x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ധാര്‍മ്മികദൈവശാസ്ത്രം

ആരോഗ്യരംഗത്തെ ഗവേഷണങ്ങള്‍

Authored by : Rev. Dr. Scaria Kanyakonil On 02-Feb-2021

പുതുതായി അറിവ് കിട്ടുന്നതിനോ ഇപ്പോള്‍ ഉള്ള അറിവില്‍ കൂടുതല്‍ അവഗാഹം പ്രാപിക്കുന്നതിനോ വേണ്ടിയുള്ള പ്രവൃത്തികള്‍ക്കാണ് ഗവേഷണമെന്ന് പറയുന്നത്. കത്തോലിക്കാ ആരോഗ്യരംഗം ഇതിനെ അംഗീകരിക്കുന്നത്, ഈ അറിവ് അതിനാല്‍ ത്തന്നെ നന്മയും പുതിയ ചികിത്സാരീതികള്‍ക്ക് പ്രയോജനവും ചെയ്യുമെന്നതിനാലാണ്.

ഗവേഷണവും ചികിത്സയും തമ്മില്‍ വ്യത്യാസമുണ്ട്. ചികിത്സയില്‍ പ്രധാനമായും രോഗിക്കാണ് അറിവ് ലഭിക്കുന്നത്. പരിശോധനകള്‍, രോഗം ഭേദപ്പെടുത്തല്‍ തുടങ്ങിയവ ഇതില്‍പെടുന്നു. ഗവേഷണത്തെത്തന്നെ രണ്ടായി തരംതിരിക്കാന്‍ സാധിക്കും. ഒന്നാമത്തേത് (Therapeutic) ചികിത്സയ്ക്കുവേണ്ടിയാണ്. ഇതില്‍ ഗവേഷണത്തില്‍ പങ്കുചേരുന്ന വ്യക്തിക്കാണ് പ്രയോജനം കിട്ടുന്നത്. രണ്ടാമത്തേതില്‍ (Non-therapeutic) ഗവേഷണത്തില്‍ പങ്കുചേരുന്ന വ്യക്തിയ്ക്ക് പ്രത്യക്ഷമായ പ്രയോജനം ലഭിക്കുന്നില്ല. മറ്റുളളവര്‍ക്ക് ഇതുകൊണ്ട് പ്രയോജനം ലഭിക്കുന്നു.

കത്തോലിക്കാ സഭയുടെ ആരോഗ്യരംഗത്തെ ഗവേഷണങ്ങളില്‍ അതിന്‍റെ ഔദ്യോഗിക, സാങ്കേതിക നിയമപര വ്യവസ്ഥകളെല്ലാം പാലിച്ചിരിക്കണം. ഗവേഷണത്തിന് ഒരാളുടെ പൂര്‍ണ്ണമായ അറിവും സമ്മതവും മുന്‍കൂട്ടി നേടിയിരിക്കണം. ഓരോ വ്യക്തിയേയും ഗവേഷണത്തിന്‍റെ നന്മയെക്കുറിച്ചും പാര്‍ശ്വഫലങ്ങളെക്കുറിച്ചും അറിയിച്ചിരിക്കണം. ഗവേഷണത്തില്‍ സംബന്ധിക്കുന്ന വ്യക്തികള്‍ക്ക് ഏതു സമയവും പിന്‍മാറാനുള്ള അവസരവും കൊടുക്കണം.

  1. മനുഷ്യനില്‍ നടത്തുന്ന ഗവേഷണം

മനുഷ്യനില്‍ നടത്തുന്ന പരീക്ഷണങ്ങള്‍ വ്യക്തിമാഹാത്മ്യത്തിനും പൊതുനന്മയ്ക്കും അനുസൃതമായിരിക്കണം. ഗവേഷണം ഒരിക്കലും വ്യക്തിയ്ക്കും ജീവനും ആരോഗ്യത്തിനും ഭീഷണിയാകരുത്. എന്നാല്‍ പൊതു നന്മയ്ക്കും ആരോഗ്യരംഗത്തെ വളര്‍ ച്ചയ്ക്കും ചില വ്യക്തികള്‍ ചിലപ്പോള്‍ ചെറിയതോതില്‍ ബുദ്ധിമുട്ടുകള്‍ സഹിക്കും. സ്വന്തം സമ്മതത്തോടെ ചെയ്യുന്ന ഈ പ്രവൃത്തികളെ ന്യായീകരിക്കാവുന്നതാണ്.

