We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Mar. Joseph Pamplany, Rev. Dr. Thomas Kochukarottu On 30-Jan-2021
ആമുഖം
അതിപുരാതനമായ പാര്‍സിമതം ഉത്ഭവിച്ചതു പേര്‍ഷ്യയിലാണ് (ഇറാന്‍) എന്നു വിശ്വസിക്കപ്പെടുന്നു. സൊറവാസ്തര്‍ അഥവാ സൊറാത്തുസ്ത്ര ആണ് ഈ മതത്തിന്‍റെ സ്ഥാപകന്‍. മസ്ദേയിസം (Mazdaism) എന്നും ഈ മതത്തിനു പേരുണ്ട്. ഉത്ഭവം മുതല്‍ മുസ്ലീങ്ങള്‍ പേര്‍ഷ്യ കീഴടക്കുന്നതുവരെ അവിടുത്തെ പ്രധാനപ്പെട്ട മതം പാര്‍സിമതം ആയിരുന്നു. വളരെ പ്രാചീന മതമായിരുന്നതിനാല്‍ ഇതിലെ ആചാരങ്ങളും വിശ്വാസങ്ങളും മറ്റു പല മതങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്. റോമാസംസ്കാരത്തിലും യവനസംസ്കാരത്തിലുമെല്ലാം പാര്‍സിമതാംശങ്ങള്‍ അലിഞ്ഞുചേര്‍ന്നിട്ടുണ്ട്. പാര്‍സിമതത്തിന്‍റെ വിശുദ്ധഗ്രന്ഥമായ "അവസ്ത" (Avesta) യില്‍ നിന്നും "അഹല്‍വി" ഭാഷയില്‍ എഴുതപ്പെട്ടിട്ടുളള ഏതാനും ഗ്രന്ഥങ്ങളില്‍ നിന്നുമാണ് നമുക്കു പാര്‍സി മതത്തെക്കുറിച്ച് അറിയുവാന്‍ സാധിക്കുന്നത്.
സൊറവാസ്തര്‍ ജീവിച്ചിരുന്ന കാലഘട്ടത്തെപ്പറ്റി പണ്ഡിതരുടെ ഇടയില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉണ്ട്. പ്ലേറ്റോയ്ക്ക് (427-347 ബി.സി.) 6000 വര്‍ഷങ്ങള്‍ക്കുമുമ്പാണ് സൊറവാസ്തര്‍ ജീവിച്ചിരുന്നത് എന്നു ഗ്രീക്ക് ചിന്തകനായ പ്ലിനി രേഖപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ അലക്സാണ്ടര്‍ ചക്രവര്‍ത്തിയെക്കുറിച്ചുളള രേഖകളില്‍ ചക്രവര്‍ത്തി ജീവിച്ചിരുന്നത് സൊറവാസ്തറിന് 258 വര്‍ഷങ്ങള്‍ക്കുമുമ്പാണെന്നു കാണുന്നു. ഈ കണക്കനുസരിച്ച് ബി.സി. ആറാം നൂറ്റാണ്ടാണ് സൊറവാസ്തറുടെ ജീവിതകാലം.
