We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Antony Nettikkattu C M On 03-Feb-2021
പൗരോഹിത്യം എന്ന കൂദാശയുമായി ബന്ധപ്പെട്ട് സഭകള്‍ തമ്മില്‍ പല അഭിപ്രായാന്തരങ്ങളുമുണ്ട്. ഇവയില്‍ പ്രധാനമായവ ചുവടെ ചേര്‍ക്കുന്നു:
പുരോഹിതനായ അഹറോന്‍: പഴയനിയമത്തില്‍ യഹ്വെ ഇസ്രായേല്‍ക്കാരായ സകല പുരോഹിതരെയും വിളിച്ചു. "എനിക്കു നിങ്ങള്‍ പുരോഹിതരാജ്യവും വിശുദ്ധജനവും ആയിരിക്കും." (പുറ 19:6). "കര്‍ത്താവിന്‍റെ പുരോഹിതരെന്ന് നിങ്ങള്‍ വിളിക്കപ്പെടും" (ഏശ 6:16).
എങ്കിലും, അതേ യഹ്വേ, തന്‍റെ ജനത്തിന് ഒരു പുതിയ ഉപാധി നല്കി. അവരുടെമദ്ധ്യേ ഒരു പ്രത്യേക ബലിയര്‍പ്പണ പൗരോഹിത്യം സ്ഥാപിച്ചു കൊണ്ടായിരുന്നു അത്. ലേവ്യരുടെ പുസ്തകം പഴയ ഉടമ്പടിയിലെ പൗരോഹിത്യം കൈകാര്യം ചെയ്യുന്നു. അതുപോലെതന്നെ ഇസ്രായേല്‍ക്കാരുടെ ബലിയര്‍പ്പണത്തിന്‍റെയും അനുഷ്ഠാനത്തിന്‍റെയും നിയമങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നു. ഈ ഗ്രന്ഥത്തിന്‍റെ 8-ാം അദ്ധ്യായം പൗരോഹിത്യാഭിഷേകാനുഷ്ഠാനങ്ങളെക്കുറിച്ചാണ്. 9-ാം അദ്ധ്യായത്തിലാകട്ടെ അഹറോന്‍റെ പൗരോഹിത്യത്തിന്‍റെ പ്രോല്‍ഘാടനത്തെയും പറയുന്നു. കര്‍ത്താവ് മോശയോട് ഇങ്ങനെ അരുളിചെയ്തു: വസ്ത്രങ്ങള്‍, അഭിഷേകതൈലം... എന്നിവയോടുകൂടി അഹറോനെയും പുത്രന്മാരെയും കൊണ്ടുവരിക. അനന്തരം മോശ അഹറോനെയും പുത്രന്മാരെയും മുമ്പോട്ടുകൊണ്ടുവന്ന് അവരെ വെള്ളം കൊണ്ടുകഴുകി. അഹറോനെ കുപ്പായം അണിയിച്ചു. അരപ്പട്ട കെട്ടി, മേലങ്കി ധരിപ്പിച്ചു. തലപ്പാവു ധരിപ്പിച്ച് അതിന്‍റെ മുന്‍വശത്തായി കര്‍ത്താവ് കല്പിച്ചിരുന്നതുപോലെ വിശുദ്ധ കിരീടമായ പൊന്‍തകിടു ചാര്‍ത്തി. പിന്നീട് ശിരസ്സില്‍ തൈലാഭിഷേകം ചെയ്ത് അഹറോനെ വിശുദ്ധീകരിച്ചു.
മോശ പാപപരിഹാരബലിയ്ക്കുള്ള കാളയെ കൊണ്ടുവന്നു. അഹറോനും പുത്രന്മാരും അതിന്‍റെ തലയില്‍ കൈകള്‍ വച്ചു. ദഹനബലിയ്ക്കുള്ള മുട്ടാടിനെ അവന്‍ കൊണ്ടുവന്നു. അഹറോനും പുത്രന്മാരും അതിന്‍റെ തലയില്‍ കൈകള്‍ വച്ചു. അനന്തരം മോശ കുറച്ച് അഭിഷേക തൈലവും ബലിപീഠത്തിന്മേലുള്ള രക്തവുമെടുത്ത് അഹറോന്‍റെയും അവന്‍റെ വസ്ത്രങ്ങളുടെയുംമേലും, പുത്രന്മാരുടെയും അവരുടെ വസ്ത്രങ്ങളുടെയുംമേലും തളിച്ചു. അങ്ങനെ മോശ അഹറോനെയും അവന്‍റെ വസ്ത്രങ്ങളെയും പുത്രന്മാരെയും, അവരുടെ വസ്ത്രങ്ങളെയും വിശുദ്ധീകരിച്ചു" (ലേവ്യര്‍ 8:1-30). ഇതേ ഗ്രന്ഥത്തിലെ ഒമ്പതാം അദ്ധ്യായം അഹറോന്‍ ആദ്യം തനിക്കുവേണ്ടിയും, തന്‍റെ ജനത്തിനുവേണ്ടിയും ബലിയര്‍പ്പിച്ചത് എങ്ങനെ എന്ന് വിവരിക്കുന്നു. ദൈവജനത്തിന് ആശീര്‍വ്വാദം നല്കിക്കൊണ്ടാണ് അവ അവസാനിപ്പിച്ചത്.
സംഖ്യാപുസ്തകം, പൗരോഹിത്യത്തെ ദൈവത്തില്‍നിന്നുള്ള ഒരു പ്രത്യേക വരദാനമായി സൂചിപ്പിക്കുന്നു: "നിന്‍റെ സഹോദരന്മാരായ ലേവ്യരെ ഇസ്രായേലില്‍നിന്ന് ഞാന്‍ വേര്‍തിരിച്ചെടുത്തിരിക്കുന്നു. സമാഗമകൂടാരത്തില്‍ ശുശ്രൂഷ ചെയ്യുന്നതിന് കര്‍ത്താവിനുള്ള ദാനമായി അവരെ ഞാന്‍ നിങ്ങള്‍ക്കു തന്നിരിക്കുന്നു. പൗരോഹിത്യശുശ്രൂഷ നിങ്ങള്‍ക്കുള്ള ദാനമാണ്. മറ്റാരെങ്കിലും അതിന് തുനിഞ്ഞാല്‍ അവന്‍ മരണശിക്ഷ അനുഭവിക്കണം" (സംഖ്യ 18:1-7).
ശ്രേഷ്ഠപുരോഹിതനായ യേശു: ലേവ്യപൗരോഹിത്യം, യേശുക്രിസ്തുവിന്‍റെ നിത്യവും ശ്രേഷ്ഠമായ പരമോന്നത പൗരോഹിത്യത്തിന്‍റെ കേവല പ്രാഗ്രൂപം മാത്രമായിരുന്നു. മെല്‍ക്കിസദേക്ക്, അഹറോന്‍ എന്നിവരുടെ പൗരോഹിത്യം നിത്യശ്രേഷ്ഠപുരോഹിതനായ യേശുവില്‍ പൂര്‍ത്തീകരണം കണ്ടെത്തി. അതുപോലെതന്നെ ക്രിസ്തുവും പ്രധാന പുരോഹിതനാകുന്നതിന് തന്നെത്തന്നെ മഹത്വപ്പെടുത്തിയില്ല. "നീ എന്‍റെ പ്രിയ പുത്രനാണ്, ഇന്ന് നിനക്കു ഞാന്‍ ജന്മമേകി" എന്ന് അവനോടു പറഞ്ഞവന്‍ തന്നെയാണ് അവനെ മഹത്വപ്പെടുത്തിയത്. അവിടുന്ന് വീണ്ടും പറയുന്നു മെല്‍ക്കിസദേക്കിന്‍റെ ക്രമപ്രകാരം നീ എന്നേയ്ക്കും പുരോഹിതനാണ്" (ഹെബ്രാ 5:5-10). കൂടാതെ, മെല്‍ക്കിസദേക്കിന്‍രെ സാദൃശ്യത്തില്‍ മറ്റൊരു പുരോഹിതന്‍ പ്രത്യക്ഷനാകുന്നതില്‍നിന്ന് ഇത് കൂടുതല്‍ വ്യക്തമാകുന്നു... പരിശുദ്ധനും ദോഷരഹിതനും നിഷ്കളങ്കനും പാപികളില്‍നിന്നു വേര്‍തിരിക്കപ്പെട്ടവനും സ്വര്‍ഗത്തിനുമേല്‍ ഉയര്‍ത്തപ്പെട്ടവനുമായ ഒരു പ്രധാനപുരോഹിതന്‍ നമുക്കുണ്ടായിരിക്കുക ഉചിതമായിരുന്നു. അന്നത്തെ പ്രധാന പുരോഹിതന്മാരെപ്പോലെ, ആദ്യമേ സ്വന്തം പാപങ്ങള്‍ക്കുവേണ്ടിയും, അനന്തരം ജനത്തിന്‍റെ പാപങ്ങള്‍ക്കുവേണ്ടിയും അനുദിനം അവന്‍ ബലിയര്‍പ്പിക്കേണ്ടതില്ല. അവന്‍ തന്നെത്തന്നെ അര്‍പ്പിച്ചുകൊണ്ട് എന്നേയ്ക്കുമായി ഒരിക്കല്‍ ബലിയര്‍പ്പിച്ചിരിക്കുന്നു" (ഹെബ്രാ 7:15-27). നിത്യനായ നമ്മുടെ ശ്രേഷ്ഠപുരോഹിതന്‍ ദൈവത്തിന്‍റെ വലതുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നു: ". സ്വര്‍ഗ്ഗത്തില്‍, മഹിമയുടെ സിംഹാസനത്തിന്‍റെ വലതുഭാഗത്തിരിക്കുന്ന ഒരുപ്രധാന പുരോഹിതന്‍ നമുക്കുണ്ട്" (ഹെബ്രാ 8:1). നാം വീണ്ടും ഇങ്ങനെ വായിക്കുന്നു. പ്രധാന പുരോഹിതനായി ക്രിസ്തു പ്രത്യക്ഷപ്പെട്ടു. കൂടുതല്‍ മഹനീയവും പൂര്‍ണ്ണവും മനുഷ്യനിര്‍മ്മിതമല്ലാത്തതും സൃഷ്ടവസ്തുക്കളില്‍പെടാത്തതുമായ കൂടാരത്തിലൂടെ എന്നേയ്ക്കുമായി ശ്രീകോവിലില്‍ അവന്‍ പ്രവേശിച്ചു. അവന്‍ അവിടെ പ്രവേശിച്ചു നിത്യരക്ഷ സാധിച്ചത് കോലാടുകളുടെയോ, കാളക്കിടാക്കളുടേയോ രക്തത്തിലൂടെയല്ല, സ്വന്തം രക്തത്തിലൂടെയാണ്. കോലാടുകളുടെയും കാളക്കിടാക്കളുടെയും രക്തം തിളയ്ക്കുന്നതും പശുക്കിടാവിന്‍റെ ഭസ്മം വിതറുന്നതും അശുദ്ധരെ ശാരീരികമായി ശുദ്ധീകരിയ്ക്കുന്നു. എന്നാല്‍,നിത്യാത്മാവുമൂലം കളങ്കമില്ലാത്ത ദൈവത്തിനു തന്നെത്തന്നെ സമര്‍പ്പിച്ച ക്രിസ്തുവിന്‍റെ രക്തം, ജീവിക്കുന്ന ദൈവത്തെ ശുശ്രൂഷിക്കാന്‍ നമ്മുടെ അന്തഃകരണത്തെ നിര്‍ജ്ജീവപ്രവൃത്തികളില്‍നിന്ന് എത്രയധികമായി വിശുദ്ധീകരിക്കുകയില്ല! (ഹെബ്രാ 9:11-14). യേശുവിന്‍റെ ത്യാഗബലി എന്നേയ്ക്കും ഒരിക്കല്‍ മാത്രമുള്ളതായിരുന്നു. "വിശുദ്ധീകരിയ്ക്കപ്പെട്ടവരെ, അവന്‍ ഏകബലിസമര്‍പ്പണംവഴി എന്നേയ്ക്കുമായി പരിപൂര്‍ണ്ണരാക്കിയിരിക്കുന്നു" (ഹെബ്രാ 10:14).
