ദൈവമാതാവും അമലോത്ഭവയും
Authored by : Mar Joseph Pamplany On 27-Aug-2020
തിരുസഭയുടെ മാതാവും മാതൃകയുമായ പരിശുദ്ധ മറിയത്തെക്കുറിച്ചുള്ള വിശ്വാസസത്യങ്ങള്‍ സഭാവിജ്ഞാനീയത്തിന്‍റെ ഭാഗമായാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നത്.തിരുസഭയുടെ മാതാവും മാതൃകയുമായ പരിശുദ്ധ മറിയത്തെക്കുറിച്ചുള്ള വിശ്വാസസത്യങ്ങള്‍ സഭാവിജ്ഞാനീയത്തിന്‍റെ ഭാഗമായാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നത്.
- സകലതലമുറകളാലും ഭാഗ്യവതി എന്നു വിശേഷിപ്പിക്കപ്പെടാന്‍ ദൈവം പരിശുദ്ധ മറിയത്തിനു വരം കൊടുത്തു (ലൂക്കാ 1:51). രക്ഷാകരചരിത്രത്തിന്‍റെ പ്രാരംഭത്തില്‍ പിശാചിന്‍റെ തല തകര്‍ക്കാന്‍ ദൈവത്താല്‍ നിയോഗിക്കപ്പെട്ട സ്ത്രീയാണവള്‍ (ഉല്‍പ 3:15). നന്മനിറഞ്ഞവളായി ദൈവം കണ്ടെത്തിയവളും (ലൂക്കാ 1:35) വിശ്വസിക്കുന്ന സകലര്‍ക്കും അമ്മയായി ക്രിസ്തുനാഥന്‍ തന്നെ അന്ത്യസമ്മാനമായി നല്‍കിയവളുമാണ് മറിയം (യോഹ 19:25-27). പരിശുദ്ധ മറിയത്തെ സംബന്ധിക്കുന്ന നാലു വിശ്വാസസത്യങ്ങളാണ് കത്തോലിക്കാ സഭയിലുള്ളത്. ദൈവമാതൃത്വം, അമലോത്ഭവം, എന്നിവയെക്കുറിച്ചുള്ള ലഘുപഠനങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
ദൈവമാതൃത്വം
- പരിശുദ്ധമറിയം ദൈവമാതാവാണ് എന്നത് സഭയുടെ വിശ്വാസ സത്യമാണ്. "അവിടുന്നു കന്യകാമറിയത്തില്‍നിന്ന് ശരീരം സ്വീകരിച്ച് മനുഷ്യനായി പിറന്നു"എന്നത് നിഖ്യാ-കോണ്‍സ്റ്റാന്‍റിനോപ്പിള്‍ വിശ്വാസപ്രമാണം ഏറ്റുപറയുന്നുണ്ട്. നെസ്തോറിയന്‍ പാഷണ്ഡതയുടെ പ്രചാരകര്‍ മറിയത്തെ ദൈവമാതാവെന്നല്ല (theotokos) ക്രിസ്തുവിന്‍റെ മാതാവ് (christotokos) എന്നാണു വിളിക്കേണ്ടത് എന്നു വാദിച്ചിരുന്നു. പ്രത്യക്ഷത്തില്‍ നിരുപദ്രവകരം എന്നു തോന്നാവുന്ന ഈ വാദത്തില്‍ ഒരു വിശ്വാസസത്യ ലംഘനമുണ്ട്. മനുഷ്യാവതാരം ചെയ്ത ഈശോയില്‍ ദൈവിക വ്യക്തിത്വവും മാനുഷിക വ്യക്തിത്വവും ഒന്നായി നിലകൊള്ളുന്നു എന്ന വിശ്വാസസത്യം നിഷേധിച്ചുകൊണ്ടു മാത്രമേ ദൈവമാതാവ്, ക്രിസ്തുവിന്‍റെ മാതാവ് എന്ന വ്യത്യസ്ത അഭിധാനങ്ങള്‍ ഉപയോഗിക്കാനാകൂ. മനുഷ്യാവതാരം ചെയ്ത ഈശോ പൂര്‍ണ്ണമനുഷ്യനും പൂര്‍ണ്ണദൈവവുമാണ്. എന്നാല്‍ അവിടുത്തെ വ്യക്തിത്വം ദൈവിക വ്യക്തിത്വമാണ്. അതിനാല്‍ യേശുവിന്‍റെ അമ്മയെ ദൈവമാതാവ് എന്നു വിശേഷിപ്പിക്കണമെന്ന് 431 ലെ എഫേസൂസ് സൂനഹദോസ് പ്രഖ്യാപിച്ചു. ഈ വിശ്വാസ പ്രഖ്യാപനത്തില്‍ രണ്ടു കാര്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്:
(i) എല്ലാ അമ്മമാരും തങ്ങളുടെ കുഞ്ഞിന്‍റെ രൂപീകരണത്തിനു കാരണമാകുന്നതുപോലെ യേശുവിന്‍റെ മനുഷ്യത്വത്തിനാവശ്യമായതെല്ലാം സംഭാവന ചെയ്തത് മറിയമാണ്.
