x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ക്രിസ്തുവിജ്ഞാനീയം

പന്തിയോസ് പീലാത്തോസ്

Authored by : G. Ricciotti, Translator-Thomas Nadakal On 03-Oct-2022

അധ്യായം  4

റോമൻ ഗവർണർമാർ

പന്തിയോസ് പീലാത്തോസ്

20. അർക്കെലാവോസ് സ്ഥാനഭ്രഷ്ടനായപ്പോൾ അദ്ദേഹം ഭരിച്ചിരുന്ന യുദയാ, സമരിയ, ഇദുമേയ എന്നീ പ്രദേശങ്ങൾ അഗസ്റ്റസ് ചക്രവർത്തി റോമൻ സാമ്രാജ്യത്തോടു ചേർത്തു. അങ്ങനെ പത്തുകൊല്ലം മുമ്പു യഹൂദ നിവേദകസംഘം ആവശ്യപ്പെട്ടകാര്യം സാധിതമായി. (13)

ഒരു പ്രദേശം റോമിന്റെ നേരിട്ടുള്ള ഭരണത്തിൻ കീഴിൽ വരുമ്പോൾ അത് ഒരു പ്രോവിൻസാക്കി മാറ്റുകയോ അല്ലെങ്കിൽ നിലവിലിരിക്കുന്ന ഏതെങ്കിലും പ്രോവിൻസിനോടു ചേർക്കുകയോ ആയിരുന്നു പതിവ്. ബി. സി. 27-ൽ അഗസ്റ്റസ് ചക്രവർത്തി പ്രോവിൻസുകളെ അദ്ദേഹത്തിനും സെനറ്റിനുമായി വിഭജിച്ചു. സെനറ്റിന്റേതായ പ്രോവിൻസുകളുടെ ഭരണം അദ്ദേഹം സെനറ്റിനെ ഏല്പിച്ചു. സെനറ്റ് കോൺസുൾമാരെന്നറിയപ്പെടുന്ന ഉദ്യോഗസ്ഥൻമാർവഴി അവയെ ഭരിച്ചിരുന്നു. സാധാരണയായി ഒരു പ്രോകോൺസുളിന്റെ ഭരണകാലാവധി ഒരു വർഷമായിരുന്നു. ചക്രവർത്തിയുടെ നേരിട്ടുള്ള ഭരണത്തിൻ കീഴിൽ ഉൾപ്പെട്ടിരുന്ന പ്രോവിൻസുകൾ അതിർത്തി പ്രദേശത്തെ പ്രോവിൻസുകളായിരുന്നു. അവ കൂടുതൽ അപകട സാഹചര്യമുള്ളതായിരുന്നു. നേരെമറിച്ച് സെനറ്റിന്റെ പ്രോവിൻസുകൾ സാമ്രാജ്യാതിർത്തിക്കുള്ളിൽ കിടന്നിരുന്നവയും പ്രതിരോധം എളുപ്പമുള്ളവയുമായിരുന്നു. അധീശാധികാരത്തിലുള്ള പ്രോവിൻസുകളുടെയെല്ലാം ജനറൽ പ്രോകോൺസുൾ അഗസ്റ്റസ് ചക്രവർത്തിയായിരുന്നു. എങ്കിലും, ചക്രവർത്തി അവ ഭരിച്ചിരുന്നത് അദ്ദേഹം നേരിട്ടു നിയമിച്ച പ്രതിപുരുഷന്മാർ (legate) വഴിയായിരുന്നു. സെനറ്റംഗത്തിന്റെ പദവിയുള്ള ഒരാളായിരിക്കും ഒരു പ്രോവിൻസിന്റെ പ്രതിപുരുഷൻ അഥവാ ലെഗേറ്റ്. കാര്യക്ഷമമായി കൈകാര്യം ചെയ്യേണ്ടിയിരുന്ന ഈജിപ്‌ത്തുപോലെയുള്ള പ്രോവിൻസുകൾ അദ്ദേഹം ഭരിച്ചിരുന്നത് ലെഗേറ്റുവഴിയായിരുന്നില്ല. പ്രത്യുത, പ്രീഫെക്റ്റ് (Praefectus) എന്ന ഉദ്യോഗസ്ഥന്മാർ വഴിയായിരുന്നു. സാമ്രാജ്യത്തോടു പുതിയതായിചേർക്കപ്പെട്ടതോ അല്ലെങ്കിൽ എന്തെങ്കിലും പ്രത്യേക പ്രശ്നങ്ങൾ അലട്ടിയിരുന്നതോ ആയ പ്രദേശങ്ങൾ ഭരിക്കുന്നതിനായി ചക്രവർത്തി എക്വെസ്ട്രിയൻ (equestrian rank) പദവി അലങ്കരിച്ചിരുന്ന ഒരു ഗവർണറെയാണ് (Procurator) നിയോഗിച്ചിരുന്നത്.

