x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ആരാധനാക്രമ ദൈവശാസ്ത്രം

പ്രവേശകകൂദാശകൾ

Authored by : Syro-Malabar Major Archiepiscopal Commissions for Liturgy and Catechesis On 02-Dec-2021

അദ്ധ്യായം 3

പ്രവേശകകൂദാശകൾ

57. ക്രൈസ്തവജീവിതത്തിലേക്കുള്ള ഔപചാരിക പ്രവേശനത്തിന്റെ  കൂദാശകൾ - മാമ്മോദീസ, തൈലാഭിഷേകം, കുർബാന - ക്രൈസ്തവജീവിതത്തിന് അടിസ്ഥാനമിടുന്നു. “മിശിഹായുടെ കൃപാവരം വഴി മനുഷ്യർക്ക് ദൈവികസ്വഭാവത്തിൽ ഭാഗഭാഗിത്വം ലഭിക്കുന്നു. വിശ്വാസികൾ മാമ്മോദീസയിലൂടെ പുതുതായി ജനിക്കുന്നു. തൈലാഭിഷേകത്തിലൂടെ ശക്തരാക്കപ്പെടുന്നു. കുർബാനയിൽ ശാശ്വതജീവന്റെ ഭക്ഷണം സ്വീകരിക്കുകയും ചെയ്യുന്നു". (CCC 1212). അങ്ങനെ ഒരു വ്യക്തിയെ മിശിഹായിലേക്കും സഭയിലേക്കും ഉൾച്ചേർക്കുന്നതുകൊണ്ടാണ് ഇവയെ പ്രവേശക കൂദാശകൾ (Sacraments of Initiation) എന്നു വിളിക്കുന്നത്.

1 മാമ്മോദീസ

58. പ്രവേശകകൂദാശകളിൽ ആദ്യത്തേതായ വിശുദ്ധ മാമ്മോദീസ ക്രൈസ്തവജീവിതത്തിന്റെ അടിസ്ഥാനമാണ്. ആത്മീയജീവിതത്തിലേക്ക് പ്രവേശിക്കുവാനുള്ള കവാടവും മറ്റു കൂദാശകളെ സമീപിക്കുവാനുള്ള വാതിലുമാണത്. ക്രൈസ്തവജീവിതത്തിലേക്ക് പ്രവേശനം നല്കുന്ന കൂദാശയാണ് മാമ്മോദീസയെന്ന് ഈശോയുടെ വാക്കുകളിൽനിന്ന് വ്യക്തമാണ്: “ആകയാൽ, നിങ്ങൾ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ.പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവർക്ക് ജ്ഞാനസ്നാനം നല്കുവിൻ, ഞാൻ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാൻ അവരെ പഠിപ്പിക്കുവിൻ' (മത്താ 28:19-20). മാമ്മോദീസ വഴി ശിഷ്യത്വത്തിലേക്ക്, നവസൃഷ്ടിയിലേക്ക് ഒരു പുതുപ്രവേശനം സാധ്യമാകുന്നു. (യോഹ 3:5).

ഈശോയുടെതന്നെ മാതൃകയും (മത്താ 3:13) കല്പനയുമാണ് (മത്താ 28:19) ക്രൈസ്തവമാമ്മോദീസായുടെ അടിസ്ഥാനം. മാമ്മോദീസായിൽ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവത്തിന്റെ നാമം ഉരുവിട്ടുകൊണ്ടു നടത്തുന്ന സ്വാഭാവികജലത്താലുള്ള ക്ഷാളനംവഴി ഒരു വ്യക്തി പാപത്തിൽ നിന്ന് മോചിതനാകുന്നു, പുതിയ ജീവിതത്തിലേക്ക് വീണ്ടും ജനിക്കുകയും മിശിഹായെ ധരിക്കുകയും ചെയ്യുന്നു; അവിടത്തെ ശരീരമായ സഭയിലേക്ക് കൂട്ടിച്ചേർക്കപ്പെടുകയും ചെയ്യുന്നു (CCEO 675 §1)

59. മാമ്മോദീസ എന്ന സുറിയാനി പദം 'അമദ്' എന്ന ക്രിയാധാതുവിൽനിന്നാണ് വരുന്നത്. അതിന്റെ അർത്ഥം 'മുങ്ങുക' എന്നാണ്. 'വെളളത്തിൽ മുങ്ങുക', 'മുങ്ങുക' എന്നീ അർത്ഥമുള "ബാപ്റ്റിസെയ്ൻ' എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ബാപ്റ്റിസം എന്ന പദം ഉത്ഭവിക്കുന്നത്.

60. പുതിയനിയമത്തിലെ മാമ്മോദീസയ്ക്ക് യഹൂദമതത്തിൽ നിലനിന്നിരുന്ന സ്നാനങ്ങളോടാണ് കൂടുതൽ സാദൃശ്യം. യഹൂദമതത്തിലേക്ക് ഒരുവൻ പ്രവേശിക്കുന്നത് ഛേദനാചാരത്തിനുശേഷമുള്ള സ്നാനത്തിലൂടെയും ബലിയർപ്പണത്തിലൂടെയും ആയിരുന്നു. ഇവിടെ പ്രധാനപ്പെട്ടത് മതത്തെപ്പറ്റി അറിവുനേടിയ വ്യക്തി സ്വീകരിക്കുന്ന ഛേദനാചാരമാണ്. സ്നാനം ബലിയർപ്പണത്തിനുളള ഒരുക്കത്തിന്റെ ഭാഗം മാത്രമാണ്. ഈശോയുടെ കാലത്ത് യഹൂദരുടെ ഇടയിൽ താപസജീവിതം നയിച്ചിരുന്ന ഖുംറാൻ സമൂഹത്തിൽ അംഗമാകുന്നതിനുളള ഒരുക്കത്തിന്റെ ഭാഗമായി സ്നാനം സ്വീകരിച്ചിരുന്നു. മനസ്താപവും ദൈവത്തിനുള്ള കീഴ്വഴങ്ങലും ഉൾപ്പെടുത്തിയുള്ള സ്നാനം ആന്തരികവിശുദ്ധി പ്രദാനം ചെയ്യുന്നു എന്ന വിശ്വാസവും ഖുംറാൻ സമൂഹത്തിൽ ഉണ്ടായിരുന്നു. ഈ അർത്ഥത്തിൽ സഭയിൽ അംഗമാകുന്നതിന്റെ അടയാളമായി പുതിയ നിയമത്തിലെ മാമ്മോദീസയെ കാണാം. ഖുംറാൻ സമൂഹത്തിൽ സ്നാനപ്രക്രിയ പലപ്പോഴും ആവർത്തിച്ചിരുന്നെങ്കിലും ക്രൈസ്തവമാമ്മോദീസ ഒരിക്കൽ മാത്രമേ നടത്തിയിരുന്നുള്ളൂ.

II മാമ്മോദീസയുടെ പഴയനിയമപ്രതിരൂപങ്ങൾ

61. മാമ്മോദീസായെ പ്രതീകാത്മകമായി സൂചിപ്പിക്കുന്ന പ്രതിരൂപങ്ങൾ പഴയനിയമത്തിൽ കാണാവുന്നതാണ്.

  • മഹാപ്രളയവും നോഹയുടെ പെട്ടകവും: മാമ്മോദീസ വഴിയുള്ള രക്ഷയുടെ പ്രതിരൂപമായി സഭ ഇതിനെ കാണുന്നു. പെട്ടകംവഴി എട്ടുപേർ ജലത്തിലൂടെ രക്ഷ പ്രാപിച്ചു. (ഉത്പ് 7; 1 പത്രോ 3:20-21) പാപത്തിന്റെ അന്ത്യവും നന്മയുടെ തുടക്കവും കുറിക്കുന്ന പുനർജനനത്തിന്റെ അടയാളമാണിത്.
  • ചെങ്കടൽ അനുഭവം: ചെങ്കടലിലൂടെ മറുകര കടന്ന് ഫറവോയുടെ അടിമത്തത്തിൽനിന്നു വിമുക്തരായ ജനം മാമ്മോദീസായിലൂടെ പാപമോചനംസ്വീകരിച്ച ജനത്തിന്റെ പ്രതിരൂപമാണ്.
  • യോർദാൻ നദി അനുഭവം (ജോഷ്വ 3): ദൈവജനം യോർദാൻ നദി കടന്ന സംഭവം മാമ്മോദീസയുടെ പ്രതിരൂപമാണ്. അതിലൂടെ അവർ വാഗ്ദാനം ചെയ്യപ്പെട്ട ഭൂമി ദാനമായി സ്വീകരിച്ചു. അത് നിത്യജീവന്റെ പ്രതീകമാണ്.
  • നാമാന്റെ സൗഖ്യം: ഏലീഷായുടെ വാക്കനുസരിച്ച് കുഷ്ഠ രോഗിയായ നാമാൻ യോർദാനിൽപോയി ഏഴു പ്രാവശ്യം കുളിച്ച് ശരീരശുദ്ധി വീണ്ടെടുത്തു (2 രാജാ 5:14). മാമ്മോദീസയിലൂടെപാപക്കറകൾ കഴുകപ്പെട്ട് ദൈവത്തിന്റെ ഛായയും സാദൃശ്യവുമുള്ള പുതിയ വ്യക്തിയായി രൂപാന്തരം പ്രാപിക്കുന്ന ഓരോവിശ്വാസിയുടെയും പ്രതിരൂപമായി നാമാൻ നിലകൊള്ളുന്നു.

III മാമ്മോദീസ പുതിയനിയമത്തിൽ

62. സ്നാനം സ്വീകരിക്കുന്ന വ്യക്തി പുതിയനിയമവീക്ഷണമനുസരിച്ച്, മിശീഹായുടെ മരണോത്ഥാനങ്ങളിൽ പങ്കുചേരുന്നു. (റോമാ 6: 3-4) മിശിഹായുടെ രക്ഷാകരപ്രവൃത്തിക്കാണ് ഇവിടെ പ്രാധാന്യം. മിശിഹായുമായി ജ്ഞാനസ്നാനാർത്ഥിക്ക് ഉണ്ടാകുന്ന ബന്ധവും അതുപോലെതന്നെ പ്രാധാന്യമുള്ളതാണ്.

  • സ്നാപകൻ നല്കിയ സ്നാനം (യോഹ 1:26, 33; 10:40): മനസ്തപിച്ച്, പാപങ്ങളിൽനിന്നു പിന്തിരിയാനുള്ള ആഹ്വാനം ശ്രവിച്ചാണ് ആളുകൾ സ്നാപകയോഹന്നാനിൽനിന്നു സ്നാനം സ്വീകരിച്ചത്. സ്നാപകൻ നല്കിയ സ്നാനം പരിശുദ്ധാത്മാവിനാലും അഗ്നിയാലും ഈശോ നല്കുന്ന മാമ്മോദീസയുടെ പ്രതിരൂപമായിരുന്നു (മത്താ 3:11; യോഹ 1:33).
  • ഈശോയുടെ മാമ്മോദീസ: ഈശോ സ്നാപകനിൽ നിന്നു മാമ്മോദീസ സ്വീകരിച്ചെങ്കിലും വ്യത്യസ്തമായ ഒരർത്ഥമാണ് ആ സ്നാനത്തിനുള്ളത്. പാപരഹിതനായ ഈശോയ്ക്ക് പാപമോചനത്തിന്റെ മാമ്മോദീസ ആവശ്യമുണ്ടായിരുന്നില്ല. (യോഹ 8:46, ഹെബ്രാ 4:15). "എങ്കിലും എല്ലാ നീതിയും പൂർത്തിയാക്കാൻ വേണ്ടി" (മത്താ 3:15) നമ്മുടെ കർത്താവ് യോഹന്നാനിൽനിന്ന്, പാപികൾക്കായുള്ള മാമ്മോദീസ സ്വീകരിച്ചു. ആ അവസരത്തിൽ ത്രിത്വത്തിന്റെ രഹസ്യം ലോകത്തിനു വെളിപ്പെടുത്തപ്പെട്ടു. (മത്താ 3:16-17). തുടർന്ന് ഈശോ തന്റെ പരസ്യജീവിതത്തിന്റെ ആരംഭം കുറിച്ചു. ഏശയ്യ പ്രവചിച്ച സഹനദാസന്റെ ദൗത്യമാണ് തനിക്കു നിർവ്വഹിക്കാനുള്ളതെന്ന് ഈശോയ്ക്ക് വെളിപ്പെട്ടുകിട്ടിയ നിമിഷം കൂടിയാണത് (ഏശ 42:1-6; 50:48; മത്താ 3:16-17). ഈശോതന്നെ പീഡാസഹനത്തെയും മരണത്തെയും താൻ മുങ്ങേണ്ടിയിരുന്ന 'മാമ്മോദീസ' (മർക്കോ 10: 38; ലൂക്കാ 12:50) ആയിട്ടാണ് വിശേഷിപ്പിക്കുന്നത്. ഈശോ തന്റെ പെസഹാരഹസ്യത്തിലൂടെ മാമ്മോദീസയുടെ ഉറവ സകല മനുഷ്യർക്കും തുറന്നു കൊടുത്തു.
  • ശ്ലീഹന്മാരുടെ കാലഘട്ടത്തിലെ മാമ്മോദീസ: മാമ്മോദീസായുടെ ആവശ്യകതയെപ്പറ്റിയുള്ള ഈശോയുടെ ഹിതം ശ്ലീഹന്മാർക്ക് അറിയാമായിരുന്നു. അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽ ഇതു വ്യക്തമാണ്: 'നിങ്ങൾ പശ്ചാത്തപിക്കുവിൻ; പാപമോചനത്തിനായി എല്ലാവരും ഈശോയുടെ നാമത്തിൽ മാമ്മോദീസ സ്വീകരിക്കുവിൻ' (അപ്പ 2:38, 8:16; 10:48; 19:5).
  • മാമ്മോദീസ പൗലോസ് ശ്ലീഹായുടെ വീക്ഷണത്തിൽ: മാമ്മോദീസയിലൂടെ വിശ്വാസി മിശിഹായുടെ മരണവുമായി ഐക്യപ്പെടുകയും സംസ്കരിക്കപ്പെടുകയും ഉയിർപ്പിക്കപ്പെടുകയും ചെയ്യുന്നു (റോമാ 6: 3-4). മാമ്മോദീസ സ്വീകരിക്കുന്ന വ്യക്തി മിശിഹായെ ധരിക്കുന്നു (ഗലാ 3: 27). പരിശുദ്ധാത്മാവിലൂടെ ശുദ്ധീകരിക്കുകയും നീതിമത്കരിക്കുകയും പവിത്രീകരിക്കുകയും ചെയ്യുന്ന സ്നാനമാണ് മാമ്മോദീസ (1 കോറി 6: 11;12:13)

