We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Syro-Malabar Major Archiepiscopal Commissions for Liturgy and Catechesis On 09-Aug-2022
അദ്ധ്യായം 1
സീറോമലബാർ സഭയുടെ
ആരാധനക്രമത്തിന്റെ ചരിത്രം
I സീറോമലബാർ സഭയുടെ ചരിത്രം
7. ഈശോമിശിഹായുടെ പന്ത്രണ്ടു ശ്ലീഹന്മാരിൽ ഒരുവനായ മാർത്തോമ്മാശ്ലീഹായിൽനിന്നു വിശ്വാസവെളിച്ചം സ്വീകരിക്കുവാൻ ഭാഗ്യം സിദ്ധിച്ചവരാണ് മാർത്തോമ്മാക്രിസ്ത്യാനികൾ. എ.ഡി. 52-ൽ കൊടുങ്ങല്ലൂരിൽ (മുസിരിസ് കപ്പലിൽ വന്നിറങ്ങിയ ശ്ലീഹാ ഇന്ത്യയിൽ പലയിടങ്ങളിലും ചുറ്റിസഞ്ചരിച്ചു സുവിശേഷം പ്രസംഗിക്കുകയും ഏഴര പള്ളികൾ കൊടുങ്ങല്ലൂർ, പാലയൂർ, കോട്ടക്കാവ് (പറവൂർ), കോക്കമംഗലം, കൊല്ലം, നിരണം, നിലയ്ക്കൽ (ചായൽ), എന്നിവിടങ്ങളിൽ - സ്ഥാപിക്കുകയും ചെയ്തു. തിരുവാംകോട് “അരപ്പള്ളിയായി അറിയപ്പെടുന്നു. എ.ഡി. 72-ൽ മൈലാപൂരിൽ വച്ച് ശ്ലീഹാ രക്തസാക്ഷിത്വമകുടം ചൂടി.
8. ശ്ലൈഹികകാലത്തുതന്നെ സ്ഥാപിക്കപ്പെട്ട ഇന്ത്യയിലെ സഭ മാർത്തോമ്മാശ്ലീഹായുടെ പാരമ്പര്യം പൈതൃകമായുള്ള പേർഷ്യൻ സഭയുമായി ആദ്യനൂറ്റാണ്ടുമുതൽ സമ്പർക്കം പുലർത്തിയിരുന്നു. മധ്യപൂർവ്വദേശവുമായുള്ള വാണിജ്യബന്ധം ഇതിന് പശ്ചാത്തലമായിത്തീർന്നിട്ടുണ്ട്. നാലാം നൂറ്റാണ്ടിൽ പേർഷ്യൻസഭയിലുണ്ടായ മത മർദ്ദനം, അവിടെനിന്നുള്ള ക്രൈസ്തവരുടെ ഇന്ത്യയിലേക്കുള്ള കുടിയേറ്റത്തിന് കാരണമായി. പേർഷ്യയിൽ നിന്നുള്ള ക്രൈസ്തവ നേതാവായ ക്നായി തൊമ്മൻ്റെയും കൂട്ടരുടെയും വരവ് ഇതിൽ ശ്രദ്ധേയമാണ്. ഇരുസഭകൾക്കും പൊതുവായുണ്ടായിരുന്ന അപ്പസ്തോലിക പൈതൃകം പൗരസ്ത്യസുറിയാനി പാരമ്പര്യമുള്ള പേർഷ്യയിലെ സഭയുമായി സജീവബന്ധം പുലർത്തുന്നതിന് ഇടവരുത്തി. തന്മൂലം ഇന്ത്യയിലെയും പേർഷ്യയിലെയും സഭക്കാർക്കു പൊതുവായി പൗരസ്തൃസുറിയാനി ആരാധനക്രമം നിലവിൽ വന്നു. നിഖ്യാസുനഹദോസിൽ (325) പേർഷ്യയുടെയും ഇന്ത്യയുടെയും മെത്രാനായി ഒപ്പിട്ടിരിക്കുന്ന പേർഷ്യാക്കാരനായ മാർ ജോൺ, നാലാം നൂറ്റാണ്ട് മുതൽ ഇന്ത്യയിലെ മാർത്തോമ്മാനസ്രാണികൾക്ക് ആ സമയുണ്ടായിരുന്ന ബന്ധത്തിൻ്റെ തെളിവാണ്.
എ.ഡി. 500-നും 525 നും മദ്ധ്യേ ഇന്ത്യ സന്ദർശിച്ച കോസ്മസ് ഇൻഡിക്കോപ്ലസ്റ്റസ് എന്ന സഞ്ചാരി ഇന്ത്യയിൽ കണ്ട ക്രൈസ്തവരെക്കുറിച്ചും പേർഷ്യൻ മെത്രാനെക്കുറിച്ചും ക്രിസ്ത്യൻ ടോപ്പോഗ്രഫി എന്ന തൻ്റെ ഗ്രന്ഥത്തിൽ രേഖപ്പെടുത്തുന്നുണ്ട്. വിശ്വാസപരമായും ആരാധനക്രമപരമായും ഇരുസഭകളും തമ്മിലുണ്ടായിരുന്ന ബന്ധം ഇന്ത്യയിലെ സഭയ്ക്ക് പേർഷ്യൻ സഭയിലെ മെത്രാന്മാരെയും അവരുടെ ആത്മീയ നേതൃത്വത്തെയും സ്വീകരിക്കുന്നതിന് നിമിത്തമായി. 16-ാം നൂറ്റാണ്ടുവരെ പേർഷ്യയിൽ നിന്നുള്ള മെത്രാൻമാരായിരുന്നു ഇവിടെ ആത്മീയ നേതൃത്വം വഹിച്ചിരുന്നത്. ഇന്ത്യ മുഴുവൻ്റെയും മെത്രാപ്പോലീത്താ എന്നാണ് ഇന്ത്യയിലെ പേർഷ്യൻ മെത്രാൻ അറിയപ്പെട്ടിരുന്നത്. എന്നാൽ, സഭയുടെ ഭൗതികമായ ഭരണം നിറവേറ്റിയിരുന്നത് മാർത്തോമ്മാ ക്രിസ്ത്യാനികളുടെ ഇടയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടിരുന്ന ഒരു വൈദികനാണ്. 'ഇന്ത്യ മുഴുവൻ്റെയും ആർച്ചുഡീക്കൻ,' 'ജാതിക്കു കർത്തവ്യൻ' എന്നീ പേരുകളിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. സഭാപൊതുയോഗത്തിൻ്റെയും പ്രാദേശികയോഗങ്ങളുടെയും പള്ളിയോഗങ്ങളുടെയും സഹായത്തോടെ അദ്ദേഹം സഭാഭരണം നിർവഹിച്ചു.
മാർത്തോമ്മാ ക്രിസ്ത്യാനികളുടെ സാമൂഹിക ജീവിതം അന്നത്തെ ഇന്ത്യൻ സംസ്കാരത്തോടു അനുരൂപപ്പെട്ടതും, ആദ്ധ്യയിമകത ഇന്ത്യൻ പൗരസ്ത്യ പാരമ്പര്യങ്ങൾക്കനുസൃതവും ആയിരുന്നു. പൗരസ്ത്യ സുറിയാനി പാരമ്പര്യവും ഇന്ത്യൻ സാംസ്കാരികത്തനിമയും ഉൾച്ചേർന്ന ആരാധനക്രമം, ദൈവശാസ്ത്രം, ആദ്ധ്യാത്മികത, ശിക്ഷണക്രമം എന്നിവ പ്രതിഫലിപ്പിക്കുന്ന ജീവിതശൈലിയാണ് മാർത്തോമ്മാ ക്രിസ്ത്യാനികളുടെ സഭാജീവിതത്തിൽ പ്രതിഫലിച്ചിരുന്നത്. ഈ ജീവിതശൈലിയെയാണ് മാർത്തോമ്മാമാർഗ്ഗം എന്നു വിളിക്കുന്നത്.
