x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

ജന്മപാപം

Authored by : Mar Joseph Pamplany On 01-Sep-2020

ജന്മപാപം സംബന്ധിച്ച് ഉന്നയിക്കപ്പെട്ടിട്ടുള്ള ചോദ്യങ്ങള്‍ നിരവധിയാണ്. അവയെ ക്രോഡീകരിച്ചാല്‍ താഴെപ്പറയുന്ന പ്രശ്നങ്ങള്‍ ജന്മപാപം എന്ന വിശ്വാസ സത്യത്തെക്കുറിച്ച് ഉന്നയിക്കപ്പെട്ടിട്ടുണ്ട്.

(1) എന്താണ് ജന്മപാപം എന്ന വിശ്വാസ സത്യത്തിന്‍റെ അര്‍ത്ഥം?

(2) ആദവും ഹവ്വായും ബൈബിളിലെ സാങ്കല്പിക കഥാപാത്രങ്ങളാണെങ്കില്‍ അവരുടെ പാപവും സാങ്കല്പികമല്ലേ?

(3) മനുഷ്യകുലം മുഴുവന്‍ ഒരേ മാതാപിതാക്കളില്‍ നിന്നാണോ (monogenism) അതോ വ്യത്യസ്ത ദേശങ്ങളില്‍ വ്യത്യസ്ത മാതാപിതാക്കളില്‍ നിന്നാണോ (poly genism) ഉത്ഭവിച്ചത് എന്ന് അസന്ദിഗ്ദ്ധമായി സഭ പഠിപ്പിക്കുന്നില്ലെങ്കില്‍ Poligenism അനുസരിച്ച് ജന്മപാപത്തെ എങ്ങനെ വിശദീകരിക്കാനാകും?

(4) ജന്മപാപം എങ്ങനെയാണ് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത്?

(5) ഒരു വ്യക്തിയുടെ അറിവോ സമ്മതമോ കൂടാതെ സംഭവിക്കുന്നവയുടെ ഉത്തരവാദിത്വം പ്രസ്തുത വ്യക്തിയുടെമേല്‍ ആരോപിക്കുന്നു എന്ന യുക്തിഭംഗം ജന്മപാപം എന്ന വിശ്വാസ സത്യത്തിലടങ്ങിയിട്ടില്ലേ?

(6) മാമ്മോദീസായില്‍ ജന്മപാപം മോചിക്കപ്പെട്ടിട്ടും മനുഷ്യനിലെ പാപാസക്തി എന്തുകൊണ്ടു നിലനില്ക്കുന്നു?

ഈ ചോദ്യങ്ങള്‍ ജന്മപാപം എന്ന വിശ്വാസ സത്യവുമായി നേരിട്ടുബന്ധമുള്ളതാകയാല്‍ അവയെക്കുറിച്ച് പൊതുവായി വിശദീകരിക്കുകയാണിവിടെ.

