x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ യുഗാന്ത്യോന്മുഖ ദൈവശാസ്ത്രം

ശുദ്ധീകരണം

Authored by : Mar Joseph Pamplany On 27-Jan-2021

1 ആമുഖം

'ശുദ്ധീകരണസ്ഥല'ത്തെയും അവിടുത്തെ 'കഠിനപീഡ'കളെയും ദഹിപ്പിക്കുന്ന 'അഗ്നി'യേയും മാറ്റി നിര്‍ത്തിയാല്‍ ഇന്നത്തെ നമ്മുടെ ക്രൈസ്തവ ജീവിതവീക്ഷണത്തിനു തന്നെ വ്യതിചലനം സംഭവിക്കാതിരിക്കില്ല. ശുദ്ധീകരാഗ്നിയില്‍ വെന്തെരിയുന്ന തങ്ങളുടെ ഉറ്റവരെയും ഉടയവരെയും 'പീഡനക്കുഴി'യില്‍ നിന്നു രക്ഷിക്കാന്‍ എന്തു ത്യാഗവും സഹിക്കാത്തവരാരുണ്ട്? ദണ്ഡവിമോചനങ്ങളും, നേര്‍ച്ചകാഴ്ചകളും, എന്നുവേണ്ട തങ്ങള്‍ക്കുള്ളതെല്ലാം നല്‍കി ശുദ്ധീകരണസ്ഥലത്തു നിന്ന് തങ്ങളുടെ പ്രിയപ്പെട്ടവരെ രക്ഷിക്കാന്‍ ശ്രമിക്കുന്ന എവിടെയും എക്കാലത്തും കാണാവുന്നതാണ്.

ദൈവസന്നിധിയില്‍ എത്തിച്ചേരുന്നതിന് മുമ്പ് മനുഷ്യന്‍ ഒരു ശുദ്ധീകരണത്തിന് വിധേയനാകുക ആവശ്യമാണ് എന്നത് തികച്ചും ബുദ്ധിപൂര്‍വ്വകവും സുവ്യക്തവുമായ ഒരു വസ്തുതയാണ്. ഈ ശുദ്ധീകരണത്തെ സ്ഥലത്തോടും സമയത്തോടും ബന്ധപ്പെടുത്തി ചിന്തിച്ചിരുന്നതിനാല്‍ 'ശുദ്ധീകരണസ്ഥലത്തു'വെച്ചാണ് ഇതു നടക്കുന്നതെന്ന വിശ്വാസം സാധാരണക്കാര്‍ക്കിടയില്‍ നിലനില്‍ക്കുന്നു. 'ശുദ്ധീകരണസ്ഥലം', 'ശുദ്ധീകരാവസ്ഥ' എന്നീസംജ്ഞകള്‍ പൂര്‍ണ്ണമായും ശരിയാണെന്നു തോന്നുന്നില്ല. മരണത്തോടെ സ്ഥലകാലസീമകള്‍ക്ക് അതീതനാകുന്ന മനുഷ്യവ്യക്തിക്ക് ശുദ്ധീകരണത്തിനായി ക്ലിപ്തമായ സ്ഥലമോ, നിശ്ചിതമായ കാലഘട്ടമോ ആവശ്യമുണ്ടോ എന്നത് പ്രസക്തമായ ചോദ്യമാണ്. ഇക്കാരണത്താല്‍ ഇവിടെ മേലുദ്ധരിച്ച രണ്ടു സംജ്ഞകളും ഒഴിവാക്കി 'ശുദ്ധീകരണം' എന്നുമാത്രം ഉപയോഗിക്കുന്നു.

ശുദ്ധീകരാത്മാക്കളോടുള്ള ഭക്തി വര്‍ദ്ധിപ്പിക്കാന്‍ പരിശീലിച്ചുപോന്ന പ്രത്യേക പ്രാര്‍ത്ഥനകളും മാസവണക്കങ്ങളുംമൂലം ഒട്ടേറെ തെറ്റിദ്ധാരണകളും അബദ്ധപഠനങ്ങളും സാധാരണക്കാരുടെയിടയില്‍ പ്രചരിക്കുവാനിടയായിട്ടുണ്ട്. നവംബര്‍ മാസത്തില്‍ ചില ക്രൈസ്തവ കുടുംബങ്ങളില്‍, കുടുംബ പ്രാര്‍ത്ഥനയോടൊത്ത് നടത്തി വരുന്ന 'മാസവണക്ക ധ്യാന'ങ്ങളില്‍ നിന്നെടുത്ത ഒരു ഭാഗം ഇതു വ്യക്തമാക്കും. ശുദ്ധീകരണ പീഡകളെക്കുറിച്ചുള്ള വര്‍ണ്ണനയില്‍ നാമിങ്ങനെ വായിക്കുന്നു: 'കള്ളം, അപഖ്യാതി മുതലായ പാപങ്ങള്‍ക്കുവേണ്ടി നാവു തീയില്‍ വേകുന്നതുപോലെയും ഇല്ലാത്ത വര്‍ത്തമാനങ്ങളും ശൃംഗാര ഗാനങ്ങളും സന്തോഷത്തോടെ കേട്ടു എന്ന പാപങ്ങള്‍ക്കായിട്ടു ചെവിയില്‍ തീ പാഞ്ഞുകയറുന്നതുപോലെയും, മോഷണം, അടിപിടി മുതലായവ നടത്തിയതിനെക്കുറിച്ച് കൈകള്‍ തീയില്‍ കിടക്കുന്നതുപോലെയും, ഭോജന പ്രിയത്തിനു കുടലെല്ലാം വെന്തെരിയുന്നതുപോലെയുള്ള അനുഭവം ആത്മാവില്‍ ഉണ്ടാകുന്നതാണ്"? പ്രാര്‍ത്ഥന യാചിച്ച് 'ശുദ്ധീകരണസ്ഥല'ത്തു നിന്ന് ഭൂമിയിലേക്കു വരുന്ന ആത്മാക്കളെക്കുറിച്ചും, 'ശുദ്ധീകരസ്ഥല'ത്തു ദണ്ഡവിമോചനങ്ങള്‍ ത്രാസില്‍ തൂക്കിമൂല്യം നിശ്ചയിക്കുന്നതിനെക്കുറിച്ചും മറ്റുമുള്ള വിവരണങ്ങളും നമുക്കിവിടെ കാണാം.

മരണശേഷം 'മനുഷ്യാത്മാവ്' അനുഭവിക്കേണ്ട ശുദ്ധീകരണപ്രക്രിയയെ സ്ഥലകാലബദ്ധമായി പരിഗണിക്കുന്ന ചിന്താധാരണകള്‍ വിജ്ഞാനവൃത്തങ്ങളില്‍പോലും വിരളമല്ല. ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും തങ്ങളുടെ പാപപരിഹാരാര്‍ത്ഥം ശുദ്ധീകരണസ്ഥലത്തു കഴിയേണ്ടിവരുമെന്ന ധാരണ വളര്‍ത്തുന്ന വിവരണങ്ങളും പഠനങ്ങളും ഇന്നും വിരളമല്ല. 'ശുദ്ധീകരസ്ഥലത്തെ' സംബന്ധിച്ച ഒരു ഫ്രഞ്ചുഗ്രന്ഥത്തിലെ പ്രസക്തഭാഗം ഇതു വ്യക്തമാക്കുന്നു. ശുദ്ധീകരണപീഡനകളുടെ ദൈര്‍ഘ്യം പ്രസ്താവിക്കവേ ഗ്രന്ഥകര്‍ത്താവ് സമഗ്രമായ ഒരു പഠനം നല്‍കുകയാണ്: "നിങ്ങള്‍ ദിനംപ്രതി ശരാശരി പത്തു തെറ്റുകള്‍ ചെയ്യുന്ന വ്യക്തിയാണെന്ന് വിചാരിക്കുക. വര്‍ഷാന്ത്യത്തില്‍ ആകെ 365ഃ10=3650 തെറ്റുകള്‍ നിങ്ങള്‍ ചെയ്തിട്ടുണ്ടാകാം. കണക്കുകൂട്ടാന്‍ എളുപ്പത്തിന് 3000 എന്നെടുക്കാം. 10 കൊല്ലമാകുമ്പോള്‍ തെറ്റുകള്‍ 30,000 20 വര്‍ഷമാകുമ്പോള്‍ 60,000! ആട്ടെ! ഈ 60,000ത്തില്‍ നേര്‍പകുതിക്ക് നിങ്ങള്‍ പശ്ചാത്താപംകൊണ്ടും, സല്‍പ്രവൃത്തികള്‍കൊണ്ടും പ്രായശ്ചിത്തമനുഷ്ഠിച്ചുവെന്നുകൂടി സങ്കല്‍പ്പിക്കുക. പിന്നെയും 30,000 ബാക്കി തന്നെ. 20 വര്‍ഷത്തെ പുണ്യജീവിതത്തിനുശേഷം നിങ്ങള്‍ മരിക്കുകയാണ്. 30,000 തെറ്റുകളുമായാണ് നിങ്ങള്‍ ദൈവസമക്ഷം എത്തിച്ചേരുന്നത്. ഈ കടങ്ങള്‍ ശുദ്ധീകരണസ്ഥലത്തു വീട്ടപ്പെട്ടേ തീരൂ. അപ്പോള്‍ എത്രകാലം ശുദ്ധീകരണസ്ഥലത്തു കഴിയേണ്ടി വരും? ശരി; ഒരു തെറ്റിന് ശരാശരി ഒരു മണിക്കൂര്‍ എന്നു വെക്കുക. ചില വിശുദ്ധന്മാരുടെ മാനദണ്ഡം അനുസരിച്ചു നോക്കിയാല്‍ ഇതു തുലോം നിസ്സാരമാണ്! എങ്കിലും ഒരു മണിക്കൂര്‍ എന്നു തന്നെയെടുക്കാം. അതായത്, ശുദ്ധീകരണസ്ഥലത്തു 30,000 മണിക്കൂര്‍. അതു എത്ര വര്‍ഷമുണ്ടെന്നറിയേണ്ടെ. മൂന്നുവര്‍ഷം മൂന്നുമാസം പതിനഞ്ചു ദിവസം! - ഇങ്ങനെ പോകുന്നു ആ വിവരണം.

ശുദ്ധീകരണം എന്തിന്?

അനന്തനന്മയായ ദൈവത്തിന്‍റെ മുമ്പില്‍ തിന്മയായ യാതൊന്നും ചെന്നെത്തുകയില്ല. അക്കാരണത്താല്‍ ദൈവസന്നിധിയില്‍ എത്തിച്ചേരുന്ന വ്യക്തി പൂര്‍ണ്ണമായും പരിശുദ്ധി പ്രാപിച്ചിരിക്കുക ആവശ്യമാണ്. അതിനാല്‍ ഒറ്റവാക്കില്‍ പറഞ്ഞാല്‍ പാപമുള്ളതുകൊണ്ടാണ് ശുദ്ധീകരണം ആവശ്യമായി വരുന്നത്. മനുഷ്യന്‍ മരണാനന്തര ശുദ്ധീകരണത്തിന് വിധേയനാക്കപ്പെടാന്‍ മൂന്നു കാരണങ്ങള്‍ ദൈവശാസ്ത്രജ്ഞന്മാര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ലഘുപാപങ്ങള്‍:- ഭൂമിയില്‍വെച്ച് മോചിക്കപ്പെടാത്ത ലഘുപാപങ്ങള്‍ ഒരുവനു ശുദ്ധീകരണം ആവശ്യമാക്കിത്തീര്‍ക്കുന്നു. ജീവിതകാലമെല്ലാം തന്‍റെ പാപങ്ങളെപ്പറ്റി പശ്ചാത്തപിച്ചിരുന്നുവെങ്കിലും മരണത്തിനു തൊട്ടുമുമ്പുള്ള നിമിഷങ്ങളിലെ പാപങ്ങളെക്കുറിച്ച് പശ്ചാത്തപിക്കാനും അവയ്ക്ക് പൊറുതി ലഭിക്കുവാനും ഒരുവനു കഴിഞ്ഞെന്നു വരികയില്ല.

ദുഷ്പ്രവണതകള്‍:- പാപപ്രകൃതിമൂലം മനുഷ്യനില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ദുഷ്പ്രവണതകളാണ് മറ്റൊരു കാരണം. ഇവയും ആത്മാവിന്‍റെ പരിശുദ്ധിക്ക് കളങ്കം ചാര്‍ത്തുന്നവയാണ്.

കാലിക ശിക്ഷ:- പാപങ്ങള്‍ക്ക്, അവ ദൈവം ക്ഷമിച്ചാല്‍ തന്നെയും, അവയുടെ കടം തീരുവാന്‍ കാലികശിക്ഷ (Temporal Punishment) യിലൂടെ പ്രായശ്ചിത്തം ചെയ്യുക ആവശ്യമാണ്. കേവലം പശ്ചാത്താപം കൊണ്ടുമാത്രം പാപം പൂര്‍ണ്ണമായും പരിഹൃതമാകുന്നില്ല. ഉദാഹരണത്തിന്, മദ്യപാനിയായ ഒരുവന്‍ പശ്ചാത്തപിക്കുന്നതുകൊണ്ടുമാത്രം അവന്‍റെ ദുശ്ശീലം ഇല്ലാതാവുകയില്ല എന്നു വ്യക്തമാണല്ലോ. അതുപോലെതന്നെ പാപക്കറയും പൂര്‍ണ്ണമായി ഇല്ലാതാകണമെങ്കില്‍ അതിനു തക്കതായ ശിക്ഷകൂടി അനുഭവിച്ചേ തീരൂ.

ദൈവം പാപിയോടു ക്ഷമിച്ചാലും പാപത്തിന് ശിക്ഷ ലഭിക്കുന്നതായി വി. ഗ്രന്ഥത്തില്‍ നമുക്കു കാണാം. ഉദാഹരണത്തിന് 'പുറപ്പാടി'ന്‍റെ നേതാക്കന്മാരായിരുന്ന മോശയും അഹറോനും മരുഭൂമിയില്‍വെച്ച് ദൈവത്തില്‍ അവിശ്വസിച്ചു. അവരുടെ പാപം ദൈവം അവരോടു ക്ഷമിച്ചെങ്കിലും അതിനവര്‍ പിന്നീട് ശിക്ഷയനുഭവിക്കുന്നതായി നമുക്ക് കാണാം. വാഗ്ദത്തഭൂമി അവര്‍ക്ക് നിഷേധിക്കപ്പെടുന്നു (സംഖ്യ 20:12). ദാവീദിനും, പാപത്തിന്‍റെ ശിക്ഷയെന്നോണം തന്‍റെ വത്സല പുത്രന്‍റെ മരണം സഹിക്കേണ്ടിവന്നു (2 രാജ 12:13-14). ദാനധര്‍മ്മവും പൊതുപ്രായശ്ചിത്തപ്രവൃത്തികളും പശ്ചാത്താപത്തിന്‍റെ അടയാളങ്ങളും ഫലങ്ങളുമായി കണക്കാക്കപ്പെട്ടിരുന്നുവെന്ന് പുതിയ നിയമത്തില്‍ നമുക്ക് കാണാം.

ശുദ്ധീകരണം വി. ഗ്രന്ഥത്തില്‍

മരണത്തിനപ്പുറമെന്താണ് എന്നതിന് മനുഷ്യബുദ്ധിക്കോ ഭൗതിക ശാസ്ത്രത്തിനോ വ്യക്തമായ ഉത്തരങ്ങളൊന്നുമില്ലാത്തതിനാല്‍ ശുദ്ധീകരണത്തെ സംബന്ധിച്ച് വസ്തുനിഷ്ഠമായ അറിവ് നല്‍കാന്‍ കഴിയുന്ന ഏക സ്രോതസ്സ് ദൈവമാണ്. അതിനാല്‍ വി. ഗ്രന്ഥത്തില്‍ ഇതു സംബന്ധിച്ച പരാമര്‍ശങ്ങള്‍ പരിശോധിക്കുക അത്യാവശ്യമാണ്.

പഴയനിയമത്തില്‍

മക്കബായരുടെ രണ്ടാം പുസ്തകം പന്ത്രണ്ടാം അദ്ധ്യായത്തിലെ 38 മുതല്‍ 46 വരെ വാക്യങ്ങളില്‍, മരിച്ചവര്‍ക്കായി പ്രാര്‍ത്ഥിക്കുന്ന പതിവ് യഹൂദരുടെ ഇടയിലുണ്ടായിരുന്നു എന്നതിനു തെളിവുണ്ട്. ജീവിച്ചിരിക്കുന്നവരുടെ പ്രാര്‍ത്ഥനയുടെ ഫലമായി മരിച്ചവരുടെ പാപങ്ങള്‍ ക്ഷമിക്കപ്പെടുമെന്ന് യഹൂദര്‍ വിശ്വസിച്ചിരുന്നതായി പ്രസ്തുത വേദപുസ്തകഭാഗം വ്യക്തമാക്കുന്നു. ഇതിനെ ശുദ്ധീകരണത്തെ സംബന്ധിച്ച പഴയനിയമ വെളിപാടായി വ്യാഖ്യാനിക്കുന്നവരുണ്ട്. എന്നാല്‍ ഈ ഭാഗം ശുദ്ധീകരണത്തെ ജ്യോതിപ്പിക്കുന്നതാണെന്ന സംശയലേശമന്യേ പറയാമോ? മരിച്ചവരുടെ ഉയിര്‍പ്പിലുള്ള യഹൂദ വിശ്വാസം മാത്രമേ ഈ ഭാഗത്തു ദര്‍ശിക്കേണ്ടതുള്ളൂ എന്ന അഭിപ്രായമാണ് ഭൂരിപക്ഷം വി. ഗ്രന്ഥ നിരൂപകര്‍ക്കും ദൈവശാസ്ത്രജ്ഞര്‍ക്കും ഉള്ളത്. എങ്കിലും ശുദ്ധീകരണത്തെപ്പറ്റിയുള്ള വെളിപാടും ഇതില്‍ വ്യക്തമാണെന്നു വാദിക്കുന്നവരും ധാരാളമുണ്ട്. പ്രാര്‍ത്ഥനകള്‍ മൃതര്‍ക്ക് ഉപകരിക്കുമെന്ന വിശ്വാസമാണ് ഇവിടെ നിഴലിക്കുന്നത്. മരണശേഷം ഒരുതരം ശുദ്ധീകരണമുണ്ട് എന്ന വിശ്വാസം പരോക്ഷമായെങ്കിലും ഇവിടെ ദൃശ്യമാണ്.

