാത്തില്‍ ശുശ്രൂഷയ്ക്കെത്തിയ ഇറ്റാലിയന്‍ മിഷനറിയായിരുന്ന ഫാ. മാത്യു ഓഫ് സെന്‍റ് ജോസഫ് എന്ന കര്‍മ്മലീത്താ വൈദികനും പ്രൊട്ടസ്റ്റന്‍റുകാല്‍വിനിസ്റ്റു സഭാംഗവും ഡച്ചു ഗവര്‍ണറുമായിരുന്ന ഹെന്‍ട്രിക് ഫാന്‍ റീഡും തദ്ദേശീയരായ നാലു നാട്ടുവൈദ്യന്മാരും ചേര്‍ന്നാണ് ഈ അമൂല്യഗ്രന്ഥം രചിച്ചത്. നാട്ടുവൈദ്യന്മാരില്‍ ഒരാള്‍ ഈഴവ സമുദായാംഗമായിരുന്ന ഇട്ടി അച്യുതന്‍ വൈദ്യരായിരുന്നു. രംഗഭട്ടന്‍, വിനായക പണ്ഡിതര്‍, അപ്പുഭട്ടന്‍ എന്നീ ഗൗഡസ്വരസ്വത ബ്രാഹ്മണരായിരുന്നു മറ്റുമൂന്നുപേര്‍. ദേശ, ഭാഷ, വര്‍ണ്ണ, ജാതി വ്യത്യാസങ്ങള്‍ക്കതീതമായി പതിനേഴാം നൂറ്റാണ്ടില്‍ നടന്ന ഈ മഹദ്സംരംഭം തികച്ചും അത്ഭുതാവഹമായിരുന്നു. 1678 ല്‍ ആംസ്റ്റര്‍ ഡാമില്‍നിന്നും പ്രസിദ്ധീകരണമാരംഭിച്ച ഈ ബൃഹദ്ഗ്രന്ഥത്തിന്‍റെ 12 വാല്യങ്ങളും 1703 ഓടെ പ്രസിദ്ധീക രിച്ചു. മലയാളലിപി ആദ്യമായി അച്ചടിച്ചു എന്നതു മാത്രമല്ല ഈ ഗ്രന്ഥത്തിന്‍റെ സവിശേഷത. ഇന്നാട്ടിലെ ഔഷധച്ചെടികളെക്കുറിച്ചും സസ്യലോകത്തെക്കുറിച്ചുമുള്ള സമഗ്രമായ പഠനം എന്ന നിലയിലും ഈ ഗ്രന്ഥത്തിനുള്ള സ്ഥാനം അദ്വിതീയമാണ്.
രോഗചികിത്സയും ജാതിസമ്പ്രദായവും തമ്മില്‍ അഭേദ്യം ബന്ധപ്പെട്ടിരുന്നു. താഴ്ന്ന ജാതിക്കാരുടെ ഇടയില്‍ ആദിവാസിചികിത്സകളും ഒറ്റമൂലി ചികിത്സകളും നിലവിലുണ്ടായിരുന്നു. ഈഴവവൈദ്യന്മാരുടെ ചികിത്സയും പ്രസിദ്ധമായിരുന്നു. എന്നാല്‍ ബ്രാഹ്മണ ഇല്ലങ്ങളിലെ ചില വൈദ്യരത്നങ്ങള്‍ കാലാതിവര്‍ത്തിയായ പ്രശസ്തി നേടിയിരുന്നെങ്കിലും രോഗികളുടെ ജാതിനോക്കിമാത്രമേ ചികിത്സിച്ചിരുന്നുള്ളു. ബഹുഭൂരിപക്ഷം വരുന്ന സാമാന്യജനത്തിന് രോഗംവന്നാല്‍ മന്ത്രവാദവും ഭൂതോച്ചാടനവും തുടങ്ങി. ആഭിചാരക്രിയകള്‍ മാത്രമായിരുന്നു ആശ്രയം. രോഗത്തില്‍ വിധിയെ പഴിച്ച് അവര്‍ കഴിഞ്ഞുകൂടിയിരുന്നു. ഗോണ്‍സാല്‍വസിന്‍റെ പഠനത്തില്‍ ബ്രിട്ടീഷ് സര്‍ജനായിരുന്ന ഫ്രാന്‍സിസ് ഡെയുടെ "ദ ലാന്‍റ് ഓഫ് പെരുമാള്‍സ്" എന്ന ഗ്രന്ഥത്തില്‍നിന്ന് ഉദ്ധരിക്കുന്നത് ഇപ്രകാരമാണ്: "ശസ്ത്രക്രിയ ആവശ്യമുള്ള രോഗങ്ങളില്‍ യൂറോപ്യന്‍ ഡോക്ടര്‍മാരെയാണ് കേരളീയര്‍ പൂര്‍ണ്ണമായി ആശ്രയിച്ചിരുന്നത്. എന്നാല്‍ സാധാരണ രോഗങ്ങള്‍ക്ക് സ്വജാതിയില്‍പെട്ട ഭിഷഗ്വരന്മാരുടെ ചികിത്സയാണ് അവര്‍ തേടിയിരുന്നത്". രോഗികള്‍ മാത്രമല്ല വൈദ്യന്മാരും ശകുനങ്ങളില്‍ വിശ്വസിച്ചിരുന്നതായി ഗോണ്‍സാല്‍വസ് ചൂണ്ടിക്കാട്ടുന്നു. പശുവും കിടാവും, ബ്രാഹ്മണര്‍, വേശ്യ, അമ്മയും കുഞ്ഞും തുടങ്ങിയവ വഴിയില്‍ കണ്ടാല്‍ ശുഭലക്ഷണങ്ങളായി വൈദ്യന്മാര്‍ കരുതിയിരുന്നത്രേ.
വില്യം ലോഗന്‍ രചിച്ച മലബാര്‍ മാന്വലിലും ചികിത്സാരംഗത്തെ അന്ധവിശ്വാസങ്ങളെക്കുറിച്ചുള്ള സൂചനകളുണ്ട്.10 വസൂരി, ചൂടുപനി തുടങ്ങിയ രോഗങ്ങള്‍ പിശാചുബാധയായിട്ടാണ് ജനങ്ങള്‍ മനസ്സിലാക്കിയിരുന്നത്. എന്നാല്‍ 1802 മുതല്‍ വസൂരിക്കെതിരായ കുത്തിവയ്പ് ക്രിസ്ത്യന്‍ മിഷനറിമാര്‍ കൊച്ചിയില്‍ ആരംഭിച്ചു. പരിശീലനം സിദ്ധിച്ച ആറു കുത്തിവയ്പുകാരെ ഇതിനായി കൊച്ചിയിലും പരിസരങ്ങളിലും നിയമിക്കുകയും ചെയ്തതായി അച്യുതമേനോന്‍ രചിച്ച കൊച്ചിന്‍ സ്റ്റേറ്റ് മാന്വലില്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
1813 -ല്‍ തെക്കന്‍ തിരുവിതാംകൂറില്‍ കടുത്ത ക്ഷാമംമൂലം പട്ടിണിമരണങ്ങള്‍ സര്‍വ്വസാധാരണമായപ്പോള്‍ സര്‍ക്കാര്‍ സമ്പൂര്‍ണ്ണ നിഷ്ക്രിയത്വം പാലിച്ചു. റവ. റിഗ്ഗിള്‍ടോബ് എന്ന മിഷനറിയുടെ നേതൃത്വത്തില്‍ ക്രൈസ്തവര്‍ സ്വദേശത്തുനിന്നും വിദേശത്തുനിന്നും സ്വരൂപിച്ച തുക പട്ടിണിപ്പാവങ്ങള്‍ക്കു വിതരണം ചെയ്തു. നാനാജാതിമതസ്ഥരായ ആയിരങ്ങളുടെ ജീവന്‍ രക്ഷിച്ചു. 1860 ലെ ക്ഷാമകാലത്ത് സന്നിപാതജ്വരം, അതിസാരം, വിഷൂചിക തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പിടിപെട്ട് പതിനായിരത്തോളം മനുഷ്യര്‍ മൂന്നുമാസത്തിനുളളിന്‍ മരിച്ചുവീണു. പകച്ചുനിന്ന സര്‍ക്കാരിനെ സാക്ഷിനിര്‍ത്തി ക്രിസ്ത്യന്‍ മിഷനറിമാര്‍ ഇംഗ്ലണ്ടില്‍നിന്ന് മരുന്നും ഭക്ഷ്യവിഭവങ്ങളും കേരളത്തിലെത്തിച്ച് നാനാജാതിമതസ്ഥര്‍ക്കായി വിതരണം ചെയ്തു. പകര്‍ച്ചവ്യാധികളാല്‍ ഒരു ജനത അന്യം നിന്നുപോകാതിരിക്കാന്‍ മിഷനറിമാര്‍ വഹിച്ച പങ്ക് വലുതായിരുന്നു. ക്രൈസ്തവ ജീവകാരുണ്യപ്രവര്‍ത്തികള്‍ ഒരിക്കലും ക്രിസ്ത്യാനികളെ മാത്രം ലക്ഷ്യമാക്കിയുള്ളതായിരുന്നില്ല. അത് സകല മതവിഭാഗങ്ങള്‍ക്കും വേണ്ടിയുള്ളതായിരുന്നു. ഹൈന്ദവ നേതാവായിരുന്ന എം.വി. അരുണാചലം ഈ വസ്തുത എടുത്തുപറയുന്നുണ്ട്.
