x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ആരാധനാക്രമ ദൈവശാസ്ത്രം

വി. കുര്‍ബ്ബാനയിലെ അടയാളങ്ങളും പ്രതീകങ്ങളും

Authored by : Dr. Thomas Melvettam On 05-Feb-2021

ബാഹ്യലോകവുമായി ബന്ധപ്പെടുത്തിയാണ് ദൈവികമായിട്ടുള്ളവയെ മനുഷ്യന്‍ മനസ്സിലാക്കുന്നത്. സ്ഥലത്തിന്‍റെയും കാലത്തിന്‍റെയും പരിമിതികളുള്ള മനുഷ്യന് ഇതല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല. ഇന്ദ്രിയപരമായിട്ടുള്ളവയില്‍നിന്ന് ഇന്ദ്രിയാതീതമായവയിലേക്ക് അവന്‍ ഉയരുന്നു. ഭൗമികമായവ അഭൗമികമായവയിലേക്ക് മാര്‍ഗ്ഗമായി തീരുന്നു. ഇപ്രകാരം അദൃശ്യങ്ങളും അഗ്രാഹ്യങ്ങളും അപരിമേയവുമായവയെ ഭൗമിക മനുഷ്യന് എളുപ്പത്തില്‍ അനുഭവവേദ്യമാക്കി കൊടുക്കുവാന്‍ പര്യാപ്തങ്ങളായ മാദ്ധ്യമങ്ങളാണ് അടയാളങ്ങളും പ്രതീകങ്ങളും. അടയാളങ്ങള്‍ ഉപയോഗിക്കുക എന്നത് ദൈവിക പദ്ധതിയുടെ ഭാഗമാണ്. മനുഷ്യാവതാരത്തില്‍ നാം ഇതാണ് കാണുന്നത്. അദൃശ്യനായ ദൈവം തന്‍റെ സ്നേഹം വെളിപ്പെടുത്താന്‍ മനുഷ്യനായി. ഈശോ താന്‍ നേടിയെടുത്ത രക്ഷയുടെ ഫലം മനുഷ്യന് അനുഭവിക്കത്തക്കവിധം ദൃശ്യമായ സഭയെ സ്ഥാപിച്ചു. ഈ സഭയില്‍ ദൈവികജീവന്‍ പ്രാപിക്കുന്നതിനായി ദൃശ്യസ്വഭാവത്തോടുകൂടിയ കൂദാശകളും സ്ഥാപിച്ചു. ഈശോയുടെ ഈ മാതൃകയെ അടിസ്ഥാനമാക്കിയാണ് സഭയും ദൈവാരാധനയില്‍ അടയാളങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. ക്രിസ്തുനാഥന്‍റെ പെസഹാ രഹസ്യങ്ങളുടെ-മനുഷ്യാവതാരം മുതല്‍ രണ്ടാമത്തെ ആഗമനം വരെയുള്ള രക്ഷാകര സംഭവങ്ങളുടെ-ആചരണവും അനുഷ്ഠാനവുമാണല്ലോ വി.കുര്‍ബ്ബാന. ബോധപൂര്‍വ്വകവും കര്‍മ്മോത്സുകവും ഫലദായകവുമായ വിധത്തില്‍ ദിവ്യരഹസ്യങ്ങളില്‍ പങ്കുചേരുന്നതിന് അതില്‍ ഉപയോഗിച്ചിട്ടുള്ള അടയാളങ്ങളുടെയും പ്രതീകങ്ങളുടെയും അര്‍ത്ഥവും പ്രസക്തിയും നാം മനസ്സിലാക്കണം.

വി. കുര്‍ബ്ബാനയിലെ അടയാളങ്ങളുടെയും പ്രതീകങ്ങളുടെയും പ്രസക്തി

  1. ഇവ കര്‍മ്മങ്ങളെ അര്‍ത്ഥപൂര്‍ണ്ണങ്ങളാക്കുന്നു.
  2. ധ്യാനത്തിലേക്കും പ്രാര്‍ത്ഥനയിലേക്കും അനുഭൂതിയിലേക്കും ആന്തരികമനുഷ്യനെ ആനയിക്കുന്നു.
  3. ദൈവാരാധനയുടെ ആന്തരികതയ്ക്ക് അവ ബാഹ്യരൂപം നല്‍കുന്നു.
  4. പഞ്ചേന്ദ്രിയങ്ങളെ പ്രവര്‍ത്തനക്ഷമമാക്കുന്നു.
  5. രക്ഷാകര സംഭവങ്ങളുടെ ഓര്‍മ്മ ഉണര്‍ത്താന്‍ സഹായിക്കുന്നു.
  6. അദൃശ്യവും അഭൗമികവും അപരിമേയവുമായ വസ്തുതകളുമായി എളുപ്പത്തില്‍ ബന്ധപ്പെടുവാന്‍ സഹായിക്കുന്നു.
  7. ദൈവാനുഭവത്തിനും രക്ഷയുടെ അനുഭവത്തിനും ഇവ ആരാധനാ സമൂഹത്തെ പ്രാപ്തരാക്കുന്നു.
  8. വി. കുര്‍ബ്ബാനയിലെ ദൈവിക പ്രവര്‍ത്തനങ്ങളെ ലളിതമായും അര്‍ത്ഥപൂര്‍ണ്ണമായും അവതരിപ്പിക്കുന്നു.
  9. അവാച്യങ്ങളും അഗ്രാഹ്യങ്ങളും സ്വര്‍ഗ്ഗീയങ്ങളുമായ യാഥാര്‍ത്ഥ്യങ്ങളുടെ അവതരണത്തെ ലളിതമാക്കി തീര്‍ ക്കുന്നു.

അടയാളങ്ങളും പ്രതീകങ്ങളും

വി.കുര്‍ബ്ബാനയിലെ അടയാളങ്ങളെയും പ്രതീകങ്ങളെയും വാക്കുകള്‍, ആളുകള്‍, ആംഗ്യങ്ങള്‍, വസ്തുക്കള്‍, കല, കാലം ഇങ്ങനെ ആറായി തരംതിരിക്കാം.

  1. വാക്കുകള്‍

ആശയങ്ങള്‍ കൈമാറുന്ന അര്‍ത്ഥമുള്ള ശബ്ദങ്ങളാണ് വാക്കുകള്‍. അനുഷ്ഠാനങ്ങളുടെ ഉദ്ദേശ്യവും അന്തഃസത്തയും, പ്രാര്‍ത്ഥനകളുടെയും ഗീതങ്ങളുടെയും അര്‍ത്ഥവും അതാത് അവസരങ്ങളില്‍ ഉപയോഗിക്കുന്ന വാക്കുകളാണ് വ്യക്തമാക്കിത്തരുന്നത്.

  1. ആളുകള്‍
  • സമൂഹം:- ഈ സൃഷ്ട പ്രപഞ്ചത്തിലെ ശ്രേഷ്ഠസൃഷ്ടികളായ മാനവകുലം മുഴുവനെയും പ്രതീകവല്‍ക്കരിക്കുന്നു.
  • കാര്‍മ്മികന്‍:- സഭാസമൂഹത്തിന്‍റെ ഔദ്യോഗിക വക്താവും പ്രതിനിധിയുമാണ് കാര്‍മ്മികന്‍. എന്നാല്‍ അതോടൊപ്പം നിത്യ പുരോഹിതനും മദ്ധ്യസ്ഥനും ഭൗതിക ശരീരത്തിന്‍റെ ശിരസ്സുമായ മിശിഹായെ പ്രതിനിധീകരിക്കുന്നു.
  • ശുശ്രൂഷകന്‍:- ദൈവദൂതന്മാരുടെ പ്രതീകം.
  • ഗായകസംഘം:- സ്വര്‍ഗ്ഗീയ ഗായകവൃന്ദത്തെ അനുസ്മരിപ്പിക്കുന്നു.
  1. ആംഗ്യങ്ങള്‍

ഇവയെ സാധാരണ ആംഗ്യങ്ങള്‍, ശാരീരിക നിലപാടുകള്‍, കര്‍മ്മാനുഷ്ഠാനങ്ങള്‍ എന്നിങ്ങനെ മൂന്നായി തരംതിരിക്കാം.

 (a) സാധാരണ ആംഗ്യങ്ങള്‍

* കൈകള്‍ ഇരുവശങ്ങളിലേക്കും വിരിച്ചുപിടിക്കുന്നത് പ്രാര്‍ത്ഥനയുടെ മാദ്ധ്യസ്ഥഭാവത്തെ സൂചിപ്പിക്കുന്നു.

* കൈകള്‍ ഉയര്‍ത്തിപ്പിടിക്കുന്നത്:- ദൈവത്തെ സ്തുതിക്കുന്നു.

* ഉള്ളംകൈെ മുകളിലേക്ക് ഉയര്‍ത്തി തുറന്നു പിടിക്കുന്നത്:- പ്രാര്‍ത്ഥനയുടെ യാചനാഭാവം

* കൈകൂപ്പിപ്പിടിക്കുന്നത്:- പ്രാര്‍ത്ഥനാഭാവവും ഭയഭക്തിബഹുമാനവും.

* തലകുനിച്ചുപിടിക്കുന്നത്:- ആശീര്‍വ്വാദവും അനുഗ്രഹവും സ്വീകരിക്കുന്നു. വിധേയത്വം പ്രകടിപ്പിക്കുന്നു.

* ചുംബിക്കുന്നത്:- സ്നേഹാദരങ്ങളുടെയും ബഹുമാനത്തിന്‍റെയും പ്രതീകം.

* കുരിശടയാളം വരയ്ക്കുന്നത്:- രക്ഷയുടെ അനുഭവം സ്വാംശീകരിക്കുന്നതിനെ സൂചിപ്പിക്കുന്നു.

* സമാധാനം ആശംസിക്കുന്നത്:- സമൂഹവുമായി നടത്തുന്ന അനുരഞ്ജനം.

* കൈകള്‍ മുമ്പോട്ടു മലര്‍ത്തിപ്പിടിക്കുന്നത്:- യാചനാഭാവം

* കൈകള്‍ കമഴ്ത്തിപ്പിടിക്കുന്നത്:- പരിശുദ്ധാത്മാവിന്‍റെ ആവാസം.

* കണ്ണുകള്‍ ഉയര്‍ത്തുന്നത്:- സ്വര്‍ഗ്ഗത്തെ നോക്കി പ്രാര്‍ത്ഥിക്കുന്നത്.

* കണ്ണുകള്‍ താഴ്ത്തുന്നത്:- വിനയവും അനുതാപവും.

* മൗനം:- ധ്യാനാത്മകത

* ഉയര്‍ന്ന സ്വരം:- പ്രഘോഷണം, ആഹ്ലാദം, സ്തുതിപ്പ്.

* താഴ്ന്ന സ്വരം:- ധ്യാനാത്മകത, പ്രാര്‍ത്ഥനയുടെ പ്രാധാന്യം.

(b) ശാരീരിക നിലപാടുകള്‍

*   നില്‍ക്കുന്നത്:- ബഹുമാനത്തിന്‍റെയും ആദരവിന്‍റെയും ഭാവം, സന്തോഷത്തിന്‍റെയും ഉയിര്‍പ്പിന്‍റെയും സ്വാതന്ത്ര്യത്തി ന്‍റെയും പെസഹാഭക്ഷണത്തെയും ഇത് സൂചിപ്പിക്കുന്നു.

*  ഇരിക്കുന്നത്:- ശ്രവണത്തിന്‍റെയും ധ്യാനത്തിന്‍റെയും ഭാവം.

*  മുട്ടുകുത്തുന്നത്:- അനുതാപത്തിന്‍റെ ഭാവം

 (c) കര്‍മ്മാനുഷ്ഠാനങ്ങള്‍

*  മദ്ബഹായുടെ വിരിതുറക്കുന്നത്:- സ്വര്‍ഗ്ഗം തുറക്കപ്പെടുന്നതിനെ അനുസ്മരിക്കുന്നു.

   പ്രകാശം:- ദൈവസാന്നിദ്ധ്യത്തിന്‍റെയും തേജസ്സിന്‍റെയും പ്രകടനം.

*  നിറഞ്ഞുനില്‍ക്കുന്ന ധൂപ പടലം:- മദ്ബഹയില്‍ നിറഞ്ഞു നില്‍ക്കുന്ന ദൈവമഹത്വത്തെ സൂചിപ്പിക്കുന്നു.

*  സമൂഹമദ്ധ്യത്തിലൂടെ ധൂപം വീശി കടന്നുപോകുന്നത്:- സഭയില്‍ രക്ഷാകര സ്നേഹം അനുഭവവേദ്യമാകുന്നതിനെ സൂചിപ്പിക്കുന്നു.

*  സുവിശേഷ പ്രദക്ഷിണം:- സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങി ഭൂമിയിലേക്കുവന്ന് വചനം പ്രഘോഷിക്കുന്ന മിശിഹായെ സൂചിപ്പിക്കുന്നു.

*  ബലിവസ്തുക്കളുടെ ഒരുക്കവും ബലിപീഠത്തിലേക്ക് ആനയിക്കലും:- മിശിഹായുടെ പീഡാനുഭവത്തിന്‍റെയും മരണത്തിന്‍റെയും പ്രതീകാത്മകമായ അവതരണം.

*  ശോശപ്പ കൊണ്ടുമൂടല്‍:- ഈശോയുടെ മൃതസംസ്കാരം.

   ശോശപ്പ മടക്കിവെക്കുന്നത്:- ഈശോയുടെ ഉത്ഥാനം.

*  കൈകഴുകല്‍:- തങ്ങളുടെ കരങ്ങളും ഹൃദയവും കഴുകി ശുദ്ധീകരിക്കുന്നതിനെ സൂചിപ്പിക്കുന്നു.

*  ധൂപാര്‍പ്പണം:- ദൈവാരാധന, ദൈവത്തിങ്കലേക്ക് ഉയരുന്ന പ്രാര്‍ത്ഥന, വിശുദ്ധീകരണം, പാപമോചനം ഇവയെ സൂചിപ്പിക്കുന്നു.

  1. വസ്തുക്കള്‍-സ്ഥലങ്ങള്‍

*  ആരാധകര്‍ നില്‍ക്കുന്ന ദൈവാലയഭാഗം:- ഹൈക്കല, ഭൂമിയുടെ പ്രതീകം.

*  മദ്ബഹാ:- സ്വര്‍ഗ്ഗീയ ജറുസലേം.

*  അള്‍ത്താര:- ദൈവത്തിന്‍റെ സിംഹാസനം, ബലിപീഠം, വിരുന്നുമേശ, കര്‍ത്താവിന്‍റെ കബറിടം ഇവയുടെ പ്രതീകം.

*  മാര്‍തോമ്മാ കുരിശ്:- ഉത്ഥിതനായ ഈശോയുടെ പ്രതീകം.

* സുവിശേഷം:- വചനാത്മകമായ ഈശോ.

* സക്രാരി:- വിശുദ്ധ കുര്‍ബ്ബാന സൂക്ഷിക്കുന്ന പേടകം.

* വിരി:- സ്വര്‍ഗ്ഗത്തിന്‍റെ കവാടം.

* ബേസ്ഗസാകള്‍:- ഉപപീഠങ്ങള്‍, നിക്ഷേപാലയം.

* മദ്ബഹായിലെ പടികള്‍:- സ്വര്‍ഗ്ഗീയ ഗോവണി (യാക്കോബിന്‍റെ ദര്‍ശനം)

* ബേസ്സഹദെ:- തിരുശേഷിപ്പുകൂടാരം. രക്തസാക്ഷികളുടെ തിരുശേഷിപ്പ് സൂക്ഷിക്കുന്ന സ്ഥലം.

* അപ്പവും വീഞ്ഞും:- മിശിഹായുടെ ശരീരത്തെയും രക്തത്തെയും യാഥാര്‍ത്ഥ്യവല്‍ക്കരിക്കുന്ന പ്രതീകങ്ങള്‍

* കത്തിച്ച തിരികള്‍:- ദൈവസാന്നിദ്ധ്യത്തിന്‍റെ അടയാളം

* രണ്ട് തിരികള്‍:- പഴയനിയമത്തിന്‍റെയും പുതിയനിയമത്തിന്‍റെയും സൂക്തങ്ങള്‍

* തിരുപ്പാത്രങ്ങള്‍:- വിശുദ്ധരഹസ്യങ്ങളുടെ ഉപയോഗത്തിന്.

* കെസ്ത്രോമ:- സ്വര്‍ഗ്ഗീയ ഭൗമിക ഗായകരുടെ സ്ഥലം.

* മാമ്മോദീസാത്തൊട്ടി:- മാമ്മോദീസാ നല്കുന്ന സ്ഥലം.

* ബേമ്മ:- ഭൗമിക ജറുസലേം, വചനവേദി.

* കെടാവിളക്ക്:- ലോകത്തിന്‍റെ പ്രകാശമായ മിശിഹായുടെ സാന്നിധ്യം.

* സങ്കീര്‍ത്തി:- തിരുകര്‍മ്മങ്ങള്‍ക്കായി ഒരുങ്ങുന്ന സ്ഥലം.

തിരുവസ്ത്രങ്ങള്‍:-

* കൊത്തീന:- മിശിഹായില്‍ നവജീവന്‍ പ്രാപിച്ച പുതിയ മനുഷ്യന്‍റെ പ്രതീകം

* സുനാറ:- (അരക്കെട്ട്)-ശുദ്ധതയുടെ പ്രതീകം.

* ഊറാറ:- പരിശുദ്ധിയുടെയും നിര്‍മ്മലതയുടെയും പ്രതീകം.

* കാപ്പ:- നീതിയുടെ വസ്ത്രം.

* സന്ദേ:- വിശുദ്ധശുശ്രൂഷയ്ക്ക് കരങ്ങള്‍ തയ്യാര്‍.

  1. കാലം

കാലം എന്നതുകൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത് രക്ഷാകര ചരിത്രത്തിലെ നിര്‍ണ്ണായകങ്ങളായ ഘട്ടങ്ങളെയും സംഭവങ്ങളെയുമാണ്. രണ്ടുരീതിയില്‍ ഇത് വി. കുര്‍ബ്ബാനയില്‍ അനുസ്മരണാവിഷയമായിത്തീരുന്നു.

  • വി. കുര്‍ബ്ബാനയുടെ കര്‍മ്മക്രമമനുസരിച്ചുള്ള അനുസ്മരണം. (സാധാരണം, ആഘോഷം, റാസ).
  • ആരാധനാക്രമ വത്സരത്തിലൂടെയുള്ള അനുസ്മരണം. മംഗളവാര്‍ത്തക്കാലം, പിറവിക്കാലം, ദനഹാകാലം, നോമ്പുകാലം, ഉയിര്‍പ്പുകാലം, ശ്ലീഹാക്കാലം, കൈത്താക്കാലം, ഏലിയാ-സ്ലീവാ-മൂശാക്കാലങ്ങള്‍, പള്ളിക്കൂദാശക്കാലം.
  1. കല

രക്ഷാകരകര്‍മ്മത്തെ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുകയാണ് ആരാധനാക്രമത്തില്‍ കലയുടെ ഉദ്ദേശ്യം. ദൈവാലയ നിര്‍മ്മാണരീതി, ദൈവാലയത്തിലെ ശില്പകല, ചുവര്‍ചിത്രങ്ങള്‍, മദ്ബഹായുടെ ക്രമീകരണങ്ങള്‍, അലങ്കാരം, ദൈവാലയ സംഗീതം തുടങ്ങി പലതും ഇതില്‍പ്പെടുന്നു.

ഇങ്ങനെ മാനുഷികവും ദൈവികവും, ഭൗമികവും, സ്വര്‍ഗ്ഗീയവും, ദൃശ്യവും, അദൃശ്യവും, ഗ്രാഹ്യവും, അഗ്രാഹ്യവും, വര്‍ണ്ണനീയവും, അവര്‍ണ്ണനീയവും, കാലികവും നിത്യവുമായ യാഥാര്‍ത്ഥ്യങ്ങള്‍ ഒന്നിച്ചുചേരുന്നതും സംഗമിക്കുന്നതുമായ വി. കുര്‍ബ്ബാനയിലെ അടയാളങ്ങളും പ്രതീകങ്ങളും ആഴത്തില്‍ മനസ്സിലാക്കിക്കൊണ്ട് ആരാധനാ സമൂഹം ഒന്നുചേര്‍ന്ന് ബലിയര്‍പ്പണത്തില്‍ പങ്കുചേര്‍ന്നാല്‍ അത് കൂടുതല്‍ അനുഭവവേദ്യവും ആസ്വാദ്യവും ഹൃദയസ്പര്‍ശിയും അനുഗ്രഹപ്രദവും ആവുമെന്നത് തീര്‍ച്ചയാണ്.

 വി. കുര്‍ബാനയുടെ അഭൗമിക മാനങ്ങള്‍

ക്രൈസ്തവ ജീവിതത്തില്‍ ഇഹലോകത്തില്‍ ലഭിക്കാവുന്ന ഏറ്റവും ഉന്നതവും അനുഗ്രഹീതവുമായ നിമിഷങ്ങളാണ് പരിശുദ്ധ കുര്‍ബ്ബാനയുടെ ആഘോഷ വേള. ജീവിത ലക്ഷ്യസാക്ഷാത്ക്കാരമായ സ്വര്‍ഗ്ഗീയ അനുഭവത്തിന്‍റെ മുന്നാസ്വാദനവും ജീവിത ലക്ഷ്യപ്രാപ്തിക്കായുള്ള കൃപകളുടെ, ശക്തിയുടെ ഭണ്ഡാഗാരവുമാണ് പരിശുദ്ധ കുര്‍ബ്ബാന. ത്രിത്വൈക ദൈവത്തിന് നിത്യം ആരാധനയര്‍പ്പിക്കുക എന്ന സ്വര്‍ഗ്ഗീയാനുഭവത്തിന്‍റെ ഭൂമിയിലെ ഏറ്റവും ശ്രേഷ്ഠമായ സാക്ഷാത്ക്കാരവും ഇതുതന്നെ.

വി. കുര്‍ബ്ബാന: ആത്മാവിലും സത്യത്തിലുമുള്ള ആരാധന

ഏറ്റവും ശ്രേഷ്ഠമായ ആരാധന ആത്മാവിലും സത്യത്തിലുമുള്ള ആരാധനയാണ് (യോഹ 4:22-24) യോഹ 17/15 ല്‍ പറയുന്നു: "അവിടുത്തെ വചനമാണ് സത്യം." "വചനത്തില്‍ നിലനില്‍ക്കുന്നവര്‍ ശിഷ്യന്മാരാണ്, അവര്‍ സത്യം അറിയുകയും സത്യം അവരെ സ്വതന്ത്രരാക്കുകയും ചെയ്യും" എന്ന്, 8:31-32 ഉം പറയുന്നു. അതായത് സത്യത്തില്‍ ആരാധിക്കുക എന്നാല്‍ വചനത്തില്‍ ആരാധിക്കുക എന്നതാണ്. ഈ വചനം എന്താണ് എന്നും യോഹന്നാന്‍ വ്യക്തമാക്കുന്നുണ്ട്. "ആദിയില്‍ വചനം ഉണ്ടായിരുന്നു, വചനം ദൈവത്തോടുകൂടെയായിരുന്നു, വചനം ദൈവമായിരുന്നു" (1:1) ഈ വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു (1:14). സത്യം വചനമാണെന്നും വചനം മാംസം ധരിച്ച ദൈവപുത്രനായ ഈശോയാണെന്നും വ്യക്തം. ആകയാല്‍ ഈശോ തന്നെത്തന്നെ സത്യം എന്ന് വിശേഷിപ്പിച്ചു. "വഴിയും സത്യവും ജീവനും ഞാനാകുന്നു" (14:6).

ആകയാല്‍ സത്യത്തിലുള്ള ആരാധന എന്നുപറഞ്ഞാല്‍ ഈശോയിലുള്ള ആരാധന എന്നര്‍ത്ഥം. ഇതാണ് യഥാര്‍ത്ഥ ആരാധന. പരിശുദ്ധ കുര്‍ബ്ബാന ബലിയര്‍പ്പകനും ബലിവസ്തുവുമായ ഈശോയിലുള്ള ആരാധനയാണ്. പരമപിതാവിന്‍ പക്കല്‍ അവിടുന്നര്‍പ്പിച്ച നിത്യമായ ആരാധനയാണ് അവിടുത്തെ ബലി. ഈ ബലിയാണ് പരിശുദ്ധ കുര്‍ബ്ബാന. നാം പരിശുദ്ധ കുര്‍ബ്ബാനയര്‍പ്പിക്കുമ്പോള്‍ സത്യമായും ഈശോയില്‍ പിതാവിനെ ആരാധിക്കുന്ന യഥാര്‍ത്ഥ ആരാധകരായിത്തീരുന്നു.

അരൂപിയിലുള്ള ആരാധനയും യഥാര്‍ത്ഥ ആരാധനയുടെ പ്രത്യേകതയാണ്. പരിശുദ്ധ കുര്‍ബ്ബാന ആത്മാവിന്‍റെ പ്രവര്‍ത്തനമാണ്. സകലത്തെയും രൂപാന്തരപ്പെടുത്തുന്ന പരിശുദ്ധാത്മാവാണ് പരിശുദ്ധ കുര്‍ബ്ബാനയില്‍ മാനുഷിക പ്രവര്‍ത്തനങ്ങളെ രൂപാന്തരപ്പെടുത്തി ദൈവികമാക്കുന്നത്. മാമ്മോദീസാവഴി പരിശുദ്ധാത്മാവിന്‍റെ ആലയങ്ങളായി മാറ്റപ്പെട്ട ദൈവജനം ഒന്നുചേര്‍ന്ന്, പരിശുദ്ധാത്മാവ് പ്രവര്‍ത്തിക്കുന്ന സഭാഗാത്രമെന്ന നിലയിലാണ് പരിശുദ്ധ കുര്‍ബ്ബാനയര്‍പ്പിക്കുന്നത് (റോമാ 8:26) വി. പത്രോസ് നമ്മെ ഉദ്ബോധിപ്പിക്കുന്നത്; "ദൈവവചനം പരിശുദ്ധാത്മാവിനാല്‍ പ്രചോദിതരായി ദൈവത്തിന്‍റെ മനുഷ്യര്‍ സംസാരിച്ചവയാണ്" (2 പത്രോ 1:21) എന്ന സത്യമാണ്. പരിശുദ്ധ കുര്‍ബ്ബാനയുടെ പ്രാര്‍ത്ഥനയിലെ ഓരോ വാക്കും വചനത്തില്‍നിന്നും എടുത്തിട്ടുള്ളവയാണ്. അത്തരത്തിലും ഇത് അരൂപിയിലുള്ള ആരാധനയാണ്.

