x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ രാഷ്ട്രീയ ദൈവശാസ്ത്രം

മതം, പൗരോഹിത്യം: മാര്‍ക്സിയന്‍ ഭൗതികവാദവും സമന്വയസാധ്യതകളും

Authored by : Mar Joseph Pamplany On 27-Jan-2021

കമ്യൂണിസ്റ്റ് പാര്‍ട്ടി ബാലറ്റിലൂടെ ലോകത്ത് ആദ്യമായി അധികാരം പിടിച്ച കേരളത്തില്‍ (?) പാര്‍ട്ടിയെ അധികാരത്തില്‍നിന്നും ഗളഹസ്തം ചെയ്യാന്‍ കേരളത്തിലെ ക്രൈസ്തവസഭയും പുരോഹിതരും നേതൃത്വം നല്‍കി എന്ന ആരോപണത്തോടെയാണ് സ്വതന്ത്രകേരളത്തിലെ കമ്യൂണിസ്റ്റ് ചരിത്രം ആരംഭിക്കുന്നത്. ഫാ. ജോസഫ് വടക്കന്‍റെ കമ്യൂണിസ്റ്റ് വിരുദ്ധ മുന്നണിയില്‍നിന്ന് ആരംഭിച്ച് ഇന്‍റര്‍ചര്‍ച്ച് കൗണ്‍സിലിന്‍റെ "ജാഗ്രതാസമിതികള്" വരെ എത്തിനില്‍ക്കുന്നു സഭയും കമ്യൂണിസവും തമ്മിലുള്ള സംവാദം. കമ്യൂണിസംകൂടി ഉള്‍പ്പെടുന്ന കേരളത്തിന്‍റെ പശ്ചാത്തലത്തിലെ മതത്തിന്‍റെയും പൗരോഹി ത്യത്തിന്‍റെയും സ്വത്വം അന്വേഷിക്കുകയാണ് ഈ ലേഖനത്തിന്‍റെ ലക്ഷ്യം. കമ്യൂണിസ്റ്റ് പശ്ചാത്തലമുള്ളവര്‍ക്ക് പട്ടം നിഷേധിക്കുകയും പട്ടക്കാരെ മാനിക്കുന്നവര്‍ക്ക് പാര്‍ട്ടിയംഗത്വം നിഷേധിക്കുകയും ചെയ്യുന്ന കേരളത്തിന്‍റെ പശ്ചാത്തലത്തില്‍ പരസ്പര അതിജീവനത്തിനുള്ള മത്സരത്തിനുപരി സഹവര്‍ത്തിത്വത്തിനു സാധ്യതയുണ്ടോ എന്ന അന്വേഷണം അപ്രസക്തമായിരുന്നു. കമ്യൂണിസത്തെ സത്താപരമായ തിന്മയായി (intrinsic evil) എതിര്‍ക്കുകയാണോ അതോ ഒരു സാമൂഹിക യാഥാര്‍ത്ഥ്യമായി (de facto) അംഗീകരിച്ച് സര്‍ഗ്ഗാത്മക സംവാദത്തിലേര്‍പ്പെടുകയാണോ വേണ്ടത് എന്നും ജനപക്ഷത്തുള്ള പുരോഹിതന്‍ ചിന്തിക്കേണ്ടതുണ്ട്. ڇപാര്‍ട്ടിയുമായി ചര്‍ച്ചയ്ക്കുള്ള വാതിലുകള്‍ അടയ്ക്കരുത്ڈ എന്ന മേജര്‍ ആര്‍ച്ചുബിഷപ്പിന്‍റെ അഭിപ്രായംപോലും വിവാദമാകുന്ന നാട്ടില്‍ ഈ സ്വത്വാന്വേഷണം ശ്രമകരമാണ്.

 പുരോഹിത സ്വത്വബോധവും കേരളത്തിന്‍റെ സാംസ്കാരിക മണ്ഡലവും

കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി "പുരോഹിത വിദ്വേഷ"ത്തെ സൈദ്ധാന്തവല്‍ക്കരിക്കുകയും പാര്‍ട്ടിയുടെ പ്രഖ്യാപിത അജണ്ടയാക്കുകയും ചെയ്തു എന്നത് സമീപകാലത്തെ ശ്രദ്ധേയമായ ഒരു നയം മാറ്റമാണ്. ഇതരസമുദായങ്ങളിലെന്നതുപോലെ ഒരു "ഈസി വാക്കോവര്‍" ക്രൈസ്തവസമുദായത്തില്‍ സാധിക്കത്തതിനു കാരണം ക്രൈസ്തവസമുദായത്തിന്‍റെ പുരോഹിതബദ്ധമായ ചട്ടക്കൂടാണെന്ന് പാര്‍ട്ടി തിരിച്ചറിയുന്നുണ്ട്. "ഇടയനെ അടിച്ച് ആടുകളെ ചിതറിച്ച്" കൂട്ടിലാക്കാനുള്ള തന്ത്രത്തിന്‍റെ ഭാഗമായി കമ്യൂണിസ്റ്റ് നേതാക്കളും മാധ്യമങ്ങളും ക്രൈസ്തവപുരോഹിതരെ താറടിക്കുന്നതില്‍ അടുത്തകാലത്ത് മത്സരിക്കുകയാണ്. വന്ദ്യനായ ഒരു മെത്രാനെതിരെയുള്ള "നികൃഷ്ട ജീവി" പ്രയോഗവും "ളോവയിട്ടവരെ വഴിനടത്തില്ല" എന്ന പ്രഖ്യാപനവും "തെരണ്ടിവാലിന് അടിക്കണ"മെന്ന പ്രയോഗവും "സ്വാശ്രയ വൈദികര്‍" എന്ന വര്‍ഗ്ഗീകരണവും ചില മെത്രാന്മാരെ നന്മനിറഞ്ഞവരും കമ്യൂണിസ്റ്റ് ചായ്വുള്ളവരുമായി വാഴ്ത്തിയും ഇതരവിഭാഗത്തെ മൂരാച്ചികളായി മുദ്രകുത്തിയും നടത്തുന്ന പ്രഭാഷണങ്ങള്‍, "ഒരു അഭിവന്ദ്യന്‍റെയും ആശിര്‍വ്വാദം പാര്‍ട്ടിക്കുവേണ്ട" ലാരോപിച്ച തിന്മകളത്രെയും മൂര്‍ത്തരൂപത്തില്‍ ഇന്നു ദൃശ്യമായിരിക്കുന്നത് ക്രൈസ്തവ പുരോഹിതരിലാണ് എന്ന മട്ടില്‍ വര്‍ഗ്ഗസമരത്തെ പുരോഹിത വിരുദ്ധ (anti - clerical) സമരമെന്ന അക്ഷത്തില്‍ തിരിക്കാനുള്ള ശ്രമമാണ് കേരളത്തില്‍ കമ്യൂണിസം നടത്തുന്നത്. ക്രിസ്ത്യാനികള്‍ക്കും മുസ്ലീംങ്ങള്‍ക്കുമെതിരേ മൃദുഹിന്ദുത്വം വളര്‍ത്തി വര്‍ഗ്ഗസമരത്തിനു വര്‍ഗ്ഗീയതയുടെ നിറം ചാര്‍ത്തുന്ന സമീപകാല കാഴ്ചയും ഈ നയംമാറ്റത്തിന്‍റെ കേളികൊട്ടാണ്.

കമ്യൂണിസത്തിന്‍റെ പ്രഖ്യാപിത ലക്ഷ്യങ്ങളായി കരുതുന്ന സാമൂഹ്യനീതി, അന്ധവിശ്വാസ നിര്‍മ്മാര്‍ജ്ജനം, അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടം, അതിജീവനത്തിനുള്ള കരുത്ത് തുടങ്ങിയവ കേരളസമൂഹത്തില്‍ നടപ്പാക്കാന്‍ മുന്നണിപ്പോരാളികളായി വര്‍ത്തിച്ചത് ക്രൈസ്തവ മിഷനറിമാരായിരുന്നു. തിരുവിതാംകൂറിലെ അടിമക്കച്ചവടത്തിനെതിരെ പൊരുതി അടിമകള്‍ക്കു സ്വാതന്ത്ര്യം നേടിക്കൊടുത്തത് റവ. മീഡ്, റവ. മോള്‍ട്ട്, റവ. ബേക്കര്‍, റവ. ബെയ്ലി തുടങ്ങിയ മിഷനറിമാരുടെ ധീരമായ പോരാട്ടങ്ങളായിരുന്നു. അധസ്ഥിത വിഭാഗത്തിന് അന്യായമായി ചുമത്തിയ തളൈക്കാണം, ഏണിക്കാണം, മേനിപ്പൊന്ന്, തലക്കരം, മുലക്കരം തുടങ്ങിയ കിരാത നികുതികള്‍ക്കെതിരേ പൊരുതിയ മുന്നണിപ്പോരാളികളും കേരളത്തിലെ ക്രൈസ്തവ മിഷനറിമാരായിരുന്നു. "മാറുമറയ്ക്കല്‍ സമരത്തിലൂടെ" ഭാരതസ്ത്രീകളുടെ മഹത്വത്തെ വാനോളം ഉയര്‍ത്തിയ ഡച്ചുമിഷനറിമാരെ അതിജീവിക്കുന്ന എന്തു സാമൂഹിക ഇടപെടലുകളാണ് ഇവിടുത്തെ സാമൂഹിക പരിഷ്കര്‍ത്താക്കള്‍ ചെയ്തത്. മലയാളി മെമ്മോറിയലിനു നേത്യത്വം കൊടുത്ത നിധീരിക്കല്‍ മാണിക്കത്തനാരും വൈക്കം സത്യാഗ്രഹത്തിനു മുന്‍നിരയില്‍ വര്‍ത്തിച്ച ഫാ. ജോസഫ് വെട്ടിക്കാപ്പള്ളിയും കേരളത്തിന്‍റെ സാംസ്കാരിക നഭോമണ്ഡലത്തിലെ ഉജ്ജ്വലതാരങ്ങളായിരുന്നു.

