x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ധാര്‍മ്മികദൈവശാസ്ത്രം

ധാര്‍മ്മികദര്‍ശനം - പൗരസ്ത്യദൈവശാസ്ത്രത്തില്‍

Authored by : Dr. Dominic Vechoor On 06-Feb-2021

ഭാഗ്യസ്മരണാര്‍ഹനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ "പൗരസ്ത്യസഭയുടെ കാനന്‍ നിയമസംഹിത" പുറപ്പെടുവിച്ചുകൊണ്ട് ഇപ്രകാരം എഴുതി: "ദൈവത്തിന്‍റെ അത്ഭുതകരമായ പരിപാലനയില്‍ പരിശുദ്ധാത്മാവിന്‍റെ കൃപയാല്‍ ഒന്നിച്ചുകൂട്ടപ്പെട്ട തിരുസഭ പൗരസ്ത്യവും പാശ്ചാത്യവുമാകുന്ന രണ്ടു ശ്വാസകോശങ്ങളാല്‍ ശ്വസിക്കുകയും അതേസമയം പൗരസ്ത്യവും പാശ്ചാത്യവുമാകുന്ന രണ്ട് അറകളോടുകൂടിയ ഏകഹൃദയംകൊണ്ട് ദൈവസ്നേഹത്താല്‍ നിറഞ്ഞ് വ്യാപരിക്കുകയും ചെയ്യുന്നു." കത്തോലിക്കാതിരുസ്സഭയുടെ കൂട്ടായ്മയില്‍ പൗരസ്ത്യ പാശ്ചാത്യ ദൈവശാസ്ത്ര പാരമ്പര്യങ്ങളുടെ തുല്യതയും പ്രാധാന്യവും നമ്മെ അനുസ്മരിപ്പിക്കുകയായിരുന്നു ചരിത്രപ്രാധാന്യമുള്ള ഈ പ്രസ്താവനയിലൂടെ പരി. പിതാവ്.  സംസ്കാരങ്ങള്‍, ആരാധനക്രമങ്ങള്‍, ദൈവശാസ്ത്രദര്‍ശനങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ ഏകീകരണത്തേക്കാളുപരി വൈവിധ്യത്തെ വളര്‍ത്തേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി നമ്മെ അദ്ദേഹം ഇവിടെ ഓര്‍മ്മപ്പെടുത്തുകയായിരുന്നു. തിരുസ്സഭയുടെ കാതോലികഭാവം അവളുടെ ജീവിതത്തിന്‍റെയും ദൈവശാസ്ത്രദര്‍ശനങ്ങളുടേയും പ്രബോധനങ്ങളുടെയും എല്ലാ തലങ്ങളിലും പ്രകടമാകണമെന്നുള്ളതാണ് സഭയുടെ വലിയ ആഗ്രഹവും മനസ്സും.  ധാര്‍മ്മിക ദൈവശാസ്ത്രത്തെ സംബന്ധിച്ച് ഇത് ഏറെ പ്രസക്തമാണ്.

വിവിധങ്ങളായ ദൈവശാസ്ത്രശാഖകളില്‍ പൗരസ്ത്യസഭകള്‍ക്ക് അവരുടേതായ ദര്‍ശനങ്ങളും ശൈലികളുമുണ്ട്.  സാര്‍വ്വത്രികസഭ ഇക്കാര്യം പല അവസരങ്ങളിലായി അംഗീകരിച്ചുറപ്പിച്ചിട്ടുള്ളതാണ്.  ധാര്‍മ്മിക ദൈവശാസ്ത്രരംഗത്തും പൗരസ്ത്യസഭകള്‍ക്ക് തനതായ കാഴ്ചപ്പാടുകളും ശൈലികളും ഉണ്ടെന്നു വ്യക്തമാക്കുകയാണ് ഈ ലേഖനത്തിന്‍റെ ഉദ്ദേശ്യം.  കത്തോലിക്കാസഭയുടെ ധാര്‍മ്മിക ദൈവശാസ്ത്രപ്രബോധനങ്ങള്‍ അതിന്‍റെ ഉള്ളടക്കത്തിലും അവതരണത്തിലും കാതോലികമാകണമെങ്കില്‍, അവ തിരുസ്സഭയിലെ വിവിധ സഭകളുടെ വൈവിദ്ധ്യമാര്‍ന്ന ദൈവശാസ്ത്രങ്ങളേയും വിവിധങ്ങളായ സംസ്കാരങ്ങളെയും ഉള്‍ക്കൊണ്ടേ മതിയാകൂ.

ധാര്‍മ്മിക ദൈവശാസ്ത്രത്തിന് ഒരു പൗരസ്ത്യസമീപനം എന്നത് കത്തോലിക്കാ ദൈവശാസ്ത്രരംഗത്തെ ഒരു പുതിയ ചിന്താസരണിയാണ്.  ധാര്‍മ്മിക ദൈവശാസ്ത്രത്തില്‍ ഉപരിപഠനത്തിനുള്ള റോമിലെ "അല്‍ഫോന്‍സിയന്‍ അക്കാഡമി"യില്‍ അധ്യാപകനായ ബസീലിയോ പെത്രാ എന്ന വൈദികനാണ് ഈ രംഗത്ത് ശ്രദ്ധേയമായ പല പഠനങ്ങളും ഈ അടുത്തകാലത്ത് നടത്തിയിട്ടുള്ളത്.  തുടര്‍ന്ന് പൗരസ്ത്യസഭകളില്‍പ്പെട്ട പല വിദ്യാര്‍ത്ഥികളും ഈ രംഗത്ത് കൂടുതല്‍ പഠനങ്ങള്‍ നടത്തുകയും പ്രബന്ധങ്ങള്‍ രചിക്കുകയും ചെയ്തിട്ടുണ്ട്.  ഓര്‍ത്തഡോക്സ് സഭകളുടെ പാരമ്പര്യത്തില്‍ ഈ രംഗത്ത് ധാരാളം പഠനങ്ങള്‍ നടന്നിട്ടുണ്ട് എന്നുള്ളതും ശുഭോദര്‍ക്കമായ സൂചനകളാണ്.

ഹ്രസ്വമായ ഈ ലേഖനത്തില്‍ മൂന്ന് ഭാഗങ്ങളിലായി പൗരസ്ത്യ ധാര്‍മ്മിക ദൈവശാസ്ത്രത്തിന്‍റെ വിവിധ തലങ്ങള്‍ അനാവരണം ചെയ്യുകയാണ്. ആദ്യഭാഗത്ത് പൗരസ്ത്യധാര്‍മ്മിക ദൈവശാസ്ത്രദര്‍ശനങ്ങളുടെ സാധ്യത വിശദീകരിക്കുന്നു.  തുടര്‍ന്ന് പൗരസ്ത്യ ധാര്‍മ്മിക ദൈവശാസ്ത്രദര്‍ശനങ്ങളുടെ ഏതാനും ചില പൊതു പ്രത്യേകതകള്‍ ചൂണ്ടിക്കാണിക്കുന്നു. മൂന്നാം ഭാഗത്ത് പൗരസ്ത്യസുറിയാനിസഭയുടെ ധാര്‍മ്മിക ദര്‍ശനങ്ങളുടെ ചില പ്രത്യേകതകളും എടുത്തുകാട്ടുന്നു.