9. 16-ാം നൂറ്റാണ്ടിൽ ഇന്ത്യയിലെത്തിയ പോർച്ചുഗീസ് മിഷനറിമാർ മാർത്തോമ്മാ മാർഗ്ഗത്തിൽ ജീവിക്കുന്ന ക്രിസ്ത്യാനികളെയാണ് കണ്ടുമുട്ടിയത്. സൗഹൃദത്തിൽ ആരംഭിച്ച അവരുടെ ബന്ധത്തിൽ സാവധാനം ഉലച്ചിലുകളുണ്ടായി. തങ്ങൾ ശീലിച്ചിരുന്നതിൽനിന്നു വ്യത്യസ്തമായ ഒരു ക്രൈസ്തവജീവിതശൈലി അംഗീകരിക്കാൻ പോർച്ചുഗീസ് മിഷനറിമാർക്കു സാധിച്ചില്ല. അതുകൊണ്ട് മാർത്തോമ്മാ ക്രിസ്ത്യാനികളുടെ ആരാധനക്രമവിധികളെയും ആചാരാനുഷ്ഠാനങ്ങളെയും ക്രമേണ പാശ്ചാത്യസഭയുടെ ആരാധനക്രമവിധികളോടും ആചാരാനുഷ്ഠാനങ്ങളോടും അനുരൂപപ്പെടുത്താനുള്ള പദ്ധതികൾ അവർ ആസൂത്രണം ചെയ്തു. 1599-ലെ ഉദയം പേരൂർ സൂനഹദോസിലൂടെ ആ പദ്ധതി അവർ പ്രയോഗത്തിലാക്കി. സൂനഹദോസ് കഴിഞ്ഞയുടനെ മാർത്തോമ്മാ ക്രിസ്ത്യാനികൾ പദ്രൊവാദാെ (മിഷൻ രാജ്യങ്ങളിൽ സഭാഭരണം നടത്തുന്നതിന് മാർപാപ്പാ പോർട്ടുഗീസ് രാജാവിനു നല്കിയ പ്രത്യേകാനുമതി) ഭരണത്തിൻ കീഴിലാക്കപ്പെട്ടു. ഈ കാലഘട്ടത്തിൽ മാതൃസഭയിൽ മിഷനറിമാർ വരുത്തിയ മാറ്റങ്ങളെ, പ്രത്യേകിച്ച് സഭാഭരണഘടനയുടെ മാറ്റങ്ങളെ, മാർത്തോമ്മാ ക്രിസ്ത്യാനികൾ എതിർത്തു. പദ്രൊവാദാെ ഭരണത്തിനെതിരെ മാർത്തോമ്മാ ക്രിസ്ത്യാനികൾ നടത്തിയ എതിർപ്പിന്റെ ശക്തമായ പ്രകടനമായിരുന്നു 1653 ജനുവരി 3-ലെ കൂനൻകുരിശുസത്യം. ഈ പ്രഖ്യാപനം സഭയിൽ ഒരു പിളർപ്പിനു കാരണമായി.
10. കൂനൻകുരിശുസത്യം ചെയ്തവരിൽ ഒരു വിഭാഗം പിന്നീട് അന്ത്യോക്യൻ പാരമ്പര്യം സ്വീകരിച്ച് യാക്കോബായ സഭാംഗങ്ങളായിത്തീർന്നു. പുത്തൻകൂറ്റുകാർ എന്നാണ് പിന്നീട് അവർ അറിയപ്പെട്ടത്. ഈ സാഹചര്യത്തിൽ പ്രൊപ്പഗാന്താ ഫീദെ (മാർപാപ്പായുടെ മേൽനോട്ടത്തിൽ നടത്തുന്ന മിഷൻ പ്രവർത്തനം) നേരിട്ട് സഭയിൽ ഇടപെടുകയും ഒരു പുതിയ ഭരണസംവിധാനം താത്കാലികമായി ഏർപ്പെടുത്തുകയും ചെയ്തു. എന്നാൽ, ഈ താത്കാലിക ക്രമീകരണം രണ്ടു നൂറ്റാണ്ടിലേറെ തുടർന്നു. പദ്രൊവാദാെ, പ്രൊപ്പഗാന്ത എന്നീ രണ്ടു മിഷനറി ഭരണസമ്പ്രദായങ്ങളെയും ഉൾക്കൊള്ളാനാകാതെ മാർത്തോമ്മാ ക്രിസ്ത്യാനികൾ തങ്ങളുടെ പൈതൃകം വീണ്ടടുക്കുന്നതിനും, സ്വന്തം സമുദായത്തിൽപ്പെട്ട മെത്രാന്മാരെ ലഭിക്കുന്നതിനും, തങ്ങളുടെ തന്നെ ബന്ധുക്കളും ചാർച്ചക്കാരുമായ പുത്തൻകൂറ്റുകാരെ മാതൃസഭയുമായി ഐക്യപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങൾ ആരംഭിച്ചു. മാർ ജോസഫ് കരിയാറ്റി, പാറേമ്മാക്കൽ തോമ്മാകത്തനാർ എന്നിവരും അവർക്കു മുമ്പും പിമ്പും മറ്റു പലരും മേല്പറഞ്ഞ കാര്യങ്ങൾക്കായി പരിശ്രമങ്ങൾ നടത്തിയെങ്കിലും അവ ഒന്നും സ്ഥായിയായ ഫലമണിഞ്ഞില്ല. 1886 സെപ്തംബർ 1-ന് ഇന്തൃയിലെ ലത്തീൻ ഹയരാർക്കി സ്ഥാപിച്ചപ്പോൾ കത്തോലിക്കാവിശ്വാസികളായ മാർത്തോമ്മാ ക്രിസ്ത്യാനികൾ മുഴുവൻ വരാപ്പുഴ മെത്രാപ്പോലീത്തയായ ലെയനാർദ് മെല്ലാനോയുടെ അധീനതയിലായി.
11. മാർത്തോമ്മാ ക്രിസ്ത്യാനികളുടെ സ്വയംഭരണത്തിനുവേണ്ടിയുള്ള നൂറ്റാണ്ടുകൾ നീണ്ട ശ്രമങ്ങൾക്ക് വ്യക്തമായ രൂപം കൈവന്നത് 19-ാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയിലാണ്. സ്വജാതി മെത്രാൻമാർക്കായുള്ള പ്രയത്നങ്ങൾ തീവ്രമായി തുടരവേ, 1887-ൽ ലെയോ 13-ാമൻപാപ്പാ സുറിയാനിക്കാരെ വരാപ്പുഴഭരണത്തിൽ നിന്ന് വേർപെടുത്തി, അവർക്കായി തൃശൂർ, കോട്ടയം എന്നീ വികാരിയാത്തുകൾ സ്ഥാപിച്ചു. 1896 ജൂലൈ 28-ന് ഈ വികാരിയാത്തുകൾ പുനഃക്രമീകരിച്ച് എറണാകുളം, ചങ്ങനാശ്ശേരി, തൃശൂർ എന്നീ മൂന്നു വികാരിയാത്തുകൾ സ്ഥാപിക്കുകയും മാർ ളൂയീസ് പഴേപറമ്പിൽ, മാർ മാത്യു മാക്കീൽ, മാർ ജോൺ മേനാച്ചേരി എന്നീ നാട്ടുമെത്രാന്മാരെ യഥാക്രമം അവയുടെ തലവന്മാരായി നിയമിക്കുകയും ചെയ്തു. അങ്ങനെ നൂറ്റാണ്ടുകൾ നീണ്ടുനിന്ന സുറിയാനികാരുടെ സ്വജാതിമെത്രാൻമാർക്കായുള്ള അഭിലാഷവും പ്രയത്‌നവും പൂവണിഞ്ഞു. 1911-ൽ ക്നാനായ കത്തോലിക്കർക്കായി കോട്ടയം വികാരിയാത്ത് സ്ഥാപിതമായി.
