We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev. Dr. Scaria Kanyakonil On 02-Feb-2021
അനുദിന ശാസ്ത്ര പുരോഗതിയില്‍ ഏറെ പരാമര്‍ശിക്കപ്പെടുന്ന ഒരു വിഷയമാണ് അവയവദാനവും അവയവമാറ്റ ശസ്ത്രക്രിയയും. മനുഷ്യാവയവങ്ങളുടെയും കോശങ്ങളുടെയും ഉപയോഗം വര്‍ദ്ധിച്ചിട്ടുണ്ട്. രോഗങ്ങള്‍ നിമിത്തം മനുഷ്യാവയവങ്ങളുടെ ആവശ്യം മുന്നേറുകയാണ്. എന്നാല്‍ അവയവദാതാക്കളുടെ പരിമിതി നിമിത്തം ഈ പ്രശ്നം പരിഹരിക്കപ്പെടുന്നില്ല. അതുപോലെതന്നെ അവയദാനത്തെയും ശസ്ത്രക്രിയയെയുംകുറിച്ച് വ്യക്തമായ ധാരണയുമില്ല.
ഈ പശ്ചാത്തലത്തില്‍ വൈദ്യശാസ്ത്രപരമായും നൈയാമികവും ധാര്‍മ്മികമായുമുള്ള കാഴ്ചപ്പാട് ആണ് ഇവിടെ പ്രതിപാദിക്കുന്നത്.
കോശങ്ങളോ അവയവങ്ങളോ അവയുടെ യഥാര്‍ത്ഥ സ്ഥാനത്തുനിന്ന് മറ്റൊരു സ്ഥാനത്തേയ്ക്ക് മാറ്റി വയ്ക്കുന്നതാണ് അവയവമാറ്റ ശസ്ത്രക്രിയ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
1.1. അവയവമാറ്റ ശസ്ത്രക്രിയ വിവിധതരം
നാല് തരത്തിലുള്ള അവയവമാറ്റ ശസ്ത്രക്രിയയുണ്ട്.
1.2. വിവിധതരത്തിലുള്ള ദാനങ്ങള്‍
ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കും അവയവങ്ങള്‍ ദാനം ചെയ്യാന്‍ കഴിയും. രക്തബന്ധമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ദാനം ചെയ്യാം. തലയ്ക്കു ക്ഷതമേറ്റവര്‍, മസ്തിഷ്ക്കാഘാതമേറ്റവര്‍, ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് തലച്ചോറിന്‍റെ പ്രവര്‍ത്തനം നിലച്ചവര്‍ എന്നിവരില്‍ നിന്ന് അവയവങ്ങള്‍ എടുക്കുവാന്‍ സാധിക്കും. മരിച്ചവര്‍ക്ക് എല്ലാ അവയവങ്ങളും നല്‍കുവാന്‍ സാധിക്കും. എന്നാല്‍ തലച്ചോറിലെ കോശങ്ങള്‍ പ്രത്യുത്പാദന അവയവങ്ങള്‍ എന്നിവ എടുക്കുന്നത് മതങ്ങള്‍ ന്യായീകരിക്കുന്നില്ല.
വിവിധ തരത്തിലുള്ള ദാനങ്ങള്‍ ജീവിച്ചിരിക്കുന്നവര്‍ക്കിടയിലുണ്ട്.
1). രക്തബന്ധമുള്ളവര്‍ തമ്മില്‍ ദാനം ചെയ്യാറുണ്ട്.
2). രക്തബന്ധമില്ലാത്തവര്‍ തമ്മിലും അവയവദാനം നടക്കാറുണ്ട്.
3). രക്തഗ്രൂപ്പിലുള്ള വ്യത്യാസംകൊണ്ട് ചില ഗ്രൂപ്പിലുള്ളവര്‍ക്ക് എതിര്‍ ഗ്രൂപ്പിലുള്ളവര്‍ക്ക് കൊടുക്കുവാന്‍ കഴിയുകയില്ല. ഈ അവസരത്തില്‍ ദാതാക്കളും സ്വീകര്‍ത്താക്കളും തമ്മിലുള്ള പരസ്പര ധാരണയില്‍ അവയവദാനം നടത്തുന്നു. ഉദാഹരണമായി ദാതാവ് A യ്ക്ക് സ്വീകര്‍ത്താവ് B യ്ക്ക് കൊടുക്കുവാന്‍ സാധിക്കുകയില്ല. എന്നാല്‍ സ്വീകര്‍ത്താവ് D യ്ക്ക് കൊടുക്കുന്നതില്‍ കുഴപ്പമില്ല. അതുപോലെ സ്വീകര്‍ത്താവ് C യ്ക്ക് B യില്‍നിന്ന് സ്വീകരിക്കാം. അപ്പോള്‍ A B യ്ക്കും B C യ്ക്കും നല്‍കുന്നു.
