We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Thomas Poovathanikkunnel On 03-Feb-2021
പുരോഹിതശുശ്രൂഷികളെക്കുറിച്ച് കാനന്‍ നിയമം വിശദമായി പരാമര്‍ശിക്കുന്നുണ്ട്. അവിടെ പുരോഹിത ശുശ്രൂഷകര്‍ക്ക് നല്കുന്ന നിര്‍വ്വചനമായി കാണാവുന്നത് 323-ാം കാനനാണ്. "ഔദ്യോഗിക സഭാധികാരിയാല്‍ തിരഞ്ഞെടുക്കപ്പെട്ട്, ഇടയനായ മിശിഹായുടെ ദൗത്യത്തിലും അധികാരത്തിലും പങ്കുചേരുന്ന സഭാശുശ്രൂഷകരായിത്തീരുന്നതിന് തിരുപ്പട്ടത്തില്‍ ലഭിക്കുന്ന പരിശുദ്ധാത്മാവിന്‍റെ ദാനത്താല്‍ നിയുക്തരായ ക്രിസ്തീയ വിശ്വാസികളാണ് വിശുദ്ധ ശുശ്രൂഷകര്‍ എന്നുകൂടി വിളിക്കപ്പെടുന്ന പുരോഹിതശുശ്രൂഷികള്‍". ഇവിടെ വ്യക്തമാക്കപ്പെടുന്ന കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധേയമാണ്.
അടിസ്ഥാനപരമായി ക്രിസ്തീയവിശ്വാസ സമൂഹത്തിന്‍റെ ഭാഗമാണ് പുരോഹിതര്‍.
ഔദ്യോഗിക തിരുസ്സഭാധികാരികളാണ് അവരെ തിരഞ്ഞെടുക്കുക.
പരിശുദ്ധാത്മാവിന്‍റെ ദാനത്താലാണ് അവര്‍ നിയുക്തരാക്കപ്പെടുക.
സഭാശുശ്രൂഷക്കായിട്ടാണ് അവര്‍ നിയോഗിക്കപ്പെടുക
ഈ ശുശ്രൂഷ ഇടയനായ മിശിഹായുടെ അധികാരത്തിലും ദൗത്യത്തിലുമുള്ള പങ്കുചേരലാണ്
പുരോഹിതര്‍ വിശുദ്ധ ശുശ്രൂഷകര്‍ എന്നും അറിയപ്പെടുന്നു.
സഭയുടെ മതബോധനഗ്രന്ഥത്തില്‍ പുരോഹിതരെക്കുറിച്ച് പ്രസ്താവിക്കുന്നതിപ്രകാരമാണ്.
"പൊതുപൗരോഹിത്യത്തില്‍ അധിഷ്ഠിതവും എന്നാല്‍ അതിന്‍റെ ശുശ്രൂഷക്കായും മിശിഹായുടെ ദൗത്യത്തിലുള്ള മറ്റൊരു പങ്കുചേരലുണ്ട്. സമൂഹത്തിന്‍റെ തലവനായ മിശിഹായുടെ നാമത്തിലും വ്യക്തിയിലും സമൂഹത്തിന്‍റെ മദ്ധ്യത്തില്‍ ശുശ്രൂഷ ചെയ്യാനുള്ള ദൗത്യമാണ് പൗരോഹിത്യത്തിലൂടെ നല്കപ്പെടുന്നത്.
വിശ്വാസികളുടെ ശുശ്രൂഷയ്ക്കായി ഒരു വിശുദ്ധമായ അധികാരം നല്കുന്നു എന്നതിനാല്‍ ശുശ്രൂഷാപൗരോഹിത്യം പൊതുപൗരോഹിത്യത്തില്‍നിന്നും വ്യത്യസ്തമാണ്. പൗരോഹിത്യം സ്വീകരിക്കുന്നവര്‍ ദൈവജനത്തിനായുള്ള ശുശ്രൂഷ നടത്തുന്നത് പ്രബോധനം, ആരാധന, അജപാലനം എന്നിവയിലൂടെയാണ്ڈ (1591-1592).
സഭാനിയമത്തില്‍ പറഞ്ഞിരിക്കുന്നതു കൂടാതെ ചില മാനങ്ങള്‍ കൂടി ഇവിടെ വ്യക്തമാക്കിയിരിക്കുന്നു.
ശുശ്രൂഷാപൗരോഹിത്യം പൊതുപൗരോഹിത്യത്തില്‍ അധിഷ്ഠിതമാണ്.
മിശിഹായുടെ നാമത്തിലും വ്യക്തിയിലുമാണ് അവര്‍ ശുശ്രൂഷ ചെയ്യുക.
പൊതുപൗരോഹിത്യത്തിന്‍റെ ശുശ്രൂഷയ്ക്കുവേണ്ടിയാണ് ശുശ്രൂഷാപൗരോഹിത്യം.
മിശിഹായുടെ ദൗത്യത്തിലുള്ള പങ്കുചേരലാണ് ഇരു പൗരോഹിത്യവും.
സമൂഹമധ്യത്തിലാണ് അവര്‍ ഈ ശുശ്രൂഷ നടത്തേണ്ടത്.
ശുശ്രൂഷാപൗരോഹിത്യം വിശ്വാസികളുടെ ശുശ്രൂഷക്കു വേണ്ടിയാണ്.
ഇതൊരു വിശുദ്ധമായ അധികാരമാണ്.
പൊതുപൗരോഹിത്യത്തില്‍ നിന്നും വ്യത്യസ്തമാണ്.
പ്രബോധനം, ആരാധന, അജപാലനം എന്നിവയാണ് ശുശ്രൂഷക്കായുള്ള മാര്‍ഗ്ഗങ്ങള്‍.
സഭാനിയമവും സഭയുടെ മതബോധനഗ്രന്ഥവും ശുശ്രൂഷാ പൗരോഹിത്യത്തിന്‍റെ വ്യക്തമായ ഒരു ചിത്രം അവതരിപ്പിക്കുന്നുണ്ട്. എങ്കിലും ഈ കൂദാശയുടെ വിശദാംശങ്ങളിലേക്ക് കൂടുതലായി കടന്നു ചെല്ലുക ആവശ്യമാണ്.
വിവിധ പേരുകള്‍
മറ്റു കൂദാശകള്‍ പല പേരുകളില്‍ അറിയപ്പെടുന്നു. എന്നാല്‍ പൗരോഹിത്യം സ്വീകരിച്ചവരാണ് വിവിധ പേരുകളില്‍ അറിയപ്പെടുന്നത്. അവ പൗരോഹിത്യത്തിന്‍റെ പൊരുള്‍ വ്യക്തമാക്കുന്നുണ്ട്.
ലത്തീന്‍ ഭാഷയിലെ prae, esse എന്നീ ധാതുക്കളില്‍നിന്നാണ് ഇംഗ്ലീഷിലെ priest എന്ന പദം രൂപം കൊണ്ടത്. prae = before (മുമ്പില്‍), esse = to be (ആയിരിക്കുക). മുമ്പില്‍ ആയിരിക്കുക എന്നര്‍ത്ഥം.
സംസ്കൃതത്തില്‍ പുരസ് + ഹിത എന്നീ പദങ്ങളില്‍ നിന്നും പുരോഹിത എന്ന പദം രൂപമെടുത്തു. ഇവിടെ മുമ്പില്‍ നിര്‍ത്തപ്പെട്ടവന്‍, നേതൃത്വം നല്കുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ പുരോഹിതന്‍ എന്ന വാക്ക് ഉപയോഗിക്കുന്നു.
ദൈവജനത്തിന്‍റെ മുമ്പില്‍ നിന്നുകൊണ്ട്, അവരെ ദൈവസന്നിധിയിലേക്ക് നയിക്കുകയും അതിനായി ദൈവത്തിന്‍റെ ഹിതമറിഞ്ഞ് അത് അവരോട് പ്രഘോഷിക്കുകയും ചെയ്യുന്നവരാണ് പുരോഹിതന്മാര്‍. ദൈവവുമായുള്ള ബന്ധത്തില്‍ അവര്‍ ദൈവജനത്തിന് മാര്‍ഗ്ഗദര്‍ശിയാണ്.
പഴയനിയമത്തില്‍ "കോഹന്" എന്ന ഹീബ്രുപദത്തില്‍നിന്നാണ് പുരോഹിതന്‍ എന്ന പദം രൂപമെടുത്തത്. കുനിയുക അല്ലെങ്കില്‍ ആദരവുകാട്ടുക എന്നും നേരെ നില്ക്കുക എന്നും രണ്ടര്‍ത്ഥങ്ങള്‍ ഇതിനുണ്ട്. കുനിയുക എന്നാല്‍ ദൈവതിരുമുമ്പില്‍ ആദരവോടെ നിന്ന് ദൈവജനത്തിനായി മാധ്യസ്ഥ്യം വഹിക്കുക എന്നും നേരെ നില്ക്കുക എന്നാല്‍ ദൈവജനത്തിനുവേണ്ടി തിരുമുമ്പില്‍ ആരാധനയര്‍പ്പിക്കുക എന്നും വിവക്ഷിക്കുന്നു.
വേദം എന്ന പദത്തോട് ഇക എന്ന പ്രത്യയം ചേര്‍ന്ന് രൂപപ്പെട്ടതാണ് വൈദികന്‍ എന് സംസ്കൃതപദം. വേദം അറിയുന്നവന്‍, വേദത്തെ സംബന്ധിച്ചവന്‍ എന്നീ അര്‍ത്ഥങ്ങളാണ് ഈ പദത്തിനുള്ളത്. ഹൈന്നവര്‍ക്ക് നാലു വേദങ്ങളാണുള്ളത്. എന്നാല്‍ ക്രൈസ്തവ സംസ്കാരത്തില്‍ വിശുദ്ധ ബൈബിളിനെ വേദം എന്നു വിശേഷിപ്പിച്ചു. വേദം എന്നതിന് മതം, നിയമം എന്നീ അര്‍ത്ഥങ്ങളും കല്പിച്ചിട്ടുണ്ട്. വേദത്തില്‍ ജ്ഞാനിയായിരിക്കുന്നവന്‍ വൈദികന്‍.
മാര്‍ത്തോമ്മ നസ്രാണികള്‍ പുരോഹിതന്മാരെ കഹന, കശീശ എന്നീ സുറിയാനി പേരുകളില്‍ വിളിച്ചിരുന്നു. കത്തനാര്‍ എന്നും ആ കാലഘട്ടത്തില്‍ പുരോഹിതര്‍ അറിയപ്പെട്ടിരുന്നു.
കശീശ എന്ന സുറിയാനി പദത്തിന് മൂപ്പന്‍, പ്രമാണി, സെനറ്റിലെ അംഗം, സന്യാസപട്ടക്കാരന്‍ എന്നെല്ലാമാണ് അര്‍ത്ഥം. ഖ്ശശ് എന്ന സുറിയാനി ധാതുവില്‍നിന്നാണ് ഖശീശാ എന്ന ശരിയായ പദം രൂപപ്പെട്ടത്. പ്രായമാവുക, പ്രമാണിയാവുക എന്നൊക്കെയാണ് ഇതിനര്‍ത്ഥം.
അധികാരി, നാഥന്‍ എന്നെല്ലാം അര്‍ത്ഥമുള്ള കര്‍ത്താ എന്ന സംസ്കൃത രൂപത്തില്‍നിന്നും കത്തന്‍ എന്ന തമിഴ്പദമുണ്ടായി. ബഹുമാനസൂചകമായ "ആര്‍" ചേര്‍ന്ന് "കത്തനാര്" രൂപപ്പെട്ടു. പുരോഹിതന്മാര്‍ കത്തനാര്‍ എന്നോ കശീശ എന്നോ തങ്ങളുടെ പേരോടു ചേര്‍ത്ത് എഴുതിയിരുന്നു.
ആത്മീയ ജനീതാവ് എന്ന അര്‍ത്ഥിത്തിന്‍ അച്ചന്‍ എന്നും പുരോഹിതരെ വിളിക്കുന്നു. എന്നാല്‍ ജഡപ്രകാരമുള്ള പിതാക്കന്മാരെ അച്ഛന്‍ എന്നും ആത്മീയ പിതാക്കന്മാരെ "അച്ചന്" എന്നും വേര്‍തിരിച്ച് എഴുതിയിരുന്നു. വിശുദ്ധ ഗ്രന്ഥാധിഷ്ഠിതമായ ദര്‍ശനമാണ് ആത്മീയ പിതൃത്വം. ശ്ലൈഹിക ശുശ്രൂഷയില്‍ അഭിമാനം കൊള്ളുന്ന പൗലോസ് ശ്ലീഹാ എഴുതുന്നു: "നിങ്ങള്‍ക്ക് മിശിഹായില്‍ പതിനായിരം ഉപദേഷ്ടാക്കള്‍ ഉണ്ടായിരിക്കാം; എന്നാല്‍ പിതാക്കന്മാര്‍ അധികമില്ല. സുവിശേഷപ്രസംഗംവഴി ഈശോമിശിഹായില്‍ നിങ്ങള്‍ക്കു ജന്മം നല്കിയത് ഞാനാണ്" (1കോറി. 4:15).
പട്ടം എന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്ന "ഓര്‍ഡിനേഷന്" (ordination) എന്ന ഇംഗ്ലീഷ് പദം "ഓര്‍ദോ" (ordo) എന്ന ലത്തിന്‍ പദത്തില്‍നിന്നും രൂപമെടുത്തതാണ്. പുരാതനറോമിലെ ഭരണസമിതിയെ സൂചിപ്പിക്കുന്ന ഈ പദത്തില്‍നിന്ന് ആ സമതിയിലേക്ക് അംഗങ്ങളെ ചേര്‍ക്കുന്നതിന് "ഓര്‍ഡിനാസിയോ" എന്ന പദവും രൂപമെടുത്തു. റോമില്‍ സഭ പ്രബലമായപ്പോള്‍ ശുശ്രൂഷാ പൗരോഹിത്യകൂട്ടായ്മയിലേക്ക് ഒരാളെ ചേര്‍ക്കുന്ന കര്‍മ്മത്തിനും ഇതേ വാക്ക് ഉപയോഗിച്ചുതുടങ്ങി. മലയാളത്തില്‍ പട്ടം എന്നത് "ഓഡിനാസിയോ" എന്നതിനും പട്ടക്കാരന്‍ എന്നത് പട്ടം ലഭിച്ച വ്യക്തി എന്നതിനും ഉപയോഗിക്കാന്‍ തുടങ്ങി (CCC 1537)
മധ്യപൂര്‍വ്വദേശങ്ങളില്‍ പൊതുവില്‍ നിലനിന്നിരുന്ന കുടുംബപൗരോഹിത്യം ഹെബ്രായസമൂഹത്തിലും നിലനിന്നിരുന്നു. ഗോത്രപിതാക്കന്മാര്‍ ബലിയര്‍പ്പണം നടത്തിയിരുന്നു. അബ്രാഹമിന് കര്‍ത്താവു പ്രത്യക്ഷപ്പെട്ട സ്ഥലത്ത് അബ്രാഹം ഒരു ബലിപീഠം പണിതു (ഉല്‍പ്പ. 12:7-8). അദ്ദേഹം ഹെബ്രോനിലുള്ള മാമ്രേയുടെ കരുവേലത്തോട്ടത്തില്‍ പാര്‍ത്തപ്പോള്‍ അവിടെയും കര്‍ത്താവിനു ബലിപീഠം പണിതു (ഉല്‍പ്പ 13:18). ഇസഹാക്കും പിതാവിനെപ്പോലെതന്നെ പിന്നീട് പ്രവര്‍ത്തിക്കുന്നു (ഉല്‍പ 26:25). ഇസ്രായേല്‍ (യാക്കോബ്) ബലിപീഠം തീര്‍ക്കുന്നതായും വിശുദ്ധ ഗ്രന്ഥം (ഉല്‍പ. 46:1) സാക്ഷിക്കുന്നു. ലേവായ പൗരോഹിത്യം ആരംഭിച്ച ശേഷവും ഇത് തുടരുന്നതായി കാണാം.
1 അഹറോന്‍റെ പൗരോഹിത്യം
ജനത്തിന്‍റെ മതപരമായ ജീവിതത്തിന് ഉത്തരവാദിത്വം വഹിക്കുന്ന വ്യക്തികള്‍ എന്ന അര്‍ത്ഥത്തില്‍ പുരോഹിതന്മാര്‍ എല്ലാ സമൂഹത്തിലും ദൃശ്യമാണ്. അഹറോനെ പ്രത്യേകമായി നിയോഗിക്കുന്നതുമുതല്‍ യഹൂദ പൗരോഹിത്യം വ്യക്തമായ ഒരു ശുശ്രൂഷയായിത്തീര്‍ന്നു. ലേവീഗോത്രം മുഴുവന്‍ പുരോഹിതവംശം എന്നറിയപ്പെട്ടിരുന്നു എങ്കിലും അവര്‍ പുരോഹിതേതര മതകര്‍മ്മങ്ങള്‍ക്കായി വാഗ്ദാന കൂടാരത്തില്‍ നിയോഗിക്കപ്പെട്ടിരുന്നവരാണ്. അഹറോന്‍റെ വംശാവലിയില്‍ നിന്നുള്ളവര്‍ മാത്രമായിരുന്നു യഥാര്‍ത്ഥ പുരോഹിതന്മാര്‍. ആ കുടുംബത്തിന്‍റെ തലവന്‍ പ്രധാന പുരോഹിതനെന്നും അറിയപ്പെട്ടിരുന്നു.
"സമാഗമകൂടാരത്തിനുള്ളില്‍ സാക്ഷ്യപേടകത്തിനു മുമ്പിലുള്ള തിരശ്ശീലക്കു വെളിയില്‍ സന്ധ്യമുതല്‍ പ്രഭാതം വരെ കര്‍ത്താവിന്‍റെ മുമ്പില്‍ വിളക്ക് കത്തിനില്ക്കാന്‍ അഹറോനും അവന്‍റെ പുത്രന്മാരും ശ്രദ്ധിക്കട്ടെ. ഇസ്രായേല്‍ക്കാര്‍ തലമുറതോറും അനുഷ്ഠിക്കേണ്ട ശാശ്വത നിയമമാണിത്" (പുറ. 27:21). കര്‍ത്താവിനു പുരോഹിതന്മാരായി ശുശ്രൂഷചെയ്യാന്‍ അഹറോനെയും പുത്രന്മാരെയും വേര്‍തിരിച്ച് അവര്‍ക്ക് വിശുദ്ധ വസ്ത്രങ്ങള്‍ നല്കി. മോശയാണ് അവരെ അതിനായി വിളിച്ച് നിയോഗിച്ചത് (പുറ. 28:1-3).
പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് അവരെ വിളിക്കുകയും (പുറ. 28:1) അഭിഷേചിച്ച് നിയോഗിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യണം. അവര്‍ പ്രത്യേക വസ്ത്രമണിഞ്ഞുവേണം ദൈവാലയശുശ്രൂഷ ചെയ്യുവാന്‍. പുരോഹിത അഭിഷേക കര്‍മ്മവും വിശദമായി വിവരിക്കുന്നുണ്ട് (പുറ.29). പുരോഹിതന്‍ അഭിഷിക്തനാകുമ്പോള്‍ പാപപരിഹാരം ചെയ്യണം (ലേവ്യ. 16:32). മാത്രമല്ല പുരോഹിതന്മാര്‍ക്കും ജനസമൂഹത്തിനും വേണ്ടി പാപപരിഹാരം ചെയ്യണം (പുറ. 16:33).
