x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ക്രിസ്തുവിജ്ഞാനീയം

ക്രിസ്തുവിജ്ഞാനീയത്തിലെ നൂതനാഭിമുഖ്യങ്ങള്‍

Authored by : Mar Joseph Pamplany On 27-Jan-2021

ക്രിസ്തു ആരാണെന്നും അവിടുന്ന് എന്തു ചെയ്തു എന്നും കണ്ടെത്തുകയാണ് ക്രിസ്തുവിജ്ഞാനീയത്തില്‍. യേശുക്രിസ്തുവിനെക്കുറിച്ചുള്ള വിശ്വാസത്തെ കാലാകാലങ്ങളില്‍ വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്, നടക്കുന്നുമുണ്ട്. എല്ലാ സാഹചര്യത്തിലും കാലഘട്ടത്തിലും യേശുക്രിസ്തു ലോകരക്ഷകനാണ്, ദൈവത്തിന്‍റെ വെളിപാടാണ്. സാഹചര്യങ്ങളുടെ വ്യതിരിക്തത ക്രിസ്തുവിജ്ഞാനീയത്തിലും പ്രതിഫലിക്കുന്നുണ്ട്. ക്രിസ്തുവിജ്ഞാനീയത്തിലെ നാനാത്വത്തിനു കാരണം ജീവിതസാഹചര്യങ്ങളുടെ വൈവിധ്യമാണ്. സുവിശേഷങ്ങള്‍തന്നെ ക്രിസ്തുവിജ്ഞാനീയത്തിലെ നാനാത്വത്തെ വ്യക്തമാക്കുന്നു. യോഹന്നാനും മര്‍ക്കോസും ലൂക്കായും മത്തായിയും യേശുക്രിസ്തുവിനെ വ്യാഖ്യാനിക്കുന്നത് വ്യത്യസ്ത വീക്ഷണങ്ങളിലൂടെയാണ്. ഇന്നുവരെയുള്ള ക്രിസ്തുവിജ്ഞാനീയചരിത്രം പരിശോധിച്ചാലും വ്യത്യസ്തമായ ഈ അവതരണ വ്യാഖ്യാനരീതികള്‍ ദര്‍ശിക്കാനാകും. പരമ്പരാഗത ക്രിസ്തുവിജ്ഞാനീയമാണ് നൂറ്റാണ്ടുകളായി വിചിന്തനങ്ങളെ സ്വാധീനിച്ചിട്ടുള്ളത്.

പരമ്പരാഗത ക്രിസ്തുവിജ്ഞാനീയത്തിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍ താഴെ പറയുന്നവയാണ്.

1)   ഒരു അവരോഹണ ക്രിസ്തുവിജ്ഞാനീയമാണത് (descending christology) 'സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങി' എന്ന് പ്രസ്താവിച്ചുകൊണ്ടാരംഭിക്കുന്ന ഈ അവതരണത്തില്‍ യേശുക്രിസ്തുവിന്‍റെ ദൈവത്വത്തിനാണ് പ്രാധാന്യം. ദൈവത്തിന് എങ്ങനെ മനുഷ്യനാകാനാകും എന്നതാണിവിടുത്തെ പ്രധാന ചോദ്യം. യേശുക്രിസ്തുവിന്‍റെ മനുഷ്യസ്വഭാവത്തെ അവതരിപ്പിക്കുന്നതില്‍ ഈ ക്രിസ്തുവിജ്ഞാനീയം പൂര്‍ണ്ണമായും വിജയിക്കുന്നില്ല.

2)   മനുഷ്യാവതാരത്തില്‍ കേന്ദ്രീകൃതമാണ് ക്രിസ്തുവിജ്ഞാനീയം. ദുഃഖവെള്ളിയുടെയും ഉയിര്‍പ്പുഞായറിന്‍റെയും പ്രാധാന്യം ഇത് അവതരിപ്പിക്കുന്നില്ല. യേശു എന്തു ചെയ്തു എന്നതിനല്ല, ആദിമുതലേ അവന്‍ ആരായിരുന്നു എന്നതിനാണിവിടെ പ്രസക്തി.

3)   പരമ്പരാഗത ദൈവശാസ്ത്രം പലപ്പോഴും താത്വിക പ്രശ്നങ്ങളെച്ചൊല്ലിയുള്ളതാണ്. കാല്‍സിഡോണ്‍ കൗണ്‍സിലിലെ ക്രിസ്തുഭാഷ്യത്തിലും നിറഞ്ഞുനില്ക്കുന്നതു മേല്പ്പറഞ്ഞ കാര്യങ്ങളാണ്.

4)   യേശുവിന്‍റെ ഈ ലോകത്തിലുള്ള ദൗത്യത്തെ കാര്യമായി പരിഗണിക്കാത്ത ഒന്നാണ് പരമ്പരാഗത ക്രിസ്തുഭാഷ്യം.

5) ചരിത്രവും വിശ്വാസവും 'മിത്തും' കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു സാഹചര്യമാണ് പരമ്പരാഗത ക്രിസ്തുഭാഷ്യത്തില്‍ കാണുക. എവിടെയാണ് ചരിത്രം, വിശ്വാസം എന്നു തിരിച്ചറിയുക പലപ്പോഴും ബുദ്ധിമുട്ടാണ്.

