x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

ആദ്ധ്യാത്മിക ജീവിതത്തിന്‍റെ ശക്തിസ്രോതസ്സ് - കൂദാശകള്‍

Authored by : Bishop Joseph Kallarangatt On 26-Jan-2021

ക്രൈസ്തവ ജീവിതം - മിശിഹായുടെ ജീവിതത്തിലുളള പങ്കുചേരലാണ്. ഈ പങ്കുചേരല്‍ സ്ഥലകാലങ്ങള്‍ക്കതീതമായി സാധ്യമാകുന്നത് കൂദാശകളിലൂടെയാണ്.

ക്രൈസ്തവജീവിതത്തിന് മൂന്നു തലങ്ങള്‍ ഉണ്ട്.

  1. ഭൗതികതലം - പഞ്ചേന്ദ്രിയഗോചരമായ ഈ ലോകജീവിതം.
  2. സ്വര്‍ഗീയതലം - മരണാനന്തരം ദൈവികകൂട്ടായ്മയില്‍ പൂര്‍ണ്ണമായും പങ്കുചേര്‍ന്നുളള ജീവിതം.
  3. കൗദാശികതലം - ഈ ലോകത്തിലായിരിക്കുമ്പോള്‍ത്തന്നെ കൂദാശകളിലൂടെ (സഭയുടെ ആരാധനാജീവിതം) ദൈവാനുഭവം ഉളവാകുന്നത്. ഭൗതികജീവിതത്തെ സ്വര്‍ഗ്ഗീയജീവിതവുമായി ബന്ധിപ്പിക്കുന്ന തലം. ഇത് വി. കുര്‍ബാനയില്‍ കേന്ദ്രീകൃതമാണ്. മിശിഹായുടെ രക്ഷാകര പ്രവര്‍ത്തനങ്ങള്‍ സഭയിലൂടെ തുടരുന്ന തലം.

കൂദാശ എന്ന പദം

കൂദാശ എന്ന സുറിയാനി പദത്തിന്‍റെ അര്‍ത്ഥം വിശുദ്ധീകരിക്കുന്നത് എന്നാണ്. Sacrament എന്നാണ് ഇംഗ്ലീഷില്‍ പറയുന്നത്. ലത്തീന്‍ മൂലത്തില്‍നിന്നാണ് ഈ പദമുണ്ടായത്. വിശുദ്ധീകരിക്കുന്നത് എന്നുതന്നെയാണ് ഈ പദത്തിന്‍റേയും അര്‍ത്ഥം.

കൂദാശ എന്ന ആശയം സൂചിപ്പിക്കാന്‍ പുതിയ നിയമത്തില്‍ ഉപയോഗിച്ചിരിക്കുന്നപദം Mystery ആണ്. 'രഹസ്യം', 'മറഞ്ഞിരിക്കുന്നത്' എന്നൊക്കെയാണ് ഈ പദത്തിന്‍റെ അര്‍ത്ഥം. നാം പഠിച്ചിരിക്കുന്ന കൂദാശകളുടെ നിര്‍വ്വചനം ഈ രഹസ്യാത്മകത സൂചിപ്പിക്കുന്നത് - കാണപ്പെടാത്ത ദൈവവരപ്രസാദം നല്‍കുന്നതിന് ഈശോമിശിഹാ സ്ഥാപിച്ച കാണാവുന്ന അടയാളമാകുന്നു കൂദാശ എന്നാണ്. യേശുവിലൂടെ പൂര്‍ത്തിയായ രക്ഷാകര രഹസ്യങ്ങളാണ് കൂദാശകളിലൂടെ വെളിവാക്കപ്പെടുന്നത്.

കൂദാശകളുടെ സവിശേഷതകള്‍

മനുഷ്യരുടെ വിശുദ്ധീകരണത്തിനുവേണ്ടിയാണ് യേശു കൂദാശകള്‍ സ്ഥാപിച്ചത്. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈകദൈവത്തിന് ദൈവജനം അടയാളങ്ങളിലൂടെ സഭയില്‍ പരസ്യമായി അര്‍പ്പിക്കുന്ന സ്തുതിയും ആരാധനയും പുകഴ്ചയുമാണ് കൂദാശയുടെ അന്ത:സത്ത. ഭക്താനുഷ്ഠാനങ്ങളിലൂടെയും ദൈവത്തിനു സ്തുതി അര്‍പ്പിക്കുന്നുണ്ടെങ്കിലും കൂദാശകളിലൂടെയുളള ആരാധന വ്യത്യസ്തമാണ്. ഈ പ്രത്യേകതകള്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ :

കൂദാശകള്‍ പിതാവായ ദൈവത്തിനുളള സ്തുതിയും ആരാധനയുമാണ്.

ദൈവം നമ്മുടെ പിതാവാണ്. അവിടുന്നാണ് നമ്മുടെ സ്രഷ്ടാവും നിയന്താവും. പിതാവിനു സ്തുതിയും ആരാധനയും കൃതജ്ഞതയും അര്‍പ്പിക്കുക മക്കളായ നമ്മുടെ കടമയാണല്ലോ. ഓരോ കൂദാശയും ഈ വസ്തുത നമ്മെ അനുസ്മരിപ്പിക്കുന്നുണ്ട്. മാമ്മോദീസായില്‍ ദൈവമക്കളായിതീരുന്നതോടെ ഈ ദൗത്യം നിര്‍വ്വഹിക്കാന്‍ നാം പ്രത്യേകമാംവിധം കടപ്പെട്ടിരിക്കുന്നു.

പിതാവായ ദൈവത്തെ സ്തുതിക്കുന്നത് അവിടുത്തെ പുത്രനും നമ്മുടെ രക്ഷകനുമായ മിശിഹായിലൂടെയാണ്.

അദൃശ്യനായ പിതാവിനെ നമുക്ക് ദൃശ്യനാക്കിയവനാണ് അവിടുത്തെ പുത്രനായ മിശിഹാ. അതുകൊണ്ടാണ് ഈശോ പറഞ്ഞത് എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു (യോഹ 14:9) എന്നിലൂടെയല്ലാതെ ആരും പിതാവിന്‍റെ അടുത്തേക്കു വരുന്നില്ല (യോഹ 14:6)ഞാനാകുന്നു വഴി (14:6)എന്നൊക്കെ. കര്‍ത്താവായ ക്രിസ്തുവഴി പിതാവായ ദൈവത്തിന് സ്തുതി അര്‍പ്പിക്കുന്നുവെന്ന് പ്രാര്‍ത്ഥനകളില്‍ ചൊല്ലുന്നത് ഈ വസ്തുതയിലേക്ക് വിരല്‍ചൂണ്ടുന്നു. ദൈവത്തിനും മനുഷ്യര്‍ക്കുമിടയില്‍ മറ്റൊരു മധ്യസ്ഥനില്ലെന്ന് (1തിമോ 2:5)പറയുന്നതിന്‍റെ അര്‍ത്ഥവും ഇതുതന്നെ.