(ii) പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമത്തെ ആളായ പുത്രന്‍ തമ്പുരാനെ ഗര്‍ഭംധരിച്ചു പ്രസവിച്ചതിനാല്‍ മറിയം ദൈവമാതാവാണ്. അനാദിയിലേയുള്ള അവിടുത്തെ അസ്ഥിത്വത്തിന്‍റെ മാതാവ് എന്ന നിലയിലല്ല മനുഷ്യാവതാരം ചെയ്ത പുത്രന്‍ തമ്പുരാന്‍റെ മാതാവ് എന്ന നിലയിലാണ് മറിയം ദൈവമാതാവാകുന്നത്.
- മറിയത്തിന്‍റെ ദൈവമാതൃത്വത്തെ തിരുവചനവും വിശുദ്ധ പാരമ്പര്യവും ഒരുപോലെ പിന്തുണയ്ക്കുന്നുണ്ട്:- ലൂക്കാ 1:39 ല്‍ എലിസബത്ത് പരിശുദ്ധ മറിയത്തെ "കര്‍ത്താവിന്‍റെ അമ്മ" എന്നാണ് വിളിക്കുന്നത്.
- മറിയം "യേശുവിന്‍റെ അമ്മ" എന്നു വിളിക്കപ്പെടുന്നു (യോഹ 2:1) "അവന്‍റെ അമ്മ" (മത്താ 1:18; 2:11, 13:20; 12:46; 13:55) എന്നും "കര്‍ത്താവിന്‍റെ അമ്മ" (ലൂക്കാ 1:43) എന്നും മറിയം വിളിക്കപ്പെടുന്നുണ്ട്.
- എമ്മാനുവേല്‍ പ്രവചനത്തില്‍ മറിയത്തിന്‍റെ മാതൃത്വം പരാമര്‍ശിക്കുന്നുണ്ട് (ഏശ 7:14).
- "നിന്നില്‍ നിന്നു പിറക്കുന്നവന്‍...... ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും" എന്ന മംഗളവാര്‍ത്ത ദൈവമാതൃത്വത്തിനു തെളിവാണ് (ലൂക്കാ 1:35).
- കാലത്തിന്‍റെ പൂര്‍ണ്ണതയില്‍ ദൈവപുത്രന്‍ സ്ത്രീയില്‍നിന്നു ജതനായി (ഗലാ 4:4) എന്ന വി. പൗലോസിന്‍റെ പരാമര്‍ശവും സമാനാര്‍ത്ഥത്തിലാണ്
ദൈവമാതാവ് എന്ന അര്‍ത്ഥത്തിലാണ് സഭാപാരമ്പര്യം മറിയത്തെ വിശേഷിപ്പിക്കാന്‍ പല പഴയനിയമ പ്രതീകങ്ങളും ഉപയോഗിക്കുന്നത്: സമാഗമകൂടാരം (സങ്കീ 86:3) സീയോന്‍ നഗരം (സങ്കീ 45:5; 131:13), ദിവ്യജ്ഞാനത്തിന്‍റെ സിംഹാസനം (സുഭാ 8:22) ഉത്തമഗീതത്തിലെ വധുവിന്‍റെ മാതൃകയില്‍ (4:7) പരിശുദ്ധാത്മാവിന്‍റെ മണവാട്ടി, വാഗ്ദാനപേടകം, ദാവീദിന്‍റെ കോട്ട, സ്വര്‍ഗ്ഗത്തിന്‍റെ കവാടം മുതലായ വിശേഷണങ്ങളെല്ലാം ദൈവമാതൃത്വത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
അമലോത്ഭവ
- ദൈവമാതാവായതിനാല്‍ മറിയത്തിന് അമലോത്ഭയാകാനുള്ള അനുഗ്രഹം ദൈവം നല്‍കി. ജന്മപാപത്തിന്‍റെ കറപുരളാതെ ജനിച്ചവള്‍ എന്ന അര്‍ത്ഥത്തിലാണ് മറിയത്തെ അമലോത്ഭവ എന്നു വിശേഷിപ്പിക്കുന്നത്.
