x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ഇതരമത ദൈവശാസ്ത്രം

ബഹുത്വം ബൈബിളില്‍

Authored by : Dr. Vincent Kundukulam, Fr. Tom Olicarotta On 30-Jan-2021

വൈവിധ്യങ്ങളുടെ ഭൂമികയാണ് ഈ ലോകം. ഭൂമിശാസ്ത്രപരമായി മാത്രമല്ല വംശം, വര്‍ണം, ഭാഷ, ലിംഗം, സംസ്കാരം, മതം എന്നിങ്ങനെ ഒട്ടനവധി തലങ്ങളിലൂടെയും വൈവിധ്യം സാക്ഷാത്കരിക്കപ്പെട്ടിട്ടുണ്ട്. ഈ വൈവിധ്യങ്ങളില്‍ ഒരുപക്ഷെ മനുഷ്യജീവിതത്തെ ആഴത്തില്‍ സ്വാധീനിക്കുന്നത് മതപരവും സാംസ്കാരികവുമായ ഘടകങ്ങളായിരിക്കാം. ലോകജനതയുടെ പുരോഗതിതന്നെ മത സാംസ്കാരിക വൈവിധ്യത്തോട് മനുഷ്യന്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് നിലകൊള്ളുന്നതെന്നു കരുതുന്നതില്‍ തെറ്റില്ല. ലോകചരിത്രം പരിശോധിക്കുമ്പോള്‍ മറ്റ് എല്ലാതലങ്ങളിലുള്ള വൈവിധ്യങ്ങളെയുംകാള്‍ മനുഷ്യന്‍ അസഹിഷ്ണുതയോടെ സമീപിച്ചിട്ടുള്ളത് മതബഹുത്വത്തോടാണ് എന്ന് വ്യക്തമാകും.

മതവിശ്വാസങ്ങളിലുള്ള ബഹുത്വം ഒരു നൂതനപ്രതിഭാസമല്ല. മനുഷ്യന്‍ ഈശ്വരാരാധന തുടങ്ങിയ നാള്‍മുതല്‍ അവന്‍റെ വിശ്വാസങ്ങളിലും ആ വിശ്വാസം ആവിഷ്കൃതമായ ആചാരാനുഷ്ഠാനങ്ങളിലും  വൈവിധ്യം  ഉണ്ടായിരുന്നു. ചരിത്രം വെളിവാക്കുന്നതുപോലെ, മതവിശ്വാസങ്ങളിലെ ഈ ഭേദചിന്തകള്‍ സംഘര്‍ഷങ്ങള്‍ക്കു വഴിതെളിക്കുന്നുണ്ടെങ്കിലും അവ പലപ്പോഴും സൃഷ്ടിപരമായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ബഹുസ്വരതയില്‍ നിന്നുടലെടുക്കുന്ന സംഘര്‍ഷങ്ങള്‍ സര്‍ഗാത്മകമായിരുന്നു എന്നു പറയുമ്പോള്‍ അവ പുതിയ മതവിശ്വാസങ്ങളുടെ രൂപീകരണത്തിനും വികാസത്തിനും കാരണമായിട്ടുണ്ട് എന്നാണ് അര്‍ത്ഥമാക്കുന്നത്. ഉദാഹരണമായി ഇന്ത്യയില്‍ ബുദ്ധ-ജൈനമതങ്ങള്‍ വളര്‍ന്നുവികസിച്ചത് അന്ന് ശക്തമായി നിലനിന്നിരുന്ന ബ്രാഹ്മണമതത്തോട് കലഹിച്ചുകൊണ്ടായിരുന്നു. എണ്ണിയാലൊടുങ്ങാത്ത പ്രാദേശിക ദൈവങ്ങളുടെ നാട്ടിലാണ് യഹൂദ വിശ്വാസം ഉടലെടുക്കുന്നത്. വിജാതീയ ദൈവങ്ങളുമായുള്ള നിരന്തര സംഘര്‍ഷവും അവ സൃഷ്ടിച്ച വെല്ലുവിളികളുമായിരുന്നു യഹൂദമതത്തെ ഏകദൈവവിശ്വാസത്തിന്‍റെ അടിത്തറയില്‍ ഉറപ്പിച്ചു നിര്‍ത്തിയത്. അപ്പോള്‍ വൈവിധ്യം അതിനാല്‍ത്തന്നെ മതങ്ങളുടെ നിലനില്‍പ്പിന്  ഒരു ഭീഷണിയല്ലെന്നും പരസ്പരപൂരകങ്ങളായി വര്‍ത്തിക്കാനുള്ള വിശാലതയിലേക്കാണ് നയിക്കുന്നതെന്നും സൂചിപ്പിക്കുന്നത്.

ബഹുത എന്നാല്‍

നെസ്ലെ ന്യൂബിഗിന്‍ എന്ന പാശ്ചാത്യ ചിന്തകന്‍റെ അഭിപ്രായത്തില്‍ "മതങ്ങള്‍ തമ്മിലുള്ള വൈജാത്യങ്ങള്‍ ശരിതെറ്റുകളുടെ ഒരു വിഷയം എന്നതിലുപരി ഒരേ സത്യത്തിന്‍റെ വ്യത്യസ്തങ്ങളായ ഭാഷ്യങ്ങളാണെന്ന വിശ്വാസമോ തദനുസൃതമായ വിശാലകാഴ്ചപ്പാടോ ആണ്".

1) ബഹുത എന്ന പ്രതിഭാസത്തിന്‍റെ അന്തരാത്മാവിനെ മനസ്സിലാക്കാന്‍ രണ്ടുതരത്തിലുള്ള വ്യാഖ്യാനങ്ങള്‍ നല്‍കാറുണ്ട്. അവയിലൊന്ന് "നാനാത്വത്തില്‍ ഏകത്വം" എന്ന തത്വത്തെ അടിസ്ഥാനമാക്കിയാണ്. വിവിധങ്ങളായ മതങ്ങള്‍ അവയുടെ വൈവിധ്യംനിറഞ്ഞ സാംസ്കാരിക സാമൂഹിക സാഹചര്യങ്ങളില്‍നിന്ന് ഏകമായ സത്യത്തെ നോക്കിക്കാണുമ്പോള്‍ ഭിന്നമായി തോന്നാമെങ്കിലും  സത്യം ഏകമാണെന്നതാണ് നാനാത്വത്തിലെ ഏകത്വം എന്ന തത്വത്തിന്‍റെ കാതല്‍. "ഏകം സത്വിപ്രാ ബഹുധാവദന്തി" എന്ന ഉപനിഷത് വാക്യം ഇവിടെ സ്മരണാര്‍ഹമാണ്. ഇതിനോട് ചേര്‍ന്നുതന്നെ "ഗവാം അനേക വര്‍ണ്ണാനാം ക്ഷീരസ്യാപി ഏകവര്‍ണ്ണതാം"  'പശുക്കള്‍ പലനിറത്തിലുണ്ടെങ്കിലും അവ തരുന്ന പാലിനെല്ലാം ഒരേ നിറം' എന്ന ഉപനിഷത് സൂക്തവും പ്രസക്തമാണ്. പല മതങ്ങള്‍ക്കും അവയുടേതായ ആരാധനാ രീതികളും ദര്‍ശന ശാസ്ത്രങ്ങളും അനുഷ്ഠാനക്രമങ്ങളും ഉണ്ടായാലും  ഇവ തമ്മില്‍ പ്രത്യക്ഷ വൈരുദ്ധ്യങ്ങള്‍ അനുഭവപ്പെടാമെങ്കിലും  എല്ലാറ്റിന്‍റെയും ആരംഭമായ ഈശ്വര ചൈതന്യം ഒന്നുതന്നെ.

വിവിധങ്ങളായ മതവിശ്വാസങ്ങള്‍ സത്യത്തിന്‍റെ പലതായ മുഖങ്ങളാണെന്ന കാഴ്ച്ചപ്പാട് ഒരു മതത്തിന്‍റെയും അനന്യത ചോദ്യം ചെയ്യുന്നില്ല. മറിച്ച് വിശ്വാസത്തിന്‍റെയും ധാര്‍മ്മികതയുടെയും മേഖലക്കുള്ളില്‍ വൈവിധ്യത്തിനുള്ള സാധ്യത ഈ സമീപനം അംഗീകരിക്കുന്നു. അതിനാല്‍ മതങ്ങളുടെ വൈവിധ്യം ഇല്ലാതാകുന്നതിനേക്കാള്‍ വൈവിധ്യങ്ങളുടെ ബാഹ്യാവരണങ്ങള്‍ക്കുള്ളില്‍ കുടികൊള്ളുന്ന ഏകതാനവും സ്വച്ഛവുമായ ഈശ്വര ചൈതന്യത്തെ സ്വാംശീകരിക്കുക എന്നതാണ് ബഹുസ്വരതയുടെ അന്തസാരം. കാള്‍ ജാസ്പേര്‍സ്, ജോണ്‍ ഹിക്ക് തുടങ്ങിയവര്‍ ഈ ചിന്താഗതിയിലൂടെ ബഹുതയെ നോക്കിക്കാണുന്നതില്‍ ഏറെ പ്രശസ്തരാണ്.

2) ബഹുതയുടെ ആന്തരാര്‍ത്ഥം മനസ്സിലാക്കുന്നതിന് നല്‍കുന്നതിന് മറ്റൊരു വ്യാഖ്യാനം മതങ്ങളെല്ലാം ആപേക്ഷിക യാഥാര്‍ത്ഥ്യങ്ങളാണെന്നാണ് (realitive reality). മതങ്ങള്‍ ആപേക്ഷിക യാഥാര്‍ത്ഥ്യങ്ങളാണെന്ന  വീക്ഷണത്തിന് പിന്‍തുണ നല്‍കുന്ന ദൈവശാസ്ത്രജ്ഞന്മാരില്‍ ഏറ്റവും ശ്രദ്ധേയന്‍ കാള്‍ റാണര്‍ തന്നെയാണ്. റാണറിന്‍റെ അഭിപ്രായത്തില്‍ ഒരുമതത്തെയും നമുക്ക് കേവലയാഥാര്‍ത്ഥ്യമായിട്ട് (absolute reality) കാണാനാവില്ല. കേവല യാഥാര്‍ത്ഥ്യത്തെ അനുഭവിച്ചറിയാനുള്ള ആപേക്ഷിക മാധ്യമങ്ങളാണ് മതങ്ങള്‍. എല്ലാ മതങ്ങള്‍ക്കുള്ളിലും അപൂര്‍ണ്ണതയുടെ അംശങ്ങളുണ്ട്. കാരണം മതങ്ങള്‍ പരമാര്‍ത്ഥ സത്യത്തെ ആവിഷ്കരിക്കാനുള്ള മാനുഷിക പരിശ്രമങ്ങളുടെ ആകെത്തുകയാണ്.

മതങ്ങളിലെ വെളിപാടുകള്‍, ആദ്ധ്യാത്മികത, വിശുദ്ധഗ്രന്ഥങ്ങള്‍ എന്നിവ കേവല യാഥാര്‍ത്ഥ്യത്തിന്‍റെ അപൂര്‍ണ്ണവും ആപേക്ഷികവുമായ ആവിഷ്കാരങ്ങളാണ്. ഉദാഹരണമായിട്ട് ബുദ്ധമതത്തെ സംബന്ധിച്ചിടത്തോളം കേവലമായത് 'നിര്‍വ്വാണ' അഥവാ ഈശ്വര സാക്ഷാത്കാരം മാത്രമാണ്. ശ്രീ ബുദ്ധന്‍റെ ഉപദേശങ്ങള്‍ ബുദ്ധമതാനുഷ്ഠാനങ്ങള്‍ എന്നിവയെല്ലാം തികച്ചും ആപേക്ഷികങ്ങളാണ്. കര്‍മ്മ ബന്ധങ്ങളുടെയും ജനന മരണങ്ങളുടെയും ജീവിതസാഗരം കടന്ന് ഈശ്വരനിലെത്താന്‍ മനുഷ്യനെ സഹായിക്കുന്ന നൗകകളായിവേണം ഇവയെ കാണാനും വിലയിരുത്താനും.

മതങ്ങള്‍ക്കുള്ളിലെ മതാത്മകത തിരിച്ചറിയാന്‍ കഴിയാത്തതുകൊണ്ടാണ് ഇന്ന് മതസംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ച് വരുന്നത്. മതങ്ങള്‍ വിരല്‍ചൂണ്ടുന്ന കേവലയാഥാര്‍ത്ഥ്യത്തില്‍ ദൃഷ്ടിയുറപ്പിക്കുന്നതിനു പകരം ചൂണ്ടിക്കാണിക്കുന്ന ചൂണ്ടുവിരലുകളില്‍ കണ്ണുടക്കി കാലം കഴിക്കുന്ന വിശ്വാസികളാണ് ഇന്ന് ഏറെയും. ആധുനിക മനുഷ്യന് ബഹുത്വം അനുഗ്രഹമായിട്ട് അനുഭവപ്പെടണമെങ്കില്‍ മതങ്ങള്‍ വിഭാവനം ചെയ്യുന്ന ഏകമായ ഈശ്വരദര്‍ശനത്തിലേക്കു വളരാനുള്ള ആര്‍ജ്ജവത്ത്വം നമുക്കുണ്ടാകണം.

മതബഹുത്വത്തിന് ക്രൈസ്തവ ദൈവശാസ്ത്രത്തിന്‍റെ പരിധിയില്‍നിന്ന് പ്രതികരിച്ചവരില്‍  പ്രസിദ്ധനാണ് ജോണ്‍ ഹിക്ക്. അദ്ദേഹത്തിന്‍റെ കാഴ്ച്ചപ്പാടില്‍ ബഹുത്വം സംഘര്‍ഷത്തിന് വഴിവെയ്ക്കുന്നത് ഓരോ വ്യക്തിയും തന്‍റെ മതത്തിലെ വെളിപാടില്‍ പൂര്‍ണത അവകാശപ്പെടുമ്പോള്‍ മാത്രമാണ്. ബഹുതയെന്നാല്‍ സകല മതങ്ങളിലും വെളിപാടിന്‍റെ അംശത്തെ കണ്ടെത്തുന്ന വിശാലതയും സ്വന്തം മതവിശ്വാസത്തിലെ അപൂര്‍ണ്ണതകളുടെ അംഗീകാരവുമാണ്.

എല്ലാ മതങ്ങളിലും മറഞ്ഞിരിക്കുന്ന സത്യത്തിന്‍റെ രശ്മികളെ കണ്ടെത്താനും സ്വാംശീകരിക്കാനുമുള്ള ശ്രമങ്ങളാണ് യഥാര്‍ത്ഥ മതാത്മകതയുടെ കാതല്‍. തങ്ങളുടെ മതത്തിനുവെളിയില്‍ സത്യത്തിന്‍റെ പ്രഭ കാണാന്‍ കഴിയാത്തതാണ് ഇന്ന് വര്‍ദ്ധിച്ചുവരുന്ന മതതീവ്രവാദത്തിന് നിദാനം. ഈ സാഹചര്യത്തില്‍ ബഹുതയെ ഭാവാത്മകമായി മനസ്സിലാക്കുന്ന ഒരു ക്രൈസ്തവ ദൈവശാസ്ത്രം അനിവാര്യമാകുന്നു. ഒരു മത സമൂഹം എന്ന നിലയ്ക്ക്  സഭ ഇതരമതങ്ങളെ നോക്കിക്കാണുന്ന രീതിയും, ഇതരമതങ്ങള്‍ക്കുള്ളിലെ വെളിപാടുകളെ തങ്ങള്‍ക്കു ഭരമേല്‍പിക്കപ്പെട്ട ദൈവിക വെളിപാടിനോട് ചേര്‍ത്ത് വ്യാഖ്യാനിക്കുന്ന വിധവും ഏറെ പ്രാധാന്യമേറിയതാണ്. ചിന്തകനായ ഡബ്ലിയു. സി. സ്മിത്തിന്‍റെ വാക്കുകള്‍ ശ്രദ്ധിക്കുക: "ആധുനിക മനുഷ്യന്‍റെ മതാത്മകതയെന്നാല്‍ ബഹുതയുടെ പശ്ചാത്തലത്തിലുള്ള ഒരു മതാത്മകത എന്ന് നാം പുനര്‍ നിര്‍വചിക്കണം."

