We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Bishop Joseph Pamplany , Rev. Fr. Joseph Kakkaramattathil , Rev. Dr. Thomas Kochukarottu On 11-Feb-2021
പൗരസ്ത്യ പിതാക്കന്മാര്‍
മാര്‍ എഫ്രേം (306-373)
മഹാനായ മാര്‍ എഫ്രേം മെസൊപ്പൊട്ടേമിയായിലെ നിസിബിസ് പട്ടണത്തിലോ അതിനടുത്തോ ആണ് ജനിച്ചത്. ഇന്ന് നുസൈബിന്‍ എന്ന് നിസിബിസ് അറിയപ്പെടുന്നു. അത് തെക്കു പടിഞ്ഞാറന്‍ ടര്‍ക്കിയിലാണ്. എഫ്രേമിന്‍റെ പിതാവ് നിസിബിസില്‍ നിന്നും അമ്മ അമീദ് (ദിയാര്‍ബക്കീര്‍) പട്ടണത്തില്‍ നിന്നുമുള്ള ഭക്തരായ ക്രിസ്ത്യാനികളായിരുന്നു. എഫ്രേമിന് ഒരു സഹോദരി ഉണ്ടായിരുന്നു. ബാല്യപ്രായം മുതല്‍ എഫ്രേമിന്‍റെ വിശ്വാസപരിശീലനം നിസിബിസിലെ മെത്രാനായ മാര്‍ യാക്കോബിന്‍റെ (303-338) കീഴിലായിരുന്നു. എഫ്രേം തന്‍റെ യൗവനാരംഭത്തിനു മുമ്പേ മാമ്മോദീസാ സ്വീകരിച്ച് "ഉടമ്പടിയുടെ മക്കള്‍ (ബ്നൈ ക്യാമാ)" എന്നറിയപ്പെട്ട താപസ്സസമൂഹത്തില്‍ അംഗമായി. മാര്‍ യോക്കോബാണ് എഫ്രേമിന് മാമ്മോദീസായും ഡീക്കന്‍ പട്ടവും നല്‍കിയത്.
മാര്‍ യാക്കോബ് 326-നോടടുത്ത് എഫ്രേമിനെ നിസിബിസ് മതപഠനശാലയുടെ പ്രധാനാധ്യാപകനായി നിയമിച്ചു. ബൈബിള്‍ വ്യാഖ്യാതാവ് എന്നര്‍ത്ഥം വരുന്ന 'മ്പശ്കാനാ' എന്നായിരുന്നു പ്രസ്തുത തസ്തികയുടെ പേര്. ഈ കലാലയം പില്‍ക്കാലത്ത് വളരെ പ്രശസ്തിയിലേക്ക് ഉയരുകയും സാരവത്തായ സംഭാവന സഭയ്ക്ക് നല്‍കുകയും ചെയ്തു. മാര്‍ യാക്കോബ് (303-338), മാര്‍ ബാബോവായ് (338-350), മാര്‍ വൊളോഗേസ് (350-361), മാര്‍ അബ്രാഹം (361-?) എന്നീ മെത്രാന്മാരുടെ കീഴിലാണ് എഫ്രേം പ്രവര്‍ത്തിച്ചത്. പേര്‍ഷ്യന്‍ രാജാവായ ഷപ്പൂര്‍ രണ്ടാമന്‍ (309-379) 338, 346, 350 എന്നീ വര്‍ഷങ്ങളില്‍ നിസിബിസ് പട്ടണം ആക്രമിച്ചു. മൂന്നു തവണയും പട്ടണം ധീരമായി ചെറുത്തു നിന്നു. പേര്‍ഷ്യന്‍ സൈന്യം മൂന്നു പ്രാവശ്യവും പരാജയപ്പെട്ട് പിന്മാറി. പ്രതിരോധ പ്രവര്‍ ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുക്കാന്‍ ഡീക്കന്‍ എന്ന നിലയില്‍ എഫ്രേം അത്യധ്വാനം ചെയ്തു.
വിശ്വാസത്യാഗിയായ ജൂലിയന്‍ ചക്രവര്‍ത്തി 363-ലെ പേര്‍ഷ്യന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. യുദ്ധത്തടവുകാരായ റോമന്‍ സൈന്യത്തെ വീണ്ടെടുക്കാന്‍ വേണ്ടി ജോവിയന്‍ ചക്രവര്‍ത്തി ഉണ്ടാക്കിയ ഒത്തുതീര്‍പ്പനുസരിച്ച് നിസിബിസ് പട്ടണം പേര്‍ഷ്യാക്കാര്‍ക്ക് വിട്ടുകൊടുക്കേണ്ടിവന്നു. തുടര്‍ന്ന് ക്രൈസ്തവരെല്ലാം നിസിബിസ് വിട്ടുപോയി. എഫ്രേം കുറേനാള്‍ അമീദില്‍ താമസിച്ച ശേഷം എദേസ്സയിലേക്ക് കുടിയേറി. അവിടെവച്ചാണ് അദ്ദേഹം തന്‍റെ ഗ്രന്ഥങ്ങള്‍ രചിച്ചത്. ക്രി. വ. 371/2-ല്‍ പട്ടിണിയും പകര്‍ച്ചവ്യാധിയും പിടിപെട്ട് എദേസ്സയില്‍ അനേകര്‍ മരിച്ചു. മരിച്ചവരെ അടക്കാനും രോഗികളെ ശുശ്രൂഷിക്കാനും ദരിദ്രരെ സഹായിക്കാനുമായി എഫ്രേം ഒരു സന്നദ്ധസംഘം രൂപീകരിച്ച് സേവനനിരതനായി. ധനികരില്‍ നിന്ന് പണം പിരിച്ച് പാവപ്പെട്ടവരെ സഹായിച്ചു. രോഗബാധിതരെ ചികിത്സിക്കാന്‍ ആതുരാലയവും അനാഥരെ പാര്‍പ്പിക്കാന്‍ പാര്‍പ്പിടങ്ങളും ഉണ്ടാക്കി. അവരെ തീറ്റിപ്പോറ്റാന്‍ ഭക്ഷണം സംഭരിച്ചു. കഷ്ടപ്പാടുകള്‍ നിറഞ്ഞ ഈ സാമൂഹ്യസേവനം എഫ്രേമിന്‍റെ ആരോഗ്യം തകര്‍ത്തു. 373 ജൂണ്‍ 9-ന് എഫ്രേം അന്തരിച്ചു.
മാര്‍ എഫ്രേം ജീവിതകാലം മുഴുവന്‍ ഡീക്കന്‍ ശുശ്രൂഷ നിര്‍വ്വഹിച്ചു. കാലാന്തരത്തില്‍ അദ്ദേഹത്തിന്‍റെ ജീവിതചരിത്രസംബന്ധിയായ കെട്ടുകഥകള്‍ ഗ്രീക്ക്-ലത്തീന്‍ സഭകളില്‍ ഉടലെടുത്തു. അങ്ങനെ ചരിത്രം കെട്ടുകഥയ്ക്ക് വഴുതിവീണു. എന്നാല്‍ സുറിയാനി ഭാഷയില്‍ എഫ്രേമിന്‍റെ ജീവചരിത്രസംബന്ധിയായ കൃതികള്‍ ഒന്നും തന്നെ ഏറെക്കാലം എഴുതപ്പെട്ടിട്ടില്ല. ആറാം നൂറ്റാണ്ടിനുശേഷം സുറിയാനിയിലും ജീവചരിത്രസംബന്ധിയായ നിരവധി കെട്ടുകഥകള്‍ ഉടലെടുത്തു. അവയില്‍ ചരിത്രാംശം ഒട്ടുംതന്നെ ഇല്ലെന്നാണ് പണ്ഡിതമതം.
സുറിയാനി സഭയിലെ ഏറ്റവും വലിയ സഭാപിതാവ്, സുപ്രസിദ്ധ പട്രിസ്റ്റിക് കവി, ആരാധനാക്രമത്തോട് വിശ്വസ്തത കാട്ടിയ വ്യക്തി, എല്ലാവര്‍ക്കും കാരുണ്യം വര്‍ഷിച്ച ഡീക്കന്‍ എന്നീ നിലകളില്‍ മാര്‍ എഫ്രേം പ്രശസ്തനാണ്. കത്തോലിക്കാസഭ 1920-ല്‍ മാര്‍ എഫ്രേമിനെ സാര്‍വത്രിക സഭാമല്‍പ്പാന്‍ എന്നു വിളിച്ചു. ഒരേ സമയം ദൈവശാസ്ത്രജ്ഞനും കവിയുമായിരുന്നു അദ്ദേഹം. ദൈവശാസ്ത്രം കാവ്യാത്മകമായി എങ്ങനെ അവതരിപ്പിക്കാനാവും എന്ന് സുവ്യക്തമായി അദ്ദേഹം കാട്ടിത്തന്നു. വിശ്വാസം, ശരണം സ്നേഹം, എന്നീ സുകൃതങ്ങള്‍ എഫ്രേമില്‍ നിറഞ്ഞു തുളുമ്പിനിന്നു. ദരിദ്രനായും സംശുദ്ധനായും അദ്ദേഹം ഈ ലോകത്തില്‍ ജീവിച്ച് പരലോകത്തെപ്പറ്റിയുള്ള പ്രത്യാശ പകര്‍ന്നു. ദൈവത്തില്‍ അടിയുറച്ച് വിശ്വസിച്ചതിനാല്‍, പരസ്നേഹ പ്രവൃത്തികളില്‍ മുഴുകി. പകര്‍ച്ചവ്യാധി ബാധിച്ചവരെ തന്‍റെ മരണം വരെ ശുശ്രൂഷിച്ചു.
കൃതികള്‍
'പരിശുദ്ധാത്മാവിന്‍റെ വീണ' എന്നറിയപ്പെടുന്ന മാര്‍ എഫ്രേം നിരവധി വിഷയങ്ങളെപ്പറ്റി വളരെയധികം എഴുതി. കര കാണാത്ത കടലിന്‍റെ വ്യാപ്തിയോട് കൃതികളെ ഉപമിക്കാം. അദ്ദേഹം തന്‍റെ കൃതികള്‍ക്ക് വിവിധ ഭാഷാ രൂപങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്:
(1) തനിഗദ്യം (തുര്‍ഗാമാ). വേദപുസ്തക വ്യാഖ്യാനങ്ങളും ചില പാഷണ്ഡതാവിരുദ്ധ കൃതികളും ഈ ഗണത്തില്‍ ഉള്‍പ്പെടുന്നു.
(2) ഗദ്യപദ്യമിശ്രണം (വൃത്തഗന്ധിയായ ഗദ്യം/മെമ്രാ) പ്രസംഗം, പ്രഭാഷണം, പ്രസ്താവന, പ്രബന്ധം എന്നൊക്കെ മെമ്രാ (മെമ്രേ) വിവര്‍ത്തനം ചെയ്യാം.
(3) പദ്യം (മദ്റാശാ). തനി പദ്യരൂപത്തിലാണ് എഫ്രേമിന്‍റെ മിക്ക കൃതികളും. പല്ലവിപാട്ട് (ഒനീസാ), താരാട്ടുപാട്ട് (സുഗീസാ), സ്തോത്ര ഗാനം (തെശ്ബുഹ്താ), പ്രാര്‍ത്ഥനാഗാനം (ബോവൂസാ), മാധ്യസ്ഥ്യഗാനം (സേബെല്‍താ/പടിപ്പാട്ട്) എന്നിങ്ങനെ പലതരം ഗാനങ്ങളുണ്ട്. പദ്യരൂപത്തിലുള്ള നീണ്ട ഉപദേശങ്ങള്‍ക്ക് 'മദ്റാശാ' എന്നു പറയാം. പാടി ധ്യാനിക്കാനായി എഴുതപ്പെട്ടവയാണവ.
മഹാനും ലോകഗുരുവുമായ എഫ്രേമിന്‍റെ പേരില്‍ പില്‍കാലത്ത് പലരും ഗ്രന്ഥങ്ങള്‍ പ്രചരിപ്പിച്ചിട്ടുണ്ട്. സുറിയാനി പണ്ഡിതന്മാരുടെ ഗവേഷണങ്ങളുടെ ഫലമായി യഥാര്‍ഥ കൃതികളെ മറ്റുള്ളവയില്‍ നിന്ന് വേര്‍തിരിച്ചിട്ടുണ്ട്. ഈയടുത്ത കാലത്ത് എഡ്മണ്ഡ് ബെക്ക് എന്ന ബനഡിക്ടൈന്‍ സന്യാസി (ജര്‍മനി) മാര്‍ എഫ്രേമിന്‍റെ മിക്ക കൃതികളുടെയും വിമര്‍ശനപ്പതിപ്പുണ്ടാക്കി ജര്‍മന്‍ വിവര്‍ത്തനത്തോടൊപ്പം പ്രസിദ്ധീകരിച്ചു. വിമര്‍ശനപ്പതിപ്പിനു മുമ്പ് മൂന്ന് സമാഹാരങ്ങള്‍ ഉണ്ടായിട്ടുണ്ട്. മൂന്നിനെയും ഉല്ലംഘിക്കുന്നതാണ് ബെക്കിന്‍റെ പതിപ്പ്. താഴെപ്പറയുന്നവയാണ് എഫ്രേം കൃതികളുടെ സമുച്ചയങ്ങള്‍:
(1) റോമന്‍ സമുച്ചയം (1732-1746). വത്തിക്കാന്‍ ഗ്രന്ഥശേഖരത്തില്‍ ഉണ്ടായിരുന്നവയും മാര്‍ എഫ്രേമിന്‍റെ പേരില്‍ അറിയപ്പെട്ടിരുന്നവയുമായ കൈയെഴുത്തുപ്രതികള്‍ ശേഖരിച്ച് ആറ് വാല്യങ്ങളിലായി പ്രസിദ്ധീകരിച്ചു. ജോസഫ് അസ്സെമാനുസ്, പീറ്റര്‍ മൊബേറാക്, സ്റ്റീഫന്‍ അസ്സെമാനുസ് എന്നിവരുടെ നിസ്തന്ദ്ര പരിശ്രമഫലമായിട്ടാണ് ഈ പതിപ്പുണ്ടായത്. സൂക്ഷ്മപരിശോധനയോ, ശാസ്ത്രീയ പഠനങ്ങളോ കൂടാതെയാണ് ഈ സമുച്ചയം പ്രസിദ്ധീകരിച്ചത്. ആദ്യത്തെ മൂന്നു വാല്യങ്ങളില്‍ എഫ്രേമിന്‍റെ കൃതികളുടെ ഗ്രീക്കുപതിപ്പും ലത്തീന്‍ വിവര്‍ത്തനവും കൊടുത്തിരിക്കുന്നു. പിന്നത്തെ മൂന്നു വാല്യങ്ങളില്‍ കൃതികളുടെ സുറിയാനി മൂലവും അതിന്‍റെ ലത്തീന്‍ പരിഭാഷയും കൊടുത്തിട്ടുണ്ട്.
(2) ഓവര്‍ബെക്കിന്‍റെ സമുച്ചയം (1865): ഓക്സ്ഫോര്‍ഡില്‍ നിന്നു പ്രസിദ്ധീകരിച്ച ഈ സമുച്ചയത്തില്‍ എഫ്രേമിന്‍റെ അറിയപ്പെട്ടിരുന്ന പതിനൊന്ന് കൃതികള്‍ ചേര്‍ത്തിട്ടുണ്ട്. പരിഭാഷ കൂടാതെ മൂലകൃതി മാത്രം കൊടുത്തിരിക്കുന്നു.
(3) ലാമിയുടെ സമുച്ചയം (1882-1902): ഈ സമുച്ചയത്തിന് നാലു വാല്യങ്ങളുണ്ട്. സുറിയാനി മൂലവും ലത്തീന്‍ പരിഭാഷയും നല്‍കിയിരിക്കുന്നു. ലണ്ടന്‍, പാരീസ്, ഓക്സ്ഫോര്‍ഡ് എന്നിവിടങ്ങളിലെ കൈയെഴുത്തു പ്രതികള്‍ ലാമി ഉപയോഗിച്ചിട്ടുണ്ട്. ഇതില്‍ കൊടുത്തിരിക്കുന്ന ചില കൃതികള്‍ എഫ്രേമിന്‍റേതല്ല.
(4) ബെക്കിന്‍റെ സമുച്ചയം: ജര്‍മന്‍കാരനായ ബെക്കിന്‍റെ പതിപ്പാണ് ഇപ്പോഴുള്ള പതിപ്പുകളില്‍ ആധികാരികമായിട്ടുള്ളത്. അദ്ദേഹം 1936 മുതല്‍ റോമില്‍ താമസിച്ചുകൊണ്ട് സെന്‍റ്െ ആന്‍സലം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിപ്പിക്കുകയും എഫ്രേമിന്‍റെ കൃതികളുടെ പഠനത്തില്‍ ദത്തശ്രദ്ധനാകുകയും ചെയ്തു. 1962-നുശേഷം ജര്‍മനിയില്‍ തിരിച്ചെത്തി മരണം വരെ (1991) എഫ്രേം കൃതികളുടെ പഠനത്തില്‍ മുഴുകി. സുറിയാനി മൂലം തനിച്ചും അതിന്‍റെ ജര്‍മന്‍ പരിഭാഷ തനിച്ചും ആണ് അദ്ദേഹം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇടഇഛ എന്ന ഗ്രന്ഥപരമ്പരയിലൂടെയാണ് അവ വെളിച്ചം കണ്ടത്.
