x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ആരാധനാക്രമ ദൈവശാസ്ത്രം

കൂദാശാനുകരണങ്ങൾ

Authored by : Syro-Malabar Major Archiepiscopal Commissions for Liturgy and Catechesis On 20-Sep-2022

കൂദാശാനുകരണങ്ങൾ

341. അദൃശ്യമായ ദൈവികജീവൻ അഥവാ കൃപാവരം നല്കി നമ്മെ വിശുദ്ധീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന് ഈശോ സ്ഥാപിച്ചതും തിരുസഭ പരികർമ്മം ചെയ്യുന്നതുമായ ദൃശ്യമായ അടയാളങ്ങളാണ് കൂദാശകൾ. കൂദാശകൾക്കു പുറമേ, ദൈവജനത്തിന്റെ ജീവിതത്തെയും ജീവിതസാഹചര്യങ്ങളെയും വിശുദ്ധികരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി സഭ സ്ഥാപിച്ച മറ്റുകർമ്മങ്ങളും ശുശ്രൂഷകളുമുണ്ട്. അവയാണ് കൂദാശാനുകരണങ്ങൾ (Sacramentals). കൂദാശകളെ അനുകരിച്ചുള്ള വിശുദ്ധ കർമ്മങ്ങളായതുകൊണ്ടാണ് ഇവയെ കൂദാശാനുകരണങ്ങൾ എന്നു വിളിക്കുന്നത്.

കൂദാശകൾ ഈശോമിശിഹാ സ്ഥാപിച്ചവയാണെങ്കിൽ, കൂദാശാനുകരണങ്ങൾ സഭയുടെ അധികാരത്താൽ സ്ഥാപിതമായ വിശുദ്ധ കർമ്മങ്ങൾ ആണ്. ഓരോ കാലഘട്ടത്തിലും, സഭാസമൂഹത്തിന്റെ ആവശ്യങ്ങൾ പരിഗണിച്ച് സഭ ആരംഭിച്ചവയാണ് ഈ കർമ്മങ്ങൾ. സഭാമക്കളുടെ വിവിധ ജീവിതാവസ്ഥകളെയും സാഹചര്യങ്ങളെയും, ജീവിതവുമായി ബന്ധപ്പെട്ട ആഘോഷങ്ങളെയും സ്ഥലങ്ങളെയും വസ്തുക്കളെയും വിശുദ്ധീകരിക്കുകയാണ് ഇവയുടെ ലക്ഷ്യം (CCC 1667). ഈ കർമ്മങ്ങളിലൂടെ ലഭിക്കുന്ന കൃപാവരംവഴി വിശ്വാസികളും അവരുടെ ജീവിതസാഹചര്യങ്ങളും വിശുദ്ധീകരിക്കപ്പെടുന്നു; കൂദാശകളുടെ ഫലങ്ങൾ പൂർണ്ണതയിൽ സ്വായത്തമാക്കാൻ അവ വിശ്വാസികളെ സജ്ജരാക്കുന്നു.

പ്രത്യേക സ്ഥലങ്ങളിലെയും കാലഘട്ടങ്ങളിലെയും ക്രൈസ്തവസമൂഹത്തിന്റെ ആവശ്യങ്ങളോടും സംസ്കാരങ്ങളോടും പ്രത്യേക ചരിത്രത്തോടും ബന്ധപ്പെട്ടാണ് കൂദാശാനുകരണങ്ങൾ രൂപപ്പെട്ടിട്ടുള്ളത്. ഇവയ്ക്കു പ്രാദേശികമായോ സാർവ്വത്രികമായോ ഔദ്യോഗികാംഗീകാരം നല്കുന്നത് ബന്ധപ്പെട്ട സഭാധികാരികളാണ്. ഓരോ കൂദാശാനുകരണത്തിലും പ്രത്യേക പ്രാർത്ഥനകൾ കൂടാതെ, കൈവയ്പ്, കുരിശടയാളം വരയ്ക്കൽ, വിശുദ്ധജലം തളിക്കൽ, ആശീർവ്വദിക്കൽ, ധൂപിക്കൽ തുടങ്ങിയ കർമ്മങ്ങളും ഉണ്ടാകാം (CCC 1668). കൂദാശാനുകരണങ്ങൾ സഭാപരവും കൗദാശികവുമായ ജീവിതവുമായി എത്ര കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നുവോ അതിനനുസരിച്ച് അതിന്റെ പരികർമ്മം, ശുശ്രൂഷാ പൗരോഹിത്യം ലഭിച്ചവർക്കായി (മെത്രാന്മാർ, വൈദികർ, ഡീക്കൻമാർ) മാറ്റിവയ്ക്കപ്പെട്ടിരിക്കുന്നു (CCC 1669). കൂദാശകളാണ് പരിശുദ്ധാത്മാവിന്റെ കൃപാവരം അതിന്റെ പൂർണ്ണതയിൽ സ്വീകരിക്കാനുള്ള ഉപാധികൾ. കൂദാശകൾ കഴിഞ്ഞാൽ ക്രിസ്തുശിഷ്യരുടെ ജീവിതത്തെ ഏറ്റവുമധികം ധന്യമാക്കുവാൻ കഴിവുള്ള കർമ്മങ്ങളാണ് കൂദാശാനുകരണങ്ങൾ. മിശിഹായുടെ പീഡാനുഭവവും മരണവും ഉത്ഥാനവുമാകുന്ന പെസഹാരഹസ്യത്തിൽ നിന്നാണ് എല്ലാ കൂദാശകളും കൂദാശാനുകരണങ്ങളും ശക്തി സ്വീകരിക്കുന്നത് (CCC 1670).