6) യേശു എന്ന വ്യക്തിയേയും അവിടുത്തെ ദൗത്യത്തെയും വേര്‍തിരിച്ചുകാണിക്കുന്ന ഒരു സമീപനമാണ് പരമ്പരാഗത ക്രിസ്തുവിജ്ഞാനീയത്തില്‍ കാണുക. ക്രിസ്തുവിനെ, അറിയാനുള്ള ഒന്നായി (object of knowlege) ട്ടാണ് പരിഗണിക്കുക.

ക്രിസ്തുവിജ്ഞാനീയത്തില്‍ ദൃശ്യമാകുന്ന ആഭിമുഖ്യങ്ങളെ പ്രധാനമായും രണ്ടായി തിരിക്കാം. വേദപുസ്തകാധിഷ്ഠിതാഭിമുഖ്യങ്ങളും ദൈവശാസ്ത്രാഭിമുഖ്യങ്ങളും.

 

A. വേദപുസ്തകാധിഷ്ഠിതാഭിമുഖ്യങ്ങള്‍

വേദപുസ്തകത്തെ ആധാരമാക്കിയുള്ള സമീപനത്തില്‍ 3 തരം ആഭിമുഖ്യങ്ങളാണ് ദൃശ്യമാവുക.

1) ചരിത്ര വിമര്‍ശനാത്മക സമീപനം (Historico-critical approach)

ആധുനിക ബൈബിള്‍വ്യാഖ്യാനത്തിന് ഉപയോഗിക്കുന്ന രീതി ഉപയോഗിച്ച് സുവിശേഷങ്ങളില്‍ നിന്ന് യേശുവിനെക്കുറിച്ച് തീര്‍പ്പു കല്പിക്കുകയും കാര്യങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്ന ഒരു സമീപനമാണിത്. സുവിശേഷങ്ങളില്‍ നിന്നും ചരിത്രപുരുഷനായ യേശുവിനെ കണ്ടെത്താനാകും എന്ന് ഉറച്ചുവിശ്വസിക്കുന്നവരാണ് ഈ സമീപനരീതി അനുവര്‍ത്തിക്കുന്നവര്‍. സുവിശേഷങ്ങളുടെ രൂപീകരണത്തില്‍ പ്രധാനമായും മൂന്നു ഘടകങ്ങളാണ് ഉണ്ടായിരുന്നത്; (1) Jusus of history; (2)The oral and already partly written traditions that werw circulated in the churches afther Jesus' resurrection; (3) The editorial work of the Synoptic writers.

യേശുവിന്‍റെ അടിസ്ഥാന മനോഭാവങ്ങളും, യേശുവിന്‍റെ വ്യക്തിത്വത്തിന്‍റെ പ്രത്യേകതകളും, ദൗത്യത്തെക്കുറിച്ച് അവിടുന്ന് എങ്ങനെ പ്രഘോഷിച്ചു എന്നും, അതിനെ എപ്രകാരം ശിഷ്യന്മാര്‍ മനസ്സിലാക്കിയെന്നും മറ്റും ഈ സമീപനരീതിയിലൂടെ കണ്ടെത്താനാകും. എന്നാല്‍ ഇവിടെ യേശുവിന്‍റെ ആന്തരികസത്ത എന്തായിരുന്നുവെന്നു കണ്ടെത്തുക പ്രയാസമാണ്. അതുതന്നെയാണ് ഈ സമീപനരീതിയുടെ പോരായ്മയും. യേശുവിന്‍റെ ദൈവത്വത്തേയും മനുഷ്യത്വത്തേയും ദൈവികവ്യക്തിത്വത്തേയും വ്യാഖ്യാനിക്കുകയാണിവിടെ. യോഹന്നാന്‍റെ സുവിശേഷത്തിലാണ് ഈ കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ആ വചനങ്ങളുടെ ചരിത്രപരതയെ പലരും ചോദ്യം ചെയ്യുന്നുണ്ട്.

2) അസ്തിത്വാത്മക സമീപനരീതി

ഇവിടെ യേശുക്രിസ്തു എന്തു പ്രസംഗിച്ചു, എന്തു പ്രവര്‍ത്തിച്ചു എന്നതല്ല പ്രധാനം. വചനത്തിലുള്ള വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ തീരുമാനമെടുക്കുന്നതാണ് സുപ്രധാനമായ കാര്യം. പുതിയനിയമത്തിലെ വസ്തുതകളെല്ലാം കാലഘട്ടത്തിന്‍റെ ഭാഷയില്‍ വിരചിതമായിരിക്കുന്ന ഇതിഹാസഭാഷ (Mythological langauge) യാണ്. ദൈവത്തിന്‍റെ ക്ഷണവും അതിന് മനുഷ്യന്‍ നല്കുന്ന അസ്തിത്വാത്മക തീരുമാനവുമാണ് രക്ഷാകരവെളിപാടിന്‍റെ പ്രധാന അംശം. ചരിത്ര പുരുഷനായ യേശുക്രിസ്തു ഈ വിശകലനത്തില്‍ അപ്രസക്തനാകുന്നു. റുഡോള്‍ഫ് ബുള്‍ട്ട്മാനാണ് ഈ സമീപനരീതിയുടെ മുന്‍നിരയില്‍.

