x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

രഹസ്യവും കൂദാശകളും

Authored by : Dr. Thomas Poovathanikkunnel On 03-Feb-2021

കൂദാശകള്‍ രക്ഷാകരരഹസ്യങ്ങളാണ്. രഹസ്യങ്ങള്‍ സ്വഭാവികമായി വെളിപാടിനോട് ബന്ധപ്പെട്ടിരിക്കുന്നു. വെളിപ്പെടുത്തപ്പെടാത്ത ഒരു രഹസ്യവുമില്ല. കൂദാശകള്‍ വസ്തുനിഷ്ഠപ്രതീകങ്ങള്‍ (Real symbol) ആണെന്ന് മുന്‍ അധ്യായത്തില്‍ വിവരിച്ചു. സത്തയുടെ ഐക്യത്തെ അറിയിക്കുകയും അതേസമയം അറിയിക്കപ്പെട്ടതിന്‍റെ "കാരണ"മായിരിക്കുകയും ചെയ്യുന്ന അടയാളങ്ങളാണ് (signs) വസ്തുനിഷ്ഠപ്രതീകങ്ങള്‍. ഈ പ്രതീകത്തില്‍ (synbol) സത്ത അറിയപ്പെടുന്നു. അതിനെകൂടാതെ സത്തയ്ക്ക് അറിയപ്പെടാനാവുകയില്ല. കൃത്യമായി പറഞ്ഞാല്‍ ഒരു സത്ത മറ്റൊന്നില്‍ നടത്തുന്ന ആത്മസാക്ഷാത്ക്കാരമാണ് പ്രതീകം. ആ "മറ്റൊന്ന്" സത്തയുടെ സാരാംശത്തിന്‍റെ നിര്‍മാണഘടകമാണ്. രൂപത്തിന്‍റെ ബാഹ്യപ്രകടനമാണ് പ്രതീകം എന്നാണ് ഇതിന്‍റെ അര്‍ത്ഥം. അത് രൂപത്തെ വെളിപ്പെടുത്തുക മാത്രമല്ല ചെയ്യുന്നത്, ആ രൂപത്തിന് സ്വയം സാക്ഷാത്ക്കരിക്കാനുള്ള വഴി നല്‍കുകയും ചെയ്യുന്നു. ചുരുക്കത്തില്‍, വസ്തുനിഷ്ഠപ്രതീകം അത് സൂചിപ്പിക്കുന്ന യാഥാര്‍ത്ഥ്യത്തെ ആന്തരികമായി പ്രകാശിപ്പിക്കുന്നു. അതുകൊണ്ട്, കൂദാശകള്‍ വസ്തുനിഷ്ഠപ്രതീകങ്ങളെന്ന നിലയില്‍ ദൈവികരഹസ്യങ്ങളുടെ വെളിപ്പെടലുകളാണ്. അവ രഹസ്യങ്ങളെ വെളിപ്പെടുത്തുക മാത്രമല്ല ചെയ്യുന്നത്, ആ രഹസ്യങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ സാക്ഷാത്ക്കരിക്കാനുള്ള മാര്‍ഗം നല്‍കുകയും ചെയ്യുന്നു.

കൂദാശകള്‍                                = രക്ഷാകരരഹസ്യങ്ങള്‍

കൂദാശകള്‍                                = വസ്തുനിഷ്ഠപ്രതീകങ്ങള്‍

വസ്തുനിഷ്ഠപ്രതീകം                     = യാഥാര്‍ത്ഥ്യത്തിന്‍റെ പ്രകാശനവും സാക്ഷാത്ക്കാരവും

അതുകൊണ്ട്, കൂദാശകള്‍            = രക്ഷാകരരഹസ്യങ്ങളുടെ പ്രകാശനവും സാക്ഷാത്ക്കാരവും

രക്ഷാകരരഹസ്യങ്ങള്‍ രക്ഷാകര ചരിത്രത്തില്‍, വിവിധ സംഭവങ്ങളിലൂടെ, ഒരു സമൂഹമെന്ന നിലയിലുള്ള ജനത്തിന്‍റെ ജീവിതത്തില്‍ വെളിവാക്കപ്പെടുന്നു. കൂദാശകള്‍ രക്ഷാകരരഹസ്യങ്ങളുടെ വെളിപാടുപരമായ സംഭവങ്ങളാണ്. അവ രക്ഷാചരിത്രത്തിന്‍റെ തലത്തില്‍തന്നെയാണു നിലകൊള്ളുന്നത്. ദൈവം സൃഷ്ടിസംഭവത്തില്‍ തന്‍റെ സ്നേഹത്തെയും സ്രഷ്ടാവെന്ന നിലയില്‍ തന്നെത്തന്നെയും വെളിവാക്കി. മനുഷ്യചരിത്രത്തിലുടനീളം, മനുഷ്യവംശത്തെ സംബന്ധിച്ച തന്‍റെ രക്ഷാകരപ്രവൃത്തികള്‍ തുടര്‍ന്നു. പഴയനിയമത്തില്‍, ഒരു ജനതയെന്ന നിലയിലുള്ള ഇസ്രായേലിന്‍റെ ചരിത്രപരമായ സംഭവങ്ങളിലാണ് അത് കൂടുതലായി അനുഭവപ്പെട്ടത്. പ്രവാചകന്മാര്‍, പൂര്‍വ്വപിതാക്കന്മാര്‍ തുടങ്ങിയ വ്യക്തികളിലൂടെയും പ്രവചനപരമായ വാക്കുകള്‍, പ്രവൃത്തികള്‍ എന്നിവയിലൂടെയും അവ അനുഭവപ്പെട്ടു. ദൈവജനത്തിന് രക്ഷാകരരഹസ്യങ്ങള്‍ വെളിപ്പെടുത്തിയ ചില അനന്യനിമിഷങ്ങളും സംഭവങ്ങളുമുണ്ടായിട്ടുണ്ട്. രക്ഷാചരിത്രം അഥവാ രക്ഷാരഹസ്യത്തിന്‍റെ വെളിപാട് മിശിഹായില്‍ ഏറ്റവും ഉന്നത വെളിപ്പെടുത്തല്‍ ഘട്ടത്തിലെത്തിച്ചേര്‍ന്നു. "പൂര്‍വ്വകാലങ്ങളില്‍ പ്രവാചകന്മാര്‍വഴി വിവിധഘട്ടങ്ങളിലും വിവിധ രീതികളിലും ദൈവം നമ്മുടെ പിതാക്കന്മാരോട് സംസാരിച്ചിട്ടുണ്ട്. എന്നാല്‍ ഈ അവസാന നാളുകളില്‍ തന്‍റെ പുത്രന്‍വഴി അവിടുന്നു നമ്മോടു സംസാരിച്ചിരിക്കുന്നു" (ഹെബ്രാ 1:1) ഒരു വ്യക്തിയെന്ന നിലയില്‍ ഈശോമിശിഹായും അവിടുത്തെ വാക്കുകളും പ്രവൃത്തികളും ദൈവത്തെയും അവിടുത്തെ രഹസ്യങ്ങളെയും, ഏറ്റവും മൗലികവും വസ്തുനിഷ്ഠവുമായ രീതിയില്‍ വെളിപ്പെടുത്തി. സഭ ഈ പ്രത്യക്ഷീകരണധര്‍മ്മം തുടരുന്നു. ലോകത്തില്‍ ഈ രക്ഷാകരകൃപയുടെ പ്രതീകമാണ് സഭ. ദൈവവചനത്തിന്‍റെ ശ്രവണവും പ്രഘോഷണവും വഴി ലോകരക്ഷയുടെ കൂദാശയാണ് അത്. സഭയുടെ ഈ പ്രതീകധര്‍മ്മത്തില്‍, മിശിഹായില്‍ നിറവേറിയ ദൈവികരക്ഷാകരകൃപയുടെ പ്രവൃത്തികളെ സഭ പ്രഘോഷിക്കുകയും അവയെ സാക്ഷാത്ക്കരിക്കുകയും ചെയ്യുന്നു. കൂദാശകള്‍ സഭയുടെ അതുല്യവും ഔദ്യോഗികവുമായ പ്രവൃത്തികളാണ്. അവയിലൂടെ വ്യക്തികളുടെ ജീവിതത്തില്‍ രക്ഷാകരരഹസ്യങ്ങളെ പ്രകാശിപ്പിക്കുകയും അവയുടെ ഫലങ്ങള്‍ സാക്ഷാത്ക്കരിക്കുകയും ചെയ്യുന്നു. അതായത് കൂദാശകള്‍ രക്ഷാകരരഹസ്യങ്ങളുടെ വെളിപാടാണ്. ഓരോ വ്യക്തിയെയും സംബന്ധിച്ച് സഭയില്‍ നടത്തപ്പെടുന്ന മിശിഹായുടെ രക്ഷാകരവചനങ്ങളുടെ പ്രഘോഷണമാണ് കൂദാശകള്‍.