1.  ജന്മപാപം എന്ന വിശ്വാസ സത്യത്തില്‍ അടിസ്ഥാനപരമായി രണ്ടു സത്യങ്ങള്‍ വിവക്ഷിക്കപ്പെടുന്നുണ്ട്: ആദിമാതാപിതാക്കളായ ആദത്തിന്‍റെയും ഹവ്വായുടെയും പാപവും (peccatum orginale orginans) തത്ഫലമായി സകല മനുഷ്യര്‍ക്കും ജനനം മുതലേയുള്ള പാപകരമായ അവസ്ഥയും (peccatum orginale orginatum).. ആദിമാതാപിതാക്കള്‍ക്ക് പാപംവഴി നഷ്ടമായ ഉത്ഭവവരപ്രസാദം (orginal justice) എന്നതിലൂടെ എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന് ഗ്രഹിക്കേണ്ടത് അനിവാര്യമാണ്. ഉത്ഭവ വരപ്രസാദത്തില്‍ മൂന്നു വസ്തുതകളുണ്ടായിരുന്നു.
(1) ശുദ്ധീകരണ വരപ്രസാദം (sanctifying grace) - നന്മ മാത്രം തെരഞ്ഞെടുക്കാനുള്ള കഴിവ്.
(2) മാനുഷിക സമഗ്രത (human rectitude) - മനുഷ്യന്‍റെ ശാരീരിക വികാരങ്ങള്‍ ആത്മീയപ്രേരണകള്‍ക്കും വിധേയമായിമാത്രം പ്രവര്‍ത്തിക്കുന്നതിനാല്‍ പാപരഹിതമായി ജീവിക്കാന്‍ കഴിയുന്ന അവസ്ഥ.
(3) അമര്‍ത്യത - മരണമില്ലാത്ത അവസ്ഥ. മനുഷ്യപ്രകൃതിയില്‍ ദൈവം വിഭാവനം ചെയ്ത ഈ മൂന്ന് അവസ്ഥകള്‍ക്കും മാറ്റം വരാന്‍ ഇടവരുത്തി എന്നതാണ് ആദിപാപത്തിന്‍റെ ദുരന്തം. ആദിമാതാപിതാക്കള്‍ക്കു ദൈവം നല്‍കിയ ഉത്ഭവ വരപ്രസാദം അവര്‍ക്കുവേണ്ടി മാത്രം നല്‍കിയതായിരുന്നില്ല. മറിച്ച് മനുഷ്യകുലത്തിന് മുഴുവനും സ്ഥലകാലഭേദങ്ങള്‍ക്കതീതമായി നല്‍കപ്പെട്ടതായിരുന്നതിനാല്‍ പ്രസ്തുത വരപ്രസാദത്തിന്‍റെ നഷ്ടം മനുഷ്യകുലത്തിന്‍റെ മുഴുവന്‍ നഷ്ടമായിത്തീര്‍ന്നതായി ത്രെന്തോസ് സൂനഹദോസ് പഠിപ്പിക്കുന്നു (D 789). മേല്‍പറഞ്ഞ മൂന്നുഗുണങ്ങളും മനുഷ്യപ്രകൃതിയില്‍ ദൈവം നിക്ഷേപിച്ച അതിസ്വാഭാവിക ഗുണങ്ങളായിരുന്നതിനാല്‍ പാപത്തിലൂടെ അവ നഷ്ടമായി (CCC 374 - 379).

2.  കാര്‍ത്തേജിലും (AD 418) ഓറഞ്ചിലും (529) ചേര്‍ന്ന കൗണ്‍സിലുകളുടെ പ്രബോധനങ്ങളെ ആധാരമാക്കി ത്രെന്തോസ് സൂനഹദോസാണ് ജന്മപാപത്തെക്കുറിച്ചുള്ള വിശദമായ പ്രമാണരേഖ (super peccato orginali) പുറപ്പെടുവിച്ചത്. ഉല്‍പത്തി 3-ാം അധ്യായത്തിലെ കഥയെ ആധാരമാക്കി ആദിപാപത്തിന്‍റെ മൂന്നുതലങ്ങളെ ഈ പ്രമാണരേഖ വ്യക്തമാക്കുന്നുണ്ട്.

(1) ദൈവത്തിന്‍റെ സൃഷ്ടിയായ മനുഷ്യന്‍ വരപ്രസാദപൂര്‍ണ്ണനായിരുന്നു.
(2) സ്വന്തം അഹങ്കാരത്താലും പിശാചിന്‍റെ പ്രേരണയാലും മനുഷ്യന്‍ പാപം ചെയ്തു.
(3) പാപം മൂലം വരപ്രസാദത്തിന്‍റെ നിറവ് അവര്‍ക്കു നഷ്ടമായി (D 2123). ആദവും ഹവ്വായും പഴം പറിച്ചു തിന്നു എന്ന കഥയുടെ അക്ഷരാര്‍ത്ഥത്തിലുള്ള വ്യാഖ്യാനത്തെയല്ല, പ്രസ്തുത കഥയിലൂടെ വിശുദ്ധ ഗ്രന്ഥകാരന്‍ സംവേദനം ചെയ്യുന്ന സന്ദേശത്തെ ആധാരമാക്കിയാണ് സൂനഹദോസ് ആദിപാപത്തെ നിര്‍വ്വചിച്ചിരിക്കുന്നത് എന്ന വസ്തുത ശ്രദ്ധേയമാണ്. തന്മൂലം ഉല്‍പത്തി പുസ്തകത്തിന്‍റെ നവീന വ്യാഖ്യാന രീതിയനുസരിച്ച് വിശദീകരിച്ചാലും (Historical critical interpretation) ജന്മപാപം എന്ന വിശ്വാസ സത്യത്തിന്‍റെ അടിസ്ഥാനത്തിനു കോട്ടം തട്ടുകയില്ല.

