We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev. Dr. Joseph Pamplany ,Rev. Dr. Thomas Kochukarottu On 09-Feb-2021
ത്രിത്വൈക ദൈവ ശാസ്ത്രത്തിലെ സുപ്രധാന സത്യങ്ങള്‍
ത്രിത്വൈക ദൈവശാസ്ത്രത്തിലെ സുപ്രധാന പദങ്ങള്‍
ത്രിത്വൈക ദൈവത്തിലെ മൂന്നു വ്യക്തികള്‍ തമ്മിലുള്ള അഭേദ്യവും അന്യൂനവുമായ ഐക്യത്തെ സൂചിപ്പിക്കുന്ന പദമാണിത്. ത്രിത്വത്തിലെ ഓരോ ആളിന്‍റെയും വ്യതിരിക്തത നിലനില്‍ക്കുമ്പോള്‍തന്നെ മറ്റു രണ്ടുപേരുടെയും ജീവനില്‍ പങ്കുചേരുന്നു എന്നാണ് ഇതിന്‍റെ ആശയം. യോഹ 17:21 നെ ആധാരമാക്കി രൂപപ്പെടുത്തിയ ഈ ഗ്രീക്കുപദത്തിന്‍റെ ലത്തീന്‍ രൂപം Cirmincession എന്നാണ്. പെരിക്കൊറേവോ (Perichoreo) എന്ന ക്രിയ (ഉല്‍പ 13:10, മത്താ 14:35) നിശ്ചിത സ്ഥലത്തുള്ള അനുസ്യൂതമായ വാസം എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കാറുണ്ട്. പിതാവും പുത്രനും പരിശുദ്ധാത്മാവും തമ്മിലുള്ള ആഴമേറിയതും സത്താപരവുമായ ബന്ധത്തെ സൂചിപ്പിക്കാനുള്ള ഈ പദത്തിന്‍റെ ദൈവശാസ്ത്രമാനങ്ങളെ സൗമ്യക്കായി അവതരിപ്പിച്ചത് ദമാസ്കസിലെ വി. യോഹന്നാനാണ് (A.D. 7-ാം നൂറ്റാണ്ട്).
പരിശുദ്ധ ത്രിത്വത്തില്‍ മൂന്നു വ്യതിരിക്ത വ്യക്തികളുണ്ടെങ്കിലും അവര്‍ തമ്മില്‍ സത്താപരമായി ഐക്യമുണ്ട് എന്ന വിശ്വാസ സത്യത്തെയാണ് ഈ പദം പ്രതിനിധാനം ചെയ്യുന്നത്. പിതാവുമായി പുത്രന്‍ സത്തയില്‍ ഏകനാണ് എന്നു സൂചിപ്പിക്കാന്‍ നിഖ്യാ വിശ്വാസ പ്രമാണത്തില്‍ ഈ പദം ഉപയോഗിച്ചിട്ടുണ്ട്. ഒരേസത്ത എന്നാണ് ഈ പദത്തിന്‍റെ വാച്യാര്‍ത്ഥം. പൗരസ്ത്യ സഭകളില്‍ പലതും ഹോമോയ് ഊസിയ (homoousia) എന്ന് ഉപയോഗിച്ചിരിക്കുന്നു. ഒരേസത്ത എന്നതിനുപകരം ഒരുപോലെയുള്ള സാമ്യമുള്ള സത്ത എന്നാണ് ഈ പദത്തിനര്‍ത്ഥം. സഭാപിതാവായ ഹിലാരി പോര്‍ട്ടിയേഴ്സിന്‍റെ കാലം മുതല്‍ (A.D. നാലാം നൂറ്റാണ്ട്) പൗരസ്ത്യസഭകളും ഹോമോ ഊസിയ എന്ന പദം ഉപയോഗിച്ചുതുടങ്ങി.
പ്രോസോപ്പോന്‍ എന്ന ഗ്രീക്കുപദത്തിന്‍റെ അര്‍ത്ഥം "മുഖം" എന്നാണ്. വ്യക്തി (ഹൂപോസ്റ്റാസിസ്) അഥവാ പ്രത്യക്ഷമാകുന്ന രൂപം എന്ന് ഇതിനെ നിയതാര്‍ത്ഥത്തില്‍ നിര്‍വ്വചിക്കാം. പോസോപ്പോന്‍, ഹുപോസ്റ്റാസിസ് എന്നീ പദങ്ങളെ സമാനാര്‍ത്ഥത്തിലാണ് ഔദ്യോഗിക ക്രിസ്തു വിജ്ഞാനീയം ഉപയോഗിക്കുന്നത് (രണ്ടു പദങ്ങളെയും Persona - വ്യക്തി - എന്നാണ് ലത്തീനില്‍ വിവര്‍ത്തനം ചെയ്യുന്നത്). എന്നാല്‍ മൊപ്സുവെസ്തിയായിലെ തെയഡോറും നെസ്തോറിയസും ഈ രണ്ടുപദങ്ങളെ വേര്‍തിരിച്ചുമനസ്സിലാക്കി. ക്രിസ്തുവില്‍ ദൈവസ്വഭാവവും മനുഷ്യസ്വഭാവവും പരിപൂര്‍ണ്ണമായി ദൈവവ്യക്തിത്വത്തില്‍ ഒന്നുചേരുന്നു എന്ന വിശ്വാസ സത്യത്തെ (hypostatic union) നിഷേധിച്ചുകൊണ്ട് നെസ്തോറിയന്‍ പാഷണ്ഡതയുടെ വക്താക്കളായ ഇവര്‍ ക്രിസ്തുവിലെ ദൈവ- മനുഷ്യസ്വഭാവങ്ങളെ രണ്ടു വ്യതിരിക്ത വ്യക്തിത്വങ്ങളുടെ സമ്മേളനമായി (Prosopic Union) അവതരിപ്പിച്ചു. പരിശുദ്ധത്രിത്വത്തില്‍ ഒരു സത്തയും (Ousia) മൂന്നു വ്യക്തികളും (hypostases) ഉണ്ട്. യേശുവില്‍ രണ്ടു സ്വഭാവങ്ങളും (Phuses) ഒരു വ്യക്തിത്വവും (hyupostasis) ആണുള്ളത്.
സാര്‍വ്വത്രിക മതബോധനഗ്രന്ഥത്തിലെ
ത്രിത്വവിജ്ഞാനീയം
"പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തിലാണു ക്രിസ്ത്യാനികള്‍ മാമ്മോദീസ സ്വീകരിക്കുന്നത്. മാമ്മോദീസായ്ക്കു മുന്‍പു, 'പിതാവിലും പുത്രനിലും പരിശുദ്ധാത്മാവിലും വിശ്വസിക്കുന്നുവോ?' എന്ന മൂന്നു ഭാഗങ്ങളുള്ള ചോദ്യത്തിനു, ഞാന്‍ വിശ്വസിക്കുന്നു എന്നു പറഞ്ഞ് അവര്‍ ഉത്തരം നല്‍കുന്നു. സര്‍വക്രിസ്ത്യാനികളുടെയും വിശ്വാസം പരിശുദ്ധ ത്രിത്വത്തില്‍ അധിഷ്ഠിതമാണ്."