  1. രഹസ്യവും പ്രതീകവും

യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള ദര്‍ശനത്തെ കൂടുതല്‍ പ്രകാശിപ്പിക്കാന്‍ രഹസ്യം, വസ്തുനിഷ്ഠപ്രതീകം എന്നീ കാഴ്ചപ്പാടുകള്‍ ഒന്നുചേര്‍ത്ത് പഠിക്കുന്നത് ഉചിതമാണ്. അവയുടെ ചേര്‍ച്ചയെപ്പറ്റി നമുക്കു ബോധ്യമുണ്ടായിരിക്കണം. കേവലം സങ്കരമായ ഒരു വീക്ഷണമുണ്ടാകാതിരിക്കാനാണത്. അത് ഉള്‍ക്കാഴ്ചയുടെ ഒരു ജീവഘടനാപരമായ വികാസമായിരിക്കണം. നാം നിര്‍ദ്ദേശിക്കുന്ന ഈ രണ്ട് ദൈവശാസ്ത്രപദങ്ങള്‍ തമ്മിലുള്ള സാദൃശ്യത്തെക്കുറിച്ചുള്ള ഒരു വിഹഗവീക്ഷണമാണിവിടെ നടത്തുക. രഹസ്യമെന്നത് സഭാപിതാക്കന്മാരുടെ ഒരു പദമാണ്. അതിന് അഗാധവും വിപുലവുമായ അര്‍ത്ഥമുണ്ട്. വസ്തുനിഷ്ഠപ്രതീകമെന്നത് ആധുനികകാലത്തെ ഒരു ദൈവശാസ്ത്രപദമാണ്. അതിനു സഭാപിതാക്കന്മാരുടെ ചിന്തയില്‍ ഉറച്ച വേരുണ്ട്, മതപരമായ പശ്ചാത്തലവുമുണ്ട്. അത് ഇപ്പോള്‍ വിവിധ ദൈവശാസ്ത്രമണ്ഡലങ്ങളില്‍ വ്യാപകമായി ഉപയോഗിച്ചു വരുന്നു. അവയുടെ പരസ്പരബന്ധത്തിന്‍റെ വിവിധവശങ്ങളെ താഴെക്കാണുന്ന താരതമ്യപട്ടിക വ്യക്തമാക്കും.

രഹസ്യം (mysterion)                      വസ്തുനിഷ്ഠപ്രതീകം (Realsymbol)

നിഗൂഢം - ആവിഷ്കൃതം                   : ആത്മപ്രകാശനം

ത്രിത്വം                                            : ത്രിത്വം

മനുഷ്യാവതാരം                              : വചനം

മിശിഹാ                                          : മനുഷ്യാവതാരം ചെയ്ത വചനം

കൂദാശകള്‍                                      : കൂദാശകള്‍

അവിശ്വാസികളുടെയും                   : പ്രാതിനിധ്യപരമായ പ്രതീകവും

വിശ്വാസികളുടെയുംരഹസ്യങ്ങള്‍        വസ്തുനിഷ്ഠ പ്രതീകവും

രക്ഷയുടെ മാര്‍ഗ്ഗം                              : ആത്മസാക്ഷാത്ക്കാരത്തിന്‍റെ മാര്‍ഗ്ഗം

ദൈവികമാനുഷികബന്ധം                : ദൈവികമായ സാമീപ്യത്തിനുള്ള ഇടനില

ദൈവത്തെപ്പറ്റിയുള്ള അറിവ്            : യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള അറിവ്

സാംസ്കാരിക രഹസ്യത്തിന്‍റെ വിമര്‍ശനം       : ഉപകരണകാരണത്തിന്‍റെ വിമര്‍ശനം

ദൈവവുമായുള്ള കൂട്ടുകെട്ട്              : ദൈവവുമായുള്ള സംസര്‍ഗ്ഗം

യുഗാന്ത്യം                                         : യുഗാന്ത്യം

ഈശോയില്‍ വെളിവായതും ഇനിയും            : ഈശോയില്‍ വെളിവായതും സഭയിലൂടെ

നിവൃത്തിയാകേണ്ടതുമായ രക്ഷയുടെ           ഇനിയും  പൂര്‍ണ്ണമാകേണ്ടതുമായ രക്ഷയുടെ

ദൈവിക പദ്ധതി                                            ദൈവിക പദ്ധതി                              

ദൈവത്തിന്‍റെയും മിശിഹായുടെയും             : ദൈവത്തിന്‍റെയും മിശിഹായുടെയും              

സുവിശേഷത്തിന്‍റെയും രഹസ്യം           രക്ഷാകരപ്രവൃത്തികളുടെയും

സാക്ഷാത്കാരത്തിന്‍റെ മൂന്നു തലങ്ങള്‍            വസ്തുനിഷ്ഠപ്രതീകം                            

പ്രതീകാത്മകമായ അര്‍ത്ഥം                      : പ്രതീകാത്മകമായ യാഥാര്‍ത്ഥ്യം

വസ്തുനിഷ്ഠപ്രതീകവും രഹസ്യവും തമ്മില്‍ ശ്രദ്ധേയമായ ബന്ധമുണ്ട്. രഹസ്യമെന്ന സങ്കല്‍പത്തിന്‍റെ വികസനം, മതപരമായ അര്‍ത്ഥത്തില്‍നിന്നാണു തുടങ്ങിയത്. അതിനെ ഒരിക്കലും മതത്തില്‍നിന്നു വേര്‍പെടുത്തി കണ്ടിട്ടുമില്ല. റാനര്‍ വസ്തുനിഷ്ഠപ്രതീകമെന്ന സങ്കല്പം തികച്ചും ദൈവശാസ്ത്രപരമായ സാഹചര്യത്തിലാണ്, അതായത് തിരുഹൃദയഭക്തിയുടെ സാഹചര്യത്തിലാണ് വികസിപ്പിച്ചത്. ആ സങ്കല്പം അദ്ദേഹം ക്രൈസ്തവവിശ്വാസസംബന്ധമായ രഹസ്യങ്ങള്‍, അഥവാ ദൈവശാസ്ത്രരഹസ്യങ്ങളില്‍ പ്രയോഗിക്കുകയാണ് ചെയ്തത്. അതിന്‍റെ വികാസമായി, മനുഷ്യശരീരത്തെയും വസ്തുനിഷ്ഠപ്രതീകമായി കണ്ടു. രഹസ്യമെന്ന സങ്കല്‍പ്പമാകട്ടെ ഉല്‍പത്തിപരമായി മതരഹിതമണ്ഡലങ്ങളിലും തത്ത്വചിന്താ മണ്ഡലങ്ങളിലും പ്രയോഗിച്ചു. റാനറിന്‍റെ വസ്തുനിഷ്ഠപ്രതീകം, സഭാ പിതാക്കന്മാരുടെ ഗ്രന്ഥങ്ങളിലും വിശുദ്ധഗ്രന്ഥത്തിലും ആഴത്തില്‍ വേരുറപ്പിച്ചിട്ടുള്ളതാണ്. സഭാപിതാക്കന്മാരുടെ സാമ്യരീതിയും അടയാളത്തിന്‍റെ വിശുദ്ധഗ്രന്ഥപരമായ പ്രയോഗവും അദ്ദേഹം വികസിപ്പിക്കുകയും തര്‍ജ്ജമപ്പെടുത്തുകയും ചെയ്തു. പ്രത്യേകിച്ച് യോഹന്നാന്‍റെ സുവിശേഷത്തിലെ പ്രയോഗമാണ് അങ്ങനെ ചെയ്യപ്പെട്ടത്. തന്‍റെ കാലഘട്ടത്തിലെ തത്ത്വചിന്തകള്‍ക്കു ചേര്‍ന്ന വിധത്തിലാണ് ചെയ്തതും. രഹസ്യം സഭാപിതാക്കന്മാരുടെ പദമായി ഇന്നും നിലകൊള്ളുന്നു. അതിന്‍റെ ആദിമസങ്കല്‍പത്തിലുണ്ടായിരുന്ന തുറവിക്കനുസൃതം വ്യപകമായി ഉപയോഗിച്ചു എന്നതില്‍ക്കവിഞ്ഞ് അതിന് വികാസമുണ്ടായിട്ടില്ല.

രഹസ്യം ദൈവികയാഥാര്‍ത്ഥ്യത്തെയും രക്ഷാചരിത്രത്തിന്‍റെ വിവിധ മാനങ്ങളെയും - പ്രത്യേകിച്ച് മിശിഹാസംഭവത്തെയും ഉള്‍ക്കൊള്ളുന്നു. വസ്തുനിഷ്ഠപ്രതീകവും, പിതാവായ ദൈവത്തെയും മിശിഹായെയും മാനുഷിക രക്ഷയെയും പരാമര്‍ശിക്കുന്നുണ്ട്. സഭയിലും സഭയിലൂടെയും മിശിഹായുടെ രക്ഷാകര പ്രവൃത്തികള്‍ കൂദാശകള്‍വഴി തുടരുന്നു എന്ന അര്‍ത്ഥത്തില്‍ ആ വാക്കു കൂദാശകളെപ്പറ്റിയും പ്രയോഗിക്കുന്നു. പ്രതീകസദ്വിജ്ഞാനീയത്തെ ക്രൈസ്തവ ദൈവശാസ്ത്രത്തിലെ "കൃത്യമായ അര്‍ത്ഥത്തിലുള്ള മൂന്നു രഹസ്യങ്ങളില്" പ്രയോഗിക്കാം: ത്രിത്വം, മനുഷ്യാവതാരം, കൃപയും മഹത്ത്വവും. ഇവയെല്ലാം രഹസ്യങ്ങളായി സൂചിപ്പിക്കപ്പെടുന്നുവെന്നും നമുക്കു കാണാനാവും.