വി.ഗ്രന്ഥത്തിലും സഭാപാരമ്പര്യത്തിലും

3. ആദിമാതാപിതാക്കളുടെ പാപംവഴി ലോകം പാപഗ്രസ്ഥമായതായി വി.ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നുണ്ട് (ഉല്‍പ 6:12). മനുഷ്യഹൃദയം ചെറുപ്പംമുതലേ പാപത്തിലേക്ക് ചാഞ്ഞിരിക്കുന്നതായും (ഉല്‍പ 8:21) ഉത്ഭവംമുതലേ മനുഷ്യന്‍ പാപിയാണെന്നും (സങ്കീ 51:5; ജറെ 16:12) വി.ഗ്രന്ഥം വെളിപ്പെടുത്തുന്നു. പുതിയനിയമത്തില്‍ ആദത്തിന്‍റെ പാപത്തെ സകല പാപങ്ങളുടെയും പ്രാരംഭമായി പൗലോസ് വിലയിരുത്തുന്നു (റോമ 5:12-21). ആദത്തിന്‍റെ പാപത്തെ വിശദീകരിക്കുക എന്നതല്ല ക്രിസ്തുവിലൂടെ കൈവന്ന രക്ഷയെ അവതരിപ്പിക്കുക എന്നതാണ് അപ്പസ്തോലന്‍റെ ലക്ഷ്യം. പാപത്തിന്‍റെ സാര്‍വ്വത്രികത ക്രിസ്തുവിലൂടെ കൈവന്ന രക്ഷയുടെ സാര്‍വ്വത്രികതയെ അനിവാര്യമാക്കി എന്നതാണ് അപ്പസ്തോലന്‍റെ വാദത്തിന്‍റെ മര്‍മ്മം.

4. ലിയോണ്‍സിലെ വി.ഇരനേവൂസും വി.സിപ്രിയാനും ഉത്ഭവപാപത്തെക്കുറിച്ചു പഠിപ്പിച്ചിട്ടുണ്ടെങ്കിലും വി.ആഗസ്റ്റീനോസാണ് ഉത്ഭവപാപത്തെക്കുറിച്ച് സമഗ്രമായ പ്രബോധനം നല്‍കിയത്. മനിക്കേയിസം, പെലാജിയനിസം എന്നീ പാഷണ്ഡതകളെ എതിര്‍ത്തുകൊണ്ടാണ് ആഗസ്റ്റീനോസിന്‍റെ പഠനങ്ങള്‍ രൂപംകൊണ്ടത്. ജന്മപാപത്തിന് ആധാരമായി നാലു തെളിവുകള്‍ അഗസ്റ്റിന്‍ നിരത്തുന്നുണ്ട് (cfr. De nup. et cone I, II).

(1) വി.ഗ്രന്ഥം ജന്മപാപത്തെക്കുറിച്ച് വ്യക്തമായി പഠിപ്പിക്കുന്നുണ്ട് (റോമാ 5:12; എഫേ 2:3; യോഹ 3:3-5).
(2) മനുഷ്യജീവിതം സഹനം, ദുര്‍മ്മോഹം, മരണം എന്നിവയാല്‍ കലുഷിതമായതിനാല്‍ ദൈവവിരുദ്ധമായ എന്തോ ഒന്ന് മനുഷ്യനിലുണ്ട്.
(3) സഭയുടെ ആരംഭകാലം മുതല്‍ ശിശു ജ്ഞാനസ്നാനമുണ്ട്. ശിശുക്കള്‍ക്ക് വ്യക്തിപരമായ പാപം ഇല്ലാത്തതിനാല്‍ അവരുടെ ജ്ഞാനസ്നാനത്തില്‍ മോചിക്കപ്പെടുന്ന പാപാവസ്ഥയുണ്ട്; അതാണ് ജന്മപാപം.
(4) വ്യക്തിപരമായി പാപം ചെയ്യാത്തവരുടെയും രക്ഷകനാണ് ക്രിസ്തു. പാപം ചെയ്യാത്തവരുടെ രക്ഷ ക്രിസ്തു സാധിതമാക്കിയത് അവരിലെ വ്യക്തിപരമല്ലാത്ത പാപാവസ്ഥയെ (ജന്മപാപത്തെ) ക്രിസ്തു ഇല്ലാതാക്കിയതിലൂടെയാണ്. പൗരസ്ത്യപിതാക്കന്മാരായ വി.ഗ്രിഗറി നസ്യാന്‍സന്‍, ബേസില്‍, നൈസായിലെ ഗ്രിഗറി എന്നിവരും, ഉത്ഭവപാപം എന്ന വാക്ക് ഉപയോഗിക്കുന്നില്ലെങ്കിലും, ആഗസ്റ്റീനോസിന്‍റെ ചിന്താധാരക്കു സമാനമായ ചിന്താഗതി പുലര്‍ത്തുന്നുണ്ട്.