ക്രിസ്ത്യാനികള്‍ മാമ്മോദീസാ സ്വീകരിക്കുന്നതു പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ ആണ്; അവരുടെ നാമങ്ങളില്‍ അല്ല; കാരണം സര്‍വശക്തനായ പിതാവും അവിടുത്തെ ഏകജാതനും പരിശുദ്ധാത്മാവുമായ ദൈവം ഒരുവന്‍ മാത്രമേയുള്ളൂ; പരിശുദ്ധ ത്രിത്വം.
പരിശുദ്ധ ത്രിത്വത്തെ സംബന്ധിക്കുന്ന രഹസ്യം ക്രൈസ്തവവിശ്വാസത്തിന്‍റെയും ജീവിതത്തിന്‍റെയും കേന്ദ്രരഹസ്യമാണ്. ദൈവത്തിന്‍റെതന്നെ അന്തസത്തയെ സംബന്ധിക്കുന്ന ദിവ്യരഹസ്യമാണ് ഇത്. ഇക്കാരണത്താല്‍ വിശ്വാസത്തെ സംബന്ധിക്കുന്ന മറ്റെല്ലാ രഹസ്യങ്ങളുടെയും ഉറവിടവും അവയെ പ്രകാശിപ്പിക്കുന്ന വെളിച്ചവുമാണിത്. "വിശ്വാസ സത്യങ്ങളുടെ ശ്രേണിയില്" ഏറ്റവും മൗലികവും സത്താപരവുമായ പ്രബോധനമാണു പരി.ത്രിത്വരഹസ്യം. രക്ഷാചരിത്രം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകസത്യദൈവം തന്നെത്തന്നെ മനുഷ്യനു വെളിപ്പെടുത്തുകയും "പാപത്തില്‍നിന്നു പിന്‍തിരിയുന്നവരെ തന്നോട് അനുരഞ്ജനപ്പെടുത്തുകയും ഐക്യപ്പെടുത്തുകയും" ചെയ്യുന്ന മാര്‍ഗ്ഗത്തിന്‍റെയും രീതികളുടെയും ചരിത്രം തന്നെയാണ്.
ഈ ഖണ്ഡികയില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ചുരുക്കി പ്രതിപാദിക്കുന്നതാണ് (i) പരിശുദ്ധത്രിത്വം എങ്ങനെ വെളിപ്പെടുത്തപ്പെട്ടു? (ii) ഈ രഹസ്യത്തെ സംബന്ധിക്കുന്ന വിശ്വാസ പ്രബോധനം സഭ എങ്ങനെ രൂപപ്പെടുത്തിയിരിക്കുന്നു (iii) പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും ദൈവിക അയ്ക്കലുകളിലൂടെ സൃഷ്ടിയുടെയും രക്ഷയുടെയും പവിത്രീകരണത്തിന്‍റെയുമായ തന്‍റെ "കൃപാകര പദ്ധതി" പിതാവായ ദൈവം എങ്ങനെ പൂര്‍ത്തിയാക്കി?
സഭാപിതാക്കന്മാര്‍ ദൈവശാസ്ത്രവും (Theologia) രക്ഷാകര പദ്ധതിയും (oikonomia) തമ്മില്‍ വേര്‍തിരിക്കാറുണ്ട്. ത്രിത്വൈക ദൈവത്തിന്‍റെ ആന്തരിക ജീവിതത്തിന്‍റെ രഹസ്യത്തെ സംബന്ധിക്കുന്നതാണ് ആദ്യപദം; ദൈവം തന്നെത്തന്നെ വെളിപ്പെടുത്തുകയും തന്‍റെ ജീവന്‍ പകര്‍ന്നുകൊടുക്കുകയും ചെയ്യുന്ന എല്ലാ ദൈവിക പ്രവൃത്തികളെയും സൂചിപ്പിക്കുന്നതാണ് രണ്ടാമത്തെ പദം. രക്ഷാകരപദ്ധതിവഴി ദൈവശാസ്ത്രം നമുക്കു വെളിപ്പെടുത്തപ്പെടുന്നു. മറിച്ചു ദൈവശാസ്ത്രം രക്ഷാകര പദ്ധതി മുഴുവനെയും വിശദമാക്കുന്നുണ്ട്. ദൈവം തന്നില്‍ത്തന്നെ ആരാണെന്നു അവിടുത്തെ പ്രവര്‍ത്തികള്‍ വെളിപ്പെടുത്തുന്നു. ദൈവത്തിന്‍റെ ആന്തരികസത്തയെ രഹസ്യം അവിടുത്തെ എല്ലാ പ്രവൃത്തികളെയും മനസ്സിലാക്കുന്നതിനു നമ്മുടെ ബുദ്ധിയെ പ്രകാശിപ്പിക്കുന്നു. മനുഷ്യവ്യക്തികളെ സംബന്ധിച്ചു ഇതുപോലെതന്നെ. ഒരുവന്‍ സ്വയം വെളിപ്പെടുത്തുന്നത് അയാളുടെ പ്രവൃത്തികളില്‍ക്കൂടിയാണ്. അതുപോലെ, എത്രകൂടുതല്‍ ഒരാളെ അറിയുന്നുവോ അത്രയും നന്നായി അയാളുടെ പ്രവൃത്തികളെ നാം മനസ്സിലാക്കുന്നു.
ത്രിത്വം നിഷ്കൃഷ്ടാര്‍ത്ഥത്തില്‍ ഒരു വിശ്വാസ രഹസ്യമാണ്. അതായത് ദൈവം വെളിപ്പെടുത്തുന്നില്ലെങ്കില്‍ മനുഷ്യര്‍ക്ക് അറിയാന്‍ കഴിയാത്ത, ദൈവത്തില്‍ നിഗൂഢമായിരിക്കുന്ന രഹസ്യങ്ങളില്‍ ഒന്നാണത്. സ്വന്തം സൃഷ്ടികര്‍മ്മത്തില്‍ക്കൂടിയും പഴയനിയമകാലത്തെ വെളിപാടുകളില്‍ക്കൂടിയും ദൈവം തന്‍റെ ത്രിത്വാത്മക അസ്തിത്വത്തിന്‍റെ ചില അടയാളങ്ങള്‍ മനുഷ്യര്‍ക്കു നല്‍കിയിട്ടുണ്ടെന്നതു തീര്‍ച്ച. എന്നാല്‍ പരിശുദ്ധത്രിത്വമെന്ന നിലയിലുള്ള അവിടുത്തെ ആന്തരികാസ്തിത്വം ദൈവപുത്രന്‍റെ മനുഷ്യാവതാരത്തിനും പരിശുദ്ധാത്മാവിന്‍റെ ആഗമനത്തിനും മുന്‍പ് മനുഷ്യ ബുദ്ധികൊണ്ടു മാത്രമോ ഇസ്രായേലിന്‍റെ വിശ്വാസത്തിനു പോലുമോ ഗ്രഹിക്കാനാവാത്ത ഒരു രഹസ്യമായിരുന്നു.
