x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ രാഷ്ട്രീയ ദൈവശാസ്ത്രം

വിശ്വാസതിരുസംഘം പുറപ്പെടുവിച്ച രാഷ്ട്രീയ മാര്‍ഗരേഖ

Authored by : Mar Joseph Pamplany On 27-Jan-2021

രാഷ്ട്രീയജീവിതത്തില്‍ കത്തോലിക്കര്‍ പങ്കെടുക്കുന്നതു സംബന്ധിച്ചുള്ള ചില പ്രശ്നങ്ങളുടെ സൈദ്ധാന്തിക വശം വിശദീകരിക്കുന്ന ഈ കുറിപ്പ് പ്രസിദ്ധീകരിക്കണമെന്ന് അല്മായര്‍ക്കുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അഭിപ്രായം സ്വീകരിച്ചിട്ട്, വിശ്വാസസത്യതിരുസംഘം നിശ്ചയിച്ചു. പൊതുവേ, കത്തോലിക്കാ മെത്രാന്മാരെ ഉദ്ദേശിച്ച് എഴുതിയ കുറിപ്പാണത്. ജനാധിപത്യ സമൂഹങ്ങളുടെ രാഷ്ട്രീയ നേതാക്കളെയും രാഷ്ട്രീയത്തില്‍ പങ്കെടുക്കേണ്ട ഓരോ അല്മായ വിശ്വാസിയെയും ഇത് പ്രത്യേകമായി ലക്ഷ്യം വയ്ക്കുന്നു. 2002 നവംബര്‍ 24-ന് പ്രസിദ്ധീകരിക്കപ്പെട്ടു.

 ഒരു സ്ഥിരം പ്രബോധനം

  1. ലോകത്തില്‍ ക്രൈസ്തവരുടെ പ്രതിജ്ഞാബദ്ധത കഴിഞ്ഞ രണ്ടു സഹസ്രാബ്ദങ്ങളുടെ ചരിത്രഗതിയില്‍ വിവിധ രൂപങ്ങളില്‍ പ്രകാശിപ്പിക്കപ്പെട്ടിട്ടുണ്ട്. അത്തരമൊരു പ്രകാശനം രാഷ്ട്രീയജീവിതത്തിലെ ക്രൈസ്തവ ഉള്‍പ്പെടലാണ്. ഒരു ആദിമക്രൈസ്തവ പണ്ഡിതന്‍ എഴുതിയിട്ടുള്ളപോലെ ക്രിസ്ത്യാനികള്‍ "പൗരന്മാരെന്ന നിലയില്‍ തങ്ങളുടെ ധര്‍മ്മം പൂര്‍ണ്ണമായി നിര്‍വഹിക്കുന്നുണ്ട്." വിശുദ്ധരെന്ന നിലയില്‍ സഭ വണങ്ങുന്ന സ്ത്രീപുരുഷന്മാരില്‍ അനേകര്‍ രാഷ്ട്രീയത്തിലും ഗവണ്‍മെന്‍റിലും ഉദാരതയോടെ പ്രതിജ്ഞാബദ്ധത പുലര്‍ത്തിക്കൊണ്ട് ദൈവത്തെ സേവിച്ചവരാണ്. അവരില്‍ ഒരാളാണ് വിശുദ്ധ തോമസ്മൂര്‍. അദ്ദേഹം രാഷ്ട്രീയനേതാക്കളുടെയും രാഷ്ട്രീയപ്രവര്‍ത്തകരുടെയും സംരക്ഷകനായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. "മനുഷ്യമനസ്സാക്ഷിയുടെ അന്യാധീനപ്പെടുത്താനാവാത്ത മഹത്വത്തിന് തന്‍റെ രക്തസാക്ഷിത്വം വഴി സാക്ഷ്യം വഹിച്ച വ്യക്തിയാണ് അദ്ദേഹം. വിവിധരൂപങ്ങളിലുള്ള മാനസിക പീഡനത്തിന് അദ്ദേഹത്തെ വിധേയനാക്കി. എന്നിട്ടും തിന്മയുമായി സന്ധി ചെയ്യാന്‍ അദ്ദേഹം സന്നദ്ധനായില്ല". നിയമാനുസൃതമായ അധികാരത്തോടും സ്ഥാപനങ്ങളോടുമുള്ള സ്ഥിരവിശ്വസ്തത" ഒരിക്കലും ഉപേക്ഷിച്ചില്ല. അത് അദ്ദേഹത്തെ വ്യതിരിക്തനാക്കി. മനുഷ്യനെ ദൈവത്തില്‍ നിന്നും രാഷ്ട്രീയത്തെ ധാര്‍മ്മികതയില്‍ നിന്നും" വേര്‍തിരിക്കാന്‍ പാടില്ലെന്ന് അദ്ദേഹം തന്‍റെ ജീവിതവും മരണവുംവഴി പഠിപ്പിച്ചു.

ജനാധിപത്യം പുലരുന്ന ഇന്നത്തെ സമൂഹങ്ങളില്‍, യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിന്‍റെ അന്തരീക്ഷത്തില്‍, ഓരോ പൗരനും പൊതു രാഷ്ട്രീയത്തെ നയിക്കുന്നതില്‍ പങ്കുകാരനാക്കപ്പെടുന്നുണ്ട്. അത്തരം സമൂഹങ്ങളില്‍, ക്രൈസ്തവരും അക്രൈസ്തവരുമായ പൗരന്മാര്‍ ഒന്നുപോലെ പൊതുജീവിതത്തില്‍ നവീനവും കൂടുതല്‍ പൂര്‍ണവുമായ ഭാഗഭാഗിത്വം വഹിക്കണം. തിരഞ്ഞെടുപ്പുകളില്‍ നിയമനിര്‍മ്മാതാക്കള്‍ക്കും ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥര്‍ക്കും വേണ്ടി വോട്ടവകാശം വിനിയോഗിച്ചുകൊണ്ട് മറ്റു രീതികളിലും എല്ലാവര്‍ക്കും ഇക്കാര്യത്തില്‍ സംഭാവന ചെയ്യാന്‍ കഴിയും. തങ്ങളുടെ അഭിപ്രായത്തില്‍ പൊതുനന്മയ്ക്ക് ഉതകുമെന്നു തോന്നുന്ന രാഷ്ട്രീയ  പ്രശ്നപരിഹാരങ്ങളിലും നിയമനിര്‍മ്മാണപരമായ തീരുമാനങ്ങളിലും കൂടുതല്‍ കൂടുതല്‍ എത്തിച്ചേരാനും അവ സാക്ഷാത്കരിക്കാനും സാധിക്കും. ഓരോ വ്യക്തിയുടെയും സജീവവും ഉത്തരവാദിത്വപൂര്‍ണവും ഉദാരവുമായ ഉള്‍ച്ചേരലില്ലാതെ ജനാധിപത്യത്തിന്‍റെ ജീവിതം ഫലദായകമാകുകയില്ല. ആ ഉള്‍ച്ചേരല്‍ "രൂപങ്ങളുടെയും തലങ്ങളുടെയും ദൗത്യങ്ങളുടെയും ഉത്തരവാദിത്വങ്ങളുടെയും വൈവിധ്യത്തിലും പാരസ്പര്യത്തിലും ഉള്ളതായിരിക്കും."

"ക്രൈസ്തവ മനസ്സാക്ഷിയില്‍ നയിക്കപ്പെട്ട്" അതിന്‍റെ മൂല്യങ്ങളോടു പൊരുത്തപ്പെടുന്ന രീതിയില്‍, പൗരപരമായ കടമകള്‍ നിര്‍വഹിക്കുന്ന അല്മായവിശ്വാസികള്‍ ഭൗതികക്രമം ക്രൈസ്തവമൂല്യങ്ങള്‍കൊണ്ടു നിറയ്ക്കുകയെന്ന സ്വകീയമായ ദൗത്യം നിര്‍വഹിക്കുകയാണ്; തങ്ങള്‍ക്കുള്ള പ്രത്യേക യോഗ്യതയും ഉത്തരവാദിത്വവുമനുസരിച്ച് മറ്റു പൗരന്മാരുമായി സഹകരിക്കുകയുമാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ മൗലികപ്രബോധനമാണിത്. ഇതിന്‍റെ അനന്തരഫലം താഴെപ്പറയുന്നതാണ്: അല്മായവിശ്വാസികള്‍ പൊതുജീവിതത്തിലുള്ള, അതായത്, സാമ്പത്തികവും സാമൂഹികവും നിയമനിര്‍മ്മാണപരവും ഭരണനിര്‍വഹണസംബന്ധവും സാംസ്കാരികവുമായ അനേകം വ്യത്യസ്തമണ്ഡലങ്ങളിലുള്ള, പങ്കാളിത്തം, ഒരിക്കലും ഉപേക്ഷിക്കാന്‍ പാടില്ല. ആ മണ്ഡലങ്ങളാകട്ടെ, പൊതുനന്മ സജീവമായും വ്യവസ്ഥാപരമായും വളര്‍ത്താന്‍ ഉദ്ദേശിക്കപ്പെട്ടവയാണ്. പൊതുക്രമവും സമാധാനവും സ്വാതന്ത്ര്യവും സമത്വവും മനുഷ്യജീവനോടും പരിസ്ഥിതിയോടുമുള്ള ആദരം, നീതിയും ദൃഢൈക്യവും എന്നിങ്ങനെയുള്ള നന്മകള്‍ വളര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യുകയെന്നത് ഈ പങ്കെടുക്കലില്‍ ഉള്‍പ്പെട്ടിരിക്കുന്നു.