പുതിയ നിയമത്തില്‍

പുതിയ നിയമത്തില്‍ ശുദ്ധീകരണത്തെ സംബന്ധിച്ച പരാമര്‍ശങ്ങള്‍ എന്നു കണക്കാക്കപ്പെടുന്ന വി. ഗ്രന്ഥഭാഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് വി. പൗലോസ് കൊറിന്ത്യര്‍ക്കെഴുതിയ ഒന്നാം ലേഖനം മൂന്നാമദ്ധ്യായത്തിലെ 11 മുതല്‍ 15 വരെ വാക്യങ്ങളാണ്.

"........... കര്‍ത്താവിന്‍റെ ദിവസം അത് (ഓരോരുത്തരുടെയും പണി) വിളംബരം ചെയ്യും. അഗ്നിയാല്‍ അത് വെളിവാക്കപ്പെടും. ഓരോരുത്തരുടെയും പണി ഏതു തരത്തിലുള്ളതെന്ന് അഗ്നി തെളിയിക്കുകയും ചെയ്യും. ആരുടെ പണി നിലനില്‍ക്കുന്നുവോ അവന്‍ സമ്മാനാര്‍ഹനാകും. ആരുടെ പണി അഗ്നിക്കിരയാകുന്നുവോ അവന്‍ നഷ്ടം സഹിക്കേണ്ടി വരും. എങ്കിലും അഗ്നിയിലൂടെ എന്നവണ്ണം അവന്‍ രക്ഷപ്രാപിക്കും". ഇവിടെ അഗ്നിയെന്നതുകൊണ്ട് വി. പൗലോസ് അര്‍ത്ഥമാക്കുന്നത് അതിശക്തമായ വിധിയെയാണ് എന്ന അനുമാനമാണ് ചില വ്യാഖ്യാതാക്കള്‍ സ്വീകരിക്കുന്നത്. (വി. ഗ്രന്ഥത്തില്‍ മറ്റു പലേടങ്ങളിലും ദൈവത്തിന്‍റെ ശക്തമായ വിധിയുടെ പ്രതിരൂപമായി അഗ്നി ചിത്രീകരിക്കപ്പെടുന്നുണ്ട്.) ഈ വി. ഗ്രന്ഥഭാഗത്തെ ആധാരമാക്കി ശുദ്ധീകരണം തീയിലൂടെയാണ് എന്നു സ്ഥാപിക്കാനാവില്ല. ദൈവഭവനത്തിന്‍റെ നിര്‍മ്മാതാക്കളായ സഭാ നേതാക്കന്മാരെ പരാമര്‍ശിക്കുമ്പോഴാണ് വി. പൗലോസ് പ്രസ്തുത വാക്യങ്ങള്‍ ചേര്‍ത്തിരിക്കുന്നത്. നേരിട്ട്, ശുദ്ധീകരണത്തെ പരാമര്‍ശിക്കുന്ന ഒരു പഠനമല്ല ഇതെങ്കിലും ശുദ്ധീകരണത്തിന്‍റെ സ്വഭാവം അവ്യക്തമായി ഇവിടെ പ്രകടമാക്കപ്പെട്ടിരിക്കുന്നു, എല്ലാ മനുഷ്യരും ശുദ്ധീകരണത്തിന് വിധേയരാക്കപ്പെടുന്നു. ഓരോരുത്തരും താന്താങ്ങളുടെ ജോലിക്കനുസൃതമായി, ജോലിയുടെ മാഹാത്മ്യം വെളിപ്പെടുമാറ്, അഗ്നിയില്‍ പരിശോധിക്കപ്പെടുന്നു. മേല്‍പ്രസ്താവിച്ചതിനു പുറമെ, "അവസാന നാണയവും കൊടുത്തു വീട്ടുവോളം നീ അവിടുന്നു പുറത്തുവരികയില്ല" (മത്താ 5:26) എന്നതും "ഈ യുഗത്തിലോ വരാനിരിക്കുന്ന യുഗത്തിലോ ക്ഷമിക്കപ്പെടുകയില്ല" (മത്താ 12:32) എന്ന വാക്യവും മരണാനന്തരമുള്ള ഒരു ശിക്ഷാസങ്കേതത്തെയാണ് സൂചിപ്പിക്കുന്നതെന്നു കാണാം. ഇവയും ശുദ്ധീകരണത്തെ സംബന്ധിച്ച നേരിട്ടുള്ള പ്രതിപാദനങ്ങളല്ല. ആകയാല്‍ പഴയ നിയമത്തിലോ പുതിയ നിയമത്തിലോ ശുദ്ധീകരണത്തെ സംബന്ധിച്ച പ്രത്യക്ഷമായ പരാമര്‍ശങ്ങള്‍ കണ്ടെത്താനാവില്ല എന്നു സാരം.

ശുദ്ധീകരണം സഭാപാരമ്പര്യത്തില്‍

ക്രിസ്തുമതമൊഴികെ മറ്റെല്ലാസമൂഹങ്ങളും വിശ്വസിച്ചിരുന്നത്, മരിച്ചവര്‍-നല്ലവരും ദുഷ്ടന്മാരുമെല്ലാം ഒരേ സ്ഥലത്തു തന്നെ (പാതാളം, നരകം) വസിക്കുന്നു എന്നാണ്. യഹൂദ ചിന്തയില്‍പോലും ഈ വിശ്വാസത്തിന് മാറ്റം വന്നത് ക്രിസ്തുവിന് അടുത്തകാലത്തു മാത്രമാണ്. ദൈവരാജ്യം ഉദയം ചെയ്തുകഴിഞ്ഞു എന്നു മനസ്സിലാക്കിയിരുന്ന ക്രിസ്തുശിഷ്യന്മാരും ഈ വിശ്വാസത്തിലാണ് കഴിഞ്ഞുകൂടിയത്. ക്രിസ്തുവിന്‍റെ മരണവും ഉയിര്‍പ്പും ആസന്നമായ അന്ത്യദിനത്തെക്കുറിച്ചും 'പരൂസി'യാ യെക്കുറിച്ചും ശിഷ്യഗണങ്ങള്‍ക്ക് കൂടുതല്‍ അവബോധം നല്‍കുന്നു. പരൂസിയായില്‍ സര്‍വ്വരും അഗ്നിയാല്‍ പരിശോധിക്കപ്പെടുമെന്ന വിശ്വാസം ആദിമ സഭയില്‍ നിഴലിച്ചിരുന്നതായി കാണാം. മരിച്ചവര്‍ക്കായി പ്രാര്‍ത്ഥിക്കുന്ന പതിവ് വിശ്വാസികളുടെയിടയില്‍ നിലനിന്നിരുന്നു എന്നതിന് തെര്‍ത്തുല്യന്‍, ഒരിജന്‍, സിപ്രിയാന്‍, എഫ്രേം തുടങ്ങിയ ക്രൈസ്തവ പണ്ഡിതന്മാരുടെ സാക്ഷ്യങ്ങളും ഭൂഗര്‍ഭാലയങ്ങളിലെ ശവകുടീരങ്ങളില്‍നിന്ന് കണ്ടെടുത്തിട്ടുള്ള ലിഖിതങ്ങളും തെളിവു നല്‍കുന്നു.

മരിച്ചവരുടെ 'ആത്മാക്കള്‍' കുഴിമാടങ്ങളില്‍ അന്തിമദിനവും കാത്ത് കഴിയുന്നുവെന്ന് ജസ്റ്റിന്‍, തെര്‍ത്തുല്യന്‍ തുടങ്ങിവര്‍ പഠിപ്പിച്ചിരുന്നു. ശുദ്ധീകരണത്തെ സംബന്ധിച്ച വ്യക്തമായ ഒരു പഠനം നല്‍കുന്നത് ഒരിജനാണ്. മരണശേഷം ഓരോ വ്യക്തിക്കും വ്യക്തിനിഷ്ഠമായ ശുദ്ധീകരണം നടക്കുന്നതായി അദ്ദേഹം വാദിച്ചു. അരൂപിയിലുള്ള ജ്ഞാനസ്നാനം അഗ്നിയിലൂടെയാണ് നടക്കുക എന്നദ്ദേഹം വിശ്വസിച്ചു. അന്ത്യവിധിയും ശുദ്ധീകരണവും ഒരുമിച്ചു നടക്കുന്നുവെന്ന ചിന്താഗതിക്കാണ് നാലാം നൂറ്റാണ്ടുവരെ പ്രാമുഖ്യം ലഭിച്ചിരുന്നത്.

സെന്‍റ് അഗസ്റ്റിന്‍റെ അഭിപ്രായത്തില്‍ നീതിമാന്മാരെല്ലാവരും മരണത്തോടെ തന്നെ ദൈവസായൂജ്യത്തില്‍ പ്രവേശിക്കുന്നു. അവര്‍ ഏതെങ്കിലും അനിശ്ചിതമായ ഒരിടത്ത് അന്ത്യവും പാര്‍ത്ത് കഴിയേണ്ടതില്ല. ആകയാല്‍ യുഗാന്ത്യപ്രക്രിയ ഓരോ വ്യക്തിയെയും സംബന്ധിക്കുന്നതായി മാറുന്നു. ദൈവത്തിന്‍റെ വിധി എന്ന ശുദ്ധീകരാഗ്നി തന്നെയാണ് അഗസ്റ്റിന്‍റെ അഭിപ്രായത്തില്‍ ശുദ്ധീകരണം. എങ്കിലും 'ഏറ്റുപറച്ചില്‍' (Confessions) എന്ന ആത്മകഥയില്‍ അദ്ദേഹം, മൃതിയടഞ്ഞ തന്‍റെ മാതാവിനുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സുഹൃത്തുക്കളോട് അഭ്യര്‍ത്ഥിക്കുന്നുണ്ട്. തന്‍റെ അമ്മയ്ക്കുവേണ്ടി അദ്ദേഹവും പ്രാര്‍ത്ഥിക്കുന്നു... "... അവളുടെ പാപങ്ങള്‍ക്കായി ഞാനിതാ പ്രാര്‍ത്ഥിക്കുന്നു... ഏതെങ്കിലും കടം അവള്‍ക്കുണ്ടായിട്ടുണ്ടെങ്കില്‍ അതെല്ലാം അവളോടു ക്ഷമിക്കണമേ കര്‍ത്താവേ, അവളോട് ക്ഷമിക്കണമേ ഞാനിതാ യാചിക്കുന്നു. അങ്ങ് അവളുടെ വിധികര്‍ത്താവാകരുതേ..."

വി. പെര്‍പെത്തുവായുടെ സാക്ഷ്യവും ശ്രദ്ധേയമാണ്. ഏ.ഡി. 203ലാണ് പെര്‍പെത്തുവാ രക്തസാക്ഷിത്വം വരിച്ചത്. മരണത്തിനു വിധിക്കപ്പെട്ട് കാര്‍ത്തേജില്‍ ജയില്‍വാസമനുഭവിക്കുമ്പോള്‍ വിശുദ്ധയ്ക്കുണ്ടായ ഒരു ദര്‍ശനത്തെക്കുറിച്ച് അവര്‍തന്നെ രേഖപ്പെടുത്തിയിരിക്കുന്നു. ഈ ലിഖിതങ്ങള്‍ "വിശുദ്ധ പെര്‍പെത്തുവായുടെയും ഫെലിസിത്തായുടെയും പീഡാസഹനങ്ങള്‍" എന്ന ഗ്രന്ഥത്തില്‍ കാണാവുന്നതാണ്. ജ്ഞാനസ്നാനം സ്വീകരിക്കുന്നതിനുമുമ്പ് മരിച്ചുപോയ, വിശുദ്ധയുടെ സഹോദരന്‍ അവളുടെ പ്രാര്‍ത്ഥനയുടെ ഫലമായി കഠിനതരമായ പീഡകളനുഭവിച്ച്, ശുദ്ധീകരിക്കപ്പെടുന്നതായി നാം ഇവിടെ വായിക്കുന്നു. ശുദ്ധീകര പീഡകളെ സംബന്ധിച്ച അക്കാലത്തെ പഠനം വ്യക്തമാക്കാന്‍  പോന്നതാണ് ഈ വിവരണങ്ങള്‍.

ചുരുക്കത്തില്‍, ആദിമസഭയുടെ പഠനങ്ങള്‍ പ്രധാനമായും മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയുടെ പശ്ചാത്തലത്തില്‍ രൂപപ്പെട്ടവയാണ്. മൂന്നു പ്രധാന തത്വങ്ങളാണ് ഈ പഠനത്തിനാധാരം. (1) വിശുദ്ധമല്ലാത്ത യാതൊന്നിനും അടുത്തു ചെല്ലാന്‍ കഴിയാത്ത, ദൈവത്തിന്‍റെ അചഞ്ചലമായ വിശുദ്ധി (2) മരിച്ചവര്‍ തങ്ങളുടെ പാപങ്ങളില്‍നിന്ന് പൂര്‍ണ്ണമായും സ്വയം ശുദ്ധരാക്കപ്പെടുന്നില്ല. (3) മൗതീക ശരീരംവഴി ക്രിസ്തുവും സകല വിശ്വാസികളും ഐക്യപ്പെട്ടിരിക്കുന്നതിനാല്‍ ഒരുവന് ഇതരര്‍ക്കുവേണ്ടി പ്രാര്‍ത്ഥനയിലൂടെയും മറ്റും മാദ്ധ്യസ്ഥ്യം വഹിക്കാന്‍ കഴിയും.

ഔദ്യോഗിക പ്രബോധനം

ശുദ്ധീകരണത്തെ സംബന്ധിച്ച വിശ്വാസം ആദിമകാലം മുതല്‍ കത്തോലിക്കാസഭയില്‍ നിലനിന്നിരുന്നു. മരിച്ചവര്‍ക്കായി പ്രാര്‍ത്ഥിക്കുന്ന പതിവും സഭയുടെ പരമ്പരാഗതവിശ്വാസവുമാണ് ഈ വിഷയത്തെ സംബന്ധിച്ച സഭാപഠനത്തിന്‍റെ അടിത്തറ. രണ്ടാം ലിയോണ്‍സ് (1274), ഫ്ളോറന്‍സ് (1439), ട്രെന്‍റ് (1563) തുടങ്ങിയ സൂനഹദോസുകള്‍ ശുദ്ധീകരണത്തെ സംബന്ധിച്ച് വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. ഫ്ളോറന്‍സ് കൗണ്‍സില്‍ 'ഗ്രീക്കുകാരുമായുള്ള ഐക്യത്തിന്‍റെ പ്രമാണരേഖയില്‍ വ്യക്തമാക്കുന്നു: തങ്ങളുടെ പ്രവൃത്തിയാലും ഉപേക്ഷയാലും ഉള്ള പാപങ്ങള്‍ക്ക് പരിത്യാഗങ്ങള്‍ വഴി ആവശ്യമായ പ്രായശ്ചിത്തം ചെയ്യാന്‍ കഴിയാതെയും അതേസമയം ദൈവസ്നേഹത്തില്‍ മരിക്കുകയും ചെയ്യുന്ന ആത്മാക്കള്‍ ശുദ്ധീകരശിക്ഷകള്‍കൊണ്ട് സംശുദ്ധരാക്കപ്പെടുന്നു. ഇത്തരം ശിക്ഷകളില്‍നിന്ന് അവരെ മോചിപ്പിക്കുവാന്‍ ജീവിച്ചിരിക്കുന്നവരുടെ വി. കുര്‍ബ്ബാന, പ്രാര്‍ത്ഥനകള്‍, ദാനധര്‍മ്മം, സഭയുടെ പാരമ്പര്യമനുസരിച്ച് മരിച്ചവര്‍ക്കായി അര്‍പ്പിക്കപ്പെടുന്ന സല്‍പ്രവൃത്തികള്‍ തുടങ്ങിയ മാധ്യസ്ഥ്യങ്ങള്‍ വളരെയേറെ ഫലപ്രദമാണ്.