വിദ്യാഭ്യാസരംഗത്താണ് ക്രൈസ്തവ സഭാനേതൃത്വത്തിന്‍റെ ഏറ്റവും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കപ്പെട്ടത്. വേദം കേട്ട ശൂദ്രന്‍റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കണമെന്നും അക്ഷരം പഠിച്ച ശൂദ്രനെ ദൂരെയകറ്റി നിര്‍ത്തണമെന്നും സ്മൃതികളില്‍ നിയമം എഴുതിവച്ച ലജ്ജാവഹമായ ചരിത്രമാണ് കേരളത്തിനുള്ളത്. വിദ്യാഭ്യാസം സവര്‍ണ്ണരുടെ കുത്തകയായിരുന്ന കാലഘട്ടത്തില്‍ വിദ്യാഭ്യാസം സകല മനുഷ്യരുടെയും അവകാശമാണെന്നു പ്രഖ്യാപിച്ച് നാജാതിമതസ്ഥര്‍ക്കായി കേരളത്തിലെ ആദ്യത്തെ "മതേതര " പള്ളിക്കൂടം ആരംഭിച്ചത് 1806 ലാണ്. തിരുവിതാംകൂറിന്‍റെ ഭാഗമായ മൈലാടിയില്‍ ലണ്ടന്‍ മിഷന്‍ സൊസൈറ്റി (LMS) യിലെ ക്രൈസ്തവ മിഷനറിമാര്‍ ആരംഭിച്ച ഈ വിദ്യാലയത്തിന്‍റെ പ്രാരംഭകന്‍ ജര്‍മന്‍ സ്വദേശി വില്യം തോബിയാസ് റിംഗിള്‍ ടോബ് ആയിരുന്നു. ഇംഗ്ലീഷും കണക്കും ശുചിത്വവും തുന്നലും വിദ്യാഭ്യാസത്തിന്‍റെ ഭാഗമായി ഈ വിദ്യാലയങ്ങളില്‍ പഠിപ്പിച്ചു തുടങ്ങി. വിദ്യാഭ്യാസം എന്നത് സവര്‍ണ്ണരുടെ വേദാഭ്യാസം മാത്രമായി മനസ്സിലാക്കപ്പെട്ടിരുന്ന കാലത്താണ് ആധുനിക വിദ്യാഭ്യാസം മിഷനറിമാര്‍ കേരളത്തില്‍ നടപ്പിലാക്കിയത്. നിലവിലുണ്ടായിരുന്നതുപോലെ ഏതാനും വേദപഠനശാലകള്‍ തുടങ്ങാനല്ല തികച്ചും നൂതനവും ആധുനികവുമായ വിദ്യാഭ്യാസ സമ്പ്രദായം ഇവിടെ കൊണ്ടുവരാനാണ് മിഷനറിമാര്‍ ശ്രമിച്ചത്. വിദ്യാഭ്യാസത്തിനു നല്‍കിയ ഈ നൂതന ദിശാബോധത്തിന്‍റെ പേരില്‍ ക്രൈസ്തവ മിഷനറിമാര്‍ ഭാരതത്തിന് പ്രാതസ്മരണീയരാണ്. 1846 ല്‍ മാന്നാനത്ത് സംസ്കൃതസ്ക്കൂളും തുടര്‍ന്ന് മലയാളം സ്കൂളും സ്ഥാപിച്ച വാഴ്ത്തപ്പെട്ട  ചാവറകുര്യാക്കോസ് ഏലിയാസച്ചനാണ് കേരളത്തില്‍ വിദ്യാഭ്യാസത്തെ ജനകീയമാക്കിയത്. 1865 ല്‍ വരാപ്പുഴയുടെ വികാരിജനറാളായ ചാവറയച്ചന്‍ കേരളത്തിലെ മുഴുവന്‍ കത്തോലിക്കാ പള്ളികളിലേക്കും അയച്ച സര്‍ക്കുലറില്‍ എല്ലാ പള്ളികളോടുമനുബന്ധിച്ച് പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കാന്‍ കല്പന നല്‍കി. കേരളത്തിലങ്ങോളമിങ്ങോളം നൂറുകണക്കിനു വിദ്യാലയങ്ങള്‍ ഉയര്‍ന്നുവന്നത് ഈ പശ്ചാത്തലത്തിലാണ്. സഭയുടെ പണംകൊണ്ടു പടുത്തുയര്‍ത്തിയ ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകര്‍ക്കു ശമ്പളം കൊടുത്തിരുന്നതും സഭയായിരുന്നു. കൂടാതെ കേരളത്തില്‍ ആദ്യമായി യൂണിഫോം, ഉച്ചഭക്ഷണം എന്നിവ സൗജന്യമായി സ്കൂളുകളില്‍ വിതരണം ചെയ്തു തുടങ്ങിയതും ചാവറയച്ചന്‍റെ കാലത്താണ്. സമുദായത്തിന്‍റെ നിരന്തരപരിശ്രമവും അധ്വാനവും വഴി സമൂഹത്തിലെ മുഴുവന്‍ വിഭാഗം ജനങ്ങള്‍ക്കും വിദ്യാഭ്യാസം നല്‍കി കേരളത്തിന്‍റെ സാമൂഹിക നവോത്ഥാനത്തില്‍ മുഖ്യപങ്കു വഹിച്ചതാരാണെന്ന് വസ്തുനിഷ്ഠ മായ വിലയിരുത്തലിലൂടെ വ്യക്തമാകും.

മലയാളത്തില്‍ ആദ്യത്തെ നിഘണ്ടു രചിച്ച ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടും ആദ്യവ്യാകരണഗ്രന്ഥം ചമച്ച അര്‍ണോസ് പാതിരിയും ആദ്യമായി മലയാള ലിപികള്‍ ക്രോഡീകരിച്ച് മലയാളത്തെ അച്ചടിഭാഷയാക്കിയ ബഞ്ചമിന്‍ ബെയ്ലിയും ചെയ്ത സേവനങ്ങളെ ഭാഷാ സ്നേഹികള്‍ക്കു മറക്കാനാവുമോ. കേരളത്തിന്‍റെ പുരോഹിത നേതൃത്വത്തിന്‍റെ സര്‍ഗ്ഗാത്മക സാമൂഹിക ഇടപെടലുകള്‍ കമ്യൂണിസത്തെ അപ്രസക്തമാക്കുന്നു എന്ന തിരിച്ചറിവാണ് പുരോഹിതരെ വര്‍ഗ്ഗശത്രുക്കളും പിന്തിരിപ്പന്മാരുമായി പരിഗണിക്കാന്‍ പ്രാരംഭംമുതലേ പാര്‍ട്ടിയെ പ്രേരിപ്പിച്ചത്.

 മാര്‍ക്സിയന്‍ മതവീക്ഷണം

മാര്‍ക്സിയന്‍ ദര്‍ശനം ജര്‍മ്മന്‍ തത്ത്വചിന്തയും (Dialectics), ഫ്രഞ്ച് സാമൂഹ്യസിദ്ധാന്തവും (Socialism), ആംഗ്ലേയ ധനതത്വശാസ്ത്രവും (Economics) ചേര്‍ന്നതാണ്. ഹേഗല്‍ എന്ന ജര്‍മ്മന്‍ ചിന്തകന്‍റെ "വൈരുദ്ധ്യാത്മക വാദം" മാര്‍ക്സിസത്തിന്‍റെ അടിസ്ഥാനങ്ങളിലൊന്നാണ്. പ്രപഞ്ചം ഉത്ഭവിച്ചത് കേവല സത്തയില്‍ (Absolute Spirit) നിന്നാണ് എന്ന് ഹേഗല്‍ വാദിച്ചു. ഇതില്‍ അന്തര്‍ലീനമായിട്ടുള്ള വൈരുദ്ധ്യങ്ങള്‍ (Dialectics) നിമിത്തം നിരന്തരമായ മാറ്റങ്ങള്‍ സംഭവിക്കുന്നതായി ഹേഗല്‍ വിലയിരുത്തി. ഈ പ്രക്രിയയില്‍ പ്രമേയവും (Thesis) അതില്‍ നിന്നുരുത്തിരിയുന്ന പ്രതിപ്രമേയവും Anti - Thesis) തമ്മിലുള്ള സംഘര്‍ഷത്തിലൂടെ ഉല്‍ഗ്രഥനം (Synthesis) സംഭവിക്കുമെന്നും പ്രസ്തുത ഉല്‍ഗ്രഥനം തുടര്‍പ്രക്രിയയുടെ പ്രമേയ (Thesis) മാകുമെന്നും ഹേഗല്‍ കണ്ടെത്തുന്നു. പ്രപഞ്ചം വൈരുദ്ധ്യങ്ങളുടെ സംഘര്‍ഷത്തിലൂടെ പരിണമിക്കുന്നു എന്ന ഹേഗലിന്‍റെ ചിന്ത മാര്‍ക്സിനെ ഹഠാദാകര്‍ഷിച്ചു. ഹേഗലിന്‍റെ വൈരുദ്ധ്യാത്മക ചിന്തയെ മാര്‍ക്സ് സാമ്പത്തിക ശാസ്ത്രത്തില്‍ പ്രയോഗിച്ചതിന്‍റെ ഫലമായാണ് വര്‍ഗ്ഗസമരസിദ്ധാന്തം രൂപം കൊണ്ടത്. തൊഴിലാളി, മുതലാളി എന്നീ വിരുദ്ധ ശക്തികളുടെ സംഘര്‍ഷഭൂമിയായി മാര്‍ക്സ് ചരിത്രത്തെ വിലയിരുത്തി. ഈ വൈരുദ്ധ്യാത്മക സംഘര്‍ഷത്തില്‍ മുതലാളിയെ കൊന്ന് തൊഴിലാളി അധികാരം പിടിച്ചെടുക്കുകയും തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം (Dictatorship of the Prolytariate) എന്ന ഉല്‍ഗ്രഥനം (Synthesis) സംഭവിക്കുകയും ചെയ്യുമെന്ന് മാര്‍ക്സ് വാദിച്ചു.

എന്നാല്‍ ഹേഗലിന്‍റെ ചിന്തയിലെ ആത്മീയതയെ മാര്‍ക്സ് നിരാകരിച്ചു. പ്രപഞ്ചത്തെ കേവലസത്തയുടെ അന്യവത്കരണമായി (Alienation) കണ്ടെത്തിയ ഹേഗല്‍ വൈരുദ്ധ്യാത്മക സംഘര്‍ഷങ്ങളുടെ പൂര്‍ണ്ണതയും അവസാനവുമായി കണ്ടത് മനുഷ്യന്‍റെ (പ്രപഞ്ചത്തിന്‍റെ) ചിന്തയും കേവലസത്തയുടെ ചിന്തയും തമ്മിലുള്ള താദാത്മീകരണ ചിന്തയിലാണ്. (Das Absolute Denken). ദൈവവും മനുഷ്യനും തമ്മിലുള്ള വ്യത്യാസം ഇല്ലാതാകുന്ന സര്‍വ്വം ദൈവമയമാകുന്ന (Idealistic ontology) പരമലക്ഷ്യമാണ് ഹേഗലിനുണ്ടായിരുന്നത്. ഹേഗലിന്‍റെ ഈ "ആത്മീയ" ചിന്താഗതിയെ നിഷേധിക്കാന്‍ മാര്‍ക്സിന് പ്രേരകമായത് ഫോയര്‍ബാഹ് (Feurbach) എന്ന ജര്‍മ്മന്‍ ചിന്തകനാണ്.

ഹേഗലിന്‍റെ ചിന്തയെ ഫോയര്‍ബാഹ് തലകീഴാക്കി നിര്‍ത്തി. പരമമായ സത്യം (Ens Realissimum) മനുഷ്യനാണെന്ന് വാദിച്ച അദ്ദേഹം കേവലസത്ത മനുഷ്യന്‍ തന്നെയാണെന്നു സമര്‍ത്ഥിച്ചു. ദൈവമെന്നത് മനുഷ്യന്‍റെ സഫലമാകാത്ത മോഹങ്ങളുടെ സൃഷ്ടിയായതിനാല്‍ തനിക്കില്ലാത്ത സകലഗുണങ്ങളും കഴിവുകളും മനുഷ്യന്‍ ഭാവനയില്‍ ദൈവത്തിലാരോപിക്കുന്നതാണെന്ന് ഫോയര്‍ബാഹ് വാദിച്ചു. "മനുഷ്യന്‍ തന്നെയാണ് അവന്‍റെ ദൈവം" (Der Mensch ist Dem Menschen Gott) എന്ന ഫോയര്‍ ബാഹിന്‍റെ കാഴ്ചപ്പാട് മാര്‍ക്സിനെ സ്വാധീനിച്ചു. ദൈവനിഷേധത്തിന്‍റെ ഭൗതികവാദം മാര്‍ക്സിനു ലഭിച്ചത് ഫോയര്‍ബാഹില്‍ നിന്നാണെന്നു സാരം. ഹേഗലില്‍ നിന്ന് വൈരുദ്ധ്യാത്മക വാദവും (dialectics) ഫോയര്‍ ബാഹില്‍ നിന്ന് ഭൗതിക വാദവും (Materialism) സ്വീകരിച്ച മാര്‍ക്സ് ഇവയെ സംയോജിപ്പിച്ച് വൈരുദ്ധ്യാത്മക ഭൗതികവാദം (Dialectical Materialism) എന്ന തന്‍റെ സിദ്ധാന്തത്തിനു രൂപം നല്‍കി. ഈ സിദ്ധാന്തത്തില്‍ മാര്‍ക്സ് മതത്തെക്കുറിച്ചു പറഞ്ഞത് ഇപ്രകാരമാണ്. "മതം മര്‍ദ്ദിതരുടെ നെടുനിശ്വാസമാണ്. ഹൃദയമില്ലാത്ത ലോകത്തിന്‍റെ ഹൃദയവും ആത്മാവില്ലാത്ത ലോകത്തിന്‍റെ ആത്മാവുമാണ്. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്. ജനങ്ങളുടെ വ്യമോഹമായ മതത്തെ നശിപ്പിക്കേണ്ടത് അവരുടെ യഥാര്‍ത്ഥമായ ആനന്ദത്തിനാവശ്യമാണ്"1  ഓരോ യഥാര്‍ത്ഥ മാര്‍ക്സിസ്റ്റ് ഭൗതികവാദിയും മതത്തിന്‍റെ ശത്രുവുമായിരിക്കണമെന്ന് ലെനിന്‍ പഠിപ്പിച്ചു.