ത്രിത്വം എന്ന നിലയിലുള്ള ദൈവത്തിന്‍റെ വെളിപാട്
പുത്രനിലൂടെ വെളിപ്പെടുത്തപ്പെട്ട പിതാവ്
ദൈവത്തെ "പിതാവേ" എന്നു സംബോധന ചെയ്യുന്ന രീതി പല മതങ്ങളിലുമുണ്ട്. ദൈവം "ദേവന്മാരുടെയും മനുഷ്യരുടെയും പിതാവ്" ആയി പലപ്പോഴും പരിഗണിക്കപ്പെടുന്നു. പ്രപഞ്ച സൃഷ്ടാവ് എന്ന നിലയ്ക്ക് ഇസ്രായേലില്‍ ദൈവത്തെ "പിതാവ്" എന്നു വിളിച്ചിരുന്നു. അതിനും പുറമേ, ഇസ്രായേലുമായി ദൈവം ചെയ്ത ഉടമ്പടിയുടെയും അവര്‍ക്കു നല്‍കിയ 'നിയമത്തിന്‍റെയും' അടിസ്ഥാനത്തില്‍ ദൈവം ഇസ്രായേല്‍ ജനത്തിനു സവിശേഷമാംവിധം പിതാവാകുന്നു. ഇങ്ങനെ പറഞ്ഞിരിക്കുന്നു: "ഇസ്രായേല്‍ എന്‍റെ ആദ്യജാതനായ പുത്രനാണ്" ഇസ്രായേല്‍ രാജാവിന്‍റെ പിതാവ് എന്ന സംജ്ഞയും ദൈവത്തിനു നല്‍കപ്പെട്ടിരുന്നു. വളരെ പ്രത്യക്ഷമായ രീതിയില്‍, ദൈവം "പാവങ്ങളുടെ പിതാവാണ്, അവിടുത്തെ സ്നേഹസംരക്ഷണത്തിലുള്ള അനാഥരുടെയും വിധവകളുടെയും പിതാവാണവിടുന്നു.
ദൈവത്തെ "പിതാവ് എന്നു വിളിക്കുമ്പോള്‍ വിശ്വാസത്തിന്‍റെ ഭാഷ രണ്ടു പ്രധാന കാര്യങ്ങള്‍ സൂചിപ്പിക്കുന്നു. ദൈവം സര്‍വത്തിന്‍റെയും പ്രഥമ പ്രഭവമാണ്, സര്‍വാതിശായിയായ അധികാരവുമാണ്. അതേസമയം നന്‍മസ്വരൂപനും തന്‍റെ മക്കളെല്ലാവരുടെയും മേല്‍ സ്നേഹജാഗ്രതയുള്ളവനുമാണ്. ദൈവത്തിന്‍റെ പിതൃ വാത്സല്യം മാതൃത്വത്തിന്‍റെ പ്രതീകത്തിലൂടെയും പ്രദര്‍ശിപ്പിക്കാനാവും. അതു ദൈവവും സൃഷ്ടികളും തമ്മിലുള്ള സഹവാസവും ഗാഢബന്ധവും പ്രകടിപ്പിക്കുന്നതിനു വളരെ സഹായകമാണ്. ഒരു വിധത്തില്‍ മനുഷ്യന്‍റെ മുന്‍പില്‍ ദൈവത്തിന്‍റെ ആദ്യപ്രതിനിധികളായി നില്‍ക്കുന്ന മാതാപിതാക്കന്മാരുടെ മാനുഷിക അനുഭവത്തെ ആസ്പദമാക്കിയാണു വിശ്വാസത്തിന്‍റെ ഭാഷ ഉദ്ഭവിച്ചിരിക്കുന്നത്. എന്നാല്‍ ഈ അനുഭവം മറ്റൊരു യാഥാര്‍ത്ഥ്യവും നമ്മെ പഠിപ്പിക്കുന്നു. മാതാപിതാക്കന്മാര്‍ക്കു തെറ്റുപറ്റുകയും അങ്ങനെ അവര്‍ മാതൃത്വത്തിന്‍റെയും പിതൃത്വത്തിന്‍റെയും ഛായയ്ക്കു മങ്ങലേല്‍പിക്കുകയും ചെയ്തേക്കാം. അതിനാല്‍, ദൈവം മാനുഷിക ലിംഗഭേദങ്ങള്‍ക്കെല്ലാം അതീതനാണെന്ന സത്യം നാം അനുസ്മരിക്കണം. ദൈവം പുരുഷനുമല്ല സ്ത്രീയുമല്ല: ദൈവമാണവിടുന്ന്. മാനുഷിക മാതൃത്വത്തിന്‍റെയും പിതൃത്വത്തിന്‍റെയും പ്രഭവും മാനദണ്ഡവും ദൈവമാണെങ്കിലും അവിടുന്ന് അവയ്ക്കെല്ലാം അതീതനാണ്. ദൈവം പിതാവായിരിക്കുന്നതുപോലെ മറ്റാരും പിതാവല്ല.
മുന്‍പാരും കേട്ടിട്ടില്ലാതിരുന്ന അര്‍ത്ഥത്തില്‍, ദൈവം പിതാവാകുമെന്ന് യേശു വെളിപ്പെടുത്തി. സ്രഷ്ടാവ് എന്ന നിലയ്ക്കു മാത്രമല്ല അവിടുന്നു പിതാവായിരിക്കുന്നത്. തന്‍റെ ഏകജാതനുമായുള്ള ബന്ധത്തില്‍ അവിടുന്ന് എന്നേക്കും പിതാവാണ്; പുത്രനാകട്ടെ, തന്‍റെ പിതാവിനോടുള്ള ബന്ധത്തിലല്ലാതെ എന്നേക്കും പുത്രനാകുന്നില്ല. "പിതാവല്ലാതെ മറ്റാരും പുത്രനെ അറിയുന്നില്ല. പുത്രനും പുത്രന്‍ ആര്‍ക്കു വെളിപ്പെടുത്തുവാന്‍ മനസ്സാകുന്നുവോ അവനുമല്ലാതെ, മറ്റാരും പിതാവിനെയും അറിയുന്നില്ല."
ഇക്കാരണത്താല്‍ അപ്പസ്തോലന്മാര്‍ യേശുവിനെ വചനമായി അംഗീകരിച്ചേറ്റു പറയുന്നു. "ആദിയില്‍ വചനം ഉണ്ടായിരുന്നു; വചനം ദൈവമായിരുന്നു", "അദൃശ്യദൈവത്തിന്‍റെ പ്രതിഛായയും" "അവിടുത്തെ മഹത്വത്തിന്‍റെ തേജസ്സു" "അവിടുത്തെ പ്രകൃതിയുടെ പ്രതിരൂപവുമായി" അവര്‍ ഏറ്റു പറഞ്ഞു.
അവര്‍ക്കുശേഷം സഭ അപ്പസ്തോലികപാരമ്പര്യം പിന്തുടര്‍ന്ന് ഏ.ഡി 325-ല്‍ സമ്മേളിച്ച ഒന്നാമത്തെ സാര്‍വത്രിക സൂനഹദോസില്‍ വച്ച്, "പുത്രന്‍ പിതാവിനോടുകൂടെ ഏകസത്തയാണ്" എന്നു പ്രഖ്യാപിച്ചു. അതായത്, അവിടുത്തോടൊത്തുള്ള ഏകദൈവമാണെന്ന്. എ.ഡി 381-ല്‍ കോണ്‍സ്റ്റാന്‍റിനോപ്പിളില്‍ രണ്ടാമത്തെ സാര്‍വത്രിക സീനഹദോസ് വിശ്വാസപ്രമാണത്തിനു രൂപംകൊടുത്തപ്പോള്‍ നിഖ്യാ സൂനഹദോസിന്‍റെ ഈ പ്രയോഗം നിലനിര്‍ത്തുകയും ഇങ്ങനെ പ്രഖ്യാപിക്കുകയും ചെയ്തു. "ദൈവത്തിന്‍റെ ഏകജാതനും യുഗങ്ങള്‍ക്കു മുമ്പേ പിതാവില്‍നിന്നു ജനിച്ചവനും പ്രകാശത്തില്‍നിന്നുള്ള പ്രകാശവും സത്യദൈവത്തില്‍നിന്നുള്ള സത്യദൈവവും, ജനിച്ചവനും എന്നാല്‍ സൃഷ്ടിക്കപ്പെടാത്തവനും പിതാവിനോടുകൂടെ ഏകസത്തയുമാകുന്നു."