കൂദാശാനുകരണങ്ങളുടെ വിവിധ രൂപങ്ങൾ

342. നമ്മുടെ സഭയിലെ കൂദാശാനുകരണങ്ങളിൽ പ്രധാനപ്പെട്ടവ മൂറോൻ കൂദാശ, ദേവാലയ കൂദാശ, സമർപ്പിതരുടെ പ്രതിഷ്ഠ, മൃതസംസ്കാരകർമ്മം, പിശാചുബഹിഷ്കരണകർമ്മം, ആശീർവ്വാദങ്ങൾ അഥവാ വെഞ്ചരിപ്പുകൾ എന്നിവയാണ്. ഇവയിൽത്തന്നെ ചിലത് സ്ഥായിയായ ഫലങ്ങൾ ഉണ്ടാക്കുന്നവയാണ്. അതുവഴി ചിലവസ്തുക്കളെയും, സ്ഥലങ്ങളെയും, വ്യക്തികളെയും സഭ ദൈവത്തിനായി പ്രതിഷ്ഠിക്കുകയും, ദൈവാരാധനയ്ക്കും ദൈവിക ശുശ്രൂഷയ്ക്കുമായി മാറ്റിവയ്ക്കുകയും ചെയ്യുന്നു. മൂറോൻ കൂദാശ, ദേവാലയകൂദാശ, സമർപ്പിതരുടെ പ്രതിഷ്ഠ എന്നിവ ഈ ഗണത്തിൽപ്പെടുന്നു.

I മൂറോൻ കൂദാശാകർമ്മം

343. കൂദാശാനുകരണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് മൂറോൻ കൂദാശ അഥവാ സൈത്ത് വെഞ്ചരിപ്പാണ്. സുഗന്ധദ്രവ്യങ്ങൾചേർത്ത് ഉണ്ടാക്കിയ തൈലത്തെ അഥവാ എണ്ണയെയാണ് മൂറോൻ അഥവാ സൈത്ത് എന്നു പറയുന്നത്. ഒലിവെണ്ണയിൽ സുഗന്ധദ്രവ്യങ്ങൾ ചേർത്താണ് സാധാരണമായി സൈത്ത് തയ്യാറാക്കുന്നത്. സീറോമലബാർ സഭയിൽ ഏതെങ്കിലും സസ്യഎണ്ണയിൽ സുഗന്ധ ദ്രവ്യങ്ങൾ ചേർത്തും സൈത്ത് ഉണ്ടാക്കാം. മെത്രാനാണ് ഈ കൂദാശാകർമ്മത്തിന്റെ കാർമ്മികൻ. സാധാരണമായി പീഡാനുഭവവാരത്തിലോ അതിനടുത്ത ഏതെങ്കിലും ദിവസങ്ങളിലോ ആണ് മൂറോൻ കൂദാശ നടത്തുന്നത്. കർത്താവിന്റെ പരിശുദ്ധാത്മാവ് എഴുന്നള്ളിവന്ന് ഈ തൈലത്തിന്റെ മേൽ ആവസിച്ച്, ഇതിനെ വേർതിരിക്കുകയും വിശുദ്ധീകരിക്കുകയും പവിത്രീകരിക്കുകയും ചെയ്യണമെന്ന് അപേക്ഷിച്ചുകൊണ്ട് താൻ നടത്തുന്ന ആശീർവ്വാദ പ്രാർത്ഥനയും കുരിശടയാളത്തിൽ റൂശ്മചെയ്യലുമാണ് മൂറോൻ കൂദാശയുടെ പ്രധാന കർമ്മം. പഴയ നിയമത്തിൽ പ്രവാചകന്മാരെയും പുരോഹിതന്മാരെയും രാജാക്കന്മാരെയും അഭിഷേകം ചെയ്യാൻ ഉപയോഗിച്ച വിശുദ്ധ തൈലം, ഇപ്രകാരം കൂദാശ ചെയ്യപ്പെടുന്ന തൈലത്തിന്റെ പ്രതിരൂപമാണ്. അഭിഷേകതൈലം തയ്യാറാക്കുന്നതിന്റെ കർമ്മവിധികൾ പുറപ്പാടിന്റെ പുസ്തകത്തിൽ വിവരിക്കുന്നുണ്ട് (പുറ 30:22-33). ഈ തൈലം വളരെ വിശുദ്ധമായിട്ടാണ് ഇസ്രായേൽജനം സൂക്ഷിച്ചിരുന്നത്.

344. സീറോമലബാർ സഭയിൽ, കൂദാശ ചെയ്യപ്പെട്ട മൂറോൻ ഉപയോഗിക്കുന്നത് തൈലാഭിഷേക (സ്ഥൈര്യലേപനം) കൂദാശയിൽ അർത്ഥികളെ ലേപനം ചെയ്യുന്നതിനും പൗരോഹിത്യം, മെത്രാഭിഷേകം എന്നീ കർമ്മങ്ങളിൽ ലേപനമുണ്ടെങ്കിൽ അതിനും, മാമ്മോദീസാജലവും തൈലവും ആശീർവദിക്കുന്നതിനുമാണ്.

