We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Syro-Malabar Major Archiepiscopal Commissions for Liturgy and Catechesis On 20-Sep-2022
ആരാധനാസ്ഥലവും വിശുദ്ധകലകളും
404. ദൈവമനുഷ്യസമാഗമത്തിന് സ്ഥലകാലയാഥാർത്ഥ്യങ്ങൾ തന്നെ മാധ്യമമാണെന്ന ഉറച്ചബോധ്യം പ്രാചീനകാലം മുതലുള്ള മതങ്ങൾക്കുണ്ടായിരുന്നു. ദൈവമനുഷ്യസമാഗമത്തിനുവേണ്ടി വേർതിരിക്കപ്പെട്ട ഈ യാഥാർഥ്യങ്ങളെ മതങ്ങൾ വിശുദ്ധ സ്ഥലകാലമായി (sacred space-time) പരിഗണിക്കുന്നു. മനുഷ്യനു ദൈവത്തെ കണ്ടുമുട്ടാനും ദൈവത്തിൽനിന്ന് അനുഗ്രഹങ്ങൾ സ്വീകരിക്കാനും സഹായിക്കുന്ന ഫലദായകമായ മാധ്യമങ്ങളാണിവ. വിശുദ്ധസ്ഥലവും, വിശുദ്ധസമയവും, വിശുദ്ധവ്യക്തികളും, വിശുദ്ധവസ്തുക്കളും, വിശുദ്ധകർമ്മങ്ങളും, വിശുദ്ധവചനങ്ങളും ആണ് വിശുദ്ധസ്ഥലകാലത്തിന്റെ ഘടകങ്ങൾ. ദൈവം സ്ഥലകാലത്തിലേക്കു പ്രവേശിക്കുന്ന മനുഷ്യാവതാരരഹസ്യം സ്ഥലകാല യാഥാർഥ്യത്തിന്റെ പ്രാധാന്യം ഉദ്ഘോഷിക്കുന്നു. സ്ഥലകാലത്തിൽ അവതരിച്ച വചനം സ്ഥലകാലത്തിലൂടെ മനുഷ്യരക്ഷ സാധ്യമാക്കി.
ദൈവമനുഷ്യസമാഗമത്തിൽ സ്ഥലകാലത്തിന്റെ നിർണായകമായ പങ്കിനെക്കുറിച്ചുള്ള അവബോധത്തിന്റെ വെളിച്ചത്തിലാണ്ക്രൈസ്തവാരാധനയോട് ബന്ധപ്പെട്ട വിശുദ്ധകലകളെ നാം മനസ്സിലാക്കുന്നത്. രണ്ടാം വത്തിക്കാൻ സൂനഹദോസ് വിശദീകരിക്കുന്നതുപോലെ, മതപരമായ കലകളും അവയുടെ പരമകാഷ്ഠയായ വിശുദ്ധകലയും സ്വഭാവത്താലെ അനന്തമായ ദൈവസൗന്ദര്യത്തെ ആവിഷ്കരിക്കുന്നവയാണ്. മനുഷ്യഹൃദയങ്ങളെ ദൈവത്തിലേക്കു ഭക്തിപൂർവം തിരിക്കുന്നതിലൂടെ വിശുദ്ധകലകൾ മനുഷ്യരെ ദൈവത്തിലേക്കും ദൈവത്തിന്റെ സ്തുതിയുടെയും മഹത്ത്വത്തിന്റെയും വർദ്ധനയിലേക്കും നയിക്കുന്നു (ആരാധനക്രമം 122).
I ആരാധനാസ്ഥലം
405. ദൈവത്തെ കണ്ടുമുട്ടുന്നതിനും ദൈവാനുഭവം സിദ്ധിക്കുന്നതിനുമായി വേർതിരിക്കപ്പെട്ട വിശുദ്ധസ്ഥലമാണ് ദേവാലയം. എല്ലാ മതങ്ങൾക്കുംതന്നെ ദൈവമനുഷ്യസമാഗമത്തിനുവേണ്ടിയുള്ള ആരാധനാലയങ്ങളുണ്ട്. ദൈവത്തെ സ്തുതിക്കുന്നതിനും മഹത്ത്വപ്പെടുത്തുന്നതിനും രക്ഷാകരമായ ദൈവകൃപ സ്വീകരിക്കുന്നതിനുമായി സമർപ്പിക്കപ്പെട്ടവയാണ് ക്രൈസ്തവദേവാലയങ്ങൾ.
