We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Mar Joseph Pamplany On 27-Jan-2021
വര്‍ഗ്ഗീയത മതപരമായ യാഥാര്‍ത്ഥ്യമാണെങ്കില്‍ ദേശീയത രാഷ്ട്രീയപരമാണ്. തന്മൂലം വര്‍ഗ്ഗീയതയും ദേശീയതയും തമ്മിലുള്ള പാരമ്പര്യത്തിന്‍റെ വിശകലനം മതരാഷ്ട്രീയ തലങ്ങളുടെ സങ്കലനങ്ങളെക്കുറിച്ചാകാതെ തരമില്ല. മതവിശ്വാസികളെയാകെ വര്‍ഗ്ഗീയവാദികളും മതനിഷേധികളെ ദേശീയതയുടെ തീക്ഷ്ണ പ്രവാചകരുമായി ചിത്രീകരിക്കുന്ന പ്രവണതയാണ് മാര്‍ക്സിയന്‍ ചരിത്രകാരന്മാര്‍ പൊതുവേ അവലംബിക്കുന്നത്. അന്ധവിശ്വാസങ്ങളുടെ ആകെത്തുകയും സാമ്രാജ്യശക്തികളുടെ കയ്യിലെ ശക്തമായ ആയുധമായും വിപ്ലവത്തിനു വിലങ്ങുതടി സൃഷ്ടിക്കുന്ന പ്രതിലോമശക്തിയായുമാണ് മതം വിലയിരുത്തപ്പെടുന്നത്. മതത്തിനോ മതവിശ്വാസങ്ങള്‍ക്കോ രാഷ്ട്രനിര്‍മ്മാണത്തിലോ ദേശീയോദ്ഗ്രഥനത്തിലോ സ്ഥാനമില്ലെന്നു മാത്രമല്ല അവയെ വര്‍ഗ്ഗീയ വിഭാഗീയതയുടെ പിന്തിരിപ്പന്‍ ശക്തിയായിട്ടാണ് മാര്‍ക്സിസം വിലയിരുത്തുന്നത്. എന്നാല്‍ ഭാരതചരിത്രം നല്‍കുന്ന സൂചനകള്‍ വ്യത്യസ്തമാണ്. സ്വാതന്ത്ര്യസമരകാലത്ത് ദേശീയ വിരുദ്ധവികാരം സൂക്ഷിച്ച ഇടതുപക്ഷവും ദേശീയവിരുദ്ധ സമീപനം വളര്‍ത്താന്‍ ശ്രമിച്ച മതാധിഷ്ഠിത പാര്‍ട്ടികളും ഒരുപോലെ വര്‍ഗ്ഗീയതയുടെ പ്രചാരകരായി മാറി എന്നതാണ് സത്യം. ഭാരതചരിത്രത്തില്‍ എന്നും ദേശീയതക്കു വിരുദ്ധമായ യാഥാര്‍ത്ഥ്യമായിരുന്നു വര്‍ഗ്ഗീയത. ആരെല്ലാം ഏതെല്ലാം കാരണത്താല്‍ ദേശീയബോധത്തെ തള്ളിക്കളഞ്ഞുവോ അവരെല്ലാം ഏതെങ്കിലും വിധത്തില്‍ വര്‍ഗ്ഗീയത വളര്‍ത്തിയവരായിരുന്നു. വര്‍ഗ്ഗീയതക്ക് മതത്തേക്കാള്‍ ദേശീയതയോടു ബന്ധമുള്ള അപൂര്‍വ്വപ്രതിഭാസമാണ് ഭാരതത്തില്‍ നിലനിന്നിരുന്നത്.
ഇന്ത്യന്‍ സാമൂഹികശാസ്ത്ര ഗവേഷണകൗണ്‍സിലിന്‍റെ അധ്യക്ഷനായ ബിപിന്‍ ചന്ദ്ര ഇന്ത്യയിലെ വര്‍ഗ്ഗീയതയുടെ വളര്‍ച്ചയെക്കുറിച്ചു നടത്തുന്ന ഏതാനും നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. ഏതൊരു വര്‍ഗ്ഗീയ പ്രത്യയശാസ്ത്രത്തിനും അടിസ്ഥാനപരമായി മൂന്നുതലങ്ങള്‍ (ഘട്ടങ്ങള്‍) ഉണ്ടെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
ഒന്നാമത്, ഒരേ മതം അനുഷ്ഠിക്കുന്ന ആളുകള്‍ എല്ലാവര്‍ക്കും പൊതുവായ മതേതരതാത്പര്യങ്ങള്‍ ഉണ്ട് അഥവാ പൊതുവായ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, സാംസ്കാരിക താത്പര്യങ്ങള്‍ ഉണ്ട് എന്ന വിശ്വാസമാണത്.
ഇന്ത്യയെപ്പോലെ ഒരു ബഹുമതസമൂഹത്തില്‍ ഒരു മതത്തിന്‍റെ അനുയായികളുടെ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക, രാഷ്ട്രീയതാത്പര്യങ്ങള്‍ അഥവാ മതേതരതാത്പര്യങ്ങള്‍ മറ്റൊരു മതത്തിന്‍റെ അനുഭാവികളുടേതില്‍നിന്ന് വിഭിന്നവും വ്യത്യസ്തവും ആയിരിക്കും എന്ന ആശയത്തിന്മേലാണ് വര്‍ഗ്ഗീയതയുടെ പ്രത്യയശാസ്ത്രത്തിന്‍റെ രണ്ടാമത്തെ ഘടകം നിലകൊള്ളുന്നത്.
വ്യത്യസ്ത മതക്കാരുടെ താത്പര്യങ്ങള്‍ പരസ്പരം യോജിക്കാത്തവയും ശത്രുതാപരവും വിവിധവുമാണെന്ന് വീക്ഷിക്കപ്പെടുന്നതോടെയാണ് വര്‍ഗ്ഗീയതയുടെ മൂന്നാം ഘട്ടം ആകുന്നത്.
ഈ അടിസ്ഥാന പ്രമേയങ്ങളെ സാക്ഷിനിര്‍ത്തി ചിന്തിക്കുമ്പോള്‍ ഹിന്ദു-മുസ്ലീം-ക്രിസ്ത്യന്‍-സിഖ് വര്‍ഗ്ഗീയതകള്‍ തമ്മില്‍ അടിസ്ഥാനപരമായ വ്യത്യാസങ്ങളില്ല എന്നു കണ്ടെത്താനാവും. ഹിന്ദുവര്‍ഗ്ഗീയതയെ ദേശീയബോധമായും ഇസ്ലാമികവര്‍ഗ്ഗീയതയെ ഭീകരവാദമായും ക്രിസ്ത്യന്‍ വര്‍ഗ്ഗീയതയെ കൊളോണിയല്‍ ചിന്താഗതിയായും വേര്‍തിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നു സാരം. വര്‍ഗ്ഗീയത, വിശേഷിച്ചും അതിന്‍റെ മൂന്നാമത്തെ ഘട്ടത്തില്‍ ഏതുമതവുമായി ബന്ധപ്പെട്ടതാണെങ്കിലും അത്യന്തം ആപല്‍കരമാണ്.
കല്പിത വര്‍ഗ്ഗീയത
വര്‍ഗ്ഗീയതയെ കേവലം മതപരമെന്ന് അധിക്ഷേപിച്ച് തമസ്കരിക്കുന്നതിനപ്പുറം അതിന്‍റെ കാര്യകാരണങ്ങളെ പരിശോധിച്ചു പരിഹരിക്കുകയാണാവശ്യം. പലപ്പോഴും വര്‍ഗ്ഗീയത സാങ്കല്പികവും ആരോപിതവുമായിരിക്കാം. ഇതിന്‍റെ കാരണങ്ങള്‍ വ്യത്യസ്തമാണ്. ഒന്നാമതായി, വര്‍ഗീയത എന്നു വിശേഷിപ്പിക്കപ്പെടുന്ന പല സാമൂഹികനീക്കങ്ങള്‍ക്കു പിന്നിലും ചൂഷണത്തിനും അടിച്ചമര്‍ത്തലിനും എതിരായ വികാരങ്ങള്‍ ഉണ്ടായേക്കാം. സി.ജി.ഷാ നടത്തുന്ന നിരീക്ഷണം ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. "വര്‍ഗ്ഗീയ പ്രചാരണത്തിന്‍റെ സമ്മര്‍ദ്ദത്തിന്‍ കീഴില്‍ ബഹുജനങ്ങള്‍ക്ക് അവരുടെ ചൂഷണത്തിന്‍റെ, മര്‍ദ്ദനത്തിന്‍റെ, ദുരിതത്തിന്‍റെ, യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടുപിടിക്കാനാവുന്നില്ല. അവര്‍ അവയുടെ ഉറവിടം കല്പിതമായ ഒരുവര്‍ഗ്ഗീയതയാണെന്ന് ധരിക്കുന്നു" ഭരണകൂട ധാര്‍ഷ്ട്യത്തിനെതിരായി നടത്തുന്ന ജനകീയ മുന്നേറ്റങ്ങളെ വര്‍ഗ്ഗീയതയുടെ നിറംകലര്‍ത്തി വിലകുറഞ്ഞതാക്കാന്‍ ബോധപൂര്‍വ്വശ്രമം നടക്കാറുണ്ട്. കിനാലൂരിലെ നാലുവരിപാതക്കെതിരായ സമരം സര്‍ക്കാരിന്‍റെ തെറ്റായ വികസന നയത്തിനെതിരായ സമരമായിരുന്നു. എന്നാല്‍ അതിനെ ഇസ്ലാമിക തീവ്രവാദമായി ചിത്രീകരിക്കാനാണ് ഭരണകൂടം ശ്രമിച്ചത്. സമരത്തിനു നേതൃത്വം കൊടുക്കുന്നവര്‍ക്ക് വര്‍ഗ്ഗീയ ചിന്തയും ലക്ഷ്യവുമുണ്ടായിരിക്കാം. എന്നാല്‍ ഒരു ജനസമൂഹമാകെ പ്രതികരിക്കാനുള്ള ആദ്യാവസരത്തിനുവേണ്ടി കാത്തിരിക്കുന്ന സാമൂഹിക പരിതോവസ്ഥ ഉളവാക്കിയതില്‍ വര്‍ഗ്ഗീയവാദികള്‍ക്കു പങ്കില്ല. അവര്‍ പ്രസ്തുത ജനവികാരത്തെ തങ്ങളുടെ ലക്ഷ്യത്തിനായി ഫലപ്രദമായി വിനിയോഗിക്കുക മാത്രമാണ് ചെയ്തത്. കേരളത്തില്‍ സമീപകാലത്തു നടന്ന പല വര്‍ഗ്ഗീയ സംഘര്‍ഷങ്ങളെയും ഇത്തരത്തില്‍ വിലയിരുത്താവുന്നതാണ്.