"ഹിന്ദുമതത്തിലെ ദുര്‍ബല വിഭാഗങ്ങളെ ഉയര്‍ത്തേണ്ടത് തങ്ങളുടെ കടമയാണെന്നു ക്രൈസ്തവ മിഷനറിമാര്‍ കരുതി. അവരെ ഭൗതികമായും സാമ്പത്തികമായും ഉയര്‍ത്തിക്കൊണ്ടുവന്നു. ക്രൈസ്തവരുടെ സ്വാധീനംമൂലം ഗിരിവര്‍ഗ്ഗക്കാര്‍ക്കു ലഭിച്ചിട്ടുള്ള നന്മകള്‍ താഴ്ത്തിക്കാണിക്കേണ്ട ആവശ്യമില്ല. ഈ വര്‍ഗ്ഗക്കാരുടെ ഇടയില്‍ ജീവിക്കുവാനും ജോലിചെയ്യുവാനും കാണിക്കുന്ന താല്പര്യം ക്രൈസ്തവ മിഷനറിമാരുടെ മാത്രം പ്രത്യേകതയാണ്"11
കേരളത്തില്‍ കുഷ്ഠരോഗം പടര്‍ന്നുപിടിച്ചപ്പോള്‍ കുഷ്ഠരോഗികള്‍ സമൂഹത്തിനു ബാധ്യതയായി. കുടുംബാംഗ ങ്ങള്‍പോലും കുഷ്ഠരോഗികളെ കുടുംബത്തില്‍നിന്ന് പടിയിറക്കി. ആരും ശുശ്രൂഷിക്കാനില്ലാതെ സമൂഹം ഭ്രഷ്ടു കല്‍പിച്ച കുഷ്ഠരോഗികളെ സ്വന്തം മാതാവും പിതാവും സഹോദരങ്ങളുമായി സ്വീകരിച്ച് സ്നേഹിക്കാനും ശുശ്രൂഷിക്കാനുമായി ക്രൈസ്തവ മിഷനറിമാര്‍ മുന്നോട്ടുവന്നു. ചൊവ്വായൂരിലെ ലെപ്രസി സാനിട്ടോറിയം, പുത്തന്‍കുരിശിലെ ഇവാന്‍ജലിക് കുഷ്ഠരോഗാശുപത്രി, ചേര്‍ത്തലയിലെ സെന്‍റ് ജോസഫ് കുഷ്ഠരോഗാശുപത്രി, തൃശൂരിലെ ഫാ. ഡാമിയല്‍ ലെപ്രസി ഇന്‍സ്റ്റിറ്റ്യൂട്ട്, പിരപ്പന്‍കോട്ടിലെ സെന്‍റ് ജോണ്‍സ് ലെപ്രസി ഹോസ്പിറ്റല്‍, ഇവയെല്ലാം ക്രൈസ്തവരുടെ ഈ രംഗത്തെ വിലപ്പെട്ട സംഭാവനകളാണ്. കുഷ്ഠരോഗീപരിചരണത്തിനായി ചേര്‍ത്തലയില്‍ ഗ്രീന്‍ഗാര്‍ഡന്‍ സിസ്റ്റേഴ്സ് എന്ന പേരില്‍ ഒരു സന്യാസ സമൂഹംതന്നെ സ്ഥാപിക്കപ്പെട്ടു.
രോഗീ ശുശ്രൂഷയ്ക്കായി ആരും കാര്യമായി യാതൊന്നും ചെയ്യാതിരുന്ന കാലത്താണ് ക്രൈസ്തവ മിഷനറിമാര്‍ ആതുരസേവനം ആരംഭിച്ചത്. കൊച്ചിയിലും കൊല്ലത്തും ആദ്യമായി ആശുപത്രികള്‍ ആരംഭിച്ചത് പോര്‍ച്ചുഗീസ് മിഷനറിമാരാണ്. ആധുനിക വൈദ്യശാസ്ത്രത്തെക്കുറിച്ചുള്ള അറിവും അതിന്‍റെ ഗുണഫലങ്ങളും മലയാളികള്‍ ആദ്യമായി അറിഞ്ഞത് ഈ മിഷനറിമാരിലൂടെയായിരുന്നു. ഇന്നും ആധുനിക ചികിത്സാ ഔഷധങ്ങള്‍ ڇഇംഗ്ലീഷ് മരുന്നുകള്‍ڈ എന്നു നമ്മുടെ നാട്ടില്‍ അറിയപ്പെടാനുള്ള കാരണം അവ പാശ്ചാത്യ മിഷനറിമാരുടെ പരിശ്രമഫലമായി ഇവിടെ പ്രചരിച്ചതിനാലാണ്. കേരളീയരുടെ ആരോഗ്യത്തിന് നൂറ്റാണ്ടുകളായി കാവല്‍നിന്ന ചരിത്രം ക്രൈസ്തവസഭകള്‍ക്കുണ്ട്.
വൈദ്യം പഠിച്ച ആയുര്‍വ്വേദ പണ്ഡിതരെല്ലാം ഉന്നതകുലജാതരായതിനാല്‍ താഴ്ന്ന ജാതിക്കാര്‍ക്ക് ചികിത്സ ലഭിച്ചിരുന്നില്ല. സാംക്രമിക രോഗം ബാധിച്ചവരെ വീടുകളില്‍നിന്നിറക്കിവിടുകയോ രോഗബാധിതരെ വീട്ടില്‍ തനിയെയാക്കി വീടുപേക്ഷിച്ചു പോവുകയോ ആയിരുന്നു പതിവ്. മാനസികരോഗികളെ ചങ്ങലയ്ക്കിടുക, മാറാരോഗങ്ങള്‍ ബാധിച്ചവരെ വകവരുത്തുക, പേവിഷബാധയേറ്റവരെ കല്ലെറിഞ്ഞുകൊല്ലുക തുടങ്ങിയ പ്രാകൃത രീതികള്‍ മാത്രം നിലനിന്നിരുന്ന നാട്ടിലാണ് ക്രൈസ്തവമിഷനറിമാര്‍ ആധുനിക ചികിത്സാ സൗകര്യങ്ങളുള്ള ആശുപത്രികള്‍ ആരംഭിച്ചതും സൗജന്യമായി ചികിത്സകള്‍ നല്‍കിയതും.
