x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ആരാധനാക്രമ ദൈവശാസ്ത്രം

ആഗമനകാലം

Authored by : Bishop Jose Porunnedom On 04-Jan-2022

ക്രിസ്തുമസിന് തൊട്ടുമുമ്പുള്ള 25 ദിവസങ്ങൾ ആഗമനകാലം എന്നറിയപ്പെടുന്നു. കത്തോലിക്കാസഭയിലും ലൂഥറൻ ആംഗ്ലിക്കൻ സഭകളിലുമാണ് ആഗമനകാലം ഇപ്രകാരം ആചരിക്കപ്പെടുന്നത്. ഓർത്തഡോക്സ് സഭകളിൽ ഇക്കാര്യത്തിൽ നേരിയ വ്യത്യാസം ഉണ്ട്. രക്ഷകന്റെ വരവിനായി ഇസ്രായേൽ ജനത നടത്തിയ കാത്തിരിപ്പിന്റെ കാലമാണ് ഈ കാലഘട്ടത്തിലൂടെ അനുസ്മരിക്കുന്നത്. അതുപോലെതന്നെ യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനേയും ഈ കാലഘട്ടം അനുസ്മരിക്കുന്നു.

ആഗമനകാലത്ത് പള്ളികളിൽ ഈ സംഭവങ്ങളെ അനുസ്മരിച്ചുകൊണ്ട് പ്രത്യേക പ്രാർത്ഥനകളും മറ്റും നടത്തുന്നു. ആഗമനകാലത്തിന്റെ അവസാനമാണ് ക്രിസ്തുമസ് അഥവാ യേശു ക്രിസ്തുവിന്റെ ജനനം ആഘോഷിക്കുന്നത്. കത്തോലിക്കർ മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങളാണ് ഈ ആചരണത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഒന്ന്, സ്നേഹത്തിന്റെ മൂർത്തീഭാവമായ ദൈവം മനുഷ്യനായി അവതരിച്ചതിന്റെ ഓർമ്മ ആചരിക്കുന്നതിനുള്ള ആദ്ധ്യാമിക യോഗ്യത നേടുക, രണ്ട്, അങ്ങനെ മനുഷ്യനായി അവതരിച്ച രക്ഷകനെ അപ്പത്തിന്റെ രൂപത്തിൽ സ്വന്തം ഹൃദയത്തിലേക്ക് സ്വീകരിക്കാൻ പാകത്തിന് ഹൃദയങ്ങളെ ഒരു ആദ്ധ്യാത്മിക പുൽത്തൊട്ടിയായി മാറ്റുക: മൂന്ന്, അതിലൂടെ യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവിൽ അവിടുത്തെ കണ്ടുമുട്ടാനും വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന സ്വർഗ്ഗീയ പ്രതിഫലം ലഭിക്കാനും ഒരുങ്ങുക.

ഏതാണ്ട് ആറാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ് ആഗമനകാലം ആചരിക്കുന്ന പതിവ് സഭയിൽ ആരംഭിച്ചത്. ഈ ആചരണത്തിന്റെ തുടക്കം പുതുതായി ക്രിസ്തുമതത്തിലേക്ക് കടന്നുവരുന്നവരുടെ ജ്ഞാനസ്നാന സ്വീകരണത്തിനുള്ള ഒരുക്ക കാലഘട്ടം എന്ന നിലയിലായിരുന്നു. എന്നാൽ പിന്നീട് യേശു ക്രിസ്തുവിന്റെ ജനനം ആഘോഷിക്കുന്നതിനുള്ള ഒരുക്കം എന്ന നിലയിലായി. നവംബർ മുപ്പതിനോട് ഏറ്റവും അടുത്തുവരുന്ന ഞായറാഴ്ചയാണ് ആഗമനകാലത്തിന്റെ തുടക്കം. ആദിമകാലത്ത് ക്രിസ്തുമസിനു മുമ്പുള്ള അഞ്ച് ആഴ്ചകൾ ആഗമനകാലമായി ആചരിച്ചിരുന്നു. അന്ന് നവംബർ 11 ന് ആഗമനകാലഘട്ടം തുട ങ്ങിയിരുന്നു. എന്നാൽ 1073 മുതൽ 1085 വരെ മാർപ്പാപ്പയായിരുന്ന ഗ്രിഗോറിയോസ് ഒന്നാമൻ മാർപ്പാപ്പയാണ് ഇപ്പോൾ ഉള്ളതുപോലെ നാല് ആഴ്ചകൾ ആചരിച്ചാൽ മതി എന്ന് തീരുമാനിച്ചത്.