രണ്ടാമതായി, ചില ജനമുന്നേറ്റങ്ങളില്‍ പങ്കെടുക്കുന്നവരുടെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ വര്‍ഗ്ഗീയധ്രുവീകരണം കടന്നുകയറിയിട്ടില്ലായിരിക്കാം. എന്നാല്‍, അവയെ വിലയിരുത്തിയ നിരീക്ഷകര്‍ പ്രസ്തുത മുന്നേറ്റങ്ങളെ വര്‍ഗ്ഗീയമായി ചിത്രീകരിക്കുന്ന സാഹചര്യമുണ്ടാകാം. മാധ്യമ പ്രവര്‍ത്തകരും രാഷ്ട്രീയക്കാരും ചരിത്രകാരന്മാരും ഇപ്രകാരം കല്പിത വര്‍ഗ്ഗീയതയുടെ ഉപജ്ഞാതാക്കളാകാറുണ്ട്. ഉദാഹരണമായി, അടുത്തകാലത്തു നടന്ന കേരള കോണ്‍ഗ്രസുകളുടെ ലയനത്തെക്കുറിച്ച് ഉയര്‍ന്നുവന്ന നിരീക്ഷണങ്ങളില്‍ ഭൂരിപക്ഷവും വര്‍ഗ്ഗീയ ചുവയുള്ളതായിരുന്നു. കേരളകോണ്‍ഗ്രസുകാര്‍ സ്വഭാവത്താല്‍തന്നെ പിളരുകയും ഒരുമിക്കുകയും ചെയ്യുന്നവരാണ്. ജോസഫ് ഗ്രൂപ്പിലെ അന്തച്ഛിദ്രവും അസന്ദിഗ്ദ്ധാവസ്ഥയും മുതലെടുത്ത് മാണിഗ്രൂപ്പ് നടത്തിയ തന്ത്രപൂര്‍വ്വമായ രാഷ്ട്രീയ കരുനീക്കമായി അതിനെ വിലയിരുത്തുന്നതായിരുന്നു രാഷ്ട്രീയ സത്യസന്ധത. എന്നാല്‍, ഇവിടുത്തെ മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയപ്രവര്‍ത്തകരും അതിനെ ക്രിസ്ത്യന്‍ വര്‍ഗ്ഗീയ ധ്രുവീകരണമായി ചിത്രീകരിച്ചു. ബിഷപ്പുമാരെപ്പോലും പഴിചാരുകയും ചെയ്തു. കേരളാ കോണ്‍ഗ്രസിലുള്ളതിന്‍റെ പത്തിരട്ടി ക്രിസ്ത്യാനികള്‍ അംഗങ്ങളായുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കള്‍പോലും ഈ ലയനത്തില്‍ ക്രിസ്ത്യന്‍ വര്‍ഗ്ഗീയത ആരോപിച്ചു എന്നതാണ് അത്ഭുതകരം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ക്രൈസ്തവ മേലധ്യക്ഷന്മാരെ പേരെടുത്തുപറഞ്ഞ് അധിക്ഷേപിച്ചു. സ്വാശ്രയനിയമ വിരുദ്ധ സമരത്തിലും വിദ്യാഭ്യാസരംഗത്തെ പരിഷ്കരണങ്ങള്‍ക്കെതിരായി നടന്ന പ്രതികരണങ്ങളിലും വര്‍ഗ്ഗീയത വായിച്ചെടുക്കാനുള്ള സൂക്ഷ്മദര്‍ശിനിയുമായാണ് ഇവിടുത്തെ മാധ്യമ വിശാരദന്മാര്‍ നടന്നത്. ഇല്ലാത്ത വര്‍ഗ്ഗീയതയുടെ ഭീകരതകാട്ടി ഇതരസമുദായങ്ങളുടെ മനസ്സില്‍ ആശങ്കയും വിദ്വേഷവും വളര്‍ത്താനും വര്‍ഗ്ഗീയതയെ സാമാന്യവല്‍ക്കരിക്കാനും മാത്രമേ ഇത്തരം നീക്കങ്ങള്‍ സഹായകമാവുകയുള്ളൂ.
മൂന്നാമതായി, ഭിന്നിപ്പിച്ചു ഭരിക്കുക എന്ന കൊളോണിയല്‍ തന്ത്രം കേരളത്തിലെ മുഖ്യധാരാരാഷ്ട്രീയ പാര്‍ട്ടികള്‍ അവസരംപോലെ പ്രയോഗിച്ചു എന്നതും ഇവിടെ വര്‍ഗ്ഗീയത വളരാന്‍ കാരണമായിട്ടുണ്ട്. മുസ്ലീംലീഗിനെ തളര്‍ത്താന്‍ പി.ഡി.പി, എല്‍.ഡി.എഫ്, ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ തീവ്രവര്‍ഗ്ഗീയവാദികളുമായി കക്ഷിചേര്‍ന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അഭിനവ നേതൃത്വത്തിന്‍റെ ദീര്‍ഘവീക്ഷണക്കുറവാണ് സമീപകാലത്ത് കേരളമണ്ണില്‍ വര്‍ഗ്ഗീയത അത്ഭുതപൂര്‍വ്വമായി തഴച്ചുവളരാന്‍ കാരണമായത് എന്നത് ഇന്ന് കമ്മ്യൂണിസ്റ്റുകാര്‍പോലും സമ്മതിക്കുന്ന സത്യമാണ്. വൈകിയാണെങ്കിലും പാര്‍ട്ടി തെറ്റുകള്‍ തിരുത്തുന്നതിന് തയ്യാറാകുന്നതിനെ കേരളജനത ആശ്വാസപൂര്‍വ്വമാണ് നോക്കിക്കാണുന്നത്. കേരളാകോണ്‍ഗ്രസുകളെ സമൂലം പിളര്‍ത്തി നിര്‍വീര്യമാക്കുന്നതിന് ശ്രീ. കെ. കരുണാകരനെ പ്രേരിപ്പിച്ചത് രാഷ്ട്രീയലക്ഷ്യങ്ങളെക്കാള്‍ വര്‍ഗ്ഗീയ-സമുദായ ചിന്തകളായിരുന്നു എന്നതും സത്യമാണ്. സമുദായത്തിന്‍റെ കൂട്ടായ്മയെ ഭിന്നിപ്പിക്കുകയും ഏതെങ്കിലും ഒരു വിഭാഗത്തെ താല്‍ക്കാലികമായി വഴിവിട്ടു പിന്തുണക്കുകയും അവരുടെ വര്‍ഗ്ഗീയനീക്കങ്ങള്‍ക്കുപോലും വളംവച്ചുകൊടുക്കുകയും ചെയ്യുന്നതിലൂടെ പിളര്‍പ്പുരാഷ്ട്രീയം വര്‍ഗ്ഗീയതയുടെ വളര്‍ച്ചയ്ക്കു നല്‍കുന്ന ആക്കം അത്ഭുതാവഹമാണ്.
നാലാമതായി, ന്യൂനപക്ഷ ഭൂരിപക്ഷവര്‍ഗ്ഗീയചിന്തകളെ സജീവമാക്കി നിര്‍ത്താന്‍ ഭരണകൂടം നടത്തുന്ന കരുനീക്കങ്ങള്‍ ഇവിടെ വര്‍ഗ്ഗീയതയ്ക്കു വഴിമരുന്നിട്ടിട്ടുണ്ട്. കേരളസമൂഹത്തില്‍, വിശേഷിച്ചും വിദ്യാഭ്യാസമേഖലയില്‍ ക്രൈസ്തവര്‍ക്കുള്ള മേല്‍ക്കോയ്മയെ ചൂണ്ടിക്കാട്ടി ഇതരസമുദായങ്ങളെ ക്രൈസ്തവര്‍ക്കെതിരെ തിരിയാന്‍ ആഹ്വാനം ചെയ്ത "സ്വാശ്രയനിയമം" ഇടതുപക്ഷത്തിന്‍റെ വര്‍ഗ്ഗീയ പ്രീണനനയത്തിന്‍റെ ശക്തമായ തെളിവാണ്. പ്രസ്തുത നിയമത്തിലെ 8 (b) ഉപവകുപ്പിലൂടെ ക്രൈസ്തവസ്ഥാപനങ്ങളെമാത്രം തെരഞ്ഞുപിടിച്ച് വിവേചനം കാട്ടാന്‍ വ്യവസ്ഥ ചെയ്തത് കേരളസമൂഹത്തില്‍ വ്യക്തമായ വര്‍ഗ്ഗീയധ്രൂവീകരണത്തിന് കളമൊരുക്കി. ഇടതുപക്ഷഭരണം ഭൂരിപക്ഷവര്‍ഗ്ഗീയത പ്രോത്സാഹിപ്പിക്കുന്നതും ന്യൂനപക്ഷവിരുദ്ധവുമാണെന്ന ചിന്ത ഇവിടുത്തെ ന്യൂനപക്ഷങ്ങളില്‍ വിശേഷിച്ചും ക്രൈസ്തവരുടെയിടയില്‍ സംജാതമായി. ക്രൈസ്തവനേതൃത്വത്തില്‍നിന്ന് തുടര്‍ച്ചയായി പുറത്തിറങ്ങുന്ന ഇടയലേഖനങ്ങളും പ്രസ്താവനകളും ഈ അരക്ഷിതാവസ്ഥയെയാണ് പ്രതിഫലിപ്പിക്കുന്നത്. കേരളത്തിലെ ചില സര്‍വ്വകലാശാലകള്‍ ക്രിസ്ത്യന്‍ മാനേജ്മെന്‍റിലുള്ള സ്വാശ്രയസ്ഥാപനങ്ങളെ തെരഞ്ഞുപിടിച്ച് അഫിലിയേഷന്‍ റദ്ദാക്കുന്നതില്‍വരെയെത്തി നില്‍ക്കുന്നു ഇടതുപക്ഷത്തിന്‍റെ വര്‍ഗ്ഗീയ പ്രീണനനയം.