ചരിത്രപരമായ വീക്ഷണം

ബഹുത്വം എന്ന പ്രതിഭാസത്തെ ചരിത്രപരമായി വ്യാഖ്യാനിച്ചവരില്‍ ഏറ്റവും ശ്രദ്ധേയനാണ് ഏണസ്റ്റ് ട്രോള്‍ഷ്. ചരിത്രപരമായ ആപേക്ഷികതാവാദത്തിന്‍റെ പിതാവായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. ദൈവിക വെളിപാടുകളെക്കുറിച്ചുള്ള പരമ്പരാഗത ചിന്താരീതികളെ തിരുത്തിക്കുറിച്ചുകൊണ്ടാണ് ട്രോള്‍ഷ് തന്‍റെ വീക്ഷണത്തില്‍ അവതരിപ്പിക്കുന്നത്. ചരിത്രത്തിലെ ഒരു പ്രത്യേക കാലഘട്ടത്തില്‍ ലോകത്തിന്‍റെ ഒരു പ്രത്യക കോണില്‍ ഒരു വിശേഷാല്‍ ജനതയ്ക്ക് മാത്രം സ്വയം വെളിപ്പെടുത്തുന്ന ദൈവസങ്കല്‍പം ട്രോള്‍ഷിന്‍റെ ചിന്താരീതിയുമായി തെല്ലും ചേര്‍ന്ന് പോകുന്നില്ല. ട്രോള്‍ഷിന്‍റെ അഭിപ്രായത്തില്‍ ഇത്തരം ദൈവസങ്കല്‍പങ്ങള്‍ ദൈവത്തിന്‍റെ മുഖം വ്യക്തമാക്കുന്നതിനേക്കാള്‍ വികൃതമാക്കാനാണ് ഉപകരിക്കുന്നത്. തന്‍റെ മക്കളില്‍ ചിലരോട് പ്രത്യേക മമതയും മറ്റ് ചിലരോട് അപ്രിയവും കാണിക്കുന്ന പക്ഷപാതിയായ പിതാവായി ദൈവത്തെ അവതരിപ്പിക്കുന്നത് ശരിയല്ല. ലോകത്തിലെ സകല ജനപദങ്ങളിലും സകല കാലഘട്ടങ്ങളിലും അന്തര്‍യാമിയായി വസിച്ച് സ്വയം വെളിപ്പെടുത്തുന്നവനായിട്ടാണ് ട്രോള്‍ഷ് ദൈവത്തെ സങ്കല്‍പിക്കുന്നത്. ദൈവം മനുഷ്യചരിത്രത്തില്‍നിന്ന് അകലെ വസിക്കുന്നവനല്ല. മറിച്ച് മനുഷ്യന്‍റെ ചരിത്രത്തോട് ഒത്തു ചരിക്കുന്നവനും ചരിത്രത്തില്‍ ജീവിക്കുന്നവനുമാണ്.

പ്രപഞ്ചത്തിലും മനുഷ്യചരിത്രത്തിലും ഉള്‍ചേര്‍ന്നവനായ ഈ ദൈവത്തെ പ്രതിഫലിപ്പിക്കുകയും ആവിഷ്കരിക്കുകയുമാണ് മതങ്ങള്‍ ചെയ്യുന്നത്. എല്ലാ ചരിത്രങ്ങളിലും ദൈവത്തിന്‍റെ സാന്നിദ്ധ്യവും സഹവാസവുമുണ്ട്. മനുഷ്യര്‍ അവരുടെ ചരിത്രത്തില്‍ സഹയാത്രികനായ ദൈവത്തെ അവരുടെ സാംസ്കാരിക പശ്ചാത്തലത്തില്‍ ആവിഷ്കരിക്കാനും അനുഭവിക്കാനും ശ്രമിക്കുമ്പോള്‍ മതാത്മകതയായി. അതിനാല്‍ ഒരു മതത്തിനും കേവലമൂല്യം നല്കി ആദരിക്കാനാവില്ല. സ്ഥലകാലപരിമിതിലളുള്ളതിനാല്‍ വെളിപാടുകളെല്ലാം അപൂര്‍ണങ്ങളാകാനേ തരമുള്ളൂ. മതങ്ങളുടെ ആരാധ്യപുരുഷന്മാരും മതങ്ങള്‍ വിശുദ്ധങ്ങളായി കരുതുന്ന ലിഖിതങ്ങളും അപ്രകാരംതന്നെ. ഇങ്ങനെ ചരിത്രത്തിന്‍റെ പരിപ്രേഷ്യത്തില്‍നിന്ന്  വീക്ഷിക്കുമ്പോള്‍ ദൈവത്തിന് പല ചരിത്രങ്ങളുണ്ടാകാം; ഓരോ ചരിത്രത്തിലും ഓരോ പേരുമുണ്ടാകാം. ജനതകളുടെ ആവശ്യമനുസരിച്ച് പല വ്യക്തിത്വങ്ങളിലൂടെയും സംഭവങ്ങളിലൂടെയും ദര്‍ശനങ്ങളിലൂടെയും ഈശ്വരന്‍ സ്വയം വെളിപ്പെടുത്തിയെന്നിരിക്കാം. ചുരിക്കത്തില്‍ ചരിത്രാത്മകമായ അന്വേഷണത്തില്‍ മതവൈവിധ്യം ഒരു അനിവാര്യ പ്രതിഭാസം എന്ന നിഗമനത്തിലാണ് ട്രോള്‍ഷ് എത്തിച്ചേരുന്നത്.

ബഹുത എന്ന കാലികയാഥാര്‍ത്ഥ്യത്തെ വിവിധങ്ങളായ വീക്ഷണപരിധികളിലൂടെ നോക്കിക്കാണുകയും അതിന്‍റെ അസ്ഥിവാരങ്ങള്‍ ചികയുകയുമായിരുന്നു നാമിതുവരെ. ഈ അന്വേഷണത്തില്‍ എത്തിച്ചേര്‍ന്ന ചില നിഗമനങ്ങളാണ് താഴെ പറയുന്നത്:

*  എല്ലാ തങ്ങള്‍ക്കുള്ളിലും മാനുഷിക ചേതനയെ അതിലംഘിക്കുന്ന ഒരു അതിസ്വഭാവികവും അതിഭൗതികവുമായ പരമസത്തയുടെ ആവിഷ്കാരമുണ്ട്.

* മതങ്ങള്‍ക്കുള്ളിലും പുറമെയും ഈ കേവലയാഥാര്‍ത്ഥ്യത്തെ വിഭിന്നങ്ങളായ സങ്കേതങ്ങളിലൂടെയും പ്രതീകങ്ങളിലൂടെയും മനുഷ്യന്‍ തിരിച്ചറിയുന്നു.

*  മതവൈവിധ്യം എന്നത് തികച്ചും അപേക്ഷികവും ഉപരിപ്ലവവുമായ ഒരു പ്രതിഭാസമാണ്.

* മാനുഷികമായ പരിമിതികള്‍ നിമിത്തം നമ്മുടെ ഈശ്വരദര്‍ശനം പലപ്പോഴും ഏതെങ്കിലും മതത്തിന്‍റെ ചട്ടക്കൂടുകളിലും സങ്കേതങ്ങളിലുമായി ചുരുങ്ങിപ്പോകുന്നു.

* മതസങ്കല്പങ്ങളെ ആത്മവിമര്‍ശനത്തിന് വിധേയമാക്കി, ആത്മീയാനുഭവത്തിന്‍റെ ആഴങ്ങളിലേക്കു കടന്നുചെല്ലുകയാണ് യഥാര്‍ത്ഥമായ സത്യദര്‍ശനത്തിനുള്ള മാര്‍ഗം.

 

ബഹുമതത്വം - പഴയനിയമത്തില്‍

ദൈവരാജ്യത്തിന് സാക്ഷ്യംവഹിച്ച് തീര്‍ത്ഥാടനം ചെയ്യുന്ന ക്രിസ്തുശിഷ്യരുടെ സമൂഹമാണല്ലോ സഭ. ലോകവുമായി നിരന്തരം സംഭാഷണത്തിലേര്‍പ്പെട്ടുകൊണ്ടാണ് സഭ ഈ ദൗത്യം നിര്‍വ്വഹിക്കേണ്ടത്. വിവിധ ജനപദങ്ങളുടെ സാംസ്കാരികവും മതപരവുമായ സവിശേഷതകളുമായി സഹവസിച്ചുള്ള ഈ യാത്ര ക്രൈസ്തവജീവിതത്തെ സ്വാധീനിക്കുമെന്നതില്‍ സംശയമില്ല. ഇസ്രായേല്‍ ജനത്തിന്‍റെയും ആദിമക്രൈസ്തവരുടെയും ചരിത്രം വിശ്വാസങ്ങളുടെ കണ്ടുമുട്ടലിന്‍റെയും പരസ്പരപോഷണത്തിന്‍റെയും ചരിത്രമാണെന്നു പറയാം. ഇസ്രായേല്‍ ജനത്തിന്‍റെ ചരിത്രത്തില്‍ അഥവാ പഴയനിയമത്തില്‍ ഇതരമതവിശ്വാസികളോട് പുലര്‍ത്തിയിരുന്ന സമീപനത്തെക്കുറിച്ചുള്ള ഒരപഗ്രഥനമാണ് ഈ അദ്ധ്യായം.

ഉത്പത്തി 1-11 അദ്ധ്യായങ്ങള്‍

വിശുദ്ധ ഗ്രന്ഥം ആരംഭിക്കുന്നതുതന്നെ സാര്‍വ്വത്രികവും സര്‍വാശ്ലേഷിയുമായ രക്ഷയുടെ കഥ പറഞ്ഞുകൊണ്ടാണ്. അബ്രാഹത്തിന്‍റെ വിളിയോ, ഇസ്രായേലുമായുള്ള ഉടമ്പടിയോ അല്ല ബൈബിളിന്‍റെ തുടക്കം; മറിച്ച് സൃഷ്ടിയുടെ വിവരണമാണ്. ദൈവം മനുഷ്യനെ സൃഷ്ടിച്ചത് അവിടുത്തെ സ്വന്തം ഛായയിലും സാദൃശ്യത്തിലുമാണ് (ഉത്പത്തി 1,26). തന്‍റെതന്നെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കുകവഴി സകല മനുഷ്യരുമായും ദൈവം കൂട്ടായ്മയിലും ആഴമായ സൗഹൃദത്തിലുമാണ്. എല്ലാ മനുഷ്യരുടെയും സത്ത ദൈവികമായതിനാല്‍ അവര്‍ ഏതു ദേശത്തിലും മതത്തിലും സംസ്കാരത്തിലും ജീവിക്കുന്നവരായാലും സമന്മാരും തുല്യമായ ആദരവിന് അര്‍ഹരുമാണ്. തന്‍റെതന്നെ ഛായയും സാദൃശ്യവും പേറുന്ന ഏതെങ്കിലും ജനതയെ ഉപേക്ഷിക്കാന്‍ ദൈവത്തിനാകുമോ? ഇങ്ങനെ സകല ജനപദങ്ങളുടെയും രക്ഷയും നന്മയും ആഗ്രഹിക്കുന്ന ദൈവത്തെയാണ് സൃഷ്ടിയുടെ വിവരണം അവതരിപ്പിക്കുന്നത്.

നോഹയുമായുള്ള ഉടമ്പടി

സൃഷ്ടിയിലൂടെ ഉണ്ടായ അസ്തിത്വാത്മക ബന്ധത്തിന്‍റെ തുടര്‍ച്ചയായിട്ടുവേണം നോഹയുമായുള്ള ഉടമ്പടി മനസ്സിലാക്കാന്‍. ദൈവത്തിന്‍റെ സാര്‍വലൗകികമായ കരുണയുടെയും സ്നേഹത്തിന്‍റെയും പ്രതീകമാണ് ഈ ഉടമ്പടി. ഭൂമിയില്‍നിന്ന് ദുഷ്ടത ഇല്ലാതാക്കാന്‍ ജലപ്രളയത്തിലൂടെ ഇടപെട്ട ദൈവം നീതിമാനായിരുന്ന നോഹയെയും കുടുംബത്തെയും രക്ഷിച്ചു. ജലപ്രളയത്തിനുശേഷം നോഹിനോടും സര്‍വജീവജാലങ്ങളോടുമായിട്ടാണ് കര്‍ത്താവ് ഉടമ്പടി ചെയ്തത്. "ഇനിയൊരിക്കലും സര്‍വ്വജീവനെയും നശിപ്പിക്കാന്‍പൊന്ന പ്രളയം ഉണ്ടാകുകയില്ല. മേഘങ്ങളില്‍ മഴവില്ല് തെളിയുമ്പോള്‍ ഭൂമുഖത്തുള്ള എല്ലാ ജീവജാലങ്ങളുമായി ചെയ്ത എന്നേക്കുമായുള്ള ഉടമ്പടി ഞാനോര്‍ക്കും" (ഉത്പ 9,15-16). ഈ ഉടമ്പടിയുടെ അവകാശികള്‍ കേവലം ഇസ്രായേല്‍ ജനത മാത്രമല്ല; നോഹക്കുശേഷം ഉണ്ടായ എല്ലാ ജനപദങ്ങളും അതിലുള്‍പ്പെടുന്നു. മനുഷ്യവംശം മുഴുവനും ഉള്‍ക്കൊള്ളുന്ന നോഹയുമായുള്ള ഉടമ്പടിയുടെ ഫലം ഇന്നും നിലനില്‍ക്കുന്നുണ്ട്.

ബാബേല്‍ സംഭവം

ഉത്പത്തി പുസ്തകം 11-ാം  അദ്ധ്യായത്തില്‍ ചിത്രീകരിക്കുന്ന ബാബേല്‍ സംഭവത്തെ ദൈവശാസ്ത്രപരമായ കാഴ്ചപ്പാടിലൂടെ നോക്കുമ്പോള്‍ ബഹുത്വം ദൈവത്തിന്‍റെ മനുഷ്യവംശത്തെക്കുറിച്ചുള്ള പദ്ധതിയുടെ ഭാഗമാണെന്ന് വ്യക്തമാകും. ഭൂമിയില്‍ ഒരു ഭാഷയും ഒരു ജീവിതശൈലിയും, ആരാധനാ രീതിയും നിലനിന്ന കാലത്ത് മനുഷ്യന്‍ അവന്‍റെ ഒരുമയുടെ ഓര്‍മ്മ നിലനിര്‍ത്താന്‍ അംബരചുംബിയായ ഗോപുരം പണിയാനാരംഭിക്കുന്നു. എന്നാല്‍ ദൈവം ഇറങ്ങിവന്ന് അവരുടെ ഭാഷയും സംസ്കാരവും ഭിന്നിപ്പിച്ച് ഭൂതലമാകെ അവരെ ചിതറിക്കുന്നു. സകല ബഹുത്വങ്ങളുടെയും തുടക്കം ഈ ദൈവിക ഇടപെടലാണെന്നാണ് ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം. ഭിന്നിച്ചുപോയ ഭാഷയും സംസ്കാരവും പിന്നീട് മനുഷ്യവംശത്തിന്‍റെ നാള്‍വഴികളില്‍ ബഹുത്വത്തിന്‍റെ രാസത്വകമായെന്ന് ചരിത്രം സാക്ഷിക്കുന്നു.