പ്രൊട്ടസ്റ്റന്‍റ് നവീകരണ കാലഘട്ടത്തില്‍ ശുദ്ധീകരണത്തെ സംബന്ധിച്ച പഠനങ്ങള്‍ രൂക്ഷമായ വിമര്‍ശനത്തിന് വിധേയമായി. ശുദ്ധീകരണത്തെ കഠിയാതനകളുടെ ഒരു തടവറയായും, മരിച്ചവര്‍ക്കായുള്ള പ്രാര്‍ത്ഥനയെ കടം തീര്‍ക്കാനുള്ള കച്ചവട വസ്തുവായിപ്പോലും കണക്കാക്കിയിരുന്ന ഇക്കാലഘട്ടത്തില്‍ ലൂഥര്‍, മെലങ്ടണ്‍ തുടങ്ങിയവര്‍ ശുദ്ധീകരണത്തെ നിഷേധിച്ചു. ക്രമേണ ശുദ്ധീകരണത്തെയും പ്രാര്‍ത്ഥനകളുടെ ആവശ്യകതയെയുംതന്നെ നിഷേധിക്കുന്ന വിശ്വാസം ലൂഥര്‍, കാല്‍വിന്‍, സ്വിംഗ്ളി തുടങ്ങിയവര്‍ പ്രചരിപ്പിച്ചു. ഇത്തരം അബദ്ധ പഠനങ്ങളെ ട്രെന്‍റ് കൗണ്‍സില്‍ ഖണ്ഡിക്കുന്നു. കൗണ്‍സില്‍ ഉദ്ബോധിപ്പിക്കുന്നു. "പരിശുദ്ധാരൂപിയാലും, വി. ഗ്രന്ഥത്താലും, പിതാക്കന്മാരുടെ പാരമ്പര്യത്താലും നയിക്കപ്പെടുന്ന കത്തോലിക്കാ സഭ പരിശുദ്ധ സൂനഹദോസുകള്‍ വഴിയും ഏറ്റവും ഒടുവില്‍ ഈ സാര്‍വ്വത്രിക സൂനഹദോസിലും, ശുദ്ധീകരണമുണ്ടെന്നും, അവിടെ കഴിയുന്ന ആത്മാക്കളെ വിശ്വാസികള്‍ക്ക് തങ്ങളുടെ മാദ്ധ്യസ്ഥ്യത്താല്‍ വിശേഷിച്ച് പരിശുദ്ധ കുര്‍ബ്ബാനയാല്‍ സഹായിക്കാന്‍ കഴിയുമെന്നും ഉറപ്പിച്ചു പ്രഖ്യാപിക്കുന്നു. അതിനാല്‍ വിശുദ്ധ പിതാക്കന്മാര്‍വഴിയും പരിശുദ്ധ സൂനഹദോസുകള്‍ വഴിയും നമുക്ക് നല്‍കപ്പെട്ട ശുദ്ധീകരണത്തെ സംബന്ധിച്ച പ്രബോധനം വിശ്വാസികള്‍ സ്വീകരിക്കുവാനും കാത്തുസംരക്ഷിക്കുവാനും എവിടെയും പഠിപ്പിക്കുവാനും ഇടവരുന്നതിന് തീക്ഷ്ണമായി യത്നിക്കുവാന്‍ ഈ പരിശുദ്ധ സൂനഹദോസ് മെത്രാന്മാരെ ഉദ്ബോധിപ്പിക്കുന്നു. എന്നാല്‍ വിശ്വാസികള്‍ക്ക് പ്രയോജനകരമല്ലാത്തതും അവരുടെ ഭക്തിയെ വര്‍ദ്ധിപ്പിക്കുന്നതിന് സഹായകരമല്ലാത്തതും ഉപയോഗശൂന്യങ്ങളുമായ പഠനങ്ങള്‍ സാധാരണ പ്രസംഗങ്ങളില്‍, വിശിഷ്യ വിദ്യാഭ്യാസം കുറഞ്ഞവരോടുള്ള പ്രസംഗങ്ങളില്‍, വര്‍ജ്ജിക്കേണ്ടതാണ്. അപ്രകാരം തന്നെ സംശയാസ്പദങ്ങളും തെറ്റുനിറഞ്ഞവയുമായ അഭിപ്രായങ്ങള്‍ പ്രചരിപ്പിക്കാനും അനുവദിച്ചുകൂടാത്തതാകുന്നു. അന്ധവിശ്വാസം വളര്‍ത്താനും, ജിജ്ഞാസയുണര്‍ത്താനും മാത്രം ഉപകരിക്കുന്നതും മാന്യമല്ലാത്ത നേട്ടങ്ങളെ ലാക്കാക്കിഉള്ളവയുമായ സര്‍വ്വതും വിശ്വാസികള്‍ക്ക് പ്രലോഭനകരങ്ങളും വിശ്വാസപ്രണിതങ്ങളും എന്ന നിലയില്‍ കര്‍ശനമായി നിരോധിക്കേണ്ടതാണ് (സി.എഫ്.എന്‍. 2310). മാമ്മോദീസായിലൂടെ ഒരുവന്‍ പൂര്‍ണ്ണമായും നീതീകരിക്കപ്പെടുന്നെന്നും തല്‍ഫലമായി കാലിക ശിക്ഷയും പ്രായശ്ചിത്തവും അനാവശ്യമാണെന്നുമുള്ള അബദ്ധപഠനങ്ങളെ ട്രെന്‍റു കൗണ്‍സില്‍ ശപിച്ചു തള്ളുന്നതായി കാണാം.

വേദപുസ്തക വെളിപാടില്‍ ശുദ്ധീകരണത്തെ സംബന്ധിച്ച പ്രത്യക്ഷമായ പരാമര്‍ശങ്ങള്‍ ഇല്ല എന്നതിനാല്‍ ഈ വിശ്വാസസത്യം നിഷേധിക്കുന്നത് ഒട്ടും ശരിയല്ല. വെളിപാടില്‍ പരോക്ഷമായി ഉള്‍ക്കൊണ്ടിരിക്കുന്ന ദൈവികസത്യങ്ങളെ കണ്ടുപിടിക്കുവാനും സഭയ്ക്ക് അധികാരമുണ്ട്. സഭയില്‍ നിരന്തരം വസിക്കുന്ന ക്രിസ്തുതന്നെയാണ് ഇത് ചെയ്യുന്നത്. ക്രിസ്തുവിന്‍റെ അരൂപിയുടെ സജീവ സാന്നിദ്ധ്യം, വിശ്വാസ സംബന്ധിയായ കാര്യങ്ങളില്‍ അപ്രമാദിത്വം നല്‍കുന്നു. സഭ, ക്രിസ്തുവുമായി പ്രത്യേകമായ രീതിയില്‍ കൗദാശികതാദാത്മീകരണം പ്രാപിച്ചുകൊണ്ട് (In Persona Christi) പ്രവര്‍ത്തിക്കുമ്പോള്‍, ക്രിസ്തു അഭിലഷിച്ചവയും വി. ഗ്രന്ഥത്തില്‍ പരോക്ഷമായി അവിടുന്നു വെളിപ്പെടുത്തിയവയും പ്രസ്പഷ്ടമാക്കുക മാത്രമാണ് ചെയ്യുന്നത്. ആകയാല്‍ ശുദ്ധീകരണത്തെപ്പറ്റിയുള്ള വിശ്വാസസത്യവും ദൈവിക വെളിപാടില്‍ ഉള്‍പ്പെട്ടതുതന്നെ.

ശുദ്ധീകരണത്തിന്‍റെ സ്വഭാവം

ശുദ്ധീകരണത്തിന്‍റെ സ്വഭാവമെന്ത്? അന്ത്യവിധിയോടെ അവസാനിക്കുന്ന ഒരു താല്‍ക്കാലിക ശിക്ഷയാണിതെന്നും അതിനാല്‍ ഇത് സ്വഭാവത്താലെ തന്നെ കേവലം താല്‍ക്കാലികമാണെന്നും ഏവരും അംഗീകരിക്കുന്നു.

കാലിക ശിക്ഷ

ശുദ്ധീകരണത്തിന്‍റെ കാലദൈര്‍ഘ്യത്തെക്കുറിച്ച് നമുക്ക് പറയാനാവുമോ? ഭൗമിക സമയം പോലെ വര്‍ഷം, മാസം, ദിവസം എന്നിങ്ങനെയാണ് മരണാനന്തരകാലം എന്നു പറയാനില്ല. മരണത്തോടുകൂടി മനുഷ്യന്‍ സ്ഥലകാല പരിമിതികളെ മറികടക്കുകയാണ്. നിത്യതയിലേക്ക് പ്രവേശിക്കുകയാണ്. മരണത്തിനും വിധിക്കുമിടയില്‍ കാലദൈര്‍ഘ്യം ഉണ്ടെന്ന ധാരണയിലാണ് ശുദ്ധീകരണ കാലാവധിയെക്കുറിച്ച് നാം സംസാരിക്കുക. എന്നാല്‍ മരണത്തോടെ തന്നെ ഒരുവന്‍റെ വിധി നടക്കുന്നുവെന്നത്രെ ചില ദൈവശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം. മരണത്തില്‍ ഒരുവനു തന്‍റെ തെറ്റിനെക്കുറിച്ച് പൂര്‍ണ്ണാവബോധമുണ്ടാക്കുന്നു. പാപങ്ങളെ പൂര്‍ണ്ണമായും കാണുന്ന ആത്മാവ് തന്‍റെ തെറ്റിനെപ്രതി തീവ്രമായി ദുഃഖിക്കുന്നു. ഇവിടെ കാലദൈര്‍ഘ്യമെന്നതിലേറെ ശിക്ഷയുടെ കാഠിന്യത്തിനാണ് പ്രസക്തി എന്നും വ്യക്തമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു അന്തിമ തീരുമാനം കല്‍പിക്കാന്‍ മനുഷ്യബുദ്ധിയുടെ പരിമിതി കണക്കിലെടുക്കേണ്ടതുണ്ട്.

ശുദ്ധീകരസ്ഥലം

പാപപ്പരിഹാരവും പ്രായശ്ചിത്തവുമാണ് ശുദ്ധീകരണത്തിന്‍റെ പ്രധാന ഘടകങ്ങളെങ്കിലും ശുദ്ധീകരണത്തെ സ്ഥലബദ്ധമായി പരിഗണിക്കുന്നവരുണ്ട്. ശുദ്ധീകരണം, നരകം, സ്വര്‍ഗ്ഗം ഇവ സ്ഥലങ്ങളായി കണക്കാക്കുന്നവര്‍, 'ഞാന്‍ ആയിരിക്കുന്നിടത്ത് നിങ്ങളും ആയിരിക്കേണ്ടതിന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു'. 'നിങ്ങള്‍ക്ക് സ്ഥലമൊരുക്കുവാന്‍ ഞാന്‍ പോകുന്നു'. നീ ഇന്നേദിവസം ദിവസം എന്നോടുകൂടെ പറുദീസായിലായിരിക്കും. 'പുറത്തുള്ള അന്ധകാരത്തിലേക്ക് തള്ളപ്പെടും'. 'അവിടെ കരച്ചിലും വിലാപവും ഉണ്ടാകും', 'അവസാനത്തെ കാശുകൂടി കൊടുത്തു വീട്ടുവോളം അവിടെനിന്ന് പുറത്തുവരികയില്ല'. തുടങ്ങിയ യേശുവിന്‍റെ വചനങ്ങള്‍ തങ്ങളുടെ നിലപാടിന് ആധാരമായി ചൂണ്ടിക്കാണിക്കുന്നു. ക്രിസ്തുവിന്‍റെയും അവിടുത്തെ മാതാവിന്‍റെയും 'ശരീരങ്ങള്‍' സ്വര്‍ഗ്ഗത്തില്‍ സ്ഥിതി ചെയ്യുന്നതിനാലും മരണാനന്തരം 'സ്ഥലം' ഉണ്ട് എന്ന് ഇത്തരക്കാര്‍ വാദിക്കുന്നു. മരണാനന്തര ജീവിതത്തിന്‍റെ സാമൂഹിക സ്വഭാവവും ഇതിനാധാരമായി  ചിലര്‍  ചൂണ്ടിക്കാണിക്കാറുണ്ട്. എന്നാല്‍ ഈ വാദമുഖങ്ങള്‍ പൂര്‍ണ്ണമായും സ്വീകാര്യങ്ങളല്ല. മേലുദ്ധരിച്ച വാക്യങ്ങളെ അവയുടെ ദൈവശാസ്ത്രപരവും സുവിശേഷാത്മകവുമായ പശ്ചാത്തലത്തിലാണ് വിലയിരുത്തേണ്ടത്.

സഭാ പാരമ്പര്യത്തില്‍:-

ശുദ്ധീകരണത്തെ സ്ഥലബദ്ധമായി പരിഗണിക്കുന്ന ധാരാളം പഠനങ്ങള്‍ നമുക്കു കാണാം. നീസായിലെ ഗ്രിഗറി, ജോണ്‍ ക്രിസോസ്റ്റോം തുടങ്ങിയവര്‍ ശുദ്ധീകരണ (സ്ഥല)ത്തെ ദൈവനിര്‍മ്മിതമായ ഒരു തോട്ടമായി പരിഗണിച്ചിരിക്കുന്നു. സ്വര്‍ഗ്ഗത്തിനും ഭൂമിക്കുമിടയിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. മറ്റു ചില പൗരസ്ത്യചിന്തകര്‍ ശുദ്ധീകരണത്തെ സ്വര്‍ഗ്ഗത്തിലേക്കുള്ള വഴിയിലെ 'ചെക്ക് പോസ്റ്റു'കളായി കണക്കാക്കുന്നു. മരണശേഷം ആത്മാവ് കാവല്‍മാലാഖയാല്‍ ആനയിക്കപ്പെട്ട് ഈ സ്ഥലങ്ങളിലൂടെ കടന്നുപോകുന്നു. ഓരോ സ്ഥലത്തും ഓരോതരം പാപങ്ങളെപ്പറ്റി പരിശോധനകള്‍ നടക്കുന്നു. പാപത്തിന്‍റെ സ്വഭാവവും എണ്ണവും അനുസരിച്ച് അവയ്ക്കു പരിഹാരം ചെയ്തിട്ടില്ലാത്തപക്ഷം ഓരോ സ്ഥലത്തും കുറേസമയം താമസിക്കേണ്ടിവരുന്നു. എന്നാല്‍ ദൈവനീതിയ്ക്കനുസൃതമാണെന്നു കാണുന്നതായാല്‍ യാത്ര തടസ്സപ്പെടാതെ എത്രയും വേഗം ലക്ഷ്യത്തിലെത്തിച്ചേരാം. പാശ്ചാത്യപണ്ഡിതന്മാര്‍ ശുദ്ധീകരസ്ഥലത്തെ നരകത്തിനടുത്തുള്ള ഒരു അധോസ്ഥാനമായി കണക്കാക്കിയിരുന്നു. മഹാനായ ഗ്രിഗറി (604), പീറ്റര്‍ ഡാമിയന്‍ (1172) തുടങ്ങിയവരുടെ അഭിപ്രായത്തില്‍ ശുദ്ധീകരണം നടക്കുന്നത് പാപം ചെയ്യപ്പെട്ട അതേ സ്ഥലങ്ങളില്‍ വച്ചുതന്നെയാണ്. മറ്റു ചില വിശുദ്ധന്മാരുടെ ദര്‍ശനങ്ങളും ഈ നിഗമനം തന്നെയാണ് നല്‍കുന്നത്.

മതേതര സാഹിത്യത്തില്‍ നിലവിലിരുന്ന ഭാവനാപൂര്‍ണ്ണമായ വിവരണങ്ങളും മറ്റുമാണ് ഇത്തരം ചിന്താധാരകള്‍ക്ക് ഇടനല്‍കിയതെന്ന് ന്യായമായും കരുതാം. ഉദാഹരണത്തിന് മദ്ധ്യശതകങ്ങളില്‍ ജീവിച്ചിരുന്ന സുപ്രസിദ്ധ ഇറ്റാലിയന്‍ മഹാകവി ദാന്തേയുടെ 'ഡിവൈന്‍ കോമഡി' എന്ന പ്രശസ്ത കൃതിയില്‍ ശുദ്ധീകരണ മണ്ഡലത്തിന്‍റെ ഭാവനാചിത്രം നമുക്കു കാണാം. മതഭ്രഷ്ടര്‍, വൈകി പശ്ചാത്തപിച്ചവര്‍, 'പീറ്റര്‍ കവാടം', അഹങ്കാരികള്‍, അസൂയക്കാര്‍, കുപിതന്മാര്‍, അലസന്മാര്‍, ദുരാഗ്രഹികള്‍, ബുഭൂക്ഷുക്കള്‍, കാമാസക്തര്‍ എന്നിങ്ങനെ പത്തുതലങ്ങള്‍ ഉള്‍ക്കൊണ്ടതാണ് ദാന്തേയുടെ ശുദ്ധീകരണമണ്ഡലം. ഈ മണ്ഡലങ്ങള്‍ കടന്ന് ആത്മാവ് സ്വര്‍ഗ്ഗപ്രാപ്തിക്കായി പാപരഹിതമായ ദൈവസന്നിധിയില്‍ അണയുന്നതായി ദാന്തേ വര്‍ണ്ണിക്കുന്നു.

വി. തോമസ് അക്വിനാസ്:-

ശുദ്ധീകരണത്തിന്‍റെ സ്ഥലത്തെക്കുറിച്ച് വി. ഗ്രന്ഥം കൃത്യമായി ഒന്നും പറയാത്തതിനാല്‍ അത് ഇന്നസ്ഥലത്തുതന്നെയാണ് എന്ന് തറപ്പിച്ചു പറയുക യുക്തിസഹമല്ല എന്നാണ് വി. തോമസ് അക്വിനാസിന്‍റെ അഭിപ്രായം. എങ്കിലും സ്ഥലബദ്ധമായ വിശ്വാസം തന്നെയാണ് അദ്ദേഹത്തിന്‍റെ ചിന്തയിലും തെളിഞ്ഞു കാണുന്നത്. പാശ്ചാത്യപൗരസ്ത്യ ചിന്തകളെ സമന്വയിപ്പിച്ച് സ്വന്തമായ ഒരു വ്യാഖ്യാനം അദ്ദേഹം നല്‍കുന്നു. വിശുദ്ധരുടെ വെളിപാടുകളെയും ഉറച്ച വിശ്വാസത്തെയും ആധാരമാക്കി ശുദ്ധീകരണത്തിനു രണ്ടു സ്ഥലങ്ങളുള്ളതായി അദ്ദേഹം പറയുന്നു. (1) അധോമണ്ഡലം. ഇതാണ് പൊതുവിലുള്ളത്. നരകത്തിനടുത്തു സ്ഥിതിചെയ്യുന്ന ഇതു നരകാഗ്നിയില്‍ തന്നെ ശുദ്ധീകരണവും നടക്കത്തക്കവിധത്തില്‍ സജ്ജീകൃതമായിരിക്കുന്നു. (2) ഓരോരുത്തനും പാപം ചെയ്ത സ്ഥലം, ഓരോരുത്തനും പാപം ചെയ്ത അതേസ്ഥലങ്ങളില്‍വെച്ച് ശുദ്ധീകരിക്കപ്പെടുന്നു. പല സ്ഥലങ്ങളില്‍ വെച്ച് ഒരേസമയം ശുദ്ധീകരിക്കപ്പെടുമെന്ന ഈ അഭിപ്രായം എത്രമാത്രം സ്വീകാര്യമാണെന്ന് ചിന്തിക്കേണ്ടതുണ്ട്.

