x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ധാര്‍മ്മികദൈവശാസ്ത്രം

ഉത്തരവാദിത്വപൂര്‍ണ്ണമായ മാതൃത്വവും പിതൃത്വവും

Authored by : Rev. Dr. Scaria Kanyakonil On 02-Feb-2021

ഭാര്യാഭര്‍ത്താക്കന്മാര്‍ ദൈവം തങ്ങളെ ഏല്‍പ്പിച്ചിരിക്കുന്ന സൃഷ്ടി കര്‍മ്മത്തില്‍ എങ്ങനെ പങ്കുപറ്റണം? എങ്ങനെയാണ് മാതാവും പിതാവുമായി തീരേണ്ടത്? മാതൃത്വവും പിതൃത്വവുംകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? തുടങ്ങിയ കാര്യങ്ങളാണ് ഉത്തരവാദിത്വ പൂര്‍ണ്ണമായ പിതൃത്വവും മാതൃത്വവുംകൊണ്ട് ഉദ്ദേശിക്കുന്നത്.

ഉത്തരവാദിത്വ പൂര്‍ണ്ണമായ മാതൃത്വത്തിലും പിതൃത്വത്തിലും പല കാര്യങ്ങളും അടങ്ങിയിരിക്കുന്നു. വിവാഹജീവിതത്തിന്‍റെ ലക്ഷ്യം എങ്ങനെ നിര്‍വഹിക്കണമെന്ന് ഇത് വ്യക്തമാക്കിത്തരുന്നു. കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കേണ്ടതെങ്ങനെയെന്നും വളര്‍ത്തേണ്ടതെങ്ങനെയെന്നും പരസ്പരം സ്നേഹം പങ്കുവയ്ക്കേണ്ടതെങ്ങനെയെന്നും ഇവിടെ വ്യക്തമാക്കുന്നു. വിവാഹജീവിതത്തിന്‍റെ ലക്ഷ്യത്തില്‍നിന്നുകൊണ്ട്, കുടുംബത്തില്‍ എത്ര കുഞ്ഞുങ്ങള്‍ വേണമെന്ന് നിശ്ചയിക്കുന്നു.

  1. സഭാപ്രബോധനം

കുടുംബത്തില്‍ കുഞ്ഞുങ്ങളുടെ എണ്ണം വിവാഹത്തിന്‍റെ ലക്ഷ്യത്തില്‍നിന്നുകൊണ്ട് എത്ര വേണമെന്ന് സഭാപ്രബോധനം പറയുന്നു.  സഭാരേഖകളില്‍ പറഞ്ഞിരിക്കുന്ന പ്രധാന ആശയങ്ങളാണ് താഴെ വിവരിക്കുന്നത് (Casti Connubii  56, GS 5051, Poploruem Progressio 37,  Humane Vitae  10, Familiaris Consortio 22, CCC  1652).

  1. എല്ലാ ദാമ്പത്യ ബന്ധങ്ങളില്‍ നിന്നും പ്രത്യുല്പാദനം നടക്കണമെന്നില്ല. അവ ന്യായീകരിക്കാവുന്ന പ്രവൃത്തികളാണ് (Casti Connubii 56).                                                                                                                      
  2. ദമ്പതികളുടെ ക്ഷേമം, കുഞ്ഞുങ്ങളുടെ ക്ഷേമം, ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളുടേത് എന്നിവയനുസരിച്ചു വേണം കുടുംബത്തിന്‍റെ വലിപ്പം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാന്‍ (ഏട 51).
  1. എത്ര കുട്ടികള്‍ വേണമെന്നു തീരുമാനിക്കുന്നത് മാതാപിതാക്കന്മാരാകണം. അതു ദൈവത്തോടും കുട്ടികളോടും സമൂഹത്തോടുമുള്ള കടപ്പാട് അനുസരിച്ചുവേണം ചെയ്യാന്‍ (Poplpruem Proggressio 37).                    
  2. പല ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് കുഞ്ഞുങ്ങളുടെ എണ്ണം നിശ്ചയിക്കുന്നത്. ഒന്നാമതായി, ശാരീരിക ലൈംഗിക പ്രക്രിയ മനസ്സിലാക്കുകയാണ്. ശാരീരിക ലൈംഗിക പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അറിവും ഇതിന് അത്യാവശ്യമാണ്. മനുഷ്യബുദ്ധിക്ക് പ്രത്യുല്പാദന ദിവസങ്ങള്‍ ഏവയെന്നു മനസ്സിലാക്കുവാന്‍ കഴിയും. ഇതു മനുഷ്യജീവിതത്തിന്‍റെ ഭാഗമാണ്. രണ്ടാമതായി, ലൈംഗിക പ്രവൃത്തികളും അഭിനിവേശങ്ങളും യുക്തിയുടെയും മനസ്സിന്‍റെയും വെളിച്ചത്തില്‍ പ്രവര്‍ത്തിപ്പിക്കണം. മൂന്നാമതായി, ശാരീരിക, മാനസിക, സാമ്പത്തിക, സാമൂഹിക അവസ്ഥകളനുസരിച്ച് കുഞ്ഞുങ്ങളുടെ എണ്ണം കൂട്ടുകയോ, അല്ലെങ്കില്‍ ധാര്‍മ്മിക നിയമമനുസരിച്ച് കുറയ്ക്കുകയോ, അതുമല്ലെങ്കില്‍ കുറച്ചു നാളത്തേയ്ക്ക് വേണ്ടെന്നു വെയ്ക്കുകയോ ചെയ്യാം (Humane Vitae 10).                                                                                                                                                                                                                             2. ധാര്‍മ്മിക പക്വതയും ഉത്തരവാദിത്വപൂര്‍ണ്ണമായ മാതൃത്വവും പിതൃത്വവും