പരിശുദ്ധാത്മാവിനാല്‍ വെളിപ്പെടുത്തപ്പെട്ട പിതാവും പുത്രനും
"മറ്റൊരു പാരക്ക്ലേത്തയെ" (അഭിഭാഷകനെ, പരിശുദ്ധാത്മാവിനെ) അയയ്ക്കുമെന്ന് യേശു തന്‍റെ പെസഹായ്ക്കു മുമ്പായി പ്രഖ്യാപിച്ചു. സൃഷ്ടിമുതല്‍ കര്‍മനിരതനും മുന്‍കാലങ്ങളില്‍ "പ്രവാചകന്മാരിലൂടെ സംസാരിച്ചവനുമായ" അവിടുന്ന് ഇനി ശിഷ്യന്മാരോടൊപ്പവും അവരിലും ആയിരിക്കും. അവരെ പഠിപ്പിക്കുന്നതിനും "എല്ലാ സത്യത്തിലേക്കും" അവരെ നയിക്കേണ്ടതിനുമാണിത്. ഇങ്ങനെ യേശുവിനോടും പിതാവിനോടുമൊത്തു മറ്റൊരു ദൈവിക വ്യക്തി ആയിട്ടാണു പരിശുദ്ധാത്മാവു വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത്.
പരിശുദ്ധാത്മാവിന്‍റെ നിത്യമായ ഉദ്ഭവം, കാലത്തിലുള്ള അവിടുത്തെ അയയ്ക്കപ്പെടലിലൂടെ വെളിപ്പടുത്തപ്പെടുന്നു. പുത്രന്‍റെ നാമത്തില്‍ പിതാവും പിതാവിലേക്കു തിരിച്ചെത്തിയതിനുശേഷം പുത്രനും വ്യക്തിപരമായി പരിശുദ്ധാത്മാവിനെ അപ്പോസ്തോലന്മാരുടെമേലും സഭയുടെമേലും അയച്ചു. യേശുവിന്‍റെ മഹത്ത്വീകരണത്തിനുശേഷമുള്ള, പരിശുദ്ധാത്മാവ് എന്ന വ്യക്തിയുടെ അയയ്ക്കപ്പെടല്‍, പരിശുദ്ധ ത്രിത്വത്തിന്‍റെ രഹസ്യത്തെ അതിന്‍റെ പൂര്‍ണ്ണതയില്‍ വെളിപ്പെടുത്തുന്നു.
പരിശുദ്ധാത്മാവിനെ സംബന്ധിക്കുന്ന അപ്പസ്തോലികവിശ്വാസം, കോണ്‍സ്റ്റാന്‍റിനോപ്പിളില്‍ ചേര്‍ന്ന രണ്ടാം സാര്‍വത്രിക സൂനഹദോസില്‍ (381-ല്‍) പ്രഖ്യാപിക്കപ്പെട്ടു. "കര്‍ത്താവും ജീവദാതാവും പിതാവില്‍ നിന്നു പുറപ്പെട്ടവനുമായ പരിശുദ്ധാത്മാവിലും ഞങ്ങള്‍ വിശ്വാസിക്കുന്നു." ഈ പ്രഖ്യാപനത്തിലൂടെ ദൈവത്തിന്‍റെ മുഴുവന്‍ പ്രഭവമായി പിതാവിനെ സഭ അംഗീകരിക്കുന്നു;72 പരിശുദ്ധാത്മാവിന്‍റെ നിത്യോദ്ഭവം, പുത്രന്‍റെ ഉദ്ഭവവുമായി ബന്ധമില്ലാത്തതല്ല; "പരിശുദ്ധ ത്രിത്വത്തിലെ മൂന്നാമത്തെ ആളായ പരിശുദ്ധാത്മാവു ദൈവവും, പിതാവിനോടും പുത്രനോടുമൊപ്പം ഏകനും സമനുമായി ഒരേസത്തയും ഒരേ പ്രകൃതിയുള്ളവനുമാണ്.. എന്നിരുന്നാലും പരിശുദ്ധാത്മാവു പിതാവിന്‍റെ മാത്രമോ പുത്രന്‍റെ മാത്രമോ ആത്മാവല്ല. ഒരേസമയം അവിടുന്നു പിതാവിന്‍റെയും പുത്രന്‍റെയും ആത്മാവാണ്." കോണ്‍സ്റ്റാന്‍റിനോപ്പിള്‍ സൂനഹദോസിന്‍റെ വിശ്വാസപ്രമാണത്തില്‍ സഭ ഇങ്ങനെ പ്രഖ്യാപിക്കുന്നു. "പിതാവിനോടും പുത്രനോടുമൊപ്പം അവിടുന്ന് ആരാധിക്കപ്പെടുകയും മഹത്ത്വീകരിക്കപ്പെടുകയും ചെയ്യുന്നു."
ലത്തീന്‍ സഭാ പാരമ്പര്യമനുസരിച്ചു വിശ്വാസപ്രമാണത്തില്‍, ڇപരിശുദ്ധാത്മാവു പിതാവില്‍നിന്നും പുത്രനില്‍നിന്നും (Filioque) പുറപ്പെടുന്നു" എന്നാണു ചൊല്ലുന്നത്. 1483 - ല്‍ ഫ്ളോറന്‍സ് സൂനഹദോസ് വിശദീകരിച്ചതിങ്ങനെയാണ്, പരിശുദ്ധാത്മാവിനു സത്തയും അസ്തിത്വവും ലഭിക്കുക ഒരേ സമയം (simul) പിതാവില്‍ നിന്നും പുത്രനില്‍ നിന്നുമാണ്. ഒരേ നിശ്വാസത്തില്‍നിന്ന് ഒരേ പ്രഭവത്തില്‍ നിന്നെന്നപോലെയാണു പരിശുദ്ധാത്മാവു നിത്യമായി പിതാവില്‍ നിന്നും പുത്രനില്‍ നിന്നും പുറപ്പെടുന്നത്... പിതൃത്വമൊഴികെ പിതാവിനുള്ളതെല്ലാം, പുത്രനെ ജനിപ്പിച്ചുകൊണ്ട് അവിടുന്നു തന്‍റെ ഏകജാതനു നല്‍കിയിരിക്കുന്നു; പിതാവില്‍ നിന്നു നിത്യമായി ജാതനായ പുത്രനില്‍നിന്നു, പിതാവില്‍ നിന്നെന്നപോലെ നിത്യമായി പരിശുദ്ധാത്മാവു പുറപ്പെടുന്നു.