4). ചില അവസരങ്ങളില്‍ ഒരു വ്യക്തിയുടെ രോഗമായ അവയവം മറ്റൊരു വ്യക്തിക്ക് ദാനം ചെയ്യുന്നതില്‍ കുഴപ്പമില്ല. ആരോഗ്യപരമായി മറ്റ് ചില രോഗികളില്‍ ഇത് പ്രവര്‍ത്തിക്കും. ഒരു രോഗി മറ്റൊരു രോഗിക്ക് അവയവം കൊടുക്കുന്ന ഈ രീതിയ്ക്ക് ഡോമിനോ (Domino) എന്നു പറയുന്നു.
(5) പരോക്ഷ അവയവദാനം - ഇത് അര്‍ത്ഥമാക്കുന്നത് രക്തബന്ധമുള്ളയാള്‍ സ്വീകര്‍ത്താവിന് അവയവം കൊടുക്കുവാന്‍ തയ്യാറാകുന്നു. എന്നാല്‍ രക്തഗ്രൂപ്പ് എതിരായതുകൊണ്ട് ആ വ്യക്തിക്ക് കൊടുക്കുവാന്‍ പറ്റുന്നില്ല. മറിച്ച് ആ ഗ്രൂപ്പിലുള്ള മറ്റ് ഏതെങ്കിലും വ്യക്തികള്‍ക്ക് കൊടുക്കുന്നു. ഇങ്ങനെ ചെയ്യുന്ന അവസരത്തില്‍ ദാതാവിന്‍റെ സ്വീകര്‍ത്താവിന് അവയവദാന ശസ്ത്രക്രിയക്ക് ആദ്യം അവസരം കിട്ടുന്നു.
രക്തം, കോശങ്ങള്‍, മജ്ജ, രണ്ടു വൃക്കകളില്‍ ഒന്ന്, കരളിന്‍റെ ചെറിയ അംശം തുടങ്ങിയവ ജീവിച്ചിരിക്കുമ്പോള്‍ കൊടുക്കുവാന്‍ സാധിക്കും.
1.3 അവയവ ശസ്ത്രക്രിയ: ചരിത്രം
ആദ്യകാലഘട്ടത്തില്‍ തന്നെ വിവിധ സമൂഹങ്ങളില്‍ അവയവ ശസ്ത്രക്രിയകള്‍ക്കു പരിശ്രമിക്കുന്നതു കാണാം. എങ്കിലും 20-ാം നൂറ്റാണ്ട് അവയവ ശസ്ത്രക്രിയയുടെ സുവര്‍ണ കാലഘട്ടമെന്നു പറയപ്പെടുന്നു. ഈ കാലഘട്ടത്തില്‍ പല തരത്തിലുള്ള അവയവ ശസ്ത്രക്രിയകളും വിജയിക്കുകയുണ്ടായി. 1905-ല്‍ ഓസ്ട്രിയായിലെ എഡ്വാര്‍ഡ് സിം (Edwarad Zirm) ആണ് ആദ്യത്തെ കണ്ണു മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. കരള്‍ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ 1963-ല്‍ അമേരിക്കയിലെ William R. Waddeland ഉം Thomas E Strasl ഉം നടത്തുകയുണ്ടായി. 1943-ല്‍ അമേരിക്കയിലെ Huf Nagealആണ് ആദ്യത്തെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. 1967-ല്‍ Christian Bernard ആണ് ആദ്യം ഹൃദയംമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. Richard C Lillehei, 1966 ല്‍ അമേരിക്കയില്‍ ആദ്യത്തെ പാന്‍ക്രിയാസ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തി. ശ്വാസകോശങ്ങള്‍ മാറ്റി വെച്ചത് 1963-ല്‍ James D Hardy ആണ്. കൂടാതെ ഈ കാലഘട്ടങ്ങളില്‍ മജ്ജ, അണ്ഡവാഹിനിക്കുഴല്‍ (1970). വൃഷണങ്ങള്‍ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയകള്‍ (1970) എന്നിവ നടത്തുകയുണ്ടായി. 1970 ല്‍ Robert White മനുഷ്യന്‍റെ ശരീരവും കുരങ്ങിന്‍റെ തലയും കൂട്ടിചേര്‍ത്ത് ശസ്ത്രക്രിയ നടത്തുകയുണ്ടായി.
വികസിത രാജ്യങ്ങളിലെപ്പോലെ ഇന്ത്യയിലും ഇന്ന് മിക്ക ആശുപത്രികളിലും അവയവങ്ങള്‍ മാറ്റിവയ്ക്കുന്നുണ്ട്. അവയവ മാറ്റ ശസ്ത്രക്രിയയില്‍ കേരളം ഇന്ന് മുന്നിലാണ്. രണ്ട് വൃക്കകളും, പാന്‍ക്രിയാസ്, ഹൃദയം, കരള്‍, കണ്ണുകള്‍ എന്നിവ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയകളും ഇന്ന് കേരളത്തിലെ മിക്ക ആശുപത്രികളിലും നടത്തുന്നു.