406. മാർത്തോമ്മാ ക്രിസ്ത്യാനികളുടെ ദേവാലയങ്ങൾ അടിസ്ഥാനപരമായി പൗരസ്ത്യസുറിയാനി ആരാധനാപാരമ്പര്യത്തിനനുസൃതമായിട്ടാണ് നിർമ്മിക്കപ്പെട്ടിരുന്നത്. എന്നാൽ, ഭാരതീയമായ നിരവധി ഘടകങ്ങൾ മാർത്തോമ്മാ ക്രിസ്ത്യാനികളുടെ ദേവാലയ നിർമ്മിതിയെ സ്വാധീനിച്ചു. ബാഹ്യഘടനയിൽ പുരാതന ക്രൈസ്തവ ദേവാലയങ്ങളും ഹൈന്ദവ, ജൈന, ബുദ്ധദേവാലയങ്ങളും തമ്മിൽ വലിയ സാമ്യമുണ്ടായിരുന്നു. ക്രൈസ്തവാരാധനാലയങ്ങളെ മറ്റു മതസ്ഥരുടെ ആരാധനാലയങ്ങളിൽനിന്നു തിരിച്ചറിയാൻ സഹായിച്ചത് ക്രൈസ്തവദേവാലയത്തിന്റെ മേൽക്കൂരയിലുണ്ടായിരുന്ന കുരിശായിരുന്നുവെന്ന് വിദേശമിഷനറിമാർ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
407. ഹൈന്ദവക്ഷേത്രങ്ങളോടനുബന്ധിച്ച് കാണാറുള്ള പല ഘടകങ്ങളും മാർത്തോമ്മാ ക്രിസ്ത്യാനികളുടെ ദേവാലയങ്ങളോടനുബന്ധിച്ചും കാണാമായിരുന്നു. ക്ഷേത്രനടകൾപോലുള്ള ദേവാലയനടകൾ, കൊടിമരം, കൽവിളക്ക്, ചുറ്റുമതിൽ, കുളം, ആൽവൃക്ഷം എന്നീ ഘടകങ്ങളെല്ലാം ക്രൈസ്തവദേവാലയനിർമ്മാണത്തിലുണ്ടായ ഭാരതീയസ്വാധീനത്തിന്റെ ഉദാഹരണങ്ങളാണ്.
II സീറോമലബാർ ദേവാലയഘടന
408. അർത്ഥപൂർണ്ണമായവിധം വിശുദ്ധ കുർബാന അർപ്പിക്കുന്നതിന് ഉചിതമായ ദേവാലയഘടന അനിവാര്യമാണ്. പൗരസ്ത്യസുറിയാനിപാരമ്പര്യവും മാർത്തോമ്മാ ക്രിസ്ത്യാനികളുടെ മലബാർപാരമ്പര്യവും രൂപം നല്കിയ ഒരു ദേവാലയഘടനയാണ് സീറോമലബാർ സഭയ്ക്കുള്ളത്. ദേവാലയത്തിന് സമൂഹവേദി (ഹൈക്കല) ഗായകവേദി (കെസ്ത്രോമ്മ), ബലിവേദി (മദ്ബഹാ) എന്നീ മൂന്നുഭാഗങ്ങളുണ്ട്. ഗായകവേദി സമൂഹവേദിയിൽ നിന്ന് ഒരു പടിയും മദ്ബഹാ ഗായകവേദിയിൽ നിന്ന് മൂന്നുപടികളും ഉയർന്നു സ്ഥിതി ചെയ്യുന്നു. മദ്ബഹായ്ക്കും ഗായകവേദിക്കും ഇടയ്ക്ക് ഒരു വിരിയിട്ട് മദ്ബഹായെ ദേവാലയത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്ന് വേർതിരിച്ചിരിക്കുന്നു. സമൂഹവേദിയുടെ മധ്യത്തിലായി വചനശുശ്രൂഷയ്ക്കുവേണ്ടിയുള്ള വേദിയായ ബേമ്മ ഉണ്ട്. സമൂഹവേദിയുടെ നിരപ്പിൽനിന്ന് ഉയർന്ന ഒരു വേദിയാണിത്. ഇന്നത്തെ സാഹചര്യത്തിൽ ഇത് ഗായകവേദിയിൽ സജ്ജമാക്കാവുന്നതാണ്.
409. പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിൽ സാധാരണഗതിയിൽ കിഴക്കുപടിഞ്ഞാറ് ദിശയിലാണ് ദീർഘചതുരാകൃതിയിലുള്ള ദേവാലയം നിർമ്മിച്ചിരുന്നത്. മദ്ബഹാ കിഴക്കുഭാഗത്തുവരുന്ന രീതിയിലാണ് ദേവാലയ നിർമാണം. മദ്ബഹായുടെ ഇരുവശങ്ങളിലായി മാമ്മോദീസാത്തൊട്ടിയും സങ്കീർത്തിയും നിർമ്മിക്കുന്നതാണ് പുരാതനപാരമ്പര്യം. മദ്ബഹായുടെ കിഴക്കേഭിത്തിയോടുചേർത്താണ് സാധാരണമായി ബലിപീഠം നിർമ്മിക്കുന്നത്. കർത്താവിന്റെ ഉത്ഥാനത്തിന്റെയും രണ്ടാമത്തെ വരവിന്റെയും പ്രതീകാത്മകതയ്ക്ക് ഊന്നൽ നല്കുന്ന സ്ലീവാ കിഴക്കേഭിത്തിയിൽ സ്ഥാപിക്കാറുണ്ട്. മദ്ബഹാ സ്വർഗത്തിന്റെ പ്രതീകമാണ്. ബലിപീഠം ദൈവത്തിന്റെ സിംഹാസനത്തിന്റെയും കർത്താവിന്റെ കബറിടത്തിന്റെയും പ്രതീകമാണ്. കർത്താവിന്റെ അത്താഴമേശയുടെ പ്രതീകമായും പിതാക്കന്മാർ ബലിപീഠത്തെ കാണുന്നു. മദ്ബഹായിൽ വിശുദ്ധസ്ഥലമെന്നും അതിവിശുദ്ധസ്ഥലമെന്നുമുള്ള വേർതിരിവുണ്ടായിരുന്നു. ഈ വേർതിരിവ് സൂചിപ്പിക്കാൻ പുരാതനകാലത്ത് രണ്ടാമതൊരു വിരി ഇടുന്ന പതിവുണ്ടായിരുന്നു.