രഹസ്യത്തിന്‍റെ അര്‍ത്ഥം നാം വിശദീകരിച്ചപ്പോള്‍ "രഹസ്യം-വെളിപാട്"  എന്ന വിരോധാഭാസം കണ്ടു. വെളിവാക്കപ്പെടാത്ത രഹസ്യമല്ല. യുഗങ്ങളോളം മറയ്ക്കപ്പെട്ടിരുന്ന രഹസ്യം ഈശോമിശിഹായില്‍ സുനിശ്ചിതമായി വെളിവാക്കപ്പെട്ടു. വി.പൗലോസിന്‍റെ ലിഖിതങ്ങളില്‍ മിശിഹാതന്നെ രഹസ്യമെന്ന് വിളിക്കപ്പെട്ടു. രഹസ്യമാകുന്ന മിശിഹായെക്കുറിച്ചുള്ള പ്രഘോഷണം രഹസ്യത്തിനു ചെയ്യുന്ന ശുശ്രൂഷയായി കാണപ്പെട്ടു. വസ്തുനിഷ്ഠപ്രതീകം സത്തയുടെ ആത്മപ്രകാശനമാണ്. സത്തയുടെ "മറ്റൊന്നി"ലുള്ള വെളിപ്പെടലാണത്. പ്രതീകവത്ക്കരിക്കപ്പെട്ട യാഥാര്‍ത്ഥ്യവും പ്രതീകവും തമ്മിലുള്ള "മറച്ചുവയ്ക്കല്‍-വെളിപ്പെടുത്തല്" എന്ന വിരോധാഭാസം പ്രതിഫലിക്കുന്നുണ്ട്. മനുഷ്യാവതാരം ചെയ്ത വചനം പിതാവിന്‍റെ ശാശ്വതരക്ഷാകര മനസിന്‍റെ വെളിപ്പെടുത്തലാണ്. മറഞ്ഞിരിക്കുന്ന പിതാവും അവിടുത്തെ രക്ഷാകരപദ്ധതിയും മിശിഹാസംഭവത്തില്‍ വെളിവാക്കപ്പെടുന്നു.

അവിശ്വാസികളും യഹൂദരും ഉള്‍ക്കൊള്ളുന്ന ജനത്തിന്‍റെ രക്ഷയെ സംബന്ധിച്ച ദൈവത്തിന്‍റെ രക്ഷാകരമനസാണ് പൗലോസിന്‍റെ അഭിപ്രായത്തില്‍ രഹസ്യം. അത് മിശിഹായില്‍ എല്ലാവരുടെയും സമാഹാരമാണ്. ദൈവേഷ്ടം അമൂര്‍ത്തമോ പൊതുവോ ആയ ഒന്നല്ല. അത് ദൈവത്തിന്‍റെ സന്മമനസ്സിന്‍റെ കല്‍പ്പനയാണ്. ദൈവത്തിന്‍റെ രക്ഷാകരമനസ്സിന്‍റെയും അതിന്‍റെ ചരിത്രപരമായ പൂര്‍ത്തീകരണത്തിന്‍റെയും ഇടയിലുള്ള, അതായത് ദൈവത്തിന്‍റെ ശാശ്വതപദ്ധതിയുടെ സമ്പൂര്‍ണ്ണതയുടെയും അതിന്‍റെ ചരിത്രപരമായ സംഭവങ്ങളുടെയും മധ്യത്തിലുള്ള പ്രധാനയാഥാര്‍ത്ഥ്യങ്ങളാണ് രഹസ്യവും പ്രതീകവുമെന്നു നാം കാണുന്നു.

പൗലോസിന്‍റെ ലിഖിതങ്ങളില്‍ മിശിഹായില്‍ വെളിവാക്കപ്പെട്ട ദൈവിക രക്ഷാപദ്ധതിയാണ്, മിശിഹായില്‍ നിറവേറിയ സാര്‍വത്രികരക്ഷാപദ്ധതിയാണ് രഹസ്യം. ദൈവത്തിന്‍റെ രഹസ്യം, മിശിഹായുടെ രഹസ്യം, സുവിശേഷത്തിന്‍റെ രഹസ്യം എന്നിവയാണ് അതിന്‍റെ സാക്ഷാത്ക്കാരത്തിനുള്ള മൂന്നു തലങ്ങള്‍. ഇവിടെ വൈജ്ഞാനികമായ മാനം കേന്ദ്രമായിരിക്കുന്നു. ദൈവശാസ്ത്രപരമായ മാനം അതിന് അടിസ്ഥാനം നല്‍കുകയും ചെയ്യുന്നു. വസ്തുനിഷ്ഠപ്രതീകത്തില്‍ മിശിഹാകേന്ദ്രീകൃതസ്വഭാവം സുവ്യക്തമാണ്. അതനുസരിച്ച് മനുഷ്യാവതാരം ചെയ്ത വചനം ലോകത്തില്‍ ദൈവത്തിന്‍റെ തികഞ്ഞ പ്രതീകമാണ്. പ്രതീകവത്ക്കരിക്കപ്പെട്ടതിനോടൊപ്പം മറ്റൊന്നും ഉണ്ടായിരിക്കാന്‍ സാധ്യമല്ലാത്തവിധം അത് നിറഞ്ഞിരിക്കുന്നു. ദൈവം എന്തായിരിക്കുന്നുവോ അതിന്‍റെ സാന്നിധ്യവും വെളിപാടുമാണ് മിശിഹാ. കൂടാതെ, സൗജന്യപരമായ കൃപയില്‍ ലോകത്തിന് എന്തായിരിക്കാന്‍ ദൈവം ആഗ്രഹിച്ചുവോ അതിന്‍റെ പ്രത്യക്ഷമായ സാന്നിധ്യമാണ് മിശിഹാ. പ്രകടിപ്പിക്കപ്പെട്ട ഈ ദൈവികമനോഭാവം തിരിച്ചുവക്കാനാവുകയില്ല. അത് അന്തിമവും അലംഘനീയവുമാണ്, അങ്ങനെ ആയിരിക്കുകയും ചെയ്യുന്നു.

പൗലോസിന്‍റെ ലിഖിതങ്ങളില്‍, രഹസ്യത്തിന് യുഗാന്ത്യപരവും സഭാവിജ്ഞാനപരവും പ്രപഞ്ചശാസ്ത്രപരവുമായ മാനങ്ങളുണ്ട്. എല്ലാ ജനങ്ങളെയും സംബന്ധിച്ച് ദൈവത്തിന്‍റെ രക്ഷാകരമനസ്സ് മിശിഹായില്‍ നിറഞ്ഞിരിക്കുന്നു. വസ്തുനിഷ്ഠപ്രതീകം മിശിഹായിലുള്ള ദൈവത്തിന്‍റെ രക്ഷാകരമനസ്സിന്‍റെ സാക്ഷാത്ക്കാരമെന്ന നിലയില്‍ സഭയിലൂടെ എല്ലാ ജനങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. സഭ ദൈവികകൃപയുടെ അടിസ്ഥാന കൂദാശയാണ്. അത് ദൈവത്തിന്‍റെ, തിരിച്ചു വിളിക്കാനാവാത്തതും യുഗാന്ത്യപരവുമായ കൃപയെ സൂചിപ്പിക്കുന്നു. ആ കൃപ അതിലുണ്ട്, ആ കൃപ മനുഷ്യവംശത്തിന്‍റെ പാപത്തെ കീഴടക്കുന്നു. വ്യക്തിയുടെ, ജീവനുള്ള അടിസ്ഥാന കൂദാശയെന്ന നിലയില്‍ സഭയുടെ പ്രതീക-യാഥാര്‍ത്ഥ്യത്തെ ഏഴു കൂദാശകള്‍ സമൃദ്ധമാക്കുന്നു, വസ്തുനിഷ്ഠമാക്കുന്നു. അതുകൊണ്ട് കൂദാശകള്‍ ഈ സഭയുടെ പ്രകൃതിക്കനുസൃതമായി ഒരു പ്രതീകയാഥാര്‍ത്ഥ്യമായിത്തീരുന്നു.

സഭാപിതാക്കന്മാര്‍ രഹസ്യം, കൂദാശ എന്നീ പദങ്ങള്‍ പ്രയോഗിച്ചതുപോലെ തന്നെ വസ്തുനിഷ്ഠപ്രതീകമെന്ന പദം റാനര്‍ പ്രയോഗിച്ചതായി കാണുന്നു. കാലഘട്ടത്തിന്‍റെ ഭാഷയാണത്. ആ കാലഘട്ടത്തിന്‍റെ തത്ത്വശാസ്ത്രത്താല്‍ പ്രേരിതമാണത്. ഇരുപതാം നൂറ്റാണ്ടിന്‍റെ മധ്യത്തിലുണ്ടായിരുന്ന ദൈവശാസ്ത്രപരവും ലിറ്റര്‍ജിപരവുമായ സാഹചര്യത്താല്‍ പ്രേരിതവുമാണ്. രഹസ്യത്തെക്കുറിച്ചും റാനര്‍ ഏറെ വിശദമാക്കിയിട്ടുണ്ട്. അതിന്‍റെ ഒരു വിഹഗവീക്ഷണം നമുക്കു ഇവിടെ ആവശ്യമാണ്.