ഇതിന്‍റെ പോരായ്മകളില്‍ ചിലതാണ്, ചരിത്രപുരുഷനായ യേശു അവഗണിക്കപ്പെടുന്നു എന്നതും ചരിത്രപുരുഷനായ യേശുവും പ്രഘോഷിക്കപ്പെട്ട യേശുവും തമ്മില്‍ തുടര്‍ച്ചയില്ല എന്നതും. കൂടാതെ പുതിയനിയമം ഇതിഹാസഭാഷയായി കണക്കാക്കപ്പെടുന്നു. ക്രിസ്തുവിജ്ഞാനീയം മനുഷ്യനെക്കുറിച്ചുള്ള ഒന്നായി തരംതാഴ്ത്തപ്പെടുകയും ദൈവത്തോടുള്ള വിശ്വാസിയുടെ ബന്ധത്തിനുമാത്രം പ്രാധാന്യം കല്പിക്കുകയും ചെയ്യുന്നു.

3) യേശുവിന്‍റെ അഭിധാനങ്ങളെ ആസ്പദമാക്കിയുള്ള സമീപനം

യേശുവിന്‍റെ വ്യത്യസ്തമായ അഭിധാനങ്ങള്‍ക്കാണിവിടെ പ്രാധാന്യം. ദൈവപുത്രന്‍, മനുഷ്യപുത്രന്‍, മിശിഹാ തുടങ്ങിയ വേദപുസ്തകത്തില്‍ പ്രത്യക്ഷപ്പെടുന്ന വിവിധ ശീര്‍ഷകങ്ങള്‍ പഠനവിധേയമാക്കി അതിലൂടെ യേശുവിന്‍റെ ദൗത്യം മനസ്സിലാക്കുന്ന ഒരു രീതിയാണത്. Oscar Cullmann-ൻറ്റെ  Christology of NTഈ സമീപനത്തിന്‍റെ ഉദാഹരണമാണ്. ഈ സമീപനം സമഗ്രമായ ഒരു ക്രിസ്തുവിജ്ഞാനീയം നമുക്കു പ്രദാനംചെയ്യുന്നില്ല. അഭിധാനങ്ങള്‍ ഒരിക്കലും യേശുവിന്‍റെ മാനുഷികചരിത്രത്തെയും സ്വഭാവത്തെയും പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്നില്ല എന്നതാണിതിന്‍റെ എറ്റവും വലിയ പോരായ്മ.

 

B. ദൈവശാസ്ത്ര സമീപനങ്ങള്‍

1) വിശ്വാസസത്യ-വിമര്‍ശനനിലപാട് (Critico-dogmatic approach)

വിശ്വാസസത്യങ്ങളെ വിമര്‍ശനബുദ്ധിയോടെ വീക്ഷിക്കുന്ന ഒരു സമീപനമാണിത്. 451-ല്‍ കാല്‍സിഡോണ്‍ സൂനഹദോസില്‍ നല്കപ്പെട്ട നിര്‍വ്വചനത്തിനപ്പുറത്ത് യേശു എന്ന സത്യത്തെ വിവരിക്കാനാവില്ല എന്നു വാദിക്കുന്ന ദൈവശാസ്ത്രാഭിപ്രായത്തെ ചോദ്യം ചെയ്തതിന്‍റെ ഫലമായി ഉരുത്തിരിഞ്ഞ ഒന്നാണ് ഈ രീതി. കാല്‍സിഡോണ്‍ നിര്‍വ്വചനം എല്ലാകാലത്തും എല്ലായിടത്തും സാധുതയുള്ളതാണ് എന്നാണ് പരമ്പരാഗതദൈവശാസ്ത്രജ്ഞന്മാരുടെ വാദം. എന്നാല്‍ ഇതിനെ എതിര്‍ക്കുന്നവര്‍ അഭിപ്രായപ്പെടുന്നത്, വിശ്വാസസത്യങ്ങള്‍ കാലദേശാനുബന്ധിയാണെന്നും വിശ്വാസസത്യങ്ങളിലെ വൈവിധ്യം ഒരു യാഥാര്‍ത്ഥ്യമാണെന്നുമാണ്. സാംസ്കാരികമാറ്റങ്ങള്‍ക്കനുയോജ്യമായി വിശ്വാസസത്യങ്ങള്‍ പുനര്‍വ്യാഖ്യാനം ചെയ്യേണ്ടിയിരിക്കുന്നു.