വി. കുര്‍ബ്ബാന നമ്മുടെ ജീവിത ബലി

"നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവ ബലിയായി സമര്‍പ്പിക്കുവിന്‍. ഇതായിരിക്കണം നിങ്ങളുടെ യഥാര്‍ത്ഥമായ ആരാധന" എന്ന് പൗലോസ് ശ്ലീഹാ റോമായിലെ സഭാംഗങ്ങളെ (12:1) ഉദ്ബോധിപ്പിക്കുന്നത് നമുക്കും ബാധകമാണ്. ആകയാല്‍ ഇന്നും പലരും ശരീരത്തെ ബലിയായി അര്‍പ്പിക്കുന്നതിനുവേണ്ടി പ്രവര്‍ത്തനതലത്തിലേക്ക് കൂടുതല്‍ കടക്കുകയും പരിശുദ്ധ കുര്‍ബ്ബാനയ്ക്ക് വേണ്ട പ്രാമുഖ്യം നല്‍കാതിരിക്കുകയും ചെയ്യുന്നു എന്നുമാത്രമല്ല പരിശുദ്ധ കുര്‍ബാനയും ആരാധനകളും അപ്രധാനമാണ്, ജീവിതമാണ് പ്രധാനം എന്നു പറയുകയും ചെയ്യുന്നു.

പരിശുദ്ധ കുര്‍ബ്ബാന ഈശോയുടെ സമര്‍പ്പണമാണ്. അവിടുന്ന് അത് പൂര്‍ത്തിയാക്കിയത് മറിയത്തില്‍നിന്നും സ്വീകരിച്ച മനുഷ്യ ശരീരത്തിലാണ്. അവിടുത്തേക്ക് ഈ ലോകത്തില്‍ മനുഷ്യനോടൊപ്പം പ്രവര്‍ത്തിക്കുവാനും അവനുവേണ്ടി സഹിക്കുവാനും മരിക്കുവാനും ഒരു ശരീരം ആവശ്യമായിരുന്നു. "അവിടുന്ന് എനിക്കായി ഒരു ശരീരം സജ്ജമാക്കിയിരിക്കുന്നു" (സങ്കീ 40:6-8; ഹെബ്രാ 10:5). ഈ ശരീരത്തിലാണ് അവിടുന്ന് ബലിയായിത്തീര്‍ന്നത്. അവിടുത്തെ ബലി നിത്യമായ ബലിയാണ് (ഹെബ്രാ 10:10; 12.14). ആ ബലിയിലുള്ള പങ്കാളിത്തമാണ് നമ്മുടെ രക്ഷയുടെ അച്ചാരം. മറ്റൊരു ബലിയും ഇന്നാവശ്യമില്ല. ലോകാവസാനം വരെയുള്ള ജനത ഈ ബലിയിലൂടെ രക്ഷിക്കപ്പെടണമെന്ന അവിടുത്തെ ആഗ്രഹമാണ് ഈ ബലിയെ നിത്യമാക്കിതീര്‍ത്തത്. ഈ നിത്യബലിയില്‍ ഇന്നുള്ളവരും പങ്കുകാരാകണം.

പരി. മറിയത്തില്‍നിന്നും സ്വീകരിച്ച ശരീരത്തില്‍ അവിടുന്ന് ബലിയര്‍പ്പിക്കപ്പെട്ടതുപോലെ, ഈ നിത്യബലി ഇന്നു തുടരുന്നത് മനുഷ്യരുടെ കൂട്ടായ്മയായ അവിടുത്തെ ഭൗതിക ശരീരമായ സഭയിലാണ്. സഭാഗാത്രത്തില്‍ ഇന്നും ഈ ബലി തുടരുന്നു. മിശിഹായുടെ ഭൗതിക ശരീരത്തില്‍ പങ്കുകാരായിക്കൊണ്ട് ഈ ബലിയര്‍പ്പിക്കുന്നവര്‍ മിശിഹായുടെ നിത്യമായ ബലിയില്‍ പങ്കുകാരാകുന്നു. ഈശോയുടെ ശരീരം ബലിയര്‍പ്പിക്കപ്പെട്ടതുപോലെ അവിടുത്തെ ഭൗതിക ശരീരവും ഈ ബലിയില്‍ അര്‍പ്പിക്കപ്പെടണം. സഭയാകുന്ന ഭൗതിക ശരീരം നാമോരോരുത്തരും ഉള്‍ക്കൊള്ളുന്നതാണ്. ആകയാല്‍ വിശുദ്ധ കുര്‍ബ്ബാന ഇന്നര്‍പ്പിക്കപ്പെടുന്നത് മിശിഹായുടെ ഭൗതിക ശരീരത്തിലല്ല, ഭൗതികശരീരമായ സഭയിലാണ്. സഭയുടെ അംഗങ്ങളെന്ന നിലയില്‍ നാമോരോരുത്തരും പൂര്‍ണ്ണമായി അര്‍പ്പിക്കപ്പെടണം. ശരീരത്തെ അര്‍പ്പിക്കുക എന്നാല്‍ പൂര്‍ണ്ണമായ അര്‍പ്പണം എന്നര്‍ത്ഥം. അപ്പവും വീഞ്ഞും കുര്‍ബ്ബാനയെന്ന കൂദാശയിലെ വസ്തുക്കളായ പ്രതീകങ്ങളാണ്. അതോടൊപ്പം ആരാധനാ സമൂഹം മുഴുവനും അര്‍പ്പിക്കപ്പെടണം. ഇവിടെ അവരുടെ നാവുകള്‍ ദൈവത്തെ പാടിസ്തുതിച്ചുകൊണ്ടും, കണ്ണുകള്‍ ദിവ്യകാരുണ്യം കണ്ടുകൊണ്ടും അധരങ്ങള്‍ കീര്‍ത്തനം പാടിക്കൊണ്ടും, കാതുകള്‍ സ്തുതികള്‍ കേട്ടുകൊണ്ടും, കരങ്ങള്‍ കുര്‍ബ്ബാന സ്വീകരിച്ചുകൊണ്ടും, പാദങ്ങള്‍ ദൈവാലയത്തില്‍ സഞ്ചരിച്ചുകൊണ്ടും, അവിടുത്തെ ശരീരം ഉള്‍ക്കൊണ്ട് സമൂഹം ഒന്നാകെ അവിടുത്തെ ആരാധിച്ചുകൊണ്ടും കുര്‍ബ്ബാനയില്‍ അര്‍പ്പിക്കപ്പെടുന്നു. കൂടാതെ ഒന്നിച്ചാരാധിക്കുകയും ഒരേ കാസയില്‍നിന്ന് കുടിക്കുകയും ഒരേ അപ്പത്തില്‍നിന്ന് ഭക്ഷിക്കുകയും ചെയ്ത ദൈവജനം ഈശോയില്‍ ഒന്നായിത്തീരുന്നു. ആകയാല്‍ വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം ഏക ശരീരംപോലെ ജീവിക്കുവാന്‍ അവര്‍ വിളിക്കപ്പെടുകയും ചെയ്യുന്നു. ഇപ്രകാരമുള്ള ജീവിതത്തില്‍ തീര്‍ച്ചയായും ത്യാഗവും ശുശ്രൂഷയും ഏറെയുണ്ടാകും. അവിടെ വിശക്കുന്നവന് പാര്‍പ്പിടവും, രോഗിക്ക് ശുശ്രൂഷയും, അനാഥന് സ്നേഹക്കൂട്ടായ്മയും, കാരഗൃഹവാസിക്ക് സാമീപ്യവും നല്‍കി ശരീരത്തെ ഓരോരുത്തരും അര്‍പ്പിച്ച് ബലിജീവിതം തുടരുകയും അന്ത്യവിധിയില്‍ അനുഗ്രഹീത സമൂഹത്തില്‍ പങ്കാളിയാവുകയും ചെയ്യുന്നു.

വി. കുര്‍ബ്ബാന: സ്വര്‍ഗ്ഗത്തിന്‍റെയും ഭൂമിയുടെയും സംഗമം

ദഹിപ്പിക്കുന്ന അഗ്നിയാകുന്ന ദൈവത്തിനുള്ള ആരാധനയില്‍ സംഭവിക്കുന്നത് എന്താണെന്ന് ഹെബ്രാ 12:18-24 വ്യക്തമാക്കുന്നു. പഴയ നിയമത്തില്‍ മനുഷ്യര്‍ക്ക് ദൈവസാന്നിധ്യം അനുഭവവേദ്യമായ ഒരു അവസരമാണ് ദൈവം മലമുകളില്‍ പ്രത്യക്ഷപ്പെട്ട സംഭവം (പുറ 19:16-22). സമൂഹം പ്രാര്‍ത്ഥനയിലായിരുന്നു. അപ്പോള്‍ ദൈവം അവര്‍ക്ക് അനുഭവവേദ്യനായി അവതരിച്ചു. അതാകട്ടെ, അഗ്നി, അന്ധകാരം, കാര്‍മേഘം, ചുഴലിക്കാറ്റ്, കാഹളധ്വനി, ഇടിമുഴക്കം പോലുള്ള വാക്കുകള്‍ തുടങ്ങിയ അടയാളങ്ങളിലൂടെയായിരുന്നു. ഇതു ദര്‍ശിച്ച ജനം ഭയന്നു വിറച്ചു. തിരഞ്ഞെടുക്കപ്പെട്ടവനായ മൂശ പോലും ഇനി അരുതേ എന്നുപറഞ്ഞു. എന്നാല്‍ പുതിയ നിയമത്തിലേക്കു വരുമ്പോള്‍ വിശുദ്ധ കുര്‍ബ്ബാനയിലൂടെ നാം സമീപിക്കുന്നത് ഇവയെയൊന്നുമല്ല.

പരിശുദ്ധ കുര്‍ബ്ബാനയില്‍ നാം ജീവിക്കുന്ന ദൈവത്തിന്‍റെ നഗരമായ സ്വര്‍ഗ്ഗീയ ജറുസലേമിന്‍റെ സജീവ സാന്നിധ്യത്തിലേക്ക് കടന്നു വരുന്നു. ഇവിടെ സഭ മുഴുവന്‍ ഒന്നുചേരുന്നു. ആകയാല്‍ സ്വര്‍ഗ്ഗീയ സഭയുടെ അംഗങ്ങളായ സകല സ്വര്‍ഗ്ഗവാസികളും വിശുദ്ധരും പരിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കുചേരുന്നു. ഭൂമിയിലായിരുന്നു കൊണ്ട്, സ്വര്‍ഗ്ഗീയ തലങ്ങളിലേക്ക് കടന്നുചെല്ലുവാനും, പരിമിതരായ മനുഷ്യര്‍ക്ക് അപരിമേയനായ ദൈവത്തിന്‍റെ സാന്നിദ്ധ്യം അനുഭവിക്കുവാനും ഇവിടെ കഴിയുന്നു. മാനുഷികമായി അപ്രാപ്യമായ അനുഭവങ്ങള്‍ ദൈവകൃപയാല്‍ ഇവിടെ സംലഭ്യമാകുന്നു. സ്വര്‍ഗ്ഗം തുറന്നു ഭൂമിയില്‍ അവതരിക്കുന്നു. ദൈവമനുഷ്യ സംഗമവും ഐക്യവും അനന്യമായ രീതിയില്‍ സാധ്യമാകുന്നു.

വി. കുര്‍ബ്ബാന സ്വര്‍ഗ്ഗത്തിന്‍റെ മുന്നനുഭവം

നമ്മുടെ കുര്‍ബ്ബാനയാഘോഷം ഏശയ്യായ്ക്കുണ്ടായ സ്വര്‍ഗ്ഗീയ അനുഭവമാണ് (6:1-8) നമുക്ക് നല്‍കുക. പരിശുദ്ധന്‍ എന്ന കീര്‍ത്തനം ആലപിക്കുന്നതിനുമുമ്പുള്ള വൈദിക പ്രാര്‍ത്ഥനയും കീര്‍ത്തനവും അതേസമയം പുരോഹിതന്‍ നടത്തുന്ന പ്രാര്‍ത്ഥനയും അള്‍ത്താര ചുംബനവും ഈ പ്രവാചകദര്‍ശനമാണ് അവതരിപ്പിക്കുന്നത്. അവിടെയുള്ള പ്രാര്‍ത്ഥന ഈ വിവരണത്തിന്‍റെ പകര്‍പ്പുതന്നെയാണ്. കുര്‍ബ്ബാനയുടെ ഒരു ഭാഗം മാത്രമല്ല, കുര്‍ബ്ബാന മുഴുവന്‍ ഈ ദര്‍ശനത്തിന്‍റെ ഭാവത്തിലാണ് രൂപപ്പെടു ത്തിയിരിക്കുന്നത്.

സ്വര്‍ഗ്ഗത്തിന്‍റെ പ്രതീകമായ മദ്ബഹാ കുര്‍ബ്ബാനമധ്യേ നമുക്കായി തിരശ്ശീലനീക്കി അനാവരണം ചെയ്യപ്പെടുന്നു. ദൈവിക മഹത്വത്തെ ദ്യോതിപ്പിക്കുന്ന ധൂപാര്‍ച്ചന നടത്തപ്പെടുന്നു. മദ്ബഹാ ദീപാലംകൃതവും ധൂപപൂരിതവുമായി അനാവൃതമാകുമ്പോള്‍ ദൈവജനം ദൈവീക സിംഹാസനമായ ബലിപീഠത്തിനുമുമ്പില്‍ കുമ്പിടുന്നു. ബലിപീഠം മിശിഹായുടെ കബറിടവും അവിടുത്തെ സിംഹാസനവുമാണ്. പിതാവിനെ അനുസ്മരിച്ച് ബലിപീഠ മധ്യത്തിലും മാംസം ധരിച്ച വചനമാകുന്ന പുത്രന്‍ പിതാവിന്‍റെ വലതുഭാഗത്ത് മഹത്വീകൃതനായി ഉപവിഷ്ഠനായിരിക്കുന്നതിനെ ദര്‍ശിച്ച് ബലിപീഠത്തിന്‍റെ വലതുവശത്തും പരിശുദ്ധാത്മാവിനെ ഓര്‍മ്മിച്ച് ഇടതുവശത്തും ചുംബിക്കുന്നു. സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാര്‍ത്ഥനയിലും പരിശുദ്ധനെന്ന ഗീതത്തിലുമെല്ലാം ഏശയ്യാ ദര്‍ശനത്തിലേതുപോലെ മാലാഖാമാരോടു ചേര്‍ന്ന് ദൈവത്തെ പരിശുദ്ധന്‍ എന്ന് പ്രകീര്‍ത്തിക്കുന്നു. ബലിപീഠത്തിങ്കലേക്ക് വഹിക്കപ്പെടുന്ന ബലിവസ്തുക്കളില്‍ മിശിഹായുടെ ശരീരരക്തങ്ങള്‍ ദര്‍ശിച്ച് അവിടെയും ദൈവമായ കര്‍ത്താവ് പരിശുദ്ധന്‍ എന്നു പ്രകീര്‍ത്തിക്കുന്നു.

ഇപ്രകാരം ദൈവമഹത്വത്തിലായിരുന്ന ആരാധനാ സമൂഹം തങ്ങളുടെ കുറവുകള്‍ കണ്ടറിഞ്ഞ് കര്‍ത്താവേ ഞങ്ങളോട് കരുണ തോന്നണമേ എന്നും പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേയെന്നും അപേക്ഷിക്കുന്നു. പാപബോധം നിറഞ്ഞ മനുഷ്യര്‍ ഏശയ്യായുടെ ദര്‍ശനത്തിലെന്നതുപോലെ മിശിഹായുടെ ശരീരരക്തങ്ങള്‍കൊണ്ട് ശുദ്ധരാക്കപ്പെടുന്നു. തുടര്‍ന്ന് ഏശയ്യാ പ്രവാചകന്‍ അയയ്ക്കപ്പെടുന്നതുപോലെ കര്‍ത്താവിന്‍റെ സജീവ സാന്നിധ്യത്തില്‍ അവിടുത്തെ കൃപയുടെ ശക്തിയില്‍ ബലിജീവിതം നയിക്കാന്‍ ദൈവജനം പ്രഘോഷിതരായി അയയ്ക്കപ്പെടുന്നതുപോലെ വിശുദ്ധ കുര്‍ബ്ബാനയുടെ ആഘോഷം പര്യവസാനിക്കുന്നു.

 

ആമുഖ ശുശ്രൂഷ

നമ്മുടെ വി. കുര്‍ബ്ബാനയ്ക്ക് ഏഴുഭാഗങ്ങളുണ്ട്. 1. ആമുഖ ശുശ്രൂഷ, 2. വചന ശുശ്രൂഷ, 3. ഒരുക്ക ശുശ്രൂഷ, 4. അനാഫൊറ, 5. അനുരഞ്ജന ശുശ്രൂഷ, 6. ദൈവൈക്യ ശുശ്രൂഷ, 7. സമാപന ശുശ്രൂഷ. ആമുഖ ഗീതമായ "അന്നാപ്പെസഹാ" മുതല്‍ "ഉത്ഥാനഗീതം" (സര്‍വ്വാധിപനാം) ഉള്‍പ്പെടെയുള്ള ഭാഗമാണ് ആമുഖ ശുശ്രൂഷയില്‍ ഉള്‍പ്പെടുന്നത്. ബലിയര്‍പ്പിക്കുന്ന സമൂഹത്തിന്‍റെ നേതാവായ വൈദികന്‍ ബലിയര്‍പ്പണത്തിനുമുമ്പ് കൈകള്‍ കഴുകുന്നത് ബലിയര്‍പ്പണകര്‍ക്കുണ്ടായിരിക്കേണ്ട ആന്തരിക വിശുദ്ധിയുടെ സൂചന തരുന്നു.

കാര്‍മ്മികരും ശുശ്രൂഷകരും ആരാധനാക്രമത്തിന്‍റെ ശ്രേഷ്ഠതക്കുചേര്‍ന്നവിധം തിരുവസ്ത്രങ്ങളണിഞ്ഞ് മദ്ബഹായിലേക്കു വരുന്നു. ശുശ്രൂഷകരും ഞായറാഴ്ചകളിലെങ്കിലും കൊത്തീനയും (നീണ്ട മേലുടുപ്പ്) സൂനാറായും (അരക്കെട്ട്) ധരിക്കുന്നത് ഉചിതമാണ്. ഈ പ്രാരംഭ പ്രദക്ഷിണത്തില്‍ സുവിശേഷ ഗ്രന്ഥം, സ്ലീവാ, ധൂപക്കുറ്റി, തിരികള്‍ എന്നിവ സംവഹിക്കുന്നു. സുവിശേഷ ഗ്രന്ഥം അള്‍ത്താരയിലും, സ്ലീവായും തിരികളും ബേമ്മായിലും (വചനവേദി) പ്രതിഷ്ഠിക്കുന്നു. കിഴക്കോട്ടുതിരിഞ്ഞ് കുമ്പിട്ടാണ് വി. കുര്‍ബ്ബാന ആരംഭിക്കുന്നത്. ആരാധനാസമൂഹം ഒന്നടങ്കം വൈദികനോടൊപ്പം "മിശിഹായെ പ്രതീക്ഷിച്ച് പ്രാര്‍ത്ഥിക്കുവാന്‍ കിഴക്കോട്ട് തിരിയുന്നത് ശ്ലീഹന്മാരില്‍നിന്നും ഉത്ഭവിച്ച ഒരു അലിഖിത പാരമ്പര്യമാണ്" (വി. ജോണ്‍ ഡമഷേനോ). ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ "ലിറ്റര്‍ജിയുടെ ചൈതന്യം" എന്ന പുസ്തകത്തില്‍ ഇപ്രകാരം നിന്നു ബലിയര്‍പ്പിക്കുന്നതിനെപ്പറ്റി ദീര്‍ഘമായി പ്രതിപാദിച്ചിട്ടുണ്ട്. "പുരോഹിതനെ അഭിമുഖീകരിച്ചു നില്ക്കുക എന്നതിന് ഒരു പ്രാധാന്യവുമില്ല. സമൂഹമൊന്നിച്ച് കര്‍ത്താവിലേക്കു നോക്കുക എന്നതാണ് സാരമായ സംഗതി. അഭിമുഖ സംഭാഷണമല്ല ഇവിടെ ഇപ്പോള്‍ പ്രസക്തമായിരിക്കുന്നത്. പ്രത്യുത വരാനിരിക്കുന്നവനായ മിശിഹായിലേക്ക് ഉന്മുഖമാകാന്‍ സജ്ജരാവുക എന്നതത്രേ... സൃഷ്ടിമുഴുവനോടും പ്രപഞ്ചം മുഴുവനോടും ചേര്‍ന്ന് മിശിഹായിലേക്കു തിരിഞ്ഞു പ്രാര്‍ത്ഥിക്കുന്നത് ഇന്നും പ്രധാനപ്പെട്ടതല്ലേ?

അന്നാപ്പെസഹാത്തിരുന്നാളില്‍....

കര്‍ത്താവിന്‍റെ കല്പനപ്രകാരമാണ് നാം ബലിയര്‍പ്പിക്കാന്‍ ഒരുമിച്ചുകൂടുന്നത് (എന്‍റെ ഓര്‍മ്മയ്ക്കായി ഇതു നിങ്ങള്‍ ചെയ്യുവിന്‍ ലൂക്കാ 22:19; 1 കോറി 11:24-25). അവിടുത്തെ നാമത്തിലുള്ള ഈ ഒന്നിച്ചുകൂടല്‍ മിശിഹായില്‍ ദൈവവുമായും പരസ്പരവും അനുരഞ്ജിതരായവരുടെ ഒന്നിച്ചുകൂടലാണ്. ഈശോയുടെ കല്പന പരസ്പരം സ്നേഹിക്കുക എന്നതത്രേ (യോഹ 13:34). അതു പൂര്‍ത്തീകരിച്ചുകൊണ്ടുവേണം നാം ബലിവേദിയില്‍ അണയാന്‍ (മത്താ 5:23-24).

അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി

അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി എന്ന് മനുഷ്യാവതാരത്തിന്‍റെ മഹാരഹസ്യം പ്രഘോഷിച്ചുകൊണ്ട് മാലാഖമാര്‍ പാടി (ലൂക്കാ 2:14). ഈശോയുടെ മനുഷ്യാവതാരം അനുസ്മരിച്ചുകൊണ്ട് നാം മാലാഖാമാരോടൊത്ത് സ്വര്‍ഗ്ഗീയാരാധനയില്‍ പങ്കുചേരുകയാണ്. മൂന്നുതവണ ആവര്‍ത്തിക്കുന്നതുവഴി പരി. ത്രിത്വത്തെ നാം ബഹുമാനിക്കുന്നു. ദൈവത്തെ ജീവിതത്തില്‍നിന്ന് അകറ്റിയ മനുഷ്യര്‍ക്ക് ജീവിതത്തില്‍ സമാധാനവും പ്രത്യാശയും സന്തോഷവും വാഗ്ദാനം ചെയ്തു. മാലാഖാമാരുടെ കീര്‍ത്തനത്തില്‍നിന്ന്" ഭൂമിയില്‍ മനുഷ്യര്‍ക്കു സമാധാനവും പ്രത്യാശയും" എന്ന ആശംസകൂടി ഉച്ചരിച്ചുകൊണ്ട് ഇക്കാര്യങ്ങളാണ് നാം ഓര്‍മ്മിക്കുന്നത്. "ആമ്മേന്‍" എന്ന പ്രത്യുത്തരം വൈദികന്‍ ചൊല്ലുന്ന പ്രാര്‍ത്ഥനകള്‍ക്കുള്ള സമൂഹത്തിന്‍റെ സമ്മതമാണ്. അത് സമൂഹത്തിന്‍റെ കൂടി പ്രാര്‍ത്ഥനയായിത്തീരുന്നു.

സ്വര്‍ഗ്ഗസ്ഥനായ പിതാവേ

ദൈവപുത്രന്‍റെ മനുഷ്യാവതാരത്തിലൂടെ ദൈവപുത്രപദവി ലഭിച്ച നമ്മള്‍ അവിടുത്തോടൊപ്പം ദൈവത്തെ പിതാവേ എന്നു വിളിക്കാന്‍ യോഗ്യരായിത്തീര്‍ന്നിരിക്കുന്നു. മക്കള്‍ക്കടുത്ത മനോഭാവത്തോടെ സ്വര്‍ഗ്ഗത്തിലേക്ക് ഹൃദയമുയര്‍ത്തിവേണം നാം പ്രാര്‍ത്ഥിക്കാന്‍. അതുപോലെ ദൈവമക്കളുടെ ഗണത്തില്‍ എല്ലാവരോടും ചേര്‍ന്നാണു പ്രാര്‍ത്ഥിക്കേണ്ടത് ("ഞങ്ങളുടെ" പിതാവേ). ദൈവത്തിനു മഹത്വവും അവിടുത്തെ ഹിതത്തിന് അനുരൂപമായ ലോകവും ഉണ്ടാകുവാനാണു നാം പ്രാര്‍ത്ഥിക്കുന്നത്. അന്നന്നത്തെ അപ്പമെന്നു പറയുമ്പോള്‍ ജീവസന്ധാരണത്തിനാവശ്യമായ എല്ലാ ഭൗതിക നന്മകളുമാണ് ഉദ്ദേശിക്കുക. ആത്മീയ ഭോജനവും ഇവിടെ സൂചിതമാണ്. ആത്മീയ ജീവന്‍ നിലനിര്‍ത്താന്‍ ജീവന്‍റെ അപ്പം ആവശ്യമാണല്ലോ. ദൈവം നമ്മോടു ക്ഷമിക്കാന്‍ നാം നമ്മുടെ കടക്കാരോടു ക്ഷമിക്കണം. പ്രലോഭനത്തില്‍ ഉള്‍പ്പെടാതിരിക്കാനും തിന്മകളില്‍നിന്നു സംരക്ഷണം ലഭിക്കാനുംവേണ്ടി തുടര്‍ന്നു പ്രാര്‍ത്ഥിക്കുന്നു. നിരന്തരം ദൈവത്തെ സ്തുതിക്കുന്ന മാലാഖമാരുടെ പ്രാര്‍ത്ഥന കര്‍തൃപ്രാര്‍ത്ഥനയുടെ ആരംഭത്തിലും അവസാനത്തിലും ചേര്‍ത്ത് സ്വര്‍ഗ്ഗവാസികളോടൊപ്പം ദൈവത്തെ സ്തുതിക്കുന്നത് ഉചിതമാണ് (ഏശ 6:3-4; വെളി 4:1-8). ഈ പ്രാരംഭ പ്രാര്‍ത്ഥനാഭാഗത്തിന് കാനോനാ എന്നാണ് പേര്.