ഉത്പത്തിയുടെയും പുറപ്പാടിന്‍റെയും വ്യാഖ്യാനങ്ങള്‍ (ഇടഇഛ 152-153): ഉത്പത്തിഭാഷ്യം മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് (ജി. ചേടിയത്ത്, മാര്‍ എഫ്രേം, ഉത്പത്തിഭാഷ്യം, കോട്ടയം 2001). സുറിയാനി സഭയില്‍ സുറിയാനി ഭാഷയില്‍തന്നെ ഉത്പത്തിക്ക് ഭാഷ്യമെഴുതിയ ആദ്യത്തെയാള്‍ മാര്‍ എഫ്രേമാണ്. വാച്യാര്‍ഥ പ്രധാനമാണ് ഈ ഭാഷ്യം. യൂദന്മാരുടെ ഉല്‍പത്തി ഭാഷ്യസാഹിത്യത്തോട് എഫ്രേം അടുത്തു പരിചയിച്ചിരുന്നു. ഈ കൃതി ആദ്യ നൂറ്റാണ്ടുകളില്‍തന്നെ അര്‍മേനിയന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിരുന്നു. പൂശാക്കാ (ഉല്‍പത്തിഭാഷ്യം), തുര്‍ഗാമാ (പുറപ്പാട് വിവരണം) എന്നാണ് സുറിയാനി. ഉല്‍പത്തിയുടെ ആദ്യത്തെ ആറ് അധ്യായങ്ങളുടെ ഭാഷ്യം കഴിഞ്ഞാല്‍ ബാക്കി ഭാഗങ്ങള്‍ അവിടെയും ഇവിടെയും സ്പര്‍ശിക്കുക മാത്രം ചെയ്യുന്നു. ഉത്പത്തി 49 വിശദമായി ചര്‍ച്ചചെയ്യുന്നു. പുറപ്പാട് വിവരണം താരതമ്യേന ചെറുതാണ്; അപൂര്‍ണ്ണവുമാണ്. അധ്യായം 32 കൊണ്ട് അവസാനിപ്പിക്കുന്നു. രണ്ടു ഭാഷ്യങ്ങളും നിരവധി യൂദപാരമ്പര്യങ്ങള്‍ പരാമര്‍ശിക്കുന്നു. എന്നു മാത്രമല്ല, യൂദതര്‍ഗൂമിക് ടെസ്റ്റുകളില്‍ നിന്നും ചിലപ്പോഴൊക്കെ ഉദ്ധരിക്കുന്നു. മറ്റ് പഴയനിയമഗ്രന്ഥങ്ങളും എഫ്രേം വ്യാഖ്യാനിച്ചെന്ന് കരുതപ്പെടുന്നെങ്കിലും, ഇപ്പോള്‍ ലഭിച്ചിരിക്കുന്നവയില്‍ നിന്ന് ഇതു മാത്രമാണ് അദ്ദേഹത്തില്‍ നിന്നുള്ളത് എന്നാണ് പൊതുവേയുള്ള അഭിപ്രായം. ജോഷ്വാ, ന്യായാധിപന്മാര്‍, സാമുവേല്‍, രാജാക്കന്മാര്‍, ദിനവൃത്താന്തം എന്നിവയുടെ ഭാഷ്യങ്ങള്‍ അര്‍മേനിയന്‍ ഭാഷയില്‍ ലഭ്യമാണ്. എന്നാല്‍ പ്രസ്തുത ഭാഷ്യങ്ങള്‍ എഫ്രേമിന്‍റേതല്ല എന്നാണ് ഇപ്പോഴത്തെ നിഗമനം.
ദിയാതെസ്സറോണ്‍ ഭാഷ്യം: ഇത് സുറിയാനി മൂലത്തിലും അര്‍മേനിയന്‍ വിവര്‍ത്തനത്തിലും ലഭിച്ചിട്ടുണ്ട്. രണ്ടും തമ്മില്‍ അല്‍പസ്വല്‍പവ്യത്യാസമേയുള്ളു. താസ്യന്‍റെ സംയുക്തസുവിശേഷത്തിന് എഫ്രേം രചിച്ച ഈ ഭാഷ്യം വളരെ പ്രസിദ്ധമാണ്. എഫ്രേമിന്‍റെ ഭാഷ്യകൃതികളില്‍ ഏറ്റവും പ്രധാനപ്പെട്ടതും ഇതാണ്. ഇതൊരു സമഗ്രഭാഷ്യമല്ല; പ്രസ്തുത, തെരഞ്ഞെടുത്ത ചില ഭാഗങ്ങളുടെ വിവരണം നല്‍കുക മാത്രമാണ്. ഈ ഭാഷ്യഗ്രന്ഥം മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് (ജി. ചേടിയത്ത്, മാര്‍ എഫ്രേം, സുവിശേഷഭാഷ്യം, കോട്ടയം, 2002)
മനുഷ്യാവതാരരഹസ്യം വിശദീകരിച്ചുകൊണ്ടാണ് ദിയാതെസ്സറോണ്‍ഭാഷ്യം ആരംഭിക്കുന്നത്. നദികള്‍ കടലില്‍ ഒഴുകിച്ചേര്‍ന്ന് ലക്ഷ്യം പ്രാപിക്കുന്നതുപോലെ, മിശിഹായിലേക്ക് പ്രതീകങ്ങളും പ്രവചനവാക്യങ്ങളും ബിംബങ്ങളും ഉപമകളും നിഴലുകളും നീങ്ങുകയാണ്. അവ മിശിഹായില്‍ ചെന്നു നില്‍ക്കുമ്പോള്‍ അവയ്ക്ക് അര്‍ഥപൂര്‍ണിമ കൈവരുന്നു. എല്ലാം മിശിഹായില്‍ നിറവേറാന്‍ പഴയനിയമം കാത്തിരുന്നു. അതിലൂടെ മാര്‍ എഫ്രേം രക്ഷാകരരഹസ്യങ്ങളുടെ കലവറ തുറക്കുന്നു.
മനോഹര വ്യാഖ്യാനമാണ് ദിയാതെസ്സറോണ്‍ഭാഷ്യം. ചില ഉദാഹരണങ്ങള്‍: കടലിനെ ശാന്തമാക്കിയതിനെപ്പറ്റി (ലൂ. 8, 24) എഫ്രേം പറയുന്നു. "ഉറങ്ങിയവനെ അവര്‍ ഉണര്‍ത്തി; അവന്‍ കടലിനെ ഉറക്കി. ഒരിക്കലും ഉറങ്ങാത്ത അവന്‍റെ ദൈവത്വത്തിന്‍റെ ഉണര്‍വിനെ, ഇപ്പോള്‍ ശാന്തമായ കടലിന്‍റെ ഇളക്കത്തിലൂടെ കാണിക്കാനായിരുന്നു അത്" (6,25). രക്തസ്രാവക്കാരി കര്‍ത്താവിനെ സ്പര്‍ശിച്ചതിനെപ്പറ്റി (മര്‍ക്കോ. 5, 25-34): "ആത്മീയമായി അവിടുത്തെ സ്പര്‍ശിച്ചവര്‍ക്ക് സ്പര്‍ശനവിധേയമായ മനുഷ്യത്വം വഴി സ്പര്‍ശനാതീതമായ ദൈവത്വവുമായി ബന്ധപ്പെടാന്‍ സാധിച്ചു" (7,5). ഹാബേലിനെപ്പറ്റി പറയുന്നിടത്ത്: 'ഹാബേല്‍ കൊല്ലപ്പെട്ടിടത്ത് ഭൂമിയുടെ വായ് ഉണ്ടായിരുന്നില്ലേ?' 'ഭൂമി വായ് തുറന്ന് നിന്‍റെ സഹോദരന്‍റെ രക്തം സ്വീകരിച്ചു' (ഉല്‍പ 4,11). നമ്മുടെ കര്‍ത്താവ് സംസ്കരിക്കപ്പെട്ടിടത്ത് ഭൂമിയുടെ ഹൃദയം ഉണ്ടായിരുന്നില്ലേ? (11,3). തെക്കിന്‍റെ രാജ്ഞിയെപ്പറ്റി പറയുന്നിടത്ത്: "തെക്കിന്‍റെ രാജ്ഞി അതിനെ ന്യായം വിധിക്കും (മത്താ. 12,42). കാരണം അവള്‍ സഭയുടെ പ്രതീകമാകുന്നു. അവള്‍ സോളമന്‍റെ അടുത്തേക്കു വന്നതുപോലെ, സഭ നമ്മുടെ കര്‍ത്താവിന്‍റെ പക്കലേക്കു വന്നു" (11,4). മംഗലവാര്‍ത്തയെപ്പറ്റി പറയുന്നിടത്ത്: "ഹവ്വായുടെ കാതിലൂടെ മരണം കടന്നുകയറി; അതുപോലെ മറിയത്തിന്‍റെ കാതിലൂടെ ജീവന്‍ പ്രവേശിച്ചു" (20,32).
വായനക്കാരെ ഇരുത്തി ചിന്തിപ്പിക്കുന്ന മൊഴികളും കുറവല്ല: "ജീവിച്ചിരിക്കുന്നവരെല്ലാം ജീവനുള്ളവരല്ല; സംസ്ക്കരിക്കപ്പെട്ടവരെല്ലാം മരിച്ചവരുമല്ല"(15, 12). "മാധുര്യമുള്ള നാവിന്‍റെ കൈക്കൂലിയോടുകൂടി, മുഖസ്തുതിയുടെ രീതിയില്‍, ധനവാന്‍ ന്യായാധിപന്‍റെ പക്കലേക്ക് കടന്നുവന്നു" (15, 1). "മക്കള്‍ (യഹൂദര്‍) പിതാക്കന്മാരുടെ സമ്പത്തു മാത്രം കണ്ടു; അവരുടെ നീതി അവരുടെ കണ്ണില്‍ പെട്ടില്ല. വിജാതിയരാകട്ടെ അവരുടെ സമ്പത്തു കണ്ടില്ല, എന്നാല്‍ അവരുടെ നീതി ദര്‍ശിച്ചു" (15,15). "ജോലിയും ജോലിക്കുവിളിക്കാന്‍ ആളും ഇല്ലാത്തതിനാല്‍ അലസരായിരുന്ന പരിശ്രമശാലികളെ ഒരു സ്വരം കൂലിക്കെടുക്കുകയും ഒരു വാക്ക് ഉണര്‍ത്തുകയും ചെയ്തു" (15,15). മുന്തിരിത്തോട്ടത്തിന്‍റെ ഉപമ വിശദീകരിക്കവേ എഫ്രേം എഴുതുന്നു: "അവന്‍ അതിനു വേലികെട്ടി: നിയമം. മുന്തിരിച്ചക്കിനുള്ള കുഴി കുഴിച്ചു: ബലിപീഠം. അവിടൊരു ഗോപുരം പണിതു: ആലയം..." (16,19). "സ്നേഹത്തിന്‍റെ കര്‍ഷകന്‍ മനസ്സില്‍ വിതച്ച കല്‍പന" (16, 23). ലാസറിനെ ഉയര്‍പ്പിക്കുന്ന രംഗം കരുണാര്‍ദ്രമാണ്: "അവന്‍റെ കണ്ണുനീര്‍ മഴപോലെയും ലാസര്‍ ഗോതമ്പുമണിപോലെയും കല്ലറ ഭൂമിപോലെയും ആയിരുന്നു" (17,7). മിശിഹായുടെ കണ്ണുനീരില്‍ കുതിര്‍ന്ന ഗോതമ്പുമണിയായ ലാസര്‍ കല്ലറയാകുന്ന ഭൂമിയില്‍ നിന്ന് മുളപൊട്ടി പുതുജീവന്‍ പ്രാപിച്ചു. പുറത്തുവന്നു. കാവ്യാത്മകത കവിഞ്ഞൊഴുകുന്ന ദൈവശാസ്ത്ര കല്‍പന ഇവിടെ ദൃശ്യമാണ്. കഥാപാത്രസൃഷ്ടിയിലും എഫ്രേം അദ്വിതീയ പ്രാഗത്ഭ്യം പ്രദര്‍ശിപ്പിക്കുന്നു: "അവിടുന്ന് പുല്‍ത്തൊഴുത്തുകൊണ്ട് ആരംഭിച്ചു; ഒരു കഴുതയെക്കൊണ്ട് അവസാനിപ്പിച്ചു. ബേത്ലഹേമില്‍ പുല്‍ത്തൊഴുത്തുകൊണ്ട്; ജറുസലേമില്‍ കഴുതയെക്കൊണ്ട്" (18,1). യേശുവിന്‍റെ ഈ ലോകപ്രവേശനം പുല്‍ത്തൊട്ടിയില്‍ ആണെങ്കില്‍, പട്ടണപ്രവേശനം കഴുതപ്പുറത്താണ്. ഒരു കഴുതയുടെ ജീവിതം പോലെ എല്ലാം അവസാനിച്ചു എന്നു കരുതിയവര്‍ക്കെതിരെ താക്കീതുമാണിത്.
നടപടി പുസ്തകത്തിന്‍റെ വ്യാഖ്യാനം: അര്‍മേനിയന്‍ വിവര്‍ത്തനത്തില്‍ മാത്രമേ ഇത് ലഭിച്ചിട്ടുള്ളു.
വി. പൗലോസിന്‍റെ ലേഖനങ്ങളുടെ വ്യാഖ്യാനം: ഇതും അര്‍മേനിയന്‍ വിവര്‍ത്തനത്തിലേ ലഭിച്ചിട്ടുള്ളൂ.
ഹിപ്പാസ്യൂസിനെഴുതിയ അഞ്ചു പ്രതിപാദനങ്ങള്‍.
ബര്‍ദൈസാനെതിരെ (പ്ലറ്റോണിസ്റ്റുകള്‍ക്കെതിരെ).
മാര്‍സ്യനെതിരെ മൂന്നു പ്രതിപാദനങ്ങള്‍ (അബദ്ധോപദേശത്തിനെതിരെ)
മാനിക്കെതിരെ.
കന്യാത്വത്തെക്കുറിച്ച്.
നമ്മുടെ കര്‍ത്താവിനെ കുറിച്ചുള്ള പ്രതിപാദനം (CSCO 270-271):
ക്രിസ്തുവിന്‍റെ രക്ഷാകരകര്‍മ്മം സമ്യക്കായി വിവരിക്കുന്ന ഒരു മനോഹര കൃതിയാണിത്; "ഉന്നതത്തില്‍ നിന്ന് താഴേക്ക് ഇറങ്ങിവന്ന് പാതാളം വരെ അവിടുന്ന് യാത്രചെയ്തു. അവിടെനിന്ന് അസംഖ്യം തടവുകാരോടുകൂടെ ഉന്നതത്തിലേക്കു കരേറി". ഈ കൃതി മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്: (ജി. ചേടിയത്ത്, മാര്‍ എഫ്രേം, ഉത്പത്തിഭാഷ്യം, കോട്ടയം, 2007, പേ 178-242). ഇതിനെ 59 ഭാഗങ്ങള്‍ അഥവാ ഖണ്ഡികകളായി തിരിച്ചിരിക്കുന്നു. നമ്മുടെ കര്‍ത്താവിന്‍റെ മനുഷ്യാവതാരം, രക്ഷാകരരഹസ്യം എന്നിവ ആദ്യഭാഗത്ത് (1-13) ചര്‍ച്ചചെയ്യുന്നു. ഫരിസേയനായ ശെമയോന്‍റെ ഭവനത്തില്‍ വച്ച് കര്‍ത്താവ് പാപിനിയെ പാപവിമുക്തയാക്കുന്ന സംഭവം തുടര്‍ന്നു വിവരിക്കുന്നു (14-24). തെറ്റുകാരോട് കര്‍ത്താവ് എത്ര ശാന്തമായി പെരുമാറുന്നെന്ന് ചിത്രീകരിക്കുന്നു. പൗലോസിനു സംഭവിച്ചതുപോലെ ചിലപ്പോള്‍ കണ്ണുകളില്‍ അന്ധത വ്യാപിക്കാം (25-33). എന്നാലും അത് അവിടുത്തെ സ്നേഹത്തിന്‍റെ പ്രതിഫലനമാണ്. തുടര്‍ന്ന് ക്രിസ്തുവിന്‍റെ ദൈവത്വവും മനുഷ്യ സംഭവങ്ങളിലേക്കു തിരിയുന്നു (41-49). അവസാനഭാഗം, പുരോഹിതനായ ശെമയോനെയും ശെമയോന്‍ പത്രോസിനെയും ബന്ധിപ്പിക്കുന്നു (50-58). പഴയനിയമ പ്രവാചകത്വവും പൗരോഹിത്യവും എങ്ങനെ ക്രിസ്തുവില്‍ എത്തിച്ചേര്‍ന്നെന്നും പൗരോഹിത്യം എങ്ങനെ ശെമയോന്‍ പത്രോസിന് കൈമാറിയെന്നും എഫ്രേം കാണിക്കുന്നു. നമുക്കു മാതൃക നല്‍കാനാണ് കര്‍ത്താവ് ശാന്തനും വിനീതനുമായി കാണപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ക്രിസ്തുവിന്‍റെ ജനനങ്ങളെപ്പറ്റി എഫ്രേം പറയുന്നു: "പിതാവ് അവനെ ജനിപ്പിച്ചു; അവനിലൂടെ എല്ലാ സൃഷ്ടികളെയും നിര്‍മിച്ചു. ശരീരം അവിടുത്തെ പ്രസവിച്ചു; അവിടുന്ന് തന്‍റെ ശരീരത്തില്‍ വികാരങ്ങളെ നിഗ്രഹിച്ചു. സ്നാനം അവിടുത്തെ ജനിപ്പിച്ചു; തന്നിലൂടെ അത് നമ്മുടെ കറകള്‍ വെണ്മയാക്കുന്നു. പാതാളം അവിടുത്തെ ജനിപ്പിച്ചു; അവന്‍ അതിന്‍റെ നിക്ഷേപങ്ങള്‍ കൊള്ളയടിച്ചു" (2,5).
യോഹന്നാന്‍റെ സുവിശേഷത്തിന്‍റെ ആമുഖത്തെപ്പറ്റി: ഇത് ഭാഗികമായി മാത്രമേ ലഭിച്ചിട്ടുള്ളൂ.