മനുഷ്യന്‍റെ നിത്യജീവിതത്തെ നിയന്ത്രിക്കുന്ന ബാഹ്യശക്തികള്‍ മനുഷ്യമനസ്സില്‍ ഉളവാക്കുന്ന അത്ഭുതകരമായ പ്രതിഫലനമായാണ് മാര്‍ക്സിസം മതത്തെ വിലയിരുത്തുന്നത്. ഈ ശക്തികളും പ്രകൃതിശക്തികളുടെ അത്രതന്നെ അന്യവും പിടികിട്ടാത്തതുമെന്ന നിലയ്ക്കാണ് മനുഷ്യനെ അഭിമുഖീകരിക്കുന്നത്. അത്രതന്നെ പ്രകടമായ സ്വഭാവികാവശ്യകതയോടുകൂടിത്തന്നെയാണ് അവയും മനുഷ്യന്‍റെമേല്‍ ആധിപത്യം ചെലുത്തുന്നതും. തുടക്കത്തില്‍ പ്രകൃതിയുടെ നിഗൂഢശക്തികളെമാത്രം പ്രതിഫലിപ്പിച്ചിരുന്ന അത്ഭുതരൂപങ്ങള്‍ക്ക് ചില സാമൂഹിക സവിശേഷതകള്‍ കൈവരികയും അവ ചരിത്രശക്തികളുടെ പ്രതിനിധികളായിത്തീരുകയും ചെയ്യുന്നു. പരിണാമത്തിന്‍റെ ഇനിയുമൊരു ഉത്തരഘട്ടത്തില്‍ എണ്ണമറ്റ ദൈവങ്ങളുടെ പ്രകൃതിസഹജവും സാമൂഹ്യവുമായ സവിശേഷതകളെല്ലാം സര്‍വ്വശക്തനായ ഒരൊറ്റ ദൈവത്തില്‍ അവരോധിക്കപ്പെടുന്നതായി ഏംഗല്‍സ് വിലയിരുത്തുന്നു. ഈ സര്‍വ്വശക്തനാകട്ടെ അമൂര്‍ത്ത മനുഷ്യന്‍റെ ഒരു പ്രതിഫലനം മാത്രവുമാണ്. ഏകേശ്വരവാദത്തിന്‍റെ ഉത്ഭവബിന്ദുവായി ഈ ഘട്ടത്തെയാണ് മാര്‍ക്സിസം ചൂണ്ടിക്കാട്ടുന്നത്. ചരിത്രപരമായി നോക്കിയാല്‍, പില്ക്കാല യവനരുടെ വികൃത ദര്‍ശനത്തിന്‍റെ അവസാനത്തെ സന്തതിയാണിത്. യഹൂദരുടെ ദേശീയ ദൈവമായ യഹോവയായി അവതാരം കൊണ്ടതും ഇതാണത്രേ. സൗകര്യപ്രദവും ഉപയുക്തവും ഏതുതരത്തില്‍ വേണമെങ്കിലും മാറ്റാവുന്നതുമായ ഈ രൂപത്തില്‍ മതത്തിന് പ്രത്യക്ഷമായി തുടര്‍ന്നും നിലനില്ക്കാന്‍ കഴിയും എന്ന് മാര്‍ക്സ് വിലയിരുത്തുന്നു4 അതായത്, മനുഷ്യന്‍ അവന്‍റെമേല്‍ ആധിപത്യം ചെലുത്തുന്ന പ്രകൃതിസഹജവും സാമൂഹ്യവുമായ അന്യശക്തികളുടെ നിയന്ത്രണത്തില്‍ കഴിയുന്നിടത്തോളം ഈ ശക്തികളുമായുള്ള അവന്‍റെ ബന്ധത്തിന്‍റെ വൈകാരിക രൂപമായി മതത്തിന് തുടരാന്‍ സാധിക്കുമത്രേ. ഈ പ്രതിഫലനത്തിന്‍റെ രൂപപരിണാമത്തില്‍ വിവിധതലങ്ങള്‍ മാര്‍ക്സ് ആരോപിക്കുന്നുണ്ട്. ഒന്നാമത്തെ തലത്തില്‍ നിത്യജീവിതത്തെ നിയന്ത്രിക്കുന്ന ബാഹ്യശക്തികള്‍ പ്രകൃതിശക്തികള്‍തന്നെയാണ്. ഭൗമശക്തികളുടെ വിസ്മയിപ്പിക്കുന്ന കാഴ്ചകള്‍ (ഇടിമിന്നല്‍, കടല്‍, സൂര്യന്‍ ......etc) പ്രകൃതി മതങ്ങള്‍ക്കു ജന്മം നല്‍കുന്നു. ഈ മതരൂപത്തിന്‍റെ ഭിന്ന പ്രകൃതികള്‍ ഇന്‍ഡോ-യൂറോപ്യന്‍ മതങ്ങളുടെ പ്രഗ്രൂപമായി നിലവിലുണ്ടെന്ന മാര്‍ക്സിയന്‍ നിരീക്ഷണം ശരിയാണ്. കേവലം മാനസിക വിസ്മയമായി നിലനിന്നിരുന്ന പ്രസ്തുത ഭൗമശക്തികള്‍ ആരാധനാ മൂര്‍ത്തികളായി മാറുന്നതാണ് മതപരിണാമത്തിന്‍റെ രണ്ടാംഘട്ടം. പുരോഹിതവര്‍ഗ്ഗം ജനിക്കുന്നത് ഈ  ഘട്ടത്തിലാണ്. പ്രകൃതിശക്തികള്‍ക്ക് സമാനമായി സക്രിയമാകുന്ന സാമൂഹ്യശക്തികളാണ് മതപരിണാമത്തിന്‍റെ അടുത്ത ഘട്ടത്തെ നിയന്ത്രിക്കുന്നത്.

ക്രൈസ്തവമതത്തെ അടിമകളുടെ മതമായാണ് മാര്‍ക്സ് വിലയിരുത്തുന്നത്. ക്രൈസ്തവലോകത്തില്‍ ആദ്യമാദ്യം എല്ലാ മനുഷ്യരും ദൈവത്തിന്‍റെ മുന്നില്‍ പാപികളെന്ന നിലയ്ക്ക് സമന്മാരാണെന്ന  ഒരു നിഷേധാത്മക സമത്വമുണ്ടായിരുന്നു. കുറേക്കൂടി സങ്കുചിതമായി യേശുവിന്‍റെ അനുഗ്രഹത്താലും  രക്തത്താലും പാപമോചനം കിട്ടിയ എല്ലാ ദൈവസന്തതികളുടേയും സമത്വമായും ഇതിനെ വ്യാഖ്യാനിക്കാന്‍ കഴിയുമായിരുന്നു. രണ്ടായാലും അത് അടിമകളുടെ മതമെന്ന നിലയ്ക്കുള്ള, ക്രൈസ്തവസഭയുടെ പങ്കില്‍ വേരൂന്നിയതായിരുന്നു എന്ന് മാര്‍ക്സ് നിരീക്ഷിക്കുന്നു.

ആദ്യകാലക്രിസ്തുമതത്തിന് മാര്‍ക്സിയന്‍ തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനവുമായി ഒട്ടനവധി സാദൃശ്യങ്ങളുണ്ടെന്ന് എംഗല്‍സ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ക്രിസ്തുമതം തുടക്കത്തില്‍ മര്‍ദ്ദിത ജനവിഭാഗങ്ങളുടെ പ്രസ്ഥാനമായിരുന്നു. ക്രിസ്തുമതവും മാര്‍ക്സിയന്‍ തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനവും തമ്മിലുള്ള സാദൃശ്യങ്ങളെക്കുറിച്ച് എംഗല്‍സ് നടത്തുന്ന നിരീക്ഷണം ശ്രദ്ധാര്‍ഹമാണ്. "അടിമകളുടേയും സ്വതന്ത്രരാക്കപ്പെട്ടവരുടെയും മതമെന്ന നിലയ്ക്കാണ്, എല്ലാവിധ അവകാശങ്ങളും നിഷേധിക്കപ്പെട്ട പാവപ്പെട്ടവരുടെ മതമെന്ന നിലയ്ക്കാണ്, റോമിന്‍റെ ചവിട്ടടിയിന്‍കീഴില്‍ ആക്കപ്പെട്ടതോ  റോമിനാല്‍ ഛിന്നഭിന്നമാക്കപ്പെട്ടതോ ആയ ജനതകളുടെ മതമെന്ന നിലയ്ക്കാണ് അത് ആദ്യം രംഗപ്രവേശനം നടത്തിയത്. ബന്ധനത്തിലും കഷ്ടപ്പാടിലുംനിന്നുള്ള മോക്ഷമാണ് ക്രിസ്തുമതത്തെപ്പോലെ തൊഴിലാളി സോഷ്യലിസവും വാഗ്ദാനം ചെയ്യുന്നത്. ക്രിസ്തുമതം ഈ മോക്ഷം വാഗ്ദാനം ചെയ്യുന്നത് മരണാനന്തരമുള്ള ഒരു ജീവിതത്തില്‍, സ്വര്‍ഗ്ഗത്തില്‍ ആണെങ്കില്‍ ഈ ലോകത്തില്‍തന്നെയാണ്, സമൂഹത്തിന്‍റെ പരിവര്‍ത്തനത്തിലൂടെയാണ്, സോഷ്യലിസം ഇത് വാഗ്ദാനം ചെയ്യുന്നത്"5 രണ്ടുകൂട്ടരും പീഢനത്തിനും ഉപദ്രവത്തിനും വിധേയരാകുന്നുണ്ട്. രണ്ടിന്‍റെയും അനുയായികള്‍ അധിക്ഷേപത്തിനും നിയമപീഢനങ്ങള്‍ക്കും പാത്രമാകുന്നുണ്ട്. എന്തെല്ലാം പീഢനങ്ങളുണ്ടായാലും ആ പീഢനങ്ങളില്‍നിന്നെല്ലാം കൂടുതല്‍ ആവേശംപൂണ്ട് ഇരുകൂട്ടരും പ്രതിഹതമായി വിജയത്തില്‍നിന്ന് വിജയത്തിലേക്ക് കുതിച്ചുകയറുന്നു. ഏര്‍ണെസ്റ്റ് റെനാന്‍ എന്ന ഫ്രഞ്ചുചിന്തകന്‍ "ക്രിസ്തുമതത്തിന്‍റെ ഉത്ഭവം" എന്ന ഗ്രന്ഥത്തില്‍ ഏംഗല്‍സിന്‍റെ നിരീക്ഷണത്തിനു സമാനമായ നിഗമനത്തിലെത്തുന്നുണ്ട്: "ആദ്യകാല ക്രൈസ്തവസഭകളെപ്പറ്റി അറിയണമെന്നുണ്ടെങ്കില്‍ അധ്വാനിക്കുന്ന പണിയാളരുടെ സര്‍വ്വദേശീയ സംഘടനയുടെ (ഇന്‍റര്‍ നാഷണല്‍ വര്‍ക്കിംഗ് മെന്‍സ് അസോസിയേഷന്‍റെ) ഒരു പ്രാദേശിക ശാഖയുടെ പ്രവര്‍ത്തനം ശ്രദ്ധിച്ചാല്‍മതി"