യേശുവിലൂടെ പിതാവിനു സ്തുതിയും ആരാധനയും സമര്‍പ്പിക്കുന്നതിന് നമ്മള്‍ ശക്തരാകുന്നത് പരിശുദ്ധാത്മാവിന്‍റെ സഹായത്താലാണ്.

യേശു ഭൂമിയിലെ ദൗത്യം പൂര്‍ത്തിയാക്കി പിതാവിന്‍റെ പക്കലേക്കുമടങ്ങുന്നതിനുമുമ്പ് മനുഷ്യവംശത്തിന് ഒരു സഹായകനെ വാഗ്ദാനം ചെയ്തു."ഞാന്‍ പിതാവിനോടപേക്ഷിക്കുകയും എന്നേക്കും നിങ്ങളോടുകൂടി ആയിരിക്കുവാന്‍ മറ്റൊരു സഹായകനെ അവിടുന്നു നിങ്ങള്‍ക്കു തരുകയും ചെയ്യും"  (യോഹ 14:16) പന്തക്കുസ്താ ദിനത്തില്‍ ഈ വാഗാദാനം പൂര്‍ത്തിയായി (നട 2:1-4). ഈ ദൈവാത്മാവുതന്നെയാണ് ഇന്നും സഭയുടെ എല്ലാ പ്രവര്‍ത്തനങ്ങളുടേയും ശക്തികേന്ദ്രം.

മാമോദീസായില്‍ ജന്മപാപം നീക്കുന്നത് - തൈലാഭിഷേകത്തില്‍ സ്ഥൈര്യം നല്‍കുന്നത് - വി. കുര്‍ബാനയില്‍ അപ്പത്തേയും വീഞ്ഞിനേയും മിശിഹായുടെ ശരീരരക്തങ്ങളാക്കി മാറ്റുന്നത് - കുമ്പസാരത്തില്‍ പാപങ്ങള്‍ മോചിക്കുന്നത് - രോഗീലേപനത്തില്‍ ആത്മാവിനേയും ശരീരത്തേയും സുഖപ്പെടുത്തുന്നത് - തിരുപ്പട്ടത്തിലും വിവാഹത്തിലും ഏറ്റെടുക്കുന്ന ദൗത്യങ്ങള്‍ വിശ്വസ്തതയോടെ നിര്‍വഹിക്കുന്നതിനു ശക്തിപകരുന്നത് - പരിശുദ്ധാത്മാവാണ്.

പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈകദൈവത്തിന് സ്തുതിയും ആരാധനയും സമര്‍പ്പിക്കുക സഭയുടെ - ദൈവസമൂഹത്തിന്‍റെ കൂട്ടായ കടമയാണ്.

ആരാധനക്രമം - കൂദാശകളുടെ പരികര്‍മ്മം - ആരുടേയും വ്യക്തിപരമായ ശുശ്രൂഷയോ രഹസ്യാചാരമോ അല്ല. സഭാസമൂഹത്തിന്‍റെ പൊതു ശ്രുശൂഷയാണ്. അതുകൊണ്ട് അതു വ്യക്തിപരവും സ്വകാര്യവുമായി അനുഷ്ഠിക്കുന്ന രീതി കഴിവതും ഒഴിവാക്കണം. (ആരാധനക്രമം 26, 27) സഭ മിശിഹായുടെ ശരീരവും സഭാംഗങ്ങള്‍ അതിലെ അവയവങ്ങളുമാണ്. സഭയെന്ന നിലയില്‍ കൂദാശകള്‍ പരികര്‍മ്മം ചെയ്യുമ്പോള്‍ സാമൂഹിക സ്വഭാവം കാത്തു സൂക്ഷിക്കണം.

അദൃശ്യവരപ്രസാദം സൂചിപ്പിക്കുന്ന കൂദാശകള്‍ പരികര്‍മ്മം ചെയ്യപ്പെടുന്നത് ദൃശ്യമായ അടയാളങ്ങളിലൂടെയാണ്.

അദൃശ്യമായ യാഥാര്‍ത്ഥ്യങ്ങള്‍ ഗ്രഹിക്കുന്നതിന് ശരീരബന്ധിയായ മനുഷ്യന് ഇന്ദ്രിയ ഗോചരങ്ങളായ അടയാളങ്ങള്‍ ആവശ്യമാണ്. രണ്ടാം വത്തിക്കാന്‍ സൂനഹദോസ് പഠിപ്പിക്കുന്നതുപോലെ, ആരാധനക്രമം 'മനുഷ്യവിശുദ്ധീകരണം ഐന്ദ്രികമായ അടയാളങ്ങളിലൂടെ പ്രകാശിപ്പിക്കുന്നു. ഈ അടയാളങ്ങള്‍ അവയുടേതായ രീതിയില്‍ അതു സാക്ഷാത്കരിക്കുകയും ചെയ്യുന്നു'. (ആരാധനക്രമം - നമ്പര്‍ 7) അതുകൊണ്ട് കൂദാശകളില്‍ ഉപയോഗിച്ചിരിക്കുന്ന അടയാളങ്ങളും പ്രതീകങ്ങളും തിരിച്ചറിയുക അവയില്‍ ഫലപ്രദമായി പങ്കെടുക്കുന്നതിന് അത്യന്താപേക്ഷിതമാണ്.

കൂദാശകളില്‍ അടയാളങ്ങളും പ്രതീകങ്ങളുമുണ്ട്. ഇവരണ്ടും തമ്മില്‍ സാമ്യവും അടുപ്പവുമുണ്ടെങ്കിലും വ്യത്യാസമുണ്ട്. അടയാളം ഒരു ചൂണ്ടുപലകയാണ്. മറ്റൊന്നിലേക്കു ശ്രദ്ധ തിരിക്കുന്നതിനുളള ഒരു മാധ്യമം. (ഉദാ: കൈചൂണ്ടി) എന്നാല്‍ പ്രതീകം അടയാളമാണെന്നുമാത്രമല്ല അത് ഒരു യാഥാര്‍ത്ഥ്യം ഉള്‍കൊളളുകകൂടി ചെയ്യുന്നു. (ഉദാ: വി. കുര്‍ബാനയില്‍ അപ്പവും വീഞ്ഞും. അപ്പവും വീഞ്ഞുമെന്ന അടയാളങ്ങള്‍ യേശുവിന്‍റെ തിരുശരീരരക്തങ്ങളാകുന്ന യാഥാര്‍ത്ഥ്യവും ഉള്‍കൊളളുന്നു.)

അദൃശ്യമായ യാഥാര്‍ത്ഥ്യം എളുപ്പത്തില്‍ മനസ്സിലാക്കിക്കൊടുക്കുക എന്ന വലിയ ദൗത്യമാണ് അടയാളത്തിനുളളത്.അതുകൊണ്ടുതന്നെ,ഉപയോഗിക്കുന്ന അടയാളം അധികം വിശദീകരണമില്ലാതെ മനസ്സിലാക്കാന്‍ കഴിയുന്നതായിരിക്കണം.

കൂദാശകളും ഭക്താനുഷ്ഠാനങ്ങളും.