അഞ്ചാമതായി, കേരളത്തിലെ സമുദായിക സംഘടനകളില്‍ ഒന്നിനും പ്രസ്തുത സമുദായങ്ങളുടെ സമ്പൂര്‍ണ്ണ പിന്തുണ അവകാശപ്പെടാനാവില്ല എന്നതാണു സത്യം. എസ്.എന്‍.ഡി.പിയിലുള്ളതിലും കൂടുതല്‍ ഈഴവര്‍ സി.പി.എമ്മിലും കോണ്‍ഗ്രസിലുമുണ്ടെന്നതാണ് സത്യം. എന്‍.എസ്.എസിനെയും മുസ്ലീംലീഗിനെയും സംബന്ധിച്ചും ഈ പ്രസ്താവന സത്യമാണ്. സമുദായത്തെ ശരിയായ അര്‍ത്ഥത്തില്‍ പ്രതിനിധീകരിക്കാത്തവര്‍ സമുദായത്തിനുവേണ്ടി നടത്തുന്ന സമരങ്ങളത്രെയും സമുദായ സംഘടനാ നേതൃത്വങ്ങളുടെ നേട്ടത്തിനും ലാഭത്തിനുംവേണ്ടി മാത്രമാകുന്നു എന്നതാണ് സത്യം. മദ്യമുതലാളിമാരും ബിനാമി പേരില്‍ കോടികള്‍ വാരിക്കൂട്ടുന്നവരും സാമ്പത്തികമേലയില്‍ നിഗൂഢ അജണ്ടകളുള്ളവരുമാണ് കേരളത്തിലെ പല സാമുദായ സംഘടനകളുടെയും തലപ്പത്തുള്ളത്. തങ്ങളുടെ നിക്ഷിപ്ത താല്പര്യങ്ങള്‍ക്കുവേണ്ടി സമുദായങ്ങളെ മറയാക്കി അവര്‍ നടത്തുന്ന വിലപേശലുകളെയും കരുനീക്കങ്ങളെയും വര്‍ഗ്ഗീയതയായിട്ടല്ല വ്യക്തമായ അഴിമതിയായിട്ടാണ് പരിഗണിക്കേണ്ടത്. ഇവരുടെ സാമൂഹികാവശ്യങ്ങള്‍ പരമാവധി സര്‍ക്കാര്‍ ജോലിയിലെ സംവരണം എന്ന ആവശ്യത്തില്‍ ഒതുങ്ങാറാണ് പതിവ്. അതാകട്ടെ പ്രസ്തുത സമുദായത്തിലെ ഒരു ശതമാനം മാത്രംവരുന്ന മേല്‍ത്തട്ടുകാരെ മാത്രം ബാധിക്കുന്ന വിഷയമാണ്. സമുദായത്തിലെ ബഹുഭൂരിപക്ഷംവരുന്ന സാധാരണക്കാരുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ കേരളത്തിലെ സാമുദായിക സംഘടനകള്‍ തീര്‍ത്തും നിസ്സംഗരാണ്.
മതത്തെയും മതാധിഷ്ഠിത-രാഷ്ട്രീയ സ്വത്വത്തെയും വേര്‍തിരിക്കുന്നതില്‍ വരുന്ന പരാജയമാണ് വര്‍ഗ്ഗീയതയ്ക്കു പിന്നില്‍ മതത്തെയും ദൈവവിശ്വാസത്തെയും പഴിക്കാന്‍ ഇടവരുത്തുന്നത്. മതത്തില്‍നിന്ന് വര്‍ഗ്ഗീയത ഉയര്‍ന്നുവരുന്നു എന്ന തത്വവും കേരളസമൂഹത്തില്‍ ശരിയായിരുന്നില്ല. ഭാരതത്തിന്‍റെ സ്വാതന്ത്ര്യസമരം വിശാലമായ അര്‍ത്ഥത്തില്‍ പരിഗണിക്കുമ്പോള്‍ ദേശീയതയും മതാത്മകതയും പരസ്പരപൂരകങ്ങളായിട്ടാണ് വളര്‍ന്നുവന്നിരുന്നത് എന്ന് മനസ്സിലാക്കാവുന്നതാണ്. ഉദാഹരണമായി ഭാരതത്തിലെ ക്രൈസ്തവര്‍ ദേശീയതയ്ക്കു നല്‍കിയ സംഭാവനകള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും.
ക്രൈസ്തവരും ദേശീയ പ്രസ്ഥാനങ്ങളും
ഭാരതത്തിന്‍റെ സ്വാതന്ത്ര്യസമരത്തില്‍ തങ്കലിപികളാല്‍ ആലേഖനം ചെയ്യേണ്ട പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. ഇത് സ്ഥാപിച്ചത് 1885 ല്‍ ബ്രിട്ടീഷ് ക്രൈസ്തവനായിരുന്ന എ.ഒ.ഹ്യൂം ആണ്. കോണ്‍ഗ്രസ്, ഹോംറൂള്‍ എന്നീ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയില്‍ ക്രൈസ്തവരുടെ സംഭാവനകളെക്കുറിച്ച് ജോണ്‍ കച്ചിറമറ്റം നല്‍കുന്ന വിവരണം ശ്രദ്ധേയമാണ്:3
ഇന്ത്യക്ക് പരിപൂര്‍ണ്ണ സ്വാതന്ത്ര്യം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയായിരുന്നില്ല കോണ്‍ഗ്രസ് സ്ഥാപിച്ചത്. ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ ബ്രിട്ടീഷുകാരുടെ ശ്രദ്ധയില്‍ പെടുത്തുക, അവയ്ക്ക് പരിഹാരം കാണുക എന്നതായിരുന്നു അന്നു മുഖ്യലക്ഷ്യം. 1885 മുതല്‍ 1904 വരെയുള്ള കാലഘട്ടം പ്രമേയങ്ങളുടെ പാസാക്കലിന്‍റെയും വന്‍ യോഗങ്ങളുടെയും കാലഘട്ടമായിരുന്നു. ബംഗാള്‍ വിഭജനം നടന്ന 1905 മുതല്‍ 1918 വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യക്കാരുടെ ദേശാഭിമാനത്തെ തട്ടിയുണര്‍ത്തുന്നതിനും സ്വാതന്ത്ര്യസമരത്തിന് ജനങ്ങളെ സജ്ജരാക്കുന്നതിനുമായി ചര്‍ച്ചാസമ്മേളനങ്ങളും കണ്‍വെന്‍ഷനുകളും നടത്തി. 1918 മുതല്‍ സ്വാതന്ത്ര്യപ്രാപ്തിവരെയുള്ള കാലഘട്ടത്തില്‍ നിരവധി പ്രക്ഷോഭണങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കി.
കോണ്‍ഗ്രസിന്‍റെ ആദ്യകാലത്തെ പ്രവര്‍ത്തന ശൈലിയോട് മിതവാദികളല്ലാത്തവര്‍ക്ക് പൊരുത്തപ്പെടുവാന്‍ സാധിച്ചില്ല. അവരുടെ മുന്നണിയില്‍ നിന്ന് പ്രവര്‍ത്തിച്ചവരില്‍ പലരും ക്രൈസ്തവരായിരുന്നു. കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനങ്ങളിലും മുഖ്യപങ്ക് ക്രൈസ്തവര്‍ വഹിച്ചിരുന്നു. കോണ്‍ഗ്രസ് രൂപീകരിക്കുന്നതിന് മുന്നിട്ടു നിന്ന് പ്രവര്‍ത്തിച്ച ക്രൈസ്തവനായ എ.ഒ.ഹ്യൂം കോണ്‍ഗ്രസിന്‍റെ ജനറല്‍ സെക്രട്ടറിയായി ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസിന്‍റെ ആദ്യത്തെ പ്രസിഡന്‍റ് ക്രൈസ്തവനായ ഡബ്ലിയു. സി. ബാനര്‍ജി (1885-86) ആയിരുന്നു. ക്രൈസ്തവ നേതാക്കളായ ജോര്‍ജ്ജ് കൂര്‍ (1886-89), വില്യം ബേഡര്‍ബേണ്‍ (1889-90), ഡബ്ലിയു. സി. ബാനര്‍ജി (രണ്ടാം പ്രാവശ്യം 1892-93), ആല്‍ഫ്രഡ് വെമ്പ് (1894-95), ഹെന്‍ട്രി കോട്ടണ്‍ (1904-1095), വില്യം ബേഡര്‍ബേണ്‍ (രണ്ടാം പ്രാവശ്യം 1910-11), പി. ആനന്ദ വാര്‍ലു (1911-12), ഡോ. ആനി ബസന്‍റ് (1917-18) എന്നിവര്‍ കോണ്‍ഗ്രസ് പ്രസിഡന്‍റുമാരായി പ്രവര്‍ത്തിച്ച് സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്‍കിയ ക്രൈസ്തവരാണ്. 1920 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വം മഹാത്മാഗാന്ധി ഏറ്റെടുക്കുന്നതുവരെ ക്രൈസ്തവനേതാക്കളായിരുന്നു സംഘടനയെ പ്രധാനമായും നയിച്ചത്. 1920 ന് ശേഷം ഇന്ത്യന്‍ ദേശീയ രംഗത്ത് മഹാത്മാഗാന്ധിക്കുണ്ടായിരുന്ന അതിനായകത്വം അതിനു മുമ്പുള്ള നാലു ദശാബ്ദകാലം ശ്രീമതി ആനി ബസന്‍റിനാണുണ്ടായിരുന്നത്.