കാര്‍മ്മികന്‍ ചൊല്ലാന്‍ പോകുന്ന പ്രാര്‍ത്ഥനയ്ക്ക് ആമുഖമായാണ് ഡീക്കന്‍ (മ്ശംശാന) "നമുക്ക് പ്രാര്‍ത്ഥിക്കാം, സമാധാനം നമ്മോടുകൂടെ എന്നുചൊല്ലുന്നത്." മനുഷ്യരുടെ യഥാര്‍ത്ഥ സമാധാനമായ മിശിഹാ നമ്മോടുകൂടെ ഉണ്ടായിരിക്കട്ടെ എന്നും ഈ സമാധാനത്തിനുവേണ്ടി സമൂഹം ഒരുമിച്ചു പ്രാര്‍ത്ഥിക്കട്ടെയെന്നുമാണ് ഈ ആശംസയുടെ അര്‍ത്ഥം. തുടര്‍ന്നാണ് വി. കുര്‍ബ്ബാനയിലെ ആദ്യത്തെ വൈദിക പ്രാര്‍ത്ഥന. ദൈവിക പുത്രന്‍ നല്‍കിയ രഹസ്യങ്ങള്‍ പരികര്‍മ്മം ചെയ്യാനുള്ള അനുഗ്രഹമാണ് ഇവിടെ പ്രാര്‍ത്ഥിക്കുന്നത്.

സങ്കീര്‍ത്തനമാല (മര്‍മ്മീസ)

മൂന്നു സങ്കീര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു മര്‍മ്മീസയാണ് വി. കുര്‍ബ്ബാനയില്‍ ഉപയോഗിക്കുന്നത്. സങ്കീര്‍ത്തനങ്ങള്‍ ഇസ്രായേല്‍ ജനതയുടെ പ്രാര്‍ത്ഥനകളായിരുന്നു; ഈശോയുടെയും. ആരാധകന്‍റെ മനോഭാവങ്ങളോരോന്നും സമജ്ജസമായി പ്രകടിപ്പിക്കുന്ന മനോഹരമായ പ്രാര്‍ത്ഥനകളാണവ. ആരാധന, യാചന, സ്തുതിപ്പ്, അനുതാപം, കൃതജ്ഞത, സ്നേഹം, ദൈവ പരിപാലനയിലുള്ള ആശ്രയബോധം, എന്നിവ അവ പ്രകടിപ്പിക്കുന്നു.

ആഘോഷമായ കുര്‍ബ്ബാനയില്‍ വൈദികന്‍ ദൈവസാന്നിധ്യത്തെ സ്തുതിച്ചുകൊണ്ട് സ്ലോസ (പ്രാര്‍ത്ഥന) ചൊല്ലുന്നു. വിശുദ്ധകുര്‍ബ്ബാനയില്‍ നാം ദൈവസന്നിധിയിലേക്ക് കടന്നുവരുന്നു. ബലിപീഠത്തിനുമുമ്പില്‍ നാം ഒന്നുചേരുന്നു. ഈ ബലിപീഠത്തിന്‍റെയും മദ്ബഹായുടെയും മഹത്വം പ്രകീര്‍ത്തിക്കുന്ന പ്രാര്‍ത്ഥനയാണിത്. സ്ലീവാചുംബനവും മദ്ബഹാഗീതവുമാണ് തുടര്‍ന്നുവരുന്നത്. രക്ഷകനായ മിശിഹായുടെ പ്രതീകമാണ് മാര്‍ സ്ലീവാ. സ്ലീവാ നന്മകളുടെ ഉറവിടമാണ്. അതുവഴിയാണ് മര്‍ത്യഗണം രക്ഷിക്കപ്പെട്ടത്. സ്ലീവാ ശക്തമായ കോട്ടയാണ്. സ്ലീവായെ ആദരിക്കുന്നതുവഴി നാം മിശിഹായെത്തന്നെ ആദരിക്കുന്നു. ഈ സമയത്താണ് സ്ലീവായെ പ്രകീര്‍ത്തിക്കുന്ന മദ്ബഹാഗീതം ആലപിക്കുന്നത്.

ധൂപാര്‍പ്പണത്തിനായി മ്ശംശാനമാര്‍ ധൂപകലശവും കുന്തിരിക്കവും കൊണ്ടുവരികയും വൈദികന്‍ കുന്തിരിക്കം ധൂപകലശത്തിലിട്ട് ആശീര്‍വ്വദിക്കുകയും ചെയ്യുന്നു. ദൈവത്തോടുള്ള ആരാധനയുടെ അടയാളമാണ് ധൂപാര്‍പ്പണം. "അങ്ങയുടെ ബഹുമാനത്തിനായി ഞങ്ങള്‍ സമര്‍പ്പിക്കുന്ന ധൂപം" എന്നാണ് ധൂപാശീര്‍വ്വാദ പ്രാര്‍ത്ഥനയിലുള്ളത്. ദൈവ സന്നിധിയിലേക്കുയരുന്ന പ്രാര്‍ത്ഥനയെ മുകളിലേക്കുയരുന്ന ധൂപം പ്രതീകവല്‍ക്കരിക്കുന്നു. ഒപ്പം ദൈവം നല്‍കുന്ന പാപമോചനം ആരാധനാ സമൂഹമൊന്നാകെ അനുഭവിക്കുന്നതും മദ്ബഹായില്‍ നിറഞ്ഞുനില്‍ക്കുന്ന ദൈവത്തിന്‍റെ പരിശുദ്ധിയില്‍ അവര്‍ ആമഗ്നരാകുന്നതും സൂചിതമാകുന്നു. ധൂപാര്‍പ്പണത്തിന്‍റെ ആശയത്തോടുകൂടിയ പ്രാര്‍ത്ഥനയാണ് ധൂപം ആശീര്‍വ്വദിച്ചതിനുശേഷം കാര്‍മ്മികന്‍ ചൊല്ലുന്നത്.

സകലത്തിന്‍റെയും നാഥാ

ധൂപാര്‍ച്ചനയുടെ സമയത്താണ് "സകലത്തിന്‍റെയും നാഥാ" എന്ന ഉത്ഥാനഗീതം ആലപിക്കുന്നത്. ഗീതം ആലപിക്കാന്‍ തുടങ്ങുമ്പോള്‍ മദ്ബഹായുടെ വിരി തുറക്കുന്നു. ഈശോ മാമ്മോദീസാ സ്വീകരിച്ചപ്പോള്‍ സ്വര്‍ഗ്ഗം തുറക്കപ്പെട്ടതിന്‍റെ സൂചനയാണിത്. പ്രകാശപൂരിതമായ മദ്ബഹ ലോകത്തിന്‍റെ പ്രകാശമായ മിശിഹായുടെ സാന്നിദ്ധ്യം സൂചിപ്പിക്കുന്നു. മദ്ബഹായില്‍ അള്‍ത്താര ധൂപിച്ചുകൊണ്ട് ദൈവാലയകവാടംവരെ പോകുന്നു. ഈശോയുടെ ദൈവത്വം മാമ്മോദീസായില്‍ വെളിപ്പെടുത്തപ്പെട്ടു. അതു പൂര്‍ത്തിയായത് ഈശോയുടെ ഉയിര്‍പ്പിലാണ്. നമ്മുടെ ഉയിര്‍പ്പിന്‍റെ അച്ചാരമാണ് കര്‍ത്താവിന്‍റെ ഉയിര്‍പ്പ്. ഇക്കാര്യങ്ങളാണ് ഈ ഗീതത്തില്‍ നാം ഓര്‍ക്കേണ്ടത്. തുടര്‍ന്നുള്ള പ്രാര്‍ത്ഥനയില്‍ ഈശോമിശിഹായുടെ ഉത്ഥാനത്തിന്‍റെ പ്രത്യാശയാണ് വിശ്വാസിക്കു പകര്‍ന്നു കൊടുക്കുന്നത്. ഈ പ്രാര്‍ത്ഥനയോടെ ആമുഖശുശ്രൂഷ സമാപിക്കുന്നു.

വി.കുര്‍ബ്ബാനയെന്ന മഹത്തായ രഹസ്യം യോഗ്യതാപൂര്‍വ്വം അനുഷ്ഠിക്കുന്നതിന് ആമുഖ ശുശ്രൂഷ വിശ്വാസികളെ ഒരുക്കുന്നു. കര്‍ത്താവിന്‍റെ കല്പന അനുസ്മരിച്ചുകൊണ്ടുള്ള തുടക്കം, മനുഷ്യാവതാരവേളയിലെ മാലാഖമാരുടെ കീര്‍ത്തനത്തിന്‍റെ ആലാപനം, കര്‍തൃപ്രാര്‍ത്ഥന, സങ്കീര്‍ത്തനമാല, സ്ലീവാചുംബനം, ധൂപാര്‍പ്പണം, സകലത്തിന്‍റെയും നാഥാ എന്ന പ്രാര്‍ത്ഥന, വിവിധ വൈദിക പ്രാര്‍ത്ഥനകള്‍, ഇവയെല്ലാം വിശുദ്ധകുര്‍ബ്ബാനയുടെ കേന്ദ്രഭാഗത്തിലേക്കു പ്രാര്‍ത്ഥനാപൂര്‍വ്വം നയിക്കുന്നു. സജീവവും ആത്മാര്‍ത്ഥവുമായ ഭാഗഭാഗിത്വംവഴി അമൂല്യമായ ഫലങ്ങള്‍ നേടാന്‍ ഇവ വിശ്വാസിയെ തയ്യാറാക്കും.

വചന ശുശ്രൂഷ

വിശുദ്ധ കുര്‍ബ്ബാന ഒരു ബലിയും വിരുന്നുമാണ്. ജീവിതക്ലേശങ്ങളാകുന്ന കുരിശുമെടുത്ത് നാം നടത്തുന്ന ഈ ജീവിത തീര്‍ത്ഥാടനത്തില്‍ നാം നമ്മുടെ ജീവിതങ്ങള്‍കൊണ്ട് കര്‍ത്താവിനര്‍പ്പിക്കുന്ന പ്രീതികരമായ ബലിയും ഈ തീര്‍ത്ഥാടനത്തില്‍ നമ്മുടെ ആത്മാവിനും ശരീരത്തിനും ശക്തിപകരുന്ന വിരുന്നുമാണ് വി. കുര്‍ബ്ബാന. ജീവിതയാത്രയില്‍ പതറാതെ തളരാതെ നീങ്ങുവാന്‍ നമ്മെ ശക്തിപ്പെടുത്തുന്ന ഒരു പാഥേയമാണ് (പൊതിച്ചോറാണ്) വി. കുര്‍ബ്ബാന. ദിവ്യബലിയുടെ രണ്ടു മേശകളില്‍നിന്നുമാണ് ഈ ആത്മീയ ഭക്ഷണം നമുക്ക് ലഭിക്കുന്നത്. വചനത്തിന്‍റെ മേശയില്‍നിന്നും അപ്പത്തിന്‍റെ മേശയില്‍നിന്നും. 'ഇത് ദൈവ വചനത്താല്‍ നാം പ്രബോധിതരും വി. കുര്‍ബ്ബാനവഴി നവോന്മേഷവാന്മാരും ആകുന്നതിനുവേണ്ടിയാണ്' (രണ്ടാം വത്തിക്കാന്‍, ആരാധനാക്രമം, 48).

എമ്മാവൂസിലേക്ക് യാത്രതിരിച്ച രണ്ടു ശിഷ്യന്മാരുടെ അനുഭവം നാം വചനത്താല്‍ പ്രബോധിതരാകേണ്ടതിന്‍റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്നു. ഉത്ഥിതനോടൊത്ത് നടന്ന് വചനം സ്വീകരിച്ചപ്പോള്‍ അവരുടെ ഹൃദയങ്ങള്‍ ജ്വലിച്ചു (ലൂക്കാ 24:32),. വചനത്താല്‍ പ്രബോധിതരായ അവര്‍ മുറിക്കപ്പെട്ട അപ്പത്തില്‍ ഉത്ഥിതനെ കണ്ടെത്തി അനുഭവിച്ചു. അപ്പത്തില്‍ രക്ഷകനെ കണ്ടെത്താന്‍ കഴിയണമെങ്കില്‍ നാം നമ്മുടെ ഹൃദയങ്ങളെ വചനം സ്വീകരിച്ച് ജ്വലിപ്പിക്കേണ്ടതുണ്ട്. ഇതാണ് വചന ശുശ്രൂഷയുടെ ലക്ഷ്യം.

വിശുദ്ധകുര്‍ബ്ബാനയെ ഏഴുഭാഗങ്ങളാക്കി തിരിച്ചിട്ടുണ്ടല്ലോ. ആമുഖ ശുശ്രൂഷയ്ക്കുശേഷം വരുന്ന ഭാഗമാണ് വചന ശുശ്രൂഷ. 'സഹോദരരേ നമുക്ക് സ്വരമുയര്‍ത്തി സജീവനായ ദൈവത്തെ പ്രകീര്‍ത്തിക്കാം' എന്ന ശുശ്രൂഷിയുടെ ആഹ്വാനത്തോടെയാണ് വചന ശുശ്രൂഷ ആരംഭിക്കുന്നത്. സ്വര്‍ഗ്ഗീയദര്‍ശനം ലഭിച്ച വിശ്വാസി ദൈവത്തിനു നല്‍കുന്ന നിര്‍വ്വചനമാണ് 'പരിപാവനനാം സര്‍വ്വേശാ' എന്നുതുടങ്ങുന്ന ത്രൈശുദ്ധ കീര്‍ത്തനം. എനിക്കുമുമ്പില്‍ പ്രത്യക്ഷനായിരിക്കുന്ന ദൈവം സര്‍വ്വശക്തനും ബലവാനും അമര്‍ത്യനുമാണ്. സ്വര്‍ഗ്ഗീയ ദര്‍ശനം ലഭിച്ചപ്പോള്‍ ഏശയ്യാ പ്രവാചകനുണ്ടായ പാപബോധം ഈ സ്വര്‍ഗ്ഗീയ ദര്‍ശനത്തിലൂടെ വിശ്വാസിക്ക് കൈവരുന്നു. തന്‍റെ അയോഗ്യതകളെയോര്‍ത്ത് നിലവിളിച്ച ഏശയ്യായെ വിശുദ്ധീകരിക്കാന്‍ ദൈവം തീക്കനലുമായി മാലാഖയെ അയച്ചതുപോലെ സ്വന്തം യോഗ്യതകള്‍ ഏറ്റുപറഞ്ഞ് പരമ പരിശുദ്ധനായ ദൈവത്തെ സ്തുതിക്കുന്നവനെ അവിടുന്ന് തന്‍റെ വചനമയച്ച് വിശുദ്ധീകരിക്കും. കാരണം "ദൈവത്തിന്‍റെ വചനം സജീവവും ഊര്‍ജ്ജസ്വലവുമാണ്. ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്‍റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്" (ഹെബ്രാ 4:12).

വി. കുര്‍ബ്ബാനയില്‍ ആകെ നാലു വായനകളാണുള്ളത്. ആദ്യ രണ്ടു വായനകള്‍ പഴയനിയമത്തില്‍നിന്നാണ്. ഒന്നാം വായന പഞ്ചഗ്രന്ഥത്തില്‍നിന്നാണ്. പഞ്ചഗ്രന്ഥം സൃഷ്ടിയുടെയും പരിപാലനയുടെയും ചരിത്രമാണ് നല്‍കുന്നത്. രണ്ടാമത്തെ വായന പ്രവാചക ഗ്രന്ഥങ്ങളില്‍നിന്നോ ഇതര പഴയനിയമ ഗ്രന്ഥങ്ങളില്‍നിന്നോ ആയിരിക്കും. തന്‍റെ സ്വന്തം ജനത്തെ കരംപിടിച്ച് നടത്താനായി ദൈവം നല്‍കിയ അരുളപ്പാടുകളും സന്ദേശങ്ങളുമാണ് രണ്ടാമത്തെ വായന ഉള്‍ക്കൊള്ളുന്നത്. സുവിശേഷ വായനയ്ക്കുമുമ്പുളള ലേഖന വായന ഈശോയ്ക്കു വഴിതെളിക്കാന്‍ വന്ന സ്നാപകയോഹന്നാനെ സൂചിപ്പിക്കുന്നു. സ്നാപകന്‍ കടന്നുവന്നത് അനുതാപത്തിന്‍റെയും മാനസാന്തരത്തിന്‍റെയും ആഹ്വാനമായിട്ടാണ്. വചനമായ മിശിഹായെ സ്വീകരിക്കാന്‍ എപ്രകാരമാണ് നാം അനുതപിച്ചൊരുങ്ങേണ്ടത് എന്ന് ലേഖനത്തിലൂടെ നമുക്ക് പറഞ്ഞുതരുന്നു. മോശ, പ്രവാചകന്‍, ശ്ലീഹ, സുവിശേഷം ഇവയാണ് നാലുവായനകള്‍. ആരാധനാ ക്രമത്തില്‍ വ്യവസ്ഥകളനുസരിച്ച് അദ്ധ്യായം, വാക്യ നമ്പറുകള്‍ എന്നിവ പറയേണ്ട ആവശ്യമില്ല.

ആരാധനാക്രമത്തിന്‍റെ വ്യവസ്ഥകളനുസരിച്ച് പഴയ നിയമം കാറോയപ്പട്ടം സ്വീകരിച്ചവരും ലേഖനം ഡീക്കന്‍പട്ടം സ്വീകരിച്ചവരുമാണ് വായിക്കേണ്ടത്. ഈ പട്ടങ്ങള്‍ സ്വീകരിച്ചവര്‍ ഇല്ലാത്തപ്പോഴാണ് മറ്റു ശുശ്രൂഷികളുടെ പ്രസക്തി. അവര്‍ വിശുദ്ധഗ്രന്ഥം ആദരപൂര്‍വ്വം എല്ലാവര്‍ക്കും മനസ്സിലാകുംവിധം സ്ഫുടമായും വ്യക്തമായും വായിക്കണമെന്നു പറയേണ്ടതില്ലല്ലോ. വായനപ്പുസ്തകത്തിന്‍റെ പേര് പറയുന്നതും വൈദികനോടുള്ള ആശീര്‍വ്വാദാപേക്ഷയും ഉച്ചത്തില്‍തന്നെയാണ് വേണ്ടത്.

പഴയനിയമ വായനകള്‍ക്കുശേഷമുള്ള പ്രകീര്‍ത്തനം നിന്നുകൊണ്ടുപാടി മൂന്നു ഹല്ലേലൂയ്യായോടുകൂടിയാണ് അവസാനിപ്പിക്കേണ്ടത്. ആരാധനാക്രമവത്സരത്തോടും തിരുനാളിനോടും വായനകളെ ബന്ധപ്പെടുത്തുന്ന കീര്‍ത്തനമാണിത്. ലേഖനത്തിലും സുവിശേഷത്തിനും മുമ്പുള്ള "തുര്‍ഗ്ഗാമ"കള്‍ വായിക്കുവാന്‍ പോകുന്ന ഭാഗത്തിന് ആമുഖമായി വര്‍ത്തിക്കുകയും അവ സ്വീകരിക്കുവാന്‍ ആരാധകരുടെ ഹൃദയങ്ങളെ സജ്ജമാക്കുകയും ചെയ്യുന്നു. ഹല്ലേലൂയ്യാഗീതം സുവിശേഷോപദേശവുമായി വരുന്ന മിശിഹാനാഥനുള്ള സ്തുതി കീര്‍ത്തനമാണ്. ധൂപാര്‍പ്പണം, ഓനീസ ("പുസ്തകങ്ങളുടെ ആരംഭത്തില്‍"), സുവിശേഷ ചുംബനം എന്നിവ അവതാരം ചെയ്ത വചനത്തോടുള്ള ആദരവും പ്രകടിപ്പിക്കുന്നു.

ലേഖനവായനയ്ക്കുശേഷം ധൂപത്തിന്‍റെയും തിരികളുടെയും അകമ്പടിയോടെ കാര്‍മ്മികന്‍ സ്വര്‍ഗ്ഗത്തിന്‍റെ  പ്രതീകമായ മദ്ബഹയില്‍ പ്രവേശിച്ച് ബലിപീഠത്തിന്‍റെ വലത്തുവശത്തുനിന്നും സുവിശേഷഗ്രന്ഥമെടുത്ത് ചുംബിച്ച് ബലിപീഠത്തിന്‍റെ മദ്ധ്യഭാഗത്ത് വന്നുനില്‍ക്കുന്നു. മിശിഹാതന്നെയായ സുവിശേഷത്തോടുള്ള ആദരസൂചകമായിട്ടാണ് കാര്‍മ്മികന്‍ സുവിശേഷ ഗ്രന്ഥം ചുംബിക്കുന്നത്. മനുഷ്യാവതാരം വഴി കൈവന്ന ദൈവ-മനുഷ്യ ബന്ധത്തേയും അടുപ്പത്തേയും ഈ ചുംബനം സൂചിപ്പിക്കുന്നു. പിതാവിന്‍റെ ജീവദായകവചനമായ മിശിഹായുടെ ഭൂമിയിലേക്കുള്ള ഇറങ്ങിവരവിനെ പ്രതീകാത്മകമായി സൂചിപ്പിക്കുന്നതാണ് സുവിശേഷ ഗ്രന്ഥവുമായുള്ള ആഘോഷമായ പ്രദക്ഷിണം. കാര്‍മ്മികനല്ല മിശിഹാതന്നെയാണ് ഇറങ്ങിവരുന്നത് എന്നു സൂചിപ്പിക്കാനാണ് കാര്‍മ്മികന്‍ സുവിശേഷഗ്രന്ഥംകൊണ്ട് മുഖം മറയ്ക്കുന്നത്.

കാര്‍മ്മികന്‍റെ സമാധാനാശംസ ഉത്ഥിതനായ മിശിഹായുടെ അഭിവാദനത്തെ, നിങ്ങള്‍ക്കു സമാധാനം എന്ന ആശംസയെ, ഓര്‍മ്മിപ്പിക്കുന്നതാണ്. നിനക്ക് സമാധാനം വേണോ എങ്കില്‍ വചനം സ്വീകരിക്കുക. മിശിഹാ നമ്മോടു നേരിട്ട് സംസാരിക്കുകയാണ്. (അതുകൊണ്ട് അദ്ധ്യായവും വാക്യവും പറയുന്നത് അപ്രസക്തമാണ്) ജീവദായക വചനത്തിന്‍റെ വിത്തുകള്‍ എന്‍റെ ഹൃദയത്തിലേക്ക് വിതയ്ക്കപ്പെടുന്ന അസുലഭ മുഹൂര്‍ത്തമാണിത്. അതുകൊണ്ടാണ് നമുക്ക് ശ്രദ്ധാപൂര്‍വ്വം നിന്ന് പരിശുദ്ധ സുവിശേഷം ശ്രവിക്കാം എന്ന് ശുശ്രൂഷി നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. നമ്മുടെ കര്‍ത്താവായ മിശിഹായ്ക്കു സ്തുതി എന്ന ആരാധനാ സമൂഹത്തിന്‍റെ മറുപടി മാനവകുലത്തിന് സ്വയം വെളിപ്പെടുത്തിയ മിശിഹായ്ക്ക് സ്തുതിയുടെയും സന്തോഷത്തിന്‍റെയും പ്രകരണങ്ങള്‍ അര്‍പ്പിക്കലാണ്. നമ്മോട് സംസാരിക്കാനായി ഭൂമിയിലേക്കിറങ്ങിവന്ന മിശിഹായെ സ്തുതിച്ച് നന്ദിപറഞ്ഞ് നാം ശ്രദ്ധയോടെ തിരുവചനങ്ങള്‍ക്ക് ഹൃദയം കൊടുക്കണം. വചനം ശ്രവിക്കുന്നവര്‍ മാത്രമാകാതെ വചനം സ്വീകരിക്കുന്നവരായി മാറണം. നമ്മുടെ ഹൃദയവയലുകളില്‍ വചനം വീണ് മുളപൊട്ടി തഴച്ചുവളര്‍ന്ന് അത് നൂറുമേനി ഫലം ചൂടണം (ലൂക്കാ 8:8) കര്‍ത്താവേ ഞങ്ങള്‍ ആരുടെ അടുത്തേക്ക് പോകും നിത്യജീവന്‍റെ വചനങ്ങള്‍ നിന്‍റെ പക്കലുണ്ട് (യോഹ 6:68) എന്ന പത്രോസിന്‍റെ മനോഭാവം സ്വന്തമാക്കിവേണം നാം വചനം ശ്രവിക്കാന്‍.

സുവിശേഷവായന ശ്രവിക്കുന്ന അതേ ശ്രദ്ധയോടെ വേണം നാം സുവിശേഷ വ്യാഖ്യാനത്തിനും ഹൃദയംകൊടുക്കാന്‍. കാരണം വചന പീഠനത്തില്‍നിന്നു വചനം പ്രഖ്യാപിക്കുന്നത് കാര്‍മ്മികനല്ല മിശിഹാതന്നെയാണ്. തന്‍റെ ശിഷ്യര്‍ക്ക് വചനം വ്യാഖ്യാനിച്ചുകൊടുക്കുന്ന ഈശോയെയാണ് (ലൂക്കാ 8:12) വചനമേശയില്‍ നില്‍ക്കുന്ന കാര്‍മ്മികന്‍ സൂചിപ്പിക്കുന്നത്. ഇന്നിന്‍റെ ജീവിത പശ്ചാത്തലങ്ങളോട് തിരുവചനത്തെ ചേര്‍ത്തുവച്ച്, വിശദീകരിച്ച്, ക്രിസ്തു രഹസ്യത്തെ നിത്യജീവിതവുമായി ബന്ധിപ്പിക്കുന്ന ദൈവിക പ്രവൃത്തിയാണ് സുവിശേഷ വ്യാഖ്യാനം. "സുവിശേഷം പ്രസംഗിക്കുന്നവരുടെ പാദങ്ങള്‍ എത്ര സുന്ദരം (റോമാ 10:15) എന്നാണ് തിരുവചനം പറയുന്നതെങ്കില്‍ വചനം സ്വീകരിച്ച് അതിനനുസരിച്ച് ജീവിക്കുന്നവര്‍ അതിലും എത്രയോ വലിയവരായിരിക്കും. ദൈവ വചനമനുസരിച്ച് ജീവിക്കുന്നതിനാവശ്യമായ വിശ്വാസം നമുക്ക് ലഭിക്കുന്നത് വചന ശ്രവണത്തിലൂടെയാണ്. "വിശ്വാസം കേള്‍വിയില്‍ നിന്നും കേള്‍വി മിശിഹായെപ്പറ്റിയുള്ള പ്രസംഗത്തില്‍നിന്നുമാണ്" (റോമാ 10:17). കേള്‍വിയില്‍നിന്ന് വിശ്വാസം സ്വീകരിച്ച് വിശ്വാസംവഴി മിശിഹായെ സ്വന്തമാക്കി അവിടുത്തെ വചനങ്ങള്‍ അനുസരിച്ച് ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുമ്പോഴാണ് നമ്മുടെ ശ്രവണം പൂര്‍ത്തിയാകുന്നത്.