കൂദാശകളും 'സ്വകാര്യ പ്രാര്‍ത്ഥനകളും' (ഭക്താനുഷ്ഠാനങ്ങളും) തമ്മില്‍ വ്യത്യാസമുണ്ട്. ഭക്താനുഷ്ഠാനങ്ങളില്‍ രണ്ട് ഉപവിഭാഗങ്ങളുണ്ട്.

ഭക്താഭ്യാസങ്ങള്‍     - ധ്യാനം, ആത്മശോധന തുടങ്ങിയവ (Pious exercises)

ഭക്താനുഷ്ഠാനങ്ങള്‍   - ജപമാല, കുരിശിന്‍റെ വഴി, നൊവേന........

                                    (Popular devotions)

കൂദാശകളും ഭക്താനുഷ്ഠാനങ്ങളും തമ്മിലുളള വ്യത്യാസങ്ങള്‍

കൂദാശകള്‍ യേശു സ്ഥാപിച്ചവയാണ്. ഭക്താനുഷ്ഠാനങ്ങള്‍ മനുഷ്യര്‍ സ്ഥാപിച്ചവയും.

കൂദാശകള്‍ ഏഴും യേശു സ്ഥാപിച്ചവയാണ്. ഭക്താനുഷ്ഠാനങ്ങള്‍ മനുഷ്യരുടെ അനുഭവത്തില്‍നിന്നും താല്പര്യങ്ങളില്‍നിന്നും ജന്മമെടുക്കുന്നവയാണ്. അവയില്‍ ക്രൈസ്തവ വിശ്വാസത്തിനും ആചാരത്തിനും യോജ്യമായവയെ സഭ   ഔദ്യോഗികമായി അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുപോരുന്നു. പരി. കന്യാമറിയത്തിന്‍റെ ജപമാലയും യേശുവിന്‍റെ പിഢാനുഭവം അനുസ്മരിക്കുന്ന കുരിശിന്‍റെ വഴിയും മറ്റും ഇപ്രകാരം സ്വീകാര്യത ലഭിച്ച ഭക്തമുറകളാണ്.

കൂദാശകള്‍ വിശുദ്ധീകരിക്കുന്നു. ഭക്താനുഷ്ഠാനങ്ങളോ?

ഓരോ കൂദാശയും ഓരോ തലത്തില്‍ വിശുദ്ധീകരണം നടത്തുന്നു. ഭക്താനുഷ്ഠാനങ്ങള്‍ ആധ്യാത്മിക ജീവിതത്തിനു സഹായകമാണെങ്കിലും ഒരു വ്യക്തിയെ വിശുദ്ധീകരിക്കാന്‍ പര്യാപ്തമാണെന്നു കരുതാന്‍ ന്യായം കാണുന്നില്ല. ഉദാ : ജന്മപാപം നീക്കാന്‍ മാമോദീസയല്ലാതെ മറ്റെന്തു മാര്‍ഗ്ഗമാണുളളത്? മാരകപാപാവസ്ഥയില്‍ ജീവിക്കുന്ന വ്യക്തി കുമ്പസാരിക്കാതെ നൊവേന നടത്തിയാല്‍ പാപമോചനം ലഭിച്ച് വിശുദ്ധീകരിക്കപ്പെടുകയില്ല.

ദൈവവും മനുഷ്യനും തമ്മില്‍ സംഗമിക്കുന്ന പ്രക്രിയയാണ് കൂദാശയില്‍ നടക്കുന്നത്. എന്നാല്‍ ഭക്താനുഷ്ഠാനങ്ങളില്‍ ഈ സംഗമം നടക്കുമെന്നു പറയാനാവില്ല.

എല്ലാ കൂദാശകളിലും  കയറിച്ചെല്ലുന്ന (ascending) മനുഷ്യനും ഇറങ്ങിവരുന്ന (descending) ദൈവമുണ്ട്. ചോദിക്കുവിന്‍ നല്‍കപ്പെടും എന്ന യേശുവിന്‍റെ വാഗ്ദാനം അക്ഷരംപ്രതി യാഥാര്‍ത്ഥമാകുന്ന മേഖലയാണ് കൂദാശകളുടേത്. പാപിയായ മനുഷ്യന്‍ മനസ്തപിച്ച് തെറ്റുകള്‍ ഏറ്റുപറഞ്ഞാല്‍ കുമ്പസാരമെന്ന കൂദാശയിലൂടെ അവന്‍ ആഗ്രഹിക്കുന്ന പാപമോചനം ലഭിക്കുന്നു. ഒരുക്കത്തോടെ തിരുപ്പട്ടം സ്വീകരിക്കാന്‍ അണയുന്ന വ്യക്തിക്ക് കൈവയ്പു ശുശ്രൂക്ഷയിലൂടെ അഗ്രഹിച്ചത് ലഭിക്കുന്നു. അങ്ങനെ എല്ലാകൂദാശകളിലും സംഭവിക്കുന്നു.

ഭക്താനുഷ്ഠാനങ്ങളിലോ - ചില പ്രത്യേക കാര്യങ്ങള്‍ സാധിച്ചുകിട്ടുന്നതിന് നൊവേനയോ തീര്‍ത്ഥാടനമോ നടത്തുന്ന വ്യക്തികളുണ്ട്. പക്ഷേ ചോദിച്ചതു ലഭിക്കുമെന്ന് എന്താണുറപ്പ്? ചുരുക്കത്തില്‍, ഭക്താനുഷ്ഠാനങ്ങളില്‍ കയറിച്ചെല്ലുന്നچ മനുഷ്യരുണ്ട്, ഇറങ്ങിവരുന്ന ദൈവത്തിന്‍റെ കാര്യത്തില്‍ ഉറപ്പില്ല.

കൂദാശകള്‍ വസ്തു നിഷ്ഠമാണ്; ഭക്താനുഷ്ഠാനങ്ങള്‍ വ്യക്തിനിഷ്ഠവും.

പരികര്‍മ്മം ചെയ്യുന്ന വൈദികന്‍റെ അറിവോ വിശുദ്ധിയോ അല്ല, കൂദാശയുടെ ഫലം നിര്‍ണ്ണയിക്കുന്നത്. പാപിയായ വൈദികന്‍ ബലിയര്‍പ്പിച്ചാലും അപ്പവും, വീഞ്ഞും യേശുവിന്‍റെ തിരുശരീരരക്തങ്ങളായി രൂപാന്തരപ്പെടും. പാപമോചനം നല്‍കിയാല്‍ പാപം മോചിക്കപ്പെടും. കാരണം കൂദാശയുടെ ഫലം അനുഷ്ഠാനബന്ധവും വസ്തുനിഷ്ഠവുമാണ്.