അർക്കെലാവോസിന്റെ ഭൂപ്രദേശങ്ങൾ സിറിയൻ പ്രോവിൻസിനോടാണ് ചേർത്തത്. സിറിയ അതിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പുകൊണ്ട് വളരെ പ്രാധാന്യമർഹിച്ചിരുന്ന ഒരു പ്രോവിൻസായിരുന്നു. പക്ഷേ, ഈ സംയോജനം പൂർണ്ണമായ ഒന്നായിരുന്നില്ല. കാരണം, ആ പ്രദേശം നേരിട്ടു ഭരിക്കുന്നതിനായി എക്വെസ്ട്രിയൻ റാങ്കിലുള്ള ഒരു ഗവർണ്ണറെ നിയമിച്ചു. എന്നാൽ, അദ്ദേഹത്തിന്റെ അധികാരം സിറിയയിലെ ലെഗേറ്റിന്റെ കീഴിലുള്ളതും ലെഗേറ്റിനോടു വിധേയത്വമുള്ളതുമായിരുന്നു. ഗൗരവമർഹിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങളിൽ ഇടപെടുന്നതിന് ലെഗേറ്റിനു അധികാരമുണ്ട്. തന്മൂലം, ഈ ക്രമീകരണം ഒരധികാര വികേന്ദ്രീകരണമായിരുന്നെന്നു പറയാം. യഹൂദരെ ഭരിക്കുക എന്നത് വൈഷമ്യമേറിയ കാര്യമാണെന്ന് അറിഞ്ഞിരുന്ന തന്ത്രശാലിയായ അഗസ്റ്റസ് ബോധപൂർവ്വം ഇങ്ങനെയൊരു ഭരണക്രമം ഏർപ്പെടുത്തുകയാണുണ്ടായത്. ഇതുവഴി ഗവർണ്ണറുടെ ചെയ്തികളെ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും അദ്ദേഹത്തിനു ആവശ്യമായ നിർദ്ദേശങ്ങൾ യഥാവസരം നല്കുന്നതിനും സിറിയൻ പ്രോവിൻസിന്റെ ലെഗേറ്റിനു കഴിയുമായിരുന്നല്ലൊ.

21. മഹാനായ ഹേറോദേസ് പണികഴിപ്പിച്ച മെഡിറ്ററേനിയൻ കടൽത്തിരത്തെ സമൃദ്ധനഗരമായ സീസറിയായിലാണു റോമൻ ഗവർണർ താമസിച്ചിരുന്നത്. പലസ്തീനയിലെ ഏക നല്ല തുറമുഖവും ആ നഗരത്തോടനുബന്ധിച്ചുതന്നെയായിരുന്നു. സീസറിയായെ യൂദയായുടെ രാഷ്ട്രീയ തലസ്ഥാനമെന്ന് റോമൻ ചരിത്രകാരനായ റ്റാസിറ്റസ് വിളിച്ചത് തികച്ചും ശരിയാണ് (Hist; 11, 19). ഗവർണർ കൂടെക്കൂടെ പ്രത്യേകിച്ച് പെസഹാപോലുള്ള തിരുനാളവസരങ്ങളിൽ ജറുസലേമിൽ പൊയ്ക്കൊണ്ടിരുന്നു. ദേശീയവും മതപരവുമായ തലസ്ഥാനം ജെറുസലേം തന്നെയായിരുന്നു. രാഷ്ട്രീയ സുരക്ഷിതത്വത്തെക്കരുതി നിതാന്ത ജാഗ്രത പുലർത്തേണ്ട സ്ഥലവും അതായിരുന്നു. സീസറിയായിലും ജറുസലേമിലുമുണ്ടായിരുന്ന ഹേറോദേസിന്റെ അരമനകളായിരുന്നു ഗവർണറുടെ ആസ്ഥാനം. ഗവർണറുടെ ആസ്ഥാനത്തിനു പ്രിത്തോറിയം എന്നു പറയുന്നു. ഗവർണർ ജറുസലെത്ത് പൊതുപരിപാടികളിലേർപ്പെടുമ്പോൾ ശക്തിമത്തും സൗകര്യപ്രദവുമായ അന്റോണിയാ കോട്ടയും ഉപയോഗിച്ചിരുന്നു. ദേവാലയത്തിനു തൊട്ടുവടക്കായി സ്ഥിതി ചെയ്തിരുന്ന അന്റോണിയോ കോട്ടയിലായിരുന്നു ജറുസലത്തെ പ്രതിരോധസേന താവളമടിച്ചിരുന്നത്.

ഗവർണർ തന്റെ ഭരണ പ്രദേശത്തിന്റെ സൈന്യാധിപൻ കൂടിയായിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ കീഴിൽ റോമൻ പൗരന്മാരുൾക്കൊള്ളൂന്ന സേനാവ്യൂഹമില്ലായിരുന്നു. റോമൻ സൈന്യം സിറിയയിലാണു താവളമടിച്ചിരുന്നത്. സമരിയാക്കാർ, സിറിയാക്കാർ, ഗ്രീക്കുകാർ തുടങ്ങിയവരിൽ നിന്നും തിരഞ്ഞെടുത്തിട്ടുള്ള പോഷക സേനകൾ മാത്രമാണു ഗവർണറുടെ കീഴിലുണ്ടായിരുന്നത്. യഹൂദർ അക്കാലത്തും പട്ടാളസേവനത്തിൽ നിന്നൊഴിവാക്കപ്പെട്ടിരുന്നു. പ്രസ്തുത പോഷകസേനകൾ അഞ്ഞൂറു വീതമുള്ള അഞ്ചു സൈന്യദളങ്ങളായും ഒരു കുപ്പിണിയായും വേർതിരിച്ചിരുന്നു. അതിൽ കാലാൾപ്പടയും കുതിരപ്പടയും ഉണ്ടായിരുന്നു. ഏകദേശം മൂവായിരത്തിനുമേൽ വരുന്ന പടയാളികളെ ഗവർണറുടെ അധികാരത്തിലുണ്ടായിരുന്നുള്ളു.