പൂര്‍വ്വപിതാക്കന്മാരുടെ കാലഘട്ടം

പൂര്‍വ്വപിതാക്കന്മാരുടെ കാലത്ത് ഏകദൈവവിശ്വാസം ശക്തിപ്പെട്ടിരുന്നില്ല. കര്‍ത്താവിനെയാണ് സത്യദൈവമായി ആരാധിച്ചിരുന്നതെങ്കിലും അന്യദേവന്മാരെ അപ്പാടെ നിരാകരിക്കുന്നതായിരുന്നില്ല അവരുടെ രീതി. നല്ല കിടപ്പാടങ്ങളും കാലവസ്ഥയും അന്വേഷിച്ച് ദേശാന്തര ഗമനം ചെയ്തിരുന്ന അവര്‍ ചെന്നെത്തിയ നാടുകളിലെ സംസ്കാരവും വിശ്വാസവുമായി പൊരുത്തപ്പെട്ടുപോകാന്‍ നിര്‍ബന്ധിതരായിരുന്നു.

പൂര്‍വ്വപിതാക്കന്മാരുടെ ബഹുദൈവ വിശ്വാസ പാരമ്പര്യത്തിലേക്കു വെളിച്ചം വീശുന്ന ഒന്നാണ് ജോഷ്വായുടെ ഷെക്കമിലെ ഉടമ്പടി. മോശയുടെ മരണശേഷം ഇസ്രായേലിന്‍റെ അധിപനായി നിയമിക്കപ്പെട്ട ജോഷ്വാ കാനാന്‍ ദേശത്ത് എത്തിയതിനുശേഷം ജനങ്ങളെ വിളിച്ചുകൂട്ടി കര്‍ത്താവ് അവര്‍ക്കുവേണ്ടി ചെയ്ത കാര്യങ്ങളെല്ലാം വിവരിച്ചു. തുടര്‍ന്ന് കര്‍ത്താവായ ദൈവത്തെ സേവിക്കണമെന്നു കല്പിച്ചപ്പോള്‍ മുന്‍കാലങ്ങളില്‍ അവരുടെ പിതാക്കന്മാര്‍ അന്യദൈവങ്ങള്‍ക്കു സേവ ചെയ്ത കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. "ഈജിപ്തിലും നദിക്കരയിലും നിങ്ങളുടെ പിതാക്കന്മാര്‍ സേവിച്ചിരുന്ന ദേവന്മാരെ ഉപേക്ഷിച്ച് കര്‍ത്താവിനെ സേവിക്കുവിന്‍. കര്‍ത്താവിനെ സേവിക്കുന്നതിന് മനസ്സില്ലെങ്കില്‍ നദിയ്ക്കക്കരെ നിങ്ങളുടെ പിതാക്കന്മാര്‍ സേവിച്ച ദേവന്മാരെയോ, നിങ്ങള്‍ വസിക്കുന്ന നാട്ടിലെ അമ്മോന്യരുടെ ദേവന്മാരെയോ, ആരെയാണ് സേവിക്കുന്നത് എന്ന് ഇന്നു തന്നെ തീരുമാനിക്കുവിന്‍. ഞാനും എന്‍റെ കുടുംബവും കര്‍ത്താവിനെ സേവിക്കും" (ജോഷ്വാ 24,14-15).

പിതാക്കന്മാരുടെ കാലത്ത് ഓരോ ദേശത്തിനും ഗോത്രത്തിനും ഓരോ ദൈവം എന്നതായിരുന്നു പൊതു സമ്പ്രദായം. ഓരോ ദൈവത്തിന്‍റെയും അധികാരം ആ ദേശത്തിലോ ഗോത്രത്തിനുള്ളിലോ മാത്രമായിരുന്നു ഒതുങ്ങി നിന്നിരുന്നത്. സീദോണിലെ ദേവന്‍ അസ്റ്റാര്‍ട്ടും, മോവാബിലേത് കിമോഷും, അമ്മോന്യരുടേത് മില്‍കോമും, ഫിലിസ്ത്യയിലേത് ബേല്‍സബൂലും ആണെന്ന് നിശ്ചയിക്കപ്പെട്ടിരുന്നു. അതുകൊണ്ട് ആ ദേശങ്ങളില്‍ വസിച്ചിരുന്ന കാലത്ത് പിതാക്കന്മാര്‍ തദ്ദേശവാസികളുടെ ദേവന്മാരെ ആദരിച്ചു പോന്നു.

മോശയുടെ കാലഘട്ടം

യഹോവയിലുള്ള വിശ്വാസം ഇസ്രായേലില്‍ രൂഢമൂലമാകുന്നത് മോശയുടെ കാലഘട്ടത്തോടെയാണ്. പുറപ്പാട് പുസ്തകം 19-20 അദ്ധ്യായങ്ങളില്‍ പ്രതിപാദിക്കുന്ന സീനായ് ഉടമ്പടിയും, പത്തു പ്രമാണങ്ങളും വെളിപ്പെടുത്തുന്നത് സര്‍വ്വ ജനപദങ്ങളുടെയും കര്‍ത്താവായി ഒരു ദൈവമേ ഉള്ളൂ എന്നും അവിടുന്ന് മോശയ്ക്ക് സ്വയം വെളിപ്പെടുത്തിയവനായ യഹോവയാണെന്നുമാണ്. ഇസ്രായേല്‍ക്കാരെ സ്വജനമായി സ്വീകരിച്ച യഹോവ അവരില്‍ നിന്ന് വിശ്വസ്തമാ ഒരു സ്നേഹബന്ധമാണ് ആഗ്രഹിച്ചത്. തങ്ങളെ സൃഷടിക്കുകയും ഈജിപ്തിലെ അടിമത്വത്തില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്ത യഹോവയല്ലാതെ മറ്റൊരു ദൈവം യഹൂദര്‍ക്ക് ഉണ്ടാകരുതെന്ന് മോശ നിഷ്കര്‍ഷിക്കുന്നുണ്ട്.

ഇസ്രായേല്‍ യഹോവയുടെ ദേശമായതിനാല്‍ അവിടെ വസിക്കുന്നവരെല്ലാം യഹോവായെ ദൈവവമായി ആദരിക്കണമെന്നുണ്ടായിരുന്നു; അതിന് വിസമ്മതിച്ചാല്‍ ദൈവശിക്ഷയുണ്ടാകും എന്ന വിശ്വാസവും അവിടെ നിലനിന്നിരുന്നുവെന്നതിന് ദൃഷ്ടാന്തമാണ് രാജാക്കന്മാരുടെ രണ്ടാം പുസ്തകം 17-ാം അദ്ധ്യായത്തില്‍ വിവരിച്ചിട്ടുള്ള സംഭവം. അസ്സീറിയാ രാജാവ് ബാബിലോണ്‍, കുത്താ, അവ്വാ, ഹമാത്, സെഫാര്‍വയിം എന്നിവിടങ്ങളില്‍നിന്ന് ആളുകളെ കൊണ്ടുവന്ന് സമറിയാ നഗരങ്ങളില്‍ പാര്‍പ്പിച്ചു. അവിടെ വാസം തുടങ്ങിയ കാലത്ത് അവര്‍ കര്‍ത്താവിനോട് ഭക്ത്യാദരങ്ങള്‍ കാണിച്ചില്ല. അതിനാല്‍ അവിടുന്ന് അവരുടെ ഇടയിലേക്കു സിംഹങ്ങളെ അയയ്ക്കുകയും ചെയ്തു. ഇതറിഞ്ഞ അസ്സീറിയാ രാജാവ് ഒരു പുരോഹിതനെ അയച്ച് പാര്‍പ്പിക്കപ്പെട്ട ജനങ്ങളുടെ ദേശത്തെ ദൈവമായ കര്‍ത്താവിനോട് ഭക്ത്യാദരങ്ങള്‍ കാണിക്കേണ്ടതെങ്ങനെയാണെന്ന് ജനത്തെ പഠിപ്പിച്ചു (1 രാജാ 17,24-28).

ചെങ്കടല്‍ കടന്നുവന്നതിനുശേഷം മോശയുടെയും അഹറോന്‍റെയും സഹോദരിയും പ്രവാചികയുമായ മിരിയാമിന്‍റെ നേതൃത്വത്തില്‍ പാടിയ കീര്‍ത്തനം ഇതരദൈവങ്ങളുടെമേല്‍ യഹോവ നേടിയ വിജയത്തെ വാഴ്ത്തിപ്പുകഴ്ത്തുന്നതാണ്. ദേവന്മാരില്‍ അവിടുത്തേയ്ക്ക് തുല്യനായി ആരുമില്ലെന്നും വിശുദ്ധിയിലും മഹത്വത്തിലും ശക്തമായ അത്ഭുത പ്രവര്‍ത്തനത്തിലും അവിടുന്ന് അതില്യനാണെന്നും അവര്‍ ഉദ്ഘോഷിച്ചു (പുറ 15,1-21).

യഹോവയുടെ അപ്രമാദിത്വം ഏറ്റുപറയുമ്പോള്‍ വിജാതീയരെ ശത്രുക്കളായി കണക്കാക്കണമെന്ന് മോശ പഠിപ്പിച്ചു എന്ന് അര്‍ത്ഥമില്ല. കാരണം മോശ വിജാതീയരോട് വിശാലമായ കാഴ്ചപ്പാട് പുലര്‍ത്തിയതായും നമ്മള്‍ കാണുന്നുണ്ട്. വാഗ്ദത്ത ഭൂമിയിലെത്തിച്ചേര്‍ന്ന ജനങ്ങളില്‍ യഹൂദര്‍ മാത്രമല്ല ഉണ്ടായിരുന്നത്. വ്യത്യസ്ത വംശങ്ങളിലും മതങ്ങളിലും പെട്ടവരുണ്ടായിരുന്നു അതില്‍. ആദ്യപെസഹാതിരുനാളില്‍ ഈജിപ്തില്‍നിന്ന് പുറപ്പെട്ടിറങ്ങിയവരില്‍   ഇസ്രായേല്‍ക്കാര്‍ റമ്സേസില്‍നിന്ന് സുക്കോത്തിലെത്തി... ഇതരവിഭാഗത്തില്‍പ്പെട്ട  വലിയോരു ജനസമൂഹവും അവരോടുകൂടി ഉണ്ടായിരുന്നു (പുറ 12,37-38) ഇസ്രായേല്‍ കാനാന്‍ ദേശത്ത് എത്തിയപ്പോള്‍ തദ്ദേശവാസികളായിരുന്ന കാനാന്‍കാരുടെ പിന്‍തലമുറക്കാരും അവിടെ ഉണ്ടായിരുന്നു. ഇസ്രായേല്‍ ജനം അവരെ സ്വതന്ത്ര പൗരന്മാരെപ്പോലെയാണ് കരുതിയിരുന്നത്. വസ്തുവകകള്‍ കൈവശം വയ്ക്കാനുള്ള അവകാശമുണ്ടായിരുന്ന അവര്‍ക്ക് യഹൂദര്‍ക്കും അടിമകള്‍ക്കും ഇടയിലുള്ള ഒരു സ്ഥാനമാണ് നല്കിയിരുന്നത്. മോശയുടെ നിയമമനുസരിച്ച് അന്യവംശജരുമായുള്ള വിവാഹം നിഷിദ്ധമായിരുന്നില്ല. മോശയുടെ ഭാര്യതന്നെ കുഷ്യവര്‍ഗ്ഗത്തില്‍പ്പെട്ട സ്ത്രീയായിരുന്നു (സംഖ്യ 12,1).

പരദേശികളെ ഇസ്രായേല്‍ക്കാര്‍ പ്രത്യേക ഉടമ്പടിവഴി തങ്ങളുടെ രാജ്യത്തിന്‍റെ ഭാഗമാക്കിയിരുന്നു.  ഈജിപ്തില്‍ തങ്ങള്‍ പരദേശികളായിരുന്നു എന്ന കാര്യം അനുസ്മരിച്ചുകൊണ്ട് ഇസ്രായേലില്‍ കഴിയുന്ന വിദേശികളോട് യഹൂദര്‍ സ്നേഹത്തോടെ പെരുമാറണം എന്ന് നിയമാവര്‍ത്തന പുസ്തകം ഉപദേശിക്കുന്നുണ്ട്. ശപിക്കപ്പെട്ടവരുടെ ഗണത്തിലാണ് പരദേശികളോട് അപമര്യാദയായി പെരുമാറുന്നവരെയും അവര്‍ക്ക് നീതി നിഷേധിക്കുന്നവരെയും മോശ ഉള്‍പ്പെടുത്തിയത്. "പരദേശിക്കും അനാഥനും വിധവയ്ക്കും നീതി നിഷേധിക്കുന്നവന്‍ ശപിക്കപ്പെട്ടവനാകട്ടെ" (നിയ 27,19).

ഈ സൗഹാര്‍ദ്ദത്തിന് അപവാദമായി കാണുന്നത് അമലേക്യരോടുള്ള സമീപനമാണ്. മോശയുടെ കല്‍പനപ്രകാരം ജോഷ്വാ അമലേക്കിനെയും അവന്‍റെ ആളികളെയും വധിച്ചു. പക്ഷെ ഇത് ഒരു പ്രത്യക കാരണത്താലാണ്. റഫീദിമില്‍വച്ച് ഒരു പ്രകോപനവും ഉണ്ടാക്കാതിരുന്നിട്ടും അമലേക്യര്‍ ഇസ്രായേല്‍ക്കാരെ വധിച്ചിരുന്നു. ഈ ആക്രമണത്തിനുള്ള മറുപടിയെന്നല്ലാതെ ഈ സംഭവത്തെ വിജാതീയ ശത്രുതയുടെ പര്യായമായി കാണേണ്ടതില്ല (പുറ 17,8-16).

ജ്ഞാനപുസ്തകങ്ങളും സങ്കീര്‍ത്തനങ്ങളും

സാര്‍വ്വത്രികമായ രക്ഷയുടെ സദ്വാര്‍ത്തയാണ് സങ്കീര്‍ത്തനങ്ങളും ജ്ഞാനപുസ്തകങ്ങളും അവതരിപ്പിക്കുന്നത്. സുഭാഷിതങ്ങളുടെ പുസ്തകം 8-ാം അദ്ധ്യായം വിജാതീയര്‍ക്കും സൃഷ്ടിയുടെ വെളിപ്പെടുത്തപ്പെട്ട ദൈവജ്ഞാനത്തില്‍ പങ്കുണ്ടെന്ന് വ്യക്തമായി പറയുന്നു. ജ്ഞാനമാണ് ഞാന്‍ (8,12). രാജാക്കന്മാര്‍ ഭരിക്കുന്നതും അധികാരികള്‍ നീതി നടത്തുന്നതും ഞാന്‍ മുഖേനയാണ് (8,15-16). കര്‍ത്താവ് തന്‍റെ സൃഷ്ടി കര്‍മ്മത്തിന്‍റെ ആരംഭത്തില്‍, തന്‍റെ എല്ലാ ആദ്യസൃഷ്ടികളിലും ആദ്യത്തേതായി എന്നെ സൃഷ്ടിച്ചു (8,22). "മനുഷ്യന്‍ അധിവസിക്കുന്ന അവിടുത്തെ ലോകത്തില്‍ ഞാന്‍ സന്തോഷിക്കുകയും  മനുഷ്യപുത്രരില്‍ ആനന്ദം കണ്ടെത്തുകയും ചെയ്തു" (8,31).

യഹൂദരുടെ പ്രാര്‍ത്ഥനാ പുസ്തകം എന്നറിയപ്പെട്ടിരുന്ന സങ്കീര്‍ത്തനങ്ങളില്‍ അധികവും ദൈവത്തെ സകലത്തിന്‍റെയും സൃഷ്ടാവും, സര്‍വ്വജനങ്ങളുടെയും നാഥനും കര്‍ത്താവുമായ അവതരിപ്പിക്കുന്നു എന്നത് ശ്രദ്ധേയമാണ്.

* ഭൂമിയിലും അതിലെ സമസ്തവസ്തുക്കളും, ഭൂതലവും അതിലെ നിവാസികളും കര്‍ത്താവിന്‍റേതാണ് (സങ്കീ 24,1)

* ജനങ്ങളെ കര്‍ത്താവിനെ വാഴ്ത്തുവിന്‍! അവിടുന്ന് നമ്മുടെ ജീവന്‍ കാത്തുപാലിക്കുന്നു. നമുക്ക് കാലിടറാന്‍ അവിടുന്ന് സമ്മതിക്കുകയില്ല (സങ്കീ 66,8-9).

