x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ മരിയവിജ്ഞാനീയം

മരിയ ശാസ്ത്രത്തിലെ ചില പ്രശ്നങ്ങള്‍

Authored by : Mar. Joseph Pamplani On 30-Jan-2021

രിയശാസ്ത്രം താത്വിക ദൈവശാസ്ത്രത്തിലെ (Dogmatic Theology) ഒരു ഉപവിഭാഗമാണ്. ഇതു ദൈവശാസ്ത്രത്തിലെ മറ്റു വിഭാഗങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഒന്നു മറ്റൊന്നിനെ വളര്‍ത്തുകയും അര്‍ത്ഥ പൂര്‍ണ്ണമാക്കുകയും ചെയ്യുന്നു. എന്നാല്‍, മരിയശാസ്ത്രം മറ്റേതൊരു ദൈവശാസ്ത്ര ശാഖയുമായി (ഉദാ. ക്രിസ്തുശാസ്ത്രം, സഭാശാ സ്ത്രം) ബന്ധപ്പെടുത്താതെ പഠനവിഷയമാക്കിയാല്‍ അത് ഒരു ഭക്തിചിന്തയായിമാത്രം പരിഗണിക്കേണ്ടി വരും. ഇങ്ങനെ സംഭവിച്ചിട്ടുണ്ടെന്നതു യാഥാര്‍ത്ഥ്യം തന്നെ. ഇതിന്‍റെ ഫലമായി മരിയശാസ്ത്രവളര്‍ച്ചയില്‍ ആശാസ്യമല്ലാത്ത ചില പ്രവണതകളും കടന്നു കൂടിയിട്ടുണ്ട്. തത്ഫലമായി ഉളവായ പ്രശ്നങ്ങളെ പ്രധാനമായും മൂന്നായി തിരിക്കാം.

  1. അതിശയോക്തിപരമായ മരിയന്‍ഭക്താഭ്യാസങ്ങള്‍
  2. മറിയത്തിന്‍റെ പദവികളെപ്പറ്റിയുളള അര്‍ത്ഥ പൂര്‍ണ്ണമല്ലാത്ത സമീപനം
  3. പ്രൊട്ടസ്റ്റന്‍റുകാരുടെ എതിര്‍പ്പുകള്‍

ക്രൈസ്തവജീവിതത്തില്‍ മറിയത്തിന് അര്‍ഹിക്കുന്നതിലധികം പങ്കുനല്ക്കുന്ന അതിശയോക്തിപരമായ ഭക്താഭ്യാസങ്ങള്‍ തെറ്റായ മാര്‍ഗ്ഗമാണ്. അതുവഴി മറ്റു ദൈവികരഹസ്യങ്ങളില്‍നിന്നു വേര്‍പ്പെടുത്തി മറിയത്തിനു സ്വന്തമായ ഒരു ലോകം തിരിച്ചു കൊടുക്കുന്നു. മറിയത്തെ ആരാധിക്കുന്നതായി പ്രൊട്ടസ്റ്റുകാര്‍ കത്തോലിക്കരെ കുറ്റപ്പെടുത്തുന്നത് ഇതുകൊണ്ടാണ്.

ദേവാലയത്തോടുചേര്‍ന്നു മാതാവിനു പ്രത്യേകമായി നിര്‍മ്മിക്കുന്ന ചാപ്പല്‍, ദേവാലയത്തെക്കാള്‍ പ്രാധാന്യത്തോടെ വലുതായി പണിയുന്ന പ്രതീതിയാണു നല്കുക. ഈ അതിശയോക്തി, ഇന്നും ചില മരിയന്‍ അനുഷ്ഠാനങ്ങളില്‍ പ്രത്യേകിച്ചു നൊവേനകളിലും മറ്റുമരിയന്‍ ഭക്താഭ്യാസങ്ങളിലും കടന്നുകൂടുന്നുണ്ടോ എന്ന ആത്മശോധന ആവശ്യമാണ്.

മറിയത്തിന്‍റെ ദര്‍ശനങ്ങള്‍ - യഥാര്‍ത്ഥത്തിലുളളവയോ സങ്കല്പികങ്ങളോ ആവട്ടെ, അവ ധാരാളം വിശ്വാസികളെ ആകര്‍ഷിക്കുന്നു. ആയിരക്കണക്കിനു തിരികളും പുഷ്പങ്ങളും മരിയന്‍ അള്‍ത്താരകള്‍ മോടിപിടിപ്പിക്കുന്നു. അതേ സമയം ശരിയായുളള ആരാധനാക്രമം കൈകാര്യം ചെയ്യുമ്പോള്‍ അതിന് ആകര്‍ഷകത്വവും ആഘോഷവും ഇല്ലാതാകുകയും ചെയ്യുന്നു. ഇത്തരത്തിലുളള പ്രവണത ആരാധനാദ്ധ്യാത്മികതയ്ക്കു യോജിച്ചതല്ല.