2009 ലെ കണക്കനുസരിച്ച് ആഗോളതലത്തിലെ ആതുരാലയങ്ങളില്‍ 28.9 % കത്തോലിക്കാസഭ നടത്തുന്നതാണ് എന്ന കണക്കു തന്നെ ആതുരസേവനരംഗത്തെ സഭയുടെ നിറഞ്ഞ സാന്നിധ്യമാണ് വെളിപ്പെടുത്തുന്നത്. ഇന്ത്യയില്‍ 764 വന്‍കിട ആശുപത്രികളും 2575 ചെറിയ ആശുപത്രികളും 400 ലധികം ആരോഗ്യപരിപാലന കേന്ദ്രങ്ങളും കത്തോലിക്കാസഭ നടത്തുന്നുണ്ട്. 130 ലധികം മെഡിക്കല്‍ വിദ്യാഭ്യാസ കേന്ദ്രങ്ങളും 7 മെഡിക്കല്‍ കോളേജുകളും കത്തോലിക്കാസഭ നടത്തുന്നുണ്ട്. സഭയുടെ ആതുരാലയങ്ങളില്‍ 85% മറ്റു ചികിത്സാസൗകര്യങ്ങളൊന്നുമില്ലാത്ത ഗ്രാമപ്രദേശങ്ങളിലാണ് സ്ഥാപിച്ചിരിക്കുന്നത്. കേരളത്തില്‍ 983 ആതുരാലയങ്ങള്‍ കത്തോലിക്കാസഭ നടത്തുന്നുണ്ട്. ഗോണ്‍സാല്‍വസിന്‍റെ പഠനത്തില്‍ ഇതിന്‍റെ കൃത്യമായ കണക്കുകള്‍ നല്‍കുന്നുണ്ട്: ആശുപത്രികള്‍-257, ഡിസ്പെന്‍സറികള്‍-288, പുനരധിവാസകേന്ദ്രങ്ങള്‍-23, മാനസികാരോഗ്യകേന്ദ്രങ്ങള്‍-65, പ്രകൃതിചികിത്സാ കേന്ദ്രങ്ങള്‍-19, വികലാംഗര്‍ക്കുളള ചികിത്സാകേന്ദ്രങ്ങള്‍-40, കുഷ്ഠരോഗചികിത്സാകേന്ദ്രങ്ങള്‍-9, വൃദ്ധപരിപാലനകേന്ദ്രങ്ങള്‍-159, എയ്ഡ്സ് രോഗികളെ പരിചരിക്കാനുളള കേന്ദ്രങ്ങള്‍-16. 12കേരളത്തില്‍ ഒരു ലക്ഷം പേര്‍ക്ക് 300 കിടക്കയുള്ള ഒരാശുപത്രി എന്ന തോതില്‍ചികിത്സാസൗകര്യം ലഭ്യമാണ്. ലോകത്തെ ഏറ്റവും വികസിതമായ രാജ്യങ്ങളിലെ അനുപാതത്തിനൊപ്പമാണിത്. ഈ വളര്‍ച്ചക്കു പിന്നില്‍ ക്രൈസ്തവസഭ നല്‍കിയ സംഭാവനകളെ ആര്‍ക്കും തമസ്ക്കരിക്കാനാവില്ല എന്നതിന്‍റെ സാക്ഷ്യമാണ് മേലുദ്ധരിച്ച കണക്കുകള്‍.
കാര്‍ഷികരംഗത്തെ സംഭാവനകള്‍
പുരാതന കാലം മുതല്‍ക്കേ കേരളം സുഗന്ധവ്യഞ്ജനങ്ങളുടെ നാടായിട്ടാണ് അറിയപ്പെട്ടിരുന്നത്. 1348-ല്‍ കൊല്ലം സന്ദര്‍ശിച്ച വിഖ്യാത സഞ്ചാരിയായ മാരിത്തോള്‍ ലോകത്തെ മുഴുവന്‍ കുരുമുളകിന്‍റെയും തലസ്ഥാനമായാണ് കൊല്ലത്തെ വിശേഷിപ്പിക്കുന്നത്. ഈ കുരുമുളക് ഉല്‍പാദിപ്പിച്ചിരുന്നത് മാര്‍ത്തോമ ക്രിസ്ത്യാനികളായിരുന്നെന്നും പ്രസ്തുത സഞ്ചാരി രേഖപ്പെടുത്തുന്നതായി ڇതിരുവിതാംകൂര്‍ മാനുവല്‍ڈ സാക്ഷ്യപ്പെടുത്തുന്നത്. കുരുമുളക് വ്യാപാരത്തില്‍ ക്രൈസ്തവര്‍ക്കുണ്ടായിരുന്ന മേല്‍ക്കോയ്മ തകര്‍ക്കാന്‍ 18-ാം നൂറ്റാണ്ടില്‍ വേണാട് രാജാവായിരുന്ന മര്‍ത്താണ്ഡവര്‍മ്മ നിയമനിര്‍മ്മാണം നടത്തി. തദനുസൃതം കര്‍ഷകര്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയില്‍ സര്‍ക്കാരിനു മാത്രമേ കുരുമുളകു വില്‍ക്കാനാകൂ എന്ന സ്ഥിതിവിശേഷമുണ്ടായി.
കേരള ക്രൈസ്തവരുടെ കാര്‍ഷിക സംഭാവനകളെക്കുറിച്ച് മുന്‍ റബ്ബര്‍ ബോര്‍ഡ് ചെയര്‍മാനായിരുന്ന പി. സി. സിറിയക് IAS നടത്തിയ പഠനത്തില്‍ കേരളത്തിലെ ക്രൈസ്തവ കര്‍ഷകര്‍ നേരിടേണ്ടി വന്ന വിവേചനങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.
