We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Mar. Joseph Pamplany, Rev. Dr. Thomas Kochukarottu On 30-Jan-2021
ആമുഖം
അഞ്ചു നദികളുടെ നാട് എന്നു വിശേഷിപ്പിക്കുന്ന പഞ്ചാബിലും പാക്കിസ്ഥാന്‍റെ ഏതാനും ചില പ്രദേശങ്ങളിലുമായി പതിനഞ്ചാം നൂറ്റാണ്ടിന്‍റെ അവസാനത്തില്‍ ഉടലെടുത്ത ഒരു വിശ്വാസ സംഹിതയാണു സിക്കുമതം. സിക്ക് സംസ്കൃതത്തിലെ ശിഷ്യന്‍ എന്നര്‍ത്ഥം വരുന്ന ശിഷ്യ എന്ന പദത്തില്‍നിന്നുണ്ടായതാണ്. പ്രധാന ഗുരുവായ ഗുരുനാനാക്കും (1469-1539) തുടര്‍ന്നുവന്ന 9 ഗുരുക്കന്മാരും ഉള്‍ച്ചേര്‍ന്ന ഒരു ശിഷ്യസമൂഹമാണിത്. ആരംഭത്തില്‍ ഇതു പഞ്ചാബില്‍ മാത്രമായി കേന്ദ്രീകരിക്കപ്പെട്ടിരുന്നെങ്കിലും തുടര്‍ന്ന് മറ്റു സംസ്ഥാനങ്ങളിലേക്കും, മലേഷ്യ, സിങ്കപ്പൂര്‍, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, കാനഡ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്കും വ്യാപിക്കുകയുണ്ടായി. ഇന്ത്യയിലെ ജനസംഖ്യയില്‍ 1.89 ശതമാനത്തോളം സിക്കുമത വിശ്വാസികളാണ്. അതേസമയം പഞ്ചാബിലെ മൊത്തം ജനസംഖ്യയില്‍ 60 ശതമാനവും സിക്കുകാരാണ്. സിക്കു വിശ്വാസികളില്‍ത്തന്നെ 79 ശതമാനവും പഞ്ചാബിലാണ്. ഇന്നത്തെ സിക്കുമതത്തിന്‍റെ ആസ്ഥാനം ജലന്ദര്‍ ജില്ലയിലെ അമൃത്സറില്‍ സ്ഥിതിചെയ്യുന്ന സുവര്‍ണ്ണ ക്ഷേത്രമാണ്. താടിയും തലപ്പാവുമാണ് സിക്കുകാരുടെ ബാഹ്യ അടയാളം.
ഗ്രന്ഥ് സാഹിബ് (ആദിഗ്രന്ഥ്)
"വിശുദ്ധഗ്രന്ഥം" എന്നര്‍ത്ഥം വരുന്ന "ഗ്രന്ഥ് സാഹിബ" എന്ന പേര് ഈ ഗ്രന്ഥത്തിനു നല്കിയത് ഗുരുനാനാക്കിന്‍റെ പിന്‍ഗാമിയായ അംഗദനാണെന്നു കരുതുന്നു. ഗുരുനാനാക്കില്‍നിന്നു പഠിച്ച സൂക്തങ്ങളും ദൈവനാമകീര്‍ത്തനങ്ങളും അംഗദന്‍ ഇതില്‍ ചേര്‍ക്കുകയുണ്ടായി. ഗ്രന്ഥ് സാഹിബിന്‍റെ പരിപാവനത സംരക്ഷിക്കുന്നതിനായി ശാരദ ലിപിയില്‍ (സംസ്കൃതത്തിന്‍റ ഒരു ഉപവിഭാഗം) മാറ്റങ്ങള്‍ വരുത്തി "ഗുരുമുഖി" എന്ന പേരില്‍ പുതിയൊരു ഭാഷ ഉണ്ടാക്കിയതും അദ്ദേഹം തന്നെയാണ്. സിക്കുമതത്തിന്‍റെ ആചാരാനുഷ്ഠാനങ്ങളുടെയെല്ലാം കേന്ദ്രമാണ് ഈ പുസ്തകം. എല്ലാ ആരാധനാക്രമങ്ങളും ആരംഭിക്കുന്നത് വിശുദ്ധഗ്രന്ഥത്തില്‍നിന്നുള്ള വായനകളോ ഇതിനോടു ബന്ധപ്പെട്ട പാട്ടുകളോ പ്രാര്‍ത്ഥനകളോ വഴിയാണ്. നാമകീര്‍ത്തനങ്ങള്‍ക്ക് ഉപയുക്തമായ പദ്യശകലങ്ങളാണ് ഇതില്‍ ഉള്ളത്.