12. 1923 ഡിസംബർ 21-നു എറണാകുളം വികാരിയാത്തിനെ അതിരൂപതയായി ഉയർത്തുകയും, ചങ്ങനാശ്ശേരി, തൃശൂർ, കോട്ടയം എന്നിവയെ സാമന്തരൂപതകളായി പ്രഖ്യാപിച്ച് സീറോമലബാർ ഹയരാർക്കി സ്ഥാപിക്കുകയും ചെയ്തതോടെ മാർത്തോമ്മാ ക്രിസ്ത്യാനികളായ സുറിയാനിക്കത്തോലിക്കരുടെ സഭ, 'സീറോമലബാർ സഭ' എന്നറിയപ്പെടാൻ തുടങ്ങി. 1956-ൽ ചങ്ങനാശ്ശേരി രൂപത, അതിരൂപയായി ഉയർത്തപ്പെട്ടു.
13. 1992 ഡിസംബർ 16-ന് ജോൺപോൾ രണ്ടാമൻ മാർപാപ്പ സീറോമലബാർസഭയെ പൗരസ്ത്യകാനോൻ നിയമമനുസരിച്ച് സ്വയം ഭരണാധികാരമുള്ള മേജർആർക്കിഎപ്പിസ്കോപ്പൽ സഭയായി ഉയർത്തി. എറണാകുളം-അങ്കമാലിയാണ് മേജർ ആർച്ച്ബിഷപ്പിൻ്റെ ആസ്ഥാനം. മാർ ആന്റണി പടിയറയായിരുന്നു പ്രഥമ മേജർ ആർച്ചു ബിഷപ്. 1995-ൽ തൃശൂർ, തലശ്ശേരി രൂപതകളും 2005-ൽ ക്നാനായർക്കുള്ള കോട്ടയം രൂപതയും അതിരൂപതകളായി ഉയർത്തപ്പെട്ടു. നിലവിൽ സീറോമലബാർ സഭയ്ക്ക് ഇന്ത്യയിൽ സ്വയംഭരണാനുമതിയുള്ള പ്രദേശത്ത് 5 അതിരൂപതകളും 13 രൂപതകളും ഉണ്ട്. മിഷൻ പ്രവർത്തനമേഖലയായി ആരംഭിച്ച് മിഷൻ രൂപതകളായി മാറിയ 9 മിഷൻ രൂപതകളും (ഛാന്ദ, സാഗർ, സത്ന, ഉജ്ജൈൻ, ബിജ്നോർ, ജഗദൽപൂർ, രാജ്കോട്ട്, ഗോരഖ്പൂർ, അദിലാബാദ്) പ്രവാസികളായി കഴിയുന്നവർക്കുവേണ്ടി നല്കപ്പെട്ട 2 രൂപതകളും (കല്യാൺ, ഫരീദാബാദ്) പ്രവാസികളായി വിദേശത്ത് വസിക്കുന്നവർക്കുവേണ്ടി 2 രൂപതകളും (ചിക്കാഗോ, മെൽബൺ) ഉൾപ്പെടെ ആകെ 31 രൂപതകളാണുള്ളത്. സീറോമലബാർ സഭയിലെ വിശ്വാസികൾക്കായി കാനഡായിൽ 'മിസ്സിസാഗ' ആസ്ഥാനമാക്കി 2015-ൽ അപ്പസ്തോലിക് എക്സാർക്കേറ്റും സ്ഥാപിതമായിട്ടുണ്ട്.
II ആരാധനക്രമചരിത്രം
അപ്പസ്തോലിക കാലഘട്ടം
14. ഇന്ത്യയിലെ മാർത്തോമ്മാ ക്രിസ്ത്യാനികളുടെ ശ്ലൈഹിക കാലഘട്ടത്തിലെ ആരാധനക്രമത്തെക്കുറിച്ച് വ്യക്തമായ രേഖകൾ ലഭ്യമല്ല. തോമ്മായുടെ നടപടികൾ എന്ന അപ്പോക്രിഫൽ ഗ്രന്ഥം ഇന്ത്യയിലെ ആരാധനാഘോഷങ്ങളെക്കുറിച്ച് സൂചന നല്കുന്നുണ്ട്. തോമ്മാശ്ലീഹായുടെ പ്രേഷിത പ്രവർത്തനത്തെ സംബന്ധിച്ച എല്ലാ വിശദാംശങ്ങളിലും ചരിത്രപരമായ കൃത്യത അവകാശപ്പെടാനാവില്ലെങ്കിലും, സാമൂഹികാചാരങ്ങളെയും പ്രാർത്ഥനാരീതികളെയും കുറിച്ചുള്ള പ്രതിപാദനങ്ങൾ ശരിയാകാനാണ് സാധ്യതയെന്ന് തോമ്മായുടെ നടപടികളെക്കുറിച്ചുള്ള ശാസ്ത്രീയപഠനങ്ങൾ വ്യക്തമാക്കുന്നു. തന്മൂലം, ഈ ഗ്രന്ഥത്തിൽ തോമ്മാശ്ലീഹായുടെയും ശിഷ്യരുടെയും ആരാധനാഘോഷങ്ങളെക്കുറിച്ച് പറയുന്ന കാര്യങ്ങൾക്ക് ചരിത്രപരമായ അടിസ്ഥാനം ഉണ്ടെന്ന് കരുതേണ്ടിയിരിക്കുന്നു. വളരെ ലളിതവും ഹ്രസ്വവുമായ ഒരു കുർബാനയർപ്പണത്തെക്കുറിച്ച് തോമ്മായുടെ നടപടികൾ പ്രതിപാദിക്കുന്നുണ്ട്. കാർമ്മികൻ കൃതജ്ഞതാസ്തോത്രപ്രാർത്ഥന ചൊല്ലി കുർബാനയർപ്പിക്കുന്നു; വിശ്വാസികളെല്ലാവരും തിരുശ്ശരീരരക്തങ്ങളിൽ പങ്കുകാരാകുന്നു. എന്നാൽ, പ്രാർത്ഥനകളുടെയോ അനുഷ്ഠാനങ്ങളുടെയോ സൂക്ഷ്മമായ വിവരണം തോമ്മായുടെ നടപടിപുസ്തകം നല്കുന്നില്ല. എങ്കിലും, ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്കുപോയ മറ്റു ശ്ലീഹന്മാർ ചെയ്തതു പോലെ, ഇന്ത്യയിലെത്തിയ തോമ്മാശ്ലീഹായും വിശ്വാസികൾക്കുവേണ്ടി അപ്പം മുറിക്കൽ ശുശ്രൂഷയ്ക്ക് നേതൃത്വം കൊടുത്തിരുന്നുവെന്നും അങ്ങനെ വിശുദ്ധ കുർബാന അർപ്പിച്ചിരുന്നുവെന്നും ചിന്തിക്കുന്നത് യുക്തിസഹമാണ്.