ഒന്നാമതായി, ജന്മി - കുടിയാന്‍ വ്യവസ്ഥിതി മൂലം ഭൂവുടമകളായ ജന്മിമാര്‍ കര്‍ഷകര്‍ക്ക് ഭൂമി പാട്ടത്തിനു നല്‍കുകയും വിളവിന്‍റെ സിംഹഭാഗവും കൈവശമാക്കുകയും ചെയ്യുന്ന സമ്പ്രദായമാണ് നിലനിന്നിരുന്നത് എന്നതിനാല്‍ ക്രൈസ്തവ കര്‍ഷകര്‍ കഠിന ദുരിതത്തിലായിരുന്നു. കൃഷിഭൂമിക്ക് ദുര്‍വ്വഹമായ നികുതി ചുമത്തപ്പെട്ടിരുന്നതിനാലും ബ്രാഹ്മണര്‍ക്കും ക്ഷേത്രങ്ങള്‍ക്കും നികുതി ഇളവു ലഭിച്ചിരുന്നതിനാലും ക്രൈസ്തവരില്‍ പലരും തങ്ങളുടെ ഭൂമി ക്ഷേത്രങ്ങളുടേയോ ബ്രാഹ്മണരുടെയോ പേരില്‍ വാങ്ങാനിടവന്നു. കാലക്രമത്തില്‍ ക്രൈസ്തവര്‍ ഭൂരഹിതരായിത്തീരുന്നതിന് ഈ സമ്പ്രദായം ഇടവരുത്തി. രണ്ടാമതായി, 1342 ലെ ഭീകരമായ വെള്ളപ്പൊക്കത്തില്‍ ക്രൈസ്തവകൃഷി ഭൂമികള്‍ നശിക്കുകയും ക്രൈസ്തവ വ്യാപാര കേന്ദ്രമായ കൊടുങ്ങല്ലൂര്‍ തുറമുഖം നശിക്കുകയും ചെയ്തു. തന്മൂലം ക്രൈസ്തവര്‍ ഉള്‍നാടുകളിലേക്ക് പിന്‍വലിയേണ്ടി വന്നു. കാര്‍ഷിക മേഖലയിലും സാമ്പത്തിക രംഗത്തും ക്രൈസ്തവര്‍ക്ക് വലിയ ക്ഷതമേല്‍ക്കാന്‍ ഇത് ഇടവരുത്തി. മൂവാറ്റുപുഴയിലും തൊടുപുഴയിലുമൊക്കെ ചോരനീരാക്കി പകലന്തിയോളം പണിയെടുത്തിരുന്ന സുറിയാനി ക്രിസ്ത്യാനികള്‍ക്ക് ഉപജീവനത്തിനുള്ള വകപോലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല എന്ന് പ്രസിദ്ധ ആംഗ്ലിക്കന്‍ മിഷനറിയായിരുന്ന റവ. മറ്റിയര്‍ സാക്ഷ്യപ്പെടുത്തുന്നതായി ഇളംകുളം കുഞ്ഞന്‍പിള്ളയുടെ "ജന്മി സമ്പ്രദായം കേരളത്തില്‍" എന്ന ഗ്രന്ഥം പ്രസ്താവിക്കുന്നുണ്ട്. കേരളത്തിലെ ക്രൈസ്തവ കര്‍ഷകര്‍ കൊടിയവിവേചനങ്ങളും ദുസ്സഹമായ കഷ്ടതകളും അനുഭവിച്ച് തീയില്‍ കുരുത്തു വന്നവരായിരുന്നു എന്ന് മനസ്സിലാക്കാന്‍ ഈ വിവരണങ്ങള്‍ സഹായകമാണ്.
എന്നാല്‍ ഈ ദുരിത പര്‍വ്വം സാവകാശം മാറിത്തുടങ്ങി 1865-ല്‍ തിരുവിതാംകൂര്‍ രാജാവിന്‍റെ വിളംബരത്തിലൂടെ കൃഷിഭൂമിയില്‍ കര്‍ഷകന് പൂര്‍ണ്ണ അവകാശം ലഭിച്ചു. കാര്‍ഷിക മേഖലയില്‍ ഉപജീവനവഴി കണ്ടെത്താന്‍ അധ്വാനശീലരായ ക്രൈസ്തവരെ ഈ വിളംബരം സഹായിച്ചു. 1869-ല്‍ കോട്ടയം-കുമളിറോഡ് ഗതാഗതത്തിനായി തുറന്നതോടെ ഹൈറേഞ്ചു മുതലുള്ള കര്‍ഷകര്‍ക്ക് തങ്ങളുടെ കൃഷിസാധനങ്ങള്‍ വേമ്പനാട്ടുകായല്‍ വഴിയുള്ള കയറ്റുമതിക്കായി എത്തിക്കാനും അതുവഴി ന്യായവില നേടാനും അവസരമൊരുങ്ങി. കൂടാതെ, 1862-ല്‍ തിരുവിതാംകൂറില്‍ കുരുമുളകിന് ഏര്‍പ്പെടുത്തിയിരുന്ന സര്‍ക്കാര്‍ കുത്തക സംഭരണം എടുത്തു കളഞ്ഞതോടെ കുരുമുളകിന് മാന്യമായ വില കര്‍ഷകര്‍ക്ക് ലഭിച്ചുതുടങ്ങി.
ഈവക അനുകൂല സാഹചര്യങ്ങളോടൊപ്പം കേരളത്തിന്‍റെ സമ്പദ്വ്യവസ്ഥയെ എന്നേക്കുമായി മാറ്റിമറിക്കാന്‍ പര്യാപ്തമായ ചില വിളകള്‍ ക്രൈസ്തവമിഷനറിമാര്‍ കേരളത്തിലെത്തിച്ചതും ഇക്കാലത്താണ്. കാപ്പി, തേയില, റബ്ബര്‍ എന്നീ കൃഷികള്‍ യൂറോപ്യന്‍ മിഷനറിമാരാണ് കേരളത്തില്‍ ആദ്യമായി ആരംഭിച്ചത്. കേരളത്തിന്‍റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായി പരിലസിക്കുന്ന ഈ വിളകളെ കേരളത്തിനുള്ള ക്രൈസ്തവ കര്‍ഷക സംഭാവനകളായി ന്യായമായും വിലയിരുത്താവുന്നതാണ്. പോര്‍ട്ടുഗീസ് മിഷനറിമാര്‍ വഴി കേരളത്തിന്‍റെ സമ്പദ്വ്യവസ്ഥയ്ക്കും കാര്‍ഷികരംഗത്തിനും കൈവന്ന നേട്ടങ്ങളെക്കുറിച്ച് എ. ശ്രീധരമേനോന്‍ കേരള ചരിത്രത്തില്‍ എഴുതിയിരിക്കുന്നത് ശ്രദ്ധാര്‍ഹമാണ്.
കശുവണ്ടി, പുകയില, ആത്തിക്ക, പേരയ്ക്ക, പിറുത്തിച്ചക്ക, പപ്പയ്ക്ക തുടങ്ങി ഒട്ടേറെ പുതിയ കാര്‍ഷികോല്‍പന്നങ്ങള്‍ പോര്‍ട്ടുഗീസുകാര്‍ ഇന്ത്യയില്‍ പ്രചരിപ്പിച്ചു. കുരുമുളക്, ഏലം, കറുവാപ്പട്ട, ഇഞ്ചി, തുടങ്ങിയ കേരളോല്‍പന്നങ്ങള്‍ നേരിട്ടയച്ച് അവയ്ക്കു യൂറോപ്യന്‍ കമ്പോളങ്ങളില്‍ പ്രചാരമുണ്ടാക്കിയതും പോര്‍ട്ടുഗീസുകാരാണ്. അവര്‍ കുരുമുളകും ഇഞ്ചിയും വിപുലമായ തോതില്‍ ശാസ്ത്രീയമായി കൃഷ്ചെയ്യുകയും ആ സമ്പ്രദായം കേരളീയര്‍ അനുകരിക്കുകയും ചെയ്തു. തെങ്ങു കൃഷിയില്‍ ആദായകരമായ വ്യതിയാനം വരുത്തിയതും അവരായിരുന്നു. പോര്‍ട്ടുഗീസുകാരുടെ പ്രോത്സാഹനത്തില്‍ ഗാര്‍ഹികാവശ്യത്തിന് മാത്രമല്ലാതെ വ്യാവസായികാടിസ്ഥാനത്തില്‍ തെങ്ങുകൃഷി പരിഷ്കരിക്കപ്പെട്ടു. മേല്‍ത്തരം തെങ്ങിന്‍ തൈകള്‍ അവര്‍ പ്രചരിപ്പിക്കുകയും ചെയ്തു. പോര്‍ട്ടുഗീസുകാര്‍ വന്നതിനുശേഷമാണ് കയര്‍ കേരളത്തിന്‍റെ കയറ്റുമതിയില്‍ പ്രധാനപ്പെട്ട ഒരിനമാകുന്നത്. ചുരുക്കത്തില്‍, കേരളത്തിന്‍റെ കാര്‍ഷിക മേഖലയിലെ നാണ്യവിളകളില്‍ ബഹുഭൂരിപക്ഷവും ഇവിടെ പ്രചരിപ്പിച്ചത് ക്രൈസ്തവ മിഷനറിമാരായിരുന്നു എന്നതിന് ചരിത്രം സാക്ഷ്യംവഹിക്കുന്നു.