 മാര്‍ക്സിയന്‍ മതവീക്ഷണത്തിലെ വൈകല്യങ്ങള്‍

മതത്തെ വിലയിരുത്തുന്നതില്‍ മാര്‍ക്സിസത്തിനു സംഭവിച്ച വീഴ്ചകള്‍ ശ്രദ്ധേയമാണ്. ഒന്നാമതായി, മാര്‍ക്സിന്‍റെ ചരിത്ര-പ്രപഞ്ചവീക്ഷണങ്ങള്‍ ഭൗതികവാദപരം (materialistic) എന്നതിനേക്കാള്‍  യാന്ത്രികതയില്‍ (mechanical) ഊന്നിയതാണ്. ചരിത്രം തീസിസും ആന്‍റീതീസിസും തീര്‍ത്ത് യാന്ത്രികമായി മുന്നേറുകയാണെന്ന മാര്‍ക്സിയന്‍ചിന്ത യുക്തിസഹമല്ല. സമൂഹത്തിലെ വൈരുധ്യങ്ങളെല്ലാം വര്‍ഗ്ഗസമരത്തിനുള്ള കോപ്പുകൂട്ടലാണെന്ന മാര്‍ക്സിയന്‍ ധാരണ യാഥാര്‍ത്ഥ്യവുമായി പലപ്പോഴും ഒത്തുപോകുന്നതല്ല. വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളും സമൂഹത്തിന്‍റെ സങ്കീര്‍ണ്ണതയുടെ ഭാഗമാണെന്നും അവയുടെ സഹവര്‍ത്തിത്വം സാധ്യമാണെന്നും ഗ്രഹിക്കുന്നതില്‍ മാര്‍ക്സിസം പരാജയപ്പെട്ടു. വ്യവസായവിപ്ലവാനന്തരകാലത്തെ ഇംഗ്ലണ്ടിലെ തൊഴിലാളിവര്‍ഗ്ഗം അനുഭവിച്ച കഷ്ടതയുടെയും ഞെരുക്കത്തിന്‍റെയും ചരിത്രത്തെ സാര്‍വ്വത്രികവല്‍ക്കരിച്ചതില്‍ മാര്‍ക്സിസത്തിനു പിഴച്ചു. ചരിത്രത്തിന് മുന്നോട്ടുനീങ്ങാന്‍ പ്രമേയം-പ്രതിപ്രമേയം-ഉല്‍ഗ്രഥനം-പ്രമേയം.... എന്നീ വര്‍ഗ്ഗസംഘര്‍ഷത്തിന്‍റെ വഴി മാത്രമേയുള്ളൂ എന്ന നിഗമനം ചരിത്രപരമായ വിഢിത്തമാണ്.

തൊഴിലാളിയെ അടിമയാക്കി വയ്ക്കാന്‍ മുതലാളി ഉപയോഗിക്കുന്ന രണ്ട് ആയുധങ്ങള്‍ രാഷ്ട്രവും മതവുമാണെന്ന് മാര്‍ക്സ് നിരീക്ഷിക്കുന്നു. നിയമവും അധികാരവുമുപയോഗിച്ച്  രാഷ്ട്രം മുതലാളിയെ സംരക്ഷിക്കുമ്പോള്‍ നിലവിലുള്ള ചൂഷണം നിറഞ്ഞ വ്യവസ്ഥിതിയെ ദൈവഹിതമായി അംഗീകരിക്കാന്‍ മതം പ്രേരിപ്പിക്കുന്നു. മുതലാളിവര്‍ഗ്ഗത്തെ നശിപ്പിച്ച് തൊഴിലാളികള്‍ അധികാരം കൈയ്യാളുമ്പോഴാണ് "തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം" (Dictatorship of the Prolytariate) സംജാതമാകുന്നത്. തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം വരുമ്പോള്‍ രാഷ്ട്രമില്ലാതായി തീരുകയും (Withering away of the State) മതം മനുഷ്യനെ മയക്കിയിരുന്ന കറുപ്പ് (Opium) ആണെന്ന് ബോധ്യപ്പെട്ട് തിരസ്ക്കരിക്കപ്പെടുകയും പുരോഹിതവര്‍ഗ്ഗം നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. ചുരുക്കത്തില്‍, വര്‍ഗ്ഗസമരത്തിലധിഷ്ഠിതമായ സമൂഹത്തെ മാത്രമേ മാര്‍ക്സിനു കാണാന്‍ കഴിയുന്നുള്ളൂ. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പറയുന്നത് ശ്രദ്ധിക്കുക: "ഇന്നു വരെയുള്ള സമൂഹചരിത്രം വര്‍ഗ്ഗസമര ചരിത്രമാണ.് സ്വതന്ത്രനും അടിമയും ഉന്നതകുലജാതനും സാധാരണക്കാരനും പ്രഭുവും കുടിയാനും വ്യവസായ ഉടമയും തൊഴിലാളിയും തുടങ്ങി ഒറ്റവാക്കില്‍ പറഞ്ഞാല്‍ മര്‍ദ്ദകരും മര്‍ദ്ദിതരും തമ്മില്‍ നിരന്തരം സമരത്തിലാണ്"

ആദികാല ക്രിസ്തുമതത്തിന് മാര്‍ക്സിയന്‍ തൊഴിലാളി പ്രസ്ഥാനവുമായുള്ള സാധര്‍മ്മ്യം വാദത്തിനുവേണ്ടി സമ്മതിച്ചാല്‍പ്പോലും ക്രിസ്തുമതത്തിന്‍റെ വളര്‍ച്ച വര്‍ഗ്ഗസമരസിദ്ധാന്തത്തെ നിരാകരിക്കുന്നു. വര്‍ഗ്ഗസമരത്തിന്‍റെ രക്തരൂക്ഷിത വിപ്ലവത്തിലൂടെയല്ല സഹനത്തിന്‍റെ തീച്ചൂളയില്‍ രക്തസാക്ഷികള്‍ വിശ്വാസത്തിന്‍റെ ധീരസാക്ഷ്യം വഹിച്ചതിലൂടെയാണ് ക്രിസ്തുമതം വളര്‍ന്നത്. ഏറ്റുമുട്ടുന്നതിനേക്കാളും ശക്തി ആവശ്യമുള്ളത് സഹിക്കാനാണ്. സഹനമാണ്  ശത്രുവിനെ നിര്‍വീര്യമാക്കുന്നതെന്ന ക്രിസ്തുദര്‍ശനത്തിന്‍റെ കരുത്ത് കണ്ടറിഞ്ഞ ഗാന്ധിയുടെ അഹിംസാ മാര്‍ഗ്ഗം മാര്‍ക്സിയന്‍ വിപ്ലവത്തിനു വിരുദ്ധമാകുന്നതും ഭാരതം കണ്ടറിഞ്ഞതാണല്ലോ.

മാര്‍ക്സ് വിഭാവനം ചെയ്ത "വര്‍ഗ്ഗസമരം" എന്ന ആശയം മിഥ്യയാണെന്നു കാലം തെളിയിച്ചു. മാര്‍ക്സു വിലയിരുത്തിയ ബ്രിട്ടനിലെ സമൂഹം തന്നെ ഉദാഹരിക്കാം. മുതലാളി-തൊഴിലാളി സംഘര്‍ഷത്തിനുപകരം വികസ്വരരാഷ്ട്രങ്ങളെ (കോളനികളെ) ചൂഷണം ചെയ്യാനായി മുതലാളി-തൊഴിലാളി സഖ്യമാണ് ഇംഗ്ലണ്ടില്‍ വന്നത്. ഫലത്തില്‍ ഇംഗ്ലണ്ടിലെ തൊഴിലാളികള്‍ മുതലാളിമാരായി. റഷ്യയില്‍  വര്‍ഗ്ഗസമരത്തിലൂടെയല്ല സ്റ്റാലിനും ലെനിനും അധികാരം പിടിച്ചെടുത്തത്. സാര്‍ചക്രവര്‍ത്തിയെ ചതിയില്‍ വധിക്കുകയായിരുന്നു. ചൈനയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ചുരുക്കത്തില്‍, വര്‍ഗ്ഗസമരത്തിലൂടെ കമ്യൂണിസ്റ്റുകാര്‍ അധികാരം പിടിച്ചെടുത്ത ഏതെങ്കിലും രാജ്യമുണ്ടെന്നു കരുതാനാവില്ല. ക്യൂബയിലെ ഒളിപ്പോരാട്ടങ്ങള്‍ വര്‍ഗ്ഗസമരങ്ങളായി കരുതാനാവില്ല. വര്‍ഗ്ഗ സമരത്തിനുപകരം വര്‍ഗ്ഗസഹകരണവും കൂട്ടായ്മയുടെ ഒത്തുചേരലുകളുമാണ് ഇന്ന് ചരിത്രത്തിന്‍റെ ഗതിനിര്‍ണ്ണയിക്കുന്നത്. സാഹോദര്യം, സഹകരണം, സഹവര്‍ത്തിത്വം തുടങ്ങിയ ധാര്‍മ്മികമൂല്യങ്ങളും ചരിത്രത്തിന്‍റെ ഗതിനിര്‍ണ്ണയിക്കുന്ന ചാലകശക്തികളാണ്. നിരന്തരം യുദ്ധം നടത്തിയിരുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ പരസ്പരസഹകരണത്തിന്‍റെ കൂട്ടായ്മ തീര്‍ത്തപ്പോഴും (Europian Union) രണ്ടു ലോകയുദ്ധങ്ങള്‍ക്കുശേഷം "ഐക്യരാഷ്ട്ര സഭ" എന്ന സഹകരണസംഘം സ്ഥാപിക്കാന്‍ ലോകം മുന്നോട്ടിറങ്ങിയപ്പോഴും മധ്യപൂര്‍വ്വേഷ്യയുടെ  അശാന്തിക്ക് സമാധാനക്കരാര്‍ തയ്യാറായപ്പോഴും ചരിത്രത്തിന് വര്‍ഗ്ഗസമരമെന്ന പരിപ്രേക്ഷ്യത്തിന് വെളിയിലും പ്രയാണ സാധ്യതയുണ്ടെന്ന് ലോകം തിരിച്ചറിഞ്ഞു. രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണകരാറുകളാണ് ഇന്ന് ഏറെയുള്ളത്. ചരിത്രം വര്‍ഗ്ഗസമരത്തിന്‍റെ ഗതിയിലല്ല ആത്മീയതയുടെ സഹകരണ വ്യവസ്ഥിതിയിലാണ് മുന്നേറുന്നത്. "തിടുക്കപ്പെട്ട സാര്‍വ്വത്രീകരണം" (hasty generalisation) എന്ന് തര്‍ക്കശാസ്ത്രം വിശേഷിപ്പിക്കുന്ന അബദ്ധം (fallacy) മാര്‍ക്സിസത്തിനു പിന്നിലുണ്ട്. 

മതത്തെയും പൗരോഹിത്യത്തെയും ആത്മീയമൂല്യങ്ങളെയും നിരസിക്കുന്ന വര്‍ഗ്ഗസമരത്തിലൂടെ അധികാരം കയ്യാളുന്ന തൊഴിലാളിവര്‍ഗ്ഗ നേതൃത്വം പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുമെന്ന് മാര്‍ക്സു കണ്ട സ്വപ്നം പാഴ്കിനാവുമാത്രമായിരുന്നു. അധികാരം കയ്യാളിയ തൊഴിലാളിനേതൃത്വം ഏകാധിപത്യവും അഴിമതിയും സ്വജനപക്ഷപാതവും വഴി ബൂര്‍ഷ്വാ വിഭാഗത്തിന്‍റെ പരിഷ്കൃത പതിപ്പായി പരിണമിക്കുമെന്ന് വിഭാവനം ചെയ്യാന്‍ മാര്‍ക്സിനു കഴിഞ്ഞില്ല. പാര്‍ട്ടിനേതാക്കള്‍ കയ്യാളിയ കണക്കറ്റ സമ്പത്തിനെ ന്യായീകരിക്കാന്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ വകുപ്പില്ലാതായി. മനുഷ്യനിലെ ആന്തരികപരിവര്‍ത്തനം കൂടാതെയുള്ള സാമൂഹിക വിപ്ലവം ഫലപ്രദമല്ല എന്ന ക്രിസ്തീയ ദര്‍ശനത്തിന് അടിവരയിടുന്നതാണ് കമ്യൂണിസത്തിന്‍റെ ഈ സൈദ്ധാന്തിക പരാജയം. അപരനെ സഹോദരനായി കരുതി സ്നേഹിക്കുമ്പോള്‍ മാത്രമേ യഥാര്‍ത്ഥ വിപ്ലവം നടക്കുകയുള്ളൂ എന്ന ക്രിസ്തു ദര്‍ശനമാണ് വര്‍ഗ്ഗസമരത്തിനുള്ള പ്രതിവിധി. വര്‍ഗ്ഗസമരവുമായുള്ള സംവാദത്തില്‍ കേരളത്തിലെ പുരോഹിതന്‍ സ്വീകരിക്കേണ്ട നിലപാടുതറയും ഇതുതന്നെയാണ്.