കത്തോലിക്കാ പൗരോഹിത്യം: യേശു സ്വര്‍ഗസ്ഥനായ തന്‍റെ പിതാവില്‍നിന്ന് മനുഷ്യരാശിയ്ക്കായി ഒരു ദൈവിക സന്ദേശം കൊണ്ടുവന്നു. ഈ സന്ദേശം ലോകാവസാനംവരെ സകല മനുഷ്യരാശിയ്ക്കുംവേണ്ടി ഉള്ളതായിരുന്നു. ഇത് സാദ്ധ്യമാകണമെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിബദ്ധിതരായ ഒരു സംഘത്തെ തനിയ്ക്കു ചുറ്റും വിളിച്ചുകൂട്ടേണ്ടിയിരുന്നു. മാഞ്ഞുപോകാത്ത മഷിയില്‍ സുവിശേഷസന്ദേശം അവരുടെ ഹൃദയങ്ങളില്‍ എഴുതപ്പെടണമായിരുന്നു. ലോകമെങ്ങും പോയി, തങ്ങളുടെ ഗുരുവിന്‍റെ സന്ദേശം ധൈര്യപൂര്‍വ്വം പ്രഘോഷിക്കുവാന്‍ കഴിവുള്ളവരായിരിക്കണം - ശാരീരികമായ മര്‍ദ്ദനം, പീഡനം, മരണം എന്നിവയൊക്കെ ഉണ്ടായാല്‍പ്പോലും. ചുരുക്കത്തില്‍ യേശു ചെയ്തത് ഇതാണ്: "പിന്നെ അവന്‍ മലമുകളിലേക്കു കയറി, തനിയ്ക്ക് ഇഷ്ടമുള്ളവരെ അടുത്തേയ്ക്കു വിളിച്ചു. അവര്‍ അവന്‍റെ സമീപത്തേയ്ക്കു ചെന്നു. അവന്‍ പന്ത്രണ്ടുപേരെ നിയോഗിച്ചു, അവര്‍ക്ക് അപ്പസ്തോലന്മാര്‍ എന്ന് പേരും നല്കി (മര്‍ക്കോ 3:13-15). കത്തോലിക്കാ പുരോഹിതര്‍, അപ്പസ്തോലന്മാരുടെ പിന്‍ഗാമികളാണ്. അവര്‍ ക്രിസ്തുവിന്‍റെ ദൗത്യം പൂര്‍ത്തിയാക്കേണ്ടതുണ്ട്. പാപപരിഹാരത്തിനു ബലിയര്‍പ്പിക്കുക, ലോകാവസാനംവരെ സകല ജനതകളോടും ദൈവവചനം പ്രസംഗിയ്ക്കുക എന്നിവയും അവര്‍ ചെയ്യേണ്ടതുണ്ട്. പുതിയ ഉടമ്പടിയില്‍, യേശുക്രിസ്തു പഴയനിയമത്തിന്‍റെ ക്രമീകരണത്തെ സമ്പൂര്‍ണ്ണമാക്കി. പൗരോഹിത്യരാജ്യത്തില്‍ അഥവാ, പുരോഹിതരുടെ രാജ്യത്തില്‍ ഒരു പ്രത്യേക പൗരോഹിത്യപദവി സ്ഥാപിച്ചുകൊണ്ടായിരുന്നു അത്. തന്‍റെ നാമത്തില്‍ ബലിയര്‍പ്പിക്കുന്നതിന്, തന്‍റെ ശരീരരക്തങ്ങളുടെ ബലിയ്ക്ക്, തന്‍റെ ശക്തിയും അധികാരവും ഈ പുരോഹിതരുടെമേല്‍ അവിടുന്ന് നല്കി: "എന്‍റെ ഓര്‍മ്മയ്ക്കായി നിങ്ങള്‍ ഇതു ചെയ്യുവിന്‍" (ലൂക്കാ 22:19). പഴയനിയമത്തിലെ പൗരോഹിത്യത്തേക്കാള്‍ ഈ പൗരോഹിത്യം ഏറെ സമുന്നതവും, കൂടുതല്‍ സമ്പൂര്‍ണ്ണവുമാണ്. കാരണം, ക്രിസ്തുവിന്‍റെ എല്ലാക്കാലത്തേയ്ക്കുമുള്ള ഏകബലിയാണത്. ഓരോ വിശുദ്ധകുര്‍ബ്ബാനയിലും സ്ഥലകാലങ്ങളിലൂടെ അത് പ്രതിനിധാനം ചെയ്യപ്പെടുന്നു. അപ്പസ്തോലന്മാരായിരുന്നു ആദ്യപുരോഹിതര്‍. വിശ്വാസികളെ പഠിപ്പിക്കുന്നതിനും വിശുദ്ധീകരിക്കുന്നതിനും യേശു അവര്‍ക്ക് പൂര്‍ണ്ണഅധികാരം നല്കി. അവസാനം അവരെ അവിടുന്ന് ലോകത്തിലേക്ക് അയച്ചു. ഈ പൗരോഹിത്യം അപ്പസ്തോലികപിന്‍തുടര്‍ച്ചയിലൂടെ, പിന്‍തലമുറകളുടെ പ്രയോജനത്തിനായി കൈമാറ്റം ചെയ്യുവാനുള്ള അധികാരം നല്കിക്കൊണ്ടാണ് അവരെ അയച്ചത്. കത്തോലിക്കാപൗരോഹിത്യം ഒരുതരത്തിലും യേശുവിന്‍റെ പൗരോഹിത്യമായി മത്സരിക്കുകയോ, അതിനു പകരമാകുകയോ ചെയ്യുന്നില്ല; അത് ആ പൗരോഹിത്യത്തില്‍ ഒരു പങ്കാളിത്തമാണ്. യേശു അവിരാമം തന്‍റെ സഭയെ പടുത്തുയര്‍ത്തുകയും അതിനെ നയിക്കുകയും ചെയ്യുന്ന ഒരു ഉപാധിയാണ് ഈ ശുശ്രൂഷാപൗരോഹിത്യം. തിരുപ്പട്ടം, അഥവാ പൗരോഹിത്യം എന്ന കൂദാശയിലൂടെ അത് പ്രസരണം ചെയ്യപ്പെടുന്നു. ട്രെന്‍റിലെ കൗണ്‍സില്‍ ഇങ്ങനെ പറയുന്നു: "പുതിയ നിയമത്തില്‍ ദൃശ്യവും ബാഹ്യവുമായ പൗരോഹിത്യമില്ല" നമ്മുടെ കര്‍ത്താവിന്‍റെ ശരീരരക്തങ്ങളെ പവിത്രീകരിക്കുവാനും നല്കുവാനും അതുപോലെതന്നെ പാപങ്ങള്‍ ക്ഷമിക്കുവാനും ബന്ധിയ്ക്കുവാനും ഒരു അധികാരവുമില്ല, കേവലം സുവിശേഷപ്രസംഗത്തിനുള്ള അധികാരപദവിയും ശുശ്രൂഷയും മാത്രമേയുള്ളൂ എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവന് ഭ്രഷ്ടുണ്ടാകട്ടെ, ശാപവും പള്ളിവിലക്കുമുണ്ടാകട്ടെ." ചുരുക്കത്തില്‍. പൗരോഹിത്യം കൂടാതെയുള്ള ക്രിസ്തീയതയ്ക്ക് ക്രിസ്തുവിന്‍റെ സഭയായിരിക്കാന്‍ കഴിയില്ല.