കാര്‍ഷിക വിളകളുടെ വ്യാപനത്തില്‍ മാത്രമല്ല കൃഷിഭൂമിയുടെ വ്യാപനത്തിനും ക്രൈസ്തവരാണ് നേതൃത്വം വഹിച്ചത്. 1918 ല്‍ ഒന്നാം ലോകമഹായുദ്ധം അവസാനിച്ചതോടെ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചു കയറി. അരി നാട്ടില്‍ കിട്ടാനില്ലാതായി. കേരളീയര്‍ ദാരിദ്ര്യത്തിന്‍റെ കൊടും വറുതിയിലാണ്ടു. ധീരരും സാഹസികരുമായിരുന്ന ക്രൈസ്തവ കര്‍ഷകര്‍ സംഘം ചേര്‍ന്ന് ഹൈറേഞ്ചിലേക്കും (ഇടുക്കി, പത്തനംതിട്ട ജില്ലകള്‍) മലബാറിലേക്കും (മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍) കുടിയേറി കൃഷിചെയ്യാന്‍ ആരംഭിച്ചു. രണ്ടാം ലോകമഹായുദ്ധത്തോടെ ഈ കുടിയേറ്റം കൂടുതല്‍ ശക്തമായി. കോട്ടയം, മീനച്ചില്‍, തൊടുപുഴ, മൂവാറ്റുപുഴ തുടങ്ങിയ ക്രൈസ്തവ ശക്തികേന്ദ്രങ്ങളിലെ കര്‍ഷകരാണ് ഇപ്രകാരം കുടിയേറ്റം നടത്തിയത്. മലമ്പനിയോടും കാട്ടുമൃഗങ്ങളോടും പൊരുതി മലമുകളില്‍ കനകം വിളയിച്ച ഈ ധീരകര്‍ഷകരാണ് ഭാരതപ്പുഴക്ക് വടക്കോട്ടും കിഴക്ക് പമ്പയാറിനും പെരിയാറിനും അപ്പുറം തമിഴ്നാട് അതിര്‍ത്തിവരെ കേരളത്തിന്‍റെ കാര്‍ഷിക-സാമ്പത്തിക മേഖലകളെ വികസിപ്പിച്ചത്. റബ്ബര്‍, കൊക്കോ, കശുമാവ്, ഏലം, കാപ്പി, തേയില, മരച്ചീനി തുടങ്ങിയ വിഭവങ്ങള്‍ കേരളത്തിന്‍റെ കാര്‍ഷിക മേഖലയുടെ നെടുംതൂണായിത്തീര്‍ന്നതിനു പിന്നില്‍ കുടിയേറ്റ കര്‍ഷകരുടെ ചോരയുടെയും നീരിന്‍റെയും ഗന്ധമുണ്ട്.15 മലബാര്‍ കുടിയേറ്റത്തിന് തുടക്കംകുറിച്ച അലക്സാണ്ടര്‍ ചൂളപ്പറമ്പില്‍ പിതാവും കുടിയേറ്റ ജനതയ്ക്കു വേണ്ടി ജീവിതം സമര്‍പ്പിച്ച് മലബാറിന്‍റെ ശില്പിയായി മാറിയ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവും കേരളചരിത്രത്തിന്‍റെ ഗതിനിര്‍ണ്ണയിച്ചവരായിരുന്നു. കുടിയേറ്റത്തെ കേവലം ഭൂമികയ്യേറ്റവും വനനശീകരണവുമായി വ്യാഖ്യാനിക്കുന്നവര്‍ ചരിത്രമറിയാത്തവരാണ്. യഥാര്‍ത്ഥത്തില്‍ ജന്മിമാര്‍ വെട്ടിവെളുപ്പിച്ച് അടിക്കാടുകള്‍ മാത്രം ശേഷിച്ച ഭൂമിയാണ് കുടിയേറ്റ കര്‍ഷകര്‍ക്ക് കൈവശം (പാട്ടത്തിന്) ലഭിച്ചത്. എന്നിട്ടും വനനശീകരണത്തിന്‍റെ പാപഭാരം അവരുടെ ചുമലിലേറ്റുന്നത് ചരിത്രത്തിന്‍റെ വര്‍ഗ്ഗീയവല്‍ക്കരണമോ, വിഭാഗീയവല്‍ക്കരണമോ മൂലമാണ്.
കുട്ടനാടന്‍ കായലില്‍ പാടശേഖരം നിര്‍മ്മിച്ച് നെല്ലുല്‍പാദിപ്പിക്കാനാകും എന്ന വിചിത്രസ്വപ്നം കാണാന്‍ ധീരരായ ക്രൈസ്തവ കര്‍ഷകര്‍ക്കല്ലാതെ മറ്റാര്‍ക്കാണ് സാധിക്കുക. വേമ്പനാട്ടു കായലില്‍ സമുദ്രനിരപ്പില്‍നിന്നും താഴ്ന്നു കിടന്ന കായല്‍ പ്രദേശങ്ങളില്‍ ആറടിയില്‍ കൂടുതല്‍ ആഴത്തില്‍ ചിറകെട്ടി കരതെളിയിച്ച് വിത്തിറക്കുക എന്ന അത്ഭുതസ്വപ്നം സാക്ഷാത്കരിച്ചത് ജോസഫ് മുരിക്കന്‍റെ നേതൃത്വത്തിലുള്ള കര്‍ഷകസംഘമാണ്. 1940 കളില്‍ ഇന്ത്യയുടെ അരിദാതാവായ ബര്‍മ്മയെ ജപ്പാന്‍ ഉപരോധിച്ചപ്പോള്‍ നാട്ടില്‍ അരിമണികള്‍ കണികാണാനില്ലാതായ കാലത്താണ് വേമ്പനാട്ട് കായലില്‍ ആയിരക്കണക്കിന് ഏക്കര്‍ പാടങ്ങള്‍ അത്ഭുതകരമായി നിര്‍മ്മിച്ച് ഈ കര്‍ഷകര്‍ കൃഷിയിറക്കിയത്. തടസ്സങ്ങളുടെ മതിലുകളെ ചവിട്ടുപടികളാക്കി വിജയഗാഥ രചിച്ച കുട്ടനാടന്‍ കര്‍ഷകന്‍റെ വിജയഗാഥ തൊഴിലാളി - മുതലാളി സഹകരണത്തിന്‍റെ കൂടി കഥയാണ്. എന്നാല്‍ 1950 കളില്‍ കമ്മ്യൂണിസ്റ്റുകാര്‍ കുട്ടനാട്ടില്‍ തൊഴിലാളികളെയും ഭൂവുടമകളെയും വര്‍ഗ്ഗശത്രുക്കളാക്കി തമ്മിലടിപ്പിച്ചപ്പോള്‍ സഹകരണത്തിന്‍റെ കാര്‍ഷിക വിജയഗാഥകള്‍ പഴങ്കഥകളായി മാറി.
കാര്‍ഷിക കേരളത്തിന് ക്രൈസ്തവമിഷനറിമാരെയും ചോരയില്‍ സാഹസികത തുളുമ്പിനിന്ന ക്രൈസ്തവകര്‍ഷകരെയും മറക്കാനാവില്ല. കര്‍ഷകരെ കാലാകാലമായി മാറിമാറിവരുന്ന സര്‍ക്കാരുകള്‍ വാഗ്ദാനങ്ങള്‍ നല്കി കബളിപ്പിച്ചപ്പോള്‍ കര്‍ഷകനെ സംഘടിപ്പിച്ച് അവകാശങ്ങള്‍ക്കുവേണ്ടി പൊരുതാന്‍ INFAM എന്ന സംഘടനയുമായി സഭ ഇന്നും കര്‍മ്മരംഗത്തുണ്ട്.