1.സാധാരണ വിശ്വാസികള്‍ക്കു പലപ്പോഴും ഇത്തരത്തിലുളള രീതികളും യഥാര്‍ത്ഥ മരിയഭക്തിയും തിരിച്ചറിയാന്‍ പറ്റാതെ വരുന്നു. ഭക്താഭ്യാസങ്ങള്‍ക്കു ജനഹൃദയത്തിലുണ്ടാകാവുന്ന സ്വാധീനം യാഥാര്‍ത്ഥ്യബോധത്തോടെ അജപാലന ദൈവശാസ്ത്രജ്ഞര്‍ കാണേണ്ടതുണ്ട്. ഇതിലുണ്ടാകാവുന്ന പാകപ്പിഴകള്‍ നീക്കംചെയ്യാന്‍ ദൈവശാസ്ത്രപരമായിത്തന്നെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

2.മറിയത്തിന്‍റെ പദവികളിലും അതിശയോക്തിപരമായ ചിന്താഗതികള്‍ കടന്നുവന്നിട്ടുണ്ടെന്നതു പരമാര്‍ത്ഥമാണ്. വേദപുസ്തകത്തില്‍ മറിയത്തെപ്പറ്റി നല്‍കിയിട്ടുളള വിവരണങ്ങള്‍ അവളുടെ അനന്യമായ സ്ഥാനമഹിമകള്‍ ദ്യോതിപ്പിക്കുന്നവയാണ്. എന്നാല്‍, ആദ്യനൂറ്റാണ്ടുകള്‍മുതല്‍ മറിയത്തിന്‍റെ ജീവിതത്തിലെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കാന്‍ ആഗ്രഹിച്ചതിന്‍റെ വെളിച്ചത്തില്‍ പല അഭ്യൂഹങ്ങള്‍ ഉള്‍കൊളളുന്ന ഗ്രന്ഥങ്ങള്‍ വിരചിതമായി. അവയൊക്കെ ഭക്താഭ്യാസങ്ങളെ അനര്‍ഹമായി സ്വാധീനിച്ചു.                                                                                                                               

3.മറിയത്തിനു വേദപുസ്തകാടിസ്ഥാനം ഇല്ലാത്ത പദവികളും ബഹുമതികളും നല്‍കിയിരുന്നു. ദൈവശാസ്ത്രത്തിനു നിരക്കാ ത്തവിധം മറിയത്തിനു രക്ഷാകരകര്‍മ്മത്തില്‍ ഈശോയോടൊപ്പം സ്ഥാനം നല്‍കുന്നതായി പ്രൊട്ടസ്റ്റന്‍റുകാര്‍ വിമര്‍ശിക്കുന്നു. അക്കാരണത്താല്‍ പരിത്രാണ ദൈവശാസ്ത്രത്തിലും ക്രിസ്തുദ ര്‍ശനത്തിലും മറിയത്തെ യഥോചിതം പരാമര്‍ശിക്കുവാന്‍ കഴിയണം.

മരിയവണക്കം: നിരോധിക്കപ്പെട്ടവ

മരിയശാസ്ത്രവളര്‍ച്ചയുടെ വഴിത്താരയില്‍ നിരവധി ഭക്താഭ്യാസങ്ങള്‍ ആവിര്‍ഭവിച്ചിട്ടുണ്ട്. രണ്ടാംസഹസ്രാബ്ദത്തിലാണ് ഇതു സംഭവിച്ചത്. മറിയത്തോടുളള ഭക്തിയുടെ അടിസ്ഥാനത്തിലാണ് ഇവയെല്ലാം തന്നെ ഉണ്ടായതെങ്കിലും പല ഭക്താഭ്യാസങ്ങളും സഭാനിയമങ്ങള്‍ക്കോ സഭയുടെ ആദ്ധ്യാത്മിക തയ്ക്കോ യോജിക്കുന്ന രീതിയിലായിരുന്നില്ല . ഇതു മനസ്സിലാ ക്കിയ സഭ ഓരോ സമയത്തും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയി രുന്നു. ചില പ്രസിദ്ധീകരണങ്ങളും ഗ്രന്ഥങ്ങളും നിരോധിച്ചു. ഇവയില്‍ പ്രധാനപ്പെട്ടവ താഴെ ചേര്‍ക്കുന്നു.