  1. ധാര്‍മ്മിക ദൈവശാസ്ത്രത്തിലെ പൗരസ്ത്യദര്‍ശനങ്ങളുടെ സാധ്യത

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലും തുടര്‍ന്നുള്ള സഭാപ്രബോധനങ്ങളും പൗരസ്ത്യരുടെ തനതായ "ക്രിസ്തീയ ജീവിതശൈലി"യെക്കുറിച്ചും "ആത്മീയ പൈതൃക"ത്തെക്കുറിച്ചും പ്രത്യേകം ഊന്നിപ്പറയുന്നുണ്ട് (LG, 23; OE, 13; UR, 14-17; orientale Lumen, 5-6). പൗരസ്ത്യ കാനന്‍ നിയമസംഹിത അതിന്‍റെ 28-ാമത്തെ കാനോനയില്‍ റീത്തിനെ നിര്‍വ്വചിക്കുന്നത് ഏറെ പ്രസക്തമാണ്: ആരാധനക്രമം, ദൈവശാസ്ത്രം, ആദ്ധ്യാത്മികത, ശിക്ഷണക്രമം ഇവയിലൂടെ രൂപീകരിച്ചിട്ടുള്ളതും ജനപദങ്ങളുടെ ചരിത്രപരമായ സാഹചര്യങ്ങളാലും സംസ്കാരത്താലും വ്യതിരിക്തമാക്കപ്പെട്ടിട്ടുള്ളതും ഓരോ സ്വയാധികാരസഭയും തങ്ങളുടേതായ രീതിയില്‍ വിശ്വാസം ജീവിച്ചുകൊണ്ട് വെളിവാക്കുന്നതുമായ പൈതൃകമാണ് റീത്ത്.  ഓരോ വ്യക്തിസഭയും രൂപം കൊള്ളുന്നത് ശ്ലൈഹികമായ മിശിഹാനുഭവം ഒരു പ്രത്യേക സാമൂഹിക സാംസ്കാരിക പശ്ചാത്തലത്തില്‍ ജീവിക്കുമ്പോഴാണ്. ആയതിനാല്‍ ഓരോ സംസ്കാരത്തിന്‍റെയും ധാര്‍മ്മിക സംസ്കാരം (ethos) ആ സംസ്കാരം ഉള്‍ക്കൊള്ളുന്ന വ്യക്തിസഭയുടെ ധാര്‍മ്മികസംസ്കാരത്തെ സ്വാധീനിക്കുന്നുണ്ട്.  അതുകൊണ്ട് തന്നെ വിവിധങ്ങളായ "വിശ്വാസ ജീവിതശൈലി"കളും തനതായ "ധാര്‍മ്മിക ജീവിത വീക്ഷണڈങ്ങളും "ജീവിതക്രമ"ങ്ങളും സഭയില്‍ രൂപംകൊള്ളുന്നു (Orientale Lumen 7). കത്തോലിക്കാ തിരുസഭ വിവിധ സഭകളുടെ കൂട്ടായ്മയാണെങ്കില്‍ അവളുടെ വിശ്വാസ ധാര്‍മ്മിക നിക്ഷേപങ്ങള്‍ വൈവിധ്യമാര്‍ന്ന സഭാപാരമ്പര്യങ്ങളുടെയും സംസ്കാരങ്ങളുടെയും പശ്ചാത്തലത്തില്‍വേണം വിശദീകരിക്കുവാന്‍. ഈ പശ്ചാത്തലത്തിലാണ് നേരത്തെ പേരെടുത്തുപറഞ്ഞ ബസീലിയോ പെത്രാ എന്ന ദൈവശാസ്ത്രജ്ഞന്‍ വ്യക്തിസഭകളുടെ ധാര്‍മ്മികമാനത്തെ (ethical dimension of churches sui iuris) ചൂണ്ടിക്കാണിക്കുന്നത്.  ഓരോ വ്യക്തിസഭയും അവളുടെ പ്രത്യേകമായ സാമൂഹിക സാംസ്കാരിക പശ്ചാത്തലത്തില്‍ തനതായ ഒരു വിശ്വാസജീവിത ശൈലിക്ക് (modus proprius fidei vivendi) രൂപം കൊടുക്കുന്നു.  അതിന്‍റെ ഫലമായി വിവിധങ്ങളായ ധാര്‍മ്മികദൈവശാസ്ത്രസമീപനങ്ങളും രൂപം കൊള്ളുന്നു.

ധാര്‍മ്മിക ദൈവശാസ്ത്രപഠനത്തില്‍ ഉണ്ടായിരിക്കേണ്ട വൈവിധ്യത്തെക്കുറിച്ച് ബര്‍ണാഡ് ഹെയറിംഗ്, സബത്തീനോ മയോറാനോ തുടങ്ങിയ ധാര്‍മ്മിക ദൈവശാസ്ത്രജ്ഞരും റോബര്‍ട്ട് റ്റാഫ്റ്റ്, എഡ്വേര്‍ഡ് ഫറൂജിയാ തുടങ്ങിയ പൗരസ്ത്യ ദൈവശാസ്ത്രജ്ഞരും ഊന്നിപ്പറയുന്നുണ്ട്.  വൈവിധ്യങ്ങളെ ആദരിച്ചുകൊണ്ടുമാത്രമേ വിശ്വാസത്തിന്‍റെ സാംസ്കാരികാനുരൂപണം സാധ്യമാവുകയുള്ളൂ എന്ന് അവര്‍ പഠിപ്പിക്കുന്നു. ഏതെങ്കിലും ഒരു സംസ്കാരത്തിനുമാത്രം ഊന്നല്‍ കൊടുത്തുകൊണ്ടുള്ള വിശ്വാസ ധാര്‍മ്മിക പ്രബോധനങ്ങള്‍ സഭയുടെ സാര്‍വ്വത്രിക സ്വഭാവത്തെ മാനിക്കുന്നുവെന്ന് പറയാനാവില്ല.

ഒരു പ്രത്യേക ദൈവശാസ്ത്രശാഖ എന്ന നിലയില്‍ ധാര്‍മ്മിക ദൈവശാസ്ത്രം പൗരസ്ത്യസഭകളില്‍ വളര്‍ന്നിട്ടില്ല.  പൗരസ്ത്യചിന്തയില്‍ ധാര്‍മ്മികദൈവശാസ്ത്രം എന്നത് ദൈവശാസ്ത്രചിന്തകളുടെ മുഖ്യധാരയോട് ചേര്‍ന്നുപോകുന്നതും ചേര്‍ന്നുപോകേണ്ടതുമായ ഒന്നാണ്. പൗരസ്ത്യസഭകളുടെ ധാര്‍മ്മിക വീക്ഷണത്തെക്കുറിച്ച് ബസീലിയോ പെത്രാ ഇപ്രകാരം കുറിക്കുന്നു: "പാശ്ചാത്യസഭയില്‍ എന്നതുപോലെ പൗരസ്ത്യ ധാര്‍മ്മിക ദൈവശാസ്ത്രം അതിന്‍റെ ക്രമീകൃതസ്വഭാവവും വിശാലതയും ആര്‍ജ്ജിച്ചെടുത്തില്ല. ഇതിന് പല കാരണങ്ങള്‍ ഉണ്ടാവാം.  സഭയും ലോകവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വ്യത്യസ്തമായ വീക്ഷണങ്ങള്‍, അനുതാപ പ്രകടന രീതികളിലെ വൈവിധ്യങ്ങള്‍, ദൈവശാസ്ത്രത്തെക്കുറിച്ചുള്ള വ്യത്യസ്തമായ വീക്ഷണങ്ങള്‍, ശാസ്ത്രീയ അറിവിനെക്കുറിച്ചുതന്നെയുള്ള വ്യത്യസ്തമായ വീക്ഷണങ്ങള്‍ തുടങ്ങിയവ അവയില്‍ ചിലതു മാത്രമാണ്."  വെറും ഒരു ധൈഷണിക അഭ്യാസമായിമാത്രം ധാര്‍മ്മിക ദൈവശാസ്ത്രം പൗരസ്ത്യസഭകളില്‍ വളര്‍ന്നിട്ടില്ല. നേരെമറിച്ച് വിശ്വാസപ്രബോധനങ്ങളോടും ആരാധനക്രമജീവിതത്തോടും (catechetical homilies and liturgical calebration) ഒക്കെ ബന്ധപ്പെട്ടാണ് ധാര്‍മ്മിക വിചിന്തനങ്ങള്‍ പൗരസ്ത്യസഭകളില്‍ വളര്‍ന്നുവന്നിട്ടുള്ളത്.  വി. ഗ്രന്ഥത്തിലും സഭാപിതാക്കന്മാരിലും പ്രതീകാത്മക ദൈവശാസ്ത്രചിന്തകളിലുമെല്ലാം അധിഷ്ഠിതമായിട്ടാണ് പൗരസ്ത്യരുടെ ധാര്‍മ്മിക പ്രബോധനങ്ങള്‍ വളര്‍ന്നുവന്നിട്ടുള്ളത്. പൗരസ്ത്യരുടെ ഇടയിലെ ധാര്‍മ്മിക ദൈവശാസ്ത്രചിന്തകളുടെ പൊതുവായ പ്രത്യേകതകളാണ് ഇനി നാം കാണുന്നത്.