വിദ്യാഭ്യാസരംഗത്തെ സംഭാവനകള്‍
കേരളത്തിന്‍റെ നവോത്ഥാനത്തിന് നാഴികക്കല്ലുകളായി വര്‍ത്തിച്ചത് ക്രൈസ്തവമിഷനറിമാര്‍ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ദേവാലയങ്ങളിലെ പൊന്‍കുരിശും പൊന്നരുളിക്കായുംവരെ വിറ്റ് പള്ളിക്കുടങ്ങള്‍ തുടങ്ങാന്‍ ക്രൈസ്തവര്‍ തയ്യാറായി. ദൈവാരാധനയോളം പ്രാധാന്യമുള്ളതാണ് വിദ്യാഭ്യാസം അഥവാ വിദ്യാദാനം ദൈവാരാധനതന്നെയാണ് എന്നു തിരിച്ചറിഞ്ഞവരാണ് ക്രൈസ്തവര്‍. ലോകമാസകലമുള്ള വിദ്യാഭ്യാസമേഖലയ്ക്ക് ക്രൈസ്തവസഭ ചെയ്ത സംഭാവനകള്‍ നിസ്തുലമാണ്. ലോകപ്രസിദ്ധ സര്‍വ്വകലാശാലകളായ ഓക്സ്ഫോര്‍ഡ്, സോര്‍ബോണ്‍, പാരീസ്, ലുവെയ്ന്‍, കേംബ്രിഡ്ജ് തുടങ്ങിയവയെല്ലാം ക്രിസ്തീയ പാഠശാലകളായി ആരംഭിച്ചവയാണ്. വിദ്യാഭ്യാസത്തിനു പ്രഥമ പരിഗണന നല്‍കുന്ന ക്രിസ്ത്യന്‍ശൈലിതന്നെയാണു കേരളത്തിലെത്തിയ മിഷനറിമാരും അനുവര്‍ത്തിച്ചത്.
ലണ്ടന്‍ മിഷനറി സൊസൈറ്റി (LMS)1803 ല്‍ തിരുവിതാംകൂറില്‍ ആദ്യത്തെ ക്രിസ്ത്യന്‍ മിഷനറി സ്കൂള്‍ ആരംഭിച്ചു. വിദ്യാഭ്യാസമേഖലയില്‍ നാളിതുവരെ നിലനിന്നിരുന്ന സമ്പ്രദായങ്ങളെ തകിടംമറിക്കുന്ന യഥാര്‍ത്ഥ സാമൂഹിക വിപ്ലവമാണ് ക്രിസ്ത്യന്‍ വിദ്യാലയങ്ങളുടെ ആഗമനത്തോടെ കേരളത്തില്‍ സംഭവിച്ചത്. അതുവരെ വിദ്യാഭ്യാസമെന്നത് വേദങ്ങളും സൂക്തങ്ങളും പൂജാവിധികളും പഠിക്കുക എന്നതുമാത്രമായിരുന്നു. പൂജാവിധികള്‍ അനുഷ്ടിക്കാന്‍ യോഗ്യതയുള്ള സവര്‍ണ്ണര്‍ക്കുമാത്രമെ വിദ്യ അഭ്യസിക്കുവാന്‍ അവകാശമുണ്ടായിരുന്നുള്ളൂ. "ശുദ്രമക്ഷരസംയുക്തം ദുരിത പരിവര്‍ജ്ജേയത്" (അക്ഷരം പഠിച്ച ശൂദ്രനെ ദൂരെയകറ്റണം) എന്നതായിരുന്നു നാട്ടുനടപ്പ്. വേദംകേട്ട ശൂദ്രന്‍റെ ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കണമെന്ന് വ്യവസ്ഥ ചെയ്തിരുന്ന നാടായിരുന്നു കേരളം. ചാതുര്‍വര്‍ണ്ണ്യത്തിന്‍റെ കിരാതരൂപത്തില്‍ നിലനിന്ന ജാതിപരമായ ഉച്ചനീചത്വങ്ങളും അയിത്താചാരവുംമൂലം സമൂഹത്തിലെ ബഹുഭൂരിപക്ഷം വരുന്ന താഴ്ന്ന ജാതിക്കാര്‍ക്ക് വിദ്യാഭ്യാസം നിഷിദ്ധമായിരുന്നു. എന്നാല്‍, ക്രൈസ്തവമിഷനറിമാര്‍ ആരംഭിച്ച സ്കൂളുകളില്‍ ജാതിവ്യവസ്ഥ അംഗീകരിച്ചിരുന്നില്ല. സവര്‍ണ്ണന്‍റെയും അവര്‍ണ്ണന്‍റെയും കുട്ടികളെ ഒരേ ബെഞ്ചിലിരുത്തി മനുഷ്യ സാഹോദര്യത്തിന്‍റെ ബാലപാഠങ്ങള്‍ ഈ നാട്ടില്‍ ആദ്യമായി പഠിപ്പിച്ച ക്രിസ്ത്യന്‍ പള്ളിക്കുടങ്ങളാണ് കേരളത്തില്‍നിന്ന് ജാതി വ്യവസ്ഥിതിയെ തകര്‍ത്തെറിഞ്ഞ പ്രധാന ശക്തി. 1806 ല്‍ -സി.എം.എസ്. മിഷനറിമാരും 1816 ല്‍ ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷനറി (BEM) മാരും കേരളത്തിലെത്തി. മിഷനറിമാര്‍ തുടങ്ങിയ സ്കൂളുകളില്‍ ഇംഗ്ലീഷും, കണക്കും, തുന്നല്‍വിദ്യയും, ആരോഗ്യപരിപാലനവും പാഠ്യവിഷയങ്ങളായി. വിദ്യാഭ്യാസം എന്നത് സവര്‍ണ്ണരുടെ വേദാഭ്യാസം മാത്രമായി മനസ്സിലാക്കപ്പെട്ടിരുന്ന കാലത്താണ്ആധുനിക വിദ്യാഭ്യാസം മിഷനറിമാര്‍ കേരളത്തില്‍ നടപ്പിലാക്കിയത്. നിലവിലുണ്ടായിരുന്നതുപോലെ ഏതാനും വേദപഠനശാലകള്‍ തുടങ്ങാനല്ല തികച്ചും ആധുനികമായ വിദ്യാഭ്യസ സമ്പ്രദായം ഇവിടെ കൊണ്ടുവരാനാണ് മിഷനറിമാര്‍ ശ്രമിച്ചത്. വിദ്യാഭ്യാസത്തിനു നല്‍കിയ ഈ നൂതന ദിശാബോധത്തിന്‍റെ പേരില്‍ ഈ മിഷനറിമാര്‍ മലയാളികള്‍ക്ക് പ്രാതസ്മരണീയരാണ്. 1846 ല്‍ മാന്നാനത്ത് സാംസ്കൃതസ്കൂളും തുടര്‍ന്ന് മലയാളം സ്കൂളും സ്ഥാപിച്ച വാഴ്ത്തപ്പെട്ട ചാവറകുര്യാക്കോസ് ഏലിയാസച്ചനാണ് കേരളത്തില്‍ വിദ്യാഭ്യാസത്തെ ജനകീയമാക്കിയത്. 1865 ല്‍ വരാപ്പുഴയുടെ വികാരിജനറലായ ചാവറയച്ചന്‍ കേരളത്തിലെ മുഴുവന്‍ കത്തോലിക്കാ പള്ളികളിലേക്കും അയച്ച സര്‍ക്കുലറില്‍ എല്ലാ പള്ളികളോടുമനുബന്ധിച്ച് പള്ളിക്കുടങ്ങള്‍ സ്ഥാപിക്കാന്‍ കല്പന നല്‍കി. കേരളത്തിലങ്ങോളമിങ്ങോളം നൂറുകണക്കിനു വിദ്യാലയങ്ങള്‍ ഉയര്‍ന്നുവന്നത് ഈ പശ്ചാത്തലത്തിലാണ്. സഭയുടെ പണംകൊണ്ടു പടുത്തുയര്‍ത്തിയ ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകര്‍ക്കു ശമ്പളം കൊടുക്കുന്നതും സഭയായിരുന്നു. കൂടാതെ കേരളത്തില്‍ ആദ്യമായി യൂണിഫോം, ഉച്ചഭക്ഷണം എന്നിവ സൗജന്യമായി സ്കൂളുകളില്‍ വിതരണംചെയ്തു തുടങ്ങിയതും ചാവറയച്ചന്‍റെ കാലത്താണ്. ക്രൈസ്തവസമുദായത്തിന്‍റെ നിരന്തര പരിശ്രമവും അധ്വാനവുംവഴി സമൂഹത്തിലെ മുഴുവന്‍ വിഭാഗം ജനങ്ങള്‍ക്കും വിദ്യാഭ്യാസം നല്‍കി കേരളത്തിന്‍റെ സാമൂഹിക നവോത്ഥാനത്തില്‍ മുഖ്യപങ്കുവഹിച്ചത് ക്രൈസ്തവമിഷനറിമാരായിരുന്നു.