  1. പരി. മറിയത്തിന്‍റെ തിരുരക്തത്തോടുളള ഭക്തി തെറ്റാണെന്നു പഠിപ്പിച്ചുകൊണ്ട് Del sangue purssimo e vieginale della madredi Dio Maria (Naples 1863), Del sangue sacratissimo Limaria, Studiper ottenere la del madesimo (perugia 1874) എന്നീ ഗ്രന്ഥങ്ങള്‍ നിരോധിച്ചു.                                                 
  2. മറിയത്തോടുളള തിരുഹൃദയത്തിന്‍റെ ഭക്തി എന്ന പ്രസ്ഥാനം തെറ്റാണെന്നു സഭ പഠിപ്പിച്ചു. അതെത്തുടര്‍ന്ന് Queen of the Sacred Heart-Mother of the Sacred Heart എന്നീ ഗ്രന്ഥങ്ങള്‍ നിരോധിച്ചു.                                                                                           
  3. മറിയം കന്യകയായ പുരോഹിത എന്ന പേരില്‍ തുടങ്ങിയ ഭക്തിപ്രസ്ഥാനവും അതോടനുബന്ധിച്ചു പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളും നിരോധിച്ചു. Marieet le Sacerdoce എന്നഗ്രന്ഥം ഇതില്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ്. 9-ാം പീയൂസ്, 10-ാം പീയൂസ് എന്നീ മാര്‍പാപ്പാമാര്‍ ഈ ഭക്തി പ്രസ്ഥാനത്തെ അനുകൂലിച്ചെങ്കിലും 1927-ല്‍ ഇതിനു വിലക്കേര്‍പ്പെടുത്തി..                         
  4. La Crociata Mariana എന്ന ഭക്തി പ്രസ്ഥാനക്കാര്‍ നന്മ പ്രവര്‍ത്തിച്ചില്ലെങ്കിലും മറിയത്തിന്‍റെ ഒരു പ്രത്യേക മെഡല്‍ ധരിച്ചാല്‍ നിത്യരക്ഷ ഉറപ്പാണെന്നു പഠിപ്പിച്ചതു സഭ നിരോധിച്ചു.

സഭ ഈ നിഷ്കര്‍ഷകളും നിരോധനങ്ങളും ഏര്‍പ്പെടുത്തിയതു മറിയത്തിലുള്ള വിശ്വാസക്കുറവുമൂലമായിരുന്നില്ല. പ്രത്യുത മറിയത്തിലുള്ള വിശ്വാസം തെറ്റില്ലാത്തതും ദൈവവ പുത്രനായ മിശിഹായ്ക്കുനല്കുന്ന പ്രഥമസ്ഥാനം ഉല്ലംഘിക്കുന്നതാകാതിരികുവാനും സഭൈക്യത്തിനു മരിയശാസ്ത്രം ഒരിക്കലും തടസ്സമാകാതിരിക്കാനും വേണ്ടിയാണ്. അതിരുകവിഞ്ഞ മരിയന്‍ഭക്തിയെയും, പ്രസ്ഥാനങ്ങളെയും സഭ ഇന്നും നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു.

 പരി. മറിയം പരി. ത്രിത്വത്തിലെ അംഗമോ?

പരിശുദ്ധ മറിയത്തെ പരിശുദ്ധ ത്രിത്വത്തിന്‍റെ ഭാഗമായി അവതരിപ്പിക്കുന്ന വിചിത്രമായ ഒരു ദൈവശാസ്ത്ര ദര്‍ശനം എംപറര്‍ എമ്മാനുവല്‍ ട്രസ്റ്റ് എന്ന വിഘടിത വിഭാഗത്തിന്‍റെ പ്രബോധനങ്ങളില്‍ കാണാം. പരിശുദ്ധ മറിയത്തെ തിരുസ്സഭ ദൈവമാതാവായി വണങ്ങുന്നു എന്നത് സത്യമാണ്. എന്നാല്‍ അഭിധാനത്തിലൂടെ മാതാവിന്‍റെ ദൈവികതയല്ല അവളില്‍നിന്നു ജനിച്ച യേശുവിന്‍റെ ദൈവികതയാണ് തിരുസ്സഭ ഏറ്റു പറയുന്നത്. മനുഷ്യസ്ത്രീയില്‍ നിന്നു പിറന്നു എന്നതിനാല്‍ അവന്‍റെ ദൈവികതയെ സംശയിച്ചവര്‍ക്കുള്ള മറുപടി എന്ന നിലയിലാണ് എ.ഡി. 431 ല്‍ എഫേസൂസ് സൂനഹദോസ് "ദൈവമാതാവ്" എന്ന അഭിധാനത്തെ ഊന്നിപ്പറഞ്ഞത്. സത്യമായും ദൈവമായ ഈശോ (ഹെബ്രാ 1:8) മാംസം ധരിച്ച് മനുഷ്യനായി പിറന്നത് (യോഹ 1:14) പരിശുദ്ധ മറിയത്തില്‍ നിന്നാകയാല്‍ അവള്‍ ദൈവമാതാവ് എന്ന വിശേഷണത്തിന് അര്‍ഹയാണ് എന്നതായിരുന്നു സൂനഹദോസിന്‍റെ പ്രബോധനം. ദൈവമാതാവ് എന്ന വിശേഷണത്തിലൂടെ ഗ്രീക്കു പുരാണങ്ങളിലെപ്പോലെ മറിയത്തെ ദൈവത്തിന്‍റെ ജീവിതസഖിയോ ത്രിത്വത്തിലെ അംഗമോ ആയി സഭ കരുതുന്നില്ല.