കത്തോലിക്കാപുരോഹിതന്‍ ആരാണ് എന്ന് ബൈബിള്‍ വ്യക്തമായി പറയുന്നു: "ജനങ്ങളില്‍നിന്ന്, ജനങ്ങള്‍ക്കുവേണ്ടി തിരഞ്ഞെടുക്കപ്പെടുന്ന പ്രധാന പുരോഹിതന്‍, ദൈവിക കാര്യങ്ങള്‍ക്കു നിയമിക്കപ്പെടുന്നത്, പാപപരിഹാരത്തിനായി ബലികളും കാഴ്ചകളും അര്‍പ്പിക്കാനാണ്" (ഹെബ്രാ 5:1). പുതിയ ഉടമ്പടിയില്‍ പൗരോഹിത്യത്തിലേയ്ക്കുള്ള വിളി, പഴയനിയമത്തിലേതുപോലെതന്നെ, ദൈവത്തിന്‍റെ ഒരു സ്വതന്ത്രവരദാനമാണ്. കത്തോലിക്കാസഭയിലെ ശുശ്രൂഷികള്‍ കര്‍ത്താവിനാല്‍ തിരഞ്ഞെടുക്കപ്പെട്ടവരാണ്. ദൈവത്തെ സംബന്ധിയ്ക്കുന്ന കാര്യങ്ങള്‍ക്കായി അവര്‍ മാറ്റിനിര്‍ത്തപ്പെട്ടിരിക്കുന്നു. ഈ ശുശ്രൂഷാദൗത്യത്തെ അപഹരിക്കുവാനോ കൈയടക്കുവാനോ ആര്‍ക്കും അധികാരമില്ല. വിശുദ്ധലിഖിതം അത് വ്യക്തമായി പ്രസ്താവിക്കുന്നു: അഹറോനെപ്പോലെ വിളിക്കപ്പെടുകയല്ലാതെ ആരും സ്വയം ഈ ബഹുമതി ഏറ്റെടുക്കുകയില്ലڈ (ഹെബ്രാ 5:1). അതുകൊണ്ടാണ് യേശു ഇങ്ങനെ പറഞ്ഞത്: "നിങ്ങള്‍ എന്നെ തിരഞ്ഞെടുക്കുകയില്ല, ഞാന്‍ നിങ്ങളെ തിരഞ്ഞെടുക്കുകയാണ് ചെയ്തത്. നിങ്ങള്‍പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനില്ക്കുന്നതിനുംവേണ്ടി ഞാന്‍ നിങ്ങളെ നിയോഗിച്ചിരിക്കുന്നു" (യോഹ 15:16).
ഇതില്‍നിന്ന് ഒരുകാര്യം വ്യക്തമാണ്. സ്വയം സുവിശേഷപ്രസംഗകരും പ്രബോധകരും ഗുരുക്കന്മാരും അജപാലകരും ആകുന്നവര്‍ വിവിധ സഭാ വിഭാഗങ്ങളിലുണ്ട്. അവര്‍ യേശുക്രിസ്തുവിന്‍റെ കല്പനയ്ക്ക് എതിരേ പ്രവര്‍ത്തിക്കുന്നു. നിഷ്കളങ്കരായ ക്രൈസ്തവരെ അവര്‍ വഞ്ചിയ്ക്കുന്നു. അപ്പസ്തോലന്മാരുടെ പൗരോഹിത്യശുശ്രൂഷ അവരുടെ മരണത്തോടെ അവസാനിക്കുകയാല്ലായിരുന്നു. അവരുടെ പിന്‍ഗാമികളിലൂടെ, അത് ലോകാവസാനംവരെ പ്രചരിച്ചു. ആത്മഹത്യ ചെയ്ത യൂദാസിനുപകരം മത്തിയാസിനെ തിരഞ്ഞെടുത്തത് പുതിയ അപ്പസ്തോലിക പിന്‍തുടര്‍ച്ചയിലെ ആദ്യ മാതൃകയായിരുന്നു ഇത്. അപ്പസ്തോലന്മാര്‍ക്ക് യേശുവിന്‍റെ മനസ് അറിയാമായിരുന്നു. അതനുസരിച്ച് അവര്‍ പ്രവര്‍ത്തിച്ചു. അപ്പസ്തോലിക പിന്‍തുടര്‍ച്ച യേശുവിന്‍റെയും അപ്പസ്തോലന്മാരുടെയും മനസ്സില്‍ ഇല്ലായിരുന്നെങ്കില്‍, യൂദാസിന് പകരം ഒരാളെ കണ്ടെത്തുക എന്ന പ്രശ്നം ഉദിയ്ക്കുമായിരുന്നില്ല. ചുരുക്കത്തില്‍, വിശ്വാസികളുടെ വിശുദ്ധീകരണത്തിനുവേണ്ടി യേശു തുടക്കംകുറിച്ച പൗരോഹിത്യം പ്രചരിപ്പിക്കുന്നതിന്, അപ്പസ്തോലിക പിന്‍തുടര്‍ച്ച ഉണ്ടായിരിക്കണം എന്നത് യേശുവിന്‍റെ ഇച്ഛ ആയിരുന്നു.
ആരാണ് കത്തോലിക്കാപുരോഹിതന്‍ എന്ന് പൗലോസ് നമ്മെ അനുസ്മരിപ്പിക്കുന്നു: "ഞങ്ങള്‍ ക്രിസ്തുവിന്‍റെ സ്ഥാനപതികളാണ്. ഞങ്ങള്‍ വഴി ദൈവം നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. നിങ്ങള്‍ ക്രിസ്തുവിനോട് രമ്യതപ്പെടുന്നു. ഇതാണ് ക്രിസ്തുവിന്‍റെ നാമത്തില്‍ ഞങ്ങള്‍ നിങ്ങളോട് അപേക്ഷിക്കുന്നത്" (2 കോറി 5:20). പൗരോഹിത്യ ശുശ്രൂഷാദൗത്യം, അപ്പസ്തോലന്മാര്‍ പിന്‍ഗാമികള്‍ക്ക് കൈവെയ്പ്പിലൂടെ കൈമാറി. "ആര്‍ക്കെങ്കിലും കൈവെയ്പ്പ് നല്‍കുന്നതിന് തിടുക്കം കൂട്ടുകയോ മറ്റുള്ളവരുടെ പാപങ്ങളില്‍ പങ്കുചേരുകയോ അരുത്. നീ വിശുദ്ധി പാലിക്കണം" (1 തിമോ 5:22). അതിനാല്‍ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെടുന്ന പുരോഹിതനും മെത്രാന്മാരും വിശ്വാസികളാല്‍ ആദരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്നത് സ്വാഭാവികമാണ്. വിശുദ്ധലിഖിതത്തില്‍ നമുക്ക് ഒരു കീഴ്വഴക്കമുണ്ട്: "സഭയെ നന്നായി ഭരിക്കുന്ന ശ്രേഷ്ഠന്മാര്‍, പ്രത്യേകിച്ച്, പ്രസംഗത്തിലും പ്രബോധനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവര്‍, കൂടുതല്‍ ബഹുമാനത്തിന് അര്‍ഹരായി പരിഗണിക്കപ്പെടണം..." (1 തിമോ 5:17-18). അതിനെ എതിര്‍ക്കുന്നവര്‍ സുവിശേഷത്തോടുള്ള അവരുടെ അജ്ഞത വെളിപ്പെടുത്തുന്നു.
പഴയനിയമത്തിലെ പുരോഹിതന്മാര്‍, ഇസ്രായേല്‍ ജനതയെ അനുഗ്രഹിക്കാന്‍ നിയോഗിപ്പെട്ടവരാണ്. പൗരോഹിത്യ, രാജകീയവംശത്തില്‍ ഉള്‍പ്പെടാന്‍ വിളിക്കപ്പെട്ടവരാണ്. "കര്‍ത്താവ് മോശയോട് അരുളി ചെയ്തു.. അഹറോനോടും പുത്രന്മാരോടും പറയുക; നിങ്ങള്‍ ഇങ്ങനെ പറഞ്ഞ് ഇസ്രായേല്‍ ജനത്തെ അനുഗ്രഹിക്കണം. കര്‍ത്താവ് നിന്നെ അനുഗ്രഹിക്കുകയും, പരിപാലിക്കുകയും ചെയ്യട്ടെ. അവിടുന്ന് നിന്നില്‍ പ്രസാദിക്കുകയും നിന്നോട് കരുണ കാണിക്കുകയും ചെയ്യട്ടെ. കര്‍ത്താവ് കരുണയോടെ കടാക്ഷിച്ച്, നിനക്കു സമാധാനം നല്കട്ടെ ഇപ്രകാരം ഇവര്‍ ഇസ്രായേല്‍ മക്കളുടെ മേല്‍ എന്‍റെ നാമം ഉറപ്പിക്കട്ടെ. അപ്പോള്‍, ഞാന്‍ അവരെ അനുഗ്രഹിക്കും" (സംഖ്യ 6:22-27). ഇതേരീതിയില്‍, പുതിയ ഉടമ്പടിയിലെ പുരോഹിതര്‍ വിശ്വാസികളെ യേശുക്രിസ്തുവിന്‍റെയും ഏറ്റവും പരിശുദ്ധ ത്രിത്വത്തിന്‍റെയും നാമത്തില്‍ അനുഗ്രഹിക്കും: "നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങളെല്ലാവരോടുംകൂടെ ഉണ്ടായിരിക്കട്ടെ!" (2 തെസ 3:18). വീണ്ടും: "കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപയും ദൈവത്തിന്‍റെ സ്നേഹവും പരിശുദ്ധാത്മാവിന്‍റെ സഹവാസവും നിങ്ങളേവരോടുംകൂടെ ഉണ്ടായിരിക്കട്ടെ!" (2 കോറി 13:3). ജനത്തെ ഔദ്യോഗികമായി ആശീര്‍വദിക്കാന്‍ അല്മായര്‍ നിയോഗിക്കപ്പെട്ടിട്ടില്ല.