  1. രഹസ്യം: ദൈവശാസ്ത്രവീക്ഷണം

മൂന്നു മൗലിക ക്രൈസ്തവ രഹസ്യങ്ങളുണ്ട്: ത്രിത്വം, മനുഷ്യാവതാരം, കൃപാവരം. മനുഷ്യവതാരം, കൃപാവരം എന്നിവ തികഞ്ഞ സാമീപ്യത്തില്‍, സൗജന്യമായി ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്കു വിധേയമാകാതെ അനന്യരഹസ്യം മനുഷ്യവംശത്തിനു നല്‍കുന്നതിനുള്ള രണ്ട് മാര്‍ഗ്ഗങ്ങളാണ്. പൂര്‍ണരഹസ്യത്തോടുള്ള മാനുഷിക ബന്ധം അവയില്‍ പൂര്‍ത്തിയാക്കപ്പെടുന്നു. ഇവിടെ, സൃഷ്ടികളോടുള്ള ദൈവത്തിന്‍റെ യഥാര്‍ത്ഥ ആത്മസമ്പര്‍ക്കമുണ്ട്. ഈ മൗലിക സങ്കല്പം ഈശോമിശിഹായുടെ രഹസ്യത്തെ സംബന്ധിച്ച് കൂടുതല്‍ ആഴമേറിയ അറിവിലേക്കുള്ള വഴി തയ്യാറാക്കുന്നു1. അഭിഗമ്യവും നിര്‍ണ്ണയക്ഷമവുമായ എല്ലാ യാഥാര്‍ത്ഥ്യങ്ങളുടെയും പിന്നില്‍ കിടക്കുന്ന അളവറ്റ രഹസ്യമാണ് ദൈവത്തിന്‍റെ നാമം. അവിടുന്ന് അത്രമാത്രം സര്‍വാതിശായിയാണ് ദൈവത്തിന്‍റെ രഹസ്യം സര്‍വാശ്ലേഷിയാണ്. അതുകൊണ്ട് രഹസ്യങ്ങളുടെ ബാഹുല്യം ഉണ്ടാവാന്‍ സാധിക്കുകയില്ല.

  1. രഹസ്യം: കാള്‍ റാനറുടെ വീക്ഷണത്തില്‍

പരമ്പരാഗതവും സിദ്ധാന്തപരവുമായ കൃതികളിലേക്ക് വെളിച്ചം വീശിക്കൊണ്ട് റാനര്‍ രഹസ്യത്തെ സംബന്ധിച്ച തന്‍റെ സങ്കല്‍പ്പത്തെക്കുറിച്ച് പ്രതിപാദിച്ചുതുടങ്ങുന്നു. മൗലിക സൈദ്ധാന്തിക ദൈവശാസ്ത്രത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള രഹസ്യസങ്കല്പ്പം മുഖ്യമായും ഒന്നാം വത്തിക്കാന്‍ കൗണ്‍സിലിന്‍റേതാണ്. അവിടെ രഹസ്യത്തിന് ശ്രദ്ധേയമായ മൂന്ന് പ്രത്യേകതകളുണ്ട്. 1) രഹസ്യം ഒരു പ്രസ്താവനയുടെ പ്രത്യേകതയാണ്. 2) അനേകം രഹസ്യങ്ങളുണ്ട്. 3) രഹസ്യങ്ങളെ താല്‍ക്കാലികമായി ഗ്രഹിക്കാവുന്ന സത്യങ്ങളായി ചുരുക്കിയിരിക്കുന്നു2. ഈ ദൈവശാസ്ത്രത്തില്‍ രഹസ്യവും രഹസ്യാത്മകമായ സത്യങ്ങളും ഒന്നുതന്നെയാണ്.

ദൈവിക സമ്പര്‍ക്കത്താല്‍ മാത്രം ഉറപ്പുവരുത്താവുന്ന പ്രസ്താവനകളായി രഹസ്യങ്ങളെ കാണുന്നു. അപ്പോള്‍പോലും അവ മറഞ്ഞിരിക്കുന്നു; സാരാംശപരമായി വിശ്വാസത്തിന്‍റെ വിഷയമായിരിക്കുന്നു. സത്യത്തിന്‍റെ പ്രഘോഷണമെന്ന നിലയിലുള്ള വെളിപാട് എന്ന സങ്കല്‍പ്പത്തിനു തുല്യമാണത്. സ്കൊളാസ്റ്റിക് ചിന്തകളുടെ ദൈവശാസ്ത്രത്തില്‍ വെളിപാടിനെ വാക്കുകൊണ്ടുള്ള പ്രഘോഷണമായി കരുതുന്നു. അതനുസരിച്ചു രഹസ്യത്തെ പ്രസ്താവനകളായി പരാമര്‍ശിക്കുന്നു. കാണുകയും ഗ്രഹിക്കുകയും തെളിയിക്കുകയും ചെയ്യാവുന്ന സ്വാഭാവിക യുക്തിയുടെ സത്യങ്ങളില്‍നിന്ന് കീഴടക്കാവുന്ന ഒന്നായി ദൈവരഹസ്യത്തെ ഈ ദൈവശാസ്ത്രം പരിഗണിച്ചു. ഇവിടെ രഹസ്യത്തിന്‍റെ തികച്ചും നിഷേധാത്മകമായ ഒരു നിര്‍വചനമാണ് നല്‍കിയിരിക്കുന്നത്.

അനന്തവും അഗ്രാഹ്യവുമായ ഒന്നായി ദൈവത്തെ കാണാമെങ്കില്‍, ദിവ്യദര്‍ശനം അവര്‍ണ്ണനീയവും നാമരഹിതവുമായതിന്‍റെ സ്ഥിരസാന്നിധ്യമായിരിക്കണം. അറിവിന്‍റെ പരമോന്നത പ്രവൃത്തി രഹസ്യത്തെ മാറ്റിക്കളയുന്നതോ അതിന്‍റെ തിരോധാനത്തിന് ഇടമൊരുക്കുന്നതോ അല്ല, പിന്നെയോ രഹസ്യത്തെ അന്തിമമായി ഉറപ്പിച്ചു പറയുന്നതാണ്. അതിന്‍റെ നിത്യവും സമഗ്രവുമായ സാമീപ്യത്തെ ഉറപ്പിച്ചു പറയുകയാണിത്. ദൈവത്തിന്‍റെ തന്നെ ആന്തരിക പ്രകൃതിയുടെ ശക്തിയാലുണ്ടാകുന്ന അത്മാവിഷ്ക്കരണത്തിനുശേഷവും ദൈവം ഒരു രഹസ്യമായി നിലകൊള്ളുന്നു. റാനറിന്‍റെ അഭിപ്രായത്തില്‍ രഹസ്യം ഓരോ ജീവിതത്തിലുമുള്ള ഒരു അവാച്യഘടകമാണ്. യാഥാര്‍ത്ഥ്യത്തിന്‍റെ ഒരു ഭാഗം ഇനിയും കണ്ടെത്തേണ്ടതായിട്ടുണ്ടെന്നു പറയുകയുമല്ല അത്. അറിവിന്‍റെ കഴിവില്ലായ്മയുമല്ല. രഹസ്യത്തിലേക്കു സത്താപരമായി തിരിഞ്ഞിരിക്കുന്ന അറിവിനെ സംബന്ധിച്ച ഓരോ ധാരണയുടെയും ആന്തരിക നിര്‍മാണഘടകമാണത്. ബുദ്ധി എത്തിച്ചേരുന്ന ലക്ഷ്യമാണ് രഹസ്യം. സ്നേഹമായിത്തീര്‍ന്നുകൊണ്ട് തന്‍റെ പൂര്‍ണത പ്രാപിച്ചുകഴിയുമ്പോള്‍ അറിവ് രഹസ്യത്തില്‍ എത്തിച്ചേരുന്നു. പദങ്ങളുടെ സാജാത്യത്തിലേക്കുള്ള ഉള്‍ക്കാഴ്ചയുടെ അഭാവമോ, മറ്റൊന്നിനാല്‍ അവ അറിയിക്കപ്പെടണമെന്ന സാഹചര്യമോ അല്ലെങ്കില്‍ ഈ വസ്തുതകളുടെ സംഘടിത രൂപമോ ഒരു സത്യത്തെ ഒരു രഹസ്യമാക്കുകയില്ല എന്നാണ് റാനറുടെ അഭിപ്രായം3.