410. മദ്ബഹായുടെ ഇരുവശങ്ങളിലായി ഭിത്തിയോടുചേർന്ന് ദിവ്യരഹസ്യങ്ങൾ സജ്ജീകരിക്കുന്നതിനുളള പീഠങ്ങളുണ്ട്. ഉപപീഠങ്ങൾ (ബേസ്ഗസാ) എന്നാണ് ഇവ അറിയപ്പെടുന്നത്. മദ്ബഹയിൽ ഇടത്തുവശത്തെ ഉപപീഠത്തിന്മേൽ അപ്പവും വലതുവശത്തെ ഉപപീഠത്തിൻമേൽ വീഞ്ഞും ഒരുക്കുന്നു. കാർമ്മികന് കുർബാനയ്ക്കിടയിൽ കൈകഴുകുവാനുള്ള വെള്ളം സൂക്ഷിക്കുന്നത് ഇടത്തുവശത്തുള്ള ഉപപീഠത്തിന്മേലാണ്. ഉപപീഠങ്ങൾ ബലിപീഠത്തിന്റെ ഇരുവശങ്ങളിലായി കിഴക്കേ ഭിത്തിയിൽ സ്ഥാപിക്കുന്ന പാരമ്പര്യവുമുണ്ട്.
411. മദ്ബഹായുടെ പവിത്രത ദ്യോതിപ്പിക്കുക എന്നതാണ് മദ്ബഹാവിരിയുടെ മുഖ്യദൗത്യം. സ്വർഗത്തെയും ഭൂമിയെയും വേർതിരിക്കുന്ന പ്രതീകാത്മക കവാടമായി ഇത് നിലകൊള്ളുന്നു. ദിവ്യരഹസ്യങ്ങളുടെ ആഘോഷത്തിന്റെ രഹസ്യാത്മകമാനം ഊന്നിപ്പറയാനും വിരി സഹായകമാണ്. കുർബാനയുടെ തുടക്കം മുതൽ സകലത്തിന്റെയും നാഥാ എന്ന പ്രാർത്ഥനയുടെ ആരംഭംവരെയും സുവിശേഷവായനയ്ക്കുശേഷമുള്ള കാറോസൂസയുടെ സമയത്തും കർത്താവിന്റെ തിരുനാളുകളിൽ കുർബാനസ്വീകരണത്തിനുമുമ്പുള്ള ദ്ഹീലത്ത് എന്ന പ്രത്യേകഗീതത്തിന്റെ സമയത്തുമാണ് വിരിയിടുന്നത്. മദ്ബഹായിലോ മദ്ബഹായോട് ചേർന്ന് ഒരുവശത്തോ ആണ് ഇപ്പോൾ സീറോമലബാർ ദേവാലയങ്ങളിൽ സക്രാരി സ്ഥാപിച്ചുവരുന്നത്. രോഗികൾക്കുവേണ്ടിയും കുർബാനയ്ക്കു പുറമേയുള്ള മറ്റു ദിവ്യകാരുണ്യസ്വീകരണത്തിനും ആരാധനയ്ക്കുംവേണ്ടി പരിശുദ്ധ കുർബാന സക്രാരിയിൽ സൂക്ഷിക്കുന്നു.
412. മാമ്മോദീസായും വിശുദ്ധ കുർബാനയും തമ്മിലുള്ളഗാഢമായ ബന്ധം സൂചിപ്പിക്കുന്നതാണ് മദ്ബഹായോടുചേർന്നു സ്ഥിതി ചെയ്യുന്ന മാമ്മോദീസാവേദി. മാമ്മോദീസായ്ക്കും തൈലാഭിഷേകത്തിനുംവേണ്ട വിശുദ്ധതൈലം (മൂറോൻ) സൂക്ഷിക്കുന്നത് മാമ്മോദീസാവേദിയിലാണ്. വിശുദ്ധ കുർബാനയ്ക്കായി കാർമ്മികനും ശുശ്രൂഷികളും തിരുവസ്ത്രങ്ങളണിഞ്ഞ് ഒരുങ്ങുന്ന സ്ഥലമാണ് സങ്കീർത്തി (ദിയാക്കോണിക്കോൺ). ഇവിടെ വിശുദ്ധ ഗ്രന്ഥം, തിരുപ്പാത്രങ്ങൾ, തിരുവസ്ത്രങ്ങൾ, കുർബാനയ്ക്കുവേണ്ട ഓസ്തി, വീഞ്ഞ് എന്നിവയും മറ്റുവസ്തുക്കളും സൂക്ഷിക്കുന്നു.