ഭക്താനുഷ്ഠാനങ്ങളാകട്ടെ, അനുഷ്ഠിക്കുന്ന വ്യക്തിയുടെ വിശ്വാസത്തേയും ആഗ്രഹത്തേയും   ആശ്രയിച്ചിരിക്കുന്നു. നിയമം പാലിക്കാന്‍വേണ്ടിയോ മറ്റുളളവരെ ബോധിപ്പിക്കാന്‍ വേണ്ടിയോ മാത്രം ഭക്താനുഷ്ഠാനങ്ങള്‍ നിര്‍വ്വഹിക്കുന്നവര്‍ക്ക് അതിലൂടെ ഒരു ഫലവും സിദ്ധിക്കുന്നില്ല. കൂദാശകള്‍ വസ്തുനിഷ്ഠമാണെന്നു പറയുമ്പോള്‍ അവയില്‍ പങ്കെടുക്കുന്ന വ്യക്തികളുടെ സജീവമായ സാന്നിദ്ധ്യവും ഭാഗഭാഗിത്വവും ആവിശ്യമില്ലെന്ന് അര്‍ത്ഥമാക്കുന്നില്ല. തീര്‍ച്ചയായും അവ വേണം. കൂദാശകള്‍ പരികര്‍മ്മം ചെയ്യുമ്പോള്‍ അതിനാല്‍ത്തന്നെ (ex opere operato) ഫലം സിദ്ധിക്കുമെന്ന ധാരണയില്‍ അവയെ സമീപിക്കുന്നത് ശരിയല്ല. മറിച്ച് കൂദാശ ഒരനുഭവമാകത്തക്കവിധത്തില്‍ വേണം അതിനെ സമീപിക്കാന്‍.

കൂദാശകള്‍ സാര്‍വ്വത്രികമാണ്; ഭക്താനുഷ്ഠാനങ്ങള്‍ പ്രാദേശികവും.

സഭയില്‍ ആര്, എവിടെ പരികര്‍മ്മം ചെയ്താലും ഒരേ ഫലമാണ് കൂദാശകള്‍ക്കുളളത്. കാര്‍മ്മികന്‍ മാര്‍പാപ്പയോ മെത്രാനോ വൈദികനോ അത്മായനോ (വീട്ടുമാമ്മോദീസയില്‍) ആയാലും ഫലത്തില്‍ വ്യത്യാസമുണ്ടാവുകയില്ല. കാരണം കൂദാശകള്‍ക്ക് സാര്‍വ്വത്രികമാനമുണ്ട്. ഭക്താനുഷ്ഠാനങ്ങള്‍ക്ക് പ്രാദേശിക സ്വഭാവമാണുളളത്. അതുകൊണ്ടാണ് വിശുദ്ധരുടെ വണക്കത്തിനു ചില പ്രത്യേക സങ്കേതങ്ങളില്‍ ആളുകള്‍ തിങ്ങിക്കൂടുന്നത്. തീര്‍ത്ഥാടനകേന്ദ്രങ്ങളുടേയും സ്ഥിതി വ്യത്യസ്ഥമല്ല.

കൂദാശകള്‍ നിര്‍ബന്ധമാണ്; ഭക്താനുഷ്ഠാനങ്ങള്‍ ഐച്ഛികവും.

ക്രൈസ്തവന്‍റെ ആത്മീയ ഭക്ഷണമാണ് കൂദാശകള്‍. ജനനം മുതല്‍ മരണംവരെയുളള അവന്‍റെ എല്ലാ ആവശ്യങ്ങളിലും അവനോടൊപ്പം ആയിരിക്കുന്നതിനും, അവനെ വിശുദ്ധീകരിക്കുന്നതിനും യേശു സ്ഥാപിച്ചവയാണല്ലോ കൂദാശകള്‍. യേശുവിലുളള പുതുജന്മത്തിന് മാമോദീസായും, വളര്‍ച്ചയ്ക്കു സ്ഥൈര്യലേപനവും, ആരോഗ്യത്തിനു വി. കുര്‍ബാനയും, തളര്‍ച്ചയ്ക്കു പ്രതിവിധിയായി കുമ്പസാരവും, ജീവിതാന്തസ്സുമായി ബന്ധപ്പെടുത്തി വിവാഹം, തിരുപ്പട്ടം എന്നിവയും ഈ ലോകത്തോടു വിടവാങ്ങുന്നതിനു മുമ്പായി രോഗീലേപനവും നല്‍കപ്പെട്ടു. ഇവ ആത്മീയ ജീവിതയാത്രയില്‍ ആവശ്യമുളള ദൈവീക സഹായമാണല്ലോ. അതുകൊണ്ടാണ് ഇവ യഥാസമയം നിര്‍ബന്ധമായും സ്വീകരിക്കണമെന്നു പറയുന്നത്. ഭക്താനുഷ്ഠാനങ്ങളുടെ സ്ഥിതി വ്യത്യസ്തമാണ്. അവ ആത്മീയോന്നമനത്തിന് സഹായകമാണെങ്കിലും കൂദാശകള്‍ പോലെ നിര്‍ബന്ധമുളളവയല്ല.

ആരാധനക്രമാനുഷ്ഠാനങ്ങള്‍ക്കുളള ചില സവിശേഷതകള്‍ ഭക്താനുഷ്ഠാനങ്ങള്‍ക്കുണ്ടെന്ന വസ്തുതയും ശ്രദ്ധാര്‍ഹമാണ്. ഉദാഹരണത്തിന് പൊതുവേ പറഞ്ഞാല്‍ ഭക്താനുഷ്ഠാനങ്ങള്‍ പരസ്യമായി അനുഷ്ഠിക്കുന്നവയാണ്. പൊതുജന സഹകരണത്തോടെ നടത്തപ്പെടുന്ന ഈ അനുഷ്ഠാനങ്ങളില്‍ പലതും സഭാസമൂഹത്തില്‍ കൂട്ടായ്മയും ഐക്യബോധവും പരസ്പര സഹകരണവും കൈവളര്‍ത്താന്‍ സഹായകമാകുന്നുണ്ടന്ന് സമ്മതിക്കണം. അതേസമയം ഇവയോടുളള അമിതമായ ആഭിമുഖ്യം ഇവയെ പതിന്മടങ്ങ് അതിശയിക്കുന്ന കൂദാശകളുടെ സ്വീകരണത്തില്‍നിന്ന് വിശ്വാസികള്‍ അകന്നു നില്‍ക്കാന്‍ ഇടവരരുത്.

ഏഴു കൂദാശകള്‍

  1. മാമോദീസാ

ഉയര്‍ത്തെഴുന്നേറ്റ യേശു സഭയെ പ്രേഷിതദൗത്യം ഏല്‍പ്പിച്ചുകൊണ്ട് നല്‍കിയ സന്ദേശമാണ് അവിടുന്നു മാമ്മോദീസാ സ്ഥാപിച്ചുവെന്നതിനു തെളിവായി ചൂണ്ടിക്കാണിക്കാവുന്നത്. 'സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുളള എല്ലാ അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ പോയി എല്ലാ ജനങ്ങളേയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്‍റേയും പുത്രന്‍റേയും  പരിശുദ്ധാത്മാവിന്‍റേയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്നാനം നല്‍കുവിന്‍'(മത്താ 28 :19-20). യേശു മാമോദീസാ എന്ന കൂദാശ ഉദ്ദേശിച്ചിരുന്നുവെന്ന് വ്യക്തമാകുന്നു. മാത്രമല്ല 'വിശ്വസിച്ച് സ്നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും' (മര്‍ക്കോ 16 :16) എന്ന വാക്യവും ഈ സത്യംതന്നെ പ്രഖ്യാപിക്കുന്നു. റോമ : 6:34, അപ്പ:പ്രവര്‍ത്തനങ്ങള്‍ 2:38, 8:16, 8:38, 9:18 - മാമോദീസായെക്കുറിച്ചു പറയുന്നു.