1.4. അവയവദാനം: ശസ്ത്രക്രിയ ആരോഗ്യപരമായ നേട്ടങ്ങള്‍,
കോട്ടങ്ങള്‍
അവയവങ്ങള്‍ ദാനം ചെയ്യുമ്പോള്‍ ദാതാവിനും, അത് സ്വീകരിക്കുന്ന സ്വീകര്‍ത്താവിനും നേട്ടങ്ങള്‍ സംഭവിക്കുന്നു. മരിച്ചവരില്‍നിന്നും അവയവങ്ങള്‍ എടുക്കുന്നത് ആരോഗ്യപരമായി പ്രശ്നങ്ങള്‍ ഇല്ലെന്ന് നമുക്കറിയാം. എന്നാല്‍ ജീവിച്ചിരിക്കുന്നവര്‍ അവയവങ്ങള്‍ കൊടുക്കുന്നതില്‍ തെറ്റിദ്ധാരണകള്‍ ഏറെയുണ്ട്. ആദ്യകാലഘട്ടങ്ങളില്‍ ഒത്തിരി ആശങ്ക ഉണ്ടായിരുന്നു. ഇന്ന്, ജീവിച്ചിരിക്കുന്നവര്‍ ദാനം ചെയ്യുമ്പോള്‍ അപകടങ്ങള്‍ നേരിയ തോതിലേ ഉണ്ടാകാറുള്ളൂ. സാധാരണ ശസ്ത്രക്രിയയുടെ ഭവിഷ്യത്തുകള്‍ മാത്രമേ അവയവദാനശസ്ത്രക്രിയയിലും ഉണ്ടാകുന്നുള്ളൂ.
സ്വീകര്‍ത്താവിനെ സംബന്ധിച്ചിടത്തോളം അവയവം സ്വീകരിക്കുന്നത് ചില അവസരത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം. സ്വീകര്‍ത്താവിന്‍റെ ശരീരത്തെ മൊത്തത്തില്‍ ബാധിച്ചേക്കാം. സാധാരണഗതിയില്‍ ഒരേ രക്തത്തിലുള്ള ആളുകള്‍ ആണെങ്കില്‍ അവയവും ശരീരവും യോജിച്ച് പോകും. മരിച്ചവരില്‍നിന്നും ജീവിച്ചിരിക്കുന്നവരില്‍നിന്നും വാങ്ങുന്നതില്‍, ജീവിച്ചിരിക്കുന്നതിനാണ് വിജയ ശതമാനം കൂടുതല്‍ ഉള്ളത്.
അവയവദാനവും ശസ്ത്രക്രിയയും പല അധാര്‍മ്മിക പ്രവൃത്തികളിലേക്ക് നയിച്ചിട്ടുണ്ട്. അവയവകച്ചവടം, മറ്റുള്ളവരെ കൊന്ന് അവയവം എടുക്കുന്നത്, ചിലര്‍ക്ക് അവയവങ്ങള്‍ നിക്ഷേധിക്കുന്നു എന്നിവ ഈ രംഗത്തെ പ്രശ്നങ്ങള്‍ ആണ്. ഈ അവസരത്തില്‍ പല രാജ്യങ്ങളും അവയവ മാറ്റിവയ്ക്കലിന് നിയമം കൊണ്ടുവരികയുണ്ടായി.
മൂന്ന് തരത്തിലുള്ള നിയമങ്ങള്‍ ആണ് സമ്മതത്തിന്‍റെ പേരില്‍ രൂപീകൃതമായിരിക്കുന്നത്.
1995 ഫെബ്രുവരി 4-ാം തീയതിയാണ് ഇന്ത്യയില്‍ നിയമം നിലവില്‍ വന്നത്. ഈ നിയമം ീുശേിഴശി വ്യവസ്ഥയില്‍ രൂപീകരിച്ചതാണ്. അവയവ കച്ചവടം, ദാതാവിന്‍റെ അവകാശം, ശസ്ത്രക്രിയ ചെലവ്, എപ്പോഴാണ് മരണം സംഭവിക്കുന്നത് എന്നീ കാര്യങ്ങള്‍ ഇതില്‍ പ്രതിപാദിക്കുന്നു.
വ്യത്യസ്തമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ആണ് ഈ മേഖലയെ ചുറ്റിപ്പറ്റി നില്‍ക്കുന്നത്. ഈ അവസരത്തില്‍ കത്തോലിക്കാസഭയുടെ കാഴ്ചപ്പാട് ആണ് ഇവിടെ പ്രതിപാദിക്കുന്നത്.