പരിശുദ്ധാത്മാവിന്റെ പ്രത്യേക ആവാസംവഴി പവിത്രീകരിക്കപ്പെട്ട ഈ വിശുദ്ധതൈലം ലേപനം ചെയ്ത് പ്രാർത്ഥിക്കുന്നതുവഴി ഇതിനാൽ, അഭിഷേകം ചെയ്യപ്പെടുന്ന വ്യക്തികളെയും സ്ഥലങ്ങളെയും വസ്തുക്കളെയും പരിശുദ്ധാത്മാവിന്റെ ശക്തിയാൽ വേർതിരിക്കുകയും വിശുദ്ധീകരിക്കുകയും പൂർണ്ണമാക്കുകയും ചെയ്യുന്നു.

പരിശുദ്ധാത്മാവിന്റെ പ്രത്യേക സാന്നിദ്ധ്യം പേറുന്ന ഈ വിശുദ്ധ തൈലം ബഹുമാനത്തോടും ഭക്തിയോടുംകൂടി വേണം കൈകാര്യം ചെയ്യുക. മെത്രാന്മാർക്കും വൈദികർക്കും മാത്രമേ ഈ തൈലംകൊണ്ട് പരികർമ്മം ചെയ്യാൻ അനുവാദമുള്ളൂ. ദേവാലയത്തിൽ മദ്ബഹായോടുചേർന്ന് പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള സ്ഥലത്താണ് ഈ വിശുദ്ധ തൈലം സൂക്ഷിക്കേണ്ടത്.

II ദേവാലയകൂദാശാകർമ്മം

345. ദൈവത്തിന്റെ പ്രത്യേകസാന്നിദ്ധ്യമുള്ള സ്ഥലമാണ് ദേവാലയം. ദൈവാരാധനയ്ക്കായി പണിത ആലയം ഈ കൂദാശാ കർമ്മംവഴി വേർതിരിക്കപ്പെടുകയും വിശുദ്ധീകരിക്കപ്പെടുകയും, ദൈവത്തിനും ദൈവാരാധനയ്ക്കുമായി പ്രതിഷ്ഠിക്കപ്പെടുകയും ചെയ്യുന്നു. ഇതിന്റെ അടയാളമായി കാർമ്മികനായ മെത്രാൻ വിശുദ്ധതൈലം പൂശി ബലിപീഠവും അതിന്റെ പിറകിലുള്ള ചുവരും, ദേവാലയത്തിന്റെ ഇരുവശങ്ങളിലുമുള്ള ചുവരുകളും പ്രധാന കവാടവും, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ, റൂശ്മ ചെയ്യുകയും ധൂപിക്കുകയും ചെയ്യുന്നു. അതേത്തുടർന്ന് കാർമ്മികൻ വിശുദ്ധജലം തളിച്ച് ദേവാലയവും പരിസരവും വിശുദ്ധീകരിക്കുന്നു.

ദൈവാരാധനയ്ക്കായി നിർമ്മിച്ച ആലയം ഈ കൂദാശാകർമ്മംവഴി ദൈവത്തിന്റെ ആലയമായിത്തീരുന്നു. അതിനാലാണ് ദൈവത്തോടു പ്രാർത്ഥിക്കുന്നതിനും ദൈവത്തിനു ബലിയർപ്പിക്കുന്നതിനുമായി ദൈവജനം അവിടെ ഒന്നുചേരുന്നത്.

പഴയനിയമത്തിലെ സമാഗമകൂടാരവും (പുറ 33:7-11), ജറുസലേം ദേവാലയത്തിന്റെ നിർമ്മാണവും പ്രതിഷ്ഠയുമായി ബന്ധപ്പെട്ട കാര്യങ്ങളും (1 രാജാ 8:1-66), പുതിയനിയമത്തിലെ ജറുസലേം ദേവാലയത്തിന്റെ ശുദ്ധീകരണവുമെല്ലാം (യോഹ 2:13 -22) ദേവാലയത്തിന്റെ പവിത്രതയും പ്രാധാന്യവും മനസ്സിലാക്കാൻ സഹായിക്കുന്നു. അതോടൊപ്പം മാമ്മോദീസായിലൂടെ ദൈവമക്കളായിത്തീർന്ന നാം ദൈവാത്മാവിന്റെ ആലയങ്ങളാണെന്നും ദൈവത്തിനു പ്രതിഷ്ഠിതരായ വ്യക്തികളാണെന്നുമുളള ഓർമ്മ നിലനിർത്താനും ദേവാലയം നമ്മെ സഹായിക്കുന്നു.

346. ദൈവസാന്നിദ്ധ്യത്താൽ ദേവാലയം പരിശുദ്ധമാണ്. അതിനാൽ അതിന്റെ പരിശുദ്ധിക്കു നിരക്കുന്ന വിധത്തിലായിരിക്കണം ദേവാലയത്തിലുള്ള നമ്മുടെ പെരുമാറ്റം. മാമ്മോദീസായിലൂടെ വിശുദ്ധീകരിക്കപ്പെട്ടാണ് നാം സഭയുടെ അംഗങ്ങളായിത്തീർന്നതും, ദൈവത്തിന്റെ ആലയമായ ദേവാലയത്തിലേക്കു പ്രവേശിച്ചതും. ഭക്തിയോടും വിശുദ്ധിയോടും കൂടിയാണ് ദേവാലയത്തിലേക്കു പ്രവേശിക്കേണ്ടതെന്ന് മാമ്മോദീസ നമ്മെ അനുസ്മരിപ്പിക്കുന്നു. അതിന്റെ ഓർമ്മയ്ക്കായാണ് ദേവാലയത്തിൽ പ്രവേശിക്കുമ്പോൾ നാം വിശുദ്ധജലം തൊട്ട് കുരിശുവരയ്ക്കുന്നത്.