അല്മായ പൗരോഹിത്യം: മുകളില്‍ സൂചിപ്പിച്ചിട്ടുള്ള ചോദ്യത്തില്‍ എതിരാളികള്‍ ഉയര്‍ത്തിയ പ്രശ്നം വിശുദ്ധ പത്രോസിന്‍റെ താഴെക്കൊടുക്കുന്ന വാക്കുകളെ ആസ്പദമാക്കിയാണ്: നമുക്ക് അവനെ സമീപിക്കാം.... നിങ്ങള്‍ സജീവ ശിലകള്‍കൊണ്ടുള്ള ഒരു ആത്മീയ ഭവനമായി പടുത്തുയര്‍ത്തപ്പെടട്ടെ. യേശുക്രിസ്തുവഴി ദൈവത്തിന് സ്വീകാര്യമായ ബലികളര്‍പ്പിക്കുന്നതിന് വിശുദ്ധമായ ഒരു പുരോഹിതജനമാകുകയും ചെയ്യട്ടെ (1 പത്രോ 2:5-9). ജ്ഞാനസ്നാനത്തിലൂടെ ഓരോ ക്രൈസ്തവനും യേശുവിന്‍റെ രാജകീയവും നിത്യവുമായ പൗരോഹിത്യത്തില്‍ പങ്കാളികളാകുന്നു. പുതിയ ഉടമ്പടിയിലെ രാജകീയ പുരോഹിതജനം എങ്ങനെ ബലിയര്‍പ്പിക്കണം എന്ന് വിശുദ്ധ പൗലോസ് വിശദീകരിക്കുന്നു. "ആകയാല്‍ സഹോദരരേ, ദൈവത്തിന്‍റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു: നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും, ദൈവത്തിനു പ്രീതികരവുമായ സജീവ ബലിയായി സമര്‍പ്പിയ്ക്കുവിന്‍" (റോമാ 12:1). രാജകീയ പൗരോഹിത്യ വിശ്വാസികളുടെ ബലിയര്‍പ്പണം ദൈവത്തിനു സ്വീകാര്യമായ കാഴ്ചയായി സമര്‍പ്പിയ്ക്കുന്നതില്‍ അടങ്ങിയിരിക്കുന്നു. സ്വയം കളങ്കരഹിതവും പരിശുദ്ധവുമായിരിക്കണം. വിശുദ്ധ പൗലോസ് അതിനെ പരിശുദ്ധ ആരാധന എന്നുവിളിക്കുന്നു. ശുശ്രൂഷിയായ പുരോഹിതന്‍ അള്‍ത്താരയില്‍ സമര്‍പ്പിയ്ക്കുന്ന ഏകനിത്യബലിയില്‍ വിശ്വാസികള്‍ പങ്കാളികളാകുന്നു. ഈ രീതിയില്‍, ക്രിസ്തുവിന്‍റെ മരണം, പുനഃരുദ്ധാനം എന്നിവയില്‍ പങ്കാളികളായി ദൈവജനം വീണ്ടെടുപ്പിന്‍റെ ഫലങ്ങള്‍ പ്രാപിക്കുന്നു.
അല്മായരുടെ സാര്‍വ്വത്രിക പൗരോഹിത്യം, പ്രത്യേക ശുശ്രൂഷാപൗരോഹിത്യത്തെ ഒരുതരത്തിലും ഒഴിവാക്കുന്നില്ല. പ്രത്യുത, അതിന്‍റെ അസ്തിത്വത്തെ മുന്‍കൂട്ടി നിശ്ചയിക്കുന്നു. കാരണം ഇവ രണ്ടും സാമാന്യം, സവിശേഷം എന്നീ നിലയില്‍ ബന്ധപ്പെട്ടിരിക്കുന്നു. മൂര്‍ത്തവും അമൂര്‍ത്തവും എന്ന നിലയിലും ആലങ്കാരികമായും വാസ്തവത്തിലും അവ ബന്ധപ്പെട്ടിരിക്കുന്നു. സാധാരണ ക്രിസ്ത്യാനിക്ക്, അക്ഷരാര്‍ത്ഥത്തില്‍, ഒരു പുരോഹിതനായിരിക്കാന്‍ കഴിയില്ല. അവന് ഒരു യഥാര്‍ത്ഥ ബലി അര്‍പ്പിക്കുവാന്‍ സാധിക്കുകയില്ല. പ്രാര്‍ത്ഥനയുടെ ആലങ്കാരികമായ ബലിയര്‍പ്പണമേ സാധിക്കുകയുള്ളൂ. വിശുദ്ധ പത്രോസിന്‍റെ ലേഖനഭാഗം വ്യക്തമാക്കുന്നത്, അപ്പസ്തോലന്‍ ഉദ്ദേശിച്ചത് ഒരു ആലങ്കാരിക പൗരോഹിത്യം മാത്രമാണ് എന്നാണ്. കാരണം, "ആത്മീയ ബലികള്" പ്രാര്‍ത്ഥനകളെ സൂചിപ്പിക്കുന്നു. "രാജകീയം" എന്ന പദം ക്രിസ്ത്യാനികളെ സൂചിപ്പിക്കുന്ന ആലങ്കാരിക പ്രയോഗമാണ്.
യേശു നേരത്തേ പറഞ്ഞ വാക്കുകളില്‍നിന്ന് വ്യത്യസ്തമായി, പഴയതും പുതിയതും ആയ ഉടമ്പടികള്‍ തമ്മിലുള്ള സമാനതകള്‍ ഒരു വസ്തുത സംശയാതീതമായി തെളിയിക്കുന്നു. അതായത്, കത്തോലിക്കാ സഭയിലെ പൗരോഹിത്യം, ജ്ഞാനസ്നാനത്തില്‍നിന്ന് ഉരുത്തിരിയുന്ന അല്മായരുടെ പൗരോഹിത്യത്തില്‍നിന്ന് സാരവത്തായ വിധത്തില്‍ വ്യത്യസ്തമാണ്. വിശ്വാസികളുടെ പൊതുപൗരോഹിത്യം ജ്ഞാനസ്നാനത്തിലെ കൃപ വെളിവാക്കുന്നതിലൂടെ പ്രയോഗിക്കപ്പെടുന്നു. കത്തോലിക്കാ പുരോഹിതരുടെ ശുശ്രൂഷാപൗരോഹിത്യം, അല്മായരുടെ പൊതുപൗരോഹിത്യത്തിന്‍റെ ശുശ്രൂഷ ചെയ്യുന്നു. ഓരോ ക്രൈസ്തവനിലും ജ്ഞാനസ്നാനത്തിന്‍റെ കൃപ വിടരുവാന്‍ അത് സഹായിക്കുന്നു. ക്രിസ്തു അവിരാമം അവിടുത്തെ സഭയെ പടുത്തുയര്‍ത്തുകയും, നയിക്കുകയും ചെയ്യുന്ന ഒരു ഉപാധിയാണ് ഈ ശുശ്രൂഷാ പൗരോഹിത്യം. പൗരോഹിത്യ കൂദാശയിലൂടെയാണ് അത് പ്രസരണം ചെയ്യപ്പെടുന്നത്. ചുരുക്കത്തില്‍, രാജകീയ, പൗരോഹിത്യവംശത്തില്‍നിന്ന് ദൈവം തെരഞ്ഞെടുക്കപ്പെട്ട വ്യക്തികളുടെ ഒരു സംഘത്തെ തെരഞ്ഞെടുത്തു, അവരെ വിശുദ്ധീകരിച്ചു. വിശ്വാസികളുടെ ആവശ്യങ്ങള്‍ക്കു ശുശ്രൂഷ ചെയ്യുവാനും അവരുടെ വിശ്വാസയാത്രയില്‍ അവരെ നയിക്കുവാനും അവരെ വേര്‍തിരിച്ചുനിര്‍ത്തി. പഴയനിയമത്തില്‍ യാഹ്വെ ചെയ്തതുപോലെ.