* കര്‍ത്താവേ അങ്ങ് ഭൂമി മുഴുവന്‍റെയും അധിപനാണ്. എല്ലാ ദേവന്മാരെയുംകാള്‍ ഉന്നതനുമാണ് (സങ്കീ 97,9).

പ്രവാചകന്മാരുടെ കാലഘട്ടം

ബഹുദൈവങ്ങളിലല്ല യഹോവയിലാണ് വിശ്വസിക്കേണ്ടത് എന്ന ബോധ്യം ഇസ്രായേല്‍ക്കാരില്‍ വളര്‍ത്തിയെടുത്തത് മോശയാണെങ്കില്‍ യഹോവ ഇസ്രായേല്‍ക്കാരുടെ മാത്രം ദൈവമല്ലെന്നും ലോകത്തിന്‍റെ മുഴുവന്‍ അധികാരിയാണെന്നുമുള്ള വിശ്വാസം പഠിപ്പിക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ചത് പ്രവാചകന്മാരാണ്. "അവന്‍ പറഞ്ഞു ഭൂമി മുഴുവനും നാഥന്‍റെ മുമ്പില്‍നിന്നും വരുന്ന ഇവര്‍ ആകാശത്തിന്‍റെ നാല് വായുക്കളിലേക്കും പോകുന്നു" (സഖ്യ 6,5).

വിജാതീയ വിശ്വാസങ്ങളോടും സംസ്കാരങ്ങളോടുമുള്ള പ്രവാചകന്മാരുടെ മനോഭാവം പൊതുവെ കഠിനമായിരുന്നെന്നു പറയാം. യഹോവയെ മറന്ന് വിജാതീയ ദേവന്മാരുടെ പിന്നാലെപോയ ഇസ്രായേല്‍ ജനത്തെ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്ന പ്രവാചകന്മാരെയാണ് ബൈബിളില്‍ കാണുന്നത്. രാജാക്കന്മാരുടെ ഒന്നാം പുസ്തകത്തില്‍ ബാലിന്‍റെ പ്രവാചകന്മാരോട് ഏറ്റുമുട്ടുന്ന ഏലിയാ പ്രവാചകനെക്കുറിച്ചുള്ള വിവരണം വിജാതീയ മതാനുഷ്ഠാനങ്ങളോടുള്ള എതിര്‍പ്പിന് ദൃഷ്ടാന്തമാണ്. ആകാശത്തുനിന്ന് അഗ്നിയിറക്കി ആരാണ് യഥാര്‍ത്ഥ ദൈവം എന്നു തെളിയിക്കുന്നതില്‍ പരാജിതരായ ബാലിന്‍റെ പ്രവാചകന്മാരെ കൊന്നുകളയുന്ന ഏലിയായെ ഇവിടെ കാണുന്നു (1 രാജാ 18,40).

പ്രവാചകന്മാര്‍ ഏക ദൈവവിശ്വാസത്തിനായി നിലകൊണ്ടവരും പ്രവര്‍ത്തിച്ചവരുമായിരുന്നു. പ്രത്യേകമായി വിജാതിയരുടെ ഇടയില്‍ നിലനിന്നിരുന്ന വിഗ്രഹാരാധനയോടും ബഹുദൈവവിശ്വാസത്തോടും അവര്‍ സന്ധിയില്ലാത്ത നിലപാടാണ് സ്വീകരിച്ചത്. സര്‍വ്വലോകത്തിന്‍റെയും അധികാരിയും സൃഷ്ടാവുമായ യഹോവയില്‍ വിശ്വാസമര്‍പ്പിക്കാനും വിഗ്രഹാരാധനയില്‍നിന്നും ഇതരമതങ്ങളിലെ മേച്ഛകരമായ അനുഷ്ഠാനങ്ങളില്‍ നിന്ന് മാറിനില്‍ക്കാനും അവര്‍ ജനത്തോട് നിഷ്കര്‍ഷിച്ചു (ഏശ 44,6-8).

യഹൂദരുടെ  അന്യമതവിരോധത്തിന്‍റെ ഉച്ചസ്ഥായിയെന്നു കണക്കാക്കാവുന്ന ഘട്ടങ്ങളിലൊന്ന് പ്രവാസകാലത്തിനു ശേഷമുള്ളതാണ്. അടിമത്വത്തില്‍നിന്ന് മടങ്ങിയെത്തിയ യഹൂദര്‍ പട്ടണവും ദേവാലയവും പുനര്‍നിര്‍മിക്കുന്നതില്‍ വ്യാപൃതരായതിന്‍റെ ചരിത്രമാണ് എസ്രാ, നെഹമിയാ എന്നീ ഗ്രന്ഥങ്ങളുടെ ഇതിവൃത്തം. അന്നാളുകളില്‍, യഹൂദ തനിമയില്‍ ഏതിലെങ്കിലും വിട്ടുവീഴ്ച ചെയ്യുന്നതില്‍ പ്രവാചകന്മാര്‍ തയ്യാറായിരുന്നില്ല. യഹൂദവംശവുമായി ബന്ധമില്ലാത്തവരെ ഇസ്രായേലിന്‍റെ കൂട്ടായ്മയില്‍നിന്ന്  ഒഴിച്ചുനിര്‍ത്തിന്ന രംഗങ്ങള്‍ നെഹെമിയായുടെ പുസ്തകത്തിലുണ്ട്. "ആ മാസം ഇരുപത്തി നാലാം ദിവസം ഇസ്രായേല്‍ ജനം. അന്യജനകളില്‍നിന്ന് വേര്‍തിരിയുകയും എഴുന്നേറ്റ് നിന്ന് തങ്ങളുടെ പാപങ്ങളും പിതാക്കന്മാരുടെ അകൃത്യങ്ങളും ഏറ്റുപറയുകയും ചെയ്തു" (നെഹെ 9,1-2). "നിയമം വായിച്ചുകേട്ട ജനം അന്യജനതകളെ ഇസ്രായേല്‍ ജനത്തില്‍ നിന്നകറ്റി" (നെഹെ 13,3).

മിശ്രവിവാഹം നിഷിദ്ധമായിട്ടാണ് ഈ പുസ്തകങ്ങളില്‍ നാം കാണുന്നത്. അഷ്ദോദ്, അമ്മോന്‍, മൊവാബ് ദേശങ്ങളിലെ സ്ത്രീകളെ വിവാഹം ചെയ്ത യഹൂദരിലുണ്ടായ സന്താനങ്ങള്‍ക്ക് ഹെബ്രായ ഭാഷ സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. പ്രവാചകന്മാര്‍ അവരോട് കലഹിക്കുകയും, അവരെ ശപിക്കുകയും, പ്രഹരിക്കുകയും ചെയ്തു (നെഹെ 13,23-25). അക്കാലത്ത് ഇസ്രായേലിന്‍റെ പ്രധാന പുരോഹിതനായിരുന്ന എസ്രാ അന്യമതങ്ങളില്‍നിന്നും വിവാഹം കഴിച്ചവരോട് അവരുടെ ഭാര്യമാരെ ഉപേക്ഷിക്കുവാന്‍വരെ ആജ്ഞാപിക്കുന്നവരുണ്ട്. "നിങ്ങള്‍ നിയമം  ലംഘിച്ച് അന്യമതസ്ഥരായ സ്ത്രീകളെ വിവാഹം ചെയ്യുകയും ഇസ്രായേലിന്‍റെ പാപം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ദേശവാസികളില്‍നിന്നും അന്യസ്ത്രീകളില്‍നിന്നും ഒഴിഞ്ഞ് നില്‍ക്കുവിന്‍. അപ്പോള്‍ സമൂഹം മുഴുവന്‍ ഉച്ചസ്വരത്തില്‍ പ്രതിവചിച്ചു. അങ്ങനെതന്നെ അങ്ങു പറഞ്ഞതുപോലെ ഞങ്ങള്‍ ചെയ്യും." (എസ്രാ 10,11-12).

മേല്‍വിവരിച്ച നിഷേധാത്മകമായ നിലപാടുകള്‍ക്കിടയിലും ഇതരമതങ്ങളോടും അവയുടെ ദൈവങ്ങളോടും സഹിഷ്ണുത കാണിക്കുന്ന പുസ്തകങ്ങള്‍ പ്രവാചകന്മാരുടെ കാലഘട്ടത്തിലുണ്ടായിട്ടുണ്ട്. ഇത്തരുണത്തില്‍ റൂത്തിന്‍റെ പുസ്തകം ശ്രദ്ധേയമാണ്. യഹൂദ വംശജയല്ലാത്ത റൂത്തിനെ ഇസ്രായേലിന്‍റെ ദൈവമായ കര്‍ത്താവ് അനുഗ്രഹിച്ചതാണ് റൂത്തിന്‍റെ ഗ്രന്ഥത്തിന്‍റെ പ്രമേയം. മോവാബ് ദേശത്തുവസിച്ചിരുന്ന ഇസ്രായേല്യരെ എലിമലേക്കിന്‍റെയും നവോമിയുടെയും കുടുംബത്തില്‍ മരുമക്കളായാണ് മോവാബ്യയായ റൂത്ത് വരുന്നത്. ഭര്‍ത്താവും മക്കളും മരിച്ച നവോമി ഇസ്രായേലിലേക്കു തിരികെ പോകാനൊരുങ്ങിയപ്പോള്‍ റൂത്ത് അമ്മായിയമ്മയെ അനുഗമിക്കുന്നു. മൊവാബ്യയാണെങ്കിലും റൂത്തിനെ ഭര്‍തൃബന്ധുവായ ബോവാസ് എന്ന ഇസ്രായേല്‍ക്കാരന്‍ വിവാഹം ചെയ്യുന്നു. ഇവരിലുണ്ടായ ഓബദ് ദാവീദിന്‍റെ പിതാവായ ജെസ്സെയുടെ പിതാവാണ്. വിധയായ മൊബാവുകാരിയെ വിവാഹംവഴി ഇസ്രായേല്‍ വംശത്തിലേക്കു ചേര്‍ക്കുകയും മിശിഹായുടെ തായ്വഴിയായ ദാവീദിന്‍റെ വംശപരമ്പരയിലെ  കണ്ണിയാകാന്‍ അനുവദിക്കുകയും ചെയ്തതിലൂടെ വിജാതീയരോടുള്ള യഹൂദരുടെ തുറന്ന മനോഭാവമാണ് റൂത്തിന്‍റെ ഗ്രന്ഥം പ്രകടമാക്കുന്നത്.

സാര്‍വ്വത്രികമായി ദൈവമൊരുക്കിയിരിക്കുന്ന രക്ഷയുടെ സന്ദേശമാണ് ഏശയ്യാ പ്രവാചകന്‍റെ പുസ്തകത്തിലൂടെ അനാവൃതമാകുന്നത്. "ഞാന്‍ എല്ലാ ജനതകളെയും സകല ഭാഷകളില്‍ സംസാരിക്കുന്നവരെയും ഒരുമിച്ച് കൂട്ടാന്‍ വരുന്നു. അവര്‍ വന്ന് എന്‍റെ മഹത്വം ദര്‍ശിക്കും." ഏശയ്യായുടെ പുസ്തകത്തില്‍ നാം വീണ്ടും വായിക്കുന്നു "എന്‍റെ ഭവനം എല്ലാ ജനതകള്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥനാലയം എന്ന് വിളിക്കപ്പെടും" (ഏശ 56,7). ആമോസിന്‍റെ പ്രവചന ഗ്രന്ഥമാകട്ടെ പക്ഷപാതമില്ലാതെ സകലര്‍ക്കും ഒരുപോലെ ബാധകമായ ദൈവനീതിയെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്.

 

യോനാപ്രവാചകന്‍റെ ഗ്രന്ഥം വെളിവാക്കുന്നതും വിജാതീയരോടുള്ള യഹോവയുടെ കരുണാര്‍ദ്രമായ സ്നേഹമനോഭാവമാണ്. തിന്മയില്‍ മുഴുകിക്കഴിഞ്ഞിരുന്ന നിനെവേക്കാരോട് അനുതപിക്കാന്‍ ആവശ്യപ്പെടാന്‍ ദൈവം യോനായെ നിയോഗിക്കുന്നു. എന്നാല്‍ വിജാതീയരായ നിനിവെക്കാര്‍ മനസ്സുമാറി രക്ഷപ്രാപിക്കുന്നത് ഉള്‍ക്കൊള്ളാനാവാത്ത യോന യഹോവയുടെ അഭ്യര്‍ത്ഥന നിരസിക്കുന്നു. പിന്നീട് അത്ഭുതകരമായ ദൈവിക ഇടപെടല്‍മൂലം യോനായ്ക്ക് നിനിവേയില്‍ എത്തി വചനം പ്രഘോഷിക്കേണ്ടിവന്നു. മാനസാന്തരപ്പെടാനുള്ള ആഹ്വാനം യോനായുടെ പ്രതീക്ഷയ്ക്കു വിപരീതമായി നിനവേക്കാര്‍ ചെവിക്കൊണ്ടു. ദുഷ്ടതയില്‍നിന്നു പിന്മാറിയ നിനവേക്കാരോട് കരുണകാട്ടിയതില്‍ യോന കുപിതനായപ്പോള്‍ ദൈവം നല്‍കുന്ന മറുപടിയാണ് യോനായുടെ പുസ്തകത്തിന്‍റെ അന്ത:സത്ത. "ഇടംവലം തിരിച്ചറിയാന്‍ കഴിയാത്ത ഒരു ലക്ഷത്തി ഇരുപതിനായിരത്തില്‍പരം മനുഷ്യരും അസംഖ്യം മൃഗങ്ങളും അതിവസിക്കുന്ന മഹാനഗരമായ നിനെവേയോട് എനിക്ക് അനുകമ്പതോന്നരുതെന്നോ" (യോനാ 4,11).

രക്ഷ തങ്ങളുടെമാത്രം അവകാശമാണെന്നു ധരിച്ചിരുന്ന ഇസ്രായേല്‍ ജനത്തിന്‍റെ ഇടുങ്ങിയ ചിന്താഗതിക്കുള്ള മറുപടിയാണ് യഹോവ അവരുടെ പ്രതിനിധിയായി ചിത്രീകരിച്ചിരിക്കുന്ന യോനായിലൂടെ നല്‍കുന്നത്. സകലത്തിന്‍റെയും സൃഷ്ടാവായ ദൈവത്തിന്‍റെ മക്കളാണെന്നും എല്ലാവരും രക്ഷപെടണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നുവെന്നുമാണ് ഈ ഗ്രന്ഥത്തിന്‍റെ ഉള്ളടക്കം.

വിജാതീയരോടും ഇതരമതക്കാരോടുമുള്ള വിശാലവും ഭാവാത്മകവുമായ പഴയനിയമസമീപനത്തിനുദാഹരണം മലാക്കി പറയുന്നു. "സൂര്യോദയം മുതല്‍ അസ്തമയംവരെ എന്‍റെ നാമം ജനതകളുടെ ഇടയിലും മഹത്വപൂര്‍ണ്ണമാണ്; എല്ലായിടത്തും എന്‍റെ നാമത്തിന് ധൂപവും ശുദ്ധമായ കാഴ്ചയും അര്‍പ്പിക്കപ്പെടുന്നു. എന്തെന്നാല്‍ ജനതകളുടെ ഇടയില്‍ എന്‍റെ നാമം ഉന്നതമാണ്" (മലാക്കി 1,11).

ഉപസംഹാരം

പഴയനിയമത്തിന്‍റെ ഏടുകളില്‍ ഒരേസമയം നിഷേധാത്മകവും ഭാവാത്മകവുമായ സമീപനങ്ങള്‍ നാം കാണുന്നുണ്ട്. എന്തുകൊണ്ടാണ് സാര്‍വ്വത്രിക രക്ഷയെ പ്രഘോഷിക്കുന്നതിനോടൊപ്പം പഴയനിയമം അസഹിഷ്ണുത പ്രകടമാക്കുന്നത് എന്ന ചോദ്യം പ്രസക്തമാണ്. ഇസ്രായേല്‍ജനവും യഹോവയുമായി ചെയ്ത ഉടമ്പടിയുടെ പശ്ചാത്തലത്തില്‍ മാത്രമാണ് നമുക്കീ ചോദ്യത്തിന് തൃപ്തികരമായ ഉത്തരം കണ്ടെത്താനാവുന്നത്.