പുബ്ലിയുസിനുള്ള കത്ത്: ഇത് മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് (ജി. ചേടിയത്ത്, മാര്‍ എഫ്രേം, ഉത്പത്തിഭാഷ്യം. പേ. 162-177). അന്ത്യവിധിയെപ്പറ്റിയുള്ള ഒരു ധ്യാനദര്‍ശനമാണിത്. സുവിശേഷത്തെ ഒരു കണ്ണാടിയായി ചിത്രീകരിച്ചു കൊണ്ടാണ് തുടക്കം. ഈ കണ്ണാടിയില്‍ നല്ലവര്‍ തങ്ങളെത്തന്നെ പറുദീസായില്‍ കാണാനിടയാകും. ദുഷ്ടര്‍ ഗേഹെന്നായില്‍ തങ്ങളുടെ അനന്തമായ ദുരിതവും ദര്‍ശിക്കും. തുടര്‍ന്ന് ചെമ്മരിയാടുകളുടെയും കോലാടുകളുടെയും ചിത്രീകരണം, ധനവാന്‍റെയും ലാസറിന്‍റെയും ഉപമ എന്നിവയിലേക്കു കടക്കുന്നു. ക്രിസ്തുവിന്‍റെ വിവിധ പേരുകള്‍ ഈ കൃതിയില്‍ കാണാം (അതേകൃതി, പേ. 166-168). നല്ലവരുടെ വാസസ്ഥലത്തെ ദര്‍ശിച്ചുകൊണ്ട് എഫ്രേം പറയുന്നു: "ഞാന്‍ അവിടെ സുകൃതമുള്ള ആളുകളെ കണ്ടു. ഞാന്‍ അവരുടെ സൗന്ദര്യത്തിനായി അതിയായി ആഗ്രഹിച്ചു. നല്ലവര്‍ നില്‍ക്കുന്നിടം ഞാന്‍ കണ്ടു. അവരുടെ വാസസ്ഥലം താല്‍പര്യപൂര്‍വ്വം കാമിച്ചു. വിളക്കില്ലാത്ത യാതൊരാള്‍ക്കും കയറാന്‍ അനുവാദമില്ലാത്ത മണവറ എതിര്‍വശത്തു ഞാന്‍ കണ്ടു. ഞാന്‍ അവരുടെ ആനന്ദം കണ്ടു. ആ മണവറയ്ക്കു അര്‍ഹമായ ഒരു പ്രവൃത്തിയും എനിക്കില്ല എന്നുകണ്ട് ഞാന്‍ ദുഃഖിതനായി കുത്തിയിരുന്നു. എനിക്കായി യാതൊരു ശ്രേഷ്ഠവസ്ത്രവും തയാറാക്കിയിട്ടില്ല എന്നതില്‍ ഞാന്‍ ദുഃഖിച്ചു. വിജയത്താല്‍ അലംകൃതമായ അവരുടെ കിരീടങ്ങള്‍ ഞാന്‍ കണ്ടു. എന്നെ കിരീടം ധരിപ്പിക്കാന്‍ ഉതകുന്ന യാതൊരു വിജയശ്രീലാളിതകര്‍മ്മവും എനിക്കില്ല എന്നതില്‍ ഞാന്‍ ദുഃഖിച്ചു. കന്യകകള്‍ അവിടെ വാതില്‍ക്കല്‍ മുട്ടുന്നത് ഞാന്‍ കണ്ടു. അത് അവര്‍ക്കുവേണ്ടി തുറക്കാന്‍ ആരുമില്ലായിരുന്നു. ആ സൗഭാഗ്യതലത്തിന്‍റെ കര്‍മ്മങ്ങളൊന്നും എനിക്കില്ലാത്തതിനാല്‍ ഞാന്‍ നിലവിളിച്ചു... അവരെപ്പോലെ ഞാനും എപ്പോഴും അവിടുത്തെ നാമത്തില്‍ അഭയം തേടിയിരുന്നു. അവന്‍റെ ബഹുമാനങ്ങളാല്‍ ഞാന്‍ ബഹുമാനിതനായിരുന്നു. എന്‍റെ നിഗൂഢ തെറ്റുകള്‍ക്കുമീതെ ഒരു പുതപ്പുപോലെ അവന്‍റെ നാമം എപ്പോഴും എന്നെ ചുറ്റിയിരുന്നു... നമ്മുടെ കര്‍ത്താവിന്‍റെ വിശുദ്ധ സുവിശേഷത്തിന്‍റെ ശോഭയുള്ള കണ്ണാടിയില്‍ ഈ കാര്യങ്ങളൊക്കെ ഞാന്‍ കണ്ടപ്പോള്‍ എന്‍റെ ആത്മാവ് ബലഹീനമായിത്തീരുകയും എന്‍റെ അരൂപി ക്ഷീണിച്ച് അവശമാകുകയും എന്‍റെ ശരീരം പൊടിയിലേക്കു വളയുകയും ചെയ്തു" (അതേകൃതി, പേ. 170-177).
മോശ ചെയ്ത അടയാളങ്ങളെക്കുറിച്ച്
വിശ്വാസത്തെക്കുറിച്ചുള്ള ഹോമിലികള്‍ (6): ഇതിന്‍റെ മലയാള പരിഭാഷ തയാറായിട്ടുണ്ട്.
നിക്കോമേദിയായെക്കുറിച്ചുള്ള ഹോമിലികള്‍: സുറിയാനിയിലും അര്‍മേനിയനിലുമായി ഇതിന്‍റെ നിരവധി ഭാഗങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ബര്‍ദൈസാനെതിരെയുള്ള ഹോമിലികള്‍: എഫ്രേമിന്‍റെ പേരില്‍ നിരവധി ഹോമിലികള്‍ കൈവന്നിട്ടുണ്ടെങ്കിലും, കുറച്ചുമാത്രമേ അദ്ദേഹത്തിന്‍റേതായിട്ടുള്ളു എന്നാണ് പണ്ഡിതമതം. ബെക്ക് പ്രസിദ്ധീകരിച്ച നാലുവാല്യങ്ങളിലുള്ള ഹോമിലികളില്‍ (മെമ്രേ/സെര്‍മോണെസ്) താഴെപ്പറയുന്നവ എഫ്രേമിന്‍റേതായി കരുതപ്പെടുന്നു: മെമ്രാ 1,13 (കുറ്റപ്പെടുത്തലിനെപ്പറ്റി). മെമ്രാ 2,1 (യോനായെപ്പറ്റിയും നിനവേക്കാരുടെ അനുതാപത്തെപ്പറ്റിയും.) ഗ്രീക്ക്, അര്‍മേനിയന്‍, ജോര്‍ജിയന്‍, എത്യോപ്യന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. സുറിയാനിസഭകള്‍ ഇതില്‍നിന്ന് ആരാധനക്രമത്തില്‍ പലതും എടുത്തിട്ടുണ്ട്. മെമ്രാ 2,4 (പാപിനിയെപ്പറ്റി: ലൂക്ക.7) മെമ്രാ 4,2 (ഏകാന്തവാസികളെപ്പറ്റി).
നാക്ട്രേഗേ എന്നപേരില്‍ ബെക്ക് പ്രസിദ്ധീകരിച്ച മെമ്രാകള്‍ ഒന്നുംതന്നെ (CSCO 363-364) എഫ്രേമിന്‍റേതല്ല. ഇതില്‍ കന്യാമറിയത്തെപ്പറ്റിയുള്ള രണ്ടു മെമ്രാകളും ഉള്‍പ്പെടുന്നു. ഇത് കോട്ടയത്തെ സീരി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏഴ് സിലബിള്‍ മീറ്ററിലുള്ള മറ്റു നിരവധി മെമ്രാകള്‍ എഫ്രേമില്‍ ആരോപിച്ചിട്ടുണ്ട്. അത്തരത്തില്‍പ്പെട്ടവയാണ് വിശുദ്ധവാര ഹോമിലികള്‍ (CSCO 412-413), അബ്രാഹം, ഇസഹാക്ക്, ഏലിയാ എന്നിവരെപ്പറ്റിയുള്ള ഹോമിലികള്‍.
മാര്‍ എഫ്രേമിന്‍റെ കൂടുതല്‍ കൃതികളും പദ്യരൂപത്തിലാണ്. ഓരോ വരിയിലും ഏഴ് സിലബിളുകളുള്ള 'സെപ്താസിലബിക്' ഗീതങ്ങളും 12 സിലബിളുകളുള്ള 'ദോദെക്കാ സിലബിക്' ഗീതങ്ങളുമാണ് അദ്ദേഹം കൂടുതലായി രചിച്ചിട്ടുള്ളത്.
വിശ്വാസഗീതങ്ങള്‍ (87): ഗീതങ്ങളില്‍ ഏറ്റവും വലുത് ഇതാണ്. മുത്തിനെപ്പറ്റിയുള്ള അഞ്ച് ഗീതങ്ങള്‍ ഈ സമാഹാരത്തിലാണ്. ഇതിന്‍റെ മലയാള പരിഭാഷ തയാറായിട്ടുണ്ട് (CSCO 154-155).
നിസിബിയന്‍ ഗാനങ്ങള്‍ (77): ഇതിന്‍റെ ലത്തീന്‍ തലക്കെട്ടിലൂടെയാണ് ഇത് അറിയപ്പെടുന്നത് (കാര്‍മിനാ നിസിബേനാ ). ഇതിന് രണ്ട് ഭാഗങ്ങളുണ്ട്. ഒന്നാം ഭാഗം (1-34) നിസിബിസിനെയും അവിടുത്തെ മെത്രാനെയും കുറിച്ചാണ്. രണ്ടാംഭാഗത്തിന്‍റെ മുഖ്യപങ്കും (35-77) ക്രിസ്തുവിന്‍റെ പാതാളപ്രവേശനത്തെപ്പറ്റിയാണ്. സാത്താനും മരണവും തമ്മിലുള്ള തര്‍ക്കം 52-54 ല്‍ അവതരിപ്പിക്കുന്നു. മനുഷ്യന്‍റെ മേല്‍ ആര്‍ക്കാണധികാരം എന്നതിനെപ്പറ്റിയാണ് തര്‍ക്കം. ഈ സാഹിത്യശൈലി പുരാതന മെസൊപ്പൊട്ടേമിയായില്‍ പ്രയോഗത്തിലിരുന്നതാണ്. പില്‍ക്കാല എഴുത്തുകാര്‍ ഈ സാഹിത്യശൈലി ഡയലോഗ് ഗീതങ്ങള്‍ക്ക് ഉപയോഗിച്ചു (CSCO 218-219; 240-241).
പാഷണ്ഡതകള്‍ക്കെതിരെയുള്ള ഗാനങ്ങള്‍ (56): മാര്‍സ്യന്‍, മാനിബര്‍ദൈസാന്‍ എന്നിവരുടെ പ്രബോധനങ്ങള്‍ക്കെതിരെ എഴുതിയ ഗാനങ്ങളാണ് ഇതിലുള്ളത്. കോണ്‍ത്രാ ഹെരെസെസ് എന്ന് അറിയപ്പെടുന്നു (CSCO 169-170)
കന്യാത്വഗീതങ്ങള്‍ (52): ഈ കൃതി മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് (ജി. ചേടിയത്ത്, മാര്‍ എഫ്രേം, കന്യാത്വഗീതങ്ങള്‍, കോട്ടയം 2001). വിവിധ വിഷയങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ഗീതങ്ങളുടെ സമാഹാരമാണിത്. കുറച്ചു ഗീതങ്ങള്‍ മാത്രമേ കന്യാത്വത്തെപ്പറ്റി ചര്‍ച്ചചെയ്യുന്നുള്ളൂ (1-3,24). പഴയനിയമത്തില്‍ നിന്ന് കന്യാത്വത്തിന്‍റെ ചില ദൃഷ്ടാന്തങ്ങള്‍ എടുത്തു കാണിക്കുന്നു. 'ജീവവൃക്ഷവുമായി ഒട്ടിക്കപ്പെട്ടവരാണ് കന്യകകള്‍. അവര്‍ നിത്യമണവാളന്‍റെ വധുവും ആലയവും രാജകൊട്ടാരവുമാണ്. അവര്‍ നിത്യസൗന്ദര്യത്തെ നിരന്തരം ധ്യാനിക്കുന്നു. ഉന്നതത്തില്‍ കൂടുകെട്ടുകയും ഉയരത്തില്‍ പറക്കുകയും ചെയ്യുന്ന വാനമ്പാടിയാണ് കന്യാത്വം'. ഗീതം 4-7 തൈലം, കര്‍തൃപ്രതീകങ്ങള്‍ എന്ന സമാഹാരമാണ്. എഫ്രേമിന്‍റെ പ്രതീകാത്മകത ദൈവശാസ്ത്രം ഇതില്‍ വ്യക്തമാണ്. 8-10 കര്‍തൃപ്രതീകങ്ങളും 11-14 കര്‍തൃരഹസ്യങ്ങളും കര്‍തൃപരീക്ഷണങ്ങളും ചര്‍ച്ചചെയ്യുന്നു. സമറിയാക്കാരിയെ സഭയുടെ പ്രതീകമായി കാണുന്നു (17-19). അവളെ വ്യത്യസ്ത വീക്ഷണത്തിലാണ് എഫ്രേം കാണുന്നത്. അവളെ വ്യഭിചാരിണിയായിട്ടല്ല, നല്ലവളായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. സാറാ, താമാര്‍ എന്നിവരെപ്പോലെയാണവള്‍. യേശു അവളുടെ രഹസ്യം വെളിപ്പെടുത്തി. പടിപടിയായി അവിടുന്ന് രക്ഷിച്ചുയര്‍ത്തുന്ന മനുഷ്യകുലത്തെ ഈ സ്ത്രീ സൂചിപ്പിക്കുന്നു. പ്രകൃതി, പഴയനിയമം, പുതിയനിയമം എന്നീ മൂന്നു കര്‍തൃകിന്നരങ്ങളെപ്പറ്റി 28-31 പ്രതിപാദിക്കുന്നു. കര്‍തൃപ്രതീകങ്ങള്‍ ഇവ മൂന്നിലും എങ്ങനെ മറഞ്ഞിരിക്കുന്നെന്ന് വരച്ചുകാട്ടുന്നു. കവിയുടെയും ദൈവശാസ്ത്രജ്ഞന്‍റെയും ആധ്യാത്മികാചാര്യന്‍റെയും സിദ്ധികള്‍ സമഞ്ജസമായി സമ്മേളിച്ചിരിക്കുന്ന അദ്ദേഹത്തിന്‍റെ ഈ ഗീതങ്ങള്‍ ആദ്ധ്യാത്മിക ദൈവശാസ്ത്രത്തിന് വലിയ മുതല്‍ക്കൂട്ടാണ് (CSCO 223-224).
തിരുസഭയെക്കുറിച്ച് (52): വിവിധ വിഷയങ്ങളെക്കുറിച്ച് ഈ സമാഹാരം ചര്‍ച്ചചെയ്യുന്നു (CSCO 198-199)
മനുഷ്യാവതാര ഗീതങ്ങള്‍ (28): ഈ കൃതി മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് (ജി. ചേടിയത്ത്, മാര്‍ എഫ്രേം, മനുഷ്യാവതാരഗീതങ്ങള്‍, കോട്ടയം 2001). ഈ സമാഹാരത്തിന്‍റെ കേന്ദ്രഭാഗം 16 ഗീതങ്ങളാണ് (5-20). താരാട്ടുപാട്ടുകള്‍ എന്ന പേരില്‍ എഫ്രേം തന്നെ അവ സമാഹരിച്ചിരിക്കാന്‍ ഇടയുണ്ട്. അവയില്‍ മിക്കതും മാതാവ് യേശുവിനോട് പാടിപ്പറയുന്നവയാണ്. തന്‍റെ സഭയുടെ ആരാധനാക്രമാവശ്യത്തിന്, അതായത് ജനനപെരുന്നാളിന്, എഫ്രേം എഴുതിയതാകാം ഇവ. ഗീതങ്ങള്‍ ഒന്നു മുതല്‍ നാലുവരെയുള്ളവ എഫ്രേം തന്നെ രചിച്ചവയാണ്. എന്നാല്‍ പില്‍ക്കാലത്ത് ആരോ അവമറ്റുള്ളവയുമായി കൂട്ടിച്ചേര്‍ത്തു. അവസാനത്തെ എട്ടെണ്ണം (21-28) പിന്നീട് കൂട്ടിച്ചേര്‍ത്തവയാണ്. ദൈവപുത്രന്‍റെ മനുഷ്യാവതാരം ഒരു മഹാത്ഭുതമാണ്. ദൈവത്തിന്‍റെ ശൂന്യവത്കരണമാണ് അവിടെ നടന്നത്. പ്രതീകാത്മകദൈവശാസ്ത്രം ഗീതങ്ങളില്‍ നിഴലിച്ചുനില്‍ക്കുന്നു. അതുപോലെ, ദൈവശാസ്ത്രം എപ്രകാരം ഗാനാത്മകമായും ഭാവാത്മകമായും അവതരിപ്പിക്കാനാവുമെന്ന് എഫ്രേം കാണിച്ചുതരുന്നു.
പെസഹാഗീതങ്ങള്‍: പുളിപ്പില്ലാത്ത അപ്പത്തെക്കുറിച്ച് (21): ക്രൂശിക്കലിനെക്കുറിച്ച് (9); ഉത്ഥാനത്തെക്കുറിച്ച് (5): ഇവയില്‍നിന്ന് സുറിയാനി ആരാധനക്രമത്തില്‍ പലതും എടുത്തിട്ടുണ്ട്. (CSCO 248-249)
പറുദീസാഗീതങ്ങള്‍ (15) (CSCO 174-175): ഈ ഗ്രന്ഥം മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് (ജി. ചേടിയത്ത്, പറുദീസാഗീതങ്ങള്‍, കോട്ടയം 2001). ഉല്‍പ്പത്തിയില്‍ കാണുന്ന പറുദീസാ വിവരണത്തിന്‍റെ ആന്തരീകാര്‍ത്ഥത്തിലേക്ക് കടന്നുചെല്ലുന്ന ചിന്താധാര യഹൂദരുടെ ഇടയില്‍ ക്രിസ്തുമതാരംഭത്തിനു മുമ്പുതന്നെ ഉടലെടുത്തിരുന്നു. ഭാവനാസമ്പന്നനായ എഫ്രേം പറുദീസായെ പ്രതീകാത്മകമായിട്ടത്രെ വര്‍ണ്ണിക്കുന്നത്. പറുദീസായെ ഒരു മലയായി ചിത്രീകരിക്കുന്നു. 'അത് വൃത്താകൃതിയിലാണ്. അത് വലിയകടലിനെ ചുറ്റിക്കിടക്കുന്നു (2,6). അത് കരയെയും കടലിനെയും ചുറ്റിക്കിടക്കുന്നു (1,8-9). പ്രളയജലം അതിന്‍റെ അടിവാരം വരെ മാത്രമേ എത്തിയുള്ളു (1,4). ചുറ്റിത്തിരിയുന്ന വാളുമായി നില്‍ക്കുന്ന ക്രോബേ മാലാഖ അതിന്‍റെ അടിവാരത്തിലെ വേലി സംരക്ഷിക്കുന്നു (2,7; 4,1). പറുദീസായിലെ ഏറ്റവും താഴത്തെ ഭാഗമാണ് ഈ മതില്‍. അവിടെ നിന്ന് പറുദീസായുടെ പകുതിദൂരത്തിലാണ് അറിവിന്‍റെ വൃക്ഷം. അത് ഒരാന്തരിക അതിര്‍ത്തിയായി വര്‍ത്തിക്കുന്നു. അവിടം കുറേക്കൂടി ഉയര്‍ന്നതാണ്. അവിടെ കയറാന്‍ ആദത്തിനും ഹവ്വായ്ക്കും അനുവാദം ഇല്ലായിരുന്നു (3,3). കുറേക്കൂടി ഉയരമുള്ള അതിവിശുദ്ധസ്ഥലത്ത് സ്ഥിതിചെയ്യുന്ന ജീവവൃക്ഷത്തെ മറച്ചുകൊണ്ട് ഒരു കര്‍ട്ടണ്‍ കണക്കെ അറിവിന്‍റെ വൃക്ഷം നിലനിന്നു (3,2). മലയുടെ കൊടുമുടിയിലത്രേ ദൈവസാന്നിധ്യം'. പറുദീസാ യഹൂദരുടെ ദൈവാലയത്തിന്‍റെയും ക്രിസ്തീയ പള്ളിയുടെയും പ്രതീകമാണ്. ഈ പറഞ്ഞവയൊന്നും വാച്യാര്‍ത്ഥത്തില്‍ എടുക്കേണ്ടവയല്ലെന്ന് എഫ്രേമിന് തന്നെ അറിയാമായിരുന്നു (2,4-5). പറുദീസാ നമ്മുടെ ലോകത്തില്‍ നിന്ന് വ്യത്യസ്തമാണ്. അത് വ്യത്യസ്ത തലത്തിലാണ്. അത് നമ്മുടെ സമയത്തിന് അതീതമാണ്. ഉപരിസ്ഥവുമാണ്. ഉത്ഥാനാനന്തരം നീതിമാന്മാരുടെ വാസസ്ഥലമാണ് പറുദീസാ. ഉത്ഥാനത്തോടുകൂടി മാത്രമേ നമുക്കതില്‍ കയറാനാകൂ. ആത്മാവും ശരീരവും ഒന്നിച്ചാണ് അവിടെ കയറുക (8,9).