ഭരണത്തലവൻ എന്ന നിലയിൽ വിവിധയിനം നികുതികൾ ചുമത്തുന്നതിനും ഈടാക്കുന്നതിനും ഗവർണർക്കായിരുന്നു അധികാരം. ആ പ്രദേശം അഗസ്റ്റസുമായി നേരിട്ടു ബന്ധപ്പെട്ട ഒന്നായിരുന്നതിനാൽ നികുതി, ചുങ്കം, തീരുവ തുടങ്ങിയവയെല്ലാം ചക്രവർത്തിയുടെ വക ഖജനാവിലാണ് ഒടുക്കിയിരുന്നത്. (സെനറ്റിന്റെ നേരെ കീഴിലുള്ള പ്രോവിൻസുകളിലെ നികുതിയിനങ്ങൾ സെനറ്റുവക ട്രഷറിയിലാണു ഒടുക്കിയിരുന്നത്). കരം പിരിക്കുന്നതിനു ഗവർണർ ഗവണ്മെന്റ് ഏജൻസികളെ ചുമതലപ്പെടുത്തിയിരുന്നു. അവയാകട്ടെ അതതു സ്ഥലത്തെ തദ്ദേശാധികാരികളെ ഈ ജോലി ഏല്പിച്ചിരുന്നു. സാമ്രാജ്യത്തിലെ മറ്റു ഭാഗങ്ങളിലെപ്പോലെതന്നെ ഇവിടെയും ചുങ്കം, കരം, തിരുവ, ആദായനികുതി തുടങ്ങിയവ പിരിക്കുന്നതിനുള്ള ചുമതല ചുങ്കക്കാരെന്നു വിളിച്ചിരുന്ന കോൺട്രാക്ടർമാരെ ഏല്പിച്ചിരുന്നു. അവർ ഒരു നിശ്ചിത തുക ഗവർണർക്ക് നല്കുകയായിരുന്നു പതിവ്. യുക്തമെന്നു തോന്നുന്ന നികുതികൾ അവർ ജനങ്ങളിൽനിന്ന് ഈടാക്കിയിരുന്നു. കരം പിരിവുകാരായ കീഴ് ജീവനക്കാർ മുഖേനയായിരുന്നു അവർ കരം ഈടാക്കിയിരുന്നത്.

നികുതിദായകരായ പൊതുജനം ഇക്കൂട്ടരെ എന്തുമാത്രം വെറുത്തിരുന്നെന്നു പറയേണ്ടയാവശ്യമില്ല. ഈ സംവിധാനം വഴി ഇടത്തട്ടുകാർ പൊതുജനങ്ങളെ നിർദ്ദയമായി പീഡിപ്പിക്കുകയും ഞെക്കിപ്പിഴിയുകയും ചെയ്തിരുന്നു. ദുഷിച്ചൊരു ഏർപ്പാടു തന്നെയായിരുന്നു ചുങ്കം പിരിക്കൽ.

22. നീതി നിർവ്വാഹകൻ എന്ന നിലയിൽ ഗവർണർക്ക് ഒരു നീതിന്യായ പീഠവും മരണശിക്ഷവരെ വിധിക്കുന്നതിനു അധികാരവുമുണ്ടായിരുന്നു. റോമൻ പൗരത്വമുള്ളവർക്കു മാത്രം ഈ കോടതിയിൽ നിന്ന് റോമിലെ സീസറിന്റെ കോടതിയിലേക്കും അപ്പീലുമായി പോകാമായിരുന്നു. സാധാരണ കേസുകളും മറ്റും തീരുമാനിക്കുന്നതിനു ഇതിനും പുറമേ പ്രാദേശിക നീതിന്യായക്കോടതികളുമുണ്ടായിരുന്നു. അവയിൽ പ്രധാനപ്പെട്ടതാണ് ജറുസലേമിലെ സാൻഹെദ്രീൻ സംഘം (57 ff ). അതിന് മതപരമായ കാര്യങ്ങളിൽ നിയമനിർമ്മാണം നടത്തുന്നതിന് അധികാരമുണ്ടായിരുന്നു. ഒരു പരിധിവരെ രാജ്യഭരണം സംബന്ധിച്ചും നികുതി വസൂലാക്കൽ സംബന്ധിച്ചുപോലും നിയമനിർമ്മാണം നടത്തുന്നതിനു സാൻഹെദ്രീൻ സംഘത്തിനു കഴിയുമായിരുന്നു. എന്നാൽ, മരണശിക്ഷ നല്കാനുള്ള അധികാരം ആ കോടതിക്കു നിഷേധിക്കപ്പെട്ടിരുന്നു. 

ഗവർണർമാരുടെ ഭരണത്തിൻ കീഴിൽ യഹൂദ സമുദായത്തിന്റെ പഴയ ഭരണക്രമം സംരക്ഷിക്കപ്പെട്ടുപോന്നു. പ്രധാനാചാര്യനായിരുന്നു സമുദായത്തിന്റെ യഥാർത്ഥ തലവൻ. പക്ഷേ, അദ്ദേഹത്തിന്റെ തെരഞ്ഞടുപ്പും നിഷ്കാസനവും ഗവർണറെയും സിറിയയിലെ ലെഗേറ്റിനെയും ആശ്രയിച്ചാണിരുന്നത്. എങ്കിലും, എ. ഡി. 50 വരെ റോമൻ ഭരണാധികാരികൾ ഇക്കാര്യത്തിൽ പ്രധാനപ്പെട്ട പുരോഹിത കുടുംബങ്ങളുമായി ആലോചിച്ചിരുന്നു. ഹേറോദിന്റെ രാജകുടുംബത്തിനും ഈ അവകാശമുണ്ടായിരുന്നു. യൂദയായും മറ്റും സാമ്രാജ്യത്തോടു യോജിപ്പിക്കപ്പെട്ടതിനുശേഷം ഗവർണർ പ്രധാനാചാര്യന്റെ രാഷ്ട്രീയ നീക്കങ്ങളെയും മറ്റും സൂക്ഷ്മനിരീക്ഷണം ചെയ്തുകൊണ്ട് അദ്ദേഹത്തെ ചുറ്റിപ്പറ്റി നിന്നിരുന്നു.