IV മാമ്മോദീസയുടെ ചരിത്രം

63. ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിന് ജലത്താലും പരിശുദ്ധാത്മാവിനാലും വീണ്ടും ജനിക്കണമെന്ന് ഈശോ പഠിപ്പിക്കുകയും (യോഹ 3: 5) പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ മാമ്മോദീസ നല്കി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തണമെന്ന് (മത്താ 28:19-20) കല്പിക്കുകയും ചെയ്തു. പന്തക്കുസ്താദിനത്തിൽ അരൂപിയാലും അഗ്നിയാലും അഭിഷേകം ചെയ്തുകൊണ്ട് (അപ്പ 2: 1-14) അവിടുന്ന് ശ്ലീഹന്മാരെ അതിന് പ്രാപ്തരാക്കി. അന്നുമുതൽ തന്നെ സഭ മാമ്മോദീസ നല്കിപ്പോന്നു. ക്രിസ്തീയ ജീവിതത്തിന്റെ അടിത്തറയായ ഈ കൂദാശ ഇതരകൂദാശകളിലേക്കുള്ള പ്രവേശനകവാടവുമാണ്. തൈലാഭിഷേകവും വിശുദ്ധകുർബാനയും മാമ്മോദീസയുമായി അഭേദ്യം ബന്ധപ്പെട്ടിരിക്കുന്നതിനാൽ ആദിമസഭയിൽ ഈ മൂന്ന് കൂദാശകളും ഒരുമിച്ചാണ് പരികർമ്മം ചെയ്തിരുന്നത് (CCC 1212).

64. ഒന്നാം നൂറ്റാണ്ട്: പന്തക്കുസ്താദിനത്തിൽ അരൂപിയാൽ പരസ്യമായി അഭിഷിക്തരായ ശ്ലീഹന്മാർ, ഉത്ഥാനരഹസ്യത്തെ സധൈര്യം പ്രഘോഷിക്കുകയും അതു ശ്രവിച്ച് അനേകരെ സത്യ വിശ്വാസത്തിലേക്ക് മാമ്മോദീസ നല്കി സ്വീകരിക്കുകയും ചെയ്തു. വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നപോലെ, ഈശോയുടെ നാമത്തിലാണ് ഇവർ മാമ്മോദീസ നല്കിയത് (അപ്പ 2:37-38). മാമ്മോദീസ സ്വീകരിക്കുന്നവർ ഏകകർത്താവും ഏകരക്ഷകനുമായ മിശിഹായ്ക്ക് സകലത്തിന്മേലുമുള്ള അധികാരം ഏറ്റുപറയുവാൻ സജ്ജരാകുന്നതിനുവേണ്ടിയായിരുന്നു ശ്ലീഹന്മാർ ഈശോയുടെ നാമത്തിൽ മാമ്മോദീസ നല്കിയത്.

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ മാമ്മോദീസ നല്കുവാൻ ഈശോ കല്പിച്ചിട്ടും (മത്താ 28:19), ശ്ലീഹന്മാർ എന്തുകൊണ്ട് ഇത് ഈശോയുടെ നാമത്തിൽ പരികർമ്മം ചെയ്തു? ഈശോയുടെ നാമം എന്നതുകൊണ്ട് പരിശുദ്ധത്രിത്വത്തിന്റെ നാമം തന്നെയാണ് ഉദ്ദേശിക്കുന്നത്. കാരണം, ഈശോയിൽ പിതാവും പരിശുദ്ധാത്മാവും സന്നിഹിതരാണല്ലോ. മാത്രമല്ല, ഉത്ഥാനരഹസ്യത്തിന്റെ ഉദ്ഘോഷണത്തിൽ തീക്ഷ്ണമതികളായിരുന്ന ശ്ലീഹന്മാർ, വിശ്വാസത്തിനടിസ്ഥാനമായ ഈ രഹസ്യത്തിന്റെ അതീവപ്രാധാന്യം ഊന്നിപ്പറയുവാൻ വേണ്ടിയാവാം ഈശോയുടെ നാമം ഉപയോഗിച്ചത്. കാരണം, യഹൂദപാരമ്പര്യത്തിൽ നാമം അഥവാ “പേര്” അവകാശത്തെ സൂചിപ്പിക്കുന്നതുകൊണ്ട്, മാമ്മോദീസ സ്വീകരിച്ചവർ, ഈശോനാമധാരികളും ഈശോയ്ക്ക് സ്വന്തപ്പെട്ടവരുമാണെന്ന് വ്യക്തമാകുന്നു. പത്രോസ് ജറുസലേമിലും (അപ്പ 2:38) കൊർണേലിയൂസിന്റെ ഭവനത്തിലും (അപ്പ 10:48), പൗലോസ് എഫേസൂസിലും (അപ്പ 19:5) ഈശോയുടെ നാമത്തിൽ മാമ്മോദീസ നല്കിയതായി കാണുന്നു. രണ്ടു വിധത്തിലാണ് ശ്ലീഹന്മാർ ഈ കൂദാശ പരികർമ്മം ചെയ്തിരുന്നത്. ആത്മാഭിഷേകവും തുടർന്ന് മാമ്മോദീസയും ആയിരുന്നു ആദ്യത്തെ ക്രമം. "മാമ്മോദീസയും, തുടർന്ന് ആത്മാഭിഷേകവും ആയിരുന്നു രണ്ടാമത്തെ ക്രമം.

65: ആത്മാഭിഷേക - മാമ്മോദീസാ ക്രമം: പരിശുദ്ധാത്മാവിൽ നിറയുന്നവർക്കാണ് ഈ ക്രമമനുസരിച്ച് മാമ്മോദീസ നല്കിയിരുന്നത്. വചനശ്രവണമാത്രയിൽ ശ്രോതാക്കളുടെ മേൽ പരിശുദ്ധാത്മാവ് വരുകയും അപ്പോൾ അവരെ മാമ്മോദീസ മുക്കുകയും ചെയ്തു. പത്രോസിന്റെ ആദ്യത്തെ വചനപ്രഘോഷണം ശ്രവിച്ചവർ ആത്മാവിൽ നിറഞ്ഞപ്പോൾ അവർക്ക് ഉടനെതന്നെ മാമ്മോദീസ നല്കി (അപ്പ് 2:37-42). ഇതുതന്നെ കൊർണേലിയൂസിന്റെ ഭവനത്തിലും സംഭവിച്ചു. അവിടെ പത്രോസിനെ ശ്രവിച്ചവരെല്ലാവരും ആത്മാവിൽ നിറഞ്ഞ് അന്യഭാഷകൾ സംസാരിക്കുവാൻ തുടങ്ങി. അപ്പോൾ അവർക്കും മാമ്മോദീസ നല്കി (അപ്പ 10:44-48).

66. മാമ്മോദീസ-ആത്മാഭിഷേകക്രമം: ഈ ക്രമത്തിൽ മാമ്മോദീസ നല്കിയതിനുശേഷമാണ് പ്രത്യേകമായ കൈവയ്പ്ശുശ്രുഷവഴി പരിശുദ്ധാത്മാവിനെ നല്കുന്നത്. എഫേസൂസിൽവച്ച് സ്നാപകയോഹന്നാന്റെ ശിഷ്യൻമാരെ പൗലോസ് മാമ്മോദീസ മുക്കുകയും അപ്പോൾത്തന്നെ അവരുടെ മേൽ കൈകൾ വച്ച് പരിശുദ്ധാത്മാവിനെ നല്കുകയും ചെയ്യുന്നു. ഡീക്കൻ പീലിപ്പോസ് വളരെപ്പേർക്ക് മാമ്മോദീസ നല്കിയെന്നറിഞ്ഞപ്പോൾ, ജറുസലേമിൽ നിന്ന് പത്രോസും യോഹന്നാനും സമരിയായിലെത്തി കൈവയ്പ്പുവഴി അവർക്ക് പരിശുദ്ധാത്മാവിനെയും നല്കി (അപ്പ 8:14-17).

യോർദാനിൽ വച്ച് ഈശോ സ്വീകരിച്ച മാമ്മോദീസയുടെ അതേ ക്രമംതന്നെയാണ് ഇവിടെയും കാണുന്നത്. മാമ്മോദീസ സ്വീകരിച്ച് ജലത്തിൽനിന്ന് കയറിവന്ന ഈശോയുടെ മേലാണല്ലോ പ്രാവിന്റെ രൂപത്തിൽ പരിശുദ്ധാത്മാവ് ആവസിച്ചത്. (ലൂക്കാ 3:21 -22). ഇന്നിപ്പോൾ എല്ലാ ക്രിസ്തീയസഭാവിഭാഗങ്ങളും ഇതേ ക്രമത്തിലാണ് പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ മാമ്മോദീസ പരികർമ്മം ചെയ്യുന്നത്.

ശ്ലൈഹികകാലത്തെ മാമ്മോദീസക്രമത്തെ മൂന്നു ഘട്ടങ്ങളായി തിരിക്കാം. ക്രിസ്തീയ ജീവിതത്തെക്കുറിച്ചുള്ള ഉദ്ബോധനം നല്കൽ; നദികളിലോ ജലാശയങ്ങളിലോ വച്ച് ശ്ലീഹന്മാരോ ഡീക്കന്മാരോ നല്കുന്ന മാമ്മോദീസ (അപ്പ 2:37-42; 8:12-17; 10:44-48; 9:1-19;1 കോറി 1:14-16); ശ്ലീഹന്മാരുടെ കൈവയ്പിലൂടെ പരിശുദ്ധാത്മാവിന്റെ വരദാനങ്ങൾ നല്കൽ (അപ്പ 8:17; 19:6).

67. രണ്ടാം നൂറ്റാണ്ട്: ഈ നൂറ്റാണ്ടിലെ മതമർദ്ദനപശ്ചാത്തലവും സഭകൾക്കിടയിലുള്ള ആശയ വിനിമയത്തിന്റെ കുറവും, മാമ്മോദീസസംബന്ധമായ അനുഷ്ഠാനങ്ങളുടെ ക്രോഡീകരണവും ഏകീകരണവും അസാധ്യമാക്കി. പല സ്ഥലങ്ങളിലും പല വിധത്തിലാണ് മാമ്മോദീസയുടെ അനുഷ്ഠാനം നടന്നിരുന്നതെങ്കിലും പൊതുവായി നാല് ഘട്ടങ്ങളാണ് ഈ ക്രമത്തിനുണ്ടായിരുന്നത്. അർത്ഥികൾക്കുള്ള ബോധവത്കരണവും ഉയിർപ്പ് ഞായറാഴ്ചയിലെ മാമ്മോദീസയ്ക്ക് തൊട്ടുമുമ്പുള്ള രണ്ടു ദിവസങ്ങളിലെ ഉപവാസവും; പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ നദികളിലോ ജലാശയങ്ങളിലോവച്ച് മൂന്നു പ്രാവശ്യം വെള്ളത്തിൽ മുക്കിക്കൊണ്ടോ,സമൃദ്ധമായി ജലം ലഭിക്കാതെ വന്നാൽ മൂന്നു പ്രാവശ്യം തലയിൽ ജലംഒഴിച്ചുകൊണ്ടോ മാമ്മോദീസ നല്കൽ; മാമ്മോദീസ സ്വീകരിച്ചവരെ കൈവയ്പ്പുവഴി പരിശുദ്ധാത്മാവിൽ പൂർണ്ണരാക്കൽ; മാമ്മോദീസ സ്വീകരിച്ചവരുടെ വിശുദ്ധ കുർബാന സ്വീകരണം; വിശുദ്ധ കുർബാനയാണ് മിശിഹായോടു പൂർണ്ണമായി ഐക്യപ്പെടുത്തുകയും അവിടത്തെ മൗതികശരീരമായ സഭയിൽ പരിപൂർണ്ണ അംഗത്വം നൽകുകയും ചെയ്യുന്നത്.