വളരെ ഭാവനാസമ്പന്നമായി പറുദീസായിലെ മരങ്ങളെപ്പറ്റി വിവരിക്കുന്നു (3,13). മിശിഹായുടെ പാര്‍ശ്വം കുന്തത്താല്‍ തുളയ്ക്കപ്പെട്ടപ്പോഴാണ് പറുദീസായ്ക്കു ചുറ്റുമുള്ള വേലിയും ചുറ്റിത്തിരിയുന്ന വാളും നീക്കപ്പെട്ടത് (4,1). എഫേ 2,14-നെ ഉല്‍പത്തി 3,24-മായി എഫ്രേം ബന്ധിപ്പിക്കുന്നു. ആദം നഷ്ടപ്പെടുത്തിയ മഹത്വവസ്ത്രം മിശിഹായുടെ മരണത്താല്‍ ആദത്തിനു തിരികെ നല്‍കി. സ്നാനത്താല്‍ ക്രിസ്തുവിനെ ധരിക്കുന്നതു വഴി (റോമാ13,14; ഗലാ 3,27) വിശ്വാസികള്‍ മഹത്വവസ്ത്രം ധരിക്കുന്നു. മനുഷ്യരെ മഹത്വവസ്ത്രം ധരിപ്പിക്കാന്‍ ദൈവം മനുഷ്യവേഷം ധരിച്ചു. ജലത്തില്‍ വച്ച് മനുഷ്യര്‍ മഹത്വവസ്ത്രം ധരിക്കാന്‍ വേണ്ടി ക്രിസ്തു ജലത്തില്‍ തന്‍റെ മഹത്വം ഉരിഞ്ഞുവച്ചു. എല്ലാ നീതിമാന്മാരും മഹത്വവസ്ത്രം ധരിച്ച് മണവറയിലേക്ക് കയറും. നമ്മുടെ കര്‍ത്താവിന്‍റെ മനുഷ്യാവതാരലക്ഷ്യം ആദത്തിന് ദൈവം നിശ്ചയിച്ചിരുന്ന മഹനീയസ്ഥാനം നേടിക്കൊടുക്കുക എന്നുള്ളതായിരുന്നു. തെറ്റിപ്പോകാത്ത വിജ്ഞാനവും അമര്‍ത്യജീവനുമാണവ. മനുഷ്യത്വത്തില്‍ തന്നെ അവന്‍ ദൈവത്വം പ്രാപിക്കാനായിരുന്നു അത്: "ദൈവമാകാന്‍ ആദാം ആഗ്രഹിച്ചു എന്ന് അത്യുന്നതന്‍ ഗ്രഹിച്ചു. അവന്‍റെ ആഗ്രഹം സാധിച്ചുകൊടുക്കാനായി അവിടുന്ന് തന്‍റെ പുത്രനെ അയച്ച് അവനെ ധരിച്ചു. അവിടുന്ന് നമുക്ക് ദൈവത്വം തന്നു, നാം അവിടുത്തേക്ക് മനുഷ്യത്വം നല്‍കി" എന്ന് എഫ്രേം മറ്റൊരിടത്ത് പറയുന്നു (വിശ്വാസഗീതം, 5,17).
ഉപവാസത്തെ കുറിച്ച് (10) (CSCO 246-247)
ജൂലിയനെതിരെ (4): വിശ്വാസത്യാഗിയായ ജൂലിയന്‍റെ മരണത്തെപ്പറ്റിയാണിത്. പേഗനിസം പുനഃസ്ഥാപിക്കാന്‍ ജൂലിയന്‍ ശ്രമിച്ചു. അതിനുള്ള ശിക്ഷയായിട്ടാണ് എഫ്രേം ഈ മരണം കാണുന്നത് (CSCO 174-175). "ജൂലിയനെതിരെ സഭയെപ്പറ്റി" എന്ന പേരില്‍ ഒരു കൃതി ലഭിച്ചിട്ടുണ്ട്. പേര്‍ഷ്യാക്കാര്‍ക്കെതിരെ യുദ്ധത്തിനു പോകുന്നതിനുമുമ്പ് അയാള്‍ സഭയ്ക്കെതിരെ വീമ്പിളക്കി. അപ്പോള്‍ എഴുതിയതാണിത് (അതേകൃതി, 242-249). 'ദൈവം തന്‍റെ സഭയെ ഒരിക്കലും കൈവിടുകയില്ല. അതുകൊണ്ട് ഭയത്തിന് സ്ഥാനമില്ല. ദുഷ്ഭരണം ഒരിക്കലും നീണ്ടുനില്‍ക്കില്ല. വിശ്വാസഹീനര്‍ മാത്രമേ ജൂലിയന്‍റെ പക്ഷത്തു ചേര്‍ന്ന് വിശ്വാസത്തെ ഒറ്റിക്കൊടുക്കുകയുള്ളു. ദൈവവും തന്‍റെ മാലാഖമാരും സഭയുടെ കൂടെയാണ്. സാത്താനും അവന്‍റെ സൈന്യങ്ങളും ശത്രുപക്ഷത്തും. ജൂലിയന്‍ പാഷണ്ഡികളെയും മന്ത്രവാദികളെയും യഹൂദരെയും സഭയുടെ എല്ലാ ശത്രുക്കളെയും തന്‍റെ കൂടെ കൂട്ടി. ക്രൂരമൃഗങ്ങളെപ്പോലെ അവര്‍ സഭയുടെ മേല്‍ ചാടിവീണു. നാമമാത്ര ക്രൈസ്തവര്‍ ജൂലിയന്‍റെ പതനത്തോടുകൂടി ലജ്ജിതരായി. ദൈവനീതിയാണ് ജൂലിയനെ തറപറ്റിച്ചത്'. ക്രിസ്തുമതത്തിന്‍റെ സത്യസന്ധതയും പേഗനിസത്തിന്‍റെ പൊള്ളത്തരവും അവസാനഭാഗത്ത് വരച്ചുകാട്ടുന്നു. ജൂലിയന്‍റെ പതനത്തോടുകൂടെ പേഗനിസത്തിന്‍റെ അവകാശവാദങ്ങളൊക്കെ പൊളിഞ്ഞു എന്ന് എഫ്രേം സമര്‍ത്ഥിക്കുന്നു.
ദനഹായെക്കുറിച്ച് (28): ഈ സമാഹാരം എഫ്രേമിന്‍റേതല്ല എന്നു കരുതുന്നവരുണ്ട് (CSCO 186-187).
സോഗിയാസാ (കീര്‍ത്തനം/താരാട്ടുപാട്ട്) എന്ന പേരില്‍ ബെക്ക് ആറ് കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് (CSCO 186-187). എന്നാല്‍ അവ എഫ്രേമിന്‍റേതല്ല എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. അതുപോലെ അബ്രഹാം കീദൂനായാ (15), ജൂലിയന്‍ സാബാ (24), വിശ്വാസസാക്ഷികള്‍ (6) എന്നീ ഗാനങ്ങളും എഫ്രേമില്‍ ആരോപിച്ചിരിക്കുന്നു എന്നു മാത്രം. അവയില്‍ ഒരു പക്ഷേ ചില ഗാനങ്ങള്‍ എഫ്രേമിന്‍റേതായിരിക്കാം. അര്‍മേനിയന്‍ ഭാഷയിലുള്ള 51 ഗാനങ്ങളും ഈ ഗണത്തില്‍ പെടുന്നതാണ്.
ദൈവശാസ്ത്രം
സഭാപിതാക്കന്മാരുടെ കാലത്തെ അതിപ്രഗത്ഭരായ ദൈവശാസ്ത്രജ്ഞന്മാരില്‍ ഏറ്റവും മൗലികതയുള്ളവരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവനാണ് മാര്‍ എഫ്രേം. ഗ്രേക്കോ-റോമന്‍ ലോകത്തു വ്യാപരിച്ച പിതാക്കന്മാരെ ഗ്രീക്കുതത്വശാസ്ത്രം ഗണ്യമായി സ്വാധീനിച്ചു. എന്നാല്‍ എഫ്രേമിന്‍റെ ദൈവശാസ്ത്രത്തിന്‍റെ അടിത്തറ വിശുദ്ധഗ്രന്ഥമാണ്. ദൈവിക വെളിപാടിന്‍റെയും ശ്ലൈഹിക വിശ്വാസ പൈതൃകത്തിന്‍റെയും ക്രിസ്തുകേന്ദ്രീകൃത രംഗത്താണ് എഫ്രേം കാലുറപ്പിച്ചിരിക്കുന്നത്. ഉറവിടങ്ങളിലേക്കു മടങ്ങുമ്പോള്‍ നാം ചെന്നെത്തി നില്‍ക്കേണ്ടത് എവിടെയാണെന്ന് അദ്ദേഹം പഠിപ്പിക്കുന്നു. അദ്ദേഹം 'ഉറവിട ദൈവശാസ്ത്രത്തിന്‍റെ ഉറവ' അത്രേ.
മാര്‍ എഫ്രേം യൂദയോ-ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ ബൈബിള്‍ വ്യാഖ്യാനം നടത്തി; തിരുലിഖിതങ്ങള്‍ ഹൃദിസ്ഥമാക്കി സ്വാംശീകരിച്ചിരിക്കുന്നു. വി. ഗ്രന്ഥലോകത്ത് വിഹരിക്കുന്ന വാനമ്പാടിയായിരുന്നു ആ ഭാഷ്യക്കാരന്‍. സെമിറ്റിക് ശൈലിയില്‍ വേദഗ്രന്ഥം വ്യാഖ്യാനിക്കുമ്പോള്‍, ബൈബിള്‍ ലോകം എവിടെ അവസാനിക്കുന്നു, എഫ്രേമിന്‍റെ ആശയലോകം എവിടെ ആരംഭിക്കുന്നു എന്ന് തിരിച്ചറിയാനാവാത്ത വിധമാണ് അദ്ദേഹത്തിന്‍റെ വ്യാഖ്യാനശൈലി. ഗ്രേക്കോ-റോമന്‍ ദൈവശാസ്ത്രത്തെക്കാള്‍ പുരാതനവും മൗലികവും ശ്ലൈഹികവുമായ ക്രൈസ്തവസഭയുടെ ദൈവശാസ്ത്രത്തിന്‍റെ ഏറ്റവും പ്രബലനും വിഖ്യാതനും സര്‍വ്വസ്വീകാര്യനുമായ വക്താവ് എഫ്രേം തന്നെയാണ്. സെമിറ്റിക് പശ്ചാത്തല ദൈവശാസ്ത്രത്തിന് സ്വന്തം കാലില്‍ നില്‍ക്കാനാകുമെന്ന് എഫ്രേം തെളിയിച്ചു. ആ കണ്ടെത്തല്‍ സര്‍വ്വകാലികവും സാര്‍വത്രികവുമായ സന്ദേശം നല്‍കുന്നു.
ദൈവികവെളിപാട് മനുഷ്യന്‍റെ ഭാഷയിലും മനുഷ്യര്‍ക്കുവേണ്ടിയും ദൈവമെന്ന ഉറവിടത്തില്‍ നിന്ന് ഒഴുകി വരുന്നതുമാണ്. അതുകൊണ്ട് അത് മനുഷ്യന്‍റെ കൈപ്പിടിയില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല. അളന്നു തീര്‍ക്കാവുന്നതല്ല, എത്തിപ്പിടിച്ച് ബന്ധിച്ചിടാവുന്നതുമല്ല എന്ന് എഫ്രേം വാദിക്കുന്നു. മനുഷ്യ ബുദ്ധിയുടെ കയറില്‍ കെട്ടിയിടാവുന്ന ദൈവസങ്കല്‍പ്പങ്ങളില്‍ നിന്നകന്നും ഉയര്‍ന്നും അദ്ദേഹത്തിന്‍റെ ദൈവചിത്രീകരണം നില്‍ക്കുന്നു. അത് ബുദ്ധികൊണ്ട് അളന്ന് തിട്ടപ്പെടുത്താനാവില്ലെങ്കിലും അറിയാനും ആസ്വദിക്കാനും സാധിക്കും. പ്രതിരൂപാത്മക ഭാഷയില്‍, സമഗ്രസംയോജനാത്മക രീതിയില്‍, ബിംബപ്രതിബിംബങ്ങളുടെ വേലിയേറ്റം വഴി അദ്ദേഹത്തിന്‍റെ ആശയലോകം താത്വികമാനം കൈവരിക്കുന്നു. സാര്‍വ്വത്രിക ക്രൈസ്തവ ദൈവശാസ്ത്ര ചിന്താധാരകള്‍ക്ക് സമകാലീനത സംസിദ്ധമാകാന്‍ സഹായിക്കുന്ന സംമ്പുഷ്ടദാര്‍ശനികത ആഴത്തില്‍ പരതുന്നവര്‍ക്ക് ഇതില്‍ സംലഭ്യമാണ്.
എപ്പോഴും പ്രസന്നവദനനും സന്തോഷപ്രകൃതിയുമായ താപസന്‍റെ മുഖമാണ് കൃതികളില്‍ ദൃശ്യമാകുന്നത്. വാക്കുകളിലും ചിത്രീകരണങ്ങളിലും തുളുമ്പിയൊഴുകുന്ന നര്‍മ്മബോധം എഫ്രേമിന് സ്വതസിദ്ധമായിരുന്നു. നര്‍മ്മരസം ദൈവശാസ്ത്രജ്ഞന്മാര്‍ക്കിടയിലും താപസ്സന്മാര്‍ക്കിടയിലും പൊതുവെ കാണാനില്ലാത്ത സ്ഥിതിക്ക് ആ രംഗത്തും അദ്ദേഹം വേറിട്ടുനില്‍ക്കുന്നു. സ്വയം കളിയാക്കാനും സാത്താന്‍റെ പരാക്രമങ്ങളും പരാജയങ്ങളും ചിരിക്ക് വകതരുന്നവിധം വിവരിക്കാനും ഗഹനമായ ദൈവശാസ്ത്രചിന്തകള്‍ക്കിടയില്‍ പുഞ്ചിരി തൂകാനുതകുന്ന വര്‍ണ്ണനകള്‍ നടത്താനും അദ്ദേഹത്തിന് അനായാസം സാധിച്ചിരുന്നു. പാഷണ്ഡതകളെ അടിച്ചുതകര്‍ക്കാന്‍ ആയിരം നാവുള്ള പോരാളിയായി വാദമുഖങ്ങള്‍ ഉയര്‍ത്തുമ്പോഴും തന്‍റെ ഇരകളെ നര്‍മ്മരസ നിഷ്യന്ദിയായ വാക്പയറ്റുകൊണ്ട് വീഴിക്കാനും എഫ്രേം ശ്രമിക്കാറുണ്ട്. യജമാനന്‍റെ മേശയ്ക്കിടയില്‍ നിന്നുകൊണ്ട് ദൈവശാസ്ത്രത്തിന്‍റെ വിഭവസമൃദ്ധമായ വിരുന്നില്‍നിന്ന് വല്ലപ്പോഴും നിലത്തുവീണുകിടക്കുന്ന അപ്പക്കഷണങ്ങള്‍ പെറുക്കിതിന്ന് തൃപ്തിയടയുന്ന പട്ടിയോട് എഫ്രേം സ്വയം ഉപമിച്ചിട്ടുണ്ട്. അതേ സമയം അജഗണത്തെ ആക്രമിക്കുന്ന ചെന്നായ്ക്കൂട്ടത്തെ എതിരിട്ട് ഓടിച്ച് പാഷണ്ഡതകളെ തുരത്തുന്ന വേട്ടപ്പട്ടിയായും സ്വയം വിശേഷിപ്പിക്കാറുണ്ട്. 'ആട്ടിടയന്‍റെ സഹായി' എന്ന സ്ഥാനം അവകാശപ്പെടാനും എഫ്രേമിനു മടിയില്ല. പാഷണ്ഡതാവിരുദ്ധ കൃതികളെഴുതിയ മറ്റു പല പിതാക്കന്മാര്‍ക്കും ഉള്ളതിലേറെ ദൈവശാസ്ത്ര പോരാട്ട വീര്യം, മാര്‍സ്യന്‍, ബര്‍ദൈസാന്‍, മാനി എന്നിവരുടെ അബദ്ധസിദ്ധാന്തങ്ങളുടെ നെടുംകോട്ടകള്‍ അടിച്ചുതകര്‍ക്കുമ്പോള്‍ എഫ്രേം കാണിക്കുന്നു. പരിഹാസ ശരങ്ങളുടെ ഘോരമാരികൊണ്ട് ആരിയനിസം എന്ന അബദ്ധവിശ്വാസത്തിന്‍റെ പില്‍ക്കാല വികാസപരിണാമങ്ങളെ അദ്ദേഹം നിഷ്പ്രഭമാക്കി. നെയോ-ആരിയനിസത്തിന്‍റെ വാദമുഖങ്ങളെ തകര്‍ക്കാന്‍ സമര്‍ത്ഥമായ വാദഗതികള്‍ അവതരിപ്പിച്ചു.
പണ്ഡിതരെ ചിന്തയുടെ പന്തയക്കളത്തില്‍ അങ്ങോട്ടു മിങ്ങോട്ടും ഓടിച്ച് ഉത്തരം മുട്ടിക്കുന്ന മഹാപണ്ഡിതനായ എഫ്രേം 'ഔദ്യോഗിക സ്കൂള്‍ വിദ്യാഭ്യാസം ഇല്ലാത്ത വിഡ്ഢി' എന്ന് സ്വയം ചിത്രീകരിക്കാറുണ്ട്. ഗ്രീക്കുതത്വശാസ്ത്രങ്ങള്‍ പഠിക്കാതെപോയ പാമരനാണ് താനെന്ന് പറഞ്ഞുകൊണ്ട് ഗ്രീക്കുതത്വശാസ്ത്രത്തോട് തനിക്ക് കടപ്പാടില്ലെന്ന് അദ്ദേഹം കാണിക്കുന്നു. വിദ്യാഭ്യാസമില്ലാത്തവരെ പുച്ഛിക്കുന്ന പണ്ഡിത ലോകത്തിന് 'വിദ്യാവിഹീനനായ' എഫ്രേം വെല്ലുവിളി ഉയര്‍ത്തുന്നതുവഴി വിദ്യാര്‍ത്ഥിലോകത്തിന്‍റെയും സത്യാന്വേഷികളുടെയും പണ്ഡിതന്മാരുടെയും മധ്യസ്ഥനായി നിലകൊള്ളുന്നു. പലവട്ടം തലപുകഞ്ഞ് ആലോചിച്ചാലും പിടികിട്ടാന്‍ പ്രയാസമുളള ചിന്താലോകം എഫ്രേമിന്‍റെ കൃതികളില്‍ അവിടവിടെ കണ്ടെത്താനാകും. കടഞ്ഞെടുത്ത വാക്കുകളില്‍ ഗംഭീരാശയങ്ങള്‍ വിവരിക്കുമ്പോള്‍ എഫ്രേമിന്‍റെ 'വിവരമില്ലായ്മയിലൂടെ' ഒരു വിനീത വിവേകശാലിയുടെ മുഖംകൂടി കാണാനാകുന്നു. ആയിരം മുഖങ്ങളുള്ള ദൈവശാസ്ത്രകണ്ണായിടിയും പിടിച്ചാണ് എഫ്രേമിന്‍റെ നില്‍പ്പ്.