GS 62: വിശ്വാസവും വിശ്വാസപ്രകാശനരീതിയും തമ്മില്‍ വ്യത്യാസമുണ്ടാകാം. എന്നിരുന്നാലും വിശ്വാസത്തിന്‍റെ അര്‍ത്ഥവും അന്തസ്സത്തയും മാറ്റമില്ലാതെ തുടരുന്നു. അര്‍ത്ഥം അതേപടി തുടരുമെങ്കിലും വ്യാഖ്യാനിക്കാനുള്ള മാധ്യമങ്ങളില്‍ വ്യതിയാനം അനിവാര്യമാണ്. ഇതാണ് വിശ്വാസസത്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുമ്പോള്‍ മനസ്സിലുണ്ടാകേണ്ടത്. എന്നാല്‍ ഇത് വളരെ സൂക്ഷ്മത ആവശ്യമായ കാര്യമാണ്. പലപ്പോഴും വിശ്വാസസത്യങ്ങളുടെ അര്‍ത്ഥം തന്നെ ചോര്‍ന്നുപോകുന്നരീതിയിലുള്ളവ്യാഖ്യാനങ്ങളും ഉണ്ടാകുമെന്നത് ഈ സമീപനരീതിയില്‍ എത്രമാത്രം ശ്രദ്ധപതിക്കേണ്ടതുണ്ട് എന്നതിലേക്ക് വെളിച്ചം വീശുന്നു.

 രക്ഷാകരചരിത്ര സമീപനരീതി

ചരിത്രത്തിലെ ദൈവത്തിന്‍റെ വെളിപാടിന്‍റെ പശ്ചാത്തലത്തിലും രക്ഷാകരചരിത്രത്തിന്‍റെ പശ്ചാത്തലത്തിലും യേശുവിനെ മനസ്സിലാക്കാനും വ്യാഖ്യാനിക്കാനുമുള്ള ഒരു ശ്രമത്തിലാണ് ഈ സമീപന രീതിയുടെ ഉപജ്ഞാതാക്കള്‍. രക്ഷാകരചരിത്രവും ലോകചരിത്രവും ഒരുമിച്ചുകാണേണ്ട ഒന്നാണെന്നും യേശുക്രിസ്തു ചരിത്രത്തിലുള്ള ദൈവത്തിന്‍റെ ഇടപെടലിന്‍റെ ഭാഗമാണെന്നും മനസ്സിലാക്കി ക്കൊണ്ടുള്ള ഒരു വ്യാഖ്യാനമാണീ സമീപനത്തിന്‍റെ അടിസ്ഥാനം.

 മാനുഷിക സമീപനം (Anthropological Approach)

ക്രിസ്തുവിനെക്കുറിച്ചുള്ള ഏതു വിചിന്തനവും ആരംഭിക്കേണ്ടത് മനുഷ്യനില്‍നിന്നാകണം എന്നതാണീ രീതിയുടെ പ്രത്യേകത. മനുഷ്യനില്‍നിന്നാരംഭിച്ച് യേശുക്രിസ്തുവില്‍ എത്തുന്ന ഈ ആഭിമുഖ്യത്തില്‍ രണ്ടു വ്യത്യസ്ത ദിശകള്‍ കണ്ടെത്താനാകും. പ്രസിദ്ധ ദൈവശാസ്ത്രജ്ഞരായ തെയ്യാര്‍ദ് ഷര്‍ദ്ദാന്‍റേയും കാള്‍റാനറുടേയും സമീപനരീതിയാണിവിടെ വിവക്ഷ. പരിണാമത്തിന്‍റെ ചാലകശക്തിയും, ലക്ഷ്യവും ക്രിസ്തുവാണ് ഷര്‍ദ്ദാന്‍റെ വീക്ഷണത്തില്‍. ശാസ്ത്രവും മതവും സമന്വയിപ്പിക്കുന്ന ഒരു സമീപനമാണ് തെയ്യാര്‍ദ്ദ് ഷര്‍ദ്ദാന്‍റേത്. പദാര്‍ത്ഥത്തില്‍നിന്നു ജീവനിലേക്കും ജീവനില്‍നിന്നും മനുഷ്യനിലേക്കുമുള്ള പരിണാമം അതിന്‍റെ ലക്ഷ്യത്തിലെത്തുന്നത് ക്രിസ്തുവിലാണ്. പരിണാമത്തിന്‍റെ ലക്ഷ്യവും ചാലകശക്തിയും യേശുക്രിസ്തുവാണ്. ക്രിസ്തുവില്‍ ജനിക്കുക എന്ന പ്രക്രിയയിലാണ് പരിണാമം പൂര്‍ണ്ണമാവുന്നത്.