68: മൂന്നാം നൂറ്റാണ്ട്: മാമ്മോദീസ നല്കുന്നതിനുള്ള ഏറ്റവും യോചിച്ചദിവസമായി ഞായറാഴ്ചയെ തിരഞ്ഞെടുക്കുകയും കർമ്മത്തോടനുബന്ധിച്ചുള്ള അനുഷ്ഠാനക്രമത്തെ ഇതിനനുഗുണമായ വിധത്തിൽ വിപുലപ്പെടുത്തുകയും ചെയ്തു. സഭാപ്രബോധകനായിരുന്ന റോമിലെ ഹിപ്പോളിറ്റസിന്റെ പാരമ്പര്യം ഇക്കാര്യത്തിൽ വ്യക്തമായ സൂചന നല്കുന്നുണ്ട്. അതനുസരിച്ച് കൈവെപ്പുശുശ്രൂഷ മെത്രാനുമാത്രമേ അനുവദനീയമായിരുന്നുള്ളൂ.

69. നാല്-ആറ് നൂറ്റാണ്ടുകൾ: നാലാം നൂറ്റാണ്ടിൽ സഭയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതോടെ അനേകർ ക്രിസ്തുമതം സ്വീകരിക്കാൻ തയ്യാറായെങ്കിലും അതിനു ചേർന്ന ജീവിതശൈലിയുടെ അഭാവത്തിൽ മാമ്മോദീസ നല്കുന്നതിന് പ്രത്യേകമായ സംവിധാനങ്ങൾ ഏർപ്പെടുത്തി. പല സ്ഥലങ്ങളിലും ഇത് പല വിധത്തിലായിരുന്നെങ്കിലും ആറാം നൂറ്റാണ്ടായപ്പോഴേക്കും വ്യവസ്ഥാപിതമായ ഒരു രീതി സഭയിൽ രൂപപ്പെട്ടു. ഒന്നോ അതിലധികമോ കൊല്ലങ്ങളോളം നീണ്ടുനില്ക്കുന്ന വിശ്വാസപരിശീലനവും (Catechumenate), അതേത്തുടർന്നുള്ള മാമ്മോദീസ നല്കലുമായിരുന്നു ഈ രീതി. പരിശീലനം വലിയ നോമ്പിന്റെ ആരംഭത്തിൽ തുടങ്ങുകയും നിശ്ചിതകാലാവധിയുടെ അവസാനഘട്ടത്തിലെ വലിയ ശനിയാഴ്ച പാതിരായോടടുത്ത് അർപ്പിക്കുന്ന കുർബാനയോടു കൂടി മാമ്മോദീസ നല്കുകയും ചെയ്തിരുന്നു. ഈ വിപുലമായ സംവിധാനത്തെ നാലു ഘട്ടങ്ങളായി തിരിച്ചിരുന്നു. പ്രവേശനം; മതാധ്യയനം; പ്രവേശകകൂദാശകൾ നല്കൽ; ദിവ്യരഹസ്യപ്രബോധനം.

V മാമ്മോദീസ ക്രൈസ്തവജീവിതത്തിൽ

70. ഈശോ സ്വീകരിച്ച മാമ്മോദീസയും ക്രിസ്തീയമാമ്മോദീസയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ആദിമ സഭാപിതക്കൻമാരുടെ വീക്ഷണത്തിൽ ഈശോയുടെ മാമ്മോദീസയാണ് ക്രിസ്തീയമാമ്മോദീസയുടെ അടിസ്ഥാനം. അതിനാൽ, മാമ്മോദീസ മിശിഹായുടെ ആട്ടിൻ തൊഴുത്താകുന്ന സഭയിലേക്കുള്ള പ്രവേശനമായി മാറുന്നു (യോഹ 10:9, മർക്കോ 16:16).

VI മാമ്മോദീസയുടെ ആവശ്യകത

71. ജലത്താലും ആത്മാവിനാലുമുള്ള മാമ്മോദീസയാണ് നിത്യരക്ഷയ്ക്കുള്ള സാധാരണമാർഗ്ഗം. എന്നാൽ, ജലത്താലുള മാമ്മോദീസയില്ലാതെയും നിത്യരക്ഷയ്ക്ക് സാധ്യതയുണ്ടെന്ന് സഭ പഠിപ്പിക്കുന്നു (തിരുസഭ 16; CCC 1257-1261). അവ താഴെ പറയുന്നവയാണ്.

72. ആഗ്രഹത്താലുള്ള മാമ്മോദീസ: മിശിഹായുടെ സുവിശേഷത്തെയും അവിടത്തെ സഭയെയും പറ്റി അറിയാതിരിക്കുകയും, അതേസമയം സത്യമന്വേഷിക്കുകയും, തന്റെ ധാരണയനുസരിച്ച് ദൈവഹിതം അനുവർത്തിക്കുകയും ചെയ്യുന്ന ഓരോ മനുഷ്യനും രക്ഷിക്കപ്പെടാൻ സാധ്യതയുണ്ട്. അത്തരം വ്യക്തികൾ മാമ്മോദീസയുടെ അത്യാവശ്യം അറിഞ്ഞിരുന്നെങ്കിൽ മാമ്മോദീസ പ്രകടമായരീതിയിൽ ആഗ്രഹിക്കുമായിരുന്നുവെന്നു സങ്കല്പിക്കാവുന്നതാണ് (CCC 1260; തിരുസഭ 16). പ്രായോഗികവൈഷമ്യംമൂലം ഔദ്യോഗികമായി സഭാംഗങ്ങളായിട്ടില്ലെങ്കിലും, അതിനായി അഭിലഷിക്കുന്നവരെ ആഗ്രഹത്താലുളള മാമ്മോദീസ സ്വീകരിച്ചവരായി കണക്കാക്കാവുന്നതാണ്.

73. രക്തത്താലുള്ള മാമ്മോദീസ: സഭയുടെ ഔദ്യോഗികാംഗമാകാതെ സുവിശേഷമൂല്യങ്ങൾക്കുവേണ്ടി രക്തസാക്ഷികളായി മരിക്കുന്നവർ സ്വീകരിക്കുന്ന 'മാമ്മോദീസയെ' ഇതു സൂചിപ്പിക്കുന്നു. രക്തത്താലുള്ള മാമ്മോദീസ, ആഗ്രഹത്താലുള്ള മാമ്മോദീസപോലെ, കൂദാശ ആകാതെതന്നെ മാമ്മോദീസയുടെഫലങ്ങൾ ഉളവാക്കുന്നു.

മാമ്മോദീസ സ്വീകരിക്കാതെ മരിക്കുന്ന ശിശുക്കളെ അവർക്കു വേണ്ടിയുളള മൃതസംസ്കാരശുശ്രൂഷയിൽ ചെയ്യുന്നതു പോലെ, ദൈവത്തിന്റെ കാരുണ്യത്തിന് സമർപ്പിക്കാനേ സഭയ്ക്ക് കഴിയുകയുള്ളൂ (CCC 1261),

VII മാമ്മോദീസയുടെ ദൈവശാസ്ത്രവീക്ഷണങ്ങൾ

74. മാമ്മോദീസയെപ്പറ്റിയുള്ള ദൈവശാസ്ത്ര വിശകലനത്തിൽ നാലു കാര്യങ്ങൾ പ്രത്യേകം ശ്രദ്ധാർഹമാണ്.

ഈശോയുടെ മാമ്മോദീസ ക്രിസ്തീയമാമോദീസയുടെ പ്രതിരൂപം

75. പൗരസ്ത്യസഭാപണ്ഡിതനായ അഫ്രാത്ത് (+345) ഈശോയുടെ യോർദാനിലെ മാമ്മോദീസയെ ക്രിസ്തീയമാമ്മോദീസയുടെ ഉറവിടമായി വിശേഷിപ്പിക്കുന്നു. മാമ്മോദീസയെക്കുറിച്ച് വിശുദ്ധ അപ്രേം പറയുന്നതിങ്ങനെയാണ്: 'യോർദാനിലെ ഈശോയുടെ സാന്നിധ്യം എല്ലാ മാമ്മോദീസാജലത്തെയും വിശുദ്ധീകരിച്ചു. ഇന്നിത് യഥാർത്ഥത്തിൽ പരിശുദ്ധാത്മാവിലൂടെ സംഭവിക്കുന്നു'. സഭാവ്യാഖ്യാതാവായ നർസായിയുടെ (+502) വീക്ഷണത്തിൽ മാമ്മോദീസാജലത്തിലൂടെ ഈശോ ആത്മീയജനനം സാധ്യമാക്കി. പാപമില്ലാത്തവനും മാമ്മോദീസ ഒരിക്കലും ആവശ്യമില്ലാത്തവനുമായ ഈശോ മാമ്മോദീസ സ്വീകരിക്കുകവഴി, പുതുസൃഷ്ടിയിലേക്കുള്ള വാതിൽ പാപികളായ നമുക്ക് തുറന്നുതന്നു.

മാമ്മോദീസ, വികലമാക്കപ്പെട്ട ദൈവിക സാദൃശ്യത്തിന്റെ പുനഃസ്ഥാപനം

76. ക്രിസ്തീയവീക്ഷണത്തിന്റെ അടിസ്ഥാനഘടകമായി നിലകൊള്ളൂന്ന ആശയമാണ് മനുഷ്യൻ ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടു എന്നത് (ഉത്പ 1: 26). ദൈവം ആദത്തിന് നല്കിയ ഈ സാദൃശ്യം ആദം തന്റെ പാപത്താൽ വിരൂപമാക്കി. മനുഷ്യാവതാരം ചെയ്ത ഈശോ, വികലമാക്കപ്പെട്ട ദൈവിക സാദൃശ്യം, തന്റെ മാമ്മോദീസയിലൂടെ പുനഃസ്ഥാപിച്ചു.

വിശുദ്ധ അപ്രേമിന്റെ (+373) വാക്കുകളിൽ, 'ദൈവം വരച്ച ദൈവികഛായയെ, ആദം പാപംമൂലം അന്ധകാരമയമാക്കി. കർത്താവാകട്ടെ, തന്റെ മാമ്മോദീസ വഴി ദൃശ്യമായ നിറങ്ങളോടെ ഈ രാജകീയഛായയെ വീണ്ടും അവനിൽ വരച്ച് അതിനെ പഴയ തെളിമയിലേക്ക് തിരികെ കൊണ്ടുവന്നു'. നർസായിയുടെ അഭിപ്രായത്തിൽ, 'തീച്ചൂളയിലെന്നപോലെ മാമ്മോദീസയിൽ അവൻ നമ്മുടെ ദൈവിക സാദൃശ്യത്തെ വീണ്ടെടുത്തു. മാമ്മോദീസാക്രമത്തിലെ മൂന്ന് റൂശ്മകൾ ദൈവിക സാദൃശ്യത്തെ മനുഷ്യനിൽ പുനസ്ഥാപിക്കുന്നതിന്റെ മൂന്ന് ഘട്ടങ്ങളെ പ്രതിനിധാനം ചെയ്യുന്നു വെന്ന് വ്യാഖ്യാനിക്കപ്പെടുന്നു. ഒന്നാമത്തെ ലേപനം, പഴയ മനുഷ്യനെ ഉരിഞ്ഞുകളയുന്നതിനെയും, രണ്ടാമത്തേത്, മിശിഹായ ധരിക്കുന്നതിനെയും, മൂന്നാമത്തേത്, ഭൂമിയുടെ താഴ്മയിൽ നിന്ന് സ്വർഗ്ഗത്തിന്റെ ഉയരങ്ങളിലേക്ക് ഉയരുന്നതിനെയും പ്രതീകാത്മകമായി സൂചിപ്പിക്കുന്നു.