413. ജനങ്ങൾ നില്ക്കുന്ന സ്ഥലമാണ് സമൂഹവേദി (ഹൈക്കല). ഇത് ഭൂമിയുടെ പ്രതീകമാണ്. സമൂഹവേദിയുടെ മധ്യത്തിലുള്ള ബേമ്മ വചനശുശ്രൂഷയ്ക്കുള്ള പ്രത്യേക സ്ഥലമാണ്. ജനങ്ങൾക്കിടയിലുള്ള വചനശുശ്രൂഷയെ സൂചിപ്പിക്കുന്നതാണ് ജനമധ്യത്തിലുളള ബേമ്മ. വചനം മാംസമായി നമ്മുടെയിടയിൽ വസിച്ചു (യോഹ 1:14) എന്ന സുവിശേഷവാക്യത്തിന്റെ ചൈതന്യം ബേമ്മയിലെ വചനശുശ്രൂഷയിലൂടെ ആഘോഷിക്കുന്നു. ഭൗമിക ജറുസലേമിന്റെ പ്രതീകമാണ് ബേമ്മ. ബേമ്മയിൽ സ്ലീവായും സുവിശേഷവും വയ്ക്കുന്ന പീഠമുണ്ട്. ഈ പീഠത്തിന്റെ നടുവിൽ സ്ലീവായും ഇരുവശങ്ങളിമായി തിരികളുമുണ്ടായിരിക്കും. റാസക്രമത്തിൽ സുവിശേഷവായനയെ തുടർന്ന് സാഷ്ടാംഗപ്രണാമത്തിനുമുമ്പുവരെയുള്ള സമയത്താണ് സുവിശേഷം ബേമ്മായിലെ പീഠത്തിൽ വയ്ക്കുന്നത്. ബേമ്മയിൽ രണ്ട് പ്രഘോഷണപീഠങ്ങളുണ്ട്. ഇടത്തുവശത്തെ പ്രഘോഷണപീഠം പഴയനിയമവായനകൾക്കുള്ളതും വലത്തുവശത്തെത് പുതിയനിയമവായനയ്ക്കുള്ളതുമാണ്. ബേമ്മയിൽ കാർമ്മികനും ആർച്ചുഡീക്കനും മറ്റു പുരോഹിതന്മാർക്കും ശുശ്രൂഷികൾക്കുമുള്ള ഇരിപ്പിടങ്ങളുണ്ട്.
414. പുരാതനപാരമ്പര്യത്തിൽ സമൂഹവേദിയുടെ ഇടത്തേഭിത്തിയോടുചേർന്ന് രക്തസാക്ഷികളുടെ തിരുശേഷിപ്പുകൾ സൂക്ഷിക്കുന്ന സ്ഥലം (ബേസ്സഹദേ) സജ്ജീകരിച്ചിരുന്നു. ഇന്ന് ചില സ്ഥലങ്ങളിൽ ബലിവേദിയുടെ ഒരു വശത്ത് ബേസ്സഹദേ ക്രമീകരിക്കാറുണ്ട്.
415. ദേവാലയത്തിന്റെ മുൻവശത്തുള്ള മോണ്ടളം ദേവാലയത്തിലേക്കു പ്രവേശിക്കുന്നതിന് വിശ്വാസികൾക്ക് ഒരുങ്ങുന്നതിനുള്ള സ്ഥലമാണ്. പുരാതനകാലത്ത് വചനശുശ്രൂഷയ്ക്കുശേഷം പറഞ്ഞയ്ക്കപ്പെട്ടിരുന്ന അയോഗ്യർ നിന്നിരുന്നത് മോണ്ടളത്തിലാണ്. ചില പുരാതന ദേവാലയങ്ങളുടെ മൂന്നു വശങ്ങളിലും മോണ്ടളം കാണാം.
III വിശുദ്ധകലകൾ
416. മനുഷ്യപ്രതിഭയുടെ ഏറ്റവും ഉദാത്തമായ പ്രവർത്തനങ്ങളിൽ ലളിതകലകളും, പ്രത്യേകിച്ച് മതപരമായ കലകളും അവയുടെ പരമകാഷ്ഠയായ വിശുദ്ധകലയും സർവ്വോത്തമമായി കണക്കാക്കപ്പെടുന്നത് തികച്ചും ന്യായയുക്തമാണെന്ന് വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നു. (ആരാധനക്രമം 122). ദൈവത്തോടുള്ള സമർപ്പണത്തിൽ മനുഷ്യന്റെ ഉത്കൃഷ്ടസൃഷ്ടികളെന്ന നിലയിൽ കലകൾക്ക് പ്രധാനപ്പെട്ട സ്ഥാനമുണ്ട്. മനുഷ്യസിദ്ധികളുടെ മനോജ്ഞമായ പ്രതീകാത്മക സമർപ്പണം സാധ്യമാക്കുന്നത് കലയിലൂടെയാണ്.
വിശുദ്ധസംഗീതം
417. പ്രാർത്ഥനകൾ ഏറ്റവും ഹൃദ്യമായി അർപ്പിക്കാൻ സംഗീതത്തിന് സാധിക്കുന്നു പാടുന്നവൻ രണ്ടു പ്രാവശ്യം പ്രാർത്ഥിക്കുന്നുവെന്ന വിശുദ്ധ ആഗസ്തീനോസിന്റെ വാക്കുകൾ വിശുദ്ധ സംഗീതത്തിന്റെ മൂല്യം വിളിച്ചറിയിക്കുന്നതാണ്. അധരങ്ങളിൽനിന്ന് പുറപ്പെടുന്ന സ്തോത്രബലിയെ സുരഭിലകാഴ്ചയായി സമർപ്പിക്കുവാൻ വിശുദ്ധ സംഗീതം സഹായകമാകുന്നു (സങ്കീ 118:108). വിശുദ്ധ സംഗീതത്തിന് സഭയുടെ ആരാധനാജീവിതത്തിലുള്ള സുപ്രധാനമായ സ്ഥാനമെന്തെന്ന് വത്തിക്കാൻ കൗൺസിൽ വ്യക്തമാക്കുന്നുണ്ട്. സാർവ്വത്രിക സഭയുടെ സംഗീതപാരമ്പര്യം അമൂല്യമായ നിക്ഷേപമാണ്. മറ്റു പല കലാപ്രകടനങ്ങളെയുംകാൾ ഉത്കൃഷ്ടമാണത്. കാരണം, വാക്കുകളിൽ അടങ്ങിയിരിക്കുന്ന വിശുദ്ധ സംഗീതം ആഘോഷപൂർവകമായ ആരാധനക്രമത്തിന്റെ അവശ്യവും അവിഭാജ്യവുമായ ഘടകമാണ് (ആരാധനക്രമം 112).