മാമോദീസാ എന്നപദം: മാമോദീസാ എന്ന സുറിയാനിപദത്തിന്‍റെ അര്‍ത്ഥം 'മുക്കുക', 'സ്നാനപ്പെടുത്തുക' എന്നൊക്കെയാണ്. ഇംഗ്ലീഷില്‍ ഉപയോഗിക്കുന്ന baptism എന്ന പദമാകട്ടെ, ഗ്രീക്കുമൂലത്തില്‍നിന്നു വന്നതാണ്. അതിന്‍റെയും അര്‍ത്ഥം 'മുക്കുക', 'സ്നാനപ്പെടുത്തുക'എന്നൊക്കെത്തന്നെയാണ്. ജലംകൊണ്ടുളള മാമോദീസായാണ് സ്നാപകയോഹന്നാന്‍ നല്‍കിയത്. അതിന്‍റെ ലക്ഷ്യം മാനസാന്തരമായിരുന്നു. എന്നാല്‍ യേശുവിന്‍റെ മാമോദീസാ "പരിശുദ്ധാത്മാവിനാലും അഗ്നിയാലും"(മത്താ 3 :11) ഉളളതായിരുന്നു. അതിന്‍റെ ലക്ഷ്യം മാനസാന്തരത്തോടൊപ്പം പരിശുദ്ധാത്മാവിലുളള ജീവിതം കൂടിയാണ്. തിന്മയെ ദുരീകരിക്കുവാനും നന്മയില്‍ നമ്മെ വളര്‍ത്തുന്നവനുമാണ് പരിശുദ്ധാത്മാവ്. പുതിയനിയമത്തില്‍ അഗ്നിയും ജലവും പരിശുദ്ധാത്മാവിന്‍റെ പ്രതീകങ്ങളാണ്. അഗ്നിക്കും ജലത്തിനും മാലിന്യം നീക്കാനും ശുദ്ധീകരിക്കാനും കഴിയും. ജലത്താലും പരിശുദ്ധാത്മാവിനാലും മാമോദീസാ സ്വീകരിക്കുന്ന വ്യക്തി പാപമോചനത്തിലൂടെ ശുദ്ധീകരിക്കപ്പെടുന്നു. അതിലുപരി പരിശുദ്ധാത്മാവിന്‍റെ ആവാസത്താല്‍ അവന്‍ ദൈവപുത്രനും മിശിഹായുടെ രക്ഷാകര രഹസ്യങ്ങളില്‍ പങ്കാളിയും ആയിത്തീരുന്നു. ജലംകൂടാതെ തൈലം, വെളള വസ്ത്രം കത്തിച്ചതിരി എന്നിവയാണ് മാമ്മോദീസായില്‍ ഉപയോഗിക്കുന്ന മറ്റ് അടയാളങ്ങള്‍.

മാമ്മോദീസായുടെ ഫലങ്ങള്‍: ജന്മപാപവും കര്‍മ്മപാപവുമുണ്ടെങ്കില്‍ അതും നീക്കി നമ്മെ ദൈവത്തിന്‍റെ മക്കളും, സ്വര്‍ഗ്ഗത്തിന് അവകാശികളുമാക്കുന്നു. യേശുവിന്‍റെ പെസഹാരഹസ്യത്തില്‍ പങ്കുപറ്റുന്നുവെന്നതാണ് ഏറ്റവും ശ്രദ്ധേയമായ ഫലം. പുതുജന്മം ലഭിക്കുന്നു, പുതിയ സൃഷ്ടിയായിതീരുന്നു, മുദ്രലഭിക്കുന്നു (2 r 6 :14 ff) ജന്മപാപം നീങ്ങുന്നു, കര്‍മ്മപാപം നീങ്ങുന്നു. ദൈവപുത്രസ്ഥാനം ലഭിക്കുന്നു, യേശുവിനോട് താദാത്മ്യപ്പെടുന്നു, സഭയില്‍ അംഗത്വത്തിന് അര്‍ഹത നേടുന്നു, യേശുവിന്‍റെ പൊതുപൗരോഹിത്യത്തില്‍ പങ്കുപറ്റുന്നു, മറ്റു കൂദാശകള്‍ സ്വീകരിക്കാന്‍ യോഗ്യത ലഭിക്കുന്നു, സ്വര്‍ഗസൗഭാഗ്യത്തിന് അവകാശിയാകുന്നു.

  1. തൈലാഭിഷേകം: (സ്ഥൈര്യലേപനം)

പരിശുദ്ധാത്മാവിനെ നല്‍കുന്ന കൂദാശയാണെന്ന് സ്ഥൈര്യലേപനമെന്ന് പൊതുവെ പറയാറുണ്ട്. മാമ്മോദീസായിലാണ് പരിശുദ്ധാത്മാവിനെ നമുക്ക് ആദ്യമായി ലഭിക്കുന്നത്. യേശുവിനെ പ്രഘോഷിക്കുവാനും ധീരതയോടെ സുവിശേഷത്തിനു സാക്ഷ്യം വഹിക്കാനുളള ശക്തിയാണ് സ്ഥൈര്യലേപനത്തിലൂടെ നമ്മിലേക്ക് എഴുന്നളളിവരുന്ന പരിശുദ്ധാത്മാവ് നമുക്ക് നല്‍കുന്നത്. പൗരസ്ത്യകാനന്‍നിയമം സ്ഥൈര്യലേപനത്തെ തൈലാഭിഷേകം എന്നാണു വിളിക്കുന്നത്. മാമോദീസായും സ്ഥൈര്യലേപനവും ഒരുമിച്ചു നല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വി.മൂറോന്‍ ഉപയോഗിച്ചാണ് ലേപനം നടത്തുന്നത്. മാമ്മോദീസായിലൂടെ പുതുജീവനിലേക്കു പ്രവേശിച്ചിരിക്കുന്ന് വ്യക്തിയെ പൂര്‍ണ്ണനാക്കി സ്ഥിരീകരിക്കുന്ന കൂദാശയാണ് സ്ഥൈര്യലേപനം. പരിശുദ്ധാത്മാവിന്‍റെ ജീവദായകമായ അടയാളത്താല്‍ മുദ്രിതനായി നീതിയുടെ കവചം ധരിച്ച് ശത്രുവിന്‍റെ എല്ലാ തന്ത്രങ്ങളില്‍നിന്നും സംരക്ഷിക്കാന്‍ സ്ഥൈര്യലേപനം ഒരുവനെ പ്രാപ്തനാക്കുന്നു.