മാര്‍ക്സിസം ക്രിസ്തു മതത്തിനു നടത്തുന്ന അപനിര്‍മ്മിതി അപകടകരമാംവിധം പക്ഷപാതപരമാണ്. ജര്‍മ്മനിയിലെ ട്യൂബിംഗന്‍ ചിന്താസരണിയില്‍ വളര്‍ന്ന ചരിത്രവിശകലനവാദത്തെ (Historical Criticism) കൂട്ടുപിടിച്ച് ക്രിസ്തു മതദര്‍ശനങ്ങളും പൗരോഹിത്യവും മിഥ്യയാണെന്ന് സ്ഥാപിക്കാനാണ് ഏംഗല്‍സ് ശ്രമിച്ചത്. "ചരിത്രപരമോ നിഗൂഢമോ എന്നു പറഞ്ഞ് ത്യുബിംഗന്‍സരണി തിരസ്കരിക്കുന്നതെല്ലാം ശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം അന്തിമമായി തുടച്ചുനീക്കപ്പെട്ടതായി കരുതാവുന്നതാണ്"8  എന്ന ഏംഗല്‍സിന്‍റെ നിഗമനം മാര്‍ക്സിയന്‍ ചരിത്രവീക്ഷണത്തോടുപോലും നീതിപുലര്‍ത്താനാവാത്തവിധം സങ്കുചിതമായിരുന്നു. പ്രൊട്ടസ്റ്റന്‍റു ലിബറലിസത്തിന്‍റെ അതിപ്രസരത്തില്‍ ട്യുബിംഗന്‍ സ്കൂളിലെ ചില വിഘടനവാദികള്‍ നടത്തിയ നിരീക്ഷണത്തെ  ശാസ്ത്രത്തിന്‍റെ അന്തിമ വാക്കായി അവതരിപ്പിക്കാന്‍ ഏംഗല്‍സിനു മടിയില്ല. കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങള്‍ പൊളിയാണെന്ന് ഇന്ത്യയിലെ കോണ്‍ഗ്രസുകാരും  അമേരിക്കന്‍ പ്രസിഡന്‍റും പറഞ്ഞു: അതിനാല്‍ കമ്യൂണിസം കാലഹരണപ്പെട്ടതാണ് എന്ന നിഗമനത്തിലെത്തിച്ചേരുന്ന യുക്തിയാണ് ഇവിടെ ഏംഗല്‍സ് ഉപയോഗിക്കുന്നത്. ക്രിസ്തുമതം യഹൂദമതത്തില്‍നിന്നു രൂപപ്പെട്ടതല്ല, വിശ്വമതമെന്ന നിലയില്‍ യവന-റോമന്‍ സംസ്കാരത്തില്‍ കോണ്‍സ്റ്റന്‍റയിന്‍ സ്ഥാപിച്ചതാണെന്ന ബ്രൂണോ ബൗവറുടെ നിഗമനവും വെള്ളംതൊടാതെ വിഴുങ്ങാന്‍ ഏംഗല്‍സിനു സാധിച്ചു9 പുതിയനിയമത്തില്‍ ചരിത്രപരതയുള്ള ഏകഗ്രന്ഥം വെളിപാടുപുസ്തകമാണെന്നും അതാകട്ടെ മരണമടഞ്ഞ നീറോ ചക്രവര്‍ത്തി മൂന്നരക്കൊല്ലം കഴിഞ്ഞ് വീണ്ടുംവരും എന്ന മിഥ്യാധാരണയെമാത്രം ഊന്നിപ്പറയുന്നതാണെന്നും വ്യാഖ്യാനിക്കാനും മാര്‍ക്സിയന്‍ ചിന്തകരുടെ ബൈബിള്‍ വിജ്ഞാനത്തിനു കഴിഞ്ഞു. ചരിത്രത്തെ ക്രിസ്തുമതവിരോധത്തിന്‍റെ കണ്ണിലൂടെ മാത്രം നോക്കിക്കാണുന്ന ഹ്യൂമനിസ്റ്റുകളുടെയും ഭൗതികവാദികളുടെയും നിരീക്ഷണത്തിനപ്പുറം മാര്‍ക്സിയന്‍ മതാപഗ്രഥനത്തിനു സത്യസന്ധതയുടെ വേരുകളില്ലെന്നു വ്യക്തമാണ്.

മതമെന്ന സ്വത്വബോധം

മനുഷ്യന്‍റെ സ്വത്വബോധത്തിന്‍റെ അനിവാര്യഭാഗമാണ് മതമെന്ന സത്യത്തെ നിഷേധിക്കുന്നു എന്നതാണ് മാര്‍ക്സിയന്‍ മതവീക്ഷണത്തിന്‍റെ മറ്റൊരു വൈകല്യം. മാര്‍ക്സിസം മതത്തിനനുവദിക്കുന്ന സ്ഥലം പരിമിതമാണ് എന്ന മാധ്യമവാദമാണോ അഥവാ മാര്‍ക്സിസം മതവിരുദ്ധമാണെന്ന മൗലീകവാദമാണോ സഭയും മാര്‍ക്സിസവും തമ്മിലുള്ള വൈരുധ്യതയ്ക്കു നിദാനമെന്ന് ഇനിയും ഇഴപിരിച്ചെടുക്കേണ്ടതുണ്ട്. സ്വത്വവും വര്‍ഗ്ഗവും തമ്മിലുള്ള പരിമാണ പരിണാമങ്ങളില്‍ കേരളത്തിലെ പാര്‍ട്ടിയുടെ സൈദ്ധാന്തിക പക്ഷത്തിനുപോലും ഇനിയും ക്ലിപ്തത കൈവന്നിട്ടില്ല എന്നത് അടുത്തകാലത്ത് വ്യക്തമായല്ലോ. മതം മനുഷ്യസ്വത്വത്തിന്‍റെ ഭാഗമാണ്. വ്യക്തിയുടെ മൂല്യ-ധാര്‍മ്മാസ്ഥിത്വങ്ങളെ നിരന്തര സംവേദനത്തിലൂടെ സ്വാധീനിക്കുന്ന മതവും അനുഷ്ഠാനങ്ങളും, അവ പ്രഖ്യാപിത മതങ്ങളുടെ പരിപ്രേക്ഷ്യത്തില്‍പ്പെടുന്നവയല്ലെങ്കില്‍പോലും, സ്വത്വനിര്‍മ്മിതിയുടെ അവശ്യഘടകങ്ങളാണ്. മനുഷ്യജന്മം വര്‍ഗ്ഗം എന്ന ആശയപരതയുടെ അമൂര്‍ത്തതയിലല്ല ചരിത്രത്തിന്‍റെ സ്വത്വപരതയിലാണ് സംഭവിക്കുന്നത്. തൊഴിലാളി മുതലാളി വര്‍ഗ്ഗീകരണം എന്ന ചിന്തയുടെ മൂര്‍ത്തരൂപങ്ങളാര്‍ജ്ജിക്കും മുമ്പേ അസ്ഥിത്വം മനുഷ്യവര്‍ഗ്ഗം എന്ന അവിഭക്ത വര്‍ഗ്ഗത്തിന്‍റെ അഥവാ "അവര്‍ഗ്ഗത്തിന്‍റെ ഭാഗമായി. അതിനാല്‍ വര്‍ഗ്ഗത്തിനു മുമ്പേയുള്ള സ്വത്വത്തെ നിഷേധിക്കുന്നത് നാടന്‍ഭാഷയില്‍, "ഉടുക്കാതെ തലയില്‍ കെട്ടുന്ന"തുപോലെയാണ്. ഫ്രഞ്ചുചിന്തകനായ എമ്മാനുവല്‍ ലെവിനാസിന്‍റെ നിഗമനം സത്യമാണ്: ചിന്തയ്ക്കു മുമ്പേ സംജാതമാകുന്നത് സ്വത്വമാണ്. തിരിച്ചറിവിന്‍റെ കാലമാപിനിയില്‍ ഒരുവന്‍റെ ചിന്ത ഉരുകിത്തെളിയുംമുമ്പേ തന്‍റെ അസ്ഥിത്വം മറ്റനേകം അസ്ഥിത്വങ്ങളോട് കടപ്പെട്ടിരിക്കുന്നു എന്ന ലെവിനാസിന്‍റെ കണ്ടെത്തല്‍ വര്‍ഗ്ഗസമരത്തിന്‍റെ അപനിര്‍മ്മിതിക്ക് സഹായകമാണ്. സ്വത്വത്തിനുമേല്‍ വര്‍ഗ്ഗത്തെ പ്രതിഷ്ഠിക്കുന്നവര്‍ യാഥാര്‍ത്ഥ്യത്തെ അമൂര്‍ത്തവല്‍ക്കരിക്കുന്ന അപകടാവസ്ഥയിലാണ് ചെന്നെത്തുക.

പാര്‍ട്ടിയുടെ തെറ്റുതിരുത്തല്‍ രേഖയില്‍ മതവിശ്വാസത്തിനു ഭ്രഷ്ടു കല്പിച്ചപ്പോള്‍ കളംമാറി ചവിട്ടിയ മുന്‍ എം.പി.മാരു വര്‍ഗ്ഗത്തിനുപരിയാണ് സ്വത്വം എന്നു തിരിച്ചറിഞ്ഞവരല്ലേ. പാളയം വിട്ടവരെ വര്‍ഗ്ഗീയവാദികളും അധികാരമോഹികളും കരിങ്കാലികളുമായി ചിത്രീകരിച്ച് മുഖം മിനുക്കാമെങ്കിലും അവര്‍ ഉയര്‍ത്തുന്ന പ്രത്യയശാസ്ത്ര പ്രതിസന്ധി ഉത്തരം നല്‍കപ്പെടാതെ നില്‍ക്കുന്നു എന്നത് സത്യമല്ലേ. പാര്‍ട്ടിക്കുള്ളില്‍ തന്നെ സ്വത്വപ്രതിസന്ധി അനുഭവിക്കുന്നവരുണ്ട്. "അങ്ങേയറ്റം ലജ്ജാകരം" എന്ന് പാര്‍ട്ടി വിലയുരുത്തിയ "ദൈവനാമത്തിലുള്ള സത്യപ്രതിജ്ഞ" നടത്തിയ എം. എല്‍. എമാരും ഉംറ നമസ്കാരത്തിനു പോകുന്ന പാര്‍ട്ടിനേതാവും "പൂമൂടല്‍പൂജ" നടത്തിയ കേരളാ മന്ത്രിയും "കാളീപൂജ" മുടക്കാത്ത ബംഗാള്‍ മന്ത്രിയും, അന്ത്യകൂദാശ സ്വീകരിച്ച് വിവാദമുണ്ടാക്കിയ എം.എല്‍.എയുമെല്ലാം അടിച്ചമര്‍ത്തപ്പെട്ട സ്വത്വപ്രതിസന്ധിയുടെ കാലികമായ ബഹിര്‍സ്ഫുരണങ്ങള്‍ മാത്രമാണ്. ബദല്‍ രേഖ മുതല്‍ നാലാം ലോകസിദ്ധാന്തവും പു.ക.സാ. വിവാദവും വരെ കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ കത്തിപുകഞ്ഞ വിവാദങ്ങളുടെയെല്ലാം അന്തര്‍ധാര ഈ സ്വത്വ പ്രതിസന്ധിയായിരുന്നു എന്നത് വായിച്ചെടുക്കാന്‍ മൂന്നാം കണ്ണോ സോളമന്‍റെ ബുദ്ധികൂര്‍മ്മതയോ ആവശ്യമില്ല.