ബി.സി. 15-ാം നൂറ്റാണ്ടിലാണു സൊറവാസ്തര്‍ ജീവിച്ചിരുന്നതെന്നു ചില പാശ്ചാത്യ പണ്ഡിതന്മാര്‍ വാദിക്കുന്നു. ഇന്ത്യയിലെ ഹിന്ദുമതത്തിന്‍റെ ഉത്ഭവവും ഇറാനിലെ പാര്‍സിമതത്തിന്‍റെ ഉത്ഭവവും ആര്യന്മാരില്‍നിന്നുതന്നെയാണെന്ന് ഇവര്‍ കരുതുന്നു. ഇന്‍ഡോ - യൂറോപ്യന്‍ ഭാഷയായ സംസ്കൃതം സംസാരിച്ചിരുന്ന ആര്യന്മാര്‍ പേര്‍ഷ്യയില്‍ കുറെക്കാലം കഴിച്ചുകൂട്ടിയതിനുശേഷമാണ് ഇന്ത്യയിലേക്കു വന്നതെന്ന് പണ്ഡിതര്‍ പറയുന്നു. ഇതിനു നിദാനമായി അവര്‍ ചൂണ്ടിക്കാണിക്കുന്നത് പാര്‍സിമതഗ്രന്ഥമായ "അവസ്ത" യിലെ ഭാഷയും ആചാരങ്ങളെയും ഈശ്വരന്മാരെയും പറ്റിയുളള സങ്കല്പങ്ങളും ഇന്ത്യയിലെ വേദഗ്രന്ഥഭാഷയിലെ സങ്കല്പങ്ങളും തമ്മില്‍ വളരെയേറെ സാമ്യങ്ങളുണ്ട് എന്നതാണ്. ഉദാഹരണമായി "ഇറാന്" എന്ന വാക്കിന്‍റെ അര്‍ത്ഥവും "ആര്യന്" എന്ന വാക്കിന്‍റെ അര്‍ത്ഥവും "കുലീനന്" എന്നാണ്. രണ്ടു സമൂഹങ്ങളും ബഹുദൈവാരാധകരായിരുന്നു. ഇറാനിലെ ദൈവങ്ങള്‍ "ദിവാ" (Daevas) എന്നറിയപ്പെടുമ്പോള്‍ ഹിന്ദു ദൈവങ്ങള്‍ "ദേവ" (Deva) എന്നാണറിയപ്പെടുന്നത്. ഇറാനിലെ മഴയുടെ ദൈവമായ ഇന്‍തര്‍ (Intar) നും ഹിന്ദുമതത്തിലെ ദേവന്മാരുടെ ദേവനായ ഇന്ദ്രനും (Indra) തമ്മില്‍ സാമ്യമുണ്ട്. ഈ വാദഗതികളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍പേരും വിശ്വസിക്കുന്നത് ബി.സി 15-ാം നൂറ്റാണ്ടിലാണ് പാര്‍സിമതം ഉത്ഭവിച്ചത് എന്നാണ്.
പാര്‍സിമതം ഇന്ത്യയില്‍
എ.ഡി. എട്ടാം നൂറ്റാണ്ടുമുതലാണ് പാര്‍സിമതവിശ്വാസികള്‍ ഇന്ത്യയിലേക്കുളള കുടിയേറ്റം ആരംഭിച്ചത്. ഗുജറാത്തിലെ കത്തിയവാറിലുളള ഡ്യു എന്ന സ്ഥലത്താണ് അവര്‍ ആദ്യം വാസമുറപ്പിച്ചത്. ഗുജറാത്തിലുളള സഞ്ചന്‍ (Sanjn) എന്ന സ്ഥലത്ത് ഇന്ത്യയിലെ പാര്‍സിമതവിശ്വാസികളുടെ ആദ്യത്തെ ആരാധനാലയം സ്ഥാപിക്കപ്പെട്ടു. അതു പിന്നീട് ഉദ്വാദ് (Udvad) എന്ന സ്ഥലത്തേക്കു മാറ്റി സ്ഥാപിച്ചു. ഇതു പാര്‍സി മതവിശ്വാസികളുടെ ഒരു പ്രധാന തീര്‍ത്ഥാടനകേന്ദ്രമായി നിലകൊളളുന്നു. ഗുജറാത്തിലെത്തിയ വിശ്വാസികളില്‍ കുറേപ്പേര്‍ ബോംബെയിലേക്കു കുടിയേറി. ഇവിടെ അഗ്നിക്കു പ്രതിഷ്ഠിക്കപ്പെട്ട പ്രശസ്തമായ ഒരു ആരാധനാലയം ഇവര്‍ക്കുണ്ട്.
അടിസ്ഥാന വിശ്വാസങ്ങള്‍
അവസ്ത
പാര്‍സിമതത്തിന്‍റെ അടിസ്ഥാന ഗ്രന്ഥമാണ് അവസ്ത. സൊറവാസ്തറിനു ദൈവം നേരിട്ടു വെളിപ്പെടുത്തിയതാണ് ഈ അടിസ്ഥാനതത്ത്വങ്ങള്‍ എന്നാണ് വിശ്വാസം. പക്ഷേ, ഇതിലെ 17 സ്തോത്രങ്ങള്‍(ഗാഥ) മാത്രമേ സൊറവാസ്തറിന്‍റേതായിട്ടുളളുവെന്നും മറ്റു കാര്യങ്ങള്‍ അദ്ദേഹത്തിനു മുമ്പുളള കാലത്തെ പൗരാണിക സ്തോത്രങ്ങളാണെന്നും വിശ്വസിക്കുന്നവര്‍ കുറവല്ല.