പഴയനിയമത്തില്‍ കൃത്യമായ ദൗത്യത്തോടെ ദൈവത്തിന്‍റെ പദ്ധതിയില്‍ രൂപമെടുത്ത ഒന്നാണ് പൗരോഹിത്യം. അഹറോനിലൂടെ വ്യക്തമായ ഒരു സമൂഹമായി പുരോഹിതന്മാര്‍ രൂപപ്പെട്ടതിനാല്‍ പഴയനിയമപൗരോഹിത്യത്തെ അഹറോന്‍റെ പൗരോഹിത്യത്തിന്‍റെ നിഴലും അടയാളവുമാണെന്നും സഭ കണക്കാക്കുന്നു. പ്രത്യേകമായ അഭിഷേക കര്‍മ്മങ്ങള്‍ വഴി വേര്‍തിരിക്കപ്പെട്ടിരുന്നവരാണ് പുരോഹിതന്മാര്‍. "അഹറോനെ നീ വിശുദ്ധ വസ്ത്രങ്ങളണിയിക്കുകയും അഭിഷേചിച്ച് വിശുദ്ധീകരിക്കുകയും വേണം. അങ്ങനെ അവന്‍ പുരോഹിതപദവിയില്‍ എന്നെ ശുശ്രൂഷിക്കട്ടെ. അവന്‍റെ പുത്രന്മാരെ കൊണ്ടുവന്ന് അങ്കിയണിയിക്കണം. അവരുടെ പിതാവിനെ അഭിഷേചിച്ചതുപോലെ അവരെയും അഭിഷേകം ചെയ്യണം. പുരോഹിതരെന്ന നിലയില്‍ അവര്‍ എനിക്കു ശുശ്രൂഷ ചെയ്യട്ടെ. അവരുടെ ഈ അഭിഷേകം അവരെ തലമുറകളിലൂടെ നിലനില്ക്കുന്ന നിത്യപൗരോഹിത്യത്തില്‍ ഭാഗഭാക്കുകളാക്കും" (പുറ. 40:15). പുരോഹിതാഭിഷേകത്തെകുറിച്ച് ലേവ്യര്‍ എട്ടാം അധ്യായം വിശദമാക്കിയിരിക്കുന്നു. എന്നാല്‍ ഇതു വഴി പൗരോഹിത്യം ഒരു കുടുംബത്തിന്‍റെ അഥവാ ഗോത്രത്തിന്‍റെതായി തീര്‍ന്നു. അങ്ങനെ ഇസ്രായേലില്‍ ഒരു പുരോഹിത വര്‍ഗ്ഗം രൂപമെടുത്തു. പുതിയനിയമത്തിലാകട്ടെ ഇത്തരത്തിലുള്ള അഹറോന്‍റെ പൗരോഹിത്യം അവസാനിച്ചു. സാദൃശ്യങ്ങളും ഉപമകളും ഇല്ലാതായി. യഥാര്‍ത്ഥമായ നിത്യപൗരോഹിത്യം ഈശോയില്‍ വെളിവാക്കപ്പെട്ടു. അവിടുന്ന് തനിക്കിഷ്ടമുള്ളവരെ വിളിച്ച് തന്‍റെ ശുശ്രൂഷയില്‍ ഭാഗഭാക്കുകളാക്കുകയും ചെയ്യുന്നു. പഴയനിയമത്തില്‍ പൗരോഹിത്യത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിനുള്ള കാരണം സംഖ്യ 25:13 വ്യക്തമാക്കുന്നു: "അവന്‍ തന്‍റെ ദൈവത്തിനുവേണ്ടി തീക്ഷണത കാണിക്കുകയും ഇസ്രായേല്‍ ജനത്തിനുവേണ്ടി പ്രായശ്ചിത്തം അനുഷ്ഠിക്കുകയും ചെയ്തു". പുരോഹിത സ്വഭാവം എന്തായിരിക്കണമെന്ന് ഈ വാക്കുകള്‍ വ്യക്തമാക്കുന്നു.
അഭിഷിക്ത പുരോഹിതഗണത്തിന് പ്രത്യേകമായ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നു. പുറപ്പാട് 28,39 അധ്യായങ്ങള്‍ അതു വിവരിക്കുന്നുണ്ട്. പ്രത്യേകം നിഷ്ഠയോടെ നിര്‍മ്മിച്ചെടുത്ത വസ്ത്രങ്ങളാണ് അവര്‍ ധരിക്കേണ്ടിയിരുന്നത്. അത് അവരുടെ ശുശ്രൂഷയുടെ മഹത്ത്വത്തെയും അവര്‍ വ്യാപരിക്കുന്ന ശുശ്രൂഷാ മേഖലകളുടെ ഔന്ന്യത്യത്തെയും ദ്യോതിപ്പിക്കുന്നവയാണ്. സ്വര്‍ഗ്ഗീയ ദൂതന്മാരുടെ ശുശ്രൂഷാസ്ഥാനത്തേക്ക് അവര്‍ പ്രവേശിക്കുന്നു.
പ്രത്യേകമായ ചില സ്ഥലങ്ങളോടും അനുഷ്ഠാനങ്ങളോടും ബന്ധപ്പെടുത്തിയാണ് ഇസ്രായേല്‍ക്കാരുടെ വിശ്വാസപാരമ്പര്യം വളര്‍ന്നതും തലമുറകളിലൂടെ പകര്‍ന്നു നല്കപ്പെട്ടതും. ഇസ്രായേല്‍ക്കാരുടെ തീര്‍ത്ഥാടനവേളയില്‍ സമാഗമകൂടാരത്തോടനുബന്ധിച്ച് ആരംഭം കുറിച്ച് ജറുസലേം ദൈവാലയം കേന്ദ്രമാക്കിയാണ് അവരുടെ ആരാധന രൂപം പ്രാപിച്ചത്. ഈ ആരാധനക്രമവുമായി ബന്ധപ്പെട്ടാണ് പുരോഹിതശുശ്രൂഷ രൂപമെടുത്തതും വളര്‍ന്നതും. പുരോഹിതന്മാരാണ് ജനത്തിനായി ഈ ആരാധനകളില്‍ നേതൃത്വം നല്കിയിരുന്നത്.
ദൈവാലയത്തിലെ ദീപം അണയാതെ സൂക്ഷിക്കുക, വിശുദ്ധസ്ഥലത്ത് ശുശ്രൂഷ ചെയ്യുക (പുറ. 28:43, 27:21, 29:30). പുരോഹിതന്മാര്‍ ബലിയര്‍പ്പിക്കുന്നവരാണ് (ലേവ്യര്‍ 1:9, 13,17). ബലിവസ്തുക്കള്‍ ബലിപീഠത്തിങ്കല്‍ ക്രമീകരിക്കുന്നതും, പുരോഹിതന്മാരാണ് (ലേവ്യര്‍ 1:12). ബലിവസ്തുക്കള്‍ ജനങ്ങളില്‍നിന്ന് ഏറ്റു വാങ്ങുന്നത് പുരോഹിതന്മാരാണ് (ലേവ്യ 2:8). ശുദ്ധവും അശുദ്ധവും തമ്മില്‍ വേര്‍തിരിക്കുന്നത് പുരോഹിതശുശ്രൂഷയില്‍പ്പെടുന്നു (ലേവ്യ 13:38). സമൂഹത്തില്‍ നിന്നും വേര്‍തിരിച്ച് നിറുത്തേണ്ടവര്‍ ആരൊക്കെ എന്നു പ്രഖ്യാപിക്കുന്നത് പുരോഹിതന്മാരാണ് (13:19).
ബലിവസ്തുവില്‍ മിച്ചം വരുന്നത് പുരോഹിതര്‍ക്കുള്ളതാണ് (ലേവ്യര്‍ 2:3) വിശുദ്ധമായ ബലിവസ്തുവില്‍നിന്ന് പുരോഹിതര്‍ക്ക് ഭക്ഷിക്കാം (6:17). നേര്‍ച്ചകാഴ്ചകള്‍ സ്വീകരിക്കുന്നതും നേര്‍ച്ചകള്‍ക്ക് ഇളവു കല്പിക്കുന്നതും പുരോഹിതര്‍ തന്നെ (27:8).
പുരോഹിതര് വിശുദ്ധിയുള്ളവരായിരിക്കണം. അവര്‍ പാപം ചെയ്താല്‍ പരിഹാരബലിയര്‍പ്പിക്കണം (ലേവ്യ 4:3). കൂടാതെ ജനത്തിനുവേണ്ടിയും അവര്‍ പരിഹാരബലിയര്‍പ്പിക്കണം (4:20). രോഗത്തില്‍നിന്നുള്ള ശുദ്ധീകരണത്തിനുവേണ്ടവ നിര്‍ദ്ദേശിക്കുന്നതും, രോഗവിമുക്തനെ സമൂഹത്തില്‍ പുനഃപ്രവേശിപ്പിക്കുന്നതും പുരോഹിത ശുശ്രൂഷയാണ് (14:2). വ്യക്തികളും വസ്തുക്കളും മാത്രമല്ല സ്ഥലങ്ങളും വിശുദ്ധീകരിക്കപ്പെടുന്നത് പുരോഹിതശുശ്രൂഷയാലാണ് (14:35,48). എന്നാല്‍ പുരോഹിതരുടെ കുടുംബാംഗങ്ങളുടെ പാപം പോലും പുരോഹിതരെ അശുദ്ധരാക്കുന്നു (21:9).
ചുരുക്കത്തില്‍ 1) ആരാധനയില്‍ നേതൃത്വം നല്കുക 2) ദൈവാലയകേന്ദ്രീകൃത ജീവിതം നയിക്കുക, ദൈവാലയം സൂക്ഷിക്കുക, 3) ജനത്തിന്‍റെ വിശുദ്ധീകരണം സാധിക്കുക 4) ദൈവേഷ്ടം ജനത്തെ അറിയിക്കുക, എന്നിവ പഴയനിയമ പുരോഹിതധര്‍മ്മങ്ങളാണ്. പൗരോഹിത്യശുശ്രൂഷ പുരോഹിതനുവേണ്ടിയല്ല; അവന്‍റെ ജീവിതവും ശുശ്രൂഷയും സമൂഹത്തോടും ദൈവത്തോടും ബന്ധപ്പെട്ടതാണ്.
പുരോഹിതന്മാരുടെ ഓഹരിയെക്കുറിച്ച് പഴയനിയമം വിവരിക്കുന്നത് പ്രത്യേകം ശ്രദ്ധേയമാണ്. സംഖ്യ 18:7 വ്യക്തമാക്കുന്നത് പൗരോഹിത്യശുശ്രൂഷ ദൈവത്തിന്‍റെ ദാനമാണെന്നാണ്. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ അക്കാര്യം പലപ്പോഴും ഓര്‍മ്മപ്പെടുത്തുന്നു.
ദൈവമാണ് അവകാശവും ഓഹരിയും: പുരോഹിതന്മാര്‍ക്ക് ഇസ്രായേലില്‍ ഭൂമി അവകാശമായി ലഭിക്കുകയില്ല, കാരണം "ഞാനാണ് നിന്‍റെ അവകാശവും ഓഹരിയും" എന്ന് (സംഖ്യ 18:20) കര്‍ത്താവ് അരുള്‍ചെയ്യുന്നു. പുരോഹിതന് കര്‍ത്താവ് അവകാശമായിരിക്കുന്നതിനാല്‍ അവിടുത്തേയ്ക്കര്‍പ്പിക്കുന്ന ബലിവസ്തുക്കളിലും അവന് അവകാശം ലഭിക്കുന്നു (18:8). ജോഷ്വ 13:33 പറയുന്നു. "ലേവീ ഗോത്രത്തിന് മോശ അവകാശമൊന്നും നല്കിയില്ല. അവന്‍ അവരോട് പറഞ്ഞതുപോലെ ഇസ്രായേലിന്‍റെ ദൈവമായ കര്‍ത്താവുതന്നെയാണ് അവരുടെ അവകാശം" 14:4. ല്‍ പറയുന്നു; "താമസിക്കുന്നതിന് പട്ടണങ്ങളും കന്നുകാലികളെ മേയ്ക്കുന്നതിന് പുല്‍മേടുകളു മാത്രമല്ലാതെ ലേവ്യര്‍ക്ക് അവിടെ വിഹിതമൊന്നും നല്കിയില്ല".
പുരോഹിതന്മാരുടെ അവകാശം ലൗകികമല്ല, ഭൗതികമല്ല, ആയിരിക്കുകയുമരുത്. അവര്‍ ദൈവികഭാവങ്ങളില്‍ വ്യാപരിക്കേണ്ടവരും ദൈവികതയില്‍ ഭാഗഭാക്കുകളായിരിക്കേണ്ടവരുമാണ്. പൗരോഹിത്യശുശ്രൂഷ ശിഷ്യരെ ഏല്പിക്കുന്ന വേളയില്‍ ശിഷ്യരുടെ പാദങ്ങള്‍ കഴുകി ഈശോ ശിഷ്യര്‍ക്ക് തന്നോടുകൂടെ പങ്കാളിത്തം നല്കുകയുണ്ടായി (യോഹ 13:8). ഈ വലിയ അവകാശത്തിലൂടെ മനുഷ്യരായ നമുക്കു നല്കപ്പെടുന്ന പൗരോഹിത്യം വലിയ ഒരു രഹസ്യം തന്നെ. ഇപ്രകാരം അവകാശം സിദ്ധിച്ചവര്‍ മറ്റൊരു മിശിഹാ എന്നു വിളിക്കപ്പെടുന്നതില്‍ അത്ഭുതമില്ല. അവര്‍ മിശിഹായുടെ ശുശ്രൂഷ അവിടുന്നിലുള്ള അവകാശത്തോടെ അവിടുത്തെ അധികാരത്തോടെ നിര്‍വ്വഹിക്കുന്നു. ആകയാല്‍ പുരോഹിതന്‍റെ ശുശ്രൂഷയില്‍ മിശിഹായുടെ ശുശ്രൂഷയാണ് അന്വര്‍ത്ഥമായിത്തീരുക. മിശിഹാതന്നെ പുരോഹിതനില്‍ പ്രവര്‍ത്തിക്കുന്നു. ആകയാല്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നു: "മിശിഹാ സഭയില്‍ പ്രത്യേകിച്ച് ലിറ്റര്‍ജി സംബന്ധമായ കര്‍മ്മങ്ങളില്‍ സദാ സന്നിഹിതനാണ്. ശുശ്രൂഷകനില്‍ മാത്രമല്ല, ദിവ്യകാരുണ്യ സാദൃശ്യങ്ങളില്‍ അവിടുന്ന് സന്നിഹിതനാണ്. ഒരാള്‍ മാമ്മോദീസാ നല്കുമ്പോള്‍ മിശിഹാതന്നെയാണ് വാസ്തവത്തില്‍ മാമ്മോദീസാ നല്കുന്നത്" (LG. 7).
ബലിവസ്തുക്കളിലുള്ള അവകാശം: പുരോഹിതന്മാര്‍ ജീവിക്കേണ്ടത് ബലിവസ്തുവിലുള്ള ഭാഗഭാഗിത്വത്തിലൂടെയാണ്. അവരുടെ ജീവസന്ധാരണത്തിന് ആവശ്യമായവ ജനങ്ങളുടെ കാഴ്ചവസ്തുക്കളില്‍ നിന്നു ലഭിക്കുന്നു. പഴയനിയമപുരോഹിതശുശ്രൂഷകളെക്കുറിച്ച് പ്രതിപാദിക്കുന്ന വചനഭാഗങ്ങള്‍ ഇക്കാര്യം അടിവരയിട്ടു സ്ഥാപിക്കുന്നു. പുതിയ നിയമത്തില്‍ വി. പൗലോസ് ശ്ലീഹായും അപ്പസ്തോലന്‍ എന്ന നിലയില്‍ തനിക്കുള്ള അവകാശത്തെക്കുറിച്ച് പറയുന്നുണ്ട്. "സ്വന്തം ചെലവില്‍ സൈനിക സേവനത്തിന് പോകുന്നവനുണ്ടോ? മുന്തിരിത്തോട്ടം ഉണ്ടാക്കിയിട്ട് അതിന്‍റെ ഫലത്തില്‍ നിന്ന് ഭക്ഷിക്കാത്തവനുണ്ടോ? ആട്ടിന്‍പറ്റത്തെ വളര്‍ത്തിയിട്ട് അതിന്‍റെ പാല്‍ കുടിക്കാത്തവനുണ്ടോ?" (1 കോറി 9:7) വീണ്ടും ശ്ലീഹാ ചോദിക്കുന്നു: "ഞങ്ങള്‍ നിങ്ങളുടെയിടയില്‍ ആത്മീയ നന്മകള്‍ വിതച്ചെങ്കില്‍ നിങ്ങളില്‍നിന്നും ഭൗതികഫലം കൊയ്യുന്നത് അധികപറ്റാണോ? (9:11). അദ്ദേഹം തുടരുന്നു. "ദൈവാലയ ജോലിക്കാര്‍ക്കുള്ള ഭക്ഷണം ദൈവാലയത്തില്‍നിന്നാണെന്നും അള്‍ത്താരശുശ്രൂഷകര്‍ ബലിവസ്തുക്കളുടെ പങ്കുപറ്റുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ? അതുപോലെ, സുവിശേഷ പ്രഘോഷകര്‍, സുവിശേഷം കൊണ്ടുതന്നെ ഉപജീവനം കഴിക്കണമെന്ന് കര്‍ത്താവ് കല്പിച്ചിരിക്കുന്നു" (9:13-14). എന്നാല്‍ ശ്ലീഹാ ഇതൊന്നും ഉപയോഗപ്പെടുത്തിയിട്ടില്ല. ഇന്നും പുരോഹിതന്മാര്‍ക്കുള്ള ജീവിതനിയമം ഇതുതന്നെ. ആകയാല്‍ ബലിയര്‍പ്പിക്കുന്നതിനുള്ള വസ്തുക്കള്‍ നല്കുന്നതിനു പകരം പണം നല്കുന്നുവെങ്കില്‍ അതുവഴി പുരോഹിതന് ജീവിതാവശ്യങ്ങള്‍ നേടാവുന്നതാണ്. അതിനെ തൊഴിലിനു കൂലിയായോ അര്‍ഹതയില്ലാത്ത അവകാശം പറ്റുന്നതായോ വ്യാഖ്യാനിക്കുന്നത് ഉചിതമല്ല. ഒപ്പം പുരോഹിതന് ഈ ലോകത്തില്‍ അവകാശങ്ങളില്ല എന്നും വചനം പറയുന്നതിനാല്‍ ഭൗതികലോകം കെട്ടിപ്പടുക്കുവാനും അവ സ്വന്തമാക്കുവാനുമുള്ള വാഞ്ച ഉണ്ടാകുവാന്‍ പാടുള്ളതല്ല.
അഭിഷിക്തപുരോഹിതന്മാര്‍ക്ക് കര്‍ത്താവ് വ്യക്തമായ ജീവിതക്രമം നിര്‍ദ്ദേശിച്ചിരിക്കുന്നു. ലേവ്യര്‍ 10:8 മുതലുള്ള ഭാഗങ്ങള്‍ ഇതു വിവരിക്കുന്നു. വീഞ്ഞോ ലഹരി സാധനങ്ങളോ കുടിക്കരുത്, കുടിച്ചാല്‍ അവന്‍ മരിക്കും. പുരോഹിതന്മാര്‍ ലഹരിക്കടിപ്പെടുന്നതുവഴി പൗരോഹിത്യത്തില്‍ മരിച്ചവരാണ്.
പുരോഹിതന്മാര്‍ക്ക് വിശുദ്ധവും അവിശുദ്ധവും, ശുദ്ധവും അശുദ്ധവും വേര്‍തിരിച്ചറിയുവാന്‍ കഴിയണം. അവര്‍ ജനത്തെ അവരുടെ ഇഷ്ടങ്ങള്‍ക്കെതിരാണെങ്കിലും അതു പഠിപ്പിക്കണം. സഭയുടെ പ്രബോധനങ്ങള്‍, ധാര്‍മ്മിക നിയമങ്ങള്‍, വചനത്തിന്‍റെ അന്തഃസത്ത ഇവയില്‍ മായം ചേര്‍ക്കാതെ, അതെ, അതെ എന്നും അല്ല, അല്ല എന്നും പഠിപ്പിക്കുവാന്‍ പുരോഹിതന് കഴിയണം. വിശുദ്ധ വസ്തുക്കള്‍ വിശുദ്ധമായി കൈകാര്യം ചെയ്യേണ്ടവരാണ് പുരോഹിതന്മാര്‍. മുമ്പ് സൂചിപ്പിച്ചതുപോലെ ദൈവത്തെപ്രതി തീക്ഷ്ണതയുള്ളവരും ജനത്തിന്‍റെ പാപത്തില്‍ സ്വയം പരിഹാരം ഏറ്റെടുക്കുന്നവരുമാകണം.
വിശുദ്ധ സ്ഥലത്ത് സംഭവിക്കുന്ന അകൃത്യങ്ങള്‍ക്ക് ഉത്തരവാദികള്‍ പുരോഹിതന്മാരാണ് (സംഖ്യ 18:1). പൗരോഹിത്യശുശ്രൂഷ സംബന്ധിച്ചുണ്ടാകുന്ന തെറ്റുകള്‍ പുരോഹിതന്മാര്‍ ഏറ്റെടുക്കണം. വിശുദ്ധ മന്ദിരത്തിന്‍റെയും ബലിപീഠത്തിന്‍റെയും ചുമതല അവര്‍ കൃത്യമായി നിര്‍വ്വഹിക്കണം. ഇതാകട്ടെ ജനത്തിന്‍റെമേല്‍ ക്രോധം പതിക്കാതിരിക്കുന്നതിനുവേണ്ടിയാണ്. പുരോഹിതന്‍ ദൈവജനത്തിന്‍റെ ജീവിതത്തിനു മുഴുവന്‍ ഉത്തരവാദിയാകുന്നു.