മാമ്മോദീസയിൽ നല്കപ്പെടുന്ന മഹത്ത്വത്തിന്റെ വസ്ത്രം

77. യഹൂദരും ക്രിസ്ത്യാനികളും ഒരുപോലെ തങ്ങളുടെ പൈതൃകമായി കരുതുന്നതാണ് ഉത്പത്തി 3:21-നെപ്പറ്റിയുള്ള വ്യാഖ്യാനം. ഈ വ്യാഖ്യാനമനുസരിച്ച് 'മഹത്ത്വത്തിന്റെ വസ്ത്രം' എന്നു പറയുന്നത് ആദത്തിന് തന്റെ അധഃപതനത്തിന് മുമ്പുവരെ ഉണ്ടായിരുന്ന അവസ്ഥയാണ്. 'അതുവരെ തങ്ങൾ നഗ്നരാണെന്ന് അവർ അറിഞ്ഞിരുന്നില്ല' (ഉത്പ 3:7). വിശുദ്ധ അപ്രേം മാമ്മോദീസാ വസ്ത്രത്തെ താബോർ മലയിൽ വച്ച് വെണ്മഞ്ഞുപോലെ തിളങ്ങിയ ഈശോയുടെ വസ്ത്രത്തോടാണ് ഉപമിച്ചിരിക്കുന്നത് (മത്താ 17: 2; മർക്കോ 9: 3; ലൂക്കാ 9: 29). ഈശോയുടെ രണ്ടാമത്തെ ആഗമനത്തിൽ അവിടുന്ന് നമ്മെ മഹത്ത്വത്തിന്റെ വസ്ത്രം അണിയിക്കുമെന്ന് ക്രിസ്തീയ പ്രത്യാശ ഇതോടുചേർത്ത് മനസ്സിലാക്കാം.

മാമ്മോദീസ ഈശോയുടെ മരണത്തിലും ഉത്ഥാനത്തിലുമുള്ള പങ്കുചേരൽ

78. മാമ്മോദീസയിലൂടെ നാം ഈശോയുടെ മരണത്തോട് ഐക്യപ്പെട്ട് അവിടുത്തോടൊപ്പം സംസ്കരിക്കപ്പെടുന്നു (കൊളോ 2:12). 'അങ്ങനെ അവന്റെ മരണത്തോടു നമ്മെ ഐക്യപ്പെടുത്തിയ മാമ്മോദീസയാൽ നാം അവനോടൊത്തു സംസ്ക്കരിക്കപ്പെട്ടു' (റോമാ 6:4). തന്നെത്തന്നെ മിശിഹായോടുചേർത്ത് മാമ്മോദീസയിൽ അവിടുത്തോടൊപ്പം മരിക്കുന്നവർ അവിടത്തെ ഉത്ഥാനത്തിന്റെ സന്തോഷത്തിലേക്കു പ്രവേശിക്കുന്നു.

VIII ശിശുക്കളുടെ മാമ്മോദീസക്രമവും വ്യാഖ്യാനവും

79. മാമ്മോദീസയിലെ അനുഷ്ഠാനങ്ങൾ സുഗ്രഹമാകാനും അവയിൽ സജീവമായ ഭാഗഭാഗിത്വം ഉറപ്പുവരുത്താനും അതിനുപയോഗിക്കുന്ന അടയാളങ്ങളുടെയും പ്രതീകങ്ങളുടെയും അർത്ഥം ഗ്രഹിക്കുക ആവശ്യമാണ്.

80. പ്രാരംഭശുശ്രൂഷ: കാർമ്മികൻ ദേവാലയത്തിന്റെ പ്രധാനകവാടത്തിൽവന്ന് ശിശുവിന്റെ ജ്ഞാനസ്നാനമാതാപിതാക്കളോടും മറ്റുള്ളവരോടുമൊപ്പം മാമ്മോദീസാകർമ്മങ്ങൾ ആരംഭിക്കുന്നു. പ്രാരംഭപ്രാർത്ഥനയും തുടർന്നു വരുന്ന സങ്കീർത്തനവും ദൈവപുതസ്ഥാനത്തേക്ക് ഉയർത്തപ്പെടാൻ ആഗ്രഹിക്കുന്ന മാമ്മോദീസാർത്ഥിയുടെ ഹൃദയവികാരങ്ങളെ അവതരിപ്പിക്കുന്നു. തുടർന്നു വരുന്ന പ്രാർത്ഥനയിൽ കാർമ്മികൻ അർത്ഥിയെ ആശീർവദിക്കുകയും മാമ്മോദീസാജലത്തിലൂടെ പുതുജന്മം പ്രാപിച്ച് മൗതികശരീരത്തിലെ അംഗമായിത്തീരാൻ അർത്ഥിയെ തിരഞ്ഞെടൂത്ത ദൈവത്തിന് നന്ദിപറയുകയും ചെയ്യുന്നു. ക്രിസ്ത്യാനിയുടെ മുദ്രയും അഭയസ്ഥാനവും രക്ഷയുടെ ചിഹ്നവുമായ കുരിശടയാളതാലാണ് അർത്ഥിയെ കാർമ്മികൻ ആശീർവദിക്കുന്നത്. തുടർന്നുവരുന്ന ഭാഗങ്ങളിൽ മാമ്മോദീസാർത്ഥിയുടെ നെറ്റിയിലും നെഞ്ചിലും തൈലം പൂശുന്നതും പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ശിരസ്സിൽ മൂന്നു പ്രാവശ്യം വെള്ളം ഒഴിക്കുന്നതും തൈലവും വെള്ളവും വെഞ്ചരിക്കുന്നതും ആശീർവാദങ്ങൾ നല്കുന്നതു മെല്ലാം കുരിശടയാളം കൊണ്ടാണ്.

81. ഒന്നാമത്തെ ലേപനം: ഈ ലേപനം മാമ്മോദീസയ്ക്ക് ഒരുക്കമായുള്ള ശുദ്ധീകരണത്തെ സൂചിപ്പിക്കുന്നു. പിശാചിന്റെ അടിമത്തത്തിൽ നിന്ന് മോചനം നേടി, പാപത്തെയും പാപസാഹചര്യങ്ങളെയും ഉപേക്ഷിച്ച് മിശിഹായെ രക്ഷകനായി സ്വീകരിക്കാനുള്ള അർത്ഥിയുടെ ആഗ്രഹം കാർമ്മികൻ ചോദിച്ചറിയുന്നു. ഇതിനു ശേഷം കാർമ്മികൻ ശിശുവിന്റെ നെറ്റിയിൽ തൈലം കൊണ്ട് കുരിശുവരയ്ക്കുന്നു. ഇത് പഴയ മനുഷ്യനെ ഉരിഞ്ഞുകളയുന്നതിനെ സൂചിപ്പിക്കുന്നു. മുൻപു നടത്തിയിട്ടുള്ള മാമ്മോദീസയിലെ തൈലം കൊണ്ടുള്ള ഈ ലേപനം സഭാകൂട്ടായ്മയിലേക്കുള്ള പ്രവേശനത്തെയും ഏകമാമ്മോദീസായിലുള്ള പങ്കാളിത്തത്തിനും തുടർച്ചയെയും സൂചിപ്പിക്കുന്നു.

82. വിശ്വാസപ്രഖ്യാപനം: ഒന്നാമത്തെ ലേഖനം വഴി വിശുദ്ധീകരിച്ച് സഭയിലേക്കു സ്വീകരിക്കുന്നതിന്റെ പ്രതീകമായി വചനവേദിയിലേക്കാനയിക്കപ്പെടുന്ന മാമ്മോദീസാർത്ഥി ദൈവവചനം സ്വീകരിക്കുകയും ക്രിസ്തീയ വിശ്വാസം ഏറ്റുപറയുകയും ചെയ്യുന്നു. 

83. തൈലവും വെള്ളവും വെഞ്ചരിക്കുന്നു: കാർമ്മികൻ സമൂഹത്തോടൊപ്പം മാമ്മോദീസാത്തൊട്ടിക്ക് സമീപം ചെന്ന് നിർദ്ദിഷ്ട പ്രാർത്ഥനകൾ ചൊല്ലി, വിശുദ്ധ മൂറോൻ കൊണ്ട് കുരിശടയാളത്തിൽ തൈലവും വെള്ളവും വെഞ്ചരിക്കുന്നു.

84. രണ്ടാമത്തെ ലേപനം: അർത്ഥിയുടെ നെഞ്ചിൽ കാർമ്മികൻ മാമ്മോദീസാതൈലം പൂശുന്നു. ജലം കൊണ്ട് മാമോദീസ നല്കുന്നതിനുമുമ്പ് മാമ്മോദീസാതൈലം കൊണ്ടുള്ള രണ്ടാമത്തെ ഈ ലേപനം മിശിഹായ ധരിക്കുന്നതിനെ സൂചിപ്പിക്കുന്നു. മാമ്മോദീസാർത്ഥി മിശിഹായുടെ വിശുദ്ധിയിലും രാജകിയപൗരോഹിത്യത്തിലും പങ്കുചേർന്ന് പരിശുദ്ധാത്മാവിന്റെ ആലയവും പുതുസൃഷ്ടിയും ആകുന്നതിന്റെ പ്രതീകവുമാണിത്.

85. സ്‌നാപനം: ത്രിയേകദൈവത്തിന്റെ നാമത്തിൽ അർഥിയെ വെള്ളത്തിൽ മൂന്നു പ്രാവശ്യം മൂക്കി ഉയർത്തുകയോ, വെള്ളത്തിലിരുത്തി ശിരസിൽ മൂന്നു പ്രാവശ്യം കുരിശടയാളത്തിൽ വെള്ളം ഒഴിക്കുകയോ, അർഥിയുടെ ശിരസ്സിൽ കുരിശടയാളത്തിൽ മൂന്നു പ്രാവശ്യം വെള്ളം ഒഴിക്കുകയോ ചെയ്തുകൊണ്ടാണ് മാമോദീസ നല്കുന്നത്. ശുദ്ധികരണത്തിനായി മനുഷ്യൻ ദൈനംദിനം ഉപയോഗിക്കുന്ന ജലം മതകർമ്മങ്ങളിൽ ഒരു പ്രതീകമായി ഉപയോഗിക്കുന്നു. മാമ്മോദീസയിലെ ജലം ജീവന്റെ പ്രതീകമാണ്. ഉത്പത്തി 1:2 ലെ ജലവും ഈശോ മാമോദീസ സ്വീകരിച്ച യോർദാനിലെ ജലവും മാമ്മോദീസയിലെ ജീവജലത്തിന്റെ പഴയ-പുതിയനിയമ പ്രതീകങ്ങളാണ്. സീറോമലബാർ സഭയുടെ മാമ്മോദീസക്രമത്തിൽ വെള്ളം ആശീർവദിക്കുമ്പോൾ കാർമ്മികൻ ഇപ്രകാരം ചൊല്ലുന്നു. 'ആത്മീയ ജന്മം നല്കുന്ന ഒരു പുതിയ ഉദരമായി (ഗർഭപാത്രമായി) തീരാൻ ഈ ജലം ആശീർവദിക്കപ്പെടുന്നു'. അതുകൊണ്ടാണ് സഭാമാതാവിന്റെ ഗർഭപാത്രമാകുന്ന മാമ്മോദീസത്തൊട്ടിയിൽ ക്രിസ്ത്യാനി ജനിക്കുന്നു എന്ന് സഭാ പിതാക്കൻമാർ വ്യാഖ്യാനിക്കുന്നത്. മൂന്നു പ്രാവശ്യം വെള്ളത്തിൽ മുക്കി മാമ്മോദീസ നല്കുന്നത്, ഈശോ കല്ലറയിൽ സംസ്ക്കരിക്കപ്പെട്ടതിനെയും മൂന്ന് ദിവസം കല്ലറയ്ക്കുള്ളിൽ ആയിരുന്നതിനെയും മുന്നാം ദിവസം ഉയിർത്തെഴുന്നേറ്റതിനെയും സൂചിപ്പിക്കുന്നു (റോമാ 6:3-4). ചുരുക്കത്തിൽ, മാമ്മോദീസയിലെ ജലം അർത്ഥിയെ പാപക്കറകളിൽ നിന്ന് ശുദ്ധീകരിച്ച് പരിശുദ്ധത്രിത്വത്തിന്റെ ജീവനിലേക്ക് പ്രവേശിപ്പിക്കുന്നു (CCC 1239). മാമ്മോദീസായിൽ അതതവസരങ്ങളിൽ വെഞ്ചരിക്കുന്ന 'പുതുജലം തന്നെ ഉപയോഗിക്കേണ്ടതാണ്'.

86. വെള്ളവസ്ത്രം ധരിപ്പിക്കുന്നു: ജന്മപാപത്തിന്റെയും കർമ്മ പാപത്തിന്റെയും കറകൾ നീക്കപ്പെട്ട് മാമ്മോദീസ സ്വീകരിച്ച വ്യക്തി വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു എന്ന് വെള്ളവസ്ത്രം അർത്ഥമാക്കുന്നു. മാമ്മോദീസ സ്വീകരിച്ച വ്യക്തിയെ പുതിയ വസ്ത്രം ധരിപ്പിക്കുന്നത്, പഴയ മനുഷ്യനെ ഉരിഞ്ഞുകളഞ്ഞ് (കൊളോ 3:9) 'പുതിയ മനുഷ്യനെ ധരിക്കുന്നതിനെ (എഫേ 4:24; കൊളോ 3:10), അതായത്, മിശിഹായെ ധരിക്കുന്നതിനെ (റോമാ 13:14; ഗലാ 3:27) പ്രതീകാത്മകമായി അവതരിപ്പിക്കുന്നു.