  1. പൗരസ്ത്യ ധാര്‍മ്മിക ദര്‍ശനങ്ങളുടെ ചില പ്രത്യേകതകള്‍

പൗരസ്ത്യര്‍ക്ക് തനതായ ഒരു വിശ്വാസജീവിതശൈലിയും ധാര്‍മ്മിക ദര്‍ശനങ്ങളും ഉണ്ടെന്ന് നാം മനസ്സിലാക്കിക്കഴിഞ്ഞു.  ഇനി നാം കാണുവാന്‍ ശ്രമിക്കുന്നത് പൗരസ്ത്യരുടെ ധാര്‍മ്മിക ദര്‍ശനങ്ങളുടെ ഏതാനും ചില പൊതു പ്രത്യേകതകളാണ്. പൗരസ്ത്യരുടെ പൊതുപ്രത്യേകതകള്‍ എടുത്തുപറയുമ്പോള്‍ പാശ്ചാത്യപാരമ്പര്യത്തില്‍ അവ ഇല്ലായെന്ന് അര്‍ത്ഥമാക്കുന്നില്ല. ചില ഊന്നലുകള്‍ മാത്രമാണ് എടുത്തുകാണിക്കുന്നത്.

2.1 സഭാപിതാക്കന്മാരുടെ പ്രബോധനങ്ങളില്‍ അധിഷ്ഠിതം

വി. ഗ്രന്ഥം കഴിഞ്ഞാല്‍ പൗരസ്ത്യര്‍ ഏറ്റവുമധികം പ്രാധാന്യം കൊടുത്തിരുന്നത് സഭാപിതാക്കന്മാരുടെ പ്രബോധനങ്ങള്‍ക്കാണ്.  പൗരസ്ത്യ ധാര്‍മ്മികദര്‍ശനങ്ങള്‍ സഭാപിതാക്കന്മാരുടെ ചിന്തകളാല്‍ കുതിര്‍ന്നതാണ് എന്നു പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. സഭാപിതാക്കന്മാരുടെ പ്രബോധനങ്ങളില്‍ അധിഷ്ഠിതമായിട്ടാണ് വിവിധങ്ങളായ ധാര്‍മ്മിക ചോദ്യങ്ങളെ അവര്‍ വിശകലനം ചെയ്തിരുന്നത്. എന്നാല്‍ നാമിന്നു പറയുന്ന തരത്തിലുളള ക്രമീകൃതമായ ധാര്‍ മ്മിക ശാസ്ത്രചിന്തകള്‍ പിതാക്കന്മാരുടെ എഴുത്തുകളില്‍ കണ്ടെന്നു വരില്ല. അന്നത്തെ ജീവിതപശ്ചാത്തലവും ധാര്‍മ്മിക പ്രശ്നങ്ങളും ഇന്നത്തേതില്‍നിന്ന് ഏറെ വ്യത്യസ്തവുമായിരുന്നു.  മാത്രവുമല്ല, നേരത്തെ സൂചിപ്പിച്ചതുപോലെ വിവിധ ദൈവശാസ്ത്രശാഖകളെ വേറിട്ട് മനസ്സിലാക്കുന്ന രീതി പിതാക്കന്മാര്‍ക്കില്ലായിരുന്നു.  ദൈവശാസ്ത്രത്തെ അതിന്‍റെ സമഗ്രതയിലാണ് അവര്‍ മനസ്സിലാക്കിയിട്ടുള്ളത്. പിതാക്കന്മാരുടെ വേദോപദേശങ്ങള്‍ (Homilies & Instructions) എല്ലാം തികഞ്ഞ ധാര്‍മ്മികപ്രബോധനങ്ങളായിരുന്നു. പിതാക്കന്മാരുടെ കാലഘട്ടത്തെ വേണമെങ്കില്‍ "ധാര്‍മ്മിക ദൈവശാസ്ത്രത്തിന്‍റെ സുവര്‍ണ്ണ കാലഘട്ടം" എന്നു വിളിക്കാവുന്നതാണ്. പിതാക്കന്മാരുടെ കാലത്തെ ധാര്‍മ്മിക പ്രബോധനങ്ങളുടെ പ്രധാന സവിശേഷതകളായി ചൂണ്ടിക്കാണിക്കുന്നത് അവര്‍ വി. ഗ്രന്ഥത്തിന് നല്കുന്ന പ്രാമുഖ്യം, ഗ്രീക്ക് റോമന്‍ സംസ്കാരവുമായുള്ള ബന്ധം, യോഗാത്മകജീവിതശൈലിക്കും തപശ്ചര്യകള്‍ക്കും അവര്‍ നല്കുന്ന പ്രാധാന്യം എന്നിവയാണ്.

2.2 ഈശോയിലുള്ള ജീവിതമാണ് ധാര്‍മ്മിക ജീവിതത്തിന്‍റെ  അടിസ്ഥാനം

പൗരസ്ത്യസഭകള്‍ ക്രൈസ്തവധാര്‍മ്മിക ജീവിതത്തെ ഈശോയിലുള്ള ജീവിതമായിട്ടാണ് മനസ്സിലാക്കുന്നത്.  "വചനമായ മിശിഹാ" നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ജീവിതശൈലി.  ഈശോയെന്ന വ്യക്തിയും അവന്‍റെ സുവിശേഷങ്ങളുമാണ് അടിസ്ഥാനപരമായ ധാര്‍മ്മിക മാനദണ്ഡങ്ങള്‍.  ഈശോയുടെ ധാര്‍മ്മികമൂല്യങ്ങളാണ് ഓരോ വിശ്വാസിയുടെയും ധാര്‍മ്മികജീവിതത്തിന്‍റെ ഒരിക്കലും തെറ്റാത്ത അടിസ്ഥാനം.  ഈശോയിലുള്ള ഈ ജീവിതം സഭയുടെ കൗദാശിക ജീവിതത്തിലൂടെ വളരുകയും തത്ഫലമായി ഓരോ വിശ്വാസിയും ക്രമാനുഗതമായി ദൈവികീകരിക്കപ്പെടുകയും (gradual deification of man) ചെയ്യുന്നു. ഈശോയിലുള്ള ഈ ജീവിതത്തിനും നിരന്തരമായ ദൈവികീകരണ പ്രക്രിയയിലും പരി. റൂഹാ നമ്മെ സഹായിക്കുന്നു. അങ്ങനെ നോക്കുമ്പോള്‍ വിശ്വാസിയുടെ ധാര്‍മ്മികജീവിതം ത്രിത്വാത്മകവും മിശിഹാ കേന്ദ്രീകൃതവും പരി. റൂഹായാല്‍ നയിക്കപ്പെടുന്നതും കൗദാശികവും സഭാത്മകവുമാണെന്നു വരുന്നു.