വി.തോമസ് അക്വീനാസും ഉത്ഭവ പാപത്തെക്കുറിച്ച് വ്യക്തമായ പ്രബോധനം നല്‍കുന്നുണ്ട് (ST. 1a 2ac). ജന്മപാപം എന്നത് വ്യക്തിപരമായ പാപത്തില്‍നിന്നു വ്യത്യസ്തമായി വരപ്രസാദത്തിന്‍റെ ഇല്ലായ്മയാണെന്ന് അദ്ദേഹം പഠിപ്പിച്ചു. ജന്മപാപത്തിലൂടെ മനുഷ്യപ്രകൃതി സമ്പൂര്‍ണ്ണമായി നശിച്ചില്ലെന്നും മനുഷ്യപ്രകൃതിയില്‍ അജ്ഞത, തിന്മ, ബലഹീനത, ദുര്‍മ്മോഹം എന്നീ നാലു മുറിവുകള്‍ ഏല്ക്കുകയാണുണ്ടായതെന്നും അക്വീനാസ് പഠിപ്പിച്ചു. മാമ്മോദീസായില്‍ ജന്മപാപത്തിലൂടെ സംജാതമായ ദൈവത്തില്‍നിന്നുള്ള അകല്‍ച്ചയും അതിനുള്ള ശിക്ഷാവിധിയും ഇല്ലാതാകുമെങ്കിലും മനുഷ്യനിലെ ദുര്‍മ്മോഹങ്ങള്‍ തുടരുന്നതായി വിശുദ്ധന്‍ പഠിപ്പിച്ചു(ST. 369. 1 ad. 1).
മാമ്മോദീസാവരെ ശിക്ഷാര്‍ഹമായിരുന്ന മനുഷ്യനിലെ പാപപ്രകൃതി മാമ്മോദീസായ്ക്കുശേഷം ശിക്ഷാര്‍ഹമാകുന്നില്ല എന്ന അക്വീനാസിന്‍റെ വാദത്തെ ത്രെന്തോസ് സൂനഹദോസ് പിന്തുണച്ചു (ND 512). ചുരുക്കിപ്പറഞ്ഞാല്‍, കര്‍മ്മപാപമില്ലാത്ത അവസ്ഥയിലും മാമ്മോദീസാ സ്വീകരിക്കാത്ത മനുഷ്യപ്രകൃതി ശിക്ഷാര്‍ഹമായിരുന്നെങ്കില്‍ മാമ്മോദീസാ സ്വീകരിച്ചവരുടെ കര്‍മ്മപാപങ്ങള്‍ മാത്രമേ ശിക്ഷാര്‍ഹമാകുന്നുള്ളൂ.