87. കത്തിച്ച തിരി നല്കുന്നു: ലോകത്തിന്റെ പ്രകാശമായ മിശിഹാ നിനക്ക് മാർഗ്ഗദീപമാകട്ടെ എന്നാശംസിച്ച് കത്തിച്ചതിരി നല്കുന്നത് മിശിഹായാകുന്ന ജീവന്റെ പ്രകാശം മാമ്മോദീസ സ്വീകരിച്ച വ്യക്തിയുടെ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുന്നവെന്ന് സൂചിപ്പിക്കുന്നു (യോഹ 8:12). പുതുതായി മാമ്മോദീസ സ്വീകരിച്ചവരെ 'പ്രകാശം ലഭിച്ചവർ' എന്നു വിളിക്കുന്ന പാരമ്പര്യം സഭയിൽ ഉണ്ടായിരുന്നു. മാമ്മോദീസ സ്വീകരിച്ചവർ മിശിഹായുടെ പ്രകാശം പ്രസരിപ്പിച്ച് ജീവിക്കേണ്ടവരാണെന്ന് കത്തിച്ച് തിരി ഓർമ്മപ്പെടുത്തുന്നു (എഫേ 5:9).

IX തൈലാഭിഷേകക്രമവും (സ്ഥൈര്യലേപനക്രമവും) വ്യാഖ്യാനവും

88. മാമ്മോദീസയുടെ തുടർച്ചയായിട്ടാണ് തൈലാഭിഷേകം നല്കപ്പെടുന്നത്. തൈലാഭിഷേകത്തിന്റെ കാറോസൂസയ്ക്കുശേഷം പരിശുദ്ധാത്മാവിനാൽ പൂരിതരായി മിശിഹായ്ക്ക് സാക്ഷ്യം വഹിക്കാനുള്ള അർത്ഥികളുടെ സന്നദ്ധത കാർമ്മികൻ ചോദിച്ചറിയുന്നു. തുടർന്ന്, പരിശുദ്ധാത്മാവിനോടുള്ള പ്രാർത്ഥനാഗീതം ആലപിക്കുന്നു. അതിനുശേഷമാണ് കൈവപ്രാർത്ഥനയും മറ്റ് തിരുക്കർമ്മങ്ങളും,

89. കൈവയ്പ്പുപ്രാർത്ഥന: കാർമ്മികൻ ഇരുകരങ്ങളും മാമ്മോദീസ സ്വീകരിച്ചവരുടെമേൽ കമിഴ്ത്തിപ്പിടിച്ചു കൊണ്ട് കൈവയ്പ്പു പ്രാർത്ഥന ചൊല്ലുന്നു. കൈവയ്പ്പു പരിശുദ്ധാത്മാവാകുന്ന ദാനത്തെ സൂചിപ്പിക്കുന്നു. കൈവയ്പ്പു പ്രാർത്ഥനയിൽ ഈ ആശയം സ്പഷ്ടമായി കാണാം: 'പിതാവായ ദൈവമേ, വാഗ്ദാനം ചെയ്യപ്പെട്ട പരിശുദ്ധാത്മാവിനാൽ ഇവരെ മുദ്രിതരാക്കണമേ'. പരിശുദ്ധാത്മാവിനാൽ മുദ്രിതമായി സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം തുടങ്ങിയ ആത്മാവിന്റെ ഫലങ്ങളാൽ (ഗലാ 5:22) നിറഞ്ഞ് സുവിശേഷത്തിന് സാക്ഷ്യം വഹിക്കുന്ന ധിരപടയാളികളാക്കി അർത്ഥികളെ മാറ്റണമെന്നാണ് കാർമ്മികൻ ഇവിടെ പ്രാർത്ഥിക്കുന്നത്.

90. മൂന്നാമത്തെ ലേപനം: കൈവയ്പ്പുപ്രാർത്ഥനയ്ക്കുശേഷം, കാർമ്മികൻ വിശുദ്ധ മൂറോൻകൊണ്ട് അർത്ഥികളുടെ നെറ്റിയിൽ കുരിശടയാളത്തിൽ ലേപനം ചെയ്യുന്നു. മെത്രാൻ കൂദാശ ചെയ്ത മൂറോൻകൊണ്ടുള്ള ഈ ലേപനം മിശിഹായുടെ പ്രവാചക പുരോഹിത-രാജകീയ ധർമ്മങ്ങളിലുള്ള (1 പത്രോ 2:9, 1 സാമു 16:12-13) ഭാഗഭാഗിത്വത്തെ സൂചിപ്പിക്കുന്നതോടൊപ്പം ക്രൈസ്തവന് മെത്രാനുമായുള്ള ഐക്യത്തെ സ്‌പഷ്‌ടമാകുകയും ചെയ്യുന്നു (CCC 1292). പരിശുദ്ധാത്മാവിനാൽ മുദ്രിതമാകുന്നതിന്റെ അടയാളമാണ് തൈലാഭിഷേക., മാമ്മോദീസയും തൈലാഭിഷേകവും 'മായാത്ത മുദ്ര പതിക്കുന്ന കൂദാശകളാണ്'. ഈശോയുടെ സ്വന്തമായിത്തീരുന്നതിന്റെ മുദ്രയാണിത്. ഈ കൂദാശ എന്നേക്കുമായി ഒരിക്കൽ മാത്രം നല്കപ്പെടുന്നു. ഈ കൂദാശകളുടെ രക്ഷാകരഫലങ്ങളെ പാപം തടയുമെങ്കിലും ഒരു പാപത്തിനും ഈ മുദ്ര മായ്ക്കുവാൻ സാധിക്കുകയില്ല (CCC 1272).

91. മുടിയണിയിക്കൽ: തുടർന്ന്, ലേപനം സ്വീകരിച്ചവരെ കാർമ്മികൻ മൂടിയണിയിക്കുന്നു. ഇത് പൈശാചികാടിമത്തത്തിലും പാപത്തിലും നിന്ന് മോചിതരായി, സഭയുടെ അരുമസന്താനങ്ങളായി ഉയർത്തപ്പെട്ടവരുടെ ആത്മീയ സന്തോഷം പ്രകടമാക്കുന്നു. നിത്യ സൗഭാഗ്യത്തിന്റെ അടയാളമായ മഹത്ത്വത്തിന്റെ കിരീടത്തിന് അവർ അർഹരാകുന്നുവെന്നും ഈ കർമ്മം സൂചിപ്പിക്കുന്നു (2 തിമോ 4:8). ഈ കർമ്മം ഐച്ഛികമാണ്.

അതിനുശേഷം, മാമ്മോദീസ സ്വീകരിച്ചവരെ മദ്ബഹായുടെ കവാടത്തിലേക്ക് നയിക്കുന്നു. മാമ്മോദീസാവഴി ദൈവപുതസ്ഥാനത്തേക്ക് ഉയർത്തപ്പെട്ട്, ദൈവത്തെ “പിതാവേ' എന്നു വിളിക്കാൻ യോഗ്യമാക്കപ്പെട്ട ഇവരുടെ സന്തോഷത്തിൽ പങ്കുചേർന്ന് സഭാസമൂഹം മുഴുവനും ഇവർക്കൊപ്പം ദൈവത്തെ "പിതാവേ' എന്ന് വിളിച്ചപേക്ഷിക്കുന്നു. തുടർന്ന് പുതുതായി മാമ്മോദീസ സ്വീകരിച്ച വ്യക്തികൾക്ക് (ശിശുക്കളാണെങ്കിലും) വിശുദ്ധ കുർബാന നല്കുന്നു. മാമ്മോദീസവഴി പുതുതായി സഭയിൽ ജനിച്ച കുഞ്ഞിന് ആത്മീയ പോഷണം നല്കുക ആവശ്യമാണ്. അമ്മ കുഞ്ഞിന് ആഹാരം നല്കുന്നപോലെ, സഭ മിശിഹായുടെ ശരീരത്താലും രക്തത്താലും അതിനെ പരിപോഷിപ്പിക്കുന്നു.

X തൈലാഭിഷേകം (സ്ഥൈര്യലേപനം)

92. പ്രവേശകകൂദാശകളിൽ രണ്ടാമത്തേതിനെ തൈലാഭിഷേകം (Chrismation) എന്ന് പൗരസ്ത്യരും സ്ഥൈര്യലേപനം (Confirmation) എന്ന് പാശ്ചാത്യരും വിളിക്കുന്നു. മാമ്മോദീസായിൽ ആരംഭിച്ച ആത്മാഭിഷേകത്തിന്റെ പൂർണ്ണതയെയാണ് തൈലാഭിഷേകം സാക്ഷാത്കരിക്കുന്നത്.

"തൈലാഭിഷേകം മാമ്മോദീസായുടെ കൃപാവരത്തെ പൂർണ്ണമാക്കുന്നു. ഈ ദിവ്യരഹസ്യം പരിശുദ്ധാത്മാവിനെ നല്കി നമ്മുടെ ദൈവികപുത്രത്വം ഉറപ്പിക്കുകയും മിശിഹായിൽ നമ്മെ ദൃഢമായി ഒന്നിപ്പിക്കുകയും സഭയുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. മാത്രമല്ല, അവളുടെ ദൗത്യത്തിൽ പങ്കുചേർന്ന് ക്രൈസ്തവവിശ്വാസം വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും സാക്ഷ്യപ്പെടുത്തുന്നതിന് കഴിവുള്ളവരാക്കുകയും ചെയ്യുന്നു' (CCC 1316).

പൗരസ്ത്യസഭകളുടെ കാനോൻ നിയമം അനുശാസിക്കുന്നത്. ഇപ്രകാരമാണ്: 'മാമ്മോദീസ സ്വീകരിച്ച എല്ലാവരും പരിശുദ്ധാ ആത്മാവിനാൽ മുദ്രിതരും മിശിഹായുടെ രാജ്യത്തിന്റെ സജീവസാക്ഷികളും കൂട്ടുവേലക്കാരും ആകേണ്ടതിന് വിശുദ്ധ തൈലത്താൽ ലേപനം ചെയ്യപ്പെടണം (CCEO 692).

'ക്രിസ്മ' (Chrisma) എന്ന ഗ്രീക്കു പദത്തിന് അഭിഷേകം എന്നാണർഥം. തൈലം കൊണ്ട് അഭിഷേകം ചെയ്യുന്നതിനാൽ തൈലാഭിഷേകം എന്നു പറയുന്നു. “മൂറോൻ' എന്ന ഗ്രീക്കു പദത്തിന്റെ അർത്ഥം തൈലം' എന്നാണ്. മുറോൻ കൊണ്ട് അഭിഷേകം ചെയ്യുന്നതിനാൽ 'മുറോൻ അഭിഷേകം' എന്നു വിളിക്കുന്നു. "സൈത്ത്' എന്ന സുറിയാനി പദത്തിനർത്ഥം ഒലിവെണ്ണ എന്നാണ്. സൈത്തുകൊണ്ട് അഭിഷേകം ചെയ്യുന്നതിനാൽ സൈത്തഭിഷേകം എന്നും പറയാം. മാമ്മോദീസയിൽ ലഭിച്ച വിശ്വാസം പ്രഘോഷിക്കുവാൻ, പരിശുദ്ധാത്മാവിന്റെ വരദാനങ്ങൾ സ്ഥൈര്യം നല്കുന്നതിനാൽ, അഭിഷേകം ലത്തീൻ സഭയിൽ 'സ്ഥൈര്യലേപനം' (Confirmation) എന്ന് അറിയപ്പെടുന്നു.

നാലാം നൂറ്റാണ്ടുവരെ ഈ കൂദാശ പരികർമ്മം ചെയ്യാൻ മെത്രാൻമാർക്കു മാത്രമേ അധികാരമുണ്ടായിരുന്നുള്ളൂ.

XI തൈലാഭിഷേകകുദാശയുടെ ചരിത്രം

93. ദൈവമായ കർത്താവിന്റെ നിർദ്ദേശമനുസരിച്ച് മോശ തൈലാഭിഷേകർമ്മം ആഘോഷപൂർവ്വകമായി നടത്തുന്നത് പഴയനിയമത്തിൽ കാണാം (പുറ 30:22-31). ദൈവകൃപയിൽ നിറയുന്നതിനുള്ള മാർഗ്ഗമായാണ് തൈലാഭിഷേകത്തെ കണ്ടിരുന്നത്.