ഇസ്രായേലും യഹോവയും തമ്മിലുള്ള ഉടമ്പടിയുടെ ആദ്യവാചകം "നിങ്ങള്‍ എന്‍റെ ജനവും ഞാന്‍ നിങ്ങളുടെ ദൈവവുമായിരിക്കും" എന്നാണല്ലോ. ഉടമ്പടിപ്രകാരം വിഗ്രഹാരാധന വ്യഭിചാരകുറ്റത്തിന് സമമായിരുന്നു. മാത്രമല്ല ഇതരമതങ്ങളും അവരുടെ ആചാരാനുഷ്ഠാനങ്ങളുമായുള്ള സമ്പര്‍ക്കം വി. ഗ്രന്ഥം ഉയര്‍ത്തിപ്പിടിക്കുന്ന മനുഷ്യമഹത്വത്തിനും, ധാര്‍മ്മിക ജീവിതത്തിനും ഭീഷണിയായേക്കാമെന്ന് പ്രവാചകന്മാര്‍ക്ക് തോന്നി. ഉദാഹരണമായി, കാനാന്‍കാരുമായിട്ടുള്ള സമ്പര്‍ക്കം നിമിത്തം ആ സംസ്കാരത്തില്‍ നിലനിന്നിരുന്ന നരബലി, വ്യഭിചാരം, ബഹുദൈവപൂജ, വിഗ്രഹാരാധന, ആഭിചാരം തുടങ്ങിയ ഹീനകൃത്യങ്ങളും അന്ധവിശ്വാസങ്ങളും യഹൂദരിലേക്ക് സംക്രമിക്കാതിരിക്കാനുള്ള  മുന്‍കരുതലാണെന്ന് വ്യക്തമാകും. യഹൂദരുടെ ധാര്‍മ്മികവും സാംസ്കാരികവുമായ മൂല്യങ്ങളുടെ സംരക്ഷണത്തിന്‍റെ ഭാഗമായിരുന്നു അന്യമതവിരോധമെന്ന് സാരം.

സാംസ്കാരികമെന്നതുപോലെ രാഷ്ട്രീയമായ ചിലകാരണങ്ങളുമുണ്ട് യഹൂദരുടെ വിജാതീയവിരോധത്തിന്. അമ്മോന്യരോടും, മോവാബ്യരോടും നിയമാവര്‍ത്തന പുസ്തകത്തില്‍ ശത്രുതാമനോഭാവമാണ് കാണുന്നത്. ഇതിനു കാരണം ഈജിപ്തില്‍നിന്ന് കാനാന്‍ദേശത്തേക്കുള്ള ഇസ്രായേലിന്‍റെ യാത്രയില്‍ ഇവര്‍ അപ്പവും ജലവും നല്‍കിയില്ലെന്നതും ഇസ്രായേല്‍ക്കാര്‍ക്ക് തങ്ങളുടെ രാജ്യത്തുകൂടി സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചു എന്നതുമാണ്. അതേസമയം നിയമാവര്‍ത്തന ഗ്രന്ഥകാരന്‍ ഈജിപ്തുകാരെ വെറുക്കരുതെന്നാണ് പഠിപ്പിക്കുന്നത്. കാരണം അവിടെ ഇസ്രായേല്‍ക്കാര്‍ പരദേശികളായി കഴിഞ്ഞിരുന്നതാണ്. ഇതുപോലെ സഹോദരജനമായ ഏദോമ്യരോട് സൗഹൃദം പുലര്‍ത്തണമെന്നും നിയമാവര്‍ത്തന പുസ്തകം പറയുന്നുണ്ട് (നിയ 23,1-8) ഇതില്‍നിന്നും വിജാതീയരോടുള്ള വിദ്വേഷത്തിന് മതപരമെന്നതിനേക്കാള്‍ രാഷ്ട്രീയ പ്രേരിതമായ ഘടകങ്ങളാണ് നിദാനമായതെന്ന് വ്യക്തമാകുന്നുണ്ട്.

ഇസ്രായേല്‍ക്കാരുടെ ഇതരമതമനോഭാവത്തെ രൂപപ്പെടുത്തിയ ഘടകങ്ങള്‍ അവലോകനം ചെയ്യുമ്പോള്‍ ചര്‍ച്ചചെയ്യപ്പെടേണ്ട മറ്റൊന്ന് രാഷ്ട്രീയ സ്വാതന്ത്ര്യമാണ്. സ്വയം ഭരണാധികാരമുള്ള ശക്തമായ രാജ്യമായി നിലനിന്നപ്പോഴെല്ലാം യഹൂദരില്‍ നിഷേധാത്മകമായ ചിന്താഗതികളും ശക്തിപ്പെട്ടിരുന്നതായിക്കാണാം. കാനാന്‍ ദേശത്തെത്തി സ്വതന്ത്ര രാഷ്ട്രമാകുന്നതോടെയാണ് ഇതരമതസമ്പര്‍ക്കത്തിന് തടസ്സങ്ങള്‍ ഉണ്ടാകുന്നത്. പരാശ്രയം കൂടാതെ സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുമ്പോള്‍ ആരിലും ആധിപത്യഭാവം ഉണ്ടാകുമെന്നത് സാമാന്യതത്വമാണല്ലോ. ബാബിലോണ്‍ പ്രവാസത്തിനുശേഷം മടങ്ങിയെത്തി നഗരവും ദേവാലയവും പുനര്‍നിര്‍മ്മിക്കുകയും വീണ്ടും സംഘടിത ശക്തിയാവുകയും ചെയ്തപ്പോള്‍ എസ്രാ-നെഹെമിയായുടെ കാലത്തെ സേഛ്വാധിപത്യപരവും സങ്കുചിതവുമായ നിലപാടുകളിലേക്കു ഇസ്രായേല്‍ നീങ്ങിയത് ഈ വാദത്തെ ഉറപ്പിക്കാനുതകുന്നതാണ്. അന്യമതങ്ങള്‍ക്ക് ആധിപത്യമുള്ള രാജ്യങ്ങളുടെ കീഴിലായിരുന്നപ്പോള്‍ അതിജീവനത്തിന്‍റെ ആദ്യപടിയായ സഹവര്‍ത്തിത്വത്തിലാണ് ഇസ്രായേല്‍ ജനത കഴിഞ്ഞത്. രാഷ്ട്രീയവും സാമ്പത്തികവുമായ പുരോഗതി ഉണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ തങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട ജനമെന്ന പദവി സേവനത്തിനുള്ള വിളിയാണെന്ന കാര്യം മറന്ന് മേല്‍കോയ്മക്കുള്ള മാധ്യമമായി തെറ്റിദ്ധരിച്ചതാവാം നിഷേധാത്മകമായ ഇതരമതമനോഭാവം യഹൂദരില്‍ രൂപപ്പെടാന്‍ പ്രധാന കാരണം. 

 

ബഹുമതത്വം - പുതിയനിയമത്തില്‍

പഴയനിയമത്തിന്‍റെ പൂര്‍ത്തീകരണമാണല്ലോ പുതിയനിയമം. അതിനാല്‍ ബഹുതയോടുള്ള ക്രൈസ്തവസമീപനത്തിന് ദിശാബോധം നല്‍കേണ്ടത് പഴയനിയമത്തേക്കാള്‍ പുതിയനിയമത്തിന്‍റെ ചൈതന്യമാണെന്നതില്‍ സംശയമില്ല. ക്രിസ്തുവിലൂടെ സംഭവിച്ച ദൈവിക വെളിപാടിന്‍റെ പൂര്‍ണതയാണ് പുതിയനിയമത്തിന്‍റെ അന്ത:സത്ത. ഹെബ്രായര്‍ക്കെഴുതിയ ലേഖനം പറയുന്നതുപോലെ, പൂര്‍വ്വകാലങ്ങളില്‍ പ്രവാചകന്മാര്‍വഴി വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും ദൈവം നമ്മുടെ പിതാക്കന്മാരോട് സംസാരിച്ചിട്ടുണ്ട്. എന്നാല്‍ ഈ അവസാന നാളുകളില്‍ തന്‍റെ പുത്രന്‍വഴി അവിടുന്ന് നമ്മോട് സംസാരിച്ചിരിക്കുന്നു (ഹെബ്രാ 1,1).

പുതിയ നിയമത്തിലും പഴയനിയമത്തിലേതുപോലെ ഇതരമത മനോഭാവങ്ങളോട് നിഷേധാത്മകവും ഭാവാത്മകവുമായ സമീപനങ്ങള്‍ കാണാനാവും. സമയത്തിന്‍റെ പൂര്‍ത്തിയില്‍ മനുഷ്യനായി അവതരിച്ച യേശു ദൈവമാണെന്നും അവനില്‍ സകല വെളിപാടുകളുടെയും പൂര്‍ണതയുണ്ടെന്നും രക്ഷയുടെ ഏകമദ്ധ്യസ്ഥന്‍ അവനാണെന്നും അനിഷേധ്യമായി പ്രസ്താവിക്കുന്ന തിരുവചനഭാഗങ്ങള്‍ ഇതരമതങ്ങളോടുള്ള ഇടുങ്ങിയ മനോഭാവത്തിന് ഉദാഹരണമായി വ്യാഖ്യാനിക്കപ്പെടാറുണ്ട്. അതേസമയം പിതാവിനോടൊപ്പം ആദിമുതലേ ഉണ്ടായിരുന്നതും സൃഷ്ടികര്‍മ്മത്തിലൂടെ സര്‍വജീവജാലങ്ങളിലും സന്നിഹിതമായതും കുരിശുമരണവും ഉത്ഥാനവുംവഴി സകല മനുഷ്യരുടെയും രക്ഷസാധിച്ചതുമായ വചനമായ യേശുവിനെ ഏറ്റുപറയുന്ന ഭാഗങ്ങളില്‍ ഭാവാത്മകവും സാര്‍വലൗകികവുമായ ഭാവമാണ് നിഴലിക്കുന്നത്. ഈ രണ്ടു മനോഭാവങ്ങളെയും വിശകലനം ചെയ്യാനുള്ള ശ്രമമാണ് നടത്തുന്നത്.

യേശുവിന്‍റെ മനോഭാവം

യേശുവിന്‍റെ ജനനത്തോട് ബന്ധപ്പെട്ടു നടന്ന സംഭവങ്ങളില്‍ത്തന്നെ രക്ഷയുടെ സാര്‍വ്വത്രികഭാവം വെളിപ്പെടുന്നുണ്ട്. വി. മത്തായി സുവിശേഷകന്‍ അവതരിപ്പിക്കുന്ന ജ്ഞാനികളുടെ സന്ദര്‍ശനമാണ് അതിലൊന്ന്. ലോകരക്ഷകനായ യേശു പിറന്ന സദ്വാര്‍ത്ത ആദ്യം ഗ്രഹിക്കുന്നത് യഹൂദപണ്ഡിതരല്ല മറിച്ച്, പൗരസ്ത്യദേശക്കാരായ ജ്ഞാനികളാണ്. ജ്യോതിഷശാസ്ത്രപ്രകാരം ക്രിസ്തുവിന്‍റെ ജന്മസ്ഥലം ഊഹിച്ചെടുക്കാന്‍ വിജാതീയരായ പൂജരാജാക്കന്മാര്‍ക്ക് സാധിച്ചു. വി. മത്തായിയുടെ സുവിശേഷം  2,1-12 വരെയുള്ള ഭാഗങ്ങളില്‍ വിവരിക്കപ്പെട്ടിട്ടുള്ള ഈ സംഭവത്തെ അധികരിച്ച് ഇപ്പോഴത്തെ പാപ്പായായ ജോസഫ് റാറ്റ്സിംഗര്‍ 1968 ല്‍ നടത്തിയ വ്യാഖ്യാനം ശ്രദ്ധേയമാണ്. ജ്ഞാനികളുടെ സന്ദര്‍ശനം വെളിവാക്കുന്നത് രക്ഷയുടെ വിശാലതയാണ്.വിജാതീയര്‍ക്കും അവരുടെ സാംസ്കാരിക മുറകളനുസരിച്ച് മനസാക്ഷിയോടെ ദൈവത്തെ തേടിയാല്‍ രക്ഷയുടെ പാതയിലെത്താമെന്ന് ഇത് സൂചിപ്പിക്കുന്നു.

ഹെറോദേസ് രാജാവ് ബേത്ലഹെമിലെ ആണ്‍കുട്ടികളെ വധിച്ച സംഭവത്തില്‍ യേശുവിന് അഭയമാകാന്‍ ദൈവത്തിന്‍റെ പദ്ധതിയില്‍ ഈജിപ്തിനു കൈവന്ന അവസരം സാന്ദര്‍ഭികമായി കരുതാവുന്നതല്ല. വിജാതീയ രാജ്യമായ ഈജിപ്തിനെ ദൈവപുത്രന്‍റെ സംരക്ഷണത്തിനുള്ള ഇടമായി തിരഞ്ഞെടുക്കുകവഴി, രക്ഷയുടെ വിശാലതയാണ് ദൈവം വെളിപ്പെടുത്തിയത്.

യേശുവിന്‍റെ പരസ്യജീവിതകാലത്തെ പഠനങ്ങളിലേക്കും പ്രവര്‍ത്തനങ്ങളിലേക്കും കണ്ണോടിക്കാം. പിതാവുമായുള്ള ബന്ധം അനുസ്മരിക്കുന്ന സന്ദര്‍ഭങ്ങളിലെല്ലാം യേശു തന്‍റെ ഈശ്വരതുല്യമായ വ്യക്തിത്വത്തെ തറപ്പിച്ച് പറയുന്നുണ്ട്. പിതാവ് എന്നിലും ഞാന്‍ പിതാവിലുമാണെന്ന് നിങ്ങള്‍ അറിയുക (യോഹ 10,380). താനും പിതാവും ഒന്നായിരിക്കുന്നതുപോലെ മനുഷ്യരെല്ലാം ഒന്നാകണമെന്നാണ് അവിടുത്തെ പ്രാര്‍ത്ഥന (യോഹ 17,22). എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു (യോഹ 14,9). സര്‍വവും പിതാവ് എന്നെ ഏല്‍പ്പിച്ചിരിക്കുന്നു..... താനും താന്‍ ആര്‍ക്കു വെളിപ്പെടുത്തുന്നുവോ അവനുമല്ലാതെ മറ്റാരും പിതാവിനെ അറിയുന്നില്ല (മത്താ 11,27) "മനുഷ്യപുത്രന്‍ ആരാണെന്നാണ് നിങ്ങള്‍ പറയുന്നത്?" എന്ന ചോദ്യത്തിന്  നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തുവാണെന്ന്? (മത്താ 16,16) പറഞ്ഞ പത്രോസിനെ യേശു അകമഴിഞ്ഞ് അഭിനന്ദിക്കുന്നുണ്ട്.