  1. വി.കുര്‍ബാന

പെസഹായുടെ ദിവസത്തില്‍ സെഹിയോന്‍ ഊട്ടുശാലയില്‍ തന്‍റെ പന്ത്രണ്ടു ശിഷ്യരുടെ മധ്യത്തില്‍ വച്ച് അപ്പവും വീഞ്ഞും ഉപയോഗിച്ച് യേശു വി.കുര്‍ബാന സ്ഥാപിച്ചു. (മത്താ 26 : 26-28, മര്‍ക്കോ 14 : 22-24, ലൂക്ക 22 : 17-20, 1 Cor 11: 23 -26) എന്‍റെ ഓര്‍മ്മയ്ക്കായി ഇതു നിങ്ങള്‍ ചെയ്യുവിന്‍ (1 കൊറി 11 : 24-25) നമ്മുടെ കര്‍ത്താവിന്‍റെ കല്‍പനപ്രകാരമാണ് നാം ബലിയര്‍പ്പിക്കാന്‍ ഒരുമിച്ചു കൂടുന്നത്. ദൈവം മനുഷ്യരുടെ ഇടയില്‍ വസിക്കുകയും മനുഷ്യന്‍ ദൈവത്തെ കണ്ടുമുട്ടുകയും ചെയ്യുന്ന സ്തുത്യര്‍ഹവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ രക്ഷയുടെ രഹസ്യമാണ് വി. കുര്‍ബാന. അന്ത്യ അത്താഴസമയത്ത് യേശുചെയ്ത നാലുകാര്യങ്ങളുടെ അനുസ്മരണവും അനുഷ്ഠാനവുമാണ് വി.കുര്‍ബാന.

അപ്പമെടുത്ത് (കാസാ എടുത്ത്) കൃതജ്ഞതാ സ്തോത്രം ചെയ്തു: ബലിവസ്തുവിന്‍റെ സജ്ജീകരണം - രക്ഷകനായ മിശിഹായാണ് യഥാര്‍ത്ഥ ബലിവസ്തു. ദൈവം രക്ഷകനെ വാഗ്ദാനം ചെയ്തതോടെ ബലിവസ്തുവിന്‍റെ സജ്ജീകരണത്തിന് ആരംഭം കുറിച്ചു. പഴയനിയമ കാലഘട്ടത്തിലെ നിരവധി സംഭവങ്ങളിലൂടെയും ദൈവത്തിന്‍റെ ഇടപെടലുകളിലൂടേയും ബലിവസ്തു സജ്ജീകരിക്കപ്പെടുകയായിരുന്നു. മിശിഹായുടെ ജനനം ബലിവസ്തുവിന്‍റെ വ്യക്തമായ രൂപപ്പെടലായിരുന്നു. കര്‍ത്താവിന്‍റെ പരസ്യജീവിതസമാപനത്തോടെ ബലിവസ്തുവിന്‍റെ സജ്ജീകരണവും പൂര്‍ത്തിയായി. സജ്ജീകരണ പ്രക്രിയയിലെ അവസാനഘട്ടം : ഈശോയുടെ പീഢാസഹനം, മരണം, സംസ്കാരം.

വി. കുര്‍ബാനയില്‍ അനാഫൊറ വരെയുളള ഭാഗത്ത്, രക്ഷകനായ മിശിഹാ ബലിവസ്തുവായി തയ്യാറാക്കപ്പെട്ട രക്ഷാകരസംഭവങ്ങളെല്ലാം അനുസ്മരിക്കുന്നു.

വാഴ്ത്തി: റൂഹാക്ഷണ പ്രാര്‍ത്ഥനയോടെ പൂര്‍ത്തിയാകുന്ന അനാഫൊറയില്‍ വാഴ്ത്തുക എന്ന കര്‍മ്മം അനുഷ്ഠിക്കപ്പെടുന്നു. നമ്മുടെ കര്‍ത്താവിന്‍റെ ഉയിര്‍പ്പിന്‍റെ രഹസ്യമാണ് ഇവിടെ മുഖ്യമായും അനുസ്മരിക്കുന്നത്. വി. കുര്‍ബാനയിലെ മുഖ്യപ്രമേയവും രക്ഷാകരചരിത്രത്തിലെ പ്രമുഖ സംഭവവുമാണ് കര്‍ത്താവിന്‍റെ ഉയിര്‍പ്പ്.

ബലിവസ്തു പൂര്‍ണ്ണമായും സ്വീകരിക്കപ്പെട്ടു എന്നതിന്‍റെ സാക്ഷ്യമാണ് തിരുവുത്ഥാനം. ബലിവസ്തുവിന്‍റെ സമ്പൂര്‍ണ്ണമായ രൂപാന്തരീകരണവും വിശുദ്ധീകരണവുമാണ് ഉയിര്‍പ്പെന്ന രഹസ്യം.

വിഭജിച്ചു: ഉയിര്‍ത്തെഴുന്നേറ്റ ഈശോ ഓരോ വ്യക്തിയിലും ഏതുസമയത്തും പൂര്‍ണ്ണമായി സന്നിഹിതനാകാന്‍ കഴിവുളളവനായി രൂപാന്തരപ്പട്ടിരിക്കുന്നുവെന്ന് വിഭജന ശുശ്രൂഷ സൂചിപ്പിക്കുന്നു. വിഭജിക്കപ്പെട്ട അപ്പത്തിന്‍റെ ഓരോ അംശത്തിലും കര്‍ത്താവു പൂര്‍ണ്ണനായി സ്ഥിതിചെയ്യുന്നു. അപ്പത്തിലും കാസായിലും  ഭാഗഭാക്കാകുന്ന ഓരോ വ്യക്തിക്കും കര്‍ത്താവിനെ പൂര്‍ണ്ണമായി ലഭിക്കുന്നു. ഈശോയുടെ പൂര്‍ണ്ണമായ ആത്മ സമര്‍പ്പണത്തിന്‍റെ ഫലമാണിത്.

നല്‍കി: വി. കുര്‍ബാനയിലെ ദിവ്യകാരുണ്യ സ്വീകരണം - യുഗാന്ത്യ-സ്വര്‍ഗീയാനുഭവത്തിന്‍റെ മുന്നാസ്വാദനമാണ് ദിവ്യകാരുണ്യ സ്വീകരണം.

മിശിഹാ പൂര്‍ത്തിയാക്കിയ രക്ഷാകരപദ്ധതിയിലൂടെ നമുക്കുലഭിച്ച അനുഗ്രഹങ്ങള്‍ മുഴുവനും സംഗ്രഹിക്കുന്നതാണ് څഎന്‍റെ ഓര്‍മ്മക്കായി' എന്നത്.