പരിശുദ്ധാത്മാവിന്റെ ആവാസത്താലുള്ള ആത്മാഭിഷേകമായാണ് പഴയനിയമം തൈലാഭിഷേകത്തെ കണക്കാക്കിയിരുന്നത് (ജോയേ 2:28; എസ് 36:26-27). തലയിൽ എണ്ണ ഒഴിച്ചുകൊണ്ടോ നെറ്റിത്തടത്തിൽ ലേപനം ചെയ്തുകൊണ്ടോ ആയിരുന്നു ഇതു ചെയ്തിരുന്നത്. രാജാക്കൻമാരും (1 സാമു 10:1) പുരോഹിതന്മാരും (പൂറ 28:41) പ്രവാചകരും (1 രാജ 19:16) വസ്തുക്കളും സ്ഥലങ്ങളും (ഉത്പ:28:18-19) അഭിഷേകത്തിലൂടെ ദൈവത്തിനായി പ്രതിഷ്ഠിക്കപ്പെട്ടിരുന്നു. പുതിയനിയമത്തിൽ, 'അഭിഷിക്തൻ' എന്ന അർഥത്തിലാണ് ഈശോയ്ക്ക് 'മിശിഹാ' എന്ന പേരു ലഭിച്ചത് (ലുക്കാ 4:1).

കായികാഭ്യാസികൾ മെയ്‌വഴക്കത്തിനുവേണ്ടി എണ്ണ ഉപയോഗിക്കുന്നത്പോലെ, തൈലത്താൽ അഭിഷിക്തരാകുന്നവർ വിശ്വാസസംരക്ഷകരായി നല്ല ഓട്ടം ഓടുവാൻ സജ്ജരാക്കപ്പെടുന്നു. തൈലത്തിൽ സുഗന്ധക്കൂട്ട് കലർത്തുന്നത് ഈശോമിശിഹായിലുള്ള ദൈവികവും മാനുഷികവുമായ സ്വഭാവങ്ങളുടെ ഐക്യത്തെ ദ്യോതിപ്പിക്കുവാനാണ്. അഭിഷേകത്തിലൂടെ മിശിഹായിൽ ഐക്യപ്പെട്ട് ശക്തരാകുന്നവർ ജീവിതത്തിലൂടെ മറ്റുള്ളവർക്ക് അവിടത്തെ ദിവ്യപരിമളം ആകണമെന്ന് (2 കോറി 2:15) വ്യക്തമാക്കുന്നു.

സ്ഥൈര്യലേപനം നാലാം നൂറ്റാണ്ടുവരെ മാമ്മോദീസയിൽ നിന്നു വ്യത്യസ്തമായ കൂദാശയായി കരുതപ്പെട്ടിരുന്നില്ല. നാലാം നൂറ്റാണ്ടിൽ സഭയ്ക്കു ലഭിച്ച മതസ്വാതന്ത്യത്തോടെ അനേകം പേർ ക്രിസ്തുമതം സ്വീകരിക്കുകയും ഒരേദിവസംതന്നെ പലസ്ഥലങ്ങളിൽ പ്രവേശകകൂദാശകൾ പരികർമ്മം ചെയ്യേണ്ട സാഹചര്യം ഉണ്ടാവുകയും, അവിടെയെല്ലാം മെത്രാന് എത്തിച്ചേരുവാൻ സാധ്യമാവാതെ വരുകയും ചെയ്തപ്പോൾ, ലത്തീൻ സഭയിൽ അഭിഷേകകൂദാശ മെത്രാൻ സൗകര്യമനുസരിച്ച്, സ്ഥൈര്യലേപനം എന്ന പേരിൽ മറ്റൊരവസരത്തിലേക്ക് മാറ്റിവച്ചു. എന്നാൽ, പൗരസ്ത്യസഭകളിൽ ഈ അധികാരം മെത്രാനിൽനിന്ന് വൈദികർക്ക് കൈമാറിയതിനാൽ, മാമ്മോദീസയും തൈലാഭിഷേകവും ഒരുമിച്ചു പരികർമ്മം ചെയ്യുന്ന പതിവ് നിലനിർത്തി. എന്നാൽ, മെത്രാൻ വെഞ്ചരിച്ച വിശുദ്ധ മൂറോൻ കൊണ്ട് ഈ കൂദാശ പരികർമ്മം ചെയ്യുന്ന പാരമ്പര്യം തുടർന്നുപോരുന്നു (CCEO 695  8 1, 696 § 1).

XII തൈലാഭിഷേകം ക്രൈസ്തവജീവിതത്തിൽ

94. ആദിമസഭാപാരമ്പര്യം തൈലാഭിഷേകകൂദാശയ്ക്ക് കാര്യമായ വിശദീകരണം നല്കിയിട്ടില്ലെങ്കിലും മാമ്മോദീസയിൽ സംഭവിച്ചവ ഒന്നുകൂടെ ഉറപ്പിക്കുകയും പൂർണ്ണമാക്കുകയും ചെയ്യുന്നതായിട്ടാണ് സഭാപിതാക്കന്മാർ മനസ്സിലാക്കിയത്. ഈ കൂദാശയുടെ സവിശേഷതകൾ താഴെ പറയുന്നവയാണ്.

പരിശുദ്ധാത്മാവിന്റെ മുദ്ര

95. മാമ്മോദീസയിലെ കൃപാവരത്തിന്റെ വർദ്ധനവിനും ആഴപ്പെടലിനും ഹേതുവാകുന്ന കൂദാശയാണ് തൈലാഭിഷേകം (CCC 1303). ഇതുവഴി നവജന്മം പ്രാപിച്ചവർ വിശ്വാസത്തിൽ വളർന്ന് അതിൽ സ്ഥിരതയോടെ ജീവിതാന്ത്യംവരെ നിലനില്ക്കാനായി പരിശുദ്ധാ ആത്മാവിനാൽ മുദ്രചെയ്യപ്പെടുന്നു. അങ്ങനെ, സഭയുമായുള്ള ഗാഢബന്ധം അവർക്ക് ലഭിക്കുന്നു. സ്വർഗ്ഗത്തിന് അവകാശികളുമാകുന്നു (2 കോറി 1:22, എഫേ 1:13, 4:30). ഇതിലൂടെ അവർ മിശിഹാരഹസ്യം ആവുന്നത് പൂർണ്ണമായി പഠിക്കുകയും, അത് എല്ലാവരുടെയും മുമ്പിൽ പ്രത്യേകിച്ച്, മിശിഹായെ അറിയാത്തവരുടെ മുമ്പിൽ, പ്രഘോഷിക്കുകയും ചെയ്യുന്ന പ്രേഷിതരായിത്തീരുന്നു (തിരുസഭ 11). സത്യം പ്രഘോഷിക്കുവാനും മിശിഹായ്ക്ക് സാക്ഷ്യം വഹിക്കുവാനും ലഭ്യമാകുന്ന എല്ലാ അവസരങ്ങളും ഉപയോഗിക്കുകവഴി അവർ ലോകത്തിന്റെ പ്രകാശവും ഭൂമിയുടെ ഉപ്പും, അന്ധകാരത്തിലും മരണത്തിന്റെ താഴ്വരയിലും കഴിയുന്നവർക്ക് പ്രത്യാശയുടെ പ്രവാചകരും ആയിത്തീരുന്നു.

ഈശോയുടെ ധീരസാക്ഷി

96. ഈശോമിശിഹായുടെ യഥാർത്ഥസാക്ഷികൾ എന്ന നിലയിൽ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും വിശ്വാസം പ്രഘോഷിക്കാനും സംരക്ഷിക്കാനും, അവിടത്തെ നാമം ധീരതയോടെ ഏറ്റുപറയാനും (അപ്പ 5:41) കുരിശിന്റെ പ്രതി ഒരിക്കലും ലജ്ജിക്കാതിരിക്കാനും പരിശുദ്ധാത്മാവിന്റെ സവിശേഷമായ ശക്തി ഈ കൂദാശ പ്രദാനം ചെയ്യുന്നു (1 കോറി 1:23). അങ്ങനെ, മിശിഹായെ ധൈര്യപൂർവ്വം സാക്ഷ്യപ്പെടുത്താനും, വേണ്ടിവന്നാൽ ജീവൻ പോലും ബലിയർപ്പിക്കാനും തൈലാഭിഷേകം ശക്തിപകരുന്നു.

മിശിഹാദൗത്യത്തിലുള്ള പങ്കാളിത്തം

97. ഈശോയോടുള്ള ഗാഢമായ ബന്ധത്തിൽ ഉറപ്പിക്കപ്പെടുന്നതോടൊപ്പം, തൈലാഭിഷേകം സ്വീകരിക്കുന്നവർ അവന്റെ ദൗത്യത്തിലും സജീവമായി പങ്കാളികളാകുന്നു. മിശിഹായുടെ പൗരോഹിത്യത്തിലും പ്രവാചകത്വത്തിലും രാജത്വത്തിലും ആഴമാർന്ന പങ്കാളിത്തം നല്കുന്ന കൂദാശയാണിത് (1 പത്രോ 2:9). രാജകീയ പുരോഹിതരെന്ന നിലയിൽ സഭയുടെ ആരാധനയിൽനിന്ന് കഴിയുന്നത് ഫലം സമ്പാദിക്കുവാൻ തൈലാഭിഷേകത്തിലൂടെ മുദ്രിതരായവർ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നു. വാക്കിലൂടെയും പ്രവൃത്തിയിലൂടെയും ജീവിതത്തിൽ മിശിഹായ്ക്ക് സാക്ഷികളായി അവർ തങ്ങളുടെ പ്രവാചകദൗത്യം നിറവേറ്റുന്നു. നിശബ്ദപ്രേഷിതപ്രവർത്തനം വഴി അനേകരെ സത്യത്തിലേക്കും ദൈവരാജ്യത്തിലേക്കും നയിച്ച് അവർ തങ്ങളുടെ രാജകീയദൗത്യം നിറവേറ്റുകയും, അതുവഴി ദൈവവരപ്രസാദത്താൽ നിറഞ്ഞ് മിശിഹായുടെ രാജകീയമഹത്വത്തിൽ പങ്കുപറ്റുകയും ചെയ്യുന്നു.

XIII മുതിർന്നവരുടെ മാമ്മോദീസയും തൈലാഭിഷേകവും

98. സഭയുടെ പൊതുപാരമ്പര്യത്തിലുള്ളതുപോലെ, സീറോമലബാർസഭയിൽ ശിശുക്കൾക്കും മുതിർന്നവർക്കുമായി പ്രത്യേക ക്രമങ്ങൾ ഉണ്ടായിരുന്നില്ല. ശിശുക്കളുടെ മാമ്മോദീസാക്രമംതന്നെയാണ് മുതിർന്നവരുടെ മാമ്മോദീസയ്ക്കും ഉപയോഗിച്ചിരുന്നത്.അതിനാൽ സഭയുടെ പൊതുപാരമ്പര്യത്തിന്റെ ചുവടുപിടിച്ചാണ് മുതിർന്നവർക്കുവേണ്ടിയുള്ള ക്രമം സീറോമലബാർ സഭ രൂപപ്പെടുത്തിയിരിക്കുന്നത്. വിശ്വാസം വ്യക്തിപരമായി ഏറ്റുപറയുന്ന മുതിർന്നവർക്കാണ് ഈ ക്രമമനുസരിച്ച് മാമ്മോദീസ് നല്കുന്നത്. നിർബന്ധിച്ച് ആരെയും സ്നാനപ്പെടുത്താൻ പാടില്ലെന്ന കത്തോലിക്കാസഭയുടെ പഠനം പാശ്ചാത്യ-പൗരസ്ത്യ കാനോൻ നിയമങ്ങളിൽ വ്യക്തമാണ് (CIC 856, CCEO 682). നാല് ഘട്ടങ്ങളായാണ് മുതിർന്നവരുടെ പ്രവേശകകൂദാശകൾ പൂർത്തിയാക്കുന്നത്. സാധാരണമായി ഓരോ ഘട്ടവും തമ്മിൽ നിശ്ചിത കാലദൈർഘ്യം ഉണ്ടായിരിക്കണം

ഒന്നാം ഘട്ടം (സ്നാനാർത്ഥിത്വത്തിലേക്കുള്ള പ്രവേശനം)

99. സ്നാനാർത്ഥിയെ ഔദ്യോഗികമായി പ്രവേശികകൂദാശാശുശ്രൂഷയിലേക്ക് പ്രവേശിപ്പിക്കുന്നതാണ് ഒന്നാംഘട്ടം. കാർമ്മികൻ അർത്ഥിയോട് ചോദിക്കുന്ന ചോദ്യവും അർത്ഥി നല്കുന്ന ഉത്തരവും അതിനുശേഷം വരുന്ന സങ്കീർത്തനവും (സങ്കീ 43:2-5) ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്. ഈശോയെ അന്വേഷിക്കുകയും അവിടത്തെ സത്യത്തിലേക്കും പ്രകാശത്തിലേക്കും ജീവനിലേക്കും വരാൻ ആഗ്രഹിക്കുകയും ചെയ്യുന്ന അർത്ഥിക്ക് അനതിവിദൂരഭാവിയിൽ മാമ്മോദീസയിലൂടെ പുതുജന്മം പ്രാപിച്ച്, മിശിഹായുടെ മൗതികശരീരത്തിലെ അംഗമാകാൻ ഇടയാകുമെന്ന പ്രതീക്ഷയാണ് ഒന്നാം ഘട്ടം നല്കുന്നത്. ഒന്നാമത്തെ ലേപനത്തോടുകൂടി വചന വേദിയിലേക്കാനയിക്കപ്പെടുന്ന അർത്ഥിക്ക്, അന്ധകാരത്തിന്റെ പ്രവൃത്തികൾ ഉപേക്ഷിച്ച് നവജിവിതത്തിലേക്കുള്ള തീർത്ഥാടനത്തിൽ മിശിഹായെ രക്ഷകനായി ഏറ്റുപറയാനുള്ള കൃപ നല്കണമെന്ന് കാർമ്മികൻ പ്രാർത്ഥിക്കുന്നു. തുടർന്നുവരുന്ന വിമോചകപ്രാർത്ഥനയിൽ ഈശോയെ അന്വേഷിച്ച് അർത്ഥി ആരംഭിക്കുന്ന യാത്രയിൽ ഉണ്ടാകാവുന്ന പൈശാചിക പ്രലോഭനങ്ങളെ തോല്പിക്കാനുള്ള ശക്തിക്കായി പ്രാർത്ഥിക്കുന്നു. തുടർന്ന് അർത്ഥിക്ക് സുവിശേഷ ഗ്രന്ഥം നല്കുകയും മാമ്മോദീസത്തൊട്ടിയുടെ കവാടംവരെ നയിക്കുകയും ചെയ്യുന്നു. ലക്ഷ്യത്തിലേക്കുള്ള യാത്രയിൽസുവിശേഷധ്യാനം ദുഷ്ടാരൂപിക്കെതിരേ ശക്തമായ കോട്ടയാകട്ടെയെന്ന് സമൂഹമൊന്നാകെ ആശംസിക്കുകയും ചെയ്യുന്നു.