ഈ വിഷയത്തെക്കുറിച്ചുള്ള സഭയുടെ മുഴുവന്‍ പ്രബോധനവും ഈ ചെറിയ കുറിപ്പില്‍ അവതരിപ്പിക്കുന്നില്ല. അതിന്‍റെ സത്താപരമായ ഘടകങ്ങളെല്ലാം കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തില്‍ സംഗ്രഹിച്ചു ചേര്‍ത്തിട്ടുണ്ടല്ലോ. ജനാധിപത്യവാഴ്ചയുള്ള സമൂഹങ്ങളില്‍ കത്തോലിക്കരുടെ സാമൂഹികവും രാഷ്ട്രീയവുമായ ഉള്‍ച്ചേരല്‍ പ്രക്രിയയെ പ്രചോദിപ്പിക്കുന്നതും ക്രൈസ്തവ മനസ്സാക്ഷിക്കു സ്വാഭാവികമായിട്ടുള്ളതുമായ ചില തത്ത്വങ്ങള്‍ ഓര്‍മ്മിപ്പിക്കാന്‍ മാത്രമാണ് ഈ ലഘുലേഖകൊണ്ട് ഉദ്ദേശിക്കുന്നത്.ڈ മിക്കപ്പോഴും ലോകസംഭവങ്ങളുടെ സമ്മര്‍ദ്ദംമൂലം ആധുനികകാലത്ത് സന്ദേഹങ്ങളും ചോദ്യം ചെയ്യപ്പെടേണ്ട നിലപാടുകളും ഉണ്ടാകുന്നുണ്ട്. അവയെല്ലാം ഈ മണ്ഡലത്തില്‍ സഭാപ്രബോധനത്തിന്‍റെ ചില സുപ്രധാനഘടകങ്ങള്‍ വിശദീകരിക്കുക അത്യാവശ്യകാര്യമാക്കിത്തീര്‍ത്തിരിക്കുന്നു. 

ഇന്നത്തെ സാംസ്കാരിക-രാഷ്ട്രീയ തര്‍ക്കത്തിലെ കേന്ദ്രസ്ഥ വിഷയങ്ങള്‍

  1. ഇന്നത്തെ സിവില്‍ സമൂഹം സങ്കീര്‍ണ്ണമായ ഒരു സാംസ്കാരിക പ്രക്രിയയ്ക്കു വിധേയമായിക്കൊണ്ടിരിക്കുന്നു. കാരണം, ഒരു സഹസ്രാബ്ദം പുതുമയുടെ മുമ്പില്‍ അനിശ്ചിതത്വത്തിന്‍റെ ഒരു കാലഘട്ടം അവതരിപ്പിക്കുന്നുണ്ട്. മനുഷ്യമഹത്വത്തിന് കടുതല്‍ അനുഗുണമായ ജീവിതാവസ്ഥകള്‍ കൈവരിക്കുന്നതില്‍ മനുഷ്യവംശത്തിനു പുരോഗതിയുണ്ടായിട്ടുണ്ട്. നമ്മുടെ കാലഘട്ടത്തിലെ വന്‍തോതിലുള്ള കുതിച്ചുകയറ്റം അതിന്‍റെ തെളിവാണ്. ഇന്നും വികസനപാതയില്‍ നിലകൊള്ളുന്ന രാഷ്ട്രങ്ങളോടുള്ള ഉത്തരവാദിത്വബോധത്തിന്‍റെ വളര്‍ച്ച തീര്‍ച്ചയായും സുപ്രധാനമായ ഒരടയാളമാണ്. പൊതു നന്മ സംബന്ധിച്ച് കൂടുതല്‍ സംവേദകത്വമുണ്ടായിട്ടുണ്ടെന്ന് അതു വ്യക്തമാക്കുന്നു. എന്നാല്‍, അതേ സമയം, ചില അപകടങ്ങളുടെ നേരേ കണ്ണടയ്ക്കാന്‍ നമുക്കു കഴിയുകയില്ല. സമൂഹത്തിലെ ചില പ്രവണതകള്‍ നിയമനിര്‍മ്മാണംവഴി വളര്‍ത്താന്‍ ആഗ്രഹിക്കുന്ന അപകടങ്ങളാണവ. വരുംതലമുറകളുടെ മേല്‍ അവ ചെലുത്താവുന്ന അനന്തരഫലങ്ങളെ അവഗണിക്കാനും നമുക്കു സാധിക്കുകയില്ല.

ഇക്കാലത്ത് ഒരുതരം സാംസ്കാരിക ആപേക്ഷികതാവാദം (relativism) നിലനില്ക്കുന്നുണ്ട്. ധാര്‍മ്മികമായ ബഹുത്വവാദ (pluralism) ത്തെക്കുറിച്ചു സങ്കല്പിക്കുകയും അതിനെ പരിരക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതില്‍ അതു വ്യക്തമാണ്. യുക്തിയെയും സ്വാഭാവിക ധാര്‍മ്മിക നിയമത്തിന്‍റെ തത്ത്വങ്ങളെയും അധഃപതിപ്പിക്കാനും ഛിന്നഭിന്നമാക്കാനും അത് അനുവദിക്കുന്നു. കൂടാതെ, ജനാധിപത്യത്തിന്‍റെ നിലനില്പിന് അത്യന്താപേക്ഷിതമായ വ്യവസ്ഥയാണ് ധാര്‍മ്മികതയിലെ ബഹുത്വവാദമെന്ന് അഭിപ്രായം പൊതുരംഗങ്ങളില്‍ പ്രകടിപ്പിക്കുന്നത് ഇന്നു സാധാരണമായി കേള്‍ക്കുന്നുമുണ്ട്. ഇതിന്‍റെ ഫലമായി തങ്ങളുടെ ധാര്‍മ്മികതിരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച് തങ്ങള്‍ക്കു സമ്പൂര്‍ണ്ണ സ്വയംശാസനാധികാരമുണ്ടെന്ന് പൗരന്മാര്‍ അവകാശപ്പെടുന്നു. നിയമനിര്‍മ്മാതാക്കളാകട്ടെ, സ്വാഭാവിക ധാര്‍മ്മികതയുടെ തത്ത്വങ്ങള്‍ അവഗണിക്കുകയും ഉപരിപ്ലവമായ സാംസ്കാരിക-ധാര്‍മ്മിക പ്രവണതകള്‍ക്കു കീഴ്പ്പെടുകയും ചെയ്യുന്ന നിയമങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍, പൗരന്മാരുടെ ഈ തിരഞ്ഞെടുപ്പു സ്വാതന്ത്ര്യം തങ്ങള്‍ മാനിക്കുകയാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. ജീവിതത്തെ സംബന്ധിച്ച് സാധ്യമായ ഏതു വീക്ഷണവും തുല്യമൂല്യമുള്ളതായിരുന്നാലെന്നപോലെയാണ് അവര്‍ നിയമങ്ങള്‍ നിര്‍മ്മിക്കുന്നത്.

അതേസമയം ജനാധിപത്യത്തില്‍ ഓരോരുത്തര്‍ക്കും ലഭ്യമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ചു സമൂഹത്തിനും രാഷ്ട്രീയജീവിതത്തിനും സംഭാവന ചെയ്യുന്നത്, മനുഷ്യവ്യക്തിയെയും പൊതുനന്മയെയും കുറിച്ചുള്ള അവരുടെ സവിശേഷധാരണയുടെ അടിസ്ഥാനത്തിലായിരിക്കരുതെന്ന് കത്തോലിക്കര്‍ ഉള്‍പ്പെടുന്ന വലിയൊരു ജനസമൂഹത്തോട് ആവശ്യപ്പെടുന്നു. അങ്ങനെ ആവശ്യപ്പെടുമ്പോള്‍ സഹിഷ്ണുതയെന്ന മൂല്യത്തെ അവിദഗ്ധമായി, കൃത്രിമമായി, ആശ്രയിക്കുകയാണ്.

ആപേക്ഷിക വാദത്തിന്‍റെ അബദ്ധം തിരിച്ചറിഞ്ഞ പൗരന്മാര്‍ ശരിയായി ചെയ്തുവെന്നതിന് ഇരുപതാം നൂറ്റാണ്ടിന്‍റെ ചരിത്രം തെളിവു നല്കിയിട്ടുണ്ട്. മനുഷ്യവ്യക്തിയില്‍ വേരുറച്ചതും മനുഷ്യനെയും പൊതുനന്മയെയും രാഷ്ട്രത്തെയുംകുറിച്ചുള്ള നമ്മുടെ ധാരണ നിയന്ത്രിക്കേണ്ടതുമായ ഒരു ധാര്‍മ്മിക നിയമമില്ലെന്ന സങ്കല്പവും തെറ്റാണെന്നു തിരിച്ചറിഞ്ഞവരും ശരിയായി ചെയ്തുവെന്ന് അതു തെളിയിക്കുന്നുണ്ട്.

  1. വിവിധ രാഷ്ട്രീയാഭിപ്രായങ്ങളില്‍നിന്ന് വിശ്വാസത്തിനും സ്വാഭാവികധാര്‍മ്മിക നിയമത്തിനും ചേര്‍ന്നവ തിരഞ്ഞെടുക്കാന്‍ കത്തോലിക്കാപൗരന്മാര്‍ക്കുള്ള നിയമാനുസൃത സ്വാതന്ത്ര്യം സംബന്ധിച്ചും പൊതുനന്മയ്ക്ക് ഏറ്റവും അനുഗുണമായത് സ്വന്തം മാനദണ്ഡങ്ങളനുസരിച്ച് തിരഞ്ഞെടുക്കുന്നതു സംബന്ധിച്ചും അത്തരമൊരു ആപേക്ഷികതാവാദത്തിന് ഒന്നും ചെയ്യാനില്ല.