പൗരോഹിത്യത്തിന്‍റെ സഹജമായ ഒരു ഘടകമാണ് ബ്രഹ്മചര്യം എന്ന് കത്തോലിക്കാസഭ അനുശാസിക്കുന്നില്ല. വാസ്തവത്തില്‍ ആദിമസഭയില്‍ അനേകം വൈദികരും മെത്രാന്മാരും വിവാഹജീവിതം നയിച്ചിരുന്നു. "മെത്രാന്‍ ആരോപണങ്ങള്‍ക്കതീതനും ഏകഭാര്യയുടെ ഭര്‍ത്താവും സംയമിയും വിവേകിയും അച്ചടക്കമുള്ളവനും അതിഥി സല്‍ക്കാരപ്രിയനും യോഗ്യനായ പ്രബോധകനുമായിരിക്കണം" (1 തിമോ 3:2). ആദ്യത്തെ മാര്‍പാപ്പ ആയിരുന്ന പത്രോസിന് ഭാര്യ ഉണ്ടായിരുന്നില്ലേ? "യേശു പത്രോസിന്‍റെ വീട്ടിലെത്തിയപ്പോള്‍ അവന്‍റെ അമ്മായിയമ്മ പനിപിടിച്ചു കിടക്കുന്നതു കണ്ടു" (മത്താ 8:14). ഇന്ന് പൗരസ്ത്യ റീത്തിലെ അനവധി പുരോഹിതര്‍ വിവാഹിതരാണ്. റോമന്‍ റീത്തില്‍പ്പോലും ഈ മാനദണ്ഡത്തില്‍നിന്ന് ഇളവു നേടിയിട്ടുള്ള വൈദികരുണ്ട്; പ്രത്യേകിച്ച്, ആംഗ്ലിക്കന്‍ സഭയില്‍ നിന്നോ ഇതര ക്രിസ്തീയപാരമ്പര്യങ്ങള്‍ തുടങ്ങിയവയില്‍നിന്നോ മാതൃസഭയിലേക്ക് തിരിച്ചെത്തുന്ന പുരോഹിതര്‍.
ബ്രഹ്മചര്യം വ്യക്തിപരമായ തെരഞ്ഞെടുപ്പിന്‍റെ ഒരു പ്രശ്നമാണ്. അതു ദൈവവിളി സ്വീകരിക്കലുമാണ്. യഹൂദ സമൂഹത്തില്‍ ഓരോ വ്യക്തിയും വിവാഹിതനാകണം എന്നും സന്തതികളെ ഉല്പാദിപ്പിക്കണമെന്നും അനുശാസിക്കപ്പെട്ടിരുന്നു. കുട്ടികള്‍ യഹ്വെയുടെ അനുഗ്രഹമായി കരുതപ്പെട്ടിരുന്നു. "കര്‍ത്താവിന്‍റെ ദാനമാണ് മക്കള്‍.
ഉദരഫലം ഒരു സമ്മാനവും.
യൗവ്വനത്തില്‍ ജനിയ്ക്കുന്ന മക്കള്‍
യുദ്ധവീരന്‍റെ കയ്യിലെ
അസ്ത്രങ്ങള്‍ പോലെയാണ്.
അവകൊണ്ട് ആവനാഴി നിറയ്ക്കുന്നവന്‍
ഭാഗ്യവാന്‍; നഗരകവാടത്തില്‍വച്ച്
ശത്രുക്കളെ നേരിടുമ്പോള്‍
അവന് ലജ്ജിക്കേണ്ടി വരുകയില്ല." (സങ്കീ 127:3-5).
30 വയസ്സായിട്ടും, വിവാഹത്തിന് ഏറെ യോഗ്യതയുള്ള ഒരു യുവാവായിരുന്നിട്ടും, യേശു അവിവാഹിതനായി ബ്രഹ്മചര്യം അനുഷ്ഠിച്ചു. അങ്ങനെ കഴിയാന്‍ തീരുമാനിച്ചതിലൂടെ രാജ്യത്തിന്‍റെ മൊത്തം വികാരത്തിന് എതിരായി അദ്ദേഹം പ്രവര്‍ത്തിച്ചു. എന്തുകൊണ്ടാണ് യേശു ബ്രഹ്മചര്യം അനുഷ്ഠിച്ചത്? തന്‍റെ ദൗത്യം അനുഷ്ഠിക്കുന്നതിന് ബ്രഹ്മചര്യം യേശുവിനെ പൂര്‍ണ്ണമായും സ്വതന്ത്രമാക്കും എന്നതിനാലായിരിക്കണം യേശു അവിവാഹിതനായി കഴിയാന്‍ തീരുമാനിച്ചത്. സ്വര്‍ഗ്ഗരാജ്യത്തെപ്രതി തങ്ങളെത്തന്നെ ഷണ്ഡന്മാരാക്കുന്നവരുണ്ട്: ഗ്രഹിക്കാന്‍ കഴിവുള്ളവര്‍ ഗ്രഹിക്കട്ടെ എന്ന് വിശുദ്ധ മത്തായി തന്‍റെ ശിഷ്യരോടു വിശദീകരിച്ചപ്പോള്‍ (മത്താ 19:12), അത് അവിടുത്തെ സന്ദേശത്തിന്‍റെ ഭാഗമായിരുന്നു. പിതാവ് തന്നെ ഭരമേല്പിച്ച ദൗത്യം പൂര്‍ത്തീകരിക്കുന്നതിനുവേണ്ടി അവിടുന്ന് ബ്പഹ്മചര്യം അനുഷ്ഠിച്ചു എന്ന് പറയാനുള്ള ഒരു രീതിയായിരുന്നു അത്. വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍ ഇങ്ങനെ പറഞ്ഞുകൊണ്ട് യേശു സദുക്കായരെ നിശ്ശബ്ദരാക്കുന്നു: "പുനഃരുത്ഥാനത്തില്‍ അവര്‍ വിവാഹം ചെയ്യുകയോ ചെയ്തുകൊടുക്കുകയോ ഇല്ല" (മത്താ 22:30).
സ്വര്‍ഗരാജ്യത്തിന്‍റെ അവസാനഘട്ടത്തില്‍ ജീവിതം ബ്രഹ്മചര്യത്തിന്‍റേതായിരിക്കും എന്നു പറയുകയാണ് അത്. സ്വര്‍ഗ്ഗരാജ്യത്തിലെ ജീവിതത്തിന്‍റെ അവസ്ഥ ഭൂമിയില്‍ പ്രതിഫലിപ്പിക്കുവാന്‍വേണ്ടിയാണ് യേശു ഭൂമിയില്‍ ബ്രഹ്മചര്യത്തിന്‍റേതായ ജീവിതം തെരഞ്ഞെടുത്തത്. ബ്രഹ്മചര്യം അനുഷ്ഠിയ്ക്കുവാന്‍ അവിടുന്ന് തന്‍റെ ചില ശിഷ്യരെ ക്ഷണിച്ചു. അവര്‍ അത് സ്വേച്ഛയാല്‍ ചെയ്യണം എന്ന് അവിടുന്ന് ആഗ്രഹിച്ചു. തന്‍റെ രണ്ടാമത്തെ ആഗമനത്തില്‍ അവര്‍ എങ്ങനെ ആയിരിക്കണം എന്ന് മുന്‍കൂട്ടി കാണാനായിരുന്നു അത്. മറ്റുവിധത്തില്‍പ്പറഞ്ഞാല്‍, സ്വര്‍ഗ്ഗരാജ്യത്തില്‍ കാണപ്പെടുന്ന ജീവിതം ഭൂമിയില്‍ മുന്‍കൂട്ടി കാണുന്നതിന് യേശു ബ്രഹ്മചാരിയായി ജീവിച്ചു. സ്വര്‍ഗ്ഗരാജ്യത്തിലെ ജീവിതത്തിന്‍റെ ഒരു മുന്നൊരുക്കം എന്ന നിലയിലായിരുന്നു അത്. ഭാവി വൈദികര്‍ക്ക് യേശു അങ്ങനെ ഒരു മാതൃകയായി.
കത്തോലിക്കാസഭയില്‍ ബ്പഹ്മചര്യം അച്ചടക്കത്തിന്‍റെ ഒരു മാനദണ്ഡമാണ്. കാരണം യേശുവിന്‍റെ കാര്യത്തില്‍ എന്നതുപോലെ ദൈവത്തിന്‍റെയും അജഗണത്തിന്‍റെയും കാര്യങ്ങള്‍ക്ക് ഏകമനസ്സോടെ സ്വയം അര്‍പ്പിക്കുവാന്‍ സാധിക്കുമായിരുന്നു. "അവിവാഹിതന്‍ കര്‍ത്താവിനെ എങ്ങനെ സംപ്രീതനാക്കുമെന്നു ചിന്തിച്ച് കര്‍ത്താവിന്‍റെ കാര്യങ്ങളില്‍ തല്പരനാകുന്നു. വിവാഹിതന്‍, സ്വഭാര്യയെ എങ്ങനെ പ്രീതിപ്പെടുത്താം എന്നു ചിന്തിച്ച് ലൗകിക കാര്യങ്ങളില്‍ തല്പരനാകുന്നു. അവന്‍റെ താത്പര്യങ്ങള്‍ വിഭജിക്കപ്പെട്ടിരിക്കുന്നു..." (1 കോറി 7:32-34). വൈദികര്‍ക്ക് ഭാര്യമാരും കുട്ടികളും ഉണ്ടായിരുന്നെങ്കില്‍, വിദേശമിഷനുകള്‍ പണ്ടത്തേതുപോലെയും, ഇന്നത്തേതുപോലെയും ചടുലമാകുമായിരുന്നോ? പുരോഹിതന്‍ വിവാഹിതരായിരുന്നെങ്കില്‍ രാത്രിയും പകലും അജഗണത്തിന് ലഭ്യരാകുമായിരുന്നോ?