പുതിയ നിയമത്തിലേക്കു വരുമ്പോള്‍ മിശിഹായുടെ പൗരോഹിത്യത്തിലുള്ള പങ്കുചേരല്‍ എന്ന നിലയില്‍ മിശിഹായുടെ സ്വഭാവവിശേഷങ്ങള്‍ ഓരോന്നും പുരോഹിതന്‍ പകര്‍ത്തണം. ആത്മാക്കളുടെ കണക്ക് ഏല്പിക്കേണ്ടവര്‍ (ഹെബ്രാ. 13:17) എന്ന നിലയില്‍ അവര്‍ ശുശ്രൂഷ ചെയ്യണം. അപ്പസ്തോലന്മാരെ അയച്ചുകൊണ്ട് ഈശോ നല്കുന്ന നിര്‍ദ്ദേശങ്ങള്‍ പുരോഹിതന്‍റെ ജീവിതചര്യ എപ്രകാരമാണെന്നു വ്യക്തമാക്കുന്നു. മത്തായി 10:5-42 ഇത് വിശദീകരിക്കുന്നു. വിലക്കപ്പെട്ട ഇടങ്ങളില്‍ പ്രവേശിക്കരുത്, നഷ്ടപ്പെട്ട ആടുകളെ തേടണം, സ്വര്‍ഗ്ഗരാജ്യം പ്രസംഗിക്കണം, രോഗികള്‍ക്കുള്ള സൗഖ്യവും, മരിച്ചവരുടെ ഉയിര്‍പ്പും, പിശാചുക്കളുടെ ബഹിഷ്കരണവും അവരിലൂടെ സംഭവിക്കണം. ഭൗതിക ബന്ധത്തില്‍ ആശ്രയം അരുത്, സമാധാനസ്ഥാപകരായിരിക്കണം. ശുശ്രൂഷയില്‍ പീഡനങ്ങള്‍ ഉണ്ടാകും. എന്നാല്‍ ഭയപ്പെടാതെ സാക്ഷ്യം നല്കണം.
പൗരോഹിത്യം എന്നത് ഒരു യാന്ത്രികാവസ്ഥയല്ല. അത് ഒരു വ്യക്തിക്ക് ഏറെ ഉത്തരവാദിത്വം നല്കുന്നതാണ്. പുരോഹിതന്‍ എന്ന പ്രതീകം എത്രമാത്രം നിത്യപൗരോഹിത്യത്തിന്‍റെ സ്വഭാവത്തോട് ചേര്‍ന്നുനില്ക്കുന്നുവോ, എത്രമാത്രം ആ യാഥാര്‍ത്ഥ്യത്തെ താനാകുന്ന പ്രതീകത്തിലൂടെ
പ്രകാശിപ്പിക്കുവാനാകുന്നുവോ അത്രമാത്രം അയാള്‍ പുരോഹിതശുശ്രൂഷയില്‍ വിജയിക്കുന്നു.
പുതിയനിയമ പുരോഹിത ശുശ്രൂഷ
പൗരോഹിത്യമെന്ന കൂദാശയെ സഭയിലുള്ള ശുശ്രൂഷാദൗത്യവുമായി ബന്ധപ്പെടുത്തിയാണ് മനസ്സിലാക്കുക. സഭയോടും സഭയുടെ ശുശ്രൂഷാദൗത്യത്തോടും ബന്ധപ്പെടുത്താതെയുള്ള പൗരോഹിത്യദര്‍ശനങ്ങള്‍ വികലമാണ്. സഭ ദൈവികമായി രൂപം കൊണ്ടതും മിശിഹായുടെ ദൗത്യം യുഗാന്ത്യത്തോളം പൂര്‍ത്തിയാക്കുവാന്‍ നിയോഗിക്കപ്പെട്ടതുമാണ്. മിശിഹായുടെ ദൗത്യം തുടരുന്നു എന്ന നിലയില്‍ മിശിഹായുടെ തുടര്‍ച്ചയാണ് ഈ ലോകത്തില്‍ സഭ. മിശിഹായുടെ ശിഷ്യത്വത്തില്‍ പരിശീലനം സിദ്ധിച്ച മിശിഹായുടെ ദൗത്യം തുടര്‍ന്ന അപ്പസ്തോലന്മാരാകുന്ന ആദിമസഭയുടെ തുടര്‍ച്ചയായ സഭ മിശിഹായുടെ തുടര്‍ച്ചയാണ് എന്നതു വ്യക്തമാണ്. സഭയിലെ വിവിധ ശുശ്രൂഷകള്‍ ഈ ശ്ലൈഹിക പിന്തുടര്‍ച്ച വിശ്വസ്തതയോടെ സൂക്ഷിക്കുന്നതിനും കൈമാറുന്നതിനും വേണ്ടിയുള്ളതാണ്.
സഭ തന്‍റെ വിശ്വാസവും ജീവിതവും ആദിമസഭാവിശ്വാസവും ജീവിതവുമായി വിശ്വസ്തതയോടെ ചേര്‍ത്തു നയിക്കുമ്പോള്‍ ശ്ലൈഹിക പിന്തുടര്‍ച്ച കൈവരിക്കുന്നു. മാത്രമല്ല, ആദ്യസാക്ഷികളായവരില്‍ നിന്നു രൂപമെടുത്തു എന്നതിനാലും ഈ പിന്തുടര്‍ച്ച സഭയ്ക്കവകാശപ്പെട്ടതാണ്. സഭയില്‍ പ്രവാചകന്മാരും, പ്രബോധകരും, വിശ്വാസികളുമെല്ലാം ഒന്നുചേര്‍ന്ന് ഒരു ശരീരമായി വര്‍ത്തിക്കുന്നു. ഇപ്രകാരമുള്ള ഒരു സമൂഹത്തില്‍ ശുശ്രൂഷാ ദൗത്യത്തിനായി പ്രത്യേകം നിയുക്തരായവര്‍ ഉണ്ടായിരിക്കുക അവശ്യമാവശ്യമാണ്. ഇപ്രകാരമുള്ള ശുശ്രൂഷകരെ സഭയില്‍ സാഘോഷം നിയോഗിക്കുക എന്നത് കൗദാശികമാണ്.
സഭയുടെ ശുശ്രൂഷാദൗത്യങ്ങള്‍ക്ക് പ്രത്യേകമായ ലക്ഷ്യമുണ്ട്. സഭയിലെ ശുശ്രൂഷാക്രമത്തെക്കുറിച്ച് പൗലോസ് ശ്ലീഹാ 1കോറി 14:26-33 വിശദമാക്കുന്നു. ശ്ലീഹന്മാര്‍, പ്രവാചകന്മാര്‍, സുവിശേഷപ്രഘോഷകന്മാര്‍, ഇടയന്മാര്‍, പ്രബോധകന്മാര്‍ എന്നിങ്ങനെ ശുശ്രൂഷകളെക്കുറിച്ച് എഫേസൂസ് 2:11 പറയുന്നു. ഈ ശുശ്രൂഷയുടെ ലക്ഷ്യമെന്തെന്നും ശ്ലീഹാ വിവരിക്കുന്നു.
(1) വിശുദ്ധരെ പരിപൂര്‍ണ്ണരാക്കുക. വിശുദ്ധര്‍ എന്നത് ശ്ലീഹായുടെ എഴുത്തുകളില്‍ മാമ്മോദീസാ സ്വീകരിച്ച വിശ്വാസികളേവരുമാണ് (1 കോറി. 1:2, റോമാ 1:7). അതായത് വിശ്വാസസമൂഹത്തെ പരിപൂര്‍ണ്ണതയിലേക്ക് നയിക്കുക. ഈ പരിപൂര്‍ണ്ണതയാകട്ടെ "സ്വര്‍ഗ്ഗീയ പിതാവിന്‍റെ പരിപൂര്‍ണ്ണത"യാണ് (മത്താ. 5:48). ആകയാല്‍ ഈ ദൗത്യം വിശ്വാസസമൂഹം സ്വര്‍ഗ്ഗീയപിതാവിന്‍പക്കല്‍ എത്തിച്ചേരുന്നതുവരെ തുടരുന്നതാണ്.
(2) ശുശ്രൂഷയുടെ ജോലി ചെയ്യുക (എഫേ. 4:12). ഈശോ ശിഷ്യരെ ഉദ്ബോധിപ്പിച്ചത് ശുശ്രൂഷകനാവുക എന്നാണ് (മത്താ. 20/26). ഇതിനു കാരണമായി അവിടുന്ന് പ്രസ്താവിക്കുന്നത്, "ശുശ്രൂഷിക്കപ്പെടുവാനല്ല, ശുശ്രൂഷിക്കുവാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവന്‍ കൊടുക്കുവാനും മനുഷ്യപുത്രന്‍ വന്നിരിക്കുന്നതുപോലെ തന്നെ" (20:28) എന്നതാണ്. ഈശോയുടെ ശുശ്രൂഷ എന്തെന്നും മോചനദ്രവ്യമാവുക എന്നാല്‍ എന്തെന്നും വി. യോഹന്നാന്‍ കൂടുതല്‍ വിശദമാക്കുന്നുണ്ട്. ശുശ്രൂഷിക്കുക എന്നാല്‍ ആടുകളുടെ കാവല്‍ക്കാരനായിരിക്കുക എന്ന ദൗത്യമാണ്. ഈശോ നല്ല ഇടയനാണ്. നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി ജീവനര്‍പ്പിക്കുന്നു. മോചനദ്രവ്യമായിത്തീരുന്നതിവിടെയാണ്. ഇടയശുശ്രൂഷയില്‍ ഇടയന്‍ ആടുകളെ അറിയണം. ആടുകള്‍ക്കുവേണ്ടി ബലിയാവുക ഇടയദൗത്യമാണ് (യോഹ. 10:1-18).
യോഹന്നാന്‍റെ സുവിശേഷം ഈശോയുടെ ശുശ്രൂഷയെക്കുറിച്ചു വീണ്ടും പറയുന്നു. അവിടുന്ന് അത്താഴത്തിനിടയില്‍ ശിഷ്യരുടെ പാദങ്ങള്‍ കഴുകി തുടച്ചു. ഗുരുവും നാഥനുമായ കര്‍ത്താവു കാട്ടിത്തന്ന ശുശ്രൂഷ കഴുകി ശുദ്ധീകരിക്കുന്ന പ്രവര്‍ത്തനമാണ്. മാത്രമല്ല ഈ ശുശ്രൂഷയ്ക്കായിട്ടാണ് ശിഷ്യരെ നിയോഗിച്ചാക്കിയതും. "ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍, നിങ്ങളും പരസ്പരം പാദങ്ങള്‍ കഴുകണം. എന്തെന്നാല്‍ ഞാന്‍ നിങ്ങള്‍ക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് ഞാന്‍ നിങ്ങള്‍ക്കൊരു മാതൃക നല്കിയിരിക്കുന്നു" (യോഹ. 13:12-15). കാലുകഴുകിയത് വിശുദ്ധീകരണകര്‍മ്മമായിരുന്നു. ഇതാകട്ടെ തന്നോടുകൂടിയുള്ള പങ്കാളിത്തമാണെന്നും ഈശോ അനുസ്മരിപ്പിക്കുന്നു (യോഹ. 13:7-10). ഇപ്രകാരം വിശുദ്ധീകരണദൗത്യം ഏറ്റെടുത്തിരിക്കുന്നവരാണ് പുരോഹിതരാകുന്ന ശ്ലൈഹിക ശുശ്രൂഷകര്‍. കൂടാതെ അവരുടെ ജീവിതം വിശ്വാസസമൂഹത്തിനായി പങ്കുവയ്ക്കപ്പെട്ടതാണ്. അവരില്‍ ജനത്തിന് പങ്കാളിത്തം അവകാശപ്പെടാനാകണം.
പൗരോഹിത്യം ഈശോയുടെ ബലിജീവിതം സ്വജീവിതത്തില്‍ തുടര്‍ന്നുകൊണ്ട് അനേകരുടെ വിമോചനം സാധ്യമാക്കുന്ന ശുശ്രൂഷയാണ്. പുരോഹിതന്മാര്‍ അജഗണത്തിന്‍റെ കാവല്‍ക്കാരും അവര്‍ക്കാവശ്യമായ ആഹാരം നല്കുവാന്‍ നിയുക്തരുമാണ്. അപ്പം ഇല്ലാതെ വലയുന്നവര്‍ക്ക് "നിങ്ങള്‍ അവര്‍ക്ക് ഭക്ഷണം കൊടുക്കുവിന്" (ലൂക്കാ 9:13) എന്ന കല്പന പൂര്‍ത്തിയാക്കണം. ദൈവജനത്തെ മാമ്മോദീസാജലത്താല്‍ കഴുകി ശുദ്ധീകരിക്കുവാനും അവര്‍ക്ക് സഭാഗാത്രത്തില്‍ പങ്കാളിത്തം നല്കുവാനും പുരോഹിതന്‍ നിയോഗിക്കപ്പെടുന്നു. അനുരഞ്ജനകൂദാശയിലൂടെ പാപമോചനത്തിന്‍റെ ശുശ്രൂഷ തുടരണം.
(3) മിശിഹായുടെ ശരീരത്തെ പണിതുയര്‍ത്തുക (എഫേ 4:13): സഭയിലെ ശുശ്രൂഷയുടെ മറ്റൊരു ലക്ഷ്യം മിശിഹായുടെ ശരീരമാകുന്ന സഭയുടെ നിര്‍മ്മാണത്തില്‍ സജീവമായി പങ്കുചേരുക എന്നതാണ്. എഫേസൂസിലെ സഭയ്ക്കുള്ള ലേഖനഭാഗത്തു (2:20-21) സഭയുടെ നിര്‍മ്മാണത്തെക്കുറിച്ചു പറയുന്നതിപ്രകാരമാണ് : "ശ്ലീഹന്മാരും പ്രവാചകന്മാരുമാകുന്ന അടിത്തറമേല്‍ പണിതുയര്‍ത്തപ്പെട്ടവരാണ് നിങ്ങള്‍. ഈ അടിത്തറയുടെ മൂലക്കല്ല് മിശിഹായാണ്. മിശിഹായില്‍ ഭവനമൊന്നാകെ സമന്വയിക്കപ്പെട്ടിരിക്കുന്നു; കര്‍ത്താവില്‍ പരിശുദ്ധ ആലയമായി അതു വളര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു". ഈ വളര്‍ച്ചയാകട്ടെ മിശിഹായുടെ പ്രവര്‍ത്തനമാണ് : "ഞാന്‍ നട്ടു; അപ്പോളോസ് നനച്ചു ; എന്നാല്‍ ദൈവമാണു വളര്‍ത്തിയത്" (1 കോറി 3:6). ഈ വലിയ ശുശ്രൂഷയില്‍, "ഞങ്ങള്‍ ദൈവത്തിന്‍റെ കൂട്ടുവേലക്കാരാണ്" (1 കോറി 3:9). പൗരോഹിത്യം ദൈവത്തിന്‍റെ കൂട്ടുവേലക്കാരായി അവിടുന്ന് വിളിക്കുന്നവരെ വേര്‍തിരിച്ചു നിയോഗിക്കുന്ന കൂദാശയാണ്. അപ്രകാരം നിയുക്തരാകുന്നവര്‍ തങ്ങള്‍ക്ക് "നല്കപ്പെട്ട ദൈവകൃപയനുസരിച്ച് ഒരു വിദഗ്ദ്ധ ശില്പിയെപ്പോലെ അടിസ്ഥാനമിടുകയും മറ്റൊരുവന്‍ അതില്‍ പണിയുകയും വേണം. എപ്രകാരമാണ് താന്‍ പണിയുന്നതെന്ന് ഓരോരുത്തരും ഗൗരവപൂര്‍വ്വം ചിന്തിക്കണം" (1 കോറി 3:10).
(4) പൂര്‍ണ്ണതയിലേക്കുള്ള ശുശ്രൂഷ: ഈ ശുശ്രൂഷ എന്നുവരെ തുടരണം എന്നും ശ്ലീഹാ പഠിപ്പിക്കുന്നുണ്ട്. (1) വിശ്വാസത്തിന്‍റെ ഐക്യത്തില്‍ എല്ലാവരും എത്തിചേരുക. (2) ദൈവപുത്രനെക്കുറിച്ചുള്ള പൂര്‍ണ്ണജ്ഞാനം എല്ലാവര്‍ക്കുമുണ്ടാവുക. (3) മിശിഹായുടെ പരിപൂര്‍ണ്ണതയുടെ അളവനുസരിച്ച് പക്വതയാര്‍ന്ന മനുഷ്യരാവുക. ഈ ലക്ഷ്യസാക്ഷാത്കാരം വരെ സഭയുടെ ശുശ്രൂഷാദൗത്യം തുടരേണ്ടിയിരിക്കുന്നു. ഇത് മറ്റൊരുകാര്യംകൂടി വ്യക്തമാക്കുന്നു. അതായത്, സഭയുടെ ശുശ്രൂഷാപൗരോഹിത്യത്തിന്‍റെ ലക്ഷ്യം എന്തായിരിക്കണം എന്നത് ഈ വാക്കുകള്‍ വ്യക്തമാക്കുന്നു. വിശ്വാസത്തിന്‍റെ ഐക്യത്തില്‍ എല്ലാവരും എത്തിചേരുമ്പോള്‍ വിശ്വാസത്തിന്‍റെ സജീവപ്രഘോഷകരായിരിക്കണം പുരോഹിതന്മാര്‍. ദൈവപുത്രനെക്കുറിച്ചുള്ള പൂര്‍ണ്ണജ്ഞാനം എല്ലാവര്‍ക്കും ഉണ്ടാവണം. അതാകട്ടെ എങ്ങനെയെന്ന് യോഹന്നാന്‍ ശ്ലീഹാ തന്‍റെ ലേഖനത്തില്‍ വ്യക്തമാക്കുന്നു. "ആദിമുതല്‍ ഉണ്ടായിരുന്നതും ഞങ്ങള്‍ കേട്ടതും സ്വന്തം കണ്ണുകള്‍കൊണ്ടു കണ്ടതും സൂക്ഷിച്ചുവീക്ഷിച്ചതും കൈകൊണ്ടു സ്പര്‍ശിച്ചതുമായ ജീവന്‍റെ വചനത്തെപ്പറ്റി ഞങ്ങള്‍ അറിയിക്കുന്നു. ജീവന്‍ പ്രത്യക്ഷപ്പെട്ടു; ഞങ്ങള്‍ അതു കണ്ടു; അതിനു സാക്ഷ്യം നല്കുകയും ചെയ്യുന്നു. ഞങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്തതു നിങ്ങളെയും ഞങ്ങള്‍ അറിയിക്കുന്നു" (1 യോഹ 1:1-3). മറ്റുള്ളവരില്‍ മിശിഹായെക്കുറിച്ചുള്ള ജ്ഞാനം പൂര്‍ണ്ണമാക്കുക എന്ന പൗരോഹിത്യധര്‍മ്മം നിര്‍വ്വഹിക്കുവാന്‍ പുരോഹിതന്മാര്‍ യോഹന്നാന്‍ ശ്ലീഹാ വിവരിക്കുന്നതുപോലുള്ള അനുഭവത്തിലുള്ളവരാകണം. മൂന്നാമത്തെ ലക്ഷ്യമായി പറഞ്ഞത്, പക്വതയാര്‍ന്ന മനുഷ്യരുണ്ടാവുക എന്നതാണ്. ഈ പക്വതയാകട്ടെ മിശിഹായുടെ പരിപൂര്‍ണ്ണതയുടെ തോതനുസരിച്ചുള്ളതാവണം.
പുരോഹിതന് സഭയില്‍ ആരെന്നും പൗരോഹിത്യ കൂദാശയുടെ വ്യതിരക്തത എന്തെന്നും വ്യക്തമായി അറിഞ്ഞിരിക്കണം. ഇത് പൂജാരി ശുശ്രൂഷയല്ല. ഇത് മാനുഷികമായ സ്ഥാപനവുമല്ല. ഇതൊരു കൂദാശയാണ്. കൂദാശകള്‍ ഈശോയില്‍നിന്നും ഉറവെടുത്തു.