കാള്‍ റാനറുടെ 'അഭൗമികക്രിസ്തുവിജ്ഞാനീയ'വും പരിഗണന അര്‍ഹിക്കുന്നതാണ്. മനുഷ്യനില്‍നിന്നാരംഭിച്ച് യേശുവിലെത്തുന്ന ഈ വിശകലനത്തില്‍ മനുഷ്യന്‍റെ അഭൗമികമായ ആഗ്രഹത്തെയാണ് റാനര്‍ പഠിക്കുന്നത് - എല്ലാ മനുഷ്യനിലും അഭൗമികമായ ഒരു ആഗ്രഹമുണ്ട്. ഈ ആഗ്രഹം ഉള്ളതു തന്നെ പ്രസ്തുത ആഗ്രഹത്തെ തൃപ്തിപ്പെടുത്താന്‍ പര്യാപ്തമായ ഒരു അഭൗമിക യാഥാര്‍ത്ഥ്യം ഉണ്ട് എന്നതിന്‍റെ തെളിവാണ്. ആ യാഥാര്‍ത്ഥ്യമാണ് ദൈവം. മനുഷ്യന് സ്വയമേ തന്‍റെ ആ അഭൗമികതൃഷ്ണയെ ത്യപ്തിപ്പെടുത്താനാവില്ല. ദൈവത്തിനുമാത്രമേ അതു സാധ്യമാകൂ. മനുഷ്യന്‍റെ ചരിത്രസാഹചര്യങ്ങളിലേക്ക് ഇറങ്ങിവന്ന് അവനോടു സംസാരിക്കുമ്പോള്‍ മാത്രമാണ് അവന് ശരിയായവിധത്തില്‍ ദൈവത്തെ ഉള്‍ക്കൊള്ളാനാകുന്നത്. മനുഷ്യന്‍റെ അഭൗമികമായ ആഗ്രഹത്തെ തൃപ്തിപ്പെടുത്തുന്നത് മനുഷ്യാവതാരത്തിലൂടെയാണ് എന്ന് റാനര്‍ സമര്‍ത്ഥിക്കുന്നു. ഇത് യേശുക്രിസ്തുവിലൂടെയാണ് നിറവേറ്റുക. വേദപുസ്തകത്തില്‍ നാം കണ്ടുമുട്ടുന്നു. യേശുക്രിസ്തുവിലാണ് മനുഷ്യന്‍റെ അഭൗമികമായ പ്രതീക്ഷകള്‍ യാഥാര്‍ത്ഥ്യവല്‍ക്കരിക്കപ്പെടുന്നത്. അങ്ങനെ മനുഷ്യനില്‍നിന്നാരംഭിച്ച് യേശുവിനെക്കുറിച്ചുള്ള അറിവില്‍ എത്തുന്ന റാനറുടെ ഈ വിശകലനരീതി ബൗദ്ധികമണ്ഡലത്തില്‍ ഏറെ സ്വാധീനം ചെലുത്തുന്ന ഒന്നാണ്.

 വിമോചനക്രിസ്തു വിജ്ഞാനീയം

ചരിത്രപുരുഷനായ യേശുവിനു പ്രാധാന്യം നല്കുന്ന ഒന്നാണിത്. ചരിത്രപുരുഷനായ യേശുവിന്‍റെ പ്രവര്‍ത്തനശൈലിയാകണം ക്രിസ്തീയശിഷ്യത്വത്തിന്‍റെ നിദാനം. യേശുവിന്‍റെ പ്രവര്‍ത്തികള്‍, സന്ദേശം, മനോഭാവങ്ങള്‍, പരിഗണനകള്‍, സാമൂഹ്യപ്രതിബദ്ധത തുടങ്ങിയ കാര്യങ്ങള്‍ക്കാണ് ഇവിടെ മുന്‍ഗണന നല്കുന്നത്. ദാരിദ്ര്യത്തിന്‍റെയും ചൂഷണത്തിന്‍റെയും പശ്ചാത്തലത്തില്‍ ദരിദ്രരുടെ സമഗ്രവിമോചനത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ വേദപുസ്തകത്തില്‍ കണ്ടുമുട്ടുന്ന ചരിത്രപുരുഷനായ ക്രിസ്തുവാണ് നമ്മുടെ മാതൃകയും പ്രേരണയും ശക്തിയുമെന്ന് ഇതിന്‍റെ ഉപജ്ഞാതാക്കള്‍ അവകാശപ്പെടുന്നു.

 വനിതാവിമോചന ക്രിസ്തുവിജ്ഞാനീയം

ലോകജനസംഖ്യയില്‍ പകുതിയോളം വരുന്ന സ്ത്രീകള്‍ അടിമത്വത്തിനും ചൂഷണത്തിനും വിധേയരായി, വിവേചനത്തിനധീനരായി കഴിയുന്നതിന്‍റെ പശ്ചാത്തലത്തില്‍ നടത്തുന്ന വിചിന്തനമാണിത്. യേശുവിനെ വിമോചകനായി, പ്രത്യേകിച്ചും വനിതകളുടെ വിമോചകനായി കണ്ടെത്തുന്ന ഒരു ആഭിമുഖ്യമാണിത്. പുരുഷപ്രതീകമായ ഒരു രക്ഷകന്‍ എങ്ങനെ സ്ത്രീകളുടെ വിമോചകനാകും എന്ന് അന്വേഷിക്കുകയാണിതിന്‍റെ ഉപജ്ഞാതാക്കള്‍.