2.3 ധാര്‍മ്മിക ദൈവശാസ്ത്രത്തിന്‍റെ ഉറവിടങ്ങളെ സംബന്ധിച്ചുള്ള സമഗ്രവീക്ഷണം

ക്രൈസ്തവധാര്‍മ്മികജീവിതം ഈശോയിലുള്ള ജീവിതമാകയാല്‍ ക്രിസ്തീയ ജീവിതത്തിന്‍റെ  എല്ലാ തലങ്ങളിലുംനിന്ന് ധാര്‍മ്മികമായ ഉള്‍ക്കാഴ്ചകള്‍ രൂപംകൊള്ളുന്നു.  വേദപുസ്തകഭാഷ്യങ്ങള്‍, പിതാക്കന്മാരുടെ പ്രബോധനങ്ങള്‍, ആദിമ കൗണ്‍സിലുകളിലെ കാനോനകള്‍, സന്യാസപിതാക്കന്മാരുടെ ആത്മീയ ഗ്രന്ഥങ്ങള്‍,

ആശ്രമജീവിതനിയമങ്ങള്‍, ഐക്കണുകള്‍ നല്കുന്ന പ്രചോദനങ്ങള്‍, വിശുദ്ധരുടെ ജീവചരിത്രവിവരണങ്ങള്‍, ആരാധനക്രമഗ്രന്ഥങ്ങള്‍ തുടങ്ങിയവയില്‍നിന്നെല്ലാം ധാര്‍മ്മിക പ്രബോധനങ്ങളുടെ അടിസ്ഥാന ദര്‍ശനങ്ങള്‍ രൂപപ്പെടുന്നു.  ഓരോ വ്യക്തിസഭയുടെയും ജീവിക്കുന്ന പാരമ്പര്യവും ധാര്‍മ്മിക ദൈവശാസ്ത്രപഠനത്തില്‍ അടിസ്ഥാന ഉറവിടമാണ്. അതുകൊണ്ടുതന്നെയാണ് പൗരസ്ത്യധാര്‍മ്മിക വീക്ഷണങ്ങള്‍ ഇതര ദൈവശാസ്ത്രശാഖകളുമായി അഭേദ്യവും സമഗ്രവുമായ രീതിയില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്നു പറയുന്നത്.

2.4 ദൈവാരാധന കേന്ദ്രീകൃതവും കൂദാശോന്മുഖവുമായ ധാര്‍മ്മിക ജീവിതശൈലി

ദൈവാരാധന ക്രിസ്തീയ ധാര്‍മ്മികജീവിതത്തിന്‍റെയും വിശ്വാസജീവിതത്തിന്‍റെയും ആഘോഷമാണ്.  ഒപ്പം ക്രൈസ്തവജീവിതത്തിന്‍റെ ഉറവിടവും അത്യുച്ചിയും ദൈവാരാധന തന്നെയാണ്.  ഇതില്‍ കൂദാശകള്‍ക്ക് വിശിഷ്യാ, വി. കുര്‍ബാനയ്ക്ക് മാര്‍മ്മികമായ ഒരു സ്ഥാനമുണ്ട്. ദൈവാരാധനയിലെ സജീവഭാഗഭാഗിത്വം ഉജ്ജ്വലമായ ഒരു ധാര്‍മ്മിക പ്രബോധനം തന്നെയാണ്. ദൈവാരാധനയിലെ പ്രാര്‍ത്ഥനകളും ഗീതങ്ങളുമെല്ലാം ഉന്നതമായ ധാര്‍മ്മികജീവിതത്തിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.  ദൈവാരാധന രക്ഷാകരസംഭവങ്ങളുടെ കാലികമായ പ്രാധാന്യം അനുസ്മരിപ്പിക്കുകയും മിശിഹാരഹസ്യങ്ങളില്‍ യോഗ്യതാപൂര്‍വ്വം പങ്കെടുക്കുവാന്‍ നവീകൃതമായ ഒരു ധാര്‍മ്മികജീവിതത്തിന് വിശ്വാസിയെ ഒരുക്കുകയും ചെയ്യുന്നു.  അതുകൊണ്ട് ക്രിസ്തീയ ധാര്‍മ്മികതയ്ക്ക് ഒരു ആരാധനക്രമാടിസ്ഥാനവുംകൂടി ഉണ്ടെന്ന കാര്യം പൗരസ്ത്യസഭകളുടെ ധാര്‍മ്മികസമീപനങ്ങളുടെ ഒരു പ്രത്യേകതയാണ്. Liturgical ethos എന്നോ Sacrametal ethos എന്നോ ഇതിനെ വിശേഷിപ്പിക്കാം.  ഇത് ആദിമസഭയുടെ ഒരു വീക്ഷണം തന്നെയാണ്. Lex orandi, lex credendi, lex vivivendi - ഇവ മൂന്നും പരസ്പര ബന്ധിതങ്ങളാണ്.

2.5 മനുഷ്യനെക്കുറിച്ചുള്ള അടിസ്ഥാനനിലപാടുകള്‍

മനുഷ്യന്‍റെ ക്രമാനുഗതമായ ദൈവികീകരണമാണ് (deification, theosis, malahanuta) പൗരസ്ത്യ ധാര്‍മ്മികചിന്തയുടെ പരമമായ ലക്ഷ്യം.  അതിനാല്‍തന്നെ മനുഷ്യനെക്കുറിച്ചുള്ള ചില അടിസ്ഥാന നിലപാടുകള്‍ പൗരസ്ത്യ ധാര്‍മ്മിക വിചിന്തനങ്ങളില്‍ വ്യക്തമാണ് മനുഷ്യന്‍ ദൈവത്തിന്‍റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നും ഈ ഛായയുടെ പൂര്‍ണ്ണതയിലേയ്ക്കുള്ള വളര്‍ച്ചയാണ് ധാര്‍മ്മിക ജീവിതമെന്നുമുള്ള പൗരസ്ത്യചിന്ത പിതാക്കന്മാരുടെ ധാര്‍മ്മികപ്രബോധനങ്ങളില്‍ വ്യക്തമാണ്.  ഈ ദൈവികീകരണപ്രക്രിയയെ ഒരു സൗഖ്യപ്പെടുത്തലിന്‍റെ ശുശ്രൂഷയായിട്ടാണ് പൗരസ്ത്യ ദൈവശാസ്ത്രം പരിഗണിക്കുന്നത്.  ഈശോമിശിഹാ ആകുന്ന "നല്ല ഭിഷഗ്വരന്‍" ബലഹീനനും മുറിവേല്പിക്കപ്പെട്ടവനുമായ മനുഷ്യന്‍റെ ആത്മാവിനെയും ശരീരത്തെയും സുഖമാക്കി നമ്മിലെ ദൈവികഛായ സജീവമാക്കി നമ്മെ ദൈവികീകരിക്കുന്നു എന്ന ചിന്ത പൗരസ്ത്യപിതാക്കന്മാരുടെ എഴുത്തുകളിലും ആരാധനക്രമപ്രാര്‍ത്ഥനകളിലും ധാരാളമായി കാണുന്നുണ്ട്.

2.6 Oikonomia (Ecclesiastical Economy) പൗരസ്ത്യധാര്‍മ്മിക മനസ്സിന്‍റെ ഭാവം

പൗരസ്ത്യ കാനോനിക, ധാര്‍മ്മിക വീക്ഷണങ്ങളില്‍ സവിശേഷ പ്രാധാന്യമുള്ള ഒരു ചിന്തയാണ് Oikonomia. ക്ലിപ്തതയുള്ള മലയാളപരിഭാഷ ഈ പദത്തിന് ഇല്ലാത്തതിനാല്‍ ഈ പദം വിവര്‍ത്തനം ചെയ്യാതെ മൂലപദം തന്നെ ഉപയോഗിക്കുകയാണ് ഈ ലേഖനത്തില്‍.  ഛശസീിീാശമ എന്ന ഗ്രീക്കുപദത്തിന് "ഭവനനിയമം" (house law = oikos + nomos) "ഭവനകൈകാര്യം" എന്നൊക്കെയാണ് അര്‍ത്ഥം.  വിശാലമായ അര്‍ത്ഥത്തില്‍ ഈശോയില്‍ പൂര്‍ത്തിയായ ദൈവത്തിന്‍റെ രക്ഷാകരപദ്ധതിയേയാണ് ഈ പദം സൂചിപ്പിക്കുന്നത്. പ്രത്യേകമായ അര്‍ത്ഥത്തില്‍ ഈ പദം സൂചിപ്പിക്കുന്നത് മാനുഷികബലഹീനതകള്‍ക്ക് പ്രത്യേക സാഹചര്യങ്ങളില്‍ സഭ അനുവദിക്കുന്ന ഇളവുകളെയാണ്.