സിക്കുമത പ്രബോധനങ്ങള്‍
ദൈവ സങ്കല്പം
ഏകദൈവ സങ്കല്പമാണ് സിക്കുവിശ്വാസത്തിന്‍റെ അന്തസ്സത്ത. സിക്ക് ആരാധനാക്രമത്തിലെ പ്രധാന സൂക്തമായ മൂലതന്ത്രത്തില്‍ത്തന്നെ ഏക ദൈവവിശ്വാസം പ്രഖ്യാപിച്ചിരിക്കുന്നു.
"ഏകം ആയതും ആകുന്നതും
സത്യം സര്‍വ്വവ്യാപി - സ്രഷ്ടാവ്, വ്യക്തി, നിര്‍ഭയം
നിര്‍ദ്ദേഷ്യം, കാലാതീതം നിര്‍രൂപം
സ്വയംസിദ്ധം, ബോധപ്രദായകന്‍, കാരുണ്യവാന്‍"
(ഗുരുനാനാക്ക്)
ഗുരുനാനാക്കു ദൈവത്തെ നിര്‍വ്വചിക്കുന്നതു സത്യമായിട്ടാണ്. "ആദിയില്‍ സത്യം, ആദിമയുഗത്തില്‍ സത്യം, സത്യം ആണ് അവന്‍, സത്യം ആയിരിക്കും അവന്‍" (ജപം, പ്രഥമഗുരു). അദ്ദേഹം ദൈവത്തെ വേദങ്ങളിലും ഉപനിഷത്തുകളിലും കാണുന്ന ഓംകാരയെന്നും (Aumkara) സൃഷ്ടികര്‍ത്താവെന്നും (Sat Kartar) സത്യനാമ (Sat Nam) മെന്നുമൊക്കെ വിളിച്ചു. ആദിഗ്രന്ഥത്തിലെ എല്ലാ അധ്യായങ്ങളും ഏകദൈവവിശ്വാസം ഏറ്റുപറഞ്ഞുകൊണ്ടാണു തുടങ്ങുന്നത്. ഏക് ഓം കാര്‍ ഗുരു പര്‍സത് എന്ന ദേവനാമകീര്‍ത്തനത്തോടെയാണ് എല്ലാ അധ്യായങ്ങളും ആരംഭിക്കുന്നത്. ഇതിലൂടെ ദൈവം ഏകനാണെന്നും അവന്‍ മാത്രമാണ് ആരാധനയ്ക്കര്‍ഹന്‍ എന്നും വിശ്വാസികള്‍ ഏറ്റുപറയുന്നു.
ദൈവം സ്വയം നിയമിക്കപ്പെട്ടതോ സൃഷ്ടിക്കപ്പെട്ടതോ അല്ല. അവന്‍ സ്വയംസിദ്ധവും പരിപൂര്‍ണ്ണവുമാണ്. ഒരുവനും ദൈവത്തെ നിര്‍വചിക്കാനോ കണ്ടെത്തുവാനോ സാധ്യമല്ല. സിക്കുകാര്‍ ദൈവത്തെ പിതാവായും ഗുരുനാഥനായും സര്‍വ്വ നന്മദാതാവായും അംഗീകരിക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം സത്യദൈവമാണ് യഥാര്‍ത്ഥ ഗുരു (Sat Guru). മറ്റു മതങ്ങളിലെപ്പോലെ അവതാരങ്ങളില്‍ വിശ്വസിക്കുന്നില്ല. പത്തു ഗുരുക്കന്മാര്‍ സത് ഗുരുവിന്‍റെ ദൈവികവും സൃഷ്ടിപരവുമായ വചനം പകര്‍ന്നുതരുന്ന പുണ്യപുരുഷന്മാര്‍ മാത്രം. ആരാധനയ്ക്കര്‍ഹന്‍ ഏകദൈവം.