പുത്രനില്‍നിന്നും എന്ന പ്രയോഗം 381-ലെ കോണ്‍സ്റ്റാന്‍റിനോപ്പിള്‍ വിശ്വാസപ്രമാണത്തില്‍ ഇല്ലായിരുന്നു. എങ്കിലും വിശുദ്ധ ലിയോ ഒന്നാമന്‍ മാര്‍പാപ്പ ഒരു പുരാതന ലത്തീന്‍ അലക്സാണ്‍ഡ്രിയന്‍ പാരമ്പര്യമനുസരിച്ചു, 447-ല്‍ ഇത് വിശ്വാസസത്യമായി പ്രഖ്യാപിച്ചിരുന്നു. 451 - ലെ കാല്‍സിഡോണ്‍ സൂനഹദോസില്‍ വച്ച് 381-ലെ കോണ്‍സ്റ്റാന്‍റിനോപ്പിള്‍ വിശ്വാസപ്രമാണം റോമന്‍സഭ സ്വീകരിക്കുന്നതിനു മുന്‍പുതന്നെ ആയിരുന്നു ഇത്. "പുത്രനില്‍ നിന്നും" എന്ന പ്രയോഗം വിശ്വാസപ്രമാണത്തില്‍ ചേര്‍ക്കുന്ന പതിവു ലത്തീന്‍ ആരാധനക്രമത്തില്‍ ക്രമേണ (എട്ടും പതിനൊന്നും നൂറ്റാണ്ടുകള്‍ക്കിടയില്‍) പ്രചാരത്തില്‍വന്നു. നിഖ്യാ-കോണ്‍സ്റ്റാന്‍റിനോപ്പിള്‍ സൂനഹദോസിന്‍റെ വിശ്വാസപ്രമാണത്തില്‍ ലത്തീന്‍ ആരാധനക്രമം പുത്രനില്‍നിന്നും എന്ന് കൂട്ടിച്ചേര്‍ത്തത് ഓര്‍ത്തഡോക്സ് സഭകളുമായുള്ള അഭിപ്രായാന്തരത്തിന് ഇന്നും ഒരു കാരണമാണ്.
പൗരസ്ത്യപാരമ്പര്യം ആദ്യമേതന്നെ, പരിശുദ്ധാത്മാവിന്‍റെ പ്രഥമപ്രഭവമായിട്ടാണു പിതാവിനെ അവതരിപ്പിക്കുന്നത്. "പിതാവില്‍ നിന്നു പുറപ്പെടുന്ന" പരിശുദ്ധാത്മാവ് എന്ന് ഏറ്റു പറയുമ്പോള്‍ പരിശുദ്ധാത്മാവു പിതാവില്‍നിന്നു പുത്രനിലൂടെ പുറപ്പെടുന്നുവെന്നാണു പൗരസ്ത്യപാരമ്പര്യം ഉദ്ഘോഷിക്കുന്നത്. പരിശുദ്ധാത്മാവു പിതാവില്‍നിന്നും പുത്രനില്‍നിന്നും (filioque) പുറപ്പെടുന്നു എന്നു പ്രഖ്യാപിക്കുമ്പോള്‍ പാശ്ചാത്യപാരമ്പര്യം പ്രഥമമായും പിതാവും പുത്രനും തമ്മിലുള്ള സത്തൈക്യം ഊന്നിപ്പറയുന്നു. പാശ്ചാത്യസഭയുടെ ഈ നിലപാട് "യുക്തിയുക്തവും സമുചിതവുമാണ്"; കാരണം ദൈവികവ്യക്തികളുടെ സത്തൈക്യത്തിലെ നിത്യമായ ക്രമം ദ്യോതിപ്പിക്കുന്ന സത്യം ഇതാണ്: "അപ്രഭവ പ്രഭവന്ڈ" എന്ന നിലയ്ക്കു പിതാവു പരിശുദ്ധാത്മാവിന്‍റെ പ്രഥമപ്രഭാവമായിരിക്കുന്നു, അതോടൊപ്പം ഏകജാതന്‍റെ പിതാവായിരിക്കുന്നതിനാല്‍, അവിടുന്നു പുത്രനോടൊത്തു പരിശുദ്ധാത്മാവിന്‍റെ പുറപ്പെടലിനുള്ള ഏകപ്രഭവമാണ്. യുക്തിയുക്തമായ ഈ അന്യോന്യ പൂരകത്വം അതു കര്‍ക്കശമാകാത്തിടത്തോളം കാലം, എല്ലാവരും ഏറ്റുപറയുന്ന ഒരേ രഹസ്യത്തിലെ വിശ്വാസത്തിന്‍റെ ഏകതയെ ഹാനികരമായി ബാധിക്കുകയില്ല.
പരിശുദ്ധത്രിത്വം വിശ്വാസ പ്രബോധനത്തില്‍
പരിശുദ്ധത്രിത്വത്തെ സംബന്ധിക്കുന്ന വിശ്വാസ സത്യങ്ങളുടെ രൂപീകരണം
ആരംഭം മുതലേ, പരിശുദ്ധ ത്രിത്വത്തെ സംബന്ധിക്കുന്ന ആവിഷ്കൃത സത്യം മുഖ്യമായും മാമ്മോദീസായിലൂടെ സഭയുടെ സജീവവിശ്വാസത്തിന്‍റെ അടിസ്ഥാനമായി വര്‍ത്തിച്ചിരുന്നു. മാമ്മോദീസായിലെ വിശ്വാസപ്രഖ്യാപനത്തിലും സഭയുടെ പ്രഘോഷണത്തിലും മതബോധനത്തിലും പ്രാര്‍ത്ഥനയിലും പരിശുദ്ധത്രിത്വത്തെ സംബന്ധിക്കുന്ന വിശ്വാസം ആവിഷ്ക്കരിക്കപ്പെടുന്നു. പരിശുദ്ധത്രിത്വത്തിലുള്ള വിശ്വാസം പ്രകടമാക്കുന്ന ചില വാക്യങ്ങള്‍, അപ്പസ്തോലിക ലിഖിതങ്ങളില്‍ത്തന്നെ കാണാം. അതിനുദാഹരണമാണു കുര്‍ബാനയില്‍ സ്വീകരിച്ചിട്ടുള്ള ഈ ആശീര്‍വാദം തന്നെ. "കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപയും ദൈവത്തിന്‍റെ സ്നേഹവും പരിശുദ്ധാത്മാവിന്‍റെ സംസര്‍ഗവും നിങ്ങളേവരോടും കൂടെ ഉണ്ടായിരിക്കട്ടെ."
ത്രിത്വത്തിലുള്ള വിശ്വാസത്തിനു കൂടുതല്‍ വ്യക്തതനല്‍കാന്‍ ആദ്യ ശതകങ്ങളില്‍ സഭ യത്നിച്ചു. ഈ വിശ്വാസ സത്യത്തിലേക്കു കൂടുതല്‍ ഉള്‍ക്കാഴ്ച ലഭിക്കുന്നതിനും അതിനെ വികലമാക്കുന്ന അബദ്ധസിദ്ധാന്തങ്ങളില്‍നിന്ന് രക്ഷിക്കുന്നതിനും വേണ്ടിയായിരുന്നു ഈ യത്നം. ത്രിത്വത്തെ സംബന്ധിക്കുന്ന വിശ്വാസത്തിനു സുവ്യക്തത പകര്‍ന്നതു സഭയുടെ ആദ്യകാല കൗണ്‍സിലുകളാണ്. സഭാ പിതാക്കന്മാരുടെ ദൈവശാസ്ത്രരചനകളുടെയും ക്രിസ്തീയ വിശ്വാസികളുടെ വിശ്വാസബോധത്തിന്‍റെയും സഹായത്തോടെ ആദ്യകാല കൗണ്‍സിലുകളാണ് ഈ ദൗത്യം നിര്‍വഹിച്ചത്.