വിശുദ്ധഗ്രന്ഥവും സഭയുടെ പ്രബോധനങ്ങളും അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമായിരുന്നിട്ടും എമ്മാനുവല്‍ എംപറര്‍ സഖ്യത്തിന് എവിടെ നിന്നാണ് "മറിയം ദൈവമാണ്" എന്ന ആശയം ലഭിച്ചത് എന്നതു ചിന്തനീയമാണ്. ഇസ്ലാം മതവിശ്വാസികളുടെ വിശുദ്ധഗ്രന്ഥമായ ഖുറാനിലെ ഒരു വാക്യത്തെ ആധാരമാക്കി ഇത്തരമൊരു വ്യാഖ്യാനം മധ്യകാലം മുതലേ നിലനിന്നിരുന്നു എന്നത് സത്യമാണ്. പരിശുദ്ധ ഖുറാനില്‍ നിന്നുള്ള ഉദ്ധരണികള്‍ ചുവടെ ചേര്‍ക്കുന്നു:

അല്ലാഹു അരുള്‍ചെയ്യും: മറിയത്തിന്‍റെ പുത്രനായ ഈസാ, നീ മനുഷ്യരോടു പറയില്ലേ, "എന്നെയും എന്‍റെ അമ്മയെയും അല്ലാഹുവിന്‍റെ ഇരുവശങ്ങളിലുമുളള ദൈവങ്ങളായി സ്വീകരിക്കാന്‍.": അവന്‍ പറയും: "അങ്ങേയ്ക്കു മഹത്വമുണ്ടാകട്ടെ!  എനിക്ക് അവകാശമില്ലാത്തതു ഞാന്‍ പറയുമോ. ഞാന്‍ അപ്രകാരം പറഞ്ഞിരുന്നെങ്കില്‍ അങ്ങ് അത് അറിയുമായിരുന്നല്ലോ... (ഖുറാന്‍ 5:116). വിശുദ്ധ ഗ്രന്ഥമായ ഖുറാനിലെ ഈ വാക്യത്തെ വിശദീകരിച്ചുകൊണ്ട് ഡബ്ലു.സി.ടിസ്ദാള്‍ രചിച്ച ഗ്രന്ഥത്തില്‍ (The Original Sources of the Quran, London, 1905) ക്രിസ്തീയ ത്രിത്വത്തെ ദൈവവും യേശുവും മറിയവും ചേര്‍ന്ന സഖ്യമായി ഖുറാന്‍ വ്യാഖ്യാനിക്കുന്നതായി സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ ഖുറാനിലെ വാക്യത്തെ ദുര്‍വ്യാഖ്യാനം ചെയ്തതു കൊണ്ടാണ് ഇപ്രകാരമൊരു നിഗമനത്തില്‍ ഗ്രന്ഥകാരന്‍ എത്തുന്നത് എന്നു വ്യക്തമാണ്.