ഔദ്യോഗിക പഠനങ്ങളില്‍:-

സഭയുടെ ഔദ്യോഗിക പഠനങ്ങളില്‍ ശുദ്ധീകരണത്തെ സ്ഥലബദ്ധമായി ഒരിക്കലും നിര്‍വ്വചിച്ചിട്ടില്ല. മരിച്ചവര്‍ക്കുവേണ്ടിയുള്ള സഭയുടെ പ്രാര്‍ത്ഥനകളില്‍ ശുദ്ധീകരണം സ്ഥലബദ്ധമാണെന്ന ധ്വനി വരുന്നുണ്ടെങ്കിലും-അബ്രാഹത്തിന്‍റെ മടി, അധോലോകത്തിന്‍റെ കവാടങ്ങള്‍, അഗാധം, പാതാളം തുടങ്ങിയ പ്രയോഗങ്ങള്‍ യഹൂദ പാരമ്പര്യത്തില്‍ അടിയുറച്ച ആദിമസഭാവിശ്വാസത്തിന്‍റെ പശ്ചാത്തലത്തില്‍ രൂപപ്പെട്ടവയാണ്. ഈ വസ്തുത കണക്കിലെടുക്കുമ്പോള്‍ ഈ അസാംഗത്യം അപ്രത്യക്ഷമാകുന്നു. 129-ാം സങ്കീര്‍ത്തനത്തിലെ 'അഗാധത്തില്‍ നിന്ന് നിന്നെ ഞാന്‍ വിളിക്കുന്നു. കര്‍ത്താവേ എന്‍റെ ശബ്ദം കേള്‍ക്കേണമേ' എന്ന പ്രാര്‍ത്ഥനയും മറ്റും ഇതിനുദാഹരണമാണ്. വാച്യാര്‍ത്ഥ്യത്തില്‍, ബാബിലോണിയന്‍ അടിമത്തത്തില്‍ യഹോവയുടെ നേര്‍ക്ക് തിരിയുന്ന പശ്ചാത്താപ വിവശനായ യഹൂദന്‍റെ പ്രാര്‍ത്ഥനയാണിതെങ്കിലും ക്രൈസ്തവ പശ്ചാത്തലത്തില്‍, പാപപരിഹാരാര്‍ത്ഥം ശുദ്ധീകര വേദനയനുഭവിക്കുന്ന ആത്മാവിന്‍റെ പ്രലാപമായി ഇതു പരിണമിക്കുന്നു. ഇവിടെ പ്രാര്‍ത്ഥനയിലെ വാക്കുകളുടെ ശരിയായ വ്യാഖ്യാനം മനസ്സിലാക്കേണ്ടതിന്‍റെ ആവശ്യം പ്രകടമാണല്ലോ!

ആത്യന്തികമായി, ശുദ്ധീകരണം വേര്‍പിരിഞ്ഞ ആത്മാക്കളെ സംബന്ധിച്ചതാകയാല്‍ ശുദ്ധീകരിക്കപ്പെടുന്ന വ്യക്തി എവിടെയുണ്ടോ അവിടമാണ് ശുദ്ധീകരസ്ഥലം എന്നുപറയുകയാവും കൂടുതല്‍ ശരി. (ഇതു സംബന്ധിച്ച ആധുനിക ദൈവശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം ചുവടെ വിശകലനം ചെയ്യുന്നതാണ്.)

നഷ്ടത്തിന്‍റെ വേദനയും ഇന്ദ്രിയ ശിക്ഷയും:-

ചില ദൈവശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തില്‍ സ്വര്‍ഗ്ഗസായൂജ്യത്തിന്‍റെ താല്‍ക്കാലിക നിഷേധമാണ് ശുദ്ധീകരണത്തില്‍ നടക്കുക. അതിനാല്‍ ഇവിടുത്തെ ഏറ്റവും വലിയ വേദന 'ദൈവനഷ്ട'മാണ്. തന്നോടു വളരെ അടുത്തു തന്നെ സ്ഥിതി ചെയ്യുന്ന സൃഷ്ടാവില്‍നിന്ന് അകന്ന് ഇരിക്കുന്നതിലുള്ള വേദനയാണിത്. മാത്രവുമല്ല, ഇപ്രകാരം തന്നെ അകറ്റിയ ലഘുപാപങ്ങള്‍ക്ക് ലോകത്തില്‍വെച്ചുതന്നെ പരിഹാരം ചെയ്യുവാന്‍ കഴിയുമായിരുന്നല്ലോ എന്ന വിചാരവും വ്യക്തിക്കുണ്ടാകുന്നു. ഇതിനുപുറമെ ഇന്ദ്രിയശിക്ഷയും ശുദ്ധീകരണത്തിന്‍റെ ഭാഗമാണ്. ദൈവത്തെ തിരസ്ക്കരിച്ചതിലുള്ള വേദനയാണ് 'നഷ്ടത്തിന്‍റെ വേദന' യെങ്കില്‍ ദൈവാഭിമുഖം മുന്നേറിക്കൊണ്ടിരിക്കുന്ന ഉത്ഥിതനായ ക്രിസ്തുവിനോട് സഗാഢം ബന്ധപ്പെട്ടിരിക്കുന്ന പ്രപഞ്ചത്തില്‍ നിന്ന് പാപംമൂലം വേര്‍പിരിഞ്ഞതിലുള്ള വേദനയാണ് ഇന്ദ്രിയശിക്ഷ. ഇത് ശുദ്ധീകരാഗ്നിയുടെ പ്രവര്‍ത്തനത്താലാണ് സംഭവിക്കുന്നതെന്ന് ചിലര്‍ കരുതുന്നു. എന്നാല്‍ ഭൗമികമായ അഗ്നിക്ക് എങ്ങനെ ആത്മാവില്‍ മാറ്റം വരുത്താന്‍ കഴിയും? ഇതിന് അവര്‍ നല്‍കുന്ന ഉത്തരം, മരണശേഷവും ആത്മാവ് ലോകവുമായി തികച്ചും അജ്ഞാതമായ രീതിയില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്. ഭൗതികമായ ഒരു ശിക്ഷ നല്‍കാന്‍ ഈ ബന്ധം വഴി സാദ്ധ്യമായിത്തീരുന്നു.

ഒരുവന്‍ പ്രാപിക്കുന്ന പുണ്യപൂര്‍ണ്ണതയുടെ തോതനുസരിച്ച് ശിക്ഷയുടെ കാഠിന്യത്തില്‍ വ്യത്യാസമുണ്ട്. താന്‍ പ്രാപിക്കേണ്ടിയിരിക്കുന്ന പൂര്‍ണ്ണതയെ നിരസിച്ചതിന് അനുരൂപമായിരിക്കും ഓരോരുത്തനും ശിക്ഷിക്കപ്പെടുക. നരകത്തിലെയും ശുദ്ധീകരണത്തിലെയും പീഡകളുടെ വര്‍ണ്ണനകളൊന്നും സഭയുടെ പഠനങ്ങളില്‍പ്പെട്ടതല്ല. പാപം ചെയ്തത് ആത്മാവും ശരീരവുമുള്‍പ്പെട്ട സമഗ്രമനുഷ്യനാകയാല്‍ ശിക്ഷയും സമ്പൂര്‍ണ്ണ വ്യക്തിയെ ബാധിക്കുന്നതായിരിക്കണം എന്നത് തികച്ചും ന്യായമാണ്. ഈ ശിക്ഷയുടെ സ്വഭാവത്തെപ്പറ്റി പലരും പല അഭിപ്രായങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും ഇവ വിശ്വാസവിഷയങ്ങളായ പഠനങ്ങളല്ല എന്നത് സുവ്യക്തമാണ്.

ശുദ്ധീകരണത്തില്‍ കഠിനപീഡകള്‍ അനുഭവിക്കുന്നുണ്ടെങ്കിലും ഒരിക്കല്‍ സ്വര്‍ഗ്ഗസായൂജ്യം പ്രാപിക്കാന്‍ കഴിയുമെന്ന ഉറപ്പ് വ്യക്തിക്ക് സര്‍വ്വതാ ഉണ്ടായിരിക്കും. തങ്ങളുടെ ശിക്ഷകള്‍ക്കുശേഷം നിത്യമായ ദൈവസായൂജ്യമുണ്ടെന്ന അവബോധം ശുദ്ധീകരാത്മാക്കള്‍ക്ക്, ഭൂമിയില്‍ ആര്‍ക്കും ലഭിക്കാത്തതരം അഭൗമീകാനന്ദം പ്രദാനം ചെയ്യുന്നു. തങ്ങള്‍ക്ക് നിത്യരക്ഷ ഉറപ്പായതിനാല്‍ ഏറ്റം നിര്‍മ്മലരായി ദൈവസന്നിധിയില്‍ പ്രവേശിക്കുവാന്‍ അവര്‍ ആഗ്രഹിക്കുന്നു. അപ്പോള്‍ ശുദ്ധീകരപീഡകള്‍ തന്നെ അവര്‍ക്ക് ആനന്ദദായകമാണെന്നു സാരം.

 ശുദ്ധീകരണത്തിനു ഒരു നൂതന ഭാഷ്യം

ശുദ്ധീകരണത്തെ സംബന്ധിച്ച വളരെയേറെ പ്രശ്നങ്ങള്‍ ദൈവശാസ്ത്രജ്ഞന്മാര്‍ക്കിടയിലുണ്ട്. ശുദ്ധീകരണം ആവശ്യമോ എന്ന ചോദ്യത്തിന് മിക്കവരും ഒരേ അഭിപ്രായമാണ് നല്‍കുക. തങ്ങളുടെ മരണസമയത്ത് സ്വര്‍ഗ്ഗപ്രവേശനത്തിന് പൂര്‍ണ്ണമായും ഒരുങ്ങിയിട്ടില്ലാത്തവരുടെ കാര്യത്തിലെങ്കിലും ഇത്തരം ഒരു ശുദ്ധീകരണം ആവശ്യമായി വരുന്നു.

ശുദ്ധീകരണം എങ്ങനെ എന്ന പ്രശ്നത്തിന് ഇനിയും ഏകതാനമായ ഒരഭിപ്രായമില്ല. 'അവബോധമുണര്‍ത്തലിലൂടെ'യാണ് ശുദ്ധീകരണം നടക്കുന്നത് എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. ദൈവത്തിന്‍റെ പ്രകാശത്തില്‍ നാം വരുമ്പോള്‍ ദൈവം നമ്മെ കാണുന്നതുപോലെ നാം സ്വയം കാണുന്നു. ഈ ദര്‍ശനം വേദനാജനകവും അതേസമയം ക്രിയാത്മകവുമാണ്. ഈ വേദനയില്‍ മനുഷ്യന്‍റെ മനോഭാവം പുനര്‍സൃഷ്ടിക്കപ്പെടുകയും ദൈവസന്നിധി പ്രാപിക്കുന്നതിന് അവന്‍ യോഗ്യനാവുകയും ചെയ്യുന്നു. ദൈവത്തിന്‍റെ നീതി എന്നതിലേറെ അവിടുത്തെ കരുണാമസൃണമായ സ്നേഹമാണ് ആത്മാവിനു വേദനാജനകമാകുന്നത്. ഈ ദൈവസ്നേഹാനുഭവം വേദനയും അതോടൊപ്പം അഭൗമീകമായ സന്തോഷവും നല്‍കാന്‍ പോന്നതാണ്.

കാള്‍ റാനര്‍

കാള്‍ റാനറുടെ അഭിപ്രായത്തില്‍ ശുദ്ധീകരണം പക്വതയാര്‍ജ്ജിക്കലിന്‍റെയും മാറ്റത്തിന്‍റെതുമായ ഒരു പ്രക്രിയയാണ്. മനുഷ്യന്‍റെ, സ്വതന്ത്രമായി പക്വതയാര്‍ജ്ജിച്ച അടിസ്ഥാന മനോഭാവത്തിന് മരണത്തിലൂടെ വ്യക്തമായ അന്ത്യം കുറിക്കപ്പെടുന്നു. എന്നിരുന്നാലും മനുഷ്യന്‍റെ സര്‍വ്വമാനങ്ങളും ഒരേസമയം പക്വതയാര്‍ജ്ജിക്കപ്പെടുന്നില്ല. അതിനാല്‍ സമഗ്രവ്യക്തിയുടെ സമ്പൂര്‍ണ്ണപക്വത മരണശേഷം നടക്കുന്നു. ഒരുവന്‍റെ അടിസ്ഥാനപരമായ നിശ്ചയം അവന്‍റെ അസ്തിത്വത്തിന്‍റെ സര്‍വ്വതലങ്ങളിലും ചൂഴ്ന്നിറങ്ങുന്ന ഒന്നാകയാല്‍ ഈ പക്വത പ്രാപിക്കല്‍ പ്രക്രിയ കൂടിയേ തീരൂ. ഒരു വ്യക്തി തന്‍റെ മരണത്തില്‍ കൈവരിക്കുന്ന വ്യക്തിപരമായ അന്ത്യവും സാര്‍വ്വലൗകീക പൂര്‍ത്തീകരണവും വ്യത്യസ്തമാണ്. വൈയക്തികാന്ത്യത്തിന്‍റെ പൂര്‍ത്തീകരണവും സമ്പൂര്‍ണ്ണാവിഷ്ക്കരണവും അന്ത്യനാളില്‍ ശാരീരികാസ്തിത്വത്തിന്‍റെ രൂപാന്തരീകരണം വഴിയാണ് സാദ്ധ്യമാവുക. മരണത്തിനും മഹത്വീകരണത്തിനുമിടയില്‍ ഒരു താല്‍ക്കാലികാവസ്ഥയുണ്ടെന്നാണല്ലോ ഇതര്‍ത്ഥമാക്കുന്നത്. ഈ താല്‍ക്കാലികാവസ്ഥയില്‍ മനുഷ്യന്‍ തന്‍റെ വൈയക്തിക പക്വതയുടെ തികവിനെ പ്രാപിക്കുന്നു.

തന്‍റെ വിശദീകരണം സഭയുടെ പഠനത്തിനു എതിരല്ലെന്ന് റാനര്‍ എടുത്തു കാണിക്കുന്നു. ശുദ്ധീകരണം കേവലം നിഷ്ക്രിയമായ സഹനം (Passive endurance) അല്ല. പക്വതയാര്‍ജ്ജിക്കല്‍ പ്രക്രിയയും രൂപവ്യതിയാനവും (Change) പ്രസാദവരത്തിലുള്ള വളര്‍ച്ചയോ, പുണ്യത്തിലുള്ള അഭിവൃദ്ധിയോ (Merit) അല്ല അര്‍ത്ഥമാക്കുന്നത്. പ്രസ്തുത ജീവിതത്തില്‍ രൂപപ്പെടുത്തപ്പെട്ടതും മരണത്തിലൂടെ സുനിശ്ചിതമാക്കപ്പെട്ടിട്ടുള്ളതുമായ അടിസ്ഥാന മനോഭാവവുമായി മനുഷ്യപ്രകൃതിയെ പൂര്‍ണ്ണമായും സമന്വയിപ്പിക്കലാണ് ഇതുവഴി സാധിക്കുക. അതിനാല്‍ ഇവിടെ പാപമോചനം, കേവലം ശിക്ഷയില്‍ നിന്നൊഴിവാക്കല്‍ മാത്രമല്ലാതാവുന്നു. ഈ പക്വതയാര്‍ജ്ജിക്കല്‍ എങ്ങനെ നടക്കുന്നുവെന്ന് മനസ്സിലാക്കുക ദുഷ്ക്കരമത്രെ. എങ്കിലും ഇതൊരു വസ്തുതയാണ്. സഭയുടെ ദണ്ഡവിമോചനങ്ങള്‍ ആത്മാക്കള്‍ക്ക് എപ്രകാരം ഉപകരിക്കുന്നു എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. റാനറുടെ അഭിപ്രായത്തില്‍ അവ കാലിക ശിക്ഷയുടെ കടംവീട്ടാനുപകരിക്കുന്നില്ല. യാതൊരുതരത്തിലും അവ പുണ്യത്തില്‍ വര്‍ദ്ധന നല്‍കാന്‍ ഉപയുക്തമല്ല. ആത്മാക്കളുടെ പക്വതയാര്‍ജ്ജിക്കലില്‍ ദൈവസ്നേഹത്തില്‍ പുരോഗമിക്കാന്‍ സഹായങ്ങളാവുക മാത്രമാണ് ദണ്ഡവിമോചനങ്ങള്‍ ചെയ്യുക. സഭയുടെ രക്ഷാകര മാദ്ധ്യസ്ഥ്യം ആത്മാക്കള്‍ക്ക് ഉപകരിക്കുന്നതിലാണ് ദണ്ഡവിമോചനങ്ങള്‍ പ്രസക്തമാവുന്നത്.

ലഡിസ്ലാവോസ് ബോറോസ്

ശുദ്ധീകരണത്തെ സംബന്ധിച്ച് അടിസ്ഥാനപരമായിത്തന്നെ ശ്രദ്ധാര്‍ഹമായ പഠനമാണ് ലഡിസ്ലാവോസ് ബോറോസ് അവതരിപ്പിക്കുക. സുവ്യക്തമായ ഒരു തത്വത്തില്‍നിന്ന് ബോറോസ് തന്‍റെ പഠനം ആരംഭിക്കുന്നു. പാപം ചെയ്ത വ്യക്തി തന്‍റെ പാപത്തെക്കുറിച്ചു പശ്ചാത്തപിച്ച് പിന്മാറിയതുകൊണ്ടു മാത്രമായില്ല. പാപക്കറ ആത്മാവില്‍ അവശേഷിക്കുന്നു. (പാപവും പാപക്കറയും തമ്മില്‍ ട്രെന്‍റ് കൗണ്‍സില്‍ വേര്‍തിരിച്ചു കാണുന്നുണ്ട്). ശുദ്ധീകരണ പ്രക്രിയയില്‍ അടിസ്ഥാനപരമായി സംഭവിക്കുക ഈ കറ കഴുകിക്കളയല്‍, കടം തീര്‍ക്കല്‍ ആകുന്നു. പ്രായശ്ചിത്ത പ്രവൃത്തികള്‍ മൂലമേ ഈ കടം തീര്‍ക്കാന്‍ കഴിയൂ. ഇതിനും പുറമെ ഒരുവനു തന്‍റെ മരണസമയത്തും ക്ഷമിക്കപ്പെടാത്ത ലഘുപാപങ്ങള്‍ ഉണ്ടാകാം. ഇത്തരം പാപങ്ങള്‍ ക്ഷമിക്കപ്പെടാതെ സ്വര്‍ഗ്ഗസായൂജ്യം അസാദ്ധ്യമത്രെ. ഇവ എപ്പോള്‍ ക്ഷമിക്കപ്പെടും എന്ന പ്രശ്നം ഇവിടെ ഉദിക്കുന്നു. പാപം ക്ഷമിക്കപ്പെടാന്‍ പശ്ചാത്താപവും പ്രായശ്ചിത്തവും ആവശ്യമാണ്. മരണശേഷം ഒരുവന് പശ്ചാത്തപിക്കാനോ സ്വയം പ്രായശ്ചിത്തം ചെയ്യാനോ കഴിവില്ല. കാരണം മരണത്തിനുശേഷം പുണ്യസമ്പാദനം (മെറിറ്റ്) അസാദ്ധ്യമത്രെ. ആകയാല്‍ ഈ പാപങ്ങള്‍ കാലികമായിത്തന്നെ (നിത്യതയ്ക്കു മുമ്പുതന്നെ) ക്ഷമിക്കപ്പെടണം.