സമ്പത്ത് എന്ന മൂന്നക്ഷരങ്ങളില്‍ മാത്രം മനുഷ്യസ്വത്വത്തെ പുനര്‍വായിച്ചതിന്‍റെ പരിണതിയാണ് തൊഴിലാളി-മുതലാളി-വര്‍ഗ്ഗസമരം. മനുഷ്യസ്വത്വം നിര്‍ണ്ണയിക്കുന്ന അനേകം മാനങ്ങളില്‍ ഒന്നു മാത്രമാണ് സാമ്പത്തിക വര്‍ഗ്ഗബോധം എന്ന തിരിച്ചിറിവുനേടുംവരെ സ്വത്വപ്രതിസന്ധിയുടെ ദുര്‍ഭൂതം വര്‍ഗ്ഗസമരക്കാരുടെ ഉറക്കംകെടുത്തും. തൊഴിലാളി-മുതലാളി ദ്വന്ദ്വം സമൂഹത്തിലെ അനേകം വൈരുധ്യാത്മകതകളിലൊന്നുമാത്രമാണ്. മനുഷ്യനെ സാമ്പത്തിക ജീവിയായി അപനിര്‍മ്മാണം നടത്തുന്ന മാര്‍ക്സിസ്റ്റ് ബോധനശാസ്ത്രത്തിന് മനുഷ്യഗന്ധമില്ല. മുഷ്ടിചുരുട്ടി മൂന്നുവട്ടം ഇന്‍ക്വിലാബ് വിളിച്ചാല്‍ ഒരുവന്‍റെ സ്വത്വബോധം പൊഴിഞ്ഞുപോകില്ല. സ്വത്വം ചരിത്രനിര്‍മ്മിതിയും യാഥാര്‍ത്ഥ്യവുമാകയാല്‍ സ്വത്വബോധത്തിന്‍റെ അടിസ്ഥാനത്തില്‍ സാമൂഹ്യരാഷ്ട്രീയ പ്രതികരണങ്ങള്‍ ഉണ്ടാവുക സാധ്യമാണ് എന്ന കെ. ഇ. എന്നിന്‍റെ നിരീക്ഷണത്തില്‍ കഴമ്പുണ്ട്. "പുറമേക്കു ലെനിനായി, പൂജാമുറിയില്‍ പൂന്താനമായി പൊട്ടിപ്പിളരുംവിധമുള്ള വിരുദ്ധബോധങ്ങളുടെ വളര്‍ച്ചയാണ് വിമോചനബോധങ്ങളെ പിന്നില്‍നിന്നു വെട്ടിവീഴ്ത്തുന്നത്. പുറത്ത് തൊഴിലാളിയും അകത്ത് മുതലാളിയുമായി തൊഴിലാളി നെടുകെ പിളരുമ്പോള്‍ മുതലാളി അകത്തും പുറത്തും മുതലാളിയായി വളരുന്നു"10 എന്ന നിരീക്ഷണം മതം, ആത്മാവ്, പൗരോഹിത്യം എന്നീ സ്വത്വബോധങ്ങളെ മറക്കുന്ന വര്‍ഗ്ഗസമരത്തിന്‍റെ പൊള്ളത്തരം വെളിവാക്കുന്നുണ്ട്.

 സമന്വയ സാധ്യതകള്‍

മതവും മാര്‍ക്സിസവും തമ്മിലുള്ള സംഘര്‍ഷം ആദാനപ്രദാനങ്ങള്‍ക്കു പഴുതില്ലാത്തവിധം പരസ്പര വിരുദ്ധമാണെന്നും കരുതേണ്ടതില്ല. വര്‍ഗ്ഗസമരം, ഭൗതികവാദം തുടങ്ങിയ വൈരുദ്ധ്യങ്ങളെ സര്‍ഗ്ഗത്മകമായി നിലനിര്‍ത്തിക്കൊണ്ടുതന്നെ ഫലപ്രദമായ സംവാദത്തിനു സ്ഥലം കണ്ടെത്താനാവും. മാര്‍ക്സിയന്‍ പശ്ചാത്തലത്തിലെ പൗരോഹിത്യ സ്വത്വബോധം പുനര്‍വായിക്കപ്പെടേണ്ടത് ഈ സമന്വയ മേഖലകളിലാണ്.

ഒന്നാമതായി, മതപക്ഷം അനിവാര്യമായും പുലര്‍ത്തുന്ന യാഥാസ്ഥിതികത്വവും വിപ്ലവപ്രസ്ഥാനങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ചടുലമായ സാമൂഹിക പരിവര്‍ത്തനങ്ങളും തമ്മിലുള്ള സര്‍ഗ്ഗാത്മകസംഘര്‍ഷം സമൂഹത്തില്‍ ആരോഗ്യകരമായ ഫലം പുറപ്പെടുവിക്കും. ക്രിസ്തുമതവും മാര്‍ക്സിസവും തമ്മിലുണ്ടായിട്ടുള്ള ചരിത്രപരമായ ഭിന്നതകളില്‍ ചിലതിനെയെങ്കിലും ഇപ്രകാരം വായിച്ചെടുക്കാനാവും. രാജാധിപത്യങ്ങളോടുള്ള മതത്തിന്‍റെ അന്ധമായ വിധേയത്വത്തെപ്രതി മാര്‍ക്സിസം ചരിത്രത്തില്‍ ഉയര്‍ത്തിയ വെല്ലുവിളികളെ ഈ പശ്ചാത്തലത്തിലെ കാണേണ്ടതുള്ളൂ. വ്യവസായവിപ്ലവകാലത്ത് മുതലാളിവര്‍ഗ്ഗത്തിന്‍റെ അനീതികളെ നിസ്സംഗതയോടെ നോക്കിനില്ക്കേണ്ടിവന്ന മതപക്ഷം വിമര്‍ശനങ്ങള്‍ക്കു ശരവ്യമായതിലും മാര്‍ക്സിസത്തെ കുറ്റപ്പെടുത്തേണ്ടതില്ല.

രണ്ടാമതായി, മാര്‍ക്സിയന്‍ മാര്‍ഗ്ഗം ക്രിസ്തുവിരുദ്ധമാകുമ്പോഴും മാര്‍ക്സിയന്‍ മാര്‍ഗ്ഗത്തിന്‍റെ ഉദയത്തിനു കാരണമായ അസന്തുലിതമായ സാമൂഹിക പരിതോവസ്ഥകളുടെ സജീവസാന്നിധ്യം ക്രിസ്തുമാര്‍ഗ്ഗത്തിന് അവഗണിക്കാനാവുന്നതല്ല. "ജീവിതത്തിലെ എല്ലാ മണ്ഡലങ്ങളിലും തങ്ങള്‍ പഠിപ്പിക്കുന്നവ പ്രയോഗത്തിലാക്കുന്നതില്‍ ക്രിസ്ത്യാനികള്‍ക്കുണ്ടായ പരാജയത്തിന്‍റെ ഓര്‍മ്മപ്പെടുത്തലാണ് മാര്‍ക്സിസം"11 എന്ന നിലപാട് പരിഗണിക്കേണ്ട വസ്തുതയാണ്. സിദ്ധാന്തത്തിലും പ്രയോഗത്തിലും പാവങ്ങളുടെ പക്ഷംചേരേണ്ട സഭയിലെ ഒറ്റപ്പെട്ട സ്ഥാപനങ്ങളോ നിക്ഷിപ്തതാല്പര്യക്കാരോ തങ്ങളുടെ സേവനമേഖലകളെ സമ്പന്ന വിഭാഗത്തിനു മാത്രമായി സംവരണം ചെയ്യുന്നുണ്ടെങ്കില്‍ അതു തിരുത്താനുള്ള ഓര്‍മ്മപ്പെടുത്തല്‍ ഏതുപക്ഷത്തുനിന്നുണ്ടായാലും സഭയ്ക്കു സ്വീകാര്യമാകണം. അന്താരാഷ്ട്ര നിലവാരത്തിന്‍റെ പേരില്‍ LKG പ്രവേശനത്തിമ്പോലും ലക്ഷങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം പിരിക്കുന്ന സ്ഥാപനങ്ങള്‍  ആരെങ്കിലും നടത്തിയാല്‍ ആദ്യം ചോദ്യംചെയ്യേണ്ടത് ക്രിസ്തുമതവിശ്വാസികളാണ്. അവരത് മറന്നാല്‍ ഓര്‍മ്മപ്പെടുത്താന്‍ മാര്‍ക്സും ഏംഗല്‍സും വരുന്നതില്‍ തെറ്റില്ല.

മൂന്നാമതായി, പരലോകവിശ്വാസത്തിലുള്ള അമിതമായ ഊന്നല്‍ ഈ ലോകത്തിലെ തിന്മയുടെ വ്യവസ്ഥികളെ തമസ്കരിക്കാനോ അവയോടു സമരസപ്പെടാനോ അതു ദൈവഹിതമെന്ന് ആശ്വസിക്കാനോ മതം നിമിത്തമാകുന്നെങ്കില്‍ അതു തിരുത്തപ്പെടേണ്ടതാണ്. തിന്മയുടെ വ്യവസ്ഥിതികളോട് സമരസപ്പെടാനോ ക്രിസ്തുമാര്‍ഗ്ഗത്തെ പരലോകത്തിന്‍റെ പേരില്‍ നിര്‍വീര്യമാക്കാനോ ഉള്ള ഒരു ശ്രമവും ന്യായീകരിക്കത്തക്കതല്ല. തിന്മയുടെ വ്യവസ്ഥിതികളെ എതിര്‍ക്കാന്‍ കൂടുതല്‍ ക്രിയാത്മക മാര്‍ഗ്ഗം കണ്ടെത്താന്‍ സഭയുടെ സാമൂഹിക ഇടപെടലുകള്‍ക്ക് കഴിയണം. അധ്വാനിക്കുന്ന കര്‍ഷകനെ കൃഷിഭൂമിയില്‍നിന്നു ഗളഹസ്തം ചെയ്യാനുള്ള നീക്കത്തെ എതിര്‍ത്ത കുടിയിറക്കുവിരുദ്ധ സമരങ്ങളില്‍ കേരളസഭയും കമ്യൂണിസവും കൈകോര്‍ത്തത് ചരിത്രത്തിലെ അബദ്ധമായി വിലയിരുത്തപ്പെടേണ്ടതില്ല. ആരാരും തുണയില്ലാത്ത മത്സ്യത്തൊഴിലാളികളുടെ അന്നം മുടങ്ങാതിരിക്കാനുള്ള സമരത്തിലും സഭപക്ഷം നോക്കാതിരുന്നതിനെ ആനുഷംഗികമായി മാത്രം വിലയിരുത്തേണ്ടതില്ല. ഇടുക്കിയിലെ ഭൂസമരങ്ങളില്‍ ഇടുക്കിമെത്രാന്‍റെ പ്രസ്താവനകള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇടുക്കി ജില്ലാസെക്രട്ടറിയും അക്ഷരശ്ശ അംഗീകരിച്ച് ഏറ്റുപറയുന്നതും നാം സാക്ഷ്യം വഹിച്ചതാണ്. പരലോകസമത്വവും നന്മയും ഈ ലോകത്തിലേ ആരംഭിക്കേണ്ടതും അനുഭവിക്കേണ്ടതുമാണെന്ന ചിന്ത ക്രിസ്തുദര്‍ശനത്തിന്‍റെ മര്‍മ്മം തന്നെയാണ്. ഈ ദൈവരാജ്യസാക്ഷാത്കാരത്തിനു കൈകോര്‍ക്കാന്‍ തയ്യാറുള്ളവരെ ഗളഹസ്തം ചെയ്യേണ്ടതില്ല.