ആവര്‍ത്തനവിരസമായ ശൈലികൊണ്ട് ബോറടിപ്പിക്കുന്നവന്‍ എന്ന് എഫ്രേമിനെ ആക്ഷേപിച്ചിട്ടുള്ള ചിലരുണ്ടാകാം. വിദ്യാഭ്യാസമില്ലാത്ത സാധാരണ ജനങ്ങള്‍ക്കുവേണ്ടിയാണ് അദ്ദേഹം ആവര്‍ത്തന ശൈലി പ്രയോഗിച്ചത്. അതൊരു സെമിറ്റിക് രീതിയാണ്. പണ്ഡിതമാന്യന്മാരെന്ന് സ്വയം ഞെളിഞ്ഞിരുന്ന പാഷണ്ഡികള്‍ക്കെതിരെ സാധാരണക്കാരന്‍റെ ഭാഷയില്‍ സംസാരിക്കുന്ന എഫ്രേമിന്‍റെ അജപാലനവ്യഗ്രതയുടെ ഉദാഹരണമായി ഇത്തരം ആവര്‍ത്തനങ്ങള്‍ കണ്ടാല്‍ മതി. ആശയ ലോകം അവസാനിക്കാതെയും ആവര്‍ത്തനം നിലയ്ക്കാതെയും നീണ്ടുനില്‍ക്കുന്ന രീതിയില്‍ ഒഴുകിപ്പരന്ന് മനസ്സാകെ നിറഞ്ഞ് കവിയുന്ന ഉപമകളും ചമല്‍ക്കാരങ്ങളും അര്‍ഥകല്‍പ്പനകളും സൂചനകളും വിരോധോക്തികളും കൊണ്ട് വേലിയേറ്റം സൃഷ്ടിക്കാന്‍ അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. ആലോചിക്കുന്തോറും അര്‍ത്ഥവ്യാപ്തി ഏറിവരുന്ന രീതിയില്‍ ഇരമ്പിയാര്‍ക്കുന്ന തിരമാലകള്‍ പോലെയാണ് അദ്ദേഹത്തിന്‍റെ കാവ്യഭാവന ഉയര്‍ന്നുപൊങ്ങുക. തിരകള്‍ അടങ്ങുമ്പോഴാകും മനസ്സും ഹൃദയവും ദൈവചിന്തയുടെ മഹാസമുദ്രത്തില്‍ വിശ്വാസത്തിന്‍റെ കപ്പലിറക്കുകയെന്ന് അദ്ദേഹം വിവരിച്ചിട്ടുണ്ട്. ആ കപ്പലിലാണ് എഫ്രേമിന്‍റെ യാത്ര. ദൈവസ്തുതികള്‍ പാടുന്ന വീണ എപ്പോഴും കൈവശമുള്ള എഫ്രേമിനെ ദൈവസ്തുതിയുടെ ദൈവശാസ്ത്രജ്ഞന്‍ എന്നു വിളിക്കാം.
പൂവിലും പുല്ലിലും പക്ഷിമൃഗാദികളിലും ചരാചരങ്ങളിലും മനുഷ്യനിലും മണ്‍തരിയിലും എന്നുവേണ്ട സൃഷ്ടപ്രപഞ്ചത്തിലുടനീളം ദൈവത്തിന്‍റെ അടയാളങ്ങള്‍ ദര്‍ശിച്ച ചിത്രകാരനാണ് എഫ്രേം മല്‍പ്പാന്‍. മനുഷ്യനു മനസ്സിലാകുന്ന നൂറുനൂറ് ചിത്രങ്ങളിലൂടെ വാക്കുകളാകുന്ന ചായം കൊണ്ട് കഥ പറയുന്ന കലാകാരന്‍ എന്ന നിലയില്‍ അദ്ദേഹം ചിത്രീകരണവിദഗ്ദ്ധനാണ്. വിദൂരസ്ഥനും സമീപസ്ഥനുമായ ദൈവത്തെ വാക്കുകളുടെ വസ്ത്രാലങ്കാരങ്ങളിലൂടെ ദൃശ്യനും അദൃശ്യനുമാക്കുന്ന ഭാഷാപ്രയോഗത്തിന്‍റെ ഉടമസ്ഥനാണദ്ദേഹം. വാക്കുകളില്‍ മറഞ്ഞിരിക്കുന്ന ദൈവചിത്രങ്ങള്‍ ചലച്ചിത്രത്തിലൂടെ എന്നവണ്ണം ദൃശ്യമാകുമ്പോള്‍ വായനക്കാരന്‍ വിനീതനാകുന്നു. ശിശുതുല്യമായ ഹൃദയത്തില്‍ നിറഞ്ഞുകവിയുന്ന അത്ഭുതാദരങ്ങളോടെ പ്രകൃതിനിരീക്ഷണം പടുവായ ആ കവിഹൃദയം ദൈവമേഖലയിലേക്ക് ചിറകടിച്ചുയരുമ്പോള്‍ വായനക്കാരനും കേള്‍വിക്കാരനും പറക്കാന്‍ ചിറകുകള്‍ വേണ്ടിവരും. എഫ്രേമിന്‍റെ ചിന്തകള്‍ക്ക് ചിറക് മുളയ്ക്കുമ്പോള്‍ നിലത്തുനില്‍ക്കുന്നവന്‍ ഒന്നുംകണ്ടില്ലെന്നു വരാം. കാരണം, എഫ്രേം പറന്നുയര്‍ന്ന് അനന്തവിഹായുസ്സില്‍ എത്തിക്കഴിഞ്ഞിരിക്കും.
കൃതികളില്‍ അവിടവിടെ കാണുന്ന ശാസ്ത്രീയനിരീക്ഷണങ്ങള്‍ നിമിത്തം 'സഭാപിതാക്കന്മാര്‍ക്കിടയിലെ ദൈവശാസ്ത്രജ്ഞന്‍' എന്ന് അദ്ദേഹം അറിയപ്പെടുന്നു. കന്യകാമറിയത്തെപ്പറ്റി ദൈവശാസ്ത്ര ഉള്‍ക്കാഴ്ച്ചയോടെ വിവരിക്കുന്നതിനാല്‍ 'മരിയന്‍ വേദപാരംഗതന്‍' എന്നും അദ്ദേഹം വിളിക്കപ്പെടുന്നു. സുറിയാനിക്കാരുടെ പ്രവാചകന്‍, അറിവിന്‍റെ നിറകുടം, സിറിയായിലെ സിംഹം, സഭയുടെ നെടുംതൂണ്‍, രണ്ടാംമോശ, മഹാനായ എഫ്രേം, കര്‍തൃകരത്തിലെ വീശുമുറം, ക്രൈസ്തവലോകത്തെ ഏറ്റവും വലിയ ദൈവശാസ്ത്ര കവി, ദൈവശാസ്ത്രജ്ഞനും ദൈവശാസ്ത്രജ്ഞന്മാരുടെ കവിയും, പ്രാവുകള്‍ക്കിടയിലെ കഴുകന്‍, സഭയിലെ യൂഫ്രട്ടീസ് നദി എന്നിങ്ങനെയുള്ള അപരനാമങ്ങളാല്‍ 'പരിശുദ്ധാത്മാവിന്‍റെ ഈ വീണ' അറിയപ്പെടുന്നു. പ്രാര്‍ത്ഥനയും വിശ്വാസപ്രഖ്യാപനവും കോര്‍ത്തിണക്കി അദ്ദേഹം മിസ്റ്റിസിസവും ദൈവശാസ്ത്രവും ഒന്നിച്ചുനിര്‍ത്തുന്നു.
തിരുലിഖിതവ്യാഖ്യാനശൈലി
വി. ഗ്രന്ഥത്തെപ്പറ്റിയുള്ള സൃഷ്ടിപരവും പ്രാര്‍ത്ഥനാപൂരിതവുമായ മനനത്തിന്‍റെ ഫലമാണ് മാര്‍ എഫ്രേമിന്‍റെ ദൈവശാസ്ത്രം. അതായത്, ക്രിസ്തുകേന്ദ്രീകൃതമായ വിശുദ്ധ ഗ്രന്ഥധ്യാനത്തില്‍ നിന്ന് ഉയര്‍ന്നു വന്നതാണ്. പ്രാര്‍ത്ഥനയുടെയും ദൈവസ്തുതിയുടെയും മേഖലയിലേക്ക് മനുഷ്യമനസ്സിനെ എത്തിക്കുന്നതായിരുന്നു ആ ദൈവശാസ്ത്രം. വേദഗ്രന്ഥത്തില്‍ ദൈവാലയകൂടാരം സ്ഥാപിച്ച് വാസമുറപ്പിച്ച ചിന്തകള്‍ ശ്ലൈഹിക കാലത്തോട് സമകാലീനത പുലര്‍ത്തി. തിരുലിഖിതത്തിലേക്ക് അനുനിമിഷം ഓടിക്കയറുന്ന ദൈവശാസ്ത്രമാണ് എഫ്രേമില്‍ നാം കാണുക.
പഴയനിയമ പുതിയനിയമ വ്യത്യാസമെന്യേ വചനം കൊണ്ട് വചനം വ്യാഖ്യാനിക്കുന്ന ശൈലിയാണ് എഫ്രേമിനുണ്ടായിരുന്നത്. ദിയാതെസ്സെറോണ്‍ ഭാഷ്യത്തില്‍ ഇത് ഉടനീളം കാണാവുന്നതാണ്. തുടക്കം വേദഗ്രന്ഥത്തിലെ ഏതെങ്കിലും വാക്കോ, വാക്യമോ, ചിത്രീകരണമോ, പ്രതീകമോ ആയിരിക്കാം. വ്യാഖ്യാനപാത ഏതെന്ന് മുന്‍നിശ്ചയം കൂടാതെ തികഞ്ഞ സ്വാതന്ത്ര്യത്തോടെ മുന്നോട്ടൊഴുകുന്നു. മുന്നോട്ട് സ്വച്ഛസുന്ദരമായി ആ പ്രവാഹം നീങ്ങുമ്പോള്‍ നൂറായിരം കൈവഴികളിലൂടെ പൊട്ടിയൊഴുകാന്‍ കഴിവുള്ള യൂഫ്രട്ടീസായി അത് പരിണമിക്കുന്നു. വചനകേന്ദ്രീകൃതമായ ചിന്തകളുമായാണ് ചിലപ്പോള്‍ ആ കുത്തൊഴുക്ക്. തിരുലിഖിതവാക്യങ്ങള്‍ ഉദ്ധരിച്ച് വിവരണം കൂടാതെ കടന്നുപോയെന്നുമിരിക്കും. വേറിട്ടൊരു വ്യാഖ്യാനം കൂടാതെ, വചനം വ്യക്തമാണെന്ന ധാരണയില്‍ മുന്നോട്ടു നീങ്ങുന്ന ഭാഷ്യക്കാരന്‍ നിശബ്ദത പാലിച്ചു നിലകൊള്ളുകയായിരിക്കും ചിലപ്പോള്‍. ചില വേളകളില്‍ വേദവാക്യങ്ങളില്‍ നിന്ന് വഴുതിമാറി സ്വതന്ത്രചിന്തകള്‍ അവതരിപ്പിക്കാനും വഴിയുണ്ട്. വേദശാസ്ത്രചിന്തകളും തിരുലിഖിതവാക്യങ്ങളും വേര്‍തിരിക്കാന്‍ ആവാത്തവിധം പിരിച്ചുകെട്ടി ഒന്നാക്കുന്ന ശൈലിയായും അതുമാറാം. തിരുലിഖിതമെന്ന മഹാസമുദ്രത്തില്‍ യഥേഷ്ടം നീന്തിതുടിച്ചു നീങ്ങാന്‍ എഫ്രേമിന് വിശ്വാസമാകുന്ന കപ്പല്‍ തുണയായുണ്ടാകും. ദൈവശാസ്ത്രവിഹായസ്സില്‍ പറന്നുയരാന്‍ ചിറകുകളുള്ള കഴുകനെപ്പോലെ അദ്ദേഹത്തിന്‍റെ ബുദ്ധിയും യുക്തിയും ഭാവനയും ചിന്തയും ഉള്‍ക്കാഴ്ചയും ആ നൗകയുടെ പായമരത്തില്‍ സദാ തയ്യാറായി നിലകൊള്ളുന്നു. നേരിട്ടുള്ള ഉദ്ധരണികള്‍ ഒഴിവാക്കിക്കൊണ്ട് പരോക്ഷമായ സൂചനകള്‍മാത്രം നല്‍കാനായിരിക്കും ചിലപ്പോള്‍ ശ്രമിക്കുക. ദൃഷ്ടാന്തങ്ങളും സാദൃശ്യങ്ങളും രൂപകങ്ങളും വിരോധാഭാസങ്ങളും വാക്പ്രയോഗങ്ങളും ശ്ലേഷാര്‍ത്ഥങ്ങളും നര്‍മരസവും ചാലിച്ചെടുത്ത ചായക്കൂട്ടുകള്‍ ഭാഷയിലാകെ ഉണ്ടാകും. കാവ്യഭാവനയുടെ ചിറകടി ഗദ്യകൃതികളില്‍ ഏതുഭാഗത്തും കേള്‍ക്കാം. ഒരു പാഠത്തിനോ, വാക്യത്തിനോ, വിവിധ വ്യാഖ്യാനങ്ങള്‍ കണ്ടെത്താനും എഫ്രേം ശ്രമിക്കാറുണ്ട്. അനേകരുടെ വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ നല്‍കാനാകും മറ്റൊരു ശ്രദ്ധ. വായനക്കാര്‍ക്കും കേള്‍വിക്കാര്‍ക്കും ഉപകരിക്കുന്ന ആദ്ധ്യാത്മിക ചിന്തകള്‍ വികസിപ്പിക്കുക എഫ്രേമിന് ഇഷ്ടമുള്ള കാര്യമാണ്. ദിയാതെസ്സറോണ്‍ ഭാഷ്യത്തില്‍ നിന്ന് ചില ഉദാഹരണങ്ങള്‍ മാത്രം ചൂണ്ടിക്കാണിക്കാം: മണ്ടനും പേടിത്തൊണ്ടനും ദരിദ്രനുമായ ശെമയോന്‍ കേപ്പാ (4,20); കിണറ്റിന്‍ കരയില്‍ വച്ചുനടക്കുന്ന വിവാഹവാഗ്ദാനങ്ങളുടെ പരമ്പര (5,17); രക്തസ്രാവക്കാരിയുടെ കഥ (7,3-12); പാപിനിയുടെ കാര്യം (10,8); ധനികയുവാവിന് പറ്റിയ അമളി (6,24); സമറിയായില്‍ കിണറ്റിന്‍ കരയില്‍ കാത്തിരിക്കുന്ന യേശു (12,6); യേശുവിന്‍റെ പീഡാനുഭവരംഗം (20,21); തുടങ്ങിയ ചിത്രങ്ങള്‍ വരയ്ക്കുമ്പോള്‍ നര്‍മരസവും ഭക്തിരസവും കരുണരസവും ഒന്നിച്ചുചേര്‍ന്ന് ആദ്ധ്യാത്മികതയുടെ തിരയിളക്കം അദ്ദേഹം ഉണര്‍ത്തുന്നു.
ദൈവവചനം വ്യാഖ്യാനിച്ചു തീര്‍ക്കാനുള്ളതല്ല. എന്നാല്‍ ഒട്ടും വ്യാഖ്യാനിക്കേണ്ട എന്നു വാദിക്കുന്നതും ശരിയല്ല. എളിമയോടെ, നന്ദിയോടെ, പ്രാര്‍ത്ഥനയോടെ വ്യാഖ്യാനിച്ചു ഗ്രഹിക്കണം. നമ്മുടെ വ്യാഖ്യാനങ്ങളെല്ലാം അപൂര്‍ണ്ണമാണെന്ന ഉള്‍ക്കാഴ്ച കൂടുതല്‍ പൂര്‍ണമായ വ്യാഖ്യാനസാധ്യത അവശേഷിപ്പിക്കുന്നു. അറിവിന്‍റെ അതിരുകള്‍ അനന്തതയോളം എന്നു മാറ്റിവരയ്ക്കാമെന്നു ചുരുക്കം. ഇനിയൊരിക്കലും ഒരല്‍പംപോലും വളരാനാവാത്തവിധം അറിവിന്‍റെ ചക്രവാളങ്ങള്‍ അവസാനിച്ചുപോയി എന്നു കരുതാനാവില്ലെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. ഓരോ തവണയും ധ്യാനപഠനംവഴി ദൈവവചനത്തെപ്പറ്റിയുള്ള അറിവിന്‍റെ ആഴവും പരപ്പും വളര്‍ന്നുവരുന്നു. വര്‍ധിച്ചുവരുന്ന അര്‍ത്ഥവ്യാപ്തിയുടെ അനന്തസാധ്യതയുടെ വാതിലുകള്‍ തുറന്നാണ് കിടക്കുക. 'ആ വാതില്‍ അടച്ചുകളയരുതേ' എന്നാണ് എഫ്രേമിന്‍റെ അഭ്യര്‍ത്ഥന. വെളിപ്പെട്ടതും മറഞ്ഞിരിക്കുന്നതും തമ്മിലുള്ള ബന്ധവും ബന്ധമില്ലായ്മയും അദ്ദേഹത്തിന്‍റെ എല്ലാ കൃതികളിലും കണ്ടെത്തുന്ന അതിപ്രധാനമായ ആശയങ്ങളിലൊന്നാണ്. അറിഞ്ഞതിനേക്കാള്‍ ഉപരി ഇനിയും അറിയാനിരിക്കുന്നു എന്ന് അദ്ദേഹം വാദിക്കാറുണ്ട്: "വി. ഗ്രന്ഥത്തിലെ വാക്കുകള്‍ക്ക് ഒരര്‍ത്ഥമേയുള്ളൂ എന്നു കരുതുക. അപ്പോള്‍ ആദ്യത്തെ വ്യാഖ്യാതാവുതന്നെ അതു കണ്ടെത്തും. പിന്നെ ബാക്കിയെല്ലാവായനക്കാര്‍ക്കും കേള്‍വിക്കാര്‍ക്കും അന്വേഷണത്തിന്‍റെ അദ്ധ്വാനമോ, കണ്ടെത്തലിന്‍റെ ആഹ്ളാദമോ ഇല്ലാതെ പോകുമായിരുന്നു. എന്നാല്‍ നമ്മുടെ കര്‍ത്താവിന്‍റെ ഓരോ വാക്കിനും അതാതിന്‍റെ ഛായയുണ്ട്. ഓരോ ഛായയ്ക്കും അനേകം അംഗങ്ങളും ഓരോ അംഗത്തിനും അതാതിന്‍റെ തരവും രൂപവുമുണ്ട്. ഓരോരുത്തരും താന്താങ്ങളുടെ കഴിവിന് അനുസൃതമായി കേള്‍ക്കുന്നു. തനിക്ക് കിട്ടിയതനുസരിച്ച് വ്യാഖ്യാനിക്കുന്നു" (7,22).