III സമർപ്പിതരുടെ പ്രതിഷ്ഠാകർമ്മം

347. ദൈവത്തിനും ദൈവികശുശ്രൂഷയ്ക്കുമായി ജീവിതം പൂർണ്ണമായി സമർപ്പിക്കുവാൻ തയ്യാറാകുന്ന വ്യക്തികളെ ദൈവത്തിനായി വേർതിരിച്ചു വിശുദ്ധീകരിച്ചു പ്രതിഷ്ഠിക്കുന്ന കർമ്മമാണ് സമർപ്പിതരുടെ പ്രതിഷ്ഠാകർമ്മം. ഈ പ്രതിഷ്ഠാകർമ്മത്തിൽ അനുസരണം, ബ്രഹ്മചര്യം, ദാരിദ്ര്യം എന്നീ വ്രതങ്ങൾ പാലിച്ച് ജീവിച്ചു കൊള്ളാമെന്ന വാഗ്ദാനവും ഉൾക്കൊള്ളുന്നതുകൊണ്ട് വ്രതവാഗ്ദാനകർമ്മം എന്നും ഇത് അറിയപ്പെടുന്നു. വ്രതങ്ങൾ പാലിച്ച് ജീവിച്ച് ദൈവത്തിനും ദൈവജനത്തിനുംവേണ്ടി ശുശ്രൂഷ ചെയ്യുവാനുള്ള അനുഗ്രഹം ഈ കർമ്മംവഴി ദൈവം അവർക്കു നല്കുന്നു.

348. സീറോമലബാർ സഭയിൽ സന്ന്യാസവ്രതവാഗ്ദാനകർമ്മത്തിന്റെ കാർമ്മികൻ മെത്രാനോ വൈദികനോ ആണ്. എന്നാൽ സമർപ്പണം ചെയ്യുന്നവരുടെ വ്രതവാഗ്ദാനം സ്വീകരിക്കുന്നത് അതതു സന്ന്യാസസമൂഹത്തിന്റെ മേലധികാരി ആയിരിക്കും. സാധാരണമായി കുർബാനയോടു ചേർന്നാണ് ഈ കർമ്മം നടത്തുന്നത്. വ്രതവാഗ്ദാനത്തെത്തുടർന്ന് അവരുടെ ആത്മസമർപ്പണത്തിന്റെ അടയാളമായി അവർ ധരിക്കുന്ന സന്ന്യാസവസ്ത്രം, കുരിശുരൂപം, മെഡൽ, മോതിരം, അരപ്പട്ട, ചരട് എന്നിവ കാർമ്മികൻ ആശീർവ്വദിച്ചു നല്കുന്നു. അതേത്തുടർന്ന് കാർമ്മികന്റെ സമർപ്പണ പ്രാർത്ഥനയിലൂടെ അവർ സഭയിൽ ദൈവത്തിന് പ്രത്യേകമായി പ്രതിഷ്ഠിതരായ വ്യക്തികളായി മാറുന്നു. സമർപ്പിതർ ധരിക്കുന്ന ഔദ്യോഗികവസ്ത്രവും ക്രൂശിതരൂപവും, മെഡലും മോതിരവും, അരപ്പട്ടയും ചരടും അവരുടെ സമർപ്പണത്തെ അനുസ്മരിക്കുവാനും അതനുസരിച്ച്, ജീവിക്കുവാനും അവരെ പ്രേരിപ്പിക്കുന്ന അടയാളങ്ങളാണ്.

IV മൃതസംസ്കാരകർമ്മം

349. ക്രൈസ്തവനെ സംബന്ധിച്ച് മരണം ഒരു കടന്നുപോകലാണ്. നിത്യജീവിതത്തിലേക്കുള്ള കടന്നുപോകൽ. മൃതസംസ്കാരകർമ്മം സഭയുടെ ഒരു പ്രധാനപ്പെട്ട വിശ്വാസാഘോഷമാണ്. പരേതർക്കു വേണ്ടി പ്രാർത്ഥിക്കുവാനും പരേതരോടും കുടുംബാംഗങ്ങളോടും ബന്ധുക്കളോടുമുള്ള കൂട്ടായ്മ പ്രകാശിപ്പിക്കാനും മൃതസംസ്കാരത്തിൽ പങ്കുചേരുന്ന സമൂഹത്തോട് നിത്യജീവന്റെ സുവിശേഷം പ്രഘോഷിക്കാനും മരണത്തെക്കുറിച്ചും നിത്യജീവിതത്തെക്കുറിച്ചും എല്ലാവരെയും ഓർമ്മപ്പെടുത്താനും മരണാനന്തരജീവിതത്തിലുള്ള വിശ്വാസം ഏറ്റുപറയാനും സഹായിക്കുന്ന കർമ്മമാണിത്.