ജന്മപാപത്തിന്‍റെ പിന്തുടര്‍ച്ച

5. ജന്മപാപം ജനനത്തിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നു എന്നതാണ് സഭയുടെ പ്രബോധനം (D 790). വരപ്രസാദം നഷ്ടമായ മനുഷ്യപ്രകൃതിയില്‍ ജനനംവഴി പങ്കുചേരുന്ന ഓരോ ശിശുവും ജന്മപാപത്തിന് ഉടമയാകുന്നു. ജന്മപാപത്തിന്‍റെ മൂലകാരണം (principal cause) ആദിമാതാപിതാക്കളുടെ പാപമാണെങ്കില്‍ അതിന്‍റെ ഉപകരണ കാരണം (instrumental cause) പ്രജനനമാണ്.
എന്നാല്‍ കുഞ്ഞിനു ജന്മം നല്‍കുന്ന ലൈംഗിക പ്രക്രിയയില്‍ മാതാപിതാക്കള്‍ അനുഭവിക്കുന്ന ശാരീരിക സന്തോഷവും ജന്മപാപത്തിനു കാരണമാകുന്നതായുള്ള വി.അഗസ്തീനോസിന്‍റെ പഠനത്തെ ത്രെന്തോസ് സൂനഹദോസ് തള്ളിക്കളഞ്ഞു. മാമ്മോദീസാ സ്വീകരിച്ച് ജന്മപാപവിമുക്തരായ മാതാപിതാക്കളില്‍ നിന്നു ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കും ജന്മപാപമുണ്ട്. കാരണം ജന്മപാപം മാതാപിതാക്കളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നതല്ല മനുഷ്യ പ്രകൃതിയില്‍ പങ്കുചേരുന്നതിലൂടെ സംഭവിക്കുന്നതാണ്. ജന്മപാപത്തിന്‍റെ പിന്തുടര്‍ച്ച മനുഷ്യബുദ്ധിക്ക് പൂര്‍ണ്ണമായും മനസ്സിലാക്കാനാകാത്ത രഹസ്യമാണ് എന്ന് സാര്‍വ്വത്രിക മതബോധനഗ്രന്ഥം പഠിപ്പിക്കുന്നു (ccc. 404).

6. വിവിധ പാഷണ്ഡതകള്‍ ജന്മപാപത്തെ തള്ളിപ്പറഞ്ഞിരുന്നതായി സഭാചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ജ്ഞാനവാദികളും മനിക്കേയന്‍ ചിന്താഗതിക്കാരും ഒരിജന്‍വിഭാഗക്കാരും പ്രിഷില്ലിയന്‍ പാഷണ്ഡികളും മനുഷ്യന്‍റെ ഉത്ഭവം തിന്മയുടെ തത്വത്തില്‍ നിന്നാകയാല്‍ മനുഷ്യന്‍റെ സകല ആഭിമുഖ്യങ്ങളും തിന്മ നിറഞ്ഞതാണെന്നു വാദിച്ചു. പെലാജിയന്‍ പാഷണ്ഡതയനുസരിച്ച് ആദത്തിന്‍റെ പാപം പ്രജനനത്തിലൂടെ മനുഷ്യനിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നില്ല. മറിച്ച് ആദത്തിന്‍റെ പ്രവൃത്തി ദുര്‍മാതൃക നല്‍കുക മാത്രമാണ് ചെയ്യുന്നത്. പ്രസ്തുത ദുര്‍മാതൃകയെ അനുകരിക്കുന്നതുവഴി മനുഷ്യകുലം പാപത്തിലാകുന്നു എന്നതാണ് ഇക്കൂട്ടരുടെ വാദം. മേല്‍പറഞ്ഞ പാഷണ്ഡപ്രബോധനങ്ങളെ മിലെവ് (416), കാര്‍ത്തേജ് (418), ഓറഞ്ച് (529), ത്രെന്തോസ് (1546) എന്നീ കൗണ്‍സിലുകള്‍ തള്ളിക്കളഞ്ഞു.

മാര്‍ട്ടിന്‍ ലൂഥര്‍ ജന്മപാപത്തെ അംഗീകരിക്കുന്നു എങ്കിലും ജന്മപാപം എന്നതിലൂടെ മനുഷ്യസഹജമായ പാപാസക്തി (concupiscence) എന്നാണ് അര്‍ത്ഥമാക്കിയത്. മാമ്മോദീസായിലൂടെ പാപമോചനം ലഭിക്കുകയോ പാപാസക്തി വിട്ടുമാറുകയോ ചെയ്യുന്നില്ല. എന്നാല്‍ മാമ്മോദീസാ സ്വീകരിച്ചവരുടെ പാപങ്ങള്‍ ക്രിസ്തുവില്‍ ചുമത്തപ്പെടുന്നതിനാല്‍ (imputation) അവര്‍ നീതിമാന്മാരായി എണ്ണപ്പെടുകയും ശിക്ഷാവിധിയില്‍നിന്ന് രക്ഷനേടുകയും ചെയ്യുന്നതായി ലൂഥര്‍ പഠിപ്പിച്ചു. അതിനാല്‍ മാമ്മോദീസാ സ്വീകരിച്ചവര്‍ ഒരേസമയം പാപിയും നീതിമാനുമായിരിക്കുന്നു (simul justus et peccator). 1999 ല്‍ കത്തോലിക്കരും പ്രൊട്ടസ്റ്റന്‍റു സഭകളും സംയുക്തമായി നടത്തിയ പ്രഖ്യാപനത്തില്‍ (Joint declaration on the doctrine of Justification) ലൂഥറിന്‍റെ നിലപാടുകളെ കൂടുതല്‍ സ്വീകാര്യമായി വ്യാഖ്യാനിച്ചിട്ടുണ്ട്.