ഹോംറൂള്‍ പ്രസ്ഥാനം
1885 ല്‍ കോണ്‍ഗ്രസ് ജന്മമെടുത്തെങ്കിലും സ്വയം ഭരണത്തിനുവേണ്ടി ശക്തിയേറിയ പ്രക്ഷോഭണം നയിക്കുവാന്‍ സാധിച്ചില്ല. അതില്‍ പല രാജ്യസ്നേഹികളും ദു:ഖിതരായിരുന്നു. ഒന്നാം ലോകമഹായുദ്ധകാലത്ത് സ്വയംഭരണത്തിനുവേണ്ടി ശക്തിയേറിയ ഒരു നീക്കം റോമന്‍ കത്തോലിക്കനായിരുന്ന ജോസഫ് ബാപ്റ്റിസ്റ്റായുടെ അദ്ധ്യക്ഷതയില്‍ ബോംബെയില്‍ ചേര്‍ന്നു. സ്വാതന്ത്ര്യത്തിനായി പ്രക്ഷോഭണം നടത്തുവാന്‍ ആഹ്വാനം ചെയ്ത ബാപ്റ്റിസ്റ്റ, ഒന്നാംലോകമഹായുദ്ധത്തില്‍ ബ്രിട്ടനെ സഹായിക്കുന്നതിനു പകരമായി സ്വയംഭരണം ഭാരതജനതയ്ക്കു നല്‍കണമെന്ന് ആവശ്യപ്പെട്ടു. 1916 ഏപ്രില്‍ 28 ന് ബല്‍ഗാമില്‍ ചേര്‍ന്ന സമ്മേളനം ഹോംറൂള്‍ പ്രസ്ഥാനത്തിന് രൂപംനല്‍കി. ഹോംറൂള്‍ പ്രസ്ഥാനത്തിന്‍റെ പ്രഥമ പ്രസിഡന്‍റായി ജോസഫ് ബാപ്റ്റിസ്റ്റായും സെക്രട്ടറിയായി എന്‍.സി. കെല്‍ക്കാറും തെരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ മുന്നണിപ്പോരാളിയും തീവ്രവാദിയുമായിരുന്ന ബാലഗംഗാധര തിലകനും ഇന്ത്യന്‍ ജനതയുടെ ഹൃദയം കവര്‍ന്ന ഡോ. ആനി ബസന്‍റും ഹോംറൂള്‍ പ്രസ്ഥാനത്തില്‍ സജീവമായി പങ്കുചേരുകയും മഹാരാഷ്ട്രയിലും മദ്രാസിലും ഹോംറൂള്‍ ലീഗ് സ്ഥാപിക്കുന്നതിന് മുന്‍നിന്ന് പ്രവര്‍ത്തിക്കുകയും ചെയ്തു. പൂനയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ജോസഫ് ബാപ്റ്റിസ്റ്റായിരുന്നു.
1916 ല്‍ ആരംഭിച്ച ഹോംറൂള്‍ ലീഗിന് നേതൃത്വം നല്‍കിയവരില്‍ നല്ലപങ്കും ക്രൈസ്തവരായിരുന്നു. ശ്രീമതി. ആനിബസന്‍റിന്‍റെയും ബാലഗംഗാധര തിലകന്‍റെയും നേതൃത്വം ഈ പ്രസ്ഥാനത്തിലേക്ക് ആയിരങ്ങളെ ആകര്‍ഷിക്കാന്‍ ഇടനല്‍കി. പ്രസ്ഥാനത്തിന്‍റെ സ്ഥാപക പ്രസിഡന്‍റ് ജോസഫ് ബാപ്റ്റിസ്റ്റ് ബ്രിട്ടണ്‍ സന്ദര്‍ശിച്ച് സ്വയംഭരണത്തിനായുള്ള നീക്കങ്ങള്‍ വിശദീകരിക്കുകയും അവിടെ ഒരു പ്രചരണം നടത്തുകയും ചെയ്തു. ഹോംറൂള്‍ പ്രസ്ഥാനത്തെ പ്രതിനിധീകരിച്ച് 1919 ല്‍ ബ്രിട്ടനില്‍ നടന്ന ലേബര്‍ കോണ്‍ഫറന്‍സിലും അദ്ദേഹം പങ്കെടുത്തു.
ഒന്നാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടനെ സഹായിച്ചതിന്‍റെ പേരില്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം അനുവദിക്കുമെന്ന് ഭാരതീയര്‍ ന്യായമായി പ്രതീക്ഷിച്ചു. എന്നാല്‍, ബ്രിട്ടണ്‍ അതിനു തയ്യാറായില്ല. 1919 ല്‍ ഏര്‍പ്പെടുത്തിയ റൗളറ്റ് ആക്ട് ഭരണപരിഷ്കാരം കോണ്‍ഗ്രസ് തള്ളിക്കളഞ്ഞു. റൗളറ്റ് ആക്ടിനെതിരെയുള്ള പ്രക്ഷോഭണം ആളിക്കത്തി. റൗളറ്റ് ആക്ടിനെതിരെ ഗാന്ധിജി ആഹ്വാനം ചെയ്ത നിസ്സഹകരണ പ്രസ്ഥാനത്തിലും ഉപ്പുസത്യാഗ്രഹത്തിലും ക്രൈസ്തവര്‍ സജീവമായി പങ്കുകൊണ്ടു.
അന്നത്തെ വാര്‍ത്താ മാധ്യമങ്ങളില്‍ ക്രൈസ്തവപങ്കാളിത്തത്തെപ്പറ്റി ശരിയായി വിവരിച്ചിട്ടുണ്ട്. ക്രൈസ്തവ മിഷനറിമാരാണല്ലോ അച്ചടിയും മറ്റും ഇവിടെ ആരംഭിച്ചത്. ക്രൈസ്തവമിഷനറിമാരുടെ പ്രസിദ്ധീകരണമായ ഹാര്‍വെസ്റ്റ് ഫീല്‍ഡ് മാസിക ഇന്ത്യന്‍ ജനതയുടെ ദേശീയബോധം വളര്‍ത്തുന്നതിനും സ്വാതന്ത്ര്യസമരത്തിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്നതിനും ശ്രമിച്ചു. പ്രസ്തുത മാസികയുടെ മുഖപ്രസംഗങ്ങള്‍ ക്രൈസ്തവജനതയെ സ്വാതന്ത്ര്യസമരത്തിലേക്ക് ആഹ്വാനം ചെയ്തുകൊണ്ടുള്ളതായിരുന്നു. ജെ. ഇ. നൈല്‍ ആണ് ഈ സംരഭത്തിന് നേതൃത്വം നല്‍കിയത്.
ഗാന്ധിജിയുടെ സബര്‍മതി ആശ്രമത്തിലെ പ്രധാന ചുമതല വഹിച്ചിരുന്ന കൃഷിശാസ്ത്രജ്ഞനായിരുന്നു ടൈറ്റസ്. ഗാന്ധിജിയോടൊപ്പം ദണ്ഡിയാത്രയില്‍ ഈ ക്രൈസ്തവശാസ്ത്രജ്ഞനും സജീവമായി പങ്കെടുത്തിരുന്നു.
ഇങ്ങനെ സ്വാതന്ത്ര്യസമരകാലത്തെ ഇന്ത്യന്‍ ക്രൈസ്തവര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരപ്രസ്ഥാന ചരിത്രത്തിന്‍റെ അവിഭാജ്യമായ ഭാഗമായി. സംഖ്യാപരമായും ഗുണപരമായും ക്രൈസ്തവര്‍ തങ്ങളുടെ വലുപ്പത്തില്‍ വളരെ കൂടുതല്‍ പങ്കാളിത്തം സ്വാതന്ത്ര്യസമരത്തില്‍ വഹിച്ചു. 1885 മുതല്‍ 1947 വരെയുള്ള 62 വര്‍ഷത്തെ പോരാട്ടം ക്രൈസ്തവദേശീയത്വം (ഹൈന്ദവ-മുസ്ലീം സഹോദരങ്ങളുടേതിനൊപ്പം) കോണ്‍ഗ്രസിന്‍റെ കീഴില്‍ ഉണര്‍വും ഉറപ്പിക്കലും ദൃഢീകരിക്കലും സാധിച്ചതിന്‍റെ സുവര്‍ണ്ണാധ്യായമാണ്. രാഷ്ട്രീയഐക്യം വൈവിധ്യം നിറഞ്ഞ സാമൂഹിക സാംസ്കാരിക വിഭാഗങ്ങളുടെ ഉദ്ഗ്രഥനം എന്നിവയുടെ അടിത്തറയില്‍ ഒരു നൂതന ദേശീയ څസ്വത്വംچ കണ്ടെത്താനുള്ള ഇന്ത്യയുടെ അന്വേഷണത്തിലും ഒരു മതേതരജനാധിപത്യ-ഫെഡറല്‍ രാഷ്ട്രമാകാനുള്ള പരിണാമപ്രക്രിയയിലും ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ മുഖ്യപങ്കുവഹിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യസമരത്തിലെ വര്‍ഗ്ഗീയ ധ്രുവീകരണങ്ങള്‍
അറിഞ്ഞോ അറിയാതെയോ ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ ഭാരതത്തിന്‍റെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ദേശീയതാ ചിന്തകളിലും പ്രവര്‍ത്തനങ്ങളിലും വലിയൊരളവില്‍ ഹിന്ദുസ്വരം ഉയര്‍ന്നു നിന്നിരുന്നു എന്ന് ബിപിന്‍ ചന്ദ്ര നടത്തുന്ന നിരീക്ഷണം ഒട്ടൊക്കെ ശരിയാണ്. മുഗള്‍ ഭരണകാലത്തെ ഭാരതത്തിന്‍റെ ഇസ്ലാമിക പൈതൃകം പരിത്യജിച്ച് പൗരാണിക ഭാരതത്തിന്‍റെ സാംസ്കാരികത്തനിമകള്‍ക്ക് ഊന്നല്‍ ലഭിച്ചുതുടങ്ങിയത് ഈ കാലഘട്ടത്തിലാണ്. ഗണേശപൂജയും ശിവജി ഉത്സവവും ഗംഗാസ്നാനവുമൊക്കെ ദേശീയ പ്രക്ഷോഭങ്ങളുടെ അവിഭാജ്യ ഭാഗമാക്കി തിലകന്‍ മാറ്റിയതും ഇതേ കാലഘട്ടത്തിലാണ്. ബങ്കിംചന്ദ്ര ചാറ്റര്‍ജി അടക്കമുള്ള ദേശീയസാഹിത്യകാരന്മാര്‍ മുസ്ലീങ്ങളെ വിദേശീയരായി ചിത്രീകരിച്ച് ആഖ്യായികങ്ങള്‍ രചിച്ചതും സ്വാതന്ത്ര്യസമരത്തിന് ഹിന്ദു വര്‍ഗ്ഗീയതയുടെ നിറം പകര്‍ന്നു. ദേശീയപ്രസ്ഥാനം വിജയിച്ചാല്‍ വരുന്നത് ഹിന്ദുരാജ്യമാണെന്ന ചിന്ത മുസ്ലിങ്ങളുടെയിടയില്‍ പരത്താന്‍ ഈ സാഹചര്യം ഇടയാക്കി.