ഒന്നും രണ്ടും നൂറ്റാണ്ടുകൾ
15. ഒന്നും രണ്ടും നൂറ്റാണ്ടുകളിലെ ലിറ്റർജിയെക്കുറിച്ച് ചില സൂചനകൾ ഡിഡാക്കെ, രക്തസാക്ഷിയായ വിശുദ്ധ ജസ്റ്റിൻ്റെ വിശ്വാസസമർത്ഥനം (Apology), തോമ്മായുടെ നടപടികൾ എന്നീ പുരാതനരേഖകളിൽനിന്നു ലഭ്യമാണ്. പ്രാർത്ഥനകൾക്കോ, അനുഷ്ഠാനങ്ങൾക്കോ നിയതമായ രൂപം ഇല്ലായിരുന്നു എന്നതാണ് ഈ നൂറ്റാണ്ടുകളിലെ ലിറ്റർജിയുടെ പ്രത്യേകത. സൂക്ഷ്മാംശങ്ങളിൽ ഐകരൂപ്യമില്ലായിരുന്നുവെങ്കിലും, അടിസ്ഥാനപരമായി അന്ത്യോക്യായിലെയും റോമിലെയും എദേസയിലെയും മലബാറിലെയും ലിറ്റർജികൾ തമ്മിൽ വളരെ സമാനതകളുണ്ടായിരുന്നു. അതിൻ്റെ അടിസ്ഥാനകാരണം അവയെല്ലാം ശ്ലൈഹികലിറ്റർജികളായിരുന്നുവെന്നതുതന്നെ.
ശ്ലീഹന്മാർ കർത്താവിൻ്റെ ഉത്ഥാനത്തിനുശേഷം ഭവനങ്ങളിൽ ഒരുമിച്ചുകൂടി അപ്പം മുറിക്കൽ ശുശ്രൂഷ നടത്തിയിരുന്നു. മാത്രമല്ല, മിശിഹായിലുള്ള വിശ്വാസത്തിലേക്കു കടന്നുവന്ന യഹൂദരുടെ പ്രാർത്ഥനകൾ ആദിമക്രൈസ്തവസഭയുടെ പ്രാർത്ഥനകളെ നിർണ്ണായകമായി സ്വാധീനിച്ചിട്ടുണ്ട്. വിശുദ്ധ കുർബാനയുടെ അനാഫൊറ (കൃതജ്ഞതാസ്തോത്രപ്രാർത്ഥന) ഗണ്യമായ നിലയിൽ യഹൂദരുടെ ആശീർവാദപ്രാർത്ഥനകളോട് (ബെറാക്കാ) കടപ്പെട്ടിരിക്കുന്നു. ആദ്യകാലങ്ങളിൽ വചനശുശ്രൂഷയ്ക്കായി അവർ സിനഗോഗുകളിലാണ് പോയിരുന്നത്. പില്ക്കാലത്ത് സിനഗോഗുകളിൽനിന്ന് അവർ അകറ്റപ്പെട്ടപ്പോൾ, അപ്പം മുറിക്കലിനോടനുബന്ധിച്ചുതന്നെ വചനശുശ്രുഷയും നടത്താൻ തുടങ്ങി. പഴയനിയമഗ്രന്ഥങ്ങൾക്കു പുറമേ, ശ്ലീഹന്മാരുടെ ഓർമ്മക്കുറിപ്പുകളും വിവിധ സഭകൾക്കെഴുതിയ ലേഖനങ്ങളും ആരാധനാ സമ്മേളനങ്ങളിൽ വായിക്കുക പതിവായി. അതേസമയം, പ്രാർത്ഥനകൾക്കു നിയതരൂപം കൈവന്നിട്ടില്ലാതിരുന്നതിനാൽ, കാർമ്മികൻ്റെ മനോധർമ്മമനുസരിച്ച് വ്യത്യാസങ്ങളോടെയാണ് അവ ചൊല്ലിവന്നത്. ലോകമെമ്പാടുമുള്ള ക്രൈസ്തവ ലിറ്റർജിയുടെ അവസ്ഥ ഇതായിരുന്നു.
മൂന്ന്, നാല് നൂറ്റാണ്ടുകൾ
16. മൂന്ന്, നാല് നൂറ്റാണ്ടുകളോടെയാണ് അലക്സാണ്ട്രിയൻ, അന്ത്യോക്യൻ, പേർഷ്യൻ (പൗരസ്ത്യസുറിയാനി) എന്നീ വ്യത്യസ്ത ആരാധക പാരമ്പര്യങ്ങൾ നിയതരൂപം പ്രാപിക്കുന്നത്. പേർഷ്യയിലെ പൗരസ്ത്യ സുറിയാനികളുമായി മാർത്തോമ്മാ ക്രിസ്ത്യാനികൾ നല്ല ബന്ധം പുലർത്തിയിരുന്നതിനാൽ വിശ്വാസത്തിൽ തങ്ങളുടെ പൊതുപിതാവായ മാർത്തോമ്മാശ്ലീഹായുടെ പൈതൃകം പേറുന്ന പൗരസ്ത്യ സുറിയാനി ആരാധനക്രമമാണ് അവർ സ്വന്തമായി സ്വീകരിച്ചത്. ഈ ആരാധനക്രമം അടിസ്ഥാനരൂപം പ്രാപിച്ചത് നാലാം നൂറ്റാണ്ടിൽ എദേസാ കേന്ദ്രമാക്കിയാണ്.
തോമ്മാശ്ലീഹായെ പൊതുപിതാവായി കാണുന്ന എദേസൻ, പേർഷ്യൻ, മലബാർ സഭകൾക്ക് അതിനാൽത്തന്നെ ഒരു ലിറ്റർജി സ്വീകരിക്കുക എളുപ്പമായിരുന്നു. യഹൂദകോളനികളുടെ സാന്നിധ്യം, മധ്യപൗരസ്ത്യപ്രദേശങ്ങളുമായുള്ള വാണിജ്യബന്ധങ്ങൾ, അറമായ (സുറിയാനി) ഭാഷയുടെ ഉപയോഗം എന്നീ ഘടകങ്ങളും പൗരസ്ത്യ സുറിയാനി ആരാധനക്രമത്തിന്റെ സ്വീകരണത്തിന് വഴിയൊരുക്കിയതായി കാണാം. 'മാർതോമ്മാശ്ലീഹായിൽനിന്നു ഞങ്ങൾ സ്വീകരിച്ച ആരാധനക്രമം' എന്നാണ് മാർത്തോമ്മാ ക്രിസ്ത്യാനികൾ തങ്ങളുടെ ആരാധനക്രമത്തെ വിശേഷിപ്പിച്ചുകൊണ്ട് 1578 ഗ്രിഗറി പതിമൂന്നാമൻ മാർപാപ്പയ്ക്ക് എഴുതിയത്.