350. സീറോമലബാർ സഭയിലെ മൃതസംസ്കാരകർമ്മത്തിൽ പ്രധാനമായും, പരേതരുടെ പാപങ്ങൾക്കു മോചനവും കടങ്ങൾക്കു പൊറുതിയും നല്കി നിത്യജീവിതത്തിലേക്ക് പ്രവേശിപ്പിക്കണമേ എന്ന പ്രാർത്ഥനകളാണ് ഉള്ളത്. ഒപ്പം, ഈ വേർപാടിൽ ദുഃഖിതരായിരിക്കുന്ന കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കണം എന്നും പ്രാർത്ഥിക്കുന്നു. സീറോമലബാർസഭയിൽ മെത്രാന്മാർ, വൈദികർ, സമർപ്പിതർ, അല്മായർ എന്നിവർക്കായി പ്രത്യേക മൃതസംസ്കാര ശുശ്രൂഷകളുണ്ട്. കുട്ടികൾക്കായും പ്രത്യേക ശുശ്രൂഷാകർമ്മമുണ്ട്.

351. അല്മായരുടെയും കുട്ടികളുടെയും മൃതസംസ്കാരശുശ്രൂഷ വീട്ടിൽ, ദേവാലയത്തിൽ, സിമിത്തേരിയിൽ എന്നിങ്ങനെ മൂന്നു ഘട്ടങ്ങളായുള്ള പ്രാർത്ഥനാശുശ്രൂഷകളാണുള്ളത്. കുട്ടികളുടെ മൃതസംസ്കാര ശുശ്രൂഷയിലെ പ്രാർത്ഥനകളിൽ ഇളംപ്രായത്തിൽ ലോകംവിട്ട് ദൈവസന്നിധിയിലേക്ക് യാത്രയായിരിക്കുന്ന കുട്ടിയെ അനുഗ്രഹിക്കണമെന്നും ദുഃഖാർത്ഥരായ മാതാപിതാക്കളെയും ബന്ധുക്കളെയും ആശ്വസിപ്പിക്കണമെന്നും ദൈവതിരുമനസ്സിനു കീഴ്വഴങ്ങാനുള്ള ശക്തി അവർക്കു നല്കണമെന്നും പ്രാർത്ഥിക്കുന്നു.

അല്മായരുടെയും കുട്ടികളുടെയും മൃതസംസ്കാര ശുശ്രൂഷയിലെ പ്രാർത്ഥനകളിലൂടെയും പ്രബോധനഗാനങ്ങളിലൂടെയും വിശുദ്ധഗ്രന്ഥവായനകളിലൂടെയും മരണത്തെക്കുറിച്ചും മരണാനന്തര ജീവിതത്തെക്കുറിച്ചുമുള്ള സഭയുടെ പ്രബോധനങ്ങൾ അനുസ്മരിക്കുകയും മൃതസംസ്കാരശുശ്രൂഷയിൽ സന്നിഹിതരായിരിക്കുന്നവരെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു. പരേതരുടെ പാപങ്ങൾ ക്ഷമിച്ച് സ്വർഗ്ഗരാജ്യപ്രവേശനത്തിന് അവരെ അർഹരാക്കണമെന്നും വേർപാടിൽ ദുഃഖിതരായിരിക്കുന്ന കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും ആശ്വസിപ്പിക്കണമെന്നുമാണ് മുഖ്യമായ പ്രാർത്ഥന. വിശ്വാസപ്രമാണം ചൊല്ലുന്നതുവഴി, സഭയിലും സഭാകൂട്ടായ്മയിലും മരണാനന്തര ജീവിതത്തിലുമുള്ള വിശ്വാസം ഏറ്റുപറയുന്നു.

352. മൃതസംസ്കാര ശുശ്രൂഷയിലെ പ്രധാനപ്പെട്ട ഒരു ഭാഗം പ്രബോധനഗാനങ്ങളാണ്. “മരണം വരുമൊരുനാൾ ഓർക്കുക മർത്യാ നീ...', "നാഥനണഞ്ഞിടുമന്തിമനാളിൽ..', 'എവിടെയൊളിക്കും കർത്താവേ നിൻ...' എന്നീ ഗാനങ്ങളിലൂടെ മരണത്തെക്കുറിച്ചും മരണാനന്തര ജീവിതത്തെക്കുറിച്ചും സഭ വിശ്വാസികളെ ഓർമ്മപ്പെടുത്തുന്നു. മൃതസംസ്കാര ശുശ്രൂഷയിലെ 'വിടവാങ്ങുന്നേൻ നശ്വരമുലകിൽ' എന്ന വിടവാങ്ങൽ ഗാനത്തിലൂടെയും, ദേവാലയത്തിൽ വച്ചുള്ള വിടവാങ്ങൽ പ്രാർത്ഥനയിലൂടെയും പരേതൻ പരേതതന്റെ ഭവനത്തോടും കുടുംബാംഗങ്ങളോടും സ്നേഹിതരോടും ദേവാലയത്തോടും ആത്മീയ പാലകരായ വൈദികരോടും യാത്ര പറയുന്നു. 'സ്വർഗ്ഗരാജ്യത്തിൽ നാം ഒരുമിക്കുന്നതുവരെ നിങ്ങൾ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ' എന്ന യാത്രാമൊഴികളോടെയാണ് പരേതൻ/ പരേത നമ്മോടു വിടപറയുന്നത്. ഇത് മരിച്ചവർക്കുവേണ്ടി പ്രാർത്ഥിക്കാനും, സ്വർഗ്ഗരാജ്യത്തിൽ നാം ഒരുമിച്ചു ചേരും എന്ന പ്രത്യാശയോടെ ജീവിക്കാനും വിശ്വാസികൾക്കു പ്രചോദനം നല്കുന്നു.