അലിഗര്‍ കോളേജിന്‍റെ സ്ഥാപകനായ സയിദ് അഹമ്മദ്ഖാന്‍റെ നേതൃത്വത്തില്‍ ഹിന്ദുവര്‍ഗ്ഗീയതയ്ക്കെതിരേ മുസ്ലീങ്ങള്‍ സാവകാശം പ്രതികരിച്ചുതുടങ്ങി. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചാല്‍ ഭൂരിപക്ഷമായ ഹിന്ദു സമുദായം മുസ്ലീങ്ങളുടെമേല്‍ അധികാരം പ്രയോഗിക്കുമെന്നും അതിനാല്‍ മുസ്ലീം ന്യൂനപക്ഷത്തിന്‍റെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഏറ്റവും അനുയോജ്യമായത് ബ്രിട്ടീഷ് ഭരണമാണെന്നും സയിദ് അഹമ്മദ് മുസ്ലീങ്ങളെ ബോധവല്‍ക്കരിച്ചു. 1907-ല്‍ ആഗാഖാന്‍, ധാക്കായിലെ നവാബ്, നവാബ് മൊഹ്സിന്‍-ഉല്‍-മുക്ക് എന്നിവര്‍ ചേര്‍ന്ന് അഖിലേന്ത്യാ മുസ്ലീംലീഗ് സ്ഥാപിച്ചു. ബ്രിട്ടീഷ് ഭരണത്തോടുള്ള അചഞ്ചലമായ കൂറും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ദേശീയ മുന്നേറ്റത്തോടുള്ള വെറുപ്പും മുസ്ലീംലീഗിന്‍റെ മുഖമുദ്രയായിരുന്നു.
മുസ്ലീം വര്‍ഗീയതയെ പ്രതിരോധിക്കാനായിട്ട് എന്നു പറയാനാവില്ലെങ്കിലും 1909-ല്‍ പഞ്ചാബ് ഹിന്ദുസഭയും 1915-ല്‍ അഖിലേന്ത്യാ ഹിന്ദുമഹാസഭയും നിലവില്‍വന്നു. മുസ്ലീങ്ങളെ പ്രീണിപ്പിക്കാന്‍ ഹിന്ദുക്കളുടെ അവകാശങ്ങള്‍ ബലികൊടുക്കുന്നു എന്ന് ആരോപിച്ച് ഹിന്ദുമഹാസഭയും കോണ്‍ഗ്രസിന്‍റെ ദേശീയ മുന്നേറ്റങ്ങളെ എന്തു വിലകൊടുത്തും തടയാന്‍ ആവശ്യപ്പെട്ടു. "കോണ്‍ഗ്രസ് എന്ന വിഷം ഹിന്ദുക്കളുടെ ഉന്മൂലനത്തിനുള്ളതാകയാല്‍ അത് ഛര്‍ദ്ദിച്ചുകളയേണ്ട സമയം അതിക്രമിച്ചു" എന്നാണ് ഹിന്ദുമഹാസഭയുടെ അധ്യക്ഷന്‍ ലാല്‍ചന്ദ് പ്രസംഗിച്ചിരുന്നത്. ഹിന്ദുമഹാസഭയുടെ എതിര്‍പ്പും ബ്രിട്ടീഷുകാര്‍ക്കെതിരേ ആയിരുന്നില്ല. ഹിന്ദു മുസ്ലീം സംഘര്‍ഷത്തിലെ നിഷ്പക്ഷമായ മൂന്നാം കക്ഷിയായിട്ടാണ് ലാല്‍ചന്ദ് ബ്രിട്ടീഷ് സര്‍ക്കാരിനെ കണ്ടത്.
ഈ വര്‍ഗ്ഗീയ ധ്രുവങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന ദേശീയപ്രസ്ഥാനം അതിന്‍റെ സ്വത്വം കണ്ടെത്താന്‍ ബുദ്ധിമുട്ടി. 1916-ലെ ലഖ്നൗ സമ്മേളനത്തില്‍ ലോകമാന്യതിലകനും മുഹമ്മദലി ജിന്നയും ചേര്‍ന്ന് കോണ്‍ഗ്രസ്-ലീഗ് സഖ്യം രൂപീകരിക്കുകയും ഇന്ത്യയുടെ സ്വയംഭരണം മുഖ്യപ്രമേയമായി അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് സീറ്റ് സംവരണം എന്ന വര്‍ഗ്ഗീയ നിലപാട് അംഗീകരിക്കേണ്ടി വന്നത് കോണ്‍ഗ്രസിന്‍റെ നയപരമായ വീഴ്ചതന്നെയായിരുന്നു. എങ്കിലും സാമുദായിക ഐക്യത്തിന്‍റെ ശംഖൊലി ഇന്ത്യയിലുടനീളം മുഴക്കാന്‍ ലഖ്നൗ സമ്മേളനത്തിനു കഴിഞ്ഞു. കടുത്ത ആര്യസമാജക്കാരനായ സ്വാമി ശ്രദ്ധാനന്ദിനെ ഡല്‍ഹി ജുമാമസ്ജിദില്‍ പ്രസംഗിക്കാന്‍ ക്ഷണിച്ചതും ഡോ. സൈഫുദ്ദീന്‍ കിച്ച്ലുവിന് അമൃതസറിലെ സുവര്‍ണ്ണ ക്ഷേത്രത്തിന്‍റെ താക്കോല്‍ കൈമാറിയതും സ്വാതന്ത്ര്യസമരചരിത്രത്തില്‍ ശ്രദ്ധേയമായ പലമാറ്റങ്ങള്‍ക്കും വഴിതെളിച്ച സംഭവങ്ങളായിരുന്നു. എന്നാല്‍ 1922-ഓടെ മതസൗഹാര്‍ദ്ദാന്തരീക്ഷം പാടെ കലുഷിതമായി. വര്‍ഗ്ഗീയ കലാപങ്ങള്‍ സര്‍വ്വസാധാരണമായി. ഹിന്ദുക്കളുടെയിടയില്‍ സംഘത്താന്‍, ശുദ്ധിപ്രസ്ഥാനങ്ങള്‍ എന്നിവയും മുസ്ലീങ്ങളുടെയിടയില്‍ "തന്‍സീം" "തബ്ലീഗ്" തുടങ്ങിയ പ്രസ്ഥാനങ്ങളും തീവ്രവര്‍ഗീയത വളര്‍ത്തി. ഇരുകൂട്ടരും ദേശീയതാവാദത്തെ പിശാചിന്‍റെ പ്രവര്‍ത്തിയായും സ്വന്തം മതത്തിനെതിരായ കരുനീക്കമായും കരുതിയിരുന്നു. ദേശീയതക്കു വിരുദ്ധമായ ശക്തിയായി വര്‍ഗ്ഗീയത പൂര്‍ണ്ണമായും പ്രതിഷ്ഠിക്കപ്പെട്ടു എന്നതാണ് ഈ കാലഘട്ടത്തിന്‍റെ സവിശേഷത. ദേശീയവാദികളായിരുന്ന ലജ്പതറായി, മദന്‍മോഹന്‍ മാളവ്യ, എന്‍.സി. കോല്‍ക്കര്‍ എന്നിവര്‍ ഹിന്ദുമഹാസഭയില്‍ ചേര്‍ന്ന് ഹിന്ദുവര്‍ഗ്ഗീയത ആളിക്കത്തിച്ചു. പഴയ ഖിലാഫത്തു പ്രസ്ഥാനക്കാരായിരുന്ന മൗലാന മുഹമ്മദ് അലി, ഷൗക്കത്ത് അലി തുടങ്ങിയവര്‍ മുസ്ലീം തീവ്രവാദപക്ഷത്തേക്കു ചുവടുമാറ്റുകയും കോണ്‍ഗ്രസ് ലക്ഷ്യമാക്കുന്നത് ഹിന്ദുസര്‍ക്കാരിനെയാണെന്ന് പ്രചരിപ്പിക്കുകയും ചെയ്തു.
1930 കളിലെ വട്ടമേശ സമ്മേളനങ്ങളില്‍ വര്‍ഗ്ഗീയവാദികള്‍ സര്‍വ്വശക്തിയും സംഭരിച്ച് തമ്മിലടിച്ചു. ബിപന്‍ചന്ദ്രയുടെ വാക്കുകളില്‍തന്നെ ഈ ഭിന്നതയുടെ ചിത്രം വ്യക്തമാണ്.
1932 ല്‍ ഹൗസ് ഓഫ് കോമണ്‍സില്‍ വച്ച് നടന്ന ഒരു യോഗത്തില്‍ ആഗാഖാന്‍, കവി മൊഹമ്മദ് ഇഖ്ബാല്‍, ചരിത്രകാരന്‍ ഷഫാത്ത് അഹമ്മദ്ഖാന്‍ എന്നിവര്‍ "ഹിന്ദുവിന്‍റെയും മുസ്ലീമിന്‍റെയും രാഷ്ട്രീയതാത്പര്യങ്ങള്‍-അല്ലെങ്കില്‍ തീര്‍ച്ചയായും സാമൂഹിക താത്പര്യങ്ങള്‍-തമ്മിലൊരു ലയനം അന്തരാ അസാധ്യമാണ്" എന്നും "ബ്രിട്ടീഷ് ഏജന്‍സി മുഖാന്തരമല്ലാതെ മറ്റേതെങ്കിലും തരത്തില്‍ ഇന്ത്യ ഭരിക്കുന്നത് അപ്രായോഗികമാകും" എന്നും ഊന്നിപ്പറഞ്ഞു. 1933 ല്‍ ഹിന്ദു മഹാസഭ യോഗത്തില്‍ അധ്യക്ഷം വഹിച്ചുകൊണ്ട് ഭായ് പരമാനന്ദ് ഹിന്ദുക്കളും ബ്രിട്ടീഷ് സര്‍ക്കാരും തമ്മില്‍ സഹകരണം വേണമെന്ന് അഭ്യര്‍ത്ഥിക്കുകയും "പുതിയ ഇന്ത്യയിലെ രാഷ്ട്രീയ സ്ഥാപനങ്ങളില്‍ ഇന്ത്യയിലെ അഗ്രഗ്രാമി സമുദായം എന്ന നിലയ്ക്ക് ഹിന്ദുക്കളുടെ പദവിയും ഉത്തരവാദിത്വവും അംഗീകരിക്കുകയാണെങ്കില്‍ ഹിന്ദുക്കള്‍ ഗ്രെയ്റ്റ് ബ്രിട്ടനുമായി സഹകരിക്കും" എന്നു പ്രഖ്യാപിക്കുകയും ചെയ്തു.