പക്ഷേ, മറിയത്തെയും യേശുവിനെയും അല്ലാഹുവിനൊപ്പം "ആരാധിക്കേണ്ട ദൈവങ്ങളായി നീ പഠിപ്പിച്ചോ?" എന്ന ഖുറാനിലെ ചോദ്യത്തിന്‍റെ പശ്ചാത്തലമെന്ത് എന്ന് അന്വേഷിക്കേണ്ടതുണ്ട്. നാലാം നൂറ്റാണ്ടില്‍ സൈപ്രസിലെ കോണ്‍സ്റ്റാന്‍സിയായിലെ മെത്രാനും സഭാപിതാവുമായിരുന്ന വി. എപ്പിഫാനിയൂസിന്‍റെ രചനകളില്‍ ഇതിന്‍റെ ഉത്തരം കണ്ടെത്താനാകും. മറിയത്തെ പരി. ത്രിത്വത്തിലെ മൂന്നാമത്തെ ആളായി അംഗീകരിച്ച് ആദരിക്കുന്ന ഒരു വിഭാഗം പാഷണ്ഡികള്‍ അറേബ്യയില്‍ ഉണ്ടായിരുന്നതായാണ് എപ്പിഫാനിയൂസ് രേഖപ്പെടുത്തുന്നത്. കൊള്ളിറിഡിയന്‍ പാഷണ്ഡത എന്ന പേരില്‍ അറിയപ്പെട്ട ഈ പാഷണ്ഡതയെ വിശുദ്ധന്‍ കര്‍ക്കശമായി തിരുത്തുന്നുണ്ട് (Panarion, Haer. 79 PG 42, 752) ആദിമനൂറ്റാണ്ടുകള്‍ മുതല്‍ മധ്യകാലം വരെ പരിശുദ്ധ അമ്മയെ ദൈവമായി കരുതുന്ന ഒരു വിഭാഗം പാഷണ്ഡികള്‍ നിലനിന്നിരുന്നതായി ചരിത്രകാരനായ ജയോഫ്രി ആഷേ സമര്‍ത്ഥിക്കുന്നുണ്ട്. എന്നാല്‍ ഈ പാഷണ്ഡത ദീര്‍ഘകാലം നിന്നിരുന്നു എന്ന വാദത്തെ ആവറില്‍ കാമറൂണ്‍ (The Cult of Virgin in Late antiquity ,Studies in Church History 39) ഖണ്ഡിക്കുന്നുണ്ട്. എ.ഡി. 350 നും 450 നും ഇടയിലാണ് ഈ പാഷണ്ഡത നിലനിന്നിരുന്നത് എന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നു. പരിശുദ്ധ അമ്മയെ ആരാധിക്കുന്നതിന്‍റെ ഭാഗമായി ഇവര്‍ ചെറിയ അപ്പക്കഷണങ്ങള്‍ (ഗ്രീക്കില്‍ - കൊള്ളറിസ്) നേര്‍ച്ചയായി സമര്‍പ്പിച്ചിരുന്നു. ഈ ആചാരത്തില്‍ നിന്നാണ് ഇവര്‍ക്ക് പ്രസ്തുത പേര് ലഭിച്ചത് എന്നു കരുതപ്പെടുന്നു.

കോണ്‍സ്റ്റാന്‍റിനോപ്പിളിലെ ലെയോന്തിയൂസ് ഈ പാഷണ്ഡികളെ "ഫിലോ മരിയാനൈറ്റ്സ് "(മറിയ സ്നേഹികള്‍) എന്നാണ് വിശേഷിപ്പിച്ചിരുന്നത് (PG 87, 1364). മാതാവിനെ ഒരു ദേവതയായി കരുതി പരിശുദ്ധ ത്രിത്വത്തിലെ മൂന്നാമത്തെ ആളായി ആരാധിച്ചിരുന്ന ഇവരില്‍ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. ഇവരുടെ പുരോഹിത ശുശ്രൂഷകരും മിക്കവാറും സ്ത്രീകളായിരുന്നു. വനിതാ പൗരോഹിത്യത്തിനുവേണ്ടി വാദിക്കുന്ന ചില സ്ത്രീ വിമോചന പ്രസ്ഥാനക്കാര്‍ ഈ പാഷണ്ഡതയെ അവലംബമാക്കാറുണ്ട്.

ഈ പാഷണ്ഡതയെ നിശിതമായി എതിര്‍ത്ത എപ്പിഫാനിയൂസ് എഴുതുന്നതു ശ്രദ്ധേയമാണ്:

ഭൂമിയിലെ ഏറ്റവും വിശുദ്ധയും ലാവണ്യവതിയും ആദരണീയയുമായ മനുഷ്യവ്യക്തി പരിശുദ്ധമറിയമാണ്. എന്നാല്‍ അവള്‍ ആരാധനക്ക് അര്‍ഹയല്ല (Haer 79.7; PG 42, 752). എന്തെന്നാല്‍ മറിയം  ഒരു ദേവതയല്ല, അവള്‍ ശരീരം സ്വീകരിച്ചത് സ്വര്‍ഗ്ഗത്തില്‍ നിന്നുമല്ല (Haer . 78.24). കൊള്ളുറീഡിയന്‍ പാഷണ്ഡതയെക്കുറിച്ച് വിശുദ്ധ ജോണ്‍ ഡമഷീനും പ്രതിപാദിക്കുന്നുണ്ട് (PG 94, 728). എന്നാല്‍ ആദ്യകാല വിശ്വാസ സംരക്ഷക രചനകളില്‍ (apologetics) ഈ പാഷണ്ഡതയെക്കുറിച്ചു സൂചനകളില്ല. ഇറനേവൂസിന്‍റെ 'പാഷണ്ഡതകള്‍ക്കെതിരേ'(എ.ഡി. 225), എവുസേബിയൂസിന്‍റെ സഭാചരിത്രം (എ.ഡി. 325) എന്നീ ഗ്രന്ഥങ്ങള്‍ ഈ പാഷണ്ഡതയെക്കുറിച്ച് സൂചിപ്പിക്കുന്നില്ല. തന്മൂലം ഈ പാഷണ്ഡത ആരംഭകാലം മുതല്‍ സഭയില്‍ നിലനിന്നിരുന്നില്ല എന്ന് അനുമാനിക്കാം.