നാമജപം
ഗുരുനാനാക്കിന്‍റെ കാഴിചപ്പാടില്‍ എല്ലാ മതങ്ങളുടെയും ലക്ഷ്യം ഈശ്വരസാക്ഷാത്ക്കാരമാണ്. അതിനു വ്യത്യസ്തങ്ങളായ മാര്‍ഗങ്ങള്‍ മതങ്ങള്‍ സ്വീകരിക്കുന്നുവെന്നു മാത്രം. നാനാക്ക് ഉപദേശിക്കുന്നതു ഭക്തിയുടെ മാര്‍ഗ്ഗമാണ്. അതായത് ദൈവനാമത്തിന്‍റെ ആരാധന. സിക്കു മതത്തിലെ ഏറ്റവും പരമപ്രധാനമായ ആരാധന ദൈവസാന്നിദ്ധ്യസങ്കല്പവും ദൈവനാമ ഭജനയുമാണ്. "ഞാന്‍ മറ്റൊരു ധ്യാനവും ജ്ഞാനവും അറിയുന്നില്ല. മറ്റൊരു വസ്ത്രം ധരിക്കുന്നില്ല. എന്തെന്നാല്‍ ദൈവനാമം എന്നില്‍ വസിക്കുന്നു. അതേ, ശാശ്വതസത്യം കൈവശമായിരിക്കുന്നു" (ബിലാവല്‍; പ്ര.ഗു).
ഈശ്വരനാമഭജന ഈശ്വരനെ അറിയുന്നതിനും രക്ഷയിലേക്കു കൂടുതല്‍ അടുക്കുന്നതിനും ആരെയും സഹായിക്കുന്നു. ഇതു ദൈവനാമത്തിന്‍റെ ആവര്‍ത്തനമെന്നതിനെക്കാള്‍ ഈശ്വരനെ കൂടുതല്‍ മനസ്സിലാക്കുന്നതിനും അതനുസരിച്ചു ജീവിതത്തെ ക്രമപ്പെടുത്തുന്നതിനും ഉപയുക്തമാകണം. വശുദ്ധഗ്രന്ഥം പഠിപ്പിക്കുന്നത് ദൈവനാമം ഏതൊരു ദേഹത്തില്‍ വസിക്കുന്നുവോ അതു പരിശുദ്ധമാണ് എന്നത്രേ. ദൈവനാമം മനസ്സില്‍ തുളച്ചുകയറുമ്പോള്‍ മറ്റൊന്നിനെ കുറിച്ചുള്ള ചിന്ത ഉപേക്ഷിക്കപ്പെടുന്നു. സിക്കുമതത്തിലെ എല്ലാ പ്രാര്‍ത്ഥനകളും ഈശ്വര നാമസ്മരണയുമായി ബന്ധപ്പെട്ടുകിടക്കുന്നു. അത് ഓരോ മനുഷ്യനിലെയും പാപവാസനയെ കഴുകിക്കളയുന്നു. ഈ കലിയുഗത്തില്‍ ഏറ്റവും ശ്രേഷ്ഠമായതും ദൈവനാമംതന്നെ.
ഗുരുക്കന്മാരുടെ സ്ഥാനം
"ഗുരു" എന്ന വാക്കിന്‍റെ അര്‍ത്ഥം അന്ധകാരത്തെ തുടച്ചുമാറ്റുന്നവനും (Gu) ഈശ്വരസാക്ഷാത്ക്കാരത്തിനു പാതയൊരുക്കുന്നവനും (Ru) എന്നാണ്. സിക്കുമതം രണ്ടു നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന പത്തു ഗുരുക്കന്മാരുടെ "ശിഷ്യ" സമൂഹമാണ്. ഗുരുക്കന്മാര്‍ ദൈവത്തിന്‍റെ പരമോന്നത സൃഷ്ടിയും മനുഷ്യരില്‍ ഏറ്റവും ശ്രേഷ്ഠരുമാണെന്ന് സിക്കുകാര്‍ കരുതുന്നു. ദൈവത്തെയും മനുഷ്യനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണ് അവര്‍. മനുഷ്യനെ സ്വര്‍ഗ്ഗത്തിലേക്കു കയറ്റിവിടുന്ന കോണിപ്പടികളാണ് അവര്‍. ലോകമാകുന്ന സാഗരത്തില്‍നിന്നു കര പറ്റാന്‍ മനുഷ്യനെ സഹായിക്കുന്ന കപ്പലുകളാണു ഗുരുക്കന്മാര്‍. അവര്‍ മൂന്നു ലോകങ്ങളുടെയും വിളക്കാണ്. സിക്കുമതത്തിന്‍റെ കാഴ്ചപ്പാടില്‍ ഗുരുക്കന്മാരെ മൂന്നു ഗണമായി തിരിക്കാം.