അപ്പസ്തോലന്മാര്‍ ഈശോയില്‍ ദൈവികവെളിപാട് ലഭിച്ചവരാണ്. ഇവര്‍ മിശിഹായുടെ നേരിട്ടുള്ള സാക്ഷികളും വെളിപാടിന്‍റെ സ്വീകര്‍ത്താക്കളുമാണ്. ഇവിടെ അപ്പസ്തോലന്‍ എന്നതിന് ഒരു ശുശ്രൂഷാസ്ഥാനം എന്ന വിവക്ഷയില്ല. ഈ അര്‍ത്ഥത്തില്‍ അവര്‍ക്ക് പിന്തുടര്‍ച്ചക്കാര്‍ ഉണ്ടാവുക സാധ്യമല്ല. എന്നാല്‍ മത്തിയാസിനെ തിരഞ്ഞെടുക്കുന്ന അവസരത്തിലുള്ള വി. പത്രോസിന്‍റെ പ്രസംഗം ശ്രദ്ധേയമാണ്. "അവന്‍ നമ്മിലൊരുവനായി എണ്ണപ്പെടുകയും ഈ ശുശ്രൂഷയില്‍ അവനു ഭാഗഭാഗിത്വം ലഭിക്കുകയും ചെയ്തിരുന്നു ... അവന്‍റെ ശുശ്രൂഷയുടെ സ്ഥാനം മറ്റൊരുവന്‍ ഏറ്റെടുക്കട്ടെ എന്നും സങ്കീര്‍ത്തനപുസ്തകത്തില്‍ എഴുതപ്പെട്ടിരിക്കുന്നു. ആകയാല്‍ കര്‍ത്താവായ ഈശോയുടെ പുനരുത്ഥാനത്തിന് ഒരാള്‍ ഞങ്ങളോടൊപ്പം സാക്ഷിയായിരിക്കണം. യോഹന്നാന്‍റെ സ്നാനം മുതല്‍ നമ്മില്‍നിന്ന് ഉന്നതങ്ങളിലേക്ക് സംവഹിക്കപ്പെട്ട നാള്‍വരെ ഈശോ നമ്മോടൊപ്പം സഞ്ചരിച്ചിരുന്ന കാലം മുഴുവനും നമ്മുടെ കൂടെയുണ്ടായിരുന്നവരില്‍ ഒരുവനായിരിക്കണം അവന്" (അപ്പ 1:17-22). തിരഞ്ഞെടുപ്പുവേളയില്‍ പത്രോസ് ഇപ്രകാരം ഓര്‍മ്മിച്ചു: കര്‍ത്താവേ യൂദാസ് ഉപേക്ഷിച്ച അപ്പസ്തോലസ്ഥാനവും ശുശ്രൂഷാപദവിയും സ്വീകരിക്കാന്‍ ഇവരില്‍ ആരെയാണ് അങ്ങു തിരഞ്ഞെടുത്തിരിക്കുന്നതെന്നു വ്യക്തമാക്കണമെ" (അപ്പ 1:25).
മുകളില്‍ സൂചിപ്പിച്ച വചനം വ്യക്തമാക്കുന്നത്, അപ്പസ്തോലന്മാര്‍ ഈശോയ്ക്ക് സാക്ഷികളാണ് എന്നും അവര്‍ ഈശോയുടെ ഇഹലോകജീവിതത്തില്‍ അവിടുത്തോടൊപ്പം ഉണ്ടായിരുന്നവരായിരിക്കണം എന്നതുമാണ്. അതോടൊപ്പം അപ്പസ്തോലനാവുക എന്നത് ഒരു ശുശ്രൂഷ ഏറ്റെടുക്കലാണെന്നും വചനം സൂചിപ്പിക്കുന്നു. അപ്പസ്തോലന്മാര്‍ മത്തിയാസിനെ കണ്ടെത്തുമ്പോഴും അത് കര്‍ത്താവുതന്നെ തിരഞ്ഞെടുക്കുന്നതാണെന്ന് മുകളില്‍ ഉദ്ധരിച്ച പത്രോസിന്‍റെ പ്രാര്‍ത്ഥന വ്യക്തമാക്കുന്നു.
മിശിഹായ്ക്ക് സാക്ഷ്യം വഹിക്കുക എന്ന ശുശ്രൂഷയ്ക്കായി നിയുക്തരാണ് അപ്പസ്തോലന്മാര്‍. പൗലോസ് ശ്ലീഹാ ഈശോ ഇഹലോകജീവിതകാലത്ത് തിരഞ്ഞെടുത്ത വ്യക്തിയല്ല, എങ്കിലും ഉത്ഥാനാനന്തരനാണെന്നുള്ള ദൈവികനന്മയാല്‍ താന്‍ അപ്പസ്തോലനാണെന്ന് ശ്ലീഹാ സമര്‍ത്ഥിക്കുന്നുണ്ട്. "നിങ്ങള്‍ കര്‍ത്താവില്‍ എന്‍റെ അപ്പസ്തോലവൃത്തിയുടെ മുദ്രയാണ്" (1 കോറി 9:2). പൗലോസ് തന്‍റെ സുവിശേഷപ്രഘോഷണത്തിന്‍റെ നല്ല ഫലങ്ങളെ തന്‍റെ അപ്പസ്തോലവൃത്തിയുടെ ഫലമായി കാണുന്നു. അദ്ദേഹം ചോദിക്കുന്നു: "ഞാന്‍ അപ്പസ്തോലനല്ലേ ? ഞാന്‍ കര്‍ത്താവായ ഈശോയെ കണ്ടിട്ടില്ലേ ? കര്‍ത്താവിനുവേണ്ടിയുള്ള എന്‍റെ അധ്വാനങ്ങളുടെ ഫലമല്ലേ നിങ്ങള്‍ ? മറ്റുള്ളവര്‍ക്കു ഞാന്‍ അപ്പസ്തോലനല്ലെങ്കിലും നിങ്ങള്‍ക്കു തീര്‍ച്ചയായും അപ്പസ്തോലനാണ്" (1 കോറി 9:1-2).
ഇപ്രകാരം മിശിഹായുടെ ഉത്ഥാനാനന്തരം ശിഷ്യത്വത്തിലേക്ക് വരികയും അനനിയാസിന്‍റെ കൈവയ്പിലൂടെ (അപ്പ. പ്രവ. 9:17) അപ്പസ്തോലശുശ്രൂഷ ഏറ്റെടുക്കുകയും ചെയ്ത പൗലോസ് കൈവയ്പിലൂടെ തിമോത്തിയോസിനെ ശുശ്രൂഷയ്ക്കായി നിയോഗിക്കുന്നു. തന്‍റെ കൈവയ്പിലൂടെ തിമോത്തിയോസിനു ലഭിച്ച ദൈവികവരം വീണ്ടും ഉജ്ജ്വലിപ്പിക്കണമെന്ന് അനുസ്മരിപ്പിക്കുകയും ചെയ്യുന്നു (2 തിമോ 1:6).
വിശുദ്ധ പൗലോസ് ശ്ലീഹാ തീത്തോസിനോട് കൂടുതല്‍ ശ്രേഷ്ഠന്മാരെ നിയോഗിക്കുവാന്‍ ആവശ്യപ്പെടുന്നു: "ഞാന്‍ നിന്നെ ക്രേത്തേയില്‍ വിട്ടിട്ടുപോന്നത്, നീ അവിടുത്തെ കുറവുകളെല്ലാം പരിഹരിക്കുന്നതിനും ഞാന്‍ നിര്‍ദ്ദേശിച്ചവിധം എല്ലാ പട്ടണങ്ങളിലും ശ്രേഷ്ഠന്മാരെ നിയമിക്കുന്നതിനും വേണ്ടിയാണ്" (തീത്തോ. 1:5)
യാക്കോബ് ശ്ലീഹാ രോഗികള്‍ക്കായി പ്രാര്‍ത്ഥിക്കുന്നതിനായും അവരെ തൈലാഭിഷേകം ചെയ്യുന്നതിനായും സഭയിലെ ശ്രേഷ്ഠന്മാരെ വിളിക്കുവാന്‍ ഉപദേശിക്കുന്നു (യാക്കോ 5:14). ഈ ഉപദേശം സൂചിപ്പിക്കുന്നത് എന്തെന്നാല്‍, സഭയില്‍ ഇപ്രകാരമുള്ള ശുശ്രൂഷയ്ക്കായി ചിലര്‍ നിയുക്തരായിരുന്നു എന്നതാണ്.
വി. പത്രോസ് തന്‍റെ ലേഖനത്തില്‍ തന്നെ ഒരു സഹശ്രേഷ്ഠനായി വിശേഷിപ്പിച്ചുകൊണ്ട് എഴുതുന്നു : "ഒരു സഹശ്രേഷ്ഠനും മിശിഹായുടെ സഹനങ്ങളുടെ സാക്ഷിയും വെളിപ്പെടാനിരിക്കുന്ന മഹത്വത്തിന്‍റെ പങ്കുകാരനും എന്ന നിലയില്‍ ഞാന്‍ നിങ്ങളുടെയിടയിലെ ശ്രേഷ്ഠന്മാരെ ഉപദേശിക്കുന്നു : നിങ്ങളെ ഏല്പിച്ചിരിക്കുന്ന ദൈവത്തിന്‍റെ അജഗണത്തെ പരിപാലിക്കുവിന്" (1 പത്രോ 5:1-2). അജഗണമായ വിശ്വാസസമൂഹത്തെ നയിക്കുന്നതിനായി ഇടയന്മാരെ നിയോഗിച്ചിട്ടുണ്ട് എന്ന് ഇവിടെ വ്യക്തമാകുന്നു.
ശിഷ്യന്മാര്‍ എല്ലാവരുംതന്നെ ഞങ്ങള്‍ അടിസ്ഥാനമിട്ട സഭാസമൂഹത്തിന്‍റെ നന്മയ്ക്കായി പ്രത്യേകം മേല്‍നോട്ടക്കാരെയും, അജപാലകരെയും, ശ്രേഷ്ഠന്മാരെയും നിയോഗിച്ചിരുന്നു എന്നു വ്യക്തമാണ്. കൂടാതെ ശ്ലീഹന്മാരുടെ പ്രതിനിധി എന്ന നിലയില്‍ പത്രോസ് ശിഷ്യരുടെ സംഖ്യ വര്‍ദ്ധിച്ചപ്പോള്‍ ഭക്ഷണമേശയിലെ ശുശ്രൂഷയ്ക്കായി ഏഴു ഡീക്കന്മാരെ നിയോഗിക്കുന്നതായും വചനം സാക്ഷിക്കുന്നു (അപ്പ 6:1-6). അവരുടെമേലും കൈകള്‍ വച്ചാണ് അവരെ അതിനായി നിയോഗിച്ചാക്കിയത്. ശ്ലീഹന്മാരുടെ കൈവയ്പു സ്വീകരിച്ചവര്‍ അവരുടെ പിന്‍ഗാമികളെയും നിയോഗിച്ചതായി നാം കാണുന്നു. സഭയിലെ ഈ ശ്ലൈഹിക പാരമ്പര്യം ഇന്നും പൗരോഹിത്യത്തിലൂടെ തുടരുന്നു.
ശ്ലൈഹിക ശുശ്രൂഷയുടെ പിന്തുടര്‍ച്ചയെ ചോദ്യം ചെയ്യുന്ന പണ്ഡിതര്‍ ഉണ്ടെങ്കിലും, മേലുദ്ധരിച്ചവ ആര്‍ക്കും നിഷേധിക്കാനാവില്ല. ആദിമസഭയില്‍ ആരംഭിച്ച വൈവിധ്യമാര്‍ന്ന ശുശ്രൂഷ ഇന്നും സഭയില്‍ തുടരുകയും ചെയ്യുന്നു.
ഏതൊരു സമൂഹത്തിനും നേതൃത്വം ആവശ്യമാണ്. പൗരോഹിത്യത്തെ നിഷേധിച്ച് വചനവ്യാഖ്യാനം നടത്തിയിരുന്ന ചില സമൂഹങ്ങള്‍പോലും കൈവയ്പുവഴി ശ്ലൈഹിക പിന്തുടര്‍ച്ച അവകാശമാക്കുവാന്‍ ശ്രമിച്ചതും ഈയവസരത്തില്‍ ചിന്തനീയമാണ്. അതിനായി ശ്ലൈഹികപിന്തുടര്‍ച്ചാവകാശം ഉണ്ടെന്ന് അംഗീകരിക്കുന്ന സഭാസമൂഹത്തിന്‍റെ മെത്രാന്മാരെ തേടിയെന്നതും പ്രത്യേകം ചിന്താവിഷയമാക്കേണ്ടതാണ്.
മിശിഹാ ഈ ഭൂമിയില്‍ നടത്തിയ പിതൃഹിതാനുസാരമുള്ള ശുശ്രൂഷ ലോകാവസാനം വരെ തുടരുക ആവശ്യമാണ്. അവിടുത്തെ രക്ഷാപദ്ധതി നിത്യമായിട്ടുള്ളതും മറ്റൊന്ന് ആവശ്യമില്ലാത്തവിധം അനന്യവും എല്ലാവര്‍ക്കും വേണ്ടിയുള്ളതുമാണ്. ഈ രക്ഷാപദ്ധതി അവിടുന്ന് ആഗ്രഹിക്കുംപ്രകാരം ലോകാവസാനംവരെയുള്ള എല്ലാ ജനത്തിനും അനുഭവവേദ്യമാംവിധം അവതരിപ്പിക്കുവാന്‍ മാനുഷിക തലങ്ങളിലൂടെ അല്ലാതെ സാധ്യമല്ല. മിശിഹായുടെ മനുഷ്യാവതാരത്തിന്‍റെ അടിസ്ഥാനവും അതാണല്ലോ. മിശിഹായുടെ രക്ഷാപദ്ധതിക്ക് ഇന്ന് മാനുഷികഭാവം നല്കുവാന്‍, അതിന് നേതൃത്വം നല്കുവാന്‍ നിയുക്തരാണ് പുരോഹിതന്മാര്‍. പരിശുദ്ധ മറിയത്തില്‍നിന്നും സ്വീകരിച്ച മനുഷ്യത്വം പുത്രന്‍ തമ്പുരാന്‍റെ ഈ ലോകപരിത്രാണപദ്ധതിയുടെ ഭാഗമായിരുന്നതുപോലെ, അനന്യമാംവിധം അതിന്‍റെ പൂര്‍ത്തീകരണത്തിന് മനുഷ്യന്‍ ആവശ്യമായിരുന്നതുപോലെ, ഈ പദ്ധതിയുടെ തുടര്‍ച്ചയ്ക്ക് സമൂഹത്തില്‍നിന്നും അവിടുന്ന് തിരഞ്ഞെടുക്കുന്ന മനുഷ്യര്‍ ആവശ്യമാണ്. ഇപ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന മനുഷ്യവ്യക്തികളാണ് പുരോഹിതന്മാര്‍.
സഭയാകുന്ന മിശിഹായുടെ ശിഷ്യസമൂഹത്തിന് ഒന്നാകെയാണ് അവിടുന്ന് എല്ലാ ആഹ്വാനങ്ങളും നല്കുന്നതെങ്കിലും ഏതൊരു സമൂഹത്തിലും എന്നപോലെ സഭയിലും ഈ ശുശ്രൂഷകള്‍ പ്രായോഗികമാക്കുവാന്‍ പ്രത്യേകം നിയുക്തരായവര്‍ ഉണ്ടാവേണ്ടതാണ്. അവര്‍ നിര്‍വ്വഹിക്കുന്ന ശുശ്രൂഷ സമൂഹത്തിന്‍റേതില്‍ നിന്നും വ്യത്യസ്തമായ ഒന്നല്ല. സമൂഹത്തില്‍ നിയുക്തമായിരിക്കുന്ന ശുശ്രൂഷയുടെ യാഥാര്‍ത്ഥീകരണമാണ് അവരിലൂടെ നടക്കുക. ആകയാല്‍ അവര്‍ ആ സമൂഹവുമായി അഭേദ്യമാംവിധം ബന്ധപ്പെട്ടിരിക്കുന്നു. അതില്‍നിന്നും വേറിട്ടൊരു അസ്തിത്വം അവര്‍ക്കില്ല. എന്നാല്‍ ഇപ്രകാരം നിയുക്തരാകുന്നതുവഴി അവര്‍ ആ സമൂഹത്തിന്‍റെ ശുശ്രൂഷയുടെ പ്രതീകങ്ങളും ദൈവശാസ്ത്രഭാഷയില്‍ കൂദാശകളുമായിത്തീരുന്നു. അതായത് രാജകീയപൗരോഹിത്യത്തിലൂടെ നിയോഗിക്കപ്പെട്ടിരിക്കുന്ന ബലിയര്‍പ്പണം, പ്രഘോഷണം, പരിപാലനം തുടങ്ങിയ ശുശ്രൂഷകളുടെ സജീവപ്രതീകങ്ങളും, അതുവഴി കൂദാശകളുമാണ് പുരോഹിതന്മാര്‍. ഇപ്രകാരമുള്ള ശുശ്രൂഷകരിലൂടെയാണ് ആ സമൂഹത്തിന്‍റെ അസ്തിത്വം പൂര്‍ണ്ണമാവുക, യാഥാര്‍ത്ഥ്യമായിത്തീരുക.
സഭ ഒരു സമൂഹികയാഥാര്‍ത്ഥ്യമാണ്. ഏതൊരു സമൂഹത്തിനും അതിന്‍റെ സുഗമമായ പ്രവര്‍ത്തനത്തിന് ഒരു നേതൃത്വം അനിവാര്യമാണ്. ആദിമസഭാസമൂഹം തുടങ്ങി ഒരു നേതൃത്വത്തെ അംഗീകരിക്കുകയും അതിനായി സമൂഹത്തില്‍നിന്നും വ്യക്തികളെ തിരഞ്ഞെടുത്ത് നിയോഗിക്കുകയും ചെയ്തിരുന്നു. സഭ ഒരു ദൈവികയാഥാര്‍ത്ഥ്യം എന്ന സത്യം ആദിമുതല്‍ അംഗങ്ങള്‍ അംഗീകരിച്ചിരുന്നതിനാല്‍ ഇപ്രകാരം തങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ ദൈവികമായി വേര്‍തിരിക്കപ്പെടുന്നു എന്നും. ദൈവികവരങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നു എന്നും അവര്‍ വിശ്വസിക്കുന്നു. സഭയുടെ പട്ടം നല്കല്‍ ശുശ്രൂഷയുടെ പ്രാര്‍ത്ഥനകളിലും ഈ ദര്‍ശനം കാണാവുന്നതാണ്. കൈവയ്പ്പു പ്രാര്‍ത്ഥന ഇപ്രകാരമാണ് : "എന്‍റെ കര്‍ത്താവേ, ദൈവികശുശ്രൂഷയുടെ കൈവയ്പ്പുവഴി ഞങ്ങള്‍ക്കേല്പിക്കപ്പെട്ടിരിക്കുന്ന ശ്ലൈഹികപാരമ്പര്യമനുസരിച്ച്, നിന്‍റെ ഈ ദാസന്‍ നിന്‍റെ വിശുദ്ധ സഭയില്‍ തിരഞ്ഞെടുക്കപ്പെട്ട പുരോഹിതനായിത്തീരുന്നതിന് ഇതാ ഇയാളെ നിന്‍റെ മുമ്പാകെ ഞങ്ങള്‍ സമര്‍പ്പിക്കുന്നു". മെത്രാന്‍ തുടരുന്നു: "ഞങ്ങളെല്ലാവരും ഇയാള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. പരിശുദ്ധാത്മാവിന്‍റെ കൃപാവരം ഇയാളില്‍ ഇറങ്ങിവന്ന്, നിന്‍റെ ഏകജാതന്‍റെ അനുഗ്രഹത്താലും കരുണയാലും ഇയാള്‍ക്കു സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന പൗരോഹിത്യശുശ്രൂഷയുടെ നിര്‍വ്വഹണത്തിന് ഇയാളെ പരിപൂര്‍ണ്ണനാക്കട്ടെ".
രണ്ടാമത്തെ സ്യാമീദാ പ്രാര്‍ത്ഥനയില്‍ ഇപ്രകാരം കാണുന്നു: "പരിശുദ്ധാത്മാവിന്‍റെ ആവാസംവഴി വിശുദ്ധമായ തിരഞ്ഞെടുപ്പില്‍ ഇയാളെ നീ സ്വീകരിക്കേണമെ". പൗരോഹിത്യധര്‍മ്മങ്ങള്‍ ഒന്നൊന്നായി എടുത്തുപറഞ്ഞശേഷം പ്രാര്‍ത്ഥന തുടരുന്നു: "ഇയാളെ പൗരോഹിത്യത്തിലേക്ക് തിരഞ്ഞെടുക്കേണമെ". മത്തിയാസിനെ തിരഞ്ഞെടുക്കുന്നവേളയില്‍ വി. പത്രോസ് പ്രാര്‍ത്ഥിക്കുന്നതും ഇപ്രകാരം തന്നെ എന്നു നാം മുകളില്‍ കണ്ടു. ഡീക്കന്മാരെ ജനം തിരഞ്ഞെടുത്ത് അപ്പസ്തോലന്മാരുടെ മുമ്പില്‍ നിറുത്തി. അപ്പസ്തോലന്മാര്‍ അവരുടെമേല്‍ കൈകള്‍വച്ച് ശുശ്രൂഷയ്ക്കായി നിയോഗിച്ചു.