ചുരുക്കത്തില്‍ കൊള്ളൂറിഡിയന്‍ പാഷണ്ഡതയെ ക്രിസ്തീയ വിശ്വാസത്തിന്‍റെ അടിസ്ഥാനമായി തെറ്റിദ്ധരിച്ചതു കൊണ്ടാകാം ഖുറാന്‍ 5:116 ല്‍ ഇപ്രകാരമൊരു ചോദ്യം ഉന്നയിക്കപ്പെടുന്നത്. എംപറര്‍ എമ്മാനുവല്‍   പ്രസ്ഥാനം പ്രഘോഷിക്കുന്ന പരിശുദ്ധ മറിയം ഉള്‍പ്പെടുന്ന "വിചിത്രത്രിത്വം" ഈ പാഷണ്ഡതയുടെ സമകാലീന പതിപ്പാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

പരിശുദ്ധമറിയം ദൈവമാതാവും അമലോത്ഭയും നിത്യകന്യകയും സ്വാര്‍ഗ്ഗാരോപിതയുമാണെന്ന് സഭ പഠിപ്പിക്കുന്നുണ്ട്. എന്നാല്‍, മറിയം ദൈവത്തിന്‍റെ സൃഷ്ടിയും ഈശോയുടെ സഭയിലെ ആദ്യഅംഗവും രക്ഷിക്കപ്പെട്ടവരിലെ ആദ്യഫലവുമാണെന്ന് സഭ അസന്ദിഗ്ധമായി പഠിപ്പിക്കുന്നു. ദൈവപുത്രന് ജന്മം കൊടുക്കുമ്പോഴും അവര്‍ മനുഷ്യസ്ത്രീതന്നെയായിരുന്നു എന്നു സാരം. എന്നാല്‍ മറിയത്തിന്‍റെ ദൈവീകതയ്ക്ക് ഊന്നല്‍നല്‍കുന്ന എംപറര്‍ എമ്മാനുവല്‍ ഗ്രൂപ്പ് ലോകസൃഷ്ടിക്കുമുമ്പേ മറിയം ഉണ്ടായിരുന്നു എന്നു സ്ഥാപിക്കുന്നു. ഉല്‍പ: 26-27 നെ ആധാരമാക്കിയാണ് എംപറര്‍ പ്രസ്ഥാനങ്ങള്‍ ഈ വ്യാഖ്യാനം നല്‍കുന്നത്.

ഉല്‍പ 1:26-27 - ദൈവം വീണ്ടും അരുളിചെയ്തു. നമുക്ക് നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം. .... അങ്ങനെ ദൈവം തന്‍റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു. സ്ത്രീയും പുരുഷനുമായി അവനെ സൃഷ്ടിച്ചു."

"നമുക്ക് നമ്മുടെ ഛായയിലും സാദൃശ്യത്തിലും " എന്നത് സൃഷ്ടാവായ ദൈവം പരിശുദ്ധ മറിയത്തോടു പറഞ്ഞതാണെന്നാണ് എമ്മാനുവല്‍ എംപറര്‍ ഗ്രൂപ്പിന്‍റെ വ്യാഖ്യാനം. തന്‍റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ മനുഷ്യന്‍ സ്ത്രീയും പുരുഷനുമായി സൃഷ്ടിക്കപ്പെട്ടുവെങ്കില്‍ സൃഷ്ടികര്‍മ്മത്തില്‍ ദൈവത്തോടൊപ്പം സ്ത്രീയായ മറിയവും പങ്കുചേര്‍ന്നു എന്നതാണ് ഇവരുടെ വാദത്തിന്‍റെ കാതല്‍.      എന്നാല്‍,  ഈ വാദഗതി അടിസ്ഥാനരഹിതമാണെന്നു മനസ്സിലാക്കാന്‍ " നമുക്കു നമ്മുടെ ഛായയിലും " എന്ന ബഹുവചനരൂപത്തിന്‍റെ അര്‍ത്ഥവും ഛായ, സാദൃശ്യം എന്നീ പദങ്ങളുടെ അര്‍ത്ഥവും ഗ്രഹിക്കേണ്ടതുണ്ട്.