യേശുക്രിസ്തുവിന്റെ ഉയിർപ്പുതിരുനാളിന് മുന്നോടിയായി ആചരിക്കപ്പെടുന്ന വലിയ നോമ്പുകാലത്തിലെന്നപോലെ തന്നെ നോമ്പും ഉപവാസവും പ്രാർത്ഥനകളും മറ്റു ആഗമന കാലത്തിലും ഉണ്ടായിരുന്നു. എന്നാൽ കാലക്രമത്തിൽ പാശ്ചാത്യകത്തോലിക്കാ സഭയും പ്രൊട്ടസ്റ്റന്റ് സഭകളും ഇക്കാലത്തിലെ നോമ്പിന്റെയും ഉപവാസത്തിന്റെയും പ്രാധാന്യം കുറച്ചു. എന്നാൽ ഓർത്തൊഡോക്സ് സഭകളിലും പൗരസ്ത്യ കത്തോലിക്കാ സഭകളിലും ഇന്നും നോമ്പാചരണമുണ്ട്. ഓർത്തൊഡോക്സ് സഭകൾ ഇംഗ്ലീഷ് ഭാഷയിൽ ഈ നോമ്പുകാലത്തെ സ്‌മോൾ ലെന്റ് എന്നും ഈസ്റ്ററിനു മുമ്പുള്ളതിനെ ഗ്രെയ്റ്റ് ലെന്റ് എന്നും വിളിക്കുന്നു. അവർ ആഗമനകാലം ആചരിക്കുന്നത് നവംബർ 14 മുതലാണ്. അന്നു തന്നെയാണ് വിശുദ്ധ ഫീലിപ്പോസിന്റെ തിരുനാളും ആചരിക്കുന്നത്. അതുകൊണ്ട് ഈ നോമ്പിനെ ഫീലിപ്പോസ് നോമ്പ് എന്നും അവർ പറയാറുണ്ട്.

വിവിധ രാജ്യങ്ങളിൽ വിവിധ തരത്തിലുള്ള ആചാരങ്ങൾ ആഗമനകാലത്തോടനുബന്ധിച്ചുണ്ട്. പടിഞ്ഞാറൻ രാജ്യങ്ങളിലെ കത്തോലിക്കർ ആഗമനകാല റീത്ത് ഉണ്ടാക്കുന്ന പതിവുണ്ട്. മഞ്ഞുകാലത്തുപോലും ഇല പൊഴിയ്ക്കാത്ത ചില നിത്യഹരിത മരങ്ങളുടെ ഇലകളും ചെറു കമ്പുകളും കൂട്ടിച്ചേർത്ത് ഉണ്ടാക്കുന്ന ഈ റീത്തിന്റെ നടുവിൽ മെഴുകുതിരികളും കത്തിച്ച് വയ്ക്കുന്നു. വയലറ്റ് നിറത്തിലുള്ള മൂന്ന് തിരികളും ചുവപ്പ് നിറത്തിലുള്ള ഒരു തിരിയും ആണ് ഉണ്ടായിരിക്കുക. വയലറ്റ് നിറം പ്രത്യാശ, സമാധാനം, സ്നേഹം എന്നിവയെ ദ്യോതിപ്പിക്കുന്നു. ചുവപ്പാകട്ടെ സന്തോഷത്തെ സൂചിപ്പിക്കുന്നു. ഒന്നാമത്തെയും രണ്ടാമത്തേയും നാലാമത്തേയും ഞായറാഴ്ചകളിൽ വയലറ്റ് നിറത്തിലുള്ളവയും മൂന്നാം ഞായറാഴ്ച ചുവപ്പ് നിറത്തിലുള്ളതും കത്തിക്കുന്നു. ചില സ്ഥലങ്ങളിൽ ക്രിസ്തുമസ് ദിനത്തിൽ വെളുപ്പ് നിറത്തിലുള്ള ഒരു തിരിയും കൂടി കത്തിക്കാറുണ്ട്. പ്രൊട്ടസ്റ്റന്റ് സഭകളിൽ തിരിയുടെ നിറം നീലയാണ്. ക്രിസ്തു ജനിച്ച സമയത്തെ നീലാകാശത്തെയാണ് അത് ദ്യോതിപ്പിക്കുന്നത്. വൃത്താകൃതിയിലുള്ള റീത്തും നിത്യഹരിതമരത്തിന്റെ ഇലകളും ദൈവികജീവനേയും നിത്യജീവനേയും ദ്യോതിപ്പിക്കുന്നു. മെഴുകുതിരിയാകട്ടെ ലോകത്തിന്റെ പ്രകാശമായി കടന്നുവന്ന യേശുക്രിസ്തുവിനേയും.