പൗരോഹിത്യശുശ്രൂഷയില്‍ സഭയുടെ മാനുഷികദൈവികമാനങ്ങള്‍ ഒന്നുചേരുന്നു. ഒരു സാമൂഹികയാഥാര്‍ത്ഥ്യമെന്ന നിലയിലും പൗരോഹിത്യശുശ്രൂഷ അനിവാര്യമെന്നും എന്നാല്‍ അത് സഭയുടെ ദൈവികഭാവങ്ങളെ സ്പര്‍ശിക്കുന്നതാണെന്നും ദൈവികമായി പുരോഹിതന്മാരെ നിയോഗിക്കുകയാണ് എന്നും നാം കാണുന്നു.
ശുശ്രൂഷാപൗരോഹിത്യം മിശിഹായുടെ പ്രവൃത്തികള്‍ ഈ ലോകത്തില്‍ സ്പര്‍ശ്യതരമാക്കുന്നു. മിശിഹാ സഭയില്‍ നിന്നു വേര്‍പെട്ടവനല്ല, പ്രത്യുത സഭയില്‍ നിത്യം സന്നിഹിതനും പ്രവര്‍ത്തിക്കുന്നവനുമാണെന്നുള്ള സത്യത്തിന് സാക്ഷികളാണ് പുരോഹിതന്മാര്‍. മിശിഹായുടെ ജനനത്തെ "സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്‍റെ സദ്വാര്‍ത്ത" എന്നാണ് (ലൂക്കാ 2:10) വിശേഷിപ്പിച്ചിരിക്കുന്നത്. പൗരോഹിത്യമാകട്ടെ ദൈവജനത്തിനായുള്ള അവിടുത്തെ ദാനമാണ്. പൗരോഹിത്യത്തിലൂടെ മനുഷ്യാവതാരരഹസ്യത്തെ ഇന്നിന്‍റെ സാഹചര്യത്തില്‍ അനുഭവവേദ്യമാക്കിയവതരിപ്പിക്കുകയാണ്. "അപ്പസ്തോലന്മാര്‍ വരെ എത്തുന്ന മെത്രാന്മാരുടെ പിന്തുടര്‍ച്ചാക്രമത്തില്‍നിന്നും സമൂഹത്തിനു ലഭിക്കുന്ന സമ്മാനമാണ് പുരോഹിതര്" എന്നാണ് എക്ളേസിയ ദെ യുക്കരിസ്തിയ എന്ന ചാക്രികലേഖനത്തില്‍ (29) ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ പ്രസ്താവിക്കുക. തിരുസ്സഭയെ സംബന്ധിക്കുന്ന രണ്ടാംവത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖ (10) ശുശ്രൂഷാപുരോഹിതന്‍ മിശിഹായുടെ വ്യക്തിസത്തയില്‍ നിലനില്ക്കുന്നു എന്ന് പഠിപ്പിക്കുന്നു.
മിശിഹായുടെ "വ്യക്തിസത്തയില്" എന്ന പ്രയോഗം "മിശിഹായുടെ നാമത്തില്" അര്‍പ്പിക്കുന്നു, "മിശിഹായ്ക്കുപകരം" അര്‍പ്പിക്കുന്നു എന്നീ പ്രയോഗങ്ങളെക്കാള്‍ അര്‍ത്ഥമേറിയതാണ്. "മിശിഹായില്‍" എന്നാല്‍ വിശുദ്ധ കുര്‍ബാനയുടെ പ്രധാന കര്‍ത്താവും കാരണവുമായ മഹാപുരോഹിതനായ മിശിഹായുമായുള്ള കൗദാശിക ഒന്നാകലാണ്. ഈ ബലിയില്‍ മറ്റാര്‍ക്കും ഈശോയുടെ യഥാര്‍ത്ഥ സ്ഥാനം ഏറ്റെടുക്കാനാവുകയില്ല.1
എല്ലാ കൂദാശകളും മിശിഹായുടെ പെസഹാരഹസ്യങ്ങളിലുള്ള ഭാഗഭാഗിത്വമാണ്. പൗരോഹിത്യം അവിടുത്തെ പൗരോഹിത്യശുശ്രൂഷയിലുള്ള പങ്കാളിത്തമാണ്. അവിടുന്ന് ബലിവസ്തുവും ബലിയര്‍പ്പകനുമായതുപോലെ പുരോഹിതനും ആയിത്തീരുവാന്‍ വിളിക്കപ്പെടുന്നു. അവിടുന്ന് വിശുദ്ധീകരണം നല്കിയതുപോലെ വിശുദ്ധീകരിക്കുവാനും അവിടുത്തെ ഇടയശുശ്രൂഷയില്‍ പങ്കാളിയായികൊണ്ട് അജഗണത്തിന്‍റെ നല്ലയിടയനാകാനും പൗരോഹിത്യം ഒരുവനെ പ്രാപ്തനാക്കുന്നു.
ശുശ്രൂഷാപൗരോഹിത്യത്തിന്‍റെ അനന്യത മിശിഹായുടെ പൗരോഹിത്യത്തിലുള്ള പ്രത്യേക ഭാഗഭാഗിത്വമാണ്. സഭയില്‍, സഭയ്ക്കുവേണ്ടി യാഥാര്‍ത്ഥ്യവും ജീവനുള്ളതും വിശ്വസ്തവുമായ മിശിഹായുടെ അധികാരത്തില്‍ പൗരോഹിത്യത്തിലൂടെ ഒരുവന്‍ ഭാഗഭാക്കാകുന്നു. മിശിഹായുടെ പൗരോഹിത്യവുമായി ശുശ്രൂഷാപൗരോഹിത്യം അഭേദ്യമാംവിധം ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ അവിടുത്തെ പൗരോഹിത്യം നാം മനസ്സിലാക്കണം.
മിശിഹായുടെ പൗരോഹിത്യം
മിശിഹായെ പുരോഹിതനായി അവതരിപ്പിക്കുന്നത് ഹെബ്രായര്‍ക്കുള്ള ലേഖനമാണ്. മെല്‍ക്കിസെദേക്കിന്‍റെ സാദൃശ്യത്തില്‍ ശാരീരിക ജനനക്രമപ്രകാരമല്ലാതെ അക്ഷയജീവന്‍റെ ശക്തി നിമിത്തം കര്‍ത്താവു പുരോഹിതനാണെന്നു ലേഖനം പ്രസ്താവിക്കുന്നു (ഹെബ്രാ. 7:1-1). കാരണം ഇപ്രകാരം അവിടുന്ന് പുരോഹിതനായിരിക്കുമെന്നു സാക്ഷ്യമുണ്ട്. സങ്കീര്‍ത്തനം 110:4 ആണ് ഇവിടെ സൂചിതമായിരിക്കുന്ന സാക്ഷ്യം. ഇതനുസരിച്ച് മിശിഹായുടെ പൗരോഹിത്യത്തിന്‍റെ പ്രത്യേകത മനസ്സിലാക്കാന്‍ മെല്‍ക്കിസെദേക്കിന്‍റെ പൗരോഹിത്യപ്രത്യേകത വ്യക്തമാക്കണം.
മെല്‍ക്കിസെദേക്ക് അബ്രാഹത്തെ അനുഗ്രഹിക്കുകയും അബ്രാഹത്തില്‍നിന്നും ദശാംശം സ്വീകരിക്കുകയും ചെയ്തു. ഉല്‍പ. 14:17-24 ആണ് ഇവിടെ സൂചിപ്പിച്ചിരിക്കുന്നത്. ഈ സംഭവം വ്യക്തമാക്കുന്നത് മെല്‍ക്കിസെദേക്ക് അബ്രാഹത്തേക്കാള്‍ ശ്രേഷ്ഠനാണെന്നതാണ്. മെലെക് + സാദേക്ക് എന്നീ പദങ്ങളില്‍ നിന്നു രൂപമെടുത്ത മെല്‍ക്കിസെദേക്ക് എന്ന പേരിന്‍റെ അര്‍ത്ഥം നീതിമാനായ രാജാവ് എന്നാണ്. അദ്ദേഹം ശാലേമിന്‍റെ രാജാവു കൂടിയായിരുന്നു. ശാലോം എന്നാല്‍ സമാധാനം എന്നര്‍ത്ഥം. അതായത് സമാധാനത്തിന്‍റെ രാജാവ്. മെല്‍ക്കിസെദേക്കിന്‍റെ വംശാവലി അറിയില്ല. അദ്ദേഹത്തിന്‍റെ അന്ത്യത്തെക്കുറിച്ചും വിവരണങ്ങളില്ല. ആദിയും അന്ത്യവുമില്ലാത്തവനാണ് അദ്ദേഹമെന്നാണിതിന്‍റെ സൂചിതാര്‍ത്ഥം. ഇത്തരത്തില്‍ അദ്ദേഹം ദൈവപുത്രന്‍റെ സാദൃശ്യമായി നിലകൊള്ളുന്നു.
മെല്‍ക്കിസെദേക്ക് അനുഗ്രഹിച്ച അബ്രാഹത്തിന്‍റെ മൂന്നാം തലമുറയില്‍ (അബ്രാഹം - ഇസഹാക്ക് - യാക്കോബ് - ലേവി) പെട്ടവനാണ് ലേവി. അതിന്‍റെ പിന്തുടര്‍ച്ചക്കാരാണു ലേവി പുരോഹിതര്‍. ഇവിടെ അനുഗ്രഹത്തെപോലും (അബ്രാഹം) അനുഗ്രഹിച്ച മെല്‍ക്കിസെദേക്ക് ലേവീ പുരോഹിതനെക്കാള്‍ ശ്രേഷ്ഠനായി നിലകൊള്ളുന്നു. ലേവീ പൗരോഹിത്യത്തെക്കാള്‍ ശ്രേഷ്ഠമായ മെല്‍ക്കിസെദേക്കിന്‍റെ പൗരോഹിത്യത്തിന്‍റെ സാദൃശ്യത്തിലുള്ളതാണ് മിശിഹായുടെ പൗരോഹിത്യം. ലേവായ പൗരോഹിത്യം ദൈവഹിതാനുസാരമുള്ളതായിരുന്നു. എങ്കിലും അവരുടെ ബലികള്‍ പാപവിമോചകങ്ങളായിരുന്നില്ല. മിശിഹാ ലേവീ വംശജനായിരുന്നില്ല, യൂദയാഗോത്രത്തില്‍പ്പെട്ടവനായിരുന്നു.
ലേവീ പുരോഹിതര്‍ തങ്ങളുടെതല്ലാത്ത രക്തം പാപപരിഹാരബലിയായി അര്‍പ്പിച്ചു എങ്കില്‍ പാപപരിഹാരാര്‍ത്ഥം ഈശോ പിതാവിനു സ്വയം സമര്‍പ്പിച്ചു. പഴയനിയമ പുരോഹിതര്‍ മരണവിധേയരായിരുന്നു. അവര്‍ പിന്‍തലമുറക്കാരിലേക്കു പൗരോഹിത്യം കൈമാറേണ്ടതുണ്ടായിരുന്നു. എന്നാല്‍ മിശിഹാ നിത്യനാണെന്നതിനാല്‍ നിത്യപുരോഹിതനാണ്. അവിടുത്തെ പൗരോഹിത്യം കൈമാറേണ്ട ആവശ്യവുമില്ല. അവിടുന്ന് മധ്യസ്ഥനായി നിത്യമായി പിതാവിന്‍പക്കല്‍ നിലകൊള്ളുന്നു. മനുഷ്യര്‍ക്ക് ഈ പൗരോഹിത്യശുശ്രൂഷയില്‍ പങ്കുചേരുവാന്‍ മാത്രമെ സാധിക്കു. അത് കൈമാറ്റപ്പെട്ടു ലഭിക്കുകയില്ല (ഹെബ്രാ 7:24-25).
"സ്വര്‍ഗ്ഗത്തിലേക്ക് കടന്നുപോയ ശ്രേഷ്ഠനായ ഒരു പ്രധാന പുരോഹിതന്" എന്നാണു ദൈവപുത്രനായ ഈശോയെ ഹെബ്രായര്‍ക്കുള്ള ലേഖനം (4:14) വിശേഷിപ്പിക്കുക. അവിടുന്ന് നമ്മുടെ ബലഹീനതകളില്‍ നമ്മോടൊത്തു സഹതപിക്കാന്‍ കഴിയുന്ന പുരോഹിതനാണെന്നും പറയുന്നു (4:15). ഇതേ ലേഖനത്തില്‍ 9, 10 അധ്യായങ്ങള്‍ മിശിഹായുടെ ബലിയെക്കുറിച്ചും പറയുന്നു. ഇതു വിശുദ്ധ കുര്‍ബാനയെക്കുറിച്ചുള്ള പ്രതിപാദനത്തില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. അവിടുന്ന് നിത്യപുരോഹിതനായിരിക്കുന്നതുപോലെ അവിടുത്തെ ബലിയും നിത്യമായ ബലിയാണ്. നമുക്കു പാപമോചനം നല്കുന്നതും നമ്മെ പരിപൂര്‍ണ്ണരാക്കുന്നതുമായ ബലിയാണവിടുത്തേത്. മനുഷ്യരാശിക്കു മുഴുവനായി അര്‍പ്പിച്ച മിശിഹായുടെ ബലിരക്ഷ പ്രദാനം ചെയ്യുന്നു.
പഴയനിയമ പുരോഹിതര്‍ സ്ഥാനം ഏറ്റെടുത്തത് ശപഥം കൂടാതെയാണെങ്കില്‍, "നീ എന്നേക്കും പുരോഹിതനാണ്" എന്നു തന്നോടു പറഞ്ഞവന്‍റെ ശപഥത്തോടുകൂടിയാണ് ഈശോ പുരോഹിതനായത് (ഹെബ്രാ 7:20-21). ഇത് അവിടുത്തെ പൗരോഹിത്യത്തെ ശ്രേഷ്ഠമാക്കുന്നു.
ലേവീ പുരോഹിതര്‍ക്ക് ആദ്യമേ സ്വന്തം പാപങ്ങള്‍ക്കുവേണ്ടിയും അനന്തരം ജനങ്ങളുടെ പാപങ്ങള്‍ക്കുവേണ്ടിയും ബലിയര്‍പ്പിക്കേണ്ടിവന്നു. എന്നാല്‍ മിശിഹായാകുന്ന നിത്യപുരോഹിതന്‍ തനിക്കുവേണ്ടി ബലിയര്‍പ്പിക്കേണ്ടിയിരുന്നില്ല. പുരോഹിതന്‍ മധ്യസ്ഥനാണ്. ഈശോയും മധ്യസ്ഥനാണെന്നും ലേഖനകര്‍ത്താവ് വിശദമാക്കുന്നു (ഹെബ്രാ. 8:6).
പുരോഹിതധര്‍മ്മങ്ങളാണ് മധ്യസ്ഥത വഹിക്കുക, ബലിയര്‍പ്പിക്കുക, വിശുദ്ധീകരിക്കുക, പ്രബോധിപ്പിക്കുക തുടങ്ങിയവ. മിശിഹായില്‍ ഇവയെല്ലാം നാം കാണുന്നു. അവിടുന്ന് പറയുന്നു: "ഞാന്‍ നല്ലയിടയനാകുന്നു. നല്ലയിടയന്‍ ആടുകള്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നു" (യോഹ. 10:11). "ഞാന്‍ നിങ്ങളോടു പറഞ്ഞ വചനം നിമിത്തം നിങ്ങള്‍ ശുദ്ധിയുള്ളവരായിരിക്കുന്നു" (യോഹ 15:3). "സത്യത്താല്‍ ഇവരെ വിശുദ്ധീകരിക്കണമേ... അവരും സത്യത്തില്‍ വിശുദ്ധീകരിക്കപ്പെടേണ്ടതിന് അവര്‍ക്കുവേണ്ടി ഞാന്‍ എന്നെതന്നെ വിശുദ്ധീകരിക്കുന്നു" (യോഹ 17:17-19). ഈ വാക്കുകള്‍ വിശുദ്ധീകരിക്കുന്ന ഈശോയെ അവതരിപ്പിക്കുന്നു. വചനപ്രഘോഷകനായ ഈശോയുടെ ചിത്രമാണല്ലോ സുവിശേഷങ്ങളില്‍ മുഖ്യമായും നിറഞ്ഞു നില്ക്കുന്നത്.
പൗരോഹിത്യവും സഭയും
പൗരോഹിത്യത്തിന്‍റെ കൗദാശികത വ്യക്തമാക്കുന്നതും അതിനെ ന്യായീകരിക്കുന്നതും സഭയോടു ബന്ധപ്പെടുത്തിയാണ്. സഭ മിശിഹായുടെ യഥാര്‍ത്ഥ പ്രതീകവും അടിസ്ഥാന കൂദാശയുമാണ്. ഉറവിടകൂദാശയെന്ന് വിശേഷിപ്പിക്കപ്പെടുന്ന മിശിഹായുടെ സജീവസാന്നിധ്യവും അവിടുത്തെ ദൗത്യപൂര്‍ത്തീകരണവും സഭയില്‍ നടക്കുന്നു. സഭ മിശിഹായുടെ ദൗത്യപൂര്‍ത്തീകരണമെന്ന തന്‍റെ അടിസ്ഥാന അസ്തിത്വത്തില്‍നിന്നു ഉരുത്തിരിയുന്ന പ്രവൃത്തികള്‍ നിര്‍വ്വഹിക്കുമ്പോള്‍ അവ കൂദാശകളാണ്. കൂദാശകളില്‍ സഭയുടെ സ്വഭാവം പൂര്‍ത്തിയാക്കപ്പെടുന്നു; മിശിഹായുടെ രക്ഷാകര ദൗത്യം തുടരുന്നു. പൗരോഹിത്യം ഇത്തരത്തില്‍ സഭയിലെ ഒരു കൂദാശയാണ്.
പൗരോഹിത്യവിളിയെക്കുറിച്ച് പ്രതിപാദിക്കുമ്പോള്‍ പാസ് തോറെസ് ദാബോ വോബിസ് ഇപ്രകാരം പറയുന്നു : "ഓരോ ക്രൈസ്തവവിളിയും ദൈവത്തില്‍ നിന്നുവരുന്നു. അതു ദൈവദാനമാണുതാനും. എന്നിരുന്നാലും, അതു സഭയ്ക്ക് പുറമെയോ, സഭയെ കൂടാതെയോ ഒരിക്കലും നല്കപ്പെടുന്നില്ല. പ്രത്യുത അത് എപ്പോഴും സഭയിലും സഭയിലൂടെയും സംഭവിക്കുന്നു" (35). സഭ ഓരോ ക്രിസ്ത്യാനിയുടെയും വിളി പ്രതിബിംബി ക്കുന്നതും ജീവിക്കുന്നതുമായ "കൂദാശ"യും അഥവാ "അടയാളവു" "ഉപകരണവും" ആണ്.