"നമുക്ക് നമ്മുടെ"

ദൈവം ഏകനാണ് എന്ന വിശ്വാസത്തിന്‍റെ പശ്ചാത്തലത്തില്‍ ഈ ബഹുവചനരൂപം വ്യാഖ്യാനിക്കാന്‍ ദുഷ്ക്കരമാണ്. സഭാപിതാക്കന്മാരുടെ കാലംമുതല്‍ വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ ഈ വചനത്തിനു നല്‍കപ്പെട്ടിട്ടുണ്ട്.

  1. ആദരസൂചകമായി പൂജകബഹുവചനരൂപം ഉപയോഗിച്ചു എന്നതാണ് ഒരു വ്യാഖ്യാനം. എന്നാല്‍ പൂജകബഹുവചനരൂപം ഹീബ്രുശൈലിയില്‍ അസാധാരണമാകയാല്‍ ഈ വ്യാഖ്യാനം പൂര്‍ണ്ണമായും സ്വീകരിക്കാനാവില്ല.                                                        
  2. എലോഹിം (ദൈവം) എന്ന പദം വ്യാകരണനിയമമനുസരിച്ച് ബഹുവചനരൂപമാകയാല്‍ ബഹുവചനസര്‍വനാമം ഉപയോഗിച്ചതാണ് എന്നതാണ് മറ്റൊരു വ്യാഖ്യാനം. വ്യാകരണ ദൃഷ്ട്യാ ബഹുവചനമാണെങ്കിലും ഏകദൈവവിശ്വാസത്തില്‍ അടിയുറച്ചുനില്‍ക്കുന്ന യഹൂദര്‍ ദൈവത്തെ സൂചിപ്പിക്കാന്‍ ബഹുവചനസര്‍വനാമം ഉപയോഗിക്കുന്നു എന്നു കരുതാന്‍ ബുദ്ധിമുട്ടുണ്ട്.                                                                                         
  3. സ്വര്‍ഗ്ഗീയസദസ്സിലെ മാലാഖമാരോടും അരൂപികളോടുംദൈവം ചര്‍ച്ചനടത്തിയതിനെയാണ് ഈ വചനം സൂചിപ്പിക്കുന്നത് എന്നു വ്യാഖ്യാനിക്കുന്നവരുണ്ട്. ജോബ് 1:6; 2:1 എന്നീവചനഭാഗങ്ങളില്‍ ദൈവം സ്വര്‍ഗ്ഗവാസികളുമായി ചര്‍ച്ചനടത്തുന്നത് ഈ വ്യാഖ്യാനത്തിന് ഉപോദ്ബലകമായി ചൂണ്ടിക്കാണിക്കാറുണ്ട്.                                                                         
  4. ദൈവം സ്വയം നടത്തുന്ന ചര്‍ച്ചയാണിത് എന്നതാണ് മറ്റൊരു വ്യാഖ്യാനം. ദൈവം സ്വയമേ എടുത്ത തീരുമാനത്തെയാണ് ഈ വചനം സൂചിപ്പിക്കുന്നത് എന്നു കരുതുന്നതാണ് കൂടുതല്‍ ശരിയായ വ്യാഖ്യാനം. "നഷാഗ്" എന്ന ക്രിയയാണ് ഹീബ്രൂവില്‍ ഉപയോഗിക്കുന്നത്. ഈ ക്രിയ (1 Person Pliural coharative) ഉപയോഗിച്ചിരിക്കുന്ന 18 സന്ദര്‍ഭങ്ങള്‍ കൂടി പഴയനിയമത്തിലുണ്ട്. (പുറ 19:8; 24:3 etc) ഈ സന്ദര്‍ഭങ്ങളിലെല്ലാംതന്നെ ചര്‍ച്ചചെയു (Discuss) എന്നതിനേക്കാള്‍ തീരുമാനിച്ചു (determine) എന്ന അര്‍ത്ഥത്തിനാണ് പ്രാമുഖ്യം.                                                                                                                
  5. താന്‍ നടത്തിയ സര്‍വ്വസൃഷ്ടികളേയും സൃഷ്ടിയുടെ മകുടമായ മനുഷ്യന്‍റെ സൃഷ്ടിയില്‍ പങ്കുചേരാനായി ദൈവം ക്ഷണിക്കുന്നതായും ഈ വചനത്തെ മനസ്സിലാക്കാം. സൃഷ്ടിയുടെ ആദ്യനാളുകളില്‍ ദൈവം സൃഷ്ടിച്ച മണ്ണും വെള്ളവും വായുവും ജീവനും  എല്ലാം മനുഷ്യന്‍റെ സൃഷ്ടിക്കായി ദൈവം ഉപയോഗിക്കപ്പെടുത്തുന്നുണ്ട് എന്നതിനാല്‍ ഈ വ്യാഖ്യാനവും നിരാകരിക്കേണ്ടതില്ല.                                                                                                                                             
  6. അവസാനമായി, പരിശുദ്ധത്രിത്വത്തെക്കുറിച്ചുള്ള വിദൂരപരാമര്‍ശമായി ഈ വചനത്തെ മനസ്സിലാക്കാന്‍ കഴിയും. ഈ വചനഭാഗം എഴുതിയ പുരോഹിത ഗ്രന്ഥകാരന് (p) പരിശുദ്ധത്രിത്വത്തെക്കുറിച്ചുള്ള അറിവ് ഉണ്ടായിരുന്നില്ല എന്നത് സത്യമായിരിക്കാം. എന്നാല്‍, ഗ്രന്ഥകര്‍ത്താവ് നിരൂപിക്കാത്ത അര്‍ത്ഥങ്ങള്‍ പ്രസ്തുത വചനത്തിന് ദൈവനിവേശനത്തിലൂടെ രൂപം നല്‍കിയ ദൈവം നിരൂപിക്കാനുള്ള സാധ്യത (Sensus Plenior) നിഷേധിക്കാനാവില്ല. പരിശുദ്ധത്രിത്വത്തിലെ പരസ്പരകൂട്ടായ്മയെ സൂചിപ്പിക്കുന്ന ഈ വചനത്തിന്‍റെ പൂര്‍ണ്ണമായ അര്‍ത്ഥം പുതിയ നിയമത്തിലാണ് നാം സമഗ്രമായി ഗ്രഹിക്കുന്നത്.