17. പൊതു പൈതൃകമായിരുന്ന പൗരസ്ത്യസുറിയാനി ആരാധനക്രമത്തോട് മാർത്തോമ്മാ ക്രിസ്ത്യാനികൾ മമത പുലർത്തിയിരുന്നെങ്കിലും, അത് അതേപടി പകർത്തി എന്നു കരുതേണ്ടതില്ല. അടിസ്ഥാനപരമായ കാര്യങ്ങളിൽ വ്യതിയാനം വരുത്താതെ തദ്ദേശീയമായ ഘടകങ്ങൾ ദൈവാരാധനയ്ക്കായി ഉപയോഗിക്കുന്ന സ്ഥലത്തും സാധനങ്ങളിലും ആചാരങ്ങളിലും ചേർത്ത് ആരാധനക്രമം അവർ പരികർമ്മം ചെയ്തിട്ടുണ്ടാകും. ഇവ്വിധമുള്ള സാംസ്ക്കാരികാനുരൂപണങ്ങൾ വിശുദ്ധ കുർബാനയിലും മറ്റുകൂദാശകളിലും കൂദാശാനുകരണങ്ങളിലും വരുത്തിയിട്ടുണ്ടാവുമെന്നത് തികച്ചും സ്വാഭാവികമാണ്. പ്രാദേശിക വാസ്തുശില്പശൈലി പശ്ചാത്തലമാക്കി ദേവാലയം നിർമ്മിക്കുന്ന രീതി മലബാർ ക്രിസ്ത്യാനികളുടെ തനിമയുടെ ഭാഗമാണ്. മദ്ബഹായുടെ മേൽക്കൂരയിലുള്ള സ്ലീവായൊഴിച്ചാൽ ക്രിസ്തീയ ദേവാലയങ്ങളെ മറ്റ് ആരാധനാലയങ്ങളിൽനിന്ന് തിരിച്ചറിയാൻ വിഷമമായിരുന്നുവെന്ന് മിഷനറിമാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വിവാഹച്ചടങ്ങിലെ താലി, മന്ത്രകോടി മരണത്തോടനുബന്ധിച്ചുള്ള പ്രത്യേക ആചാരാനുഷ്ഠാനങ്ങൾ എന്നിവയും സാംസ്കാരികാനുരൂപണങ്ങൾക്ക് ഉദാഹരണങ്ങളാണ്.
ഉദയംപേരൂർ സുനഹദോസുവരെ
18. വിശുദ്ധ കുർബാനയ്ക്കു പൗരസ്ത്യസുറിയാനി ആരാധനക്രമം ആയിരുന്നു ഉദയംപേരൂർ സൂനഹദോസുവരെ (1599) മാർത്തോമ്മാ ക്രിസ്ത്യാനികൾ ഉപയോഗിച്ചിരുന്നത്. അവരുടെ നിലവിലുണ്ടായിരുന്ന കുർബാനതക്സയിൽ നെസ്തോറിയൻ പാഷണ്ഡത ആരോപിച്ച് സൂനഹദോസിൻ്റെ അദ്ധ്യക്ഷനും ഗോവാ മെത്രാപ്പോലീത്തായുമായിരുന്ന ഡോം അലക്സിസ് മെനേസിസ് പല മാറ്റങ്ങളും വരുത്തി. എന്നാൽ, കുർബാനയുടെ ഘടനയിൽ മാറ്റം വരുത്താൻ മെനേസിസ് ശ്രമിച്ചില്ല. മിഷനറിമാർ, മാർത്തോമ്മാ ക്രിസ്ത്യാനികളുടെ പല പ്രാർത്ഥനകളും അനുഷ്ഠാനങ്ങളും തിരുത്തിയത്, സുറിയാനി ഭാഷയിലൂടെ നെസ്തോറിയൻ പാഷണ്ഡത മാർത്തോമ്മാ ക്രിസ്ത്യാനികളുടെ പ്രാർത്ഥനകളിൽ കടന്നുകൂടിയിട്ടുണ്ടാവുമെന്ന് അവർ സംശയിച്ചതുമൂലമാണ്. ഉദയംപേരൂർ സൂനഹദോസിൽ വരുത്തിയ മാറ്റങ്ങളും അതിനുമുൻപു നിലവിലുണ്ടായിരുന്ന രീതികളും ഏവയെന്ന് സൂനഹദോസിൽ അവതരിപ്പിച്ച തക്സയും മറ്റു ചില കൈയെഴുത്തുപ്രതികളും വ്യക്തമാക്കുന്നുണ്ട്. കൂടാതെ, 1603-ൽ അന്തോണിയോ ദെഗുവയാ എഴുതിയ ജോർണാദ എന്ന പോർച്ചുഗീസ്ഗ്രന്ഥം സൂനഹദോസിനുമുമ്പുള്ള വിശുദ്ധ കുർബാനയുടെയും ആചാരാനുഷ്ഠാനങ്ങളുടെയും ഏതാണ്ടൊരു ചിത്രം നല്കുന്നുണ്ട്.
ഉദയംപേരൂർ സൂനഹദോസിനുശേഷം
19. ഉദയംപേരൂർ സൂനഹദോസിൻ്റെ നിശ്ചയപ്രകാരമുള്ള മാറ്റങ്ങളോടുകൂടിയ തക്സയാണ് മാർത്തോമ്മാക്രിസ്ത്യാനികൾ സൂനഹദോസിനുശേഷം ഉപയോഗിച്ചത്. കുർബാനയിലെ വിശ്വാസപ്രമാണം റോമൻക്രമത്തിലേതുപോലെയാക്കിയിരുന്നു. നൊസ്തോറിയസ്, തെയദോർ എന്നിവരുടെ പേരുകൾ കാറോസൂസയിൽ ചേർത്തു പ്രാർത്ഥിച്ചിരുന്നത് നീക്കം ചെയ്തു. തെയദോറിൻ്റെയും നെസ്തോറിയസിന്റെയും പേരിൽ അറിയപ്പെട്ടിരുന്ന രണ്ട് അനാഫൊറകളും കത്തിച്ചു കളയണമെന്ന് ഉദയംപേരൂർ സൂനഹദോസ് കല്പിച്ചു. വിശുദ്ധ കുർബാനയ്ക്ക് പോർച്ചുഗലിൽ നിന്നു കൊണ്ടുവരുന്ന വീഞ്ഞു തന്നെ വേണമെന്നും പുളിപ്പില്ലാത്ത അപ്പം ഉപയോഗിക്കണമെന്നും മിഷനറിമാർ നിഷ്ക്കർഷിച്ചിരുന്നു.