രണ്ടാം ഘട്ടം (പരിശീലനവും പഠനവും)

100. മാമ്മോദീസാർത്ഥിയെ വിശ്വാസവിഷയങ്ങൾ പഠിപ്പിക്കുന്നതിനുള്ള കാലഘട്ടമാണിത്. സുവിശേഷഗ്രന്ഥം സ്വീകരിച്ച അർത്ഥി യോട് വഴിയും സത്യവും ജീവനുമായ ഈശോയെ തിരുവചനത്തിലൂടെ കണ്ടെത്താൻ ശ്രമിച്ചോ എന്ന കർമ്മക്രമത്തിലെ ചോദ്യം പ്രസക്തമാണ്. 'കർത്താവ് എന്റെ ഇടയനാകുന്നു...' എന്നു തുടങ്ങുന്ന 23-ാം സങ്കീർത്തനം ഈശോ തന്റെ സഹായകനും പരിപാലകനും, സർവ്വോപരിരക്ഷകനുമായി സ്വീകരിക്കുന്നതിന്റെ ആവശ്യകത അർത്ഥിയെ ബോധ്യപ്പെടുത്തുന്നു. തുടർന്നുവരുന്ന വിമോചക പ്രാർത്ഥനയിൽ, പാപവും പാപസാഹചര്യങ്ങളും ഉപേക്ഷിച്ച് വിശുദ്ധിയുടെ മാർഗ്ഗത്തിൽ ചരിക്കാൻ അർത്ഥിക്ക് കൃപനല്കണമെന്നു പ്രാർത്ഥിക്കുന്നു. തിരുവചനവായനകളിലൂടെ രക്ഷകനായ ഈശോയിലുള്ള വിശ്വാസം ഏറ്റുപറയുന്നതിന്റെ ആവശ്യകത അർത്ഥിയെ ബോധ്യപ്പെടുത്തുന്നു. ഇതിനുള്ള പ്രത്യുത്തരമായാണ് തുടർന്നുവരുന്ന വിശ്വാസപ്രഖ്യാപനം കാണേണ്ടത്. ഒന്നാം ഘട്ടത്തിന്റെ അവസാനം സുവിശേഷമാണ് നല്കിയതെങ്കിൽ, ഇവിടെ നല്കുന്നത് രക്ഷയുടെ ചിഹ്നമായ കുരിശാണ്. "ഈശോമിശിഹായുടെ കുരിശ്' ആപത്തുകളിൽ നിന്ന് അർത്ഥിയെ സംരക്ഷിക്കട്ടെ എന്ന ആശംസാപ്രാർത്ഥനയോടെ രണ്ടാം ഘട്ടം അവസാനിക്കുന്നു.

മൂന്നാം ഘട്ടം (കർത്തൃപ്രാർത്ഥനയും ലേപനവും)

101. രണ്ടാം ഘട്ടത്തിന്റെ അവസാനത്തിൽ നല്കപ്പെട്ട രക്ഷയുടെ ചിഹ്നവും പ്രത്യാശയുടെ ഉറവിടവുമായ കുരിശിലുള്ള വിശ്വാസം ഏറ്റു പറഞ്ഞുകൊണ്ടാണ് മൂന്നാം ഘട്ടം ആരംഭിക്കുന്നത്. സ്നാനാർത്ഥികളെ 'കർത്തൃപ്രാർത്ഥന' ഔദ്യോഗികമായി അറിയിക്കുക വിശുദ്ധഗ്രന്ഥവായനകളിലൂടെയാണ് ഇതു നടത്തുന്നത്. വിശുദ്ധ തൈലംകൊണ്ട് അഭിഷേകം ചെയ്യുക എന്നീ രണ്ട് പ്രധാന കാര്യങ്ങളാണ് ഈ ഘട്ടത്തിലുള്ളത്. ജലത്താലും ആത്മാവിനാലും വീണ്ടും ജനിക്കുന്നതിന്റെ ആവശ്യകത അർത്ഥിയെ ബോധ്യപ്പെടുത്തുകയാണ് കാറോസൂസായുടെ ഉദ്ദേശ്യം. തുടർന്നുവരുന്ന കൈവപ്രാർത്ഥനയും വിശുദ്ധ തൈലം കൊണ്ടുള്ള ലേപനവുംവഴി, മിശിഹായുടെ രാജകീയപൗരോഹിത്യത്തിൽ പങ്കുപറ്റാനും പരിശുദ്ധാത്മാവിന്റെ ആലയമായിത്തീരാനും അർത്ഥിയെ സഹായിക്കണമെന്ന് സമൂഹമൊന്നാകെ പ്രാർത്ഥിക്കുന്നു. അങ്ങനെ മാമ്മോദീസയ്ക്കുള്ള ഏറ്റവും അടുത്ത ഒരുക്കം പൂർത്തിയാക്കി മൂന്നാം ഘട്ടം സമാപിക്കുന്നു.

നാലാം ഘട്ടം (മാമ്മോദീസ)

102. മാമ്മോദീസ, തൈലാഭിഷേകം, വിശുദ്ധ കുർബാന എന്നീ മൂന്നു പ്രവേശകകൂദാശകളും ഒരുമിച്ച് സ്വീകരിക്കുന്ന കർമ്മമാണ് ഈ ഘട്ടത്തിൽ നടക്കുന്നത്. ഈശോയെ രക്ഷകനായി ഏറ്റുപറഞ്ഞ അർത്ഥി, സ്വീകരിക്കാനാഗ്രഹിക്കുന്ന ക്രൈസ്തവനാമത്തെപ്പറ്റി ആരാഞ്ഞു കൊണ്ടാണ് കർമ്മം ആരംഭിക്കുന്നത്. മാമ്മോദീസാക്രമത്തിൽ ആദ്യമായി 'സ്വർഗ്ഗസ്ഥനായ പിതാവേ' എന്ന പ്രാർത്ഥന ചൊല്ലുന്നത് ഈ ഘട്ടത്തിലാണ്. കാരണം, മൂന്നാം ഘട്ടത്തിലെ ശുശ്രൂഷയുടെ അവസരത്തിലാണ് സ്നാനാർത്ഥിയെ കർത്തൃപ്രാർത്ഥന ഔദ്യോഗികമായി അറിയിച്ചത്. കർത്താവിന്റെ തിരഞ്ഞെടുപ്പ് ലഭിച്ചതിലുള്ള സ്നാനാർത്ഥിയുടെ നിസ്സീമമായ സന്തോഷത്തെ പ്രഘോഷിക്കുന്നതാണ് തുടർന്നു വരുന്ന സങ്കീർത്തനം (സങ്കീ 104). മാമ്മോദീസയിലൂടെ ഈശോയുടെ മരണത്തിലും സംസ്കാരത്തിലും ഉത്ഥാനത്തിലും പങ്കുചേർന്ന് മിശിഹായുടെ ദൗത്യം ഈ ഭൂമിയിൽ തുടരുന്നതിന്റെ ആവശ്യകത സ്നാനാർത്ഥിയെ ബോധ്യപ്പെടുത്തുകയാണ് വിശുദ്ധഗ്രന്ഥ വായനകളുടെ ലക്ഷ്യം. തുടർന്ന് വിശ്വാസപ്രമാണം ഏറ്റുപറഞ്ഞ്, ദൈവിക ജീവൻ നല്കുന്ന പരിശുദ്ധ മാമ്മോദീസയിലൂടെ പുതുജന്മം നേടി, മൗതികശരീരത്തിൽ അംഗത്വവും നിത്യജീവനുള്ള അവകാശവും നേടുന്നു. കൈവപ്രാർത്ഥനയിലൂടെ പിതാവായ ദൈവത്തെ "ആബാ, പിതാവേ' എന്നു വിളിക്കാനുതകുന്ന പൂതസ്വീകാരത്തിന്റെ ആത്മാവിനെ അർത്ഥിയുടെ മേൽ അയയ്ക്കണമെന്ന് സമൂഹം പ്രാർത്ഥിക്കുന്നു. തുടർന്ന്, പുതുതായി ജ്ഞാനസ്നാനം സ്വീകരിച്ച വ്യക്തി തൈലാഭിഷേകത്തിലൂടെ പരിശുദ്ധാത്മാവിന്റെ കൃപാവരത്താൽ പൂരിതനാവുകയും വിശുദ്ധ കുർബാനയിൽ പങ്കുചേർന്ന്, തന്റെ ആത്മീയപോഷണമായ ദിവ്യകാരുണ്യം സ്വീകരിച്ച്, ദൈവത്തിന് നന്ദിയർപ്പിക്കുകയും ചെയ്യുന്നു. ശുശ്രൂഷയുടെ സമാപനത്തിൽ, വിശുദ്ധ ഗ്രന്ഥവും, കത്തിച്ച തിരിയും നല്കി വചനാനുസൃതം ജീവിക്കുവാനും സത്പ്രവൃത്തികൾവഴി സ്വർഗ്ഗസ്ഥനായ പിതാവിനെ മഹത്ത്വപ്പെടുത്തുവാനും ഉദ്ബോധിപ്പിക്കുന്നു.

XIV ശിശുമാമ്മോദീസ

103. ശിശുമാമ്മോദീസ സഭയുടെ അതിപുരാതനമായ പാരമ്പര്യമാണ്. രണ്ടാം നൂറ്റാണ്ടുമുതൽ ഇതേപ്പറ്റിയുള്ള സുദൃഢമായ സാക്ഷ്യം നമുക്ക് ലഭിച്ചിട്ടുണ്ട് (CCC 1252). മാതാപിതാക്കളുടെയും സ്വന്തക്കാരുടെയും, സർവ്വോപരി സഭയുടെയും വിശ്വാസമനുസരിച്ചാണ്, ശിശുക്കൾ മാമ്മോദീസ സ്വീകരിക്കുന്നത്. മറ്റുള്ളവരുടെ വിശ്വാസം എപ്രകാരം ഒരു വ്യക്തിക്ക് സഹായകമാകുന്നു എന്നതിന് ഉദാഹരണങ്ങൾ ബൈബിളിൽ കാണാൻ കഴിയും. തളർവാതരോഗി സുഖപ്പെടുന്നത് അവനെ വഹിച്ചുകൊണ്ടുവന്നവരുടെ വിശ്വാസംമൂലമാണ് (മർക്കോ 2:5). ശതാധിപന്റെ വിശ്വാസം അയാളുടെ ഭൃത്യന് സൗഖ്യകാരണമാകുന്നു (ലൂക്കാ 7:1-10); പിശാചുബാധിതനായ ബാലൻ അവന്റെ പിതാവിന്റെ വിശ്വാസംമൂലം സൗഖ്യം പ്രാപിക്കുന്നു (മർക്കോ 9:17-27). മാതാപിതാക്കളും തലതൊട്ടപ്പനും തലതൊട്ടമ്മയും സമൂഹം മുഴുവനും ശിശുക്കൾക്കുവേണ്ടിയാണ് വിശ്വാസം ഏറ്റുപറയുന്നത്. കാരണം, ഈ സ്നാനം, ഉന്നതത്തിൽനിന്നു ലഭിക്കുന്ന കൃപയാണ് (യോഹ 3:35). മാമ്മോദീസ നിത്യരക്ഷയ്ക്കാവശ്യമാണെന്ന് കർത്താവുതന്നെ പറയുന്നുണ്ട് (യോഹ 3:5). ശ്ലീഹന്മാർ പ്രസംഗിച്ച കാലത്ത് കുടുംബങ്ങൾ മുഴുവൻ മാമ്മോദീസ സ്വീകരിച്ചിരുന്നപ്പോൾ ശിശുക്കളും മാമ്മോദീസ സ്വീകരിച്ചിരുന്നുവെന്നത് തികച്ചും സാധ്യതയുളള കാര്യമാണ്. കൊർണേലിയൂസിന്റെ കുടുംബം മുഴുവൻ വിശ്വസിച്ച് ജ്ഞാനസ്നാനം സ്വീകരിക്കുന്നതായി നാം കാണുന്നു (അപ്പ 10).