മതപരമായ കാര്യങ്ങളിൽ റോമൻ ഭരണകർത്താക്കൾ തങ്ങളുടെ പഴയ പാരമ്പര്യം നിർബാധം പുലർത്തുകയാണുണ്ടായത്. അവർ യഹൂദ ജനതയുടെ സ്ഥാപനങ്ങളെയും മതവികാരങ്ങളെയും വിചിത്രമായ ആചാരാനുഷ്ഠാനങ്ങളെയും അങ്ങേയറ്റം ആദരിച്ചുപോന്നു. ചിലപ്പോൾ ചില ന്യായാധിപന്മാർ ഇതിനൊരപവാദമായി പെരുമാറിയിട്ടില്ലെന്നില്ല. പക്ഷേ, അങ്ങനെ പെരുമാറിയവർ ഉടനെതന്നെ മറിച്ചു പ്രവർത്തിച്ചു തങ്ങളുടെ ബുദ്ധിമോശത്തിനു പരിഹാരമനുഷ്ഠിക്കാൻ നിർബന്ധിതരായിട്ടുമുണ്ട്. യഹൂദരുടെ പരമ്പരാഗതമായ ആചാരാനുഷ്ഠാനങ്ങളിൽ പങ്കുകൊള്ളാനും അവയോടു അനുഭാവവും ആദരവും പ്രകടിപ്പിക്കാനും കൂടി റോമാക്കാർ ഉൽസുകരായിരുന്നുവത്രേ. ഉദാഹരണമായി, ചക്രവർത്തിയുടെ കുടുംബംതന്നെ ഒന്നിലധികം പ്രാവശ്യം ജറുസലം ദേവാലയത്തിലേക്കു നേർച്ചകാഴ്ചകൾ കൊടുത്തയയ്ക്കുകയുണ്ടായി. സീസറിനും റോമൻ ജനതയ്ക്കും വേണ്ടി'' (cf. Wars of the Jews, II, 179) ദിനം പ്രതി ജെറുസലേം ദേവാലയത്തിൽ ഒരു കാളയെയും രണ്ടു ആടിനെയും ബലികഴിക്കാൻ അഗസ്റ്റസ് ചക്രവർത്തി ആജ്ഞാപിച്ചിരുന്നു. നമുക്കറിയാവുന്നിടത്തോളം (cf. Philo, Legat. ad caium, 23, 40)  അതിന്റെ ചിലവ് അദ്ദേഹം തന്നെയാണ് വഹിച്ചിരുന്നത്.

23. റോം യഹൂദർക്ക് വളരെയധികം ആനുകൂല്യങ്ങൾ അനുവദിച്ചിരുന്നു. സാബത്താചരണം മാനിച്ച് യഹൂദന്മാർ സൈന്യസേവനത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. ആ ദിവസം കോടതിയിൽ ഹാജരാകുന്നതിൽ നിന്നും അവർക്കു ഒഴിവു കിട്ടിയിരുന്നു. ജീവനുള്ള ഒന്നിന്റെയും പ്രതിമകൾ പാടില്ല എന്ന യഹൂദ നിയമത്തെ ആദരിച്ച്, ജറുസലേം നഗരത്തിലെ താവളത്തിലേക്കു പൊയ്ക്കൊണ്ടിരുന്ന പടയാളികൾ ചക്രവർത്തിയുടെ പ്രതിമയോടുകൂടിയ കൊടികൾ വഹിക്കുന്നതു നിരോധിച്ചിരുന്നു. ഇക്കാരണത്താൽത്തന്നെ യൂദായായിൽ ഇറക്കിയിരുന്ന റോമൻ നാണയങ്ങളിലും, പ്രത്യേകിച്ച് ഓട്ടു നാണയങ്ങളിലും ചക്രവർത്തിയുടെ രൂപം ഇല്ലായിരുന്നുവത്രേ. നാണയങ്ങളിൽ യഹൂദർക്കു സ്വീകാര്യമായിരുന്ന അടയാളങ്ങളും സംജ്ഞകളും മാത്രമേ സ്വീകരിച്ചിരുന്നുള്ളു. ഇതിനു വിപരീതമായ വെള്ളിനാണയങ്ങളും സ്വർണ്ണ നാണയങ്ങളും യൂദയായിൽ കാണപ്പെട്ടിരുന്നു എന്ന വസ്തുത വിസ്മരിക്കുന്നില്ല. പക്ഷേ, സാമ്രാജ്യത്തിലെ ഇതര ഭാഗങ്ങളിലെ കമ്മട്ടങ്ങളിൽനിന്നും അടിച്ചിറക്കിയവയായിരുന്നു.

ചക്രവർത്തിയെ ആരാധിക്കുക എന്ന സമ്പ്രദായം സാമ്രാജ്യത്തിലെ മറ്റു സ്ഥലങ്ങളിലെല്ലാം ഗവണ്മെന്റ് നിയമമായിരുന്നെങ്കിലും യൂദയായിൽ ആ ആചാരം അടിച്ചേല്പിച്ചില്ല. അതിനൊരൊറ്റ അപവാദം ''പിരിലൂസായ'' കലിഗുള ചക്രവർത്തി മാത്രമായിരുന്നു. തന്റെ പ്രതിമ ജറുസലേം ദേവാലയത്തിൽ സ്ഥാപിക്കണമെന്ന് എ. ഡി. 40-ൽ അദ്ദേഹം കല്പിച്ചു. എന്നാൽ, യഹൂദരുടെ ശക്തമായ നിലപാടും സിറിയയിലെ ലെഗേറ്റായ പെട്രോണിയസിന്റെ വിവേകവും കാരണം ആ പദ്ധതി നടപ്പായില്ല.

റോമൻ ഗവർണർമാരുടെ ഭരണം മഹാനായ ഹേറോദേസിന്റെയോ ഹസ്മോണിയൻ രാജകുടുംബത്തിലെ ചില ഭരണാധികാരികളുടെയോ ഭരണത്തേക്കാൾ മോശമായിരുന്നില്ല എന്നു പറയാം. സ്വാഭാവികമായും ഭരണത്തിന്റെ മേന്മ ഓരോ ഗവർണറെയുമാണാശ്രയിച്ചിരുന്നത്. എ.ഡി. 70-ലെ ദുരന്തത്തിനു മുമ്പുണ്ടായിരുന്ന അസഹിഷ്ണുക്കളും മതഭ്രാന്തന്മാരുമായ യഹൂദരെ ഭരിക്കുന്നതിനു റോം അയച്ച ഗവർണർമാർ വളരെ മോശക്കാരും മൃഗതുല്യരുമായിരുന്നു.

24. യേശുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട ആദ്യ ഗവർണർമാരെപ്പറ്റി വളരെക്കുറച്ചു അറിവേ നമുക്കുള്ളു. ചിലരെക്കുറിച്ചു ഒട്ടും തന്നെ അറിഞ്ഞുകൂടാ. എ. ഡി. 6-ൽ സ്ഥാനമേറ്റ കൊപ്പോണിയസ് ആണ് ആദ്യത്തെ ഗവർണർ. അദ്ദേഹം വന്നയുടനെ തന്നെ സിറിയയിലെ അന്നത്തെ ലെഗേറ്റായ ''സുൾപ്പീച്ചീയുസുക്വിരീനിയൂസു'' മൊത്തു ഒരു സെൻസസ് എടുത്തു. വ്യക്തികളെയും വസ്തുവകകളെയും സംബന്ധിച്ചുള്ള ക്രമീകൃതമായ ഒരു സെൻസസ് ഭാവിഭരണത്തിന്റെ അടിസ്ഥാനമായി റോമാക്കാർ കരുതിയിരുന്നു. രൂക്ഷമായ എതിർപ്പുകളുണ്ടായിരുന്നിട്ടും സെൻസസ് പൂർണ്ണമായി നടന്നു. കൊപ്പോണിയസ് എ. ഡി. 6-9 വരെ അധികാരത്തിലിരുന്നു. അദ്ദേഹത്തിന്റെ പിൻഗാമികളായ മാർക്കസ് അംബീവിയസും (എ. ഡി. 9-12) അന്നിയസ് റൂഫസ്സും (എ. ഡി 12-15) മൂന്നുകൊല്ലംവീതം ഭരിച്ചു. ഇവരെല്ലാവരും അഗസ്റ്റസ് ചക്രവർത്തിയാൽ നിയമിതരായിരുന്നു.

വലേരിയസ് ഗ്രാറ്റസ്സായിരുന്നു (എ. ഡി. 15-26) തിബേരിയസ് ചക്രവർത്തി ആദ്യം നിയമിച്ച ഗവർണർ. അദ്ദേഹം ഭരണം തുടങ്ങിയ ഉടനെതന്നെ അന്നത്തെ പ്രധാനാചാര്യനായിരുന്ന അന്നാസിനെ സ്ഥാനഭ്രഷ്ടനാക്കി. അദ്ദേഹത്തോടു സഹകരിക്കുന്ന ഒരു പ്രധാനാചാര്യനെ കണ്ടെത്താൻ അദ്ദേഹം അല്പം പണിപ്പെടേണ്ടിവന്നു. നാലുകൊല്ലക്കാലത്തിനിടയ്ക്കു ഒന്നിനുപുറകെ ഒന്നായി നാല് പ്രധാനാചാര്യന്മാരെ അദ്ദേഹം നിയമിക്കുകയുണ്ടായി. ഇസ്മായേൽ, ഏലിയാസർ, സൈമൻ, കയ്യഫാസ് എന്നറിയപ്പെട്ടിരുന്ന ജോസഫ്. കയ്യഫാസുമായി ഒത്തുപോകാൻ അദ്ദേഹത്തിനു കഴിഞ്ഞുവെന്നനുമാനിക്കാം. വലേരിയസ് ഗ്രാറ്റസിന്റെ പിൻഗാമിയായി എ. ഡി. 26-ൽ സ്ഥാനമേറ്റയാളാണു പന്തിയോസ് പീലാത്തോസ്.