ക്രൈസ്തവവിളി "സഭയില്‍നിന്നും അവരുടെ മധ്യസ്ഥതയില്‍നിന്നും ഉണ്ടാകുക മാത്രമല്ല - "സഭയില്‍" അറിയപ്പെടുകയും അതിന്‍റെ പൂര്‍ണ്ണത കണ്ടെത്തുകയും മാത്രമല്ല - ചെയ്യുന്നത്. പിന്നെയോ ദൈവത്തിനു വേണ്ടിയുള്ള അടിസ്ഥാനപരമായ സേവനത്തില്‍ "സഭയ്ക്കുവേണ്ടിയുള്ള" ഒരു സേവനമായി നിര്‍ബന്ധപൂര്‍വ്വം കാണപ്പെടുകയും ചെയ്യുന്നു. ക്രൈസ്തവവിളി - അത് - ഏതു രൂപം സ്വീകരിച്ചാലും ഒരു സമ്മാനമാണ്. അതിന്‍റെ ലക്ഷ്യമാകട്ടെ, സഭയെ പടുത്തുയര്‍ത്തുകയും ലോകത്തില്‍ ദൈവരാജ്യത്തെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ്" പ്രസ്തുത രേഖ തുടരുന്നു,
"വൈദികവിളി, സഭയില്‍ സ്വീകരിച്ച തിരുപ്പട്ടമെന്ന കൂദാശവഴി, ദൈവജനസേവനത്തിനുവേണ്ടിയുള്ള ഒരു വിളിയാണ്. അത് പ്രത്യേകമായ വിധത്തില്‍ ഈശോമിശിഹായെ സ്വന്തമാക്കുകയും അവിടുത്തോട് അനുരൂപപ്പെടുകയും ചെയ്യുവാനുള്ള വിളിയാണ്. സഭയുടെ തലവനും ഇടയനുമായവന്‍റെ "നാമത്തിലും" - അവനു "പകരമായും" പ്രവര്‍ത്തിക്കാനുള്ള അധികാരത്തോടുകൂടിയതുമാണ് .... ഓരോ വൈദികന്‍റെയും വിളി സഭയിലും സഭയ്ക്കുവേണ്ടിയും നിലകൊള്ളുന്നു. സഭയിലൂടെ ഈ വിളി സാക്ഷാത്കരിക്കപ്പെടുന്നു. അതുകൊണ്ട് ഓരോ വൈദികനും കര്‍ത്താവില്‍നിന്ന് സഭയിലൂടെ സൗജന്യപരമായ ദാനമായി തന്‍റെ വിളി സ്വീകരിക്കുന്നുവെന്നു നമുക്കു പറയാം." വിശുദ്ധ കുര്‍ബാനയിലെ സ്യാമീദാ പ്രാര്‍ത്ഥനയില്‍ ഇതേ സന്ദേശം എടുത്തു പറയുന്നുണ്ട്. പരിശുദ്ധാത്മാവിന്‍റെ കൃപാവരത്താല്‍ യഥാര്‍ത്ഥപൗരോഹിത്യത്തിന്‍റെ പദവികള്‍ കൈവയ്പുവഴി നല്കപ്പെടുന്നു. വിശ്വാസികള്‍ക്ക് ആത്മീയശുശ്രൂഷ ചെയ്യുന്നതിനു പരിശുദ്ധമായ സഭാശരീരത്തിലെ സവിശേഷാംഗങ്ങളാകുവാന്‍ ഞങ്ങളെ യോഗ്യരാക്കി".
സഭയില്‍, സഭാശുശ്രൂഷക്കായി തിരഞ്ഞെടുക്കപ്പെട്ടവരെ നിയോഗിക്കുന്ന കൈവയ്പുപ്രാര്‍ത്ഥന എന്തുകൊണ്ടാണ് സഭയുടെ അടിസ്ഥാന പ്രവര്‍ത്തനമായിത്തീരുന്നത് ? മുമ്പ് സൂചിപ്പിച്ചതുപോലെ ഇപ്രകാരമുള്ള അടിസ്ഥാന പ്രവര്‍ത്തനങ്ങളാണ് കൂദാശകള്‍ എന്നറിയപ്പെടുക. ഇതു വെറുമൊരു ശുശ്രൂഷക്കായി ഒരുവനെ നിയോഗിക്കുന്ന കര്‍മ്മം മാത്രമല്ല, പിന്നെയോ ആ വ്യക്തി കൃപയില്‍ നിറയപ്പെടുന്ന കര്‍മ്മവുമാണ്.
സഭയിലുള്ള അടിസ്ഥാനശുശ്രൂഷകളെല്ലാം സഭയുടെ അവിഭാജ്യഘടകങ്ങളാണ്. സഭ നിലനില്ക്കുന്നത് മിശിഹാ സഭയെ ഭരമേല്പിച്ചവ തുടര്‍ന്നു കൊണ്ടുപോകുന്നതിനാണ്. മിശിഹായുടെ സന്ദേശങ്ങള്‍ക്കു സാക്ഷ്യം വഹിക്കുക, വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുക, തുടങ്ങി അവളെ ഏല്പിച്ചിരിക്കുന്ന ശുശ്രൂഷകള്‍ തുടരുന്നതിനാവശ്യമായ കൃപാവരങ്ങള്‍ പൗരോഹിത്യത്തില്‍ നല്കപ്പെടുന്നു. ആകയാല്‍ പൗരോഹിത്യം സഭയിലുള്ള അടിസ്ഥാനകര്‍മ്മമാണെന്നു പറയുവാന്‍ കഴിയും. സഭയുടെ ശുശ്രൂഷാമനോഭാവത്തിനു ചരിത്രപരതയും സമയത്തിനുവിധേയവും സ്പര്‍ശ്യവുമായ തലവും പൗരോഹിത്യത്തിലൂടെ ലഭിക്കുന്നു.2
പൗരോഹിത്യസ്ഥാപനം
ഇത്രയും വിശദമാക്കിയതില്‍നിന്നും പൗരോഹിത്യമെന്ന കൂദാശ സ്ഥാപിച്ചത് എപ്പോള്‍ എന്ന ചോദ്യത്തിന് ഇനിയും പ്രസക്തിയില്ലെന്ന് വ്യക്തമാണ്. എങ്കിലും പരമ്പരാഗതമായ ഒരു ചോദ്യത്തെ അവഗണിക്കുക ഉചിതമായിരിക്കുകയില്ല. സഭയുടെ ആരംഭത്തില്‍ മിശിഹാ തന്‍റെ ദൗത്യം സഭയെ ഭരമേല്പിച്ചതോടെ ശുശ്രൂഷാ പൗരോഹിത്യവും രൂപമെടുത്തു എന്നു പറയാനാവും. വിശുദ്ധ കുര്‍ബാനയും അനുരഞ്ജനശുശ്രൂഷയും വചനശുശ്രൂഷയും രക്ഷാകരപ്രവൃത്തികളുടെ തുടര്‍ന്നുള്ള മറ്റു ശുശ്രൂഷകളും സഭയെ മിശിഹാ ഭരമേല്പിച്ചു. ഇതില്‍ വിശുദ്ധഗ്രന്ഥ പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ പൗരോഹിത്യസ്ഥാപനത്തെക്കുറിച്ചുള്ള ഏറ്റവും വ്യക്തമായ ബൈബിള്‍ വിശദീകരണം വിശുദ്ധ കുര്‍ബാനയുടെ ആരംഭവും അത് ശിഷ്യസമൂഹത്തെ ഭരമേല്പിക്കുന്നതുമായ ഭാഗമാണ്. അതിനാല്‍ പൗരോഹിത്യസ്ഥാപനത്തിന്‍റെ അവസരമായി ഈ വലിയ രക്ഷാകരസംഭവം തന്നെ കണക്കാക്കപ്പെടുന്നു.
സഭയില്‍ മിശിഹാ ഭരമേല്പിച്ച ശുശ്രൂഷകളുടെ നിര്‍വ്വഹണം ഫലപ്രദമായി പൂര്‍ത്തിയാക്കുവാന്‍ അവിടുന്നു ശിഷ്യരുടെ തിരഞ്ഞെടുപ്പിലൂടെ മാര്‍ഗ്ഗവും കാട്ടി. അവിടെനിന്നും ശുശ്രൂഷാപൗരോഹിത്യം രൂപമെടുത്തു. മിശിഹായാണ് ഇതിന്‍റെ ഉറവിടം. സഭയിലാണ് ഇതു വളര്‍ച്ച പ്രാപിച്ചത്.
ഈ ശുശ്രൂഷ വെറുമൊരു സാമൂഹികപ്രവൃത്തിയല്ല. പൗരോഹിത്യം വെറും ഒരു പ്രായോഗിക പദ്ധതിയുമല്ല. അവിടുന്ന് ശുശ്രൂഷ സഭയെ ഭരമേല്പിക്കുകയും അതിനായി തിരഞ്ഞെടുക്കപ്പെട്ടവരെ നിയോഗിക്കുകയും ചെയ്തപ്പോള്‍ അവരെ തന്നോട് അനുരൂപപ്പെടുത്തുകയും ചെയ്തു. തന്നില്‍ അവര്‍ക്കവകാശം, പങ്കാളിത്തം നല്കി എന്നുമുമ്പ് വിശദമാക്കിയിരുന്നല്ലോ. ആകയാല്‍ ഈ ശുശ്രൂഷകരായ ശിഷ്യരോട് തന്നെതന്നെ അവിടുന്ന് താദാത്മ്യപ്പെടുത്തി. ശിഷ്യരെ സ്വീകരിക്കുന്നവര്‍ തന്നെയാണ് സ്വീകരിക്കുന്നതെന്നും തന്നെ സ്വീകരിക്കുന്നവര്‍ പിതാവിനെ സ്വീകരിക്കുന്നു എന്നും അവിടുന്ന് വ്യക്തമാക്കി. മാത്രമല്ല താനും പിതാവും ഒന്നായിരിക്കുന്നതുപോലെ തന്നില്‍ വിശ്വസിക്കുന്ന, പിതാവ് തന്നെ ഭരമേല്പിച്ച, ശിഷ്യരും തന്നോടും പിതാവിനോടും ഒന്നായിരിക്കണമെന്നതിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഇവയെല്ലാം വ്യക്തമാക്കുന്നത് പൗരോഹിത്യത്തിലൂടെ മിശിഹായുടെ ദൗത്യത്തിലും ശക്തിയിലും പങ്കാളികളായിക്കൊണ്ട് തിരഞ്ഞെടുക്കപ്പെടുന്നവര്‍ അവിടുത്തെ സജീവവും യഥാര്‍ത്ഥവുമായ കൂദാശയായി തീരുന്നു എന്നതാണ്. ആകയാല്‍ അവര്‍ പാപം മോചിക്കുമ്പോള്‍ അവ മോചിക്കപ്പെടുന്നു. അവര്‍ ബലിയര്‍പ്പിക്കുമ്പോള്‍ അത് അവിടുത്തെ ബലിയായിത്തീരുന്നു. നിയോഗിക്കുക മാത്രമല്ല, നിയുക്തശുശ്രൂഷക്കായുള്ള കൃപാവരവും അവിടുന്ന് പ്രദാനം ചെയ്യുന്നു.
പൗരോഹിത്യപദവികള്‍
"ദൈവജനത്തെ മേയ്ക്കാനും, അതിന്‍റെ അംഗങ്ങളെ അവിരാമം വര്‍ധിപ്പിക്കാനും കര്‍ത്താവായ മിശിഹാ തന്‍റെ സഭയില്‍ വിവിധതരത്തിലുള്ള ശുശ്രൂഷകള്‍ സ്ഥാപിച്ചു. അവ ശരീരം മുഴുവന്‍റെയും നന്മ ലക്ഷ്യമാക്കുന്നു. വിശുദ്ധമായ അധികാരം നല്കപ്പെട്ടിട്ടുള്ള ശുശ്രൂഷകര്‍, യഥാര്‍ത്ഥത്തില്‍, ദൈവജനത്തില്‍ ഉള്‍പ്പെടുന്ന എല്ലാവരും രക്ഷ പ്രാപിക്കുന്നതിനുവേണ്ടി, തങ്ങളുടെ സഹോദരങ്ങള്‍ക്കു ശുശ്രൂഷ നല്കാന്‍ സമര്‍പ്പിക്കപ്പെട്ടവരാണ്" (തിരുസഭ 18).
സഭയില്‍ പുരോഹിതര്‍ എന്ന ശുശ്രൂഷകര്‍ സഭാഗാത്രനിര്‍മ്മിതിക്കായ് സമര്‍പ്പിതരാണ്. ഈ ശുശ്രൂഷ നാം കണ്ടതുപോലെ തിരുപ്പട്ട കൂദാശയിലൂടെ നല്കപ്പെടുന്നു. അതിനു മൂന്നു പദവികള്‍ ഉണ്ട്. മെത്രാന്‍പട്ടം, പുരോഹിതപട്ടം, മ്ശംശാനാപ്പട്ടം (CCC 1536). ശ്ലീഹന്മാരുടെ സ്ഥാനത്തുള്ള മെത്രാന്‍റെ ശ്ലൈഹികശുശ്രൂഷ (അപ്പ. പ്രവ. 20:28; 1 തിമോ. 3:1; തീത്തോസ് 1:7, ഫിലി. 1:1) മൂപ്പന്മാരുടെ സ്ഥാനത്തുള്ള വൈദിക ശുശ്രൂഷ മ്ശംശാനമാരുടെ സ്ഥാനത്തുള്ള ഉപവിയുടെ ശുശ്രൂഷ (അപ്പ. പ്രവ. 6:1-6; ഫിലി. 1:1; 1 തിമോ. 3:8) എന്നീ മൂന്നു പട്ടങ്ങളാണ് ഉള്ളത്. മിശിഹായുടെ ശുശ്രൂഷാപൗരോഹത്യത്തിന്‍റെ ഭാഗമായി മെത്രാന്‍പട്ടവും പൗരോഹിത്യപട്ടവും കരുതപ്പെടുന്നു. മ്ശംശാനമാര്‍ പൗരോഹിത്യശുശ്രൂഷയെ സഹായിക്കുന്നു.
ഗ്രീക്കു ഭാഷയിലെ ഡയക്കോണിയ (ശുശ്രൂഷ, സേവനം) എന്ന വാക്കില്‍നിന്നും ഡീക്കന്‍ എന്ന പദം രൂപപ്പെട്ടു. ഇതാണ് പാശ്ചത്യസഭയില്‍ ഉപയോഗിക്കുന്നത്. അപ്പ. പ്രവ. 6:3-4 അനുസരിച്ച് ആദരണീയരും, ദൈവാത്മാവും വിജ്ഞാനും കൊണ്ടു നിറഞ്ഞവരുമായ ഏഴുപേരെയാണ് ശ്ലീഹന്മാര്‍ കൈവയ്പുവഴി ശുശ്രൂഷക്കായി നിയോഗിച്ചത്. മ്ശംശാനാമാര്‍ക്കുണ്ടായിരിക്കേണ്ട ഗുണങ്ങളെ പൗലോസ് ശ്ലീഹാ വിവരിക്കുന്നുണ്ട് (1 തിമോ 3:8-10). ഈ ശുശ്രൂഷ പൗരോഹിത്യപദവിയിലേക്കുള്ള ഒരു മുന്‍പടിയായിട്ടല്ല സഭാശുശ്രൂഷയുടെ സ്ഥിരമായ ഒരു സ്ഥാനമായിട്ടാണ് സഭ കാണുന്നത്. പൗരസ്ത്യസഭകളില്‍ ലിറ്റര്‍ജിയുടെ ആഘോഷത്തിന് മ്ശംശാനാമാര്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം എന്നതായിരുന്നു നിര്‍ദ്ദേശം.
ചെറുപട്ടങ്ങള്‍
"മെത്രാന്മാര്‍, വൈദികര്‍, മ്ശംശാനാമാര്‍ എന്നിവരെ കൂടാതെ ചെറുപട്ടങ്ങളിലുള്ളവരും ശെമ്മശന്മാര്‍ (Minor elerics) എന്ന് സാധാരണ വിളിക്കപ്പെടുന്നവരുമായ മറ്റു ശുശ്രൂഷികളെയും ദൈവജനശുശ്രൂഷയ്ക്കോ ആരാധനശുശ്രൂഷയ്ക്കോ ആയി നിശ്ചയിക്കാവുന്നതാണ്" (CCEO 327). സീറോ മലബാര്‍ സഭയില്‍ "കാറോയൂസ" ഹെവ്പ്പ്ദ്യ്ക്ക്നൂസ" എന്നീ രണ്ടു ചെറുപട്ടങ്ങള്‍ ഉണ്ട്.
കാറോയപ്പട്ടം: വായനക്കാരന്‍ എന്നാണ് "കാറോയ" എന്ന സുറിയാനി പദത്തിനര്‍ത്ഥം. ലിറ്റര്‍ജിയുടെ ആഘോഷങ്ങളില്‍ നിയഗ്രന്ഥങ്ങള്‍ വായിക്കുവാന്‍ നിയുക്തരാണിവര്‍ എന്നു സൂചിപ്പിക്കുവാന്‍ ഈ ഗ്രന്ഥങ്ങള്‍ ഇവര്‍ക്ക് നല്കുന്നു. കൊത്തീന, സൂറാന ഇവയാണ് ഔദ്യോഗികവസ്ത്രം. ഊറാറ കൈകളില്‍ നല്കുന്നു. മിശിഹായില്‍ നവീകരിക്കപ്പെട്ട പുതിയ മനുഷ്യനെ കൊത്തീനയും വിശുദ്ധിയെ സുനാറയും സൂചിപ്പിക്കുന്നു.
ഹെവ്പ്പദ്യാക്കോന പട്ടം: സബ് ഡയക്കനേറ്റ് എന്ന് ഈ പട്ടത്തിന് ലത്തീന്‍ സഭയില്‍ പറയാറുണ്ട്. ദൈവാലയതിരുകര്‍മ്മങ്ങളില്‍ സഹായിക്കേണ്ട ഇവരെ ശുശ്രൂഷയുടെ അടയാളമായ ഊറാറ കഴുത്തില്‍ അണിയിക്കുകയും ബലിയര്‍പ്പണത്തിനാവശ്യമായ വസ്തുക്കള്‍ ഒരു താലത്തില്‍ ഇവര്‍ക്ക് നല്കുകയും ചെയ്യുന്നു. സങ്കീര്‍ത്തനപുസ്തകം നല്കികൊണ്ട് പ്രാര്‍ത്ഥനയിലെ ഭാഗഭാഗിത്വത്തെ ഓര്‍മ്മപ്പെടുത്തുന്നു. ദൈവാലയത്തില്‍ ശുശ്രൂഷിക്കുക, പ്രവചനങ്ങള്‍ വായിക്കുക, ദൈവാലയവാതില്‍ അടയ്ക്കുക ഇവ ഹെവ്പ്പദ്യാക്ക്നപ്പട്ടക്കാരുടെ ചുമതലയാണ്.
ഏഴു പട്ടങ്ങള്‍: പാരോഹിത്യപട്ടത്തെ ഏഴാം പട്ടം എന്നു വിശേഷിപ്പിച്ചിരുന്നു. ലത്തീന്‍ പാരമ്പര്യത്തില്‍നിന്നുള്ള പ്രയോഗമാണിത്. ലത്തീന്‍ സഭയില്‍ ദ്വാരപാലകന്‍ (Porter), വായനക്കാരന്‍ (Lector) ഭൂതോച്ചാടകന്‍ (Exorcist), അള്‍ത്താരശുശ്രൂഷി (acolyle) എന്നീ ചെറുപട്ടങ്ങളും സബ്ഡീക്കന്‍ (Sub decon) ഡീക്കന്‍ (decon) പുരോഹിതന്‍ (priest) എന്നീ വലിയ പട്ടങ്ങളും ഉണ്ടായിരുന്നു. ഇന്ന് വായനക്കാരന്‍, അള്‍ത്താര ശുശ്രൂഷി എന്നീ രണ്ടു ചെറുപട്ടക്കാര്‍ മാത്രമെ ഉള്ളൂ.
പുരോഹിതന്‍റെ ശുശ്രൂഷയിലെ വിവിധ ഭാവങ്ങള്‍
പൗരോഹിത്യം ഒരു കൂദാശയെന്ന നിലയില്‍ ഒരു പ്രതീകവും രഹസ്യവുമാണ്. പ്രതീകങ്ങള്‍ വിവിധോന്മുഖമാണ്. അവ ഒരു യാഥാര്‍ത്ഥ്യത്തിന്‍റെ വ്യത്യസ്ത തലങ്ങള്‍ വെളിപ്പെടുത്തുവാന്‍ സാധിക്കുന്നവയാണ്. രഹസ്യമെന്ന നിലയില്‍ പൗരോഹിത്യശുശ്രൂഷ ഒരു പ്രത്യേക ദര്‍ശനഭാവത്തില്‍ പൂര്‍ണ്ണമായി വ്യക്തമാക്കപ്പെടുന്നില്ല. ആഴമേറിയ കൗദാശിക രഹസ്യങ്ങള്‍ വിവിധ ഭാവങ്ങളില്‍ അനാവരണം ചെയ്യപ്പെടുന്നു. ആകയാല്‍ പുരോഹിതനെ മനസ്സിലാക്കുവാന്‍ ഈ വിവിധഭാവങ്ങള്‍ വ്യക്തമായി ഉള്‍കൊള്ളണം. "ദാനവും രഹസ്യവും" എന്ന ഗ്രന്ഥത്തില്‍ പുരോഹിതന്‍റെ വിവിധ മുഖങ്ങള്‍ ജോണ്‍ പോള്‍ പാപ്പാ അവതരിപ്പിക്കുന്നുണ്ട്.