ഒരുവന്റെ വിശ്വാസം വഴി മറ്റുളളവർക്ക് രക്ഷ ലഭിക്കുമെന്ന് വിശുദ്ധ പൗലോസ്ശ്ലീഹാ വ്യക്തമാക്കുന്നുണ്ട്. "അവിശ്വാസിയായ ഭർത്താവ് ഭാര്യ മുഖേനയും അവിശ്വാസിനിയായ ഭാര്യ ഭർത്താവ് മുഖേനയും വിശുദ്ധീകരിക്കപ്പെടുന്നു” (1 കോറി 7:14). അതുകൊണ്ട് ശിശുക്കൾക്ക് മാമ്മോദീസ നല്കാൻ മാതാപിതാക്കളുടെയും സഭയുടെയും വിശ്വാസം മതിയാകും (അപ്പ 16:14, 30-33, 14:15). കുട്ടികൾക്ക് ഭക്ഷണം, വിദ്യാഭ്യാസം, ഔഷധം തുടങ്ങിയവ അവരുടെ ആഗ്രഹമനുസരിച്ചല്ല. മാതാപിതാക്കൾ നിശ്ചയിക്കുന്നത്. കുട്ടികൾ തിരിച്ചറിവെത്തുമ്പോൾ തങ്ങളുടെ നന്മയെ കരുതി മാതാപിതാക്കളെടുത്ത തീരുമാനത്തെ സ്വമേധയാ അംഗീകരിക്കുന്നു. മാമ്മോദീസയിൽ ലഭിക്കുന്ന കൃപ ദൈവദാനമാണ്. ശിശുവിന്റെ ജീവൻ തന്നെയും മാതാപിതാക്കൾക്ക് ദൈവം നല്കുന്ന ദാനമാണെങ്കിൽ, അവരുടെ സമ്പൂർണ്ണസംരക്ഷണത്തിന്റെ (ആത്മീയവും ശാരീരികവുമായ) കാര്യത്തിലും മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. മാമ്മോദീസായുടെ കൃപാവരം സജീവമാക്കുന്നതിന് മാതാപിതാക്കളുടെ സഹായം സുപ്രധാനമാണെന്നു പറയുന്നതുപോലെ തന്നെയാണ് തലതൊട്ടപ്പന്റെയും തലതൊട്ടമ്മയുടെയും ധർമ്മവും. അവർ ഉറച്ച വിശ്വാസികളായിരിക്കണം. മാമ്മോദീസ സ്വീകരിച്ച വ്യക്തിയെ ശിശുവായാലും മുതിർന്ന വ്യക്തിയായാലും വിശ്വാസ വളർച്ചയിൽ സഹായിക്കാൻ അവർക്ക് കഴിയണം (CCC 1255, ആരാധനക്രമം 67).

XV മാമ്മോദീസയുടെ കാർമ്മികൻ

104. പൗരസ്ത്യകാനോൻ നിയമനുസരിച്ച് മാമ്മോദീസയുടെ സാധാരണകാർമ്മികൻ മെത്രാനോ പുരോഹിതനോ ആണ്. ലത്തീൻസഭയിൽ ഡീക്കനും സാധാരണകാർമ്മികനാണ്. അത്യാവശ്യസന്ദർഭത്തിൽ ഏതു ക്രൈസ്തവനും പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ മാമ്മോദീസ നല്കാവുന്നതാണ് (CCEO 677 § 2). എന്നാൽ, ലത്തീൻ കാനോൻ നിയമനുസരിച്ച് മാമ്മോദീസ സ്വീകരിച്ചിട്ടില്ലാത്തവർക്കുപോലും, ആവശ്യമായ നിയോഗമുണ്ടെങ്കിൽ, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ മാമ്മോദീസ നല്കാം. 'ആവശ്യമായ നിയോഗം' എന്നു പറയുമ്പോൾ സഭ മാമ്മോദീസ നല്കുമ്പോൾ ചെയ്യുന്നതെന്തോ അതു ചെയ്യാൻ ആഗ്രഹിക്കുക എന്നാണ്. മാമ്മോദീസ സ്വീകരിക്കുന്ന വ്യക്തി രക്ഷിക്കപ്പെടും എന്ന സഭയുടെ വിശ്വാസം മാമ്മോദീസ കൊടുക്കുന്നയാൾക്കു വേണം എന്നു സാരം (CCC 1256).

XVI വീട്ടുമാമ്മോദീസ

105. അത്യാവശ്യാവസരങ്ങളിൽ (മരണകരമായ സാഹചര്യങ്ങളിൽ) സാധാരണ കാർമ്മികരല്ലാത്തവർ നല്കുന്ന മാമ്മോദീസ "വീട്ടുമാമ്മോദീസ' എന്നു വിളിക്കുന്നു. വീട്ടുമാമ്മോദീസ നല്കുന്ന വ്യക്തി, പൗര്യസ്ത്യസഭകളുടെ പാരമ്പര്യമനുസരിച്ച്, സാധുവായി മാമ്മോദീസ സ്വീകരിച്ച് ക്രിസ്ത്യാനിയായിരിക്കണമെന്ന് മുകളിൽ സൂചിപ്പിച്ചുവല്ലോ. 'പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ (പേര്) മാമ്മോദീസ മുക്കപ്പെടുന്നു' എന്ന വാക്യമുച്ചരിക്കുകയും, മൂന്നുപ്രാവശ്യം കുരിശടയാളത്തിൽ ശിരസ്സിൽ വെള്ളമൊഴിക്കുകയും ചെയ്തുകൊണ്ടാണ് വീട്ടുമാമ്മോദീസ നല്കുന്നത്. ഇപ്രകാരം മാമ്മോദീസ നല്കുന്ന വ്യക്തി, ഒരാളുടെയെങ്കിലും സാക്ഷ്യത്തോടെ മാമ്മോദീസ നല്കിയ വിവരം തീയതി സഹിതം ഇടവകവികാരിയെ അറിയിച്ച്, പേര് മാമ്മോദീസാരജിസ്റ്ററിൽ ചേർക്കണം. തിരിച്ചറിവ് വന്ന വ്യക്തിയാണ് മാമ്മോദീസ സ്വീകരിച്ചതെങ്കിൽ, സ്വന്തം സാക്ഷ്യമായാലും മതി. വീട്ടുമാമ്മോദീസ നല്കിയാൽ വീണ്ടും ജലം കൊണ്ടുള്ള സ്നാനം ആവശ്യമില്ല. പ്രവേശക കൂദാശകളുടെ ബാക്കി കർമ്മങ്ങൾ (ഉദാ: ലേപനം, വെള്ളവസ്ത്രം നല്കൽ, തിരി നല്കൽ, തൈലാഭിഷേകം, ദിവ്യകാരുണ്യസ്വീകരണം) പൂർത്തിയാക്കുകയേ വേണ്ടൂ. കാരണം, ആത്മാവിൽ മായാത്ത മുദ്ര പതിപ്പിക്കുന്ന കൂദാശയാകയാൽ ഒരിക്കൽ സാധുവായി മാമ്മോദീസ സ്വീകരിച്ച വ്യക്തി വീണ്ടും അത് സ്വീകരിക്കുവാൻ പാടില്ല (CCEO 679).

XVII തലതൊട്ടപ്പനും തലതൊട്ടമ്മയും

106. മാമ്മോദീസവേളയിലെ തലതൊട്ടപ്പനെക്കുറിച്ചും തലതൊട്ടമ്മയെക്കുറിച്ചും വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ സഭ നല്കുന്നുണ്ട്. തലതൊട്ടപ്പനും തലതൊട്ടമ്മയും ഉറച്ച ക്രൈസ്തവവിശ്വാസികളായിരിക്കണം. മാമ്മോദീസ സ്വീകരിച്ച വ്യക്തിയെ ശിശുവായാലും മുതിർന്ന വ്യക്തിയായാലും, വിശ്വാസ വളർച്ചയിൽ സഹായിക്കാൻ അവർ കഴിവുള്ളവരായിരിക്കണം (CCC 1255, ആരാധനക്രമം 67). എങ്കിലും സങ്കീർണ്ണമായ സാമൂഹിക പശ്ചാത്തലത്തിൽ ചിലയിളവകൾ സഭ നല്കുന്നുണ്ട്. തലതൊട്ടപ്പൻ, തലതൊട്ടമ്മ എന്നിവരിൽ ഒരാളെങ്കിലും കത്തോലിക്കാ മാമ്മോദീസ സ്വീകരിച്ച വ്യക്തിയായിരുന്നാൽ മതിയെന്ന ഭേദഗതിയാണിത് (CCEO 684 §1). ഇവരുടെ കടമ സാധുവായി നിർവ്വഹിക്കുന്നതിന് ഏതാനും കാര്യങ്ങൾ സഭാനിയമം അനുശാസിക്കുന്നു (CCEO 685): തിരിച്ചറിവു വന്ന സ്നാനാർത്ഥിയെങ്കിൽ അയാളോടൊപ്പം വിശ്വാസം ഏറ്റു പറയാം. ശിശുവാണ് സ്നാനാർത്ഥിയെങ്കിൽ മാതാപിതാക്കളോടൊപ്പം സഭയുടെ വിശ്വാസം പരസ്യമായി പ്രഖ്യാപിക്കാനും വേണ്ട പക്വത വന്നവരായിരിക്കണം; ജ്ഞാനസ്നാനാർത്ഥിയെ വളർത്താൻ മാതാപിതാക്കളെ സഹായിക്കുന്ന ഉത്തമകത്തോലിക്കാ വിശ്വാസികളായിരിക്കണം; മാമ്മോദീസ, തൈലാഭിഷേകം, വിശുദ്ധ കുർബാന എന്നീ കൂദാശകൾ സ്വീകരിച്ചവരായിരിക്കണം; കത്തോലിക്കാസഭയിൽ അംഗങ്ങളും കത്തോലിക്കാവിശ്വാസ ജീവിതം നയിക്കുന്നവരുമായിരിക്കണം; സഭാപരമായ ശിക്ഷണനടപടികൾക്ക് വിധേയരല്ലാത്തവരുമായിരിക്കണം; തലതൊടുന്നവർ മാമ്മോദീസാർത്ഥിയുടെ മാതാവോ പിതാവോ ജീവിതപങ്കാളിയോ ആകരുത്. സീറോമലബാർ സഭയുടെ പ്രത്യേക നിയമങ്ങളിൽ തലതൊടുന്ന വ്യക്തിക്ക് 18 വയസ്സ് പൂർത്തിയായിരിക്കണമെന്നും ഇടവകക്കു പുറമെനിന്ന് വരുന്ന വ്യക്തിയാണെങ്കിൽ സ്വന്തം വികാരിയുടെ സാക്ഷിപത്രംകൊണ്ടുവരണമെന്നും നിർദ്ദേശിച്ചിരിക്കുന്നു (Art.132 § 1,2).

അടിക്കുറിപ്പുകൾ

  1. Payne Smith, A Compendious Syriac Dictionary (Mrs. Margoliuth) Oxford 1903, 416.
  2. J. P. Audet (ed.), Didache: Instructions des apôtres, Paris 1958.
  3. Narsai, "On Baptism", The Liturgical Homilies of Narsai, R.H. Connolly, Cambridge 1909.
  4. Code of Particular Law of Syro Malabar Church, Mount St. Thomas Kochi 2013.

മാമ്മോദീസ THE MEANING OF THE WORD BAPTISM മാമ്മോദീസ എന്ന വാക്കിനർത്ഥം മാമോദീസയുടെ പഴയനിയമപ്രതിരുപങ്ങൾ മാമോദീസ പുതീയനിയമത്തിൽ മാമോദീസയുടെ ചരിത്രം മാമോദീസ ക്രൈസ്‌തവജീവിതത്തിൽ മാമോദീസ ദൈവശാസ്ത്രവീക്ഷണത്തിൽ ശിശുക്കളുടെ മാമോദീസാക്രമവും വ്യാഖ്യാനവും തൈലാഭിഷേകം തൈലാഭിഷേകകുദാശയുടെ ചരിത്രം വീട്ടുമാമ്മോദീസ തലതൊട്ടപ്പനും തലതൊട്ടമ്മയും Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message