സ്ത്രീകളുടെ വിദ്യാഭ്യാസം
ആണ്‍കുട്ടികള്‍ വിദ്യാഭ്യാസത്തില്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും പെണ്‍കുട്ടികളെ വിദ്യ അഭ്യസിപ്പിക്കുക ഒരു ആവശ്യമായി സമൂഹം അന്ന് കണക്കാക്കിയിരുന്നില്ല. ആ രംഗത്തും വിപ്ലവകരമായ ഒരു മാറ്റംവരുത്തിയത് ക്രൈസ്തവമിഷനറിമാരാണ്. സ്ത്രീ വിദ്യാഭ്യാസംകൊണ്ടുമാത്രമേ പുരോഗതി ലഭിക്കുകയുള്ളുവെന്ന് മനസ്സിലാക്കുവാന്‍ സര്‍ക്കാരിനുപോലും അന്ന് സാധിച്ചിരുന്നില്ല. സ്ത്രീവിദ്യാഭ്യാസത്തിന് നേതൃത്വം നല്‍കിയത് പ്രധാനമായും മിഷനറി വനിതകളായിരുന്ന മിസ്സിസ് മീഡ്, മിസ്സിസ് മില്ലര്‍, മിസ്സിസ് തോംപ്സണ്‍, മിസ്സിസ് ബയ്ലി, മിസ്സിസ് ബേക്കര്‍ തുടങ്ങിയവരായിരുന്നു. പെണ്‍കുട്ടികളെ വിദ്യാലയത്തില്‍ അയയ്ക്കുന്നതില്‍ രക്ഷകര്‍ത്താക്കള്‍ താത്പര്യം പ്രകടിപ്പിക്കാതിരുന്ന കാലഘട്ടത്തില്‍, 1819 ല്‍ മിസ്സിസ് മീഡ് നാഗര്‍കോവില്‍ ഒരു പെണ്‍പള്ളിക്കുടം സ്ഥാപിക്കുകയും പെണ്‍കുട്ടികളുടെ സകല വിദ്യാഭ്യാസച്ചെലവും മിഷനറിമാര്‍ തന്നെ വഹിക്കുകയും ചെയ്തു. സാധാരണ പാഠ്യവിഷയങ്ങള്‍ക്കു പുറമെ, ചിത്രത്തയ്യലും, റേന്തത്തയ്യലുകളും, തുന്നലും മറ്റും പഠിപ്പിച്ചിരുന്നു, ഇവിടുത്തെ റേന്തത്തയ്യലുകള്‍ ലണ്ടന്‍, പാരീസ്, ചിക്കാഗോ മുതലായ സ്ഥലങ്ങളില്‍ സമ്മാനാര്‍ഹമായതോടെ നല്ല വ്യവസായമായി തയ്യല്‍രംഗം വളരുകയുണ്ടായി. മിഷനറിമാര്‍ ഈ രംഗത്ത് വിലപ്പെട്ട സേവനങ്ങള്‍ അനുഷഠിച്ചിട്ടും സര്‍ക്കാര്‍ സ്ത്രീ വാദ്യാഭ്യാസത്തില്‍ യാതൊരു ശ്രദ്ധയും ചെലുത്തിയില്ല. അരനൂറ്റാണ്ടുകാലം ആ നിലതുടര്‍ന്നു.
1859-ലെ കണക്കനുസരിച്ച് തിരുവിതാംകൂറില്‍ 2003 പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നടത്തിയിരുന്നു. എന്നാല്‍, 1897 ല്‍ സ്കൂളില്‍ പോകുന്ന പെണ്‍കുട്ടികളുടെ എണ്ണം 36652 ആയ് ഉയര്‍ന്നു. സ്ത്രീ വിദ്യാഭ്യാസത്തില്‍ ഏറ്റം മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമെന്ന പ്രശസ്തി ഇന്ന് കേരളത്തിനുള്ളപ്പോള്‍ അതിന് കേരളത്തെ അര്‍ത്ഥമാക്കിയത് സാഹസികരായ ക്രിസ്ത്യന്‍ വനിതാ മിഷനറിമാരായിരുന്നു എന്ന വസ്തുത നാം കൃതജ്ഞതാ പൂര്‍വ്വം സ്മരിക്കേണ്ടിയിരിക്കുന്നു. കേരളം സ്ത്രീ വിദ്യാഭ്യാസത്തില്‍ മുന്നണിയില്‍ നില്‍ക്കുക മാത്രമല്ല ആദ്യത്തെ വനിതാ ഹൈക്കോടതി ജഡ്ജി മിസ്സിസ് അന്നാ ചാണ്ടി, ആദ്യത്തെ വനിതാ ചീഫ് എന്‍ജിനീയര്‍ മിസ്സ് പി. കെ ത്രേസ്യ മുതലായ പ്രഗല്ഭരെ രാഷ്ട്രത്തിനു സമ്മാനിക്കുകയും ചെയ്തു.
ചരിത്രത്തിലേക്ക് ഒന്നു കണ്ണോടിച്ചാല്‍ 1941 ലെ കണക്ക് (സെന്‍സസ്) അനുസരിച്ച് തിരുവിതാംകൂറില്‍, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെയും പ്രോവിന്‍സുകളെയുംകാള്‍, മെച്ചപ്പെട്ട വിദ്യാഭ്യാസ സാഹചര്യങ്ങള്‍ ഉണ്ടായിരുന്നതായി കാണാം. പ്രധാനമായും ഇവിടുത്തെ ക്രിസ്ത്യാനികളായിരുന്നു അതിനു ഉത്തരവാദികള്‍. 1945 ലെ ആധികാരികമായ ഒരു സ്ഥിതി വിവരക്കണക്കനുസരിച്ച് 63% പ്രൈമറിസ്കൂളുകളും 87% ഹൈസ്കൂളുകളും 67% കോളേജുകളും ക്രിസ്ത്യാനികളുടെ ഉടമസ്ഥതയിലും നടത്തിപ്പിലുമായിരുന്നു.