രഹസ്യത്തെ ലക്ഷ്യംവച്ചിരിക്കുന്ന ഒരു സത്തയാണ് മനുഷ്യന്‍. ഈ ലക്ഷ്യം സ്വാഭാവികതലത്തിലും അതിസ്വാഭാവിക മഹത്ത്വീകരണത്തിലും മനുഷ്യന്‍റെ ഒരു നിര്‍മ്മാണാത്മകഘടകമാണ്. അങ്ങനെ ഒരു യാഥാര്‍ത്ഥ്യത്തിലോ പ്രസ്താവനയിലോ ഉള്ളതും കാലക്രമേണ അപ്രത്യക്ഷമാകുന്നതുമായ ദുര്‍ജ്ഞാനത്തിന്‍റെ താല്‍ക്കാലിക ഘടകമല്ല രഹസ്യം. സൃഷ്ടിക്കപ്പെട്ട ചൈതന്യവും ദൈവവും തമ്മിലുള്ള ബന്ധത്തില്‍ അത് എപ്പോഴും നിലകൊള്ളുന്നു. അതുകൊണ്ട് ഈ രഹസ്യം ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം സൃഷ്ടിക്കുന്നു. ഈ ശാശ്വതരഹസ്യത്തിലേക്കുള്ള മനുഷ്യ പ്രകൃതിയുടെ ആഭിമുഖ്യത്തിന്‍റെ പൂര്‍ത്തീകരണമാണ് മനുഷ്യപ്രകൃതിയുടെ പൂര്‍ണ്ണത. 

മനുഷ്യന്‍, അറിയുന്നതിലും ആഗ്രഹിക്കുന്നതിലും കേവലവും അപരിമേയവുമായ അതിശായിത്വമുള്ള സത്തയാണ്. അതിശായിത്വമുള്ള അനുഭവത്തിന്‍റെ ലക്ഷ്യം നാമരഹിതവും നിര്‍വചനാതീതവും അഗ്രാഹ്യവുമായ ഒന്നായി എപ്പോഴും നിലകൊള്ളുന്നു. അതിശായിത്വം സ്വാതന്ത്ര്യത്തിന്‍റേതും സ്നേഹത്തിന്‍റേതുമായി കരുതപ്പെടുമ്പോള്‍, അതിശായിത്വത്തിന്‍റെ ലക്ഷ്യസ്ഥാനം വിശുദ്ധമെന്ന് നിര്‍ദ്ദേശിക്കപ്പെടുന്നു. ഭരിക്കപ്പെടാത്തതിനെ ഭരിക്കുന്ന വിദൂരസ്ഥമായ ഒറ്റപ്പെട്ട രൂപത്തിലുള്ള അതിശായിത്വത്തില്‍ അനന്തപരിശുദ്ധിയുള്ള നാമരഹിതസത്തയെ കാണുന്നു. ഇതിനെ നാം രഹസ്യമെന്നു വിളിക്കുന്നു. അല്ലെങ്കില്‍ വിശുദ്ധ രഹസ്യമെന്നു വിളിക്കുന്നു. ഈ രഹസ്യം നിര്‍വചിക്കാനാവാത്തതാണ്. യഥാര്‍ത്ഥവും അതിശായിത്വപരവുമായ അനുഭവത്തില്‍ മാത്രമാണ് അത് യഥാര്‍ത്ഥത്തില്‍ സ്വയം വെളിപ്പെടുത്തുന്നത്. ഈ അതിശായിത്വത്തിന്‍റെ അനുഭവത്തില്‍, അതിന്‍റെ ലക്ഷ്യസ്ഥാനം കാണിച്ചുതരുന്നു. നിര്‍മ്മലവും ലളിതവുമായ രഹസ്യമായിരിക്കത്തക്കവിധം കാണിച്ചുതരുന്നു. അതിന്‍റെ നാമരാഹിത്യം, സര്‍വാധിപത്യം, പരിധിരാഹിത്യം, അചഞ്ചലമായ ആധിപത്യം, സര്‍വ്വജ്ഞാനത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും നിര്‍ദ്ദേശം എന്നിവമൂലം അപ്രകാരമായിരിക്കുന്നു. അത് രഹസ്യത്തിന്‍റെ ആദിമാനുഭവമാണ്. മനുഷ്യജീവി, അങ്ങനെ യഥാര്‍ത്ഥത്തില്‍ സര്‍വാതിശായിത്വമാണ്, വിശുദ്ധ രഹസ്യത്തിന്‍റെ സത്തയാണ്4.

രഹസ്യത്തെ സംബന്ധിച്ച ഈ വീക്ഷണപ്രകാരം, കൃപയും സൗഭാഗ്യകരമായ ദര്‍ശനവും, യഥാക്രമം വിശുദ്ധരഹസ്യത്തിന്‍റെ നേരിട്ടുള്ള സാന്നിധ്യത്തിന്‍റെ സാധ്യതയും സാക്ഷാത്ക്കാരവുമായി മാത്രമേ മനസിലാക്കാന്‍ കഴിയൂ. വിദൂരസ്ഥമായ രഹസ്യം കര്‍തൃനിഷ്ഠമായ നമ്മുടെ അതിശായിത്വത്തിന്‍റെ അനുഭവത്തില്‍ മാത്രമേ അഭിഗമ്യമാവുകയുള്ളൂ. രഹസ്യത്തിനുള്ള വിദൂരസ്ഥത ഇല്ലാതായാല്‍പോലും രഹസ്യം നിലനില്‍ക്കുന്നു. ഏറ്റവും പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ അതുതന്നെയായിരിക്കുന്നു. മൗലികമായി, നാമരഹിതമായി, അനിര്‍വചനീയമായി നിലനില്‍ക്കുന്നു. അതുകൊണ്ട്, കൃപ, സ്ഥായിയായ രഹസ്യത്തിന്‍റെ സാമീപ്യത്തിന്‍റെ കൃപയാണ്. അത് വിശുദ്ധരഹസ്യത്തിന്‍റെ രൂപത്തില്‍ ദൈവത്തെ അഭിഗമ്യനാക്കുന്നു, അഗ്രാഹ്യനായി അവിടുത്തെ അവതരിപ്പിക്കുകയും ചെയ്യുന്നു. നേരിട്ടുള്ള ഈ ദൈവദര്‍ശനത്തില്‍ അനേകം രഹസ്യങ്ങള്‍ നീക്കപ്പെടുന്നു. ഈ ആദിമരഹസ്യത്തോട് താരതമ്യം ചെയ്യുമ്പോള്‍, ക്രൈസ്തവരഹസ്യങ്ങള്‍ പരസ്പരം വ്യക്തമായി വ്യത്യസ്തമായിരിക്കുന്ന സുനിശ്ചിത പ്രസ്താവനകളുടെ രൂപത്തിലുള്ള രഹസ്യങ്ങളാണ്. അവയ്ക്ക് അപ്രധാന രഹസ്യസ്വഭാവമേ ഉള്ളൂ എന്നാണ് ഇതിന്‍റെ അര്‍ത്ഥം5.

  1. രഹസ്യവും ക്രൈസ്തവരഹസ്യങ്ങളും

രഹസ്യത്തിന് സാരാംശപരമായി ഒരു രഹസ്യമായി നിന്നുകൊണ്ട് സൃഷ്ടിയോടു നേരിട്ട് സമ്പര്‍ക്കം നടത്താനുള്ള സാധ്യത വെളിപാടുവഴി മാത്രമാണ്. ഈ വെളിപാടു വാക്കുകളില്‍ മാത്രം ഒതുങ്ങുന്നില്ല, അത് കൃപ നല്‍കുക കൂടി ചെയ്യുന്നുണ്ട്. വിഷയരഹിതവും ആന്തരികവുമായ ഒരു സ്വയം ചാലകത്വമായി വര്‍ത്തിച്ചുകൊണ്ട് ദിവ്യദര്‍ശനഭാഗ്യത്തിലേക്കു വെളിപാട് നയിക്കുന്നു. എന്നാല്‍, ആദിമമായ ഏകരഹസ്യത്തെക്കൂടാതെ മറ്റൊരു രഹസ്യവുമുണ്ട്. അത് രഹസ്യത്തിന്‍റെ പരിപൂര്‍ണ്ണ ആത്മസമ്പര്‍ക്കത്തിനുള്ള സാധ്യതയാണ്. അതുവഴി അത് മൗലികമായ സാമീപ്യത്തിലേക്ക് പ്രവേശിക്കുന്നു. ഈ രഹസ്യത്തില്‍നിന്ന് നമുക്കു ക്രൈസ്തവവിശ്വാസത്തിന്‍റെ രഹസ്യങ്ങളിലേക്ക് കടക്കാനാവും. രഹസ്യങ്ങള്‍ ഏറെയുണ്ടെങ്കില്‍, അവ ദൈവത്തിന്‍റെതന്നെ അഗ്രാഹ്യതയുമായി ബന്ധപ്പെട്ടതാണ്.