യഥോചിതമുള്ള വിശുദ്ധഗ്രന്ഥപരവും ധാര്‍മ്മികവുമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കുള്ളിലാണെങ്കില്‍, വിവാഹത്തിന്‍റെ പ്രസക്തി കത്തോലിക്കാസഭ ഒരുവിധത്തിലും കുറച്ചുകാണിക്കുന്നില്ല. വിവാഹം, പൗരോഹിത്യ അഭിഷേകം എന്നിവയെ അത് കൂദാശകളായി അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു. രണ്ടും ദൈവകൃപയുടെ ഗുണപരവും ഫലപ്രദവുമായ ചാലുകളാണ്. എങ്കിലും വിശുദ്ധ പൗലോസ് ഇങ്ങനെ കൂട്ടിച്ചേര്‍ക്കുന്നു: "തന്‍റെ കന്യകയെ വിവാഹം ചെയ്യുന്നവന്‍ ഉചിതമായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ വിവാഹം ചെയ്യാതിരിക്കുന്നവന്‍ കൂടുതല്‍ ശ്ലാഘനീയനാണ്" (1 കോറി 7:38). എല്ലാവരും എന്നെപ്പോലെ ആയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിക്കുന്നു. എന്നാല്‍, ദൈവത്തില്‍നിന്ന് ഓരോരുത്തര്‍ക്കും പ്രത്യേക ദാനങ്ങളാണല്ലോ ലഭിക്കുന്നത്... വിളിക്കപ്പെട്ടപ്പോഴുള്ള അവസ്ഥയില്‍തന്നെ ഓരോരുത്തരും തുടര്‍ന്നുകൊള്ളട്ടെ (1 കോറി 7:7-20). വിശുദ്ധ പൗലോസ് അവിവാഹിതകള്‍ക്കും വിധവകള്‍ക്കും നല്കുന്ന ഉപദേശം പുരുഷന്മാര്‍ക്കും സാധുവാണ്: "എന്നാല്‍ സംയമനം സാദ്ധ്യമല്ലാത്തവര്‍ വിവാഹം ചെയ്യട്ടെ. വികാരംകൊണ്ടു ദഹിക്കുന്നതിനേക്കാള്‍ വിവാഹിതരാകുന്നതാണ് നല്ലത്"(1 കോറി 7:9).
പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പയുടെ വാക്കുകളോടെ ഞാന്‍ ഉപസംഹരിക്കട്ടെ: "ബ്രഹ്മചര്യത്തിന്‍റെ നിയമത്തിലൂടെ പുരോഹിതന്‍, പൗരോഹിത്യത്തിന്‍റെ കടമകളും വരദാനങ്ങളും നഷ്ടപ്പെടുത്തുന്നതിനുപകരം, അളവറ്റ രീതിയില്‍ അതിനെ വര്‍ദ്ധിപ്പിക്കുന്നു. കാരണം, ഈ ഭൂമിയില്‍ കടന്നുപോകുന്ന തന്‍റെ ജീവിതത്തില്‍ സന്തതികളെ ഉല്പാദിപ്പിക്കുന്നില്ലെങ്കിലും, സ്വര്‍ഗ്ഗീയവും, നിത്യവുമായ ജീവിതത്തിനുവേണ്ടി അവിടുന്ന് സന്തതികളെ സൃഷ്ടിയ്ക്കുന്നു.
പൗരോഹിത്യ ബ്രഹ്മചര്യത്തിനെതിരേയുള്ള എതിര്‍പ്പ് ന്യായീകരിക്കുവാന്‍ പൗലോസിന്‍റെ ഈ വാക്കുകള്‍, വേര്‍പിരിഞ്ഞുപോയ ചില സഹോദരങ്ങള്‍ ഉദ്ധരിക്കാറുണ്ട്: "മെത്രാന്‍ ആരോപണങ്ങള്‍ക്കതീതനും ഏകഭാര്യയുടെ ഭര്‍ത്താവും സംയമിയും വിവേകിയും അച്ചടക്കമുള്ളവനും അതിഥിസല്‍ക്കാരപ്രിയനും യോഗ്യനായ പ്രബോധകനും ആയിരിക്കണം" (1 തിമോ 3:2). വീണ്ടും മെത്രാന്‍ നിയമനം സംബന്ധിച്ച്, വിശുദ്ധ പൗലോസ് തീത്തോസിന് നിര്‍ദ്ദേശം നല്കുന്നു: "ശ്രേഷ്ഠന്‍ കുറ്റമറ്റസ്വഭാവമുള്ളവനും ഏകഭാര്യയുടെ ഭര്‍ത്താവുമായിരിക്കണം. അവന്‍റെ സന്താനങ്ങള്‍ വിശ്വാസികളും ദുര്‍വൃത്തരെന്നോ, അനുസരണമില്ലാത്തവരെന്നോ ദുഷ്കീര്‍ത്തി സമ്പാദിച്ചിട്ടില്ലാത്തവരും ആയിരിക്കണം (തീത്തോസ് 1:6). മെത്രാന്മാരും വൈദികരും നിര്‍ബന്ധമായും വിവാഹിതരായിരിക്കണം എന്ന് ഒരു സാഹചര്യത്തിലും ഈ പ്രസ്താവനകള്‍ സൂചിപ്പിക്കുന്നില്ല. അങ്ങനെ ആയിരുന്നെങ്കില്‍, ഭാവിതലമുറകള്‍ക്ക് മാതൃക നല്കുന്നതിനുവേണ്ടി, പൗലോസ് സ്വയം വിവാഹിതനാകുമായിരുന്നു. തന്‍റെ ബ്രഹ്മചര്യജീവിതം അനുകരിക്കാനാണ് അദ്ദേഹം അനുയായികളോട് ആവശ്യപ്പെടുന്നത്. അവിവാഹിതരോടും വിധവകളോടും ഞാന്‍ പറയുന്നു, എന്നെപ്പോലെ ആയിരിക്കുന്നതാണ് അവര്‍ക്കു നല്ലത്" (1 കോറി 7:8). ക്രിസ്തീയതയുടെ ആദ്യ ഘട്ടത്തില്‍ മെത്രാന്മാരെയും വൈദികരെയും തെരഞ്ഞെടുത്തപ്പോള്‍, പുതിയതായി മാനസാന്തരപ്പെട്ടവരില്‍ നിന്ന് അനുയോജ്യമായ അവിവാഹിതര്‍ മിക്കപ്പോഴും ലഭ്യമല്ലാതിരുന്നതിനാല്‍, സഭാനേതാക്കള്‍ വിവാഹിതരെ ഏറെ ആശ്രയിച്ചു. പക്ഷേ, അവര്‍ എല്ലാത്തരത്തിലും കളങ്കമറ്റവര്‍ ആയിരുന്നു. ലോകത്തിന്‍റെ ചില ഭാഗങ്ങളില്‍ ബഹുഭാര്യാത്വം പ്രചാരത്തിലിരുന്നതിനാല്‍, പ്രസ്തുത അപകടത്തെക്കുറിച്ച് വിശുദ്ധ പൗലോസിന്, തീത്തോസിനെയും തിമോത്തിയോസിനെയും അനുസ്മരിപ്പിക്കേണ്ടിവന്നു. വിശുദ്ധ പൗലോസിന്‍റെ വാക്കുകള്‍ അര്‍ത്ഥമാക്കുന്നത് മെത്രാന്മാരും വൈദികരും വിവാഹിതരായിരിക്കണം എന്നല്ല, പ്രത്യുത, വിവാഹിതരെയും സഭാശുശ്രൂഷികളായി അഭിഷേകം ചെയ്യാം എന്നാണ്.
പഴയനിയമത്തില്‍, ലേവ്യരായ പുരോഹിതര്‍ ജറുസലേം ദൈവാലയത്തില്‍ ബലിയര്‍പ്പിക്കുന്നതിന് കുറച്ചുനാള്‍മുമ്പ് ഭാര്യയുമായി ബന്ധപ്പെടുന്നതില്‍നിന്ന് വിട്ടുനില്ക്കാന്‍ ബാദ്ധ്യസ്ഥരായിരുന്നു. കൂടാതെ, അഹിമെലെക് പുരോഹിതനോട് ദാവീദ് പറഞ്ഞു: "എനിക്ക് അഞ്ചപ്പം തരുക; അല്ലെങ്കില്‍ ഉള്ളതാകട്ടെ. പുരോഹിതന്‍ ദാവീദിനോടു പറഞ്ഞു: വിശുദ്ധയപ്പമല്ലാതെ, സാധാരണയപ്പം എന്‍റെ കൈവശമില്ല. നിന്‍റെ ഭൃത്യന്മാര്‍ സ്ത്രീകളില്‍നിന്ന് അകന്നുനിന്നവരാണെങ്കില്‍ മാത്രമേ തരുകയുള്ളൂ" (1 സാമു 21:3-6). പഴയ ഉടമ്പടിയില്‍ ദൈവാലയത്തിലെ അപ്പം പങ്കുവയ്ക്കുന്നതിനും ബലി അര്‍പ്പിക്കുന്നതിനും സ്ത്രീകളുമായുള്ള ലൈംഗികബന്ധം ഒഴിവാക്കുന്നത് ഇത്രയും കര്‍ശനമായ ഒരു നിബന്ധന ആയിരുന്നെങ്കില്‍, പുതിയനിയമത്തിലെ പുരോഹിതരുടെ അവസ്ഥ എപ്രയധികം കാര്‍ക്കശ്യം ഉള്ളതായിരിക്കണം? കാരണം അവര്‍ ദിവല്യബലി അര്‍പ്പിക്കുകയും യേശുക്രിസ്തുവിന്‍റെ ശരീരരക്തങ്ങളില്‍ പങ്കാളികളാകുകയും ചെയ്യുന്നു.