വചനശ്രവണത്തിലൂടെ ആരാധനാ സമൂഹത്തിന്‍റെ വിശുദ്ധീകരണംകൂടി നടക്കുന്നുണ്ട്. വചനശ്രവണത്തിലൂടെ സ്വയം വിശുദ്ധീകരിച്ച് ദൈവാരാധനയുടെ അത്യുന്നത തലങ്ങളിലേക്ക് കയറിച്ചെല്ലാന്‍ ഓരോ വിശ്വാസിയേയും സഹായിക്കുംവിധമാണ് വി. കുര്‍ബ്ബാനയുടെ ക്രമം. തന്‍റെ വചനമാകുന്ന സത്യത്താല്‍ തന്‍റെ ശിഷ്യര്‍ വിശുദ്ധീകരിക്കപ്പെടാന്‍ അതേ സത്യവചനങ്ങള്‍ വചനത്തിന്‍റെ മേശയില്‍നിന്നും പ്രഘോഷിക്കപ്പെടുന്നതുവഴി അതു ശ്രവിക്കുന്ന ആരാധനാ സമൂഹവും വിശുദ്ധീകരിക്കപ്പെടുന്നു. മിശിഹാ തന്‍റെ സഭയെ വിശുദ്ധീകരിക്കുന്നതിന് അവളെ ജലത്താല്‍ കഴുകി വചനത്താല്‍ വെണ്മയുള്ളവളാക്കി (എഫേ 5:26) എന്ന് പൗലോസ് ശ്ലീഹാ സാക്ഷ്യപ്പെടുത്തുന്നു. പാപത്തിന്‍റെ മാലിന്യങ്ങളകറ്റി നമ്മെ വിശുദ്ധീകരിക്കുന്നത് ദൈവത്തിന്‍റെ വചനമാണ്. ദൈവവചനമാകുന്ന ജലത്താല്‍ കഴുകി വിശുദ്ധി നേടുമ്പോഴാണ് അപ്പത്തിന്‍റെ മേശയിലേക്ക് പ്രതീക്ഷയോടെ നോക്കാന്‍ നമുക്ക് കഴിയുക.

വചനം സ്വീകരിച്ച് ഹൃദയം ജ്വലിപ്പിച്ചവനുമാത്രമേ അപ്പത്തിന്‍റെ മേശയില്‍നിന്ന് മിശിഹായുടെ ശരീരരക്തങ്ങള്‍ സ്വീകരിക്കുവാന്‍ കഴിയൂ എന്നാണ് എമ്മാവൂസ് സംഭവം നമുക്ക് പറഞ്ഞുതരുന്നത്. ഹതാശരായ ശിഷ്യന്മാര്‍ക്കൊപ്പം നടന്ന് ഉത്ഥിതന്‍ അവര്‍ക്ക് ആദ്യം ജീവന്‍റെ വചനങ്ങള്‍ പറഞ്ഞുകൊടുത്ത് (യോഹ 6:68) അവരുടെ ഹൃദയങ്ങളെ ജ്വലിപ്പിച്ചു. അതിനുശേഷം അവര്‍ക്ക് ജീവന്‍റെ അപ്പം മുറിച്ചുനല്‍കി. അപ്പോള്‍ നാഥനെ തിരിച്ചറിഞ്ഞ അവര്‍ അവിടുത്തെ ഉത്ഥാനത്തിന്‍റെ സാക്ഷികളായി. ഇതേ ദൃഢനിശ്ചയത്തോടെ വേണം നാം തുടര്‍ന്നുള്ള കാറോസൂസായില്‍ പങ്കെടുത്ത് സകലവിധ ആവശ്യങ്ങള്‍ക്കുംവേണ്ടി പ്രാര്‍ത്ഥിക്കാന്‍. ഈ മനോഭാവം സ്വന്തമാക്കിക്കൊണ്ട് നമുക്ക് വചനത്തിന്‍റെ മേശയില്‍നിന്നും ജീവന്‍റെ വചനത്തെ സ്വീകരിച്ച് ഹൃദയത്തില്‍ പ്രകാശം നിറയ്ക്കാം. വചനത്താല്‍ ഹൃദയത്തെ നിറച്ച് നാഥനോടൊത്ത് വസിക്കുന്നവരാകാം.

"നമ്മുടെ കര്‍ത്താവീശോമിശിഹായുടെ തിരുശരീരത്തെ വണങ്ങുന്നതുപോലെയാണ് വി. ഗ്രന്ഥത്തേയും സഭ എന്നും വണങ്ങിപ്പോന്നിട്ടുള്ളത്. സംപൂജ്യമായ ആരാധനാക്രമത്തില്‍ ജീവന്‍റെ അപ്പം മിശിഹായുടെ ശരീരമാകുന്ന മേശയില്‍നിന്നെന്നപോലെ ദൈവവചനമാകുന്ന മേശയില്‍നിന്നും സ്വീകരിച്ച് വിശ്വാസികള്‍ക്ക് വിതരണം ചെയ്യുന്ന വിശുദ്ധ പാരമ്പര്യങ്ങളോട് ചേര്‍ന്ന് വിശുദ്ധ ലിഖിതങ്ങളെയും വിശ്വാസത്തിന്‍റെ പരമ മാനദണ്ഡമായി സഭ എന്നും കരുതിപ്പോന്നിട്ടുണ്ട്. കാരണം ദൈവ നിവേശനത്താലാണ് വി. ഗ്രന്ഥം എന്നേയ്ക്കുമായി ലിഖിതരൂപത്തില്‍ പകര്‍ത്തപ്പെട്ടത്. ആ നിലയ്ക്ക് ദൈവത്തിന്‍റെതന്നെ വചനം അന്യൂനമായി അതില്‍ ലഭ്യമാണ്. വി. ഗ്രന്ഥത്തിലൂടെയാണ് സ്വര്‍ഗ്ഗസ്ഥനായ പിതാവ് തന്‍റെ മക്കളെ അതീവ സ്നേഹത്തോടെ ഉറ്റുനോക്കുന്നതും  അവരുമായി സംഭാഷണം ചെയ്യുന്നതും. ദൈവവചനത്തിന്‍റെ ശക്തിയും കഴിവും വളരെ വലുതാണ്. അത് സഭയ്ക്ക് ആലംബവും ഊര്‍ജ്ജസ്വലതയും നല്‍കുന്നു. അവളുടെ മക്കള്‍ക്കാവശ്യമായ വിശ്വാസത്തിനുവേണ്ട ശക്തിയുടെ ആത്മാവിന്‍റെ ഭക്ഷണവും അതുതന്നെ" (ദൈവാവിഷ്ക്കരണം 21)

 

ഒരുക്കശുശ്രൂഷ

വി. കുര്‍ബ്ബാനയില്‍ വചനശുശ്രൂഷയ്ക്കുശേഷവും അനാഫൊറയ്ക്കു മുമ്പുമുള്ള ഭാഗമാണ് ഒരുക്കശുശ്രൂഷ. ബലിവസ്തുക്കളായ അപ്പവും വീഞ്ഞും ഒരുക്കി അള്‍ത്താരയില്‍ പ്രതിഷ്ഠിക്കുന്നതു മുതല്‍ കാര്‍മ്മികന്‍റെ ആദ്യപ്രാര്‍ത്ഥനായാചന ഉള്‍പ്പെടെയുള്ള ഭാഗങ്ങളാണ് ഒരുക്കശുശ്രൂഷയില്‍ വരുന്നത്. വചനം കേട്ട് ഹൃദയത്തെ ഒരുക്കി ബലിയര്‍പ്പണത്തിനു തയ്യാറായിരിക്കുന്ന ദൈവജനം വി. കുര്‍ബ്ബാനയുടെ മര്‍മ്മപ്രധാന ഭാഗമായ അനാഫൊറയിലേക്ക് പ്രവേശിക്കുന്നതിനുവേണ്ട ഒരുക്കങ്ങള്‍ നടക്കുകയാണിവിടെ.

രണ്ടുതലത്തിലുള്ള ഒരുക്കങ്ങള്‍ ഇവിടെ നടക്കുന്നതായി നമുക്ക് കാണാം. ഒന്ന്, അദ്ധ്യാത്മികതലത്തിലുള്ള ഒരുക്കം. അയോഗ്യരെ പുറത്താക്കല്‍, സാഷ്ടാംഗപ്രമാണം, കൈകഴുകള്‍, ദിവ്യരഹസ്യഗീതം, വിശ്വാസപ്രമാണം, മദ്ബഹപ്രവേശനം, പുരോഹിതന്‍റെ പ്രാര്‍ത്ഥന, യാചന എന്നിവ അനാഫൊറയിലേയ്ക്കു പ്രവേശിക്കുവാനുള്ള ആത്മീയ ഒരുക്കങ്ങളാണ്. രണ്ടാമതായി, വസ്തുപരമായ ഒരുക്കം. ബേസ്ഗസുകളില്‍ വച്ച് ബലിവസ്തുക്കള്‍ ഒരുക്കുകയും അവ ആഘോഷമായി ബലിപീഠത്തിലേയ്ക്ക് സംവഹിക്കുകയും അവിടെ പ്രതിഷ്ഠിക്കുകയും ചെയ്യുന്നത് ഈശോയുടെ ശരീരരക്തങ്ങളായിത്തീരാനുള്ള വസ്തുക്കളെ സജ്ജീകരിക്കലാണ്.

വസ്തുപരമായ ഒരുക്കം

ബലിവസ്തുക്കള്‍ ഒരുക്കുന്നത് രണ്ട് ഉപപീഠങ്ങളില്‍ വച്ചാണ്. കാസയും പീലാസയും ധൂപിച്ച് അവയിലാണ് ഒരുക്കുക. മിശിഹായുടെ തിരുശ്ശരീര രക്തങ്ങള്‍ സംവഹിക്കാന്‍ മാത്രം യോഗ്യതയും വിശുദ്ധിയുമുള്ള പാത്രങ്ങളാണവ എന്ന് മുന്‍കൂട്ടിത്തന്നെ ഉറപ്പുവരുത്തുകയാണ് ഈ കര്‍മ്മത്തിലൂടെ. ബലിവസ്തുക്കളുടെ ഒരുക്കം മിശിഹായുടെ പീഡാനുഭവത്തെയും മരണത്തെയുമാണ് പ്രതീകാത്മകമായി അനുസ്മരിപ്പിക്കുന്നത്.

ഒരുക്കിയ ബലിവസ്തുക്കള്‍ ബലിപീഠത്തിലേയ്ക്ക് ആഘോഷമായി സംവഹിക്കുന്നത് രണ്ടു കാര്യങ്ങള്‍ പ്രതീകവല്ക്കരിക്കുന്നു എന്നു പിതാക്കന്മാര്‍ പറയുന്നു: ബലിപീഠം മിശിഹായുടെ കബറിടത്തിന്‍റെ പ്രതീകമാകയാല്‍ കാല്‍വരിയില്‍ നിന്നും മിശിഹായുടെ മൃതശരീരം കബറിടത്തിലേയ്ക്കു സംവഹിച്ചതിനേയും, ബലിപീഠം ബലിവേദി തന്നെയാകയാല്‍ മിശിഹായുടെ കാല്‍വരിയിലേക്കുള്ള യാത്രയേയും സൂചിപ്പിക്കുന്നു.

ഇരുകരങ്ങളില്‍ ബലിവസ്തുക്കള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് മിശിഹായുടെ കുരിശിലെ ബലിയോടു ചേര്‍ത്ത് നമ്മുടെ ജീവിതവും അര്‍പ്പിക്കുന്നതിന്‍റെ പ്രതീകമാണ്. ബലിവസ്തുക്കള്‍ അപ്പവും വീഞ്ഞും മാത്രമല്ല ഓരോ വിശ്വാസിയുടെയും ജീവിതം കൂടിയാണ്. സ്വയം ബലികഴിക്കുകയും ആ ബലിയുടെ ഓര്‍മ്മയാചരിക്കുവാന്‍ കല്പിക്കുകയും ചെയ്ത മിശിഹാതന്നെയാണ് ഈ ബലി സ്വീകരിക്കുന്നതും.

അയോഗ്യരെ പുറത്താക്കല്‍

വി. കുര്‍ബ്ബാന നമ്മുടെ  വിശ്വാസത്തിന്‍റെ പരസ്യമായ ആഘോഷവും അനുഷ്ഠാനവുമാണ്. വി. കുര്‍ബ്ബാനയുടെ വിഷയം വിശ്വാസത്തിന്‍റെ വിഷയങ്ങളാണ്. വിശ്വാസമില്ലാത്തവര്‍ക്ക് വി. കുര്‍ബ്ബാനയുടെ വിഷയങ്ങള്‍ ദുര്‍ഗ്രഹവും അസ്വീകാര്യവുമായി തോന്നാം. മാമ്മോദീസാ സ്വീകരിച്ച് വിശ്വാസത്തിലേയ്ക്ക് കടന്നുവരാത്തവരും വിശ്വാസം ത്യജിച്ചവരും വിശ്വാസജീവിതത്തിന് എതിര്‍സാക്ഷ്യം നല്‍കി ജീവിക്കുന്നവരും അതില്‍ പങ്കുകൊള്ളാന്‍ വേണ്ട അവശ്യയോഗ്യത ഇല്ലാത്തവരാണ്. പള്ളിയകത്ത് ഇടമുള്ളപ്പോഴും പുറത്തുനില്‍ക്കുവാന്‍ ഇഷ്ടപ്പെടുന്നവര്‍ അവിശ്വാസികളുടെയും പരസ്യപാപികളുടെയും വിശ്വാസത്യാഗികളുടെയും ഗണത്തില്‍പ്പെടുകയാണ്. ശുശ്രൂഷി നല്‍കുന്ന അറിയിപ്പ് ബലിയര്‍പ്പകരുടെ വലിയ ക്രൈസ്തവവിളിയെപ്പറ്റി അനുസ്മരിപ്പിക്കുന്നു.

സാഷ്ടാംഗ പ്രണാമം

നമ്മുടെ കുര്‍ബ്ബാനക്രമത്തിലെ റാസക്രമത്തില്‍ മാത്രം നടത്തുന്ന ഒരു കര്‍മ്മമാണ് സാഷ്ടാംഗപ്രണാമം. ഈശോ തന്‍റെ ബലിയര്‍പ്പണത്തിനുമുമ്പ് അന്ത്യഅത്താഴസമയത്ത് (യോഹ 13:1-2) ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയതിനെ അനുസ്മരിപ്പിക്കുന്നതാണ് കാര്‍മ്മികന്‍ സാഷ്ടാംഗം പ്രണമിച്ച് തറയില്‍ വിരിച്ചിരിക്കുന്ന ശോശപ്പയില്‍ പന്ത്രണ്ടുപ്രാവശ്യം ചുംബിക്കുന്ന കര്‍മ്മം. ഇതിനോടനുബന്ധിച്ചുള്ള ഗാനങ്ങള്‍ പൗരോഹിത്യത്തെയും ബലിയര്‍പ്പണത്തെയും കുറിച്ച് പ്രതിപാദിക്കുന്നവയാണ്. തുടര്‍ന്നുവരാന്‍പോകുന്ന ഭാഗത്ത് കാര്‍മ്മികന്‍ മദ്ബഹയില്‍ പ്രവേശിച്ച് ബലിയര്‍പ്പിക്കുമെന്നും സ്വര്‍ഗ്ഗത്തിലേയ്ക്ക് കരങ്ങളുയര്‍ത്തി പരിശുദ്ധാത്മാവിനെ വിളിക്കുമെന്നും അവിടുന്ന് സ്വര്‍ഗ്ഗത്തില്‍ നിന്നറങ്ങിവന്ന് ബലിവസ്തുക്കളുടെമേല്‍ ആവസിച്ച് അവയെ മിശിഹായുടെ തിരുശരീരരക്തങ്ങളാക്കിത്തീര്‍ക്കുമെന്നും ഈ ഗാനത്തില്‍ അനുസ്മരിക്കുന്നു.

ഈശോ തന്‍റെ അന്തിമപ്രഭാഷണത്തില്‍ ശിഷ്യന്മാര്‍ക്കു നല്‍കിയ വാഗ്ദാനവും ഇവിടെ അനുസ്മരിക്കുന്നുണ്ട്. കാല്‍വരിയിലെ ബലിയര്‍പ്പണത്തില്‍ ഈശോയെ ശക്തിപ്പെടുത്താന്‍ ഗത്സമെനിയില്‍ പ്രത്യക്ഷപ്പെട്ട ദൈവദൂതനെപ്പോലെ ഡീക്കന്മാര്‍ മദ്ബഹയില്‍ നിന്ന് പടിപടിയായി ഇറങ്ങിവന്ന് കാര്‍മ്മികനെയും സമൂഹത്തെയും ശക്തിപ്പെടുത്താന്‍ മിശിഹാ ലോകാവസാനംവരെ ലോകത്തിലുണ്ടാകുമെന്ന വാഗ്ദാനം അനുസ്മരിപ്പിക്കുകയാണ്. അനാഫൊറയ്ക്കു മുമ്പുള്ള ആത്മീയ ഒരുക്കം, ബലിയര്‍പ്പണത്തില്‍ കാര്‍മ്മികന്‍റെ അയോഗ്യതാപ്രകടനം, അനുതാപം, മിശിഹായുടെ ഗത്സമെനിയിലെ പ്രാര്‍ത്ഥന തുടങ്ങിയ ഘടകങ്ങളെയും ഈയൊരു കര്‍മ്മം ഉള്‍ക്കൊള്ളുന്നുണ്ട്.

കൈകഴുകല്‍

ബലിവസ്തുക്കള്‍ ബലിപീഠത്തിലേയ്ക്ക് സംവഹിക്കുമ്പോള്‍ കാര്‍മ്മികന്‍ കൈകഴുകുന്നത് അതിവിശുദ്ധ സ്ഥലത്തേയ്ക്ക് പ്രവേശിക്കുന്നതിനാവശ്യമായ ആന്തരികവും ബാഹ്യവുമായ വിശുദ്ധിയെ സൂചിപ്പിക്കുന്നു. പാപവിമുക്തിയുടെ ബാഹ്യമായ അടയാളമാണ് കൈകഴുകള്‍. ഇത് കാര്‍മ്മികന്‍റെ മാത്രമല്ല, സമൂഹത്തിന്‍റെ മുഴുവന്‍ വിശുദ്ധീകരണത്തിന്‍റെ അടയാളമാണ്. കാര്‍മ്മികന്‍ പ്രാര്‍ത്ഥിക്കുന്നത് തന്‍റെയും സമൂഹത്തിന്‍റെയും കടങ്ങളുടെയും പാപങ്ങളുടെയും മാലിന്യം ദൈവകാരുണ്യത്തിന്‍റെ സോപ്പാകൊണ്ട് കഴുകിക്കളയണമേ എന്നാണ്. തങ്ങളുടെ പാപങ്ങളുടെ കറ ദിവ്യകാരുണ്യത്തിന്‍റെ സമുദ്രത്തില്‍ കഴുകിക്കളയണമേ എന്നും അദ്ദേഹം യാചിക്കുന്നു.

ദിവ്യരഹസ്യഗീതം

ഈ ഗീതത്തിന് രണ്ട് ഭാഗങ്ങളുണ്ട്. ബലിവസ്തുക്കള്‍ ബലിപീഠത്തിലേയ്ക്ക് സംവഹിക്കപ്പെടുമ്പോഴാണ് 'കര്‍ത്താവില്‍ ഞാന്‍ ദൃഢമായി ശരണപ്പെട്ടു' എന്നു തുടങ്ങുന്ന ആദ്യഗീതം ആലപിക്കുന്നത്. ദൈവത്തിന്‍റെ അത്ഭുതാവഹമായ ശക്തിയില്‍ അപ്പവും വീഞ്ഞും തിരുശ്ശരീരരക്തങ്ങളായി പകരുന്നുവെന്നും വിസ്മയകരമായ ഈ പ്രതിഭാസത്തെ ഭയത്തോടും സ്നേഹത്തോടും കൂടി സമീപിക്കണമെന്നും ഈ ഗീതം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ദൈവത്തിന്‍റെ പ്രത്യക്ഷീകരണത്തില്‍ മാനവരില്‍ ഉളവാകുന്ന ഭീതിയും വിശുദ്ധ കുര്‍ബ്ബാന ദൈവസ്നേഹത്തിന്‍റെ അത്യുച്ചാവസ്ഥയാണെന്ന യാഥാര്‍ത്ഥ്യവും ഇവിടെ ഓര്‍മ്മിക്കുന്നു. പുരോഹിതന്‍ സ്വര്‍ഗ്ഗത്തിന്‍റെ പ്രതീകമായ മദ്ബഹയിലേയ്ക്ക് ബലിവസ്തുക്കളുമായി പ്രവേശിക്കുമ്പോള്‍ ജനത്തിന്‍റെ മനസ്സിലുളവാകുന്ന ചിന്ത തങ്ങള്‍ തിരുസ്സന്നിധിയിലണഞ്ഞിരിക്കുന്നത് ദൈവത്തെ സ്വര്‍ഗ്ഗവാസികളുടെ പ്രകീര്‍ത്തനങ്ങളാല്‍ പങ്കുചേര്‍ന്ന് സ്തുതിക്കുവാനാണ് എന്നാണ്. സ്വര്‍ഗ്ഗത്തില്‍ ദൈവം എപ്പോഴും പരിശുദ്ധന്‍, പരിശുദ്ധന്‍ എന്ന പ്രഘോഷിക്കപ്പെടുകയാണല്ലോ.

ഇതിന്‍റെ രണ്ടാംഭാഗം തുടര്‍ന്ന് കാര്‍മ്മികനും സമൂഹവും മാറിമാറി പാടുന്നതാണ്. ബലിയര്‍പ്പണവേളയില്‍ ദൈവമാതാവായ കന്യകാമറിയത്തിന്‍റെയും വി. യൗസേപ്പിതാവിന്‍റെയും വിശുദ്ധരായ ശ്ലീഹന്മാരുടെയും വിശിഷ്യാ നമ്മുടെ പിതാവായ മാര്‍ത്തോമ്മാശ്ലീഹായുടെയും വിശ്രുതരായ നീതിമാന്മാരുടെയും രക്തസാക്ഷികളുടെയും സ്മരണയും സാന്നിദ്ധ്യവും ഉണ്ടാകണമെന്ന് ഈ ഗീതം നമ്മെ അനുസ്മരിപ്പിക്കുന്നു. മാത്രമല്ല സകല നീതിമാന്മാരുമൊത്ത് യുഗാന്ത്യത്തില്‍ സ്വര്‍ഗ്ഗീയവിരുന്ന് ആസ്വദിച്ചുകൊണ്ട് ഉയിര്‍പ്പിന്‍റെ മഹത്വത്തില്‍ പങ്കുചേരാമെന്ന പ്രത്യാശയും നല്‍കുന്നു.

വിശ്വാസ പ്രഖ്യാപനം

അനാഫൊറയ്ക്ക് ഒരുക്കമായി കാര്‍മ്മികനും സമൂഹവും വിശ്വാസപ്രഖ്യാപനം നടത്തുന്നു. രക്ഷാകര രഹസ്യമാണ് അതിന്‍റെ ഉള്ളടക്കം. തന്മൂലം രക്ഷാകരകര്‍മ്മത്തിന്‍റെ പുനരവതരണത്തിനുമുമ്പുള്ള ഈ ഏറ്റുപറച്ചില്‍ തികച്ചും യുക്തമാണ്. വിശ്വാസത്തിന്‍റെ ആഘോഷവും പ്രഘോഷണവുമാണ് പരിശുദ്ധ കുര്‍ബ്ബാന.

മദ്ബഹപ്രവേശനം

പുരോഹിതന്‍ ബലിയര്‍പ്പിക്കുവാനായി മദ്ബഹയിലേക്ക് പ്രവേശിക്കുകയാണ്. നിത്യപിതാവിന്‍റെ സന്നിധിയില്‍ പുരോഹിതശുശ്രൂഷ ചെയ്യാനായി നമുക്കു മുന്നോടിയായ് വിശുദ്ധ സ്ഥലത്തു പ്രവേശിച്ച നിത്യപുരോഹിതനും മദ്ധ്യസ്ഥനുമായ മിശിഹായുടെ പ്രതീകമാണ് പുരോഹിതന്‍. എങ്കിലും അതേസമയം തന്നെ അയാള്‍ സഭാസമൂഹത്തിന്‍റെ പ്രതിനിധിയും, ബലഹീനനും പാപിയുമായ ഒരു മനുഷ്യവ്യക്തിയുമാണ്. തന്നിമിത്തം തന്‍റെ അയോഗ്യത ഏറ്റുപറഞ്ഞ് ബലിയര്‍പ്പണത്തിനു തന്നെ യോഗ്യനാക്കണമേ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് വിനീതനായി മൂന്നു പ്രാവശ്യം കുനിഞ്ഞ് ആചാരം ചെയ്തുകൊണ്ടാണ് കാര്‍മ്മികന്‍ മദ്ബഹയിലെ ബലിപീഠത്തെ സമീപിക്കുന്നത്. ബലിപീഠത്തിങ്കലെത്തുമ്പോള്‍ ദൈവത്തിന്‍റെ സിംഹാസനമായ ബലിപീഠത്തില്‍ പരിശുദ്ധ ത്രിത്വത്തിന്‍റെ സാന്നിദ്ധ്യത്തെ അനുസ്മരിച്ച് മൂന്നു പ്രാവശ്യം ചുംബിക്കുന്നുണ്ട്. 