ത്രിത്വാത്മകമായ രഹസ്യമെന്നത് ദൈവം തന്നെയാണ്. മനുഷ്യാവതാരത്തിന്‍റെയും കൃപയുടെയും മഹത്വത്തിന്‍റെയും രഹസ്യങ്ങള്‍, ദൈവികമായവയും അദൈവികമായവയും തമ്മിലുള്ള ബന്ധത്തില്‍നിന്നുള്ളവയാണ്. ഏതെങ്കിലും ഒരു രഹസ്യം സാധ്യമാകണമെങ്കില്‍ അത് ദൈവത്തിന്‍റെ ആന്തരികജീവനില്‍ത്തന്നെ  ഉണ്ടായിരിക്കണം. കാള്‍ റാനറിന്‍റെ പ്രതീക ദൈവശാസ്ത്രം വചനത്തെയും മിശിഹായെയും പിതാവിനു മറ്റൊന്നിലുള്ള ആത്മപ്രകാശനമായി അവതരിപ്പിക്കുന്നു. പിതാവിന്‍റെ പ്രതീകമായ മിശിഹാ ലോകത്തില്‍ പിതാവിനുള്ള സാമീപ്യത്തിന്‍റെ മാധ്യമമാണ്. തന്നില്‍നിന്നു വിഭിന്നമായ എല്ലാറ്റിനെയും ദൈവം തന്‍റെ സര്‍ഗ്ഗാത്മക കര്‍തൃകാരണംവഴി അസ്തിത്വത്തിലേക്കു കൊണ്ടുവന്നു. എന്നാലും മനുഷ്യാവതാരം, കൃപ, മഹത്ത്വം എന്നിവ സകലവിധമായ ശൂന്യതയില്‍നിന്നും സൃഷ്ടിച്ചവയല്ല. പ്രത്യുത, അവ സൃഷ്ടിക്കപ്പെട്ട പ്രകൃതിക്കു ദൈവത്തെ നല്‍കുന്നു. ഒരു വസ്തു പൂര്‍ണ്ണമായി സൃഷ്ടിയുടെ ക്രമത്തില്‍പ്പെട്ടിരിക്കുകയും അതേസമയം പ്രകൃത്യതീതമായി പൂര്‍ണ്ണമായി ദൈവികക്രമത്തില്‍പ്പെട്ടിരിക്കുകയും ചെയ്യുകയെന്നത് ഒരു വൈരുധ്യമായി തോന്നാം. പ്രകൃത്യാതീതയാഥാര്‍ത്ഥ്യവും ദൈവികമായ ആത്മസമ്പര്‍ക്കത്തില്‍ ഉദ്ഭൂതമാക്കപ്പെടുന്ന യാഥാര്‍ത്ഥ്യവും ഒരേ തലങ്ങളിലാണ്. സൃഷ്ടിയുമായുള്ള ദൈവത്തിന്‍റെ അത്തരം ആത്മസംഘര്‍ഷത്തിന്‍റെ സാധ്യതയാണ്, മനുഷ്യാവതാരത്തിലും കൃപയിലുമുള്ള ദൈവശാസ്ത്രപരമായ രഹസ്യത്തെ സൃഷ്ടിക്കുന്നത്. അവ നിഷ്കൃഷ്ടമായ അര്‍ത്ഥത്തില്‍ രഹസ്യങ്ങളാണ്6. എന്തെന്നാല്‍ അത്തരമൊരു വസ്തു യഥാര്‍ത്ഥവും സാധ്യവുമാണെന്ന് വെളിപാടിലൂടെ മാത്രമേ നമുക്ക് അറിയാന്‍ കഴിയുകയുള്ളൂ.

ഈ രഹസ്യങ്ങളില്‍ ദൈവം, തികഞ്ഞസാമീപ്യമായിട്ടും വിശുദ്ധ രഹസ്യമായിട്ടും സൃഷ്ടിയുമായി സ്വന്തവ്യക്തിത്വത്തില്‍ സമ്പര്‍ക്കം പുലര്‍ത്തുന്നു. മനുഷ്യാവതാരരഹസ്യവും കൃപാരഹസ്യവും ഒന്നുപോലെയല്ല. പക്ഷേ, അടിസ്ഥാനപരമായി ഏകമാണ്. സൃഷ്ടിയുമായി ദൈവം നടത്തുന്ന ഏക ആത്മസമ്പര്‍ക്കമാണത്. സാരാംശപരമായി, മറ്റൊന്നായിത്തീര്‍ന്നുകൊണ്ട് സ്വയം മറ്റൊന്നിനു നല്‍കത്തക്കവിധം ദൈവം തന്നില്‍നിന്ന് പുറപ്പെട്ടു മറ്റൊന്നിലേക്കു പോകുന്ന പ്രവൃത്തിയാണ് അത്7. സത്താപരമായ ഐക്യം എന്നത് വിശുദ്ധ രഹസ്യമെന്ന നിലയിലുള്ള ദൈവത്തിന്‍റെ പൂര്‍ണ്ണസാമീപ്യത്തിന്‍റെ രഹസ്യത്തിനു പുറമേയുള്ള ഒരു രഹസ്യമല്ല. പ്രത്യുത വിശുദ്ധ രഹസ്യത്തിന്‍റെ തികച്ചും സത്താപരവും അസ്തിത്വപരവുമായ ആത്മദാനമാണ്. ഈ ആത്മദാനമാണ് ദൈവത്തിന്‍റെ തന്നെ യാഥാര്‍ത്ഥ്യം. പ്രത്യക്ഷമാക്കപ്പെട്ട രഹസ്യമെന്ന നിലയിലുള്ള ദൈവവചനത്തില്‍ ഇത് അനുഭവവേദ്യമാകുന്നു.

ഒരു സത്യം ഒരു രഹസ്യമാണെന്ന വസ്തുത ഈ സത്യങ്ങളുടെ ഒരു നിഷേധാത്മക വിശേഷണമാണെന്ന് അര്‍ത്ഥമാക്കുന്നില്ല. നമ്മള്‍ ഈ ലോകത്തിന്‍റേതായ മനുഷ്യജീവികളായതുകൊണ്ട് ഇനിയും നമ്മില്‍നിന്ന് എപ്പോഴും ഒരു രഹസ്യം മറച്ചുവച്ചിരിക്കുന്നുവെന്ന് അര്‍ത്ഥവുമില്ല. സൃഷ്ടിയുടെ അതിശായിത്വം രഹസ്യത്തോടു ബന്ധപ്പെട്ടതാണ്. രഹസ്യം മാത്രമാണ്, അതിശായിത്വത്തെ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്നതിന്‍റെ യഥാര്‍ത്ഥ ലക്ഷ്യം. അറിയാനുള്ള അന്വേഷണംതന്നെ രഹസ്യത്തിന്‍റെ അഗാധതയില്‍നിന്നു തുടങ്ങുന്നു. ഈ രഹസ്യമാണ് മനുഷ്യന്‍റെ സൗഭാഗ്യം. ദൈവദര്‍ശനത്തില്‍ അത് അലിഞ്ഞുപോകുന്നില്ല. അത് സൗഭാഗ്യകരമായ ദര്‍ശനത്തിനുള്ള ഒരു പരിധിയുമല്ല, പ്രത്യുത മനുഷ്യന്‍ തന്നെ രഹസ്യത്തിന്‍റെ അതിശായിത്വമാണ്.

ക്രിസ്തുമതത്തില്‍ മൂന്ന് രഹസ്യങ്ങളുണ്ട്. അതില്‍ കൂടുതലോ കുറവോ ഇല്ല. അവ മൂന്നും ഒരേ കാര്യം തന്നെ ഉറപ്പിച്ചുപറയുന്നു. ദൈവം ആയിരിക്കുന്നതുപോലെതന്നെ ഈശോമിശിഹായിലൂടെ പരിശുദ്ധാത്മാവില്‍ നമുക്കു തന്നെത്തന്നെ നല്‍കി. അതുവഴി നമ്മിലും നമ്മുടെ മുകളിലും ഭരിക്കുന്ന അവാച്യവും നാമരഹിതവുമായ ഈ രഹസ്യം അതിനെ അറിയുകയും സ്വയം സ്നേഹമാക്കി മാറ്റുകയും ചെയ്യുന്ന മനുഷ്യചൈതന്യത്തിന്‍റെ സൗഭാഗ്യമാണ്8. പുറത്തേക്കുള്ള ദൈവത്തിന്‍റെ രണ്ട് ആത്മസമ്പര്‍ക്കങ്ങളും മാധ്യമ രഹസ്യങ്ങളല്ല. അവ ദൈവത്തിന്‍റെ നിഗൂഢതയുടെ മൗലിക രൂപമെന്ന നിലയില്‍ ഒരേ ഒരു രഹസ്യത്തിന്‍റെ സമ്പൂര്‍ണ്ണതയെ സൂചിപ്പിക്കുന്നു. പരിപൂര്‍ണ്ണവും സ്ഥായിയുമായ ഈ രഹസ്യത്തിന് വിദൂരതയില്‍ മാത്രമല്ല നിലനില്‍ക്കാന്‍ കഴിയുന്നതെന്നും ദൈവിക ആത്മസമ്പര്‍ക്കത്തിലൂടെ നമ്മോടു പരിപൂര്‍ണ്ണ സാമീപ്യത്തില്‍ നിലനില്‍ക്കാനാവുമെന്നും ഈശോമിശിഹായില്‍ വെളിവാക്കപ്പെട്ടു. ക്രൈസ്തവരഹസ്യങ്ങളുടെ ബഹുത്വത്തെ ഏകരഹസ്യത്തിന്‍റെ വസ്തുനിഷ്ഠരൂപമായി കരുതാം. പരിപൂര്‍ണ്ണസാമീപ്യത്തിലുള്ള രഹസ്യമായി കരുതാം. മനുഷ്യാവതാരത്തിന്‍റെയും കൃപയുടെയും വസ്തുനിഷ്ഠതയില്‍ ഈ പരിപൂര്‍ണ്ണസാമീപ്യം നമുക്കു നല്‍കപ്പെട്ടതുകൊണ്ടുമാത്രമാണ് ഇതു നമ്മള്‍ അറിയുന്നത്.