ആധുനിക ദൈവശാസ്ത്ര സമീപനങ്ങള്‍

7.  ജന്മപാപത്തെ വിശദീകരിക്കാനുള്ള വിവിധ ശ്രമങ്ങള്‍ ആധുനിക ദൈവശാസ്ത്രജ്ഞന്മാരുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. മനുഷ്യന്‍റെ സഹജവും സാര്‍വ്വത്രികവുമായ അഭിനിവേശം സ്വാര്‍ത്ഥതയാണെന്നും സകലമനുഷ്യരിലുമുള്ള ഈ സ്വാര്‍ത്ഥത (egoism) യാണ് ജന്മപാപമെന്ന് വാദിക്കുന്നവരുണ്ട് (ഉദാ. റെയ്നോള്‍ഡ് നിബൂര്‍). ശിശുക്കള്‍ തിരിച്ചറിവിന്‍റെ കാലംവരെ തിന്മയില്ലാതെ ജീവിക്കുന്നതുപോലെ മനുഷ്യകുലം മാനുഷീകരണകാലംവരെ (hominisation) പാപമില്ലാതെ ജീവിച്ചെന്നും മാനുഷികതയുടെ തിരിച്ചറിവ് ലഭിച്ചപ്പോള്‍ അവര്‍ അനുസരണക്കേടിന്‍റെ ആദ്യപാപം ചെയ്യുകയും ഇത് മറ്റെല്ലാ പാപങ്ങളിലേക്കു നയിക്കുകയും ചെയ്ത അവസ്ഥയാണ് ജന്മപാപമെന്ന് വാദിക്കുന്നവരുണ്ട് (മാവുരിസ് ഫ്ളിക്, സോള്‍ട്ടാന്‍ അള്‍സേഖി).

ജന്മപാപം എന്നത് ആദിമാതാപിതാക്കളുടെ പാപമല്ല ലോകത്തിലെ സകല മനുഷ്യരുടെയും പാപത്തിന്‍റെ ആകെത്തുകയും അതിന്‍റെ പരിണിതഫലവും ചേര്‍ന്ന അവസ്ഥയാണെന്ന് പിയറ്റ് ഷൂണന്‍ബര്‍ഗ് എന്ന ദൈവശാസ്ത്രജ്ഞന്‍ വാദിക്കുന്നുണ്ട്. മനുഷ്യന്‍ വളര്‍ച്ചയുടെ വിവിധ തലങ്ങളില്‍ നിരന്തരമായി അനുഭവിക്കുന്ന തനിമയ്ക്കായുള്ള അസ്തിത്വസംഘര്‍ഷങ്ങളുടെ അനുഭവങ്ങളുടെ സമാഹാരമാണ് ജന്മപാപമെന്ന് വാദിക്കുന്നവരുമുണ്ട് (ഉദാ. നൈല്‍ ഓര്‍മറോഡ്). ഈ വാദങ്ങളെല്ലാം ജന്മപാപം എന്ന സത്യത്തിന്‍റെ ഭാഗികമായ ആവിഷ്കാരമേ ആകുന്നുള്ളൂ.