3.1. സ്നേഹത്തിന്‍റെ പ്രവൃത്തി
പൊതുവേ മരിച്ചവരും, ജീവിച്ചിരിക്കുന്നവരും, അവയവം നല്‍കുന്നത് ഉപവിപ്രവൃത്തിയായിട്ടാണ് സഭ കാണുന്നത്. പന്ത്രണ്ടാം പീയൂസ് മാര്‍പ്പാപ്പ 1956 ല്‍ തന്‍റെ പ്രസംഗത്തില്‍ പറഞ്ഞത് അവയവദാനം നിര്‍ബന്ധത്തിന്‍റെ പേരില്‍ ആവരുതെന്നാണ്. മറ്റുള്ളവര്‍ക്ക് അവയവം കൊടുക്കുന്നത് കടമയുടെ പേരിലല്ല മറിച്ച് ഔദാര്യത്തിന്‍റെയും, സ്നേഹത്തിന്‍റെയും അടിസ്ഥാനത്തില്‍ ആണ്. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ അഭിപ്രായത്തില്‍ "അവയവദാനം ഒരു വ്യക്തി സ്വന്തംതീരുമാനപ്രകാരം, സ്വന്തം സഹോദരനോട് കാണിക്കുന്ന മാനുഷികവും ക്രിസ്തീയവുമായ അനുകമ്പയാണ്." ഈശോ സ്വന്തം ജീവന്‍ നമുക്ക് നല്‍കിയ മാതൃകയാണ് ഇവിടെ കാണാനാവുന്നത്. സ്നേഹത്തിന്‍റെ ഏറ്റവും ഉയര്‍ന്ന ഉജ്ജ്വലമായ പ്രകാശനമാണ് ഇത് (ജീവന്‍റെ സുവിശേഷം 86). ചുരുക്കത്തില്‍ സ്നേഹമാണ് അവയവദാനത്തിന്‍റെ അടിസ്ഥാനം.
3.2. അവയവ കച്ചവടം
അവയവ കച്ചവടം പല രാജ്യങ്ങളിലും നടക്കുന്നുണ്ട്. ഇന്ത്യ അവയവ കച്ചവടത്തില്‍ മുന്‍പന്തിയിലാണ്. വാണിജ്യവല്‍ക്കരണത്തെ അനുകൂലിക്കുന്ന നിരവധി വാദമുഖങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനം അവയവങ്ങളുടെ ദൗര്‍ലഭ്യം ആണ്. കത്തോലിക്കാസഭ അവയവ കച്ചവടത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.
വാണിജ്യവത്കരണം ഒരിക്കലും അവയവമാറ്റ ശസ്ത്രക്രിയയിലെ അടിസ്ഥാന പ്രമാണങ്ങള്‍ പാലിക്കുന്നില്ല. അവയവം നല്‍കല്‍ ദാതാവിന്‍റെ ആരോഗ്യത്തിനോ, ജീവനോ, ശാരീരികപ്രവര്‍ത്തനങ്ങള്‍ക്കോ ഒരുതരത്തിലും അപായം വരുത്തുവാന്‍ പാടില്ല. അവയവദാനതീരുമാനം നിര്‍ബന്ധത്താലോ, ഭീഷണിമൂലമോ ആവരുത്. അതുപോലെ ശസ്ത്രക്രിയയുടെ ഭവിഷ്യത്തുകളും അപകട സാധ്യതകളും ബോധ്യപ്പെടുത്തിയിരിക്കുകയും ചെയ്യേണ്ടതുണ്ട്. പണം അടിസ്ഥാനമാവുമ്പോള്‍ ഇത്തരത്തിലുള്ളതെല്ലാം പാടേ വിസ്മരിക്കുന്നു.
സ്വീകര്‍ത്താക്കളെ സംബന്ധിച്ചിടത്തോളം വ്യക്തമായ തിരഞ്ഞെടുപ്പോ, ബോധപൂര്‍വ്വകമായ സമ്മതമോ നല്‍കാന്‍ പലപ്പോഴും അവയവ കച്ചവടത്തില്‍ കഴിയുന്നില്ല. അവയവങ്ങളുടെ ദൗര്‍ലഭ്യം നിമിത്തം ദാതാവിന്‍റെ തിരഞ്ഞെടുപ്പ്, ചികിത്സാചിലവ് എന്നിവ സംബന്ധിച്ച്, സ്വീകര്‍ത്താക്കള്‍ ആശുപത്രിയധികൃതരുടെയും ഡോക്ടര്‍മാരുടെയും കാരുണ്യത്തിലാണ് ജീവിക്കുന്നത്. ചില വേറിയ ചികിത്സാരീതികള്‍ സ്വീകരിക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു.
മാരകമായ രോഗമുള്ളവരില്‍നിന്നുപോലും അവയവങ്ങള്‍ എടുക്കുവാന്‍ വാണിജ്യവത്ക്കരണത്തില്‍ ഇടയാക്കുന്നു. ശസ്ത്രക്രിയയ്ക്കു മുന്‍പുള്ള ദാതാവിന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള പരിശോധനകള്‍ പലപ്പോഴും അപര്യാപ്തവും ലഘുവുമാകുന്നു. ഇങ്ങനെയുള്ള അവയവങ്ങള്‍ സ്വീകരിക്കുകവഴി മാരകരോഗങ്ങള്‍ ഉണ്ടാകുവാനും സാധ്യതയുണ്ട്.