ഇരുസാദൃശ്യങ്ങളിലും വിശുദ്ധ കുർബാന സ്വീകരിക്കുന്ന പതിവ് എല്ലാ സഭകളിലും നിലനിന്നിരുന്നു. ലത്തീൻസഭയിൽ ഇതിനു വ്യത്യാസം വരുത്തിയത് ത്രെന്തോസ് സൂനഹദോസാണ് (1545-1563). അപ്പോഴും പൗരസ്ത്യസഭകളിൽ ഈ പതിവ് തുടർന്നുപോന്നു. ഉദയംപേരൂർ സൂനഹദോസ് മലബാർസഭയിൽ ഈ പതിവ് നിർത്തലാക്കി. ആദ്യസഹസ്രാബ്ദത്തിൽ എല്ലാ സഭകളിലും വലത്തുനിന്നും ഇടത്തോട്ടാണ് കുരിശുവരച്ചിരുന്നത്. ലത്തീൻസഭയിൽ പിന്നീട് ആ പതിവിന് വ്യത്യാസം വരുത്തി. കുരിശുവരയ്ക്കുന്നത് ലത്തീൻ രീതിയിലായിരിക്കണമെന്ന് ഉദയംപേരൂർ സൂനഹമോസ് നിശ്ചയിച്ചു. ആരാധനക്രമദിവസം ആരംഭിക്കുന്നത് സായാഹ്നത്തിലാണ് എന്ന ധാരണയാണ് സൂനഹദോസിനുമുമ്പ് ഉണ്ടായിരുന്നത്. അതു യഹൂദപാരമ്പര്യമാണെന്നു പറഞ്ഞ് ഉദയംപേരൂർ സൂനഹദോസ് ആ ചിന്താഗതിയിൽ മാറ്റം വരുത്തി. മാർത്തോമ്മാ ക്രിസ്ത്യാനികൾക്ക് എല്ലാദിവസവും വിശുദ്ധ കുർബാനയർപ്പിക്കുന്ന പതിവുണ്ടായിരുന്നില്ല. ഞായറാഴ്ചകളിലും തിരുനാളുകളിലും ഓർമ്മദിനങ്ങളിലുമാണ് വിശുദ്ധ കുർബാന അർപ്പിച്ചിരുന്നത്. എല്ലാ ദിവസവും കുർബാനയർപ്പിക്കുന്ന പതിവ് മാർത്തോമ്മാ ക്രിസ്ത്യാനികൾ ആരംഭിച്ചത് പാശ്ചാത്യസഭയുമായുള്ള സമ്പർക്കം മൂലമാണ്. ക്രിസ്തുമസ് ദിവസം മൂന്നു വിശുദ്ധ കുർബാന അർപ്പിക്കാനും, വിശുദ്ധ കുർബാനയുടെ തിരുനാൾ ആഘോഷിക്കാനും, മരിച്ചവർക്കുവേണ്ടി വിശുദ്ധ കുർബാന അർപ്പിക്കാനും, കടമുള്ള ദിവസങ്ങളിൽ ചാവുദോഷത്തിൻ കീഴ് വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനും സുനഹദോസ് നിയമങ്ങൾ നല്കി. വിജാതീയരായ ഗായകരെയോ വാദ്യമേളക്കാരെയോ പള്ളിയകത്ത് പ്രവേശിപ്പിക്കരുത് എന്നും നിർദ്ദേശിച്ചു. സൂനഹദോസ് വിളിച്ചുകൂട്ടിയ മെനേസിസ് മെത്രാൻ പാശ്ചാത്യസഭയുടേതുപോലുള്ള തിരുവസ്ത്രങ്ങൾ ഉപയോഗിക്കാൻ നിഷ്കർഷിച്ചു. ആരാധന ക്രമപഞ്ചാംഗം ലത്തീൻ റീത്തിലേതുപോലെ ആക്കുകയും തിരുനാളുകളും ഓർമ്മദിനങ്ങളും തദനുസാരം തിരുത്തുകയും ചെയ്തു.
ബിഷപ് റോസിൻ്റെ പരിഷ്കാരങ്ങൾ
20. മാർത്തോമ്മാ ക്രിസ്ത്യാനികളുടെ ആദ്യത്തെ ലത്തീൻ മെത്രാനായിരുന്നു ഈശോസഭാംഗമായിരുന്ന ബിഷപ് ഫ്രാൻസിസ് റോസ്. സുറിയാനി അറിയാമായിരുന്ന ബിഷപ് റോസാണ് വൈപ്പിക്കോട്ട സെമിനാരി റെക്ടറായിരിക്കേ മാർത്തോമ്മാ ക്രിസ്ത്യാനികളുടെ ആരാധനക്രമഗ്രന്ഥങ്ങളും മറ്റു രേഖകളും പരിശോധിച്ച് അവയിൽ പാഷണ്ഡതയുണ്ടെന്ന് ആരോപിച്ചത്. ഉദയംപേരൂർ സൂനഹദോസിൽ ബിഷപ് ഡോം മെനേസിസിൻ്റെ വലംകൈയായി പ്രവർത്തിച്ചിരുന്നതും അദ്ദേഹമാണ്. ലത്തീൻ പാരമ്പര്യത്തിലുള്ള പല ഭക്താഭ്യാസങ്ങളും മലബാർ ക്രിസ്ത്യാനികളുടെ ഇടയിൽ പ്രചരിച്ചകാലമായിരുന്നു സൂനഹദോസിനുശേഷമുള്ള മൂന്നു നൂറ്റാണ്ടുകൾ.
സൂനഹദോസ് നിർദ്ദേശിച്ച പല മാറ്റങ്ങളും നടപ്പിൽ വരുത്തിയത് മാർത്തോമ്മാ ക്രിസ്ത്യാനികളുടെ മെത്രാനായിവന്ന ബിഷപ് റോസാണ്. അവരുടെ ആരാധനക്രമത്തെ ലത്തീൻ ആരാധനക്രമത്തോട് അനുരൂപപ്പെടുത്താനുള്ള പ്രകടമായ ശ്രമങ്ങൾ തുടങ്ങിവച്ചത് അദ്ദേഹമാണ്. 1601-ലാണ് അദ്ദേഹം സുറിയാനിക്കാരുടെ മെത്രാനായത്. 1603-ൽ അദ്ദേഹം അങ്കമാലിയിൽ ഒരു സുഹദോസ് വിളിച്ചുകൂട്ടി. അതിൻ്റെ വെളിച്ചത്തിൽ, 1606-ൽ അങ്കമാലി രൂപതയുടെ നിയമാവലി അദ്ദേഹം പ്രസിദ്ധീകരിച്ചു. സുറിയാനിഭാഷയിൽ പരിഭാഷ ചെയ്ത ലത്തീൻ ആരാധനക്രമങ്ങൾ നടപ്പിലാക്കാൻ സുറിയാനി-ലത്തീൻ ഭാഷകളിൽ പാണ്ഡിത്യമുണ്ടായിരുന്ന ബിഷപ് റോസിനു വളരെയെളുപ്പം സാധിച്ചു. മാമ്മോദീസ ലത്തീൻ റീത്തിലെ കർമ്മങ്ങൾ തന്നെ ഉപയോഗിക്കണമെന്ന് റോസ് കർശനനിർദ്ദേശം നല്കി. വിശുദ്ധ കുർബാനയുടെ തിരുനാൾ ആഘോഷിക്കണം, ലത്തീനിൽനിന്ന് എടുത്ത പ്രാർത്ഥന എട്ടുദിവസം ചൊല്ലണം തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം നിയമാവലിയിൽ ചേർത്തു. റോസിൻ്റെ പരിഷ്കാരങ്ങൾക്കുശേഷം 1774 മാർച്ച് 25-ന് സുറിയാനി കുർബാനതക്സ റോമിൽ അച്ചടിക്കുന്നതുവരെ കാര്യമായ മാറ്റമൊന്നും ഉണ്ടായതായി കാണുന്നില്ല.
സുറിയാനി തക്‌സ
21. പ്രൊപ്പഗാന്ത ഫീദെയുടെ കീഴിലുള്ള മലബാർവികാരിയാത്തിൻ്റെ വികാരിഅപ്പസ്തോലിക്കാ ഫ്ളോറൻസ്മെത്രാൻ (1757–1773) സുറിയാനിക്കാരുടെ കുർബാനതക്സ റോമിൽ നിന്ന് അച്ചടിച്ചുവാങ്ങാൻ ശ്രമം തുടങ്ങി. വികാരിയാത്തിൽ വിശുദ്ധ കുർബാനയ്ക്ക് ഐകരൂപ്യം വരുത്താനാണ് അദ്ദേഹം ശ്രമിച്ചത്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ, ഐകരൂപ്യം എന്നത് ലത്തീൻ റീത്തിലേതുപോലെ ആക്കുക എന്നതായിരുന്നു. അനേകവർഷത്തെ ചർച്ചകൾക്കും പഠനങ്ങൾക്കും ശേഷം 1774-ൽ റോമിൽനിന്ന് തക്സ അച്ചടിച്ചു നല്കി.