353. മെത്രാൻമാരുടെയും വൈദികരുടെയും മൃതസംസ്കാരശുശ്രൂഷയ്ക്ക് നാലു ഭാഗങ്ങളുണ്ട്. ഒന്നാം ഭാഗം പള്ളിമുറിയിൽ/ ഭവനത്തിൽ വച്ചും രണ്ടാം ഭാഗം ദേവാലയത്തിൽ വച്ചും നടത്തുന്നു. മൂന്നാം ഭാഗം വിശുദ്ധ കുർബാനയാണ്. അതിനുശേഷമാണ് കബറടക്ക ശുശ്രൂഷയായ നാലാം ഭാഗം. മെത്രാൻമാരുടെയും വൈദികരുടെയും മൃതസംസ്കാര ശുശ്രൂഷയുടെ കർമ്മങ്ങൾ പൊതുവേ സമാനമാണെങ്കിലും ഓരോരുത്തരുടെയും പ്രത്യേകമായ ശുശ്രൂഷകളെ അനുസ്മരിച്ചു ചൊല്ലുന്ന പ്രാർത്ഥനകളും വിശുദ്ധ ഗ്രന്ഥവായനകളും കാറോസൂസപ്രാർത്ഥനകളും വ്യത്യസ്തങ്ങളാണ്. മരണം പ്രാപിച്ച മെത്രാൻ അല്ലെങ്കിൽ, വൈദികൻ ചെയ്തുപോയ പാപങ്ങൾ ക്ഷമിക്കണമെന്നും ജീവിതകാലത്ത് ദൈവത്തിനു സാക്ഷ്യം വഹിക്കുകയും ദൈവജനത്തിന് ശുശ്രൂഷകൾ അനുഷ്ഠിക്കുകയും ചെയ്ത അദ്ദേഹത്ത വിശുദ്ധരുടെ സമൂഹത്തിലേക്കു പ്രവേശിപ്പിക്കണമെന്നുമാണ് പ്രാർത്ഥനകളിലൂടെ പ്രധാനമായും യാചിക്കുന്നത്. ദേവാലയത്തിൽ അനുഷ്ഠിച്ച കർമ്മങ്ങൾ എടുത്തുപറഞ്ഞു ബലിപീഠത്തോടും ദേവാലയത്തോടും യാത്ര ചോദിക്കുന്നതിനെ അനുസ്മരിക്കുന്ന ചടങ്ങും നഗരികാണിക്കൽ ചടങ്ങും ഈ ശുശ്രൂഷയുടെ പ്രത്യേകതകളാണ്. "ഇതുവരെ ഞങ്ങൾ അങ്ങയെ അനുഗമിച്ചു. ഇനി ദൈവത്തിന്റെ മാലാഖാമാർ അങ്ങയെ അനുഗമിക്കട്ടെ. അങ്ങയുടെ അദ്ധ്വാനങ്ങൾക്കും ക്ലേശങ്ങൾക്കും ദൈവം പ്രതിഫലം നല്കട്ടെ" എന്നും ആശംസിക്കുന്നു. വിചാരത്താലും വചനത്താലും പ്രവൃത്തിയാലും അദ്ദേഹം ചെയ്തുപോയ പാപങ്ങളെല്ലാം പൊറുത്ത് മാലാഖാമാരുടെയും വിശുദ്ധരുടെയും വസതിയിലേക്ക് അദ്ദേഹത്തെ സ്വീകരിക്കണമെന്ന പ്രാർത്ഥനയോടെയാണ് മൃതസംസ്കാരശുശ്രൂഷ സമാപിക്കുന്നത്.

354. സന്ന്യാസിനീസന്ന്യാസിമാർക്കുള്ള മൃതസംസ്കാര ശുശ്രൂഷയ്ക്കും നാലുഭാഗങ്ങളുണ്ട്. മരിച്ചയാളുടെ മുറിയിൽവച്ചു നടത്തേണ്ട കർമ്മങ്ങൾ ഒന്നാം ഭാഗമായും വിശുദ്ധ കുർബ്ബാനയ്ക്കു മുമ്പു നടത്തുന്നവ രണ്ടാം ഭാഗമായും വിശുദ്ധ കുർബ്ബാന മൂന്നാം ഭാഗമായും അന്തിമകർമ്മങ്ങൾ നാലാം ഭാഗമായും നടത്തുന്നു. സന്ന്യാസവൈദികരുടെയും ഇടവക വൈദികരുടെയും മൃതസംസ്കാര ശുശ്രൂഷയുടെ കർമ്മങ്ങൾ പൊതുവേ സമാനമാണ്. മരിച്ചവ്യക്തി ജീവിതകാലത്തു അനുഷ്ഠിച്ച പ്രാർത്ഥനകളും തപശ്ചര്യകളും സത്കൃത്യങ്ങളും പരിഗണിച്ച് പാപമോചനം നല്കണമെന്നും സ്വർഗ്ഗീയ പറുദീസായിലേക്കു പ്രവേശിപ്പിക്കണമെന്നുമാണ് പ്രാർത്ഥനകളിലൂടെയും പ്രബോധനഗാനങ്ങളിലൂടെയും അപേക്ഷിക്കുന്നത്.