മദ്ബഹയിലെത്തിയ കാര്‍മ്മികന്‍ സമൂഹത്തോട് പ്രാര്‍ത്ഥന യാചിച്ചുകൊണ്ടാണ് ബലിപീഠത്തിലെ തന്‍റെ ശുശ്രൂഷ ആരംഭിക്കുന്നത്. പുരോഹിതന് സഭാസമൂഹത്തോടുള്ള ബന്ധവും ഐക്യവുമാണ് ഇതിലൂടെ പ്രകടമാകുന്നത്. സഭാസമൂഹത്തിനുവേണ്ടിയാണ് കാര്‍മ്മികന്‍ ദൈവസന്നിധിയില്‍ നില്‍ക്കുക. തന്നിമിത്തം  സമൂഹം പുരോഹിതനുവേണ്ടിയും അദ്ദേഹം ഏറ്റെടുത്തിരിക്കുന്ന ശുശ്രൂഷയുടെ പൂര്‍ത്തീകരണത്തിനു വേണ്ടിയും പ്രാര്‍ത്ഥിക്കുന്നു. പുരോഹിതന്‍റെ പ്രാര്‍ത്ഥനാഭ്യര്‍ത്ഥനയ്ക്കുള്ള മറുപടിയായി സമൂഹം അദ്ദേഹത്തെ ധൈര്യപ്പെടുത്തുകയും ദൈവം ശക്തിപ്പെടുത്തുമെന്ന് ആശംസിക്കുകയും ചെയ്യുന്നു.

 

അനാഫൊറാ

വി. കുര്‍ബ്ബാനയ്ക്ക് ഏഴ് ഭാഗങ്ങളുണ്ടെങ്കിലും പ്രധാനമായി രണ്ടായി തിരിക്കാറുണ്ട്. അധ്യയനപ്രധാനമായ ആദ്യഭാഗവും വിശ്വാസികളുടെ കുര്‍ബ്ബാനയെന്നും "അത്താഴകുര്‍ബ്ബാന"യെന്നും അറിയപ്പെടുന്ന രണ്ടാംഭാഗവും. രണ്ടാംഭാഗത്തില്‍ ദീര്‍ഘമായ കൃതജ്ഞതാപ്രാര്‍ത്ഥനയും കുര്‍ബ്ബാന സ്വീകരണവും ഉള്‍പ്പെടുന്നു. കുര്‍ബ്ബാനയിലെ കൃതജ്ഞതാ പ്രകാശന പ്രാര്‍ത്ഥന അനാഫൊറാ എന്നാണ് അറിയപ്പെടുന്നത്.

അനാഫൊറാ എന്ന ഗ്രീക്കുപദത്തിന്‍റെ അര്‍ത്ഥം കൃതജ്ഞതാസ്തോത്രപ്രാര്‍ത്ഥന; ഉയര്‍ത്തല്‍, സമര്‍പ്പിക്കല്‍ എന്നൊക്കെയാണ്. അനാഫൊറാ കൂദാശ പ്രാര്‍ത്ഥന എന്നും അറിയപ്പെടുന്നുണ്ട്. "കൂദാശ" എന്ന സുറിയാനി പദത്തിന്‍റെ അര്‍ത്ഥം വിശുദ്ധീകരിക്കുന്നത് എന്നാണല്ലോ. അപ്പവും വീഞ്ഞും ഈശോയുടെ തിരുശ്ശരീരരക്തങ്ങളായി രൂപാന്തരപ്പെടുന്ന പ്രാര്‍ത്ഥനകളുടെ സമാഹാരമായതുകൊണ്ടാണ് ഇതിനെ കൂദാശ എന്നു വിളിക്കുന്നത്. നമ്മുടെ കുര്‍ബ്ബാനയിലെ അനാഫൊറ, "ശ്ലീഹന്മാരുടെ അനാഫൊറാ" എന്നു വിളിക്കപ്പെടുന്നു. കാരണം ഈ അനാഫൊറാ രചിച്ചത് കിഴക്കിന്‍റെ അനുഗൃഹീത ശ്ലീഹന്മാരായ മാര്‍ അദ്ദായി, മാര്‍ മാറി, എന്നിവരാണ്. മാര്‍ അദ്ദായി മാര്‍തോമ്മാശ്ലീഹായുടെ ശിഷ്യനും മാര്‍ മാറി, മാര്‍ അദ്ദായിയുടെ ശിഷ്യനുമായിരുന്നു.

നാലു പ്രാര്‍ത്ഥനകള്‍ വീതമുള്ള നാലു പ്രണാമജപ വൃത്തങ്ങളായി നമ്മുടെ കുര്‍ബ്ബാനയിലെ അനാഫൊറാ ക്രമീകരിക്കപ്പെട്ടിരിക്കുന്നു. ഓരോ പ്രണാമജപവൃത്തത്തിലും കാര്‍മ്മികന്‍ രഹസ്യത്തില്‍ ചൊല്ലുന്ന ഒരു സ്വകാര്യ പ്രാര്‍ത്ഥനയും (കൂശാപ്പ) കാര്‍മ്മികന്‍ സമൂഹത്തോടു നടത്തുന്ന ഒരു പ്രാര്‍ത്ഥനാഭ്യര്‍ത്ഥനയുമുണ്ട്. കൂടാതെ പ്രണാമ ജപം (ഗ്ഹന്താ) എന്നുവിളിക്കപ്പെടുന്ന പ്രധാന പ്രാര്‍ത്ഥനയും അതിന്‍റെ സമാപന സ്തുതിപ്പും (കാനോന) ഉള്‍പ്പെടുന്നു. നാലു പ്രാര്‍ത്ഥനകളാണ്  ഓരോ വൃത്തത്തിലുമുള്ളതെന്നു പറഞ്ഞല്ലോ. നമ്മുടെ കുര്‍ബ്ബാനയില്‍ ആദ്യത്തെ പ്രണാമ ജപം പിതാവായ ദൈവത്തോടും രണ്ടാമത്തേത് പരിശുദ്ധ ത്രിത്വത്തോടും മൂന്നാമത്തേത് പുത്രനായ ദൈവത്തോടും നാലാമത്തേത് പരിശുദ്ധാത്മാവിനോടുമുള്ള പ്രാര്‍ത്ഥനകളാണ്.

അനാഫൊറാ പ്രാര്‍ത്ഥന ഒരു പ്രവൃത്തിയാണ്

വിശുദ്ധ കുര്‍ബ്ബാനയിലെ അനാഫൊറാ പ്രാര്‍ത്ഥന ഒരു പ്രവൃത്തിയും അതേസമയം ഈ പ്രവൃത്തിയെ വിശുദ്ധീകരിക്കുകയും അതിനു രൂപംകൊടുക്കുകയും ചെയ്യുന്ന ഒരു പ്രാര്‍ത്ഥനാപാഠവുമാണ്. പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെട്ട് സ്വര്‍ഗ്ഗവാസികളും ഭൂവാസികളും ചേര്‍ന്ന് പിതാവായ ദൈവത്തിന് സ്തുതിയും കൃതജ്ഞതയും അര്‍പ്പിക്കുകയാണ് ഇതിലൂടെ. മെത്രാന്‍ നിയോഗിച്ചിരിക്കുന്ന പുരോഹിതന്‍റെ സാന്നിദ്ധ്യത്തില്‍ ആരാധനാസമൂഹം ഒന്നുചേര്‍ന്ന് ഭക്തിയും ജീവിതവും സമന്വയിപ്പിക്കുമ്പോഴാണ് ഈ പ്രവൃത്തി രൂപംകൊള്ളുക. അവര്‍ ഏകമനസ്സോടെ ദൈവത്തെ സ്തുതിക്കുകയും കൃതജ്ഞത അര്‍പ്പിക്കുകയും അനുസ്മരിക്കുകയും കാഴ്ച അര്‍പ്പിക്കുകയും മാധ്യസ്ഥ്യം വഹിക്കുകയും ചെയ്യുന്നു. അവരുടെ പ്രവൃത്തിയും പ്രാര്‍ത്ഥനയും മിശിഹാ തന്‍റെ അര്‍പ്പണത്തോടു ചേര്‍ത്ത് പിതാവായ ദൈവത്തിനു സമര്‍പ്പിക്കുന്നു.

അനാഫൊറാ ഒരു പ്രഘോഷണമാണ്

പ്രാര്‍ത്ഥന പ്രഘോഷണമായി മാറുന്നത് നമ്മുടെ വ്യക്തിപരമായ വിശ്വാസത്തിന്‍റെയും ഭക്തിയുടെയും വെളിച്ചത്തിലും സമൂഹത്തിന്‍റെയും സാര്‍വ്വത്രികസഭയുടെയും പശ്ചാത്തലത്തിലും അത് ഉദ്ഘോഷിക്കുമ്പോഴാണ്. നമ്മുടെ വാക്കുകളും ചിന്തകളും മിശിഹായ്ക്കും അവിടുത്തെ അരൂപിക്കും അനുയോജ്യമായിത്തീരുമ്പോള്‍ നമ്മുടെ പ്രാര്‍ത്ഥന പിതാവിന്‍റെ മുമ്പില്‍ പ്രഘോഷണമായി ഭവിക്കുന്നു.

കാര്‍മ്മികന്‍ സമൂഹത്തിന്‍റെയും സഭയുടെയും പേരിലാണ് അനാഫൊറാ പ്രഘോഷിക്കുന്നത്. അങ്ങനെ അനാഫൊറാ സഭയുടെ വിശ്വാസത്തിന്‍റെ പ്രഘോഷണപൂര്‍വ്വകമായ പ്രഖ്യാപനമാകുന്നു. നാം മിശിഹായുടേതും മിശിഹാ ദൈവത്തിന്‍റേതുമാണെന്നു വ്യക്തമാക്കപ്പെടുന്നു. മിശിഹായും അവിടുത്തെ ജനവുമായുള്ള ബന്ധത്തിന്‍റെ പ്രഖ്യാപനം കൂടിയാണത്.

ഒന്നാം പ്രണാമജപം (ഗ്ഹാന്ത)

ഈ പ്രണാമജപം "ഞങ്ങളുടെ കര്‍ത്താവായ ദൈവമേ" എന്നാരംഭിക്കുന്നു. ഇതില്‍ രണ്ട് ഏറ്റുപറച്ചിലുകള്‍ ഉണ്ട്. 1. ദൈവം മനുഷ്യരില്‍ വര്‍ഷിച്ച കൃപാവരങ്ങള്‍ക്കുളള പൊതുവായ നന്ദി. 2. ദിവ്യരഹസ്യങ്ങളാകുന്ന ദാനം തികഞ്ഞ സ്നേഹത്തോടും ഉറച്ച വിശ്വാസത്തോടും കൂടെ പരികര്‍മ്മം ചെയ്യാനുളള ശക്തിക്കായുളള പ്രാര്‍ത്ഥന. ദിവ്യകാരുണ്യത്തിന്‍റെ യോഗാത്മക (മിസ്റ്റിക്കല്‍) കവിതയായിട്ടാണ് അനാഫൊറാ കണക്കാക്കപ്പെടുന്നത്. ദൈവത്തിന്‍റെ കാരുണ്യാതിരേകം ഏറ്റുപറയുന്നതൊടൊപ്പം ദൈവദാനങ്ങളില്‍ ഏറ്റവും വിശിഷ്ടമാണ് മിശിഹായുടെ തിരുശ്ശരീരരക്തങ്ങളുടെ ദിവ്യരഹസ്യമെന്നും അത് അനുഷ്ഠിക്കുവാന്‍ ദൈവംതന്നെ നമ്മെ ശക്തരാക്കണമെന്ന് യാചിക്കുകയും ചെയ്യുന്നു. ബലിപീഠം ചുംബിച്ചതിനുശേഷം "ഞങ്ങള്‍ അങ്ങേയ്ക്ക് സ്തുതിയും....." എന്നു ചൊല്ലി കുരിശടയാളം വരച്ച് പ്രണാമജപം അവസാനിപ്പിക്കുന്നു.

സമാധാനാശംസ

ഉത്ഥാനം ചെയ്ത ഈശോയുടെ സമാധാനാശംസ ഉദ്ധരിച്ചുകൊണ്ട് കാര്‍മ്മികന്‍ കര്‍ത്താവിന്‍റെ സമാധാനം(ഷാലോം) ആശംസിക്കുന്നു. കുരിശടയാളത്തില്‍ ആശീര്‍വ്വദിക്കുമ്പോള്‍ വിശ്വാസികളുടെ സമൂഹം അതേറ്റുവാങ്ങി സ്വയം കുരിശടയാളം വരയ്ക്കുന്നു. ഒപ്പം കര്‍ത്താവിന്‍റെ ഷാലോം അദ്ദേഹത്തിനും അദ്ദേഹത്തില്‍ നിക്ഷിപ്തമായിരിക്കുന്ന ദൈവത്തിന്‍റെ അധികാരശക്തിക്കും നേര്‍ന്നുകൊണ്ട് അവര്‍ പ്രത്യുത്തരിക്കുന്നു.

അനുസ്മരണ പ്രാര്‍ത്ഥന (ഡിപ്റ്റിക്സ്)

തുടര്‍ന്ന് ശുശ്രൂഷി അനുസ്മരണ പ്രാര്‍ത്ഥന ചൊല്ലുന്നു. മണ്‍മറഞ്ഞുപോയവരില്‍ സഭയില്‍ ഔദ്യോഗിക ശുശ്രൂഷ ചെയ്തിട്ടുള്ളവരെയും മറ്റു ജീവിതാന്തസ്സുകളില്‍പെട്ടവരെയും കുര്‍ബ്ബാനയില്‍ പ്രത്യേകം അനുസ്മരിക്കുന്നു. മരണമടഞ്ഞ വ്യക്തികളെയും ഓര്‍മ്മിച്ചു പ്രാര്‍ത്ഥിക്കുവാന്‍ ഉദ്ബോധിപ്പിക്കുന്നു. അതുപോലെ ഐശ്വര്യപൂര്‍ണ്ണമായ കാലത്തിനും കുര്‍ബ്ബാനയില്‍ അനുസ്മരിക്കുന്ന വ്യക്തിക്കുംവേണ്ടി പ്രാര്‍ത്ഥിക്കാനും ആഹ്വാനം ചെയ്യുന്നു. ഈ പ്രാര്‍ത്ഥനയുടെ രണ്ടാം ഭാഗത്ത് യോഗ്യതാപൂര്‍വ്വം അതില്‍ ഭാഗഭാക്കുകളാകാന്‍ എന്തൊക്കെ ചെയ്യണമെന്ന് ശുശ്രൂഷി ദൈവജനത്തെ ഓര്‍മ്മിപ്പിക്കുന്നു. 1. അനുതാപത്തോടും വിശുദ്ധിയോടും കൂടെ കര്‍ത്താവിനു നന്ദിപറയുകയും അവിടുത്തെ വിളിച്ച് അപേക്ഷിക്കുകയും ചെയ്യണം. 2. ആദരപൂര്‍വ്വംനിന്ന് അള്‍ത്താരയില്‍ അനുഷ്ഠിക്കപ്പെടുന്നവയെ ഉള്‍ക്കണ്ണുകള്‍കൊണ്ട് കാണണം. 3.കണ്ണുകള്‍ താഴ്ത്തി, വിചാരങ്ങള്‍ സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ത്തി, നിശ്ശബ്ദരായി ഏകാഗ്രതയോടും ഭക്തിയോടുംകൂടെ ഹൃദയത്തില്‍ പ്രാര്‍ത്ഥിക്കണം. 4. ആരും സംസാരിക്കാന്‍ ഇടയാകരുത്.

രണ്ടാം പ്രണാമ ജപം

സമാധാനാശംസ മുതല്‍ ഓശാനഗീതം(പരിശുദ്ധന്‍) വരെയുളള ഭാഗമാണ് ഈ പ്രണാമ ജപവൃത്തത്തിലുളളത്. അനുസ്മരണ പ്രാര്‍ത്ഥനയ്ക്കുശേഷം കാര്‍മ്മികന്‍, പൗലോസ് ശ്ശീഹാ കോറിന്തോസിലെ സഭാംഗങ്ങള്‍ക്കു നല്‍കിയ അഭിവാദനം ആവര്‍ത്തിച്ചുകൊണ്ട് (2 കോറി 13,14) ബലിവസ്തുക്കള്‍ ആശീര്‍വ്വദിക്കുന്നു. ഈ ആശീര്‍വ്വാദ പ്രാര്‍ത്ഥനയിലൂടെ പരിശുദ്ധത്രിത്വത്തിന്‍റെ ത്രിവിധ അനുഗ്രഹങ്ങള്‍ - കൃപ, സ്നേഹം, സഹവാസം - എല്ലാവരോടും കൂടെ ഉണ്ടാകട്ടെ എന്ന് ആശംസിക്കുകയാണ്.

തുടര്‍ന്ന് വിചാരങ്ങള്‍ ഉന്നതത്തിലേക്ക് ഉയര്‍ത്തുവാന്‍ കാര്‍മ്മികന്‍ ആഹ്വാനം ചെയ്യുന്നു. സമൂഹം ഒന്നുചേര്‍ന്ന്, തങ്ങളുടെ വിചാരങ്ങള്‍ ആരാധ്യനായ ദൈവത്തിന്‍റെ സന്നിധിയിലേക്ക് ഉയര്‍ത്തുന്നു എന്നു പ്രഖ്യാപിക്കുകയാണ്. പിതാക്കന്മാരുടെ ദൈവം എന്ന് ഇവിടെ വിശേഷിപ്പിക്കുന്നതിന്‍റെ കാരണം, പിതാക്കന്മാര്‍ സ്വന്തമാക്കിയതുപോലുളള ദൈവാനുഭവം സ്വന്തമാക്കണം എന്ന ദാഹമാണ്. വൈദികന്‍റെ യാചനാ പ്രാര്‍ത്ഥനയില്‍ മൂന്നു കാര്യങ്ങള്‍ക്കായാണ് അപേക്ഷിക്കുന്നത്. എല്ലാവിധ തിന്മയില്‍നിന്നു മനസ്സിനെ വിമുക്തമാക്കി, എല്ലാവരോടും അനുരഞ്ജിതരായി, പരമപരിശുദ്ധവും സജീവവുമായ ഈ തിരുക്കര്‍മ്മം പ്രത്യാശപൂര്‍വ്വം അനുഷ്ഠിക്കാനുളള ആത്മധൈര്യത്തിനായി.

രണ്ടാം പ്രണാമജപ പ്രാര്‍ത്ഥനാവൃത്തത്തിലൂടെ ആരാധനാഗണം പൂര്‍ണ്ണമായും ദൈവത്തിലേക്ക് ആനയിക്കപ്പെടുന്നു. ദിവ്യകാരുണ്യരഹസ്യത്തിന്‍റെ മിസ്റ്റിക്ക് തലങ്ങള്‍ അനാവരണം ചെയ്യപ്പെടുന്നു. അവ കാണുവാനും കേള്‍ക്കുവാനും കഴിയുന്ന കണ്ണുകളും കാതുകളും ഭാഗ്യമുളളവതന്നെ.

രണ്ടാം പ്രണാമജപത്തിന്‍റെ ഘടന

  1. പരി.ത്രിത്വത്തിന്‍റെ തിരുനാമം എല്ലാ അധരങ്ങളുടെയും നാവുകളുടെയും കൃതജ്ഞതയ്ക്കും സമസ്ത സൃഷ്ടികളില്‍ നിന്നുളള പുകഴ്ചക്കും അര്‍ഹമാണ് എന്നുളള ദൃഢപ്രസ്താവനയാണ് ഈ പ്രാര്‍ത്ഥനയുടെ ആരംഭത്തിലുളളത്.                                                                                                                                                                   
  2. തുടര്‍ന്ന് ഈ സ്തുതിക്കുളള കാരണങ്ങള്‍ പറയുന്നു. ദൈവം ലോകത്തെയും അതിലുളള സകലത്തെയും സൃഷ്ടിച്ചു. ഒപ്പം മനുഷ്യവംശത്തോട് അളവറ്റ കൃപ കാണിക്കുകയും ചെയ്തു.                                                             
  3. സ്വര്‍ഗ്ഗവാസികളും ഭൂവാസികളും ദൈവത്തെ പ്രകീര്‍ത്തിക്കുന്നതായി ഏറ്റുപറയുന്നു. ദൈവത്തെ സ്തുതിക്കുന്നതില്‍ ഇരുകൂട്ടരും ഒന്നുചേരുന്നു. ചുരുക്കത്തില്‍ സ്വര്‍ഗ്ഗവും ഭൂമിയും കുര്‍ബ്ബാനയില്‍ സംയോജിക്കുന്ന മനോഹരവും ഉദാത്തവുമായ നിമിഷങ്ങളാണിവ. ഇവിടെ മനുഷ്യര്‍ ഭയഭക്തികളോടെ നമ്രശിരസ്കരാവുകയാണ്. അങ്ങനെ ദൈവതിരുമുമ്പിലെ ആരാധനയ്ക്ക് അവര്‍ മറ്റെല്ലാം മറന്ന് തങ്ങളെത്തന്നെ സജ്ജരാകുന്നു.

ആരാധനാസമൂഹം സ്വര്‍ഗ്ഗീയ ഗണങ്ങളോടുചേര്‍ന്ന് ദിവ്യാരാധനയില്‍ പങ്കുചേര്‍ന്ന് പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍ എന്ന് ദൈവത്തെ പ്രകീര്‍ത്തിക്കുന്നു (ഏശ 62; വെളി 4,8; മത്താ 21,9). തിരുവചനങ്ങളാണ് ഇവിടത്തെ പ്രാര്‍ത്ഥനയുടെ അടിസ്ഥാനം. ഏശയ്യായുടെ ദര്‍ശനത്തില്‍ മഹത്വപൂര്‍ണ്ണനായി ഉപവിഷ്ടനായിരിക്കുന്ന ദൈവത്തിന്‍റെ മുമ്പില്‍ മാലാഖമാര്‍ അവിടുത്തെ പരിശുദ്ധിയെ പ്രഘോഷിക്കുകയാണല്ലോ(വെളി 4,8). ആരാധനയുടെ ഈ മഹാനിമിഷങ്ങളില്‍ മനുഷ്യമക്കളും ഭാഗഭാക്കുകളാകുന്നു.

ദൈവദൂതന്മാരോടൊപ്പം മനുഷ്യരും കീര്‍ത്തനം ആലപിക്കുമ്പോള്‍ കാര്‍മ്മികന്‍ തന്‍റെ അയോഗ്യതയെ ഏറ്റുപറഞ്ഞുകൊണ്ട് യാചനാപ്രാര്‍ത്ഥന ചൊല്ലുന്നു. അള്‍ത്താര ചുംബിച്ച് അതിനോട് ആദരവു പ്രകടിപ്പിച്ചശേഷമാണ് ഈ പ്രാര്‍ത്ഥന. വേദപുസ്തകാധിഷ്ഠിതമായ അനേകം വിശിഷ്ടാശയങ്ങള്‍കൊണ്ടു കൊരുത്ത ചേതോഹരമായ ഒരു പ്രാര്‍ത്ഥനയാണിത് (എഫേ 3,14; കൊളോ 1,16;2 തെസ 2,13; ഏശ 6,5).

തുടര്‍ന്ന് കാര്‍മ്മികന്‍ യാചനാപ്രാര്‍ത്ഥന നടത്തുന്നു. ഇതിന്‍റെ ആദ്യഭാഗം ദൈവത്തെ അഭിസംബോധന ചെയ്തും രണ്ടാംഭാഗം ആരാധനാസമൂഹത്തിന്‍റെ പ്രാര്‍ത്ഥന യാചിച്ചും നടത്തുന്നു. സമൂഹം നാല് ആശംസകളാണ് വൈദികന്‍റെ യാചനയ്ക്ക് മറുപടിയായി പ്രത്യുത്തരിക്കുന്നത്. മിശിഹാ പ്രാര്‍ത്ഥന കേള്‍ക്കട്ടെ, കുര്‍ബ്ബാന സ്വീകരിക്കട്ടെ, പൗരോഹിത്യത്തെ മഹത്വപ്പെടുത്തട്ടെ, ബലിയില്‍ സംപ്രീതനാകട്ടെ.

മൂന്നാം പ്രണാമജപം

മിശിഹായുടെ വ്യക്തിത്വം, അവിടുത്തേക്ക് പിതാവുമായുളള ബന്ധം, അവിടുന്നുവഴി സാധിച്ച രക്ഷ എന്നിവയെക്കുറിച്ചുളള അതിമനോഹരവും ആശയസമ്പുഷ്ടവുമായ ഒരു ധ്യാനമാണ് ഈ പ്രാര്‍ത്ഥനയെന്നു പറയാം. സ്വര്‍ഗ്ഗീയ ഗണങ്ങളോടു ചേര്‍ന്ന് പിതാവായ ദൈവത്തെ നന്ദിപറഞ്ഞു സ്തുതിക്കുന്നു എന്ന് ഏറ്റുപറഞ്ഞുകൊണ്ടാണ് ഈ ജപം ആരംഭിക്കുന്നത്. തുടര്‍ന്ന് ദൈവപുത്രനും മനുഷ്യപുത്രനുമായ ഈശോയെ വാഴ്ത്തി പുകഴ്ത്തുന്നു.

ഈ പ്രാര്‍ത്ഥനയില്‍ പിതാവും തിരുസുതനും തമ്മിലുളള ആഴമേറിയ ആത്മബന്ധത്തെ മനുഷ്യരുമായുളള കൂട്ടായ്മയുമായി കോര്‍ത്തിണക്കിയിരിക്കുന്നു. മിശിഹാ, ദൈവം എന്ന നിലയില്‍ മഹത്വപൂരിതനും പരമോന്നതനുമാണ്; മനുഷ്യനായി തീര്‍ന്നപ്പോള്‍ പാതാളത്തോളം താഴ്ന്നവനും. അവിടുത്തെ വ്യക്തിത്വത്തെപ്പറ്റിയുളള അഗാധമായ ഉള്‍ക്കാഴ്ചകള്‍ ഈ പ്രണാമജപത്തിലുണ്ട്. വചനമാകുന്ന ദൈവം (യോഹ 1:1-2), പിതാവില്‍ മറഞ്ഞിരിക്കുന്ന ആത്മജാതന്‍ (യോഹ 1:18) എന്നീ രണ്ടു വിശേഷണങ്ങള്‍ മിശിഹായെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചിരിക്കുന്നു. പിതാവിന്‍റെ പ്രതിരൂപമായ ഈശോയെ മനുഷ്യഭാഷയില്‍ മനസ്സിലാക്കാനുളള വലിയ പരിശ്രമം ഈ പ്രാര്‍ത്ഥനയിലുണ്ട്. പിതാവിനോടു സദൃശനും പിതാവില്‍നിന്നുളള പ്രോജ്ജ്വലപ്രകാശവും പിതാവിന്‍റെ സത്തയുടെ പ്രതിച്ഛായയുമായ ഈശോ ആ മഹത്വമെല്ലാം ഉപേക്ഷിച്ച് മനുഷ്യര്‍ക്കു സമനാവുകയാണ്. പൗലോസ് ശ്ലീഹായുടെ ഫിലി 2,6-7 വാക്യങ്ങള്‍ അനുസ്മരിച്ചുകൊണ്ട് അവിടുത്തെ വിനീതശുശ്രൂഷയും സ്വയം ശൂന്യവത്ക്കരണവും പ്രണാമജപത്തില്‍ പ്രഖ്യാപിക്കുന്നു. അങ്ങനെ പാപികളായ മനുഷ്യരോടൊപ്പം എണ്ണപ്പെട്ടുകൊണ്ട് അവിടുന്ന് നമ്മുടെ രക്ഷയുടെ നിത്യസ്മാരകം നമ്മെ ഏല്പിച്ചിരിക്കുന്നു. ആ ദിവ്യരഹസ്യം തിരുസന്നിധിയില്‍ അര്‍പ്പിക്കുകയാണ് ദൈവജനം എന്നു പ്രസ്താവിച്ചുകൊണ്ട് പ്രണാമജപത്തിന്‍റെ ആദ്യഭാഗം അവസാനിക്കുന്നു.