വിശുദ്ധസംഗീതത്തിനുണ്ടായിരിക്കേണ്ട അടിസ്ഥാനസവിശേഷതകൾ ഏവയെന്ന് രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ലിറ്റർജിയെക്കുറിച്ചുള്ള പ്രമാണരേഖ ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രാർത്ഥന കൂടുതൽ മധുരതരമാക്കിക്കൊണ്ടോ, ഐക്യം ഊട്ടിയുറപ്പിച്ചുകൊണ്ടോ, തിരുക്കർമ്മങ്ങൾ കൂടുതൽ ആഘോഷപൂർണ്ണതയാൽ സമ്പന്നമാക്കിക്കൊണ്ടോ വിശുദ്ധസംഗീതം ആരാധനാനുഷ്ഠാനത്തോട് എത്ര കൂടുതൽ ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നുവോ അത്രയും കൂടുതൽ അത് വിശുദ്ധമാകുകയാണ് (ആരാധനക്രമം 112).
ആരാധനക്രമത്തിൽ സംഗീതത്തിന് വ്യത്യസ്തധർമ്മങ്ങളാണ് നിർവഹിക്കാനുള്ളത്. മുഖ്യമായും ദൈവസ്തുതിപ്പുകളാണ് ഗാനങ്ങളായി ആരാധനാസമൂഹം ആലപിക്കുന്നത്. ദൈവത്തെ മഹത്ത്വപ്പെടുത്തുന്ന സ്തുതികീർത്തനങ്ങളാലപിക്കുമ്പോൾ, ആരാധനാസമൂഹം സ്വർഗീയഗണങ്ങളുടെ നിത്യാരാധനയിൽ പങ്കുചേരുന്നു. സ്വർഗത്തിൽ ദൈവത്തെ നിരന്തരം പരിശുദ്ധൻ എന്നു പാടി പ്രകീർത്തിക്കുന്ന (ഏശ 6:3) വാനവനിരയോട് ചേർന്നാണ് ആരാധനാവേളയിൽ നാം ദൈവത്തെ സംഗീതത്തിലൂടെ സ്തുതിച്ചാരാധിക്കുന്നത്. സീറോമലബാർ കുർബാനയിൽ ഇപ്രകാരമുള്ള സ്തുതികീർത്തനങ്ങൾക്ക് സുപ്രധാനമായ സ്ഥാനമുണ്ട്. കുർബാനയുടെ ആരംഭത്തിലെ 'അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി' എന്ന കീർത്തനം തുടങ്ങി ദൈവമഹത്ത്വം പ്രകീർത്തിക്കുന്ന ഗീതങ്ങൾ നിരവധിയുണ്ട്.
കർത്തൃപ്രാർത്ഥനയിലെ കാനോന, സങ്കീർത്തനങ്ങൾ, മദ്ബഹാഗീതം, സകലത്തിന്റെയും നാഥാ (ലാകുമാറ), ത്രിശുദ്ധകീർത്തനം, പ്രകീർത്തനം (ശൂറായ), ദിവ്യരഹസ്യഗീതം (ഓനീസാ ദ്റാസേ), പരിശുദ്ധൻ കീർത്തനം (ഓശാന), ദ്ഹീലത്ത് എന്നറിയപ്പെടുന്ന പ്രത്യേക ഗീതം, ഓനീസാ ദ്വേമ്മ, കുർബാന സ്വീകരണം കഴിഞ്ഞുള്ള സ്തുതിഗീതം (തെശ്ബൊഹ്ത്ത) എന്നിവയെല്ലാം ദൈവമഹത്ത്വം കീർത്തിക്കുന്നതിന് പ്രാമുഖ്യം നല്കുന്ന ഗീതങ്ങളാണ്. ഇവയിൽ ഒട്ടുമിക്ക ഗീതങ്ങളും സ്വർഗീയഗണങ്ങളോടു ചേർന്നുള്ള സ്തുതികീർത്തനങ്ങളാണ്.
418. സീറോമലബാർ കുർബാനയിലെ ഗീതങ്ങളുടെ പ്രധാനപ്പെട്ട സവിശേഷതയാണ് അവയിൽ കാണുന്ന ആവർത്തനം. സുറിയാനി പാരമ്പര്യത്തിൽ ഗീതങ്ങൾ (ഓനീസകൾ), അവയുടെ സ്വഭാവത്താൽത്തന്നെ ആവർത്തിച്ച് പാടുന്നവയാണ്. ഗീതങ്ങളിലെ ആവർത്തനം സജീവമായ പങ്കുചേരലിനെ സഹായിക്കുന്നു. എന്നതിനുപുറമേ, സ്വർഗവാസികളോടു ചേർന്നുള്ള നിത്യമായ ആരാധനയിലെ പ്രതീകാത്മകമായ പങ്കുചേരലിനെ സൂചിപ്പിക്കുകയും ചെയ്യുന്നു.