 മതങ്ങളുടെ നാനാത്വത്തില്‍ വിരിയുന്ന ക്രിസ്തുദര്‍ശനം

മതങ്ങളുടെ വൈവിധ്യങ്ങളെക്കുറിച്ചുള്ള അറിവ് ഇന്ന് പൂര്‍വ്വാധികം വര്‍ദ്ധമാനമായിരിക്കുകയാണ്. ആധുനികമാധ്യമങ്ങളിലൂടെയും ലോകമതങ്ങളെക്കുറിച്ച് എല്ലാവരുംതന്നെ പരിജ്ഞാനമുള്ളവരായിക്കൊണ്ടിരിക്കുന്നു. ലോകജനസംഖ്യയില്‍ ഭൂരിഭാഗവും ക്രിസ്തുവില്‍ വിശ്വസിക്കാത്തവരാണ് എന്നുള്ള അറിവ് യേശുവിനെക്കുറിച്ചുള്ള വിചിന്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. യേശുക്രിസ്തു എങ്ങനെ എല്ലാവരുടേയും രക്ഷകനാകുന്നു, യേശുക്രിസ്തുവിന്‍റെ അനന്യശ്രേഷ്ഠത എങ്ങനെയാണ് മനസ്സിലാക്കേണ്ടത്, ക്രൈസ്തവവിശ്വാസത്തിന്‍റെ പ്രത്യേകതകള്‍ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളാണ് ഈ സമീപനരീതിയിലെ പ്രധാനചര്‍ച്ചാവിഷയങ്ങള്‍. ഏഷ്യയുടെ പശ്ചാത്തലത്തിലാണ് ഈ ക്രിസ്തു വിജ്ഞാനീയസമീപനം ഏറെ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. കാരണം പ്രധാനലോകമതങ്ങളുടെയെല്ലാം ഈറ്റില്ലം ഏഷ്യയാണ്. ഭൂഖണ്ഡത്തിലെ ഭൂരിഭാഗവും അക്രൈസ്തവമതാനുയായികളുമാണ്.

സമഗ്ര സമീപനം

പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്ന സമഗ്രസമീപനത്തില്‍ പഴയനിയമത്തേയും പുതിയനിയമത്തേയും ഏകമായി കാണാനാണാവശ്യപ്പെടുന്നത്. ഉടമ്പടിയുടെ പൂര്‍ത്തീകരണമാണ് ക്രിസ്തു. തന്മൂലം എല്ലാ പഴയനിയമ പ്രതീക്ഷകളെയും വാഗ്ദാനങ്ങളെയും പുതിയനിയമപൂര്‍ത്തീകരണങ്ങളെയും സമഗ്രമായിട്ടാണ് വീക്ഷിക്കേണ്ടത്. ചരിത്രപുരുഷനായ യേശുവും വിശ്വസിക്കുന്ന ക്രിസ്തുവും ഒന്നാണ് എന്ന ബോധ്യത്തോടെ വേണം ക്രിസ്തുവിജ്ഞാനീയപഠനങ്ങള്‍ നടത്താന്‍. ക്രിസ്തുവിന്‍റെ വ്യക്തിത്വവും രക്ഷാകരദൗത്യവും വിഭിന്നമായിട്ടല്ല ദര്‍ശിക്കേണ്ടത്. വ്യക്തിയും രക്ഷണീയകര്‍മ്മവും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുമ്പോഴാണ് സമഗ്രസമീപനം യാഥാര്‍ത്ഥ്യമാകുന്നത്. അതേസമയം സാംസ്കാരികാനുരൂപണം ക്രിസ്തുവിജ്ഞാനീയത്തിലെ നാനാത്വവും അംഗീകരിച്ചേ മതിയാകൂ. സാംസ്കാരികാനുരൂപണം ക്രിസ്തുവിജ്ഞാനീയത്തിലെ ഒരു നൂതന പ്രവണതയല്ല. സുവിശേഷങ്ങളില്‍ ഇതു ദൃശ്യമാണ്. ഈ നാനാത്വം ഇന്നും ക്രിസ്തുവിജ്ഞാനീയത്തില്‍ പ്രകടമാണ് എന്ന് അംഗീകരിക്കുന്ന ഒരു സമീപനമാണ് സമഗ്രസമീപനം. യേശുക്രിസ്തു എന്‍റെ രക്ഷകനാണ് എന്ന ക്രിസ്തു സംഭവത്തിന്‍റെ സാര്‍വ്വത്രികസ്വഭാവം പരിഗണിച്ചിട്ടുവേണം ക്രിസ്തുവിനെ അവതരിപ്പിക്കാന്‍.

സമഗ്രസമീപനരീതിയില്‍ ഓര്‍ത്തിരിക്കേണ്ട ചില വസ്തുതകളുണ്ട്. ആധുനികക്രിസ്തുവിജ്ഞാനീയത്തിന്‍റെ ദൗത്യങ്ങളെക്കുറിച്ച് ദൈവശാസ്ത്രജ്ഞനായ വാള്‍ട്ടര്‍ കാസ്പര്‍ നല്കുന്ന നിര്‍ദ്ദേശങ്ങള്‍ പ്രത്യേകം പരിഗണിക്കേണ്ടിയിരിക്കുന്നു:

ചരിത്രബന്ധിതമായ ക്രിസ്തുവിജ്ഞാനീയം (Historically Determined Christology)