ആഗമനകാല കലണ്ടറുകൾ ആണ് ഈ കാലഘട്ടത്തിൽ പാശ്ചാത്യരാജ്യങ്ങളിൽ കണ്ടുവരുന്ന ഒരു പതിവ്. ഈ പതിവ് തുടങ്ങിയിട്ട് ഒന്നര നൂറ്റാണ്ടിൽ ഏറെയായിട്ടില്ല. ഹാർഡ് ബോർഡു കൊണ്ടുള്ളതും ഇരുപത്തിനാല് ചെറിയ ജനാലകൾ ഉള്ളതുമായ ഒരു പെട്ടിയാണ് ആഗമനകാല കലണ്ടർ. ഈ പെട്ടി വീടിന്റെ പ്രധാന സ്ഥലത്ത് സ്ഥാപിക്കുന്നു. ഓരോ ദിവസവും ഓരോ ജനൽ വീതം തുറക്കുന്നു. അതിലൂടെ ക്രിസ്തുമസുമായി ബന്ധപ്പെട്ട എന്തെങ്കിലും ഉദാഹരണമായി നക്ഷത്രം, മാലാഖ, കന്നുകാലികൾ തുടങ്ങിയവ ഉള്ളിൽനിന്ന് കാണത്തക്ക രീതിയിൽ സജ്ജീകരിച്ചിരിക്കും. അങ്ങനെ ക്രിസ്തുമസ് വരെയാകുമ്പോൾ ഇരുപത്തിനാല് ജനലുകളും തുറന്നിരിക്കും. കുട്ടികളെ സംബന്ധിച്ച വളരെ രസകരമായ ഒന്നാണിത്. ക്രിസ്തുമസിനെ സംബന്ധിച്ച ആശയങ്ങൾ അവരെ പഠിപ്പിക്കാനാണ് ഇപ്രകാരം ചെയ്യുന്നത്.