മനുഷ്യാവയവങ്ങളുടെ വാണിജ്യവത്കരണം സമൂഹത്തിലുള്ള പല ധാര്‍മ്മികമൂല്യങ്ങളുടെയും തിരസ്കരണത്തിനു കാരണമാകുന്നു. പ്രത്യേകിച്ച് സേവനത്തിന്‍റെയും, പരസ്നേഹത്തിന്‍റെയും മൂല്യങ്ങള്‍ക്ക് കോട്ടം സംഭവിക്കാം. സേവനം അത്യധികം ആവശ്യമുള്ള രോഗികള്‍ ഉള്ളപ്പോള്‍ വൈദ്യരംഗം ലാഭത്തിനുവേണ്ടിയുള്ള പരക്കം പാച്ചിലില്‍ ആയിരിക്കും.
അവയവ കച്ചവടത്തില്‍ സംഭവിക്കുന്നത് മനുഷ്യാവയവം ഒരു സാധാരണ വസ്തുവിന് വില നിശ്ചയിക്കുംവിധം തരം താഴ്ത്തപ്പെടുന്നുവെന്നതാണ്. ചന്തയില്‍നിന്ന് വിലപേശി സാധനം വാങ്ങികൊണ്ടുപോകുന്ന നിസ്സാരതയോടെ അവയവമാറ്റത്തെ താഴേയ്ക്ക് ഇടിച്ചിടുന്നു. ഇത് തീര്‍ച്ചയായും മനുഷ്യവ്യക്തിയുടെ ആന്തരിക സ്വാതന്ത്ര്യത്തിനും, മഹത്ത്വത്തിനും എതിരാണ്. റോമില്‍വച്ച് 2000ല്‍ നടന്ന 37-ാമത് അന്താരാഷ്ട്ര അവയവ ശസ്ത്രക്രിയ യോഗത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ പറഞ്ഞു: "പണത്തെക്കാള്‍ കൂടുതലായി സ്നേഹമായിരിക്കണം അവയവദാനത്തിലുണ്ടായിരിക്കേണ്ടത്." അതുകൊണ്ട് ധാര്‍മ്മികമായും, അവയവ കച്ചവടത്തെ കത്തോലിക്കാസഭ അംഗീകരിക്കുന്നില്ല.
3.3 ദാതാവ്
ഇവിടെ പ്രധാനമായും ചര്‍ച്ചചെയ്യപ്പെടുന്നത് ജീവിച്ചിരിക്കുന്നവര്‍ നടത്തുന്ന അവയവദാനത്തിന്‍റെയും മരിച്ചശേഷം നടത്തുന്ന അവയവദാനത്തിന്‍റെയും ധാര്‍മ്മികതയാണ്.
ജീവിച്ചിരിക്കുമ്പോള്‍ ചെയ്യുന്ന അവയവദാനം: ഇവിടെ ധാര്‍മ്മികമായും ചര്‍ച്ചചെയ്യപ്പെടുന്ന വിഷയം ശാരീരിക പ്രവര്‍ത്തനത്തിന്‍റെ സമഗ്രതയും സമ്മതവും ആണ്.
വ്യക്തിയും പ്രവര്‍ത്തന സമഗ്രതയും: ജീവിച്ചിരിക്കുമ്പോള്‍ നടത്തുന്ന അവയവദാനത്തെ ന്യായീകരിക്കുന്നത് സമഗ്രതത്ത്വം (The principle of totality) ആണ്. എല്ലാ അവയവങ്ങളും ശരീരത്തിന്‍റെ മൊത്തത്തിലുള്ള സമഗ്രതയെ ലക്ഷ്യമാക്കിയുള്ളതാണ്. ആരോഗ്യപരമായ അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ശരീരത്തിലെ അവയവങ്ങള്‍ നിലനില്‍ക്കുന്നതും പ്രവര്‍ത്തിക്കുന്നതും ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ്. സമഗ്രത രണ്ട് തരത്തിലുണ്ട്. ഒന്ന്, ശാരീരികപ്രവര്‍ത്തനസമഗ്രതയും (Funtional integrity) രണ്ടാമത്തേത്, ശരീരഘടനാസമഗ്രതയും (anatomy) സമഗ്രതത്ത്വം പ്രതിപാദിക്കുന്നത് ശരീരപ്രവര്‍ത്തനസമഗ്രതയാണ്. ഈ തത്വത്തിന്‍റെ അടിസ്ഥാനത്തില്‍ ശാരീരികപ്രവര്‍ത്തനക്ഷമത ജീവിച്ചിരിക്കുമ്പോള്‍ നശിപ്പിച്ചുകൂടാ. പക്ഷേ ഇത് കാത്തുസൂക്ഷിക്കുകയും വളര്‍ത്തുകയും ഉപയോഗിക്കുകയും വേണം, സ്വന്തമായും സമൂഹത്തിനുവേണ്ടിയും. ഈ തത്ത്വത്തിന്‍റെ അടിസ്ഥാനത്തില്‍ ശാരീരികപ്രവര്‍ത്തനക്ഷമത നഷ്ടപ്പെടാതെ ജീവിച്ചിരിക്കുമ്പോള്‍ നടത്തുന്ന അവയവദാനത്തെ ന്യായീകരിക്കാവുന്നതാണ്. Benedict. M. Ashley bpw Kevin D.O Rourke ഇങ്ങനെയാണ് പറയുന്നത്.