വിശുദ്ധ ഗ്രന്ഥത്തില്‍ നിന്ന് ഇഷ്ടമുള്ള ഭാഗങ്ങള്‍ മാത്രം അടിസ്ഥാനമാക്കി മറ്റു ഭാഗങ്ങളെ ആക്രമിക്കുന്നവരുടെ മനോഭാവത്തെ എഫ്രേം എതിര്‍ക്കുന്നു: "തനിക്കു പറ്റിയ ഭാഗങ്ങള്‍ മാത്രം സാത്താന്‍ തിരുലിഖിതങ്ങളില്‍ നിന്ന് തപ്പിപ്പെറുക്കി എടുക്കുന്നു. തനിക്ക് പറ്റാത്തവ അവന്‍ വിട്ടുകളയും. പാഷണ്ഡികളും ഇതുപോലെതന്നെ. തങ്ങളുടെ തെറ്റായ പഠനങ്ങള്‍ക്ക് ചേരുന്ന ഭാഗങ്ങള്‍ അവര്‍ തിരുലിഖിതത്തില്‍നിന്ന് എടുക്കുന്നു തങ്ങളുടെ തെറ്റുകള്‍ക്ക് എതിരായവയൊക്കെ വിട്ടുകളയും. അങ്ങനെ ഈ യജമാനന്‍റെ (സാത്താന്‍റെ) ശിഷ്യരാണ് തങ്ങളെന്ന് അവര്‍ വ്യക്തമാക്കുന്നു" (4,8ര).
മനുഷ്യാവതാര ദൈവശാസ്ത്രം
മനുഷ്യാവതാരത്തിന്‍റെ ദൈവശാസ്ത്രം വിവരിക്കാന്‍ എഫ്രേമിന് സൈദ്ധാന്തിക ദര്‍ശനങ്ങളുടെ പിന്‍ബലം ആവശ്യമില്ല. "ജഡമെടുക്കുകയും ബലഹീനത ധരിക്കുകയും വിശന്നപ്പോള്‍ ഭക്ഷിക്കുകയും ജോലി കഴിയുമ്പോള്‍ ക്ഷീണിക്കുകയും ക്ഷീണിക്കുമ്പോള്‍ ഉറങ്ങുകയും ചെയ്തതിനാല്‍, തന്‍റെ മരണസമയം അടുത്തപ്പോള്‍ ജഡവുമായി ബന്ധപ്പെട്ട ഈ കാര്യങ്ങളെല്ലാം പൂര്‍ത്തികരിക്കപ്പെടേണ്ടിയിരുന്നു" (20, 4). മനുഷ്യാവതാര രഹസ്യത്തിന്‍റെ അടിസ്ഥാനഭാഗമാണ് യേശുവിന്‍റെ പീഡാസഹനങ്ങള്‍. യേശു തന്‍റെ ശരീരത്തില്‍ പീഡകള്‍ സഹിച്ചത് വെറും അഭിനയമായിരുന്നില്ല: "തന്‍റെ ശാരീരിക മരണത്തിന്‍റെ ഈ നാഴികയില്‍ ശരീരത്തിനുള്ളത് അവന്‍ ശരീരത്തിനു നല്‍കി... അവന്‍ വിശപ്പുള്ളവനും ദാഹാര്‍ത്തനും ക്ഷീണിതനും ഉറക്കം ആവശ്യമുള്ളവനും ആയിരുന്നതുപോലെ, അവന്‍ ഭയപ്പെട്ടുപോയി... വേദനയും കഠിനാദ്ധ്വാനവും കൂടാതെയാണ് അവന്‍ നമ്മുടെ കടം വീട്ടിയതെന്ന് ലോകത്തിലെ മനുഷ്യര്‍ക്ക് പറയാന്‍ ഇടയാകാതിരിക്കാനാണിത്..." (20,6). രക്ഷാകര പ്രവര്‍ത്തനത്തിന്‍റെ ഓരോഘട്ടവും യേശു മനുഷ്യകുലത്തിനു വെളിപ്പെടുത്തുന്നതായി എഫ്രേം വിശദീകരിക്കുന്നു: "പീഡിപ്പിക്കപ്പെട്ട സത്യത്തെപ്രതി കര്‍ത്താവ് സത്യത്തിന്‍റെ സംരക്ഷകനായിത്തീരുന്നു. പീലാത്തോസിന്‍റെ മുമ്പാകെ നിശ്ശബ്ദനുമായിരുന്നു. മറ്റുള്ളവര്‍ ന്യായവാദങ്ങളിലൂടെ വിജയം വരിച്ചപ്പോള്‍, നമ്മുടെ കര്‍ത്താവ് തന്‍റെ നിശ്ശബ്ദതയിലൂടെ വിജയശ്രീലാളിതനായി. കാരണം, സത്യപ്രബോധനത്തിന്‍റെ വിജയമായിരുന്നു ദിവ്യനിശ്ശബ്ദതയുടെ പ്രതിഫലം. അവിടുന്ന് പഠിപ്പിക്കാനായി സംസാരിച്ചു. എന്നാല്‍ വിസ്താരസ്ഥലത്ത് നിശ്ശബ്ദനായിരുന്നു" (20,16). മിശിഹായുടെ നിശ്ശബ്ദത ജനക്കൂട്ടത്തിന്‍റെ വാക്കുകളേക്കാള്‍ വാചാലമായി നിലകൊള്ളുകയും വിജയം വരിച്ച് ഫലമുളവാക്കുകയും ചെയ്തെന്നാണ് എഫ്രേമിന്‍റെ വാദം.
തുളച്ചുകയറുന്ന ബിംബകല്‍പനകള്‍ വാരിവിതറിക്കൊണ്ടാണ് എഫ്രേമിന്‍റെ ഭാഷ ഗദ്യത്തിലായാലും പദ്യത്തിലായാലും മുന്നേറുക: "അവരുടെ ഉള്ളിലേക്ക് പരിശുദ്ധാത്മാവിനെ ഊതിക്കയറ്റിയവന്‍റെ മുഖത്ത് അവര്‍ തുപ്പി. അവര്‍ അവന്‍റെ കൈയില്‍ ഒരു ഞാങ്ങണ കൊടുത്തു. കാരണം വാര്‍ധക്യത്തിലെത്തിയ ലോകം ചാരി നിന്ന വടിപോലെ ആയിരുന്നു അവന്‍. ന്യായാധിപന്മാരുടെ വിധിവാചകങ്ങള്‍ ഉറപ്പിക്കപ്പെട്ടതും അംഗീകരിക്കപ്പെട്ടതും അതുകൊണ്ടായിരുന്നു. അതുപോലെ അവിടുന്ന് എഴുതിയതും, തന്‍റെ ഭവനത്തില്‍ നിന്ന് ദുഷ്ടരെ ആട്ടിയോടിച്ചതും അതുപയോഗിച്ചായിരുന്നു" (20,17). മണ്ണില്‍ നിന്ന് മെനഞ്ഞ് ആദത്തിന് ജീവന്‍ നല്‍കിയതും ശ്ലീഹന്മാരില്‍ പരിശുദ്ധാത്മാവിനെ കുടിയിരുത്തിയതും ദൈവം മനുഷ്യന്‍റെ മുഖത്ത് ഊതിക്കൊണ്ടായിരുന്നു. മനുഷ്യന് ദൈവത്തിന്‍റെ മുഖത്ത് തുപ്പാന്‍ പര്യാപ്തമാംവിധം ദൈവം മുഖം താഴ്ത്തി നിന്നുകൊടുത്തു. പാപപങ്കിലമായ ലോകം യുവത്വവും പ്രസരിപ്പും നഷ്ടപ്പെട്ട് ജരാനരകള്‍ പിടിപെട്ട് വീഴാന്‍ പോകവേ അവന്‍ അതിനെ താങ്ങിനിര്‍ത്തി. അവിടുന്ന് പാപിനിയോട് കാരുണ്യവും ദൈവാലയത്തെ അശുദ്ധമാക്കുന്ന ഹൃദയം കടുത്തവരോട് കാര്‍ക്കശ്യവും കാണിച്ചു. താന്‍ രക്ഷിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നവനായി കാണിച്ചുകൊടുത്തു. 'പടയാളികളില്‍ ഒരുവന്‍ അവനെ കുന്തംകൊണ്ട് കുത്തി' എന്ന വാക്യത്തെപ്പറ്റി സഭാപിതാക്കന്മാരുടെ ലോകത്തുനിന്ന് ലഭിച്ചിട്ടുള്ള ഏറ്റവും ഹൃദയാര്‍ജ്ജകവും ദൈവശാസ്ത്രസമ്പന്നവുമായ വ്യാഖ്യാനം എപ്രേമിന്‍റേതാണ്. സുദീര്‍ഘമായ ആ ഭാഗം മനസ്സിരുത്തി വായിക്കുന്നവര്‍ക്കാര്‍ക്കും ബൈബിള്‍ പണ്ഡിതനും ദൈവശാസ്ത്രജ്ഞനും കവിയും മിസ്റ്റിക്കുമായ എഫ്രേം അന്യനായിരിക്കുകയില്ല (21,10-13). "തിരുലിഖിതങ്ങളുടെ നിഗൂഢപ്രകാശം കാണാന്‍ നിങ്ങള്‍ക്ക് കഴിവില്ലെങ്കില്‍ അവ വായിക്കുന്ന അദ്ധ്വാനം ഉപേക്ഷിക്കുക" (20,29) എന്ന് അദ്ദേഹം പറയുന്നു. തിരുലിഖിതങ്ങളുടെ ആന്തരികതയിലേക്കു പോയാല്‍, പ്രകാശിതമായ ലോകത്തിലായിരിക്കും വായനക്കാരന്‍. അല്ലെങ്കില്‍ വാക്കുകളുടെ വേലികെട്ടുകള്‍ക്കപ്പുറം കടക്കാന്‍ കഴിയാതെ, അര്‍ത്ഥമറിയാതെ അവന്‍ അതുമിതും പുലമ്പുകയേയുള്ളൂ. വായനകൊണ്ടും കേള്‍വികൊണ്ടും അവസാനിക്കാതെ വാക്കുകളുടെ പുറംതോടുകള്‍ വിട്ട് അര്‍ത്ഥത്തിലേക്ക് എത്തിനില്‍ക്കണം. വാഗ്വിലാസത്തിന്‍റെ വാതായനങ്ങള്‍ വലിച്ചുതുറന്ന് അകത്തുകടന്നാലേ ബൈബിള്‍വ്യാഖ്യാനം കൊണ്ട് കാര്യമുള്ളൂ. പ്രപഞ്ചമാകുന്ന പുസ്തകം, തിരുലിഖിതം, മിശിഹായെന്ന താക്കോല്‍ എന്നിവ മൂന്നും ദൈവമേഖലയിലേക്ക് എത്തിച്ചേരാന്‍ മനുഷ്യനെ സഹായിക്കുന്നതിനാല്‍, വാക്കുകള്‍ക്കിടയിലൂടെ ആ തലത്തിലേക്ക് തീര്‍ത്ഥാടനം സാധ്യമാകുന്നു. അതത്രേ എഫ്രേം ആവര്‍ത്തിച്ചുപറയുക.
സത്യപെസഹാക്കുഞ്ഞാട്
മാര്‍ എഫ്രേമിനെ കൂടുതലായി സ്വാധീനിച്ചിട്ടുള്ളത് യോഹന്നാന്‍ ശ്ലീഹായും പൗലോസ് ശ്ലീഹായുമാണ്. എന്നാല്‍ സെമിറ്റിക്, യൂദയോ-ക്രിസ്റ്റ്യന്‍ പശ്ചാത്തലത്തിലാണ് അദ്ദേഹം തന്‍റെ ആശയങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളത്. സത്യകുഞ്ഞാടായ ക്രിസ്തു ഉദ്ഘാടനം ചെയ്ത പുതിയ ഉടമ്പടിയുടെ അനന്യതയെപ്പറ്റി അദ്ദേഹത്തിന് തികഞ്ഞ അവബോധം ഉണ്ടായിരുന്നു. ക്രിസ്തുരഹസ്യത്തിന്‍റെ മുന്‍കുറികള്‍ (തുപ്സേ) പഴയനിയമത്തിലും പ്രതീകങ്ങള്‍ പ്രകൃതിയിലും ദര്‍ശിച്ച എഫ്രേം പദ്യരൂപത്തില്‍ തന്‍റെ ക്രിസ്തുദര്‍ശനം അവതരിപ്പിച്ചു. പഴയനിയമത്തിന്‍റെ പൂര്‍ത്തീകരണമാണ് (ശുല്‍മാനാ ) ക്രിസ്തു. ക്രിസ്തുകേന്ദ്രീകൃതമാണെങ്കിലേ പഴയനിയമത്തിന് അര്‍ത്ഥമുള്ളൂ, അത് ക്രിസ്ത്യാനികളുടെ ഗ്രന്ഥമാകൂ. ക്രിസ്തുവില്‍ പൂര്‍ത്തീകൃതമായ മുന്‍കുറികള്‍ക്ക് ഇനി പ്രസക്തിയില്ല (പുളിപ്പില്ലാത്ത അപ്പത്തെക്കുറിച്ച്, 6,1-2). എന്നാല്‍ പുതിയനിയമം മനസ്സിലാക്കാന്‍ പഴയത് അത്യാവശ്യമാണ്. അവയുടെ യഥാര്‍ത്ഥ അര്‍ത്ഥം കണ്ടെത്തുക എന്നതാണ് സുപ്രധാന സംഗതി. പഴയനിയമ മുന്‍കുറികള്‍ പുതിയനിയമ യാഥാര്‍ത്ഥ്യങ്ങളുമായി (ശ്രാറേ ) എങ്ങനെ ഒത്തുപോകുന്നെന്ന് സൂക്ഷ്മാവലോകനദൃഷ്ട്യാ എഫ്രേം കാട്ടിത്തരുന്നു. ആഴമായ വിശ്വാസവും തികഞ്ഞ സഭാസ്നേഹവുമാണ് അദ്ദേഹത്തിന്‍റെ വഴികാട്ടികള്‍. ബുദ്ധിയെയും ഹൃദയത്തെയും ഒരു പോലെ സ്പര്‍ശിക്കത്തക്കവിധം ആരാധനാവസരങ്ങള്‍ക്കായി എഴുതപ്പെട്ടവയാണ് അദ്ദേഹത്തിന്‍റെ ഗീതങ്ങള്‍. പെസഹാക്കുഞ്ഞാട് (എമര്‍ പെസ്ഹാ ) പഴയനിയമത്തിലെ ഒരു സുപ്രധാന മുന്‍കുറിയാണ്. അതിനെ ആധാരമാക്കി എഫ്രേം ആഴമേറിയ രക്ഷാകരശാസ്ത്രം പടുത്തുയര്‍ത്തു. ഈജിപ്തില്‍ സന്ധ്യാസമയത്ത് അറുക്കപ്പെട്ട പെസഹാക്കുഞ്ഞാട് പുതിയ നിയമത്തിലെ സത്യകുഞ്ഞാടിന്‍റെ (എമര്‍ ഖുശ്താ) മുന്‍കുറിയാണ്. കുഞ്ഞാടിന്‍റെ കൊലയും രക്തം തളിക്കലും പുറപ്പാടും യാഹ്വേയുടെ ജനമായ ഇസ്രായേലിന്‍റെ ജനനത്തെ കുറിക്കുന്നു. ഭാവിയില്‍ യാഹ്വേ അവര്‍ക്കു നല്‍കാനിരിക്കുന്ന വിടുതലിന്‍റെയും വിജയത്തിന്‍റെയും, വാഗ്ദത്തനാട് സ്വന്തമാക്കുന്നതിന്‍റെയും അടയാളമാണത്. അന്നുമുതല്‍ പെസഹാ അനുഷ്ഠാനം വിടുതലിന്‍റെ അനുസ്മരണയാണ്, ഭാവിയില്‍ മിശിഹായിലൂടെയുള്ള രക്ഷയുടെ വാഗ്ദാനവുമാണ്.
ക്രിസ്തുവിന്‍റെ രക്തവും ബലിയും പുതിയ ഇസ്രായേലിനെ പിശാചില്‍ നിന്നും മരണത്തില്‍ നിന്നും പാപത്തിന്‍റെ ശക്തിയില്‍ നിന്നും വിടുവിക്കുന്നു. അത് ജീവനും സ്വാതന്ത്ര്യവും പ്രദാനം ചെയ്യുന്നു. കുര്‍ബാനയില ഈ ക്രിസ്തുസംഭവം അനുസ്മരിക്കുന്നു. അത് ഭാവിയിലെ വിടുതലിന്‍റെ അച്ചാരമാണ്. അന്ത്യത്താഴം, കുരിശിലെ ബലി, സഭയുടെ കുര്‍ബാന എന്ന ബലി എന്നീ ത്രിവിധരീതികളില്‍ പെസഹാക്കുഞ്ഞാട് ക്രിസ്തുവില്‍ യാഥാര്‍ത്ഥ്യവല്‍ക്കരിക്കപ്പെടുന്നു. അന്ത്യത്താഴത്തില്‍ സത്യകുഞ്ഞാട് തന്‍റെ ശരീരം മുറിച്ച് ശിഷ്യര്‍ക്ക് നല്‍കുന്നു (അതേകൃതി, 19,1-2). അത് കുരിശിലെ ജീവാര്‍പ്പണത്തിന്‍റെ രക്തരഹിതബലിയാണ്. മാളികമുറി ആദ്യപള്ളിയും അവിടുത്തെ മേശ ആദ്യബലിപീഠവുമാണ് (ക്രൂശിക്കലിനെക്കുറിച്ച്, 2,12). പ്രതീകാത്മക കുഞ്ഞാടും സത്യകുഞ്ഞാടും അവിടെ സന്ധിക്കുന്നു. മുന്‍കുറി യാഥാര്‍ത്ഥ്യമാകുന്നതും പ്രതീകം അവസാനിച്ച് യാഥാര്‍ത്ഥ്യം ആരംഭിക്കുന്നതും അവിടെയാണ് (അതേകൃതി, 2,11). അന്ത്യത്താഴത്തില്‍ ക്രിസ്തു യഥാര്‍ത്ഥത്തിലുള്ള പുളിപ്പില്ലാത്ത അപ്പവും പുതിയ പെസഹാഭക്ഷണവും ആയിത്തീര്‍ന്നു. അവിടുന്ന് കുഞ്ഞാടും അപ്പവും പുതിയ പെസഹായുടെ കാസായുമാണ്.