ത്രിത്വത്തെ സംബന്ധിക്കുന്ന വിശ്വാസസത്യങ്ങള്‍ അവതരിപ്പിക്കുന്നതിനു സഭയ്ക്കു തത്ത്വശാസ്ത്രത്തില്‍ ഉരുത്തിരിഞ്ഞ ചില ആശയങ്ങളുടെ സഹായത്തോടെ സ്വന്തമായ പദവ്യൂഹം രൂപപ്പെടുത്തേണ്ടിവന്നു. ഇങ്ങനെയുള്ള സംജ്ഞകളാണു "സത്ത" (Sub-stance) "വ്യക്തി" (Person) അല്ലെങ്കില്‍ ഉപസ്ഥിതി (hypostasis) ബന്ധം (relation) മുതലായവ. ഈ പ്രക്രിയയിലൂടെ സഭ അവളുടെ വിശ്വാസത്തെ മാനുഷികജാഞാനത്തിന് അടിയറവുവയ്ക്കുകയല്ല ചെയ്തത്; പ്രത്യുത പ്രസ്തുത പദങ്ങള്‍ക്ക് അഭിനവവും അഭൂതപൂര്‍വ്വവുമായ അര്‍ത്ഥം നല്‍കുകയാണു ചെയ്തത്. പിന്നീടുള്ള കാലത്തു "മനുഷ്യബുദ്ധിയുടെ സീമകള്‍ക്ക് അതീതമായി സ്ഥിതിചെയ്യുന്ന ഒരു അവാച്യമായ രഹസ്യത്തെ" ദ്യോതിപ്പിക്കാനാണു പ്രസ്തുത പദങ്ങള്‍ ഉപയോഗിച്ചു വരുന്നത്.
പരിശുദ്ധ ത്രിത്വത്തെക്കുറിച്ചു പ്രതിപാദിക്കുമ്പോള്‍ സഭ ഉപയോഗപ്പെടുത്തുന്ന ചില പ്രധാന പദങ്ങള്‍ താഴെപ്പറയുന്നവയാണ്; (i) "സത്ത" (Substance) (ചിലപ്പോള്‍ "സാരാംശം" (essence), "പ്രകൃതി" (nature) എന്നീ പദങ്ങളും ഉപയോഗിക്കുന്നുണ്ട്) എന്ന പദം ദൈവിക ഉണ്‍മയെ അതിന്‍റെ ഐക്യത്തില്‍ ദ്യോതിപ്പിക്കുന്നു; (ശശ) "വ്യക്തി" അഥവാ "ഉപസ്ഥിതി" (hypostasis) എന്ന പദം പരിശുദ്ധ ത്രിത്വത്തിലെ പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും അവര്‍ക്കിടയിലുള്ള യഥാര്‍ഥമായ വ്യതിരിക്തതയില്‍ ദ്യോതിപ്പിക്കുന്നു; (iii) "ബന്ധം" എന്ന പദം പരിശുദ്ധത്രിത്വത്തിലെ മൂന്നു വ്യക്തികള്‍ക്കും തമ്മിലുള്ള ബന്ധത്തില്‍ വേരൂന്നിയിട്ടുള്ളതാണ് അവര്‍ക്കിടയിലെ വ്യതിരിക്തത എന്ന വസ്തുത ദ്യോതിപ്പിക്കുന്നു.
പരിശുദ്ധത്രിത്വത്തെ സംബന്ധിച്ച വിശ്വാസസത്യം
ത്രിത്വം ഏകമാകുന്നു. നമ്മള്‍ വിശ്വസിക്കുന്നതു മൂന്നു ദൈവങ്ങളിലല്ല, മൂന്നു വ്യക്തികളായ ഏകദൈവത്തില്‍ ഏകസത്തയോടുകൂടിയ ത്രിത്വത്തിലാണ്. മൂന്നു ദൈവികവ്യക്തികളും കൂടി ഒരു ദൈവികസത്തയെ വിഭജിച്ചെടുക്കുകയുമല്ല ചെയ്യുന്നത്; പ്രത്യുത ത്രിത്വത്തിലെ ഓരോ വ്യക്തിയും പൂര്‍ണ്ണമായും മുഴുവനായും ദൈവമാണ്; "പുത്രന്‍ എന്തായിരിക്കുന്നുവോ അതുതന്നെയാണു പിതാവ്; പിതാവ് എന്തായിരിക്കുന്നുവോ അതുതന്നെയാണ് പുത്രന്‍; പരിശുദ്ധാത്മാവ് എന്തായിരിക്കുന്നുവോ അതുതന്നെയാണു പിതാവും പുത്രനും; അതായതു സ്വഭാവത്തില്‍ ഒരു ദൈവമാണ്" ഈ മൂന്നു "വ്യക്തികളിലോരോരുത്തരും ദൈവികസത്ത, ദൈവിക സാരാംശം അഥവാ ദൈവിക പ്രകൃതി തന്നെയാണ്.
ദൈവിക വ്യക്തികള്‍ അന്യോന്യവ്യതിരിക്തരാണ്. "ദൈവം ഏകനാണ്; എങ്കിലും ഏകാന്തനല്ല86 "പിതാവ്", "പുത്രൻ" "പരിശുദ്ധാത്മാവ്" എന്നി സംജ്ഞകള്‍ ദൈവിക ഉണ്‍മയുടെ വ്യത്യസ്ത സ്വഭാവങ്ങളെക്കുറിക്കുന്ന നാമങ്ങളല്ല, അവ ഒന്നു മറ്റൊന്നില്‍ നിന്നു യഥാര്‍ത്ഥ വ്യത്യാസമുള്ളവയാണ്. "പുത്രന്‍ ആയിരിക്കുന്നവന്‍ പിതാവല്ല; പിതാവായിരിക്കുന്നവന്‍ പുത്രനല്ല; പിതാവോ പുത്രനോ ആയിരിക്കുന്നവന്‍ പരിശുദ്ധാത്മാവല്ല"; അവര്‍ ഉദ്ഭവത്തിലെ ബന്ധത്തില്‍ പരസ്പരം വ്യതിരിക്തരാണ്; "ജനിപ്പിക്കുന്നതു പിതാവാണ്; "ജനിപ്പിക്കുന്നതു പുത്രനാണ്; പുറപ്പെടുന്നതു പരിശുദ്ധാത്മാവാണ്" ദൈവിക ഏകത്വം ത്രിയേകമാണ്".