മനുഷ്യവ്യക്തിയുടെ നന്മ സംബന്ധിച്ച എല്ലാ ധാരണകള്‍ക്കും ഒരേ മൂല്യവും സത്യവുമുണ്ടെന്ന ആപേക്ഷികതാവാദപരമായ ആശയത്തിലല്ല രാഷ്ട്രീയ സ്വാതന്ത്ര്യം അടിയുറച്ചിരിക്കുന്നത്. അപ്രകാരമായിരിക്കാന്‍ അതിനു കഴിയുകയില്ല. പിന്നെയോ, ചരിത്രപരവും ഭൂമിശാസ്ത്രപരവും സാമ്പത്തികവും സാങ്കേതികവിദ്യാപരവും, സാംസ്കാരികവുമായ ഒരു നിശ്ചിത സാഹചര്യത്തില്‍, മാനുഷികവും സാമൂഹികവുമായ യഥാര്‍ത്ഥ നന്മയുടെ വസ്തുനിഷ്ഠമായ സാക്ഷാത്കാരം സംബന്ധിച്ചുള്ളതാണ്. രാഷ്ട്രീയമെന്ന വസ്തുതയിന്മേലാണ് രാഷ്ട്രീയസ്വാതന്ത്ര്യം അടിയുറച്ചിരിക്കുന്നത്. പൂര്‍ത്തിയാകേണ്ട ദൗത്യത്തിന്‍റെ സവിശേഷതകൊണ്ടും സാഹചര്യങ്ങളുടെ വൈവിധ്യം കൊണ്ടും ധാര്‍മ്മികമായി അംഗീകരിക്കാവുന്ന പോളിസികളും പ്രശ്നപരിഹാരങ്ങളുമുണ്ടാകുന്നു. ഓരോ വ്യക്തിയുടെയും സ്വതന്ത്രവും ഉത്തരവാദിത്തപൂര്‍ണവുമായ വിധിനിര്‍ണയത്തിനു ദൈവം വിട്ടുകൊടുത്തിരിക്കുന്ന ഭൗതിക പ്രശ്നങ്ങള്‍ക്ക് രാഷ്ട്രീയ പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുക സഭയുടെ ദൗത്യമല്ല. അംഗീകരിക്കത്തക്കതായ ഒറ്റ പരിഹാരമാര്‍ഗം നിര്‍ദ്ദേശിക്കുകയെന്നത് അത്ര പോലും സഭയുടെ ദൗത്യത്തില്‍ പെടുകയില്ല. എന്നാലും വിശ്വാസമോ ധാര്‍മ്മികനിയമമോ ആവശ്യപ്പെടുമ്പോള്‍ ഭൗതികകാര്യങ്ങളില്‍ ഒരു ധാര്‍മ്മിക വിധിനിര്‍ണയം നല്കുകയെന്നത് സഭയുടെ അവകാശവും കടമയുമാണ്.

ക്രൈസ്തവര്‍ "ലൗകികകാര്യങ്ങളുടെ സംഘാടനം സംബന്ധിച്ചിടത്തോളം വ്യത്യസ്തവീക്ഷണങ്ങള്‍ നിയമാനുസൃതമാണെന്ന് അംഗീകരിക്കണമെങ്കില്‍" ധാര്‍മ്മിക ആപേക്ഷികതാവാദം പ്രതിഫലിപ്പിക്കുന്ന ബഹുത്വസങ്കല്പം ജനാധിപത്യജീവിതത്തിനു ദ്രോഹകരമായ ഒന്നായി കരുതി തള്ളിക്കളയുകയും വേണം. വിട്ടുവീഴ്ചയില്ലാത്ത ധാര്‍മ്മിക തത്വങ്ങളാകുന്ന യഥാര്‍ത്ഥവും ദൃഢവുമായ അടിത്തറമേലാണ് ജനാധിപത്യം നിലകൊള്ളേണ്ടത്. ആ തത്ത്വങ്ങളാണ് സമൂഹത്തിലെ ജീവിതം താങ്ങി നിറുത്തുന്നത്.

വസ്തുനിഷ്ഠമായ രാഷ്ട്രീയപ്രവര്‍ത്തനത്തിന്‍റെ തലത്തില്‍ പൊതുവേ പല രാഷ്ട്രീയ പാര്‍ട്ടികളുമുണ്ടാകാം. അവയില്‍ കത്തോലിക്കര്‍ക്ക് പ്രത്യേകിച്ച് ലെജിസ്ലേറ്റീവ് അസംബ്ലി വഴി തങ്ങളുടെ രാജ്യത്തിന്‍റെ പൊതുജീവിതത്തിനു സംഭാവനനല്കാന്‍ അവകാശവും കടമയുമുണ്ട്. പല രാഷ്ട്രീയപാര്‍ട്ടികള്‍ ഉണ്ടാകുന്നതിന് പല കാരണങ്ങളുണ്ട്; സമൂഹത്തിന്‍റെ ക്രമവത്കരണം സംബന്ധിച്ച ചില തിരഞ്ഞെടുപ്പുകളുടെ സന്ദിഗ്ധസ്വഭാവം, ആ മൗലികമൂല്യം നേടാനോ സംരക്ഷിക്കാനോ ലഭ്യമായ തന്ത്രങ്ങളുടെ വൈവിധ്യം, രാഷ്ട്രീയ സിദ്ധാന്തത്തിന്‍റെ മൗലികതത്ത്വത്തിനു നല്കപ്പെടാന്‍ സാധ്യതയുള്ള വ്യത്യസ്തവ്യാഖ്യാനങ്ങള്‍, അനേകം രാഷ്ട്രീയ പ്രശ്നങ്ങളുടെ സാങ്കേതിക സങ്കീര്‍ണതകള്‍ എന്നിവയാണ് ആ കാരണങ്ങള്‍. ധാര്‍മ്മിക തത്ത്വങ്ങളുടെ അഥവാ, സാരാംശപരമായ മൂല്യങ്ങളുടെ തിരഞ്ഞെടുപ്പു സംബന്ധിച്ച് സംശയാസ്പദമായ ബഹുത്വമാണതെന്നു തെറ്റിധരിക്കരുത്. കത്തോലിക്കര്‍ക്ക് രാഷ്ട്രീയത്തോടുള്ള സമര്‍പ്പണത്തിന്‍റെ ഉത്പത്തിയില്‍ത്തന്നെ തിരഞ്ഞെടുപ്പുകളുടെ നിയമാനുസൃത ബഹുത്വമുണ്ട്. അത് നേരിട്ട് ക്രൈസ്തവധാര്‍മ്മികതയോടും സാമൂഹിക പ്രബോധനത്തോടും ബന്ധപ്പെട്ടിരിക്കുന്നു. ഈ പ്രബോധനത്തിന്‍റെ വെളിച്ചത്തിലാണ് കത്തോലിക്കാഅല്മായര്‍ രാഷ്ട്രീയ ജീവിതത്തിലുള്ള തങ്ങളുടെ ഭാഗഭാഗിത്വം വിലയിരുത്തേണ്ടത്. ഭൗതിക യാഥാര്‍ത്ഥ്യം സംബന്ധിച്ചിടത്തോളം ഉചിതമായ ഒരു ഉത്തരവാദിത്വബോധത്തിന്‍റെ മുദ്ര വഹിക്കുന്നതാണ് അതെന്ന് ഉറപ്പു വരുത്താന്‍ വേണ്ടിത്തന്നെ.

രാഷ്ട്രീയകാര്യങ്ങളിലുള്ള തിരഞ്ഞെടുപ്പുകളില്‍ പൗരന്മാരുടെ നേരിട്ടുള്ള ഭാഗഭാഗിത്വത്തിന്‍റെ ഏറ്റവും നല്ല പ്രകാശനം ജനാധിപത്യമാണെന്ന് സഭ അംഗീകരിക്കുന്നുണ്ട്. അതേസമയം ജനാധിപത്യം മനുഷ്യവ്യക്തിയെ സംബന്ധിച്ച ശരിയായ ധാരണയില്‍ അടിയുറച്ചിരിക്കുന്നിടത്തോളം മാത്രമേ സഭ അതിനെ അംഗീകരിക്കുകയുള്ളൂ. രാഷ്ട്രീയജീവിതത്തിലുള്ള കത്തോലിക്കരുടെ ഉള്‍ച്ചേരല്‍ ഈ തത്ത്വം സംബന്ധിച്ച് വിട്ടുവീഴ്ചയുള്ളതാകാന്‍ സാധ്യമല്ല. വിട്ടുവീഴ്ചയുള്ളതായാല്‍ ലോകത്തില്‍ ക്രൈസ്തവവിശ്വാസത്തിനു നല്കുന്ന സാക്ഷ്യമുണ്ടാവുകയില്ല. അതുപോലെ വിശ്വാസികളുടെ ഐക്യവും ആന്തരിക യോജിപ്പും ഉണ്ടാവുകയില്ല. ആധുനികരാഷ്ട്രം അടിയുറപ്പിച്ചിരിക്കുന്ന ജനാധിപത്യപരമായ വ്യവസ്ഥിതികള്‍ മനുഷ്യവ്യക്തിയെന്ന അടിസ്ഥാനത്തിലല്ല നിലയുറപ്പിക്കുന്നതെങ്കില്‍ അവ തികച്ചും ക്ഷണഭംഗുരമായിരിക്കും. വ്യക്തിയോടുള്ള ബഹുമാനമാണ് ജനാധിപത്യപരമായ ഭാഗഭാഗിത്വം സാധ്യമാക്കുന്നത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നപോലെ, "പൊതുജീവിതത്തിലും ഭരണത്തിലും പൗരന്മാര്‍ സജീവമായി പങ്കുചേരുന്നതിനുള്ള അത്യാവശ്യവ്യവസ്ഥ, വ്യക്തിയുടെ അവകാശങ്ങളുടെ" സംരക്ഷണമാണ്.