Oikonomia സ്വഭാവത്താലേ അനന്യസാധാരണമോ അപൂര്‍വ്വമോ ആയ ഒരു ഭാവമല്ല. മറിച്ച് സഭാംഗങ്ങളുടെയും സഭാശുശ്രൂഷകരുടെയും ദൈനംദിന പെരുമാറ്റങ്ങളെ നിയന്ത്രിക്കുന്ന ഒരു അടിസ്ഥാന മനോഭാവമാണ്. തിന്മയെ വര്‍ദ്ധിപ്പിക്കാതെ ദൈവജനത്തിന്‍റെ അധികനന്മ മുന്നില്‍ കണ്ടുകൊണ്ട് ധാര്‍മ്മിക മാനദണ്ഡങ്ങളെയും മാനുഷിക ബലഹീനതകളെയും അജപാലകര്‍ കണക്കിലെടുക്കേണ്ടിയിരിക്കുന്നു.  പാപപങ്കിലമായ മനുഷ്യപ്രകൃതിയുടെ പരിമിതിക്കുള്ളില്‍നിന്നുകൊണ്ട് യാഥാര്‍ത്ഥ്യങ്ങളെയും ആത്യന്തികസത്യങ്ങളെയും മറക്കാതെ കഴിവുള്ളിടത്തോളം ആദര്‍ശങ്ങളെ തേടുന്ന വിവേകപൂര്‍ണ്ണമായ ഒരു സുകൃതമെന്നു വേണമെങ്കില്‍ Oikonomiaയെ നിര്‍വ്വചിക്കാം. സഭയുടെ കാനോനിക ധാര്‍മ്മിക പാരമ്പര്യത്തില്‍ കാര്‍ക്കശ്യത്തോടും കൃത്യതയോടും കൂടിയ ശിക്ഷണ നടപടികളെ സൂചിപ്പിക്കുന്ന akribeia-യില്‍ നിന്ന് വ്യത്യസ്തമായി ദൈവിക ദയയുടെയും ദാക്ഷിണ്യത്തിന്‍റേതുമായ സമീപനത്തെയാണ് Oikonomia സൂചിപ്പിക്കുന്നത്.

നിയമത്തിന്‍റെ ഏകപക്ഷീയമായ വ്യാഖ്യാനത്തേക്കാളുപരി ദൈവത്തിന് മനുഷ്യനോടുള്ള കനിവിനെയാണ് ഈ പദം സൂചിപ്പിക്കുന്നത്.  ഇത് കാരുണ്യത്തിന്‍റെയും സ്നേഹത്തിന്‍റെയും ഒരു അജപാലനശൈലിയാണ്.  Oikonomiaയും akribeiaയും തമ്മില്‍ ആരോഗ്യകരമായ ഒരു സമീപനമാണ് ഉണ്ടാവേണ്ടത്.  മനുഷ്യന്‍റെ അധഃപതിക്കപ്പെട്ട പ്രകൃതിയെക്കുറിച്ചുള്ള ബോധ്യവും ദൈവത്തിന്‍റെ ആഴമായ കാരുണ്യത്തെക്കുറിച്ചുള്ള ദര്‍ശനവും പൗരസ്ത്യധാര്‍മ്മിക വിചിന്തനങ്ങളുടെ പ്രത്യേകതകളാണ്.  അതിനാല്‍ പൗരസ്ത്യ ധാര്‍മ്മിക വീക്ഷണങ്ങള്‍ കൂടുതലായി കുടുംബാരൂപിയിലും സ്നേഹത്തിലും അധിഷ്ഠിതമാണെന്ന് പറയാം.  നിയമങ്ങളുടെ കാര്‍ക്കശ്യത്തേക്കാള്‍ പൗരസ്ത്യ ധാര്‍മ്മിക വിചിന്തനങ്ങള്‍ സ്നേഹത്തിന് പ്രാമുഖ്യം കൊടുക്കുന്നു.

  1. പൗരസ്ത്യസുറിയാനി സഭയുടെ ധാര്‍മ്മിക ദര്‍ശനങ്ങളുടെ ചില പ്രത്യേകതകള്‍

നാമിതുവരെ അപഗ്രഥിച്ച പൗരസ്ത്യധാര്‍മ്മിക ദര്‍ശനങ്ങളുടെ പൊതുവായ പ്രത്യേകതകളുടെ വെളിച്ചത്തില്‍ പൗരസ്ത്യദൈവശാസ്ത്രചിന്തകളിലെ ഒരു പ്രധാനശാഖയായ സുറിയാനിസഭകളുടെ ധാര്‍മ്മികവീക്ഷണങ്ങളെക്കുറിച്ചുകൂടി ഏതാനും ചിന്തകള്‍ സൂചിപ്പിക്കട്ടെ. ഇതര ദൈവശാസ്ത്രശാഖകളിലെന്നപോലെ സുറിയാനി ദൈവശാസ്ത്രചിന്തകളുടെ ആദ്യ നൂറ്റാണ്ടുകളിലും നാമിന്നു പറയുന്നതുപോലെയുള്ള വികസിതമായ ധാര്‍മ്മികദര്‍ശനങ്ങള്‍ ഉണ്ടായിരുന്നില്ല. 10-ാം നൂറ്റാണ്ടിന് ശേഷമാണ് വികസിതമായ ധാര്‍മ്മികപ്രബോധനങ്ങള്‍ ഈ പാരമ്പര്യത്തില്‍ നാം കണ്ടുതുടങ്ങുന്നത്. ഉദാഹരണത്തിന് ബര്‍സലീബി (12-ാം നൂറ്റാണ്ട്), ബാര്‍ ഹെബ്രേയൂസ് (+1286), അബ്ദീശോ(+1318), തിമോത്തി 2-ാമന്‍ (+1332) തുടങ്ങിയ സുറിയാനി എഴുത്തുകാരുടെ പ്രബോധനങ്ങളില്‍ ധാരാളം ഉന്നത ധാര്‍മ്മിക ചിന്തകള്‍ നാം കാണുന്നുണ്ട്. ഗ്രീക്ക് ചിന്തയുടെയും സ്കൊളാസ്റ്റിക് ദൈവശാസ്ത്രത്തിന്‍റെയും സ്വാധീനവും ഇവയുടെ പിന്നില്‍ ഉണ്ടെന്ന് കരുതപ്പെടുന്നു. പൗരസ്ത്യസുറിയാനി പാരമ്പര്യം ക്രൈസ്തവ ധാര്‍മ്മിക ജീവിതത്തെ മനസ്സിലാക്കിയിരുന്നതിന്‍റെ ഏതാനും ചില പ്രത്യേകതകള്‍കൂടി സൂചിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു.