ദൈവികവ്യക്തികള്‍ അന്യോന്യ ബന്ധമുള്ളവരാണ്. ദൈവികവ്യക്തികളുടെ അന്യോന്യ വ്യതിരിക്തത ദൈവിക ഐക്യത്തെ ഭേദിക്കാത്തതിനാല്‍, ദൈവിക വ്യക്തികള്‍ക്കു പരസ്പരമുള്ള യഥാര്‍ത്ഥമായ വ്യതിരിക്തത അടങ്ങിയിരിക്കുന്നത് അവരെ പരസ്പരം ബന്ധപ്പെടുത്തുന്ന ബന്ധങ്ങളില്‍മാത്രമാണ്. "വ്യക്തികളുടെ ബന്ധം സൂചിപ്പിക്കുന്ന നാമങ്ങളിലൂടെ പിതാവു പുത്രനോടും, പുത്രന്‍ പിതാവിനോടും പരിശുദ്ധാത്മാവ് ഇരുവരോടും ബന്ധപ്പെട്ടിരിക്കുന്നു അവരുടെ ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ അവരെ മൂന്നു വ്യക്തികളെന്നു വിളിക്കുമ്പോള്‍ നാം ഒരു പ്രകൃതിയില്‍ അഥവാ സത്തയില്‍ മാത്രം വിശ്വസിക്കുന്നു." അവര്‍ തമ്മിലുള്ള "ബന്ധത്തിന്‍റെ വൈപരീത്യം ഇല്ലാത്തിടത്ത് അവര്‍ മൂവരും ഒന്നാണ് ഈ ഐക്യം മൂലം പിതാവു പൂര്‍ണ്ണമായി പുത്രനിലും പരിശുദ്ധാത്മാവിലുമാണ്; പുത്രന്‍ പൂര്‍ണ്ണമായി പിതാവിലും പരിശുദ്ധാത്മാവിലുമാണ്. പരിശുദ്ധാത്മാവു പൂര്‍ണ്ണമായി പിതാവിലും പുത്രനിലുമാണ്.
"ദൈവശാസ്ത്രനിപുണന്‍ എന്നു വിഖ്യാതനായ വി. ഗ്രിഗറി നസിയാന്‍സന്‍ ത്രിത്വത്തിലുള്ള വിശ്വാസത്തിന്‍റെ സംഗ്രഹം കോണ്‍സ്റ്റാന്‍റിനോപ്പിളിലെ ജ്ഞാനസ്നാനാര്‍ഥികള്‍ക്കു വിവരിച്ചുകൊടുക്കുന്നതിങ്ങനെയാണ്;
എല്ലാത്തിനും ഉപരിയായി ഈ വിശ്വാസനിക്ഷേപം പരിരക്ഷിക്കുവിന്‍; ഈ വിശ്വാസനിക്ഷേപത്തിനുവേണ്ടിയാണു ഞാന്‍ ജീവിക്കുന്നതും സമരം ചെയ്യുന്നതും. ഇതിനെ എന്‍റെ സഹചാരിയായി കൊണ്ടു നടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു; എല്ലാ ദു:ഖദുരിതങ്ങളും സഹിക്കുവാനും സര്‍വസന്തോഷങ്ങളും ത്യജിക്കുവാനും എന്നെ ശക്തനാക്കുന്നത് ഇതാണ്; പിതാവിലും പുത്രനിലും പരിശുദ്ധാത്മാവിലുമുള്ള വിശ്വാസപ്രഖ്യാപനം. ഇതു ഞാന്‍ നിന്നെ ഇന്ന് ഏല്‍പിക്കുകയാണ്. ഈ വിശ്വാസപ്രഖ്യാപനത്തോടെ ഞാന്‍ ഉടനെതന്നെ നിന്നെ വെള്ളത്തില്‍ മുക്കുവാനും വെള്ളത്തില്‍നിന്ന് ഉയര്‍ത്തുവാനും പോകുകയാണ്. നിന്‍റെ ജീവിതം മുഴുവന്‍റെയും സഹചാരിയും രക്ഷാധികാരിയുമായി ഈ വിശ്വാസം നിനക്ക് ഞാന്‍ ഭരമേല്‍പിക്കുന്നു. മൂന്നു വ്യക്തികളിലായിരിക്കുന്ന ഒരു ദൈവികപ്രകൃതിയിലും ശക്തിയിലുമുള്ള വിശ്വാസമാണിത്. ഈ മൂന്നു വ്യക്തികളെയും വ്യതിരിക്തരീതിയിലാണു മനസ്സിലാക്കേണ്ടത്. സത്തയുടെയോ പ്രകൃതിയുടെയോ കാര്യത്തില്‍ യാതൊരു ഏറ്റക്കുറിച്ചലുമില്ലാത്തതാണ് ഈ ദൈവപ്രകൃതി; ഉയര്‍ച്ചയ്ക്കു നിദാനമായ ശ്രേഷ്ഠനിലയോ താഴ്ചയ്ക്കു നിദാനമായ അധോനിലയോ ഇവിടെയില്ല... മൂന്ന് അനന്തവ്യക്തികളുടെ അനന്തമായ ഐക്യമാണിത്. വ്യതിരിക്തമായി പരിഗണിക്കുമ്പോള്‍ ഓരോ വ്യക്തിയും ദൈവമാണ്... ഒരുമിച്ചു പരിഗണിക്കുമ്പോള്‍ ദൈവം ത്രിയേകമാണ്.... ഞാന്‍ ഏക ദൈവത്തെപ്പറ്റി ചിന്തിക്കുവാന്‍ തുടങ്ങുമ്പോഴേക്കും മൂന്നു ദൈവിക വ്യക്തികളും എന്നെ തേജസ്സുകൊണ്ട് വലയം ചെയ്യുന്നു. ഞാന്‍ മൂവരെയും പറ്റി ചിന്തിക്കുവാന്‍ തുടങ്ങുമ്പോഴേക്കും ഏകദൈവത്തിലേക്ക് നയിക്കപ്പെടുന്നു.
ദൈവികപ്രവര്‍ത്തനങ്ങളും ത്രിത്വാത്മക അയയ്ക്കലുകളും
"ഓ സൗഭാഗ്യദായകമായ ജ്യോതിസ്സേ, പരിശുദ്ധത്രിത്വമേ, ആദിമ ഏകത്വമേ" ദൈവം നിത്യസൗഭാഗ്യമാണ്, മരണമില്ലാത്ത ജീവനാണ്, അണയാത്ത ദീപമാണ്; ദൈവം സ്നേഹമാണ്; പിതാവും പുത്രനും പരിശുദ്ധാത്മാവും. ദൈവം തന്‍റെ ഭാഗ്യപൂര്‍ണ്ണമായ ജീവന്‍റെ മഹത്വം പകര്‍ന്നുതരുവാന്‍ സ്വമനസാ തിരുവുള്ളമായി. ലോകസൃഷ്ടിക്കു മുന്‍പേ തന്നെ, തന്‍റെ പ്രിയസുതനില്‍ പിതാവു വിഭാവനം ചെയ്ത "കൃപകരപദ്ധതി ഇപ്രകാരമാണ്". "നമ്മെ യേശുക്രിസ്തുവിലൂടെ ദത്തുപുത്രരാക്കുവാന്‍ അവിടുന്നു മുന്‍കൂട്ടി നിശ്ചയിച്ചു"; അതായത് പുത്രസ്വീകാര്യത്തിന്‍റെ ആത്മാവിലൂടെ" അവിടുന്നു മുന്‍കൂട്ടി നിശ്ചയിച്ചു. യുഗയുഗാന്തരങ്ങള്‍ക്കു മുന്‍പേ തന്നെ നമുക്കു നല്‍കപ്പെട്ടതും നേരിട്ടു പരിശുദ്ധത്രിത്വത്തിന്‍റെ സ്നേഹത്തില്‍ നിന്നു നിര്‍ഗളിക്കുന്നതുമായ ഒരുകൃപാവരമാണ് ഈ പദ്ധതി. സൃഷ്ടികര്‍മത്തിലും ആദിപാപത്തിനുശേഷം രക്ഷാകരചരിത്രം മുഴുവനിലും, പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും അയയ്ക്കലുകളിലും ഈ പദ്ധതി വെളിപ്പെടുന്നു. സഭയുടെ അയയ്ക്കല്‍ ഈ അയയ്ക്കലുകളുടെ തുടര്‍ച്ചയാണ്.