25. ഫീലോ (Legat, ad Caium, 38) യും ഫ്ളാവിയസ് ജോസിഫസും സുവിശേഷകർത്താക്കളും പീലാത്തോസിനെപ്പറ്റി പറയുന്നുണ്ട്. മൂന്നു രേഖകളിലും വളരെ സംക്ഷിപ്തമായി പറയുന്നത് പീലാത്തോസ് കലഹപ്രിയനും മർക്കടമുഷ്ടിയുമായിരുന്നെന്നാണ്. അദ്ദേഹത്തെക്കുറിച്ചു സ്വന്തം അനുഭവങ്ങളിൽ നിന്ന് പലകാര്യങ്ങളും അറിയാമായിരുന്ന അഗ്രിപ്പാ ഒന്നാമൻ രാജാവ് ഇപ്രകാരം സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. ''അദ്ദേഹം ഒരു ദ്രവ്യാഗ്രഹിയും അക്രമിയും പിടിച്ചുപറിക്കാരനും ബലപ്രയോഗിയും ഭരണകാര്യത്തിൽ സ്വേച്ഛാധിപതിയുമായിരുന്നു'' (Philo. ibid). ഒരുപക്ഷേ, ഈ യഹൂദ രാജാവിന്റെ ആരോപണങ്ങൾ അതിശയോക്തിപരങ്ങളായിരിക്കാം. പക്ഷേ, റോമിന്റെ താല്പര്യങ്ങളുടെ കാര്യത്തിൽപ്പോലും പീലാത്തോസ് വിജയശാലിയായ ഒരു ഗവർണർ ആയിരുന്നില്ല. ഹൃദയംഗമമായി അദ്ദേഹം തന്റെ പ്രജകളെ വെറുത്തിരുന്നു. അവരുടെ സൗഹൃദം തേടാൻ അദ്ദേഹം ഒട്ടും കൂട്ടാക്കിയില്ല; പ്രത്യുത അവരെ പ്രകോപിപ്പിക്കുന്നതിനും വ്രണപ്പെടുത്തുന്നതിനും കിട്ടിയ അവസരങ്ങളൊന്നും അദ്ദേഹം പാഴാക്കിയിരുന്നില്ലതാനും. അദ്ദേഹം അവരെ വെറുത്തുവെന്നുമാത്രമല്ല, ആ വെറുപ്പു പ്രകടിപ്പിക്കുന്നതിൽ സന്തുഷ്ടചിത്തനുമായിരുന്നു. തന്റെ അധികാരത്തിൽപ്പെട്ട കാര്യമായിരുന്നെങ്കിൽ അദ്ദേഹം അവരെയെല്ലാവരെയും വേലയ്ക്കായി ഖനികളിലേക്കോ തടവുതാവളങ്ങളിലേയ്ക്കോ പറഞ്ഞയയ്ക്കുമായിരുന്നു. പക്ഷേ, റോമിലെ ചക്രവർത്തിയും സിറിയായിലെ ലെഗേറ്റും അധികാരാധീശത്വവുമായി വിലങ്ങുതടിയായി നിന്നിരുന്നു. ലെഗേറ്റ്, വാസ്തവത്തിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ സൂക്ഷ്മനിരീക്ഷണം നടത്തുകയും അവയെപ്പറ്റിയുള്ള റിപ്പോർട്ടുകൾ റോമിലേക്കു അയച്ചുകൊടുക്കുകയും ചെയ്തുകൊണ്ടിരുന്നു. തന്മൂലം, എക്വസ്ട്രിയൻ പദവിയിലുള്ള പീലാത്തോസിന് തന്നെത്തന്നെയും തന്റെ ആ വെറുപ്പും നിയന്ത്രിക്കാതെ തരമില്ലെന്നു വന്നു. തിബേരിയസ് ചക്രവർത്തി എ.ഡി. 19-ൽ റോമിലുണ്ടായിരുന്ന യഹൂദരെ മുഴുവൻ അവിടെനിന്നു തുരത്തി. അങ്ങനെ യഹൂദരോട് ചക്രവർത്തിപോലും ശത്രുതാമനോഭാവം പുലർത്തിപ്പോന്നിരുന്ന ഒരു കാലഘട്ടത്തിലാണു പീലാത്തോസ് യൂദയായിലെത്തുന്നത്. യഹൂദരെ വെറുക്കുന്നതും അവരോട് നിന്ദ്യമായി പെരുമാറുന്നതും ചക്രവർത്തിക്കു ഇഷ്ടപ്പെടുമെന്ന ധാരണയും അദ്ദേഹത്തിന് ഉണ്ടായിരുന്നിരിക്കാം. ഇറ്റാലിയൻ ചക്രവർത്തി കാട്ടിക്കൊടുത്ത പാതതന്നെ താനിവിടെ തുടരുന്നു എന്നു പറഞ്ഞു ചക്രവർത്തിയുടെയടുത്തു മുഖസ്തുതി പാടുന്നതിനും അദ്ദേഹത്തിന് കഴിയുമായിരുന്നല്ലോ.

26. യഹൂദരോടുള്ള വിദ്വേഷവും ചക്രവർത്തിയോടുള്ള സ്തുതിയും പ്രകടിപ്പിക്കാനെന്നപോലെ, പലസ്തീനയിലെത്തിയ ഉടനെ പീലാത്തോസ് ഒരു പ്രകടനം കാഴ്ചവച്ചു! ചക്രവർത്തിയുടെ രൂപവും ഛായാപടങ്ങളുമുള്ള പതാകയും കൊടികളും വഹിച്ചുകൊണ്ട് സീസറിയായിൽ നിന്നു ജറുസലേമിലേക്കു മാർച്ചു ചെയ്ത് ജറുസലം നഗരത്തിൽ പ്രവേശിക്കാൻ അദ്ദേഹം സൈന്യത്തോടു കല്പിച്ചു. എതിർപ്പിനെ നേരിടാതിരിക്കാൻ വേണ്ടി കൗശലക്കാരനായ അദ്ദേഹം പടയാളികളോടു രാത്രിയിൽ നഗരത്തിൽ പ്രവേശിക്കാനാണു ആജ്ഞാപിച്ചത്. പ്രതിമകളും കൊടിക്കൂറകളുംമറ്റും നഗരത്തിൽ സ്ഥാപിച്ചതിനുശേഷം മാത്രമേ ആളുകൾ കാര്യമറിയാവു എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്ലാൻ. അടുത്ത ദിവസം ഈ ഹീനമായ അനാദരവ് കണ്ട് പൊട്ടിത്തെറിച്ച യഹൂദരിൽ വളരെയധികം പേർ സീസറിയായിലേക്കു പാഞ്ഞെത്തി അഞ്ചുരാവും പകലും തുടർച്ചയായി അവർ ഗവർണറോടു താണുവീണപേക്ഷിച്ചു വിശുദ്ധ നഗരത്തിൽനിന്ന് വിഗ്രഹാരാധനാപരമായ പതാകകളും മറ്റും മാറ്റാൻ. പീലാത്തോസ് അതൊന്നും ചെവിക്കൊണ്ടില്ല. ആറാം ദിവസം അവരുടെ നിർബന്ധപൂർവ്വമായ അപേക്ഷയും മറ്റും കണ്ട് സഹികെട്ട അദ്ദേഹം പട്ടാളക്കാരെക്കൊണ്ടു അവരെ വളയുകയും ഉടനേതന്നെ പിരിഞ്ഞുപോയില്ലെങ്കിൽ എല്ലാവരെയും നിഷ്കരുണം കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. പക്ഷെ പ്രതാപികളായ ആ യാഥാസ്ഥിതിക യഹൂദർ ദോഷൈകദൃക്കായ പീലാത്തോസിനെ കീഴടക്കുകതന്നെ ചെയ്തു. പട്ടാളക്കാരാൽ വലയം ചെയ്യപ്പെട്ട അവർ നിലത്തുവീണ് തങ്ങളുടെ നഗ്നമായ കഴുത്തുകൾ കാട്ടിക്കൊണ്ട് ഉച്ചൈസ്‌തരം വിളിച്ചു പറഞ്ഞു തങ്ങളുടെ സനാതനമൂല്യങ്ങളെ ഉപേക്ഷിക്കുന്നതിനേക്കാൾ കൊല്ലപ്പെടുവാനാണു തങ്ങൾ ആഗ്രഹിക്കുന്നതെന്ന്. കാര്യങ്ങൾ ഈ പതനത്തിലെത്തുമെന്നു സ്വപ്നേപി വിചാരിക്കാതിരുന്ന പീലാത്തോസ് അവസാനം വഴങ്ങിക്കൊടുത്തു. കൊടിക്കൂറകൾ ഉടനെ തന്നെ നീക്കം ചെയ്തു.