ഉത്തരവാദിത്വ പൂര്‍ണ്ണമായ മാതൃത്വവും പിതൃത്വവും ധാര്‍മ്മിക പക്വതയിലധിഷ്ഠിതമാണ്.

സ്വാഭാവിക പ്രത്യുല്‍പാദനമാണ് ധാര്‍മ്മികമായി ശരിയായ മാര്‍ഗ്ഗം. അതു പ്രകൃതിയുടെതന്നെ സ്വാഭാവികതയാണ്. ഉത്തരവാദിത്വപൂര്‍ണ്ണമായ മാതൃത്വവും പിതൃത്വവും ഇതിലധിഷ്ഠിതമാണ്.

സ്വയം ശൂന്യവല്‍ക്കരണത്തിലൂടെയാണ് ഉത്തരവാദിത്വപൂര്‍ണ്ണമായ മാതൃത്വവും പിതൃത്വവും പ്രായോഗികമാകുന്നത്. ലൈംഗികതയുടെ സ്വാഭാവിക പ്രക്രിയ മനസ്സിലാക്കുന്ന ദമ്പതികള്‍ ഉത്തരവാദിത്വപൂര്‍ണ്ണമായ മാതൃപിതൃത്വങ്ങള്‍ അനുസരിച്ച് പക്വമായി ജീവിക്കണം. നിരന്തരമായ പരിശ്രമത്തിലൂടെയും സമര്‍പ്പണത്തിലൂടെയും മാത്രമേ സ്വയം പരിത്യജിക്കല്‍ നടക്കുകയുള്ളു. 

നല്ല മനസ്സാക്ഷിയാണ് തീരുമാനമെടുക്കാന്‍ സഹായിക്കുന്നത്. ഉത്തരവാദിത്വ മാതൃപിതൃത്വം ധാര്‍മ്മിക മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഇതു വ്യക്തമാക്കുന്ന വസ്തുനിഷ്ഠമായ ധാര്‍മ്മിക വ്യവസ്ഥകള്‍ക്കനുസരിച്ചു വേണം കുടുംബത്തിന്‍റെ വലിപ്പം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യേണ്ടത്.

ധാര്‍മ്മിക പക്വതയില്‍ വളര്‍ച്ച പ്രാപിച്ച വ്യക്തികള്‍ക്കാണ് ഉത്തരവാദിത്വപൂര്‍ണ്ണമായ മാതൃത്വവും പിതൃത്വവും പ്രായോഗികമാക്കുവാന്‍ സാധിക്കുന്നത്. ഇതു സ്വാഭാവിക മാര്‍ഗ്ഗങ്ങളും കൃത്രിമ ഗര്‍ഭ നിരോധന മാര്‍ഗ്ഗങ്ങളും തമ്മിലുള്ള വ്യത്യാസം പറയുന്നു. ഇവയെക്കുറിച്ചു വിശദമായി കൃത്രിമ മാര്‍ഗ്ഗങ്ങളുടെ ഭാഗത്തു പ്രതിപാദിക്കുന്നതാണ്.

സ്വാഭാവിക മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുമ്പോള്‍ നിയമാനുസൃതമായ നിയന്ത്രണമാണ് നടത്തുന്നത്. ഇതു ധാര്‍മ്മികമായും ശരിയാണ്.

ഭാര്യയും ഭര്‍ത്താവും മാതൃത്വവും പിതൃത്വവും എന്താണോ ആവശ്യപ്പെടുന്നത്, അതനുസരിച്ചു ജീവിക്കണം. ദാമ്പത്യ സ്നേഹം, പരസ്പര സമര്‍പ്പണം, പങ്കുവയ്ക്കല്‍, ജീവിതത്തിന്‍റെ ആഘോഷങ്ങള്‍ എന്നിവയെല്ലാം ഉത്തരവാദിത്വപൂര്‍ണ്ണമായ മാതൃത്വത്തിലും പിതൃത്വത്തിലും അടങ്ങിയിരിക്കുന്നതാണ്.