419. സുപ്രധാനങ്ങളായ ചില ആരാധനാനുഷ്ഠാനങ്ങളിലുള്ള പങ്കുചേരൽ അർത്ഥവത്താക്കാൻ അത്തരം അനുഷ്ഠാനങ്ങൾക്ക് അകമ്പടിയായി പാടുന്ന ഗീതങ്ങളുണ്ട്. ആരാധനാനുഷ്ഠാനത്തിന്റെ അർത്ഥം ഗ്രഹിക്കാനും, ദൈവാനുഭവത്തിനുള്ള മാധ്യമമായി ആ അനുഷ്ഠാനത്തെ തിരിച്ചറിയാനും സഹായിക്കുന്നവയാണ് അത്തരം ഗീതങ്ങൾ. അനുഷ്ഠാനങ്ങൾ പൂർത്തിയാകുന്ന ക്രമത്തിൽ അത്തരം ഗീതങ്ങൾ അവസാനിപ്പിക്കാവുന്നതാണ്. മദ്ബഹാഗീതം (ഓനീസാ ദ്കങ്കേ), സുവിശേഷപ്രദക്ഷിണഗീതം, ദിവ്യരഹസ്യഗീതം (ഓനീസാ ദ്റാസേ), വിഭജനശുശ്രൂഷാവേളയിലെ ഗീതം, ദിവ്യകാരുണ്യസ്വീകരണഗീതം എന്നീ ഗീതങ്ങൾ അനുഷ്ഠാനങ്ങളോട് ബന്ധപ്പെട്ടവയാണ്.
സുറിയാനി സംഗീതപാരമ്പര്യം
420. ഓരോ സഭയ്ക്കും അതതിന്റേതായ ആരാധനാസംഗീത പാരമ്പര്യമുണ്ട്. റോമൻ ആരാധനക്രമത്തിന് അനുരൂപമായി സഭ അംഗീകരിക്കുന്നത് ഗ്രീഗോരിയൻ ഗാനരീതിയാണ്. സീറോമലബാർ ആരാധന ക്രമത്തെസംബന്ധിച്ച് സുറിയാനി സംഗീതപാരമ്പര്യം അടിസ്ഥാനമായി നിലകൊള്ളുന്നു. സഭാപിതാക്കന്മാരായ വിശുദ്ധ അപ്രേം, സെരൂഗിലെ വിശുദ്ധ യാക്കോബ് (പാശ്ചാത്യസുറിയാനി പിതാവ്) എന്നിവർ രചിച്ച ഗീതങ്ങൾക്ക് സഭാപാരമ്പര്യത്തിൽ സവിശേഷ സ്ഥാനമുണ്ട്. സുറിയാനി സഭകളുടെ ആരാധനാഘോഷങ്ങളിൽ ഈ പിതാക്കന്മാരുടെ ഗീതങ്ങൾ അനിവാര്യഘടകങ്ങളാണ്.
ആരാധനക്രമത്തെ മുഴുവൻ തന്നെ സംഗീതാത്മകയാഥാർത്ഥ്യമായി കാണുന്ന പ്രവണതയാണ് സുറിയാനി പാരമ്പര്യത്തിലുള്ളത്. തന്മൂലം പ്രാർത്ഥനകളെല്ലാംതന്നെ ഈണത്തിൽ ചൊല്ലുന്ന പതിവാണുണ്ടായിരുന്നത്. വിശുദ്ധ ഗ്രന്ഥവായനകളും സംഗീതാത്മകമായി നിർവഹിക്കുന്നു. പൊതുവേ പൗരസ്ത്യ ആരാധനാക്രമപാരമ്പര്യങ്ങളിലെല്ലാം തന്നെ ഈ ശൈലിയാണ് കാണുന്നത്. സീറോമലബാർ കുർബാനയ്ക്ക് സിനഡിന്റെ നിർദ്ദേശപ്രകാരം സുറിയാനി സംഗീതരീതിയിൽ തയ്യാറാക്കിയതും സിനഡ് പരീക്ഷണാർത്ഥം അംഗീകരിച്ചതുമായ ഒരു ഗാനാത്മകരീതി (Chanting) നിലവിലുണ്ട്.
421. ആരാധനാസമൂഹം മുഴുവനുമാണ് യഥാർത്ഥ ഗായക സംഘം. ഗായകസംഘത്തെ പൊതുവേ സ്വർഗീയ ഗായകസംഘം, ഭൗമിക ഗായകസംഘം എന്നിങ്ങനെ രണ്ടായി തിരിച്ച് മനസ്സിലാക്കിയിരുന്നു. മദ്ബഹായിലെ പുരോഹിതന്മാരും ശുശ്രൂഷികളും ചേർന്നതാണ് സ്വർഗീയഗായകസംഘം. ഗായകവേദിയിലെ ഗായകരും സമൂഹവേദിയിലെ വിശ്വാസികളുമാണ് ഭൗമികഗായകസംഘത്തിലുള്ളത്. സ്വർഗീയഗണങ്ങളോട് ചേർന്നുള്ള ആരാധനയാണ് നാം നിർവഹിക്കുന്നത് എന്ന ബോധ്യത്തിൽ നിന്നാണ് മദ്ബഹായിലുള്ളവരെ സ്വർഗീയഗായകസംഘം എന്നു വിളിക്കുന്നത്. മദ്ബഹായിലും ഹൈക്കലയിലും ഉള്ളവരെ ഗാനാലാപത്തിനു സഹായിക്കുകയും നേതൃത്വം നല്കുകയുമാണ് ഗായകസംഘത്തിന്റെ ചുമതല.