  1. കുമ്പസാരം

മാനസാന്തരത്തിന്‍റെ കൂദാശയാണ് പാപമോചനം. പശ്ചാത്താപം, പാപം ഏറ്റുപറയല്‍, പ്രായശ്ചിത്തം എന്നീ മൂന്നു ഘടകങ്ങള്‍ അതിനുണ്ട്. ചെയ്തുപോയ പാപത്തെക്കുറിച്ചുള്ള ബോധ്യം, ദൈവസ്നേഹത്തെ തിരസ്കരിച്ചതിലുള്ള ദുഃഖം, വഴിമാറാനുള്ള തീരുമാനം - ഇത്രയും കാര്യങ്ങളാണ് പശ്ചാത്താപം എന്നതുകൊണ്ട് അര്‍ത്ഥമാക്കുക. പ്രായശ്ചിത്തം എന്നത് മുഖ്യമായും ജീവിതനവീകരണത്തിനുള്ള ശ്രമമാണ്. ഇതൊന്നുമില്ലാതെ തിടുക്കത്തില്‍ പാപങ്ങള്‍ ഏറ്റുപറഞ്ഞ് മോചനം സ്വീകരിച്ച് പഴയപടി ജീവിതം തുടരുമ്പോള്‍ പാപമോചനം എന്ന കൂദാശ എന്തുഫലം പുറപ്പെടുവിക്കുന്നു എന്ന ചോദ്യം ന്യായമായും നാം ചോദിക്കണം. കുമ്പസാരം ഒരു 'കടമ തീര്‍ക്കല്‍' മാത്രമാകുമ്പോള്‍ അര്‍ത്ഥശൂന്യമായിത്തീരുന്നു. ആദിമസഭയില്‍ വളരെ ചുരുക്കമായി മാത്രമേ പാപമോചനം നല്കിയിരുന്നുള്ളു എന്നും ദീര്‍ഘമായ ഒരുക്കവും പ്രായശ്ചിത്ത പ്രവൃത്തികളും സഭ ആവശ്യപ്പെട്ടിരുന്നു എന്നും നാം ഓര്‍മ്മിക്കണം. അനുരഞ്ജനത്തിന്‍റെ കൂദാശയാണിത്. സഹോദരനുമായി രമ്യതയിലെത്താതെ ദൈവത്തോടു രമ്യതപ്പെടാന്‍ സാധിക്കുകയില്ല. ദൈവം സൗജന്യമായി നല്കുന്ന പാപമോചനം വലിയൊരുത്തരവാദിത്വം നമ്മില്‍ നിന്ന് ആവശ്യപ്പെടുന്നു. "മറ്റുള്ളവരോടു നിങ്ങള്‍ ക്ഷമിക്കുകയില്ലെങ്കില്‍ നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകളും ക്ഷമിക്കുകയില്ല" (മത്താ 6:15).

  1. വിവാഹം

സ്ത്രീയും പുരുഷനും തമ്മില്‍ സ്ഥാപിക്കുന്നതും ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്നതുമായ ഒരുടമ്പടിയാണ് വിവാഹം. ദൈവം തന്നെയാണ് വിവാഹം സ്ഥാപിച്ചതെന്ന് രണ്ടാംവത്തിക്കാന്‍ സുനഹദോസ് പ്രഖ്യാപിക്കുന്നു. (സഭ ആധുനിക ലോകത്തില്‍, 48) കാരണം 'മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല (ഉല്‍പ 2.78) എന്ന് ദൈവം തീരുമാനിച്ചു. 'പുരുഷന്‍ മാതാപിക്കന്മാരെ വിട്ട് ഭാര്യയോടു ചേരും. അവര്‍ ഒരു ശരീരമായ് തീരും (ഉല്‍പ 2:24) സൃഷ്ടാവിന്‍റെ ഈ പദ്ധതി യേശുവും ഊന്നിപറഞ്ഞു: 'പിന്നീടൊരിക്കലും അവര്‍ രണ്ടല്ല, ഒറ്റ ശരീരമായിരിക്കും '(മത്താ 19:6)  യേശു അതിനു മറ്റൊരു മാനവും നല്‍കി - ദൈവം യോജിപ്പിച്ചത് മനുഷ്യന്‍ വേര്‍പെടുത്തരുത്. അങ്ങനെ വിവാഹം അവിഭാജ്യമായ ഒരു ഉടമ്പടിയാണെന്ന് യേശു പ്രഖ്യാപിച്ചു.

വിവാഹ കര്‍മ്മത്തിലെ പ്രധാന ഭാഗമാണല്ലോ വധൂവരന്മാര്‍ പരസ്പര സമ്മതം പ്രകടിപ്പിക്കുന്ന വിവാഹ ഉടമ്പടി.. സ്വതന്ത്രമനസ്സോടും പൂര്‍ണ്ണമായ സമ്മതത്തോടുംകൂടി പരസ്പരം സ്വീകരിക്കുന്ന ദമ്പതിമാര്‍ നിസ്വാര്‍ത്ഥമായ ആത്മ സമര്‍പ്പണത്തിലൂടെയും, സൃഷ്ടികര്‍മ്മത്തിലെ പങ്കാളിത്തത്തിലൂടെയും, പരസ്പര സഹായത്തിലൂടെയും ഈ ശുശ്രൂഷ യാഥാര്‍ത്ഥ്യമാക്കണം.

  1. രോഗീലേപനം

രോഗീലേപനത്തെ സംബന്ധിച്ചുളള അപ്പസ്തോലിക സഭയ്ക്കുണ്ടായിരുന്ന വീക്ഷണം യാക്കോബ് 5 :14-15 ല്‍ നിന്നു ലഭിക്കുന്നു - "നിങ്ങളില്‍ ആരെങ്കിലും രോഗിയാണെങ്കില്‍ അവന്‍ സഭയിലെ ശ്രേഷ്ഠന്‍മാരെ വിളിക്കട്ടെ. അവര്‍ കര്‍ത്താവിന്‍റെ നാമത്തില്‍ അവനെ  തൈലാഭിഷേകം ചെയ്ത് അവനുവേണ്ടി പ്രാര്‍ത്ഥിക്കട്ടെ. വിശ്വാസത്തോടെയുളള പ്രാര്‍ത്ഥന രോഗിയെ സുഖപ്പെടുത്തും അവിടുന്നു അവനെ എഴുന്നേല്‍പ്പിക്കും. അവന്‍ പാപങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവിടുന്നു മാപ്പുനല്‍കും". അതായത് രോഗിക്ക് സമാശ്വാസവും ശാന്തിയും ലഭിക്കുമെന്ന് സൂചന.

രോഗീലേപനം പാപമോചനത്തിനും ഉതകുന്ന കൂദാശയാണെങ്കിലും പ്രധാനമായും രോഗിയുടെ ആത്മാവിനും ശരീരത്തിനും സൗഖ്യം നല്‍കുന്നതാണിത്. രണ്ടു സന്ദര്‍ഭങ്ങളില്‍ സാധാരണയായി രോഗിലേപനം നല്‍കും. രോഗം മൂലമോ മരണം സാധ്യമായ സാഹചര്യങ്ങളാണിവ. അന്ത്യലേപനം എന്ന കൂദാശയ്ക്ക് രോഗീലേപനം എന്ന പേരാണ് കൂടുതല്‍ അര്‍ത്ഥവത്തായിരിക്കുക. മരണാസന്നര്‍ക്കുവേണ്ടിയുളള കൂദാശയല്ലിത്. ആകയാല്‍ രോഗമോ വാര്‍ദ്ധക്യമോ നിമിത്തം ആരെങ്കിലും മരണാപകടത്തിലായാല്‍ തീര്‍ച്ചയായും അതയാള്‍ക്ക് ഈ കൂദാശ സ്വീകരിക്കാന്‍ പറ്റിയ അവസരമായിരിക്കും (ആരാധനക്രമം, നമ്പര്‍ 73)

രോഗീലേപനം അന്ത്യچകൂദാശയാണെന്ന തെറ്റിദ്ധാരണ മാറ്റാനുതകും വിധത്തിലാണ് ഈ ശുശ്രൂഷാക്രമം സ്വീകരിച്ചിട്ടുളളത്.