ദാമ്പത്യബന്ധങ്ങളില്‍ ചില അവസരങ്ങളില്‍ കുഞ്ഞുങ്ങള്‍ വേണ്ടായെന്നു തീരുമാനിക്കേണ്ടി വരാം. രോഗാവസ്ഥയും മറ്റ് ആരോഗ്യപരവുമായ കാരണങ്ങളാണ് ഗര്‍ഭധാരണത്തെ മാറ്റിവയ്ക്കുന്ന ഒരു ഘടകം. ഒരു പ്രസവം കഴിഞ്ഞ് മറ്റൊരു പ്രസവത്തിനുള്ള ഇടവേള, ജനിച്ച കുട്ടികള്‍ക്ക് പരിചരണം കൊടുക്കേണ്ട അവസ്ഥ, ദമ്പതികളുടെ സാമ്പത്തിക, സാമൂഹിക സ്ഥിതി എന്നിവയുടെ വെളിച്ചത്തില്‍ വിവേകപൂര്‍വ്വമായ കുട്ടികളുടെ എണ്ണം ദമ്പതികള്‍ക്ക് തീരുമാനിക്കാം. ചുരുക്കത്തില്‍ കത്തോലിക്കാ ദമ്പതികള്‍ തങ്ങളുടെ പ്രത്യുല്പാദന കഴിവ് ഉത്തരവാദിത്വത്തോടെ ഉപയോഗിക്കണമെന്ന് സഭ പഠിപ്പിക്കുന്നു.

  1. ഉത്തരവാദിത്വപൂര്‍ണ്ണമായ പ്രത്യുല്പാദനം

വിവാഹ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഉത്തരവാദിത്വപൂര്‍ണ്ണമായ പ്രത്യുല്പാദനം. ഇത് വിവാഹജീവിതത്തിന്‍റെ ലക്ഷ്യത്തില്‍ കേന്ദ്രീകൃതമാണ്.

മനുഷ്യജീവന്‍ അമൂല്യവും വിലപിടിപ്പുള്ളതുമാണെന്ന ബോധ്യം ദമ്പതികള്‍ക്ക് വേണം. ദൈവം തന്നെയാണ് മാതൃത്വത്തിലും പിതൃത്വത്തിലും സന്നിഹിതനായിരിക്കുന്നത് (Gratissimus Sane  2).

പുതിയ ഒരു വ്യക്തിയുടെ നിലനില്പിന് ദമ്പതികള്‍ ദൈവത്തിന്‍റെ സൃഷ്ടികര്‍മ്മത്തില്‍ പങ്കുചേരുന്നു. അതുകൊണ്ട് ബഹുമാനത്തോടും ഉത്തരവാദിത്വത്തോടുംകൂടെ പെരുമാറണം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ദൈവത്തിന്‍റെ ഛായ കൊടുത്ത് അവിടുത്തെ പ്രവൃത്തിയില്‍ മാതാപിതാക്കള്‍ പങ്കുചേരുന്നു. ദൈവത്തിന്‍റെ സ്നേ ഹവും രക്ഷയും ദമ്പതികള്‍ പുതിയ വ്യക്തിക്കു കൊടുക്കുന്നു.

വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ ധാര്‍മ്മികമായിട്ടുള്ള ദാമ്പത്യബന്ധത്തിലൂടെയാണ് പ്രത്യുല്പാദനം നടത്തേണ്ടത് (GS7). 

കൃത്രിമ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ വിവാഹത്തിന്‍റെ ജീവദായകമെന്ന അര്‍ത്ഥത്തിന് എതിരാണെന്ന് സഭ പഠിപ്പിക്കുന്നു (Humanae Vitae 16, Familiaris Consortio 22). ഇതിനെക്കുറിച്ചു വിശദമായി കൃത്രിമ ഗര്‍ഭനിരോധനമെന്ന ഭാഗത്ത് പ്രതിപാദിക്കുന്നുണ്ട്.

ഭ്രൂണത്തെ നശിപ്പിക്കുന്നതോ ഗര്‍ഭധാരണത്തിന്‍റെ ആദ്യാവസരത്തില്‍ ഭ്രൂണത്തെ കൊല്ലുന്നതോ ഗൗരവമായ തിന്മയാണ് (Donum Vitae 1, Evangelium Vitae 13).

കുഞ്ഞുങ്ങള്‍ ഒരിക്കലും വേണ്ടായെന്ന ലക്ഷ്യത്തോടെ നിഷ്ഫലകാലഘട്ടങ്ങളില്‍ മാത്രം ലൈംഗികമായി ബന്ധപ്പെടുന്നതും ശരിയല്ല. ഇവിടെ ലൈംഗികതയുടെ സ്വാഭാവിക ക്രമം തെറ്റായ ആഗ്രഹത്തിനുവേണ്ടി ഉപയോഗിക്കുന്നു (Humanae Vitae16, Evangelium Vitae 32). അതുകൊണ്ട് ദാമ്പത്യബന്ധം (പ്രവൃത്തി), ഉപയോഗിക്കുന്ന മാര്‍ഗ്ഗം, ലക്ഷ്യം എന്നിവയെല്ലാം സംശുദ്ധമായിരിക്കണമെന്ന് സഭ പഠിപ്പിക്കുന്നു. അതുകൊണ്ട് ദൈവത്തിന്‍റെ പദ്ധതിയനുസരിച്ച് വേണം പ്രത്യുല്പാദനത്തില്‍ പങ്കെടുക്കാന്‍.

Responsible Motherhood and fatherhood motherhood fatherhood catholic malayalam importance of parenting parenting family life Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message