355. സീറോമലബാർസഭയിൽ മരിച്ചവരുടെ ഓർമ്മയാചരണദിനങ്ങൾക്കായി നാളോത്ത്, പുലയടിയന്തിരം, മരണവാർഷികം എന്നീ ശുശ്രുഷാക്രമങ്ങൾ ഉണ്ട്. മരിച്ചവർക്കുവേണ്ടിയുള്ള പൊതുപ്രാർത്ഥനകളായ വലിയ ഒപ്പീസ്, ചെറിയ ഒപ്പീസ്, അന്നീദ എന്നിവയും ഈ തിരുക്കർമ്മങ്ങളുടെ അനുബന്ധമായി നിലകൊള്ളുന്നു. മൃതശരീരം സംസ്കരിച്ചശേഷം പുരോഹിതൻ മരിച്ചയാളിന്റെ വീട്ടിലോ, വീട്ടിൽ പോകാൻ സാധിക്കാത്തപ്പോൾ പള്ളിയിലോ വച്ചു നടത്തുന്ന ഒരു കർമ്മമാണ് നാളോത്ത്. മരണത്തിനുശേഷം ഒരു നിശ്ചിതദിവസം (ഉദാ: ഏഴ്, മുപ്പത്, നാല്പത്തിയൊന്ന്...) പ്രത്യേക പ്രാർത്ഥനകൾ ദേവാലയത്തിലും സിമിത്തേരിയിലും നടത്തുന്ന പതിവ് നമ്മുടെ സഭയിലുണ്ട്. മരണം മൂലം വേർപെട്ടുപോയ ആളിന്റെ ആത്മാവിനു നിത്യശാന്തിനല്കണമെന്നും ദുഃഖിതരായിരിക്കുന്ന ബന്ധുമിത്രാദികളെ ആശ്വസിപ്പിക്കണമെന്നും മൃതസംസ്കാരശുശ്രൂഷയിലും മറ്റുശുശ്രൂഷകളിലും പങ്കുചേർന്ന എല്ലാവരെയും അനുഗ്രഹിക്കണമെന്നും ഈ ശുശ്രൂഷകളിൽ പ്രാർത്ഥിക്കുന്നു.

മരണവാർഷികാവസരങ്ങളിൽ മരിച്ച വ്യക്തിക്കുവേണ്ടി ദേവാലയത്തിലും സിമിത്തേരിയിലും പ്രത്യേക പ്രാർത്ഥനകളും, വീട്ടിൽ ചാത്തവും (ശ്രാദ്ധം) നടത്തുന്ന പാരമ്പര്യം പലസ്ഥലങ്ങളിലും നിലവിലുണ്ട്. ജീവിച്ചിരിക്കുന്നവരുടെ പ്രാർത്ഥനകൾ സ്വീകരിച്ച് മരിച്ചുപോയ വ്യക്തിയുടെ പാപങ്ങൾക്കെല്ലാം മാപ്പുകൊടുക്കണമെന്നും നിത്യാനന്ദത്തിന്റെ പറുദീസ തുറന്നു കൊടുക്കണമെന്നുമാണ് ഈ പ്രാർത്ഥനകളിലെ പ്രധാനാശയം.

V പിശാചുബഹിഷ്കരണകർമ്മം

356. ദുഷ്ടാരൂപിയുടെ ശക്തിയിൽനിന്ന് ഒരു വ്യക്തിയെയോ വസ്തുവിനെയോ സംരക്ഷിക്കണമെന്നും അവന്റെ ആധിപത്യത്തിൽനിന്നു വിടുവിക്കണമെന്നും മിശിഹായുടെ നാമത്തിൽ പരസ്യമായും ആധികാരികമായും നടത്തുന്ന പ്രാർത്ഥനയാണ് പിശാചുബഹിഷ്കരണകർമ്മത്തിലുള്ളത്. ഇതുവഴി, പിശാചുബാധിതരായവർ, ഈശോയാൽ വിമോചിതരാക്കപ്പെടുകയും ദൈവരാജ്യാനുഭവത്തിലേക്കു നയിക്കപ്പെടുകയും ചെയ്യുന്നു. ഈശോ പിശാചുക്കളെ ബഹിഷ്കരിച്ചിരുന്നു. ഈശോയിൽ നിന്നാണ് സഭ പിശാചുബഹിഷ്കരണത്തിനുള്ള ശക്തിയും ദൗത്യവും സ്വീകരിക്കുന്നത്. മാമ്മോദീസാവേളയിൽ മാമ്മോദീസാർത്ഥി പിശാചിനെ ഉപേക്ഷിക്കുന്നു. അതേ തുടർന്ന്, ഒന്നാമത്തെ തൈലാഭിഷേകത്തിലൂടെ ലളിതരൂപത്തിലുള്ള പിശാചുബഹിഷ്കരണം നടത്തുന്നു. കുർബാനക്രമത്തിൽ കുർബാന സ്വീകരണത്തിനുമുമ്പുള്ള “സ്വർഗ്ഗസ്ഥനായ പിതാവേ.." എന്ന പ്രാർത്ഥനയ്ക്കുശേഷം ദുഷ്ടാരൂപിയിൽനിന്നും അവന്റെ സൈന്യങ്ങളിൽനിന്നും ഞങ്ങളെ രക്ഷിക്കണമെന്ന് കാർമ്മികൻ പ്രാർത്ഥിക്കുന്നു. എന്നാൽ, പുരോഹിതൻ മെത്രാന്റെ അനുവാദത്തോടെ മാത്രമേ ഔദ്യോഗികമായ പിശാചുബഹിഷ്കരണം (Formal Exorcism) നടത്താവൂ.