  1. തിരുപ്പട്ടം

മാമോദീസായിലൂടെ ക്രൈസ്തവരെല്ലാം യേശുവിന്‍റെ പൊതുപൗരോഹിത്യത്തില്‍ പങ്കുചേരുന്നവരാണ്. ചുരുക്കം ചിലര്‍ക്ക് അവിടുത്തെ രക്ഷാകര ശുശ്രൂഷയിലും പങ്കുചേരാന്‍ കൃപലഭിച്ചിരിക്കുന്നു. സഭയുടെ തലവനായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ ശുശ്രൂഷ നിര്‍വ്വഹിക്കുന്നതിനുളള ദൗത്യമാണ് പുരോഹിതന്മാര്‍ക്കു നല്‍കപ്പെടുന്നത്. പഠിപ്പിക്കുക, വിശുദ്ധീകരിക്കുക, നയിക്കുക എന്നീ ദൗത്യങ്ങളിലൂടെയാണ് ഈ ശുശ്രൂഷ നിര്‍വഹിക്കപ്പെടുന്നത്.

പൗരോഹിത്യം പഴയനിയമത്തില്‍: ആദ്യകാലത്ത് ഇസ്രായലില്‍ ഔദ്യോഗിക പൗരോഹിത്യ ശുശ്രൂഷ ഉണ്ടായിരുന്നില്ല. കുടുംബത്തലവന്മാര്‍തന്നെയാണ് ബലിയര്‍പ്പിച്ചിരുന്നത്. പിന്നീട് ദേവാലയം നിര്‍മ്മിച്ചു ഔദ്യോഗിക ബലിയര്‍പ്പണം  ആരംഭിച്ചു. പുരോഹിതാഭിഷേകവുമായി ബന്ധപ്പെട്ട നിബന്ധനകള്‍ കാലക്രമേണ രൂപപ്പെട്ടു. പുറപ്പാട് 29 :1-37, ലേവ്യര്‍ 8:11 -36 ഇവിടെ വിശദീകരിക്കുന്നുണ്ട്.

പൗരോഹിത്യം പുതിയ നിയമത്തില്‍: യേശു തന്നെതന്നെ ബലിയര്‍പ്പിച്ചുകൊണ്ട് ബലിയര്‍പ്പണത്തിനു പുതിയൊരു മാനം നല്‍കി. കുരിശില്‍ സ്വയം ബലിയായിത്തീര്‍ന്ന് മനുഷ്യരെ ദൈവവുമായി അനുരഞ്ജനപ്പെടുത്തിയ യേശു നിത്യവും നൂതനവുമായ ഒരുടമ്പടി സ്ഥാപിച്ചു. യേശു നിത്യരക്ഷ സാധിച്ചത് സ്വന്തരക്തത്തിലൂടെയാണ് (ഹെബ്രാ 9:12-14).

വിവിധ പട്ടങ്ങള്‍

സീറോമലബാര്‍ റീത്തില്‍ രണ്ടു ചെറിയ പട്ടങ്ങളും മൂന്ന് വലിയ പട്ടങ്ങളുമുണ്ട്. കാറോയപ്പട്ടം - എന്നാല്‍ വായനപ്പട്ടം, ഹെവ്പ്പ്ദയാക്കോന്‍പട്ടം - ദേവാലയത്തിലെ വിവിധ ശുശരൂഷകള്‍ക്കായി നിയോഗിക്കപ്പെടുന്നവരാണ് രണ്ടാമത്തെ ചെറിയ പട്ടം സ്വീകരിക്കുന്ന ഹെവ്പ്പദ്യാക്കന്മാര്‍ (സബ് സീക്കന്മാര്‍) മൂന്നു വലീയ പട്ടങ്ങളുണ്ട് :-

  1. മ്ശംശാനപ്പട്ടം - ഡീക്കന്‍ പട്ടം :- ആരാധനക്രമാനുഷ്ഠാനങ്ങളില്‍ ലേഖനം വായിക്കുക, ശുശ്രൂഷിയായി അറിയിപ്പുകള്‍ നടത്തുക, പ്രാര്‍ത്ഥനകള്‍ ചൊല്ലുക, മെത്രാനെയും വൈദികനേയും ലിറ്റര്‍ജിയില്‍ സഹായിക്കുക എന്നിവയാണ് ഇവരുടെ ദൗത്യങ്ങള്‍. പില്‍ക്കാലത്ത് വേറെ ചില ദൗത്യങ്ങളും നല്‍കി. സുവിശേഷ പ്രസംഗം നടത്തുക (homily) ദിവ്യകാരുണ്യം നല്‍കുക, മനസ്സമ്മതത്തിനു സഭയുടെ ഔദ്യോഗിക സാക്ഷിയാവുക, പരി.കുര്‍ബാന എഴുന്നളളിച്ചു വയ്ക്കുക.                                  
  2. പുരോഹിതപട്ടം - മെത്രാന്‍പട്ടം :-യേശുവിന്‍റെ ശിഷ്യരാകാനുളള വിളി എല്ലാവര്‍ക്കും നല്‍കപ്പെട്ടിട്ടുണ്ട്. (ലൂക്ക 9:23) എങ്കിലും ആദ്യം 12 ശിഷ്യരെയും പിന്നീട് 72 പേരേയും (ലൂക്കാ 10 :1-12) പ്രത്യേകമായി തിരഞ്ഞെടുത്ത് അയയ്ക്കുന്നുണ്ട്. സെഹിയോന്‍ ശാലയില്‍വച്ച് വി.കുര്‍ബാന സ്ഥാപിച്ചത് തിരഞ്ഞെടുക്കപ്പെട്ട ശ്ലീഹന്മാരുടെ മധ്യത്തില്‍ വച്ചായിരുന്നു. പാപമോചനാധികാരം കല്‍പിച്ചു നല്‍കിയതും ശ്ലീഹന്മാര്‍ക്കുതന്നെ. യേശുവിന്‍റെ ശിഷ്യരാകാനുളള വിളി എല്ലാവര്‍ക്കും നല്‍കുന്നതിനും നേതാക്കന്മാരുടെ - അപ്പസ്തോലന്മാരുടെ ഒരു സമൂഹത്തെ യേശു നിയോഗിച്ചു.

sacraments-the-power-source-of-spiritual-life Bishop Joseph Kallarangatt christian spiritual life sacraments the seven sacraments baptism confirmation sacrament of reconcilation anointing of the sick കൂദാശകൾ holy order minor orders Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message