ഒരു മുഖ്യപ്രവാചകനായി യഹ്വെയാല്‍ തെരഞ്ഞെടുക്കപ്പെട്ട ജറെമിയ, ജീവിതകാലം മുഴുവന്‍ ബ്രഹ്മചാരിയായി കഴിയുവാന്‍ നിര്‍ബന്ധിതനായി എന്നത് പ്രചോദനകരമായ ഒരു വസ്തുതയാണ്. "കര്‍ത്താവ് എന്നോട് അരുളിചെയ്തു. ഈ സ്ഥലത്തുവച്ച് നീ വിവാഹം കഴിക്കുകയോ, നിനക്ക് മക്കളുണ്ടാകുകയോ അരുത്" (ജറെ 16:1-2). അതുപോലെ, ഏലിയായും ഏലീഷായും കര്‍ത്താവിന്‍റെ പ്രവാചകന്മാര്‍ എന്ന നിലയില്‍ ഉത്തരവാദിത്തം നിറവേറ്റുന്നതിനുവേണ്ടി അവിവാഹിതരായി കഴിഞ്ഞു. ഇന്നും, അനേകം യുവതീയുവാക്കള്‍ ഒന്നല്ലെങ്കില്‍ മറ്റൊരു കാരണത്തിന്‍റെ പേരില്‍ അവിവാഹിതരായി കഴിയുന്നത് അസാധാരണമല്ല. ബ്രഹ്മചര്യം എന്നത് തന്നെത്തന്നെ യേശുവിന് പൂര്‍ണ്ണമായി സമര്‍പ്പിക്കലാണ്. അതിനാല്‍, ഈ ആചാരം, ഒരു പരിധിവരെ നമ്മുടെ കര്‍ത്താവിന്‍റെ വാക്കുകളില്‍ സൂചിപ്പിക്കപ്പെടുന്നു: "അപ്പോള്‍ പത്രോസു പറഞ്ഞു. ഞങ്ങള്‍ സ്വഭവനങ്ങള്‍ ഉപേക്ഷിച്ച് അങ്ങയെ അനുഗമിച്ചവരാണ്." അവിടുന്ന് അവരോടു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ദൈവരാജ്യത്തിനുവേണ്ടി വീടിനെയോ, ഭാര്യയെയോ, സഹോദരന്മാരെയോ, മാതാപിതാക്കളെയോ, സന്താനങ്ങളെയോ ഉപേക്ഷിച്ചവരിലാര്‍ക്കും ഇക്കാലത്തുതന്നെ അവ അനേക മടങ്ങു ലഭിക്കാതിരിക്കുകയില്ല. വരാനിരിക്കുന്ന കാലത്തു നിത്യജീവനും" (ലൂക്കാ 18:29-30). ഭാര്യയും, മക്കളും ഉള്‍പ്പെടെ സകലതും അടിയറ വയ്ക്കണമെന്നതു സംബന്ധിച്ച ഏറെക്കുറെയുള്ള ചിന്താധാരകളാണ് യേശുവിന്‍റെ താഴെപ്പറയുന്ന വാക്കുകളില്‍ കാണുന്നത്:
"സ്വന്തം പിതാവിനെയും മാതാവിനെയും ഭാര്യയെയും മക്കളെയും സഹോദരന്മാരേയും സഹോദരിമാരെയും എന്നല്ല, സ്വജീവനെത്തന്നെയും വെറുക്കാതെ, എന്‍റെ അടുത്തുവരുന്ന ആര്‍ക്കും എന്‍റെ ശിഷ്യനായിരിക്കുവാന്‍ സാധിക്കുകയില്ല" (ലൂക്കാ 14:26). ബ്രഹ്മചര്യജീവിതത്തില്‍ ഏതാനും പരാജയങ്ങള്‍ ഉണ്ടായി എന്നതുകൊണ്ടുമാത്രം ആ സമ്പ്രദായത്തെ അപ്പാടെ അധിക്ഷേപിക്കുന്നത് അയുക്തികമാണ്. ദാമ്പത്യജീവിതത്തില്‍ അതിലേറെ അവിശ്വസ്തതകളുണ്ട് - മാധ്യമങ്ങളില്‍ കാണപ്പെടുന്നതിനേക്കാള്‍ വളരെക്കൂടുതല്‍. അതിനര്‍ത്ഥം, വിവാഹമെന്ന കൂദാശ നാം ഇല്ലായ്മ ചെയ്യണം എന്നാണോ? വിവാഹസമ്പ്രദായംതന്നെ നിര്‍ത്തലാക്കണമോ? വിവാഹിതരായവര്‍ക്കിടയില്‍ എന്നതിനേക്കാള്‍ ഏറെ വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടവര്‍ ഉള്ളത് ബ്രഹ്മചാരികളായ പുരോഹിതര്‍, സന്യാസവൈദികര്‍, കന്യാസ്ത്രീകള്‍ എന്നിവര്‍ക്കിടയിലാണ് എന്നത് ശ്രദ്ധേയമായ വസ്തുതയാണ്.
ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട പുരോഹിതര്‍, മെത്രാന്മാര്‍ തുടങ്ങിയവര്‍ വിശ്വാസികളാല്‍ ആദരിക്കപ്പെടുന്നു എന്നത് സ്വാഭാവികമാണ്. മിക്കപ്പോഴും, റവ; അല്ലെങ്കില്‍ വെരി.റവ; റൈറ്റ്.റവ. എന്നൊക്കെയാണ് അവരെ അഭിസംബോധന ചെയ്യുന്നത്. വിശുദ്ധലിഖിതത്തില്‍ നമുക്ക് ഒരു കീഴ്വഴക്കമുണ്ട്: "സഭയെ നന്നായി ഭരിക്കുന്ന ശ്രേഷ്ഠന്മാര്‍, പ്രത്യേകിച്ച് , പ്രസംഗത്തിലും പ്രബോധനത്തിലും നിരന്തരം ഏര്‍പ്പെട്ടിരിക്കുന്നവര്‍, കൂടുതല്‍ ബഹുമാനത്തിന് അര്‍ഹരായി പരിഗണിയ്ക്കപ്പെടണം" (1 തിമോ 5:17-18). അത്തരം പദവികളെ എതിര്‍ക്കുന്നവര്‍, സുവിശേഷത്തെക്കുറിച്ചുള്ള അവരുടെ അജ്ഞതയാണ് വെളിപ്പെടുത്തുന്നത്. യഹൂദപ്രമാണിമാര്‍ യേശുവിനെ "റബ്ബീ" എന്നുവിളിച്ചില്ലേ? യേശു, ക്രിസ്തു, മനുഷ്യപുത്രന്‍ എന്നീ പേരുകള്‍ തന്‍റെ പേരിനോടൊപ്പം ചേര്‍ത്തില്ലേ? കത്തോലിക്കരെ എതിര്‍ക്കുന്നവര്‍, കുറേക്കൂടി ബൈബിള്‍ വായിക്കുകയും വിശുദ്ധലിഖിതവ്യാഖ്യാനത്തിനുള്ള മാനദണ്ഡങ്ങള്‍ ശ്രദ്ധാപൂര്‍വ്വം അനുഗമിക്കുകയും ചെയ്യുന്നത് നന്നായിരിക്കും.