നാലാമതായി, ക്രിസ്തുമതവും മാര്‍ക്സിസവും തമ്മിലുള്ള സംവാദ സാധ്യതയെക്കുറിച്ച് ഗവേഷണപ്രബന്ധം രചിച്ച ബിഷപ്പ് പൗലോസ് മാര്‍ പൗലോസിന്‍റെ നിഗമനങ്ങള്‍ ഇവിടെ പ്രസ്താവ്യമാണ്; അവയില്‍ ചിലതൊക്കെ മാര്‍ക്സിയന്‍ വിധേയത്വത്തിന്‍റെ ഏറ്റുപറച്ചിലുകളാണെങ്കില്‍പോലും. മതത്തിലെ മാര്‍ക്സിയന്‍ ഇടപെടലുകളെ നീതിപൂര്‍വ്വമുള്ള സാമൂഹികക്രമത്തിന്‍റെ സൃഷ്ടിക്കായുള്ള വെല്ലുവിളികളായിട്ടാണ് മാര്‍ പൗലോസ് നോക്കിക്കാണുന്നത്. മാര്‍ക്സിയന്‍ മതനിഷേധം ദൈവനിഷേധമല്ല മനുഷ്യസ്വാതന്ത്ര്യത്തിന്‍റെ പൂര്‍ണ്ണതക്കുവേണ്ടിയുള്ള സമരം മാത്രമാണെന്ന് അദ്ദേഹം വിലയിരുത്തുന്നു. അതിനാല്‍ മാര്‍ക്സിയന്‍ മതവീക്ഷണം മതത്തിന്‍റെ ബലഹീനതകളെ തിരിച്ചറിയാനുള്ള ആഹ്വാനമായി മനസ്സിലാക്കണമെന്നും മാര്‍ക്സിയന്‍ മതവിമര്‍ശനത്തില്‍ പഴയനിയമ പ്രവാചകന്മാരുടെ മതവിമര്‍ശനത്തിന്‍റെ ശൈലിയും സ്വാധീവുമുണ്ടെന്നും ബിഷപ്പ് നിരീക്ഷിക്കുന്നു. മതത്തെ നവീകരിക്കാനുള്ള കരുത്ത് മാര്‍ക്സിസത്തിനുണ്ടെന്നും മാര്‍ക്സിസം മതത്തിന്‍റെ വഴികാട്ടിയുമാണെന്നുമുള്ള പ്രസ്തുത നിഗമനങ്ങളില്‍ വിധേയന്‍റെ അടിയാളത്തം ദൃശ്യമാണ്. മതവിശ്വാസികളുടെയിടയില്‍ മാര്‍ക്സിസത്തിന് വെള്ളപൂശാനുള്ള ശ്രമവും ഇതിനുപിന്നിലുണ്ടാകാം. 

മാര്‍ക്സിസം മനുഷ്യസ്വാതന്ത്ര്യത്തിന്‍റെ പൂര്‍ണ്ണതക്കുവേണ്ടിയുള്ള സമരമാണെന്ന ഈ പുരോഹിതപ്രമുഖന്‍റെ വീക്ഷണം ചരിത്രപരമായി ശരിയല്ല. കമ്മ്യൂണിസ്റ്റ് ഇരുമ്പുമറക്കുള്ളിലാണ് മനുഷ്യസ്വാതന്ത്ര്യം ഏറ്റവും ഹീനമായി മാനഭംഗംചെയ്യപ്പെട്ടത്. ജനാധിപത്യ രാഷ്ട്രങ്ങളിലേ ഭരണകൂടങ്ങള്‍ക്ക് അചിന്ത്യമാംവിധം ക്രൂരവും കിരാതവുമായ നിയമങ്ങളിലൂടെ അവര്‍ ജനങ്ങളുടെ മേല്‍ ഏകാധിപത്യഭരണം നടത്തി. തെരഞ്ഞെടുപ്പോ ജനഹിതപരിശോധനയോ കൂടാതെ കാല്‍ നൂറ്റാണ്ടും അരനൂറ്റാണ്ടുമൊക്കെ ഏകാധിപത്യ ഭരണം നടത്തിയത് കമ്യൂണിസ്റ്റ് ഭരണാധികാരികള്‍ മാത്രമല്ലേ. റഷ്യയിലെ കമ്യൂണിസ്റ്റ് ഭരണാധികാരികളുടെ ഭരണകാലം ചുവടെ ചേര്‍ക്കുന്നു. തെരഞ്ഞെടുപ്പോ ജനഹിത പരിശോധനയോ കൂടാതെ മരണം വരെ ഏകാധിപത്യഭരണം നടത്തിയവരാണിവര്‍.

     ലെനിന്‍            - 1917 മുതല്‍ 1924 വരെ

     സ്റ്റാലിന്‍            - 1924 മുതല്‍ 1953 വരെ

     ക്രൂഷ്ചേവ്       - 1953 മുതല്‍ 1963 വരെ

     ബ്രഷ്നേവ്       - 1964 മുതല്‍ 1982 വരെ

     ഗോര്‍ബച്ചേവ്   - 1982 മുതല്‍ 1992 വരെ

ക്യൂബയില്‍ ഫിഡല്‍കാസ്ട്രോ അരനൂറ്റാണ്ടിലേറെ ഭരണം നടത്തുന്നു. പിന്‍ഗാമിയായി വാഴിക്കുന്നതാകട്ടെ സഹോദരനായ റൗള്‍കാസ്ട്രോയെയാണ്. ചൈനയിലെ കമ്യൂണിസ്റ്റ് നേതാക്കളും കാല്‍നൂറ്റാണ്ടുവീതം ഭരണം നടത്തിയ ഏകാധിപതികളാണ്. തൊഴിലാളി വര്‍ഗ്ഗസര്‍വ്വാധിപത്യം സ്വപ്നം കണ്ട മാര്‍ക്സിസം ഭരണം കയ്യാളിയ സ്ഥലങ്ങളിലെല്ലാം രാജഭരണത്തെ വെല്ലുന്ന ഏകാധിപത്യവും കുടുംബവാഴ്ചയുമാണ് നിലവില്‍ വന്നത്. റുമേനിയ മുതല്‍ വെനിസ്വല വരെയുള്ള കമ്യൂണിസ്റ്റ് രാജ്യങ്ങളിലെ അവസ്ഥയിതാണ്.

മനുഷ്യാവകാശത്തിന്‍റെ കുത്തക വിതരണക്കാരായി സ്വയം വേഷം കെട്ടുന്ന പലരും കമ്യൂണിസ്റ്റുഭരണകൂട ഭീകരതയില്‍ നടന്ന നരനായാട്ടുകളെക്കുറിച്ചു മൗനം ഭജിക്കുന്നു. ചൈനയിലെ ടിയാനന്‍മന്‍ സ്ക്വയറില്‍ സമാധാനപൂര്‍ണ്ണമായി പ്രകടനം നടത്തിയ വിദ്യാര്‍ത്ഥികളെ വെടിവച്ചുകൊന്നു ചുട്ടെരിച്ച മനുഷ്യക്കുരുതി സമീപകാലത്തെ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമായിരുന്നു. SFI  ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ ഈ വിഷയം തമസ്കരിച്ചതുകൊണ്ടുമാത്രം ഈ ഭീകരത മാഞ്ഞുപൊകുന്നില്ല. നന്ദി ഗ്രാമില്‍ സ്വന്തം കൃഷിഭൂമി സംരക്ഷിക്കാന്‍ സമരം ചെയ്ത ഗ്രാമീണകര്‍ഷകരെ കമ്യൂണിസ്റ്റ് ഗുണ്ടകള്‍ ചുട്ടുകൊന്നപ്പോഴും ന്യൂനപക്ഷസമുദായത്തിലെ സ്ത്രീകളെ മാനഭംഗം ചെയ്തപ്പോഴും മനുഷ്യാവകാശം ലംഘിക്കപ്പെട്ടതായി പു.ക.സ.കള്‍ കരുതിയില്ല. ഇത്തരം ബോധപൂര്‍വ്വമായ നിസംഗതകള്‍ക്കു മുന്നിലാണ് ക്രൈസ്തവ പുരോഹിതന്‍റെ സ്വത്വം കര്‍മ്മനിരത കൈവരിക്കേണ്ടത്.

അഞ്ചാമതായി, സാമൂഹിക നീതിയുടെ കുത്തകാവകാശം കമ്മ്യൂണിസ്റ്റുകാരന് തീറെഴുതി നല്‍കി നിസ്സംഗരാവുന്നു എന്നതാണ് പുരോഹിതവര്‍ഗ്ഗത്തിന്‍റെ ആത്മഹത്യാപരമായ നിലപാട്. സാമൂഹ്യനീതിയെയും മനുഷ്യാവകാശങ്ങളെയും സംഘടിത ശക്തിയുപയോഗിച്ച് നിഷേധിക്കുന്നനിലപാട് കമ്മ്യൂണിസ്റ്റ് ഭാഗത്തുനിന്നുണ്ടാകുമ്പോള്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താന്‍ സഭയ്ക്കാകണം. മൂലമ്പള്ളിസമരത്തിലും കിനാലൂരില്‍ നടന്ന ഭരണകൂടധാര്‍ഷ്ട്യത്തിനുമുന്നിലും വികസനത്തിന്‍റെ പേരില്‍ അടുത്തകാലത്ത് കേരളം ആപാദചൂഢംവിഴുങ്ങാന്‍ പാര്‍ശ്വവര്‍ത്തികളായ ഭൂമാഫിയാകള്‍ക്ക് ഒത്താശചെയ്തുകൊടുക്കുന്ന ഭരണനേതൃത്വത്തിനു മുന്നിലും നിസ്സംഗരായ കാഴ്ചക്കാരനാകാനേ കേരളത്തിലെ പുരോഹിതനു കഴിയുന്നുള്ളൂ. പാത്രക്കടവ് പ്രശ്നത്തില്‍ ജനപക്ഷത്തുനിന്ന് തെളിവെടുപ്പ് പ്രഖ്യാപിച്ച സുഗതകുമാരി അടക്കമുള്ളവരെ സ്റ്റാലിനിസ്റ്റ് മാതൃകയില്‍ പാര്‍ട്ടി കൈകാര്യം ചെയ്തപ്പോഴും സ്വതന്ത്ര സോഫ്ട്വയര്‍ പദ്ധതി അട്ടിമറിച്ചപ്പോഴും ക്രിയാത്മക ഇടപെടലുകള്‍ നടത്താന്‍ സഭാനേതൃത്വം അമാന്തിച്ചു. സുനാമി പുരധിവാസത്തിനുള്ള കേന്ദ്ര ഫണ്ട് ടൂറിസം മേഖലയുടെ പുനരധിവാസത്തിനുവേണ്ടി വകമാറ്റിചെലവഴിച്ചതിനെതിരേ ആലപ്പുഴ രൂപതയുടെ നേതൃത്വത്തില്‍ ധീരമായി പ്രതികരിച്ചത് കേരളത്തിലെ പൗരോഹിത്യ നവസ്വത്വത്തിന്‍റെ രൂപീകരണത്തിന് ദിശാസൂചിയാണ്.