3.1  ക്രൈസ്തവജീവിതം മാമ്മോദീസായുടെ പരിശുദ്ധി കാത്തുസൂക്ഷിക്കുന്ന ജീവിതശൈലി

ക്രൈസ്തവ മാമ്മോദീസായെക്കുറിച്ച് വളരെ സമ്പന്നമായ ദര്‍ശനങ്ങള്‍ സുറിയാനി പാരമ്പര്യത്തിലുണ്ട്. "ഈശോയുമായുള്ള വിവാഹവാഗ്ദാനം"; "ആന്തരികപരിച്ഛേദനം"; "നഷ്ടപ്പെട്ട പറുദീസായിലേക്കുള്ള പുനഃപ്രവേശനം"; "മഹത്വത്തിന്‍റെ വസ്ത്രം വീണ്ടും അണിയല്‍" തുടങ്ങിയ വ്യത്യസ്തങ്ങളായ രീതിയില്‍ ക്രൈസ്തവ മാമ്മോദീസായെ സുറിയാനി സഭാപിതാക്കന്മാര്‍ അവതരിപ്പിക്കുന്നുണ്ട്. മാമ്മോദീസായുടെ ജീവിതത്തെ ഈശോയിലുള്ള ജീവിതമായിട്ടാണ് സുറിയാനി സഭകളും പഠിപ്പിക്കുന്നത്. ഈശോയാകുന്ന മൂലക്കല്ലില്‍ അനുദിനവും പടുത്തുയര്‍ത്തുന്ന ഒരു സൗധത്തോടാണ് മാര്‍ അഫ്രാത്തസ് ക്രൈസ്തവ വിശ്വാസജീവിതത്തെ തുലനം ചെയ്യുന്നത്. ഈശോ ഈ സൗധത്തിന്‍റെ മൂലക്കല്ലുമാത്രമല്ല ഇതില്‍ വസിക്കുന്നവന്‍കൂടിയാണ്. മിശിഹായ്ക്ക് പ്രീതികരമായ സത്പ്രവൃത്തികളിലൂടെ - ഉപവി, ശുദ്ധത, ഉപവാസം, പ്രാര്‍ത്ഥന, സംയമനം, ദാനധര്‍മ്മം, പാപപരിഹാരങ്ങള്‍... etc - വിശ്വാസി ദൈവത്തെ പ്രസാദിപ്പിക്കുന്നു. ഇതാണ് ധാര്‍മ്മികജീവിതത്തിന്‍റെ കാതല്‍. എന്നാല്‍ ഈശോയ്ക്കും അവനിലുള്ള വിശ്വാസത്തിനും വിരുദ്ധമായ പ്രവൃത്തികളിലൂടെ - വ്യഭിചാരം, അശുദ്ധത, അവിശ്വസ്ഥത, ദൈവനിന്ദ, ദൈവദോഷം, കള്ളസാക്ഷ്യം, അനീതിയുടെ പ്രവൃത്തികള്‍, അന്ധവിശ്വാസങ്ങള്‍, ദുരാചാരങ്ങള്‍ - ഒരുവന്‍ ദൈവപ്രീതിയില്‍നിന്നും അകലുന്നു. ഇതാണ് അധാര്‍മ്മികത. വിശ്വാസത്തിനു വിരുദ്ധമായ ഇത്തരം പ്രവൃത്തികളെയാണ് അഫ്രാത്തസ് പാപം എന്നു വിളിക്കുന്നത്. പാപരഹിതമായ ഒരു വിശുദ്ധ ജീവിതത്തിലേയ്ക്കാണ് മാമ്മോദീസായിലൂടെ ഒരുവന്‍ വിളിക്കപ്പെടുന്നത്. മാമ്മോദീസാവഴി ഈശോയോട് കൂടുതല്‍ അടുക്കുന്നു, തിന്മയില്‍നിന്ന് അകലുന്നു. മാമ്മോദീസായുടെ ജീവിതത്തെ മാലാഖാ തുല്യമായ ജീവിതത്തോടും പറുദീസായിലെ ജീവിതത്തോടും ഉയിര്‍ത്തെഴുന്നേല്പിന്‍റെ ജീവിതത്തോടുമാണ് സുറിയാനി പാരമ്പര്യം ഉപമിക്കുന്നത്. വിശ്വാസികളുടെ ഗണത്തെക്കുറിച്ച് പറയുമ്പോള്‍  "വിശുദ്ധ ജനത", "ദൈവത്തിന്‍റെ വിശുദ്ധജനപദം", "പുതിയ ഇസ്രായേല്‍", "ദൈവത്തിന്‍റെ മുന്തിരിത്തോപ്പിലെ മുന്തിരിച്ചെടികള്‍" തുടങ്ങിയ അഭിദാനങ്ങളാണ് പിതാക്കന്മാര്‍ ആവര്‍ത്തിച്ച് ഉപയോഗിക്കുന്നത്. സുറിയാനി സഭകള്‍ മാമ്മോദീസായെ "മിശിഹായിലുള്ള പുനര്‍ജനനമായി" കാണുന്ന യോഹന്നാന്‍റെ വീക്ഷണത്തിനാണ് കൂടുതല്‍ പ്രാമുഖ്യം നല്കുന്നതെങ്കിലും 'ഈശോയോടുകൂടി മരിച്ച് അവനോടുകൂടെ ഉയിര്‍ത്തെഴുന്നേല്ക്കുന്ന ജീവിത'മെന്ന പൗലോസ്ശ്ലീഹായുടെ ദര്‍ശനവും ഊന്നിപറയുന്നുണ്ട്.

3.2  ഹൃദയവിശുദ്ധി അടിസ്ഥാനപുണ്യം

മനുഷ്യഹൃദയത്തെ വ്യക്തിയുടെ അടിസ്ഥാനകേന്ദ്രമായി കാണുന്ന സെമിറ്റിക് ചിന്തയാണ് സുറിയാനി പാരമ്പര്യത്തില്‍ കൂടുതലായും നാം കാണുന്നത്.  ഒരുവന്‍റെ വിചാരവികാരങ്ങളുടെയെല്ലാം കേന്ദ്രം മനുഷ്യഹൃദയമാണ്.  മനുഷ്യഹൃദയത്തെ 'മണവറ' - മണവാളനായ ഈശോയുടെ മണവറ - ആയി കാണുന്ന ഒരു അടിസ്ഥാന ദര്‍ശനം സുറിയാനിചിന്തകളില്‍ നാം കാണുന്നുണ്ട്. മാമ്മോദീസായിലൂടെ ഈശോയുമായി വിവാഹവാഗ്ദാനം ചെയ്യപ്പെടുന്ന വിശ്വാസിയുടെ ഹൃദയത്തില്‍ ഈശോ വാഴുന്നു. ഈ ഹൃദയത്തിന്‍റെ പരിശുദ്ധിക്ക് സുറിയാനി സഭാപാരമ്പര്യം പ്രത്യേക പ്രാധാന്യം കൊടുക്കുന്നുണ്ട്.  ഹൃദയപരിശുദ്ധിയെ ദൈവത്തിന് പ്രീതികരമായ ശ്രേഷ്ഠമായ പ്രാര്‍ത്ഥനയായിട്ടാണ് സുറിയാനി പാരമ്പര്യം മനസ്സിലാക്കുന്നത്.  'ഹൃദയമാകുന്ന അള്‍ത്താര'യെക്കുറിച്ച് ആദിമസുറിയാനി പിതാക്കന്മാര്‍ പ്രത്യേകം എടുത്തുപറയുന്നുണ്ട്.  ഹൃദയത്തിന്‍റെ ഈ പരിശുദ്ധിയെക്കുറിച്ച് പറയുമ്പോള്‍ സുറിയാനി പിതാക്കന്മാര്‍ "ആന്തരിക കന്യാത്വ"ത്തെക്കുറിച്ചും പറയുന്നുണ്ട്.  ഹൃദയത്തിന്‍റെ പരിശുദ്ധിയും ചാരിത്രശുദ്ധിയുമാണ് ഈ ആന്തരികകന്യാത്വത്തിന്‍റെ കാതല്‍. ഹൃദയമാകുന്ന മണവറയില്‍ വസിക്കുന്ന ഹൃദയമണവാളനായ ഈശോയോട് മാമ്മോദീസായില്‍ നാം ചെയ്ത വിവാഹവാഗ്ദാനത്തോടുള്ള ജീവിതവിശ്വസ്തതയാണിത്.

3.3  താപസാത്മകമായ ജീവിതശൈലി

സുറിയാനിസഭയുടെ വിശ്വാസജീവിതത്തിന്‍റെ മറ്റൊരു വലിയ പ്രത്യേകത തപസ്സിനും പ്രായശ്ചിത്തത്തിനും ഈ പാരമ്പര്യം കൊടുക്കുന്ന ശക്തമായ പ്രാധാന്യമാണ്.  സുറിയാനി പാരമ്പര്യത്തിന്‍റെ പിള്ളത്തൊട്ടിലായ സെമിറ്റിക് ചിന്തയുടെയും യഹൂദക്രിസ്ത്യന്‍ ചിന്തയുടെയും പൊതുവായ പ്രത്യേകതയാണ് ഇതെന്ന കാര്യവും നാം വിസ്മരിക്കരുത്.