ദൈവത്തിന്‍റെ കൃപാവരത്താല്‍ നിറഞ്ഞ മറിയം അവളുടെ ഉത്ഭവനിമിഷംമുതല്‍ത്തന്നെ രക്ഷിക്കപ്പെട്ടവളാണെന്ന സത്യം നൂറ്റാണ്ടുകളായി സഭ ഏറ്റുപറഞ്ഞിരുന്നതാണ്. 1854 ല്‍ ഒന്‍പതാം പീയൂസ് മാര്‍പാപ്പ Inefabilis Deus എന്ന തിരുവെഴുത്തിലൂടെ മറിയത്തിന്‍റെ അമലോത്ഭവം സഭയുടെ വിശ്വാസസത്യമായി പ്രഖ്യാപിച്ചു: "അനന്യമായ ദൈവകൃപയാലും സര്‍വ്വശക്തനായ ദൈവത്തിന്‍റെ ആനുകൂല്യത്താലും മനുഷ്യവര്‍ഗ്ഗത്തിന്‍റെ രക്ഷകനായ യേശുക്രിസ്തുവിന്‍റെ യോഗ്യതകളെ മുന്‍നിറുത്തിയും ഏറ്റവും പരിശുദ്ധയായ കന്യകാമറിയം അവളുടെ ഉത്ഭവത്തിന്‍റെ ആദ്യനിമിഷംമുതല്‍ ഉത്ഭവപാപത്തിന്‍റെ എല്ലാ മാലിന്യങ്ങളില്‍നിന്നും പരിരക്ഷിക്കപ്പെട്ടു." ഉത്ഭവപാപത്തിന്‍റെ കറയില്‍നിന്ന് ഉത്ഭവത്തിന്‍റെ ആദ്യനിമിഷംമുതല്‍ മറിയം പരിരക്ഷിക്കപ്പെട്ടത് ക്രിസ്തുവിന്‍റെ കുരിശിലെ ബലിയുടെ മുന്‍യോഗ്യതയാലാണ്. വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നതുപോലെ "സ്വപുത്രന്‍റെ യോഗ്യതകളെ മുന്‍നിറുത്തി, കൂടുതല്‍ ഉന്നതമായ രീതിയില്‍ രക്ഷിക്കപ്പെട്ടവളാണ് അവള്‍" (LG 53).
- പരിശുദ്ധ അമ്മയുടെ അമലോത്ഭവത്തിന് വിശുദ്ധ ഗ്രന്ഥത്തിലും സഭാപാരമ്പര്യത്തിലും അടിസ്ഥാനമുണ്ട്.
- ഉല്‍പ 3:15 ല്‍ സാത്താന്‍റെ തല തകര്‍ക്കാന്‍ ജനിക്കുന്ന സന്തതിയുടെ മാതാവായ സ്ത്രീയായി പരാമര്‍ശിക്കുന്നത് മറിയത്തെയാണ്. സാത്താനുമായുള്ള (തിന്മയുമായുള്ള) അവളുടെ നിത്യമായ ശത്രുതയാണ് ഈ വാക്കുകളില്‍ വ്യക്തമാകുന്നത്.