1) സ്വീകര്‍ത്താവിനെ സംബന്ധിച്ചിടത്തോളം അവയവം സ്വീകരിക്കേണ്ടത് അത്യാവശ്യം ആയിരിക്കണം. അല്ലെങ്കില്‍ മരണത്തിലേക്ക് നയിക്കാം. ഇത് അവയവദാനത്തിലൂടെ മാത്രമേ സാധ്യമാവൂ എന്ന അവസ്ഥ.
2) ശാരീരിക ഘടനയില്‍ അവയവദാനത്തില്‍ കുറവ് സംഭവിക്കാമെങ്കിലും പ്രവര്‍ത്തന സമഗ്രത ഒരിക്കലും കുറയ്ക്കരുത്. ഉദാഹരണമായി ഹൃദയം കൊടുത്തുകഴിഞ്ഞാല്‍ മരണത്തിലേയ്ക്ക് നയിക്കും.
3) സ്വീകര്‍ത്താവിന് കിട്ടുന്ന നന്മയുടെ ആനുപാതികമായി വേണം അവയവദാനം നടത്തുവാന്‍.
സ്വീകര്‍ത്താവിന് കിട്ടുന്ന നന്മയും ദാതാവിന് ഉണ്ടാകുന്ന കോട്ടവും ആനുപാതികം ആയിരിക്കണം.
4). സ്വതന്ത്രമായ തീരുമാനത്തോടെ വേണം അവയവദാനം നടത്താന്‍. മേല്പറഞ്ഞതെല്ലാം സമഗ്രതത്ത്വത്തില്‍ കാണുവാന്‍ സാധിക്കും. സമഗ്രതത്ത്വത്തിന്‍റെ വെളിച്ചത്തില്‍ അവയവദാനം നടത്തുമ്പോള്‍ ദാതാവിന്‍റെ അവയവപ്രവര്‍ത്തന സമഗ്രത നഷ്ടപ്പെടുന്നില്ല. വ്യക്തിയെ അപകടത്തിലേക്കു നയിക്കുന്നില്ല.
ദാതാവിന്‍റെ സമ്മതം: ദാതാവിന്‍റെ സമ്മതം ആണ് അവയവദാനത്തിന്‍റെ അടിസ്ഥാനം. സ്വതന്ത്രമായ സമ്മതം ഇല്ലെങ്കില്‍ വ്യക്തിയെ ബഹുമാനിക്കുന്നില്ല. വ്യക്തിക്ക് തന്‍റെ സമ്മതം പ്രകടിപ്പിക്കുവാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. മാനസിക സമ്മര്‍ദ്ദം ഉണ്ടാകരുത്. അതുപോലെതന്നെ അവയവദാനത്തില്‍ മറ്റുള്ളവരുടെ മാനസിക സ്വാധീനം ഉണ്ടാകരുത്.
ജയിലില്‍ കഴിയുന്നവര്‍, മാനസികവളര്‍ച്ച എത്താത്തവര്‍, കുട്ടികള്‍ എന്നിവരുടെ സമ്മതങ്ങള്‍ ധാര്‍മ്മികമായും ചര്‍ച്ച ചെയ്യപ്പെടുന്നതാണ്. അവയവങ്ങള്‍ക്കുവേണ്ടി ജയിലില്‍ കഴിയുന്നവരുടെ വധശിക്ഷ നടപ്പാക്കുന്നത് ധാര്‍മ്മികമായി അംഗീകരിക്കുവാന്‍ കഴിയുകയില്ല. ചില അവസരത്തില്‍ അവയവ ദാനത്തിനുവേണ്ടി നിര്‍ബന്ധിക്കാറുണ്ട്. ഉപയോഗത്തിലധിഷ്ഠിതമായ ഈ മനോഭാവങ്ങള്‍ നീതിക്ക് എതിരാണ്.
മാനസിക വളര്‍ച്ച എത്താത്തവരും കുട്ടികളും സ്വന്തമായി തീരുമാനം നല്‍കാന്‍ സാധിക്കാത്തവരാണ്. ഇത് ഇന്ന് ധാര്‍മ്മികതയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളാണ്. ഇങ്ങനെയുള്ള വ്യക്തികളെ നിര്‍ബന്ധിക്കുകയോ മാനസികമായി സമ്മര്‍ദ്ദം ചെലുത്തുകയോ ചെയ്യരുത്. ഇവരുടെ ദുര്‍ബലതയെ ബഹുമാനിക്കണം. മൂല്യങ്ങള്‍ക്കും നിയമങ്ങള്‍ക്കും അനുസരിച്ച് മാത്രമായിരിക്കണം അവയവദാനത്തില്‍ അവരെ ഉള്‍പ്പെടുത്തുന്നത്.