ക്രൈസ്തവരും ദേശീയതയും
ഹിന്ദു-ഇസ്ലാം മതവിഭാഗങ്ങളിലെ ഒരു ന്യൂനപക്ഷമെങ്കിലും സ്വാതന്ത്ര്യസമരചരിത്രത്തില്‍ വര്‍ഗ്ഗീയതയെ വളര്‍ത്തുന്ന നിലപാട് സ്വീകരിച്ചിരുന്നു എന്ന് മേല്‍വിവരിച്ച ചരിത്രാന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. എന്നാല്‍ ക്രൈസ്തവര്‍ ഭാരതത്തിന്‍റെ ദേശീയതയോട് ചേര്‍ന്നു നില്‍ക്കാനാണ് എക്കാലവും ആഗ്രഹിച്ചിരുന്നത്. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രത്തിന്‍റെ ഭാഗമായി ന്യൂനപക്ഷങ്ങള്‍ക്കും അവശവിഭാഗങ്ങള്‍ക്കുമായി പ്രത്യേക നിയോജകമണ്ഡലങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ബ്രിട്ടീഷ് ഗവണ്‍മെന്‍റ് "ഇന്ത്യാ ആക്ട്" എന്നപേരില്‍ പുതിയ നിയമം കൊണ്ടുവന്നു. 1930 നവംബര്‍ 12 മുതല്‍ 1931 ജനുവരി 19 വരെ ലണ്ടനില്‍ നടന്ന ഒന്നാം വട്ടമേശ സമ്മേളനത്തില്‍ പങ്കെടുത്ത കെ.റ്റി. പോളും റാവു ബഹദൂര്‍ പന്നീര്‍ സെല്‍വവും രണ്ടാം വട്ടമേശ സമ്മേളനത്തില്‍ പങ്കെടുത്ത എസ്.കെ. ദത്തും ക്രൈസ്തവര്‍ക്ക് വര്‍ഗ്ഗീയാടിസ്ഥാനത്തില്‍ മണ്ഡലങ്ങള്‍ ആവശ്യമില്ലെന്ന് ആവശ്യപ്പെട്ടിരുന്നു.പരിപൂര്‍ണ്ണ ജനാധിപത്യത്തിനും പൊതുനിയോജകമണ്ഡലങ്ങള്‍ക്കും വേണ്ടിയാണ് ക്രൈസ്തവര്‍ വാദിച്ചിരുന്നത്. എന്നാല്‍ വിവിധ മതവിഭാഗങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ "കമ്മ്യൂണല്‍ വാര്‍ഡ്" എന്ന പേരില്‍ ന്യൂനപക്ഷങ്ങള്‍ക്കും അധസ്ഥിതര്‍ക്കും പ്രത്യേക മണ്ഡലങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് ബ്രിട്ടീഷുകാര്‍ ചെയ്തത്.
സാമുദായികമായി ഏറെ നേട്ടമുണ്ടാക്കാമായിരുന്ന തീരുമാനമായിരുന്നിട്ടും ക്രൈസ്തവര്‍ ഈ നീക്കത്തെ എതിര്‍ത്തു. വര്‍ഗ്ഗീയ നിയോജകമണ്ഡലങ്ങള്‍ക്കെതിരെ ഗാന്ധിജി ജയിലില്‍ കിടന്നു നടത്തിയ 21 ദിവസത്തെ നിരാഹാരസമരത്തിനു പൂര്‍ണ്ണ പിന്തുണയുമായി ആദ്യം രംഗത്തുവന്നത് ക്രൈസ്തവരായിരുന്നു.
ഗാന്ധിജിയുടെ സമരത്തിനു പിന്തുണയറിയിച്ചുകൊണ്ട് പൂനായില്‍ ചേര്‍ന്ന ക്രൈസ്തവ സമ്മേളനത്തില്‍ ഫാ. ജറോം ഡിസൂസ, അലോഷ്യസ് സോറസ്, എസ്സ്.കെ. ദത്ത തുടങ്ങിയവര്‍ പങ്കെടുത്തു. രാജ്യത്തിന്‍റെ മുഖ്യധാരയുടെ ഭാഗമായി മാത്രമേ ക്രൈസ്തവര്‍ നിലകൊള്ളുകയുള്ളൂ എന്നു പ്രഖ്യാപിച്ചതോടൊപ്പം വര്‍ഗ്ഗീയനിയോജകമണ്ഡലങ്ങളില്‍ ക്രിസ്ത്യാനികള്‍ മത്സരിക്കാനില്ലെന്നും സമ്മേളനം തീരുമാനിച്ചു. വര്‍ഗ്ഗീയ നിയോജകമണ്ഡലങ്ങള്‍ക്കെതിരെ ബിഷപ്പ് വി.എച്ച്. അസ്സറിയാ പുറപ്പെടുവിച്ച പ്രസ്താവന ക്രൈസ്തവരുടെ ദേശസ്നേഹത്തിന്‍റെ ജ്വലിക്കുന്ന സാക്ഷ്യമാണ്:
"എല്ലാ മതവിഭാഗങ്ങളെയും സ്വാഗതം ചെയ്ത നാടാണ് ഭാരതം. എല്ലാ മതങ്ങളെയും ആദരിക്കുകയും എല്ലാ സംസ്കാരങ്ങളെയും സ്വീകരിക്കുകയും എല്ലാവിധ ആചാരങ്ങള്‍ക്കും ബഹുമാനം നല്‍കുകയും ചെയ്തുപോന്നിട്ടുള്ളതാണ് ഭാരതീയ സംസ്കാരം. ഇത്ര മഹത്തായ ഒരു സംസ്കാരത്തിന്‍റെ ഉറവിടമായ ഈ മണ്ണില്‍-ഭാരതത്തില്‍- ക്രിസ്ത്യാനികളായ നമുക്ക് പൊതുവായ നിയോജകമണ്ഡലങ്ങളില്‍ വോട്ടുചെയ്യാന്‍ അവകാശമില്ലാതായി എന്നത് ഖേദകരമാണ്. നിയോജകമണ്ഡലങ്ങളില്‍നിന്നും തെരഞ്ഞെടുക്കപ്പെടുന്ന എല്ലാ ജനപ്രതിനിധികളും എല്ലാ സമുദായങ്ങളുടെയും താലപര്യം സംരക്ഷിക്കുന്നവരായിരിക്കും എന്ന് ഞങ്ങള്‍ക്ക് ഉത്തമബോധ്യമുണ്ട്. അതാണ് നമ്മുടെ രാജ്യത്തിന്‍റെ മഹത്തായ പാരമ്പര്യമെന്നും ആ പാരമ്പര്യത്തില്‍ ഉറച്ചുനിന്നുകൊണ്ടുമാത്രമേ ഇന്ത്യന്‍ ജനത പ്രവര്‍ത്തിക്കുകയുള്ളൂവെന്നും ക്രൈസ്തവരായ ഞങ്ങള്‍ വിശ്വസിക്കുന്നു എന്ന് അഭിമാനപൂര്‍വ്വം പറയുവാന്‍ ആഗ്രഹിക്കുന്നു. ഇവിടുത്തെ ക്രൈസ്തവരുടെ പൗരതാല്പര്യങ്ങള്‍ മറ്റ് സമുദായങ്ങളുടെ പൗരതാല്പര്യങ്ങളില്‍നിന്നും വിഭിന്നമല്ലെന്ന് അടിവരയിട്ട് പ്രഖ്യാപിക്കുവാന്‍ ആഗ്രഹിക്കുന്നു.
1945 ല്‍ ഇന്ത്യയില്‍ വന്ന കാബിനറ്റ് മിഷനിലും തുടര്‍ന്ന് സ്വതന്ത്രഭാരതത്തിന്‍റെ ഭരണഘടനാസമിതിയിലും ക്രൈസ്തവര്‍ ഇതേ നിലപാട് ആവര്‍ത്തിച്ചു.
1942 ല്‍ മഹാത്മജിയുടെ നേതൃത്വത്തില്‍ നടന്ന ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന് ക്രൈസ്തവസമുദായം എല്ലാവിധ പിന്തുണയും നല്‍കുകയുണ്ടായി. പ്രമുഖ തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകനും ക്രൈസ്തവനേതാവുമായിരുന്ന വി. ചക്കരൈ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭണത്തോട് ക്രൈസ്തവര്‍ക്കുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ബ്രിട്ടന്‍റെ അടിച്ചമര്‍ത്തല്‍ നയത്തിനെതിരായി പോരാടാന്‍ ക്രൈസ്തവ സമ്മേളനങ്ങള്‍ ആഹ്വാനം ചെയ്തു.
ക്രൈസ്തവരുടെ നൂറ്റാണ്ടുകളായുള്ള ദേശസ്നേഹപരമായ പ്രവര്‍ത്തനങ്ങളെ പലരും പ്രശംസിക്കുകയുണ്ടായി. ഭാരതത്തിന്‍റെ ഗവര്‍ണ്ണര്‍ ജനറലായിരുന്ന സി. രാജഗോപാലാചാരി ഭാരതത്തിലെ ക്രൈസ്തവര്‍ എല്ലാ സമ്മേളനങ്ങളിലും പരിപൂര്‍ണ്ണ പിന്തുണ ദേശീയ പ്രസ്ഥാനത്തിന് നല്‍കിയിരുന്നുവെന്ന് അഭിപ്രായപ്പെട്ടു. ഹിന്ദുമഹാസഭയുടെ അധ്യക്ഷന്‍ ബി.എസ്സ്. മോന്‍ജെ ക്രൈസ്തവരുടെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ദേശീയ ചിന്താഗതിയെയും അവരുടെ നിശ്ചയ ദാര്‍ഢ്യത്തെയും പ്രശംസിച്ച് ക്രിസ്ത്യാനികള്‍ മറ്റ് ന്യൂനപക്ഷങ്ങള്‍ക്ക് മാതൃകയാണെന്ന് എടുത്തുപറഞ്ഞു.കല്‍ക്കട്ടയില്‍നിന്നും പുറപ്പെടുന്ന അമൃതബസാര്‍ പത്രികയില്‍ മോന്‍ജെ അഭിപ്രായപ്പെട്ടു: ഭാരതക്രൈസ്തവര്‍ മുസ്ലീംങ്ങളെക്കാള്‍ ചെറുതായ ഒരു സമൂഹമാണെന്നും എന്നിട്ടും അവരുടെ മതം അപകടത്തിലാണെന്നോ ഭൂരിപക്ഷസമുദായപീഡനത്തിന് എന്നെങ്കിലും വിധേയരാകുമെന്നോ ഒരു ചിന്ത അവര്‍ക്കില്ല. ഔദാര്യങ്ങളോ പ്രത്യേക പദവികളോ അവര്‍ ആഗ്രഹിക്കുന്നുമില്ല.