പ്രൊട്ടസ്റ്റന്‍റുകാര്‍ പരാമര്‍ശിക്കുന്ന ബൈബിള്‍ ഭാഗം ഇതാണ്: "ഭൂമിയില്‍ ആരെയും നിങ്ങള്‍ "പിതാവ്" എന്നുവിളിക്കരുത്. എന്തെന്നാല്‍ നിങ്ങള്‍ക്ക് ഒരു പിതാവേയുള്ളൂ. സ്വര്‍ഗ്ഗസ്ഥനായ പിതാവ്. നിങ്ങള്‍ നേതാക്കന്മാര്‍ എന്നും വിളിക്കപ്പെടരുത്. എന്തെന്നാല്‍, ക്രിസ്തു-മിശിഹാ-ആണ് നിങ്ങളുടെ ഏകനേതാവ്ڈ (മത്താ 23:8-10). ജൂദായിസത്തില്‍ കടന്നുകൂടിയ മതപരമായ ദുരാചാരങ്ങളുടെ പശ്ചാത്തലത്തില്‍ വേണം ഇതിനെ വ്യാഖ്യാനിക്കുവാന്‍. യഹൂദരുടെ മതം പൊങ്ങച്ചവും ആഡംബരവും നിറഞ്ഞ ഭക്തിപ്രകടനത്തിന്‍റേതായിരുന്നു. ഫരിസേയര്‍ക്ക് പരസ്യമായ അംഗീകാരവും പുകഴ്ത്തലും പ്രശംസയും അത് നേടിക്കൊടുത്തു. കൂടാതെ റബ്ബീ എന്ന് വിളിക്കപ്പെടുവാന്‍ ഏറെ താല്‍പര്യമായിരുന്നു. മാതാപിതാക്കള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആദരവ് ലഭിക്കണം എന്ന് അവര്‍ ആഗ്രഹിച്ചു. കാരണം, ഒരുവന്‍റെ മാതാപിതാക്കള്‍ ഒരുവന് ഭൗതിക ജീവിതം നല്കി. എന്നാല്‍ ഗുരു നിത്യജീവന്‍ നല്‍കുമായിരുന്നു. ഏലീഷാ, ഏലിയായെ വിളിച്ചതുപോലെ, "പിതാവ്" എന്ന് വിളിക്കപ്പെടാന്‍ അവര്‍ ആഗ്രഹിച്ചു. അവര്‍ സംസാരിച്ചുകൊണ്ടുപോകുമ്പോള്‍ അതാ ഒരു ആഗ്നേയ രഥവും ആഗ്നേയാശ്വങ്ങളും അവരെ വേര്‍പെടുത്തി. ഏലിയാ ഒരു ചുഴലിക്കാറ്റില്‍ സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ന്നു. ഏലിഷാ ഇതുകണ്ട് നിലവിളിച്ചു. എന്‍റെ പിതാവേ, എന്‍റെ പിതാവേ! (2 രാജാ 2:11-12). വ്യക്തമായും ഇവിടെ പരാമര്‍ശം, "വിശ്വാസത്തിലെ പിതാവിനെ"ക്കുറിച്ചാണ് വാസ്തവത്തില്‍ മുമ്പു സൂചിപ്പിച്ച വിശുദ്ധഗ്രന്ഥഭാഗത്തില്‍ ക്രിസ്തു, ആത്മീയ ഗര്‍വ്വിന്‍റെ പേരില്‍ ഫരിസേയരെ ശകാരിക്കുകയാണ്. അസാധാരണമായ ബഹുമാനം തങ്ങളോട് പ്രകടിപ്പിക്കണം എന്ന ആഗ്രഹത്തിന്‍റെ പേരില്‍ ശാസിക്കുകയാണ്. ഭൂമിയില്‍, സകല അധികാരത്തിന്‍റെയും പിതൃത്വത്തിന്‍റെയും ആത്യന്തിക ഉറവിടം ദൈവമാണ് എന്ന് അവിടുന്ന് അവരെ അനുസ്മരിപ്പിക്കുന്നു. മതനേതാക്കള്‍ എന്ന നിലയില്‍ അവര്‍, യഹൂദസമൂഹത്തിന്‍റെമേല്‍ ചെലുത്തുന്ന അധികാരത്തിന്‍റെ പോലും ഉറവിടം ദൈവത്തിലാണ്. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍, ദൈവം മാത്രമാണ് നമ്മുടെ ഏകപിതാവ്. ആ രീതിയില്‍ ഏതെങ്കിലും മനുഷ്യനെ പിതാവായി കാണുന്നതിനെതിരെ ക്രിസ്തു മുന്നറിയിപ്പു നല്‍കുന്നു. ദൈവത്തിന്‍റെ സ്വര്‍ഗ്ഗീയ പിതൃത്വം ഒരു മനുഷ്യനും ഉപയോഗിക്കാനാവില്ല. ഈ ലോകത്തില്‍ മനുഷ്യന്‍റെ ഭൗതികമോ ജീവശാസ്ത്രപരമോ ആത്മീയമോ ആയ പിതൃത്വത്തെ ഇത് ഒഴിവാക്കുന്നില്ല. "പിതാവ്" എന്ന പദം ഒരു വൈദികനെ സൂചിപ്പിക്കുന്നതിനായി നാം ഉപയോഗിക്കുന്ന ഇപ്പോഴത്തെ ആചാരത്തെ, പരാമര്‍ശവിധേയമായ വിശുദ്ധഗ്രന്ഥഭാഗം ഒരു തരത്തിലും അധിക്ഷേപിക്കുന്നില്ല. അങ്ങനെയാണെങ്കില്‍ യേശു സ്വയം നിഷേധിക്കുകയും വൈരുദ്ധ്യാത്മകമായി പെരുമാറുകയും ചെയ്യുന്നു. കാരണം അവിടുന്ന്, അനേകം വിശുദ്ധഗ്രന്ഥഭാഗങ്ങളില്‍ ഇതേ പദം ഉപയോഗിക്കുന്നു. വിശുദ്ധ പൗലോസും യേശുവിന്‍റെ മാര്‍ഗ്ഗങ്ങള്‍ പിന്തുടരുന്നു. ഏതാനും ഉദാഹരണങ്ങള്‍:
നിങ്ങള്‍ക്ക് ക്രിസ്തുവില്‍ പതിനായിരം ഉപദേഷ്ടാക്കള്‍ ഉണ്ടായിരിക്കണം; എന്നാല്‍ പിതാക്കന്മാര്‍ അധികമില്ല. സുവിശേഷപ്രസംഗംവഴി യേശുക്രിസ്തുവില്‍ നിങ്ങള്‍ക്കു ജന്മം നല്കിയത് ഞാനാണ് (1 കോറി 4:15).
ജീവശാസ്ത്രപരമായി ഭൂമിയില്‍ നമുക്ക് ജന്മം നല്കിയ അല്ലെങ്കില്‍ ജ്ഞാനസ്നാനംവഴി ക്രിസ്തുവില്‍ പുനര്‍ജന്മം നല്കിയ അല്ലെങ്കില്‍ ദൈവവചനപ്രഘോഷണത്തിലൂടെയോ കൂദാശകളിലൂടെയോ ആത്മീയജീവിതത്തില്‍ വളരുവാന്‍ നമ്മെ ഇടയാക്കിയ ഏതൊരുവനെയും "പിതാവ്" എന്ന വാക്കുപയോഗിച്ചു വിളിയ്ക്കുന്നത് ചുരുക്കത്തില്‍ വിശുദ്ധഗ്രന്ഥത്തിന്‍റെ സന്ദര്‍ഭത്തിനുള്ളിലാണ്. അത്തരം ഒരു വ്യക്തി കേവലം നമ്മുടെ ജീവശാസ്ത്രപരമായ പിതാവായാലും, ആത്മീയ പിതാവോ, വിശ്വാസത്തിലുള്ള പിതാവോ ആയാലും അയാളെ നമുക്ക് "പിതാവ്എ"ന്നു വിളിയ്ക്കാം. സ്വര്‍ഗ്ഗസ്ഥനായ പിതാവിനെ നാം മനസിലാക്കുന്ന രീതിയില്‍, അതേ അര്‍ത്ഥത്തില്‍ അയാളെ "പിതാവ്" എന്ന് നാം വിളിക്കാന്‍ പാടില്ല. കാരണം സ്വര്‍ഗ്ഗസ്ഥനായ പിതാവ് നമ്മുടെ പരമോന്നതനായ കര്‍ത്താവാണ്; ഗുരുവാണ്; ഭൂമിയിലെ സകല പിതൃത്വത്തിന്‍റെയും ഉറവിടം അവിടുന്നാണ്.
നമ്മുടെ യഥാര്‍ത്ഥ ഗുരുവും ആത്യന്തിക പ്രബോധകനുമായ ദൈവത്തിനു മാത്രം യോജിച്ച രീതിയില്‍, മനുഷ്യരെ പ്രബോധകര്‍, ഗുരു എന്നു വിളിക്കുന്നതിനെതിരേ യേശു, മുന്നറിയിപ്പു നല്കുന്നു. യേശു തന്നെ പ്രബോധകരെക്കുറിച്ചു പറയുന്നു: നീ ഇസ്രേയേലിലെ ഗുരുവല്ലേ? എന്നിട്ടും ഇക്കാര്യമൊന്നും മനസിലാകുന്നില്ലേ? (യോഹ 3:10). "അതിന്‍റെ പ്രഘോഷകനായും അപ്പസ്തോലനായും, വിശ്വാസത്തിലും സത്യത്തിലും, വിജാതീയരുടെ പ്രബോധകനായും ഞാന്‍ നിയമിക്കപ്പെട്ടു" (1 തിമോ 2:7). ڇഈ സുവിശേഷത്തിന്‍റെ പ്രഘോഷകനും അപ്പസ്തോലനും പ്രബോധകനുമായി ഞാന്‍ നിയമിതനായിരിക്കുന്നുڈ (2 തിമോ 1:11). വിശുദ്ധ സ്തേഫാനോസ്, "സഹോദരന്മാര്‍, പിതാക്കന്മാര്‍" എന്നീ പദങ്ങള്‍ ഉപയോഗിക്കുന്നു. പൊതുവായി ജനങ്ങളെ ഉദ്ദേശിച്ചും വിശേഷാര്‍ത്ഥത്തില്‍, വൈദികര്‍, പ്രത്യേകിച്ച് ശ്രേഷ്ഠന്മാരുടെ സഭ എന്നിവയെ സൂചിപ്പിക്കുന്നതിനും വേണ്ടിയാണ് പ്രസ്തുത പ്രയോഗം.
(സ്തേഫാനോസ്) അവന്‍ പ്രതിവചിച്ചു: "സഹോദരന്മാരേ, പിതാക്കന്മാരേ കേട്ടുകൊള്ളുവിന്‍..." (അപ്പോ 7:2). ചുരുക്കത്തില്‍ കൂദാശകള്‍ നല്കുന്നതിലൂടെ പ്രത്യേകിച്ച് ജ്ഞാനസ്നാനം നല്കുന്നതിലൂടെ, സുവിശേഷപ്രസംഗത്തിലൂടെ ഒരു വൈദികന്‍ തന്‍റെ മക്കളായിത്തീര്‍ന്ന സകല ക്രൈസ്തവരുടെയും പിതാവും ഗുരുവും ആയിത്തീരുന്നു. ഈ സുവിശേഷ ഭാഗങ്ങളില്‍ ആത്മീയപിതൃത്വവും പ്രബോധകസ്ഥാനവും എടുത്തുകാണിക്കുന്നു എന്നത് വളരെ വ്യക്തമാണ്. ഈ ചോദ്യം ഉന്നയിച്ചവര്‍തന്നെ, സ്വന്തം മാതാപിതാക്കളെ പിതാവ്, മാതാവ്, എന്നുവിളിക്കാറില്ലേ? തങ്ങളെ പഠിപ്പിക്കുന്നവരെ അവര്‍ "ഗുരു", "മാസ്റ്റര്" എന്നു വിളിക്കാറില്ലേ?
ഡോ. ആന്‍റണി നെറ്റിക്കാട്ട് സി.എം
Priesthood Some Ecumenical Thoughts priesthood catholic malayalam Dr. Antony Nettikkattu C M Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206