അനുരഞ്ജനത്തിന്‍റെ ശുശ്രൂഷ ഞങ്ങളെ ഭരമേല്പിച്ചിരിക്കുന്നു എന്നാണ് വിശുദ്ധ പൗലോസ് പറയുന്നത് (2 കോറി 5:18). പുരോഹിതശുശ്രൂഷയുടെ ഭാഗമായി പാപമോചനാധികാരം ഈശോ ശിഷ്യരെ ഭരമേല്പിച്ചു (യോഹ 20:22-23). അനുരഞ്ജനകൂദാശയുടെ വേദിയില്‍ പുരോഹിതന്‍ ദൈവികകാരുണ്യത്തിന്‍റെ സാക്ഷിയും ഉപകരണവുമാണ്. കുമ്പസാരക്കൂട്ടിലാണ് പുരോഹിതന്‍റെ ആദ്ധ്യാത്മിക പിതൃത്വം പൂര്‍ണ്ണമായ രീതിയില്‍ സാക്ഷാത്കരിക്കപ്പെടുന്നത് എന്നാണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ പറയുന്നത്. അനുരഞ്ജനത്തിന്‍റെ ശുശ്രൂഷകന്‍ ദൈവവുമായും ജനവുമായും അനുരഞ്ജനത്തിലായിരിക്കുകയും വേണം. "കര്‍ത്താവ് കരുണയും കൃപയുമുള്ളവന്‍, ക്ഷമയും മഹാദയയും സത്യവുമുള്ളവന്‍. അനേകായിരം തലമുറകളോടു കരുണ കാണിക്കുന്നവന്‍; പാപങ്ങളും തെറ്റുകളും ക്ഷമിക്കുന്നവന്" (പുറ 34:6-7) ഈ അനുഭവം ഇന്നു പുരോഹിതശുശ്രൂഷയിലൂടെ ദൈവജനത്തിന് ഉണ്ടാവണം.
സമൂഹത്തിന്‍റെ മുമ്പില്‍ നില്ക്കേണ്ടവനും സ്വര്‍ഗ്ഗീയജറുസലേമിലേക്ക് അവരെ നയിക്കേണ്ടവനുമായ പുരോഹിതന്‍റെ വഴികളില്‍ പ്രകാശവും പാദങ്ങള്‍ക്കു വിളക്കുമായി ദൈവവചനം (സങ്കീ 118:105) ഉണ്ടായിരിക്കണം.
സഭാമണവാട്ടിയെ മിശിഹാ ജലത്താല്‍ കഴുകി വചനത്തില്‍ വെണ്മയുള്ളവളാക്കിതീര്‍ത്തു (എഫേ 5:26). ആകയാല്‍ പുരോഹിതനും തന്‍റെ ശുശ്രൂഷയില്‍ വചനത്തിന്‍റെ മനുഷ്യനായിരിക്കണം. പുരോഹിതനില്‍ നിന്നുള്ള പ്രഘോഷിത വചനമെന്നതിനേക്കാള്‍ പുരോഹിതനാകുന്ന "ജീവിക്കുന്ന" വചനമാണ് ഉണ്ടാവേണ്ടത്. മിശിഹാ വചനം മാംസം ധരിച്ചതാണ്. അവിടുന്നാണ് സത്യവചനം. പിതാവില്‍നിന്നുള്ള വചനം, മാംസം ധരിച്ച വചനം, പ്രഘോഷിക്കപ്പെടുകയും ചെയ്തു. പുരോഹിതനും വചനത്തെ സ്വീകരിക്കുയും വചനമായി ജീവിക്കുകയും പ്രഘോഷിക്കുകയും ചെയ്യുമ്പോഴാണ് മിശിഹായുടെ പൗരോഹിത്യത്തില്‍ ഭാഗഭാക്കാവുക. പട്ടം നല്കല്‍ ശുശ്രൂഷയില്‍ പുരോഹിതനു വചനഗ്രന്ഥം നല്കുന്നതും മെത്രാഭിഷേകകര്‍മ്മത്തില്‍ അഭിഷിക്തനാകുന്ന പുരോഹിതന്‍റെ ശിരസ്സില്‍ വച്ച് വചനം വായിക്കുന്നതും പുരോഹിതാസ്തിത്വം എന്തെന്ന് വ്യക്തമാക്കുന്നു. ആകയാല്‍ പുരോഹിതന്‍ സാമുവേലിനെപ്പോലെ "കര്‍ത്താവേ അരുള്‍ചെയ്താലും അങ്ങയുടെ ദാസനിതാ ശ്രവിക്കുന്നു" (1 സാമൂ 3:9) എന്ന് സദാസമയവും പറയുവാന്‍ കഴിയുന്നവനാകണം. കൂടാതെ, ജറമിയാ കര്‍ത്താവില്‍നിന്നും വചനം സ്വീകരിച്ചതുപോലെ (ജറെ 1:9) വചനത്തെ സ്വന്തമാക്കുകയും അതു പ്രഘോഷിക്കുകയും ചെയ്യുവാന്‍ നിയുക്തനാണ് പുരോഹിതന്‍. മര്‍ക്കോസ് 16:15, ലൂക്കാ 4:18, റോമാ 15:15-16, അപ്പ. പ്രവ. 6:4, 1 കോറി 9:16 എന്നിവയും ഈ സത്യത്തെ ഊന്നി പറയുന്നു. പുരോഹിതന്‍ പഠിപ്പിക്കാന്‍ നിയുക്തനാണ്. ആ ദൗത്യം വചനത്തിന്‍റെ ശുശ്രൂഷയിലൂടെയാണ് പൂര്‍ത്തിയാക്കപ്പെടുക.
"മിശിഹായുടെ ദാസന്മാരും ദൈവരഹസ്യങ്ങളുടെ കാര്യസ്ഥന്മാരുമായി ഞങ്ങളെ നിങ്ങള്‍ പരിഗണിക്കണം" (1 കോറി 4:1) എന്നാണു ശ്ലീഹാ ആവശ്യപ്പെടുന്നത്. തുടര്‍ന്ന് അദ്ദേഹം പറയുന്നു. കാര്യസ്ഥന്മാര്‍ക്ക് വിശ്വസ്തത കൂടിയേതീരൂ. പുരോഹിതന്‍ ശ്ലൈഹിക ശുശ്രൂഷ ഇന്നിന്‍റെ സാഹചര്യത്തില്‍ തുടരുന്നവന്‍ എന്നനിലയില്‍ ദൈവരഹസ്യങ്ങളുടെ കാര്യസ്ഥനാണ്. അവന്‍ വിശ്വസ്തതയോടെ അവയെ ഗ്രഹിക്കുകയും കൈകാര്യം ചെയ്യുകയും വേണം. മിശിഹായില്‍ മനുഷ്യരക്ഷയുടെ രഹസ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുകയും അനാവൃതമാവുകയും ചെയ്തു. ഈ രക്ഷാരഹസ്യങ്ങളിലുള്ള ഭാഗഭാഗിത്തമാണ് മനുഷ്യരക്ഷക്കുള്ള അച്ചാരം. ഈ രക്ഷാരഹസ്യമാകട്ടെ നിത്യമായി ദൈവതിരുമുമ്പിലര്‍പ്പിക്കപ്പെട്ടുകഴിഞ്ഞതുമാണ്. ഇവയില്‍ പങ്കുചേരുന്നതിനുള്ള വേദികളാണ് കൗദാശികരഹസ്യങ്ങള്‍. സഭ മിശിഹായുടെ രക്ഷാപദ്ധതിയില്‍ കൗദാശികരഹസ്യങ്ങളിലൂടെ ദൈവജനത്തെ പങ്കാളികളാക്കുന്നു. ഈ വലിയ ദൗത്യത്തിന്‍റെ നിര്‍വ്വഹണം പുരോഹിതനിലൂടെയാണ് അന്വര്‍ത്ഥമാവുക. അവന്‍ ഈ ദൈവികരഹസ്യങ്ങള്‍ കാര്യസ്ഥന്‍റെ ഉത്തരവാദിത്വത്തോടെ കാത്തുസൂക്ഷിക്കുകയും അര്‍ഹരായവര്‍ക്കായി ആഘോഷിക്കുകയും ചെയ്യണം. പൗരോഹിത്യത്തിലൂടെയുള്ള മിശിഹായുമായുള്ള താദ്വാത്മീകരണം ഏറ്റവും അര്‍ത്ഥപൂര്‍ണ്ണമാംവിധം സാധ്യമാകുന്നതും ഇവിടെതന്നെ. മിശിഹായുടെ വ്യക്തിത്വത്തിലും ശക്തിയിലും ഇവിടെ പുരോഹിതന്‍ പങ്കാളിയായിത്തീരുന്നു. മനുഷ്യവിശുദ്ധീകരണം വൈദികന്‍ നിര്‍വ്വഹിക്കുന്നത് ഈ രഹസ്യങ്ങളുടെ ആഘോഷങ്ങളിലൂടെയാണ്.
"മറ്റൊരുവനിലും രക്ഷയില്ല. കാരണം നമ്മെ രക്ഷിക്കുവാന്‍ കഴിയുന്ന മറ്റൊരു നാമവും മനുഷ്യര്‍ക്ക് ആകാശത്തിന്‍കീഴില്‍ നല്കപ്പെട്ടിട്ടില്ല" (അപ്പ 4:12). ഹെബ്രായര്‍ക്കുള്ള ലേഖനം (7:25) മിശിഹായെപ്പറ്റി സാക്ഷിക്കുന്നതിപ്രകാരമാണ്: "അവര്‍ക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കാന്‍ അവിടുന്ന് എന്നേക്കും ജീവിക്കുന്നു" വിശുദ്ധ യോഹന്നാന്‍ തന്‍റെ ലേഖനത്തിലൂടെ നമ്മെ ഉദ്ബോധിപ്പിക്കുന്നു: "പിതാവിന്‍റെ സന്നിധിയില്‍ നമുക്ക് ഒരു മധ്യസ്ഥനുണ്ട്, ധര്‍മ്മിഷ്ഠനായ ഈശോമിശിഹാ" (1 യോഹ 2:1). ആകയാല്‍ മറ്റൊരു മധ്യസ്ഥന്‍ ഉണ്ടാവേണ്ട ആവശ്യമേ ഇല്ല. മിശിഹാ മരണംവഴി പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായി തീര്‍ന്നു. അതാകട്ടെ വിളിക്കപ്പെട്ടവര്‍ തങ്ങള്‍ക്കു വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന അവകാശം എന്നേക്കുമായി പ്രാപിക്കുവാന്‍ വേണ്ടിയായിരുന്നു (ഹെബ്രാ 9:15).
പുരോഹിതന്മാരെ മധ്യസ്ഥരായി കാണുവാന്‍ കഴിയുന്നതെങ്ങനെ? മിശിഹായാകുന്ന മധ്യസ്ഥന്‍റെ മാധ്യസ്ഥ ശുശ്രൂഷ അനന്യമാംവിധവും അനുഭവവേദ്യമായും പുരോഹിതനില്‍ അന്വര്‍ത്ഥമായിത്തീരൂന്നു. പുരോഹിതന്‍ പുതിയൊരു മധ്യസ്ഥനല്ല. മധ്യസ്ഥനായ മിശിഹായുടെ സ്വരമായിത്തീരുന്നു പുരോഹിതന്‍. വിശുദ്ധ കുര്‍ബാനയര്‍പ്പണത്തില്‍ പുരോഹിതന്‍റെ ഈ ശൂശ്രൂഷ വളരെ വ്യക്തമാണ്. ദൈവജനത്തിനുവേണ്ടി ദൈവികസാന്നിധ്യത്തില്‍ പ്രവേശിക്കുകയും അവിടെനിന്നും ദൈവജനത്തിനുള്ള സന്ദേശവും കൃപയും അനുഗ്രഹങ്ങളും വര്‍ഷിക്കുന്ന ചാലായി വര്‍ത്തിക്കുകയും ചെയ്യുന്നു. ദൈവവചനം പ്രഘോഷിച്ചുകൊണ്ട് ദൈവത്തിന്‍റെ സ്വരമാവുകയും ദൈവജനത്തിന്‍റെ പ്രാര്‍ത്ഥനകള്‍ ദൈവതിരുമുമ്പിലര്‍പ്പിച്ചുകൊണ്ട് ജനത്തിന്‍റെ നേതൃത്വത്തിലാവുകയും ചെയ്യുന്നു. "ഞങ്ങള്‍ മിശിഹായുടെ സ്ഥാനപതികളാണ്. ഞങ്ങള്‍വഴി ദൈവം നിങ്ങളെ ഉദ്ബോധിപ്പിക്കുന്നു, മിശിഹായുടെ നാമത്തില്‍ ഞങ്ങള്‍ നിങ്ങളോടഭ്യര്‍ത്ഥിക്കുന്നു. നിങ്ങള്‍ ദൈവത്തോടു രമ്യപ്പെടുവിന്‍" (2 കോറി 5:20).
മിശിഹാ പ്രവാചകനായിരുന്നു. പിതാവിന്‍റെ ഹിതം അറിയിക്കുന്നവനും നന്മതിന്മകളെ വേര്‍തിരിച്ച് വ്യക്തമാക്കി കാട്ടിയിരുന്നവനുമാണ് ഈശോ. വരാനിരിക്കുന്നവയെക്കുറിച്ച് അവിടുന്നു മുന്നറിയിപ്പുകള്‍ നല്കി. പുരോഹിതനും ഈ ശുശ്രൂഷ ഇന്നത്തെ ലോകത്തില്‍ നിര്‍വ്വഹിക്കേണ്ടവനാണ്. ജനത്തിന്‍റെ ഹിതാനുസാരം പ്രവര്‍ത്തിക്കുകയല്ല, ദൈവഹിതം അതു ജനഹിതത്തിന് എതിരായിരുന്നാലും വ്യക്തമാക്കുവാന്‍ പുരോഹിതനു കഴിയണം. വഴിതെറ്റിയലയുന്ന ആടുകളെ ആലയിലേക്കുള്ള വഴിയറിയിക്കണം.
മിശിഹാ എന്നേക്കുമായി അര്‍പ്പിക്കപ്പെട്ടതുവഴി നാം വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നുവെന്നും മറ്റൊരു ബലി ഇനിയും ആവശ്യമില്ലെന്നും നാം കണ്ടു. എങ്കില്‍ ഇന്ന് ഏതര്‍ത്ഥത്തിലാണ് പുരോഹിതന്‍ ബലിയര്‍പ്പകനും ബലിവസ്തുവുമായിത്തീരുക? ദൈവജനം മുഴുവനും ഒരര്‍ത്ഥതില്‍ ഇതേ സ്വഭാവം സ്വന്തമാക്കിയവരല്ലേ? പുരോഹിതന്‍ മിശിഹായുടെ ശുശ്രൂഷാപൗരോഹിത്യത്തില്‍ പങ്കാളി എന്ന നിലയില്‍ നിത്യപുരോഹിതനായ അവിടുന്ന് ബലിയര്‍പ്പിക്കുന്നതിനോടൊപ്പം പങ്കുചേരുകയും മിശിഹായോടൊപ്പം ബലി വസ്തുവായി തീരുകയും ചെയ്യുന്നു. ഇവിടെ ബലിയര്‍പ്പകരായ ദൈവജനത്തിന്‍റെ നാമത്തിലാണ് പുരോഹിതന്‍ അര്‍പ്പിക്കുന്നത്. മിശിഹായുടെ അര്‍പ്പണത്തിലാണ് പങ്കുചേരുന്നത്.
മിശിഹായുടെ അര്‍പ്പണത്തിന്‍റെ അനുസ്മരണവും ആഘോഷവുമായ അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും രഹസ്യങ്ങള്‍ അവിടുത്തെ ആഗമനം വരെ തുടരുവാന്‍ അപ്പസ്തോലിക ശുശ്രൂഷകരെയാണല്ലോ അവിടുന്നു ഭരമേല്പിച്ചത്. ഇന്ന് അതു പുരോഹിതശുശ്രൂഷയില്‍ അര്‍ത്ഥപൂര്‍ണ്ണമായി അനുവര്‍ത്തിക്കപ്പെടുന്നു.
പുരോഹിതന്‍റെ ശുശ്രൂഷകള്‍ വിവിധോന്മുഖമാണ്. അവയെ അക്കമിട്ടു നിരത്തുവാന്‍ ഏറെയാണ്. എന്നാല്‍ അവയെല്ലാം ഇപ്പോള്‍ വിവരിച്ച ശുശ്രൂഷകളിലേക്ക് ഒത്തുചേര്‍ക്കാനാവും. വിശുദ്ധീകരിക്കുന്നവനും വിമോചകനും പാപവിമോചകനുമായ പുരോഹിതന്‍റെ ധര്‍മ്മങ്ങള്‍ അനുരഞ്ജകനും ബലിയര്‍പ്പകനുമെന്ന നിലയില്‍ പൂര്‍ത്തിയാക്കപ്പെടുന്ന ശുശ്രൂഷകളാണ്. ദൈവത്തിന്‍റെ മനുഷ്യനും ഗുരുവും നല്ലയിടയനും ആത്മീയ പിതാവും ദീനജനസേവകനും ശുശ്രൂഷകനും എന്ന നിലയിലും പുരോഹിത ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കപ്പെടണം. ഇവയെല്ലാം സ്ഥലകാലസാഹചര്യങ്ങള്‍ക്കനുസൃതമുള്ള പൗരോഹിത്യത്തിന്‍റെ ആവിഷ്കരണങ്ങളാണ്.
സ്ത്രീ പൗരോഹിത്യം
സഭാതലങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു സുപ്രധാന വിഷയമാണ് സ്ത്രീകള്‍ക്കുള്ള പൗരോഹിത്യം. 1994 മെയ് 22ന് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ കത്തോലിക്കാ സഭയുടെ ഈ വിഷയത്തെ സംബന്ധിച്ച പ്രബോധനം തന്‍റെ ശ്ലൈഹിക കത്തില്‍ വ്യക്തമാക്കുകയുണ്ടായി.
"ഈശോ തന്‍റെ ശിഷ്യര്‍ക്ക് കൈമാറിയ പഠിപ്പിക്കുവാനും വിശുദ്ധീകരിക്കുവാനും ജനത്തെ നയിക്കുവാനുമുള്ള പൗരോഹിത്യപട്ടം ആദിമുതലേ കത്തോലിക്കാസഭയില്‍ പുരുഷന്മാര്‍ക്കു മാത്രമായി മാറ്റിവച്ചിരിക്കുന്നു. ആംഗ്ലിക്കന്‍ സഭയില്‍ സ്ത്രീ പൗരോഹിത്യത്തെ സംബന്ധിച്ച വിഷയത്തില്‍ പോള്‍ ആറാമന്‍ പാപ്പ (നവം. 30, 1975) തന്‍റെ ശ്ലൈഹിക സ്ഥാനത്തോടുള്ള വിശ്വസ്തതയും സഭൈക്യത്തില്‍ വരാവുന്ന വലിയ തടസ്സങ്ങളും കണ്ട് ഇപ്രകാരം അഭിപ്രായപ്പെട്ടു: "സഭ സ്ത്രീകള്‍ക്ക് പട്ടം നല്കുന്നത് അടിസ്ഥാനകാരണങ്ങളാല്‍ അംഗീകരിക്കുന്നില്ല. ഈശോ തന്‍റെ ശ്ലീഹന്മാരുടെ ഗണത്തിലേക്ക് പുരുഷന്മാരെ മാത്രം തിരഞ്ഞെടുത്തു. സഭ ഈ പാരമ്പര്യം തുടര്‍ന്നു. സ്ത്രീകള്‍ക്ക് പട്ടം നല്കാത്തത് സഭയിലെ ദൈവികപദ്ധതിയാണ്". "സ്ത്രീ പൗരോഹിത്യ പട്ടം നല്കുന്നതിന് സഭക്ക് അധികാരമുണ്ട് എന്ന് സഭ കരുതുന്നില്ല". ഈശോയുടെ വാക്കുകളും പ്രവൃത്തികളും അന്ന് നിലവിലിരുന്ന സാമൂഹിക, സാംസ്ക്കാരിക പശ്ചാത്തലത്തില്‍ നിന്നുള്ളവയല്ല. ഈശോ തന്‍റെ സഭക്ക് അടിസ്ഥാനരൂപം നല്കിയപ്പോള്‍ (സഭ എന്നും തുടരുന്ന) മനുഷ്യദര്‍ശനങ്ങള്‍ ഉള്‍കൊണ്ടുതന്നെയാണ് ഇത്തരത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. സ്ത്രീകളുടെ മഹത്വത്തെ അന്നു നിലനിന്നിരുന്ന പാരമ്പര്യങ്ങളെ മറികടന്ന് ഈശോ അംഗീകരിച്ചിരുന്നു (യോഹ. 7:27, മത്താ. 9:20-22; ലൂക്കാ 2:37).