ആചാരാനുഷ്ഠാനങ്ങള്‍
മതപ്രവേശം
ആദ്യകാലത്ത് സിക്കു മതത്തിലേക്കുള്ള പ്രവേശനത്തിന് വിവാഹം, പേരിടല്‍ കര്‍മ്മം എന്നീയവസരങ്ങളിലേതുപോലുള്ള ചടങ്ങുകളൊന്നും ഇല്ലായിരുന്നു. ഗുരുനാനാക്കിന്‍റെ കാലത്ത് ഒരു സ്ത്രീയോ പുരുഷനോ ഗുരുവിന്‍റെ ദൂതിനോടു മമത കാണിക്കുകയും ഗുരു സ്വീകരിക്കുന്ന ജീവിതരീതി പിന്തുടരാന്‍ തയ്യാറാവുകയും ചെയ്താല്‍ അവന്‍/ അവള്‍ സിക്കുകാരന്‍/കാരിയായി. എന്നാല്‍ കാലക്രമത്തില്‍ ചില അംഗത്വരീതികളും ക്രമങ്ങളും തുടങ്ങി. 1699-ല്‍ ഗുരു ഗോവിന്ദ് സിംഗാണ് ആനന്ദപൂരില്‍വച്ച് സിക്കുമതപ്രവേശനരീതി തുടങ്ങിയത്. പ്രത്യേകം നിര്‍ദ്ദേശിച്ചിരിക്കുന്ന ചില ഗീതങ്ങള്‍ ആലപിക്കുക, ഗുരുവിന്‍റെ കാല്പാദത്തിലൊഴിച്ച വെള്ളം കുടിക്കുക, വൈകുന്നേരങ്ങളില്‍ മനനം ചെയ്യുക, അദ്ധ്വാനത്തിലൂടെ ജീവിതാവശ്യങ്ങള്‍ നിറവേറ്റുക, സമൂഹത്തെ സേവിക്കുക എന്നിവ ഇതില്‍പ്പെടുന്നു.
ജീവന്‍ പണയംവച്ചുപോലും വിശ്വാസസത്യങ്ങള്‍ക്കുവേണ്ടി ജീവിക്കാന്‍ തയ്യാറുള്ളവര്‍ വേണം സിക്കുമതം സ്വീകരിക്കാന്‍ എന്നു ഗുരു ആവശ്യപ്പെട്ടു. ഗോവിന്ദ്സിംഗ് 1699-ല്‍ അനുയായികളെ വിളിച്ചുകൂട്ടി ആദ്യമായി സിക്കുമതപ്രവേശനം നടത്തി. ഗുരു ഒരു പാത്രത്തില്‍ വെള്ളമെടുത്ത് പത്നിയായ മാതാസാഹിബ് കൗര്‍ അതില്‍ അധുരം ചേര്‍ത്ത് (Amrit) രണ്ടറ്റവും മൂര്‍ച്ചയുള്ള വാളുകൊണ്ടിളക്കി കുടിക്കുവാന്‍ എല്ലാവര്‍ക്കും കൊടുത്തു. അങ്ങനെ അമൃതു കഴിച്ചവരെല്ലാം മതവിശ്വാസികളായി, ഖല്‍സയിലെ അംഗങ്ങളായി. ഈ വാക്കിനര്‍ത്ഥം "കലര്‍പ്പില്ലാത്തവന്‍" എന്നാണ്. ജാതിമത ഗോത്രചിന്തകളെല്ലാം മാറ്റിവച്ചുകൊണ്ട് അവര്‍ ഒരു സമൂഹമായിത്തീര്‍ന്നു. ആദ്യ "സിക്കുകാരന്" ദയാ റാം (Day Ram) എന്നുപേരുള്ള ഒരു ക്ഷത്രിയനായിരുന്നു.