വിദ്യാഭ്യാസനിലവാരം ഉറപ്പു വരുത്താന്‍ ഗവണ്‍മെന്‍റ് സംവിധാനം ഉണ്ടായിരുന്നു. ഗവണ്‍മെന്‍റ് നിയമിക്കുന്ന ഉദ്യോഗസ്ഥര്‍ സ്കൂളുകള്‍ സന്ദര്‍ശിക്കുകയും വിലയിരുത്തുകയും, കാര്യക്ഷമമായി നടത്തപ്പെടുന്നവയ്ക്ക് അധ്യാപകരുടെ ശമ്പളത്തിലേക്കായി ഗ്രാന്‍റ് നല്‍കുകയും ചെയ്തിരുന്നു. സ്വാതന്ത്ര്യം ലഭിക്കുന്ന കാലത്ത് വിദ്യാഭ്യാസ മേഖലയില്‍ ഏറ്റവും അധികം സേവനം ചെയ്തിരുന്നത് ക്രൈസ്ത സഭയാണ്. പള്ളികളോടനുബന്ധിച്ച് സ്ഥാപിച്ച പള്ളിക്കൂടങ്ങളുടെ കെട്ടിടങ്ങള്‍ സ്ഥാപിച്ചതും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയതും അധ്യാപകര്‍ക്ക് ശമ്പളം നല്‍കിയതും സമുദായങ്ങള്‍ ത്യാഗം ചെയ്ത് സംഭാവന ചെയ്ത പണം കൊണ്ടാണ്. എന്നാല്‍ ഈ പള്ളിക്കൂടങ്ങളിലൊന്നുപോലും ക്രൈസ്തവര്‍ക്കുവേണ്ടി മാത്രമുള്ളതായിരുന്നില്ല. പലപള്ളിക്കൂടങ്ങളിലും 80% നുമേല്‍ അക്രൈസ്തവ വിദ്യാര്‍ത്ഥികളാണ് പഠിച്ചിരുന്നത്.
ക്രിസ്തീയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അച്ചടക്കത്തിലും കാര്യക്ഷമതയിലും മൂല്യബോധത്തിലും എന്നും മുന്‍നിരയിലായിരുന്നു.
ജൂണ്‍ 5, 2006-ലെ ഇന്ത്യ ടുഡേ വാരിക പ്രസിദ്ധപ്പെടുത്തിയ ഒരു സര്‍വ്വേ പ്രകാരം ഇന്ത്യയിലെ മികച്ച കോളേജുകളുടെ ലിസ്റ്റില്‍ പലതും ക്രൈസ്തവ മാനേജുമെന്‍റുകളുടേതാണ്. വിദ്യാഭ്യാസ വിചക്ഷണര്‍ ഇന്ത്യയിലെ 700 ഓളം കോളേജുകളില്‍ നിന്നാണ് വിവിധ പാധ്യ വിഭാഗങ്ങളില്‍ ഏറ്റവും മികവ് പുലര്‍ത്തുന്ന 10 കോളേജുകളെ കണ്ടെത്തിയത് സയന്‍സ് വിഭാഗത്തില്‍ സെന്‍റ് സേവ്യേഴ്സ് കോളേജ് മുംബൈ, ലയോള കോളേജ് ചെന്നൈ, സെന്‍റ് സ്റ്റീഫന്‍സ് കോളേജ് ഡല്‍ഹി, സെന്‍റ് സേവ്യേഴ്സ് കോളേജ് കൊല്‍ക്കത്ത, ക്രൈസ്റ്റ് കോളേജ്. മെഡിസിന്‍ വിഭാഗത്തില്‍ ലയോള കോളേജ്, സെന്‍റ് സേവ്യേഴ്സ് കോളേജ് മുംബൈ, സെന്‍റ് സ്റ്റീഫന്‍സ് കോളേജ് ഡല്‍ഹി, മൗണ്ട് കാര്‍മ്മല്‍ കോളേജ് ബാംഗ്ലൂര്‍, സെന്‍റ് ജോണ്‍സ് ബാംഗ്ലൂര്‍. ആര്‍ട്സ് വിഭാഗത്തില്‍ സെന്‍റ് സേവ്യേഴ്സ് ചെന്നൈ, ലയോള കോളേജ് ചെന്നൈ, സെന്‍റ് സ്റ്റീഫന്‍ കോളജ് കൊല്‍ക്കത്ത, സെന്‍റ് ജോസഫ് കോളേജ് ബാംഗ്ലൂര്‍. എന്നിവയാണവ.
ഇവയില്‍ മിക്ക കോളേജുകള്‍ക്കും അതതു സംസ്ഥാനങ്ങളില്‍ സ്വയം ഭരണാവകാശവും സര്‍ക്കാരില്‍ നിന്നും നിര്‍ലോഭമായ സഹകരണവും ലഭിക്കുന്നുണ്ട.് സാക്ഷരതയില്‍ 100% പൂര്‍ണ്ണത കൈവരിച്ചുവെന്ന് അവകാശപ്പെടുന്ന കേരളത്തിലെ ഒരൊറ്റ കോളേജും ഇന്ത്യാ ടുഡേയുടെ സര്‍വ്വേയില്‍ വന്നില്ല. അതിന്‍റെ കാരണം മറ്റൊന്നുമല്ല. മാറിമാറിവരുന്ന കേരള സര്‍ക്കാരുകള്‍ ഉന്നതനിലവാരത്തിലുള്ള കോളേജുകള്‍ക്ക് സ്വയം ഭരണാവകാശം നല്‍കുകയോ മികച്ച വിദ്യാഭ്യാസ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്യുന്നതില്‍ സഹകരിച്ചില്ല എന്നതുതന്നെ.
ഇന്ന് കേരളത്തില്‍ 14539 വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കേരളസഭ നടത്തുന്നുണ്ട്. ഇതില്‍ 243 സ്പെഷ്യല്‍ സ്കൂളുകളും 448 കോളേജുകളും 534 സാങ്കേതിക വിദ്യാഭ്യാസകേന്ദ്രങ്ങളും 310 തൊഴിലധിഷ്ഠിത വിദ്യാഭ്യാസകേന്ദ്രങ്ങളും ഉള്‍പ്പെടുന്നു. 69 ലക്ഷത്തില്‍പരം വിദ്യാര്‍ത്ഥികള്‍ ഈ സ്ഥാപനങ്ങളില്‍ പഠിക്കുന്നുണ്ട്. ഇവരില്‍ 21.7% മാത്രമേ കത്തോലിക്കരുള്ളൂ; എന്നാല്‍ 53.3% ഹിന്ദുസമുദായാംഗങ്ങളും 8.6% മുസ്ലീം സമുദായാംഗങ്ങളും 5.6% അകത്തോലിക്കരും 10.1% ഇതരവിഭാഗങ്ങളുമുണ്ട്18 സഭയുടെ സ്ഥാപനങ്ങള്‍ വര്‍ഗ്ഗീയതയ്ക്കു വിരുദ്ധമായ മാതൃകാപരമായ നിലപാടു പുലര്‍ത്തുന്നവയാണ് എന്നതിന് വ്യക്തമായ തെളിവുകളാണ് ഈ കണക്കുകള്‍. ഈ സ്ഥാപനങ്ങളിലെ 41.4% വിദ്യാര്‍ത്ഥികള്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരാണ് എന്ന വസ്തുത സഭയുടെ ദരിദ്രരോടുള്ള ആഭിമുഖ്യത്തിന് തെളിവുനല്‍കുന്നു.
Social Contributions of Kerala Christians and Marxian Rejection Policies Mar Joseph Pamplany the church theology catholic malayalam catholic apologetics Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206