ഈശ്വരദര്‍ശനം
മധ്യപൂര്‍വദേശത്തു ജന്മമെടുത്ത ജൂത - ഇസ്ലാം മതങ്ങളെപ്പോലെ തന്നെ, പാര്‍സിമതവും ഏകദൈവത്തില്‍ വിശ്വസിക്കുന്നു. പാര്‍സിമതവിശ്വാസികള്‍ ദൈവത്തെ വിളിക്കുന്നത് അഹുര മസ്ദ എന്നാണ്. ലോകത്തില്‍ എവിടെയൊക്കെ പദാര്‍ത്ഥമുണ്ടോ അവിടെയെല്ലാം അഹുര മസ്ദയും സ്ഥിതി ചെയ്യുന്നുവെന്ന് അവര്‍ കരുതുന്നു. അഹുര മസ്ദ ആവസിക്കാത്തതായി ഒരു പരമാണുപോലും ഈ ലോകത്തില്‍ ഇല്ല. വസ്തുക്കളുടെ ഉള്ളിലെ ദൈവിക സാന്നിദ്ധ്യം ദര്‍ശിക്കുവാന്‍ ഈ ഭൂമിയില്‍ സൊറവാസ്തറിനു മാത്രമേ സാധിച്ചിട്ടുളളൂ എന്നാണ് ഇവരുടെ വിശ്വാസം. ഇതു മറ്റു മനുഷ്യര്‍ക്കും സാധ്യമാണ്. പക്ഷേ അതിനായി സൊറവാസ്തര്‍ കാണിച്ചു തരുന്ന ധാര്‍മിക മാര്‍ഗ്ഗത്തിലൂടെ അവര്‍ ചരിക്കണം.
അഹുര മസ്ദയ്ക്ക് അമാനുഷികരായ ആറു സഹജന്മാരുണ്ട്. (1) വൊഹുമാനോ (Vohumano) - മൃഗലോകത്തിന്‍റെ അധിപനും നീതിമാനും സന്മനസ്സുളളവനുമാണ് ഇയാള്‍. (2) അഹാവിഹിഷ്ട (Ahavihista) - അഗ്നിയുടെ അധിപനും ധര്‍മ്മിഷ്ഠനുമാണ് ഇദ്ധേഹം. (3) ക്ഷാത്ര വൈശ്യ (Kshatra Vaisya) - ധാതുലോകത്തിന്‍റെ അധിപനും ഭരണാധികാരിയുമാണിദ്ധേഹം. (4) അരാമയിതി (Aramaity) (5) ഹൗര്‍വതാത് (Hawrvatat) - സര്‍വ്വ ജലാശയങ്ങളുടെയും അധിപനാണ് ഇദ്ധേഹം. (6) അമരെതാത് (Amaretat) - സസ്യലോകത്തിന്‍റെ അധിപനും അന്ത്യമില്ലാത്തവനുമാണ് ഇദ്ധേഹം. അഹുര മസ്ദയും ഈ ആറു സഹജന്മാരും വാക്കിലും ചിന്തയിലും പ്രവൃത്തിയിലും പരിപൂര്‍ണ്ണ ഐക്യത്തില്‍ വസിക്കുന്നു. ഈ ദൈവങ്ങളെല്ലാം വസിക്കുന്നത് ഗാരോ നെമാന്‍ (Garo Neman) എന്ന സ്ഥലത്താണ്. "സംഗീതത്തിന്‍റെ ഗേഹം" എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. ഇവിടെ ഇവര്‍ മരണമില്ലാത്തവരായി, നിത്യകാലത്തോളം അഹുര മസ്ദയെ പുകഴ്ത്തി ഗാനങ്ങള്‍ ആലപിച്ചുകൊണ്ടിരിക്കുന്നു. ഈ ദേവന്മാരാണ് ലോകത്തില്‍ കാണുന്ന അഭൗമിക സൗന്ദര്യത്തിന്‍റെ കാരണവും സ്രഷ്ടാക്കളും പരിപാലകരും.
അഹുര മസ്ദയ്ക്കും സഹജന്മാര്‍ക്കും ഭൂമിയില്‍ പ്രതിയോഗികള്‍ ഉണ്ട്. ആങ്കരെമിനോ (Angremino) അകോമാന്‍ (Akoman), ഇന്ദ്രന്‍ (Indra), സൗരവന്‍ (Sauravu), തരോമതി അന്നഗോയ്ഷ (Taromati Annagomati), തൗര്‍വി (Taurvi), സൈര്‍ച്ച് (Sairch) എന്നിവരാണ് അവര്‍. അഹുര മസ്ദയും സഹജന്മാരും ഈ ശക്തികളുമായി നിരന്തരമായ യുദ്ധത്തിലാണ്. എങ്കിലും ആത്യന്തികമായ വിജയം ദൈവിക ശക്തികള്‍ക്കുതന്നെ.