ഈ പ്രശ്നത്തിനു ദൈവശാസ്ത്രജ്ഞന്മാര്‍ നല്‍കുന്ന വിവിധ ഉത്തരങ്ങളെ ബോറോസ് വിലയിരുത്തുന്നു. അന്ത്യനിമിഷത്തില്‍ ദൈവത്തിന്‍റെ സവിശേഷ കാരുണ്യത്താല്‍ ഈ ലോകത്തുവെച്ചു, വ്യക്തി അര്‍ഹിക്കാതെ തന്നെ, ദൈവം ഇത്തരം പാപങ്ങള്‍ ക്ഷമിക്കുന്നുവെന്ന, ഹെയ്ല്‍സിലെ അലക്സാണ്ടറുടെ (1170-1245) അഭിപ്രായം ബോറോസ് നിരാകരിക്കുന്നു. മനുഷ്യന്‍ സ്വയം നിശ്ചയിക്കുന്ന വഴികളിലൂടെയേ ക്രിസ്തുവിന്‍റെ രക്ഷാകരഫലങ്ങള്‍ മനുഷ്യനു ലഭിക്കുകയുള്ളൂ. മനുഷ്യന്‍ തന്നെ, ദൈവകൃപയാല്‍ പ്രേരിതമായിട്ടാണെങ്കിലും പ്രഥമ ചുവട് വയ്ക്കേണ്ടതുണ്ട്. അതിനാല്‍ ദൈവം നിരുപാധികം ക്ഷമിക്കുന്നു എന്നത് വൈരുദ്ധ്യാത്മകമത്രെ. ഇത്തരം ലഘുപാപങ്ങള്‍  മരണത്തോടെ ശുദ്ധീകരസ്ഥലത്തു ക്ഷമിക്കപ്പെടുന്നുവെന്ന വിശുദ്ധ ബൊനെവഞ്ചറുടെ അഭിപ്രായവും ബോറോസ് നിഷേധിക്കുന്നു. ലഘുപാപങ്ങള്‍, മരണത്തിനുശേഷമുള്ള ആദ്യനിമിഷത്തിലെ, ആത്മാവിന്‍റെ സമ്പൂര്‍ണ്ണസ്നേഹം മൂലം ക്ഷമിക്കപ്പെടുന്നു എന്ന തോമസ് അക്വിനാസിന്‍റെ പഠനവും അംഗീകരിക്കാനാവില്ല എന്നു ബോറോസ് എടുത്തുകാണിക്കുന്നു.

'മരണം ആത്യന്തിക തീരുമാനം' എന്ന തത്വത്തിന്‍റെ വെളിച്ചത്തില്‍ ബോറോസ് ശുദ്ധീകരസ്ഥലത്തെ മനസ്സിലാക്കുന്നു. "മരണം മനുഷ്യന്‍റെ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യത്തിലുള്ള പ്രഥമ പ്രവൃത്തിയും, അക്കാരണത്താല്‍ അതില്‍ തന്നെ അവബോധമുണര്‍ത്തലിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും ദൈവാഭിമുഖ്യത്തിന്‍റെയും നിത്യത്വത്തെ സംബന്ധിച്ച ആത്യന്തിക തീരുമാനത്തിന്‍റെയും വേദിയുമാണ്" എന്ന ബോറോസിന്‍റെ അടിസ്ഥാനതത്വം അന്യത്ര കാണുകയുണ്ടായല്ലോ. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ അന്തിമ തീരുമാനവും ദൈവ തിരുമുമ്പിലുള്ള സ്വയം തുറന്നുവെയ്ക്കലുമെന്ന നിലയില്‍ മരണത്തില്‍ ഒരുവന്‍ സ്വാര്‍ത്ഥത്തെ സമ്പൂര്‍ണ്ണമായും വലിച്ചെറിഞ്ഞ് സ്നേഹനിര്‍ലീനനായി ദൈവത്തെ അഭിമുഖീകരിക്കുന്നു. ഇതുവഴി പാപങ്ങളില്‍ നിന്നെല്ലാം വിടുതല്‍ പ്രാപിച്ച് ദൈവകാരുണ്യത്തിനായി സ്വയം അര്‍പ്പിക്കാന്‍ അവനു കഴിയുന്നു. ഇക്കാരണത്താല്‍ പാപങ്ങളുടെ മോചനം എന്ന പ്രശ്നം ഇനിയില്ല. കാലികശിക്ഷയുടെ കാര്യം മാത്രമാണ് ഇനി പരിഗണിക്കേണ്ടത്.

ഒരുവന്‍റെ അന്തിമ നിശ്ചയത്തിലും ദൈവാഭിമുഖ്യത്തിലും എന്താണ് സംഭവിക്കുക എന്നതിന്‍റെ ഏകദേശ ചിത്രം ബോറോസ് നല്‍കുന്നു. മരണത്തിലൂടെ തനിക്ക് അഭിമുഖീഭവിക്കുന്ന വ്യക്തിയെ ക്രിസ്തു, നിറഞ്ഞ സ്നേഹത്തോടും ദയാവായ്പ്പോടുംകൂടെ കടാക്ഷിക്കുന്നു. അവിടുത്തെ ഈ കടാക്ഷം മനുഷ്യന്‍റെ സത്തയിലേക്ക് തുളച്ചിറങ്ങാന്‍ കെല്‍പ്പുറ്റതാണ്. ക്രിസ്തുവിന്‍റെ ദീപ്രനയനങ്ങളിലൂടെ ദൈവത്തെ അഭിമുഖീകരിക്കുകയെന്നതാണ് നമ്മുടെ സ്നേഹ ശക്തിയുടെ അത്യുദാത്തമായ തികവും മനുഷ്യപ്രകൃതിക്ക് താങ്ങാനാവുന്നതില്‍ വച്ചേറ്റവും വലിയ വേദനയും; ഇവിടെ ബോറോസ് ശുദ്ധീകരണത്തിന്‍റെ  ദൈര്‍ഘ്യം വേദനയുടെ കാഠിന്യത്തിലുള്ള ഏറ്റക്കുറച്ചില്‍കൊണ്ട് പുനഃപ്രതിഷ്ഠിക്കുന്നു. മറ്റുവാക്കില്‍, മരണത്തില്‍ നടക്കുന്ന ദൈവാഭിമുഖ്യം തന്നെയാണ് ശുദ്ധീകരണം.

അല്പം വിശദീകരണം:-

അന്തിമ തീരുമാനം, ദൈവോന്മുഖത എന്ന നിലയില്‍ നമ്മിലുള്ള ദൈവസ്നേഹത്തിന്‍റെ അത്യുദാത്തമായ പ്രകടനമാണ്. ഈ ദൈവദര്‍ശനം പാപവിമോചകവും വേദനാപൂര്‍ണ്ണവും ദൈവിക നീതിയെ പ്രസാദിപ്പിക്കാനുതകുന്നതുമാണ്. ഇതുവഴി കാലികശിക്ഷയുടെ കടംവീട്ടല്‍ നടക്കുന്നുവെന്ന് ബോറോസ് വാദിക്കുന്നു. ഈ ശുദ്ധീകരപ്രക്രിയയെ വിശദീകരിക്കാന്‍ ബോറോസ് ഒരു ഉദാഹരണം നല്‍കുന്നു. മനുഷ്യനെ ഒരഗ്നിപര്‍വ്വതത്തോട് അദ്ദേഹം ഉപമിക്കുന്നു. അഗ്നിപര്‍വ്വതത്തിനുള്ളില്‍ ഉരുകിത്തിളയ്ക്കുന്ന ലാവ നിറഞ്ഞുനില്‍ക്കുന്നതുപോലെ ഓരോ സൃഷ്ടിയിലും സ്രഷ്ടാവിനായുള്ള അടങ്ങാത്ത ആകര്‍ഷണം നിലനില്‍ക്കുന്നു. ഭൂമിയുടെ കല്ലും മണ്ണും പാറയുമെല്ലാം ചേര്‍ന്ന അടുക്കുകള്‍, തിളച്ചുമറിയുന്ന ലാവയെ പുറത്തേക്കു വരുന്നതില്‍നിന്ന് തടയുന്നതുപോലെ മനുഷ്യനിലെ ഈ ദൈവാഭിമുഖ്യാഭിനിവേശം സ്വാര്‍ത്ഥതയുടെ അടുക്കുകള്‍ കൊണ്ട് മൂടപ്പെട്ടിരിക്കുന്നു. ഈ അടുക്കുകള്‍ ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കും. ഇവമൂലം നമ്മിലെ ദൈവസ്നേഹം തടഞ്ഞുവെയ്ക്കപ്പെട്ടിരിക്കുന്നു. ചില വിള്ളലുകളിലൂടെ ഈ ദൈവീകാഗ്നിയുടെ പ്രകാശം അല്‍പാല്‍പം പുറത്തേക്കു വരുന്നു. മരണമെന്ന അന്തിമ തീരുമാനത്തില്‍ ഈ ദൈവികാഗ്നി സ്വാര്‍ത്ഥതയുടെ വലയങ്ങളെ ഭേദിക്കാന്‍ കരുത്തുറ്റതാവുകയും പ്രതിബന്ധങ്ങളെ തൃണവല്‍ഗണിച്ച് പുറത്തുവരികയും ചെയ്യും. മേല്‍പ്രസ്താവിച്ച അടുക്കുകള്‍ നമ്മുടെ ജീവിതത്തിലൂടെ രൂപപ്പെട്ടവയും അസ്തിത്വത്തിന്‍റെ അടിസ്ഥാന ഘടകങ്ങളുമാകയാല്‍ ഈ വിസ്ഫോടനം അസ്തിത്വത്തിന്‍റെ തന്നെ ശിഥിലീകരണമാണ്. അക്കാരണത്താല്‍തന്നെ വേദന നിറഞ്ഞ ഒരനുഭവമാണിത്. ഈ വിസ്ഫോടനത്തിലൂടെ സ്വാര്‍ത്ഥതയുടെ അടുക്കുകള്‍ തകരുകയും ദൈവൈക്യം സാധിതമാവുകയും ചെയ്യുന്നു.

ശുദ്ധീകരണം വേദനാപൂര്‍ണ്ണം

ദൈവദര്‍ശനം സഹനബദ്ധമാണെന്നതിന് വിശുദ്ധ ഗ്രന്ഥം മതിയായ തെളിവ് നല്‍കുന്നുണ്ട്. പഴയ നിയമത്തില്‍ പ്രവാചകന്മാരും പുതിയ നിയമത്തില്‍ ശ്ലീഹന്മാരും ഈ അനുഭവത്തിന് വിധേയരാകുന്നുണ്ട്. മുള്‍പ്പടപ്പില്‍ ദൈവത്തെ കണ്ട മോശ ഭയംകൊണ്ട് മുഖം മറയ്ക്കുന്നു (പുറ.3:6). ഹൊറബു മലയില്‍ വെച്ച് ഏലിയായും ഇതേ അനുഭവത്തിന് വിധേയനാകുന്നുണ്ട് (1 രാജ 19:13). "എന്‍റെ സ്ഥിതി എത്ര ദുര്‍ഭഗം........... കര്‍ത്താവിനെ എന്‍റെ നയനങ്ങള്‍ ദര്‍ശിച്ചു" എന്നു വിലപിക്കുന്ന ഇസയാസ് പ്രവാചകനും (ഇസ. 6:1-5) "അവിടുന്ന് ആഗതനായപ്പോള്‍ ഞാന്‍ ഭയം കൊണ്ട് മുഖം കുത്തി വീണു" എന്നു പറയുന്ന ദാനിയേലും (ദാനി 7:9-10; 8:7, 18,27) ദൈവദര്‍ശനത്തില്‍ തളര്‍വാതം പിടിക്കപ്പെട്ട് മൂകനായി മാറിയ എസക്കിയേല്‍ പ്രവാചകനും (എസക്കി 3:23-26) ദൈവാഭിമുഖ്യത്തിന്‍റെ വേദനാപൂര്‍ണ്ണമായ വശം ചിത്രീകരിക്കുന്നു. "ഇതു കേട്ട ക്ഷണത്തില്‍ ശിഷ്യന്മാര്‍ കമിഴ്ന്നുവീണു. അവര്‍ ഭയവിഹ്വലരായി" എന്നു താബോര്‍മലയിലെ ദൈവദര്‍ശനത്തെക്കുറിച്ച് മത്തായിയുടെ സുവിശേഷത്തില്‍ നാം വായിക്കുന്നു. (മത്താ. 17:6) ദൈവദര്‍ശനത്തില്‍ മൃതപ്രായനായ വെളിപാടുകാരനെയും  (വെളി. 1:17) നാം കണ്ടുമുട്ടുന്നു. ഇവയെല്ലാം അര്‍ത്ഥമാക്കുന്നത് ദൈവദര്‍ശനം മനുഷ്യപ്രകൃതിക്ക് വേദനാപൂര്‍ണ്ണവും അസഹനീയവുമായ ഒന്നാണ് എന്നത്രെ.

ചുരുക്കത്തില്‍, ബോറോസിന്‍റെ അഭിപ്രായപ്രകാരം മരണമെന്ന അന്തിമതീരുമാനം, തന്നെയാണ് ശുദ്ധീകരണം. വിശുദ്ധീകരിക്കുന്ന ദൈവസ്നേഹാഗ്നിയിലൂടെ ഓരോ വ്യക്തിയും തന്‍റെ അന്തിമനിശ്ചയത്തില്‍-മരണത്തില്‍-നടത്തുന്ന ഒരു കടന്നുപോകലാണ് (Passover) ശുദ്ധീകരണം. മറ്റുവാക്കില്‍ ക്രിസ്തുവുമായുള്ള ആഭിമുഖ്യം അഥവാ കൂടിക്കാഴ്ച തന്നെയാണിത്. നിസ്വാര്‍ത്ഥമായ ദൈവസ്നേഹപ്രകടനമെന്ന നിലയില്‍ ഇതു പാപവിമോചകമാണ്. വേദനാപൂര്‍ണ്ണമെന്ന നിലയില്‍ ഇത് ഒരു പ്രായശ്ചിത്തപ്രവൃത്തിയായിത്തീരുന്നു. തത്ഫലമായി കാലികശിക്ഷയുടെ കടംവീട്ടാന്‍ ഈ സഹനം പര്യാപ്തമാണ്. പാപവിമോചനം ജീവിതകാലത്തും കാലികശിക്ഷ 'മരണശേഷവും' നടക്കുന്നു എന്ന് വിശ്വാസത്തിനും എതിരല്ല ഈ പഠനം. കാരണം ബോറോസിന്‍റെ കാഴ്ചപ്പാടില്‍ മരണം കാലത്തിനും അനന്തതയ്ക്കുമിടയിലുള്ള സത്യത്തിന്‍റെ നിമിഷമാണ്. സമയരഹിത സമയമാണ്. കാലവും നിത്യതയും കൂട്ടിമുട്ടുന്ന അതിര്‍ത്തിരേഖയാണ് മരണം. ഈ നിമിഷത്തിനു കാലത്തിന്‍റെയും അനന്തതയുടെയും സ്വഭാവമുള്‍ച്ചേര്‍ന്നിരിക്കുകയാല്‍ പാപവിമോചനവും ശിക്ഷയും ഇവിടെ സാദ്ധ്യമാകുന്നു.

ശുദ്ധീകരണത്തെ സംബന്ധിച്ച ആധുനിക ദൈവശാസ്ത്രജ്ഞന്മാരുടെ അഭിപ്രായങ്ങള്‍ പരമ്പരാഗതമായ കാഴ്ചപ്പാടിന് ചില മാറ്റങ്ങള്‍ വരുത്തുന്നവയാണ്. ശുദ്ധീകരസ്ഥലം എന്നതിനുപകരം ശുദ്ധീകരണ പ്രക്രിയയും കാലദൈര്‍ഘ്യത്തിനു പകരം ശിക്ഷയുടെ കാഠിന്യവും ഈ പഠനങ്ങളുടെ പ്രത്യേകതയാണ്. ശുദ്ധീകരണത്തെ സംബന്ധിച്ച പഠനങ്ങളില്‍ ഏറ്റവും ആകര്‍ഷണീയം ബോറോസിന്‍റെ അഭിപ്രായമാണ്. എങ്കിലും ശുദ്ധീകരണത്തെ സംബന്ധിച്ച ഈ പഠനം സഭയുടെ പരമ്പരാഗതമായ വിശ്വാസത്തോട് എത്രമാത്രം നീതി പുലര്‍ത്തുന്നുവെന്ന് കൃത്യമായി പറയുക പ്രയാസമാണ്.