ആറാമതായി, നവസാമൂഹിക പ്രസ്ഥാനങ്ങളും അവ ഏറ്റെടുക്കുന്ന സമരങ്ങളും സഭയുടെ ശ്രദ്ധയും പിന്തുണയും അര്‍ഹിക്കുന്നതാണ്. ഭൂസമരങ്ങളും കുടിയൊഴിപ്പിക്കല്‍ വിരുദ്ധസമരങ്ങളും മത്സ്യത്തൊഴിലാളി സമരങ്ങളും ന്യൂനപക്ഷങ്ങളുടെ അവകാശസമരങ്ങളും സ്ത്രീ-മനുഷ്യാവകാശപ്രശ്നങ്ങളും ഏറ്റെടുക്കുന്ന നവസാമൂഹിക പ്രസ്ഥാങ്ങളെ വര്‍ഗ്ഗീയതയുടെയും വിദേശശക്തികളുടെയും ചാപ്പകുത്തി വംശഹത്യക്കുവിധേയമാക്കുന്ന പ്രവണതയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിനടത്തുന്നത്.അടുത്തകാലത്തു നടന്ന ജനകീയമുന്നേറ്റങ്ങളിലെല്ലാം ലാത്തിപ്പിടിയുടെ ഒപ്പമായിരുന്നു പാര്‍ട്ടിയുടെ മനസ്സ്. അറുപതുകളില്‍ ക്രൈസ്തവപുരോഹിതരില്‍നിന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി തന്ത്രപൂര്‍വ്വം തട്ടിയെടുത്ത സാമൂഹികനീതിയുടെ കാര്‍ഡ് തിരികെ നേടാന്‍ സഭ ക്രിയാത്മക ഇടപെടലുകള്‍ നടത്തേണ്ട സമയമാണിത്.

അരിവാളും കുരിശും

കമ്മ്യൂണിസത്തിനു സഭയില്‍നിന്നു പഠിക്കാനുള്ള പാഠങ്ങളെ അവഗണിക്കുന്നതും അപരാധമാണ്. നീതി, സമത്വം, സാഹോദര്യം തുടങ്ങിയ സാമൂഹ്യമൂല്യങ്ങളുടെ ഈറ്റില്ലം ക്രിസ്തുമതമാണെന്ന സത്യം കമ്യൂണിസ്റ്റുകാര്‍ അംഗീകരിക്കണം. സാമൂഹിക നീതി എന്ന പദംതന്നെ കത്തോലിക്കാദൈവശാസ്ത്രത്തിന്‍റെ സംഭാവനയാണ്. യുക്തിയെ ഉണര്‍ത്താനും വിജ്ഞാനത്തെ വികസിപ്പിക്കാനുമായി ലോകമാസകലം സര്‍വവകലാശാലകള്‍ തുടങ്ങിയത് ക്രൈസ്തവസഭയാണ് എന്നു മനസ്സിലാക്കാന്‍ കമ്യൂണിസ്റ്റുകാര്‍ കണ്ണുതുറക്കണം. വിജ്ഞാനത്തിന്‍റെ ചക്രവാളങ്ങള്‍ക്ക് അതിരുകല്പിക്കാത്ത ക്രൈസ്തവചിന്താസരണിയില്‍ തന്നെയാണ് ജ്ഞാനവാദവും ഭൗതികവാദവും മനുഷ്യമഹത്വവാദവും യുക്തിവാദവും കാല്പനികവാദവും ആധുനികതയും ഉത്തരാധുനികതയും വളര്‍ന്നുവന്നത്.

കമ്മ്യൂണിസ്റ്റ് ചരിത്രം ആരംഭിക്കുന്നത് ഫ്രഞ്ചുവിപ്ലവത്തോടെ ആയിരിക്കാം. എന്നാല്‍ ചരിത്രം ഫ്രഞ്ചു വിപ്ലവത്തിനു മുമ്പേ ഉണ്ടായിരുന്നു. വോള്‍ട്ടയറും മാര്‍ക്സും ജനിക്കും മുമ്പേ ടൈബര്‍ നദിയിലൂടെയും തേംസിലൂടെയും റൈന്‍ നദിയിലൂടെയും ഏറെ വെള്ളം ഒഴുകിപ്പോയിട്ടുണ്ടായിരുന്നു എന്ന വസ്തുത കമ്മ്യൂണിസം പഠിക്കണം. മധ്യകാലത്തെ ഏതാനും ചെളിപ്പാടുകളെയും പുഴുക്കുത്തുകളെയും ചൂണ്ടി "ലോകത്തെ ഏറ്റവും വലിയ നന്മയായ" ക്രൈസ്തവസഭയെയും ദര്‍ശനത്തെയും തമസ്ക്കരിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ ഒരുമ്പെടരുത്. കമ്മ്യൂണിസത്തിനും നൂറ്റാണ്ടുകള്‍ക്കു മുമ്പേ മനുഷ്യാവകാശത്തിനും സാമൂഹിക നീതിക്കുംവേണ്ടി പാവങ്ങളുടെ പക്ഷം ചേര്‍ന്ന് പടപൊരുതാന്‍ സഭ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മതത്തെക്കുറിച്ചു മാര്‍ക്സു നടത്തിയ നിരീക്ഷണങ്ങള്‍ ക്രിസ്തുദര്‍ശനത്തില്‍ അപ്രസക്തമാണ്.

ഭാരതമെന്നാല്‍ ബംഗാളും കേരളവും മാത്രമാണെന്നും ലോകമെന്നാല്‍ ചൈനയും ക്യൂബയും മാത്രമാണെന്നും കരുതുന്ന കമ്മ്യൂണിസ്റ്റ് സങ്കുചിതതത്വത്തെ തിരുത്താന്‍ ക്രൈസ്തവ സഭയുമായുള്ള സംവാദം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സഹായിക്കും. കാലദേശ സംസ്ക്കാരങ്ങളുടെ വ്യതിയാനങ്ങളെ സര്‍ഗ്ഗത്മാകമായി സ്വാംശീകരിച്ച് കാലത്തിനും ദേശത്തിനും സംസ്ക്കാരത്തിനും വഴിവിളക്കാകാന്‍ സഹസ്രാബ്ധങ്ങളായി സഭയ്ക്കു കഴിയുന്നതിന്‍റെ കാരണം ഗ്രഹിക്കുന്നതിലൂടെ "അധികാരം കിട്ടിയാല്‍ അരക്കാതം" മാത്രം മുന്നേറാനാവുന്ന കമ്മ്യൂണിസ്റ്റ് ഗതികേടിനു പരിഹാരമാകും.

കൂടാതെ, സമ്പത്തിന്‍റെ നടുക്കടലില്‍ ദിശകിട്ടാതെ ശ്വാസം മുട്ടുന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് സമ്പത്തിന്‍റെ സര്‍ഗ്ഗാത്മക വിനിയോഗത്തിന് സഭയുമായുള്ള സംവാദം ഗുണം ചെയ്യും. അതിലൂടെയുള്ള പ്രയോജനം നാടിനും നാട്ടുകാര്‍ക്കും കിട്ടുകയും ചെയ്യും. സ്ഥാവരജംഗമങ്ങളായി സഭയ്ക്ക് ഭദ്രമായി ആസ്തിയുണ്ടെന്ന് സിവില്‍രേഖകള്‍തന്നെ വ്യക്തമാക്കുന്നു. എന്നാല്‍ ഇവയൊന്നും സഭാധികാരികള്‍ സ്വാര്‍ത്ഥലാഭത്തിനായി വിനിയോഗിക്കുകയോ  സ്വിസ് ബാങ്കിലേക്ക് നീക്കുകയോ ചെയ്യുന്നില്ല. ത്യേന ത്യക്തേന ഭുഞ്ജിതം എന്ന ഉപനിഷതിന്‍റെ ഇക്കണോമിക്സ് സഭയില്‍നിന്ന് പഠിക്കുന്നത് പാര്‍ട്ടിക്കുനല്ലതാണ്. വസ്തു ആധാരങ്ങളില്‍ മുഴുവന്‍ തുകയും കാണിക്കുന്നത് ക്രൈസ്തവസ്ഥാപനങ്ങള്‍ മാത്രമാണെന്നത് നിഷേധിക്കാന്‍ ഏതെങ്കിലും രജിസ്ട്രാര്‍മാര്‍ക്ക് കഴിയുമോ? സാമ്പത്തിക സുരാത്യത സമ്പാദനത്തിലും വിനിയോഗത്തിലും ഒരുപോലെ പ്രായോഗികമാണെന്ന സത്യം സഭയുമായുള്ള സംവാദത്തിലൂടെ പാര്‍ട്ടിക്കു പഠിക്കാം.

വര്‍ഗ്ഗസമരത്തിന്‍റെയും കഴുത്തറക്കലിന്‍റെയും വെട്ടിനിരത്തിലിന്‍റെയും പ്രാകൃതമാര്‍ഗ്ഗത്തില്‍നിന്ന്  കാലവും സംസ്ക്കാരവും ഏറെ മുന്നോട്ടുപോയി എന്നു ഗ്രഹിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സഭയുമായുള്ള സംവാദം സഹായകമാണ്. പൊരുതുന്നതുമാത്രമല്ല ക്ഷമിക്കുക, മറക്കുക, പൊറുക്കുക എന്നിവയും സമൂഹത്തിന്‍റെ നിലനില്പിനു സഹായകമാണെന്ന് പാര്‍ട്ടി പഠിക്കേണ്ടതുണ്ട്. ഭര്‍ത്താവിനെ ചുട്ടുകൊന്നവരോടുക്ഷമിക്കുന്ന മിസിസ് ഗ്രഹാംസ്റ്റെയ്നും ചേച്ചിയുടെ ഘാതകനെ രാഖികെട്ടിസഹോദരനായി സ്വീകരിച്ച സി. റാണിമരിയയുടെ സഹോദരിയും രക്തക്കറപുരണ്ട കമ്മ്യൂണിസത്തിനു പുതിയവെളിച്ചം പകരും. ബംഗാളിലെ മുഴുവന്‍ കമ്മ്യൂണിസ്റ്റുകാരും ചേര്‍ന്ന് സമുദ്ധരിച്ചതിലും കൂടുതല്‍ ദരിദ്രരെ സമുദ്ധരിക്കാന്‍ മദര്‍തെരേസയ്ക്കുകഴിഞ്ഞതും പാര്‍ട്ടിക്ക് പഠനപിഷയമാക്കാവുന്നതാണ്. സാധുജനസമുദ്ധാരണം അധരവ്യായാമം മാത്രമാകുന്ന കേരളത്തിലെ പാര്‍ട്ടികള്‍ക്ക് സഭയുടെ ജീവകാരുണ്യസ്ഥാപനങ്ങളില്‍നിന്ന് കമ്മ്യൂണ്സ്റ്റ് മാനിഫെസ്റ്റോയും മൂലധനവും പഠിപ്പിക്കുന്നതിലും കൂടുതല്‍ പാഠങ്ങള്‍ പഠിക്കാനുണ്ട്.

കേരളസഭയിലെ പുരോഹിതസ്വത്വം നിര്‍ണ്ണയിക്കുന്നതില്‍ മാര്‍ക്സിയന്‍ ഇടപെടലുകളെ അവഗണിക്കാനാവില്ല. പ്രസ്തുതപ്രത്യയശാസ്ത്രം എത്രകണ്ട് അസ്വീകാര്യമാണെങ്കിലും (de jure) ജനസാമാന്യത്തിലെ നല്ലൊരുശതമാനം അതില്‍ ആശ്രയംവയ്ക്കുന്നു എന്ന വസ്തുത (de facto). പുരോഹിതന് വിസ്മരിക്കാനാവില്ല  മാര്‍ക്സിസത്തിന്‍റെ സാന്നിധ്യത്തെ തമസ്കരിച്ചുകൊണ്ടല്ല മാര്‍ക്സിയന്‍ പ്രത്യയശാസ്ത്രത്തിന്‍റെ മര്‍മ്മരാഹിത്യത്തെ വെളിവാക്കിക്കൊണ്ടു മാത്രമെ കേരളത്തില്‍ പുരോഹിതശുശ്രൂഷ സാധ്യമാവുകയുള്ളൂ.

Religion and the clergy: Marxian materialism and the possibility of harmonization theology Mar Joseph Pamplany catholic malayalam catholic apologetics Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message