ദാനം ചെയ്യാവുന്ന അവയവങ്ങള്‍: ജീവിച്ചിരിക്കുമ്പോള്‍ ദാനം ചെയ്യാവുന്നവയാണ് രക്തം, കോശങ്ങള്‍, മജ്ജ, രണ്ട് വൃക്കയില്‍ ഒന്ന്, കരളിന്‍റെ ഏതാനും അംശം എന്നിവ. ലൈംഗിക അവയവങ്ങള്‍, തലച്ചോറിലെ കോശങ്ങള്‍ എന്നിവ ദാനം ചെയ്യുന്നതിനെ സഭ അംഗീകരിക്കുന്നില്ല, കാരണം മറ്റുള്ളവരുടെ വ്യക്തിത്വത്തില്‍ ഇത് മാറ്റങ്ങള്‍ സംഭവിപ്പിക്കാം. വ്യക്തിയുടെ ശാരീരികപ്രവര്‍ത്തനത്തിന് മാറ്റം വരുത്താതെ ആയിരിക്കണം വീണ്ടും ഉത്പാദിപ്പിക്കപ്പെടാത്ത അവയവങ്ങള്‍ കൊടുക്കുവാന്‍.
മരണശേഷമുള്ള ദാനം: മരണശേഷമുള്ള അവയവദാനത്തില്‍ പ്രധാന ധാര്‍മ്മികവിഷയങ്ങള്‍, മരണത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്, ദാതാവിന്‍റെ സമ്മതം എന്നിവയാണ്.
മസ്തിഷ്കമരണത്തിന്‍റെ വ്യവസ്ഥകള്‍ അനുസരിച്ച് വേണം മരണം സ്ഥിരീകരിക്കുവാന്‍. തലച്ചോറിന്‍റെ മൊത്തത്തിലുള്ള പ്രവര്‍ത്തനം നിലച്ചവരാണ് മസ്തിഷ്കമരണം സംഭവിച്ചവര്‍. ഇങ്ങനെയുള്ളവര്‍ക്ക് ശാരീരിക-മാനസിക പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാന്‍ സാധിക്കുകയില്ല. എന്നാല്‍ തലച്ചോറിന് പാതിക്ഷയം സംഭവിച്ച വ്യക്തികളില്‍നിന്ന് അവയവങ്ങള്‍ എടുക്കുന്നത് ഗൗരവമായ തിന്മയാണ്. ജീവന്‍റെ സുവിശേഷം എന്ന ചാക്രികലേഖനത്തില്‍ (15) ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ പറയുന്നു. വച്ചുപിടിപ്പിക്കുവാന്‍ വേണ്ടിയുള്ള അവയവങ്ങളുടെ ലഭ്യത വര്‍ദ്ധിപ്പിക്കുവാന്‍ വേണ്ടി അവയവങ്ങള്‍ മുറിച്ചുമാറ്റുന്നത് തെറ്റാണ്. ദാനം ചെയ്യുന്ന ആളുടെ മരണത്തെ സ്ഥിരീകരിക്കാതെ, വസ്തുനിഷ്ഠവും, പര്യാപ്തവുമായ മാനദണ്ഡങ്ങളെ മാനിക്കാതെയാണ് അങ്ങനെ ചെയ്യുന്നത്. രോഗി മരിച്ചെന്ന് കുടുംബാംഗങ്ങള്‍ക്ക് ബോധ്യമാക്കിക്കൊടുക്കണം. കൂടാതെ അബോധാവസ്ഥയില്‍ കഴിയുന്ന കുട്ടികളെയും അവയവം എടുക്കുവാന്‍വേണ്ടി മരണത്തിലേക്ക് നയിക്കരുത്.
അവയവങ്ങള്‍ എടുക്കുന്നതില്‍ പ്രധാന ഘടകം മരിച്ച വ്യക്തിയുടെ സമ്മതമാണ്. മരണത്തിന് മുന്‍പ് അവയവങ്ങള്‍ എടുക്കാമോ, വേണ്ടായോ എന്നത് അവര്‍ പറഞ്ഞ വാക്കുകളുടെ അടിസ്ഥാനത്തില്‍ അല്ലെങ്കില്‍ എഴുതിയിരിക്കുന്നതിന്‍റെ അടിസ്ഥാനത്തില്‍വേണം തീരുമാനിക്കാന്‍.
കത്തോലിക്കാ സഭയുടെ വീക്ഷണത്തില്‍ തലച്ചോറിലെ കോശങ്ങള്‍, ലൈംഗിക അവയവങ്ങള്‍ എന്നിവ ഒഴിച്ച് മറ്റ് എല്ലാ അവയവങ്ങളും മരിച്ച വ്യക്തിക്ക് ദാനം ചെയ്യാവുന്നതാണ്.
3.4. സ്വീകര്‍ത്താവ്
അവയവങ്ങള്‍ക്ക് രോഗം ഉണ്ടാകുന്ന അവസരത്തില്‍ രോഗികള്‍ക്ക് പല ചികിത്സകള്‍ സ്വീകരിക്കാം എന്നതാണ് പൊതുവായ തത്ത്വം. അവയവ ശസ്ത്രക്രിയ അവസാനത്തെ പ്രക്രിയയാണ്. മറ്റൊരു കാര്യം ദാതാവിനെ അപകടത്തിലാക്കി സ്വീകര്‍ത്താവ് അവയവങ്ങള്‍ സ്വീകരിക്കുന്നത് ധാര്‍മ്മികമായും ന്യായീകരിക്കുന്നില്ല എന്നതാണ് (CCC 2296).