ആദ്യത്തെ അഞ്ചു ഖല്‍സാ അംഗങ്ങളെ "പാഞ്ച് പിയര്‍" (Panj Piare) എന്നാണു പറയുക. ഇതിനര്‍ത്ഥം "അഞ്ചു വാത്സല്യ ഭാജനങ്ങള്" എന്നാണ്. ഖല്‍സാ അംഗങ്ങള്‍ അഞ്ചുകാര്യങ്ങളില്‍ ശ്രദ്ധിക്കുന്നു. "പാഞ്ച്കക്കാര്" (Panj Kakkar) എന്നാണ് ഇതിനെ വിളിക്കുക.
I) കേശ് ( Kesh) = മുറിക്കാത്ത മുടി
II) കംഗാ ( Kanga) = മുടി ചീകാന്‍ ഉപയോഗിക്കുന്ന ചീപ്പ്
III) കര (Kara) = വലതു കയ്യില്‍ ധരിക്കുന്ന ഇരുമ്പുവള
IV) കൃപാണ്‍ (Kripan) = ഒരുവശം മൂര്‍ച്ചയുള്ള ഒരു മീറ്റര്‍ നീളമുള്ള വാള്‍
V) കാച്ച (Kacho) = മുട്ടൊപ്പം നീളമുള്ള അടിവസ്ത്രം
ഖല്‍സയുടെ പ്രതിരൂപകാത്മകത്വം പ്രധാനമായും കൃത്യനിര്‍വഹണപരമാണ്. മുറിക്കാത്ത മുടിക്കും ചീപ്പിനും ക്രിയാത്മകമായ ഉപയോഗമാണുള്ളത്. മുറിക്കാത്ത മുടി ദൈവം തന്ന ജന്മസിദ്ധമായ രൂപത്തെ പ്രതിനിധാനം ചെയ്യുന്നു. കര ദൈവത്തിന്‍റെ ഏകത്വത്തെ സൂചിപ്പിക്കുന്നു. കയ്യില്‍ കെട്ടിയ ഇരുമ്പ്തകിട് പാപത്തില്‍നിന്നു നമ്മെ വിലക്കുന്നു. കാച്ച പടയാളിക്കു വേണ്ട വസ്ത്രമാണ്. അതോടൊപ്പം അതു ലൈംഗിക വികാരങ്ങളുടെ ശിക്ഷണത്തെ സൂചിപ്പിക്കുന്നു. കൃപാണ്‍ യാതന അനുഭവിക്കുന്നവര്‍ക്കുവേണ്ടി പൊരുതാനുള്ള സിക്കു മനോഭാവത്തെയാണു സൂചിപ്പിക്കുന്നത്.
ഗ്രന്ഥ് സാഹിബിന്‍റെ മുമ്പിലാണ് ഇന്നു മതപ്രവേശനം നടത്തുക. പ്രത്യേകം സജ്ജമാക്കിയ മുറിയില്‍ വിശുദ്ധഗ്രന്ഥം വച്ചിരിക്കുന്നു. വിശ്വാസം സ്വീകരിക്കുന്നവരും ചടങ്ങുകള്‍ക്കു നേതൃത്വം കൊടുക്കുന്നവരും മാത്രമേ ഇവിടെ ഉണ്ടാവുകയുള്ളൂ. എല്ലാവരും പാഞ്ച് കാക്കാര്‍ ധരിച്ചിരിക്കണം. ആചാരാനുഷ്ഠാനങ്ങള്‍ക്ക് ഏഴുപേര്‍ ആവശ്യമാണ്. ഒരാള്‍ ഗ്രന്ഥി (Granthi) ആയി ഗുരുഗ്രന്ഥ സാഹിബിന്‍റെ പിന്‍വശത്തിരിക്കുന്നു. മറ്റ് അഞ്ചുപേര്‍ ആദ്യത്തെ അഞ്ചുസിക്കുകാരെ (Panj Piare ) സൂചിപ്പിക്കുന്നു. ഏഴാമത്തെയാള്‍ കാവല്‍ക്കാരനായി നില്ക്കുന്നു. പക്വത വന്നവരാണ് സാധാരണ വിശ്വാസം സ്വീകരിക്കുന്നത്. ഒരു കുടുംബം ഒന്നിച്ചു വിശ്വാസം സ്വീകരിക്കുന്ന അവസരത്തില്‍ എല്ലാവരെയുംകൂടി ഒന്നിച്ചു സ്വീകരിക്കുകയാണു പതിവ്. പ്രായവ്യത്യാസം സാധാരണ നോക്കാറില്ല. അംഗിന് കര്‍മ്മമെന്ന പേരില്‍ വൈശാഖനാളില്‍ മതപ്രവേശനം ഇന്നും അനുഷ്ഠിച്ചുപോരുന്നു.