മാമ്മോദീസായോടെ ആരംഭിക്കുന്ന വിശുദ്ധജീവിതത്തിനുള്ള പരിശീലനത്തിനുള്ള ഉത്തമമാര്‍ഗ്ഗമായിട്ടാണ് താപസജീവിതശൈലിയെ സുറിയാനി പാരമ്പര്യം വീക്ഷിക്കുന്നത്.  ഉപവാസം വിശ്വാസിയെ ശരീരത്തിന്‍റെ മാലിന്യങ്ങളില്‍നിന്നും പ്രാര്‍ത്ഥന ആത്മാവിന്‍റെ മാലിന്യങ്ങളില്‍നിന്നും ശുദ്ധീകരിക്കുന്നു.  ശരീരത്തെയും ആത്മാവിനെയും ശിക്ഷണം കൊടുത്തു പരിശീലിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയും, ആത്മസംയമനം, മിതത്വം മുതലായവ പാലിക്കേണ്ടതിന്‍റെയും ആവശ്യകതയെക്കുറിച്ചും സുറിയാനി സഭാപിതാക്കന്മാര്‍ പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നുണ്ട്.  മനുഷ്യന്‍ അവന്‍റെ സ്വതന്ത്രമായ ഇച്ഛാശക്തി ഉപയോഗിച്ച് തിന്മയുടെ പ്രേരണകളെയും സാത്താനെയും പരാജയപ്പെടുത്തണമെന്ന് മാര്‍ അപ്രേം തന്‍റെ ഗീതങ്ങളില്‍ പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നുണ്ട്.  സുറിയാനിസഭയുടെ ആദ്യ നൂറ്റാണ്ടുകളില്‍ കടുത്ത താപസജീവിതശൈലി നാം കാണുന്നുണ്ടെങ്കിലും കാലഘട്ടങ്ങള്‍ പിന്നിട്ടപ്പോള്‍ കുറെക്കൂടി സമഗ്രമായ ഒരു താപസവീക്ഷണത്തിലേയ്ക്ക് വരുന്നതായി നാം കാണുന്നുണ്ട്. മനുഷ്യശരീരം ദൈവത്തിന്‍റെ ആലയമാണെന്നും അത് മിശിഹാ വസിക്കുന്ന മണവറ ആണെന്നുമൊക്കെയുള്ള ചിന്തയാണ് ശരീരത്തെ ശിക്ഷണം കൊടുത്തു പരിശീലിപ്പിക്കണമെന്നുള്ള ചിന്തയുടെ പിന്നിലുള്ളത്. അല്ലാതെ ശരീരത്തെക്കുറിച്ചോ, മനുഷ്യലൈംഗികതയെക്കുറിച്ചോ ഉള്ള നിഷേധാത്മകമായ സമീപനങ്ങളുടെ ഫലമായി രൂപം കൊണ്ടതല്ല താപസോന്മുഖമായ ഈ ജീവിതശൈലി.  ആത്മശരീര സമഗ്രതയിലാണ് മനുഷ്യവ്യക്തിയെ സുറിയാനിസഭകള്‍ സമീപിക്കുന്നത്.  സുറിയാനി സഭകളുടെ ദൈവശാസ്ത്ര ദര്‍ശനങ്ങളിലെ യുഗാന്ത്യോന്മുഖമാനത്തിന്‍റെ വ്യക്തമായ പ്രകാശനവുംകൂടിയാണ് ഈ ജീവിതശൈലി.

3.4  പ്രപഞ്ചത്തെക്കുറിച്ചുള്ള കൗദാശിക വീക്ഷണം

പ്രപഞ്ചത്തെ ദൈവത്തിങ്കലേയ്ക്കുള്ള ഒരു ചൂണ്ടുപലകയായിട്ടാണ് സുറിയാനിപാരമ്പര്യം കാണുന്നത്. വി. ഗ്രന്ഥത്തോടൊപ്പം പ്രപഞ്ചവും ദൈവത്തെ വെളിപ്പെടുത്തുന്നു എന്നുള്ളത് ഒരു അടിസ്ഥാന സുറിയാനി ചിന്തയാണ്. ദൈവം എല്ലാം ക്രമീകൃതവും മനോഹരവും പരസ്പരബന്ധിതവുമായി സൃഷ്ടിച്ചു. എന്നാല്‍ മനുഷ്യന്‍ തന്‍റെ സ്വതന്ത്രഇച്ഛയുടെ ദുരുപയോഗംവഴി പ്രപഞ്ചത്തിന്‍റെ ക്രമത്തേയും താളത്തേയും നശിപ്പിക്കുന്നു.  ആയതിനാല്‍ പ്രപഞ്ചത്തിലും ലോകത്തിലും ക്രമവും നീതിയും പുനഃസ്ഥാപിക്കുവാനുള്ള ഏറ്റവും നല്ല ഉപാധി മനുഷ്യന്‍ അവന്‍റെ സ്വാതന്ത്ര്യം നന്നായി വിനിയോഗിക്കുക എന്നുള്ളതാണ്. കൂടാതെ സൃഷ്ടപ്രപഞ്ചത്തോട് നമുക്കുണ്ടാകേണ്ട അടിസ്ഥാന മനോഭാവം വിസ്മയത്തിന്‍റെയും നന്ദിയുടേതുമാണ് (a sense of wonder and gratitude). വിസ്മയത്തില്‍നിന്നുളവാകുന്ന ആരാധനാഭാവവും സ്നേഹവും ആദരവുമെല്ലാം നന്ദിയുടെ ജീവിതഭാവത്തിലേയ്ക്ക് നയിക്കുന്നു. അത്യാഗ്രഹവും ആസക്തിയും അഹങ്കാരവുമൊക്കെ പ്രപഞ്ചത്തോട് നാം പുലര്‍ത്തുന്ന തെറ്റായ ജീവിതഭാവങ്ങളാണ്. സൗന്ദര്യാവബോധവും പരിസ്ഥിതി ശാസ്ത്രവുമൊക്കെ ഏറെ വികസിച്ചിരിക്കുന്ന ഈ കാലഘട്ടത്തില്‍ സുറിയാനിസഭയുടെ ഈ ഊന്നല്‍ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്ന ഒന്നാണ്.

3.5 പാപം രോഗവും അനുതാപം സൗഖ്യമാര്‍ഗ്ഗവും

സുകൃതങ്ങളുടെ അഭ്യസനത്തെക്കുറിച്ച് പ്രതിപാദിക്കുന്നതുപോലെ പാപത്തെക്കുറിച്ചുള്ള പ്രബോധനങ്ങളും ധാര്‍മ്മിക ദൈവശാസ്ത്രത്തിന്‍റെ പഠനവിഷയങ്ങളിലൊന്നാണ്.  പാപത്തെ ഒരു രോഗമായും പാപിയെ രോഗിയായും പാപിയുടെ ഹൃദയാനുതാപത്തെ സൗഖ്യത്തിനുള്ള ഉത്തമ ഔഷധമായും പാപമോചനം നല്കുന്ന വൈദികനെ ഭിഷഗ്വരനായും കാണുന്ന ഒരു അടിസ്ഥാനചിന്ത സുറിയാനി പാരമ്പര്യത്തില്‍ ഉണ്ട്. നൈയാമികചിന്തയ്ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്ന പാശ്ചാത്യ ദൈവശാസ്ത്രചിന്തയില്‍നിന്ന് വ്യത്യസ്തമാണ് ഈ ദൈവശാസ്ത്രദര്‍ശനം. വ്യത്യസ്തമെന്നു പറയുമ്പോള്‍ വിരുദ്ധമെന്ന് അര്‍ത്ഥമാകുന്നില്ല. മറിച്ച് പരസ്പര പൂരകത്വം പുലര്‍ത്തുന്ന രണ്ടു വീക്ഷണങ്ങള്‍ എന്നേ അര്‍ത്ഥമുള്ളൂ.