  1. ഇവിടെ നിന്നാണ് ഇന്നത്തെ പ്രശ്നങ്ങളുടെ സങ്കീര്‍ണസമൂഹം ഉദ്ഭവിക്കുന്നത്. അവയില്‍ ചിലത് മുന്‍തലമുറകള്‍ നേരിട്ടിട്ടില്ലാത്തവയാണ്. ശാസ്ത്രീയമണ്ഡലത്തിലെ പുരോഗതിമൂലം വലിയ മുന്നേറ്റങ്ങളുണ്ടായി. അവ സ്ത്രീപുരുഷന്മാരുടെ മനസ്സാക്ഷിയെ അസ്വസ്ഥമാക്കി. സമരവും അടിസ്ഥാനപരവുമായ വിധത്തില്‍ ധാര്‍മ്മിക നിയമങ്ങളോട് ആദരം പുലര്‍ത്തുന്ന പരിഹാരമാര്‍ഗങ്ങള്‍ അവ ആവശ്യപ്പെടുന്നു. അതേ സമയം സംസ്കാരത്തിന്‍റെയും സാമൂഹിക പെരുമാറ്റത്തിന്‍റെയും രൂപീകരണം സംബന്ധിച്ചിടത്തോളം മനുഷ്യവംശത്തിന്‍റെ അസ്തിത്വവും ഭാവിയും പരിഗണിക്കാത്ത നിയമനിര്‍മ്മാണപരമായ നിര്‍ദ്ദേശങ്ങളുണ്ടാകുന്നു. അവ മനുഷ്യജീവന്‍റെ അലംഘനീയതയെത്തന്നെ അക്രമിക്കുന്നു. പ്രയാസം നിറഞ്ഞ ഈ സാഹചര്യത്തില്‍, മനുഷ്യജീവനെപ്പറ്റി കൂടുതല്‍ ആഴത്തിലുള്ള ധാരണയും എല്ലാവര്‍ക്കും അതു സംബന്ധിച്ചുള്ള ഉത്തരവാദിത്വവും സമൂഹത്തെ ഓര്‍മ്മിപ്പിക്കാന്‍ കത്തോലിക്കര്‍ക്ക് അവകാശവും കടമയുമുണ്ട്.

"മനുഷ്യജീവനെ അക്രമിക്കുന്ന ഏതു നിയമത്തെയും എതിര്‍ക്കാന്‍ ഗൗരവാവഹവും സുവ്യക്തവുമായ കടമ" നേരിട്ട് നിയമനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കുണ്ടെന്ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ സഭയുടെ നിരന്തരപ്രബോധനം തുടര്‍ന്നുകൊണ്ട് പലപ്പോഴും ആവര്‍ത്തിച്ചിട്ടുണ്ട്. അവരെ സംബന്ധിച്ചിടത്തോളം, ഓരോ കത്തോലിക്കനെ സംബന്ധിച്ചുമെന്നപോലെ, അത്തരം നിയമങ്ങളെ പിന്താങ്ങാനോ അവയ്ക്ക് വോട്ടുചെയ്യാനോ സാധ്യമല്ല. ജോണ്‍ പോള്‍ രണ്ടാമന്‍ "ജീവന്‍റെ സുവിശേഷം" എന്ന ചാക്രികലേഖനത്തില്‍, പഠിപ്പിച്ചിട്ടുള്ളപോലെ ഗര്‍ഭഛിദ്രത്തിനു വേണ്ടി നിലകൊള്ളുന്ന നടപ്പിലാക്കിക്കഴിഞ്ഞതോ വോട്ടിനു വരുന്നതോ ആയ നിയമത്തെ മറികടക്കാനോ പൂര്‍ണമായി അസ്ഥിരപ്പെടുത്താനോ സാധ്യമല്ലാത്തപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍, "മനഃപൂര്‍വം നടത്തുന്ന ഗര്‍ഭഛിത്ത്രോടുള്ള വ്യക്തിപരമായ എതിര്‍പ്പില്‍ സുപ്രസിദ്ധനായ തിരഞ്ഞെടുക്കപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍, അത്തരമൊരു നിയമം ചെയ്ത ദ്രോഹങ്ങളെ പരിമിതപ്പെടുത്തുന്നതിനും പൊതുജനാഭിപ്രായത്തിന്‍റെയും പൊതുധാര്‍മ്മികതയുടെയും തലത്തില്‍ അതിന്‍റെ നിഷേധാത്മകങ്ങളായ അനന്തരഫലങ്ങളെ ലഘൂകരിക്കുന്നതിനുംവേണ്ടിയുള്ള നിര്‍ദ്ദേശങ്ങളെ നിയമാനുസൃതമായി പിന്താങ്ങണം."

ഈ സാഹചര്യത്തില്‍ ഒരു വസ്തുതകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. വിശ്വാസത്തിന്‍റെയും ധാര്‍മ്മികതയുടെയും മൗലിക ഉള്ളടക്കങ്ങള്‍ക്കു വിരുദ്ധമായ രാഷ്ട്രീയകര്‍മ്മപരിപാടിക്കോ വ്യക്തിനിയമത്തിനോ വേണ്ടി വോട്ടുചെയ്യാന്‍ നന്നായി രൂപവത്കരിക്കപ്പെട്ട ക്രൈസ്തവ മനസ്സാക്ഷി അനുവദിക്കുകയില്ലെന്നാണ് ആ വസ്തുത. ക്രൈസ്തവ വിശ്വാസം സമഗ്രമായ ഒരൈക്യമാണ്. അതുകൊണ്ട് മുഴുവന്‍ കത്തോലിക്കാസിദ്ധാന്തത്തിനും ദ്രോഹമുണ്ടാകത്തക്കവിധം ചില ഘടകങ്ങളെ വേര്‍തിരിക്കുന്നത് ശരിയല്ല. സഭയുടെ സാമൂഹിക സിദ്ധാന്തത്തിന്‍റെ ഒറ്റപ്പെട്ട ഒരു വശത്തോടു മാത്രമുള്ള രാഷ്ട്രീയ സമര്‍പ്പണംകൊണ്ട് പൊതുനന്മ സംബന്ധിച്ച ഒരുവന്‍റെ ഉത്തരവാദിത്വനിര്‍വഹണം പൂര്‍ണമാകുന്നില്ല. ഒരുവന് തന്‍റെ ക്രൈസ്തവ ഉത്തരവാദിത്വം മറ്റൊരാളെ ഏല്പിക്കുന്നതിനെപ്പറ്റി ചിന്തിക്കാനും പാടില്ല. മനുഷ്യനെയും ലോകത്തെയും സംബന്ധിച്ച സത്യം പ്രഘോഷിക്കപ്പെടുകയും പ്രാവര്‍ത്തികമാക്കപ്പെടുകയും ചെയ്യുന്നതിനുവേണ്ടി യേശുവിന്‍റെ സുവിശേഷം ഏല്പിച്ചതാണ് ഈ ദൗത്യം.

രാഷ്ട്രീയപ്രവര്‍ത്തനം അപവാദമോ വിട്ടുവീഴ്ചയോ റദ്ദാക്കലോ അംഗീകരിക്കാത്ത ധാര്‍മ്മികതത്ത്വങ്ങള്‍ക്ക് എതിരായി വരുമ്പോള്‍ കത്തോലിക്കാപ്രതിജ്ഞാബദ്ധത കൂടുതല്‍ വ്യക്തമാകുന്നു; ഉത്തരവാദിത്വഭരിതവുമായിത്തീരുന്നു. മൗലികവും അന്യാധീനപ്പെടുത്താനാവാത്തതുമായ ധാര്‍മ്മികാവശ്യങ്ങളുടെ മുമ്പില്‍, മനുഷ്യ വ്യക്തിയുടെ സമഗ്രനന്മ സംബന്ധിക്കുന്ന ധാര്‍മ്മികനിയമത്തിന്‍റെ സാരാംശമാണ് അപകടപ്പെട്ടിരിക്കുന്നതെന്ന് ക്രിസ്ത്യാനികള്‍ മനസ്സിലാക്കണം. ഗര്‍ഭഛിദ്രം, കാരുണ്യവധം എന്നിവ സംബന്ധിച്ച നിയമങ്ങളുടെ കാര്യത്തില്‍ ഇങ്ങനെ ചെയ്യണം (ധാര്‍മ്മികമായി നിയമാനുസൃതമായ അസാധാരണ ചികിത്സയ്ക്കു വിധേയനാകാനുള്ള തീരുമാനം അത്തരം പ്രവൃത്തിയായി തെറ്റിദ്ധരിക്കരുത്). അത്തരം നിയമങ്ങള്‍ ഗര്‍ഭസ്ഥാവസ്ഥ മുതല്‍ സ്വാഭാവികമരണം വരെ നിലനില്ക്കാന്‍ ജീവനുള്ള അവകാശം സംരക്ഷിക്കേണ്ടതാണ്. അതുപോലെ, മാനുഷികഭ്രൂണത്തിന്‍റെ അവകാശങ്ങളെ ആദരിക്കാനും സംരക്ഷിക്കാനുമുള്ള കടമയും ഓര്‍മ്മിക്കുക അത്യാവശ്യമാണ്.

ഇതുപോലെ, ഒരു സ്ത്രീയും ഒരു പുരുഷനും തമ്മിലുള്ള വിവാഹത്തെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്ന കുടുംബത്തെ സംരക്ഷിക്കുകയും വളര്‍ത്തുകയും ചെയ്യുക അത്യാവശ്യമാണ്. വിവാഹമോചനം സംബന്ധിച്ച ആധുനികനിയമങ്ങളുടെ മുമ്പില്‍ അതിന്‍റെ ഐക്യത്തിലും സ്ഥിരതയിലും സംരക്ഷിക്കപ്പെടുകയും വളര്‍ത്തപ്പെടുകയും വേണം. ഏതു തരത്തിലുളള കൂടിത്താമസ (cohabitation)വും വിവാഹത്തിന്‍റെ അതേ പദവിയില്‍ സ്ഥാപിക്കപ്പെടാന്‍ പാടില്ല. അവയ്ക്കു നൈയാമികമായി അംഗീകാരം, പ്രകൃത്യാ നല്കപ്പെടാനും പാടില്ല.

മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തിലുള്ള സ്വാതന്ത്ര്യം സംബന്ധിച്ചും ശരിയാണ്. ആ അവകാശം അന്യാധീനപ്പെടുത്താനാവാത്തതാണ്. മനുഷ്യാവകാശം സംബന്ധിച്ച സാര്‍വത്രിക പ്രഖ്യാപനവും അത് അംഗീകരിച്ചിട്ടുണ്ട്. അതുപോലെ, പ്രായപൂര്‍ത്തിയാകാത്തവരെ സംരക്ഷിക്കാന്‍ സമൂഹത്തിനുള്ള കടമയും അടിമത്തത്തിന്‍റെ ആധുനികരൂപങ്ങളില്‍ നിന്ന് (ഉദാഹരണമായി, മയക്കുമരുന്നുകളുടെ ദുരുപയോഗം, വേശ്യാവൃത്തി എന്നിവ) ആളുകളെ രക്ഷിക്കാനും സമൂഹത്തിനുള്ള കടമയെയും പരിഗണിക്കണം.

ഇതിനുപുറമേ, മതസ്വാതന്ത്ര്യത്തിനുള്ള അവകാശവും മനുഷ്യവ്യക്തിയുടെയും പൊതുനന്മയുടെയും സേവനത്തിനുള്ള ഒരു സാമ്പത്തിക ക്രമത്തിന്‍റെ വികസനവും പരിഗണിക്കണം. ആ വികസനം സാമൂഹികനീതിയെ ആദരിക്കുന്നതും മാനുഷിക ഐക്യദാര്‍ഢ്യത്തിന്‍റെയും സഹായതത്ത്വത്തിന്‍റെയും സിദ്ധാന്തങ്ങളെ ബഹുമാനിക്കുന്നതുമായിരിക്കണം. അതനുസരിച്ച്  "സകല വ്യക്തികളുടെയും കുടുംബങ്ങളുടെയും സംഘടനകളുടെയും അവകാശങ്ങളും അവയുടെ പ്രായോഗിക തലത്തിലുള്ള സാക്ഷാത്കാരവും അംഗീകരിക്കപ്പെടണം."

അവസാനമായി, സമാധാനമെന്ന പ്രശ്നം ഇവിടെ സൂചിപ്പിക്കേണ്ടിയിരിക്കുന്നു. സമാധാനസ്ഥാപനപരവും പ്രത്യയശാസ്ത്രപരവുമായ ചില വീക്ഷണങ്ങള്‍ ചിലപ്പോള്‍, സമാധാനമെന്ന മൂല്യത്തെത്തന്നെ മതരഹിതമാക്കാനുള്ള പ്രവണത (secularise) കാണിക്കുന്നു. ചിലപ്പോള്‍ കൈകാര്യം ചെയ്യേണ്ട പ്രശ്നങ്ങളുടെ സങ്കീര്‍ണതയെ മറന്നു കളയുന്ന പൊതുധാര്‍മ്മികവിധിതീര്‍പ്പുകള്‍ ഉണ്ടാകുവെന്ന പ്രശ്നമുണ്ട്. സമാധാനം എപ്പോഴും "നീതിയുടെ സൃഷ്ടിയും പരസ്നേഹത്തിന്‍റെ അനന്തരഫലവുമാണ്." അക്രമവും ഭീകരപ്രവര്‍ത്തനവും പരിപൂര്‍ണമായും മൗലികമായും ഉപേക്ഷിക്കാന്‍ അത് ആവശ്യപ്പെടുന്നു എല്ലാ രാഷ്ട്രീയനേതാക്കള്‍ക്കും സ്ഥിരവും ജാഗ്രതാപൂര്‍ണവുമായ സമര്‍പ്പണം ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നും അത് ആവശ്യപ്പെടുന്നുണ്ട്.

 ഭൗതികക്രമത്തിന്‍റെ സ്വയംശാസനാധികാരത്തെയും ബഹുത്വത്തെയും സംബന്ധിച്ച കത്തോലിക്കാസിദ്ധാന്തത്തിന്‍റെ തത്ത്വങ്ങള്‍

ഇത്തരം പ്രശ്നങ്ങളോടുള്ള സമീപനത്തില്‍ വ്യത്യസ്ത വൈകാരിക പ്രശ്നങ്ങളെയും സംസ്കാരങ്ങളെയും പ്രതിഫലിപ്പിക്കുന്ന രീതി ശാസ്ത്രങ്ങളുടെ ബഹുത്വമുണ്ടായിരിക്കുകയെന്നത് നിയമാനുസൃതമാണ്. അതേസമയം പൊതുനന്മയെ ബാധിക്കുന്ന, മൗലിക ധാര്‍മ്മികാവശ്യങ്ങള്‍ നശിപ്പിക്കുകയോ അവയുടെ കാര്യത്തില്‍ വിട്ടുവീഴ്ച വരുത്തുകയോ ചെയ്യുന്ന, നയങ്ങളെ പിന്താങ്ങാന്‍ വേണ്ടി ബഹുത്വവാദത്തിന്‍റെ തത്ത്വങ്ങളെയോ അല്മായരുടെ ഉള്‍ച്ചേരലിനുള്ള സ്വയം ശാസനാധികാരത്തെയോ ഒരു കത്തോലിക്കനും ആശ്രയിക്കാന്‍ പാടില്ല. പ്രകൃത്യാ പ്രത്യേക മതവിഭാഗങ്ങളുടെ മൂല്യങ്ങളെ (confessional values) സംബന്ധിച്ച പ്രശ്നമല്ല ഇത്. എന്തെന്നാല്‍ അത്തരം ധാര്‍മ്മികകല്പനകള്‍ മനുഷ്യപ്രകൃതിയില്‍ത്തന്നെ വേരുറച്ചിരിക്കുന്നതാണ്; സ്വാഭാവിക ധാര്‍മ്മിക നിയമത്തിന്‍റേതാണ്. ആ ധാര്‍മ്മിക കല്പനകള്‍ സഭയുടെ പ്രബോധനാധികാരം എപ്പോഴും എല്ലായിടത്തും സ്ഥിരീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്. മനുഷ്യനെ സംബന്ധിച്ച സത്യത്തിനും സിവില്‍ സമൂഹത്തിന്‍റെ പൊതുനന്മയ്ക്കുംവേണ്ടി ചെയ്യുന്ന സേവനത്തിന്‍റെ ഭാഗമായാണ് അങ്ങനെ ചെയ്യുന്നത്. എന്നാലും അവര്‍ക്കുവേണ്ടി വാദിക്കുന്നവരില്‍നിന്ന് ക്രൈസ്തവവിശ്വാസത്തിന്‍റെ ഏറ്റുപറച്ചില്‍ അവ ആവശ്യപ്പെടുന്നില്ല. കൂടാതെ, രാഷ്ട്രീയം പരിപൂര്‍ണമൂല്യത്തിന്‍റെ തത്ത്വങ്ങളോടു ബന്ധപ്പെട്ടിരിക്കണമെന്ന കാര്യം നിഷേധിക്കാനാവുകയില്ല. കാരണം, ആ തത്ത്വങ്ങള്‍ മനുഷ്യവ്യക്തിയുടെ മഹത്ത്വത്തിനും യഥാര്‍ത്ഥ മാനുഷികപുരോഗതിക്കും സേവനം ചെയ്യാവുന്നതാണ്.

  1. രാഷ്ട്രീയത്തില്‍ കത്തോലിക്കാ അല്മായരുടെ ഭാഗഭാഗിത്വത്തിന് നീതിപൂര്‍വകമായ സ്വയംശാസനാധികാരമുണ്ട് എന്ന വാദം വിശദീകരിക്കപ്പെടേണ്ടിയിരിക്കുന്നു. മനസ്സാക്ഷിപ്രകാരം സമൂഹത്തിന്‍റെ പൊതുനന്മ വളര്‍ത്തുകയെന്നതിന് കണ്‍ഫെഷണലിസത്തോട് അഥവാ മതപരമായ അസഹിഷ്ണുതയോട് യാതൊരു ബന്ധവുമില്ല. കത്തോലിക്കാധാര്‍മ്മികസിദ്ധാന്തത്തെ സംബന്ധിച്ചിടത്തോളം അത് മതത്തിന്‍റെയും സഭയുടെയും മണ്ഡലത്തില്‍ നിന്ന് (ധാര്‍മ്മികതയുടെ മണ്ഡലത്തില്‍ നിന്നല്ല) നീതിപൂര്‍വകമായി സ്വതന്ത്രമാണെന്നത് ഒരു മൂല്യമാണ്. ആ മൂല്യം കത്തോലിക്കാസഭ നേടിയതും അംഗീകരിച്ചതുമാണ്. അത് സമകാലികസംസ്കാരത്തിനു പൈതൃകമായി കിട്ടിയതുമാണ്.