പൗരസ്ത്യ സുറിയാനി കുർബാനയിൽ ഇല്ലാതിരുന്ന കുറേ പ്രാർത്ഥനകൾ ഈ തക്സയിൽ ചേർത്തിരുന്നു. വിശുദ്ധ കുർബാന 'പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ' എന്ന പ്രാർത്ഥനയോടെ കുരിശുവരച്ചു തുടങ്ങാനുള്ള നിർദ്ദേശം, മാറോനീത്ത റീത്തിൽനിന്ന് കൂട്ടിച്ചേർത്ത മൂന്നു പ്രാർത്ഥനകൾ,(അതിലൊന്നാണ് ഇന്നും മലബാർ കുർബാനയിൽ ഉപയോഗിക്കുന്ന വിശുദ്ധീകരണത്തിൻ്റെ ബലിപീഠമേ...' എന്നു തുടങ്ങുന്ന ബലിപീഠത്തോട് വിടപറയുന്ന പ്രാർത്ഥന), സുവിശേഷവായനക്കു മുമ്പ് ഡീക്കനെ ആശീർവദിക്കുന്ന ലത്തീൻ രീതി, വിശുദ്ധ കുർബാനസ്വീകരണത്തിൻ്റെ പ്രത്യേകകർമ്മങ്ങൾ, സ്ഥാപനവാക്യങ്ങൾക്കുശേഷം വിശുദ്ധ കുർബാന എടുക്കുമ്പോഴൊക്കെയും മുട്ടുകുത്തി ആചാരം ചെയ്യണമെന്ന നിർദ്ദേശം, സ്ഥാപനവചനങ്ങൾക്കു ശേഷം വിശുദ്ധ വസ്തുക്കൾ ഉയർത്തമെന്ന നിർദ്ദേശം എന്നിവ ഈ തക്സയിൽ കൂട്ടിച്ചേർക്കപ്പെട്ട ഘടകങ്ങളാണ്. നിലവിലുണ്ടായിരുന്ന സുറിയാനി പഞ്ചാംഗത്തിനു പകരം ജൂലൈ 3-ലെയും ഡിസംബർ 18-ലെയും തോമാശ്ലീഹായുടെ തിരുനാളുകളും നിനിവേക്കാരുടെ തിരുനാളും കൂട്ടിച്ചേർത്ത് ലത്തീൻ പഞ്ചാംഗം നല്കി. സുറിയാനി വിവർത്തനമായ പ്ശീത്ത ബൈബിളിൽ ലത്തീൻ വുൾഗാത്ത വിവർത്തനത്തിൽനിന്ന് വിഭിന്നമായ ഭാഗങ്ങൾ തിരുത്തി വുൾഗാത്തയ്ക്ക് സമാനമാക്കി. ലത്തീൻ പഞ്ചാംഗമനുസരിച്ചുള്ള വായനകൾ ചേർത്തു. തിരുവസ്ത്രങ്ങൾ ധരിക്കുമ്പോൾ ചൊല്ലുന്ന പ്രാർത്ഥനകൾ ലത്തീനിൽനിന്ന് സുറിയാനിയിലാക്കി തക്സയിൽ അച്ചടിച്ചു. വിഭൂതിബുധൻ, ഓശാനഞായർ, പെസഹാവ്യാഴം, ദുഃഖ വെള്ളി എന്നീ ദിവസങ്ങളിലെ പ്രാർത്ഥനകളും, ഫെബ്രുവരി രണ്ടാം തീയതിയിലെ തിരിക്കുർബാനയും, മുൻകൂർ കൂദാശയുള്ള കുർബാനയും (Pre-sanctified Liturgy) ലത്തീൻ ക്രമത്തിൽനിന്ന് സുറിയാനിയിലേക്ക് വിവർത്തനം ചെയ്ത തക്സയിൽ ചേർത്തു. റോമൻ കൂദാശക്രമത്തിൽനിന്ന്, മാമ്മോദീസ, കുമ്പസാരം, രോഗീലേപനം, വിവാഹം എന്നിവ പരിഭാഷപ്പെടുത്തി 1775-ൽ റോമിൽ അച്ചടിച്ചു. വിശുദ്ധ ജലം, സ്ഥലങ്ങൾ, തിരികൾ, ഭക്ഷണസാധനങ്ങൾ, രൂപങ്ങൾ, പടങ്ങൾ എന്നിവ വെഞ്ചരിക്കുന്ന ക്രമം കൂട്ടിച്ചേർത്ത് ഈ തക്സയുടെ പുതിയ പതിപ്പ് 1845-ൽ റോമിൽ അച്ചടിച്ചു.
22. 1853 മുതൽ 1868 വരെ മലബാറിൻ്റെ വികാരി അപ്പസ്തോലിക്ക ആയിരുന്ന ബിഷപ് ബർണർഡിൻ ബച്ചിനെല്ലി, സുറിയാനിക്കാരുടെ വികാരിജനറാളായിരുന്ന ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ മലയാളഭാഷയിൽ എഴുതിയ തൂക്കാസ - കുർബാന കർമ്മവിധി - എല്ലാവരും പാലിക്കണം എന്ന കല്പന പുറപ്പെടുവിച്ചു. 1962-ലെ പുനരുദ്ധാരണംവരെയുള്ള കാലത്തിലെ കുർബാനക്രമത്തിൻ്റെ കർമ്മവിധി ഈ തൂക്കാസ ആയിരുന്നു
ആരാധനക്രമപുനരുദ്ധരണം
23. പൗരസ്ത്യസുറിയാനി പാരമ്പര്യത്തിലധിഷ്ഠിതമായ സീറോ മലബാർ ലീറ്റർജിയുടെ പുനരുദ്ധാരണത്തിന് തുടക്കം കുറിച്ചത് പതിനൊന്നാം പീയൂസ്മാർപാപ്പയായിരുന്നു. പൗരസ്ത്യ സുറിയാനി പൊന്തിഫിക്കലും കുർബാനയും പുനരുദ്ധരിക്കാൻ അദ്ദേഹം മുൻകൈയെടുത്തു. മാർത്തോമ്മാ ക്രിസ്ത്യാനികളുടെ പാരമ്പര്യത്തിലുള്ള കുർബാനക്രമം അവികലമായി പുനരുദ്ധരിക്കേണ്ട ആവശ്യകത റോമിലെ പൗരസ്ത്യസഭകൾക്കുവേണ്ടിയുള്ള കോൺഗ്രിഗേഷൻ ആവർത്തിച്ചാവർത്തിച്ച് വ്യക്തമാക്കിയിരുന്നു. സീറോമലബാർ കുർബാനയുടെ പുനരുദ്ധാരണത്തിനുവേണ്ടി ഈ കോൺഗ്രിഗേഷൻ 1954-ൽ ഒരു കമ്മറ്റിയെ നിയമിച്ചു. സീറോമലബാർസഭാംഗമായ ഫാദർ പ്ലാസിഡ് ജെ.പൊടിപാറ സി.എം.ഐ.യും ഈ കമ്മിറ്റിയിലെ അംഗമായിരുന്നു. ഈ കമ്മറ്റി സമർപ്പിച്ച പുനരുദ്ധരിക്കപ്പെട്ട കുർബാനയുടെ ക്രമം 1957-ൽ പന്ത്രണ്ടാം പീയൂസ് മാർപാപ്പ അംഗീകരിച്ചു.