  1. നിരാലംബരായ വ്യക്തികള്‍

കുട്ടികള്‍, പ്രായമായ വ്യക്തികള്‍, ശാരീരിക വൈകല്യമുള്ളവര്‍, മാനസിക വളര്‍ച്ചയെത്താത്തവര്‍, അബോധാവസ്ഥയില്‍ കഴിയുന്നവര്‍, പാവപ്പെട്ടവര്‍ തുടങ്ങിയവരാണ് നിരാലംബരായ വ്യക്തികള്‍. ഗവേഷണത്തിന് സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഈ വ്യക്തികളുടെ പ്രത്യേക അവസ്ഥയനുസരിച്ചാവണം. ചികിത്സാപരമായ ഗവേഷണങ്ങളില്‍ ഏതെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകരുതെന്നതും ശ്രദ്ധിക്കണം.

ചില വ്യക്തികള്‍ക്ക് ചികിത്സയും ഗവേഷണവും ഒരാള്‍തന്നെയായിരിക്കും നടത്തുന്നത്. ഉദാഹരണമായി ഒരു രോഗിയെ ഡോക്ടര്‍ ഗവേഷണത്തിന് വിധേയമാക്കുന്നത്. ഇങ്ങനെയുള്ള  അവസരത്തില്‍ ഗവേഷണത്തിനുള്ള സമയവും ചികിത്സ നടത്തുന്നതിനുള്ള സമ്മതവും രോഗിയില്‍നിന്ന് പ്രത്യേകം വാങ്ങിയിരിക്കണം. രോഗിയുടെ ആരോഗ്യനിലയ്ക്ക് അപകടംവരാതെ ഗവേഷണത്തില്‍ പങ്കെടുത്താലും ഇല്ലെങ്കിലും രോഗിക്കാവശ്യമായ എല്ലാ പരിചരണവും നല്‍കണം; അവിടെ യാതൊരു വകതിരിവും കാണിക്കരുത്. ഇതുപോലെതന്നെയാണ് ഒരേ സ്ഥാപനത്തിലെ ജോലിക്കാര്‍, ജയിലില്‍ കഴിയുന്നവര്‍, വിദ്യാര്‍ത്ഥികള്‍. ഇവര്‍ ഗവേഷണത്തില്‍ പങ്കെടുത്താലും ഇല്ലെങ്കിലും യാതൊരു വ്യത്യാസവും കാണിക്കരുത്.

  1. സമ്മതം കൊടുക്കുവാന്‍ കഴിയാത്തവര്‍

ചില വ്യക്തികള്‍ക്ക് ഗവേഷണത്തിന് സ്വാഭാവികമായും സമ്മതം കൊടുക്കുവാന്‍ കഴിയുകയില്ല. ഇങ്ങനെയുള്ളവരുടെ ചികിത്സയ്ക്ക് തീരുമാനമെടുക്കുന്നത് അവരുമായി നിയമപരമായി ഉത്തരവാദിത്വമുള്ളവരായിരിക്കണം. ഈ സമ്മതം നല്‍കുന്ന വ്യക്തികള്‍ക്ക് ഏതു സമയത്തും തീരുമാനം പിന്‍വലിക്കുന്നതിനുള്ള സ്വാതന്ത്ര്യം കൊടുക്കണം.

എല്ലാ ഗവേഷണങ്ങളിലും അതിന്‍റെ പാര്‍ശ്വഫലങ്ങള്‍ നേരിടുന്നതിനുള്ള കരുതലുകള്‍ മുന്‍കൂട്ടി ചെയ്തിരിക്കണം. മനുഷ്യനില്‍ ഗവേഷണം നടത്തുന്നതിന് മുമ്പ് ഗവേഷണത്തിന്‍റെ അപകടകരമായ പ്രതികരണങ്ങള്‍ മനസ്സിലാക്കുന്നതിന് മൃഗങ്ങളില്‍ നടത്തുന്നത് ഉചിതമായിരിക്കും.

ഗവേഷണം എല്ലായ്പ്പോഴും ധാര്‍മ്മികമായും ന്യായീകരിക്കത്തക്കതായിരിക്കണം. ഒരു ഗവേഷണം ഉദ്ദേശിക്കുന്ന ഫലം നല്‍കാത്ത അവസരത്തില്‍ വ്യക്തിക്കു ഹാനികരമായിത്തീരുന്ന അവസരത്തില്‍, വീണ്ടും ഗവേഷണം നടത്തുന്നതിന് ആ വ്യക്തിയുടെ അനുവാദം വീണ്ടും ചോദിച്ചിരിക്കണം.