422. സുറിയാനി പാരമ്പര്യത്തിൽ ഒരു ടെക്സ്റ്റ് തന്നെയാണ് പ്രാർത്ഥനയായി ചൊല്ലുന്നതും ഗീതമായി ആലപിക്കുന്നതും. എന്നാൽ മലയാളത്തിൽ പ്രാർത്ഥനകൾക്ക് ഗദ്യ, പദ്യ രൂപവ്യത്യാസങ്ങളുണ്ട്. ഗദ്യരൂപത്തോട് വിശ്വസ്തതയുള്ളതായിരിക്കണം പദ്യരൂപമെന്ന് സഭ നിഷ്ക്കർഷിക്കുന്നു. ആധുനികകാലത്ത് സുറിയാനി സംഗീതത്തിന്റെ സ്ഥാനത്ത് ഭാരതീയസംഗീതരീതിയും നവീനസംഗീതരീതികളും ഉപയോഗിക്കാറുണ്ട്. ആകർഷകമായ സംഗീതത്തെക്കുറിച്ചുള്ള വ്യഗ്രത ചിലപ്പോഴെങ്കിലും ആരാധനക്രമചൈതന്യം നഷ്ടപ്പെടുന്നതിന് കാരണമാകുന്നു. ഒന്നോ രണ്ടോ പേർ മാത്രം പാടുന്നത് ആരാധനക്രമ സംഗീതത്തിന് അനുയോജ്യമല്ല. ആരാധനാസമൂഹം മുഴുവന്റെയും ഹൃദയസമർപ്പണത്തിന്റെ ആഹ്ളാദപൂർവ്വകമായ ആവിഷ്കരണമായി ആരാധനാസംഗീതം ഭവിക്കണം.
423. ആരാധനാസമൂഹം മുഴുവന്റെയും പങ്കുചേരൽ സാധ്യമാക്കുന്നതാകണം വിശുദ്ധസംഗീതമെന്ന് വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നു: അവ വലിയ ഗായകസംഘങ്ങൾക്കുമാത്രം പാടാവുന്നവയാകാതെ ചെറിയ ഗായകസംഘങ്ങൾക്കും യോജ്യമായവ ആയിരിക്കണം. അവ വിശ്വാസികളുടെ മുഴുവൻ സജീവ ഭാഗഭാഗിത്വം വളർത്തുന്നവയുമായിരിക്കണം (ആരാധനക്രമം 121). പാടുന്ന വ്യക്തിയുടെ ശബ്ദം പോലെ തന്നെ സംഗീതോപകരണങ്ങളിലൂടെയുളള ശബ്ദത്തിനും വിശുദ്ധസംഗീതത്തിൽ പ്രാധാന്യമുണ്ട്.
424. ദേവാലയത്തിന്റെ മഹത്ത്വത്തിനു ചേർന്നതും വിശ്വാസികളുടെ സജീവ പങ്കാളിത്തത്തിന് സഹായകവുമായ മറ്റു സംഗീതോപകരണങ്ങൾ പ്രാദേശിക സഭാധ്യക്ഷന്മാരുടെ തീരുമാനമനുസരിച്ച് ഉപയോഗിക്കാവുന്നതാണ്. സംഗീതോപകരണങ്ങൾ ഗായകസംഘത്തിന്റെ ശബ്ദത്തിന് ആനുപാതികവും സ്വരലയത്തിനു ചേരുന്നവയും ആയിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
IV ഐക്കണുകൾ (വിശുദ്ധ ഛായാചിത്രങ്ങൾ)
425. വിശ്വാസത്തിന്റെ ആഘോഷമാണ് ആരാധനക്രമം. ചിത്രങ്ങളിലൂടെയും ശില്പങ്ങളിലൂടെയും വിശ്വാസം ആഘോഷിക്കുമ്പോൾ, അത് ആരാധനാക്രമത്തിന്റെ തന്നെ ഭാഗമായിത്തീരുന്നു. തന്മൂലം വിശുദ്ധകലയ്ക്ക് ആരാധനാപരമായ മാനമുണ്ട്. വിശുദ്ധചിത്രങ്ങളോടും വിശുദ്ധരൂപങ്ങളോടുമുള്ള വണക്കം ആരാധനാജീവിതത്തിന്റെ ഭാഗം തന്നെയാണ്.
426. ഐക്കണുകൾ എന്നറിയപ്പെടുന്ന വിശുദ്ധ ഛായാചിത്രങ്ങൾക്ക് സഭാപാരമ്പര്യത്തിൽ നിർണ്ണായകമായ സ്ഥാനമുണ്ട്. കർത്താവിന്റെയും വിശുദ്ധരുടെയും നിശ്ചലദൃശ്യങ്ങളും രക്ഷാചരിത്രത്തിൽ നിന്നുള്ള സംഭവങ്ങളുമൊക്കെ ഐക്കണുകൾക്ക് വിഷയമായിത്തീരുന്നു. “ഛായ' എന്നർഥമുള്ള ഗ്രീക്കു പദത്തിൽ നിന്നാണ് ഐക്കൺ എന്ന പദം വരുന്നത്. മനുഷ്യൻ ദൈവത്തിന്റെ ഛായയിലാണ് സൃഷ്ടിക്കപ്പെട്ടത് എന്ന് വ്യക്തമാക്കാൻ ഉത്പത്തിപുസ്തകം ഉപയോഗിക്കുന്ന അതേ വാക്കാണിത്. അദൃശ്യനായ ദൈവത്തിന്റെ ഛായയാണ് ഈശോമിശിഹായെന്നു പറയുവാൻ പൗലോസ് ശ്ലീഹാ ഉപയോഗിക്കുന്നതും ഇതേ വാക്കുതന്നെ.