ദൈവിക രക്ഷാപദ്ധതിമുഴുവനും മൂന്നു വ്യക്തികളുടെയും പൊതുപ്രവര്‍ത്തനമാണ്. പരിശുദ്ധത്രിത്വത്തിന് ഒരേയൊരു പ്രകൃതി മാത്രമുള്ളതുപോലെ ഒരേയൊരു പ്രവര്‍ത്തനവും മാത്രമേയുള്ളൂ. "പിതാവും പുത്രനും പരിശുദ്ധാത്മാവും സൃഷ്ടിയുടെ മൂന്നു പ്രഭവങ്ങളല്ല, പ്രത്യുത ഏകപ്രഭാവമാകുന്നു." എന്നിരുന്നാലും, ഓരോ ദൈവികവ്യക്തിയും സ്വന്തം വ്യക്തിത്വസവിശേഷതയനുസരിച്ചു പൊതുപ്രവര്‍ത്തനം നിര്‍വഹിക്കുന്നു. പുതിയനിയമത്തെ ആസ്പദമാക്കി സഭ ഏറ്റുപറയുന്നു. "സര്‍വതും ആരില്‍ നിന്ന് ആകുന്നുവോ, ആ ഏക കര്‍ത്താവുമായ യേശുക്രിസ്തു; സര്‍വതും ആരില്‍ ആകുന്നുവോ ആ ഏക പരിശുദ്ധാത്മാവും." പുത്രന്‍റെ മനുഷ്യാവതാരവും പരിശുദ്ധാത്മാവിന്‍റെ ദാനവും എന്ന ദൈവിക അയയ്ക്കലുകളാണ് ദൈവിക വ്യക്തികളുടെ സവിശേഷതകളെ ഏറ്റവും കൂടുതല്‍ പ്രകടമാക്കുന്നത്.
ദൈവികരക്ഷാപദ്ധതി മുഴുവന്‍ പൊതുവും വ്യക്തിപരവുമായ ഒരു പ്രവര്‍ത്തനമാകയാല്‍ ദൈവികവ്യക്തികള്‍ക്കു പ്രത്യേകമായിട്ടുള്ളതെന്തെന്നും അവരുടെ ഏക പ്രകൃതിയെന്തെന്നും അത് വെളിപ്പെടുത്തുന്നു. ത്രിത്വത്തിലെ മൂന്ന് വ്യക്തികളെ ഒരുതരത്തിലും പ്രത്യേകം വേര്‍തിരിക്കാതെ ആ വ്യക്തികളിലോരോരുത്തരുമായി കൈവരിക്കുന്ന ഐക്യമാണു ക്രൈസ്തവജീവിതം മുഴുവനും. പിതാവിനെ മഹത്ത്വപ്പെടുത്തുന്ന ഏതൊരാളും, പുത്രന്‍വഴി പരിശുദ്ധാത്മാവിലുമാണു പിതാവിനെ മഹത്ത്വപ്പെടുത്തുന്നത്; ക്രിസ്തുവിനെ അനുഗമിക്കുന്ന ഏതൊരാളും അങ്ങനെ ചെയ്യുന്നതു പിതാവ് അയാളെ ആകര്‍ഷിക്കുന്നതുകൊണ്ടും, പരിശുദ്ധാത്മാവ് അയാളെ പ്രചോദിപ്പിക്കുന്നതുകൊണ്ടുമാണ്.
ദൈവികരക്ഷാപദ്ധതി മുഴുവന്‍റെയും ആത്യന്തികലക്ഷ്യം സൃഷ്ടികള്‍ പരിശുദ്ധത്രിത്വത്തിന്‍റെ പൂര്‍ണൈക്യത്തില്‍ പ്രവേശിക്കുക എന്നതാണ്. എന്നാല്‍ ഇപ്പോള്‍ത്തന്നെ, പരിശുദ്ധത്രിത്വത്തിന്‍റെ വാസസ്ഥാനമാകാന്‍ നാം വിളിക്കപ്പെട്ടിരിക്കുകയാണ്. കര്‍ത്താവു പറയുന്നു "ആരെങ്കിലും എന്നെ സ്നേഹിക്കുന്നെങ്കില്‍, അവന്‍ എന്‍റെ വചനം പാലിക്കും; അപ്പോള്‍ എന്‍റെ പിതാവ് അവനെ സ്നേഹിക്കുകയും ഞങ്ങള്‍ അവന്‍റ അടുത്തുവന്ന് അവനില്‍ വാസമുറപ്പിക്കുകയും ചെയ്യും".
എന്‍റെ ദൈവമേ, ഞാന്‍ ആരാധിക്കുന്ന പരിശുദ്ധത്രിത്വമേ, എന്‍റെ ആത്മാവു നിത്യതയെ പ്രാപിച്ചു കഴിഞ്ഞു എന്ന മട്ടില്‍ അചഞ്ചലവും സമാധാനപൂര്‍ണ്ണവുമായി ഞാന്‍ അങ്ങില്‍ സംസ്ഥാപിക്കപ്പെടുവാന്‍ തക്കവണ്ണം എന്നെത്തന്നെ പൂര്‍ണ്ണമായി വിസ്മരിക്കുവാന്‍ എന്നെ സഹായിക്കണമേ; മാറ്റമില്ലാത്തവനായ എന്‍റെ ദൈവമേ, യാതൊന്നും എന്‍റെ സമാധാനത്തെ ഭഞ്ജിക്കാതിരിക്കട്ടെ, യാതൊന്നും എന്നെ അങ്ങയില്‍ നിന്ന് അകറ്റാതിരിക്കട്ടെ. എന്‍റെ ജീവിതത്തിലെ ഓരോ മിനിറ്റും നിന്‍റെ രഹസ്യത്തിന്‍റെ ആഴത്തിലേക്ക് എന്നെ നയിക്കട്ടെ. എന്‍റെ ആത്മാവിനു ശാന്തി നല്‍കണമേ; നിന്‍റെ വിശ്രമസ്ഥലവും പ്രിയപ്പെട്ട വാസസ്ഥാനവുമായി, നിന്‍റെ സ്വര്‍ഗമായി എന്‍റെ ആത്മാവിനെ മാറ്റണമേ. ഞാന്‍ ഒരിക്കലും നിന്നെ അവിടെ ഏകാകിയായി ഉപേക്ഷിക്കാതിരിക്കട്ടെ; പ്രത്യുത, എന്‍റെ വിശ്വാസത്തില്‍ നിരന്തരം ജാഗ്രതപുലര്‍ത്തിക്കൊണ്ടു, നിന്നെ സദാ ആരാധിച്ചുകൊണ്ടു, നിന്‍റെ സൃഷ്ടികര്‍മത്തിനായി എന്നെത്തന്നെ പൂര്‍ണമായി സമര്‍പ്പിച്ചുകൊണ്ടു ഞാന്‍ മുഴുവനായും പൂര്‍ണമായും അവിടെയിരിക്കട്ടെ.
trinity-important-truths-in-theology- catholic malayalam Rev. Dr. Joseph Pamplany Rev. Dr. Thomas Kochukarottu Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206