മതമണ്ഡലത്തെയും രാഷ്ട്രീയമണ്ഡലത്തെയും തമ്മില്‍ കൂട്ടിക്കുഴയ്ക്കുന്നതില്‍നിന്നുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ പല പ്രാവശ്യം മുന്നറിയിപ്പു നല്കിയിട്ടുണ്ട്. "മതത്തിനും രാഷ്ട്രീയസമൂഹത്തിനും സ്വന്തമായിരുന്ന അധികാരമണ്ഡലങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ വേണ്ടവിധം പരിഗണിക്കാതെ സവിശേഷമായ ഒരു മതനിയമം രാഷ്ട്രത്തിന്‍റെ നിയമമാകുമ്പോള്‍, അല്ലെങ്കില്‍ അങ്ങനെയാകാനുള്ള പ്രവണത കാണിക്കുമ്പോള്‍ അങ്ങേയറ്റം വൈകാരികപ്രാധാന്യമുള്ള സാഹചര്യങ്ങളുണ്ടാകുന്നു. പ്രയോഗത്തില്‍ മതനിയമവും സിവില്‍നിയമവും ഒന്നായിത്തീരുമ്പോള്‍ മതസ്വാതന്ത്ര്യത്തെ ശ്വാസം മുട്ടിക്കാന്‍ അതിനു കഴിയും. അന്യാധീനപ്പെടുത്താനാവാത്ത മറ്റു മനുഷ്യാവകാശങ്ങളെ നിഷേധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യും."

സവിശേഷമാംവിധം മതപരമായിട്ടുള്ള പ്രവൃത്തികള്‍ (വിശ്വാസം ഏറ്റുപറച്ചില്‍, ദൈവാരാധന, കൂദാശകളുടെ അനുഷ്ഠാനം, ദൈവശാസ്ത്രപരമായ സിദ്ധാന്തങ്ങള്‍, മതാധികാരികളും മതങ്ങളുടെ അംഗങ്ങളും പരസ്പരം മാറിവരല്‍ മുതലായവ) രാഷ്ട്രത്തിന്‍റെ അധികാരത്തിനു വെളിയിലുള്ളവയാണെന്ന് എല്ലാ വിശ്വാസികള്‍ക്കും നന്നായി അറിയാം; പൊതുക്രമത്തിന്‍റെ പ്രശ്നം വരുമ്പോഴല്ലാതെ രാഷ്ട്രം അവയില്‍ ഇടപെടുകയോ അവ ആവശ്യപ്പെടുകയോ നിരോധിക്കുകയോ ചെയ്യരുത്. പൗരപരവും രാഷ്ട്രീയവുമായ അവകാശങ്ങളുടെ അംഗീകരണം പൗരന്മാരുടെ മതബോധ്യങ്ങളെയോ മതപ്രവര്‍ത്തനങ്ങളെയോ ആശ്രയിച്ചിരിക്കരുത്.

ആത്മാര്‍ത്ഥമായി സത്യം അന്വേഷിക്കുക, സമൂഹം, നീതി, സ്വാതന്ത്ര്യം, മനുഷ്യജീവനോടും വ്യക്തിയുടെ മറ്റ് അവകാശങ്ങളോടുമുള്ള ആദരം എന്നിവ നിയമാനുസൃതമാര്‍ഗങ്ങളിലൂടെ വളര്‍ത്താന്‍ കത്തോലിക്കര്‍ക്കും മറ്റ് എല്ലാ പൗരന്മാര്‍ക്കുമുള്ള അവകാശവും കടമയും തികച്ചും വ്യത്യസ്തമായ ഒന്നാണ്. ആ സത്യങ്ങളില്‍ ചിലതിനെപ്പറ്റി സഭയും പഠിപ്പിക്കുന്നുണ്ട്. ആ വസ്തുത അവയോടു സമര്‍പ്പണബുദ്ധിയുള്ള പൗരന്മാര്‍ നല്കുന്ന സംഭാവനയുടെ രാഷ്ട്രീയ നിയമാനുസൃതത്വത്തെയോ നീതിപൂര്‍വകമായ സ്വാതന്ത്ര്യത്തെയോ കുറയ്ക്കുന്നില്ല. അത്തരം സത്യങ്ങള്‍ അംഗീകരിക്കുന്നതില്‍ യുക്തിപൂര്‍വകമായ അന്വേഷണത്തിലോ സ്ഥിരീകരണത്തിലോ ക്രൈസ്തവവിശ്വാസം വഹിച്ച പങ്ക് അതില്‍ പരിഗണിക്കുന്നില്ല. സമൂഹത്തില്‍ മനുഷ്യജീവിതത്തെ സംബന്ധിച്ച സ്വാഭാവികജ്ഞാനത്തില്‍ നിന്നുണ്ടാകുന്ന സത്യങ്ങള്‍ ആദരിക്കുന്ന വ്യക്തിയുടെ മനോഭാവത്തെയാണ് അത്തരം സ്വാതന്ത്ര്യം ഒന്നാമതായി പരാമര്‍ശിക്കുന്നത്, കാരണം, സത്യം എപ്പോഴും ഒന്നുതന്നെയാകയാല്‍ അത്തരം സത്യങ്ങള്‍ ഏതെങ്കിലും ഒരു മതം പഠിപ്പിക്കുന്നുണ്ടാകും. ആ വസ്തുത ഈ വിഷയത്തില്‍ പരിഗണനീയമല്ല. സഭയുടെ ധാര്‍മ്മികവും സാമൂഹികവുമായ പ്രബോധനത്തില്‍ നിന്നുണ്ടാകുന്ന ഒരു തത്ത്വം രാഷ്ട്രീയജീവിതത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ കത്തോലിക്കര്‍ക്കുളള യഥാര്‍ത്ഥ സ്വാതന്ത്ര്യത്തെ തെറ്റിദ്ധരിക്കുന്നതു പിശകാണ്.

ഈ മണ്ഡലത്തില്‍ നടത്തുന്ന ഇടപെടലുകള്‍വഴി സഭയുടെ പ്രബോധനാധികാരം, രാഷ്ട്രീയാധികാരം പ്രയോഗിക്കാന്‍ ആഗ്രഹിക്കുന്നില്ല. അടിസ്ഥാനപരമല്ലാത്ത പ്രശ്നങ്ങള്‍ സംബന്ധിച്ച് കത്തോലിക്കര്‍ക്കുള്ള അഭിപ്രായസ്വാതന്ത്ര്യം ഇല്ലായ്മചെയ്യാനും ആഗ്രഹിക്കുന്നില്ല. മറിച്ച്, അത് തന്‍റെ സ്വകീയധര്‍മ്മമെന്ന നിലയില്‍ വിശ്വാസികളുടെ, പ്രത്യേകിച്ച് രാഷ്ട്രീയജീവിതത്തില്‍ ഉള്‍പ്പെടുന്നവരുടെ, മനസ്സാക്ഷിയെ പഠിപ്പിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

അവരുടെ പ്രവൃത്തികള്‍ എപ്പോഴും മനുഷ്യവ്യക്തിയുടെയും പൊതുനന്മയുടെയും സമഗ്രവളര്‍ച്ചയെ സഹായിക്കുന്നതിനുവേണ്ടിയാണ്. സഭയുടെ സാമൂഹികസിദ്ധാന്തം ഗവണ്‍മെന്‍റിലേക്കോ രാഷ്ട്രങ്ങളിലേക്കോ നടത്തുന്ന കടന്നുകയറ്റമല്ല. ധാര്‍മ്മികമായി നല്ലവരാകുകയെന്ന കടമ കത്തോലിക്കനുണ്ട്. ആ കടമയുടെ പ്രശ്നമാണിത്. ആ കടമ ഏറ്റവും അവിഭാജ്യവുമായ മനസ്സാക്ഷിയിലുള്ളതാണ്. "അവരുടെ അസ്തിത്വത്തില്‍ രണ്ടുസമാന്തരജീവിതങ്ങള്‍  ഉണ്ടായിരിക്കാന്‍ സാധിക്കുകയില്ല. ഒരു വശത്ത് മൂല്യങ്ങളോടും ആവശ്യങ്ങളോടും കൂടിയ "ആധ്യാത്മിക ജീവിത"വും മറു വശത്ത് "മതരഹിത" (secular) ജീവിതവും ഉണ്ടാകാന്‍ സാധ്യമല്ല. മതരഹിത ജീവിതമെന്നത് കുടുംബത്തിലും തൊഴിലിലും സാമൂഹിക ഉത്തരവാദിത്വങ്ങളിലും സാമൂഹിക സാംസ്കാരിക ജീവിതത്തിലുമുള്ള ജീവിതമാണ്. ക്രിസ്തു ആകുന്ന മുന്തിരിച്ചെടിയോട് ഒട്ടിച്ചു ചേര്‍ത്തശാഖ അസ്തിത്വത്തിന്‍റെയും പ്രവര്‍ത്തനത്തിന്‍റെയും എല്ലാ മണ്ഡലങ്ങളിലും ഫലം പുറപ്പെടുവിക്കുന്നു. യഥാര്‍ത്ഥത്തില്‍ വിശ്വാസികളുടെ വ്യത്യസ്തങ്ങളായ ജീവിതമണ്ഡലങ്ങള്‍ ദൈവികപദ്ധതിയിലേക്കു പ്രവേശിക്കുന്നു. ക്രിസ്തുവിന്‍റെ സ്നേഹം പിതാവിന്‍റെ മഹത്വത്തിനും മറ്റുള്ളവര്‍ക്കായുള്ള സേവനത്തിനുമായി വെളിപ്പെടുകയും സാക്ഷാത്കൃതമാകുകയും ചെയ്യാനുള്ള കാലത്തിലുള്ള സ്ഥാനങ്ങളായിരിക്കണം ആ മണ്ഡലങ്ങളെന്ന് ദൈവം ആഗ്രഹിക്കുന്നു. ഓരോ പ്രവര്‍ത്തനവും ഓരോ സാഹചര്യവും ഓരോ ഉത്തരവാദിത്വവും (തൊഴിലിലുള്ള വൈദഗ്ധ്യവും ദൃഢൈക്യവും കുടുംബത്തിലെ സ്നേഹവും സമര്‍പ്പണവും കുട്ടികളുടെ വിദ്യാഭ്യാസം, സമൂഹത്തിനും പൊതുജീവിതത്തിനും ചെയ്യുന്ന സേവനം, സാംസ്കാരിക മണ്ഡലത്തില്‍ സത്യത്തെ വളര്‍ത്തല്‍ മുതലായവ) വിശ്വാസം, ശരണം, പരസ്നേഹം എന്നിവയുടെ നിരന്തരമായ അഭ്യസനത്തിനായി ദൈവപരിപാലന നിശ്ചയിച്ചു തരുന്ന അവസരങ്ങളാണ് (അല്മായ പ്രേഷിതത്വം 4).