യേശുക്രിസ്തുവിന്‍റെ ചരിത്രത്തിനു പ്രാധാന്യം നല്കുന്ന ഒരു സമീപനരീതിയാണിന്നാവശ്യം. നസ്രായനായ യേശു ആരായിരുന്നു എന്നുള്ള അന്വേഷണം ക്രിസ്തുവിജ്ഞാനീയത്തിന് അനിവാര്യമാണ്.യേശു ആരായിരുന്നു, അവിടുത്തെ സന്ദേശം എന്തായിരുന്നു, അവിടുത്തെ ജീവിതാന്ത്യം എങ്ങനെയായിരുന്നു തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കുന്ന ദൗത്യം ആധുനിക ക്രിസ്തുവിജ്ഞാനീയത്തിനുണ്ട്.

മനുഷ്യന്‍റെ പ്രശ്നങ്ങളുടെയും കാലഘട്ടത്തിന്‍റെ പ്രത്യേകതകളുടെ വെളിച്ചത്തിലാവണം ക്രിസ്തുവിജ്ഞാനീയ പഠനങ്ങള്‍ മുന്നോട്ടുപോകാന്‍. നിങ്ങള്‍ക്കുള്ള പ്രത്യാശയെപ്പറ്റി വിശദീകരണം ആവശ്യപ്പെടുന്ന ഏവരോടും മരുപടി പറയാന്‍ സന്നദ്ധരായിരിക്കുവിന്‍ (1 പത്രോ 3,15). പത്രോസിന്‍റെ ലേഖനത്തില്‍ നല്കുന്ന ഈ നിര്‍ദ്ദേശം ക്രിസ്തുവിജ്ഞാനീയത്തിലും പ്രതിധ്വനിക്കേണ്ടിയിരിക്കുന്നു.

യേശുവിന്‍റെ ചരിത്രവും രക്ഷാകരദൗത്യവും തമ്മിലുള്ള ബന്ധം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. യേശുവിനെ രക്ഷാകരപ്രവര്‍ത്തിയില്‍നിന്നും അടര്‍ത്തിയെടുത്തു മനസ്സിലാക്കുന്ന രീതി അപര്യാപ്തമായ ഒന്നാണ്. യേശു ആരായിരുന്നു - ആരാണ് എന്ന ചോദ്യവും യേശു എനിക്കാരാണ് എന്ന ചോദ്യവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു. ഈ ബന്ധം പരിഗണിച്ചുവേണം ക്രിസ്തുവിജ്ഞാനീയപഠനങ്ങള്‍ നടത്തുവാന്‍.

ആ കാലഘട്ടത്തിന്‍റെ പ്രത്യേകത പശ്ചാത്തലങ്ങള്‍ പരിഗണിച്ചുകൊണ്ടുവേണം ക്രിസ്തുവിജ്ഞാനീയപഠനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍.

1) ചരിത്രാവബോധം (Historical Consciousness)

ക്രിസ്തീയദൈവശാസ്ത്രത്തിന് ചരിത്രത്തില്‍ ഇന്ന് ഏറെ പ്രാധാന്യമുണ്ട്. ഇന്നിന്‍റെ സാഹചര്യങ്ങളെ മാറ്റിനിറുത്തിക്കൊണ്ട് ദൈവശാസ്ത്രവിചിന്തനം സാധ്യമല്ല എന്നു കരുതുന്നവരാണ് ഈ ദൈവശാസ്ത്രജ്ഞന്മാര്‍.

2) വൈവിധ്യങ്ങളുടെ വൈഷമ്യമേറിയ അംഗീകരണം

വൈവിധ്യാവബോധം ചരിത്രാവബോധത്തിന്‍റെ ഭാഗമാണ്. ഓരോ സംസ്കാരവും അതിന്‍റെ പശ്ചാത്തലങ്ങളില്‍ നിന്നുകൊണ്ടു കാര്യങ്ങള്‍ മനസ്സിലാക്കാനും വ്യാഖ്യാനിക്കാനും ശ്രമിക്കുന്നു എന്നുള്ളത് ഒരു വസ്തുതയാണ്. നാനാത്വം ദൈവശാസ്ത്രത്തിലും പ്രകടമാണ് എന്ന് വ്യക്തം. എന്നാല്‍, ഇതിന്‍റെ പോരായ്മയും ഓര്‍ത്തിരിക്കുന്നത് നല്ലതാണ്. പൗരാണികസത്യങ്ങള്‍ നഷ്ടമാക്കുകയും നിയതമായ മാനദണ്ഡങ്ങളെ നിരാകരിക്കുകയും ചെയ്യുന്നതിലൂടെ ഇത് അസ്ഥിരതയ്ക്ക് കളമൊരുക്കുന്നു.