കോണ്‍ഗ്രസിന്‍റെ ദേശീയതാവാദത്തിന് ഒരു മതം എന്നനിലയില്‍ പിന്തുണ ലഭിച്ചത് ക്രൈസ്തവരില്‍ നിന്നു മാത്രമാണെന്ന് ഈ ചരിത്രാപഗ്രഥനം സാക്ഷ്യപ്പെടുത്തുന്നു.
ഇടതുപക്ഷവും വര്‍ഗ്ഗീയതയും ദേശീയതയും
കോണ്‍ഗ്രസിനകത്തെ തീവ്രനിലപാടുകാരുടെ സംഘമാണ് ഇടതുപക്ഷമായി വികസിച്ചുവന്നത്. രാഷ്ട്രീയസ്വാതന്ത്ര്യം എന്ന ആശയത്തിന് വ്യക്തമായ സാമൂഹിക-സാമ്പത്തികമാനം ആവശ്യമാണെന്നുള്ള ചിന്തയില്‍നിന്നാണ് കോണ്‍ഗ്രസ് നേതാക്കളായിരുന്ന സുഭാഷ്ചന്ദ്രബോസും ജവഹര്‍ലാല്‍ നെഹ്രുവും ചേര്‍ന്ന് സോഷ്യലിസ്റ്റ് ചിന്താധാരയെ ഇന്ത്യന്‍ ദേശീയതാ മുന്നേറ്റത്തിന്‍റെ മുഖ്യധാരയില്‍ പ്രതിഷ്ഠിച്ചത്. 1917 ഒക്ടോബര്‍ 7 ന് വി.ഐ. ലെനിനിന്‍റെ നേതൃത്വത്തിലുള്ള ബോള്‍ഷെവിക് (കമ്യൂണിസ്റ്റ്) പാര്‍ട്ടി സാര്‍ ചക്രവര്‍ത്തിമാരുടെ ഏകാധിപത്യഭരണം തകര്‍ത്ത് റഷ്യയില്‍ സോഷ്യലിസ്റ്റ് വിപ്ലവം നടപ്പിലാക്കിയ ചരിത്രസംഭവവും ഇന്ത്യന്‍ ചിന്താഗതിയില്‍ വന്ന സോഷ്യലിസ്റ്റ് ആഭിമുഖ്യത്തിനു പിന്നിലുണ്ട്. തൊഴിലാളി കര്‍ഷക പ്രസ്ഥാനങ്ങളില്‍ സജീവമായിരുന്ന ആദ്യകാല ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ എല്ലാം കോണ്‍ഗ്രസില്‍ അംഗത്വം നേടിയിരുന്നു. 1932 ല്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ സര്‍ക്കാര്‍ കൊണ്ടുവന്ന മിററ്റുഗൂഢാലോചനകേസില്‍ അറസ്റ്റിലായ 32 കമ്മ്യൂണിസ്റ്റ് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ക്കുവേണ്ടി കോടതിയില്‍ കേസ് വാദിച്ചത് നെഹ്രു, എം.എ. അന്‍സാരി, എം.സി. ഛഗ്ല തുടങ്ങിയ ദേശീയ നേതാക്കളായിരുന്നു. കോണ്‍ഗ്രസ് നയങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കി ദേശീയ പ്രസ്ഥാനത്തിന്‍റെ ശക്തിയായി കമ്മ്യൂണിസ്റ്റുകാര്‍ നിലകൊണ്ട ഈ കാലഘട്ടം വര്‍ഗ്ഗീയതയെ എതിര്‍ക്കാന്‍ പര്യാപ്തമായ കാലമായിരുന്നു.
എന്നാല്‍, കമ്മ്യൂണിസ്റ്റ് ഇന്‍റര്‍നാഷണലിന്‍റെ ആറാം കോണ്‍ഗ്രസിലെ പ്രമേയങ്ങളുടെ വെളിച്ചത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ കോണ്‍ഗ്രസുമായുള്ള ബന്ധം പൂര്‍ണ്ണമായും വിഛേദിച്ചു. കോണ്‍ഗ്രസ് നേതാക്കളെ ബൂര്‍ഷ്വാ ഏജന്‍റുമാരായും ഗാന്ധിയെ രാജ്യദ്രോഹിയായും അഹിംസാസിദ്ധാന്തത്തെ വിഡ്ഢിത്തമായും കമ്മ്യൂണിസ്റ്റുകാര്‍ ചിത്രീകരിച്ചു. വര്‍ക്കേഴ്സ് ആന്‍റ് പെസന്‍റ്സ് പാര്‍ട്ടി (WPP) അടക്കമുള്ള ഇടതുപക്ഷ തൊഴിലാളി പ്രസ്ഥാനങ്ങളെ പിരിച്ചുവിട്ട് ഏകീകൃത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കാന്‍ പ്രസ്ഥാനത്തിന്‍റെ സകല കഴിവും വിനിയോഗിക്കാന്‍ തീരുമാനമായി. അസമയത്തും ആലോചനരഹിതമായും കമ്മ്യൂണിസ്റ്റുകാര്‍ എടുത്ത ഈ തീരുമാനം ദേശീയപ്രസ്ഥാനത്തിനേല്‍പിച്ച പ്രഹരം കനത്തതായിരുന്നു. കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്തുക എന്ന വര്‍ഗ്ഗീയ കക്ഷികളുടെ നയം കമ്മ്യൂണിസ്റ്റുകാരും കൂടി ഏറ്റുപാടി തുടങ്ങിയതോടെ വര്‍ഗ്ഗീയതയുടെ സ്വരം കൂടുതല്‍ കനത്തതും വര്‍ഗ്ഗീയവാദികളുടെ നീക്കങ്ങള്‍ കൂടുതല്‍ തീവ്രവുമായി മാറി. വര്‍ഗ്ഗീയവാദികളെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായി കിട്ടിയ അത്ഭുതാവഹമായ പിന്തുണയായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയംമാറ്റം.
വര്‍ഗ്ഗീയത ഒരു കുത്തൊഴുക്കാണ്, കരുത്തോടെയും കരുതലോടെയും എതിര്‍ദിശയില്‍ തുഴയേണ്ടിയിരുന്ന കമ്മ്യൂണിസ്റ്റുകാര്‍ തുഴച്ചില്‍ നിര്‍ത്തി വര്‍ഗ്ഗീയ പ്രവാഹത്തിന്‍റെ കോണ്‍ഗ്രസ് വിരുദ്ധ മനോഭാവത്തില്‍ പങ്കാളികളായപ്പോള്‍ വര്‍ഗ്ഗീയതക്ക് അപ്രതിരോധ്യമായ ആവേശം കൈവന്നു.
ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന സൈമണ്‍ കമ്മീഷന്‍ വിരുദ്ധ സമരം, ഉപ്പുസത്യാഗ്രഹം, ക്വിറ്റ് ഇന്ത്യാസമരം, സമ്പൂര്‍ണ്ണ സ്വരാജിനു വേണ്ടിയുള്ള സമരം തുടങ്ങിയ ഐതിഹാസിക സ്വാതന്ത്ര്യ സമരങ്ങളെയെല്ലാം അട്ടിമറിക്കാന്‍ ശ്രമിച്ചു എന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നിഷേധിക്കാനാവാത്ത വസ്തുതയാണ്. 1935-ല്‍ മോസ്കോയില്‍ കൂടിയ കമ്യൂണിസ്റ്റ് ഇന്‍റര്‍നാഷണലിന്‍റെ പ്രമേയത്തില്‍ ജനറല്‍ സെക്രട്ടറി ഡിമിട്രോവും ഏഷ്യന്‍ കാര്യസെക്രട്ടറി വാങ്ങ്മിങ്ങും ചേര്‍ന്നു നടത്തിയ പ്രസ്താവന ശ്രദ്ധേയമാണ്: "ഇന്ത്യയില്‍ നമ്മുടെ സഖാക്കള്‍ക്കു പറ്റിയ തെറ്റ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ കീഴില്‍ സംഘടിപ്പിച്ച ബഹുജന പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തില്ല എന്നതാണ്. മേലില്‍ കമ്യൂണിസ്റ്റുകാര്‍ ഗാന്ധിയുടെ കോണ്‍ഗ്രസില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കേണ്ടതാണ്" (Marxism, 21). റഷ്യക്കാരന് ഇന്ത്യന്‍ ദേശീയതയോടുണ്ടായിരുന്ന സ്നേഹം പോലും ഇവിടുത്തെ കമ്യൂണിസ്റ്റുകാര്‍ക്കില്ലയിരുന്നു എന്ന ആരോപണത്തിന്‍റെ പൊരുള്‍ ഇതായിരുന്നു. 1942 ല്‍ സര്‍ സ്റ്റാഫോഡ് ക്രിപ്സ് ഇന്ത്യയില്‍ വന്ന് ഇന്ത്യാക്കാര്‍ക്ക് അപമാനകരമായ നിയമവ്യവസ്ഥകള്‍ നിര്‍മ്മിച്ചപ്പോള്‍ കക്ഷിരാഷ്ട്രീയ ഭേദമെന്യേ സകലപാര്‍ട്ടികളും അതിനെ എതിര്‍ത്തു. എന്നാല്‍, ഈ വ്യവസ്ഥകളെ ഇരുകയ്യും നീട്ടി സ്വീകരിച്ചത് കമ്യൂണിസ്റ്റുകാര്‍ മാത്രമായിരുന്നു.