സത്യപെസഹാകുഞ്ഞാടായി ക്രിസ്തു കുരിശില്‍ ബലിയര്‍പ്പിക്കപ്പെട്ടു. പുരോഹിതനും ബലിവസ്തുവും അവനില്‍ സന്ധിച്ച് അവന്‍ പരിപൂര്‍ണ ബലിയായിത്തീര്‍ന്നു (പുളിപ്പില്ലാത്ത അപ്പത്തെക്കുറിച്ച് 2,2-5). അവിടുന്ന് സത്യകുഞ്ഞാടും അതേസമയം അജഗണത്തിനുവേണ്ടി തന്നെത്തന്നെ സമര്‍പ്പിക്കുന്ന ഇടയനുമാണ് (മനുഷ്യാവതാരം,3.15). അവന്‍റെ രക്തം പുതിയ ഇസ്രായേലിനെ മരണത്തില്‍ നിന്ന് രക്ഷിച്ച് ജീവന്‍ പ്രദാനം ചെയ്തു. ഈ ബലിമൂലം യഹൂദരുടെയും വിജാതിയരുടെയും സമസ്ത മൃഗബലികളും കഥയില്ലാത്തതായി മാറി. കാരണം, സത്യകുഞ്ഞാടായ ക്രിസ്തുവിന്‍റെ രക്തം കൂടാതെ രക്ഷയില്ല. ഇന്ന് ആ രക്ഷ സഭയില്‍ കുര്‍ബാനയിലെ ബലിയിലൂടെയാണ് ലോകം മുഴുവന്‍ നല്‍കപ്പെടുന്നത്. സത്യപെസഹായുടെ പൂര്‍ത്തീകരണമാണ് കുര്‍ബാന. ഈ പുതിയ പെസഹാബലിയില്‍ ക്രിസ്തുവാണ് കുഞ്ഞാട്. അവന്‍റെ പൗരോഹിത്യം മറ്റെല്ലാ പ്രതീകാത്മക പൗരോഹിത്യങ്ങളെയും നീക്കിക്കളഞ്ഞു. യാഥാര്‍ത്ഥ്യം കടന്നുവന്നപ്പോള്‍ നിഴലുകള്‍ നീങ്ങിപ്പോയി. സത്യപ്രകാശം ഉദയം ചെയ്തപ്പോള്‍ ഇരുള്‍ പമ്പകടന്നു. കുര്‍ബാനയില്‍ അവിടുന്ന് നമ്മുടെ അപ്പമായി തീരുന്നു. ഇതിനെ യൂദരുടെ അപ്പവുമായി കൂട്ടിക്കുഴയ്ക്കരുത് (അതേകൃതി, 19,22-24). പറുദീസാ എന്ന വാഗ്ദത്തനാട്ടിലേക്കുള്ള തീര്‍ത്ഥാടനത്തില്‍ ക്രിസ്തുശിഷ്യരെ താങ്ങിനിര്‍ത്തുന്നത് ഈ സജീവ അപ്പമാണ്. അത് അവരെ ആന്തരികമായി രൂപാന്തരപ്പെടുത്തുകയും മരണത്തെ കൊന്ന് അവര്‍ക്ക് ജീവന്‍ നല്‍കുകയും ചെയ്യുന്നു. ഈ അപ്പത്തിന്‍റെ അവാച്യശക്തി പരിശുദ്ധാത്മാവില്‍നിന്ന് വരുന്നതിനാല്‍ അതിലൂടെ ദൈവജനത്തിന് ഈ ധരണിയില്‍ വച്ചുതന്നെ ക്രിസ്തുവുമായി ഗാഢബന്ധമുണ്ടാകുന്നു. ഭാവിമഹത്വത്തിന്‍റെ അച്ചാരമായി തീരുകയും ചെയ്യുന്നു: "മുന്‍കുറി ഈജിപ്തിലായിരുന്നു, യാഥാര്‍ത്ഥ്യം സഭയിലും അതിന്‍റെ പൂര്‍ത്തീകരണം രാജ്യത്തിലും" എന്ന് എഫ്രേം പറയുന്നത് അര്‍ത്ഥവത്താണ്. (അതേകൃതി, 5,23).
ക്രിസ്തുവിലുള്ള നവീകരണം
ആദ്യമനുഷ്യന്‍ സ്വതന്ത്രേച്ഛയാല്‍ ഉരിഞ്ഞുകളഞ്ഞ മഹത്വവസ്ത്രം അവനെ ധരിപ്പിക്കാനാണ് കാലപൂര്‍ത്തിയില്‍ ദൈവപുത്രന്‍ മനുഷ്യനായി തീര്‍ന്നത്. മനുഷ്യന് നിത്യജീവനും ദൈവികമഹത്വവും സത്യജ്ഞാനവും നല്‍കുക എന്നതായിരുന്നു ദൈവികപദ്ധതി. തന്‍റെ ജീവൗഷധത്താല്‍ അവിടുന്ന് മനുഷ്യകുലത്തെ ജീവിപ്പിച്ചു. അവനെ പറുദീസായില്‍ വീണ്ടും പ്രവേശിപ്പിച്ചു. ഭൗമികജീവിതം പറുദീസാ ലക്ഷ്യമാക്കിയുള്ള യാത്രയായി എഫ്രേം അവതരിപ്പിക്കുന്നു. ക്രിസ്തുവിലൂടെ മാത്രമേ മനുഷ്യന് പറുദീസായില്‍ കയറാനാകൂ. അതുകൊണ്ട്, ക്രിസ്തു 'വഴിയും വാതിലും' എന്നു വിളിക്കപ്പെടുന്നു. ക്രിസ്തുവാണ് നമ്മുടെ മഹത്വവസ്ത്രം. അവിടുന്നാണ് നമ്മുടെ വെളിച്ചവും ശോഭയും. പാപത്തിന്‍റെയും മരണത്തിന്‍റെയും അടിമത്തത്തില്‍ നിന്ന് തന്‍റെ കുരിശിലെ മരണത്താല്‍ ക്രിസ്തു നമ്മെ വിടുവിച്ചു. അങ്ങനെ മനുഷ്യരക്ഷാചരിത്രം പറുദീസായിലെ മരത്തില്‍ നിന്ന് കുരിശുമരത്തിലേക്കുള്ള യാത്രയാണ്. ആ യാത്ര അവിടംകൊണ്ട് അവസാനിക്കാതെ സീയോനില്‍ നിന്ന് സഭയിലേക്കും സ്വര്‍ഗരാജ്യത്തിലേക്കും നീണ്ടുകിടക്കുന്നു. സഭയിലെ ദിവ്യകൂദാശകളിലൂടെ ക്രിസ്തുസംഭവം യാഥാര്‍ത്ഥ്യവല്‍ക്കരിക്കപ്പെടുന്നു, മനുഷ്യര്‍ പറുദീസായിലേക്ക് പ്രവേശിക്കുന്നു. സഭയാണ് നവപറുദീസാ. അവിടെ ക്രിസ്തുവാണ് ജീവവൃക്ഷം. രക്തവും വെള്ളവും (യോഹ. 19,34) സ്നാനത്തെയും കുര്‍ബാനയെയും സൂചിപ്പിക്കുന്നു. ക്രിസ്തുവിന്‍റെ പാര്‍ശ്വത്തിലൂടെയാണ് മനുഷ്യര്‍ പറുദീസായിലേക്ക് കടക്കുന്നത്.
തന്‍റെ സ്നാനത്താല്‍ ക്രിസ്തു എല്ലാ ജലാശയങ്ങളെയും വിശുദ്ധീകരിക്കുകയും അവയില്‍ തന്‍റെ ആത്മാവിനെ നിക്ഷേപിക്കുകയും ചെയ്തു. പരിശുദ്ധാത്മാവിനാല്‍ മനുഷ്യരുടെ നീതീകരണത്തിനുള്ളതാണ് ക്രിസ്തീയസ്നാനം. മനുഷ്യര്‍ ശുദ്ധീകരിക്കപ്പെട്ട് മഹത്വീകരിക്കപ്പെടുന്നതും ജീവനിലേക്ക് പ്രവേശിക്കുന്നതും സ്നാനത്തിലൂടെയാണ്. യോര്‍ദാനില്‍ പഴയനിയമവും പുതിയനിയമവും സന്ധിക്കുന്നു. പഴയതിന്‍റെയെല്ലാം പൂര്‍ത്തീകരണം അവിടെ നടക്കുന്നു. ക്രിസ്തുവിലും പരിശുദ്ധാത്മാവിലുമുള്ള നവജീവന്‍ സ്നാനം പ്രദാനം ചെയ്യുന്നു. സ്നാനം വീണ്ടും ജനിപ്പിക്കുന്നു, അത് രണ്ടാം ജനനമാണ്. അത് മഹത്വവസ്ത്രം ധരിപ്പിക്കുന്നു. നഷ്ടപ്പെട്ട ഛായയും സാദൃശ്യവും തിരികെ നല്കുന്നു. അതായത്, പറുദീസായിലേക്ക് കടത്തുന്നു. ഒരദൃശ്യമുദ്ര പ്രദാനം ചെയ്യുന്നു. ജീവവൃക്ഷത്തില്‍ നിന്ന് ഭക്ഷിക്കാന്‍ അനുവാദം ലഭിക്കുന്നു. സ്വര്‍ഗീയവിരുന്നിന്‍റെ മുന്നാസ്വാദനം അനുഭവിക്കുന്നു. അന്ധകാരം നീക്കി പ്രകാശിതരാക്കുന്നു. 'മഹത്വവസ്ത്രം ധരിക്കുക' എന്നാല്‍ ക്രിസ്തുവിനെ ധരിക്കുക എന്നാണര്‍ത്ഥം. കാലാന്ത്യത്തിലെ മണവറയിലേക്കുള്ള മഹത്വവസ്ത്രവും അവന്‍ തന്നെയാണ്. ക്രിസ്തുവിന്‍റെ ഛായയാണ് മനുഷ്യനു ലഭിക്കുന്ന രാജകീയമുദ്ര. ക്രിസ്തുവിന്‍റെ മുദ്രയാണത്. അങ്ങനെ നാം നവസൃഷ്ടികളാകുന്നു. ഈ നവസൃഷ്ടി പരിശുദ്ധാത്മാവിലുള്ള നവീകരണം തന്നെയാണ്. ആന്തരിക നവീകരണത്തോടൊപ്പം അമര്‍ത്യതയുടെ അച്ചാരം നമ്മുടെ ശരീരങ്ങള്‍ക്കും ലഭിക്കുന്നു. മര്‍ത്യശരീരം ദൈവത്തിന്‍റെ വാസഗേഹമായിതീര്‍ന്നു. നാം ദൈവീകരിക്കപ്പെടുന്നു, ദൈവഭവനാംഗങ്ങളാകുന്നു, ഉയര്‍ത്തപ്പെടുന്നു, ദൈവവുമായി ഐക്യപ്പെട്ട് ദൈവമക്കളായി തീരുന്നു.
മാര്‍ എഫ്രേം വി. കുര്‍ബാനയെ അപ്പം, ആത്മീയഭക്ഷണം, ക്രിസ്തുവിന്‍റെ രക്തം, ക്രിസ്തുവിന്‍റെ ശരീരം, ജീവൗഷധം, പുതിയ രഹസ്യം, സജീവബലിവസ്തു, രക്ഷയുടെ കാസാ എന്നൊക്കെ വിളിക്കുന്നു. വി. കുര്‍ബാന ജീവദായക ദിവ്യരഹസ്യമാണ്. ക്രിസ്തുവിന്‍റെ സൗഖ്യദായകകര്‍മ്മം ഫലദായകമാകുന്നത് കുര്‍ബാനയിലാണ്. അപ്പം വര്‍ദ്ധിപ്പിച്ചതിലും അത്ഭുതകരമായ മീന്‍പിടിത്തത്തിലും സൗഖ്യദായക കര്‍മ്മത്തിലും (ലൂ. 7,36-50) പുളിമാവിന്‍റെ ഉപമയിലും (മത്താ. 13,30) കാനായിലെ അടയാളത്തിലും ഒക്കെ എഫ്രേം കുര്‍ബാനയുടെ സൂചനകള്‍ കാണുന്നു. പെസഹാ കുഞ്ഞാടിലും പെസഹാ ഭക്ഷണത്തിലും പുളിപ്പില്ലാത്ത അപ്പത്തിലും ഏദനിലും ഒക്കെ കുര്‍ബാനയുടെ മുന്‍കുറി ദൃശ്യമാണ്. ജീവൗഷധമായ കുര്‍ബാന ശുദ്ധീകരിക്കുകയും പവിത്രീകരിക്കുകയും കടങ്ങള്‍ പരിഹരിക്കുകയും പാപബന്ധനങ്ങളില്‍ നിന്ന് സ്വതന്ത്രരാക്കുകയും നവജീവന്‍ നല്‍കുകയും ചെയ്യുന്നു. ഇത് സജീവമായ അപ്പമാണ്. ഉദയസൂര്യനെപ്പോലെ ക്രിസ്തു തന്‍റെ പ്രകാശവും ശോഭയും വി. കുര്‍ബാനയില്‍ വെളിപ്പെടുത്തുന്നു. അത് ഭക്ഷിക്കുന്നവര്‍ക്ക് നിത്യജീവനും ജീവന്‍റെ ഭണ്ഡാരവും കരഗതമാകുന്നു. ഈ ശരീരം മര്‍ത്യശരീരങ്ങളെയും ആത്മാക്കളെയും ജീവിപ്പിക്കുന്നു. ജീവവൃക്ഷത്തിന്‍റെ ഫലമാണ് ക്രിസ്തുവിന്‍റെ ശരീരം. പറുദീസായിലെ മരം മരണത്തില്‍ എത്തിച്ചെങ്കില്‍, ഗാഗുല്‍ത്തായിലെ മരം മരണ നുകത്തില്‍ നിന്നു മോചിപ്പിച്ചു. സഭയാകുന്ന പറുദീസായിലെ നവഫലമാണ് കുര്‍ബാന. ഈ ഫലം പറുദീസായിലേക്ക് നമ്മെ കടത്തുന്നു. അതുകൊണ്ട് സ്വര്‍ഗരാജ്യത്തിനായി ഒരുങ്ങിവേണം ഇത് സ്വീകരിക്കാന്‍. വിശ്വാസത്തോടും കളങ്കമില്ലാതെയും ശുദ്ധമനസ്സാക്ഷിയോടും ഭയഭക്തിബഹുമാനങ്ങളോടും സാഹോദര്യസ്നേഹത്തോടും കൂടെ ഇതിനെ സമീപിക്കണം. അപ്പോള്‍ ഈ കാസാ ജീവന്‍റെ മഹാഉറവയായിത്തീരും. ക്രിസ്തുവില്‍ നിന്ന് സഭ സ്വീകരിച്ച ഏറ്റവും വലിയ ദാനമാണ് വി. കുര്‍ബാന. അത് തന്‍റെ സ്വന്തം ജീവദായകശരീരമാണ്. തന്‍റെ ഭൗമികശരീരം സൗഖ്യത്തിന്‍റെയും ശുദ്ധീകരണത്തിന്‍റെയും ഉറവയായിരുന്നതുപോലെ വി. കുര്‍ബാനയിലെ ശരീരവും സൗഖ്യദായകവും ജീവദായകവുമാണ്.
ക്രിസ്തു നേടിത്തന്ന രക്ഷ ഓരോ വ്യക്തിയും തന്‍റെ സ്വതന്ത്രേച്ഛ ഉപയോഗിച്ച് സ്വന്തമാക്കണം. പാപത്തില്‍ നിന്നുള്ള മോചനത്തിന് ഇച്ഛാശക്തിയുടെ നിയന്ത്രണവും പരിഹാരകര്‍മങ്ങളും അപരിത്യാജ്യമാണ്. പറുദീസായിലേക്ക് മടങ്ങാന്‍ അനുതാപകര്‍മ്മങ്ങള്‍ അവശ്യാവശ്യമാണ്. ഈ കര്‍മ്മങ്ങളെല്ലാം ദൈവസ്നേഹത്തിലേക്കു നയിക്കണം. പാപിനി കര്‍തൃപാദം കഴുകിയതുവഴി പാപമോചനത്തിന് അര്‍ഹയായി. മാനസ്സാന്തരത്തിന്‍റെ ബാഹ്യാടയാളങ്ങളാണ് അനുതാപകര്‍മ്മങ്ങള്‍. ഉപവാസം, അനുതാപക്കണ്ണീര്‍ തുടങ്ങിയവ ദൈവസമക്ഷം നമ്മെ സ്വീകൃതരാക്കും. അനുതാപി ദൈവസമക്ഷം അണയാന്‍ തല്‍പരനായിരിക്കും. അവന് ദൈവകാരുണ്യം ലഭിക്കുകയും ചെയ്യും. പ്രാര്‍ത്ഥനയും നിശാജാഗരണവും കരുണ ലഭിക്കാന്‍ സഹായകമാണ്. നമ്മുടെ വിശ്വാസപ്രഖ്യാപനമാണ് പ്രാര്‍ത്ഥന. നാമത് പരസ്യമായി നടത്തുകയും വേണം. ഹൃദയത്തില്‍ നിന്നുയരുന്ന പ്രര്‍ത്ഥന സ്വര്‍ഗകവാടം തുറക്കും. പ്രാര്‍ത്ഥനയും ദൈവസംസര്‍ഗവുമാണ് നിശാജാഗരണം. താപസ്സകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതു മാത്രമല്ല ക്രിസ്തീയജീവിതം. താപസ്സമനോഭാവവും വീക്ഷണവും അതിനോടു ചേര്‍ന്നുപോകണം. ഭൗമികവസ്തുക്കളോടും നേട്ടങ്ങളോടും സമ്പാദ്യങ്ങളോടുമുള്ള മനോഭാവത്തില്‍ അത് അടങ്ങിയിരിക്കുന്നു. ദൈവത്തില്‍ എല്ലാ പ്രത്യാശയും സമര്‍പ്പിക്കാന്‍ അത് പ്രേരിപ്പിക്കുന്നു. അത് സ്വര്‍ഗരാജ്യത്തെ ലക്ഷ്യമാക്കുന്നു. ഇപ്രകാരം ജീവിക്കാന്‍ സഹായകമായ ജീവിതമാണ് കന്യാത്വജീവിതമെന്ന് മാര്‍ എഫ്രേം കരുതുന്നു. വിശ്വാസികള്‍ ഏവരും തങ്ങളുടെ ജീവിതാവസ്ഥയില്‍ നിന്നുകൊണ്ട് ഈ ലക്ഷ്യത്തില്‍ എത്തിച്ചേരേണ്ടതുണ്ട്.