സ്ഥാപനവാക്യങ്ങള്‍

അന്ത്യത്താഴസമയത്ത് ഈശോ അരുളിചെയ്ത വാക്കുകളും അനുഷ്ഠിച്ച കര്‍മ്മങ്ങളും സഭാപാരമ്പര്യത്തില്‍നിന്നും സമാഹരിച്ചാണ് വി. കുര്‍ബ്ബാനയുടെ സ്ഥാപനം അനുസ്മരിക്കുന്നത്. സമവീക്ഷണ സുവിശേഷകന്മാരായ വി. മത്തായി, വി. മര്‍ക്കോസ്, വി.ലൂക്കാ എന്നിവരും വി.പൗലോസ് ശ്ലീഹായും അന്ത്യത്താഴത്തിന്‍റെ വിവരണം നല്‍കുന്നുണ്ട്. നമ്മുടെ വി.കുര്‍ബ്ബാനയില്‍ വി. പൗലോസിന്‍റെ ഭാഷ്യത്തെയാണ് മുഖ്യമായും ആധാരമാക്കിയിരിക്കുന്നത്. ഈശോ അപ്പവും വീഞ്ഞും തന്‍റെ ശരീരരക്തങ്ങളാക്കി മാറ്റിക്കൊണ്ട് വി.കുര്‍ബ്ബാന സ്ഥാപിച്ചു. ഇതിന്‍റെ അനുസ്മരണവും ആഘോഷവുമാണ് നമ്മുടെ ദിവ്യബലിയര്‍പ്പണത്തില്‍ നടക്കുന്നത്. ഇവിടെ ഈശോയുടെ പീഡാനുഭവമാണ് മുഖ്യമായും ഓര്‍മ്മിക്കുന്നത്(1 കോറി 11).

പിതാവായ ദൈവത്തെ സംബോധന ചെയ്തുകൊണ്ടാണ് ഈശോയുടെ പീഡാനുഭവത്തിന്‍റെ സ്മരണ ഞങ്ങള്‍ ആചരിക്കുന്നു എന്നു പറയുന്നത്. ഈ അനുസ്മരണം നടത്തുന്നത് ഈശോ പഠിപ്പിച്ചതുകൊണ്ടത്രേ. അപ്പവും വീഞ്ഞും പാപമോചനത്തിനായാണ് മനുഷ്യമക്കള്‍ക്കു നല്‍കപ്പെടുന്നത്. ഈശോയുടെ പീഡാസഹനവും മരണവും ഉത്ഥാനവും വഴി കൈവന്ന വിശുദ്ധീകരണവും അനുരഞ്ജനവുമാണ് അങ്ങനെ സൂചിതമാക്കുന്നത്.

സ്ഥാപനവാക്യങ്ങള്‍ക്കുശേഷം ആരാധനാപ്രകാശനമായി ഏവരും ആചാരം ചെയ്യുന്നു. തുടര്‍ന്നുചൊല്ലുന്നത് മൂന്നാം പ്രണാമജപത്തിന്‍റെ രണ്ടാം ഭാഗമാണ്. ദൈവവും മനുഷ്യനും തമ്മിലുളള വ്യത്യാസം ഓര്‍മ്മിച്ചുകൊണ്ട് അതു മറികടക്കാന്‍ ദൈവം ചെയ്ത മഹത്തായ കൃത്യങ്ങള്‍ ഓരോന്നായി എടുത്തു നന്ദി പറയുകയാണ് ഇവിടെ. ഈശോയെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഈ പ്രാര്‍ത്ഥന ചൊല്ലുന്നത്. രക്ഷാകരകൃത്യത്തിന്‍റെ സനാതനഫലങ്ങളായി എട്ടു വസ്തുക്കളാണ് ചൂണ്ടികാണിക്കുക. അതിനുമുമ്പായി ആരാധനാസമൂഹം എളിയവരും ബലഹീനരും ആകുലരുമാ ണെന്നും അവര്‍ ഇപ്പോള്‍ ഒന്നിച്ചു കൂടിയിരിക്കുന്നത് അവിടുത്തെ കല്പനയ്ക്ക് അനുസൃതമാണെന്നും ഏറ്റുപറയുന്നു.

  1. ഈശോ മനുഷ്യസ്വഭാവം സ്വീകരിച്ചു - അവിടുത്തെ ദൈവിക ജീവനില്‍ നമുക്കു പങ്കുതരുന്നതിനായി.
  2. അധഃപതിച്ച ഞങ്ങളെ സമുദ്ധരിച്ചു.
  3. മൃതരായ ഞങ്ങളെ ജീവിപ്പിച്ചു.
  4. ഞങ്ങളുടെ കടങ്ങള്‍ ക്ഷമിച്ചു.
  5. ഞങ്ങളെ വിശുദ്ധീകരിച്ചു.
  6. ഞങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിച്ചു.
  7. ഞങ്ങളുടെ ശത്രുക്കളെ തോല്പിച്ചു.
  8. ഞങ്ങളുടെ ബലഹീന പ്രകൃതിയെ മഹത്വപ്പെടുത്തി.

ദൈവം ഈശോമിശിഹായിലൂടെ നമ്മുടെമേല്‍ ചൊരിഞ്ഞ അതിശയകരമായ അനുഗ്രഹങ്ങള്‍ക്ക് "സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും" സമര്‍പ്പിച്ചുകൊണ്ട് മൂന്നാം പ്രണാമജപം അവസാനിക്കുന്നു. ദൈവകാരുണ്യത്തിനുള്ള ഒരു പ്രകീര്‍ത്തനമാണ് ഈ പ്രണാമജപം.

തുടര്‍ന്ന് ശുശ്രൂഷി വിശുദ്ധരഹസ്യങ്ങളുടെ യോഗ്യതാപൂര്‍ണ്ണമായ അനുഷ്ഠാനത്തിന് ആരാധനാസമൂഹത്തെ ആഹ്വാനം ചെയ്യുന്നു. ഹൃദയംകൊണ്ട് പ്രാര്‍ത്ഥിക്കാനുള്ള ആഹ്വാനം നല്‍കിയതിനുശേഷം മദ്ബഹായില്‍ ഇപ്പോള്‍ അരങ്ങേറുന്ന സ്വര്‍ഗ്ഗീയ രഹസ്യങ്ങളെപ്പറ്റിയും അവിടെ യഥാര്‍ത്ഥത്തില്‍ നടക്കുന്ന സ്വര്‍ഗ്ഗീയാരാധനയെക്കുറിച്ചും വിശ്വാസികളെ അറിയിക്കുന്നു. ആ സ്വര്‍ഗ്ഗീയാനുഭവം സ്വന്തമാക്കാനുള്ള ഹൃദയദാഹം സമാര്‍ജ്ജിക്കാനുള്ള ആഹ്വാനമായി ഈ അറിയിപ്പിനെ കാണാം.

മധ്യസ്ഥ പ്രാര്‍ത്ഥന

വിശുദ്ധ കുര്‍ബ്ബാനയുടെ സ്വര്‍ഗ്ഗീയമാനമാണല്ലോ ശുശ്രൂഷിയുടെ അറിയിപ്പില്‍ വിശദമാക്കിയത്. ഇപ്പോള്‍ ഈ വിശുദ്ധ കുര്‍ബ്ബാനയുടെ ഭൗതികമാനം മദ്ധ്യസ്ഥപ്രാര്‍ത്ഥനയിലൂടെ നമുക്കു മനസ്സിലാക്കാം. ആര്‍ക്കെല്ലാം വേണ്ടി ഈ ബലി സ്വീകരിക്കപ്പെടണം എന്നുള്ള അപേക്ഷയാണ് വൈദികന്‍ നടത്തുന്നത്. സഭാധികാരികള്‍, കത്തോലിക്കാസഭ, ഭരണാധികാരികള്‍, സഭ ആദരപൂര്‍വ്വം ഓര്‍ക്കുന്നവര്‍, സഭയില്‍ വണങ്ങപ്പെടുന്നവര്‍, ജീവിതതീര്‍ത്ഥാടനത്തില്‍ സഹിക്കുന്നവര്‍, മരിച്ചവര്‍, ഇപ്പോള്‍ സന്നിഹിതരായിരിക്കുന്ന ദൈവജനം, കാര്‍മ്മികന്‍. ഈ മദ്ധ്യസ്ഥപ്രാര്‍ത്ഥന വിശുദ്ധകുര്‍ബ്ബാനയുടെ സാര്‍വ്വത്രികമാനവും സാംഗത്യവും വെളിപ്പെടുത്തുന്നു. വൈദികന്‍ തന്‍റെ അയോഗ്യാവസ്ഥയെപ്രതി കാരുണ്യത്തിനായി പ്രാര്‍ത്ഥിക്കുന്ന ഒരു തുടര്‍ഭാഗവും മധ്യസ്ഥപ്രാര്‍ത്ഥനയ്ക്കുണ്ട്. യഥാര്‍ത്ഥത്തില്‍ മനുഷ്യന്‍ പാപിയായിരുന്നിട്ടും ദൈവമാണ് അവനെ ഈ ശ്രേഷ്ഠമായ പുരോഹിതകര്‍മ്മത്തിനു നിയമിക്കുന്നത്. അതുപോലെ ദൈവജനം അനുഭവിക്കുന്ന തിരുശരീരം സമ്പൂര്‍ണ്ണമായ പാപവിമോചനത്തിനും കാരണമാകുന്നു.

നാലാം പ്രണാമജപം

ഈ പ്രണാമജപം ദീര്‍ഘമായ ഒരു പ്രാര്‍ത്ഥനയാണ്. ഇത് രണ്ട് ഭാഗമായി തിരിക്കാവുന്നതാണ്. ആദ്യഭാഗത്ത് അര്‍ത്ഥനകളും രണ്ടാംഭാഗത്ത് വി.കുര്‍ബ്ബാനയില്‍ പങ്കുകൊള്ളുന്ന ആരാധനാ സമൂഹത്തെപ്പറ്റിയുള്ള പ്രസ്താവനകളുമാണ്. ആദ്യഭാഗത്തുള്ള അര്‍ത്ഥനകള്‍ നാലെണ്ണമാണ്.

  1. പരി.കന്യകാമറിയത്തിന്‍റെയും പിതാക്കന്മാരുടെയും ഓര്‍മ്മ അള്‍ത്താരയില്‍ ഉളവാക്കണമേ.
  2. ജീവിതകാലം മുഴുവന്‍ ശാന്തിയും സമാധാനവും നല്‍കണമേ.
  3. പിതാവിനെയും പുത്രനെയും ഏവരും അറിയട്ടെ.
  4. മിശിഹാരക്ഷാമാര്‍ഗ്ഗം പഠിപ്പിച്ചെന്ന് ഏവരും അറിയട്ടെ.

രണ്ടാംഭാഗത്ത് ("കര്‍ത്താവേ, എളിയവരും...") നാലു കാര്യങ്ങളാണുള്ളത്.

  1. പിതാവായ ദൈവത്തെ സംബോധനചെയ്യുന്നു.
  2. അവിടുത്തെ നാമത്തില്‍ ഒരുമിച്ചുകൂടിയിരിക്കുന്നു എന്ന് ഏറ്റുപറയുന്നു.
  3. തിരുസന്നിധിയിലാണ് എന്ന് അംഗീകരിക്കുന്നു.
  4. ദിവ്യരഹസ്യം സന്തോഷത്തോടെ സ്മരിക്കുകയും സ്തുതിക്കുകയും, അനുഷ്ഠിക്കുകയും ചെയ്യുന്നു എന്ന് പ്രഖ്യാപിക്കുന്നു.

റൂഹാക്ഷണ പ്രാര്‍ത്ഥന

വിശുദ്ധ കുര്‍ബ്ബാനയിലെ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഭാഗമാണിത്. പരിശുദ്ധാത്മാവു നടത്തുന്ന പവിത്രീകരണകര്‍മ്മമാണ് വി. കുര്‍ബ്ബാനയുടെ അന്തര്‍ധാരയായി വര്‍ത്തിക്കുന്നത്.

ആദ്യമായി കാര്‍മ്മികന്‍ ഈശോയെവിളിച്ച് അവിടുത്തെ പരിശുദ്ധാത്മാവ് എഴുന്നള്ളിവരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. പരിശുദ്ധാത്മാവ് ഈശോയുടെ അരൂപിയത്രേ. ആത്മാവിന്‍റെ ആഗമനത്തിനുചേര്‍ന്നവിധം, ആദരപൂര്‍വ്വം നിശബ്ദരായി പ്രാര്‍ത്ഥിക്കാന്‍ ശുശ്രൂഷി ആരാധനാസമൂഹത്തെ ആഹ്വാനം ചെയ്യുന്നു. റൂഹാക്ഷണപ്രാര്‍ത്ഥന തുടരുന്ന കാര്‍മ്മികന്‍ അഞ്ചുകാര്യങ്ങള്‍ക്കായാണ് പ്രാര്‍ത്ഥിക്കുന്നത്.

  1. ഈ കുര്‍ബ്ബാനയില്‍ അവിടുന്ന് ആവസിക്കണം. അത്യുന്നതന്‍റെ ശക്തി മറിയത്തില്‍ എഴുന്നള്ളിവന്നതുപോലെ (ലൂക്കാ 1,35) ഒരു രൂപാന്തരത്തിന് ദേവാലയം വേദിയാകുകയാണ്.                                 
  2. ഈ കുര്‍ബ്ബാനയെ ആശീര്‍വദിക്കണം. ആത്മാവിന്‍റെ ആവാസം വഴി ദൈവത്തിനു പ്രീതികരമായിതീരണം. ദൈവകൃപകൊണ്ടു നിറയണം. ദൈവം ആശീര്‍വദിക്കുമ്പോള്‍ അര്‍പ്പണത്തിനു പൂര്‍ണ്ണതകൈവരുന്നു.                                                                                                                                              
  3. ഈ കുര്‍ബ്ബാനയെ പവിത്രീകരിക്കണം. ദൈവകൃപകൊണ്ടു നിറയണം. ദൈവം ആശീര്‍വദിക്കുമ്പോള്‍ അര്‍പ്പണത്തിനു പൂര്‍ണ്ണത കൈവരുന്നു.                                                                                                                    
  4. കടങ്ങളും പാപങ്ങളും മോചിതമാകണം. പരിശുദ്ധാത്മാവിന്‍റെ ആഗമനംവഴി സര്‍വ്വതും പവിത്രീകരിക്കപ്പെടും. അപ്പോള്‍ സ്വാഭാവികമായി ഈ മോചനപ്രക്രിയ സംഭവിക്കും. അങ്ങനെ വിശുദ്ധ കുര്‍ബാന എല്ലാവിധ കുറവുകളില്‍നിന്നും വിമോചിപ്പിക്കുന്ന ദിവ്യ ഔഷധമായിത്തീരും.                                                                      
  5. ഉയിര്‍പ്പിലുള്ള പ്രത്യാശയും സ്വര്‍ഗ്ഗരാജ്യത്തിലെ നവജീവിതവും ലഭിക്കുന്നതിനു കാരണമാകും. വി. കുര്‍ബ്ബാന ഈശോയുടെ സാന്നിധ്യമാണല്ലോ. അതിന്‍റെ പൂര്‍ണ്ണതയാണ് മരണാനന്തരം വിശ്വാസിക്കു കൈവരുന്നത്.

റൂഹാക്ഷണ പ്രാര്‍ത്ഥനയ്ക്കുശേഷം കാര്‍മ്മികന്‍ ഹൃദയാവര്‍ജ്ജകമായ ഒരു കൃതജ്ഞതാപ്രകരണം ചൊല്ലി ബലിപീഠം ചുംബിക്കുന്നു. ദൈവം മനുഷ്യനുവേണ്ടി തയ്യാറാക്കിയ രക്ഷാപദ്ധതി എത്ര മഹനീയവും വിസ്മയാവഹവുമാണ്! രക്ഷാകരപദ്ധതിയുടെ ദൃശ്യാടയാളമായ തിരുസഭയിലാണ് അതിനുള്ള കൃതജ്ഞതാപ്രകാശനം നടക്കുന്നത്.

പ്രകീര്‍ത്തനഗാനം

നമ്മുടെ കുര്‍ബ്ബാനയിലെ അനാഫൊറ പ്രാര്‍ത്ഥനയുടെ സമാപനം ഒരു കൃതജ്ഞതാപ്രകീര്‍ത്തനത്തോടെയാണ്. സജീവവും പരിശുദ്ധവും... സജീവവും പരിശുദ്ധവും ജീവദായകവുമായ ദൈവനാമത്തിന് സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും സമര്‍പ്പിക്കുന്നു എന്നാണ് ഈ പ്രകീര്‍ത്തനത്തിന്‍റെ സാരം. ദൈവത്തിനുള്ള മനുഷ്യാത്മാവിന്‍റെ സമ്പൂര്‍ണ്ണാരാധനയുടെ പ്രകരണമാണ് ഈ ഗീതം.

നമ്മുടെ കുര്‍ബ്ബാനയിലെ അനാഫൊറാ ദൈവവുമായുള്ള സമ്പൂര്‍ണ്ണൈക്യത്തിലേക്ക് ആരാധകരെ ആനയിക്കാന്‍ പര്യാപ്തമാണ്. മിസ്റ്റിക്കല്‍ (ദൈവവുമായി ഐക്യപ്പെടുത്തുന്ന) ചിന്തയുടെ സമൃദ്ധമായ ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. നാലു പ്രമാണജപങ്ങളിലൂടെ ഈശോമിശിഹാവഴി ദൈവം മനുഷ്യവര്‍ഗ്ഗത്തിനു നല്‍കിയ മഹാദാനത്തെയും ആ ദാനമായ വിശുദ്ധകുര്‍ബ്ബാനയുടെ രക്ഷാകരഫലങ്ങളെയും വിശ്വാസി ധ്യാനിക്കുന്നു. സര്‍വ്വതിനെയും പവിത്രീകരിക്കുന്ന പരിശുദ്ധാത്മാവിന്‍റെ വരവിനായി പ്രാര്‍ത്ഥിക്കുന്നു. വിശുദ്ധകുര്‍ബ്ബാനവഴി ദൈവ-മനുഷ്യഐക്യം സാധിച്ച ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് അനാഫൊറാ സമാപിക്കുന്നു.

അനുരഞ്ജന ശുശ്രൂഷ

"സ്വര്‍ഗ്ഗവാസികളുടെ സമാധാനവും ഭൂവാസികളുടെ പ്രത്യാശയുമായ മിശിഹായെ.." എന്നു തുടങ്ങുന്ന പ്രാര്‍ത്ഥനയോടെ അനുരഞ്ജന ശുശ്രൂഷ ആരംഭിക്കുന്നു. രക്ഷാകര രഹസ്യത്തിലുള്ള സജീവ ഭാഗഭാഗിത്വത്തിന്‍റെ ഫലമാണ് ദൈവവും മനുഷ്യനും തമ്മിലുള്ള അനുരഞ്ജനം. ബലിപീഠത്തില്‍ സജ്ജമാക്കിയിരിക്കുന്ന ദിവ്യരഹസ്യങ്ങളെ സാക്ഷിനിര്‍ത്തികൊണ്ട് പരസ്പരം അനുരഞ്ജിതരാകാന്‍ നമ്മെ സഹായിക്കുന്ന പ്രാര്‍ത്ഥനകള്‍ ആണ് അനുരഞ്ജന ശുശ്രൂഷയിലുള്ളത്.

ഒന്നാം ഭാഗം : ദൈവവുമായുള്ള അനുരഞ്ജനം

"സ്വര്‍ഗ്ഗവാസികളുടെ സമാധാനവും..." എന്നുള്ള പ്രാര്‍ത്ഥനയില്‍ വി.പൗലോസ് ശ്ലീഹായുടെ കാരാഗൃഹകാല ലേഖനങ്ങളില്‍ നിന്നുള്ള ആശയങ്ങള്‍ കാണാം. അക്കാലത്ത് വി.പൗലോസ് ശ്ലീഹായുടെ ഏകചിന്ത പാപമാകുന്ന കാരാഗൃഹത്തില്‍നിന്ന് മനുഷ്യവംശത്തെ എങ്ങനെ രക്ഷിക്കാമെന്നതായിരുന്നു. ഈ കാരാഗൃഹത്തില്‍ നിന്നുള്ള മോചനം മിശിഹായില്‍ മാത്രമേ സാധിക്കുകയുള്ളൂ എന്നും ഉത്ഥിതനായ മിശിഹായിലുള്ള പ്രത്യാശയാല്‍ നമുക്കും യഥാര്‍ത്ഥ സമാധാനവും ശാന്തിയും ലഭിക്കുമെന്നുമാണ് ഇവിടെ അനുസ്മരിക്കുന്നത്.

പ്രാര്‍ത്ഥനയുടെ രണ്ടാമത്തെ ഭാഗത്ത് ശാന്തിയും സമാധാനവും നിറഞ്ഞ ജീവിതം എങ്ങനെയായിരിക്കണമെന്ന് വിവരിക്കുകയാണ്. സഭയും രാഷ്ട്രവും പരിപൂര്‍ണ്ണ ഐക്യത്തിലായിരിക്കും. യുദ്ധങ്ങളും കലഹങ്ങളും ഉണ്ടാവുകയില്ല. എല്ലാവരും വിനയത്തിലും ദൈവഭയത്തിലും സമാധാനത്തോടും ശാന്തിയോടും കൂടെ ജീവിക്കുന്നവരും ദൈവമഹത്വം മാത്രം അന്വേഷിക്കുന്നവരുമായിരിക്കും.

അനുതാപ കീര്‍ത്തനങ്ങള്‍

അനുതാപജന്യമായ ഹൃദയം തുറന്നു വയ്ക്കുന്നതിനായി 51-ാം സങ്കീര്‍ത്തനത്തിന്‍റെ ആദ്യപാദങ്ങള്‍ നാം സാധാരണയായി ചൊല്ലുന്നു. ദാവീദുരാജാവ് തന്‍റെ ഘോരപാപങ്ങളോര്‍ത്ത് ദൈവസന്നിധിയില്‍ ആലപിച്ച അനുതാപഗീതമാണിത്. ബാബിലോണ്‍ പ്രവാസകാലത്ത് ഇസ്രായേല്‍ക്കാര്‍ തങ്ങളുടെ കഷ്ടതകള്‍ക്ക് കാരണമായ തെറ്റുകള്‍ ഓര്‍ത്ത് അനുതപിച്ച് ദൈവതിരുമുമ്പില്‍ മാപ്പപേക്ഷിച്ചുകൊണ്ട് ഈ സങ്കീര്‍ത്തനം പാടിയിരുന്നു. മനുഷ്യരുടെ പാപാവസ്ഥയെക്കുറിച്ച് അവരെ ബോധവാന്മാരാക്കുന്ന ഉത്തമമായ സങ്കീര്‍ത്തനമാണിത്. സഹനങ്ങളുടെ നടുവില്‍കഴിയുന്ന ജനതയുടെ പ്രതിനിധിയായി ഒരുവന്‍ ദൈവത്തെ വിളിച്ച് കരുണക്കായി വിലപിക്കുന്നതാണ് 123-ാം സങ്കീര്‍ത്തനം. കര്‍ത്താവിന്‍റെ കാരുണ്യം ആരാധനാസമൂഹം തേടുന്നു.

ധൂപാര്‍പ്പണം

അനുരഞ്ജന ശുശ്രൂഷയിലെ ധൂപാര്‍പ്പണം വളരെ വിശദമായ ഒന്നാണ്. കാര്‍മ്മികന്‍ ധൂപം ആശീര്‍വദിച്ചശേഷം തന്നെത്തന്നെയും ശുശ്രൂഷകരെയും സമൂഹത്തെയും അള്‍ത്താരയെയും ധൂപിക്കുന്നു. പാപമോചനത്തിന്‍റെ ആശയമാണ് ധൂപാര്‍പ്പണ സമയത്തെ ഓരോ പ്രാര്‍ത്ഥനയിലും മുന്തിനില്‍ക്കുന്നത്.

"ഞങ്ങളുടെ കര്‍ത്താവേ, ഞങ്ങള്‍ അയോഗ്യരാകുന്നു"

വി.കുര്‍ബ്ബാന ഉയര്‍ത്തുന്നതിനു മുമ്പ് കാര്‍മ്മികന്‍ ഒരിക്കല്‍ക്കൂടി തന്‍റെയും ആരാധനാസമൂഹത്തിന്‍റെയും അയോഗ്യത ഏറ്റുപറഞ്ഞുകൊണ്ട് മനുഷ്യനെ പൂര്‍ണ്ണമായും അറിയുന്ന ദൈവത്തിന്‍റെ പക്കലേയ്ക്ക് കരങ്ങള്‍ ഉയര്‍ത്തി പ്രാര്‍ത്ഥിക്കുന്നു. ദൈവത്തിന്‍റെ കാരുണ്യത്തില്‍ പൂര്‍ണ്ണമായും ആശ്രയിച്ചുകൊണ്ട് നാം ദൈവത്തെ സമീപിക്കുകയാണിവിടെ. നാം അയോഗ്യരെങ്കിലും ദൈവത്തിന്‍റെ വര്‍ദ്ധിച്ച കൃപ നമ്മെ അവിടുത്തെ പക്കലേക്ക് നിരന്തരം അടുപ്പിച്ചുകൊണ്ടിരിക്കുന്നു. ഈ പ്രാര്‍ത്ഥനയോടെ അനുരഞ്ജന ശുശ്രൂഷയുടെ ആദ്യഭാഗം അവസാനിക്കുകയാണ്.