തന്‍റെ ദൈവാസ്ഥിത്വം വ്യക്തമാക്കുന്നതിനായി യേശു തന്‍റെ പരസ്യജീവിതകാലത്ത് അടയാളങ്ങളും അത്ഭുതങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ദൈവത്തിനുമാത്രം സാധ്യമെന്നു കരുതിയ കാര്യങ്ങള്‍ യേശു ചെയ്തിരുന്നതായി സുവിശേഷകന്‍ സാക്ഷ്യപ്പെടുത്തുന്നു. ഉദാഹരണമായി, പാപമോചനം ദൈവത്തിനുമാത്രം അനുവദനീയമെന്ന സങ്കല്പത്തില്‍ ജീവിച്ച മനുഷ്യരുടെ ഇടയില്‍ അവിടുന്ന് സൗഖ്യത്തിനായി എത്തിയ രോഗികളെ അവരുടെ പാപങ്ങള്‍ ക്ഷമിച്ചാണ് സുഖപ്പെടുത്തിയത് (മത്താ 9,1-8). മരിച്ചവരെ ഉയര്‍പ്പിക്കുന്നതിലൂടെ താന്‍ ജീവന്‍റെയും മരണത്തിന്‍റെയും നാഥനാണെന്ന് അവിടുന്ന് വെളിവാക്കുന്നു (യോഹ 11,25). മനുഷ്യന് ദു:സ്സഹമായിത്തീര്‍ന്ന സാബത്ത് നിയമങ്ങളെ പുനര്‍വ്യാഖ്യാനിച്ചുകൊണ്ട് മനുഷ്യപുത്രന്‍ സാബത്തിന്‍റെയും കര്‍ത്താവാണെന്ന് അവിടുന്ന് വ്യക്തമാക്കുന്നു (മര്‍ക്കോ 2,28). തന്‍റെ സമയാതീതമായ അസ്തിത്വം ഉറപ്പിച്ചുകൊണ്ട് അവിടുന്ന് പറയുന്നു, അബ്രാഹത്തിനുമുമ്പേ ഞാനുണ്ട് (യോഹ 8,58). ഇങ്ങനെ യേശു ദൈവമാണെന്ന വിശ്വാസപ്രഖ്യാപനം പുതിയനിയമത്തിലുടനീളം കാണാന്‍ കഴിയും. യേശു ദൈവമാകയാല്‍ അവിടുന്ന് സകലജനപദങ്ങളുടെയും രക്ഷകനാണെന്ന സത്യമാണ് സുവിശേഷകന്മാര്‍ അനാവൃതമാക്കുന്നത്.

യേശു സകല ജനപദങ്ങളുടെയും രക്ഷകനാണെങ്കില്‍ എന്തുകൊണ്ടാണ് അവിടുന്ന് തന്‍റെ പരസ്യജീവിതം പ്രധാനമായും ഇസ്രായേല്‍ക്കാരുടെ ഇടയില്‍ ഒതുക്കിനിര്‍ത്തിയത് എന്നത് ഇവിടെ ചിന്തനീയമാണ്. യേശു പറയുന്നു: ഇസ്രായേല്‍ ഭവനത്തിലെ ആടുകളുടെ അടുത്തേക്കു മാത്രമാണ് ഞാന്‍ അയക്കപ്പെട്ടിരിക്കുന്നത് (മത്താ 15,24). ഇസ്രായേല്‍ക്കാര്‍ തിങ്ങിപ്പാര്‍ത്തിരുന്ന ഗലീലിയായുടെ മലയോരങ്ങളിലും ഗനേസറത്ത് തടാകത്തിന്‍റെ വടക്കുവശത്തും യേശു തന്‍റെ പരസ്യജീവിതത്തിന്‍റെ സിംഹഭാഗവും ചിലവഴിച്ചതായാണ് സുവിശേഷങ്ങളില്‍നിന്ന് മനസ്സിലാകുന്നത്. ഗ്രീക്കുകാരുടെ കേന്ദ്രങ്ങളായിരുന്ന ഗലീലി, സെഫോറിസ്, തിബേരിയാസ് എന്നീ പട്ടണങ്ങളില്‍നിന്ന് അവിടുന്ന് മാറിനിന്നു. യേശു സന്ദര്‍ശിച്ച വിജാതീയ പട്ടണങ്ങളില്‍നിന്ന് അവിടുന്ന് മാറിനിന്നു. യേശു സന്ദര്‍ശിച്ച വിജാതീയ പട്ടണങ്ങളില്‍ ഉള്‍പ്പെടുന്നത് ടയിര്‍, സീദോന്‍, (മര്‍ക്കോ 7,24-31) കേസറിയാ-ഫിലിപ്പി (മര്‍ക്കോ 8,29) എന്നിവയാണ്. ഈ പട്ടണങ്ങള്‍ സന്ദര്‍ശിച്ചിപ്പോഴും, ഇസ്രായേലിന്‍റെ വടക്കുഭാഗത്തു നിന്ന് അവിടങ്ങളില്‍ കുടിയേറിപ്പാര്‍ത്ത യഹൂദരോട് രക്ഷയുടെ സുവിശേഷം അറിയിക്കുക എന്നതായിരുന്നു യേശുവിന്‍റെ ലക്ഷ്യമെന്ന് ബൈബിള്‍ പണ്ഡിതന്മാര്‍ അവകാശപ്പെടുന്നു.

പരസ്യജീവിതകാലത്ത് യേശു ശിഷ്യന്മാര്‍ക്കു നല്‍കിയ പ്രേഷിത ദൗത്യത്തിലും വിജാതീയരെ ഒഴിവാക്കുന്ന മനോഭാവം നിഴലിക്കുന്നു. പന്ത്രണ്ട് അപ്പോസ്തോലന്മാരെ അയക്കുമ്പോള്‍ "നിങ്ങള്‍ വിജാതീയരുടെ അടുത്തേക്ക് പോകരുത് സമരിയാക്കാരുടെ പട്ടണത്തില്‍ പ്രവേശിക്കുകയുമരുത്, പ്രത്യുത ഇസ്രായേല്‍ വംശത്തിലെ നഷ്ടപ്പെട്ടുപോയ ആടുകളുടെ അടുത്തേക്കു പോകുവിന്‍" (മത്താ 10,5-6) എന്നാണ് അവിടുന്ന് മുന്നറിയിപ്പ് നല്‍കുന്നത്. വിജാതീയ വിരുദ്ധമെന്ന് തോന്നാവുന്ന മേല്‍പറഞ്ഞ ഭാഗങ്ങളുടെ യഥാര്‍ത്ഥ അര്‍ത്ഥം ഗ്രഹിക്കണമെങ്കില്‍ ദൈവത്തിന്‍റെ രക്ഷാകര പദ്ധതിയില്‍ യഹൂദവംശത്തിനുള്ള പ്രത്യേക സ്ഥാനത്തെപ്പറ്റി സുവിശേഷകന്മാര്‍ക്കുണ്ടായിരുന്ന ധാരണ മനസ്സിലാക്കേണ്ടതാണ്.

ഇസ്രായേലിലൂടെ ലോകരക്ഷ എന്നതായിരുന്നല്ലോ പഴയനിയമ വിശ്വാസം. ഇസ്രായേല്‍ പൂര്‍ണ്ണമായും യേശുവിനെ സ്വീകരിക്കുകയും ഈ സദ്വാര്‍ത്തയുടെ പ്രത്യക്ഷ അടയാളമായി ജീവിക്കുകയും ചെയ്യുമ്പോള്‍ പുറജാതികളും ആ മാര്‍ഗം കണ്ട് ദൈവത്തിന്‍റെ രക്ഷയിലേക്ക് കടന്നുവരുമെന്ന് ശിഷ്യന്മാര്‍ വിശ്വസിച്ചു. അതിനാല്‍ ഇസ്രായേലിന്‍റെ മാനസാന്തരത്തിനായിരുന്നു ആദിമ ക്രൈസ്തവസഭ മുന്‍ഗണന നല്കിയത്. ആ ശ്രദ്ധയാണ് യേശുവിന്‍റെ ഇംഗിതമായി സുവിശേഷകന്മാര്‍ അവതരിപ്പിച്ചത്.

വിജാതീയ രക്ഷ യുഗാന്ത്യോന്മുഖമാണെന്ന ബോധ്യവും യേശുവിന്‍റെ പരസ്യജീവിതകാല പ്രവര്‍ത്തനങ്ങളെ യഹൂദരോട് ബന്ധപ്പെടുത്തി ചിത്രീകരിക്കാന്‍ സുവിശേഷകന്മാരെ പ്രേരിപ്പിച്ചു. യേശുവിന്‍റെ ഉത്ഥാനത്തോടെയാണ് യേശുവിന്‍റെ രക്തം ചിന്തപ്പെട്ട് കഴിയുമ്പോള്‍ (മര്‍ക്കോ 14,24) ദൈവരാജ്യത്തിന്‍റെ ഫലങ്ങള്‍ വിജാതീയരിലും പ്രകടമായിത്തുടങ്ങും. അതിനാലാണ് ഉത്ഥിതനായ ക്രിസ്തു ശിഷ്യന്മാരെ അയച്ചസംഭവം വിവരിച്ചപ്പോള്‍ സകല ജനതകളോടും സുവിശേഷമറിയിക്കാനുള്ള സാര്‍വത്രിക ദൗത്യം നല്കുന്നതായി സുവിശേഷകന്‍ എഴുതിയത് (മത്താ 28,19).

"വിജാതീയരുടെ അടുത്തേക്ക് പോകരുത്" എന്നതിന് ബൈബിള്‍ വ്യാഖ്യാതാക്കള്‍ നല്‍കുന്ന മറ്റൊരു വ്യാഖ്യാനം ഈ സന്ദര്‍ഭത്തില്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. AD 70ല്‍ ജറുസലേം ദേവാലയം നശിപ്പിക്കപ്പെട്ടതിനുശേഷം ജോഹന്നാന്‍ ബെന്‍സക്കായിയുടെ നേതൃത്വത്തില്‍ ജാമ്നിയായിലെ ഫരിസേയര്‍ ക്രൈസ്തവ വിരുദ്ധമായ നീക്കങ്ങള്‍ നടത്തുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. യേശു ക്രിസ്തുവാണെന്ന് ഏറ്റുപറയുന്നവരെ സിനഗോഗുകളില്‍നിന്ന് പുറത്താക്കുകയും (യോഹ 9,22) ക്രിസ്തു മാര്‍ഗ്ഗം നിഷിദ്ധമാണെന്ന് പ്രഖ്യാപിക്കുകയും അവരുമായി സഹകരിക്കുന്നതില്‍നിന്ന് യഹൂദരെ വിലക്കുകയും ചെയ്തിരുന്നു. തത്ഫലമായി യഹൂദക്രിസ്ത്യാനികള്‍ സമൂഹത്തില്‍ ഒറ്റപ്പെട്ടു. വിശ്വാസത്തെപ്രതി ഒരേ ഭവനത്തിലെ അംഗങ്ങള്‍വരെ രണ്ട് ചേരികളിലാവുകയും അത് ഭിന്നതയ്ക്കും അസമാധാനത്തിനും വഴിവെക്കുകയും ചെയ്തു.

യഹൂദരുടെ മാനസാന്തരംമൂലം കുടുംബങ്ങളിലും സമൂഹത്തിലും ഉണ്ടായ ആശയക്കുഴപ്പങ്ങള്‍ തന്നെ പരിഹരിക്കുക ക്ലേശകരമായ സാഹചര്യത്തില്‍ വിജാതീയ സമൂഹങ്ങളില്‍ നിന്നുകൂടി മാനസാന്തരപ്പെട്ടവര്‍ ക്രിസ്തു മാര്‍ഗത്തിലുണ്ടായാല്‍ അതുമൂലം രൂപപ്പെടാനിടയുള്ള പ്രതിസന്ധികളെക്കുറിച്ചുള്ള ചിന്ത മത്തായി സുവിശേഷകനെ സന്നിഗ്ധാവസ്ഥയില്‍ എത്തിച്ചിരിക്കാം. യഹൂദ ക്രിസ്ത്യാനികളുടെ ഇടയിലെ പ്രശ്നങ്ങള്‍ ആദ്യം തീരട്ടെ എന്നിട്ടാകാം പുതിയ പ്രശ്നങ്ങള്‍ വഴിതെളിയിക്കാനിടയുള്ള വിജാതീയ മിഷന്‍ പ്രവര്‍ത്തനമെന്ന് ചിന്തിക്കുക തികച്ചും യുക്തിസഹമാണ്. വിജാതീയര്‍ക്ക് ഭ്രഷ്ട് കല്‍പിച്ച് അകറ്റി നിര്‍ത്തിയവരായിരുന്നു അന്നത്തെ യഹൂദര്‍. ക്രിസ്തുമാര്‍ഗ്ഗത്തില്‍ വിശ്വസിക്കുന്നു എന്ന ഒറ്റക്കാരണത്താല്‍ യഹൂദര്‍ വിജാതീയരെ തുല്യരായി കണക്കാക്കുമോ? ചുരുക്കത്തില്‍ യുഹൂദരുടെ മാനസാന്തരം സാധിക്കുന്നതുവരെ താത്കാലികമായി വിജാതീയരുടെ മാനസാന്തരം നീട്ടിവയ്കുകയാണ് പ്രായോഗിക ബുദ്ധിയെന്ന് സുവിശേഷകന്മാര്‍ ചിന്തിച്ചിരിക്കണം.

ഇക്കാരണത്താല്‍ യേശുവിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിജാതീയരെ അവഗണിച്ചായിരുന്നു എന്നോ അവന്‍റെ മനോഭാവം ബഹുതയ്ക്ക് പ്രതികൂലമായിരുന്നു എന്നോ പറയാനാവില്ല. വിജാതീയരുടെ ഇടയിലുള്ള പ്രവര്‍ത്തനം വിജയിക്കാനാവശ്യമായ ആദ്യനടപടിയെന്നവണ്ണമാണ് യഹൂദരുടെ മാനസാന്തരം ലക്ഷ്യംവച്ച് അവരുടെ ഇടയില്‍ മാത്രമായി അവന്‍ പ്രവര്‍ത്തിച്ചത്. (J. Kuttianimattathil, Jesus-Christ, Unique and Universal,pp. 66  67).

ബൈബിള്‍ വ്യാഖ്യാനകലയിലെ    ഒരു സാമാന്യതത്വം ഇവിടെ സ്മര്‍ത്തവ്യമാണ്. സുവിശേഷത്തിലെ ഏതൊരു ഭാഗവും വ്യാഖ്യാനിക്കുമ്പോള്‍ അത് യേശുവിന്‍റെ മനോഭാവത്തിനും സുവിശേഷത്തിന്‍റെ മുഖ്യധാര സന്ദേശത്തിനും വിരുദ്ധമാകാന്‍ പാടില്ല. പുതിയ നിയമത്തില്‍ തെളിഞ്ഞുനില്‍ക്കുന്നത് സാര്‍വ്വാശ്ലേഷിയായ സ്നേഹം സ്ഫുരിക്കുന്ന യേശുവിന്‍റെ മനസ്സാണ്. നീതിമാനെയും പാപിയെയും, സമൂഹത്തിന്‍റെ മുഖ്യധാരയിലുള്ളവരെയും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും, ഒരുപോലെ സ്നേഹിക്കുന്ന ഒരു പിതാവിന്‍റെ ചിത്രമാണ് യേശുവിലൂടെ വെളിവായത്.

വിജാതീയര്‍ക്കുവേണ്ടി അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച് ദൈവരാജ്യത്തിന്‍റെ ഫലങ്ങള്‍ അവര്‍ക്കും സംലഭ്യമാണെന്ന് യേശു തെളിയിച്ചിട്ടുണ്ട്. ടയിറിലെ ഒരു വീട്ടിലായിരിക്കെ സീറോ ഫിനിഷ്യന്‍ സ്ത്രീ വന്ന് മകളില്‍ ആവസിച്ചിരിക്കുന്ന അശുദ്ധാത്മാവിനെ പുറത്താക്കണമെന്ന് അഭ്യര്‍ത്ഥിച്ചപ്പോള്‍ യേശു അത് നിറവേറ്റിക്കൊടുക്കുന്നുണ്ട്. തിരഞ്ഞെടുക്കപ്പെട്ട ഇസ്രായേല്‍ മക്കളാണ് രക്ഷാകരകൃപയ്ക്ക് ആദ്യമേ അര്‍ഹതപ്പെട്ടവര്‍ എന്ന് സ്മരിക്കുന്നുണ്ടെങ്കിലും വിജാതീയര്‍ക്ക് അവിടുന്ന് സൗഖ്യം നിഷേധിക്കുന്നില്ല (മര്‍ക്കോ 7,24-30). കഫര്‍ണാമിലെ ശതാധിപന്‍റെ ഭൃത്യനെ സുഖപ്പെടുത്തിയ ശേഷം ഇതുപോലുള്ള വിശ്വാസം ഇസ്രായേലില്‍ ഒരുവനില്‍പ്പോലും കണ്ടിട്ടില്ല എന്നാണ് യേശു പ്രശംസിച്ച് പറയുന്നത് (മത്താ 8,5-13). വിശ്വാസമുള്ള വിജാതീയനാണ് അവിശ്വസ്തരായ തിരഞ്ഞെടുക്കപ്പെട്ട ജനതയേക്കാള്‍ ദൈവത്തിന് സ്വീകാര്യനെന്നല്ലേ ഇത് അര്‍ത്ഥമാക്കുന്നത്.