പന്ത്രണ്ടാം പീയൂസ് മാർപാപ്പയുടെ അംഗീകാരത്തോടെ സീറോമലബാർ കുർബാനയോട് ബന്ധപ്പെട്ട മൂന്നു ഗ്രന്ഥങ്ങൾ പ്രസിദ്ധീകൃതമായി. 1959-ൽ അനുഷ്ഠാനവിധികൾ, കലണ്ടർ എന്നിവയടങ്ങിയ ഓർദോ ചെലെബ്രാസിയോണിസ് കൂദാശേ (Ordo Celebrationis Qudasae) എന്ന ഗ്രന്ഥവും 1960-ൽ കാലത്തിനനുസരിച്ച് മാറി വരുന്ന പ്രാർത്ഥനകളടങ്ങിയ സുപ്ലെമെന്തും മിസ്തേരിയോരും (Supplementum Mysteriorum) എന്ന ഗ്രന്ഥവും ലത്തീനിൽ പ്രസിദ്ധീകരിക്കപ്പെട്ടു. 1960 -ൽ തന്നെ ആലുവായിൽ നിന്ന് തക്സാ ദ് കൂദാശേ (Taksa d' Qudasae) എന്ന പേരിൽ കുർബാനയുടെ തക്സ സുറിയാനിയിൽ പ്രസിദ്ധീകരിച്ചു. ഭാഗികമായ മലയാളപരിഭാഷയോടുകൂടിയ കുർബാനതക്സ 1962-ൽ പ്രസിദ്ധീകരിക്കുകയും സീറോമലബാർ സഭയിൽ ഉപയോഗിച്ചു തുടങ്ങുകയും ചെയ്തു.
24. രണ്ടാം വത്തിക്കാൻ കൗൺസിലിനെത്തുടർന്ന് പൗരസ്ത്യ സുറിയാനി പാരമ്പര്യം കാലോചിതമായി പരിഷ്കരിക്കണമെന്ന ചിന്ത ശക്തമായപ്പോൾ, 1968-ൽ ഭേദഗതികളോടെ തയ്യാറാക്കിയ തക്സക്ക് റോമിൽനിന്ന് പരീക്ഷണാർത്ഥം അംഗീകാരം നല്കി. കഴിവതും വേഗം പൗരസ്ത്യസഭാപാരമ്പര്യത്തോട് വിശ്വസ്തത പുലർത്തുന്നത് തയ്യാറാക്കാൻ റോമിൽനിന്ന് ആവശ്യപ്പെട്ടു. റോമിൻ്റെ ആഹ്വാനപ്രകാരം തയ്യാറാക്കിയ റാസക്രമത്തിന് 1985- ൽ റോം അംഗീകാരം നല്കി. ധന്യരായ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും അൽഫോൻസാമ്മയെയും 1986 ഫെബ്രുവരി 8 ന് കോട്ടയത്തുവച്ച് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ച ചടങ്ങിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് പുനരുദ്ധരിച്ച ഈ റാസക്രമം അനുസരിച്ച് ആദ്യമായി കുർബാന അർപ്പിച്ചത്. ആഘോഷപൂർവ്വകമായ ക്രമത്തിൻ്റെയും സാധാരണക്രമത്തിൻ്റെയും തക്സ 1989-ൽ പരിശുദ്ധ സിംഹാസനം അംഗീകാരം നല്കി. വിശുദ്ധ കുർബാനയുടെ കാലത്തിനനുസരിച്ചുള്ള പ്രാർത്ഥനകൾ (പ്രോപ്രിയ) തയ്യാറാക്കി റോമിൽനിന്നുള്ള അംഗീകാരത്തോടെ ഉപയോഗിച്ചു തുടങ്ങിയത് 2005-ൽ ആണ്.
25. പൗരസ്ത്യ സുറിയാനികൂർബാനക്രമത്തിലുള്ള മാർ തെയദോറിൻ്റെയും മാർ നെസ്തോറിയസിൻ്റെയും കൂദാശക്രമങ്ങൾ (അനാഫൊറകൾ) ഉദയം പേരൂർ സൂനഹദോസ് നിരോധിച്ചിരുന്നു. 1957-ൽ പുനരുദ്ധരിക്കപ്പെട്ട കുർബാനയ്ക്ക് റോം അംഗീകാരം നല്കിയപ്പോൾ ഈ രണ്ടു കൂദാശ ക്രമങ്ങളും പരിഭാഷപ്പെടുത്തി കുർബാനയിൽ ഉപയോഗിക്കാൻ അനുവാദം നല്കി. മാർ തെയദോറിൻ്റെ കൂദാശക്രമത്തിൻ്റെ പുനരുദ്ധരിച്ച ക്രമത്തിന് 2013-ൽ റോമിൽനിന്ന് ലഭിച്ച അംഗീകാരത്തോടെ അതും ഉപയോഗിച്ചു തുടങ്ങി. നെസ്തോറിയസിൻ്റെ കൂദാശക്രമവും പുനരുദ്ധരിച്ച് ഉപയോഗിക്കാൻ സീറോമലബാർ സിനഡ് തീരുമാനിച്ചിട്ടുണ്ട്.
26. പുനരുദ്ധരിക്കപ്പെട്ട കൂദാശകളുടെ തക്സ 2004-ൽ പ്രസിദ്ധീകൃതമായി. തിരുപ്പട്ടങ്ങൾ (2007), മൂറോൻ കൂദാശ (2007), ക്രിസ്മസ് (2009), വിഭൂതി, വിശുദ്ധവാരകർമ്മങ്ങൾ (2009), വ്രതവാഗ്ദാനകർമ്മങ്ങൾ (2009), ദേവാലയ കൂദാശ (2014), ദേവാലയപുനർകൂദാശ (2014) എന്നിവയുടെ തക്സകളും പ്രഘോഷണഗ്രന്ഥങ്ങളും (2013) സഭയിൽ ഉപയോഗത്തിൽ വന്നുകഴിഞ്ഞു. യാമപ്രാർഥനകൾ, മരിച്ചവർക്കു വേണ്ടിയുള്ള ശുശ്രൂഷകൾ, തിരുനാൾ ശുശ്രൂഷകൾ, ആശീർവാദശുശ്രൂഷകൾ എന്നിവയാണ് പുനരുദ്ധാരണം പൂർത്തിയാക്കാനുള്ള മറ്റ് ആരാധനക്രമഗ്രന്ഥങ്ങൾ.
അടിക്കുറിപ്പുകൾ
1. Paul Pallath, The Eucharistic Liturgy of the St. Thomas Christians and the Synod of Diamper, Kottayam 2008.
2. Antonio De Gouvea, Jornada of Dom Alexis de Menezes: A Portuguese account of the Sixteenth century Malabar, Pius Malekandathil ed., Mount St. Thomas, Kochi 2004.
3. Paul Pallath, The Eucharistic Liturgy of the St. Thomas Christians and the Synod of Diamper. Kottayam 2008.
4. Ordo Celebrationis "Quddasa" juxta usum Ecclesiae Syro Malabarensis, Rome 1959.
5. Supplementum Mysteriorum, Rome 1960.
സീറോമലബാർ സഭയുടെ ആരാധനക്രമത്തിന്റെ ചരിത്രം സീറോമലബാർ സഭയുടെ ചരിത്രം അപ്പസ്തോലിക കാലഘട്ടം ഉദയംപേരൂർ സുനഹദോസ് ഉദയംപേരൂർ സൂനഹദോസിനുശേഷം ബിഷപ് റോസിൻ്റെ പരിഷ്കാരങ്ങൾ സുറിയാനി തക്‌സ ആരാധനക്രമപുനരുദ്ധരണം Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206