  1. രഹസ്യവും കൂദാശകളും

കൂദാശകള്‍ രക്ഷാകരരഹസ്യങ്ങളുടെ വെളിപാടാണെന്ന നമ്മുടെ പ്രസ്താവനയെ ഊന്നിപ്പറയുന്നതാണ് റാനറിന്‍റെ രഹസ്യ സങ്കല്‍പം. ആദിമരഹസ്യം സ്വയം വെളിവാക്കിയ മാര്‍ഗ്ഗമാണു രക്ഷാകരരഹസ്യങ്ങള്‍. ഷില്ലെബെക്സിനെപ്പോലുള്ള പല സമകാലീനദൈവശാസ്ത്രജ്ഞന്മാരും സഭയുടെ പരമ്പരാഗത പ്രബോധനവും പറയുന്നത്, ആദിമരഹസ്യമായ ദൈവത്തെ വിശ്വാസികള്‍ കൂദാശകളില്‍ കണ്ടുമുട്ടുന്നുവെന്നാണ്. ദൈവമനുഷ്യബന്ധമെന്നനിലയിലുള്ള കൃപാവര സങ്കല്‍പ്പവും ഇതേ വസ്തുത ഊന്നിപ്പറയുന്നുണ്ട്. സ്കൊളാസ്റ്റിക് ദൈവശാസ്ത്രത്തില്‍ കൂദാശകളെ കൃപയുടെ മാര്‍ഗ്ഗങ്ങളായി കാണുന്നു. നാം ദൈവമെന്നു വിളിക്കുന്ന പരിപൂര്‍ണ്ണരഹസ്യത്തോട് അവയിലൂടെ ബന്ധപ്പെടുന്നു. വി. ഗ്രന്ഥത്തിലും സഭാപിതാക്കന്മാരിലും കാണുന്ന രഹസ്യമെന്ന സങ്കല്‍പ്പവും ഈ വസ്തുതയെ പിന്താങ്ങുന്നുണ്ട്. ദൈവവും മിശിഹായും സുവിശേഷവും രഹസ്യമാണ്. കൂദാശകളെ രഹസ്യങ്ങള്‍ എന്നു വിളിക്കുന്നു. എന്തെന്നാല്‍ അവ നമ്മെ ത്രിയേകദൈവത്തോട് ബന്ധപ്പെടുത്തുന്നു. അവയില്‍ രഹസ്യം പ്രഘോഷിക്കപ്പെടുകയും ചെയ്യുന്നു.

ഇവിടെ, രഹസ്യമെന്ന ആശയത്തിന്‍റെ ചില പ്രധാനവശങ്ങളെ സൂചിപ്പിക്കാം. അവ കൗദാശിക രഹസ്യങ്ങളെക്കുറിച്ചും പ്രയോഗിക്കാവുന്നവയാണ്. രഹസ്യത്തെ സംബന്ധിച്ച് ജോണ്‍ വാക്വറി തന്‍റെ രഹസ്യവും സത്യവും എന്ന ഗ്രന്ഥത്തില്‍ ഇതേ നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നു.

  1. രഹസ്യങ്ങളും അതേപോലെതന്നെ കൗദാശികരഹസ്യങ്ങളും അവയിലുള്ള നമ്മുടെ ഭാഗഭാഗിത്വം വഴി മാത്രമാണ് അറിയപ്പെടുന്നത്. കൂദാശകളുടെ ആഘോഷത്തില്‍ പങ്കുചേരുന്ന ഓരോ വ്യക്തിയും അവയില്‍ ഉള്‍പ്പെട്ടിരിക്കുന്നു. പുറമേനിന്ന് ഈ രഹസ്യങ്ങളെ പഠനവിഷയമാക്കാനോ പൂര്‍ണമായി ഗ്രഹിക്കാനോ സാധ്യമല്ല. കൗദാശിക ലിറ്റര്‍ജിയിലെ കൂദാശകളെയും വാക്കുകളെയും അനുഷ്ഠാനങ്ങളെയും പ്രതീകങ്ങളെയുംകുറിച്ചുള്ള അറിവ് എപ്പോഴും ഭാഗികമാണ്. കാരണം, നിരീക്ഷണകേന്ദ്രമാക്കാന്‍ കഴിയാത്ത ഒരു മേഖല കൂദാശകളില്‍ത്തന്നെയുണ്ട്.

2) രഹസ്യം അക്ഷയമാണ്. നമ്മുടെ നിരീക്ഷണകേന്ദ്രത്തിനുള്ളിലാക്കാന്‍ കഴിയുന്നതുപോലും നമ്മുടെ ഗ്രഹണശക്തിക്ക് അതീതമായിരിക്കുന്നു. നാം അതിലേക്കു കടക്കുന്തോറും അവയുടെ ചക്രവാളങ്ങള്‍ പിന്നോട്ട് കൂടുതല്‍കൂടുതല്‍ നീങ്ങുന്നു. രഹസ്യത്തിനു പ്രകൃത്യാ ഉള്ളതാണ് അക്ഷയത്വം. കൂദാശകളെ സംബന്ധിച്ചും അങ്ങനെതന്നെയാണ്. കൂദാശകളുടെ ആഘോഷത്തില്‍ നമ്മുടെ നിരീക്ഷണകേന്ദ്രത്തില്‍ കൊണ്ടുവരാന്‍ കഴിയുന്നതുപോലും എപ്പോഴും നമ്മുടെ ഗ്രഹണശക്തിക്കു അപ്പുറത്തേക്കു നീളുന്നു. കൂദാശകളുടെ ആഘോഷത്തില്‍ എത്ര കൂടുതല്‍ നാം പങ്കെടുക്കുന്നുവോ അത്ര കൂടുതല്‍ ചക്രവാളങ്ങള്‍ വിശാലമാകുന്നു. അക്ഷയത്വം കൂദാശകളുടെ സ്വഭാവമാണ്. അതുകൊണ്ടാണ് കുര്‍ബാനയും മറ്റുകൂദാശകളും അനുഭവിച്ചവര്‍ക്ക്, അവയുടെ ആഘോഷം അക്ഷരാര്‍ത്ഥത്തില്‍ ആവര്‍ത്തനമാണെങ്കിലും മുഷിച്ചില്‍ തോന്നാത്തത്. രഹസ്യത്തിന്‍റെ പുതിയ ചക്രവാളങ്ങള്‍ എന്നും അവരുടെ മുമ്പില്‍ തുറന്നുവരുന്നു.

3) കൂദാശകളും രഹസ്യവും തര്‍ക്കശാസ്ത്രത്തിന് അതീതമാണ്. അക്ഷയത്വം അളവിലല്ല ഗുണത്തിലാണ്. അളവിലായിരുന്നങ്കില്‍ താത്ത്വികമായി അതിനെ കീഴടക്കാന്‍ കഴിയുമായിരുന്നു. സഭയുടെ ചരിത്രത്തിലുടനീളം അനേകര്‍ അവയെ വിവരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നിട്ടും അവ മാനുഷികയുക്തി വിചാരത്തിന് അതീതമായി നിലകൊള്ളുന്നു.

4) യുക്തിവിചാരത്തിന് അതീതമാണെങ്കിലും അവ ദുര്‍ഗ്രഹമല്ല. അവയ്ക്ക് അവയുടേതായ സുതാര്യതയുണ്ട്. നാം നമ്മുടെ സങ്കല്‍പ്പങ്ങളെ സദൃശ്യപരമായ ഉപയോഗം വഴി വിപുലപ്പെടുത്തുന്നു. കവിതയുടെയും കാല്പനികകഥകളുടെയും പ്രതിബിംബങ്ങളിലൂടെ ഇവയെ താരതമ്യേന ഊഹിച്ചറിയുന്നു. നാം നമ്മുടെ പ്രതീകങ്ങളെ യുക്തിവിചാരത്തിനപ്പുറത്തേക്ക് നീട്ടുന്നു. സഭാപിതാക്കന്മാരും ദൈവശാസ്ത്രജ്ഞന്മാരും സാദൃശ്യപരമായ വ്യാഖ്യാനങ്ങളും പ്രതിബിംബങ്ങളും ഉപയോഗിച്ച് കൗദാശികരഹസ്യങ്ങളിന്മേല്‍ പ്രകാശം ചൊരിഞ്ഞു. അവര്‍ അവയെ അവയുടെ പ്രതീകാത്മക പ്രകൃതിയനുസരിച്ച് വിശദീകരിച്ചു.