കാള്‍റാനറുടെ 'പക്വതയാര്‍ജ്ജിക്കല്‍ പ്രക്രിയയും' പൂര്‍ണ്ണമായി അംഗീകരിക്കാനാകുമോ? ഈ പക്വതയാര്‍ജ്ജിക്കല്‍ പുണ്യസമ്പാദനമല്ല (മെറിറ്റ്) എന്നു പറയുമ്പോള്‍ റാനര്‍ സഭയുടെ പരമ്പരാഗത ചിന്തയോട് അനുരൂപപ്പെടാനുള്ള ഒരു ശ്രമമാണ് നടത്തുന്നത്. പക്വതയാര്‍ജ്ജിക്കല്‍ ക്രിയാത്മകമാണെന്ന് റാനര്‍ അഭിപ്രായപ്പെടുന്നു. പക്വതയാര്‍ജ്ജിക്കല്‍ എന്നതുകൊണ്ട് മാറ്റം സംഭവിക്കല്‍ എന്നും വരുന്നില്ല എന്നാണ് റാനറുടെ പക്ഷം. ഇത്തരമൊരു പക്വതയാര്‍ജ്ജിക്കല്‍ മനസ്സിലാക്കുക എളുപ്പമല്ല. ശുദ്ധീകരണത്തെ സംബന്ധിച്ച നവീന ചിന്താധാരകള്‍ നമ്മുടെ വിശ്വാസത്തിനു ആധുനികമായ അര്‍ത്ഥവും പ്രസക്തിയും നല്‍കുമെന്നു പ്രത്യാശിക്കാം.

 മരിച്ചവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍

മരിച്ചവര്‍ക്കായുള്ള പ്രാര്‍ത്ഥനകള്‍ എല്ലാ മതങ്ങളിലും കാണാന്‍ കഴിയും. മരിച്ചവര്‍ നിത്യനാശത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനായി പ്രാര്‍ത്ഥിക്കുന്നതുപോലെ തന്നെ ചില മതങ്ങളില്‍ മരിച്ചവരുടെ ആത്മാക്കളുടെ ഉപദ്രവങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ അവരോടു പ്രാര്‍ത്ഥിക്കുന്നതും കാണാന്‍ കഴിയും. മരിച്ചവര്‍ക്കായും മരിച്ചവരോടുമുള്ള പ്രാര്‍ത്ഥനകള്‍ വളരെക്കാലം മുമ്പുതൊട്ടേ നിലവിലിരുന്നു എന്നാണ് പ്രാചീന മതങ്ങളിലെ പിതൃപൂജ വ്യക്തമാക്കുന്നത്.

യഹൂദ വിശ്വാസത്തില്‍, മരിച്ചവര്‍ക്കായുള്ള പ്രാര്‍ത്ഥനകള്‍ വളരെ വൈകിമാത്രമാണ് നാം കാണുന്നത്. മരണത്തോടെ സര്‍വ്വവും അവസാനിച്ചുവെന്നും മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതും അവരെയോര്‍ത്തു വിലപിക്കുന്നതും ബുദ്ധിശൂന്യമാണെന്നും ആദിമ യഹൂദര്‍ വിശ്വസിച്ചു. എന്നാല്‍ പില്‍ക്കാലത്ത് യഹൂദമതത്തില്‍, മരണാനന്തര ജീവിതത്തിലുള്ള വിശ്വാസം നാം കാണുന്നു (2 മക്ക 12:34-49). മരിച്ചവരെ പ്രാര്‍ത്ഥനകൊണ്ട് സഹായിക്കാമെന്ന വിശ്വാസവും ക്രമേണ യഹൂദ മതത്തില്‍ വേരൂന്നിവരുന്നതായിക്കാണാം.

ആദിമ സഭയില്‍

ആദിമ ക്രൈസ്തവര്‍ തങ്ങളുടെ മരിച്ചവര്‍ക്കായി പ്രാര്‍ത്ഥിച്ചിരുന്നു. മരിച്ചവരുടെ കുഴിമാടങ്ങളില്‍ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ അര്‍പ്പിച്ചിരുന്ന പതിവ് അവര്‍ക്കിടയിലുണ്ടായിരുന്നു എന്നതിന് 867-ലെ ടൂര്‍സ് കൗണ്‍സിലിന്‍റെ പ്രഖ്യാപനം സാക്ഷ്യം നല്‍കുന്നു. കൗണ്‍സില്‍ ഇതിനെ നിരോധിച്ചു. ശരീരത്തില്‍ നിന്ന് വേര്‍പെടുന്ന ആത്മാവ് നിത്യവിശ്രമത്തിലേക്ക് പ്രവേശിക്കുന്നു. എന്ന ക്രൈസ്തവ വിശ്വാസം ആദിമസഭയില്‍ പ്രകടമായി കാണാം.

മരിച്ചവര്‍ക്കായുള്ള പ്രാര്‍ത്ഥന അപ്പസ്തോലികപാരമ്പര്യത്തില്‍ തന്നെ ഉള്ളതാണെന്നും, മരിച്ചവര്‍ക്കായി വി. കുര്‍ബ്ബാനയില്‍ പ്രാര്‍ത്ഥിക്കുകയും അവര്‍ക്കായി ദാനധര്‍മ്മങ്ങള്‍ ചെയ്യുകയും ആവശ്യമാണെന്നും വി. ക്രിസോസ്റ്റം പഠിപ്പിക്കുന്നു. വിശുദ്ധ സിപ്രിയാന്‍ തന്‍റെ സുഹൃത്തിനെഴുതിയ ഒരു കത്തില്‍, തങ്ങളില്‍ ആദ്യം മരിക്കുന്നയാള്‍ക്കുവേണ്ടി ഇതരന്‍ പ്രാര്‍ത്ഥിക്കണമെന്നു ഉടമ്പടി നടത്തുന്നതായി കാണാം. ആദിമകാലം തൊട്ടുള്ള എല്ലാ ആരാധനാക്രമങ്ങളിലും മരിച്ചവര്‍ക്കായുള്ള പ്രാര്‍ത്ഥനകള്‍ അടങ്ങിയിരുന്നു. ഉദാഹരണത്തിന് ഏഴാം നൂറ്റാണ്ടില്‍ നിലവിലിരുന്ന വി. ബേസിലിന്‍റെ ആരാധനാക്രമത്തില്‍ ഇപ്രകാരം കാണുന്നു. കര്‍ത്താവെ അവിടുത്തെ വിശുദ്ധരുടെ ഓര്‍മ്മ ഞങ്ങള്‍ ആചരിക്കുകയെന്നത് അവിടുത്തെ പ്രിയപുത്രന്‍റെ കല്‍പനയാണല്ലോ. ആദിമുതലേ അങ്ങേ പ്രസാദിപ്പിച്ചിരുന്ന ഞങ്ങളുടെ പിതാക്കന്മാരെയും പ്രവാചകന്മാരെയും അങ്ങോര്‍ക്കേണമെ........ അപ്രകാരം തന്നെ ഞങ്ങള്‍ക്കു മുമ്പേ നിത്യവിശ്രമത്തിനായി വിടവാങ്ങിയ എല്ലാവരേയും-വൈദികരെയും എല്ലാ തലങ്ങളിലുമുള്ള അത്മായരെയും അങ്ങോര്‍ക്കേണമെ. ദു:ഖങ്ങളും വേദനകളും ഇല്ലാത്തജലം നിറഞ്ഞ പുല്‍പ്പരപ്പില്‍, അബ്രാഹത്തിന്‍റെയും ഇസഹാക്കിന്‍റെയും യാക്കോബിന്‍റെയും മടിയില്‍, അവര്‍ക്ക് വിശ്രമം നല്‍കേണമെ, ശുദ്ധീകരണത്തെക്കുറിച്ചുള്ള പഠനം തന്നെ മരിച്ചവരുടെ ആത്മാക്കള്‍ക്കായുള്ള പ്രാര്‍ത്ഥനയുടെ പാരമ്പര്യത്തില്‍ നിന്നത്രെ. 10-ാം നൂറ്റാണ്ടിന്‍റെ അവസാനം മുതല്‍ സകല മരിച്ചവരുടെയും തിരുനാള്‍ സഭയില്‍ ആഘോഷിക്കപ്പെടുന്നു.

വിശ്വാസികള്‍ക്ക് മരിച്ചവരുടെ ആത്മാക്കളെ തങ്ങളുടെ പ്രാര്‍ത്ഥനകളാലും സല്‍പ്രവൃത്തികളാലും സഹായിക്കാനാകും. വിശുദ്ധരുടെ ഐക്യം എന്ന വിശ്വാസസത്യത്തില്‍നിന്ന് ഇത് വ്യക്തമാണ്. ക്രിസ്തുവിന്‍റെ രക്ഷാകരമായ പെസഹാരഹസ്യത്തിലൂടെ എല്ലാവര്‍ക്കും രക്ഷ കൈവന്നിരിക്കുന്നു. ഈ രക്ഷ ഓരോരുത്തരും സ്വന്തമാക്കുന്നത് സഭയുടെ കൗദാശിക ജീവിതത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയുമത്രെ. സഭയാകുന്ന വലിയ കൂട്ടായ്മയില്‍ ഒരംഗത്തിനു മറ്റൊരാളെ തന്‍റെ  പ്രാര്‍ത്ഥ കൊണ്ടു സഹായിക്കാനാവും. സ്വര്‍ഗ്ഗപ്രാപ്തി നേടിയ ആത്മാക്കള്‍ക്ക് തങ്ങളുടെ മാദ്ധ്യസ്ഥ്യംവഴി ശുദ്ധീകരണത്തിലെയും ഭൂമിയിലെയും സഭയെ സഹായിക്കാനാവും. എങ്കിലും ശുദ്ധീകരാത്മാക്കള്‍ക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യാന്‍ അവര്‍ക്കാവില്ല. ഭൂമിയിലെ സമരസഭയ്ക്കാകട്ടെ തങ്ങളുടെ സഹോദരങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ മാത്രമല്ല അവര്‍ക്ക് വേണ്ടി പ്രായശ്ചിത്തം ചെയ്യുവാനും കഴിയും. ക്രിസ്തു ലോകത്തിന്‍റെ പാപപരിഹാരാര്‍ത്ഥം പീഡകള്‍ സഹിച്ചതുപോലെ ഓരോ ക്രൈസ്തവനും ക്രിസ്തുവിന്‍റെ പീഡകളോടുചേര്‍ത്ത് തങ്ങളുടെ പീഡകളും പാപപരിഹാരാര്‍ത്ഥം സമര്‍പ്പിക്കാന്‍ കഴിയും. ഇതിനാലാണ് വി. പൗലോസ് പറയുന്നത്. "നിങ്ങളെ പ്രതിയുള്ള പീഡകളില്‍ ഞാന്‍ സന്തോഷിക്കുന്നു. സഭയാകുന്ന തന്‍റെ ശരീരത്തെപ്രതി ക്രിസ്തുവിനു സഹിക്കേണ്ടി വന്ന പീഡകളുടെ കുറവ് എന്‍റെ ശരീരത്തില്‍ ഞാന്‍ നികത്തുന്നു (കൊളോ.1:24). നമ്മുടെ പ്രവൃത്തികള്‍മൂലം ഇതരരുടെ പാപങ്ങള്‍ക്ക് പരിഹാരം ചെയ്യാന്‍ കഴിയുമെങ്കിലും അവര്‍ക്കായി പൂര്‍ണ്ണത സമ്പാദിക്കാന്‍ (Merit) നമുക്ക് കഴിയില്ല. പുണ്യപൂര്‍ണ്ണത പ്രാപിക്കുവാന്‍ ഈ ലോകത്ത് മാത്രമെ കഴിയൂ. പ്രാര്‍ത്ഥന അതില്‍തന്നെ പൂര്‍ണ്ണതയോ (Merit) പ്രായശ്ചിത്തമോ (Satisfation) ആകുന്നില്ല. അത് കേവലം ഒരു അഭ്യര്‍ത്ഥന, ഒരു യാചന മാത്രമാണ്. എല്ലാ ആത്മാക്കള്‍ക്കും ഇത് സാദ്ധ്യവുമത്രെ. എന്നാല്‍ ലോകത്തില്‍ ജീവിച്ചിരിക്കുന്ന സഭയ്ക്കു മാത്രമേ പ്രായശ്ചിത്ത പ്രവൃത്തികള്‍ വഴി ശുദ്ധീകരാത്മാക്കളെ സഹായിക്കാനാവൂ. ഇതില്‍ നിന്ന് ശുദ്ധീകരാത്മാക്കള്‍ക്കായി നാം പ്രാര്‍ത്ഥിക്കേണ്ടതിന്‍റെ ആവശ്യകത വ്യക്തമാണല്ലോ. നമ്മുടെ ഓരോ സല്‍പ്രവൃത്തിയും ശുദ്ധീകരാത്മാക്കള്‍ക്ക് ഉപകരിക്കും. മാത്രവുമല്ല. വി. കുര്‍ബ്ബാനയും ദണ്ഡവിമോചനങ്ങളും നമുക്കു മാത്രമെ ഉപയോഗിക്കാനാവൂ. ഭൂമിയിലെ സമര സഭയെപ്പോലെതന്നെ ശുദ്ധീകരാത്മാക്കളും തങ്ങളുടെ തീര്‍ത്ഥാടനത്തിലാണ്. മാത്രവുമല്ല, ശുദ്ധീകരാത്മാക്കള്‍ക്കായുള്ള പ്രാര്‍ത്ഥനകള്‍ പാപത്തിന്‍റെ കാഠിന്യത്തെയും അതിനനുഭവിക്കേണ്ടിവരുന്ന ശിക്ഷയേയുംപറ്റി നമ്മെ ബോധവാന്മാരാക്കുന്നു. നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് അവരുടെ മരണശേഷവും എന്തെങ്കിലും നന്മ ചെയ്യാന്‍ നമുക്കു കഴിയുന്നു എന്നതും നമ്മെ സംബന്ധിച്ചിടത്തോളം സന്തോഷപ്രദമാണ്.

ശുദ്ധീകരാത്മാക്കളെ എങ്ങനെ സഹായിക്കാം

മൂന്നുവിധത്തില്‍ ശുദ്ധീകരാത്മാക്കളെ നമുക്ക് സഹായിക്കാനാവും.

 പ്രാര്‍ത്ഥനകളും ദണ്ഡവിമോചനങ്ങളും:-

വി. കുര്‍ബ്ബാനയില്‍ പലതവണ നാം മരിച്ചവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നുണ്ട്. മരിച്ചവരുടെ ഒപ്പീസും മരിച്ചവര്‍ക്കായുള്ള തിരുക്കര്‍മ്മങ്ങളും ശുദ്ധീകരാത്മാക്കള്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥനകളാണ്. പ്രധാനപ്പെട്ട മറ്റൊരു സഹായമത്രെ ദണ്ഡവിമോചനങ്ങള്‍. ദണ്ഡവിമോചനങ്ങള്‍, സഭയുടെ പ്രസാദവര നിക്ഷേപങ്ങളില്‍നിന്ന് വിശ്വാസികള്‍ക്കു ലഭിക്കുന്ന ദാനങ്ങളാണ്. ഒരുവന് തന്‍റെ ഭൗതീക സമ്പാദ്യങ്ങള്‍ മറ്റൊരാളിന് നല്‍കുവാന്‍ കഴിയുന്നതുപോലെ തന്നെ ആദ്ധ്യാത്മിക നിക്ഷേപങ്ങളും ഇതരര്‍ക്കായി നേടാനും താന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് നല്‍കാനും കഴിയുമെന്ന് സഭ വിശ്വസിക്കുന്നു.

ദാനധര്‍മ്മങ്ങളും പ്രായശ്ചിത്ത പ്രവൃത്തികളും:-

ദാനധര്‍മ്മങ്ങള്‍ അതില്‍തന്നെ പ്രായശ്ചിത്തം ഉള്‍ക്കൊള്ളുന്നു. വി. ഗ്രന്ഥത്തില്‍ പലേടത്തും ദാനധര്‍മ്മം പാപപരിഹാരമാര്‍ഗ്ഗമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. ഭൗതീക ദാനധര്‍മ്മങ്ങള്‍ പോലെ തന്നെ ആത്മീയദാനങ്ങളും ആശയടക്കങ്ങള്‍ പരിത്യാഗ പ്രവൃത്തികള്‍ തുടങ്ങിയവ ശുദ്ധീകരാത്മാക്കള്‍ക്കായി കാഴ്ചവെയ്ക്കാവുന്നതാണ്.

വി. കുര്‍ബ്ബാന:-

കാല്‍വരിയിലെ പാപപരിഹാരബലിയുടെ പുനരാവിഷ്ക്കാരണമാണല്ലോ വി. കുര്‍ബ്ബാന. ഇക്കാരണത്താല്‍ ഓരോ ബലിയര്‍പ്പണത്തിലൂടെയും ക്രിസ്തുവിന്‍റെ രക്ഷാകര ദാനങ്ങള്‍ സഭയ്ക്ക് നല്‍കപ്പെടുന്നു. ഈ ദാനങ്ങള്‍ ശുദ്ധീകരാത്മാക്കള്‍ക്ക് ഉപകരിക്കും.