  1. കോശങ്ങള്‍, അവയവങ്ങള്‍ പരീക്ഷണത്തിന് കൊടുക്കുന്നത്

മരിച്ച വ്യക്തികളുടെ കോശങ്ങളോ അവയവങ്ങളോ ചിലയവസരത്തില്‍ ഗവേഷണത്തിനുവേണ്ടി ആവശ്യപ്പെടാം. ഇങ്ങനെയുള്ള കോശങ്ങള്‍ കൊടുക്കുമ്പോള്‍ ആദ്യമായി മരിച്ച വ്യക്തിയുടെ ആഗ്രഹം എന്തായിരുന്നുവെന്ന് ശ്രദ്ധിക്കണം. അല്ലെങ്കില്‍ കുടുംബാംഗങ്ങളുടെ സമ്മതമോ അല്ലെങ്കില്‍ ആരാണോ ഉത്തരവാദികള്‍ അവരില്‍നിന്നോ അനുവാദം വാങ്ങിച്ചിരിക്കണം.

  1. പരീക്ഷണത്തിനു വിട്ടുകൊടുക്കുന്ന ശരീരങ്ങള്‍

ആരോഗ്യരംഗത്തെ പരീക്ഷണങ്ങള്‍ക്കായി മൃതശരീരം വിട്ടുകൊടുക്കാറുണ്ട്. പൊതുധാര്‍മ്മികതയനുസരിച്ചും ക്രൈസ്തവധാര്‍മ്മികതയനുസരിച്ചും ഇതിനെ ന്യായീകരിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ ഓരോ രാജ്യത്തിന്‍റെയും നിയമങ്ങള്‍ അനുസരിക്കാന്‍ ഉത്തരവാദിത്ത്വമുണ്ട്. നേത്രരോഗവിദഗ്ദരുടെ സമ്മേളനത്തില്‍ (1956) പന്ത്രണ്ടാം പീയൂസ് മാര്‍പ്പാപ്പ ഇപ്രകാരം അഭിപ്രായപ്പെടുന്നു, "ശരീരം മുഴുവന്‍ പരീക്ഷണവിധേമാക്കുമ്പോള്‍ മരിച്ചവ്യക്തിയുടെ ആഗ്രഹത്തെ ആദരിക്കുകയും മൃതശരീരത്തെ ബഹുമാനിക്കുകയും വേണം. കൂടാതെ ആ വ്യക്തിയുടെ മരണത്തില്‍ വ്യസനിക്കുന്ന കുടുംബാംഗങ്ങളുടെ താത്പര്യവും മാനിക്കണം. വ്യക്തിമാഹാത്മ്യത്തിന് കോട്ടം തട്ടുന്ന യാതൊന്നും ഇങ്ങനെയുള്ള അവസരങ്ങളില്‍ സംഭവിക്കരുത്. ഇക്കാര്യങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം ഉണ്ടാക്കുകയും വേണം."

ചില അവയവങ്ങള്‍ മാത്രമാണ് പരീക്ഷണവിധേയമാക്കുന്നതെങ്കില്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കണം. മൃതശരീരം മുഴുവനും പരീക്ഷണത്തിന് വിട്ടുകൊടുക്കുമ്പോള്‍ സാധാരണയായി അവശേഷിക്കുന്ന ഭാഗങ്ങള്‍ ദഹിപ്പിക്കുന്നു (CCC 2301, CIC 1177; CCEO 876). പിന്നീട് ദഹിപ്പിക്കപ്പെട്ട ശരീരഭാഗങ്ങള്‍ ശവസംസ്കാരശുശ്രൂഷാക്രമത്തില്‍ത്തന്നെ ആദരവോടെ സംസ്കരിക്കേണ്ടതാണ്. പരീക്ഷണങ്ങള്‍ക്കുശേഷം ശരീരം ലഭ്യമല്ലാതാകുന്ന അവസരങ്ങളില്‍ നിര്യാതനായുള്ള അനുസ്മരണാബലിയും നടത്താവുന്നതാണ് (CIC 1176/13; 1180).

ദഹിപ്പിച്ച ശരീരഭാഗങ്ങള്‍ കടലിലോ വായുവിലോ കരയിലോ വിതറുന്നതിനോ ഭവനങ്ങളില്‍ സൂക്ഷിക്കുന്നതിനോ സഭ അനുവദിക്കുന്നില്ല. ദേവാലയങ്ങളോടനുബന്ധിച്ച സെമിത്തേരികളില്‍ വേണം അവ അടക്കം ചെയ്യാന്‍ (CIC 1180; CIC 875).