അതുകൊണ്ടുതന്നെ സകലജനതകളിലും നിന്നുള്ളവര്‍ സ്വര്‍ഗരാജ്യത്തിലെ വിരുന്നാസ്വദിക്കുമെന്ന് അവിടുന്ന് പ്രഖ്യാപിക്കുന്നു. "കിഴക്കുനിന്നും പടിഞ്ഞാറുനിന്നും നിരവധിയാളുകള്‍ വന്ന് അബ്രാഹത്തിനോടും ഇസഹാക്കിനോടും യാക്കോബിനോടും കൂടെ സ്വര്‍ഗരാജ്യത്തിലെ വിരുന്നിനിരിക്കും" (മത്താ 8,5-13). ജാതിയുടെയോ വര്‍ഗത്തിന്‍റെയോ മതവിശ്വാസത്തിന്‍റെയോ മാനദണ്ഡങ്ങളിലായിരിക്കില്ല, സ്നേഹ പ്രവൃത്തികളുടെ അടിസ്ഥാനത്തിലായിരിക്കും സൗഭാഗ്യവും ദൗര്‍ഭാഗ്യവും നല്‍കപ്പെടുന്നതെന്ന് യേശു അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു (മത്താ 25,31-46).

യേശുവിന്‍റെ വിജാതീയ മനോഭാവത്തെപ്പറ്റി നവമായ പല പഠനങ്ങളുമുണ്ട്. അതിലൊന്ന് യേശുവിന്‍റെ പ്രകടനപത്രികയ്ക്ക് നല്കിയ വ്യാഖ്യാനമാണ്. ലൂക്കായുടെ സുവിശേഷം 4,18-ല്‍ രേഖപ്പെടുത്തിയിരിക്കുന്ന പ്രഭാഷണം ഏശയ്യാ പ്രവാചകന്‍റെ പുസ്തകം 61,1-2 വാക്യങ്ങളുടെ ആവര്‍ത്തനമാണ്. "ദൈവമായ കര്‍ത്താവിന്‍റെ ആത്മാവ് എന്‍റെ മേലുണ്ട്, പീഡിതരെ സദ്വാര്‍ത്ത അറിയിക്കുന്നതിന് അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ഹൃദയം തകര്‍ന്നവരെ ആശ്വസിപ്പിക്കുവാനും തടവുകാര്‍ക്ക് മോചനവും ബന്ധിതര്‍ക്കു സ്വാതന്ത്ര്യവും പ്രഖ്യാപിക്കാനും കര്‍ത്താവിന്‍റെ കൃപാവത്സരവും നമ്മുടെ ദൈവത്തിന്‍റെ പ്രതികാരദിനവും പ്രഘോഷിക്കാനും വിലപിക്കുന്നവര്‍ക്ക് സമാശ്വാസം നല്‍കാനും എന്നെ അയച്ചിരിക്കുന്നു." എന്നാല്‍ ലൂക്കാ 4,18-ലെ ഉദ്ധരണിയില്‍ ഏശയ്യായുടെ പ്രവചനത്തിലുള്ള നമ്മുടെ 'ദൈവത്തിന്‍റെ പ്രതികാരദിനവും' എന്നഭാഗം വിട്ടുകളഞ്ഞിരിക്കുന്നതായി കാണാം.

എന്തുകൊണ്ടായിരിക്കാം യേശു ഈ ഉപവാക്യം വിട്ടുകളഞ്ഞത്? ദൈവത്തിന്‍റെ പ്രതികാരദിനത്തിന്‍റെ പ്രത്യേകതയിലാണ് ഈ ഉപേക്ഷയുടെ രഹസ്യം അടങ്ങിയിരിക്കുന്നത്. മിശിഹാ വരുമ്പോള്‍ യഹൂദനിയമങ്ങള്‍ പാലിക്കാത്തവരെയും വിജാതീയരെയും ശിക്ഷിച്ച് പ്രതികാരം പൂര്‍ത്തിയാക്കും എന്നായിരുന്നു ഇസ്രായേല്‍ ജനത്തിന്‍റെ വിശ്വാസം. ഏശയ്യായുടെ പ്രവചനം വായിച്ച് ഈ വാക്കുകള്‍ ഇന്ന് നിറവേറിയിരിക്കുന്നു എന്ന് അവകാശപ്പെടുമ്പോള്‍ താന്‍ മിശിഹായാണെന്നാണ് യേശു സ്ഥാപിക്കുന്നത്. അതേസമയം യഹൂദസങ്കല്‍പത്തിനനുസൃതമായി വിജാതീയരോട് പ്രതികാരം ചെയ്യുന്ന മിശിഹായല്ല താനെന്നാണ് 'പ്രതികാരദിനം' എന്ന ഭാഗം ഉപേക്ഷിച്ചതുവഴി യേശു വ്യക്തമാക്കുന്നത്. മറിച്ച് വിജാതീയര്‍ക്കും രക്ഷ പ്രദാനം ചെയ്യുന്നവനാണ് യേശു.

ജറുസലേം ദേവാലയത്തില്‍ നിന്ന് കച്ചവടക്കാരെ പുറത്താക്കുന്ന യേശുവിന്‍റെ പ്രവാചകതുല്യമായ പ്രവൃത്തിയിലും (മര്‍ക്കോ 11,15-19) വിജാതീയരോടുള്ള സ്നേഹം ഒളിഞ്ഞു കിടപ്പുണ്ടെന്നാണ് ബൈബിള്‍ പണ്ഡിതരുടെ അഭിമതം. കച്ചവടക്കാരെ ചാട്ടവാറ് ചുഴറ്റി ഓടിച്ചത് ദേവാലയത്തിന്‍റെ വിശുദ്ധിയെ ഓര്‍മ്മിപ്പിക്കാന്‍ മാത്രമായിരുന്നില്ലത്രേ. ക്രയവിക്രയക്കാര്‍ തമ്പടിച്ചിരുന്നത് ജറുസലേം ദേവാലയത്തില്‍ വിജാതീയരുടെ അങ്കണം എന്നറിയപ്പെട്ടിരുന്ന ഒരിടത്തായിരുന്നു. യഹൂദരില്ലാത്തവര്‍ക്കു ദേവാലയത്തിലേക്കു പ്രവേശിക്കാന്‍ പ്രത്യേകം മാറ്റി വയ്ക്കപ്പെട്ടിരുന്ന ഈ സ്ഥലത്ത് വില്പന നടത്തുകവഴി വിജാതീയര്‍ക്ക് യഹോവയുടെ പക്കലേക്കു വരാനുള്ള അവസരമാണ് യഹൂദപ്രമാണികള്‍ നിഷേധിച്ചത്. ഈ പശ്ചാത്തലത്തിലാണ് 17-ാം വാക്യത്തില്‍ "എന്‍റെ ഭവനം എല്ലാ ജനതകള്‍ക്കുംവേണ്ടിയുള്ള പ്രാര്‍ത്ഥനാലയം എന്നു വിളിക്കപ്പെടും എന്ന് എഴുതപ്പെട്ടിട്ടില്ലേ?" എന്ന് യേശു ചോദിക്കുന്നത്. കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിലൂടെ വിജാതീയര്‍ക്കു രക്ഷയിലേക്കുള്ള വഴി തെലിക്കുകയാണ് കര്‍ത്താവ് ചെയ്തത്.

യേശുവിന്‍റെ വിജാതീയരോടുള്ള മനോഭാവം വെളിപ്പെടുത്തുന്ന മറ്റൊരു സന്ദര്‍ഭമാണ് ബാധയൊഴിപ്പിക്കുന്ന ഒരു മന്ത്രവാദിയുടെ നേര്‍ക്ക് അവിടുന്ന് സ്വീകരിച്ച നിലപാട് (മര്‍ക്കോ 9,38-41; ലൂക്കാ 9,49-50). യേശുവിന്‍റെ കാലത്ത് യഹൂദരുടെ ഇടയിലും വിജാതീയരുടെ ഇടയിലും സര്‍വസാധാരണമായിരുന്നു ബാധയൊഴിപ്പിക്കല്‍. വിജാതീയരായ മന്ത്രവാദികള്‍ യഹൂദരുടെ വിശ്വാസ ദുര്‍ഗങ്ങളായിരുന്ന അബ്രാഹം, ഇസഹാക്ക്, യാക്കോബ് എന്നിവരുടെയും മാലാഖമാരുടെയും പേരുകള്‍ ഉപയോഗിച്ച് പിശാചുക്കളെ ഒഴിപ്പിക്കുമായിരുന്നു. ആ പശ്ചാത്തലത്തിലാണ് ജനങ്ങളുടെ ഇടയില്‍ അതിശയപുരുഷനും പ്രവാചക തുല്യനുമായ യേശുവിന്‍റെ നാമം പിശാചിനെ ഒഴിപ്പിക്കുന്നതിന് വിജാതീയ മന്ത്രവാദി ഉപയോഗിക്കുന്നത്. ഇതറിഞ്ഞ ശിഷ്യന്മാര്‍ യേശുവിനോട് അവനെ തടയാനാണ് ആവശ്യപ്പെടുന്നത്. പക്ഷേ, ഇതിനു മറുപടിയായി യേശു പറയുന്നത്: "നമുക്ക് എതിരല്ലാത്തവര്‍ നമ്മുടെ ഭാഗത്താണ്" എന്നാണ്. പരസ്യമായി തന്നെ അനുഗമിക്കാത്തവനായിരുന്നിട്ടും ഒരു വിജാതീയനിലൂടെ പ്രവര്‍ത്തിക്കാന്‍ മനസ്സാകുന്നതുവഴി കര്‍ത്താവ് വ്യക്തമാക്കുന്ന സന്ദേശം എന്താണ്? തന്നിലുള്ള വിശ്വാസം പരസ്യമായി ഏറ്റുപറഞ്ഞ് തന്‍റെ സമൂഹത്തില്‍ ചേരാത്തവര്‍ക്കും തന്നില്‍ വിസ്വസിക്കുകയാണെങ്കില്‍ രക്ഷയുടെ ഉപകരണങ്ങളാകാം എന്നല്ലേ? (J.Jeremias, Jesus Promise to the Nations, Studies in Biblical Theology, no. 24, 1958, pp. 4156; D, Senior and C. Stuhlmueller, The Biblical Foundations for Mission, pp. 153154.)

അപ്പസ്തോലന്മാരുടെ പ്രതികരണം

വിജാതീയരോടുള്ള യേശുവിന്‍റെ തുറന്ന മനോഭാവമാണ് അപ്പസ്തോലന്മാരും പിന്‍തുടരുന്നത്. അപ്പസ്തോലപ്രവര്‍ത്തനങ്ങളില്‍ 10-ാം അദ്ധ്യായത്തില്‍ പ്രതിപാദിക്കുന്ന കൊര്‍ണേലിയൂസ് സംഭവം ശ്രദ്ധിക്കുക. മറ്റ് വര്‍ഗക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് യഹൂദര്‍ക്ക് നിയമവിരുദ്ധമായിരുന്നതിനാല്‍ വിജാതീയരെ ക്രിസ്തീയ കൂട്ടായ്മയില്‍ ഉള്‍പ്പെടുത്തരുതെന്നായിരുന്നു ആദിമക്രൈസ്തവരില്‍ പലരും ചിന്തിച്ചിരുന്നത്. മിശിഹായുടെ വരവിന്‍റെ ലക്ഷ്യം യഹൂദസമുദായത്തിന്‍റെ മാത്രം നവീകരണവും രക്ഷയുമായിരുന്നു എന്ന തെറ്റിദ്ധാരണ അത്ഭുതകരമായ ഇടപെടലിലൂടെ ദൈവം തിരുത്തിയതിന്‍റെ ദൃഷ്ടാന്തമാണ് കോര്‍ണേലിയൂസ് സംഭവം.

ഇതില്‍നിന്നും പ്രചോദനം ഉള്‍കൊണ്ട പത്രോസ് കേസറിയായില്‍ വിജാതീയരെ സഭയിലേക്കു സ്വീകരിക്കുന്നതിനെപ്പറ്റി ചോദ്യമുയര്‍ന്നപ്പോള്‍ ഇങ്ങനെ പ്രഖ്യാപിച്ചു: ഒരു മനുഷ്യനെയും ഹീനജാതിക്കാരനെന്നോ അശുദ്ധനെന്നോ വിളിക്കരുതെന്ന് ദൈവം എനിക്കു കാണിച്ചു തന്നിരിക്കുന്നു (അപ്പ 10,28). പത്രോസ് തുടര്‍ന്നു പറയുന്നു: "ദൈവത്തിന് പക്ഷപാതമില്ലെന്നും അവിടുത്തെ ഭയപ്പെടുകയും നീതി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആരും ഏതു ജനതയില്‍പ്പെട്ടവനായാലും അവിടത്തേക്കു സ്വീകാര്യനാണെന്നും ഞാന്‍ സത്യമായും അറിയുന്നു" (അപ്പ 10,34-35). ദൈവഭക്തിയിലും പ്രാര്‍ത്ഥനയിലും ദാനധര്‍മ്മത്തിലും മുന്നിട്ടുനിന്ന കൊര്‍ണേലിയൂസിന്‍റെയും മറ്റു വിജാതീയരുടെയും മേല്‍ പരിശുദ്ധാത്മാവിന്‍റെ ദാനം വര്‍ഷിക്കപ്പെടുന്നതുകണ്ട് സന്തോഷിച്ച പത്രോസ് അവര്‍ക്കു ജ്ഞാനസ്നാനം നല്‍കാന്‍ തയ്യാറായി (അപ്പ 10,44-48). ഈ സംഭവം ആദിമ സഭയുടെ, അഥവാ അപ്പസ്തോല സമൂഹത്തിന്‍റെ ഹൃദയ വിശാലതയുടെ തെളിവാണ്. നന്മചെയ്യുന്നവനും ദൈവത്തെ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവനും ഏതു മതത്തിലും ജാതിയിലും പെട്ടവനാണെങ്കിലും ക്രിസ്തുവിന്‍റെ രക്ഷാകരകൃപയ്ക്ക് അര്‍ഹരാകുമെന്നും പരിശുദ്ധാത്മാവിന്‍റെ ദാനങ്ങള്‍ അവര്‍ക്കും സംലഭ്യമാകും എന്നുമുള്ള സന്ദേശമാണ് ഈ സംഭവം നല്‍കുന്നത്.