മനുഷ്യദര്‍ശനം
പാര്‍സിമത ദര്‍സനപ്രകാരം മനുഷ്യന്‍ പ്രധാനമായും മൂന്നു സ്വഭാവങ്ങളുടെ സങ്കലനമാണ് - അഭൗമികതയും ഭൂതാത്മകതയും ഓജസ്സും. ഇവ തന്നെയാണ് ആത്മാവ്, ശരീരം, ജീവന്‍ എന്നിങ്ങനെ അറിയപ്പെടുന്നതും. ഇവയില്‍ ഏറ്റവും ആദ്യം സൃഷ്ടിക്കപ്പെട്ടത് ആത്മാവാണ്. അനശ്വരവും അമര്‍ത്യവുമായ ഈ ആത്മാംശം മനുഷ്യന്‍റെ ജനനസമയത്ത് അവന്‍റെ ശരീരത്തോടു ചേരുകയും മരണത്തോടെ അവനെ വിട്ടുപിരിയുകയും ചെയ്യുന്നു. ആത്മാവിനോടു ബോധവും മനസ്സും ചേര്‍ന്നിരിക്കുന്നു. ജോലിക്കാരനു തന്‍റെ പണിയായുധംപോലെയും കുതിര സവാരിക്കാരനു കുതിരപോലെയും ആണ് ആത്മാവിനു ശരീരം. ആധുനിക മനഃശാസ്ത്രത്തില്‍ വ്യക്തിത്വത്തിന്‍റെ മൂന്നു ഭാവങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്ന യുക്തിയും വികാരവും മനസ്സും പാര്‍സിമതത്തിലെ മനുഷ്യദര്‍ശനത്തില്‍ കാണുന്ന മൂന്നു ഭാവങ്ങളുമായി യോജിച്ചു പോകുന്നതാണ്.
യുഗാന്ത്യദര്‍ശനം
പാര്‍സിമത യുഗാന്ത്യദര്‍ശനമനുസരിച്ച് നന്മ ചെയ്തവര്‍ക്കു സ്വര്‍ഗ്ഗ ഭാഗ്യവും തിന്മ ചെയ്തവര്‍ക്കു നരകശിക്ഷയും നല്കപ്പെടുന്നു. മരണശേഷം ശരീരം ഒരു മാര്‍ബിള്‍പാളിയിലോ മരപ്പലകയിലോ വച്ചു പ്രാര്‍ത്ഥനയുടെയും മന്ത്രോച്ചാരണത്തിന്‍റെയും അകമ്പടിയോടെ "നിശ്ശബ്ദതയുടെ ഗോപുര" (Tower of silence) ത്തിലേക്കു സംവഹിക്കപ്പെടുന്നു. മരിച്ച വ്യക്തിയുടെ ആത്മാവു സമാധിസ്ഥലത്തിനു ചുറ്റും നാലു ദിവസത്തേക്കു വട്ടമിട്ടു പറന്നു നടക്കുന്നുവെന്ന് അവര്‍ വിശ്വസിക്കുന്നു. ഈ നാലു ദിവസവും വളരെ ചെലവേറിയ ആരാധനാനുഷ്ഠാനങ്ങള്‍ അവര്‍ നടത്തുന്നു. സാമ്പത്തിക പരാധീനത മൂലം ഇതു നടത്തുവാന്‍ ആര്‍ക്കെങ്കിലും സാധിക്കാതെ വന്നാല്‍ മറ്റുളളവര്‍ സഹായിക്കണം. ഇതില്‍ ആദ്യത്തെ മൂന്നുദിവസവും മരിച്ച വ്യക്തിയുടെ ആത്മാവു ശിരസ്സിന്‍റെ സ്ഥാനത്തു വന്നുനിന്ന് അഹുര മസ്ദയെ കീര്‍ത്തിക്കുന്നുവെന്നാണു സങ്കല്പം.
primitive religions different religions in world catholic malayalam mananthavady diocese Parsimony Mar. Joseph Pamplany Rev. Dr. Thomas Kochukarottu Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206