വിവാഹകര്‍മ്മം
സിക്കുമതത്തില്‍ വിവാഹകര്‍മ്മങ്ങള്‍ ഏകദേശം ഇതുപതു മിനിട്ടു കൊണ്ടവസാനിക്കുന്നു. ഇതിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ മാസങ്ങളോളം നീണ്ടുനില്ക്കും. പ്രേമ വിവാഹത്തിലേര്‍പ്പെടുന്നവര്‍പോലും ഈ ഒരുക്കങ്ങളിലൂടെ കടന്നുപോകണം. യഥാര്‍ത്ഥ സിക്കുമതവിശ്വാസികള്‍ സ്ത്രീധനം ആവശ്യപ്പെടാറില്ല. സ്ത്രീധനം കൊടുത്താല്‍ വിവാഹത്തിന്‍റെ തലേന്നാള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ സ്ത്രീധനവും മറ്റ് ഉപഹാരങ്ങളും പെണ്‍കുട്ടി നെയ്തുണ്ടാക്കിയ വസ്തുക്കളും പ്രദര്‍ശിപ്പിക്കാറുണ്ട്. സാധാരണ അവരവരുടെ ജാതിയില്‍പ്പെട്ടവരെയേ വിവാഹം കഴിക്കാറുള്ളൂ. വിവാഹം നടക്കുന്നത് ഗുരുഗ്രന്ഥ് സാഹിബിനെ സാക്ഷിനിര്‍ത്തിയാണ്. വരന്‍ പുരുഷന്മാരായ ബന്ധുക്കളോടും കൂട്ടുകാരോടുമൊപ്പം കുതിരപ്പുറത്താണു വരുന്നത്. പഞ്ചാബില്‍ പുരുഷന്മാര്‍ മാത്രമേ വരനെ അനുഗമിക്കാറുള്ളൂ. രണ്ടു കുടുംബത്തിലെയും പുരുഷന്മാര്‍ ഒന്നിച്ചുകൂടി സമ്മാനങ്ങള്‍ കൈമാറുന്നു. ഇതിനെ മില്‍നി (Milni) എന്നാണു വിളിക്കുന്നത്. സ്ത്രീകളാണ് സാധാരണ വധുവിനെ വീട്ടില്‍ സ്വീകരിക്കുന്നത്.
വിവാഹ കര്‍മ്മത്തില്‍ പങ്കെടുക്കുന്നവര്‍ ഗുരുഗ്രന്ഥ് സാഹിബിന്‍റെ മുമ്പില്‍ ആചാരം ചെയ്തതിനുശേഷം നേരേ മുമ്പില്‍ ഇരിക്കുന്നു. വധു അടുത്ത ബന്ധത്തിലെ ഏതെങ്കിലും സ്ത്രീയാല്‍ ആനയിക്കപ്പെട്ട് വരന്‍റെ ഇടതുവശത്തിരിക്കുന്നു. തുടര്‍ന്ന് പുരോഹിതന്‍ കരുണയാചിച്ച് ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു. പ്രത്യേകം തെരഞ്ഞെടുത്ത വിശുദ്ധഗ്രന്ഥ ഭാഗം വായിക്കുകയും ധര്‍മ്മപ്രബോധനം നടത്തുകയും ചെയ്യുന്നു. വരന്‍റെ ഉത്തരീയം വധുവിന്‍റെ വലതുകയ്യില്‍ വയ്ക്കുന്നു. അതിനുശേഷം വിവാഹ ഗീതത്തിന്‍റെ ആദ്യപാദം (Lavan) എഴുന്നേറ്റു നിന്നാലപിക്കുന്നു. നാലു പാദങ്ങളുള്ള ലാവാന്‍ പാടുമ്പോള്‍ ഓരോ പാദത്തിന്‍റെയും അവസാനം വധൂവരന്മാര്‍ വിശുദ്ധഗ്രന്ഥത്തിനു വലംവയ്ക്കുന്നു. നാലാമത്തെ പ്രാവശ്യം വലംവയ്ക്കുന്നതോടെ വിവാഹം നടക്കുന്നുവെന്ന് സിക്കുകാര്‍ വിശ്വസിക്കുന്നു.