നമ്മുടെ പ്രാര്‍ത്ഥനകള്‍ എങ്ങനെ ശുദ്ധീകരാത്മാക്കള്‍ക്ക് ഉപകരിക്കുന്നു

ഭൂമിയിലെ 'സമരസഭയ്ക്ക്' തങ്ങളുടെ പ്രാര്‍ത്ഥനകളാല്‍ ശുദ്ധീകരാത്മാക്കളെ സഹായിക്കാന്‍ കഴിയും എന്ന് സഭ ഔദ്യോഗികമായി പഠിപ്പിക്കുന്നു. എന്നാല്‍ എപ്രകാരം ഈ പ്രാര്‍ത്ഥനകള്‍ അവര്‍ക്കുപകരിക്കുന്നു എന്നതിനെക്കുറിച്ച് നമുക്ക് വ്യക്തമായി യാതൊന്നും അറിഞ്ഞുകൂടാ. ശുദ്ധീകരണത്തെ സമയബദ്ധിതമായി പരിഗണിക്കുന്നവരുടെ അഭിപ്രായത്തില്‍, പ്രാര്‍ത്ഥനകള്‍ ശുദ്ധീകരശിക്ഷയുടെ കാലദൈര്‍ഘ്യം കുറയ്ക്കുന്നതിനുപകരിക്കുന്നു. സഭ ഇതിനെക്കുറിച്ച് വ്യക്തമായി ഒന്നും പറഞ്ഞിട്ടില്ല. മരണത്തില്‍തന്നെയാണ് ശുദ്ധീകരണം നടക്കുന്നതെന്ന് വിചാരിക്കുന്നപക്ഷം പ്രാര്‍ത്ഥനകള്‍ ശുദ്ധീകരണത്തിന്‍റെ കാഠിന്യം കുറയ്ക്കാന്‍ ഉപകരിക്കുന്നുവെന്നു കാണാം. ദൈവത്തെ അഭിമുഖീകരിക്കുന്ന നിമിഷത്തില്‍ തങ്ങളുടെ സഹായത്തിന് മറ്റുള്ളവരുടെ പ്രാര്‍ത്ഥനകള്‍ ഉണ്ട് എന്നത് ഒരുവന് കൂടുതല്‍ ആത്മധൈര്യം പ്രദാനം ചെയ്യും. ശുദ്ധീകരാത്മാക്കള്‍ക്ക് നമ്മുടെ പ്രാര്‍ത്ഥനകള്‍ ഉപകാരപ്പെടുന്നത് വിശുദ്ധരുടെ ഐക്യം മൂലമാണ്. മരിച്ചവരും ജീവിച്ചരിക്കുന്നവരും ഒരേ സഭാശരീരത്തിലെ അംഗങ്ങളാകയാല്‍ പരസ്പരം സഹായിക്കാന്‍ കഴിയും. ജീവിച്ചിരിക്കുന്നവരുടെ പ്രായശ്ചിത്തപ്രവൃത്തികളും ദണ്ഡവിമോചനങ്ങളും പരേതരുടെ കാലികശിക്ഷയുടെ കടം ആയാസരഹിതമായി വീട്ടാന്‍ ഉപകരിക്കുന്നു. എങ്കിലും അവര്‍ക്ക് പുണ്യാഭിവൃദ്ധി കൈവരുത്താന്‍ (മെറിറ്റ്) സാദ്ധ്യമല്ല.

 കാള്‍ റാനര്‍:-

കാള്‍ റാനറുടെ അഭിപ്രായത്തില്‍ ശുദ്ധീകരണം പക്വതപ്രാപിക്കലാണല്ലോ. ഈ പക്വത പ്രാപിക്കലിന് ദൈവപ്രസാദവരം ആവശ്യമാണ്. ഈ പ്രസാദവരലബ്ധിക്ക് മാദ്ധ്യസ്ഥ്യം വഹിക്കുകയാണ് പ്രാര്‍ത്ഥനകള്‍ ചെയ്യുക. ഇതുവഴി തെറ്റുകളും അപൂര്‍ണ്ണതകളും കൂടുതല്‍ വ്യക്തമായും കൂടുതല്‍ ആഴത്തിലും കാണാനുള്ള ആന്തരിക പ്രകാശം ഒരുവനു ലഭിക്കുന്നു. മാത്രവുമല്ല ഇവയെ നശിപ്പിക്കാന്‍ പോരുന്ന ശക്തമായ ശുദ്ധീകരസ്നേഹം ഉണര്‍ത്താനുള്ള പ്രചോദനവും നല്‍കാന്‍ പ്രാര്‍ത്ഥനകള്‍ ഉപകരിക്കുന്നു.

ദണ്ഡവിമോചനങ്ങള്‍ കടം തീര്‍ക്കാനുതകുന്ന വസ്തുക്കളോ, ശിക്ഷ ഇല്ലാതാക്കുന്ന കുറുക്കുവഴികളോ അല്ല, മറിച്ച് കൂടുതല്‍ കഠിനതരവും നിരന്തരവും, മൂല്യവത്തുമായ പ്രായശ്ചിത്തം അനുഷ്ഠിക്കാന്‍ സഭ നല്‍കുന്ന സഹായങ്ങളാണ്. ഇത്തരം സഹായങ്ങള്‍ പ്രായശ്ചിത്തം അനുഷ്ഠിക്കാന്‍ വ്യക്തിക്ക് കൂടുതല്‍ കരുത്തേകുന്നു. ദണ്ഡവിമോചനം പ്രാപിക്കുന്ന ജീവിച്ചിരിക്കുന്ന വ്യക്തിയുടെയും അതു നല്‍കപ്പെടുന്ന മരിച്ച വ്യക്തിയുടെയും പുണ്യയോഗ്യതയ്ക്കനുസൃതമായാണ് ആത്മാവില്‍ ഇത് പ്രവര്‍ത്തിക്കുന്നത്.

 ബോറോസ്:-

ബോറോസിന്‍റെ പഠനമനുസരിച്ച് ശുദ്ധീകരണം മരണത്തില്‍ തന്നെ നടക്കുന്നുവെന്നു നാം കണ്ടു. അപ്പോള്‍ എങ്ങനെ നമ്മുടെ പ്രാര്‍ത്ഥനകള്‍ പരേതര്‍ക്ക് ഉപകരിക്കും? മരിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞശേഷവും നമ്മുടെ പ്രിയപ്പെട്ടവര്‍ക്കായി പ്രാര്‍ത്ഥിക്കാറുണ്ടല്ലോ? ഇതിന് ബോറോസ് രണ്ടു മറുപടി നല്‍കുന്നുണ്ട്.

അദ്ദേഹത്തിന്‍റെ ആദ്യ മറുപടി സഭയില്‍ നിലവിലുള്ള തിരുഹൃദയ ഭക്തിയെ ആധാരമാക്കിയാണ്. തിരുമണിക്കൂര്‍ എന്നറിയപ്പെടുന്ന ഈ തിരുഹൃദയഭക്തിയില്‍ നാം ലക്ഷ്യംവെക്കുന്നത് ഗദ്സമനിയില്‍ കഠിനപീഡയനുഭവിച്ച കര്‍ത്താവിന് തങ്ങളുടെ പ്രാര്‍ത്ഥനയാല്‍ സ്നേഹവും ആശ്വാസവും നല്‍കുക എന്നതാണ്. പ്രാര്‍ത്ഥന ഒരിക്കലും, അതിന്‍റെ ലക്ഷ്യത്തില്‍, സ്ഥലകാലബദ്ധമല്ല എന്ന വസ്തുതയിലേക്ക് ഈ ഭക്ത്യാഭ്യാസം വിരല്‍ചൂണ്ടുന്നുണ്ട്. ഇപ്പോള്‍ നാം പ്രദര്‍ശിപ്പിക്കുന്ന സ്നേഹം കര്‍ത്താവിന് ആശ്വാസമേകുന്നുവെങ്കില്‍ ഈ തത്വം ശുദ്ധീകരാത്മാക്കള്‍ക്കായുള്ള പ്രാര്‍ത്ഥനയുടെ കാര്യത്തിലും ശരിയാണ്.

താത്വികമായ മറുപടിയും അദ്ദേഹം നല്‍കുന്നുണ്ട്. മരണത്തോടെ നിത്യത ആരംഭിക്കുന്നതിനാല്‍ മരണാനന്തരം ഭൗമികസമയം ഇല്ല. നിത്യനായ ദൈവത്തിനു ഭൂതവും വര്‍ത്തമാനവും ഭാവിയുമെല്ലാം ഒന്നുതന്നെ. മറ്റുവാക്കില്‍ നൂറുവര്‍ഷം കഴിഞ്ഞ് നടക്കാനിരിക്കുന്ന സംഭവവും നൂറുവര്‍ഷം മുമ്പു നടന്ന സംഭവവുമെല്ലാം ദൈവത്തിന്, (നിത്യതയിലേക്ക് പ്രവേശിക്കുന്ന ആത്മാക്കള്‍ക്കും) വര്‍ത്തമാനകാലത്തുതന്നെ നടക്കുന്നു. ഇക്കാരണത്താല്‍ വിശ്വാസികളുടെ പ്രാര്‍ത്ഥന, അവ മരണത്തിനു മുമ്പോ, മരണത്തിന് ശേഷമോ എപ്പോള്‍ ആയാലും ആത്മാവിന് ഒരുപോലെ ഉപകരിക്കുന്നു. അതായത് മരണനിമിഷവും പ്രാര്‍ത്ഥനയുടെ നിമിഷവും അനന്തതയില്‍ സമയ വ്യത്യാസമില്ലാത്തതായിത്തീരുന്നു. ഈ പ്രാര്‍ത്ഥനകളുടെ ഫലമായി ശുദ്ധീകരണത്തിന്‍റെ പീഡകള്‍ സന്തോഷപൂര്‍വ്വം സഹിക്കാന്‍ ആത്മാക്കള്‍ക്ക് കരുത്തും സന്മനസ്സും ലഭ്യമാകുന്നു.

ശുദ്ധീകരണം ഒഴിവാക്കാനാവുമോ?

എല്ലാ മനുഷ്യരും പാപികളായാലും പാപക്കറ പ്രായശ്ചിത്ത പ്രവൃത്തികളാല്‍ കഴുകിക്കളയാതെ സ്വര്‍ഗ്ഗസായൂജ്യം അസാദ്ധ്യമാകയാലും എല്ലാ മനുഷ്യരും ശുദ്ധീകരണത്തിന് വിധേയരായേ തീരൂ. എന്നാല്‍ ലോകത്തില്‍ വെച്ചുതന്നെ ഒരുവന് പ്രായശ്ചിത്ത പ്രവൃത്തികളാലും പീഡാനുഭവങ്ങളാലും, തന്‍റെ ശുദ്ധീകരണം നടത്തുവാന്‍ സാധിക്കും. സഭ തന്‍റെ പ്രസാദവരങ്ങളിലൂടെയും ദണ്ഡവിമോചനങ്ങളിലൂടെയും അവനെ തന്‍റെ ശുദ്ധീകരണ പ്രക്രിയയില്‍ ഈലോകത്തുവെച്ചു തന്നെ സഹായിക്കുന്നു. തത്ഫലമായി മരണാനന്തര ശുദ്ധീകരണം കൂടാതെ തന്നെ വിശുദ്ധര്‍ക്ക് സ്വര്‍ഗ്ഗപ്രാപ്തി ലഭിക്കുന്നു. ചില വിശുദ്ധരുടെ വെളിപാടുകള്‍ ഈ വസ്തുത ചൂണ്ടിക്കാട്ടുന്നുണ്ട്. പാപരഹിതമായി ജീവിക്കുകയാണ് ശുദ്ധീകരണം ഒഴിവാക്കാന്‍ ഏറ്റം എളുപ്പവഴി. മാമ്മോദീസ, രക്തസാക്ഷിത്വം, അടുക്കലടുക്കലുള്ള കുമ്പസാരം, ദണ്ഡവിമോചനങ്ങള്‍, വി. കുര്‍ബ്ബാന സ്വീകരണം, രോഗീലേപനം ജീവിച്ചിരിക്കുന്നവര്‍ക്കായുള്ള വി. കുര്‍ബ്ബാനയര്‍പ്പണം, സന്യാസം തുടങ്ങിയവ, പ്രായശ്ചിത്തപൂര്‍ണ്ണമായ ജീവിതം നയിക്കുന്നതിനും അതുവഴി മരണാനന്തര ശുദ്ധീകരണം (അഥവാ, മരണത്തിലുള്ള ശുദ്ധീകരണം) ഒഴിവാക്കുന്നതിനും ഒരുവന് ഉപകരിക്കുന്നു.

 ശുദ്ധീകരണവും 'ലിംബോ'യും

ലിംബോ എന്ന പദത്തിന് അതിര്‍ത്തി എന്നാണ് വാച്യാര്‍ത്ഥം. മാമ്മോദീസ സ്വീകരിക്കാത്തവരും മാമ്മോദീസയ്ക്ക് മുമ്പ് മരിക്കുന്ന ശിശുക്കളും വസിക്കുന്ന സ്ഥലത്തെ ലിംബോ എന്നു മുന്‍കാലങ്ങളില്‍ വിളിച്ചിരുന്നതായി നാം കാണുന്നു. മാമ്മോദീസ സ്വീകരിക്കാത്ത ആത്മാക്കള്‍ വസിക്കുന്ന ഒരിടത്തെക്കുറിച്ച് വി. ഗ്രന്ഥത്തിലോ സഭാപാരമ്പര്യത്തിലോ വ്യക്തമായ പഠനങ്ങളില്ല. മാമ്മോദീസ സ്വീകരിച്ചവരും സഭയുടെ അംഗങ്ങളും മാത്രമേ രക്ഷപ്രാപിക്കൂ എന്ന് ആദിമസഭ വിശ്വസിച്ചിരുന്നെങ്കിലും പെലാജിയന്‍ പാഷണ്ഡതയോടെ മാത്രമാണ് ലിംബോയെക്കുറിച്ച് പഠനങ്ങള്‍ ഉണ്ടായിട്ടുള്ളത്. ക്രിസ്തുവിന്‍റെ ആത്മാവ് കല്ലറയില്‍ ശയിച്ചപ്പോള്‍ ലിംബോയില്‍ ഇറങ്ങിയെന്നും നോഹയുടെ കാലം മുതല്‍ അവിടെ അടയ്ക്കപ്പെട്ടിരുന്ന ആത്മാക്കളോട് സുവിശേഷം പ്രസംഗിച്ചുവെന്നും ചിലര്‍ വാദിക്കുന്നു. പത്രോസിന്‍റെ ലേഖനത്തിലെ "ആത്മാവോടു കൂടി ചെന്ന് അവന്‍ (ക്രിസ്തു) ബന്ധനസ്ഥരായ ആത്മാക്കളോട് സുവിശേഷം പ്രസംഗിച്ചു. അവരാകട്ടെ നോഹിന്‍റെ കാലത്ത് പെട്ടകം പണിയപ്പെട്ടപ്പോള്‍ ക്ഷമാപൂര്‍വ്വം കാത്തിരുന്ന് ദൈവത്തെ അനുസരിക്കാത്തവരായിരുന്നു" (1 പത്രോ. 3:19-20) എന്ന വാക്യമാണ് ഈ പഠനത്തിനാധാരം. എന്നാല്‍ ലിംബോയെക്കുറിച്ചാണ് ഇവിടെ വി. പത്രോസ് പരോക്ഷമായി പഠിപ്പിക്കുന്നത് എന്ന നിഗമനം പൂര്‍ണ്ണമായി ശരിയല്ല. മിക്ക വിശുദ്ധഗ്രന്ഥപണ്ഡിതന്മാരുടെയും അഭിപ്രായത്തില്‍, പത്രോസിന്‍റെ ലേഖനത്തിലെ മേലുദ്ധരിച്ച വാക്യം സൂചിപ്പിക്കുന്നത് സ്വര്‍ഗ്ഗത്തിലേക്ക് ആരോഹണം ചെയ്ത ക്രിസ്തു, തന്‍റെ വിജയം ബന്ധിതരായ ആത്മാക്കള്‍ക്ക് ദൃശ്യമാക്കി എന്നത്രെ. ക്രിസ്തു നോഹിന്‍റെ കാലത്തെ പാപികളോട് പാതാളത്തില്‍ചെന്ന് അനുതാപം പ്രസംഗിച്ചു; ക്രിസ്തു തന്‍റെ ദൈവിക അസ്തിത്വത്താല്‍ നോഹവഴി അക്കാലത്തെ മനുഷ്യരോട് സംസാരിച്ചു തുടങ്ങിയ വ്യാഖ്യാനങ്ങള്‍ ഈ വാക്യത്തെക്കുറിച്ച് നല്‍കപ്പെടുന്നുണ്ടെങ്കിലും ക്രിസ്തു സ്വര്‍ഗ്ഗത്തിലേക്ക് തന്നെയാണ് പോയതെന്ന് മൂന്നാം അദ്ധ്യായം 23-ാം വാക്യം വ്യക്തമായി പറയുന്നുണ്ട്. 'ബന്ധിതരായ ആത്മാക്കള്‍' മരിച്ചവരെയല്ല, പ്രത്യുത സ്വര്‍ഗ്ഗത്തിലെ മാലാഖമാരെയാണ് ദ്യോതിപ്പിക്കുന്നത്.  'മരിച്ചവര്‍ മനുഷ്യപുത്രന്‍റെ സ്വരം ശ്രവിക്കുന്ന സമയം വരും, അതു ശ്രവിക്കുന്നവര്‍ ജീവിക്കും' എന്ന ക്രിസ്തുവിന്‍റെ വചനവും (യോഹ. 5:25-28) ലിംബോയെ എന്നതിലേറെ ദൈവികവിധിയെയത്രെ സൂചിപ്പിക്കുക. വിശ്വാസപ്രമാണത്തിലെ "പാതാളങ്ങളിലിറങ്ങി" എന്ന പ്രസ്താവന ക്രിസ്തു അവിടെ നടത്തിയ സുവിശേഷപ്രഘോഷണത്തെ, അതായത് പരിത്രാണകര്‍മ്മംമൂലം ജന്മപാപത്തില്‍നിന്ന് പാതാളവാസികള്‍ക്ക് ലഭിച്ച വിമുക്തിയെ സംബന്ധിക്കുന്നതായിരുന്നു എന്ന ചിലരുടെ അഭിപ്രായവും ശരിയല്ല. ക്രിസ്തു തന്‍റെ പെസഹാരഹസ്യത്തില്‍ ഏറ്റുവാങ്ങിയ സമ്പൂര്‍ണ്ണ ന്യൂനീകരണത്തിന്‍റെ പ്രഖ്യാപനമാണിത്. മനുഷ്യനായ അവിടുന്ന് മനുഷ്യന്‍റെ ഏറ്റവും വലിയ ശൂന്യതയായ മരണത്തിനും പൂര്‍ണ്ണമായി വിധേയനായി. അങ്ങിനെ മനുഷ്യാവതാരത്തിലെ സ്വയം ശൂന്യമാക്കല്‍ അതിന്‍റെ പരമകാഷ്ഠത്തിലെത്തിയിരിക്കുന്നു എന്നാണ് ഈ വാക്കുകള്‍ സൂചിപ്പിക്കുന്നത്.