3) ആഗോളവ്യാപകമാകുന്ന തിന്മകള്‍

മതപരമായ ഏതു ചോദ്യവും ചെന്നെത്തിനില്ക്കുന്നത് രക്ഷയെക്കുറിച്ചുള്ള ചോദ്യത്തിലാണ്. ഈ  ചോദ്യങ്ങളുടെ അടിവേരുകള്‍ ചെന്നെത്തിനില്ക്കുന്നത് ലോകത്ത് വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുന്ന യുദ്ധം, മരണം, ദാരിദ്ര്യം, സാമൂഹികാസമത്വം, മനുഷ്വോചിതമല്ലാത്ത സാഹചര്യങ്ങളില്‍ ജീവിക്കേണ്ടിവരുന്ന അവസ്ഥ, സ്ത്രീകളോടുള്ള അതിക്രമങ്ങള്‍ എന്നിവയിലാണ്. ചരിത്രത്തിലെ നിഷേധാത്മകവശങ്ങള്‍ പ്രസ്തുത നാടിന്‍റെയും കാലഘട്ടത്തിന്‍റെയും ചിന്താധാരണകളെ നിര്‍ണ്ണായകമായി സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

 ഭാവിയിലേക്കുള്ള തുറവി

ജീവിതത്തിന്‍റെ നിഷേധാത്മകവശങ്ങളോടൊപ്പം ശോഭനമായ ഭാവിയെക്കുറിച്ച് പ്രതീക്ഷവച്ചുപുലര്‍ത്തുന്നവരാണ് ഇന്നത്തെ മനുഷ്യര്‍. കാര്യങ്ങള്‍ക്ക് ഒരു മാറ്റമുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നവര്‍ വിമോചനത്തിനായി കാതോര്‍ത്തിരിക്കുന്നവര്‍. ഈ ചരിത്രത്തില്‍ നിന്നും പ്രതീക്ഷനല്കാന്‍ ദൈവശാസ്ത്രത്തിനു കഴിയണം.

 പ്രധാന ചര്‍ച്ചാവിഷയങ്ങള്‍

യേശു ആരായിരുന്നു? ഈ ചോദ്യം ക്രിസ്തുവിജ്ഞാനീയത്തില്‍ അനിവാര്യമാണ് കാരണം, യേശുവാണ് അതിന്‍റെ വിഷയം. ചരിത്രാവബോധം യേശുവിനെക്കുറിച്ച് അറിയാത്ത മനുഷ്യന്‍റെ ആഗ്രഹത്തെ ഉത്ക്കടമാക്കുന്നു. അറിവ് എന്നതുകൊണ്ടുദ്ദേശിക്കുക വിശ്വാസത്തിന്‍റെ അറിവല്ല; ചരിത്രപരമായ അറിവാണ്; ഈ ലോകത്തില്‍ ജീവിച്ചിരുന്ന യേശുവിനെക്കുറിച്ചുള്ള അറിവ്. യേശുവിനെക്കുറിച്ചുള്ള കഥകളല്ല, കഥകള്‍ക്കപ്പുറത്തുള്ള യേശുവിനെയാണ് അന്വേഷിക്കേണ്ടത്.

 യേശുവിന്‍റെ അര്‍ത്ഥം

യേശുക്രിസ്തുവിന്‍റെ അര്‍ത്ഥവും പ്രാധാന്യവും കണ്ടെത്തുക എന്നത് ക്രിസ്തുവിജ്ഞാനീയത്തിന്‍റെ ധര്‍മ്മമാണ്. ഇതിന്‍റെ സാഹചര്യത്തില്‍ നാം നേരിടുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെടുത്തിവേണം യേശുവിനെ വ്യാഖ്യാനിക്കാനും, യേശു എങ്ങനെ രക്ഷിക്കുന്നു എന്നു മനസ്സിലാക്കുവാനും. മനുഷ്യന്‍ നേരിടുന്ന  നിരവധിയായ പ്രശ്നങ്ങളില്‍ അന്യനായി യേശു അനുഭവപ്പെടരുത്. ഗതകാലചരിത്രത്തില്‍ കടന്നുപോയ ഒരാളല്ല യേശു. യേശു ഇന്ന് ജീവിക്കുന്നു, എന്‍റെ പ്രശ്നങ്ങള്‍ക്ക് പ്രതിവിധിയായി.

 യേശുവിന്‍റെ പദവി

ദൈവത്തേയും മനുഷ്യനേയും ബന്ധിപ്പിക്കുന്നു എന്നതാണ് യേശുവിന്‍റെ പദവി-യേശു ദൈവത്തോടും മനുഷ്യരോടും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു, അതായത് യേശുവിന്‍റെ ദൈവത്വവും മനുഷ്യത്വവും എങ്ങനെയാണ് നാം മനസ്സിലാക്കുന്നത്. യേശുവിന്‍റെ സത്താപരമായ അര്‍ത്ഥം മനസ്സിലാക്കുമ്പോള്‍, യേശുവിന്‍റെ വ്യക്തിത്വത്തിന്‍റെ മഹാരഹസ്യത്തെ അനാവരണം ചെയ്യാനുള്ള ശ്രമംകൂടി നാം നടത്തേണ്ടിയിരിക്കുന്നു.

        

Mar Joseph Pamplany innovative approach to christian theology the church Historico-critical approach Critico-dogmatic approach Anthropological Approach different approaches to christology Historically Determined Christology Christology Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message