മരണവും ശവദാഹചടങ്ങും
മരണാസന്നനായി കിടക്കുന്ന ആളെ ആശ്വസിപ്പിക്കാന്‍ ബന്ധുക്കള്‍ ഒരുമിച്ചുകൂടുന്നു. ഈ സമയത്ത് ഗ്രന്ഥ്സാഹിബില്‍നിന്നുള്ള സമാധാന കീര്‍ത്തനങ്ങള്‍ (Sukhmani) അവര്‍ ഉരുവിടാറുണ്ട്. സിക്കുകാര്‍ പോസ്റ്റുമോര്‍ട്ടം ഇഷ്ടപ്പെടുന്നില്ല. ശരീരത്തോടു കാണിക്കുന്ന അവജ്ഞയായി അതിനെ അവര്‍ കണക്കാക്കുന്നു.
ശവദാഹത്തിനു മുന്നോടിയായി ശരീരം കഴുകിയതിനുശേഷം വസ്ത്രങ്ങളും പാഞ്ച് കക്കാറുകളും ധരിപ്പിക്കുന്നു. പ്രത്യേകം പരിശീലനം ലഭിച്ചവരാണ് ശവദാഹചടങ്ങിനു നേതൃത്വം നല്കുന്നത്. "വഹി ഗുരു സത് നാം" (Vahi Guru Nam) ആവര്‍ത്തിച്ചു പാടിക്കൊണ്ട് അവര്‍ മൃതദേഹവുമായി ദഹനസ്ഥലത്തേക്കു പോകുന്നു. അവിടെ എത്തിക്കഴിയുമ്പോള്‍ അര്‍ദാസ് (Ardas) ചെല്ലുന്നു. ഏറ്റവും അടുത്ത ബന്ധുവാണ് ചിതയ്ക്കു തീ കൊളുത്തുക. ചിത കത്തിത്തീരുമ്പോള്‍ സോഹില (Sohila) പ്രാര്‍ത്ഥന നടത്തുന്നു. മരിച്ചവരുടെ പൂജ്യാവശിഷ്ടങ്ങളുടെ മുകളില്‍ സ്മാരകങ്ങള്‍ പണിയുന്നത് നിയമസംഹിത നിരോധിച്ചിരിക്കുകയാണ്.
ലംഗാര്‍
പരസ്പരം പങ്കുവച്ചു കഴിക്കുന്ന ഭക്ഷണരീതിയെയാണ് ലംഗാര്‍ എന്നു വിളിക്കുക., ഇതു സിക്കുകാരുടെ ആരാധനയുടെ ഭാഗമാണ്. എല്ലാവരും ഒന്നിച്ചു നിലത്തിരുന്ന് സസ്യാഹാരം കഴിക്കുന്നു. പാകംചെയ്യുന്നതും അവര്‍ ഒരുമിച്ചാണ്. സിക്കുമതത്തിന്‍റെ ഒരു പ്രധാന മന്ത്രമാണ് "ആദ്യം ഒന്നിച്ചിരുന്നു ക്ഷഭിക്കുക; അതിനുശേഷം ഒരുമിച്ച് ആരാധിക്കുക" എന്നത്.
Sikhism primitive religions different religions in world sikhs punjab golden temple amirthsar catholic malayalam Mar. Joseph Pamplany Rev. Dr. Thomas Kochukarottu Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206