കേരളത്തിലെ ക്രൈസ്തവരെ സംബന്ധിച്ച് മേൽപ്പറഞ്ഞ രീതിയിലുള്ള പതിവുകൾ ഒന്നും തന്നെ ഇല്ലായെന്ന് മനസ്സിലാക്കുന്നു. നമ്മുടെ നാട്ടിൽ ഈ കാലഘട്ടം കൂടുതലായും ആന്തരികമായ ഒരുക്കത്തിനായി ചെലവഴിക്കുന്നു. കുട്ടികളും മുതിർന്നവരും എല്ലാം കഴിവതും എല്ലാ ദിവസവും പള്ളിയിൽ പോയി വിശുദ്ധ കുർബ്ബാനയിൽ പങ്കുകൊള്ളാനും സ്വയം വിശുദ്ധീകരിക്കാനും ശ്രമിക്കുന്നു. ഇരുപത്തിഅഞ്ച് ദിവസവും അപ്രകാരം ചെയ്യുന്നവർക്ക് ചിലപ്പോൾ പ്രത്യേക പ്രോത്സാഹന സമ്മാനങ്ങളും കൊടുക്കാറുണ്ട്. കുട്ടികളെ ഈ കാലഘട്ടത്തിന്റെ പ്രാധാന്യം മനസ്സിലാക്കികൊടുക്കാൻ ഉപകരിക്കുന്ന മാർഗ്ഗങ്ങളാണവയെല്ലാം. ആഗമനകാലത്ത് പ്രത്യേകിച്ചും പൗരസ്ത്യ കത്തോലിക്കാസഭകളിൽ, വിവാഹം, വൈദികപട്ടം, വ്രതവാഗ്ദാനം തുടങ്ങിയവയോടനുബന്ധിച്ചുള്ള ആഘോഷങ്ങൾ മുടക്കിയിരിക്കുന്നു. വിശ്വാസികളുടെ ആദ്ധ്യാത്മികമായ ഒരുക്കത്തിന് അത്തരം കാര്യങ്ങൾ തടസ്സം സൃഷ്ടിക്കാം എന്നതിന്റെ പേരിലാണ് അങ്ങനെ ചെയ്തിരിക്കുന്നത്.

നമ്മുടെ ഓരോ മതാചരണത്തിന്റേയും അർത്ഥം നമ്മുടെ വരും തലമുറയിലേക്ക് കൈമാറിക്കൊടുക്കേണ്ടതായിട്ടുണ്ട്. എങ്കിൽ മാത്രമേ, അവ കുട്ടികൾ ഉൾക്കൊള്ളുകയുള്ളു. പ്രത്യേകിച്ചും വിശ്വാസത്തിന്റേയും ധാർമ്മികതയുടേയും കാര്യത്തിൽ ഇതിന് ഏറെ പ്രസക്തിയുണ്ട്. ഇന്നത്തെ അന്തരീക്ഷത്തിൽ വിശ്വാസം കൈമാറുക എന്നത് ഏറെ ദുഷ്കരമാണ്. മാധ്യമങ്ങളുടെയും മറ്റും സ്വാധീനം കുട്ടികളിലും മുതിർന്നവരിലും അത്ര വലുതാണ്. മാറി വരുന്ന സാഹചര്യങ്ങൾക്കനുസരിച്ച് ഈ കാര്യങ്ങളിലും നാം പുതിയ പുതിയ മാർഗ്ഗങ്ങൾ സ്വീകരിച്ചേ മതിയാകൂ. കമ്പ്യൂട്ടർയുഗത്തിൽ ജീവിക്കുന്ന കുട്ടിക്ക് ആ മാധ്യമത്തിലൂടെ വളരെ ഫലപ്രദമായി വിശ്വാസം കൈമാറാൻ കഴിയും. കുട്ടികൾക്കു മാത്രമല്ല മുതിർന്നവർക്കും വിശ്വാസത്തെ എളുപ്പത്തിൽ മനസ്സിലാക്കാനും ബോധ്യങ്ങൾ കൊടുക്കാനും ഈ രീതി ഉപകരിക്കും. ആഗമനകാല റീത്ത്, ആഗമനകാലകലണ്ടർ തുടങ്ങിയവയുടെ നൂതനരൂപങ്ങൾ നമുക്കും പരീക്ഷിക്കാവുന്നതാണ്. അർത്ഥം മനസ്സിലാകാത്ത ആചാരങ്ങൾ കാലക്രമത്തിൽ ഉപേക്ഷിക്കപ്പെടുകയോ അന്ധവിശ്വാസതലത്തിലേക്ക് താഴ്ത്തപ്പെടുകയോ ചെയ്യാം എന്നത് നാം ഓർത്തിരിക്കേണ്ടതാണ്.

bishop jose porunnedom bishop porunnedom jose porunnedom ആഗമനകാലം Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message