8. ജന്മപാപത്തിന്‍റെ ക്രിസ്തുകേന്ദ്രീകൃത രക്ഷാകരമാനമാണ് സുപ്രധാനമായിട്ടുള്ളത്. ജന്മപാപം എന്നതിലൂടെ സകല മനുഷ്യരും ക്രിസ്തുവിലൂടെ രക്ഷിക്കപ്പെടേണ്ടതുണ്ട് എന്ന സത്യമാണ് വെളിവാകുന്നത്. സകലരും പാപികളായതിനാല്‍ സകല മനുഷ്യര്‍ക്കും രക്ഷകനായ ക്രിസ്തുവിന്‍റെ വരപ്രസാദം ആവശ്യമുണ്ട് എന്ന് അനുമാനിക്കേണ്ടതുണ്ട്. ചുരുക്കത്തില്‍ ജന്മപാപത്തിലൂടെ സകലരും പാപികളാകയാലാണ് ക്രിസ്തു മനുഷ്യവര്‍ഗ്ഗം മുഴുവന്‍റെയും രക്ഷകനായിത്തീര്‍ന്നത്. സാര്‍വ്വത്രിക പാപവും സാര്‍വ്വത്രിക രക്ഷയും പരസ്പര പൂരകങ്ങളായ യാഥാര്‍ത്ഥ്യങ്ങളായി നിലകൊള്ളുന്നു. സാര്‍വ്വത്രിക മതബോധനഗ്രന്ഥം പഠിപ്പിക്കുന്നതുപോലെ,"യേശു സര്‍വ്വലോക രക്ഷകനാണ് എന്ന സുവിശേഷത്തിന്‍റെ മറുവശമാണ് ജന്മപാപം എന്ന യാഥാര്‍ത്ഥ്യം" (ccc. 389).

ചുരുക്കത്തില്‍

(a ) ജന്മപാപം തിന്മയുടെ ഉത്ഭവം വ്യാഖ്യാനിക്കാനുള്ള ശ്രമമാണ്. തിന്മ ഒരു അതിസ്വഭാവിക രഹസ്യമാകയാല്‍ അതിനെ പൂര്‍ണ്ണമായി യുക്തികൊണ്ട് ഗ്രഹിക്കാനാവില്ല.

(b) ജന്മപാപം എന്നത് ക്രിസ്തുരഹിതമായ മനുഷ്യജീവിതത്തിന്‍റെ അവസ്ഥയാണ്. ക്രിസ്തുവില്ലാത്ത മനുഷ്യജീവിതം പാപ, ദുരിത, മരണ പൂരിതമാണ്. കൂദാശകളും വിശ്വാസവുംവഴി ക്രിസ്തുവുമായി ബന്ധപ്പെടാതെ ജീവിക്കുന്ന മനുഷ്യന്‍റെ ദൗര്‍ഭാഗ്യമാണ് ജന്മപാപം.

(c) ക്രിസ്തുവിന്‍റെ ശരീരമായ സഭയില്‍ അംഗത്വമില്ലാത്ത അവസ്ഥയാണ് ജന്മപാപം. ഒരുവനെക്കുറിച്ചുള്ള ദൈവികപദ്ധതിയില്‍ എത്തിച്ചേരാനുള്ള സകല വഴികളും അടയ്ക്കപ്പെട്ട അവസ്ഥയാണത്. വിശ്വാസംവഴി സഭയോടു ചേരുമ്പോള്‍ രക്ഷയുടെ മാര്‍ഗ്ഗം തുറക്കപ്പെടുകയായി.

(d) ജന്മപാപം നിയതമായ അര്‍ത്ഥത്തില്‍ കര്‍മ്മപാപംപോലെ ഒരു പാപമല്ല. കാരണം അതില്‍ വ്യക്തിപരമായ അറിവോ സമ്മതമോ സ്വാതന്ത്ര്യമോ ഇല്ല. അത് വരപ്രസാദരഹിതമായ അവസ്ഥ മാത്രമാണ്. കയ്യോ കാലോ ഇല്ലാതെ ജനിക്കുന്നത് കുറവാണ്; എന്നാല്‍ പാപമല്ല എന്നതുപോലെയാണ് ജന്മപാപത്തെ സംബന്ധിച്ചും പറയാവുന്നത്.

(e) യേശുവിലൂടെ കൈവരുന്ന രക്ഷയുടെ സാര്‍വ്വത്രികതയെ ഊന്നിപ്പറയാന്‍ മനുഷ്യപ്രകൃതിയിലെ പാപത്തിന്‍റെ സാര്‍വ്വത്രികതയെ വെളിപ്പെടുത്തുന്ന ജന്മപാപം എന്ന വിശ്വാസസത്യം അനിവാര്യമാണ്.

original sin continuation of original sin theological approach Mar Joseph Pamplany Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message