എപ്പിക്കൂറിയന്‍ - സ്റ്റോയിക് ചിന്തകരുടെ ആഹ്വാനപ്രകാരം ആഥന്‍സിലെ അരയോപ്പാഗസില്‍ വി. പൗലോസ് പ്രസംഗിച്ചു പറയുന്നുണ്ട് (അപ്പ 17,22-24). അജ്ഞാത ദേവനോടുള്ള അവരുടെ ആരാധന സത്യദൈവത്തെ അറിയാനുള്ള ആഗ്രഹത്തിന്‍റെ അടയാളമാണെന്നു പറഞ്ഞുകൊണ്ടാണ് ശ്ലീഹാ പ്രസംഗം ആരംഭിക്കുന്നത്. എല്ലാവര്‍ക്കും ജീവനും ശ്വാസവും പ്രദാനംചെയ്യുന്നത് ദൈവമാകയാല്‍ എല്ലാ ജനവിഭാഗങ്ങളും അവിടുത്തെ സന്താനങ്ങളാണെന്ന് ശ്ലീഹാ ഓര്‍മ്മിപ്പിക്കുന്നു. എല്ലാവരും ജീവിക്കുന്നതും ചരിക്കുന്നതും നിലനില്‍ക്കുന്നതും ഒരേ ദൈവത്തിലാണ് (അപ്പ 17,25). ഭൂമിയിലുള്ള വൈവിധ്യങ്ങള്‍ ദൈവേഷ്ടപ്രകാരമാണെന്ന സൂചനയും പൗലോസ് നല്‍കുന്നുണ്ട്. അവിടുന്ന് അവര്‍ക്കു വിഭിന്ന കാലങ്ങളും വാസഭൂമികളും നിശ്ചയിച്ചുകൊടുത്തു. ഇത് അവര്‍ ദൈവത്തെ അന്വേഷിക്കുന്നതിനും ഒരുപക്ഷേ, അനുഭവത്തിലൂടെ അവിടുത്തെ കണ്ടെത്തുന്നതിനും വേണ്ടിയാണ് (അപ്പ 17,27).

ജെറുസലേം സൂനഹദോസ് ഇതരമതങ്ങളോടുള്ള സമീപനത്തില്‍ വിസ്മരിക്കാനാവാത്ത ഒരു നാഴികക്കല്ലാണ്. ക്രിസ്തുമാര്‍ഗം സ്വീകരിക്കുന്നവര്‍ രക്ഷപ്രാപിക്കണമെങ്കില്‍ മോശയുടെ നിയമം അനുസരിച്ച് പരിഛേദനം ചെയ്യപ്പെടണമോ? എന്നതായിരുന്നു ജെറുസലേം കൗണ്‍സിലിന്‍റെ ചര്‍ച്ചാവിഷയം. കൗണ്‍സിലിന്‍റെ മദ്ധ്യേ പത്രോസ് ശ്ലീഹാ നല്‍കിയ മറുപടി ഇത്തരുണത്തില്‍ സ്മരിക്കേണ്ടതാണ്. "ഹൃദയങ്ങളെ അറിയുന്ന ദൈവം നമുക്കെന്നതുപോലെ അവര്‍ക്കും (വിജാതീയര്‍ക്ക്) പരിശുദ്ധാത്മാവിനെ നല്‍കിക്കൊണ്ടു അവരെ അംഗീകരിച്ചു. നമ്മളും അവരും തമ്മില്‍ അവിടുന്ന് വ്യത്യാസം കല്പിച്ചില്ല" (അപ്പ 15,8). നമ്മെപ്പോലെതന്നെ അവരും രക്ഷപ്രാപിക്കുന്നത് കര്‍ത്താവായ യേശു ക്രിസ്തുവിന്‍റെ കൃപയാലാണെന്ന് നാം വിശ്വസിക്കുന്നു (അപ്പ 15,11). "ദൈവത്തിലേക്കു തിരിയുന്ന വിജാതീയരെ നാം വിഷമിപ്പിക്കരുത്" (അപ്പ 15,11). വിഗ്രഹാരാധനയും വ്യഭിചാരവും അവിശുദ്ധമായ ജീവിതശൈലികളും ഉപേക്ഷിച്ചാല്‍പ്പിന്നെ മറ്റ് നിര്‍ബന്ധങ്ങള്‍ വിശ്വാസം സ്വീകരിക്കുന്ന വിജാതീയരുടെമേല്‍ അടിച്ചേല്‍പ്പിക്കരുതെന്ന ജറുസലേം സൂനഹദോസിന്‍റെ തീരുമാനം, ഇതരമതങ്ങളില്‍ തിന്മയൊഴിച്ചുള്ളതെല്ലാം ദൈവത്തിന് സ്വീകാര്യമാണെന്ന സന്ദേശമാണ് നല്‍കുന്നത്. ചുരുക്കത്തില്‍, അപ്പസ്തോലന്മാരും ആദിമ ക്രൈസ്തവ സമൂഹവും വിശ്വാസപ്രഘോഷണം ജീവിതദൗത്യമായി ഏറ്റെടുത്തപ്പോള്‍ വിജാതീയ മതങ്ങളില്‍ ദൈവത്തിന്‍റെ അദൃശ്യ പ്രകൃതി സന്നിഹിതമാണെന്നു വിശ്വസിക്കുന്ന വിശാലമായ സമീപനമാണ് പുലര്‍ത്തിയിരുന്നത്.

തീവ്ര വിശ്വാസപ്രഖ്യാപനങ്ങള്‍

പുതിയ നിയമം പൊതുവില്‍ ഇതരമതങ്ങളോടും അവയിലെ തിന്മയൊഴിച്ചുള്ള ആചാരങ്ങളോടും തുറന്ന മനോഭാവം കാണിക്കുന്നു എന്നു പറയുമ്പോള്‍ താഴെപ്പറയുന്ന വചനഭാഗങ്ങള്‍ എങ്ങനെ മനസ്സിലാക്കണമെന്ന ചോദ്യം നമ്മില്‍ ഉയരുവാനിടയുണ്ട് "എന്തെന്നാല്‍ ഒരു ദൈവമേ ഉള്ളൂ, ദൈവത്തിനും മനുഷ്യര്‍ക്കുമായി ഒരു മദ്ധ്യസ്ഥനേ ഉള്ളൂ - മനുഷ്യനായ യേശുക്രിസ്തു"     (1 തിമോ 2,5). "എങ്കിലും നമുക്ക് ഒരു ദൈവമേ ഉള്ളൂ; ആരാണോ സര്‍വവും സൃഷ്ടിച്ചത്, ആര്‍ക്കുവേണ്ടിയാണോ നാം ജീവിക്കുന്നത്, ആ പിതാവ്. ഒരു കര്‍ത്താവേ ഉള്ളൂ. ആരിലൂടെയാണോ സര്‍വവും ഉളവായത്, ആരിലൂടെയാണോ നാം നിലനില്‍ക്കുന്നത് ആ യേശുക്രിസ്തു" (1 കോറി 8,5-6). "വീടുപണിക്കാരായ നിങ്ങള്‍ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായിത്തീര്‍ന്നു. ആ കല്ലാണ് യേശു. മറ്റാരിലും രക്ഷയില്ല; ആകാശത്തിനു കീഴെ മനുഷ്യരുടെ ഇടയില്‍ നമുക്കു രക്ഷക്കുവേണ്ടി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല" (അപ്പ 4,11-12). ദൈവം ഒന്നേയുള്ളൂ എന്നും ദൈവത്തിനും മനുഷ്യര്‍ക്കുമിടയില്‍ മദ്ധ്യസ്ഥനും രക്ഷകനുമായി കര്‍ത്താവായ യേശു മാത്രമേ ഉള്ളൂ എന്നുമാണ് ഈ വചനഭാഗങ്ങളുടെ സാരാംശം. ഇത് സത്യമാണെങ്കില്‍ അന്യമതവിശ്വാസങ്ങളോട് നാം തുറവിയുള്ള മനോഭാവം പാലിക്കുന്നതെങ്ങനെ? എന്ന ചോദ്യം സ്വാഭാവികമാണ്.

മേല്‍പറഞ്ഞ വചനഭാഗങ്ങള്‍ അവയുടെ പശ്ചാത്തലത്തില്‍ വ്യാഖ്യാനിക്കണം എന്നാണ് ബൈബിള്‍ പണ്ഡിതന്മാരുടെ അഭിപ്രായം (L. Legrand, Jesus et I' Englise Primitive, Spiritus, vol 36 (1985) pp. 7175; C.K.Barett, A Commentary on the First Episstle to the Corinthians,pp. 192194). ഇവരുടെ അഭിപ്രായത്തില്‍, വിജാതീയരോടുള്ള മനോഭാവം പ്രതിപാദിക്കാന്‍ നേരിട്ട് എഴുതിയ ഭാഗങ്ങളല്ല ഈ വാക്യങ്ങള്‍. അതിനാല്‍ അന്യമതങ്ങളിലെ ഈശ്വരന്മാരെക്കുറിച്ചുള്ള വിധിതീര്‍പ്പായിട്ട് ഇതിനെ കാണരുത്. ക്രിസ്തുമാര്‍ഗത്തില്‍ ചേര്‍ന്നവരെ വിശ്വാസത്തില്‍ ഉറപ്പിക്കുന്നതിനായി എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തിലാണ് അപ്പസ്തോലന്മാര്‍ ഈ തീവ്ര വിശ്വാസ പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുള്ളത്. ലോകത്തില്‍ ദേവന്മാര്‍ പലരുണ്ടെങ്കിലും ക്രിസ്തുവിനെ അനുഗമിക്കാന്‍ തീരുമാനിച്ചവര്‍ക്ക് ഏകരക്ഷകന്‍ ക്രിസ്തുവാണെന്ന് തറപ്പിച്ചു പറയുകയാണിവിടെ. സഭയില്‍ ചേര്‍ന്നവരുടെ വിശ്വാസത്തെ ആഴപ്പെടുത്തുവാന്‍ ലക്ഷ്യം വച്ചെഴുതിയ ഈ വചനഭാഗങ്ങളെ വിശ്വാസികളുടെ സമൂഹത്തിന്‍റെ ആഭ്യന്തര വിശ്വാസപ്രകടനമായി മനസ്സിലാക്കണമെന്നു ചുരുക്കം.

ബഹുദൈവ വിശ്വാസങ്ങള്‍ നിലനിന്നിരുന്ന കാലഘട്ടത്തില്‍ ക്രിസ്ത്യാനികളുടെ ഏകദൈവ വിശ്വാസം പ്രഘോഷിക്കുന്ന ഭാഗങ്ങളായികൂടി ഇവയെ വ്യാഖ്യാനിക്കാമെന്ന് ബൈബിള്‍ പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്. യഹൂദര്‍ യഹോവയെ ഏകദൈവമായി ആരാധിച്ചിരുന്നകാലത്ത് യേശുവിനെക്കൂടെ രക്ഷകനായികാണുമ്പോള്‍ അത് ഏകദൈവവിശ്വാസത്തിന് വിരുദ്ധമാകുമോ എന്ന സംശയം ചിലരിലുണ്ടായി. ഈ സാഹചര്യത്തില്‍ യേശു ദൈവത്തോടു സമാനതയുള്ള പുത്രനാണെന്ന സത്യം ശ്ലീഹന്മാര്‍ ഏറ്റപറയുകയാണ്. ദൈവത്തിന്‍റെ ഏകത്വത്തിലും യേശുവിന്‍റെ മാദ്ധ്യസ്ഥത്തിലുമുള്ള വിശ്വാസം ഒരേ സമയം കൂട്ടിച്ചേര്‍ത്ത് എഴുതുന്ന ഈ ഭാഗങ്ങള്‍ ഏകദൈവവിശ്വാസത്തിന്‍റെ പൊരുള്‍ മനസ്സിലാക്കാന്‍ ക്രിസ്ത്യാനികള്‍ക്ക് ഏറെ സഹായകമായി.

ഉയിര്‍ത്തെഴുന്നേറ്റ യേശുവിന്‍റെ ഇടപെടലുകള്‍ക്ക് സാക്ഷ്യം വഹിച്ചവരായിരുന്നു ശിഷ്യന്മാര്‍. അത്ഭുതങ്ങളിലൂടെ തങ്ങളുടെ സുവിശേഷ പ്രഘോഷണയത്നങ്ങളെ വിജയിപ്പിച്ച കര്‍ത്താവിന്‍റെ നാമത്തിലുള്ള ശക്തി അനുയായികളെ ബോധ്യപ്പെടുത്തുകയാണ് ഈ വാക്യങ്ങള്‍. കര്‍ത്തൃനാമം സ്വീകരിക്കുന്നവര്‍ക്ക് രക്ഷാകരമായ കൃപ ലഭിക്കുമെന്ന പ്രത്യക്ഷ സത്യത്തെ ഉറപ്പിച്ച് പറഞ്ഞപ്പോള്‍ ഭാഷ കഠിനമായിട്ടുണ്ടാകാം. അനുഭവത്തിന്‍റെ തീവ്രത വാക്കുകള്‍ക്ക് തീക്ഷ്ണത കൂട്ടുന്നത് സ്വാഭാവികം. ഇതര മതവിഭാഗങ്ങളെ നിഷേധിക്കുന്നതിനേക്കാള്‍ ക്രിസ്തുവിന് ആദിമക്രൈസ്തവര്‍ നല്‍കിയ പ്രാധാന്യത്തിന്‍റെ തെളിവായാണ് ഈ വചനഭാഗങ്ങളെ നാം വായിക്കേണ്ടത്. ചുരുക്കത്തില്‍, പുതിയനിയമത്തില്‍ നാം കാണുന്ന തീവ്രവിശ്വാസപ്രഖ്യാപനങ്ങള്‍ ഇതരമതവിശ്വാസങ്ങളെ നിഷേധിക്കുകയോ അധിക്ഷേപിക്കുകയോ അല്ല മറിച്ച്, സത്യദൈവത്തെ പ്രാപിക്കുന്നതിന് യേശു എത്രമാത്രം അനിവാര്യമാണെന്ന് ഉദ്ഘോഷിക്കുകയാണ് ചെയ്യുന്നത്.

മേല്‍ വിവരിച്ച വിചിന്തനങ്ങള്‍ നമ്മെ കൊണ്ടു ചെന്നത്തിക്കുന്നത് ക്രിസ്തുവിന്‍റെ അനന്യതയെക്കുറിച്ചുള്ള ചോദ്യത്തിലാണ്. എന്തിന്‍റെ അടിസ്ഥാനത്തിലാണ് അപ്പസ്തോലന്മാരും ആദിമക്രൈസ്തവ സമൂഹവും ഇത്ര തീവ്രമായി യേശുവിനെ ഏറ്റുപറയുന്നത്? മനുഷ്യാവതാരം ചെയ്ത് മരണോത്ഥാനങ്ങളിലൂടെ ലോകത്തിന്‍റെ രക്ഷ സാധിച്ചു എന്നതിലാണ് ദൈവപുത്രനായ യേശുക്രിസ്തുവിന്‍റെ അനന്യത അടങ്ങിയിരിക്കുന്നത്. മരണോത്ഥാനങ്ങളിലൂടെ കര്‍ത്താവും ദൈവവുമായവനാണ് ക്രിസ്തു. അതിനാല്‍ മനുഷ്യരക്ഷയ്ക്കുവേണ്ടി ലോകത്തില്‍ ഉദയംചെയ്ത പൂര്‍ണതയുള്ള ഏക മദ്ധ്യസ്ഥനാണ് അവിടുന്ന്. ഈ സത്യം, ഇതരമതങ്ങളിലും ജനപദങ്ങളിലും രക്ഷാകരമായ വഴികള്‍ കാട്ടിക്കൊടുത്തതും സുകൃതജീവിതം നയിച്ചവരുമായ പുണ്യാത്മാക്കളെ നിഷേധിക്കുന്നതല്ല. ആ മഹാത്മാക്കള്‍ ആ മതവിശ്വാസികള്‍ക്കു ദൈവാനുഭൂതിയുടെ മാര്‍ഗങ്ങളാണെങ്കിലും അവരൊന്നും ദൈവപുത്രരല്ല. ആ ദിവ്യാത്മാക്കളുടെ സത്പ്രവൃത്തികള്‍ക്കു നിദാനം പ്രപഞ്ചോത്പത്തിക്കുമുമ്പേ സമയാതീതനായി പിതാവിനോടൊത്ത് പ്രവര്‍ത്തിക്കുന്ന നിത്യവചനവും സത്യദൈവവുമായ യേശു ക്രിസ്തുവാണ് (K.Rahner, One Mediator and Many Mediators, Theological Investigations, vol. 9, 1972, pp. 173176).

 

ഡോ. വിന്‍സെന്‍റ് കുണ്ടുകുളം,

ഫാ. ടോം ഓലിക്കരോട്ട

Plurality in the Bible mananthavady diocese catholic malayalam bible Dr. Vincent Kundukulam Fr. Tom Olicarotta Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message