അവയവ ശസ്ത്രക്രിയയ്ക്ക് സ്വീകര്‍ത്താവിന്‍റെ സമ്മതവും പ്രധാനപ്പെട്ടതാണ്. അവയവം സ്വീകരിക്കുമ്പോള്‍ ഉണ്ടാകുന്ന നേട്ടങ്ങളും കോട്ടങ്ങളും സ്വീകര്‍ത്താവ് മനസ്സിലാക്കിയിരിക്കണം. മറ്റൊരു കാര്യം ജാതി, മതം, വര്‍ഗ്ഗം, വര്‍ണ്ണം, മറ്റു പോരായ്മകള്‍ എന്നിവയുടെ പേരില്‍ അവയവശസ്ത്രക്രിയ തിരസ്കരിക്കരുതെന്ന് സഭ പഠിപ്പിക്കുന്നു.
3.5. മൃഗങ്ങളില്‍നിന്നുമുള്ള അവയവങ്ങള്‍
മൃഗങ്ങളില്‍നിന്നും അവയവങ്ങള്‍ സ്വീകരിക്കുന്നതിന് പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. അവയവങ്ങളുടെ ദൗര്‍ലഭ്യം ആണ് ഇതിലേക്ക് വഴി തെളിച്ചത്. സഭയുടെ കാഴ്ചപ്പാടില്‍ മൃഗങ്ങളില്‍നിന്നും അവയവങ്ങള്‍ സ്വീകരിക്കുമ്പോള്‍ മനുഷ്യന്‍റെ വ്യക്തിത്വത്തിന് മാറ്റം സംഭവിക്കുകയോ സമഗ്രത നഷ്ടപ്പെടുകയോ അരുത്. മനുഷ്യന് അപകടം ഉണ്ടാക്കാവുന്ന പരീക്ഷണങ്ങളും, അവയവ മാറ്റിവയ്ക്കലും ഒഴിവാക്കണം. മറ്റൊരു കാര്യം സഭ പറയുന്നത് മനുഷ്യകോശങ്ങള്‍ മൃഗങ്ങളില്‍ കുത്തി വെച്ചോ മൃഗങ്ങളുടെ കോശങ്ങള്‍ മനുഷ്യനില്‍ കുത്തിവെച്ചോ സങ്കരവര്‍ഗ്ഗങ്ങളെ സൃഷ്ടിക്കരുതെന്നാണ്. ഇങ്ങനെ ഭ്രൂണങ്ങളെ രൂപീകരിക്കുന്നതിനെയും സഭ ശക്തമായി എതിര്‍ക്കുന്നു.
ഉപസംഹാരം
ജീവന്‍റെ സംസ്കാരം സൃഷ്ടിക്കുവാന്‍ ഏറ്റവും ഉദാത്തമായ മാര്‍ഗ്ഗമാണ് അവയവദാനം. ഉപവിയാണ് അവയവദാനത്തിന്‍റെ അടിസ്ഥാനം. ഇത് വ്യക്തിബന്ധങ്ങള്‍ ഉറപ്പിക്കുകയും സാമൂഹിക പ്രതിബദ്ധത ഉണ്ടാക്കുകയും ചെയ്യുന്നു. ലക്ഷക്കണക്കിനാളുകള്‍ ആണ് ഇന്ത്യയില്‍ അവയവങ്ങള്‍ കിട്ടാതെ മരണമടയുന്നത്. ധാര്‍മ്മിക മൂല്യങ്ങള്‍ക്കനുസരിച്ച് വേണം അവയവങ്ങള്‍ ദാനം ചെയ്യുവാന്‍.
ജീവന്‍ നമുക്ക് നല്‍കപ്പെട്ടു. ആ ദാനം മറ്റുള്ളവരുമായി പങ്കുവയ്ക്കുവാന്‍ സാധിക്കണം (ജീവന്‍റെ സുവിശേഷം 10:) ജീവന്‍റെ സുവിശേഷം പ്രസംഗിക്കുന്നതിനുള്ള ഏറ്റവും വലിയ വേദിയാണ് അവയവങ്ങള്‍ കൊടുക്കുന്നതും സ്വീകരിക്കുന്നതും. അവയവദാനത്തിന് ആരെയും നിര്‍ബന്ധിക്കരുത്. രോഗം നിമിത്തം വേദനിക്കുന്നവരുടെ മുഖമാണ് അവയവദാനം നടത്തുവാന്‍ നമ്മെ പ്രേരിപ്പിക്കേണ്ടത്. ഇത് യഥാര്‍ത്ഥ സ്നേഹത്തിന്‍റെ അടയാളം ആണ്.
organ donation catholic malayalam is organ donation safe Rev. Dr. Scaria kanyakonil Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206