വിഭജന ശുശ്രൂഷ

അനുരഞ്ജന ശുശ്രൂഷയുടെ മദ്ധ്യത്തിലാണ് വിഭജനശൂശ്രൂഷ വരുന്നത്. "ഞങ്ങളുടെ കര്‍ത്താവീശോമിശിഹായെ നിന്‍റെ തിരുനാമത്തിന് സ്തുതിയും..." എന്നു തുടങ്ങുന്ന പ്രാര്‍ത്ഥന കാര്‍മ്മികന്‍ അഗാധമായി കുനിഞ്ഞ് ആചാരം ചെയ്തശേഷം തിരുശരീരം ഇരുകൈകളുംകൊണ്ടെടുത്ത് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ചൊല്ലുന്നു. ഇവിടെ വി.കുര്‍ബ്ബാനയുടെ പാപമോചനശക്തി തറപ്പിച്ചു പറയുകയും ഈശോമിശിഹായുടെ ദൈവത്വത്തെയും വി.കുര്‍ബ്ബാനയിലുള്ള അവിടുത്തെ യഥാര്‍ത്ഥ സാന്നിദ്ധ്യത്തെയും ഉദ്ഘോഷിക്കുകയും ഏറ്റുപറയുകയുമാണ്.

സമൂഹംചൊല്ലുന്ന മറുപടിയില്‍ വി.കുര്‍ബ്ബാനയിലുള്ള സമൂഹത്തിന്‍റെ വിശ്വാസം ഏറ്റുപറയുകയാണ്. വി.യോഹന്നാന്‍റെ സുവിശേഷം ആറാം അദ്ധ്യായം സമാഹരിച്ചുകൊണ്ട് സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിവന്ന ജീവനുള്ള അപ്പത്തിന്‍റെ മാഹാത്മ്യം വ്യക്തമാക്കുന്നു. അള്‍ത്താരയില്‍ നില്‍ക്കുന്ന സ്വര്‍ഗ്ഗീയഗണങ്ങളുടെ സാന്നിദ്ധ്യവും ഇവിടെ ഏറ്റുപറയുന്നു. അവസാനമായി ദൈവത്തിന്‍റെ കാരുണ്യത്തിനായി പ്രാര്‍ത്ഥിക്കുകയും നിരന്തരം സ്വര്‍ഗ്ഗത്തില്‍ അവിടുത്തെ സ്തുതിക്കാന്‍ അനുഗ്രഹം യാചിക്കുകയും ചെയ്യുന്നു.

ഈ സമയത്ത് കാര്‍മ്മികന്‍ തിരുവോസ്തിയില്‍ സ്പര്‍ശിക്കാതെ അധരങ്ങള്‍കൊണ്ട് കുരിശടയാളം വരയ്ക്കുന്നു. കുരിശിലെ ബലിയെ ഒന്നുകൂടി അനുസ്മരിക്കുന്നതിനും കുരിശില്‍ മരിച്ച ഈശോയോടുള്ള സ്നേഹവും ബഹുമാനവും ഏറ്റുപറയുന്നതിനുമാണിത്. തുടര്‍ന്ന് വിഭജനത്തിനുള്ള പ്രാര്‍ത്ഥന ചൊല്ലിക്കൊണ്ട് തിരുശ്ശരീരം രണ്ടായി വിഭജിക്കുന്നു.

ഇടതുകയ്യിലുള്ള ഭാഗം പീലാസയില്‍വച്ചശേഷം വലതുകൈയ്യിലുള്ള ഭാഗംകൊണ്ട് തിരുരക്തത്തില്‍ കുരിശുവരയ്ക്കുന്നു. തുടര്‍ന്ന് കയ്യിലിരിക്കുന്ന തിരുരക്തത്തില്‍ മുക്കിയ ഭാഗംകൊണ്ട് പീലാസായിലിരിക്കുന്ന ഭാഗത്ത് കുരിശടയാളം വരയ്ക്കുകയും വി.കുര്‍ബ്ബാനയുടെ പാപമോചനശക്തിയെ പ്രകടമാക്കുന്ന പ്രാര്‍ത്ഥന ചൊല്ലുകയും ചെയ്യുന്നു.

ഈ പ്രാര്‍ത്ഥനയെത്തുടര്‍ന്ന് തിരുവോസ്തിയുടെ രണ്ടു ഭാഗങ്ങളും ചേര്‍ത്തുപിടിച്ചുകൊണ്ട് ചൊല്ലുന്ന പ്രാര്‍ത്ഥനയില്‍ വി.കുര്‍ബ്ബാനയുടെ പാപമോചനഫലത്തെക്കുറിച്ചുള്ള അവബോധം വ്യക്തമാണ്. കൂടാതെ പരി.ത്രിത്വത്തിന് ദിവ്യരഹസ്യ പരികര്‍മ്മത്തിലുള്ള പങ്കും കുര്‍ബ്ബാനയര്‍പ്പിക്കുന്ന സഭാസമൂഹവും മറ്റ് സ്ഥലങ്ങളിലുള്ള സഭകളുമായുള്ള അഭേദ്യമായ ബന്ധവും ഈ പ്രാര്‍ത്ഥനയില്‍ പരസ്യമായി പ്രഖ്യാപിക്കുന്നു.

അനുരഞ്ജന ശുശ്രൂഷയുടെ നടുവില്‍ വിഭജന ശുശ്രൂഷയോ?

അനുരഞ്ജന ശുശ്രൂഷ പാപമോചനാര്‍ത്ഥമുള്ളതാണ്. ദൈവവും മനുഷ്യനുമായുള്ള അനുരഞ്ജനത്തെ ഇവിടെ സാധ്യമാക്കുന്നു. തിരുശരീരം വിഭജിക്കപ്പെടുന്നത് എല്ലാവര്‍ക്കും വിതരണം ചെയ്യുവാനാണെങ്കിലും അതിന് മറ്റൊരു അര്‍ത്ഥം കൂടിയുണ്ട്.

മിശിഹായുടെ ശരീരം നുറുക്കപ്പെടുന്നതും രക്തം ചിന്തപ്പെടുന്നതും കടങ്ങളുടെ പൊറുതിക്കായിട്ടാണ്. അതുകൊണ്ടുതന്നെയാണ് പാപമോചനാര്‍ത്ഥമുള്ള അനുരഞ്ജന ശുശ്രൂഷയുടെ നടുവില്‍തന്നെ ഈ കര്‍മ്മം സജ്ജീകരിച്ചിരിക്കുന്നത്.

തുടര്‍ന്ന് വൈദികന്‍ ശോശപ്പ നിവര്‍ത്തി വയ്ക്കുന്നത് ഉത്ഥാന ശേഷം കല്ലറയിങ്കല്‍ കാണപ്പെട്ട തിരുവസ്ത്രത്തെ സൂചിപ്പിക്കുന്നു. അതുപോലെതന്നെ വിശ്വാസികള്‍ക്ക് പങ്കുവയ്ക്കാനായി തിരുശരീര രക്തങ്ങള്‍ തയ്യാറായിരിക്കുന്നു എന്നും സൂചിപ്പിക്കുന്നു. തുടര്‍ന്ന് നെറ്റിയില്‍ കുരിശുവരയ്ക്കുന്നത് ആരാധനാ സമൂഹത്തിനു മുഴുവന്‍ പ്രതിനിധി എന്ന നിലയില്‍ അവരുടെ അനുരഞ്ജനത്തിനായാണ്.

രണ്ടാം ഭാഗം: പരസ്പരമുള്ള അനുരഞ്ജനം

"നമ്മുടെ കര്‍ത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്‍റെ സ്നേഹവും..." എന്നാരംഭിക്കുന്ന വി.പൗലോസ് ശ്ലീഹായുടെ ആശംസയോടെ അനുരഞ്ജന ശുശ്രൂഷയുടെ രണ്ടാംഭാഗം ആരംഭിക്കുന്നു. തുടര്‍ന്ന് ശുശ്രൂഷി നടത്തുന്ന "നമ്മുടെ രക്ഷകന്‍റെ അമൂല്യമായ..." എന്നു തുടങ്ങുന്ന പ്രാര്‍ത്ഥനയില്‍ രക്ഷാകര രഹസ്യം മുഴുവന്‍ ക്രോഡീകരിച്ചിരിക്കുകയാണ്. ഈ രക്ഷാകര കര്‍മ്മത്തിന്‍റെ ജീവദായകവും ദൈവികവുമായ ആചരണമാണ് വി.കുര്‍ബ്ബാനയെന്നും ഇവിടെ സൂചനയുണ്ട്. അനുരഞ്ജന ശുശ്രൂഷയുടെ രണ്ടാംഭാഗത്ത് ദൈവമക്കളായ മനുഷ്യര്‍ തമ്മില്‍ത്തമ്മിലുള്ള അനുരഞ്ജനമാണ് ഉദ്ദേശിക്കുന്നത്. ദൈവവുമായുള്ള രഞ്ജിപ്പിന് ഇതത്യാവശ്യമാണല്ലോ. സഹോദരനുമായുള്ള ഐക്യത്തിന് തടസ്സം നില്‍ക്കുന്ന കലഹം, ഭിന്നത, ശത്രുത, വിദ്വേഷം തുടങ്ങിയ ദുര്‍വാസനകളെ അകറ്റിക്കളയുവാന്‍ സഹായിക്കണമെന്ന് കാറോസൂസായില്‍ പ്രാര്‍ത്ഥിക്കുന്നു.

കാറോസൂസായിലെ ഓരോ പ്രാര്‍ത്ഥനയ്ക്കും മറുപടിയായി "കര്‍ത്താവേ അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ"യെന്ന് പരസ്പരം ക്ഷമിച്ച സമൂഹമെന്ന നിലയില്‍ എല്ലാവും ഒന്നുചേര്‍ന്ന് അപേക്ഷിക്കുന്നുണ്ട്. പരസ്പരം ക്ഷമിക്കുകവഴി എല്ലാവരും രമ്യതയില്‍ എത്തുകയും ചെയ്യുന്നുണ്ട്. ഈ അവസരത്തില്‍ കാര്‍മ്മികന്‍ താഴ്ന്ന സ്വരത്തില്‍ ചൊല്ലുന്ന പ്രാര്‍ത്ഥനയില്‍ അദ്ദേഹം ഒരു മദ്ധ്യവര്‍ത്തിയായി മാറുകയും പാപമോചനത്തിനര്‍ഹരായ തന്‍റെ ജനത്തെ ദൈവസന്നിധിയിലേക്കാനയിച്ച് അവരുടെ പാപങ്ങള്‍ മോചിക്കുന്നതിനായി കേണുപ്രാര്‍ത്ഥിക്കുകയാണ്.

അനുരഞ്ജന ശുശ്രൂഷ വാസ്തവത്തില്‍ ഒരു പൊതുപാപസങ്കീര്‍ത്തന വേദിയാണ്. പാപപരിഹാരത്തിനായുള്ള ഈ ശുശ്രൂഷ പാപബോധമുള്ള സമൂഹത്തിന്‍റെ പൊതുപ്രാര്‍ത്ഥനയത്രേ. നമ്മുടെ കുര്‍ബ്ബാനയിലെ അനുരഞ്ജന ശുശ്രൂഷ യഥാര്‍ത്ഥത്തില്‍ രക്ഷാകരാനുഭവം ആസ്വദിച്ച സമൂഹത്തിന്‍റെ അനുരഞ്ജനത്തിന്‍റെ പ്രഖ്യാപനമാണ്. ഇതു മുഴുവന്‍ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനമായിട്ടാണ് മനസ്സിലാക്കുന്നതും. ദൈവവുമായി അനുരഞ്ജനത്തിലായവരെ ഐക്യത്തിലേക്കു നയിക്കുന്നതും ഈ പരിശുദ്ധാത്മാവുതന്നെയാണ്.

"അനുരഞ്ജിതരായിത്തീര്‍ന്നിടാം" എന്ന വാക്കുകളോടെ വിശുദ്ധ കുര്‍ബ്ബാനയിലേക്കു പ്രവേശിച്ച ആരാധകന്‍ വി.കുര്‍ബ്ബാനയിലുള്ള സജീവവും ബോധപൂര്‍വ്വകവുമായ ഭാഗഭാഗിത്വം വഴി ദിവ്യരഹസ്യങ്ങള്‍ സ്വീകരിക്കാന്‍ യോഗ്യനാക്കുന്നു. ദൈവ, മനുഷ്യസംയോഗത്തിനുള്ള ഏറ്റവും തടസ്സം പാപമാണ്. എല്ലാ പാപവും ദൈവത്തിനെതിരെയുള്ള മനുഷ്യപ്രകൃതിയുടെ യുദ്ധമാണെന്നു കാണാം. അതിനാല്‍ ദൈവത്തിന്‍റെ സ്ഥാനം അംഗീകരിച്ചുകൊണ്ട് അവിടുത്തെ കരുണയോടു രമ്യപ്പെട്ടെങ്കിലേ ബലിയര്‍പ്പണവും വി.കുര്‍ബ്ബാന സ്വീകരണവും അര്‍ത്ഥമുള്ളതാകൂ. അതുപോലെ സഹമനുഷ്യരോടും രമ്യപ്പെടാതെ നമുക്കെങ്ങനെ ഐക്യപ്പെടുത്തുന്ന ഈ കൂദാശയില്‍ പങ്കുകൊള്ളാനാകും? നമ്മുടെ ക്ഷമയും ഔദാര്യവും ആദരവും കാത്തിരിക്കുന്നവര്‍ നമ്മുടെ വീട്ടില്‍തന്നെ ഉണ്ടാകും. നമ്മെ സമീപിക്കാന്‍തന്നെ ഭയപ്പെടുന്നവര്‍ കണ്ടേക്കാം...

ദൈവൈക്യ ശുശ്രൂഷ

വി.കുര്‍ബ്ബാനയുടെ ഏഴുഭാഗങ്ങളില്‍ ആറാമത്തേതായ ദൈവൈക്യ ശുശ്രൂഷ പ്രധാനമായും അഞ്ചു പ്രാര്‍ത്ഥനകളുടെ  സമുച്ചയമാണ്. 1. സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ 2. സമാധാനാശംസ 3. ദിവ്യകാരുണ്യഗീതം 4. വി.കുര്‍ബ്ബാന സ്വീകരണം, 5. ദിവ്യകാരുണ്യഗീതം.

പേര് സൂചിപ്പിക്കുന്നതുപോലെ ഈ ഭാഗം ഐക്യപ്പെടലാണ്, ദൈവത്തോടും സഹോദരങ്ങളോടുമുള്ള ഒന്നുചേരലാണ്. അനുരഞ്ജനത്തിന്‍റെ അടയാളമാണല്ലോ ഐക്യം.

ദൈവൈക്യ ശുശ്രൂഷയുടെ അര്‍ത്ഥതലങ്ങള്‍

അനുരഞ്ജന ശുശ്രൂഷയുടെ എല്ലാത്തരം കടങ്ങളുടെയും പാപങ്ങളുടെയും അശുദ്ധിയുടെയും മാലിന്യങ്ങള്‍ തുടച്ചു നീക്കി പാപത്തിന്‍റെ അടിമത്തത്തില്‍നിന്നു മോചിതരായി ദൈവപുത്രസ്ഥാനത്തേയ്ക്കുയര്‍ന്ന് വി. കുര്‍ബ്ബാനയില്‍ സന്നിഹിതനാകുന്ന മിശിഹായുമായി ഒന്നു ചേരുവാന്‍ ഒരുങ്ങുന്ന സമയമാണിത്. മനുഷ്യനെ ദൈവത്തോളം ഉയര്‍ത്തുവാന്‍വേണ്ടി മനുഷ്യനോളം ചെറുതായ ഒരു ദൈവത്തെ നാം മിശിഹായില്‍ കണ്ടുമുട്ടുകയാണ്. ആ മിശിഹായുടെ ഏറ്റവും വലിയ സ്വയംദാനമാണ് വി.കുര്‍ബ്ബാന. "യുഗാന്ത്യത്തോളം ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും" (മത്താ 28,20) എന്ന തമ്പുരാന്‍റെ വാക്കുകളുടെ സാക്ഷാത്ക്കാരം നാം വി.കുര്‍ബ്ബാനയില്‍ കാണുന്നു. അവസാനിക്കാത്ത ഈ സ്നേഹമാണ് വി.കുര്‍ബ്ബാന.

സ്നേഹം തന്നെയായ ഈശോ തന്‍റെ ശിഷ്യരോട് ആവശ്യപ്പെട്ടത് രണ്ടു കാര്യങ്ങളാണ്.

  1. നിങ്ങള്‍ പരസ്പരം സ്നേഹിക്കുക. 2. നിങ്ങള്‍ ബലിയര്‍പ്പിക്കാന്‍ വരുമ്പോള്‍ ആരോടെങ്കിലും വിരോധമുണ്ട് എന്ന് ഓര്‍മ്മിച്ചാല്‍ പോയി രമ്യപ്പെടുക. ഇപ്രകാരം ബലിയര്‍പ്പണത്തില്‍ ആവശ്യം വേണ്ട സവിശേഷതയായി ഈശോ എടുത്തുകാണിക്കുന്നത് അനുരഞ്ജനത്തിലൂടെ പ്രകടമാകുന്ന ഐക്യമാണ്.

ഈ ഐക്യം പരിശുദ്ധാത്മാവിന്‍റെ ദാനമാണ്. ദൈവത്തെ പിതാവേ എന്ന് വിളിക്കുവാന്‍ നമ്മെ ശക്തരാക്കുന്നതും ഈ പരിശുദ്ധാത്മാവാണ് എന്ന് പൗലോസ് ശ്ലീഹാ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. "നിങ്ങളെ വീണ്ടും ഭയത്തിലേക്ക് നയിക്കുന്ന അടിമത്തത്തിന്‍റെ ആത്മാവിനെയല്ല, മറിച്ച് പുത്രസ്വീകാര്യത്തിന്‍റെ ആത്മാവിനെയാണ് നിങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്" (റോമാ 8,15). അനുരഞ്ജന ശുശ്രൂഷയിലൂടെ ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലേയ്ക്ക് കടന്നുവന്ന ആരാധനാസമൂഹം ദൈവത്തെ പിതാവേ എന്ന് വിളിക്കുന്നു. ഇതാണ് ഈ "സ്വര്‍ഗ്ഗസ്ഥനായ പിതാവേ" എന്ന പ്രാര്‍ത്ഥനയുടെ സാംഗത്യം.

മറ്റൊരു അര്‍ത്ഥതലം കൂടി നാം ഇവിടെ കണ്ടുമുട്ടുന്നു. യോഹന്നാന്‍റെ സുവിശേഷം ആറാം അദ്ധ്യായത്തിലൂടെ ദിവ്യകാരുണ്യത്തിന്‍റെ അര്‍ത്ഥവും പ്രാധാന്യവും നാം കാണുന്നു. " ദൈവത്തിന്‍റെ അപ്പം സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിവന്ന് ലോകത്തിന് ജീവന്‍ നല്‍കുന്നതത്രേ "  (യോഹ 6, 33). അങ്ങനെയെങ്കില്‍ ലോകത്തിനു മുഴുവന്‍ ജീവന്‍ പ്രദാനം ചെയ്യുന്ന ദൈവത്തിന്‍റെ അപ്പമാണ് ഈശോ. ഈ അപ്പം ഭക്ഷിക്കേണ്ടതും രക്തം പാനം ചെയ്യേണ്ടതും എങ്ങനെ എന്ന് പൗലോസ് ശ്ലീഹാ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. "നിങ്ങള്‍ ഈ അപ്പം ഭക്ഷിക്കുകയും ഈ പാത്രത്തില്‍നിന്ന് പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം  കര്‍ത്താവിന്‍റെ മരണം അവന്‍റെ പ്രത്യാഗമനംവരെ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. തന്മൂലം ആരെങ്കിലും അയോഗ്യതയോടെ കര്‍ത്താവിന്‍റെ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍നിന്ന് പാനം ചെയ്യുകയും ചെയ്താല്‍ അവന്‍ കര്‍ത്താവിന്‍റെ ശരീരത്തിനും രക്തത്തിനും എതിരേ തെറ്റു ചെയ്യുന്നു" (1 കോറി  11:26-27.) അതിനാല്‍ വി.കുര്‍ബ്ബാന സ്വീകരിക്കാനുള്ള യോഗ്യതയ്ക്കുവേണ്ടിയാണ് അനുരഞ്ജന ശുശ്രൂഷയില്‍ നാം പ്രാര്‍ത്ഥിക്കുക.  സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥനയുടെ അവസാനഭാഗത്ത്, പാപമോചനംവഴി ദൈവപുത്രരായി തീര്‍ന്നിരിക്കുന്ന തങ്ങള്‍ വീണ്ടും പാപത്തില്‍ വീഴാന്‍ ഇടയാക്കരുതെന്നുള്ള യാചനയാണുള്ളത്.

സമാധാനാശംസ

വി.കുര്‍ബ്ബാന സ്വീകരണത്തിന് തൊട്ടുമുമ്പുള്ള സമാധാനാശംസ, തന്‍റെ സ്വര്‍ഗ്ഗാരോഹണത്തിന് മുമ്പ് ഈശോ ശിഷ്യര്‍ക്ക് സമാധാനം ആശംസിച്ചതിനു സദൃശമാണെന്ന് അബ്ദീശോ എന്ന വ്യാഖ്യാതാവ് വ്യക്തമാക്കുന്നു.  മുമ്പു നടന്ന വിഭജന ശുശ്രൂഷ നമ്മുടെ കര്‍ത്താവിന്‍റെ മരണവും ഉത്ഥാനവും സൂചിപ്പിക്കുന്നതിനാല്‍ ഈ സമയത്തു പുരോഹിതന്‍ നല്‍കുന്ന സമാധാനം അവിടുത്തെ ഉത്ഥാനത്തിനു ശേഷം സ്ത്രീകള്‍ക്കും ശിഷ്യര്‍ക്കും നല്‍കിയ സമാധാനത്തിന്‍റെ പ്രതീകമാണ്.

ഈ സമാധാനാശംസ പരസ്പരം സ്നേഹിക്കുവാനുള്ള ഈശോയുടെ കല്പനയെയും ക്രിസ്ത്യാനികള്‍ തമ്മിലുള്ള ഐക്യത്തിന്‍റെ ആവശ്യകതയെയും അനുസ്മരിപ്പിക്കുന്നു. ഇവിടെ സൂചിപ്പിക്കുന്ന സമാധാനം മിശിഹാ തന്നെയാണ്.  കേവലം ഒരു ആശംസ എന്നതിനേക്കാള്‍ ഉത്ഥാനം ചെയ്ത മിശിഹായെതന്നെയാണ് ഈ സമാധാനാശംസയിലൂടെ കാര്‍മ്മികന്‍ നല്‍കുക. ദൈവൈക്യ ശുശ്രൂഷയില്‍ ഈ ആശംസയ്ക്ക് സവിശേഷമായ പ്രാധാന്യമുണ്ട്. വി.കുര്‍ബ്ബാന സ്വീകരണത്തിലൂടെ ഈശോയുമായി ഒന്നുചേരുന്ന വ്യക്തി പിന്നീട് മിശിഹായെ പ്രതിനിധാനം ചെയ്യുന്ന വ്യക്തിയായി മാറണം. ജീവിത രീതികളില്‍ സമൂലമായ മാറ്റം വരണം.

വിശുദ്ധിയുടെ പ്രാധാന്യം

ഈ ദൈവൈക്യ ശുശ്രൂഷയില്‍ നാം കണ്ടുമുട്ടുന്ന മറ്റൊരു പ്രധാന ആശയം വിശുദ്ധിയാണ്.പൗലോസ് വീണ്ടും പറയുന്നുണ്ട്,   "ദൈവം നിങ്ങളെ അശുദ്ധിയിലേക്കല്ല, മറിച്ച് വിശുദ്ധിയിലേക്കാണ് വിളിച്ചിരിക്കുന്നത്." വി.കുര്‍ബ്ബാന വിശുദ്ധിയുടെ ഒരു വലിയ അനുഭവമാണ് പ്രദാനം ചെയ്യുന്നത്. അതു വിശുദ്ധിതന്നെയാണ് എന്നു പറയാം. ദൈവൈക്യ ശുശ്രൂഷയില്‍ നാം ഏറ്റു പറയുന്നു:  "വിശുദ്ധ കുര്‍ബ്ബാന വിശുദ്ധ ജനത്തിനുള്ളതാകുന്നു." കാര്‍മ്മികന്‍റെ ഈ ആഹ്വാനം സ്വന്തം ജീവിതത്തിലേയ്ക്ക് ഒന്ന് എത്തിനോക്കാനും നമ്മുടെ ജീവിതം വിശുദ്ധിയുടെ ഒരു ജീവിതമാണോ എന്ന് പരിശോധിക്കാനും നമ്മെ പ്രേരിപ്പിക്കണം. മിശിഹായോട് ഒന്നു ചേരുന്നവന്‍ വിശുദ്ധിയുടെ പാതയിലൂടെ മാത്രം ചരിക്കേണ്ടവനാണ്. പാപത്താല്‍ കലുഷിതനായ പഴയ മനുഷ്യനെ പാടേ ഉരിഞ്ഞുമാറ്റി  വിശുദ്ധിയുടെ പുതിയ മനുഷ്യനെ ധരിച്ച് ഒരു പുതിയ സൃഷ്ടിയാവുക. ഇതാണ് പ്രധാനമായും ഈ ദൈവൈക്യ ശുശ്രൂഷ ഒരു വിശ്വാസിയോട് ആവശ്യപ്പെടുന്നത്.

എന്താണ് വിശുദ്ധി എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്? അത് മറ്റൊന്നുമല്ല, നന്മയ്ക്കായി വേര്‍തിരിക്കപ്പെട്ട അവസ്ഥയാണ്. ക്രിസ്ത്യാനികളെ വിശുദ്ധരെന്നു വിളിക്കുമ്പോള്‍ അവര്‍ ദൈവത്തിനായി മാറ്റിവെക്കപ്പെട്ടവരാണ് എന്നര്‍ത്ഥം.