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പ്രേരിപ്പിച്ചത് റഷ്യന്‍ നേതാവായിരുന്ന സ്റ്റാലിന്‍ ആയിരുന്നു. ഹിറ്റ്ലറുടെ നാസിസത്തിനെതിരേ റഷ്യയും ബ്രിട്ടനും സഖ്യകക്ഷികളായി രണ്ടാം ലോകമഹായുദ്ധം നടക്കുകയായിരുന്നതിനാല്‍ ബ്രിട്ടന് അനുകൂലമായി നില്‍ക്കാന്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റുകളോട് സ്റ്റാലിന്‍ ആവശ്യപ്പെട്ടു. തത്ഫലമായി മാതൃരാജ്യത്തിന്‍റെ സ്വാതന്ത്ര്യ സ്വപ്നങ്ങളെ റഷ്യയുടെ താല്പര്യപ്രകാരം കമ്യൂണിസ്റ്റുകാര്‍ ഒറ്റിക്കൊടുത്തു. ഗാന്ധിജിയെ ڇകള്ളസന്യാസിڈയെന്നും സുഭാഷ് ചന്ദ്രബോധിനെ ڇജപ്പാന്‍ കാവല്‍നായڈ എന്നും നെഹ്രറുവിനെ ڇബ്രിട്ടീഷ് ചെരുപ്പുകുത്തിڈ എന്നും കമ്യൂണിസ്റ്റുകാര്‍ ആക്ഷേപിച്ചു. നെഹ്റുവിന്‍റെ പഞ്ചവത്സരപദ്ധതികളെ ڇപഞ്ഞവത്സര പദ്ധതികള്‍ڈ എന്നാണ് കമ്യൂണിസ്റ്റുകാര്‍ ആക്ഷേപിച്ചത്. ڇസ്റ്റാലിന്‍റെയും ക്രൂഷ്ചേവിന്‍റെയും ബ്രഷ്നേവിന്‍റെയും കാലത്ത് അമേരിക്കന്‍ ഗോതമ്പും മെയ്സുപൊടിയും റഷ്യ ഇറക്കുമതി ചെയ്തതിനെ അനുകൂലിച്ച കമ്യൂണിസ്റ്റുകാര്‍ ഇന്ത്യയിലെ ക്രൈസ്തവസ്ഥാപനങ്ങളുള്‍പ്പെടെയുള്ളവര്‍ അമേരിക്കന്‍ ഗോതമ്പു സ്വീകരിച്ചതിനെക്കുറിച്ച് സാമ്രാജ്യത്വത്തിനുള്ള അടിമപ്പണിڈ എന്നാണ് ആക്ഷേപിച്ചത്.
മുസ്ലീംവര്‍ഗ്ഗീയതയെ പ്രോത്സാഹിപ്പിക്കാന്‍ കമ്മ്യൂണിസ്റ്റുകാരും ശ്രമിച്ചു എന്നത് സത്യമാണ്. 1942 മുതല്‍ 1946 വരെ മുസ്ലീംലീഗിനെ അനുനയിപ്പിക്കാനെന്ന വ്യാജേന ലീഗും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും തമ്മില്‍ അവിശുദ്ധമായ ഒരു കൂട്ടുകെട്ട് നിലവില്‍വന്നു. എന്നാല്‍ മുസ്ലീംലീഗിനെ മാനസാന്തരപ്പെടുത്താന്‍ കഴിഞ്ഞില്ല എന്നുമാത്രമല്ല കമ്മ്യൂണിസ്റ്റുകാരായ നല്ലചില കേഡര്‍മാരെ മുസ്ലീംവര്‍ഗ്ഗീയവാദത്തിലേക്കു വിട്ടുകൊടുക്കുന്നതിലേക്കും ഈ ബന്ധം വഴിതെളിച്ചു.6 1946 ല്‍ മാത്രമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ലീഗിന്‍റെ വര്‍ഗ്ഗീയതയെ പ്രീണിപ്പിക്കുന്ന നയം അവസാനിപ്പിച്ചത്.
സ്വാതന്ത്ര്യസമരത്തെ പരാജയപ്പെടുത്താന്‍ ശ്രമിച്ച കമ്യൂണിസ്റ്റുകാര്‍ ആദ്യത്തെ സ്വാതന്ത്ര്യദിനം കരിദിനമായി ആചരിച്ചു. തുടര്‍ന്ന് 6 വര്‍ഷങ്ങള്‍കൂടി അവര്‍ ആഗസ്ത് 15 കരിദിനമായി ആചരിച്ചു. 1948 ല്‍ രണദിവെയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച കുപ്രസിദ്ധമായ "കല്‍ക്കത്താ തീസിസ്" സ്വതന്ത്ര ഇന്ത്യയില്‍ സായുധവിപ്ലവത്തിനുള്ള ആഹ്വാനമാണ്. ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് സ്വാതന്ത്ര്യം നേടിക്കഴിഞ്ഞിട്ടും വിപ്ലവത്തിനു കോപ്പുകൂട്ടിയ സഖാക്കളുടെ പരാക്രമങ്ങളാണ് വിഖ്യാതമായ പല കമ്മ്യൂണിസ്റ്റ് സമരങ്ങളും. 1953- ല്‍ റഷ്യന്‍ പ്രസിഡന്‍റായിരുന്ന ക്രൂഷ്ചേവ് ഇന്ത്യയില്‍ വന്നപ്പോള്‍് ഇന്ത്യ സ്വതന്ത്രരാജ്യമാണ് എന്ന് പ്രഖ്യാപിച്ചു. അന്നുമുതലാണ് കമ്യൂണിസ്റ്റുകാര്‍ സ്വതന്ത്ര്യദിനം ആഘോഷിച്ചു തുടങ്ങിയത് എന്നതാണ് രസകരമായ കിംവദന്തി. എല്ലാ സ്വാതന്ത്ര്യദിനത്തിലും "മനുഷ്യചങ്ങല"യും "മനുഷ്യമതിലും" തീര്‍ക്കാനും സാമ്രാജ്യത്വത്തെ അറബിക്കടലില്‍ താഴ്ത്താനുമായും തത്രപ്പെടുന്ന DYFI യുടെ നേതാക്കള്‍ ഇന്ത്യാചരിത്രം ശരിയാംവിധം പഠിച്ചാല്‍ സ്വാതന്ത്ര്യദിനത്തില്‍ തലയില്‍ മുണ്ടിട്ടുനടക്കേണ്ടി വരുമോ?
ഇടതു നയങ്ങളിലെ വൈകല്യം സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും വര്‍ഗ്ഗീയവാദത്തിന് അറിഞ്ഞോ അറിയാതെയോ വളംവച്ചു നല്‍കിയിട്ടുണ്ട്. ഏറ്റവും ഒടുവിലത്തെ ദേശീയതലത്തിലുള്ള ഉദാഹരണം 1989 ലെ ലോകസഭാ തിരഞ്ഞെടുപ്പാണ്. 1984 ല്‍ അഞ്ചില്‍ നാല് ഭൂരിപക്ഷവുമായി അധികാരത്തിലേറിയ രാജീവ്ഗാന്ധിയുടെ ഭരണത്തിന് അറുതി കുറിക്കുക എന്ന താല്‍ക്കാലിക ലക്ഷ്യം മുന്‍നിര്‍ത്തി ബി.ജെ.പി, ജനതാദള്‍, തെലുങ്കദേശം, ആസ്സാം ഗണപരിഷത് ദ്രാവിഡ മുന്നേറ്റകഴകം എന്നിവയുമായി കൂട്ടുചേര്‍ന്ന് വിശാല കോണ്‍ഗ്രസ് വിരുദ്ധ മുന്നണിയുണ്ടാക്കാന്‍ മുന്നിട്ടിറങ്ങി പ്രവര്‍ത്തിച്ചത് ഇടതുപക്ഷമായിരുന്നു. തത്ഫലമായി 1984 ലെ തെരഞ്ഞെടുപ്പില്‍ കേവലം 2 സീറ്റുമായി ഒതുങ്ങിയിരുന്ന ബി.ജെ.പി. എന്ന വര്‍ഗ്ഗീയ കക്ഷി 1989 ലെ തെരഞ്ഞെടുപ്പില്‍ 98 സീറ്റുമായി മുന്‍നിരയിലെത്തി. ബി.ജെ.പി.യുടെ വര്‍ഗ്ഗീയ വളര്‍ച്ചയ്ക്കു വഴിമരുന്നിട്ടതില്‍ ഇടതുപക്ഷത്തിന്‍റെ സംഭാവന വലുതായിരുന്നു. 1989 ഡിസംബര്‍ 2 നു നിലവില്‍വന്ന വി.പി. സിംഗ് മന്ത്രിസഭയെ താങ്ങിനിര്‍ത്തിയ നെടുംതൂണുകളിലൊന്ന് ബി.ജെ.പി.യും മറ്റൊന്ന് ഇടതുപക്ഷവുമായിരുന്നു.
2004-ല്‍ നിലവില്‍വന്ന യു.പി.എ. സര്‍ക്കാരിനെ ആണവക്കരാറിന്‍റെ പേരില്‍ ബി.ജെ.പി.യുമായി ചേര്‍ന്ന് അട്ടിമറിക്കാന്‍ ശ്രമിച്ചതോടെ ഇടതുപക്ഷം വര്‍ഗ്ഗസമരത്തേക്കാള്‍ വര്‍ഗ്ഗീയസമരത്തിലാണ് വിശ്വസിക്കുന്നതെന്ന് ഭാരതീയര്‍ക്കു ബോധ്യമായി. ഇടതുപക്ഷത്തിന്‍റെ ഇരട്ടത്താപ്പിന് 2009 ലെ തിരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചടി ലഭിച്ചു. അവരുടെ ലോകസഭയിലെ പ്രാതിനിധ്യം മൂന്നിലൊന്നായി ചുരുങ്ങി. ഇടതുനയങ്ങളിലെ വൈരുധ്യങ്ങള്‍ ഭാരതത്തില്‍ വര്‍ഗ്ഗീയത വളര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു എന്നതാണ് സത്യം.
Racism and nationalism catholic church theology Mar Joseph Pamplany catholic malayalam catholic apologetics Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206