- ലൂക്കാ 1:28 ല്‍ "കൃപയായവളേ" (കൃപനിറഞ്ഞവളേ) എന്നാണ് ദൂതന്‍ മറിയത്തെ അഭിസംബോധന ചെയ്യുന്നത. അവളില്‍ പാപത്തിന്‍റെ മാലിന്യമില്ല എന്നതിനുള്ള സ്വര്‍ഗ്ഗത്തിന്‍റെ സാക്ഷ്യമാണ് ഈ വാക്കുകള്‍.
- ലൂക്കാ 1:41, "നീ സ്ത്രീകളില്‍ വാഴ്ത്തപ്പെട്ടവള്‍, നിന്‍റെ ഉദരഫലവും വാഴ്ത്തപ്പെട്ടത് എന്ന എലിസബത്തിന്‍റെ ഏറ്റുപറച്ചിലില്‍ മറിയത്തിന്‍റെ പാപമില്ലായ്മയെ അവളുടെ ഉദരഫലമായ ഈശോയുടെ പാപമില്ലായ്മയോടാണ് താരതമ്യം ചെയ്തിരിക്കുന്നത്.
- മറിയത്തിന്‍റെ അമലോത്ഭവത്തെക്കുറിച്ച് ഏറ്റവും സുവ്യക്തമായ പഠനങ്ങളുള്ളത് പൗരസ്ത്യ സഭാപിതാവായ വി. എഫ്രേമിന്‍റെ രചനകളിലാണ്: "നിന്നില്‍ കളങ്കമില്ലാത്തതുപോലെ അല്ലയോ ദൈവമേ നിന്‍റെ അമ്മയും കളങ്കരഹിതയാണ്. നീയും നിന്‍റെ അമ്മയും മാത്രമേ പൂര്‍ണ്ണമായും പാപരഹിതരായിട്ടുള്ളൂ"(carm. nisib., 27). പൗരസ്ത്യ സഭാപിതാക്കന്മാര്‍ മറിയത്തെ "സര്‍വ്വവിശുദ്ധ" (Panagia) എന്നാണ് വിശേഷിപ്പിച്ചിരുന്നത്. പാപസ്പര്‍ശമേല്‍ക്കാത്തവള്‍, പരിശുദ്ധാത്മാവിനാല്‍ സവിശേഷമാംവിധം രൂപപ്പെടുത്തപ്പെട്ട നവസൃഷ്ടി എന്നിങ്ങനെയും മറിയം വിശേഷിപ്പിക്കപ്പെട്ടിരുന്നു. സഭാപിതാവായ വി. അഗസ്റ്റിനും സമാനമായ പഠനം നല്‍കുന്നുണ്ട് (de natura et gratia, 36, 42). ദൈവകൃപയാല്‍ മറിയം തന്‍റെ ജീവിതകാലം മുഴുവന്‍ വ്യക്തിപരമായ എല്ലാ പാപങ്ങളില്‍നിന്നും വിമുക്തയായിരുന്നു.ചിന്തകനായ എയാഡ്മര്‍ അമലോത്ഭവത്തിനു നല്‍കിയ മൂന്നു വാക്കുകളിലൊതുങ്ങുന്ന വ്യാഖ്യാനം പിന്നീട് മധ്യകാല ദൈവശാസ്ത്രത്തിന്‍റെ മുദ്രവാക്യമായി മാറി: potuit, decuit, ergo fecit എന്നതായിരുന്നു ഈ വ്യാഖ്യാനം.
potuit - ദൈവത്തിന് മറിയത്തെ അമലോത്ഭവയാക്കുവാന്‍ സാധ്യമായിരുന്നു.
decuit - തന്‍റെ പുത്രനു മാതാവാക്കേണ്ടവളെ ദൈവത്തിന് പാപരഹിതയായി സൃഷ്ടിക്കേണ്ടതുണ്ടായിരുന്നു.
fecit - അതിനാല്‍ ദൈവം അപ്രകാരം മറിയത്തെ അമലോത്ഭയായി സൃഷ്ടിച്ചു.
immaculate conception Motherhood of God Mar Joseph Pamplany Mary ദൈവമാതൃത്വം നെസ്തോറിയന്‍ പാഷണ്ഡത theotokos christotokos അമലോത്ഭവം Inefabilis Deus St. Ephrem on Mary potuit decuit ergo fecit nestorianism
Bible Theology Church Teachings