ഓരോ ദിവ്യകാരുണ്യസ്വീകരണവും വിശുദ്ധിയിലേക്കുള്ള  ഓരോ പുതിയ ആഹ്വാനമാണ്. പരമ പരിശുദ്ധനായ ദൈവത്തെപ്പോലെ വിശുദ്ധിയുടെ മറ്റൊരു അവതാരമായി മാറേണ്ടവനാണ് വിശ്വാസി എന്ന സത്യം എപ്പോഴും നമ്മുടെ കണ്‍മുമ്പിലുണ്ടാകണം. ഒപ്പം വിശ്വാസിക്ക് വി.കുര്‍ബ്ബാന നിത്യജീവന്‍റെ അച്ചാരമായി മാറുന്നു.  കുര്‍ബ്ബാന കൊടുക്കുമ്പോഴുള്ള പുരോഹിതന്‍റെ ആശംസ ഇത് വിശദീകരിക്കുന്നുണ്ട്. "മിശിഹായുടെ ശരീരവും രക്തവും കടങ്ങളുടെ പൊറുതിയ്ക്കും നിത്യജീവനും കാരണമാകട്ടെ."

രണ്ടു കാര്യങ്ങളാണ് പ്രധാനമായും വി.കുര്‍ബ്ബാന സ്വീകരണത്തിലൂടെ നടക്കുക.

  1. മറ്റെല്ലാ പ്രാര്‍ത്ഥനകളുടേയും പൂര്‍ത്തീകരണമായി പാപമോചനം നല്‍കപ്പെടുന്നു. കാരണം വി.കുര്‍ബ്ബാന സ്വീകരണം ദൈവവുമായി ഐക്യപ്പെടുന്ന പുണ്യനിമിഷമാണ്.                                                                                     
  2. നിത്യജീവന്‍ പ്രദാനം ചെയ്യപ്പെടുന്നു. "ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്ക് ജീവനുണ്ടാകുവാനും അത് സമൃദ്ധമായി ഉണ്ടാകുവാനുമാണ്" (യോഹ 10:10). "സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങിവന്ന ജീവന്‍റെ അപ്പം ഞാനാണ്. ഈ അപ്പം ഭക്ഷിക്കുന്നവന്‍ ഒരു കാലത്തും മരിക്കുകയില്ല" (യോഹ 6.51).

വി.കുര്‍ബ്ബാനയുടെ പ്രധാന്യം വിശുദ്ധ ഗ്രന്ഥത്തിലൂടെ

  1. ഭൂതകാലത്തെ വിശുദ്ധീകരിച്ച് വിശുദ്ധിയുടെ പുത്തന്‍ അനുഭവത്തിലേക്ക് അത് നമ്മെ എത്തിക്കുന്നു. വി. ലൂക്കാ വിവരിക്കുന്ന എമ്മാവൂസ് അനുഭവം അതാണ് നമ്മെ പഠിപ്പിക്കുക. ഏതൊരു വ്യക്തി വിശ്വാസത്തിന്‍റെ അഭാവത്താല്‍ അന്ധനായി ജറുസലെം അനുഭവത്തില്‍നിന്ന് അകലുന്നുവോ, അവരിലേക്ക് തിരുവചനത്തിന്‍റെ ജ്വലിക്കുന്ന അനുഭവമായി ഈശോ കടന്നുവരും. പക്ഷേ ജ്വലനം എന്താണ് എന്ന് നാം വ്യക്തമായി മനസ്സിലാക്കുക വി.കുര്‍ബ്ബാനയുടെ മുമ്പില്‍ മാത്രമാണ്. നമുക്കുവേണ്ടി മുറിക്കപ്പെട്ട അപ്പം ഭക്ഷിക്കുമ്പോള്‍ മാത്രമേ നമ്മുടെ കണ്ണുകള്‍ തുറക്കൂ എന്ന യാഥാര്‍ത്ഥ്യം നാം മനസ്സിലാക്കണം.
  2. വര്‍ത്തമാനകാലത്തെ വിശുദ്ധീകരിക്കുന്നു. ഏശയ്യായുടെ അനുഭവം അതാണ് പഠിപ്പിക്കുക. ഏശയ്യായുടെ അധരങ്ങളെ തീക്കട്ട വിശുദ്ധീകരിച്ചതിനുശേഷം അദ്ദേഹം കേട്ട ശബ്ദം ഇതായിരുന്നു.  "നിന്‍റെ മാലിന്യം നീക്കപ്പെട്ടു, നിന്‍റെ പാപം ക്ഷമിക്കപ്പെട്ടിരിക്കുന്നു" (ഏശ 6:7). നമ്മുടെ പാപവും ക്ഷമിക്കുന്ന, മലിന്യങ്ങള്‍ നീക്കുന്ന തീക്കനല്‍ വി.കുര്‍ബ്ബാനയാണെന്നു നാം തിരിച്ചറിയണം.
  3. ഭാവിയിലേക്കുള്ള കരുതലാണ് ദിവ്യകാരുണ്യം. ഏലിയാ പ്രവാചകന്‍റെ അനുഭവം നമ്മെ അതാണ് പഠിപ്പിക്കുക (1 രാജാ 19). ജെസബേലിനെ ഭയന്ന് ഒളിച്ചോടി മരുഭൂമിയിലെത്തി ഒരു വാടാമുള്‍ച്ചെടിയുടെ തണലില്‍ കിടന്നുറങ്ങിയ ഏലിയായെ തട്ടിയുണര്‍ത്തി കര്‍ത്താവിന്‍റെ ദൂതന്‍ പറഞ്ഞത് "എഴുന്നേറ്റ് ഭക്ഷിക്കുക, അല്ലെങ്കില്‍ മുന്നോട്ടുള്ള നിന്‍റെ യാത്ര ദുഷ്കരമായിരിക്കും" എന്നാണ് (19:7).

ദൈവൈക്യ ശുശ്രൂഷയെപ്പറ്റി നാം ചിന്തിക്കുന്ന ഈ അവസരത്തില്‍ ജോണ്‍ പോള്‍ പാപ്പായുടെ വാക്കുകള്‍ നമ്മുടെ ഹൃദയങ്ങളില്‍ ഉണ്ടാവട്ടെ. "ദിവ്യകാരുണ്യം സ്വീകരിക്കുക എന്നാല്‍ ഈശോയോട് അഗാധമായ ഒരൈക്യത്തിലേക്ക് പ്രവേശിക്കുക എന്നാണര്‍ത്ഥം." "എന്നില്‍ വസിക്കുവിന്‍; ഞാന്‍ നിങ്ങളിലും വസിക്കും" (യോഹ 15:4) .

സമാപന ശുശ്രൂഷ

വി. കുര്‍ബ്ബാനയിലുള്ള പങ്കുകൊള്ളല്‍ നിരവധിയായ ചിന്തകളും അനുഭവങ്ങളും അനുഗ്രഹങ്ങളുമാണ് ആരാധനാ സമൂഹത്തിനു നല്‍കിയത്. തന്നിമിത്തം അവയെല്ലാം അനുസ്മരിച്ചുകൊണ്ട് അവയ്ക്കെല്ലാംവേണ്ടി ദൈവത്തിനു നന്ദി പ്രകാശിപ്പിക്കുക എന്നതാണ് സമാപന ശുശ്രൂഷയുടെ ചൈതന്യം. നവമായ ഒരു ജീവിതശൈലിക്ക് രൂപംകൊടുക്കുവാന്‍ ആരാധകരെ പ്രേരിപ്പിക്കു ന്ന ഒരു ഘടകംകൂടി ഈ സമാപന ശുശ്രൂഷ ഉള്‍ക്കൊള്ളുന്നുണ്ട്. ഇത് ചിലപ്പോള്‍ പ്രതിജ്ഞയുടെയും അനുഗ്രഹാപേക്ഷയുടെയും ഭാവങ്ങളും സ്വീകരിക്കാറുണ്ട്. ഈ ശുശ്രൂഷ പ്രത്യാശയുടെ വിശാലമായ ഒരു വാതില്‍ ആരാധകന്‍റെ മുമ്പില്‍ തുറന്നിടുന്നുണ്ട്.

ഇപ്രകാരമുള്ള ഉള്‍പ്രേരണകള്‍ നല്‍കുന്ന പ്രാര്‍ത്ഥനകളാണ് സമൂഹവും കാര്‍മ്മികനും സമാപനശുശ്രൂഷയില്‍ പ്രാര്‍ത്ഥിക്കുക. കൃതജ്ഞത നിറഞ്ഞ ഹൃദയത്തോടുകൂടി ഈ പ്രാര്‍ത്ഥനകള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുന്ന ആരാധകവൃന്ദം ദൈവാലയ ത്തില്‍നിന്നു പുറത്തേക്കുവരുമ്പോള്‍ തങ്ങള്‍ക്കു ലഭിച്ച അനുഭവം മറ്റുള്ളവരുമായി പങ്കുവയ്ക്കുവാന്‍ പര്യാപ്തമാകുന്നവിധം നവമായ പ്രേഷിതചൈതന്യത്തോടുകൂടിയാണ് വരിക.

സമൂഹത്തിന്‍റെ കൃതജ്ഞതാപ്രാര്‍ത്ഥന

കര്‍ത്താവിന്‍റെ തിരുനാളില്‍ ചെയ്യുന്ന കൃതജ്ഞതാ പ്രാര്‍ത്ഥന ഒരു പുതിയ ജീവിതശൈലിക്ക് രൂപംകൊടുക്കുവാന്‍ പര്യാപ്ത മായവിധം ശക്തമായ ആന്തരിക പ്രേരണകളാണ് ആരാധകര്‍ക്കു നല്‍കുക. പഞ്ചേന്ദ്രിയങ്ങള്‍ ഒരോന്നിനെയും പരാമര്‍ശിച്ചുകൊണ്ട് പ്രതിജ്ഞയുടെ മനോഭാവംകൂടി സ്വീകരിക്കുന്ന ഈ പ്രാര്‍ത്ഥന ആരാധനയും ജീവിതവും തമ്മിലുള്ള ബന്ധം പ്രകടമാക്കുന്ന ഒരു മാതൃകാ പ്രാര്‍ത്ഥനകൂടിയാണ്. കൃതജ്ഞതാപ്രകാശനവും അനുഗ്രഹാപേക്ഷകളും നിറഞ്ഞതാണ് മറ്റ് രണ്ടു പ്രാര്‍ത്ഥനകള്‍. വി. കുര്‍ബ്ബാന സ്വീകരിച്ച  ഭക്തനില്‍ നിറഞ്ഞുനില്‍ക്കേണ്ട ആന്തരിക ചൈതന്യമാണ് ഈ പ്രാര്‍ത്ഥനകള്‍ പ്രകടിപ്പിക്കുന്നത്.

ശുശ്രൂഷയുടെ ആഹ്വാനം

വി. കുര്‍ബ്ബാനയാകുന്ന അവര്‍ണ്ണനീയ ദാനത്തിന് അതിന്‍റെ ദാതാവായ ദൈവത്തിന് നന്ദിപറയുവാന്‍ ശുശ്രൂഷി സമൂഹത്തെ ആഹ്വാനം ചെയ്യുന്നു. "അവര്‍ണ്ണനീയമായ ഈ ദാനത്തെക്കുറിച്ച് കര്‍ത്താവേ, അങ്ങേക്കു സ്തുതി" എന്ന് ആരാധനാസമൂഹം ഈ ആഹ്വാനത്തിനു പ്രത്യുത്തരം നല്‍കുന്നു.

കാര്‍മ്മികന്‍റെ പ്രാര്‍ത്ഥനകള്‍

കാര്‍മ്മികന്‍റെ രണ്ട് പ്രാര്‍ത്ഥനകളും കൃതജ്ഞതാപ്രകാശന ത്തിന്‍റെയും അനുഗ്രഹാപേക്ഷയുടെയും ജീവിതനവീകരണത്തി ന്‍റെയും ആശയങ്ങള്‍ പ്രതിഫലിപ്പിക്കുന്നവയാണ്. ഞായറാഴ്ചക ള്‍ക്കും സാധാരണ ദിവസങ്ങള്‍ക്കുംവേണ്ടി പ്രത്യേകം പ്രാര്‍ത്ഥന കളുണ്ട്. വി. കുര്‍ബ്ബാന എന്ന സര്‍വ്വോത്കൃഷ്ട ദാനത്തിന് ആരാധനാസമൂഹം അര്‍പ്പിക്കുന്ന കൃതജ്ഞതാപ്രകരണമാണവ. ഈ പ്രാര്‍ത്ഥനകള്‍ ശ്രദ്ധാപൂര്‍വ്വം കേട്ട് സ്വന്തമാക്കിവേണം ജനം "ആമ്മേന്‍" എന്ന് പ്രത്യുത്തരിക്കാന്‍.

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ

കാനോനയോടുകൂടിയ  സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാര്‍ത്ഥന ആമുഖശുശ്രൂഷയെന്നപോലെ സമാപന ശുശ്രൂഷയിലും നാം ചൊല്ലുന്നുണ്ട്.

ആമുഖ ശുശ്രൂഷയില്‍ ഈ പ്രാര്‍ത്ഥന സ്തുതിയുടെ ഭാവമാണ് സ്വീകരിച്ചതെങ്കില്‍, സമാപന ശുശ്രൂഷയില്‍ ഇത് കൃതജ്ഞതയുടെ ഭാവമാണ് സ്വീകരിക്കുക. സ്വര്‍ഗ്ഗീയ ചിന്തകളാലും ദൈവത്തോടുള്ള കൃതജ്ഞതയാലും നിറഞ്ഞ ഹൃദയത്തോടുകൂടിയാണ് നാം ദൈവാലയത്തില്‍നിന്നും പുറത്തുവരുന്നത്. മനുഷ്യമക്കള്‍ക്കു വേണ്ടിയുള്ള ദൈവത്തിന്‍റെ ഏറ്റവും വിലപ്പെട്ട ദാനമാണ് ഈശോമിശിഹാ. ഇന്ന് വി. കുര്‍ബ്ബാനയിലൂടെ മനുഷ്യാവതാരം വീണ്ടും നടക്കുന്നു. ഇങ്ങനെ മിശിഹായെ സ്വീകരിക്കുവാന്‍ നമ്മെ പ്രാപ്തനാക്കിയ പിതാവിനെ നാം ഈ പ്രാര്‍ത്ഥനയിലൂടെ സ്വര്‍ഗ്ഗവാസികളോടൊപ്പം സ്തുതിക്കുകയാണ്. ഈശോ തന്നെ പഠിപ്പിച്ച ഈ പ്രാര്‍ത്ഥന സഹോദരങ്ങള്‍ക്കൊപ്പം ഒന്നിച്ചു രുവിടുന്നത് രക്ഷാകരമായ ഒരനുഭവമാണ്.

സമാപനാശീര്‍വ്വാദം

ജീവിതത്തിന്‍റെ വിവിധ മണ്ഡലങ്ങളില്‍ മിശിഹായ്ക്കു സാക്ഷ്യംവഹിക്കുവാന്‍ സന്നദ്ധരായി ദൈവാലയത്തില്‍നിന്നും പുറത്തേക്കുപോകുവാന്‍ ആഗ്രഹിക്കുന്ന ആരാധനാ സമൂഹത്തിന് സമാപനാശീര്‍വ്വാദംകൂടി നല്‍കിയാണ് ഇപ്രകാരം പറഞ്ഞയക്കുക. ഇതാകട്ടെ സ്വര്‍ഗ്ഗാരോഹണത്തിന്‍റെ അവസരത്തില്‍ ഈശോ ശിഷ്യന്മാരെ പ്രേഷിതദൗത്യം നല്‍കി അനുഗ്രഹിച്ച് പറഞ്ഞയച്ചതിനെയാണ് പ്രതീകാത്മകമായി അനുസ്മരിക്കുന്നത്.

ചുരുക്കത്തില്‍ ദൈവസന്നിധിയില്‍ എത്തിച്ചേര്‍ന്ന ആരാധകര്‍ ജീവന്‍റെ വചനം ശ്രവിച്ചും മിശിഹായുടെ പെസഹാരഹസ്യത്തിന് സാക്ഷ്യംവഹിച്ചും വിശുദ്ധീകരിക്കപ്പെട്ട് പ്രേഷിതരായി അയക്കപ്പെടുകയാണ്. പ്രേഷിത മണ്ഡലത്തില്‍ സ്വരൂപിച്ച സുകൃതഫലങ്ങളാണ് അടുത്തദിവസം പ്രഭാതത്തില്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവാനായി ബലിപീഠത്തില്‍ കൊണ്ടുവരിക. ഇതാണ് ആദ്ധ്യാത്മിക വളര്‍ച്ചയ്ക്ക് നിദാനമായി ആരാധനാക്രമം നല്‍കുന്ന ജീവിതശൈലി.

ബലിപീഠം ചുംബിക്കുന്നു

ബലിപീഠത്തില്‍നിന്നുള്ള കാര്‍മ്മികന്‍റെ വിടവാങ്ങല്‍ പ്രാര്‍ത്ഥനയാണിത്. വൈവിധ്യമാര്‍ന്ന ചിന്താധാരകള്‍ ആരാധകരില്‍ ഉണര്‍ത്തുവാന്‍ സഹായിച്ച ബലിപീഠത്തിനു ചുംബനം അര്‍പ്പിച്ചുകൊണ്ട് കാര്‍മ്മികന്‍ മദ്ബഹായില്‍നിന്നും സങ്കീര്‍ ത്തിയിലേക്ക് തിരികെ പോകുന്നു.

വി. കുര്‍ബ്ബാനയര്‍പ്പണം - സഭാനിര്‍ദ്ദേശങ്ങള്‍

ദിവ്യനാഥന്‍ തിരുസഭയ്ക്ക് ഏല്‍പിച്ചുതന്നിരിക്കുന്ന അനര്‍ഘ നിക്ഷേപമാണല്ലോ വി. കുര്‍ബ്ബാന. സഭയിലാണ് വി. കുര്‍ബ്ബാന അര്‍പ്പിക്കപ്പെടുന്നത്. അത് സഭയുടെ - ഇടവകാസമൂഹത്തിന്‍റെ - പൊതുവായ ആദ്ധ്യാത്മികാഘോഷമാണ്. അതുകൊണ്ടുതന്നെ വി. കുര്‍ബ്ബാനയുടെ യോഗ്യതാപൂര്‍ണ്ണമായ ആചരണത്തെപ്പറ്റി വ്യവസ്ഥകള്‍ രൂപീകരിക്കാന്‍ സഭാധികാരത്തിനു ചുമതലയുണ്ട്.

ഇടവകാകുടുംബത്തിന്‍റെ പൊതുവായ കൂടിവരവാണല്ലോ ഞായറാഴ്ച ആചരണത്തില്‍ നടക്കുന്നത്. ഉത്ഥാനം ചെയ്ത  ഈശോനാഥന്‍ ഗലീലിക്കടല്‍ത്തീരത്ത് ശ്ലീഹന്മാര്‍ക്കു ഭക്ഷണ മൊരുക്കി കാത്തിരിക്കുന്നതുപോലെ നമ്മെയും കാത്തിരിക്കു കയാണ്, നിത്യജീവന്‍റെ അപ്പം നല്‍കി സംതൃപ്തരാക്കുവാന്‍. ഇടവക ഒരു കുടുംബമാകയാല്‍ സ്വന്തം ഇടവകയില്‍ തന്നെ ഞായറാഴ്ച ആചരണത്തിന് ശ്രദ്ധിക്കണം. സ്വന്തം വീട്ടിലെ ആഘോഷം എന്ന വൈകാരികമായ അടുപ്പം ഇടവക ദേവാലയ ത്തിലെ ഞായറാഴ്ച ആചരണത്തോട് ഉണ്ടാകണം. ഞായറാഴ്ച ത്തെ ബലിയര്‍പ്പണം കൂടുതല്‍ ആഘോഷകരവും ഹൃദയഹാരിയു മാക്കാന്‍ വികാരിമാര്‍ ശ്രദ്ധിക്കുകയും വേണം. വായനകളും പാട്ടുകളും പ്രാര്‍ത്ഥനകളുമൊക്കെ സ്ഫുടവും വ്യക്തവുമായിരിക്കണം. എല്ലാവര്‍ക്കും ഒന്നിച്ചു പാടാവുന്ന ഈണം തിരഞ്ഞെടു ത്താല്‍ ഉചിതമായി. കുര്‍ബ്ബാനത്തക്സയിലും പ്രോപ്രിയയിലും കൊടുത്തിരിക്കുന്ന ഗീതങ്ങളില്‍ നിന്നുതന്നെ തെരെഞ്ഞെടുക്കുകയാണ് വേണ്ടത്. പാട്ടുകാരുടെ സാമര്‍ത്ഥ്യമല്ല മാനദണ്ഡം, ദൈവജനത്തെ പാടാന്‍ സഹായിക്കുകയാണ് ഗായക സംഘ ത്തിന്‍റെ ധര്‍മ്മം. ഗായക സംഘം മാത്രം പാടുകയും പ്രത്യുത്തരിക്കുകയും ചെയ്താല്‍ പോരാ. കുര്‍ബ്ബാന പുസ്തകത്തിലില്ലാത്ത ക്രമങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നത് അനുവദനീയമല്ല. ഞായറാഴ്ച കുര്‍ബ്ബാനകളിലെങ്കിലും മുതിര്‍ന്നവര്‍ വേദപുസ്തക വായനകള്‍ നടത്തുന്നതും ശുശ്രൂഷികളാകുന്നതും വളരെ അഭിലഷണീയമാണ്. നമ്മുടെ ആരാധനക്രമ പാരമ്പര്യത്തില്‍ നാലു വായനകളാണല്ലോ ഉള്ളത് (മോശ, പ്രവാചകന്‍, ശ്ലീഹ, സുവിശേഷം).  ഞായറാഴ്ചകളില്‍  ഇവ നാലും വായിക്കുന്നതിനും ധൂപക്കുറ്റി ഉപയോഗിക്കുന്നതും ശുശ്രൂഷികളും തിരുവസ്ത്രങ്ങള്‍ ധരിക്കുന്നതും (കൊത്തീന, ഇടക്കെട്ട്) മനോഹരമായിരിക്കും. ഞായറാഴ്ചയാചരണത്തിനായി ഉദാരമായി സമയം ചെലവഴിക്കാന്‍ നാം ശീലിക്കേണ്ടിയിരിക്കുന്നു. നിശ്ചിത സമയത്ത് വി.കുര്‍ബ്ബാന ആരംഭിക്കുക, സുവിശേഷപ്രസംഗം അതിദീര്‍ഘമാകാതെ സൂക്ഷിക്കുക, അറിയിപ്പുകള്‍ കാര്യമാത്രപ്രസക്തമാക്കുക മുതലായവ വൈദികനും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.

ബാഹ്യമായ ഒരുക്കത്തിന്‍റെ കാര്യങ്ങളാണ് മേല്‍പ്പറഞ്ഞവയെല്ലാം. ആന്തരികമായ ഒരുക്കമാണ് വി.കുര്‍ബ്ബാനയിലെ ഭാഗഭാഗിത്വം സഫലമാക്കുന്നത്. ഓരോ ഞായറാഴ്ചയും എത്തിച്ചേരാന്‍ ഹൃദയംഗമമായി കാത്തിരിക്കണം. ഈ കാത്തിരിപ്പോടെയാണ് വി.കുര്‍ബ്ബാനയില്‍ സംബന്ധിക്കേണ്ടത് (1 കോറി 11:33).  അള്‍ത്താരയോടു ചേര്‍ന്നുനിന്നുകൊണ്ട്, പ്രാര്‍ത്ഥനകളിലും പാട്ടുകളിലും പങ്കുചേരുക, സമൂഹത്തോടൊപ്പം നില്‍ക്കുകയും ഇരിക്കുകയും ചെയ്യുക, വി.കുര്‍ബ്ബാന സ്വീകരിച്ചു വിമലീകൃതരാകുക... വി.കുര്‍ബ്ബാന സ്വീകരിക്കാതെ പങ്കുചേരല്‍ പൂര്‍ണമാവുകയില്ല.  ഒരു മണിക്കൂര്‍ ഉപവസിച്ച് ഒരുങ്ങി, വരപ്രസാദാവസ്ഥയില്‍  ദിവ്യനാഥനോടുള്ള സ്നേഹവായ്പോടെ വേണം വി.കുര്‍ബ്ബാന സ്വീകരിക്കുവാന്‍.

പുരോഹിതന്‍മാരെയും മ്ശംമ്ശാന (ഡീക്കന്‍) മാരെയുമാണ് വി.കുര്‍ബ്ബാന നല്‍കാന്‍ സഭ നിയോഗിച്ചിരിക്കുന്നത്. ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ നിത്യവ്രതം ചെയ്ത സന്യാസിനിമാര്‍, സന്യാസ സഹോദരന്‍മാര്‍, കാറോയാപ്പട്ടമെങ്കിലും ലഭിച്ച മേജര്‍ സെമിനാരിക്കാര്‍, പരിശീലനം സിദ്ധിച്ച അല്മായര്‍ എന്നിവര്‍ക്കും സഭ ഈ അനുവാദം നല്‍കുന്നു. ഇരുസാദൃശ്യങ്ങളിലും വി.കുര്‍ബ്ബാന സ്വീകരിക്കുന്നത് സഭ പ്രോത്സാഹിപ്പിക്കുന്നുണ്ട്. നാവില്‍ സ്വീകരിക്കുന്നതുപോലെത്തന്നെ വണക്കത്തോടുകൂടെ കൈയ്യിലും വി.കുര്‍ബ്ബാന സ്വീകരിക്കാം. ഇക്കാര്യങ്ങളെല്ലാം സഭ പുലര്‍ത്തുന്ന തീവ്രമായ ശ്രദ്ധ വി.കുര്‍ബ്ബാനയുടെ അവര്‍ണ്ണനീയമായ മഹത്വത്തെയും ദൈവിക സ്വഭാവത്തെയുംപറ്റി ധ്യാനിക്കാന്‍ നമ്മെ സഹായിക്കുന്നു.

"അങ്ങയുടെ ജീവദായകവും ദൈവികവുമായ വചനങ്ങളുടെ മാധുര്യം ആസ്വദിക്കുവാനും മാലാഖമാരോടുകൂടെ തിരുനാമത്തെ സ്തുതിക്കുവാനും അങ്ങയുടെ ദാനമായ ദിവ്യരഹസ്യങ്ങളില്‍ പങ്കുകൊള്ളുവാനും മഹോന്നതനായ ദൈവമേ, അങ്ങേക്കു സ്തുതിയുടെയും കൃതജ്ഞതയുടെയും കീര്‍ത്തനങ്ങള്‍ ഇടവിടാതെ ആലപിക്കുവാനും ബലഹീനരായ ഞങ്ങളെ കാരുണ്യപൂര്‍വ്വം അങ്ങ് യോഗ്യരാക്കി."

ഡോ. തോമസ് മേല്‍വെട്ടം

signs and symbols of holy eucharist catholic malayalam Dr. Thomas Melvettam Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message