ഇതിനുശേഷമാണു ജലസംഭരണി സംബന്ധിച്ച ഒരു പ്രശ്നം ഉത്ഭവിക്കുന്നത്. ജറുസലം നഗരത്തിനും ദേവാലയത്തിനും ആവശ്യമായ ജലം വിതരണം ചെയ്യുന്നതിന് ഒരു ജലവാഹകനാളി (aqueduct) നിർമ്മിക്കാൻ അദ്ദേഹം തീർച്ചയാക്കി. ബെത്ലെഹമിനു തെക്കുകിഴക്കായി സ്ഥിതി ചെയ്തിരുന്ന ജലസംഭരണിയിൽനിന്ന് ജറുസലേമിലേക്കു ജലം കൊണ്ടുവരുന്നതിനായിരുന്നു അത്. അതിനുവേണ്ടി ദേവാലയത്തിൽ പ്രതിഷ്ഠിതവും വിശുദ്ധവുമായ ദ്രവ്യം അദ്ദേഹം കണ്ടുകെട്ടി. ഇത് കലാപങ്ങൾക്കും സമരങ്ങൾക്കും കാരണമാക്കി. പീലാത്തോസ് കലാപകാരികളുടെയിടയിൽ യഹൂദരുടെ വേഷത്തിൽ പടയാളികളെ നിറുത്തി. നിശ്ചിത സമയത്തു അവർ ഒളിച്ചു കരുതിയിരുന്ന ദണ്ഡുകൾ പുറത്തെടുക്കുകയും കലാപകാരികളെ നിഷ്കരുണം തല്ലിച്ചതയ്ക്കുകയും ചെയ്തു. പലരും മരിച്ചുവീണു; അനേകർക്കു പരിക്കുപറ്റി.

കലഹപ്രിയനായ ഗവർണർ പിന്നീടു മറ്റൊരു പരിപാടികൂടി കാട്ടിക്കൂട്ടി. ചക്രവർത്തിയുടെ പേരെഴുതിയ സ്വർണ്ണം പൂശിയ ഏതാനും രക്ഷാകവചങ്ങൾ അദ്ദേഹം ജറുസലേമിൽ ഹേറോദേസിന്റെ അരമനയുടെ പുറത്തായി കെട്ടിത്തുക്കിയിട്ടു. ഫീലോ മാത്രമാണീസംഭവം രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് കൊടിക്കൂറകളും മറ്റും സ്ഥാപിച്ചതിന്റെ മറ്റൊരു വിവരണമായിരിക്കാമെന്ന് സംശയിക്കുന്നവരുണ്ട്. എന്നാൽ, അത് അത്ര ശരിയാണെന്നു തോന്നുന്നില്ല. കാരണം, പീലാത്തോസിന്റെ പ്രതികാര മനോഭാവവും ഈ സംഭവം കുറേക്കാലം കഴിഞ്ഞാണു നടന്നത് എന്നതു തന്നെ. ഇപ്രാവശ്യം അവ മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് അദ്ദേഹത്തെ സമീപിച്ച പ്രതിനിധി സംഘത്തിൽ മഹാനായ ഹേറോദേസിന്റെ നാല് പുത്രന്മാരുമുണ്ടായിരുന്നു. പക്ഷേ, അദ്ദേഹം വഴങ്ങിയില്ല. അപ്പോൾ യഹൂദർ തിബേരിയസ് ചക്രവർത്തിയുടെ പക്കൽ നിവേദനവുമായെത്തി. തിബേരിയസ് പീലാത്തോസിനോട് കല്പിച്ചു പ്രസ്തുത കവചങ്ങൾ ജറുസലേമിൽ നിന്നു നീക്കി സീസറിയായിൽ കൊണ്ടുപോയി സ്ഥാപിക്കാൻ. തിബേരിയസ് ഇങ്ങനെ വഴങ്ങുന്നതിനുള്ള കാരണം വ്യക്തമാക്കുന്നത് യഹൂദരുടെ ബദ്ധശത്രുവും തിബേരിയസിന്റെ മേൽ അമിത സ്വാധീനമുണ്ടായിരുന്നവനുമായ സചിവൻ സെജാനുസിന്റെ മരണശേഷമാണീ സംഭവം നടന്നതെന്നത്രെ (എ. ഡി. 31).