സിറിയാക്കാരന്‍ താസ്യന്‍
അക്രൈസ്തവ മാതാപിതാക്കളില്‍നിന്നു സിറിയായിലാണു താസ്യന്‍ ജനിച്ചത്. യഥാര്‍ത്ഥ തത്ത്വജ്ഞാനം തേടിയിറങ്ങിയ താസ്യന്‍ അവസാനമായി ക്രിസ്തുമതത്തില്‍ അതു കണ്ടെത്തുകയും അതിനെ ആശ്ലേഷിക്കുകയും ചെയ്തു. റോമില്‍ വച്ചായിരിക്കാം അദ്ദേഹം ക്രിസ്ത്യാനിയായത്. പേഗനിസ്സത്തിന്‍റെ പാപ്പരത്തവും വി. ഗ്രന്ഥത്തിന്‍റെ ഔന്നത്യവും ക്രിസ്തുമതത്തിന്‍റെ മഹനീയതയും പരിശുദ്ധിയും താസ്യന്‍ മനസ്സിലാക്കി. റോമില്‍ ഒരു വിദ്യാപാഠശാല നടത്തിക്കൊണ്ടിരുന്ന ജസ്റ്റിന്‍ എന്ന ക്രൈസ്തവതാത്ത്വികന്‍റെ ശിഷ്യനാകയും 150 തോടുകൂടി ക്രിസ്ത്യാനിയാകയും ചെയ്തു.
ജസ്റ്റിനും താസ്യനും ഗുരുവും ശിഷ്യനുമായിരുന്നെങ്കിലും ഇരുവരും തമ്മില്‍ നിരവധി കാര്യങ്ങളില്‍ വളരെയധികം അന്തരം ഉണ്ടായിരുന്നു. സത്യത്തിന്‍റെ അംശം ഗ്രീക്കു തത്ത്വചിന്തയിലുണ്ടെന്ന് ജസ്റ്റിന്‍ വാദിക്കുന്നു; എന്നാല്‍ എല്ലാ ഗ്രീക്കുശാസ്ത്രങ്ങളും ത്യാജ്യങ്ങളാണെന്നാണ് താസ്യന്‍ ചിന്തിക്കുന്നത്. ക്രിസ്തുമതത്തെ ശ്ലാഘിക്കുന്ന ജസ്റ്റിന്‍ അക്രൈസ്തവ താത്ത്വികരെ ബഹുമാനിച്ചിരുന്നു; താസ്യനാകട്ടെ ഗ്രീക്കു സംസ്ക്കാരത്തോട് ബന്ധപ്പെട്ടതെല്ലാം വെറുത്തു, സമകാലീന ഗ്രീക്കു വിദ്യാഭ്യാസവും സംസ്കാരവും ക്രിസ്ത്യാനികള്‍ ത്യജിക്കണമെന്നുവരെ താസ്യന്‍ പറഞ്ഞുവച്ചു.
172 ഓടുകൂടി താസ്യന്‍ സിറിയായില്‍ തിരിച്ചെത്തുകയും 'എന്‍ക്രത്തീത്തര്‍' (ഋിരൃമശേലേെ) എന്ന സമൂഹം സ്ഥാപിക്കയും ചെയ്തു. ഇതൊരു ഗ്നോസ്റ്റിക് സമൂഹമാണ്. വിവാഹം വ്യഭിചാരമായി ഇക്കൂട്ടര്‍ കരുതുന്നു. മാംസം, വീഞ്ഞ് എന്നിവ ഉപയോഗിക്കാനേ പാടില്ല. കുര്‍ബാനയില്‍ വീഞ്ഞിനു പകരം വെള്ളം ഉപയോഗിക്കാന്‍ ഇവര്‍ ശാഠ്യം പിടിച്ചു. 'അക്വാറീ' (അൂൗമൃശശ) എന്നും ഇവര്‍ അറിയപ്പെടുന്നു. (ഇവരെപ്പറ്റി താഴെ കാണുക).
താസ്യന്‍റെ കൃതികള്‍
താസ്യന്‍റെ രണ്ടു കൃതികള്‍ നമുക്ക് ലഭിച്ചിട്ടുണ്ട്. 'ഗ്രീക്കുകാരോടുള്ള സംവാദം' 'ദിയാതെസ്സാറോന്‍' എന്നിവയാണവ.
എഴുതിയ കാലത്തെ സംബന്ധിച്ചും ഉദ്ദേശ്യത്തെ സംബന്ധിച്ചും പണ്ഡിതന്മാരുടെ ഇടയില്‍ തര്‍ക്കം നിലനില്ക്കുന്നു. ജസ്റ്റിന്‍റെ മരണശേഷമായിരിക്കാം താസ്യന്‍ ഇതെഴുതിയത്. 'എന്‍ക്രത്തീത്ത' വിഭാഗം സ്ഥാപിക്കുന്നതിനു മുന്‍പാണോ അതിനു ശേഷമാണോ എഴുതിയതെന്ന് തീര്‍ച്ച പറയാന്‍ സാധിക്കയില്ല ഇത് ഒരു വിശ്വാസ സമര്‍ത്ഥ കൃതിയേയല്ല എന്നു കരുതുന്നവരുമുണ്ട് അവരുടെ വീക്ഷണത്തില്‍ താന്‍ സ്ഥാപിച്ച കലാലയത്തിലേയ്ക്കു വിദ്യാര്‍ത്ഥികളെ ക്ഷണിച്ചുകൊണ്ടുള്ള ഒരു പ്രസംഗമാണിത്. ഈ കൃതി ഉടനീളം ഗ്രീക്കുസംസ്ക്കാരത്തോടു കടുത്ത എതിര്‍പ്പു പ്രകടമാക്കുന്നു. ഗ്രീക്കുകാരുടെ തത്ത്വശാസ്ത്രം, മതം, നേട്ടങ്ങള്‍ ആദിയായവ അദ്ദേഹത്തിന്‍റെ നോട്ടത്തില്‍ മൗഢ്യവും മൂല്യരഹിതവും അധാര്‍മ്മികവും ആണ്. ഗ്രീക്കുസംസ്ക്കാരത്തില്‍ മൂല്യമുള്ളതായി എന്തെങ്കിലും ഉണ്ടെങ്കില്‍ അത് അപരിഷ്കൃതരില്‍നിന്നു കടമെടുത്തതാണ്. എന്നാല്‍ അതിനൊന്നും ഒരു വിലയുമില്ല; അധാര്‍മ്മികത വളര്‍ത്താനേ അത് ഉപകരിക്കയുള്ളുവത്രെ.
ഈ ഗ്രന്ഥത്തിനു നാലു ഭാഗങ്ങളുണ്ട് (1) ഒന്നാം ഭാഗം (അധ്യാ. 4, 3-7, 6) ഒരു ക്രിസ്തീയ പ്രപഞ്ചശാസ്ത്രമാണ്. ദൈവം (4,3-5), വചനം, ലോകസൃഷ്ടി (5), മനുഷ്യസൃഷ്ടി, ഉത്ഥാനം, വിധി (6-7, 1), മാലാഖമാരുടെ സൃഷ്ടി, സ്വതന്ത്രമനസ്സ്, മാലാഖമാരുടെ വീഴ്ച, ആദിമാതാപിതാക്കന്മാരുടെ പാപം, ദുഷ്ടാരൂപികള്‍ (7,2-8) എന്നീ കാര്യങ്ങള്‍ ഈ ഭാഗത്തു ചര്‍ച്ച ചെയ്യുന്നു. (2) രണ്ടാംഭാഗം (8-20) പിശാചുക്കളെപ്പറ്റിയുള്ള വിവരണങ്ങളാണ്. ജോത്സ്യം പിശാചിന്‍റെ കണ്ടുപിടുത്തമാണ്. സ്വാതന്ത്ര്യം ദുരുപയോഗിച്ച മനുഷ്യന്‍ പിശാചിന്‍റെ അടിമയായി തീര്‍ന്നു. ലോകവസ്തുക്കള്‍ പാടേ ഉപേക്ഷിക്കുന്നതുവഴി മനുഷ്യന് ഈ അടിമത്തത്തില്‍നിന്നു മോചനം പ്രാപിക്കാന്‍ സാധിക്കും (3-11). ഇതിനുള്ള ശക്തി ലഭിക്കാനായി നമ്മുടെ അരൂപിയെ സ്വര്‍ഗീയാരൂപി (പ്നെവുമാ)യുമായി ബന്ധിക്കണം. മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ 'പ്നെവുമാ' അവനുള്ളില്‍ വസിച്ചു. എന്നാല്‍ പിശാചിന്‍റെ പ്രേരണയാല്‍ പാപം ചെയ്തപ്പോള്‍ അത് അവനില്‍ നിന്നു പുറത്തുപോയി (12-15, 1). പദാര്‍ത്ഥത്തിന്‍റെയും ദുഷ്ടതയുടെയും സദൃശ്യമാണ് പിശാചുക്കള്‍. ഒരിക്കലും പിശാചിന് അനുതപിക്കാനാവില്ല! മനുഷ്യനാകട്ടെ ദൈവസാദൃശ്യത്തിലാകയാല്‍, അമര്‍ത്യത പ്രാപിക്കാന്‍ സാധിക്കും. സ്വയം നിഗ്രഹം വഴി മനുഷ്യന്‍ അത് സാധിക്കുന്നു (15, 2-16, 6). പദാര്‍ത്ഥത്തെ പരിത്യജിച്ച് അമര്‍ത്യത തേടന്നതുകൊണ്ട് മരണത്തെ മനുഷ്യന്‍ ഭയപ്പെടാനില്ല (16, 7-20). (3) മൂന്നാംഭാഗം (21-30) ജീവിതത്തോടുള്ള ക്രിസ്തീയ വീക്ഷണത്തിന്‍റെ വെളിച്ചത്തില്‍ ഗ്രീക്കു സംസ്കാരം ചര്‍ച്ചാവിഷയമാക്കുന്നു. ഗ്രീക്കുദൈവശാസ്ത്രം മൂഢത്വമാണ്; മനുഷ്യാവതാരരഹസ്യമാകട്ടെ മഹോന്നതവും ശ്രേഷ്ഠവുമാണ് (21). ഗ്രീക്കുകാരുടെ തീയേറ്ററുകള്‍ തിന്മയുടെ ഉറവിടമാണ്. കളിസ്ഥലങ്ങള്‍ കൊലക്കളങ്ങളാണ്... അവരുടെ നൃത്തം, സംഗീതം, കവിത എന്നിവയൊക്കെ മൂല്യരഹിതമാണ് (22-24). ഗ്രീക്കുതത്ത്വശാസ്ത്രവും നിയമവും പരസ്പരം യോജിച്ചുപോകാന്‍ പ്രയാസമുള്ളവയാണ് (25-28). ഈ പശ്ചാത്തലത്തില്‍ ക്രിസ്തുമതം ജ്വലിച്ചു പ്രകാശിക്കുന്നു (29-30). (4) നാലാംഭാഗത്തു ക്രിസ്തുമതത്തിന്‍റെ ധാര്‍മ്മികമൂല്യം ഉറക്കെ പ്രഖ്യാപിക്കുന്നു (31-41). ഗ്രീസിലെ എല്ലാ നിയമദാതാക്കള്‍ക്കും മുന്‍പെ മോശ ജീവിക്കയും നിയമം പ്രദാനം ചെയ്യുകയും ചെയ്തു. അതുകൊണ്ടു ക്രിസ്തുമതം മറ്റെല്ലാറ്റിനേക്കാളും പ്രാചീനത്വം ഉള്ളതാണ് (31,1-63, 6-41). ക്രിസ്തീയജീവിതവും ക്രിസ്തീയതത്ത്വശാസ്ത്രവും എല്ലാവിധസ്പര്‍ദ്ധയില്‍നിന്നും അസൂയയില്‍നിന്നും അകന്നതാണ്. ക്രിസ്ത്യാനികള്‍ മനുഷ്യമാംസഭുക്കുകളാണെന്നും അധാര്‍മ്മികത പ്രവര്‍ത്തിക്കുന്നവരാണെന്നും ഉള്ള ദോഷാരോപണം ഗ്രീക്കുകാരുടെ പ്രവര്‍ത്തനത്തിന്‍റെ പ്രതിഫലനമാണ് (31, 7-35). താസ്യന്‍ ഇപ്രകാരം ഉപസംഹരിക്കുന്നു: 'ഗ്രീക്കുകാരേ, ഈ കാര്യങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി ബാര്‍ബേറിയന്‍ തത്ത്വശാസ്ത്രത്തിന്‍റെ ശിഷ്യനായ ഞാന്‍, താസ്യന്‍, രചിച്ചു. ഞാന്‍ അസ്സീറിയാ ദേശത്തു ജനിച്ചു; നിങ്ങളുടെ തത്ത്വങ്ങള്‍ പഠിച്ചു. അതിനുശേഷം ഇപ്പോള്‍ ഞാന്‍ പ്രഘോഷിക്കുന്ന ഇതു പഠിച്ചു. ദൈവം ആരാണെന്നും, തന്‍റെ കര്‍മ്മം എന്താണെന്നും ഗ്രഹിച്ചതിന്‍റെ ഫലമായി എന്‍റെ തത്ത്വങ്ങള്‍ പരിശോധനാവിധേയമാകാന്‍ നിങ്ങളുടെ മുന്‍പാകെ ഞാന്‍ സമര്‍പ്പിക്കുന്നു. ദൈവത്തിനു ഹിതകരമായ ആ ജീവിതത്തോട് അഭേദ്യമായി പറ്റിച്ചേരുവാന്‍ ഞാനാഗ്രഹിക്കുന്നു' (42).
താസ്യന്‍റെ ഏറ്റം പ്രധാനകൃതിയാണിത്. 'തോ ദിയാതെസ്സറോന്‍ ഏവന്‍ഗേലിയോന്‍' എന്നാണ് പൂര്‍ണ്ണനാമം. നാലു സുവിശേഷങ്ങളില്‍ നിന്നുമുള്ള ഒരു സംക്ഷിപ്തവിവരണം. 'നാലില്‍നിന്ന്' (ദിയാതെസ്സറോന്‍) എന്നു താസ്യന്‍ ഇതിനു പേരിട്ടു.
നാലു സുവിശേഷങ്ങളില്‍നിന്നും തെരഞ്ഞെടുത്ത വാചകങ്ങള്‍കൊണ്ടു തുടര്‍ച്ചയായി വിരചിച്ച ഒറ്റ സുവിശേഷമാണിത്. സുറിയാനിസഭയില്‍ അനേകനാള്‍ ഇത് ഔദ്യോഗിക സുവിശേഷമായി ആരാധനക്രമത്തില്‍ ഉപയോഗിച്ചിരുന്നു. ഇതിനുപകരം പുതിയൊരു ബൈബിള്‍ വിവര്‍ത്തനം നടപ്പാക്കിയത് മാര്‍ റാബുള (+435) അത്രേ. 'ഏവന്‍ഗേലിയോന്‍ ദ്മെഫറേശെ' എന്നാണ് റാബുളയുടെ വിവര്‍ത്തനത്തിന്‍റെ പേര്. റാബുള നാലു സുവിശേഷങ്ങളും വെവ്വേറെ സുറിയാനിയിലേക്കു വിവര്‍ത്തനം ചെയ്യിച്ചു നടപ്പാക്കി (cf ജി. ചേടിയത്ത്, സഭാപിതാക്കന്മാര്‍ പേ. 242, നമ്പര്‍ 12). താസ്യന്‍റെ 'സംയുക്ത സുവിശേഷം' കാലാന്തരത്തില്‍ അപ്രത്യക്ഷമായി.
പൗരസ്ത്യദേശത്തു തിരികെ എത്തിയ ശേഷമായിരിക്കാം താസ്യന്‍ ഇതു നിര്‍മ്മിച്ചത്. ഗ്രീക്കിലാണോ സുറിയാനിയിലാണോ രചിച്ചത് എന്നതു കൃത്യമായി പറയാന്‍ സാധ്യമല്ല. ഗ്രീക്കായിരിക്കാം മൂലഭാഷ. താസ്യന്‍ തന്നെ പിന്നീടതു സുറിയാനിയിലാക്കിയിരിക്കാം. 1934ല്‍ സിറിയയിലെ ഡൂറാ-എവുറോപ്പോസില്‍ 254നു മുമ്പ് എഴുതപ്പെട്ട ഗ്രീക്കു കയ്യെഴുത്തുപ്രതിയുടെ ചില ശകലങ്ങള്‍ (14 വരികള്‍) കണ്ടെടുക്കുകയുണ്ടായി. 360നും 370നും ഇടയ്ക്ക് താസ്യന്‍റെ 'സംയുക്ത സുവിശേഷത്തിന് മാര്‍ അപ്രേം എഴുതിയ ഭാഷ്യം ആറാം നൂറ്റാണ്ടിലെ ഒരു അര്‍മേനിയന്‍ വിവര്‍ത്തനത്തിലൂടെ നമുക്കു കൈവന്നിട്ടുണ്ട്; സുറിയാനി മൂലം നഷ്ടപ്പെട്ടുപോയി.
താസ്യന്‍റെ മറ്റെല്ലാ കൃതികളും നമുക്കു നഷ്ടപ്പെട്ടിരിക്കയാണ്. തന്‍റെ വിശ്വാസസമര്‍ത്ഥന കൃതിയില്‍ മൂന്നു കൃതികളുടെ പേരുകള്‍ താസ്യന്‍തന്നെ നല്‍കുന്നു. 'മൃഗങ്ങളെപ്പറ്റി' (പെരിസോഓന്‍) (അധ്യാ. 5); പിശാചുക്കളെപ്പറ്റി (അധ്യാ. 16); 'ദൈവികകാര്യങ്ങളെപ്പറ്റി ചര്‍ച്ച ചെയ്തവര്‍ക്കെതിരെ' (അധ്യാ. 14). അലക്സാണ്ട്രിയയിലെ ക്ലെമന്‍റ് താസ്യന്‍റെ 'പൂര്‍ണതയെപ്പറ്റി' എന്ന കൃതിയില്‍നിന്നു ഉദ്ധരിക്കുന്നു (സ്ട്രൊമാറ്റാ 3,81, 1 ff). 'പ്രശ്നങ്ങളെപ്പറ്റി' ഒരു കൃതി എഴുതിയതായി റോദോന്‍ പറയുന്നു (എവു. സഭാ. 5,13,8). പൗലോസിന്‍റെ ലേഖനങ്ങള്‍ ചുരുക്കിയെഴുതാന്‍ താസ്യന്‍ യത്നിച്ചതായി എവുസേബിയസ് പ്രസ്താവിക്കുന്നുണ്ട് (സഭാ. 4,39,6).
താസ്യന്‍റെ 'സംയുക്ത സുവിശേഷത്തെ ആധാരമാക്കി നിരവധി പഠനങ്ങള്‍ പാശ്ചാത്യലോകത്ത് നടന്നിട്ടുണ്ട് (cf j. Quasten, Patrology,1, P.225-228)
Oriental Fathers catholic malayalam church fathers Rev. Fr. Joseph Kakkaramattathil Rev. Dr. Thomas Kochukarottu Bishop Joseph Pamplany Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206