VI വെഞ്ചരിപ്പുകൾ അഥവാ ആശീർവാദങ്ങൾ

357. സഭയിലെ കൂദാശാനുകരണങ്ങളിൽ വളരെ പ്രാധാന്യമുള്ള വിവിധ വെഞ്ചരിപ്പുകളും ആശീർവാദങ്ങളുമുണ്ട്. ആശീർവാദങ്ങൾ പ്രധാനമായും മൂന്നു തരത്തിലുള്ളവയാണ്. വ്യക്തികളുടെ ആശീർവാദം, സ്ഥലങ്ങളുടെ ആശീർവാദം, വസ്തുക്കളുടെ ആശീർവാദം. ഈശോയുടെ നാമത്തിൽ ദൈവത്തെ സ്തുതിച്ചും വസ്തുക്കളുടെയും സ്ഥലങ്ങളുടെയും വ്യക്തികളുടെയും മേൽ ദൈവകൃപ പ്രാർത്ഥിച്ചുമാണ് എല്ലാ ആശീർവാദങ്ങളും നടത്തുന്നത്. കാരണം, പിതാവായ ദൈവം മിശിഹായിലൂടെയാണ് എല്ലാ ആത്മീയവരങ്ങളാലും നമ്മെ അനുഗ്രഹിക്കുന്നത്. (എഫേ 1-3). സഭ നല്കുന്ന ആശീർവാദങ്ങളെല്ലാം ഈശോയുടെ നാമത്തിലും അവിടത്തെ കുരിശിന്റെ അടയാളത്തിലുമാണ്.

358. പരിശുദ്ധ കുർബാനയുടെ ആശീർവാദം (വാഴ്വ്) അഥവാ ദിവ്യകാരുണ്യം കൊണ്ട് വിശ്വാസികളെ ആശീർവദിക്കുന്ന കർമ്മം ആശീർവാദങ്ങളിൽ പ്രധാനപ്പെട്ടതും നമ്മുടെ സഭയിൽ വളരെ പ്രചാരത്തിലിരിക്കുന്നതുമാണ്. സാധാരണമായി ദിവ്യകാരുണ്യാരാധനയുടെ സമാപനത്തിൽ പരിശുദ്ധകുർബാനയുടെ സ്തുതിപ്പുകൾ ആലപിച്ച് ധൂപാർച്ചനയോടെ ഈ ആശീർവാദം നല്കുന്നു.

359. ആശീർവാദങ്ങളിൽ ചിലത് പ്രത്യേക പ്രാധാന്യം അർഹിക്കുന്നവയാണ്. ഈ ആശീർവാദങ്ങൾ വഴി ചില വസ്തുക്കളും സ്ഥലങ്ങളും വിശുദ്ധകർമ്മങ്ങൾക്കായി വേർതിരിക്കപ്പെടുകയും വിശുദ്ധീകരിക്കപ്പെടുകയും സമർപ്പിക്കപ്പെടുകയും ചെയ്യുന്നു. ഹന്നാൻ വെള്ളം, വിശുദ്ധരൂപം, തിരുപ്പാത്രം, കപ്പേള, സിമിത്തേരി, മെഡൽ, ജപമാല, തിരുവസ്ത്രം തുടങ്ങിയവയുടെ ആശീർവാദം ഇതിൽപ്പെടുന്നു. ഭവനം, വിദ്യാഭ്യാസസ്ഥാപനം, ആശുപത്രി, തൊഴിൽ ശാല, കട, വ്യവസായശാല, വാഹനം തുടങ്ങിയവയുടെയും, ഭക്ഷ്യവസ്തുക്കൾ, ധാന്യങ്ങൾ, മൃഗങ്ങൾ എന്നിവയുടെയും, കിണർ, വയൽ, കുളം തുടങ്ങിയ സ്ഥലങ്ങളുടെയും ആശീർവാദം, കുട്ടികളുടെ ആശീർവാദം, അടിമവയ്ക്കൽ (സമർപ്പണ പ്രാർത്ഥന) തുടങ്ങിയ ആശീർവാദങ്ങളും ഉണ്ട്. സഭാശുശ്രൂഷയ്ക്കായി വ്യക്തികൾക്കു നല്കുന്ന ആശീർവാദത്തിൽപെട്ടതാണ് സമർപ്പിതരുടെ പ്രതിഷ്ഠാകർമ്മം,

360. വിവാഹവാഗ്ദാനകർമ്മം, രോഗശാന്തിക്കുവേണ്ടിയുള്ള പ്രാർത്ഥനകൾ, അനുതാപശുശ്രൂഷകൾ എന്നിങ്ങനെ വിവിധ കൂദാശാനുകരണങ്ങളും സഭയിലുണ്ട്. ഈ കൂദാശാനുകരണ കർമ്മങ്ങളിൽ വിശ്വാസത്തോടും ഭക്തിയോടും കൂടി പങ്കുചേർന്ന് ദൈവകൃപയാൽ പൂരിതരാകാൻ അവയെക്കുറിച്ചുള്ള വ്യക്തമായ അറിവ് വളരെ സഹായകരമാണ്.

കൂദാശാനുകരണങ്ങൾ കൂദാശകർമ്മം ദേവാലയ കൂദാശകർമ്മം സമർപ്പിതരുടെ പ്രതിഷ്‌ഠകർമ്മം മൃതസംസ്കാരകർമ്മം പിശാചുബഹിഷ്കരണകർമ്മം വെഞ്ചരിപ്പുകൾ Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message