രാഷ്ട്രീയ പ്രശ്നങ്ങളില്‍ സ്വന്തം മനസ്സാക്ഷിയനുസരിച്ചു ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുകയെന്നത് രാഷ്ട്രീയത്തിന് അന്യമായ നിലപാടുകള്‍ അടിമയപ്പോലെ സ്വീകരിക്കലല്ല. ഒരു തരം കണ്‍ഫെഷണലിസവുമല്ല. പിന്നെയോ ക്രൈസ്തവര്‍ തങ്ങളുടെ വസ്തുനിഷ്ഠമായ സംഭാവന നല്കലാണ്. രാഷ്ട്രീയജീവിതത്തിലൂടെ സമൂഹം കൂടുതല്‍ നീതിയുള്ളതും മനുഷ്യവ്യക്തിയുടെ മഹത്ത്വത്തിന് കൂടുതല്‍ ചേരുന്നതും ആയിത്തീരാനാണത്.

ജനാധിപത്യസമൂഹങ്ങളില്‍ എല്ലാ നിര്‍ദ്ദേശങ്ങളും സ്വതന്ത്രമായി ചര്‍ച്ചചെയ്യപ്പെടുകയും പരിശോധിക്കപ്പെടുകയും ചെയ്യുന്നു. മനസ്സാക്ഷിയോടുള്ള ആദരത്തിന്‍റെ അടിസ്ഥാനത്തില്‍ മനസ്സാക്ഷിപ്രകാരം പ്രവര്‍ത്തിക്കാന്‍ ക്രിസ്ത്യാനിക്ക് ധാര്‍മ്മിക കടമയുണ്ട്. ആ കടമ മൂലം അവര്‍ രാഷ്ട്രീയജീവിതത്തിന് അയോഗ്യരാകുന്നുവെന്നു ചിന്തിക്കുന്നു; പൊതുനന്മയെക്കുറിച്ചുള്ള അവരുടെ ബോധ്യങ്ങളനുസരിച്ചു രാഷ്ട്രീയത്തില്‍ ഉള്‍പ്പെടുന്നത് നിയമാനസൃതമല്ലെന്ന് ചിലര്‍ ശഠിക്കുന്നു. അങ്ങനെ ചിന്തിക്കുന്നവര്‍ അസഹിഷ്ണുതയാര്‍ന്ന സെക്കുലറിസമെന്ന കുറ്റത്തില്‍ നിപതിക്കുന്നു. അത്തരമൊരു നിലപാട് പൊതുജീവിതത്തിലോ രാഷ്ട്രീയജീവിതത്തിലോ ക്രിസ്തുമതം നടത്തുന്ന ഏതു പ്രവര്‍ത്തനവും നിഷേധിക്കാന്‍ പരിശ്രമിക്കുന്നു. മാത്രമല്ല, അവര്‍ സ്വാഭാവികധാര്‍മ്മികതയുടെ സാധ്യതപോലും നിഷേധിക്കാന്‍ ശ്രമിക്കുകയാണ്. അങ്ങനെ ചെയ്താല്‍ അരാജകത്വത്തിനു വഴിതുറന്നുകൊടുക്കും. അത് നിയമാനുസൃതമായ ബഹുത്വമല്ലാത്ത മറ്റെന്തെങ്കിലുമാകും. പ്രബലന്മാര്‍ ദുര്‍ബലരെ പീഡിപ്പിക്കുകയെന്നായിരിക്കും അതിന്‍റെ അന്തരഫലമെന്നതു വ്യക്തമാണ്. ക്രിസ്തുമതത്തെ പുറം പോക്കിലേക്കു തള്ളുന്നത് സമൂഹത്തിന്‍റെ ഭാവിക്കും ജനതകളുടെ ഇടയിലുള്ള പൊതുധാരണയ്ക്കും നല്ലതല്ല. യഥാര്‍ത്ഥത്തില്‍ അത് സംസ്കാരത്തിന്‍റെ ആധ്യാത്മികവും സാംസ്കാരികവുമായ അടിസ്ഥാനങ്ങള്‍ക്കെതിരേ ഭീഷണി ഉയര്‍ത്തും.

 പ്രത്യേകവശങ്ങളെക്കുറിച്ചുള്ള പരിചിന്തനം

  1. കത്തോലിക്കാമതത്തിന്‍റെ തത്ത്വങ്ങളിന്മേല്‍ സ്ഥാപിക്കപ്പെട്ട ചില സംഘടനകള്‍, മൗലിക ധാര്‍മ്മിക പ്രശ്നങ്ങളെക്കുറിച്ചുള്ള സഭയുടെ ധാര്‍മ്മിക-സാമൂഹിക പ്രബോധനത്തിനെതിരായ നിലപാടുകളുള്ള രാഷ്ട്രീയശക്തികളെയോ പ്രസ്ഥാനങ്ങളെയോ പിന്താങ്ങിയ ചില സംഭവങ്ങള്‍ അടുത്തകാലത്തുണ്ടായി. ക്രൈസ്തവ മനസ്സാക്ഷിയുടെ മൗലികതത്ത്വങ്ങള്‍ക്കെതിരായ അത്തരം പ്രവര്‍ത്തനങ്ങള്‍, കാതോലികം എന്നു തങ്ങളെത്തന്നെ നിര്‍വചിക്കുന്ന സംഘടനകളിലോ അസോസിയേഷനുകളിലോ ഉള്ള അംഗത്വത്തിനു യോജിച്ചതല്ല. അതുപോലെ ചില രാജ്യങ്ങളിലുള്ള കത്തോലിക്കാ ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ സംശയാസ്പദമോ അബദ്ധമോ ആയ രാഷ്ട്രീയ തിരഞ്ഞെടുപ്പുകളെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിയിട്ടുണ്ട്. കത്തോലിക്കര്‍ക്കുള്ള രാഷ്ട്രീയസ്വാതന്ത്ര്യമെന്ന ആശയം ദുര്‍വ്യാഖ്യാനിച്ചുകൊണ്ടും മുകളില്‍ പറഞ്ഞ തത്ത്വങ്ങളെ അവഗണിച്ചുകൊണ്ടുമാണ് അങ്ങനെ ചെയ്തിട്ടുള്ളത്.

സുവിശേഷത്താല്‍ പ്രചോദിപ്പിക്കപ്പെട്ടതും കത്തോലിക്കാപാരമ്പര്യത്തിന്‍റെ മൂല്യങ്ങളും ഉള്ളടക്കവും വീണ്ടെടുക്കുന്നതുമായ സംസ്കാരം സൃഷ്ടിക്കാന്‍ നാം കൂടുതല്‍ പരിശ്രമിക്കണം. "വഴിയും സത്യവും ജീവനുമായ" (യോഹ 14:6) യേശുക്രിസ്തുവിലുള്ള വിശ്വാസം ആവശ്യപ്പെടുന്നു. കത്തോലിക്കാമതത്തിന്‍റെ ആധ്യാത്മികവും ബൗദ്ധികവും ധാര്‍മ്മികവുമായ പൈതൃകത്തിന്‍റെ ഫലങ്ങള്‍ ആധുനിക സംസ്കാരത്തിനു മനസ്സിലാകത്തക്കവിധം അവതരിപ്പിക്കുകയെന്നത് ഇന്ന് ഏറെ അത്യാവശ്യമായിരിക്കുന്ന ഒരു ദൗത്യമാണ്. ഒരുതരം കത്തോലിക്കാ സാംസ്കാരിക വിപ്രവാസം ഒഴിവാക്കാനും അത് അത്യാവശ്യമാണ്. കൂടാതെ വിവിധ രാഷ്ട്രങ്ങളില്‍, പ്രത്യേകിച്ച് രണ്ടാം ലോകമഹായുദ്ധത്തിനുശേഷം കത്തോലിക്കര്‍ക്ക് സാംസ്കാരിക നേട്ടങ്ങളും പക്വതയാര്‍ന്ന അനുഭവവും ഉണ്ടായിട്ടുണ്ട്. ദുഷ്ടമെന്നും തികച്ചും നാശകരമെന്നും ആധുനികചരിത്രം വ്യക്തമാക്കിയിട്ടുള്ള രാഷ്ട്രീയ കര്‍മ്മപരിപാടികളുമായി അവയെ താരതമ്യം ചെയ്യുമ്പോള്‍ അവര്‍ക്ക് ഒരുവിധത്തിലുള്ള അപകര്‍ഷബോധത്തിനും അവകാശമില്ല. സമൂഹത്തില്‍ കത്തോലിക്കരുടെ സമര്‍പ്പണത്തെ വ്യവസ്ഥിതികളുടെ രൂപാന്തരീകരണത്തില്‍ മാത്രമായി ഒതുക്കി നിറുത്തണമെന്ന ചിന്ത അപര്യാപ്തമണ്, ദരിദ്രമാക്കപ്പെട്ടതുമാണ്. എന്തെന്നാല്‍, വിശ്വാസത്തില്‍ നിന്നും ധാര്‍മ്മികതയില്‍നിന്നും ഉരുത്തിരിയുന്ന നിലപാടുകള്‍ സ്വീകരിക്കാനും അവയെ നീതിവത്കരിക്കാനും നടപ്പാക്കാനും കഴിയുന്ന ഒരു സംസ്കാരം അടിസ്ഥാനതലത്തിലുണ്ടായിരിക്കണം. അല്ലെങ്കില്‍ മാറ്റങ്ങള്‍ എപ്പോഴും ദുര്‍ബലമായ അടിസ്ഥാനത്തിലായിരിക്കും നിലകൊള്ളുന്നത്.

സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്നങ്ങള്‍ സംബന്ധിച്ച് കര്‍ക്കശമായ ഒരു ചട്ടക്കൂട് അടിച്ചേല്പിക്കാന്‍ ക്രൈസ്തവവിശ്വാസം ഒരിക്കലും തുനിഞ്ഞിട്ടില്ല. എന്തെന്നാല്‍ ശീഘ്രഗതിയിലുള്ള മാറ്റങ്ങള്‍ക്കുകൂടി വിധേയമായിരിക്കുന്ന അപൂര്‍ണ സാഹചര്യങ്ങളില്‍ സ്ത്രീപുരുഷന്മാര്‍ ജീവിക്കാന്‍ ചരിത്രപരമായ മാനം ആവശ്യപ്പെടുന്നുണ്ടെന്ന് അതിനറിയാം. ഇക്കാരണത്താല്‍ മിഥ്യയായ പ്രതീക്ഷകളാല്‍ പ്രചോദിപ്പിക്കപ്പെട്ട രാഷ്ട്രീയനിലപാടുകളും പ്രവര്‍ത്തനങ്ങളും ക്രൈസ്തവര്‍ ഉപേക്ഷിക്കണം. കാരണം, അവ വേദഗ്രന്ഥത്തില്‍ അടിയുറച്ച വിശ്വാസപാരമ്പര്യത്തെ ദൈവമില്ലാത്ത ഒരു തരം പ്രവാചക ദര്‍ശനമാക്കി മാറ്റും. കേവലം ഭൗതികമായ പ്രത്യാശയിലേക്ക് മനസ്സാക്ഷികളെ നയിച്ചുകൊണ്ട് മതത്തെ ദുരുപയോഗിക്കും. നിത്യജീവിതത്തിനുവേണ്ടിയുള്ള ക്രൈസ്തവ പരിശ്രമം ശൂന്യമാക്കുകയോ അതിന്‍റെ പുനര്‍വ്യഖ്യാനം നടത്തുകയോ ചെയ്യും.

അതേസമയം യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിന് സത്യത്തെ കൂടാതെ അസ്തിത്വമില്ലെന്ന് സഭ പഠിപ്പിക്കുന്നു: സത്യവും സ്വാതന്ത്ര്യവും ഒന്നുകില്‍ ഒന്നിച്ചു കൈകോര്‍ത്തു പോകുന്നു; അല്ലെങ്കില്‍ അവ ഒന്നിച്ചു ദുരിതത്തില്‍ നശിക്കുന്നു. സത്യത്തെ സൂചിപ്പിക്കുകയോ അന്വേഷിക്കുകയോ ചെയ്യാത്ത ഒരു സമൂഹത്തില്‍ സ്വാതന്ത്ര്യത്തിന്‍റെ ഏതു പ്രകടനരൂപവും ദുര്‍ബലമായിരിക്കും. അനിയന്ത്രിതവും വ്യക്തിവാദപരവുമായ കുഴപ്പങ്ങള്‍ക്ക് വാതില്‍ തുറന്നിടും. മനുഷ്യവ്യക്തിയുടെയും മുഴുവന്‍ സമൂഹത്തിന്‍റെയും സുരക്ഷിതത്വം നശിപ്പിക്കുകയും ചെയ്യും.

  1. ഇതിനെ സംബന്ധിച്ച്, ഇന്ന് പൊതുജനാഭിപ്രായത്തില്‍ മിക്കപ്പോഴും കാണാതിരിക്കുകയോ ശരിയായി ക്രോഡീകരിക്കാതിരിക്കുകയോ ചെയ്യുന്ന ഒരു സത്യം അനുസ്മരിക്കുക സഹായകമായിരിക്കും: രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ മതസ്വാതന്ത്ര്യം പ്രഖ്യാപനത്തില്‍ പഠിപ്പിക്കുന്ന മനസ്സാക്ഷി സ്വാതന്ത്ര്യത്തിനുള്ള അവകാശം, പ്രത്യേകിച്ച് മതസ്വാതന്ത്ര്യം. മതങ്ങള്‍ തമ്മില്‍ നിലവിലില്ലാത്ത സമത്വത്തിന്മേലോ മനുഷ്യന്‍ സൃഷ്ടിച്ച സാംസ്കാരിക സമ്പ്രദായങ്ങളിന്മേലോ അടിയുറപ്പിച്ചിട്ടുള്ളതല്ല. പിന്നെയോ മനുഷ്യവ്യക്തിയുടെ അസ്ഥിത്വപരമായ മഹത്വത്തിന്മേല്‍ അടിയുറപ്പിച്ചിട്ടുള്ളതാണ്. ഈ വിഷയത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ട് പോള്‍ ആറാമന്‍ മാര്‍പാപ്പ ഇപ്രകാരം പഠിപ്പിച്ചു: "എല്ലാ മതങ്ങളും അബദ്ധസിദ്ധാന്തങ്ങള്‍ ഉള്‍ക്കൊള്ളുന്ന എല്ലാ പ്രബോധനങ്ങളും ഏറെക്കുറെ തുല്യമൂല്യമുള്ളവയാണെന്ന ധാരണയിന്മേലല്ല പിന്നെയോ വ്യക്തിയുടെ മഹത്വത്തിന്മേലാണ് രണ്ടാം വത്തിക്കാന്‍ സൂനഹദോസ് മതസ്വാതന്ത്ര്യത്തിനുള്ള അവകാശം അടിയുറപ്പിച്ചത്. സത്യമതത്തെ അന്വേഷിക്കുകയോ അതിനോട് ഒട്ടിച്ചേരുകയോ ചെയ്യുന്നതില്‍നിന്ന് മനസ്സാക്ഷിയെ നിയന്ത്രിക്കുന്ന ബാഹ്യമായ പരിമിതപ്പെടുത്തലുകള്‍ക്ക് അവന്‍ വിധേയനാക്കപ്പെടരുതെന്ന് ആവശ്യപ്പെടുന്ന ഒന്നാണ് വ്യക്തിയുടെ മഹത്വം." അതുകൊണ്ട്, കത്തോലിക്കാ സിദ്ധാന്തം മതപരമായ നിസ്സംഗതയേയും ആപേക്ഷികതയേയും എതിര്‍ക്കുമ്പോള്‍ അത് മനസ്സാക്ഷി സ്വാതന്ത്ര്യത്തെയും മതസ്വാതന്ത്ര്യത്തെയുംകുറിച്ചുള്ള പ്രബോധനത്തിനു വിരുദ്ധമായിട്ടല്ല. നേരേമറിച്ച് അതിനു തികച്ചും യോജിച്ച വിധത്തിലാണു പ്രവര്‍ത്തിക്കുന്നത്.

 ഉപസംഹാരം

ഈ ലഘുലേഖയില്‍ അടങ്ങിയിരിക്കുന്ന തത്ത്വങ്ങള്‍ ക്രൈസ്തവ ജീവിതത്തിനുള്ള ഐക്യത്തിന്‍റെ സുപ്രധാന വശത്തിലേക്കും വെളിച്ചം വീശുന്നതാണ്. രണ്ടാം വത്തിക്കാന്‍ സൂനഹദോസ് ഓര്‍മ്മിപ്പിച്ച വിശ്വാസവും ജീവിതവും തമ്മില്‍, സുവിശേഷവും സംസ്കാരവും തമ്മില്‍ ഉണ്ടായിരിക്കേണ്ട ചേര്‍ച്ചയാണ് ആ വശം. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ക്രൈസ്തവരെ ഇപ്രകാരം ആഹ്വാനം ചെയ്തു: "സുവിശേഷ ചൈതന്യത്തിനു ചേര്‍ന്നവിധം വിശ്വസ്തതയോടെ കടമകള്‍ നിര്‍വഹിക്കണം. നമുക്കിവിടെ ശാശ്വതമായ നഗരമില്ല, വരാനിരിക്കുന്ന നഗരം നാം അന്വേഷിക്കുകയാണ് എന്നിങ്ങനെ വിചാരിച്ച് ഭൗമിക കടമകളില്‍നിന്ന് ഒഴിഞ്ഞു മാറുന്നവന്‍ സത്യത്തില്‍നിന്നു വഴുതിമാറുകയാണ്; ഓരോ വ്യക്തിക്കും ലഭിച്ച വിളി അനുസരിച്ച് ആ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ വിശ്വാസംവഴി നാം കൂടുതല്‍ കടപ്പെട്ടിരിക്കുന്നുവെന്ന കാര്യം മറന്നുകളയുകയാണ്... എല്ലാ കാര്യങ്ങളും ദൈവമഹത്വത്തിലേക്കു നയിക്കുന്ന മതാത്മക മൂല്യങ്ങളുടെ പരമമായ നേതൃത്വത്തിന്‍ കീഴില്‍ മാനുഷികവും കുടുംബപരവും തൊഴില്‍പരവും ശാസ്ത്രീയവും സാങ്കേതികവുമായ സംരംഭങ്ങള്‍ കൂട്ടിയിണക്കത്തക്കവിധം ഭൗമിക പ്രവര്‍ത്തനം നിര്‍വഹിക്കാന്‍ അവസരം ലഭിക്കുന്ന അനേകം ക്രൈസ്തവര്‍ക്ക് അഭിമാനിക്കാം."

Political Guide issued by the Faith Committee the church Mar Joseph Pamplany catholic malayalam catholic apologetics Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message