മൃതശരീരം ലാഭേച്ഛയോടെയോ വ്യക്തിമാഹാത്മ്യത്തിന് നിരക്കാത്ത പ്രദര്‍ശനോദ്ദ്യേശത്തോടെയോ (കലാപ്രകടനങ്ങള്‍ മുതലായവ) വിട്ടുകൊടുക്കരുത്. വിദ്യാഭ്യാസലക്ഷ്യങ്ങള്‍ക്കായി മൃതശരീരം പ്രദര്‍ശിപ്പിക്കാവുന്നതാണ്. ഇത് ശരീരത്തെ ശാസ്ത്രീയമായി മനസ്സിലാക്കാനും വ്യക്തിമാഹാത്മ്യം വെളിപ്പെടുത്താനും സഹായകമാകുന്ന അവസരങ്ങളാണ്. മനുഷ്യന്‍റെ നിഗൂഢതയെക്കുറിച്ച് അവബോധമേകുന്നവയാണ് ഇങ്ങനെയുള്ള പ്രദര്‍ശനങ്ങള്‍. എല്ലാറ്റിനും ഉപരിയായി സ്രഷ്ടാവിനെയും സൃഷ്ടിയേയും കുറിച്ച് ആഴത്തില്‍ അറിയാന്‍ ഉപകരിക്കും.    

  1. ഭ്രൂണത്തിന്മേല്‍ നടത്തുന്ന ഗവേഷണം

ഭ്രൂണങ്ങളില്‍ പരീക്ഷണം നടത്തുമ്പോള്‍ അതിന് ഒരിക്കലും ഹാനികരമാകുകയോ സമഗ്രതയ്ക്ക് കോട്ടം തട്ടുകയോ ചെയ്യരുത്. ചികിത്സാപരമായ ആവശ്യങ്ങള്‍ക്കുവേണ്ടി മാത്രമേ ഭ്രൂണങ്ങളില്‍ ഗവേഷണം നടത്താവൂ. മാതാപിതാക്കന്മാരുടെ സമ്മതം മുന്‍കൂട്ടി വാങ്ങിയിരിക്കണം. ഗവേഷണത്തിന്‍റെ ഫലമായി ഭ്രൂണത്തിന്‍റെ അവസ്ഥ മനസ്സിലാക്കി കഴിയുമ്പോള്‍ ഭ്രൂണത്തെ ഒരിക്കലും നശിപ്പിക്കരുതെന്ന് സഭ പറയുന്നു. മറ്റൊരു കാര്യം പരീക്ഷണം നടത്തുവാന്‍വേണ്ടി കൃത്രിമമായി (IVF) ഭ്രൂണത്തെ നിര്‍മ്മിക്കുന്നതിനെ സഭ ശക്തമായി എതിര്‍ക്കുന്നു. ഇത് മനുഷ്യമാഹാത്മ്യത്തിന് എതിരായ പ്രവൃത്തിയാണ്.

  1. മൃഗങ്ങളില്‍ നടത്തുന്ന പരീക്ഷണം

മൃഗങ്ങളില്‍ നടത്തുന്ന പരീക്ഷണത്തിന്‍റെ ഫലമാണ് ഇന്ന് മെഡിക്കല്‍ രംഗത്ത് കൈവരിച്ചിരിക്കുന്ന നേട്ടങ്ങള്‍. മൃഗങ്ങളും ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ടവയെന്ന നിലയില്‍ അവയ്ക്ക് ആവശ്യമായ പ്രാധാന്യം നല്‍കണം. പരീക്ഷണത്തിന് മൃഗങ്ങളെ ആവശ്യമാണെങ്കില്‍മാത്രമേ ഉപയോഗിക്കാവൂ. അനാവശ്യമായ വേദന ഒഴിവാക്കേണ്ടതാണ്. കത്തോലിക്കാസ്ഥാപനങ്ങളില്‍ ഇങ്ങനെയുള്ള പരീക്ഷണങ്ങള്‍ നടത്തുന്ന അവസരങ്ങളില്‍ ധാര്‍മ്മികവും സാങ്കേതികവും നിയമപരവുമായ വ്യവസ്ഥകള്‍ പാലിച്ചിരിക്കണം.

ചുരുക്കത്തില്‍ ഗവേഷണം നമുക്ക് നന്മയ്ക്കുവേണ്ടിയാണ്. എന്നാല്‍ ഇത് ധാര്‍മ്മികവും സാമൂഹികവും നിയമപരവുമായ വ്യവസ്ഥകള്‍ക്കനുസൃതമായിരിക്കണം. 

Research in the field of health catholic malayalam mananthavady diocese Rev. Dr. Scaria Kanyakonil Zygot Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message