തികച്ചും സന്ദർഭോചിതമായിരിക്കും, സുവിശേഷങ്ങൾ നല്കുന്ന ഒരു വിവരംകൂടി ഇവിടെ അനുസ്മരിക്കുന്നത് (ലൂക്കാ 13 : 1). ജറുസലെം ദേവാലയത്തിൽ ബലിയർപ്പിച്ചുകൊണ്ടിരുന്ന ഏതാനും ഗലീലേയരെ (അന്തിപ്പാസിന്റെ പ്രജകൾ) പീലാത്തോസ് വധിച്ച സംഭവമാണത്. അതു സംബന്ധിച്ചു വിശദവിവരങ്ങൾ നമുക്കു ലഭിച്ചിട്ടില്ല. സുവിശേഷങ്ങൾ സാക്ഷ്യപ്പെടുത്തുന്നതുപോലെ (ലൂക്കാ 23 : 12) പീലാത്തോസും അന്തിപ്പാസും തമ്മിലുണ്ടായിരുന്ന ശത്രുതയ്ക്കു ഒരു കാരണം ഈ കൂട്ടക്കൊലയായിരിക്കും. മറ്റാെരു കാരണം അന്തിപ്പാസ് നടത്തിയിരുന്ന ചാരപണിയും (15)

27. അവസാനം പീലാത്തോസ് തന്റെ തന്നെ ഭരണരീതിയ്ക്കിരയായി എല്ലാം കളഞ്ഞുകുളിച്ചു. എ. ഡി. 35-ൽ സമരിയായിലെ പ്രസിദ്ധനായ ഒരു വ്യാജപ്രവാചകൻ, സമരിയായിൽ ഗരീസീം മലയിൽ ഒളിച്ചു വയ്ക്കപ്പെട്ടിട്ടുള്ളതായി വിശ്വസിക്കപ്പെട്ടിരുന്ന മോശയുടെ കാലത്തെ വിശുദ്ധ പാത്രങ്ങൾ തന്റെ അനുയായികളെ കാണിക്കാമെന്നു വീമ്പിളക്കി. അതിനായി നിശ്ചയിച്ച ദിവസം ആ ഗിരിശൃംഗം വളയാൻ പീലാത്തോസ് തന്റെ പടയാളികളോടാജ്ഞാപിച്ചു. യഥാർത്ഥത്തിൽ ജനങ്ങൾ അവിടെ തടിച്ചുകൂടുന്നതു തടയാൻ അദ്ദേഹം ആഗ്രഹിച്ചു. വ്യാജപ്രവാചകൻ്റെ പ്രസ്താവനയ്ക്കു യാതൊരു പ്രാധാന്യവും അദ്ദേഹം കല്പിച്ചില്ല. തന്റെ ഭരണംകൊണ്ടു പൊറുതിമുട്ടിയ സമരിയാക്കാർ അവിടെ സമ്മേളിക്കുന്നതു വിപ്ലവലക്ഷ്യങ്ങളോടെയായിരിക്കുമെന്നു അദ്ദേഹം ശങ്കിച്ചുവശായി. ഏതായാലും വലിയൊരു ജനസഞ്ചയം തിക്കിക്കൂടുകതന്നെ ചെയ്തു. അപ്പോൾ സൈന്യം അവരെ ആക്രമിച്ചു. വളരെപ്പേർ കൊല്ലപ്പെട്ടു. പലരും തുറുങ്കിലടയ്ക്കപ്പെട്ടു. തുറുങ്കിലടയ്ക്കപ്പെട്ടവരിൽ പ്രസിദ്ധരെയെല്ലാവരെയും അദ്ദേഹം വധിച്ചു. പൗരസ്ത്യപ്രദേശത്തെ കാര്യങ്ങളിൽ പരിപൂർണ്ണാധികാരമുണ്ടായിരുന്ന അന്നത്തെ സിറിയൻ ലെഗേറ്റായ വിറ്റേല്ലിയസിന്റെ പക്കൽ ഭ്രാന്തമായ ഈ കൂട്ടക്കൊലയെപ്പറ്റി സമരിയാക്കാർ പരാതിപ്പെട്ടു. സമരിയാക്കാർ റോമിനോട് വളരെ കൂറുള്ളവരും വിശ്വസ്തരുമാണെന്നറിഞ്ഞിരുന്ന വിറ്റേല്ലിയസ് അവരുടെ ആരോപണം അപ്പാടെ സ്വീകരിച്ചു. അദ്ദേഹം പീലാത്തോസിനെ താമസംവിനാ സ്ഥാനഭ്രഷ്ടനാക്കി. ചക്രവർത്തിയുടെയടുത്തു സമാധാനം ബോധിപ്പിക്കാനായി അദ്ദേഹം പീലാത്തോസിനെ റോമിലേയ്ക്കയച്ചു. എ. ഡി. 36 അവസാനത്തിലായിരുന്നു ഈ സംഭവം.

പീലാത്തോസ് റോമിലെത്തിയപ്പോൾ തിബേരിയസ് കാലം ചെയ്തിരുന്നു (മാർച്ച് 16, എ.ഡി. 37). യേശുവിനെ മരണശിക്ഷയ്ക്കു വിധിച്ച ആ മനുഷ്യന് പിന്നീടു എന്തു സംഭവിച്ചു എന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടില്ല. കെട്ടുകഥകളും ഐതിഹ്യങ്ങളും ഈ വിടവ് നികത്താൻ തത്രപ്പെട്ടിട്ടുണ്ട്. അത്യത്ഭുതകരമായ പല വീരസാഹസിക പ്രവൃത്തികളും പീലാത്തോസ് ഈ ലോകത്തിലും പരലോകത്തിലും നിർവ്വഹിച്ചതായി അവ കൊട്ടിഘോഷിക്കുന്നു. അവയിൽ ചിലത് അദ്ദേഹത്തെ നരകത്തിന്റെ അടിത്തട്ടിലാക്കിയാണു ചിത്രീകരിക്കുന്നതെങ്കിൽ മറ്റു ചിലത് അദ്ദേഹത്തെ സ്വർഗ്ഗീയ പറുദീസായിലെ ഒരു വിശുദ്ധനായിട്ടാണു ചിത്രീകരിക്കുന്നത്.

റോമൻ ഗവർണർമാർ പന്തിയോസ് പീലാത്തോസ് യുദയാ സമരിയ ഇദുമേയ G. Ricciotti Thomas Nadakal Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message