മുകളില്‍ പരാമര്‍ശിച്ച വ്യാഖ്യാനങ്ങളില്‍നിന്നും ഒരു കാര്യം പകല്‍പോലെ വ്യക്തമാണ്.  ഉല്‍പ 1:26 ലെ ബഹുവചനരൂപത്തിലുള്ള വചനം ("നമുക്കു നമ്മുടെ .....") സൃഷ്ടാവായ ദൈവവും പരി. മറിയവും തമ്മിലുള്ള സംഭാഷണമായി വ്യാഖ്യാനിക്കുന്ന എമ്മാനുവല്‍ എംപറര്‍ ട്രസ്റ്റിന്‍റെ വ്യാഖ്യാനം ഭീമാബദ്ധമാണ്. ഇക്കൂട്ടരുടെ വ്യാഖ്യാനമനുസരിച്ച് പിതാവായ ദൈവത്തിന് മറിയത്തില്‍ ജനിച്ച ആദ്യപുത്രനാണ് ആദ്യമനുഷ്യനായ ആദം. ദൈവം നടത്തിയ സൃഷ്ടിയെ ലൈംഗികതയുമായി ബന്ധിപ്പിച്ചുകൊണ്ട് ലൈംഗികതയെ ദൈവവത്കരിക്കുന്ന ശ്രമമാണിവിടെ. ലൈംഗികതയെ വിശുദ്ധവും ദൈവദാനവുമായി കരുതുന്നതാണ് കത്തോലിക്കാസഭയുടെ കാഴ്ചപ്പാട്. എംപറര്‍ പ്രസ്ഥാനക്കാരാകട്ടെ ദൈവത്തിന്‍റെ ലൈംഗികതയെ അപഗ്രഥിച്ചുകൊണ്ട് നടത്തുന്ന വചനവ്യാഖ്യാനം ലൈംഗിക അരാജകത്വത്തിലേക്കുള്ള ദിശാസൂചികയാകാം. ഭഗവാന്‍ കൃഷ്ണനെയും യേശുക്രിസ്തുനെപ്പോലും, ലൈംഗികാതിപ്രസരണത്തിന്‍റെ വാക്താക്കളായി അവതരിപ്പിച്ച് ദൈവാനുഭവം എന്നത് ലൈംഗികാനന്ദമാണെന്നു വ്യാഖ്യാനിച്ച ഓഷോ രജനിഷിന്‍റെ വഴിയും എമ്മാനുവല്‍ എംപറര്‍ ട്രസ്റ്റ് നടത്തുന്ന വ്യാഖ്യാനത്തിന്‍റെ ലക്ഷ്യവും ഒരേ ദിശയിലേക്കാണ് നീങ്ങുന്നത്.

 

 

                                                                           ഡോ. ജേക്കബ് വെള്ളിയാന്‍

                                                                           ഡോ. ജോസഫ് പാംപ്ലാനി

Mar. Joseph Pamplani problems in mariology mariology mary in history marian studys mariology in church Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message