ദൈവത്തിന്‍റെ ശാശ്വത പദ്ധതിപ്രകാരമാണ് ശ്ലീഹന്മാരെ വിളിച്ചതെന്ന് വിശുദ്ധ ഗ്രന്ഥം വ്യക്തമായി സാക്ഷ്യപ്പെടുത്തുന്നു. ഈശോ തനിക്ക് ഇഷ്ടമുള്ളവരെ തന്‍റെ അടുക്കലേക്ക് വിളിച്ചു (മര്‍ക്കോ 3:13-14; യോഹ. 6:70). പിതാവിനോടൊപ്പം പരിശുദ്ധാത്മാവില്‍ പ്രാര്‍ത്ഥനയില്‍ ചിലവഴിച്ചശേഷമാണ് ഈശോ ശ്ലീഹന്മാരെ തിരഞ്ഞെടുത്തത് (ലൂക്കാ 6:12). ഈശോ തന്‍റെ സഭയില്‍ സ്ഥാപിച്ച ശ്ലൈഹിക ശുശ്രൂഷയുടെ സ്വഭാവമാണ് സഭ തുടരുന്നത്. ചില ദൗത്യപൂര്‍ത്തീകരണത്തിനു മാത്രമല്ല, മനുഷ്യാവതാരം ചെയ്ത ദൈവവചനത്തിന്‍റെ ദൗത്യത്തോട് അഭേദ്യമാംവിധം ഒന്നാക്കപ്പെടുന്നതിനുവേണ്ടിയുമാണവര്‍ വിളിക്കപ്പെട്ടത് (മത്താ 10:7-8; 28:16-20; മര്‍ക്കോ. 3:13-16; 16:14-15). ശ്ലീഹന്മാര്‍ ഞങ്ങളുടെ പിന്‍ഗാമികളെ തിരഞ്ഞെടുത്തപ്പോഴും ഈ പാരമ്പര്യം തുടര്‍ന്നു.
മിശിഹായുടെയും സഭയുടെയും മാതാവായ പരിശുദ്ധ മറിയം ശ്ലൈഹിക സംഘത്തിലോ പൗരോഹിത്യശുശ്രൂഷയിലോ പങ്കാളിയായിരുന്നില്ല. അതിനാല്‍തന്നെ ഈ ശുശ്രൂഷയിലേക്ക് സ്ത്രീകളെ നിയോഗിക്കന്നില്ല എന്നത് അവരുടെ മഹത്വത്തെ ഒരു വിധത്തിലും കുറയ്ക്കുന്നില്ല. അതുകൊണ്ട്തന്നെ സ്ത്രീപൗരോഹിത്യം ഇല്ല എന്നത് സ്ത്രീവിവേചനമായി കാണാനാവില്ല. "സ്ത്രീകള്‍ക്ക് പൗരോഹിത്യം നല്കാന്‍ സഭയ്ക്ക് യാതൊരു അധികാരവുമില്ല. ഈ വിധിതീര്‍പ്പ് സഭയുടെ എല്ലാ വിശ്വാസികളും സുനിശ്ചിതമായി മുറുകെ പിടിക്കണം" എന്നും മാര്‍പാപ്പ ഉദ്ബോധിപ്പിക്കുന്നു.
പഴയനിയമത്തില്‍ വിപ്രവാസാനന്തരം സ്ത്രീകള്‍ ദൈവാലയഗായകരായും മറ്റുശുശ്രൂഷകളില്‍ സഹായിച്ചും ദൈവികശുശ്രൂഷ നിര്‍വ്വഹിച്ചിരുന്നു (എസെ 2:65; നെഹെ 6:7; 1 ദിന 25:5, 2 ദിന 35:25). സമാഗമകൂടാരവാതിക്കല്‍ സ്ത്രീകള്‍ ശുശ്രൂഷിച്ചിരുന്നതായി സുഭാ. 7:14 പരാമര്‍ശിക്കുന്നു.
ശ്ലൈഹിക സഭയില്‍ ശ്ലീഹന്മാരുടെ സഹപ്രവര്‍ത്തകരായി സ്ത്രീകള്‍ ഉണ്ടായിരുന്നു (റോമാ 16:3-12; ഫിലി 4:2). എന്നാല്‍ "ദൈവത്തിന്‍റെ കൂട്ടുവേലക്കാര്" എന്ന് ശ്ലീഹന്മാരെക്കുറിച്ചും അപ്പോളോസ്, തിമോത്തി തുടങ്ങിയവരെക്കുറിച്ചും മാത്രമാണ് ഉപയോഗിക്കുന്നത് (1 കോറി 3:9; 1 തെസെ 3:2).
സഭാപിതാക്കന്മാരുടെ കാലഘട്ടത്തില്‍ ഇരണെവൂസ്, തെര്‍ത്തുല്യന്‍, ഒരിജന്‍ തുടങ്ങിയവര്‍ പാഷണ്ഡികളായ ജ്ഞാനവാദികള്‍ സ്ത്രീകള്‍ക്ക് പൗരോഹിത്യം നല്കാന്‍ ശ്രമിച്ചതിനെ എതിര്‍ത്തു (cf. ആന്‍റണി തറേക്കടവില്‍; പൗരോഹിത്യം പൊരുളും പ്രസക്തിയും pp 125-146)
പൊതുപൗരോഹിത്യവും ശുശ്രൂഷാപൗരോഹിത്യവും
"മാമ്മോദീസായാല്‍ നവമായി ജനിക്കുകയും പരിശുദ്ധാത്മാവില്‍ അഭിഷേചിക്കപ്പെടുകയും ചെയ്തിരിക്കുന്ന അവര്‍ ഒരു ആത്മീയ ഭവനവും പരിശുദ്ധ പൗരോഹിത്യവുമായി പ്രതിഷ്ഠിക്കപ്പെട്ടിരുന്നു" . വിശുദ്ധ പത്രോസിന്‍റെ ലേഖനത്തില്‍ നാം ഇപ്രകാരം വായിക്കുന്നു: "നിങ്ങളാകട്ടെ തിരഞ്ഞെടുക്കപ്പെട്ട ഒരു വംശവും രാജകീയ പുരോഹിതവര്‍ഗ്ഗവും വിശുദ്ധ ജനപദവും അവിടുത്തേക്കു ഇഷ്ടസ്വത്തുപോലെ ഒരു ജനതയുമാകുന്നു" (1 പത്രോ 2:9).
മിശിഹായുടെ മൗതിക ശരീരത്തിലെ അംഗങ്ങളെന്ന നിലയില്‍ ദൈവജനം അവിടുത്തെ പൗരോഹിത്യത്തിലും പങ്കാളികളാകുന്നു. രക്ഷകനായ ദൈവത്തിനു ബലിയര്‍പ്പിക്കുന്ന സമൂഹമാണവര്‍. വിശുദ്ധ കുര്‍ബാനയര്‍പ്പണത്തില്‍ ഈ പൗരോഹിത്യധര്‍മ്മം അതിന്‍റെ പൂര്‍ണ്ണതയില്‍ എത്തുന്നു. വിശുദ്ധ കുര്‍ബാനയില്‍ നിന്നുള്ള അനുഭവം തങ്ങളുടെ ജീവിതത്തില്‍ പ്രായോഗികമാക്കുമ്പോഴാണ് ഇതു പൂര്‍ത്തിയാവുക. ജീവിതവേദിയാകുന്ന ബലിപീഠത്തില്‍ ജീവിതത്തിന്‍റെ സഹനബലി അവര്‍ അര്‍പ്പിക്കുന്നു. അനുദിനജീവിതത്തില്‍ അര്‍പ്പിക്കപ്പെടുന്നതു വഴിയുള്ള ശൂന്യവത്ക്കരണത്തിലൂടെ ക്രൈസ്തവപൗരോഹിത്യം അന്വര്‍ത്ഥമാകുന്നു.3
പൊതുപൗരോഹിത്യത്തിന്‍റെ അടയാളമാണ് ശുശ്രൂഷാപൗരോഹിത്യം. ശുശ്രൂഷാപൗരോഹിത്യം, പൊതു പൗരോഹിത്യത്തെ വെളിപ്പെടുത്തുന്നു. തിരുപ്പട്ടമെന്ന കൂദാശയില്‍ പുരോഹിതന്‍ സ്വീകരിക്കുന്ന അഭിഷേകത്തിന്‍റെ ശക്തിയാല്‍, പിതാവിനാല്‍ അയയ്ക്കപ്പെടുകയാണ്. ഈശോയുടെ മാധ്യസ്ഥത്താല്‍ അവിടുന്നുമായി അനുരൂപപ്പെടുത്തി അവിടുത്തെ ജനത്തിന്‍റെ തലവനും ഇടയനുമായി പുരോഹിതന്‍ അയയ്ക്കപ്പെടുന്നു.4
പൊതുപൗരോഹിത്യമാണു ശുശ്രൂഷാപൗരോഹിത്യത്തിന്‍റെ അടിസ്ഥാനമെങ്കിലും പൊതുപൗരോഹിത്യം ജന്മമെടുക്കുന്നതും പരിപോഷിപ്പിക്കപ്പെടുന്നതും ശുശ്രൂഷാപൗരോഹിത്യത്തിലൂടെയാണ്. ഇവ രണ്ടും അടിസ്ഥാനപരമായി ഒന്നാണെങ്കിലും സത്താപരമായ പങ്കാളിത്തത്തിലും ശുശ്രൂഷയിലും വ്യത്യസ്തമാണ്. മിശിഹായുടെ പുരോഹിതഗണമായി എല്ലാവരും ക്ഷണിക്കപ്പെടുമ്പോള്‍ ശുശ്രൂഷാപൗരോഹിത്യത്തിലൂടെ മിശിഹായുടെ വ്യക്തിത്വത്തിന്‍റെ പ്രതീകമായും ശക്തിയുടെ ചാലകമായും ഒരു വ്യക്തിയെ അവിടുന്ന് രൂപാന്തരപ്പെടുത്തുന്നു. അതുവഴി സഭയുടെ പൊതുപൗരോഹിത്യത്തിന്‍റെ കൗദാശികരൂപമായി അതു മാറുന്നു. പൊതുപൗരോഹിത്യത്തിന്‍റെ നിലനില്പിനും പരിപോഷണത്തിനും ശുശ്രൂഷാ പൗരോഹിത്യം ആവശ്യമായിരിക്കുന്നു. ദൈവകൃപാവരം എല്ലായിടത്തും വര്‍ഷിക്കപ്പെടുന്നു. എങ്കിലും കൂദാശയില്‍ അതിനു പ്രത്യേകഭാവം കൈവരുന്നതുപോലെ പൊതുപൗരോഹിത്യം ശുശ്രൂഷാപൗരോഹിത്യത്തില്‍ കൗദാശികത കൈവരിക്കുന്നു.
ശുശ്രൂഷാപൗരോഹിത്യം പൊതുപൗരോഹിത്യത്തിന് പകരം നില്ക്കുന്നതല്ല. പ്രത്യുത അതിനെ വളര്‍ത്തുന്നതാണ്. അതിന്‍റ സഫലീകരണത്തിനു സഹായിക്കുന്നതാണ്. ഇവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നു മാത്രമല്ല, ഒന്ന് മറ്റൊന്നിനായി നിലകൊള്ളുന്നു. കാരണം ഇവ മിശിഹായുടെ ഏക പൗരോഹിത്യത്തില്‍നിന്നും ഉദ്ഭവിക്കുന്നതാണ്. ദൈവജനം സ്വീകരിച്ചിരിക്കുന്ന പൗരോഹിത്യത്തെ വിശ്വസ്തതയോടും പൂര്‍ണ്ണമായും വിനിയോഗിക്കുവാന്‍ അവരെ സഹായിക്കുന്നതിനാവശ്യമായ പ്രത്യേക വരദാനം ശുശ്രൂഷാപൗരോഹിത്യത്തില്‍ നല്കപ്പെടുന്നു.5
പൗരോഹിത്യത്തിന്‍റെ പരിശുദ്ധ ത്രിത്വബന്ധം
ശുശ്രൂഷാപൗരോഹിത്യത്തിന്‍റെ അനന്യത നാം കാണുന്നത് മിശിഹായുടെ പൗരോഹിത്യത്തിലുള്ള പ്രത്യേക ഭാഗഭാഗിത്തത്തിലാണ്. ഈ പൗരോഹിത്യമെന്ന കൂദാശയിലൂടെ പുരോഹിതന്‍ സഭയില്‍, സഭക്കുവേണ്ടി മിശിഹായുടെ യഥാര്‍ത്ഥവും സജീവവും വിശ്വസ്തവുമായ പ്രതീകമായിത്തീരുന്നു. പൗരോഹിത്യത്തിലൂടെ ഒരുവന്‍ സഭയെ നയിക്കുന്ന മിശിഹായുടെ അധികാരത്തില്‍ ഭാഗഭാക്കാകുന്നു. സഭയില്‍ ഇടമുറിയാതെ തുടരുന്ന കൈവയ്പു ശുശ്രൂഷാപാരമ്പര്യം ഇതിനെ അപ്പസ്തോലിക കാലഘട്ടവുമായി ബന്ധിപ്പിക്കുന്നു.
മിശിഹായുടെ പൗരോഹിത്യത്തില്‍ പങ്കുചേരുന്ന പുരോഹിതന്‍ പരിശുദ്ധ ത്രിത്വവുമായും ബന്ധിതമാകുന്നു. നിത്യപുരോഹിതനായ മിശിഹാ പിതാവിനോടും പരിശുദ്ധാത്മാവിനോടും ഒന്നുചേര്‍ന്നിരുന്നു. ഈശോ പിതാവിനാല്‍ അയയ്ക്കപ്പെടുകയും (യോഹ 3:16) പിതാവിന്‍റെ ഹിതനിര്‍വ്വഹണത്തിനായി ജീവിക്കുകയും (യോഹ 17:4) അവസാനം സ്വയം ബലിയായി പിതാവിന്‍റെ കരങ്ങളില്‍ അര്‍പ്പിക്കുകയും ചെയ്തു (ലൂക്കാ 23:46). ഈശോയും പിതാവും ഒന്നായിരുന്നു (യോഹ 17:21). അവിടുത്തെ ദര്‍ശിക്കുന്നവര്‍ പിതാവിനെ കാണുന്നു (യോഹ 14:9-10).
ഈശോയുടെ ജീവിതം പരിശുദ്ധാത്മാവിലുള്ള ജീവിതമായിരുന്നു. ജനനം ആത്മാവിന്‍റെ ശക്തിയാലാണ് (മത്താ 1:18, 20, ലൂക്കാ1:35). ആത്മാവിനാല്‍ പ്രത്യേകമായി അഭിഷിക്തനായി (ലൂക്കാ 3:22, 4:18). അവിടുന്ന് ആത്മാവിന്‍റെ ശക്തിയാല്‍ നയിക്കപ്പെട്ടു (ലൂക്കാ 4:14). അവസാനം അവിടുന്ന് ആത്മാവിനെ ശിഷ്യര്‍ക്കു നല്കി (യോഹ 16:7). ശിഷ്യന്മാരുടെമേല്‍ ആത്മാവിനെ അവിടുന്ന് നിശ്വസിച്ചു (യോഹ 20:20-23).
ആകയാല്‍ മിശിഹായുടെ പൗരോഹിത്യത്തില്‍ പങ്കുചേരുന്നവരും പരിശുദ്ധ ത്രിത്വവുമായി ബന്ധത്തിലാവുന്നു. ഓരോ ക്രൈസ്തവനും മാമ്മോദീസായിലൂടെ ഈ ബന്ധത്തിലേക്കു പ്രവേശിക്കുന്നു. എന്നാല്‍ തിരുപ്പട്ടത്തിന്‍റെ പ്രത്യേകതയാല്‍ പുരോഹിതന്‍ പിതാവും പുത്രനും പരിശുദ്ധാത്മാവുമായി പ്രത്യേകബന്ധം സ്ഥാപിക്കുന്നു. പിതാവിന്‍റെ സ്നേഹവും (യോഹ 17:6-9, 24) പുത്രന്‍റെ പൗരോഹിത്യവും (മര്‍ക്കോ 3:15) പരിശുദ്ധാത്മാവിന്‍റെ കൃപകളും (1 യോഹ 20:21) പുരോഹിതനുണ്ട്. പൗരോഹിത്യം പിതാവിന്‍റെ സ്നേഹത്തില്‍നിന്നും ഈശോമിശിഹായുടെ കൃപാവരത്തില്‍നിന്നും പരിശുദ്ധാത്മാവിന്‍റെ ഐക്യത്തിന്‍റെ ദാനത്താല്‍ ഉദ്ഭവിക്കുന്നതാണ്.6
ഏകവും അനന്യവുമായ മിശിഹായുടെ പൗരോഹിത്യത്തിലേക്കാണ് ശുശ്രൂഷാപുരോഹിതന്‍ പങ്കുചേരുക. ഇത് അവിടുത്തെ വിശുദ്ധീകരിക്കുന്ന മാധ്യസ്ഥ്യത്തിലും പ്രബോധനാധികാരത്തിലും ദൈവജനത്തെ നയിക്കുന്ന അധികാരത്തിലുമുള്ള പങ്കുചേരലാണ്. പൗരോഹിത്യം ഒരു വ്യക്തിയെ മിശിഹാരഹസ്യങ്ങളോട് പ്രത്യേകമാം വിധം ചേര്‍ക്കുന്നു.
പൗരോഹിത്യത്തിലൂടെ ആത്മാവിന്‍റെ മുദ്ര പുരോഹിതനില്‍ പതിക്കപ്പെടുന്നു. തിരുപ്പട്ടത്തിലൂടെ പരിശുദ്ധാത്മാവ് പുരോഹിതന് ആധികാരികമായി ദൈവവചനം പ്രഘോഷിക്കുവാനും വിശദീകരിക്കുവാനുമുള്ള പ്രവാചകധര്‍മ്മം നല്കുന്നു. ലിറ്റര്‍ജിയുടെ ആഘോഷത്തിലൂടെ പുരോഹിതന്‍ എപ്പോഴും പരിശുദ്ധാത്മാവിനോട് ബന്ധിതമാണ്. ഈ ബന്ധത്തിലാണ് പുരോഹിതന്‍ തന്‍റെ ശക്തി കണ്ടെത്തുക.
പുരോഹിതന്‍ ദൈവികശുശ്രൂഷകനായ മനുഷ്യന്‍ എന്ന നിലയില്‍ അഭൗമികമേഖലയോടും ഈ ലോകത്തോടും ബന്ധപ്പെട്ടു കഴിയുന്നു. ഒരേ സമയം ദൈവത്തോടും മനുഷ്യനോടും ചേര്‍ന്നിരിക്കുന്നു.
പുരോഹിതന്‍ ദൈവവചനപ്രഘോഷകന്‍ എന്ന നിലയില്‍ വചനം ശ്രവിക്കുന്നവനും പ്രസംഗിക്കുന്നവനുമാണ്. ഒരേ സമയം കാതുകള്‍ സ്വര്‍ഗ്ഗത്തിലേക്കു തുറക്കുന്നവനും ശ്രവിച്ചവ അധരങ്ങള്‍ വഴി ഭൂമിയില്‍ അറിയിക്കുന്നവനുമാണ്. ഈ ശ്രവണവും പ്രഘോഷണവും ആഘോഷത്തിലേക്ക് നയിക്കുന്നു.
പുരോഹിതന്‍ ദൈവികരഹസ്യങ്ങളുടെ ആഘോഷകന്‍ എന്ന നിലയില്‍ ദൈവികഭാവങ്ങളും മാനുഷികഭാവങ്ങളും ഉള്‍ക്കൊള്ളുന്നു. അര്‍പ്പകനും അര്‍പ്പിതവസ്തുവും എന്ന നിലയില്‍ ദൈവത്തിന്‍റെയും മനുഷ്യന്‍റെയും അവകാശമായി അവന്‍ തീരുന്നു.
പുരോഹിതന്‍ ദൈവജനത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവന്‍ എന്ന നിലയില്‍ ജനത്തോടും വേര്‍തിരിക്കപ്പെട്ടവന്‍ എന്ന നിലയില്‍ സ്വര്‍ഗ്ഗീയസമൂഹത്തോടും ചേര്‍ന്നിരിക്കുന്നു.
ഡോ. തോമസ് പൂവത്താനിക്കുന്നേല്‍
Priesthood catholic malayalam mananthavady diocese Dr. Thomas Poovathanikkunnel Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206