മാമ്മോദീസ സ്വീകരിക്കാത്തവര്‍ക്ക് നരകശിക്ഷ ലഭിക്കുന്നു എന്ന വിശുദ്ധ ആഗസ്തിനോസിന്‍റെ അഭിപ്രായം മദ്ധ്യയുഗംവരെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. കാന്‍റര്‍ബറിയിലെ വി. ആന്‍സലമും സ്ക്കോളാസ്റ്റിക്ക് ചിന്തകരും ഇത്തരം ആത്മാക്കള്‍ക്ക് പാതാളം എന്നൊരു താല്‍ക്കാലിക 'സ്ഥലം' ഉണ്ടെന്നു പഠിപ്പിച്ചു. ഇവിടെ ദൈവദര്‍ശനം (Beatific vision)  ഇല്ലെങ്കിലും സ്വാഭാവിക സന്തോഷത്തിന്‍റെ അത്യുദാത്തമായ തലത്തിലാണവര്‍. അന്ത്യവിധിയില്‍ ഇവര്‍ക്ക് സ്വര്‍ഗ്ഗസായൂജ്യം ലഭിക്കുന്നു. മാമ്മോദീസ ഇല്ലാതെ ദൈവരാജ്യത്തില്‍ പ്രവേശിക്കാനാവില്ല എന്ന സുവിശേഷപഠനത്തെ അധികരിച്ച് 'നിത്യജീവന്‍', 'ദൈവരാജ്യം' എന്നവ്യത്യസ്തമായ രണ്ടു പഠനങ്ങള്‍ സ്ക്കോളാസ്റ്റിക്ക് ചിന്തകര്‍ രൂപപ്പെടുത്തുന്നു. മാമ്മോദീസ സ്വീകരിക്കാത്തവര്‍ക്ക് ദൈവരാജ്യം നിഷേധിക്കപ്പെട്ടിരിക്കുന്നുവെങ്കിലും ക്രിസ്തുവിന്‍റെ പ്രത്യേക കരുണയാല്‍ നിത്യജീവന്‍ സംലഭ്യമാകുന്നു. സ്യൂഡൊഡെനീഷ്യസിന്‍റെ അഭിപ്രായത്തില്‍ ആദിപാപം ഒരു പോരായ്മയാകയാല്‍ (Privation) അതിനു ശിക്ഷ ലഭിച്ചേ തീരൂ. പീറ്റര്‍ അബലാഡിന്‍റെ അഭിപ്രായത്തില്‍ ഈ ശിക്ഷ ദൈവസായൂജ്യനിഷേധമാണ്. തോമസ് അക്വിനാസ് നാലുതലങ്ങളുള്ള ശിക്ഷാസംവിധാനമാണ് രൂപപ്പെടുത്തുന്നത്. നരകം, പാതാളം, ശുദ്ധീകരസ്ഥലം, പിതാക്കളുടെ പാതാളം സ്വാരസ്സിന്‍റെ അഭിപ്രായത്തില്‍ സാര്‍വ്വത്രിക ഉയിര്‍പ്പിന്‍റെ ദിനത്തില്‍ ലിംബോയിലുള്ള ആത്മാക്കള്‍ പക്വത പ്രാപിച്ചവരായിത്തീരുന്നു.

നവീകരണ കാലഘട്ടത്തില്‍ ലൂഥര്‍ തുടങ്ങിയവര്‍ ലിംബോയുടെ അസ്തിത്വം നിഷേധിച്ചു. ഇത്തരം അഭിപ്രായങ്ങളെ സഭ ഔദ്യോഗികമായി സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്തിട്ടില്ല. എങ്കിലും ശിശുക്കളെ എത്രയും വേഗം ജ്ഞാനസ്നാനം ചെയ്യേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് സഭ ധാരാളം പഠനങ്ങള്‍ നല്‍കുന്നുണ്ട്.

ആധുനിക ദൈവശാസ്ത്രജ്ഞന്മാര്‍ പാതാളത്തിന്‍റെ അസ്തിത്വത്തെയും പ്രസക്തിയെയും തന്നെ ചോദ്യം ചെയ്യുന്നു. 'പാതാളം' ഇല്ല എന്നതിന് അവര്‍ മൂന്നു കാരണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. 1) എല്ലാ മനുഷ്യരും രക്ഷപ്പെടണമെന്ന ദൈവാഭിഷ്ടം 2) ക്രിസ്തുവിന്‍റെ പെസഹാരഹസ്യത്താല്‍ രക്ഷിക്കപ്പെട്ടിരിക്കുന്ന മനുഷ്യകുലത്തിന്‍റെ ഐക്യം 3) ജലത്താലുള്ള മാമ്മോദീസ കൂടാതെ തന്നെ ആഗ്രഹത്താലുള്ള മാമ്മോദീസ സ്വീകരിക്കുവാനുള്ള സാദ്ധ്യത. ഇതുവഴി ക്രിസ്തുവിനോടും അവിടുത്തെ സഭയോടും ഒരുവനു ഐക്യപ്പെടാനാകും. ഈ മൂന്നു കാരണങ്ങളാല്‍ പാതാളത്തിന്‍റെ സാദ്ധ്യത നിഷേധിക്കാനാവുമെങ്കിലും ഇക്കാര്യത്തില്‍ തീര്‍ച്ച കല്‍പിക്കാന്‍ കഴിയില്ല. മാത്രവുമല്ല ദൈവിക സത്യങ്ങളില്‍ വിധിതീര്‍പ്പ് കല്‍പ്പിക്കാന്‍ വി. ഗ്രന്ഥമെന്നതുപോലെ തന്നെ പാരമ്പര്യവും, സഭയുടെ പഠനവും തുല്യപ്രാധാന്യമുള്ളവയാണ്. സഭയില്‍ ദീര്‍ഘകാലമായി നിലവിലിരുന്ന ഒരു പാരമ്പര്യം അപ്പടി നിഷേധിക്കുന്നത് ഔചിത്യമാകണമെന്നില്ല. എങ്കിലും ആധുനിക ദൈവശാസ്ത്രജ്ഞന്മാര്‍ ചൂണ്ടികാണിക്കുന്നതുപോലെ, ഒരുവന്‍ ദൈവത്തിനായോ ദൈവത്തിനെതിരായോ ആത്യന്തിക തീരുമാനം നടത്തുമ്പോള്‍ ഒരു പക്വതയാര്‍ന്ന വ്യക്തിയായാണ് നിര്‍വ്വഹിക്കുക എന്ന നിഗമനം വളരെയധികം അനാവശ്യ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. തങ്ങളുടെ കുറ്റം കൊണ്ടല്ലാതെ മാമ്മോദീസ സ്വീകരിക്കാന്‍ കഴിയാതെ മരിക്കുന്നവര്‍ ദൈവനീതിയുടെയും അനന്തദയാവായ്പിന്‍റെയും മുമ്പില്‍ കാരുണ്യവും സ്നേഹവും രക്ഷയും കണ്ടെത്തുമെന്ന് വിശ്വസിക്കുകയാണ് ഇവിടെ ഏറ്റവും കരണീയം. ലിംബോയുടെ അസ്തിത്വം ഒരു വിശ്വാസസത്യമായി സഭ പഠിപ്പിക്കുന്നില്ല എന്നതും ഇവിടെ ശ്രദ്ധേയമാണല്ലോ.

 ഉപസംഹാരം

മരിച്ചവര്‍ക്കായുള്ള പ്രാര്‍ത്ഥനകളും പ്രായശ്ചിത്തപ്രവൃത്തികളും മിക്ക മതങ്ങളുടെയും പ്രത്യേകതയാണ്. എങ്കിലും മരണാനന്തരം ആത്മാക്കളുടെ അവസ്ഥയെന്താണ് എന്നതിനെക്കുറിച്ച് വ്യത്യസ്ത ധാരണകളാണ് ഓരോ കാലഘട്ടത്തിലെയും ജനങ്ങള്‍ വെച്ചുപുലര്‍ത്തിപ്പോന്നത്. മരണാനന്തര സ്വര്‍ഗ്ഗസായൂജ്യത്തിനു മുമ്പായി ആത്മാക്കള്‍ കഠിനമായ ഒരു ശുദ്ധീകരണത്തിന് വിധേയരാകേണ്ടതുണ്ട് എന്ന വിശ്വാസം മദ്ധ്യയുഗ ക്രിസ്തുമതത്തില്‍ വ്യക്തമായി കാണാം. അന്ത്യനിമിഷം വരെ പശ്ചാത്തപിക്കുവാന്‍ വിസമ്മതിച്ച ആത്മാക്കള്‍ തങ്ങള്‍ ഭൂമിയില്‍ ജീവിച്ചിരുന്നിടത്തോളം കാലം ശുദ്ധീകരണമണ്ഡലത്തില്‍ കാത്തുകിടന്നശേഷമെ സ്വര്‍ഗ്ഗപ്രാപ്തിക്കര്‍ഹരാകൂ എന്ന് ദാന്തെയുടെ 'ഡിവൈന്‍ കോമഡി' പറയുമ്പോള്‍ 14-ാം നൂറ്റാണ്ടിലെ വിശ്വാസമാണിവിടെ പ്രതിഫലിക്കുക.

ശുദ്ധീകരണം പലപ്പോഴും സ്ഥലബദ്ധമായി ദര്‍ശിക്കപ്പെട്ടിരുന്നു. ദാന്തെയുടെ 'ഡിവൈന്‍ കോമഡി'യിലെ ടൈബര്‍ നദീമുഖത്തുനിന്ന്  ആത്മാക്കളെയും വഹിച്ചുകൊണ്ടുള്ള പായ്ക്കപ്പലോടിച്ച് വരുന്ന മാലാഖയുടെ ചിത്രം ശ്രദ്ധേയമത്രെ. 'നട്ടെല്ലുവളയത്തക്കവിധം ചില കൂറ്റന്‍ പാറക്കല്ലുകളുടെ ഭാരം തലയില്‍ വഹിച്ചു നില്‍ക്കുന്നവര്‍, കണ്ണുകള്‍ തുന്നിക്കെട്ടി ചാക്കു തുണിക്കുപ്പായമണിഞ്ഞ് അന്ധയാചകരെപ്പോലെ കുത്തിയിരിക്കുന്നവര്‍ എപ്പോഴും അങ്ങുമിങ്ങും ഓടാന്‍ ശിക്ഷിക്കപ്പെട്ടവര്‍, തറയില്‍ കമിഴ്ന്നുവീണ് മുഖം മണ്ണിലമര്‍ത്തി കിടക്കുന്നവര്‍, കഠിന ഉപവാസമനുഷ്ഠിക്കുന്നവര്‍' - ഇവരെല്ലാം ശുദ്ധീകരണത്തിന്‍റെ പീഡകളെ വിളിച്ചറിയിക്കുന്നു. എന്നാല്‍ ദാന്തെയുടെ ശുദ്ധീകരണസ്ഥലം ലോകാതിശായിയായ സൗന്ദര്യത്തിന്‍റെ നികേതനവുമാണ്. ഡിവൈന്‍ കോമഡിയിലെ വിവരണം കേള്‍ക്കുക: "ആ കുന്നിന്‍റെ തലപ്പിലേക്ക് പെട്ടെന്നുള്ള കയറ്റമില്ലെങ്കിലും തെല്ലും നിരപ്പില്ലാത്തതും വൃത്താകൃതിയിലുള്ളതുമായ ഒരു മലമ്പാത ഞങ്ങളെ നയിച്ചുകൊണ്ടിരുന്നു. വൃക്ഷലതാഢ്യമായ ആ മലഞ്ചെരിവുകളുടെ വര്‍ണ്ണശബളിമ അവര്‍ണ്ണനീയമാണ്. പൊന്‍നിറം പൂശിയ വന്മരങ്ങള്‍, വെള്ളിലക്കാടുകള്‍, മഞ്ഞ, സ്ഫടിക നീലം, കടുംചുവപ്പ്, ചണക്കല്ലുവെച്ചു മിനുക്കിയ മരതകത്തിന്‍റെ വെട്ടിത്തിളങ്ങുന്ന ഹരിതവര്‍ണ്ണം എന്നിങ്ങനെ മനുഷ്യന്‍റെ പരിചയ സീമയില്‍പ്പെട്ട എല്ലാ വര്‍ണ്ണഭംഗികളെയും... അധികരിക്കുന്ന വര്‍ണ്ണപ്പൊലിമയോടു കൂടിയ പച്ചപ്പുല്‍മേടുകളും കുങ്കുമപ്പൂങ്കാവനങ്ങളുംകൊണ്ട് ആ പര്‍വ്വതോത്സംഗം സമാലംകൃതമായിരുന്നു..." ഇത്തരം വിവരണങ്ങള്‍ ഭീതിയുടെയും ആശ്വാസത്തിന്‍റെതുമായ വ്യത്യസ്തഭാവങ്ങള്‍ മനുഷ്യഹൃദയങ്ങളില്‍ ഉണര്‍ത്താന്‍ ലക്ഷ്യംവെച്ചവയായിരുന്നു.

ശുദ്ധീകരണത്തെ സമയബദ്ധിതമായി പരിഗണിച്ചിരുന്നതായും നമുക്ക് കാണാന്‍ കഴിയും. (തെറ്റുകളുടെ എണ്ണമനുസരിച്ച് ശിക്ഷാദിവസങ്ങള്‍ കണക്കാക്കുന്ന രീതിയെക്കുറിച്ച് അന്യത്ര കണ്ടുവല്ലോ) സമയനിബദ്ധമായ ദണ്ഡവിമോചനങ്ങളും മരിച്ചവര്‍ക്കായുള്ള പ്രത്യേക നേര്‍ച്ചക്കുര്‍ബ്ബാനകളും പ്രചാരത്തില്‍ വന്നതോടെ ശുദ്ധീകരണത്തെക്കുറിച്ച് ഒട്ടേറെ അന്ധവിശ്വാസങ്ങളും ഉയര്‍ന്നുവന്നു. 16-ാം നൂറ്റാണ്ടില്‍ ഇതിനെതിരായി ഉയര്‍ന്ന പ്രതിഷേധ പ്രകടനമായിരുന്നു പ്രൊട്ടസ്റ്റന്‍റ് മതനവീകരണ പ്രസ്ഥാനം. എന്നാല്‍ മരിച്ചവര്‍ക്കായുള്ള പ്രാര്‍ത്ഥനകളും ദണ്ഡവിമോചനങ്ങളും അപ്പടി തള്ളിപ്പറയുകയാണ് ലൂഥര്‍ തുടങ്ങിയവര്‍ ചെയ്തത്. ഈ സമീപനം ശരിയല്ല. സഭയുടെ വിശ്വാസത്തില്‍ ഇതിനുശേഷവും ശുദ്ധീകരണത്തെ സംബന്ധിച്ച ചിന്ത നിലനില്‍ക്കുന്നതായി കാണാം.

ശുദ്ധീകരണ വിശ്വാസത്തെപ്പറ്റിയുള്ള ദൈവശാസ്ത്രപഠനങ്ങള്‍ പലതും തിരുത്തിക്കുറിക്കാന്‍ ആധുനിക ദൈവശാസ്ത്രജ്ഞന്മാര്‍ ശ്രമിക്കുന്നു. ശുദ്ധീകരണത്തിന്‍റെ സാദ്ധ്യതയെയും അനിവാര്യതയെയും എടുത്തുകാണിക്കുന്ന ഇവര്‍ ഇതിനെ മരണത്തില്‍തന്നെ സംഭവിക്കുന്ന ഒരു പ്രക്രിയ ആയാണ് കാണുന്നത്. ശിക്ഷയുടെ ദൈര്‍ഘ്യമെന്നതിലേറെ കാഠിന്യത്തിനാണിവിടെ സ്ഥാനം. ഭീകരമായ ഒരു പീഡനസ്ഥലമെന്ന ധാരണയ്ക്കുപകരം ഉത്ഥിതനായ ക്രിസ്തുവിനെ നമ്മുടെ സമ്പൂര്‍ണ്ണ വ്യക്തിത്വത്തിന്‍റെ സമഗ്രതയില്‍ അഭിമുഖീകരിക്കുന്ന ദൈവസ്നേഹത്തിന്‍റെ ഉജ്ജ്വലനമായി ശുദ്ധീകരണത്തെ ഇവര്‍ വീക്ഷിക്കുന്നു. ശാസ്ത്രീയ കണ്ടുപിടുത്തങ്ങളെയും ദാര്‍ശനിക പുരോഗമനത്തിന്‍റെയും പശ്ചാത്തലത്തില്‍ ഈ അഭിപ്രായങ്ങള്‍ വിലയിരുത്തി വിവേചിക്കേണ്ടതുണ്ട്. ഇത്തരം പഠനങ്ങള്‍ സഭയുടെ അധ്യാപനാധികാരത്തേയോ, പാരമ്പര്യത്തേയോ, നിരാകരിക്കാനോ, നിര്‍മ്മാര്‍ജ്ജനം ചെയ്യാനോ ഉള്ള ശ്രമമല്ല. മറിച്ച് നാടകീയവും ഭാവനാപൂര്‍ണ്ണവുമായ വര്‍ണ്ണനകളിലും, ചിത്രീകരണങ്ങളിലുംനിന്നും തല്‍ഫലമായി ഭാവിയെക്കുറിച്ചുള്ള ഭയത്തില്‍ നിന്നും മനുഷ്യനെ മോചിപ്പിച്ച് ക്രിസ്തുകേന്ദ്രീകൃതവും സ്നേഹസമ്പൂര്‍ ണ്ണവുമായ വിശ്വാസത്തിലേക്ക് മനുഷ്യനെ ആനയിക്കാനുള്ള ശ്രമമാണ്. ശുദ്ധീകരണത്തെ സംബന്ധിച്ച പഠനങ്ങളും വ്യാഖ്യാനങ്ങളും ക്രിസ്തുവിന്‍റെ രക്ഷാകരസ്നേഹം ഉപര്യുപരി അനുഭവവേദ്യമാക്കാന്‍ ഉതകുന്നതായിരിക്കണം.

 കടപ്പാട്

ബിഷപ് ബോസ്കോ പുത്തൂര്‍ (എഡി.) മരണവും മരണാനന്തര ജീവിതവും (ആലുവാ: പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, 1981 )

Purification life after death the church studies theology Mar Joseph Pamplany Catholic Malayalam Catholic apologetics Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message