പാപത്തെ രോഗാവസ്ഥയായും അനുതാപത്തെ സൗഖ്യത്തിന്‍റെ ശുശ്രൂഷയായും അവതരിപ്പിക്കുന്ന ചിന്തകള്‍ സോളമന്‍റെ ഗീതങ്ങള്‍, തോമ്മായുടെ നടപടികള്‍ എന്നീ ആദ്യകാല സുറിയാനി ഗ്രന്ഥങ്ങളിലും അഫ്രാത്തസ്, എഫ്രേം, നര്‍സായി തുടങ്ങിയ ആദ്യകാല പിതാക്കന്മാരിലും ആവര്‍ത്തിച്ച് കാണാനാവും.  ഈശോമിശിഹായെ 'നല്ല ഭിഷഗ്വര'നെന്നും ശ്ലീഹന്മാരേയും അവരുടെ പിന്‍ഗാമികളായ മെത്രാന്മാരേയും വൈദികരേയും സഭയിലെ വൈദ്യന്മാര്‍ എന്നും വിളിക്കുന്ന ചിന്തകള്‍ ആദ്യകാല സുറിയാനിപിതാക്കന്മാരില്‍ ശക്തമായി കാണുന്നുണ്ട്.  പാപമോചനവും അനുരഞ്ജനവും ക്രമാനുഗതമായ സൗഖ്യത്തിന്‍റെ ശുശ്രൂഷയായി ഈ പിതാക്കന്മാര്‍ പഠിപ്പിക്കുന്നു. സുഖമാക്കലിന്‍റെ ഈ ചിന്ത സുറിയാനിസഭയുടെ ആരാധനക്രമ പ്രാര്‍ത്ഥനകളിലും പിതാക്കന്മാരുടെ പ്രബോധനങ്ങളിലും ശക്തമായി പ്രതിധ്വനിക്കുന്നുണ്ട്.  ഗ്രീക്ക്, ലത്തീന്‍ പിതാക്കന്മാരിലും ഈ ചിന്ത ഉണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല.  പാപമോചനത്തിന്‍റെ കൂദാശയെക്കുറിച്ചുള്ള കാനോനിക നിര്‍ദ്ദേശങ്ങളും ആനുകാലികപ്രബോധനങ്ങളും സൗഖ്യത്തിന്‍റെ ശുശ്രൂഷയുടെ ഈ വശം നിതരാം ഊന്നിപ്പറയുന്നുണ്ട്. പൗരസ്ത്യചിന്തകള്‍ക്ക് വിശിഷ്യ പൗരസ്ത്യ സുറിയാനി ചിന്തകള്‍ക്ക് സമകാലികദൈവശാസ്ത്രത്തിലുള്ള സ്ഥാനം ഇത് വ്യക്തമാക്കുന്നു.

ഉപസംഹാരം

പൗരസ്ത്യ ദൈവശാസ്ത്രത്തിലെ ധാര്‍മ്മികദര്‍ശനങ്ങളെക്കുറിച്ചും പൗരസ്ത്യസുറിയാനിസഭയുടെ ധാര്‍മ്മികദര്‍ശനങ്ങളെക്കുറിച്ചും ഏതാനും ചില ചിന്തകള്‍ കുറിക്കുകയായിരുന്നു.  കത്തോലിക്കാതിരുസഭയുടെ പഠനങ്ങള്‍ക്കും പ്രബോധനങ്ങള്‍ക്കും യഥാര്‍ത്ഥത്തില്‍ കാതോലികസ്വഭാവം കൈവരണമെങ്കില്‍ അവ പൗരസ്ത്യ-പാശ്ചാത്യ ദൈവശാസ്ത്രവീക്ഷണങ്ങളുടെ സമ്പന്നതയും വൈവിധ്യവും ഉള്‍ക്കൊണ്ടേ മതിയാകൂ. ഈ അടിസ്ഥാന ബോധ്യത്തില്‍നിന്നാണ് ഇപ്രകാരമൊരു പഠനത്തിന് നാം മുതിര്‍ന്നത്. കത്തോലിക്കാസഭയുടെ ധാര്‍മ്മിക പ്രബോധനങ്ങളിലും പൗരസ്ത്യ - പാശ്ചാത്യവീക്ഷണങ്ങളുടെ സമ്പന്നത സമഞ്ജസമായി ഉണ്ടാവണം.  അങ്ങനെയൊരു ചിന്തയ്ക്കും ഈ രംഗത്ത് ഇനിയും തുടര്‍ന്നുള്ള പഠനങ്ങള്‍ക്കും ഈ പ്രാരംഭചിന്തകള്‍ നിമിത്തമാകുമെന്ന് വിശ്വസിക്കുന്നു.  കൂടാതെ പൊതുവായ പൗരസ്ത്യപാരമ്പര്യങ്ങള്‍ പങ്കുവയ്ക്കുന്നതും എന്നാല്‍ പ്രത്യേകമായി പൗരസ്ത്യസുറിയാനി കുടുംബത്തില്‍പെട്ടതുമായ കേരളത്തിലെ മാര്‍ത്തോമ്മാനസ്രാണികളുടെയും വിശിഷ്യാ സീറോ-മലബാര്‍ സഭയുടെയും ധാര്‍മ്മികവീക്ഷണങ്ങള്‍ ആഴത്തില്‍ കണ്ടെത്തി അവയെക്കുറിച്ച് കൂടുതല്‍ പഠിക്കുവാനും അവയെ പരിരക്ഷിക്കുവാനും ഇപ്രകാരമൊരു പഠനം കാരണമാകട്ടെ.  ഭാരതത്തിന്‍റെ തനതായ സാംസ്കാരിക പാരമ്പര്യത്തില്‍ തോമ്മാശ്ലീഹായുടെ മിശിഹാനുഭവത്തില്‍ അധിഷ്ഠിതമായി വളര്‍ന്ന ഭാരതത്തിലെ മാര്‍ത്തോമ്മാ നസ്രാണികള്‍ക്ക് തനതായ ഒരു ധാര്‍മ്മികദര്‍ശനം ഉണ്ട് എന്ന് തര്‍ക്കമറ്റ കാര്യമാണ്.  സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലും സഭാത്മകജീവിതത്തിലും വ്യക്തിപരമായ ജീവിതത്തിലും ഇവര്‍ പുലര്‍ത്തിയിരുന്ന ഉന്നതമായ ധാര്‍മ്മികജീവിതശൈലി അത് തെളിയിക്കുന്നുമുണ്ട്. 'തോമ്മായുടെ മാര്‍ഗ്ഗ'ത്തിലെ ധാര്‍മ്മികതലങ്ങള്‍ കൂടുതല്‍ കൂടുതല്‍ പഠനവിഷയമാക്കേണ്ടിയിരിക്കുന്നു.

 

ഗ്രന്ഥസൂചി

  1. Brock S., “The Syriac Orient: A Third Lung for the Church”, Orientalia Christiana Periodica 71 (2005) 5 - 20.
  2. Brock S., Spirituality in the Syriac Tradition (Kottayam: 1989).
  3. Kanniyakonil S. (ed.), Ethical Perspectives of the Eastern Churches (Changanacherry: 2004).
  4. Petra B., “Church Sui luris, Ethos and Moral Thelogy” in P. Pallath (ed.), Church and its Most Basic Element (Rome; 1995) 161 - 178.
  5. Puliurumpil J; “Faith Expression of the Syro Malabar Church in Her Life and Practice: A Historical Perspective” (Paper presented at Paurastya Vidya Pitham for the Symbosium on Syro Malabar Theology in Context, Jan 21-24, 2007).
  6. Spidlik T., The Spirituality of the Christian East: A Systematic Handbook (Kalamazoo: 1986).

     7  Thottakara  a.  (ed.),  East Syrian Spirituality (Rome: 1990).

ഡോ. ഡോമിനിക് വെച്ചൂര്‍

Moral philosophy - In Oriental Theology catholic malayalam theology Dr. Dominic Vechoor Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message