5) രഹസ്യങ്ങളുടെ ഏകദേശജ്ഞാനമുണ്ടെന്നും കൂദാശകള്‍ ആഘോഷിക്കുന്നതുവഴി ദൈവികാനുഭവമുണ്ടായെന്നുമുള്ള അവകാശവാദം മനുഷ്യപ്രകൃതിയില്‍ത്തന്നെ അടിസ്ഥാനമുറപ്പിച്ചിട്ടുള്ളതാണ്. എന്തെന്നാല്‍, സ്വാതന്ത്ര്യം, സര്‍ഗ്ഗാത്മകപ്രവൃത്തികള്‍, സ്നേഹം മുതലായവയുടെ അനുഭവങ്ങളില്‍ മനുഷ്യസ്വഭാവം തനിക്കുതന്നെ അതീതമായിത്തീരുകയും നിലനില്‍ക്കുകയും സ്വന്തം അസ്തിത്വത്തിന്‍റെ പരിധികള്‍ക്കപ്പുറത്തേക്കു പോകുകയും ചെയ്യുന്നു. യുക്തിക്ക് അതീതമായ ഒന്നിലേക്ക് മാനുഷികചിന്തകളെ കടത്തിവിടാന്‍ കഴിയും. പ്രത്യേകിച്ച് വെളിപാടിന്‍റെ ആശയത്തിന് എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍ അത് സാധിക്കും. മനുഷ്യന് അതീതമായ രഹസ്യം വെളിപാടിലൂടെ തുറന്നു കൊടുത്തുകൊണ്ട് മനുഷ്യനെ മാനുഷികതലങ്ങള്‍ക്കതീതമായി ഉയര്‍ത്തുന്നു എന്നതിനാല്‍ അവന് യുക്തിക്ക് അതീതമായ ഒന്നിലേക്ക് ചിന്തകളെ നയിക്കാനാവും. ഇതുകൊണ്ടാണ് എല്ലാ മനുഷ്യസമൂഹത്തിലും കൂദാശകള്‍ അല്ലെങ്കില്‍ അനുഷ്ഠാനങ്ങളും അനുഷ്ഠാനവിധികളും ഉണ്ടായിരിക്കുന്നത്.

6) കൂദാശകളും രഹസ്യവും സമ്പൂര്‍ണ്ണമായും അനുഭവങ്ങളാണ്. അവയ്ക്ക് കേവലം വൈകാരികമാനങ്ങള്‍മാത്രമല്ല ബൗദ്ധികമാനങ്ങളുമുണ്ട്. അപൂര്‍ണ്ണങ്ങളായ പ്രസ്താവനകളുടെ സത്യത്തോടൊപ്പം സമ്പൂര്‍ണ്ണമായ അനുഭവത്തിന്‍റെ ഒരു രഹസ്യം കൂടി യുണ്ടെന്ന് ഇവ വഴി ന്യായപൂര്‍വ്വം അവകാശപ്പെടാം. സമ്പൂര്‍ണ്ണമായ ഈ അനുഭവം മുന്നേറിക്കൊണ്ടിരിക്കുന്ന ഒന്നാണ്. മനുഷ്യവ്യക്തി തന്‍റെ ലക്ഷ്യം പ്രാപിക്കുന്നതുവരെ അത് പൂര്‍ണ്ണമാകുന്നില്ല. രഹസ്യത്തിന്‍റെ വെളിപ്പെടലില്‍ ഉയര്‍ന്നുവരുന്ന സമയമാണ് അത്.

മതരഹിതലോകത്തും ശാസ്ത്രലോകത്തും രഹസ്യമെന്ന പദത്തിന്‍റെ പ്രയോഗങ്ങളെയും ആ പദത്തിന്‍റെ ആദിമപ്രയോഗത്തെയും അപഗ്രഥിച്ചുകൊണ്ട് ജോണ്‍.എഫ്.ഹൗട്ട് രഹസ്യത്തെയും സാധാരണമായി രഹസ്യമെന്നു പരിഗണിക്കുന്ന പ്രശ്നത്തെയും തമ്മില്‍ വേര്‍തിരിച്ചു.

മാനുഷികബുദ്ധിയുടെ പ്രയോഗത്തിലൂടെ പ്രശ്നങ്ങളെ പരിഹരിക്കാം. അവയെ ദുരീകരിക്കാം. അവ നമ്മുടെ അറിവിന്‍റെ നിയന്ത്രണത്തിന്‍ കീഴിലാണ്. നമ്മുടെ ബുദ്ധിപരമോ സാങ്കേതികമോ ആയ പരിശ്രമം കൊണ്ട് അവയെ ഒഴിവാക്കാം. നേരേമറിച്ച് രഹസ്യം ഒരു തരത്തിലുള്ള പ്രശ്നപരിഹാരത്തിന് വഴങ്ങുകയില്ല. നമുക്ക് അറിവ് വര്‍ദ്ധിക്കുന്തോറും അത് മറഞ്ഞുപോകുന്നതിനു പകരം അത് യഥാര്‍ത്ഥത്തില്‍ കൂടുതല്‍ വിപുലവും കൂടുതല്‍ അഗാധവുമായി കണ്ണാടിയിലെന്നപോലെ കാണപ്പെടുകയാണ്. നമ്മുടെ പ്രത്യേക പ്രശ്നങ്ങളെ പരിഹരിക്കുമ്പോള്‍, രഹസ്യത്തിന്‍റെ മണ്ഡലം നമ്മുടെ മുമ്പില്‍ വികസിച്ചുകൊണ്ടിരിക്കും. നമ്മള്‍ മുന്നേറുന്തോറും പിറകോട്ടു നീങ്ങുന്ന ഒരുചക്രവാളം പോലെയാണത്. പ്രശ്നങ്ങളെ ക്രമേണ നീക്കിക്കളയാം. രഹസ്യത്തെ ചൂഴ്ന്നുനില്‍ക്കുന്ന മണ്ഡലം നാം കൂടുതല്‍ കൂടുതല്‍ ആഴത്തിലേക്കു ചെല്ലുമ്പോള്‍ സ്ഥിരം പിന്നോട്ടു നീങ്ങുന്ന അതിരായി നിലകൊള്ളുന്നു9.

ഉപസംഹാരം

മതരഹിതമണ്ഡലങ്ങളിലും ശാസ്ത്രമണ്ഡലങ്ങളിലും രഹസ്യമെന്ന പദം പ്രശ്നമെന്ന അര്‍ത്ഥത്തില്‍ പലപ്പോഴും പ്രയോഗിക്കുന്നുണ്ട്. നാം എത്തിച്ചേര്‍ന്ന തരത്തിലുള്ള രഹസ്യത്തിന്‍റെ ദൈവശാസ്ത്രപരമായ അര്‍ത്ഥം, പരിഹരിക്കപ്പെടാനുള്ള ഒരു പ്രശ്നമല്ല അനുഭവിച്ചറിയാനുള്ള ആത്യന്തിക യാഥാര്‍ത്ഥ്യമാണ്. ഈ രഹസ്യമാണ് മനുഷ്യചരിത്രത്തില്‍ വെളിവാക്കപ്പെട്ടതായി പറയപ്പെടുന്നത്. പ്രശ്നം മാനുഷികപ്രയത്നംകൊണ്ടും മനുഷ്യരുടെ കഴിവുകൊണ്ടും പരിഹരിക്കപ്പെടാം. അതേസമയം രഹസ്യം ദൈവികമായി വെളിവാക്കപ്പെടുകയും മനുഷ്യന്‍ അത് അനുഭവിക്കുകയും  ചെയ്യുന്നു.

കൗദാശികരഹസ്യങ്ങളെ അനുഷ്ഠിക്കുകയും സംതൃപ്തിദായകമാക്കുകയും അല്ല, അവ വെളിവാക്കപ്പെടുകയും അവയെ അനുഭവിക്കുകയും ചെയ്യണമെന്ന് രഹസ്യങ്ങളുടെ ഈ സവിശേഷതകള്‍ അനുസ്മരിപ്പിക്കുന്നു. ആദിമരഹസ്യത്തെപ്പറ്റി റാനര്‍ പറഞ്ഞതുപോലെ, കൗദാശിക രഹസ്യങ്ങളുടെ സമ്പര്‍ക്കത്തിനുള്ള സാധ്യതയും വെളിപാടിന്‍റെ ഒരു മണ്ഡലത്തിലാണ് നിലകൊള്ളുന്നത്. അവ ആവര്‍ത്തിക്കപ്പെടേണ്ട കേവലം അനുഷ്ഠാനവിധികളല്ല. കൗദാശികരഹസ്യങ്ങള്‍ വെളിവാക്കപ്പെടേണ്ട രഹസ്യങ്ങളാണ്. ദൈവമനുഷ്യകണ്ടുമുട്ടലിന്‍റെ സംഭവങ്ങളാണ്. പങ്കുചേരേണ്ട സമ്പര്‍ക്കമാണ്. ദൈവത്തിന്‍റെ  ആഘോഷിക്കപ്പെടേണ്ട ആത്മദാനമാണ്.

 

 

ഡോ. തോമസ് പൂവത്താനിക്കുന്നേല്‍

Secrets and Sacraments catholic malayalam Dr. Thomas Poovathanikkunnel theology Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message