വിശ്വാസത്തിന്റെ വിഷയമായ യാഥാർഥ്യങ്ങളാണ് ഐക്കണുകളുടെ ഉള്ളടക്കം. ആത്മീയയാഥാർത്ഥ്യങ്ങളെ പ്രതിപാദിക്കുന്ന കല ആയതിനാൽ ഭൗതികയാഥാർഥ്യങ്ങളെ പ്രതിപാദിക്കുന്ന ശൈലിയിലല്ല ഐക്കണുകൾ നിർമ്മിക്കുന്നത്. ദൈവശാസ്ത്രത്തിന്റെ ദൃശ്യാവിഷ്കരണമായി ഐക്കണുകളെ മനസ്സിലാക്കാം. സ്വർഗീയയാഥാർത്ഥ്യങ്ങളുമായുള്ള സംവേദനം സാധ്യമാക്കുവാൻ ഐക്കണുകൾ സഹായിക്കുന്നു. ഐക്കണുകളിലൂടെ സ്വർഗം ആരാധകരിലേക്ക് ഇറങ്ങിവരുന്നുവെന്ന് നീസായിലെ വിശുദ്ധ ഗ്രിഗറി എഴുതുന്നു. വസ്തുനിഷ്ഠമായ ചിത്രീകരണമല്ല ഐക്കണുകളിലുള്ളത്. തന്മൂലം ഐക്കണുകളുടെ അർത്ഥം ഗ്രഹിക്കാൻ വ്യാഖ്യാനം ആവശ്യമാണ്. നിർമ്മാതാവിന്റെ വിശ്വാസാനുഭവത്തിന്റെ പ്രതീകാത്മകമായ ആവിഷ്കരണമാണ് എന്നതിനാൽ ഐക്കൺ വീക്ഷിക്കുന്ന വ്യക്തി വിശ്വാസപരമായ കാഴ്ചപ്പാടിന് മുൻതൂക്കം നല്കണം.
ഐക്കണിന്റെ ബാഹ്യരൂപത്തിനല്ല, അതിന്റെ സത്തയ്ക്കാണ് പ്രാധാന്യം. ദൈവത്തിന്റെ സൃഷ്ടിയിലൂടെ പ്രകടമാകുന്ന ദൈവസ്നേഹത്തിലാണ് ഐക്കൺ വീക്ഷിക്കുന്ന വ്യക്തി ശ്രദ്ധ വയ്ക്കേണ്ടത്.ഐക്കണുകൾ നിശബ്ദതയിലേക്കും ദൈവസ്നേഹത്തിലേക്കുമുള്ള വാതിലുകളാണ്. അവ ഉപയോഗിച്ചുള്ള ധ്യാനാത്മകമായ പ്രാർത്ഥന, നിശബ്ദതയിലേക്കും ദൈവസാന്നിധ്യത്തിലേക്കും പ്രവേശിക്കാൻ സഹായിക്കുന്നു.
427. പൗരസ്ത്യ ആരാധനാപാരമ്പര്യത്തിൽ ഐക്കണുകൾക്കുള്ള നിർണായക പ്രാധാന്യം വ്യക്തമാക്കുന്നതാണ്, ബൈസന്റയിൻ ദേവാലയങ്ങളിലെ ഐക്കണോസ്താസിസ് (Iconostasis). സുറിയാനി ദേവാലയങ്ങളിലുള്ള വിരിയുടെ സ്ഥാനത്ത് ബൈസന്റയിൻ ദേവാലയത്തിലുള്ള സ്ക്രീനാണ് ഐക്കണോസ്താസിസ്. കർത്താവിന്റെയും മാതാവിന്റെയും സ്നാപകയോഹന്നാന്റെയും മറ്റു വിശുദ്ധരുടെയും ഐക്കണുകളുള്ള സ്ക്രീനുപയോഗിച്ചാണ് ബൈസന്റയിൻ ദേവാലയങ്ങളിൽ ബലിവേദി മറയ്ക്കുന്നത്.
428. സഭയുടെ ആരംഭകാലം മുതൽ തന്നെവിശുദ്ധഛായാചിത്രങ്ങൾ നിർമ്മിക്കുന്ന പതിവുണ്ടായിരുന്നു. ഇന്നു ലഭ്യമായിട്ടുള്ളവയിൽ ഏറ്റവും പുരാതനങ്ങളായ ഐക്കണുകൾ ആറാം നൂറ്റാണ്ട് മുതലുള്ളവയാണ്. പല ദേവാലയങ്ങളുടെയും മേൽത്തട്ടുകളിലും ഭിത്തികളിലും രക്ഷാരഹസ്യങ്ങളുടെ ഛായാചിത്രങ്ങൾ കാണാം. ആരാധനക്രമത്തിൽ പങ്കുചേരുന്ന വിശ്വാസികൾക്ക് മിശിഹാരഹസ്യം അനുഭവേദ്യമാക്കുവാൻ ഈ ചിത്രങ്ങൾക്കു കഴിയും. നമ്മുടെ കർത്താവിന്റെയും പരിശുദ്ധകന്യകാമറിയത്തിന്റെയും മറ്റു വിശുദ്ധരുടെയും തിരുസ്വരൂപങ്ങൾ സ്ഥാപിച്ചുവണങ്ങുന്ന രീതിയും നിലവിലുണ്ട്.
ആരാധനാസ്ഥലവും വിശുദ്ധകലകളും സീറോമലബാർ ദേവാലയഘടന വിശുദ്ധകലകൾ വിശുദ്ധസംഗീതം സുറിയാനി സംഗീതപാരമ്പര്യം ഐക്കണുകൾ (വിശുദ്ധ ഛായാചിത്രങ്ങൾ) place-of-worship-and-sacred-arts Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206